എന്റെ ഉമ്മാന്റെ പേര്: ഭാഗം 30

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നിൽ തലയുയർത്തി നിൽക്കുന്ന ഷോപ്പിംഗ് മാളിന്റെ കവാടവും കടന്ന് രാജീവിന്റെ കാർ താഴെയുള്ള പാർക്കിങ്ങിലേക്ക് ചെന്നു നിന്നു. ഒരു ചെറിയ പെട്ടികൂടിന് അരികിലെ ഹംബിന് വലത് വശത്ത് നിന്ന് ഒരു ക്രോസ്സ് ബാർ കാറിന് മുന്നിലെ തടസം സൃഷ്ടിച്ചു കൊണ്ട് താഴേയ്ക്കിറങ്ങി. കൂടിനകത്തിരുന്ന സെക്യൂരിറ്റി രാജീവിനോട് കാറിന്റെ നമ്പർ ചോദിച്ചു. കേട്ടറിഞ്ഞ വിവരങ്ങൾ അയാൾ മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ ശേഷം ചെറിയ തുണ്ട് കടലാസ് കഷ്ണം അയാൾക്ക് നീട്ടി. " ഇതെന്താ അങ്കിളെ ? " ഇതാണ്, നമ്മടെ കാർ പാർക്ക് ചെയ്യാനുളള പാസ്. പുറം കാഴ്ച്ചയുടെ ആദ്യാനുഭവങ്ങൾ അവരുടെ കണ്ണുകളിൽ കൗതുകം നിറയ്ക്കുന്നുണ്ടായിരുന്നു.. മഞ്ഞയും വെള്ളയും കൊണ്ട് നിലത്ത് അതിര് വരച്ച കുറെ കള്ളികളിലൊന്നിലേക്ക് സെക്യൂരിറ്റി വിരൽ ചൂണ്ടി. അരണ്ട് മഞ്ഞച്ച നേർത്ത പ്രകാശത്തിൽ വിവിധങ്ങളായ കുറെ കാറുകൾ അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റി ചൂണ്ടി കാണിച്ച ചതുരത്തിനുള്ളിൽ രാജീവ് കാർ കയറ്റി നിർത്തി ഹാൻഡ് ബ്രേക്ക് ചെയ്ത ശേഷം പുറത്തേക്കിറങ്ങി.

" ഹോ എന്തോരം കാറുകളാ നോക്കിയേ അപ്പു. ആഷിതയും കൂട്ടരും അയാൾക്ക് പിന്നാലെയിറങ്ങി ചുറ്റും കണ്ണോടിച്ചു. അയാൾ കാറിന്റെ ലോക്ക് ബട്ടണിൽ ഒന്നമർത്തി. ഇക്കിളെടുക്കുന്ന ശബ്ദത്തിൽ കാറിന്റെ നാല് വശങ്ങളിലും ഓറഞ്ച് നിറങ്ങൾ തെളിഞ്ഞു കെട്ടു. രാജീവ് അവരുമായി നടന്ന് ലിഫ്റ്റിൽ കയറി. " അയ്യോന്റുമ്മാ. " എന്തിനാ പേടിക്കണേ ? ലിഫ്റ്റ് ഒരു ചെറിയ കുലുക്കത്തോടെ മുകളിലേക്ക് ഉയർന്നതും ആഷിത പേടിയോടെ രാജീവിന്റെ കൈയിൽ മുറുക്കെ പിടിച്ചു. അയാൾ അവളെ തനിക്കരികിലേക്ക് ചേർത്ത് നിർത്തി. അപ്പു അവളെ കളിയാക്കിയ പോലെ വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു. " ഹയ്യോ. ദേ നോക്കിയെടി.. ഒന്നാം നിലയിൽ ലിഫ്റ്റിറങ്ങിയ അവരെ ശീതീകരിച്ച ചില്ല് കൂടാരങ്ങൾ അത്ഭുതപ്പെടുത്തുകയാണ്.. കോളനിയുടെ പൊടി ചൂടിൽ ഉരുകി നീറി ജീവിച്ച ആഷിതയ്ക്കും മുബീനയ്ക്കും വല്ലാതെ കുളിരുന്നത് പോലെ തോന്നി. സായാഹ്നത്തിന്റെ വിരസതയാകറ്റാൻ ഇരു കൈവഴികൾ ഒഴുകും പോലെ മാളിന്റെ അകത്തളങ്ങളിൽ ആളുകൾ അങ്ങോട്ടു മിങ്ങോട്ടും നടന്ന് തീർക്കുകയാണ്.

" അതെന്താ അങ്കിളെ ? " അതാണ് exalter. മുകളിലേക്ക് ഉയരുന്ന യന്ത്ര പടികളിലേക്ക് മുബീന സൂക്ഷിച്ചു നോക്കി. ചിലരതിൽ കയറി മുകളിലേക്ക് ഒഴുകി നീങ്ങുന്നത് അവൾ കൗതുകത്തോടെ നോക്കി നിൽക്കുകയാണ്. ഏതോ ഒരു വിശേഷ ദിവസത്തിന് വേണ്ടിയുള്ള ഷോപ്പിംഗിന് രാജീവിനും ബീനയ്ക്കും ഒപ്പം മുൻപൊരിക്കൽ അപ്പുവിടെ വന്നിട്ടുണ്ടായിരുന്നു. പക്ഷെ അന്നൊരിക്കലും അവനറിഞ്ഞിട്ടില്ലാത്ത സന്തോഷം ഇവരോടൊപ്പം ഇന്നവൻ തൊട്ടറിയുന്നുണ്ട്. കഴുത്ത് പിന്നിലേക്ക് വളഞ്ഞു തീർന്ന് പോകുന്നത് വരെ അവൻ താഴെ നിന്ന് മുകളിലേക്ക് കണ്ണെറിഞ്ഞു എല്ലാം നോക്കി നിൽക്കുകയാണ്. " വാ. " അള്ളോ ഞാനില്ലാ. എനിക്ക് പേടിയാ അങ്കിളെ. " ഇതില് പേടിക്കാനൊന്നുമില്ല. ദേ ഇതിങ്ങനെ പൊങ്ങി വരുമ്പോ ഒരു കാലെടുത്ത് വെക്കണം. രണ്ട് പേരും എന്റെ കൈയിൽ പിടിച്ചോ. exalter റിന്റെ പടികളിലേക്ക് കയറാൻ തുടങ്ങിയതും ആഷിതയും മുബീനയും പേടിയോടെ പിന്നോട്ട് മാറി. അയാൾ അപ്പുവിനെ തോളിൽ എടുത്ത ശേഷം ഇരുവരുടെയും കൈയിൽ പിടിച്ചു. " റെഡി, വൺ, ടൂ കേറിക്കോ.. "

ഉമ്മോ.. ഇരുമ്പ് പടികൾ മുകളിലേക്ക് ഉയർന്ന് തുടങ്ങിയതും അതിലേക്ക് അയാൾ അവരുമായി ഒന്നിച്ചു കാല് വെച്ചു. ഒഴുകി നീങ്ങുന്ന കൈ വരികളിൽ പിടിച്ച ആഷിത ഒന്ന് മുന്നോട്ട് തെന്നി, അയാൾ അവളെ വട്ടം പിടിച്ചു ചേർത്ത് നിർത്തി. അപ്പു അയാളുടെ കഴുത്തിൽ മുറുകെ പിടിച്ചു അവളെ നോക്കി പിന്നെയും കളിയാക്കി ചിരിച്ചു. " അയ്യോ അങ്കിളെ എനിക്ക് എന്തോ പോലെയാവുന്നു.. ഉമ്മോ.. exalter മുകളിലേക്ക് ഉയർന്ന് തുടങ്ങിയതും മുബീനയുടെ അടി വയറ്റിൽ നിന്നൊരു അന്താൽ ഹൃദയത്തുടിപ്പുകളെ മറികടന്ന് തലച്ചോറിലേക്ക് ഇരച്ചു കയറി. അവൾ ഒരു വിറയലോടെ അയാളെ മുറുകെ പിടിച്ചു. " അയ്യേ ഈ കോരങ്ങൻ താത്തൂന്ന് പേടിയാ ല്ലേ അച്ഛാ.. " ഞാ ഞാ.. നീ പോടാ കോരങ്ങാ.. " ദേ കാല് പൊക്കിക്കോ.. പടികൾ മുകളിലെ നിലയെ തൊട്ടതും മുബീന പെട്ടെന്ന് ചാടിയിറങ്ങി. ആഷിത രാജീവിനെ വട്ടം പിടിച്ചു കൊണ്ട് പേടിച്ചു പേടിച്ചു മുന്നോട്ട് കാൽ നീട്ടി. " സൂക്ഷിച്ച്.. ഇരുമ്പ് പടികൾ നീങ്ങിയതും അവൾ മുന്നോട്ട് ഒന്ന് വേച്ചു വീഴാൻ തുടങ്ങി.. രാജീവ് അവളുടെ കൈ തണ്ടയിൽ മുറുകെ പിടിച്ചു നിർത്തിയെങ്കിലും അകാരണമായൊരു പേടി അവളുടെ മുഖത്തുണ്ടായിരുന്നു. " ഇവിടെ രാത്രി എത്രമണിവരെയുണ്ടാവും അങ്കിളെ ? " ഒരു പന്ത്രണ്ട് മണി വരെ കാണും.

" അപ്പോ അതുവരെ ഇവിടെ ആളുകളൊക്കെ വരോ ? " പിന്നെ. ദേ ഇതിന്റെ മോളില് രണ്ട് മൂന്ന് സിനിമ തീയറ്ററുണ്ട്, ആളുകള് ജോലിയൊക്കെ കഴിഞ്ഞു രാത്രിയിലെ ഷോ കാണാനാ കൂടുതലും വരുന്നത്, അത് വരെ ഇവിടത്തെ കടകളും കാണും.. " വേറെന്നൂല്ലേ അച്ഛാ . " പിന്നെ ഫുഡ് കോർട്ടുണ്ട്, കുട്ടികളുടെ കളിസ്ഥലമുണ്ട്. അവരുടെ കണ്ണുകളിൽ കൗതുകത്തെക്കാളേറെ അദ്ഭുതം വിടരുകയാണ്. അയാൾ അവരുമായി അവിടെയുള്ള ട്രേൻഡിംങ്ങ് ഡ്രസ് ഷോപ്പിലേക്ക് കയറി. കാലത്തിന്റെ മാറ്റത്തിനനുസരിച്ചു വിപണിയിൽ ഇറങ്ങിയ വർണ്ണ വൈവിധ്യങ്ങളായ തുണിതരങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് സുന്ദരികളും സുന്ദരന്മാരുമായ മാനിക്യൂനുകൾ നിരനിരയായി ചില്ല് വാതിലിന് മുന്നിൽ അവരെ വരവേൽക്കാൻ നിൽക്കുന്നുണ്ടായിരുന്നു. സ്വാഗതം ആശംസിച്ചു അവരെ അകത്തേക്ക് ആനയിക്കാൻ അവർക്ക് അവില്ലെങ്കിലും ഫൈബറിൽ തീർത്ത അവരുടെ ചുണ്ടുകളിൽ നിറഞ്ഞ പുഞ്ചിരികളുണ്ടായിരുന്നു.. അപ്പു അവരെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്. ചില്ല് വാതിൽ തുറന്ന് അകത്തേക്ക് കയറിയതും സെൻട്രലൈസെഡ് എസിയുടെ ടർബൈൻ കറങ്ങി അവരെ വല്ലാതെ തണുപ്പിച്ചു. അപ്പു കണ്ണുയർത്തി മുകളിലേക്ക് നോക്കി.

കാറ്റ് അവന്റെ മുടിയിഴകളെ ഇളക്കിയുലച്ചുകൊണ്ട് തലയിലേക്ക് നേർത്ത തണുപ്പ് അരിച്ചിറക്കി. അവൻ ആകെയൊന്ന് കുളിർന്നു വിറച്ചു. ആഷിതയും മുബീനയും ചുറ്റും ആകാംഷയോടെ നോക്കുകയാണ്. " വന്നേ.. എന്താ ഇഷ്ടമുള്ളെന്ന് വെച്ചാ നോക്കിയെടുത്തോ " അയ്യോ ഇതൊന്നും വേണ്ടങ്കിളെ, ഉമ്മി ചെലപ്പോ വഴക്ക് പറയും. അയാൾ കുട്ടികളുടെ വസ്ത്രങ്ങൾ തൂക്കിയ വശത്തേക്ക് നടന്നു. ആഷിതയും മുബീനയും അമ്പരന്ന് അയാളെ നോക്കി. " ഉമ്മി ഒരു വഴക്കും പറയില്ല. ഇങ്ങ് വാ. ദേ ഇത് ഇഷ്ട്ടായോ ? " ഉം. അയാൾ സ്റ്റാൻഡിൽ തൂക്കിയ നീലയിൽ വെളുത്ത പൂക്കൾ പ്രിന്റ് ചെയ്ത ഭംഗിയുള്ള ഒരു ചുരിദാർ എടുത്ത് ആഷിതയുടെ ദേഹത്ത് വെച്ചു നോക്കി. " നിനക്കോ പെണ്ണേ ? മറ്റൊരു റാക്കിൽ നിന്ന് മജന്തയിൽ നെറ്റിന്റെ കൈകളുള്ള ഫ്രില്ല് വെച്ച മറ്റൊരു ചുരിദാർ എടുത്ത് മുബീനയ്ക്ക് നീട്ടി. ഇരുവരും പരസ്പ്പരം നോക്കി അമ്പരന്ന് നിൽക്കുകയാണ്. ഈ കാലത്തിനിടയിൽ വലിയപെരുന്നാളിനുമാത്രം, ഇൻസ്റ്റാൾമെന്റ്കാരൻ കാദറിനോട് നബീസു വാങ്ങി നൽകാറുള്ള വിലകുറഞ്ഞ വസ്ത്രങ്ങൾ മാത്രമേ അവർ കണ്ടിട്ടുള്ളു. സ്വന്തം കുടുംബക്കാരു പോലും പാടെ ഉപേക്ഷിച്ച അവരുടെ ജീവിതത്തിലാദ്യമായാണ് സ്വന്തമല്ലാത്ത മറ്റൊരാൾ അവർക്ക് പുതിയ കുപ്പായങ്ങൾ വെച്ചു നീട്ടുന്നത്..

രക്ത ബന്ധത്തിന്റെ വേര് ചികഞ്ഞു പോയാൽ അയാൾ അവർക്ക് ആരുമല്ല. പക്ഷെ ഹൃദയത്തിന്റെ ഖനിയിലെ ഉള്ളാഴങ്ങൾ തിരഞ്ഞിറങ്ങിയാൽ അപ്പുവെന്ന ഏറ്റവും വിലപ്പെട്ട രത്‌നം അതിനുള്ളിൽ തിളങ്ങുന്നുണ്ടാവും. ഒരാളെ സ്നേഹിക്കാനും മനസിലാക്കാനും എന്തിനാണ് ഒരു ബന്ധത്തിന്റെ പേരിലുള്ള കൂട്ടികെട്ടലുകൾ. റാക്കുകളിൽ നിന്ന് റാക്കുകളിലേക്ക് അയാൾ അവരെയും കൊണ്ട് അലഞ്ഞു നടന്ന് അവർക്ക് ഇഷ്ട്ടപ്പെട്ടത് മുഴുവൻ വാങ്ങി കൂട്ടി. " അപ്പൂന് എടുക്കുന്നില്ലേ അങ്കിളെ ? " വീട്ടില് ഒരു അലമാര നിറയെ അപ്പൂന്റെ ഡ്രെസ്സുകൾ മാത്രാ. പത്ത് വയസുള്ള മറ്റേത് കുട്ടികളുടേത് പോലെ വസ്ത്രങ്ങളോടുള്ള ആഗ്രഹമോ, കളിക്കോപ്പുകളോടുള്ള ഭ്രമമോ , വാശിയോ ഒന്നും അവനുണ്ടായിരുന്നില്ല.. ആഗ്രഹിച്ചത് അത്രെയും അച്ഛനമ്മമാരിൽ നിന്നുള്ള ഒരു നുറുങ്ങ് കരുതലും സ്നേഹവും മാത്രമായിരുന്നിട്ടു കൂടി അത് സഫലമാക്കാൻ ഒരു വീട്ടുവേലക്കാരിയുടെ നിഴലിന്റെ തണല് വേണ്ടി വന്നു. ആഷിതയുടെയും മുബീനയുടെയും തോളുകളിൽ തെരഞ്ഞെടുത്ത വസ്ത്രങ്ങൾ തൂങ്ങി നിറഞ്ഞു. ശേഷം അയാൾ അവർക്ക് പാകമായ രണ്ട് ചെരുപ്പുകൾ കൂടി വാങ്ങി കാലിൽ അണിയിച്ചു അതിന്റെ അളവ് നോക്കി. " നിങ്ങൾക്ക് വിശക്കുന്നുണ്ടോ ?

" ങാ.. കൗണ്ടറിൽ കാശ് കൊടുത്ത് കവറുകളുമായി ഇറങ്ങിയതും അപ്പു പെട്ടെന്ന് അയാളുടെ കൈയിൽ തൂങ്ങി. അയാൾ അവരെയും കൊണ്ട് തീയേറ്ററിന് അടുത്തുള്ള ഫുഡ് കോർട്ടിലേക്ക് പോയി. " എന്താ കഴിക്കാൻ വേണ്ടത് ഒരു കസേരയിൽ കവറുകൾ വെച്ച ശേഷം അയാൾ ഫുഡ് കൗണ്ടറിലേക്ക് നടന്നു. ഒരു ഭക്ഷണശാലയിൽ പോവുക, അവിടെയുള്ള ലിസ്റ്റുകൾ നോക്കി ഇഷ്ട്ടമുള്ളത് ആവശ്യപ്പെടുക ഇതൊക്കെ അവർക്ക് പുതിയ അനുഭവങ്ങളാണ്. മുബീനയും ആഷിതയും പരസ്പരം നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. . " ദേ താത്തൂ നോക്കിയേ. ഉരുണ്ട ചില്ല് കൂടിനകത്തെ ചെറിയ ചൂടിൽ വിദേശ രുചി കൂട്ടുകൾ പലതും നിരന്നിരിക്കുന്നുണ്ടായിരുന്നു. അപ്പു അതിനുള്ളിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് അവരെ വിളിച്ചു അത് കാണിക്കുകയാണ്. അപരിചിതമായ വിഭവങ്ങളുടെ ഭംഗി കണ്ട് അവരുടെ നാവിൽ വെള്ളമൂറി തുടങ്ങിയിരുന്നു. മെനു കാർഡ് നോക്കിയ ശേഷം അയാൾ നാല് സാൻവിച്ച്, ഒരു വലിയ ബോട്ടിൽ കൊക്കോകോളയും ഓർഡർ ചെയ്തു " ഇതെന്താ അങ്കിളെ ? " ഇതാണ് സാൻവിച്ച്. ഇത് കഴിച്ചിട്ടുണ്ടോ ? "

മ്മ് ച്ചും. " ദേ ആ കുപ്പിയെടുത്തോ കൗണ്ടറിൽ നിന്നയാൾ ഒരു പ്ലേറ്റിൽ നാല് സാൻവിച്ചും, ചെറിയ പാക്കറ്റിലെ ടൊമാറ്റോ കെച്ചപ്പും, ഒരു വലിയ കുപ്പി കോളയും നീട്ടി. ആഷിത സംശയത്തോടെ അയാളെ നോക്കി കൊണ്ട് കുപ്പിയെടുത്തു പിടിച്ചു നടന്നു. " ദേ ഈ പാക്കറ്റ് പൊട്ടിച്ചു ഇങ്ങനെ ഇതിലേക്ക് ഒഴിക്കണം, എന്നിട്ട് കഴിച്ചു നോക്കിയേ. രാജീവ് സോസ്സ് പൊട്ടിച്ചു സാൻവിച്ചിലേക്ക് പേസ്റ്റ് ചെയ്തുകൊണ്ട് അപ്പുവിന് നീട്ടി. മുബീന ധൃതിയിൽ പാക്കറ്റ് എടുത്ത് അരിക് കടിച്ചു കീറി അയാൾ കാണിച്ചു കൊടുത്തത് പോലെ സാൻവിച്ചിലേക്ക് പുരട്ടിയ ശേഷം വായിൽ വെച്ചു കടിച്ചു. ബ്രെഡിന്റെ രണ്ട് അതിർവരമ്പുകളും ഭേദിച്ചു സോസ്സും, ചീസും വായിലേക്ക് പടർന്നു. മുകളിൽ പുരട്ടിയ സോസിന്റെ മധുരവും പുളിയും നടുവിലെ കട്ട്ലേറ്റിന്റെ നേർത്ത് ചൂടുള്ള എരിവും , കുക്കുമ്പറും സവാളയും തക്കാളിയിലും കുഴഞ്ഞ ചീസിന്റെ ഉപ്പും ഒന്നിച്ചു ചേർന്ന് നാവിലേക്ക് അലിഞ്ഞിറങ്ങിയതും രണ്ട് പേരുടെയും മുഖം വിടർന്നു. " ഇഷ്ട്ടയോ ? " ഉം. പുതിയ രുചികൾ ഇഷ്ട്ടപ്പെട്ടതോടെ ഇരുവരും സാൻവിച്ചിൽ സോസ്സ് ചേർത്ത് ആർത്തിയോടെ കഴിക്കുകയാണ്.

" ദാ ഇത് കൊണ്ട് തുടയ്ക്ക്. അപ്പുവിന്റെ ചിറികളിൽ ചീസും സോസ്സും പടർന്ന് പിടിച്ചത് ആഷിത കൈ കൊണ്ട് തുടയ്ക്കുന്നത് കണ്ടപ്പോൾ അയാൾ അവൾക്ക് ടിഷ്യൂ പേപ്പർ എടുത്ത് നീട്ടി. അവളത് വാങ്ങി അവന്റെ ചുണ്ടും കവിളും വീണ്ടുമൊന്നു തുടച്ചു. " അച്ഛാ എനിക്ക് ഐസ് ക്രീം വാങ്ങി തരോ ?. " ആഹാ. ഐസ് ക്രീമൊക്കെ സിനിമ കഴിഞ്ഞു പോകുമ്പോ കഴിക്കാം. " ഏത് സിനിമയാ അങ്കിളെ ? " അവതാർ. " മോഹൻലാലിന്റെയാണോ അങ്കിളെ ? " ഇത് മോഹന്ലാലിന്റേം മമ്മൂട്ടിടേം സിനിമായൊന്നുമല്ല മുബീ, ഇതൊരു ഇംഗ്ലീഷ് സിനിമയാ " അയ്യോ അപ്പോ അവര് പറയണത് എങ്ങിനെയാ നമ്മക്ക് മൻസിലാവാ ? " അതൊക്കെ സിനിമ കണ്ട് കഴിയുമ്പോ നിനക്ക് താനേ മനസിലായിക്കോളും. മുബീനയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് രാജീവിന് ചിരി വന്നു. " പോവം. അയാൾ വാച്ചിലേക്ക് നോക്കി കൊണ്ട് പതിയെ എഴുനേറ്റു. ആഷിത പുതിയൊരു ടിഷ്യൂ പേപ്പറെടുത്ത് അപ്പുവിന്റെ മുഖം തുടച്ച് കൊണ്ട് കോളയെടുത്ത് കുടിച്ചു. ശേഷം അവർ കവറുമെടുത്ത് അയാൾക്കൊപ്പം നടന്നു. " അച്ഛാ " നമുക്ക് അതില് കേറാം. " അതൊക്കെ നമുക്ക് അടുത്ത തവണ വരുമ്പോ കേറാം. പോരെ. " ങാ.. കുട്ടികളുടെ കളി സ്ഥലം പോലൊരിടം കണ്ടപ്പോൾ അപ്പു രാജീവിന്റെ കൈയിൽ പിടിച്ചു വലിച്ചു.

അയാളത് നോക്കി അപ്പുവിനെ തലോടി കൊണ്ട് അവനുമായി തീയറ്റർ ലക്ഷ്യമാക്കി നടന്നു. " എട്ടരയ്ക്ക് അല്ലെ അടുത്ത ഷോ ? " ഏത് പടമാണ് ? " അവതാർ " അത് എട്ട് മണിക്കാണ്. രാജീവ് അവരുമായി ടിക്കറ്റ് കൗണ്ടറിലേക്ക് ചെന്നു. ഫ്ലോറിലെ അഞ്ച് തീയറ്ററിലേക്കുമുള്ള കാവടങ്ങൾക്ക് മുന്നിലും പകലിന്റെ ആകുലതകൾക്ക് മീതെ ഒരാശ്വാസം തേടിയെത്തിയവരുടെ തിരക്കുകളായിരുന്നു. " ഒക്കെ. നാല് ടിക്കറ്റ് , മിഡിൽ റോയിൽ സീറ്റുണ്ടാവില്ലേ. " ദേ ഇവിടെ മതിയോ ? " ഓക്കെ. ടിക്കറ്റ് കൊടുക്കുന്നയാൾ സീറ്റിoഗ് പൊസിഷന്റെ മാതൃക കാണിച്ച ശേഷം ടിക്കറ്റുകൾക്കൊപ്പം നാല് ത്രീഡി കണ്ണടകൾ കൂടി നീട്ടി.. " ഇതെന്തിനാ അങ്കിളെ ? " ഈ കണ്ണട വെച്ചാലെ ആ സിനിമ ശരിക്ക് കാണാൻ പറ്റു. വാ അയാൾ വീണ്ടും വാച്ചിലേക്ക് നോക്കി. സമയം ഏഴ് അമ്പത്. അവരുമായി രാജീവ് ഒന്നാം നമ്പർ തിയറ്ററിലേക്ക് കയറി. അകത്ത് കാഴ്ചക്കാർ നിറഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു.. ടിക്കറ്റിലെ സീറ്റ് നമ്പർ നോക്കി അയാൾ അവരുമായി അതിലിരുന്നു. പരസ്യങ്ങളും വരാന്നിരിക്കുന്ന ചിത്രങ്ങളുടെ ട്രയിലറുകളും സ്ക്രീനിൽ തെളിഞ്ഞു തുടങ്ങി.. തീയറ്ററിനുള്ളിലെ സ്ക്രീനിന്റെ വെളിച്ചത്തിൽ ത്രീഡി കണ്ണടകൾ പലരുടെയും മുഖത്തിരുന്നു തിളങ്ങുന്നുണ്ടായിരുന്നു.

അടുത്തിരുന്ന രണ്ട് പേർ ചിത്രത്തെ കുറിച്ചും, അതിന്റെ സംവിധായകനെ കുറിച്ചും വാചാലരാവുന്നത് ആഷിതയും മുബീനയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ടൈറ്റിൽ കാർഡുകൾക്ക് ഒടുവിൽ ജയിംസ് കാമറൂൺ എന്ന പേര് എഴുതി കാണിച്ചതും ചിരപരിചിതനായ ഒരു സുഹൃത്തിന്റെ ആദ്യ ചിത്രം കാണാൻ കയറിയവരെ പോലെ കാണികളിൽ ചിലർ കൂവി വിളിച്ചു കയ്യടിച്ചു. മമ്മൂട്ടിയെയും മോഹൻലാലും ഷാറൂഖ്ഖാനേയും, അമീർഖാനേയും പേരറിയാത്ത മറ്റ് ചില നടന്മാരെയും മാത്രം ചുവർ പോസ്റ്ററുകളിൽ കണ്ട് ശീലിച്ച ആഷിതയ്ക്കും മുബീനയ്ക്കും ടെർമിനേറ്ററൂം ഏലിയനും ടൈറ്റാനിക്കുമൊരുക്കിയ വിശ്വ വിഖ്യാതനായ ചലച്ചിത്രകാരന്റെ പേര് തിരിച്ചറിയാനുള്ള ലോക പരിചയം തീരെയില്ലായിരുന്നു.. സ്ക്രീനിൽ സിനിമ തെളിഞ്ഞു തുടങ്ങിയും കാഴ്ചക്കാർ എല്ലാവരും ശാന്തരായി. അപ്പുവും ആഷിതയും മുബീനയും ആകാംഷയോടെ സ്ക്രീനിലേക്ക് നോക്കിയിരിക്കുകയാണ്. സാങ്കേതികയുടെ മികവിൽ കഥാപാത്രം അവരുടെ കൺ മുന്നിലേക്ക് ഇറങ്ങി വരുന്നത് പോലെ തോന്നിയപ്പോൾ അപ്പു അതിന് നേരെ കൈ നീട്ടി.. യന്ത്ര ജീവികൾ തനിക്ക് നേരെ നോക്കി സംസാരിക്കുകയാണ് കരുതി മുബീനയും അവരോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ചിത്രത്തിന്റെ കഥ ഗതി മാറി കാഥാപത്രങ്ങൾ നിബിഡ വനത്തിന്റെ വന്യതയിലേക്ക് ചേക്കേറുന്നു. നീലനിറത്തിൽ ഉയരം കൂടിയ നവിയെന്ന നായക കഥാപാത്രം കൺ മുന്നിലേക്കിറങ്ങി വന്നപ്പോൾ അമർചിത്ര കഥയിൽ പണ്ടെങ്ങോ കണ്ടു മറന്ന ശ്രീകൃഷ്ണനെ കുറിച്ചവർ ഓർക്കാതിരുന്നില്ല.. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതം തീയേറ്ററിന് അകത്തളങ്ങളിൽ അലയടിച്ചതും അവർ മൂന്ന് പേരും ഒന്നിച്ചു ഞെട്ടി തരിച്ചു. കാടുകളും , കഥാപാത്രങ്ങളും ഇന്നോളം കണ്ടിട്ടില്ലാത്ത ജീവി വർഗ്ഗങ്ങളെല്ലാം അവരുടെ കണ്ണുകളിൽ ഒരേ സമയം കൗതുകവും അത്ഭുതവും നിറയ്ക്കുകയാണ്.. കൺ മുന്നിൽ തെളിയുന്ന ഓരോ ദൃശ്യഭംഗികളും അവരെ തൊട്ട് കടന്ന് പോകുമ്പോൾ ആകാംഷയേറി അപ്പുവും മുബീനയും അവരെ തൊടാൻ കയ്യൊങ്ങുന്നുണ്ടായിരുന്നു.. ഉദ്യോഗജനകമായി മുന്നേറുന്ന സിനിമയ്ക്കൊപ്പം കൊഴിഞ്ഞു വീണ് തുടങ്ങിയ ആ രാത്രിയുടെ തിരശീലയിൽ അപ്പുവും ആഷിതയും മുബീനയും ഉള്ളറിഞ്ഞു ആർത്തുല്ലസിക്കുകയാണ്.

രാത്രി പത്ത് മണി കഴിഞ്ഞിട്ടും അവരെ കാണാതെ വന്നതോടെ നബീസുവിന്റെ മനസമാധാനം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന ഏതെങ്കിലുമൊരു വാഹനത്തിന്റെ ഹോണടി കേൾക്കുമ്പോൾ അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി നോക്കും. രാജീവിനും അപ്പുവിനുമൊപ്പമാണ് അവർ പോയതെങ്കിലും അവളുടെ മനസിലെ ആശങ്ക ശമിക്കുന്നുണ്ടായിരുന്നില്ല.. " നീയെന്താടി വാതുക്കല് ഒറ്റയ്ക്കിരിക്കണത് ? " പിള്ളേര് ഇത് വരെ വന്നില്ല സീതേച്ചി. അവരെ നോക്കിയിരുന്നതാ. രാത്രി പണികളൊക്കെ ഒതുക്കി വെച്ചു കൈയും മുഖവും കഴുകി അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അയൽക്കാരി സീത ഉമ്മറ കോലായിലെ പഴയ ഫൈബർ കസേരയിൽ തനിച്ചിരിക്കുന്ന നബീസുവിനെ ശ്രദ്ധിച്ചത്.. " ങാ ആ കൊച്ചിന്റെ കൂടെയല്ലേ പോയത് , അവര് വന്നോളും. നീയവിടെ തനിച്ചിരിക്കണ്ട, ഇങ്ങോട്ട് പോരെ. " ബാബുവെട്ടന് വെളുപ്പിനെ പണിക്ക് പോണ്ടതല്ലേ , സീതേച്ചി കിടന്നോ, വെറുതെ ഉറക്കം കളയണ്ട. " ഓ അങ്ങേരതിന് ഒമ്പത് മണിയായപ്പോഴേക്കും ചീഞ്ഞു. എന്റെ ഉറക്കത്തിന്റെ കാര്യമൊന്നും നീ നോക്കണ്ട. ഇങ്ങോട്ട് വാടി. സീത പിന്നാമ്പുറത്തെ വാതിൽ അടച്ചു കൂട്ടിയിട്ട ശേഷം അകമേ വാതിൽക്കലേക്ക് വന്നു. നബീസു മുൻ വാതിൽ ചാരിയിട്ട് കൊണ്ട് സീതയുടെ വേലിക്കെട്ടിലേക്ക് കയറി ഉമ്മറത്തെ തറയിലിരുന്നു.

പതിയെ പതിയെ അവർ സ്ത്രീകൾക്കിടയിലെ അന്താരാഷ്ട്രകാര്യങ്ങളുടെ കൊണ്ടുപിടിച്ച ചർച്ചയിലേക്ക് വഴി മാറി.. ഡൽഹിക്ക് പോകേണ്ടവരുടെ ലിസ്റ്റുകളും ബാക്കിയുള്ള കാര്യങ്ങളും തീരുമാനിച്ച ശേഷം ടാക്സി കാറിൽ ബീന ഫ്ലാറ്റിലേക്ക് എത്തുമ്പോൾ പത്തര മണി കഴിഞ്ഞിരുന്നു.. നീണ്ടു പോയ ചർച്ചകളും അഭിപ്രായങ്ങളും അവരെ വല്ലാതെ ക്ഷീണിതയാക്കിയിട്ടുണ്ടായിരുന്നു. ലിഫ്റ്റ് കയറി മുകളിലെത്തി പലതവണ ബെല്ലടിച്ചിട്ടും ആരും വാതിൽ തുറക്കുന്നുണ്ടായിരുന്നില്ല.. " ഓ നാശം. ഹാൻഡ് ബാഗിൽ താക്കോൽ തിരപ്പോഴാണ് വൈകീട്ട് വീട് പൂട്ടിയിറങ്ങിയത് രാജീവാണെന്ന കാര്യം അവരുടെ ഓർമ്മയിൽ തെളിഞ്ഞത്.. ബീന ബാഗിൽ നിന്ന് മൊബൈലെടുത്ത് രാജീവിനെ ഡയൽ ചെയ്തു. അയാളുടെ നമ്പർ പരിധി പുറത്താണെന്ന് സെർവറിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. " ഒന്ന് താന്ന് കൊടുത്തപ്പോ അച്ഛനും മോനും കൂടി അത് ശരിക്ക് മുതലെടുക്കുവാ. വരട്ടെ ഇങ്ങോട്ട്. ബീനയ്ക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.. അവർ ചുറ്റും നോക്കി. അയൽക്കാരുടെ ഫ്ലാറ്റുകളിൽ പലതും നിശ്ശബ്ദമാണ്. രാജീവും അപ്പുവും തിരിച്ചെത്തുന്നതുവരെ ഒന്ന് കയറിയിരിക്കാൻ തൊട്ടരികിൽ താമസിക്കുന്നവരുടെ ഊരോ, പേരോ, എന്തിനേറെ ഒരു കാഴ്ചപ്പുറത്തിന്റെ നിഴൽ വെട്ടം പോലും ബീനയ്ക്ക് ആരെ കുറിച്ചും അറിയില്ലായിരുന്നു.. തളർച്ചയുടെ ആലസ്യത്തിലേക്ക് ദേഷ്യം പിന്നെയും ഇരച്ചു കയറുകയാണ്.

ബാഗിലെ ചെറിയ കള്ളി തുറന്ന് പെയിൻ ബാം എടുത്ത് നെറ്റിയിൽ പുരട്ടി കൊണ്ട് അവർ പതിയെ നടന്ന് ലിഫ്റ്റിനരികിലെ പടികെട്ടുകളിൽ ഇരിപ്പുറപ്പിച്ചു.. " സിനിമ ഇഷ്ട്ടയോ ? " ങാ.. സിനിമയുടെ ആരവങ്ങളൊഴിഞ്ഞു രാജീവും കുട്ടികളും പുറത്തേക്കിറങ്ങി.. " ആ ബ്ലൂ നിറത്തിലുള്ളത് സൂപ്പർ ഹീറോയാണോ അച്ഛാ ? " ങാ ഏതാണ്ട് അത് പോലെയൊക്കെയുള്ള ഹീറോയാ. " ആ യന്ത്രമനുഷ്യര് എന്നെ പിടിക്കാൻ വന്നു താത്തൂ. അപ്പൊ ആ ബ്ലൂ ഹീറോ ഒരു ബേർഡിന്റെ പുറത്ത് കേറി അതിനെ ഒറ്റയിടി. " സിനിമേല് കണ്ടപോലെയൊക്കെ സ്ഥലങ്ങള് ഉണ്ടാവോ അങ്കിളെ ? " ഏയ് അതൊക്കെ സിനിമാക്കാരുടെ ടെക്‌നിക്കല്ലേ. അപ്പുവും മുബീനയും ആഷിതയും സിനിമയെ കുറിച്ചു വാചാലരാവുകയാണ്.. രാജീവ് അവരുമായി പാർക്കിങ്ങിലേക്ക് വന്നു കാർ പുറത്തേക്കെടുത്തു.. എക്സിറ്റ് കൗണ്ടറിൽ എന്ററി പാസ്സിന്റെ സ്ലിപ്പ് നീട്ടി കാശ് കൊടുത്ത് കൊണ്ട് കാർ ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി.. " അച്ഛാ എനിക്ക് ഐസ് ക്രീം വേണം. " അയ്യേ ഈ രാത്രി ഐസ് ക്രീം തിന്നാ പല്ല് മുഴുവൻ കേടാവും. " പോടാ കോരങ്ങാ. എന്റെ പല്ല് ചീത്താവൂല്ല. " ങാ എന്നാ പുഴുപ്പല്ലൻ ന്ന് വിളിച്ചു എല്ലാരും നിന്നെ കളിയാക്കട്ടെ, ദേ നിന്റെ ജെന്നിഫർ പോലും നിന്നോടുള്ള കൂട്ട് വെട്ടും. നോക്കിക്കോ.

ഐസ് ക്രീം കഴിക്കുന്നതിൽ നിന്ന് മുബീന അപ്പുവിനെ വിലക്കിയതും അവന് ദേഷ്യം വന്നു.. അവൾ അവനെ ജെന്നിഫറിന്റെ പേര് പറഞ്ഞു കളിയാക്കുകയാണ്. " അല്ല ആരായീ ജെന്നിഫർ ഇന്നാളും ഇവനിത് പറയുന്ന കേട്ടല്ലോ. " ജെന്നിഫറിവന്റെ ലൈനാ അങ്കിളെ. " ലൈനോ. അത് കൊള്ളാല്ലോ.. ഹാ ഹാ അവളുടെ നിഷ്കളങ്കമായ സംസാരം കേട്ട് അയാൾ പൊട്ടി ചിരിച്ചു.. " ഡി ചുമ്മ വേണ്ടത്തത് പറയല്ലെടി പിശാചെ. " ഹാ. എന്ത് വേണ്ടാത്തത് , ജെന്നിഫർ നിന്റെ ലൈനല്ലേ അപ്പു. ആഷിതയ്ക്ക് ദേഷ്യം വന്നു. അവൾ മുബീനയുടെ തുടയിൽ ഒന്ന് നുള്ളി. " ആണോ അപ്പൂസേ ? " ങാ. " ഹാ ഹാ ഹാ .. അയ്യോ അയ്യോ.. ന്നാ ലും ന്റെ അപ്പുകുട്ടാ.. ലൈൻ എന്ന വാക്കിന്റെ അർത്ഥമറിയാതെ അപ്പു അവരുടെ ചോദ്യങ്ങൾ തലകുലുക്കി സമ്മതിച്ചു.. പ്രണയത്തിന്റെ വസന്തം തളിരിടാൻ പ്രായം ഒരു മാനദണ്ഡമല്ലെന്ന് അയാൾക്ക് വളരെ നന്നായിട്ടറിയാം. രാജീവ് അവരുടെ സംസാരം കേട്ട് വീണ്ടും വീണ്ടും ആർത്ത് ചിരിക്കുകയാണ്. നിഷ്കളങ്കമായ ചിരിയോടെ അവരും അയാൾക്കൊപ്പം കൂടി.. മനോഹരമായൊരു രാത്രിയും..... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story