എന്റെ ഉമ്മാന്റെ പേര്: ഭാഗം 29

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ഡാ നിനക്കട കോരങ്ങാ. ഓടല്ലേ.. " പോടാ കോരങ്ങാ.. അപ്പു ഉറക്കെ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഓടിയിറങ്ങി, അവനെ പിടിക്കാൻ മുബീന പിന്നാലെയും. " എന്റെ അപ്പൂസേ. അബദ്ധം പിണഞ്ഞത് പോലെ രാജീവ് നെറ്റിയിൽ കൈ കൊണ്ട് അടിച്ചു. പെട്ടെന്ന് വാതിൽക്കൽ നിൽക്കുന്ന ബീനയെ കണ്ട് അപ്പു ഞെട്ടി നിന്നു. അവനെ കണ്ട് ബീനയും ഒന്ന് നടുങ്ങി നോക്കി.. ഇരുവരെയും മാറി മാറി നോക്കി കൊണ്ട് നബീസു അകത്ത് നിന്ന് വാതിൽക്കലേക്ക് വരുന്നുണ്ടായിരുന്നു. അവരെ കണ്ടതും നബീസുവിനന്റെ ഉള്ളകം ആന്തിയെരിഞ്ഞില്ലാതാകുന്നത് പോലെ തോന്നി. " ഓഹോ അപ്പോ ഇങ്ങിനാണ് ഇവനി ആവശ്യമില്ലാത്ത വക്കൊക്കെ പഠിക്കുന്നതല്ലേ.. ബീന സ്വയം പറഞ്ഞു കൊണ്ട് അവനെ തന്നെ തറപ്പിച്ചു നോക്കുകയാണ്. അപ്പു പേടിയോടെ അൽപ്പം പിന്നോട്ട് മാറി. ആഷിതയും മുബീനയും കാര്യമറിയാതെ പരസ്പരം ഇടം കണ്ണെറിഞ്ഞു.. രാജീവ് അവനെ രക്ഷപെടുത്താൻ ഒരു വഴി ആലോചിക്കുകയാണ്. " നീയെന്താടാ ഇവിടെ ? " ഈശ്വരാ കാത്തോണെ. നിന്നോട് ചോദിച്ചത് കേട്ടില്ലെടാ, ട്യൂഷന് പോകാതെ നീയിവിടെ എന്ത് ചെയ്യുവാന്ന്. " ട്യൂഷനോ ? എവിടെ ? ബീനയുടെ ഉള്ളിൽ നിന്ന് അറിയാതെ ദേഷ്യം ഉയർന്ന് തുടങ്ങിയതും രാജീവ് നെഞ്ചിൽ കൈ വെച്ചു മുകളിൽ നോക്കിയ ശേഷം അപ്പുവിന് മുന്നിലേക്ക് അലറി കൊണ്ട് ചാടി വീണു..

അപ്രതീക്ഷിതമായ അയാളുടെ ശബ്ദം കേട്ട് അപ്പു ഞെട്ടലോടെ മുബീനയുടെ പിന്നിലോട്ടു മാറി. ബീന നടുങ്ങി തരിച്ചു ചുറ്റും നോക്കുകയാണ്. നബീസുവിന് കാര്യം മനസിലായെങ്കിലും അവരും വല്ലാതെ ഭയന്ന് പോയി. " അച്ഛൻ പറ്റിക്കുവാണെ അപ്പൂസ് പേടിക്കല്ലേട്ടോ. ഒരു വക പഠിക്കാതെ നടന്നിട്ട് ഇന്ന് ടീച്ചേഴ്സിന്റെ ചീത്ത മുഴുവൻ കേട്ടത് പാവം നിന്റെ മമ്മിയാ. രണ്ടക്ഷരം പഠിച്ചോട്ടെന്ന കരുതി ട്യൂഷന് കൊണ്ടാക്കിയിട്ട് അതിന് പോകാതെ ചുറ്റി നടക്കുവാ.. ഇങ്ങോട്ട് വാടാ. നിന്നെ ഇന്ന് ഞാൻ ശരിയാക്കി തരാം. രാജീവ് ദേഷ്യം അഭിനയിച്ചു കൊണ്ട് നബീസുവിന്റെ വീടിന്റെ വടക്കേ അതിരിലെ ശീമകൊന്നയുടെ കൊമ്പ് വലിച്ചൊടിച്ചു കൊണ്ട് അപ്പുവിനെ നോക്കി നിന്ന് കണ്ണടച്ചു കാണിച്ചുവെങ്കിലും അവൻ വല്ലാതെ ഭയന്ന് പോയിരുന്നു. അയാളുടെ അലർച്ചയും പ്രകടനവും കണ്ട് ബീനയും പകച്ചു നിൽക്കുകയാണ്. എന്ത് പറയണമെന്ന് അറിയാതെ ആഷിതയും മുബീനയും നബീസുവിനെ നോക്കി. " സത്യം പറയെടാ. ട്യൂഷന് പോകാതെ നീയെവിടെ പോയതടാ. പറയെടാ. രാജീവ് അപ്പുവിനെ നോക്കി വീണ്ടും കണ്ണടച്ചു കാണിച്ചു കൊണ്ട് കൈയിൽ കടന്ന് പിടിച്ചു അടിക്കാൻ ഓങ്ങി. " ആഹാ. ചോദിച്ചാൽ നീ സത്യം പറയില്ലല്ലേ. കരഞ്ഞോ കരഞ്ഞോ. എടാ കോരങ്ങാ കരയാൻ. "

അയ്യോ അങ്കിളെ തല്ലല്ലേ. അവന് ടോയ്‌ലറ്റിൽ പോണോന്ന് പറഞ്ഞപ്പോ കൊണ്ടുവന്നതാ. രാജീവ് പിന്നിൽ നിൽക്കുന്ന ആഷിതയെയും മുബീനയെയും നോക്കി മുഖം കൊണ്ട് ഗോഷ്ഠി കാണിച്ചു. എന്തോ മനസിലായത് പോലെ മുബീന അയാൾക്ക് മുന്നിലേക്ക് കയറി നിന്നു.. അവളെ കണ്ടതും പെട്ടെന്ന് അപ്പു കരയാൻ തുടങ്ങി.. കൺ മുന്നിൽ നടക്കുന്നതെന്താണെന്ന് മനസ്സിലാവാതെ ബീന നിന്ന് കണ്ണ് മിഴിക്കുകയാണ്. " ആഹാ അവന്റെയൊരു തൂറ്റൽ. ഇനിയാരും എങ്ങോട്ടും പോകുന്നില്ല. ബാഗുമെടുത്ത് വീട്ടിലേക്ക് നടക്കേടാ. " അല്ല. നിങ്ങള് വന്ന കാര്യമെന്താണെന്നു പറഞ്ഞില്ലല്ലോ ? " ഏയ് അത് ഞങ്ങള് വെറുതെ വന്നതാ. പോട്ടെ ചെന്നിട്ട് വേണം ഇവനിട്ടു രണ്ടെണ്ണം കൊടുക്കാൻ. വാടാ., നീയും വാടി.. രാജീവ് ബീനയെ അവരറിയാതെ തല ചെരിച്ചു നോക്കി. രാജീവിന്റെ കോപ്രായങ്ങൾ കണ്ട് നബീസുവിന്റെ ഉള്ളിൽ ചിരി വന്നെങ്കിലും ബീനയുടെ മുഖം ഭാവം കണ്ടപ്പോൾ അവരത് പുറത്ത് കാണിക്കാതെ അവരുടെ ആഗമനോദ്ദേശ്യം അറിയാൻ പുറത്തേക്ക് വന്നു. രാജീവ് വീണ്ടും ബീനയെ പാളി നോക്കി കൊണ്ട് അപ്പുവിനേയും വലിച്ചു കൊണ്ട് റോഡിലേക്ക് നടന്നു.

" അല്ല അപ്പോ നമ്മള് വന്നകാര്യം സംസാരിക്കണ്ടേ ? " പിന്നെ ഈ പ്രായത്തിലെ ഇവൻ തരികിട കാണിച്ചു നടക്കുവാ, ഇതിനൊരു തീരുമാനമായിട്ട് മതി, നിന്റെ മീറ്റിങ്ങും പോക്കുമൊക്കെ ഇങ്ങോട്ട് നടക്കേടി. " ഹാ എന്താ രാജീവ് ട്യൂഷന് പോകാതെ അവൻ കുറച്ചു നേരം കളിക്കാൻ പോയി, അതിനിപ്പൊന്താ, അതിന് അവനിയങ്ങിനെ തല്ലണോ ? " ഓഹോ ടീച്ചേഴ്സിന്റെ വായിലിരിക്കുന്ന ചീത്ത മുഴുവൻ കേട്ടിട്ടും നിനക്കിതെങ്ങിനെ ഇത്ര നിസാരമായി പറയാൻ കഴിയുന്നു ബീനെ. യാതൊരു ദാക്ഷണ്യവുമില്ലാതെ രാജീവ് ഭാര്യയെ നോക്കി സഹതപിക്കുകയാണ്. " ങാ കേട്ടത് മുഴുവൻ ഞാനല്ലേ , അത് ഞാനങ്ങ് സഹിച്ചു. അവനിപ്പോ കുറച്ചു നേരം കളിച്ചൂന്ന് പറഞ്ഞു ഒന്നും വരാൻ പോകുന്നില്ല. കുറച്ചൂടെ കഴിയുമ്പോ അതൊക്കെ മാറിക്കോളും. " ങാഹാ. നിനക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ എനിക്ക് എന്ത് തേങ്ങായാണ്, ദേ പിന്നൊരു കാര്യം നാളെ ഇനി ടീച്ചർ അത് പറഞ്ഞു ഇത് പറഞ്ഞൂന്നും പറഞ്ഞു എന്റെ മെക്കിട്ട് കേറാൻ വന്നേക്കരുത്. കേട്ടല്ലോ. "

ഓ ഇല്ല, രാജീവോന്ന് വന്നേ ഈ കാര്യത്തിൽ ഒരു തീരുമാനം ആയിട്ട് വേണം എനിക്ക് ബാക്കി കാര്യങ്ങൾ കൺഫോo ചെയ്യാനെന്ന് ഇറങ്ങുമ്പോ ഞാൻ പറഞ്ഞതല്ലേ. " ങാ. എന്നാ നടക്ക്. വാടാ കോരങ്ങാ ഇങ്ങോട്ട്.. " ഓഹോ അപ്പൊ നിങ്ങളാണല്ലേ ഇവനെ ഈ വാക്കുകളൊക്കെ പറഞ്ഞു പഠിപ്പിക്കുന്നത്. " പിന്നെ കോരങ്ങനെന്ന് പറഞ്ഞാ ഈ ഭൂലോകത്ത് ആദ്യമായി കേൾക്കുന്ന പേരണല്ലോ, അങ്ങോട്ട് നടക്കടി പോത്തെ. നടന്ന് തുടങ്ങിയ ബീന പെട്ടെന്ന് തിരിഞ്ഞു നിന്ന് രാജീവിനെ അമർഷത്തോടെ നോക്കി. അയാൾ അവരെ കളിയാക്കിയ പോലെ മുഖം കോട്ടി കൊണ്ട് വേഗത്തിൽ നബീസുവിന്റെ വീട്ടിലേക്ക് നടന്നു. നടന്നതൊന്നും മനസ്സിലാവാതെ അപ്പു രാജീവിന്റെ കൈയിൽ പിടിച്ചു ഒപ്പം നടക്കുകയാണ്. " ഇതും അച്ഛൻ പറ്റിച്ചക്കാൻ പറഞ്ഞതാണോ അച്ഛാ. " ഓ. മിണ്ടാതെ ഇങ്ങോട്ട് നടേക്കെടാ. അപ്പു അയാളുടെ ഒപ്പം നടന്ന് കയറി രഹസ്യം പറഞ്ഞു. അയാൾ അവന്റെ ചുമലിലിട്ട് തട്ടി കൊണ്ട് വീണ്ടും വലിച്ചു മുന്നോട്ട് നടന്നു. " ദേ ഉമ്മാ. " എന്തേ സാറേ.? " കാര്യം എന്താണെന്ന് വെച്ചാ വേഗം പറഞ്ഞോ. നിനക്ക് പോയിട്ട് തിരക്കുള്ളതല്ലേ. അകത്തേക്ക് കയറാൻ തുടങ്ങിയ നബീസു മക്കളുടെ വിളി കേട്ട് തിരിഞ്ഞു നിന്നു.. രാജീവ് ബീനയെ ഗൗരവത്തിൽ നോക്കി. നബീസു സംശയത്തോടെ ഇരുവരെയും മാറി മാറി നോക്കുകയാണ്. " അ... ത്. പി... ന്നെ.. എ.. നി..ക്ക്.. ക്ക് " നീയെന്താ അക്ഷരം പറഞ്ഞു പഠിക്കുവാണോ ? എന്റെ പൊന്നു പെങ്ങളെ ഇവൾക്ക് നിങ്ങടെയൊരു സഹായം വേണം. "

അയ്യോ. എന്നെ പോലൊരാളോട് സഹായം ചോദിക്കാന്ന് പറഞ്ഞാൽ , അതിനുള്ള പഠിപ്പും വിവരോമൊന്നും എനിക്കില്ലെന്ന് മാഡത്തിനറിയാല്ലോ. മനസാക്ഷിയുടെ ഒരു കോണിൽ കുറ്റബോധത്തിന്റെ നിഴൽ വീണ് തുടങ്ങിയപ്പോൾ ബീന അക്ഷരങ്ങൾ ഓരോന്നായി പരതിയെടുക്കുകയാണ്. അവരുടെ മുഖത്തെ ചമ്മല് കണ്ടപ്പോൾ രാജീവ് ഇടയ്ക്ക് കയറി. ലോകമറിയാത്ത നബീസുവിന് മുന്നിൽ ജീവിതമറിയാത്ത ഒരുവൾ സഹായം ചോദിക്കുന്നത് കേട്ടപ്പോൾ നബീസുവും ഒന്ന് അമ്പരന്നു. അകാരണമായ ഒരു ചോദ്യത്തിന്റെ ഉത്തരമറിയാൻ ആഷിതയും മുബീനയും കാത് കൂർപ്പിച്ചു നോക്കി നിൽക്കുകയാണ്. ഒന്നും മനസ്സിലാവാതെ അപ്പുവും. " അയ്യോ അതത്ര വലിയ സഹായമൊന്നുമല്ല. " എന്തായാലും പറഞ്ഞോളൂ മാഡം എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്ത് തരാം. " ഒരാഴ്ച്ച അപ്പുവി..ന്റെ കാര്യ..ങ്ങളോ..ന്ന് നോക്കാ..ൻ. " പറ്റില്ല മാഡം. ബീന പറഞ്ഞു തീരുന്നതിന് മുൻപേ നബീസുവിൽ നിന്ന് ദൃഢമായ ഒരുത്തരം പുറത്തേക്ക് വന്നു. അയാളുടെ പ്രതീക്ഷകളെ മുറിച്ചു കൊണ്ടുള്ള മറുപടി കേട്ട് രാജീവ് ഒന്ന് ഞെട്ടി അവളെ നോക്കി. ബീനയുടെ മുഖത്ത് നിരാശയുടെ കരിനിഴൽ പരക്കുന്നുണ്ടായിരുന്നു.. മുബീനയും ആഷിതയും അപ്പുവിനെ മാറി മാറി നോക്കുന്നുണ്ട്.

അവൻ ഒന്നും മിണ്ടാതെ നബീസുവിനെ തന്നെ നോക്കി നിൽക്കുകയാണ്. " ഞാനന്ന് കുറച്ചു ഹാർഷായിട്ടാണ് സംസാരിച്ചത്, അതപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ. അതൊന്നും മനസില് വെക്കരുത്, " അയ്യോ മാഡം അന്ന് പറഞ്ഞതോന്നും മനസില് വെച്ചിട്ടല്ല പറ്റില്ലെന്ന് പറഞ്ഞത്, സാറ് വരുന്നത് വരെ ഞാൻ അവിടെ നിന്നാൽ ഇവിടെ പിള്ളേര് രണ്ടും പേരും തനിച്ചായി പോകും. അതുകൊണ്ടാണ്. " രാവിലെ അവനെ സ്കൂളിൽ വിടുന്ന കാര്യം രാജീവ് ചെയ്തോളും, ക്ലാസ് കഴിഞ്ഞു വരുമ്പോ മാത്രം. പിന്നെ അവിടെ വന്നു നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വൈകീട്ട് ട്യൂഷന് പോയി വന്നു കഴിഞ്ഞാ അവനെ ഇവിടെ നിർത്തിക്കൊ, വൈകീട്ട് രാജീവ് വരുമ്പോ അവനെ ഇവിടുന്ന് പിക്ക് ചെയ്തോളും. അല്ലെ രാജീവ്. " ങാ. അതേ. ങേ.. അവർ രാജീവിനെ തിരിഞ്ഞു നോക്കി. ചോദ്യം മനസ്സിലാവാതെ അതെയെന്ന് ഉത്തരം കൊടുത്ത രാജീവ് പെട്ടെന്ന് അത് തിരുത്തി. " അത് മാഡം. ഇവിടെ ? " രാജീവ് ഓഫീസിൽ നിന്ന് വരുന്നത് വരെ ഇവനെ വിശ്വസിച്ചു ഏല്പിച്ചിട്ട് പോകാൻ വേറെയാരുമില്ല. ഒന്ന് സഹായിച്ചൂടെ പ്ലീസ്. ആർക്ക് വേണ്ടിയാണോ അന്ന് ബീന അവളെ അവിടെ നിന്ന് നോവിച്ചിറക്കി വിട്ടത് , ഇന്ന് അതേ അവന് വേണ്ടി തന്നെ അവളുടെ വീട്ടുപടിക്കൽ ബീന സഹായം ചോദിച്ചു വന്നിരിക്കുന്നു.

പരാജയപ്പെട്ടു പോയ ഒരു ഭീരുവിന്റെ അപേക്ഷ പോലെ ബീനയുടെ ശബ്ദം ദയനീയമായി പോകുകയാണ്. നബീസു രാജീവിനെ ഒന്ന് പാളി നോക്കി. അയാൾ സമ്മതിക്കു എന്നപോലെ അവർക്ക് നേരെ ഇരു കണ്ണുകളും മെല്ലെയടച്ചു. പ്രതിബന്ധങ്ങളില്ലാത്തോരു പൂക്കാലം തേടി വരാനിരിക്കുന്നതറിയാതെ, കൺ മുന്നിൽ നടക്കുന്ന വാദപ്രതിവാദങ്ങളുടെ കാരണമാറിയതെ അപ്പു എല്ലാവരെയും മാറി മാറി നോക്കി നിൽക്കുകയാണ്. " നിങ്ങളൊന്നും പറഞ്ഞില്ല ? " എവിടെയായാലും മാഡം സമാധാനത്തോടെ പോയിട്ട് വാ. " ഹോ. ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത്. നിറം മങ്ങിയ ബീനയുടെ മുഖം പെട്ടെന്ന് തെളിഞ്ഞു. അവർ ഒരു പുഞ്ചിരിയോടെ നബീസുവിനെ നോക്കി. രാജീവ് ആശ്വാസത്തോടെ ഒന്ന് നിശ്വാസിച്ചു. പെട്ടെന്ന് ബീനയുടെ മൊബൈൽ റിംഗ് ചെയ്തു. " ഹാ റാഫി പറയു. " ലിസ്റ്റ് പ്രീപെയറായിട്ടുണ്ട് മാം. " അതെയോ, ഐ വിൽ ബി ദെയർ. " ഓകെ മാം. " ദാ ഇത് വെച്ചോളൂ.. " അയ്യോ ഇതൊന്നും വേണ്ടാ മാഡം. റാഫിയുടെ കോൾ കട്ട് ചെയ്തതും ബീന ബാഗ് തുറന്ന് കുറച്ചു കാശെടുത്ത് നബീസുവിന് നീട്ടി. അവൾ അത് കണ്ട് അൽപ്പം പിന്നോട്ട് മാറി. " കയ്യിലിരിക്കട്ടെന്നെ, ഇത് ശമ്പളമായിട്ടൊന്നും കൂട്ടണ്ടാ, ഇതേന്റെയൊരു സന്തോഷത്തിനാ. "

ഹാ. വാങ്ങിച്ചോ പെങ്ങളെ, അവള് സന്തോഷം കൊണ്ട് തരുന്നതല്ലേ. ഹോ എന്നാലും നിന്നെ സമ്മതിച്ചു ബീനെ വാങ്ങിക്കു എന്നർത്ഥത്തിൽ രാജീവ് വീണ്ടും അവർക്ക് നേരെ കണ്ണടച്ചു കൊണ്ട് ബീനയുടെ തൊലി കട്ടിയെ പ്രാകി. നബീസു അമ്പരന്ന് നോക്കുകയാണ്. " വാങ്ങിച്ചോ ആന്റി. പെട്ടെന്ന് അപ്പു ബീനയുടെ കൈയിൽ നിന്ന് കാശ് പിടിച്ചു പറിച്ചു അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു. അന്നവർ അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ പണം, ഇന്ന് സ്വാർത്ഥ സ്നേഹത്തിന്റെ പേരിൽ പാരിതോഷികമായി വീണ്ടും അവൾക്ക് നേരെ വെച്ചു നീട്ടുകയാണ് ബീന. അവളുടെ മനസിലെ സ്നേഹത്തിന്റെ തുലാസിൽ ആ കടലാസ് കീറുകൾക്ക് അന്നും ഇന്നും ഒരേ മൂല്യമാണെന്ന് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. " എന്നു മുതലാണ് വരണ്ടെന്ന് ഞാൻ പറയാം. എന്നാ ഞാനീറങ്ങിക്കോട്ടെ, അത്യാവശ്യമായി ഒന്ന് ഓഫീസ് വരെ പോണം. " ശരി മാഡം. ബീന അവൾക്ക് മുന്നിൽ വിനയത്തിന്റെ മാലാഖയാവൻ ശ്രമിക്കുകയാണ്. കളങ്കമില്ലാത്ത ഒരു പുഞ്ചിരി നൽകി കൊണ്ട് നബീസു അവരെ യാത്രയാക്കി. " എന്നാ ഇറങ്ങാം. " നീയോഫീസിലേക്ക് അല്ലെ. എന്നാ പൊയ്ക്കോ, ഞാനിവന്റെ ട്യൂഷൻ ടീച്ചറെ ഒന്ന് കണ്ടിട്ട് വരാ. ഇവന്റെ തൂറാൻ മുട്ടിന്റെ കഥ ഒന്ന് ചോദിച്ചറിയണം.. "

അത് കഴിഞ്ഞില്ലേ രാജീവ് ഇനിയവനെ തല്ലണ്ടാ. " ഞാൻ ഇനി തല്ലാനും കൊല്ലാനും ഒന്നിനുമില്ല. എന്തായാലും ആ ടീച്ചറെ എനിക്കൊന്നു കാണണം. നബീസുവിന്റെ മൗന സമ്മതത്തിന് മീതെ മനസ്സ് കൊണ്ട് വിജയിയായി അവർ സ്വയം അവരോധിച്ചു കൊണ്ട് ഒരമ്മയുടെ ആകുലതകൾ അവർക്ക് മുന്നിൽ പ്രകടമാക്കാൻ ശ്രമിക്കുകയാണ്. സ്വന്തം ചോരയിൽ പിറന്ന മകനെ സ്നേഹിക്കാൻ പോലും ഉപാധികൾ കണ്ടെത്തുന്ന ഒരമ്മയുടെ പുറം മോടി, ഉറവ വറ്റാതെ, യാതൊരു നിബന്ധനകളില്ലാതെ സ്നേഹിക്കുന്ന പോറ്റമ്മയുടെ മനസ്സ് ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന അപ്പുവെന്ന നൂൽ രേഖയുള്ള ഒരു നാണയത്തിന്റെ ഇരു വശങ്ങളുമാണ് അവരിരുവരും. പെറ്റമ്മയും പോറ്റമ്മയും. " അതേ എനിക്ക് പോകാൻ ഒരു വണ്ടി വിളിച്ചു തരോ ? " ങാ എന്നാ ഞാൻ നമ്മള് വന്ന ഓട്ടോക്കാരനോട് വരാൻ പറയട്ടെ. " ഏയ് അത് വേണ്ടാ, വണ്ടി ഞാൻ തന്നെ വിളിച്ചോളാം. ങാ പിന്നെ ബുദ്ധിമുട്ടാവില്ലെങ്കിൽ ആരേലും വിളിച്ച് എന്റെ കാറോന്ന് ശരിയാക്കി വെച്ചേക്കാവോ രാജീവ്. " അതൊക്കെ ഞാൻ ചെയ്തോളാം, നീ ധൈര്യമായിട്ടു പോയിട്ട് വാ. "

അപ്പു മമ്മി പോകുവാണെ, ഇറങ്ങട്ടെട്ടോ. ബീന അപ്പുവിന്റെ മുടിയിൽ ഒന്ന് തലോടി കാഴ്ചക്കാരിൽ വീണ്ടും അനുകമ്പ നിറയ്ക്കുകയാണ്. നബീസുവിന് അഗാധമായൊരു ചിരി സമ്മാനിച്ചു ശേഷം അവർ മൊബൈലിൽ ആരെയോ വിളിച്ചു സംസാരിച്ചു കൊണ്ട് റോഡിലേക്കിറങ്ങി.. " ഇങ്ങനൊരു കാര്യം ഉണ്ടായിരുന്നെങ്കിൽ സാറിനെന്നോട് നേരത്തെയൊരു വാക്ക് പറയാമായിരുന്നു. ഇത്ര കിടന്ന് കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. " ഏയ്. ഒരാഴ്ചത്തേക്ക് കൊച്ചിനെ നോക്കാൻ നിങ്ങളെ വിളിക്കാമെന്ന് അവള് പറഞ്ഞപ്പോ മനസ്സിൽ തോന്നിയ ഒരു വാശിയാ, അവളെ ഇവിടെ കൊണ്ട് വന്ന് തന്നെ നിങ്ങളെ വിളിപ്പിക്കണമെന്ന്. അതെന്തായാലും നടന്നു. സത്യത്തിൽ പെട്ടെന്ന് ഇവനെയിവിടെ കണ്ടപ്പോ ഞാനും ഒന്ന് വിരണ്ടു പോയി. " സ്വന്തം ഭാര്യയോട് എന്തിനാ സാറേ ഇത്ര വാശി. ഒന്നിലേലും നിങ്ങടെ കുഞ്ഞിന്റെ അമ്മയല്ലേ അവര്. " ബന്ധങ്ങളുടെ വിലയെന്താണെന്നു മനസിലായാലെ അവള് നല്ലൊരു ഭാര്യയും അമ്മയുമാകു പെങ്ങളെ. അതിന് വേണ്ടിയാ പലതിനും ഞാനവളോട് വാശി കാണിക്കുന്നത്, അല്ലാതെ അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല. പക്ഷെ എത്ര ശ്രമിച്ചിട്ടും അഹങ്കാരം കൂടുന്നതല്ലാതെ ഒരു തരി കുറയുന്നില്ല. " ഉള്ള് തുറന്ന് സ്നേഹിച്ചാൽ മനസ്സ് മാറാത്ത ഒരു പെണ്ണും ഈ ഭൂമിയിൽ ഉണ്ടാവില്ല സാറേ. എന്നിട്ടും മാറിയില്ലെങ്കിൽ അവരൊരു സ്ത്രീയായിരിക്കില്ല.

എത്രയൊക്കെ സ്നേഹിച്ചിട്ടും പലതും നിഷേധിക്കപ്പെടേം നഷ്ടപ്പെടേം ചെയ്യുമ്പോഴുണ്ടാകുന്ന വേദന അത് അനുഭവിച്ചവർക്ക് മാത്രേ അറിയൂ. ആകെയുള്ളൊരു കുഞ്ഞു ജീവിതം അതിങ്ങനെ കലഹിച്ചും പരസ്പരം പഴിപറഞ്ഞു തീർക്കാതെ ഈ കൊച്ചിന് വേണ്ടിയെങ്കിലും സ്വരുമയായി പോയിക്കൂടെ സാറേ. ഞാൻ ഉപദേശിച്ചതല്ലാട്ടോ, അനുഭവം കൊണ്ട് പറഞ്ഞൂന്നെയുള്ളൂ. " എനിക്ക് മനസിലാവും. നിങ്ങളെ കാണുമ്പോ എനിക്കെന്റെ ഇളയ പെങ്ങളെ ഓർമ്മവരും. കുറെ വർഷങ്ങൾ കൂടി അവരെ ഞാൻ വിളിച്ചത് പോലും ആദ്യമായി ഇവിടെ വന്ന് നിങ്ങളെ കണ്ട് സംസാരിച്ചതിന് ശേഷമാ. പ്രായം കൊണ്ട് നമ്മള് ചിലപ്പോ ഒരേ തരക്കാരയിരിക്കാം, എന്നാലും മനസിൽ നിങ്ങൾക്കെന്റെ മൂത്ത പെങ്ങളുടെ സ്ഥാനാ.. ഇടതൂർന്ന പെയ്യുന്ന രണ്ട് മഴ മേഘങ്ങൾ ഇരുവരുടെയും മിഴി പീലികളെ പെയ്ത് നനയിക്കുന്നുണ്ടായിരുന്നു.. ഒരാത്മബന്ധത്തിന്റെ ചങ്ങല കണ്ണികൾ വെറുമൊരു പത്ത് വയസ്സ്കാരനിലൂടെ അവർ ഇരുവരും ദൃഢമാക്കുകയാണ്. ജീവിതമെന്തെന്നറിയാൻ ആ ജീവിതം ജീവിച്ചു തന്നെ തീർക്കേണ്ടിയിരിക്കുന്നു. ഒരു തിരിച്ചറിവ് ബീനയ്ക്ക് കൂടി ഉണ്ടാവുമെന്ന് അയാളെ പോലെ തന്നെ നബീസുവും വിശ്വസിക്കുന്നുണ്ട്.. " അതേ നമുക്കൊന്ന് കറങ്ങാൻ പോയാലോ, " എവിടെയാ അച്ഛാ നമ്മള് പോണേ. " അതോ. ഇവിടെ ഒബ്‌റോണെന്ന് പറഞ്ഞൊരു വലിയ മാള് വന്നിട്ടുണ്ട്. അവിടെ നമുക്ക് സിനിമ കാണാം, നിങ്ങക്ക് കളിക്കാം, പോകാം. "

ങാ.. അപ്പു സന്തോഷത്തോടെ ചാടിയെഴുന്നേറ്റു കൊണ്ട് തുള്ളി ചാടി. " എന്നാ വേഗം പോയി രണ്ട് പേരും ഡ്രസ് മാറിയിട്ട് വാ. " അയ്യോ, ഇവരെ കൊണ്ടോണോ ? " അതെന്താ അവരെ കൊണ്ട് പോയാ. ഇവനെ പോലെ തന്നെയാ എനിക്ക് അവരും ചെല്ല് വേഗം ഡ്രസ് മാറിയിട്ട് വാ. " പോയ്ക്കോട്ടെ ഉമ്മി. രാജീവ് ആഷിതയെയും മുബീനയെയും നോക്കി. അവർ സംശയത്തോടെ നബീസുവിന്റെ മുഖത്തെക്കും. അവൾ അവരെ നോക്കി പുഞ്ചിരുച്ചു. ഇരുവരും സന്തോഷത്തോടെ അകത്തേക്ക് ഓടി. ബാത്ത്റൂമിൽ കയറി കുളിച്ചെന്ന് വരുത്തി ഇരുവരും വേഗം ഡ്രസ് മാറി വന്നു. " പോട്ടെ ഉമ്മാ.. " ഇതെന്താ നിങ്ങക്ക് വേറെ ഡ്രസ്സോന്നുമില്ലെ ?. " നല്ലതൊക്കെ അലക്കിയിട്ടേക്കുവാ. അതാ. നരച്ചു തുടങ്ങിയ ഒരു ചുരിദാറും, നിറം മങ്ങിയാ ഒരു ഒരു സ്കിർട്ടും ടോപ്പുമിട്ടു ഇരുവരെയും കണ്ടപ്പോൾ രാജീവിന് ഒരു വല്ലായ്മ തോന്നി. ഇരുവരും നിരാശയോടെ നബീസുവിനെ നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. " ങാ. നമ്മള് കാറിലല്ലേ പോണത്, അപ്പൊ കുഴപ്പമില്ല. വാ. " എന്നെയെവിടെയാ അച്ഛാ ട്യൂഷന് വിടണെ. " ഓ ഇനി അങ്ങിനൊരു കുരിശ് ഉണ്ടല്ലോ. ങാ അതൊക്കെ നമുക്ക് വഴിയേ ആലോചിക്കാം. അവന്റെ സംശയങ്ങൾ പിന്നെയും ഉയരുകയാണ്. രാജീവ് അവന്റെ കൈയും പിടിച്ചു ഇറങ്ങി നടന്നു.

ഒപ്പം അവരിരുവരും. റോഡരികിൽ നിന്ന് അയാളൊരു ഓട്ടോ പിടിച്ചു നേരെ ഫ്ലാറ്റിലേക്ക് പോയി. " അല്ല ഇതെല്ലാവരും കൂടിയിതെങ്ങോട്ടാ.? " ഞങ്ങളൊന്നു കറങ്ങാൻ പോകുന്നു. ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് ഓട്ടോ അകത്തേക്ക് കയറിയ ഓട്ടോയിൽ നിന്നിറങ്ങിയ രാജീവിനേയും പിള്ളേരെയും കണ്ട് മാധവൻ അടുത്തേയ്ക്ക് വന്നു. " ആഹാ. അത് കൊള്ളാല്ലോ, എന്നിട്ട് പോയ കാര്യങ്ങൾ ചളകുളമായോ സാറേ ? " എല്ലാം നല്ല വെടിപ്പായി നടന്നു. അതു കൊണ്ടാണല്ലേ ഇവരെ എന്റെ കൂടെ വിട്ടത്. " ആഹാ. എന്നാ കഥ പറയ് കേൾക്കട്ടെ. " അതൊക്കെ പോയി വന്നിട്ട് പറയാം. ഇപ്പോ ഞങ്ങൾക്ക് തീരെ സമയമില്ല. ഓക്കേ മിഷ്ട്ടർ മാധവൻ. " ഓഹോ. അപ്പൊ നമ്മള് പുറത്തായി. ല്ലേ.. രാജീവ് അയാളുടെ വയറ്റിൽ ചൂണ്ടു വിരൽ കൊണ്ട് തോണ്ടി കൊണ്ട് അരവിന്ദന്റെ കാർ പാർക്കിങ്ങിലേക്ക് നടന്നു. അയാൾ കാർ അവിടെ ഒളിപ്പിച്ചിരുന്നത് ബീന കണ്ടിട്ടുണ്ടായില്ല..

" അതേ. ഒരു ഉപകാരം കൂടി ചെയ്യണം. " എന്താണാവോ അടുത്ത കോടാലി. " ആരേലും വിളിച്ച് എന്റെ പൊണ്ടാട്ടിയുടെ കാറിന്റെ ടയറോന്ന് എയർഫില്ല് ചെയ്ത് വെക്കണം. " അല്ല അറിയാഞ്ഞിട്ടു ചോദിച്ചിക്കുവാ. സത്യത്തിൽ നിങ്ങക്ക് തലയ്ക്ക് വല്ല സൂക്കേടുമുണ്ടോ സാറേ. " കേരളം ഒരു ഭ്രാന്താലയമാണെന്നാ സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത്, അങ്ങിനെ നോക്കിയാ നമ്മളെല്ലാം ഒരുതരത്തിൽ ഭ്രാന്തന്മാരാടോ കിളവാ. " ഉവ്വുവ്വേ.. ങാ വിട്ടോ വിട്ടോ. " അപ്പോ ശരി.. ദേ പിന്നെ ആ പില്ലറിന്റെ പിന്നിൽ ഒരു കുപ്പിയിരുപ്പുണ്ട്. ഞാൻ വരുമ്പോ ചിലപ്പോ ലേറ്റാവും. വീട്ടിലേക്ക് പോകുമ്പോ അതുടെയെടുത്തോ. " വെരി ഗുഡ്.. " പോട്ടെ കിളവാ ബൈ ബൈ. രാജീവ് കാർ മുന്നോട്ടെടുത്തതും അപ്പുവും കൂട്ടരും പുറത്തേക്ക് തലയിട്ട് മാധവനെ കളിയാക്കി കൊണ്ട് കൈ വീശി. സ്നേഹർദ്രമായി പുഞ്ചിരിച്ചു കൊണ്ട് അയാളും അവർക്ക് നേരെയും കൈ വീശി.... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story