എന്റെ ഉമ്മാന്റെ പേര്: ഭാഗം 28

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

ഇരുവരും ഒരുമിച്ചു കളിപറഞ്ഞു വരാന്തയിലൂടെ നടക്കുകയാണ്. ഈസമയം ബീനയുടെ കാർ സ്കൂളിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി വരുന്നുണ്ടായിരുന്നു.. സ്കൂൾ ബസ്സുകൾ പാർക്ക് ചെയ്തിരിക്കുന്നതിന് എതിർ വശത്ത് അവർ കാർ ഒതുക്കി പുറത്തേക്കിറങ്ങി. കുട്ടികൾ അങ്ങിങ്ങായി കളിച്ചു നടക്കുന്നുണ്ടായിരുന്നു. ബീന ചുറ്റും ഒന്ന് കണ്ണോടിച്ചു അപ്പുവിനെ തിരയുകയാണ്. കത്തിയിറങ്ങുന്ന വെയിൽ നാളങ്ങൾ അവരുടെ മുഖം പൊള്ളിക്കുന്നുണ്ട്. സമയം ഒന്ന് അമ്പത് ബെല്ലടിക്കാൻ ഇനിയും പത്ത് മിനിറ്റ് ബാക്കിയുണ്ട്. ഈർഷ്യയോടെ അവർ വാച്ചിൽ നോക്കി കൊണ്ട് കാറിലേക്ക് തന്നെ കയറിയിരുന്നു. " പ്ലീസ് ചെക്ക് യുവർ മെയിൽ മാം. " ഓകെ. പെട്ടെന്ന് റാഫിയുടെ മെസ്സേജ് അവരുടെ മൊബൈലിനെ ഉണർത്തി. അവരതെടുത്ത് നോക്കി അയാൾക്ക് മറുപടി കൊടുത്ത ശേഷം , പിൻ സീറ്റിലിരുന്ന ബാഗെടുത്ത് തുറന്ന് ലാപ്പ് ടോപ്പ് ഓപ്പൺ ചെയ്തു മടിയിൽ വെച്ചു. ഇന്റർനെറ്റ് അഡാപ്റ്റർ എടുത്ത് അതിനരികിൽ കുത്തി ജിമെയിൽ ഓപ്പൺ ചെയ്തു റാഫിയുടെ മെയിൽ വായിച്ചു നോക്കി. തിരുത്തലുകൾ വേണ്ടയിടങ്ങളിൽ അവർ ചുവന്ന കളറിൽ അടിവരകളിട്ട ശേഷം റാഫിക്ക് തിരിച്ചയച്ചു.

ഇന്റർവെൽ കഴിഞ്ഞുള്ള ബെൽ സ്കൂൾ കോംബൗണ്ടിൽ മുഴങ്ങുന്നത്, അടച്ചിട്ട് കാറിനകത്തേക്ക് പതിഞ്ഞു കേൾക്കുന്നുണ്ടായിരുന്നു. ബീന ലാപ്പ് ടോപ്പ് മടക്കി ബാഗിൽ വെച്ച ശേഷം ചെറിയ കള്ളിയിലെ മേക്കപ്പ് ബോക്സ് എടുത്ത് തുറന്ന് നെറ്റിയിലും കവിളിലും പൊടിഞ്ഞ വിയർപ്പ് ഒപ്പി അൽപ്പം ഫൗണ്ടേഷനിട്ടു, കൈ കൊണ്ട് മുടിയൊതുക്കിയ ശേഷം കാറിൽ നിന്നിറങ്ങി അപ്പുവിന്റെ ക്ലാസ് റൂം ലക്ഷ്യമാക്കി നടന്നു.. " എക്സ്ക്യൂസ്‌ മി ? " യെസ് ? ക്ലാസ് റൂമിൽ ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ കണക്ക് പിരീഡ് നടക്കുന്നുണ്ടായിരുന്നു. ബീന വാതിൽക്കൽ നിന്ന് എത്തി നോക്കി. അവരെ കണ്ട് ടീച്ചർ സംശയത്തോടെ പുറത്തേക്ക് വന്നു.. കുട്ടികൾ ആളരാണെന്ന് അറിയാൻ തലയെത്തിച്ചു നോക്കുന്നുണ്ടായിരുന്നു. " ഞാൻ നിരഞ്ജൻ എസ് രാജീവിന്റെ മമ്മിയാണ്. മിസ് കാണണമെന്ന് പറഞ്ഞിരുന്നു. " ഓ. ദേവി ടീച്ചർ സ്റ്റാഫ് റൂമിൽ ഉണ്ടാവും. നിരഞ്ജൻ. ടീച്ചർ അകത്തേക്ക് നോക്കി. പെട്ടെന്ന് അപ്പു പേടിയോടെ ബെഞ്ചിൽ നിന്ന് ചാടിയെഴുന്നേറ്റു . ബീന അകത്തേക്ക് തലയെത്തിച്ചു അവനെ നോക്കുന്നുണ്ടായിരുന്നു.

അവരെ കണ്ടതും അവന്റെ മുഖഭാവം മാറി തുടങ്ങി. " വെയർ ഈസ് യുവർ പ്രോഗ്രസ് കാർഡ് ? " ബാ..ഗ് . " ബ്രിങ്ങ് ഇറ്റ് , സീ മാം മാത്ത്സിൽ നിരഞ്ജൻ വളരെ വീക്കാണ്. കൊടുക്കുന്ന ഹോം വർക്കുകൾ പോലും പലപ്പോഴും തെറ്റിച്ചാണ് ചെയ്തുകൊണ്ട് വരുന്നത്.. ഈ സബജക്ടിൽ നിരഞ്ജനെ അൽപ്പം കൂടി സീരിയസായൊന്നു ശ്രദ്ധിക്കണം. അപ്പു ബാഗിൽ നിന്ന് പ്രോഗ്രസ് കാർഡ് എടുത്ത് കൊണ്ട് വന്ന് ടീച്ചർക്ക് നീട്ടി. അവർക്ക് നൽകാൻ മറുപടിയില്ലാതെ, ബീന ദേഷ്യത്തോടെ അപ്പുവിനെ നോക്കികൊണ്ട് ചുണ്ടനക്കി. അവൻ ഒന്നും മിണ്ടാതെ അവർക്ക് മുന്നിൽ പേടിയോടെ തല കുനിഞ്ഞു നിൽക്കുകയാണ്. " ഗോ ആൻഡ് മീറ്റ് ദ ക്ലാസ് ടീച്ചർ. കണക്ക് ടീച്ചർ അപ്പൂവിനുള്ള പട ചോറിന്റെ ആദ്യ ഉരുള ഉരുട്ടി നൽകി കൊണ്ട് അവനെ ബീനയ്ക്കൊപ്പം പറഞ്ഞു വിട്ടു. തെളിച്ചമില്ലാത്ത ഒരു ചിരി ടീച്ചർക്ക് സമ്മാനിച്ചു കൊണ്ട് അവർ അപ്പുവിന്റെ കൈ പിടിച്ചു വലിച്ചു വരാന്തയിലൂടെ നടന്നു. അവന്റെയുള്ളിൽ വല്ലാതെ പേടി തിങ്ങി നിറയുന്നുണ്ടായിരുന്നു.. " ഏതാ നിന്റെ ക്ലാസ് ടീച്ചർ ? സ്റ്റാഫ് റൂമിന് മുന്നിലെത്തിയതും ബീന അപ്പുവിനെ തുറിച്ചു നോക്കി. പിങ്കിൽ ആകാശ നീല പൂക്കളുള്ള കോട്ടൺ സാരിയുടുത്ത, വെളുത്തു കോലുന്നനെയുള്ള ക്ലാസ് ടീച്ചറെ അവൻ പേടിയോടെ ചൂണ്ടി കാണിച്ചു.

" എക്സ്ക്യൂസ് മി " യെസ്.. ഹാ കം കം. വാതിൽക്കൽ നിൽക്കുന്ന അപ്പുവിനെയും ബീനയെയും കണ്ട് ടീച്ചർ അവരെ അകത്തേക്ക് വിളിച്ചു. ഉള്ളിലുറയുന്ന ദേഷ്യത്തിന് മുകളിൽ ഒരു നനുത്ത പുഞ്ചിരിയുടെ മാറാപ്പ് കുടഞ്ഞിട്ടു കൊണ്ട് ബീന അവനെയും പിടിച്ചു കൊണ്ട് അകത്തേക്ക് കയറി. " ഇതാണല്ലേ നിരഞ്ജന്റെ മമ്മി. " യാ. ബീന രാജീവ് " ഇരിക്കു മാം. ടീച്ചർ വിനയത്തോട് അവരെ നോക്കി പുഞ്ചിരിച്ചു. ബീന കസേര അൽപ്പം പിന്നിലേക്ക് വലിച്ചിട്ടിരുന്നു. അപ്പുവിന്റെ കണ്ണുകളിൽ വരാനിരിക്കുന്ന ഭൂകമ്പങ്ങളെ കുറിച്ചോർത്തുള്ള പേടി ആളുന്നുണ്ടായിരുന്നു. " മാം വർക്കിങ് ആണല്ലേ. ? " യാ. ഞാൻ ഒരു ഇന്റർനാഷണൽ കമ്പനിയുടെ കേരള സോണൽ ചീഫ് ഓപ്പറേഷണൽ ഹെഡ്ഡാണ്. വൈ ? " മുൻപ് പലതവണ ഞാൻ ഒരു നോട്ട് എഴുതി കൊടുത്ത് വിട്ടിട്ടും നിരഞ്ജന്റെ പാരേൻസ്റ്റിൽ ഒരാളെ പോലും ഇവിടെ വന്ന് കണ്ടിട്ടില്ല. അത് കൊണ്ട് ചോദിച്ചതാ, ഡോണ്ട് ഫീൽ ബാഡ്. " ഓഹ്. ബീന ഗർവ്വോടെ കസേരയിലേക്ക് അൽപ്പം മലർന്നിരിക്കാൻ ശ്രമിച്ചു. അവരുടെ ശരീര ഭാഷയിലെ അഹങ്കാരത്തിന്റെ ധ്വനി മനസിലായിട്ടും ടീച്ചർ ബീനയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അപ്പു ഇരുവരെയും ഒന്ന് പാളി നോക്കുന്നുണ്ടായിരുന്നു. " നിരഞ്ജന്റെ പ്രോഗ്രസ് കാർഡ് കണ്ടിരുന്നോ ? "യാ ...ഇത്തവണ അക്കാഡമിക്കലി അവൻ കുറച്ച് വീക്ക് ആണന്നല്ലേ നിങ്ങൾ പറഞ്ഞു വരുന്നത്

. "ഇത്തവണ മാത്രമല്ല കഴിഞ്ഞ കോട്ടർലി എക്സാമിന് പോലും നിരഞ്ജന്റെ റിസൾട്ട് വളരെ വീക്ക് ആയിരുന്നു. അന്ന് ഞാൻ ഇതുപോലൊരു കുറിപ്പ് അവന്റെ നോട്ടിൽ എഴുതിയിരുന്നു. ഒരുപാട് ജോലി തിരക്കുള്ളതുകൊണ്ട് മാഡം ഇതൊന്നും ശ്രദ്ധിച്ചു കാണാൻ വഴിയില്ല. ടീച്ചറുടെ അർത്ഥം വെച്ചുള്ള സംസാരവും ചിരിയും അവരുടെ അഹന്തയുടെ ഉച്ചിയിലേക്ക് തറഞ്ഞു കയറി. ബീനയുടെ ഉള്ളിലെ ഈഗോ പുറത്തേക്ക് ചാടാൻ വല്ലാതെ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു. " ഈ പ്രായത്തിലുള്ള കുട്ടികൾ അക്കാദമിക്കലി വീക്ക് ആവുന്നത് അത്ര വലിയ കാര്യം ഒന്നും അല്ലല്ലോ മിസ്സേ? " എന്ന് ഞാൻ പറഞ്ഞില്ല, നിരഞ്ജന്റെ കാര്യം അക്കാഡമിക്കിലി മാത്രമല്ലാത്തത് കൊണ്ടാണല്ലോ പരേന്റ്സിനെ കാണണമെന്ന് പറഞ്ഞു ഞാൻ നോട്ട് എഴുതിയത്. " അതല്ലെങ്കിൽ പിന്നെ നിങ്ങളെന്താണ് ഉദേശിക്കുന്നത്. ? ടീച്ചർ അപ്പുവിന് നേരെ കൈ നീട്ടി. അവൻ ഭയത്തോടെ പ്രോഗ്രസ് കാർഡ് അവരുടെ കയ്യിലേക്ക് കൊടുത്തു. " ഈ പ്രായത്തിലുള്ള ഒരു കുട്ടി അക്കാഡമിക്കിലി വീക്കാവുന്നത് എന്ത് കൊണ്ടാണെന്ന് പരേന്റ്സ് ആയ നിങ്ങള് ചിന്തിച്ചിട്ടുണ്ടോ ? " സീ മിസ് . ടു ബി ഫ്രാങ്ക് കാര്യമെന്തായാലും പറഞ്ഞോളൂ. ഒരുപാട് തിരക്കുകൾക്കിടയിൽ നിന്നാണ് ഇതിന് വേണ്ടി ഞാൻ സമയം കണ്ടെത്തിയത്. സോ ഐ ഹാവ് നോ ടൈം ടൂ ലൂസ്. " മി ടൂ മാം. ഒരു കുട്ടി അക്കാഡമിക്കിലി വീക്കാവുന്നത് അവൻ മെന്റൽ സ്ട്രെങ്ത് അത്രേ ഓകെ അല്ലാതെ വരുമ്പോഴാണ്. ഇപ്പോ കൂട്ടുകൂടുന്നത് മുഴുവൻ പെണ്കുട്ടികളുടെ കൂടെയാണ്.

ബോയ്സ് എന്തേലും പറഞ്ഞാലോ, ചോദിച്ചാലോ അപ്പോ അവരോട് ദേഷ്യപ്പെടുക, കൊരങ്ങാൻ, മണ്ടൻ ഇങ്ങിനെയുള്ള ബാഡ് വേർഡ്‌സ് യൂസ് ചെയ്യുക, ഹോം വർക്കുകൾ പ്രോപ്പറായി ചെയ്യാതിരിക്കുക. ഇതൊക്കെ കാണുമ്പോ ഒരു ക്ലാസ് ടീച്ചർ എന്ന നിലയിൽ അത് പരേന്റ്‌സിനെ അറിയിക്കണമല്ലോ. " നേരാണോടാ ഇതൊക്കെ. ബീന അലറിക്കൊണ്ടു അപ്പുവിനെ നോക്കി. അവൻ ഞെട്ടി വിറച്ചു കൊണ്ട് പിന്നോട്ട് മാറി. അവരിൽ നിന്ന് അങ്ങിനെയൊരു പ്രതികരണം പ്രതീക്ഷിക്കാതിരുന്ന ക്ലാസ് ടീച്ചറുടെ മുഖത്ത് നിരാശ നിറഞ്ഞു. അപ്പുവിന്റെ ഇപ്പോഴുള്ള രീതികൾ അവന്റെ പരേന്റ്സിനോട് പറഞ്ഞു അവനെ മാറ്റിയെടുക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും അവർ കരുതിയിരുന്നില്ല. ഭയന്ന് നിൽക്കുന്ന അപ്പുവിനെ കണ്ടപ്പോൾ ടീച്ചർക്ക് അവനോട് വല്ലാത്ത സഹതാപം തോന്നി. " ഇങ്ങനെ അലറി വിളിച്ചു അവനെ പേടിപ്പിച്ചാൽ അവൻ കൂടുതൽ അരോഗന്റാവുകയെയുള്ളൂ മാം. അൽപ്പം കൂടി സ്നേഹത്തിലും സമാധാനത്തിലും പറഞ്ഞു കൊടുത്താൽ മാത്രേ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് അത് മനസ്സിലാക്കൂ . " എന്റെ മകനോട് എങ്ങിനെ പെരുമാറണമെന്ന് എന്നെയാരും പഠിപ്പിക്കണ്ട. കുട്ടികളെ സ്കൂളിലേക്ക് വിടുന്നത് അക്കാഡമിക്കിലിയുള്ള അഡ്വാൻന്റെജ് മാത്രം നോക്കിയല്ല, മൊറാലിറ്റി കൂടി പഠിക്കാനാ.

അപ്പോ പിള്ളേര് മിസ് ബിഹേവ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണവും നിങ്ങള് തന്നെയാണ്. " ദെൻ ഓകെ മാം. എനിക്ക് പിരീയിഡ് ക്ലാസ്സുണ്ട്. നിരഞ്ജൻ ഗോ ടൂ യുവർ ക്ലാസ്. അഹങ്കാരമെന്ന വാക്കിന് രൂപാന്തരം സംഭവിച്ച് മനുഷ്യനായി മാറിയ ബീനയുടെ യഥാർത്ഥ മനോഭാവം മനസിലായപ്പോൾ ടീച്ചർ മേശപ്പുറത്തിരുന്ന ബുക്കുമെടുത്ത് പോകാനായി എഴുനേറ്റു. " സീ മിസ് , ഡോണ്ട് വെയ്സ്റ്റ് മൈ ടൈം ഫോർ ദിസ് സില്ലി തിങ്‌സ് എഗെയിൻ. " ആസ് യൂ വിഷ്. എഴുനേറ്റ് നടന്ന ടീച്ചർ ഒന്ന് തിരിഞ്ഞു നിന്ന് ബീനയെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. ബീന അപ്പുവിനെ ദേഷ്യത്തോടെ നോക്കി. അവന്റെയുള്ളിലെ പേടി അപ്പോഴും മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. " എവിടുന്നാടാ നീയീ വൃത്തികെട്ട വാക്കുകളൊക്കെ പഠിച്ചത് ? മനുഷ്യനെ നാണം കെടുത്താനായിട്ടു ജനിച്ച സാധനം. ബീന ചുറ്റും നടക്കുന്ന ക്ലാസ്സുകൾ നോക്കി ദേഷ്യത്തിൽ പല്ല് ഞെരിച്ചു കൊണ്ട് അവനെയും വലിച്ചു വരാന്തയിലൂടെ നടക്കുകയാണ്. " നീ വീട്ടിലേക്ക് വാ ശരിക്ക് തരുന്നുണ്ട് ഞാൻ. " ഞാൻ അച്ഛനോട് പറയും. ക്ലാസ് റൂമിന്റെ വാതിൽക്കൽ എത്തിയതും അവരുടെ പിടിയിൽ നിന്ന് അപ്പു കൈ വലിച്ചു മാറ്റി. അവൻ പറഞ്ഞത് കേട്ട് ബീനയുടെ കണ്ണിൽ ദേഷ്യം ആളുകയാണ്. മാതൃത്വത്തിന്റെ ക്രൂരതയിൽ നിന്ന് രക്ഷനേടാൻ പിതൃത്വത്തിന്റെ നിഴലിനെ കൂട്ട് പിടിക്കേണ്ടി വരുന്ന ഒരു കുരുന്ന് ബാല്യത്തിന്റെ അവസ്ഥ എത്ര ഭയാനകമാണ്.

മാറ്റങ്ങൾ സ്വാർത്ഥയ്ക്ക് വേണ്ടി മാത്രമാവുമ്പോൾ മനസ്സ് നിയന്ത്രണ സീമകൾ ലംഘിക്കും. സ്ഥിരതയില്ലാത്ത വാക്കുകളുടെ ആനുകൂല്യം കൊണ്ട് മാത്രം ഒരിക്കലും ഒരാളും നല്ല മനസ്സിന് ഉടമായില്ലെന്നു ബീന പിന്നെയും പിന്നെയും തെളിയിക്കുകയാണ്. " ദേവി മിസ്സിനെ കണ്ടോ ? " ങേ. ങാ കണ്ടു കണ്ടു.. " നിരഞ്ജൻ ഗോ ടൂ യുവർ സീറ്റ്. പിന്നെ നിരഞ്ജന്റെ പഠന കാര്യത്തിൽ അൽപ്പം കൂടിയൊന്ന് ശ്രദ്ധിക്കണം. ടീച്ചർ എന്നതിനെക്കാളും നമ്മൾ അമ്മമാർക്കെ അതൊക്കെ നോക്കാൻ പറ്റു. " ഓ.. ഷുവർ.. അമ്മയെന്ന് പദവി ഒരലങ്കാരം മാത്രമായി കൊണ്ട് നടക്കുന്നവരാണ് ബീനയെന്ന് തിരിച്ചറിയാനുള്ള അളവു കോലുകൾ കണക്ക് ടീച്ചറുടെ ബുദ്ധിയുടെ ഗ്രാഫിൽ വരച്ചു ചേർത്തിട്ടുണ്ടായിരുന്നില്ല. പാടെ നിറം മങ്ങിപോയ ചിരിയുടെ ബാക്കി കൂടി അവർക്ക് മുന്നിലേക്ക് ചൊരിഞ്ഞിട്ട് കൊണ്ട് ബീന പുറത്തേക്ക് ഇറങ്ങി നടന്നു. നടന്ന് പോകുന്ന ബീനയെ തുറന്നിട്ട ജനലഴികൾക്കുള്ളിലൂടെ അപ്പു തലയെത്തിച്ചു നോക്കുന്നുണ്ടായിരുന്നു. അച്ഛനോട് പറയും എന്നവൻ അവരെ നോക്കി പറഞ്ഞെങ്കിലും അവന്റെ ഉൾക്കാമ്പിലെവിടെയോ ഭയത്തിന്റെ ഒരു നുറുങ്ങ് കനൽ പിന്നെയും എരിയുന്നുണ്ടായിരുന്നു. " സ്കൂളിൽ പോയിട്ടെന്തായി ? " എന്താവൻ പുന്നാരമോന്റെ പഠന മികവും , സ്വഭാവഗുണങ്ങളുമൊക്കെ കേട്ട് അടിമുടി കോരി തരിച്ചുപോയി.

" മക്കളാകുമ്പോ തന്തേടെ ഗുണം മാത്രമല്ല, തള്ളേടെ കയ്യിലിരുപ്പ് കൂടി കാണിക്കും, അതിന് അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബീന വാതിൽ തുറന്ന് അകത്തേക്ക് കയറിയതും രാജീവ് കിച്ചനിൽ നിന്ന് ഒരു ഗ്ലാസ്സിൽ കടും ചായയുമായി ഹാളിലേക്ക് വരുന്നുണ്ടായിരുന്നു. മുനയോടിഞ്ഞു പോയ അഹങ്കാരത്തിന്റെ മൂർച്ച പിന്നെയും രാക്കി മിനുക്കിയപോലെ അവർ അയാളെ ദേഷ്യത്തിൽ നോക്കി.. ഉള്ളിൽ പൊട്ടിയ ചിരി പുറമെ കാണിക്കാതെ രാജീവ് ചായയുമായി സോഫയിലിരുന്നു ടീവി ഓണാക്കി ന്യൂസ് വെച്ചു. " അല്ല ഇങ്ങിനിരുന്നാലെങ്ങിനെയാ നമുക്ക് പോണ്ടേ ? " എവിടെ ? " എവിടുന്നോ , ആപെണ്ണുമ്പിള്ളയെ കാണാൻ ഒന്നിച്ചു പോകാന്ന് നിങ്ങളല്ലേ ഇന്നലെ പറഞ്ഞത്. " ങാ അതിന്നലെയല്ലേ. ഇന്നിപ്പോ എനിക്കോരു മൂഡ് തോന്നുന്നില്ല. അയാൾ ചായ ഊതി കുടിച്ചു കൊണ്ട് അവരെ ശ്രദ്ധിക്കാതെ ടീവിയിലേക്ക് നോക്കി സോഫയിൽ മലർക്കനെ കാല് നീട്ടി ചാരി കിടന്നു. ബീന ചുണ്ടിനടിയിൽ വെച്ചു എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. " എന്തേലും പറയാനുണ്ടേൽ മുഖത്ത് നോക്കി പറയടി. "

ങാ. ആണുങ്ങളായാൽ പറഞ്ഞ വാക്കിന് വില വേണം. വാക്കിന് വ്യവസ്ഥയില്ലാത്ത ജന്തു. " ആ വാക്ക് ഒന്ന് കണ്ണാടി നോക്കി പറഞ്ഞാൽ ആളെ നേരിട്ട് കണ്ട് പറയാം. ബീന ദേഷ്യത്തിൽ ഹാൻഡ് ബാഗ് താഴേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം സോഫയിൽ കുത്തിയിരുന്നു കൊണ്ട് പിന്നെയും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. " ഹോ. നിന്ക്കിപ്പോ എന്താ വേണ്ടത് ആ പെണ്ണിനെ പോയി കാണണം. അത്രല്ലേ വേണ്ടു. എപ്പോഴാന്ന് വെച്ചാ പോകാം. ചെവിട്ടില് മൂട്ട പോയപ്പോലെ ചുമ്മാ കിടന്ന് വള വളാന്ന് പറയാതെ എഴുനേറ്റ് പോ. " എന്നാ ഞാൻ ഫ്രഷാവട്ടെ. " ആദ്യം അവരവിടെ ഉണ്ടോന്ന് അറിയട്ടെ, അല്ലാതെ അങ്ങോട്ട് കുറ്റീം പറിച്ചു പോയിട്ടെന്ത് മാങ്ങാതൊലി ഉണ്ടാക്കാനാ. ഹോ. സ്വന്തം കാര്യം വന്നപ്പോ ഒരു നാണോമില്ല അഹങ്കാരോമില്ല. കഷ്ടം രാജീവ് ദേഷ്യത്തിൽ ഫോണെടുത്തു കൊണ്ട് പുറത്തേക്ക് നടന്നു. ബീന അയാളെ നോക്കി ദഹിപ്പിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. " ഹലോ മാധവേട്ടാ. നിങ്ങളൊരു ഉപകാരം ചെയ്യണം. ആരും കാണാതെ എന്റെ പെമ്പറന്നോരുടെ കാറിന്റെ രണ്ട് വീലിന്റേം എയർ ഒന്ന് കുത്തി കളഞ്ഞെക്കണം. " ങ്ങേ. അതെന്തിനാ സാറേ ? രാജീവ് കൊറിഡോറിൽ വന്നു നിന്ന് സെക്യൂരിറ്റി മാധവനെ ഡയൽ ചെയ്തു. അയാളുടെ സംസാരം കേട്ട് മാധവൻ ഒന്ന് ഞെട്ടി.

" അതൊക്കെയുണ്ട്, അവൾടെ അഹങ്കാരത്തിന് ഇതുപോലെ ചില മരുന്നുകൾ കൂടി നല്ലതാ.. " ങാ, നിങ്ങളീങ്ങനെ മരുന്ന് കൊടുത്ത് മരുന്ന് കൊടുത്തു എന്റെ കഞ്ഞി കുടി മുട്ടിക്കരുത്. " ഹാ നിങ്ങളിങ്ങനെ പേടിക്കാതെ കിളവാ അങ്ങിനെ കഞ്ഞി കുടി മുട്ടിപോകാതെ ഞാൻ നോക്കിക്കൊളാ. " ങാ നോക്കിയാ മതി. മാധവൻ ഫോൺ കട്ട് ചെയ്ത ശേഷം അന്തളിച്ചു നോക്കി കൊണ്ട് ക്യാമ്പിനിൽ നിന്നിറങ്ങി കാർ പോർച്ചിലേക്ക് നടന്നു.. " മനുഷ്യന് കിട്ടുന്ന ഓരോരോ പണികളെ. മാധവൻ പോക്കറ്റിൽ നിന്ന് ഒരു താക്കോൽ കൂട്ടമെടുത്ത് ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി, ടയറിലെ എയർ ക്യാപ്പ് മാറ്റിയ ശേഷം താക്കോലിന്റെ കൂർത്ത അഗ്രം കൊണ്ട് നോബിൽ അമർത്തിയതും വലിയ ശബ്ദത്തിൽ എയർ പുറത്തേക്ക് ചീറ്റി. " ശെടാ ഈ മൈ.. വണ്ടി ആളെ തല്ല് കൊള്ളിക്കോല്ലോ. മാധവൻ ഞെട്ടി എഴുനേറ്റ് ചുറ്റും നോക്കി. ആരുമില്ലെന്ന് കണ്ടപ്പോൾ വീണ്ടും അയാൾ താഴേയ്ക്കിരുന്നു പതിയെ പതിയെ ടയറിലെ എയർ കുത്തി കളഞ്ഞു തുടങ്ങി.. " അതേ അവര് വൈകീട്ട് അഞ്ചു മണി കഴിഞ്ഞേ ഉണ്ടാവൂ. ആ സമയത്ത് പോകാം. " ങാ എപ്പോഴയാലും കൂടെ വന്നാ മതി. ബീന ഈർഷ്യയോടെ സോഫയിൽ നിന്നെഴുന്നേറ്റു അകത്തേക്ക് പോയി.

" എന്റെ ദൈവമേ ഈ സാധാനത്തിനെ ഭൂമിയിലേക്ക് കെട്ടിയിറക്കുന്ന സമയത്തു ലേശം ഉളുപ്പ് കൂടെ ഇൻജക്ട് ചെയ്ത് വിട്ടൂടായിരുന്നോ. രാജീവ് കണ്ണ് മിഴിച്ചു ആകാശത്തേക്ക് നോക്കി.. ഉച്ചയുറക്കം കഴിഞ്ഞ് രാജീവ് എഴുന്നേറ്റപ്പോഴേക്കും ബീന വേഷം മാറി ഹാളിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. " നീ ഇത്ര നേരത്തെ ഈയൊരുങ്ങി കെട്ടി എങ്ങോട്ടാ? " നിങ്ങളാ ക്ലോക്കിലേക്ക് നോക്കിയേ ഇപ്പോൾ സമയം എന്തായി ? രാജീവ് കണ്ണുതിരുമ്മി കൊണ്ട് ക്ലോക്കിലേക്ക് നോക്കി സമയം 4 .45 " ങാ അഞ്ചു മണി ആയിട്ടില്ലല്ലോ. പിന്നെന്താ ? രാജീവ് അവരെ ശ്രദ്ധിക്കാതെ തിരികെ ബെഡ്റൂമിലേക്ക് പോയി. ബീനയ്ക്ക് ഇരുന്നിട്ടിരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല. രാജീവ് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങുമ്പോൾ സമയം 5. 20. അയാളെ കാത്തിരുന്ന് വല്ലാതെ ദേഷ്യം വന്നെങ്കിലും ആവശ്യം തന്റേത് മാത്രമായതുകൊണ്ട് ബീന അയാളോട് ഒന്നും പറഞ്ഞില്ല. അമർഷം ഉള്ളിലൊതുക്കി അവർ അയാൾക്കൊപ്പം താഴേയ്ക്കിറങ്ങി. " ഒന്ന് വേഗം കേറ് രാജീവേ ഇതൊന്ന് കൺഫോം ആയിട്ട് വേണം പോകുന്ന ബാക്കി കാര്യങ്ങളൊക്കെ തീരുമാനിക്കാൻ. "അല്ല ഈ പഞ്ചറായ കാറിലാണോ ഇത്ര തിരക്കിട്ട് പോകാൻ പോണത് ? " പഞ്ചറോ? " വിശ്വാസമായില്ലെങ്കിൽ നീ തന്നെ ഇറങ്ങി നോക്ക്.

ബീന ദൃതിയിൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തേക്ക് ചാടിയിറങ്ങി. രാജീവ് ഒന്നുമറിയാത്തത് പോലെ നോക്കി നിൽക്കുകയാണ്. "ങേ ...ഇതെങ്ങനെ പഞ്ചറായി ? "കണ്ണും മൂക്കുംഇല്ലാണ്ട് വല്ല ഖട്ടറിലേക്കും ഓടിച്ചു കെറ്റിക്കാണും. ദേ ഇതുമാത്രമല്ല പുറകിലത്തെ ടയറും പഞ്ചറാ. " നാശം പഞ്ചറാവാൻ കണ്ട നേരം. " ശ്ശോ ഇനിയിപ്പോ എങ്ങിനെ പോകും.? ഒന്നുമറിയാതെ നിഷ്കളങ്കനായി രാജീവ് അഭിനയച്ചു മുന്നേറുകയാണ്. ബീനയുടെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. " ഞാൻ തിരിച്ചു വിളിക്കാം റാഫി. അവർ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു. " രാജീവിന്റെ കാറൊന്നെടുക്കോ ? " അത് കൊള്ളാം എന്റെ കാർ ഞാൻ സർവീസിന് കൊടുത്തിട്ടല്ലേ പോന്നത്. ബീന വാച്ചിലേക്ക് നോക്കി സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. അവരുടെ വെപ്രാളവും പരവശവും കണ്ടു രാജീവിന്റെ ഉള്ളിൽ ചിരി പൊട്ടി. " ഒരു കാര്യം ചെയ്യാം ആലോചിച്ചു നിന്നാ സമയം പോകും. നിനക്കണേൽ വന്നിട്ട് തിരക്കുമുള്ളതല്ലേ. നമുക്കൊരു ഓട്ടോയിൽ പോകാം. " ഓട്ടോയിലോ ? അതിലെങ്ങിനെയാ ഞാൻ ? " എന്നാ ആംബുലൻസ് വിളിക്കാടി എന്തേ.? ദേ നിനക്ക് വേണൊങ്കിൽ മതി അല്ലെങ്കി ഞാനെന്റെ പാട്ടിന് പോകും. " ഓ കിടന്ന് ചാടണ്ട എന്ത് കുന്തമെങ്കിലും വിളിക്ക്. " ങാ. ഹലോ മാധവേട്ടൻ ഒരു ഓട്ടോ കിട്ടാൻ വഴിയുണ്ടോ? "

കാറിനെന്ത് പറ്റി സാറേ ? രാജീവ് ഉള്ളിൽ ചിരിച്ചു കൊണ്ട് സെക്യൂരിറ്റി ക്യാബിനടുത്തേക്ക് നടന്നു. മാധവനും ഒന്നുമറിയത്തത് പോലെ ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി നിന്നു. " അത് പഞ്ചറായി പോയെന്നെ. " നിങ്ങള് തന്നെ പഞ്ചറാക്കിയിട്ടു നിങ്ങള് തന്നെ ഓട്ടോ വിളിക്കുന്നു. ഹോ സമ്മതിക്കണം സാറേ " ഈ സാധാരണക്കാരെ കാണുമ്പോ എന്റെ ഭാര്യയ്ക്ക് വല്ലാത്ത പുച്ഛമാ. അപ്പോ അതിനൊരു കൊട്ട് കൊടുക്കണത് നല്ലതല്ലേ. " ഹോ എന്ത് നല്ല സ്നേഹമുള്ള ഭർത്താവ്. രാജീവും മാധവനും അടക്കം പറഞ്ഞു ചിരിച്ചു. പെട്ടെന്ന് ബീന അങ്ങോട്ട് വരുന്നത് കണ്ട് മാധവൻ ചിരിയടക്കി. " ങാ പിന്നെ സ്റ്റാൻഡിൽ ഉള്ളതിൽ ഏറ്റവും പഴയ ഓട്ടോ വിളിച്ചാ മതി. നബിസൂന്റെ വീട്ടിലേക്ക് പോകാനുള്ള കുണ്ടും കുഴിയുമുള്ള ഒരു വളഞ്ഞ വഴി കൂടി പറഞ്ഞു കൊടുത്തേക്കണെ. " ഓ. അപ്പോ കരുതി കൂട്ടി തന്നെയാണല്ലോ. " നമുക്കിതൊക്കെയല്ലേ മാധവേട്ടാ ഒരു സുഖം. ഹാ. വേഗമൊരു ഓട്ടോ വിളിക്ക് മാധവൻ. എത്ര നേരായി . അതികം കുടുക്കമില്ലാതെ പോകാൻ പറ്റുന്ന ഓട്ടോ വിളിച്ചാ മതീട്ടോ. " അങ്ങിനായിക്കോട്ടെ സാറേ. അടുത്തെത്തിയ ബീനയെ കണ്ട് രാജീവ് തന്റെ സംസാര രീതി മാറ്റി. മാധവൻ ചിരിയടക്കാൻ നന്നേ പാട്പ്പെടുന്നുണ്ടായിരുന്നു. പടിഞ്ഞാറൻ വെയിലിന്റെ ചൂടിൽ ബീന നന്നേ ഉരുകിയൊലിക്കുന്നുണ്ടായിരുന്നു. " അയ്യേ ഇതാണോ വണ്ടി ? അൽപ്പം കഴിഞ്ഞപ്പോൾ മാധവൻ സ്റ്റാൻഡിലെ ഏറ്റവും പഴക്കം ചെന്ന ലംബി ഓട്ടോയുമായി വന്നു. അത് കണ്ട് ബീന കണ്ണ് മിഴിച്ചു നോക്കി.

" ദേ ഇതിലെങ്ങും ഞാൻ വരില്ല. " എന്നാ നീയൊരു ഫ്ലൈറ്റ് പിടിച്ചു പോ. അല്ല പിന്നെ.. " നാശം പിടിക്കാനായിട്ടു, മാറങ്ങോട്ട്. ബീന ദേഷ്യത്തിൽ ചവിട്ടി കുത്തി ഓട്ടോയിലേക്ക് കയറി. " അല്ല സാറേ ഈ ഓട്ടോയിലെങ്ങോട്ടാ? " അതോ.. " അ.. അത് ഞങ്ങളൊരു ഷോപ്പിംഗിന് പോകുവാ. തങ്ങൾ നബീസുവിനെ തിരഞ്ഞു പോകുകയാണെന്ന് അയാളറിഞ്ഞാൽ ഉണ്ടാകുന്ന മാനക്കേട് ഓർത്തപ്പോൾ രാജീവിനെ തടുത്ത് കൊണ്ട് ബീന പെട്ടെന്ന് തല പുറത്തേക്കിട്ടു. മാധവൻ ഒന്നുമറിയാത്ത പോലെ നോക്കി നിൽക്കുകയാണ്. " അല്ല മാധവേട്ടാ ഈ നബീസുവിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ ? " ഓ അതോ. അത് ഇവിടുന്ന് നേരെ പോയി. വളവ് തിരിഞ്ഞു പിന്നേം പോയ നമ്മടെ കിണർ. ഹാ ഞാൻ നിന്നോട് നേരത്തെ പറഞ്ഞ വഴിയില്ലേ സജീവാ, ആ പുതിയ റോഡ് " ഓ അത്. " ങാ ആ വഴി പോയി ബാലൻ ചേട്ടന്റെ വീട് കഴിഞ്ഞാ ദേ മാഡം ഈ പറഞ്ഞ ഷോപ്പിംഗ് കോംപ്ലക്ക്സായി. ശരിയല്ലേ മാഡം. മാധവൻ ബീനയെ കുനിഞ്ഞു നോക്കി കൊണ്ട് ശരിയല്ലേ എന്നർത്ഥത്തിൽ തലകുലുക്കി ചിരിച്ചു. അവർ ആകെ ചമ്മി വിയർത്ത് രാജീവിന് പിന്നിലേക്ക് മറഞ്ഞു. " അല്ല സാറേ ഇത്രേം ദൂരം ന്ന് പറഞ്ഞാ ഒരു അഞ്ഞൂറ് രൂപയെങ്കിലും ആവും. " ഓ അഞ്ഞൂറല്ല, ആയിരം തരാം. നിങ്ങളൊന്നും വണ്ടിയെടുക്കുന്നുണ്ടോ? "

ദേ എടുത്തല്ലോ മാഡം. ബീന ഈർഷ്യയോടെ ധൃതി കൂട്ടി. ഡ്രൈവർ സജീവൻ എഴുനേറ്റ് നിന്ന് ലിവറിൽ ചവുട്ടി ഓട്ടോ സ്റ്റാർട്ടാക്കി. വലിയൊരു ചരുവത്തിൽ കല്ലുകൾ പെറുക്കിയിട്ട് കിലുക്കുന്ന ശബ്ദത്തിൽ ലാംബി ഓട്ടോ കറുത്ത പുക പടർത്തി വിറച്ചു വിറച്ചു ഗേറ്റിന് പുറത്തേക്ക് പോയി. രാജീവ് കൈ പുറത്തേക്കിട്ടു കൊണ്ട് മാധവന് നേരെ പെരുവിരൽ ഉയർത്തി കാണിച്ചു. മെയിൻ റോഡിൽ നിന്ന് ഓട്ടോ പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞു വീതി കുറഞ്ഞ ഇടറോഡിലേക്ക് കയറി. ചെമ്മണ്ണിന് മുകളിൽ കരിങ്കല്ല് പാകി മുഴച്ച റോഡിലൂടെ ഓട്ടോ കുലുങ്ങി വിറച്ചു നീങ്ങി തുടങ്ങി. " അമ്മേ.. ഹാ. " ശരിക്ക് പിടിച്ചിരുന്നോ. പിന്നിലേക്ക് അല്പ്പം ചരിഞ്ഞു താഴ്ന്ന സീറ്റിലിരുന്നു ബീന ഇളകി തെറിക്കുന്നുണ്ടായിരുന്നു. പുറമെ അവരെ ആശ്വസിപ്പിച്ചു കൊണ്ട് രാജീവ് ഉള്ളിൽ പൊട്ടി ചിരിക്കുകയാണ്. ഓട്ടോ പിന്നെയും ഉൾ വഴികളിലേക്ക് കയറി. ഇടയ്ക്ക് രാജീവ് ഡ്രൈവറുടെ തോളിൽ പതിയെ വിരൽ കൊണ്ട് തോണ്ടി ആസമയം എന്തോ മനസിലാക്കിയ പോലെ അയാൾ വണ്ടിയുടെ സ്പീഡ് കൂട്ടി. ചരിവും കുഴിയും നിറഞ്ഞ റോഡിലൂടെ വണ്ടി ഇടിച്ചു കുത്തി പായുകയാണ്. ഉള്ളിൽ ബീന അങ്ങോട്ടും ഇങ്ങോട്ടും ആടിയുലഞ്ഞു തളർന്ന് പോകുന്നുണ്ട്. " ഇതിപ്പോഴേങ്ങാനും എത്തോ? മനുഷ്യനെ കൊല്ലനായിട്ട് "

ഹാ റോഡിങ്ങനെയായതിൽ നീയെന്തിനാ ഡ്രൈവറോട് ചൂടാവുന്നത്. " എന്റമ്മേ.. രാജീവ് ഡ്രൈവറെ വീണ്ടുമൊന്ന് തോണ്ടി. പെട്ടെന്ന് അയാൾ വണ്ടി വെട്ടിച്ചു മറ്റൊരു റോഡിലേക്ക് കയറ്റി. ഒരു പിൻചക്രം കുഴിയിൽ കയറിയിറങ്ങി ആടിയുലഞ്ഞു നീങ്ങി. ബീന മുകളിലേക്ക് അൽപ്പം ഉയർന്ന് പൊങ്ങി സീറ്റിലേക്ക് ഇടിച്ചു ചാഞ്ഞു വീണു. ഒരു കയറ്റം കയറി ഓട്ടോ ഇടത്തോട്ട് തിരിഞ്ഞു കോളനിയുടെ വാതിൽക്കലേക്ക് കയറി. " ദേ മാഡം പറഞ്ഞ ഷോപ്പിങ് മാളെത്തി എത്തി. " ഹോ.. രാജീവ് ഇറങ്ങിയതും. ബീന അയാളെ തള്ളി മാറ്റി കൊണ്ട് ചാടി പുറത്തേക്കിറങ്ങി ഡ്രൈവറെ ദേഷ്യത്തോടെ നോക്കി. അവർ ആകെ വിയർത്ത് തളർന്ന് പോയിരിക്കുന്നു. " ഭാര്യയോട് ഭയങ്കര സ്നേഹാണല്ലേ സാറേ. " കുറച്ച്. ഡ്രൈവർ തല താഴ്ത്തി ബീനയെ ഒന്നു നോക്കി. അവർ നിന്ന് കൈയും തലയും തിരിക്കുകയും കുടയും ചെയ്യൂന്നുണ്ടായിരുന്നു. രാജീവ് ചിരിച്ചു കൊണ്ട് പേഴ്സിൽ നിന്ന് ക്യാഷ് എടുത്ത് ഡ്രൈവർക്ക് നീട്ടി. " വെയ്റ്റ് ചെയ്യണോ സാറേ. " അയ്യോ വേണ്ടാ. വന്നിടത്തോളം മതിയായി. ബീന അയാളെ തുറിച്ചു നോക്കി. ഡ്രൈവർ വണ്ടിയെടുത്തു നേരെ പോയി. ഇതെല്ലാം കണ്ട് രാജീവിന് ചിരി പൊട്ടി. " ഏതാ വീട് ? " പറഞ്ഞത് വെച്ചു നോക്കുമ്പോൾ ദേ അതായിരിക്കും. നാക്കുണ്ടല്ലോ ചോദിക്കാം.

ബീനയുടെ ശബ്ദത്തിൽ വല്ലാതെ തളർച്ചയുണ്ടായിരുന്നു. രാജീവ് ആദ്യമായി കാണുന്ന സ്ഥലം പോലെ ചുറ്റും നോക്കി കൊണ്ട് മുന്നോട്ട് നടന്നു പിന്നാലെ ബീനയും. " ഹലോ .. ഹലോ.. ഇവിടെയാരുമില്ലേ? " ആരാ. " ഈ നബിസൂന്റെ വീട് ? " ങാ ഇതാ , ഉമ്മാ ദേ നോക്കിയേ. ശബ്ദം കേട്ട് ആഷിത പുറത്തേക്ക് വന്നു. ബീന വിനയം വാരി വിതറികൊണ്ടു വാതിൽക്കൽ അകത്തേക്ക് നോക്കി നിൽക്കുകയാണ്. രാജീവ് തന്നെ അറിയില്ല എന്നാ മട്ടിൽ പെരുമാറാൻ അവളോട് കണ്ണടച്ചു കാണിക്കുന്നുണ്ട്. അയാളെ നോക്കി ചിരിക്കാൻ ശ്രമിച്ച അവൾ പെട്ടെന്ന് മുഖം മാറ്റി. " ഡാ നിനക്കട കോരങ്ങാ. ഓടല്ലേ.. " പോടാ കോരങ്ങാ.. അപ്പു ഉറക്കെ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഓടിയിറങ്ങി, അവനെ പിടിക്കാൻ മുബീന പിന്നാലെയും. " എന്റെ അപ്പൂസേ. അബദ്ധം പിണഞ്ഞത് പോലെ രാജീവ് നെറ്റിയിൽ കൈ കൊണ്ട് അടിച്ചു. പെട്ടെന്ന് വതിൽക്കൽ നിൽക്കുന്ന ബീനയെ കണ്ട് അപ്പു ഞെട്ടി നിന്നു. അവനെ കണ്ട് ബീനയും ഒന്ന് നടുങ്ങി നോക്കി.. ഇരുവരെയും മാറി മാറി നോക്കി കൊണ്ട് നബീസു അകത്ത് നിന്ന് വാതിൽക്കലേക്ക് വരുന്നുണ്ടായിരുന്നു.. തുടരും.............

 കഥ വൈകിയത് ഒരു പനി കാരണം ഒന്ന് കിടപ്പിലായി പോയിരുന്നത് കൊണ്ടാണ്. കഥയുടെ ബാക്കിയ്ക്ക് വേണ്ടിയെങ്കിൽ പോലും എന്നെ തിരഞ്ഞു വന്നതിനും, ഇത്ര ദിവസം കാത്തിരുന്നതിനും, എല്ലാവരുടെയും പ്രാര്ത്ഥനയ്ക്കും ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കട്ടെ. എല്ലാവർക്കും എന്റെ വൈകിയ പുതുവത്സരാശംസകൾ എല്ലാവർക്കും നന്മയുണ്ടാവട്ടെ❤️❤️❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story