എന്റെ ഉമ്മാന്റെ പേര്: ഭാഗം 31

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ങാ പിള്ളേര് വന്നൂന്ന് തോന്നുന്നു. എന്നാ സീതേച്ചി കിടന്നോ . രാജീവ് കോളനിയുടെ മുൻപിലെ റോഡരികിൽ കാർ ഒതുക്കി നിർത്തിയത് കണ്ട് നബീസു കോലായിൽ നിന്നെഴുനേറ്റ് പുറത്തേക്ക് നടന്നു. ഡോർ തുറന്ന് രാജീവും പിള്ളേരും ഇറങ്ങി. " ഇതെന്താടി ഈ കവറില് ? " അത് അവർക്ക് കുറച്ചു ഡ്രസ് വാങ്ങിയതാ. നബീസു കവറുകളുമായി നടന്ന് വരുന്ന ആഷിതയുടെയും മുബീനയുടെയും കൈകളിലേക്ക് നോക്കി. ഇരുവരും നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ രാജീവ് ഇടയ്ക്ക് കയറി. " അയ്യോ, അവർക്ക് അത്യാവിശ്യത്തിനുള്ളത് ഇവിടെയുണ്ടായിരുന്നല്ലോ സാറേ. പിന്നെന്തിനാ ഇതൊക്കെ ? " അത്യാവശ്യത്തിന് മാത്രം പോരല്ലോ, ഇത് ആവിശ്യത്തിന് ഉള്ളതെയുള്ളൂ. ഇരുന്നോട്ടെ. നബീസുവിന് വല്ലാത്ത അപഹർഷത തോന്നി. രാജീവ് അവരെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. " ആന്റി ഞങ്ങള് സിനിമ കണ്ടല്ലോ. " ആണോ, എന്നിട്ട് എന്ത് സിനിമയാ കണ്ടേ? " ഒരു ബ്ലൂ ഹീറോടെ സിനിമ, " ആഹാ എന്നിട്ടിഷ്ട്ടയോ സിനിമ? " ങാ. ആ ഹീറോ എല്ലാ ദുഷ്ട്ടന്മാരേം ഫൈറ്റ് ചെയ്ത് തോപ്പിക്കും. ഹീറോയ്ക്ക് ഒരു ബേർഡ് ഉണ്ട്. അതിന്റെ പുറത്ത് കേറിയാ എല്ലാംരേം ഇടിക്കണെ. കണ്ടിറങ്ങിയ സിനിമ കഥ അവന്റെ ഭാഷയിൽ നബീസുവിന് പറഞ്ഞു കൊടുക്കുകയാണ് അപ്പു.

" ആഹാ. കൊള്ളാല്ലോ, എന്നിട്ട് നിങ്ങള് വല്ലോം കഴിച്ചോ ? " ങാ. സാ. സാ. നമ്മള് കഴിച്ചതിന്റെ പേരെന്താ അച്ഛാ ? " സാൻവിച്ച് ആഷിത അവനെ ചേർത്ത് പിടിച്ചു. കഴിച്ചിട്ടില്ലെങ്കിലും ഡോക്ടർ ഗോമതി ആരോടൊക്കെയോ ഫോണിൽ പറയുന്നത് പലപ്പോഴും നബീസു കേട്ടിട്ടുണ്ട്. " ആഷി പത്തിലല്ലേ ? " ങാ. എന്താ അങ്കിളെ ? " അങ്കിള് ഒരു കാര്യം പറഞ്ഞാ നാളെ മുതൽ ആഷി ചെയ്യോ ? " എന്താ ? " ഓ അതത്ര വലിയ കാര്യമൊന്നുമല്ലന്നെ, ദേ നമ്മടെ അപ്പുക്കുട്ടന് നാളെ മുതൽ എന്നും വൈകുന്നേരം കുറച്ചു നേരം ട്യൂഷനെടുക്കണം. " അയ്യോ ഞാനോ ? ആഷിത അയാളെ അമ്പരന്ന് നോക്കി. അപ്രതീക്ഷിതമായ ചോദ്യം കേട്ട് നബീസുവും ഒന്ന് ഞെട്ടി.. " എന്തേ പറ്റില്ലേ? " അതല്ല അങ്കിളെ, അപ്പൂന്റെ മമ്മിയെങ്ങാനും ഇതറിഞ്ഞാ. " പിന്നെ ഇരുപത്തിനാല് മണിക്കൂറും ഓഫീസും ജോലിന്നും പറഞ്ഞു നടക്കുന്നവൾക്ക്, ഇവിടെ വന്ന് ഇവൻ ട്യൂഷന് പോകുന്ന സ്ഥലം കണ്ടു പിടിക്കാൻ എവിടുന്നാ നേരം. ദേ നമ്മടെ അപ്പുസാറിന്റെ പ്രോഗ്രസ് കാർഡ് നിങ്ങള് കണ്ടിട്ടില്ലല്ലോ ? , എല്ലാത്തിനും കൊട്ടക്കണക്കിന് മാർക്കാ, ആള് ഭയങ്കര സംഭവാ അല്ലെ .. രാജീവ് തമാശ പോലെ അവന്റെ കവിളിൽ കൈ ചേർത്ത് പിടിച്ചു കുലുക്കി. രാജീവ് അവനെ കളിയാക്കുന്നതാണെന്ന് മനസിലായിട്ടും അപ്പു അയാളെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ട് കൈയിൽ തൂങ്ങി.

ആഷിതയ്ക്കും മുബീനയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.. " ങാ. എന്നാ നാളെ വരുമ്പോ ഒരു ചൂരല് വാങ്ങി കൊണ്ട് വരണേ ഉമ്മി. എന്നിട്ട് വേണം ഇവനെ ശരിയാക്കാൻ. " താത്തൂ എന്നെ തല്ലൂല്ലല്ലോ. " ങാ , അതൊക്കെ പഠിക്കാനിരിക്കുമ്പോ കിട്ടിക്കോളും. ഇവള് നിന്റെ ചന്തിയടിച്ചു പൊട്ടിക്കും നോക്കിക്കോ. " നീ പോടാ കോരങ്ങാ. " ആ. ആ. ഉമ്മാ.. മുബീന കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോൾ അപ്പുവിന് ദേഷ്യം വന്നു. അവൻ പെട്ടെന്ന് അവളുടെ കൈ തണ്ടയിൽ അമർത്തി കടിച്ചു. അവൾ അലറി കരഞ്ഞു വേദനകൊണ്ട് പുളഞ്ഞു. " ഇത് കണ്ടോ ഉമ്മാ ഈ കടിയൻ പട്ടി എന്നെ കടിച്ചു കൊല്ലുന്നു.. " ങാ. കിട്ടിയെങ്കി കണക്കായി പോയി. മുബീന നബീസുവിന് നേരെ കൈ നീട്ടി കൊണ്ട് പരാതി പറഞ്ഞു. കൈ തണ്ടയിൽ പല്ലിന്റെ പാട് വട്ടത്തിൽ തെളിഞ്ഞു കിടപ്പുണ്ടായിരുന്നു. അവൾ അത് ശ്രദ്ധിക്കാതെ അപ്പുവിനെ ചേർത്ത് പിടിച്ചു. രാജീവ് അവരുടെ കുസൃതികളും ബഹളവും കണ്ട് പുഞ്ചിരിയോടെ നോക്കി നിൽക്കുകയാണ്. " ദാ ഇതാണ് അപ്പൂന് ട്യൂഷനെടുക്കുന്നതിന് ആഷിക്ക് ദിവസോമുള്ള ഫീസ്. " അയ്യോ എനിക്ക് ഫീസൊന്നും വേണ്ടാ.. രാജീവ് പേഴ്സിൽ നിന്ന് അമ്പത് രൂപയെടുത്ത് ആഷിതയ്ക്ക് നീട്ടി. അവൾ അത് കണ്ട് പേടിയോടെ പിന്നോട്ട് മാറിയ കൊണ്ട് നബീസുവിനെ നോക്കി.

" അതൊന്നും വേണ്ടാ സാറേ. അപ്പുവെന്റെ കുട്ടിയല്ലേ. അവന് രണ്ടക്ഷരം പറഞ്ഞു കൊടുക്കാൻ ഇവർക്ക് ഒരു ഫീസിന്റേം ആവശ്യമില്ല, സാറതെടുത്ത് വെച്ചേ.. " വേണം. അങ്കിളൊരു കാര്യം പറയാം. പണ്ട് അങ്കിളോക്കെ സ്കൂളീ പഠിക്കുന്ന സമയത്ത്, അങ്കിളിന്റെ അച്ഛന് കുറെ പാടോം പറമ്പും ഒക്കെയുണ്ടായിരുന്നു. അന്ന് എന്നും രാവിലേം വൈകീട്ടും അച്ഛൻ പറമ്പിലെ പണിക്ക് പോകുമ്പോ എന്നേം അങ്കിളിന്റെ എട്ടനേമൊക്കെ കള പറിക്കാനും, വെള്ളം കോരാനും ഒക്കെ ഒപ്പം കൂട്ടും. മടി പറഞ്ഞാ അച്ഛന് ദേഷ്യം വരും. എല്ലാം പണിയും കഴിഞ്ഞു അമ്പലക്കുളത്തിലെക്കോ കുളിച്ചു വന്ന്, നാമം ചൊല്ലലും കഞ്ഞി കുടിയൊക്കെ കഴിഞ്ഞു രാത്രി കിടക്കുന്നതിന് മുൻപ് ഒരു രൂപയുടെ നാണയങ്ങൾ ദാ ഇതുപോലെ എന്നും ഞങ്ങടെ കയ്യിലേക്ക് വെച്ചു തരും. അന്നിതുപോലെ ഞാനും അച്ഛനോട് വേണ്ടാന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അന്ന് അച്ഛൻ ഞങ്ങളോട് ഒരു കാര്യം പറഞ്ഞു. എന്താന്ന് അറിയോ ? " മ്മ് ച്ചും. " എത്ര വലുതായിക്കോട്ടെ, എത്ര ചെറുതായി കോട്ടെ നമ്മളൊരാളുടെ അധ്വാനത്തെ ഒരിക്കലും വില കുറച്ചു കാണരുത്. അത് സ്വന്തമായാലും ബന്ധമായാലും ആരായാലും അവർ ആവിശ്യപ്പെട്ടില്ലെങ്കിൽ പോലും ഉള്ളതിൽ ഒരു പങ്ക് നമ്മളവർക്ക് കൊടുക്കണം..

അപ്പൊ അങ്കിള് ഈ തരുന്നത് അപ്പൂനെ പഠിപ്പിക്കുന്നതിനുള്ള ഫീസല്ല, പത്ത് കഴിഞ്ഞാലും ഇനിയും മുന്നോട്ട് പഠിക്കാനുള്ള ഒരു ചെറിയ സ്റ്റൈപ്പന്റാ. ഇതിനെ അങ്ങിനെ കൂട്ടിയാ മതി.. ദേ പിന്നെ, ഇത് കൊണ്ട് ചക്കരമിട്ടായി വാങ്ങി തീർക്കരുത്, ഒരു കുടുക്ക വാങ്ങി അതിലിട്ട് കൂട്ടി കൂട്ടി വയ്ക്കണം. സ്കൂളിലെ എന്തേലും ആവശ്യം വരുമ്പോ മാത്രമേ ഇതീന്ന് എടുക്കാൻ പാടുള്ളൂ. കേട്ടല്ലോ.. അത് കൊണ്ട് രണ്ട് പേരും നന്നായി പഠിക്കണം, ഒപ്പം ദേ ഈ കോരങ്ങനെ കൂടി ഒന്ന് പഠിപ്പിച്ചു ശരിയാക്കണം. മനസിലായോ ? " ങാ. രാജീവ് ആഷിതയ്ക്ക് മുന്നിൽ കുനിഞ്ഞിരുന്നു കൊണ്ട് അവളുടെ ഉള്ളം കൈയിലേക്ക് ഒരു അമ്പത് രൂപയുടെ നോട്ട് മടക്കി വെച്ചു കൊടുത്തു. അവൾ അമ്പരന്ന് അയാളെയും നബീസുവിനെയും മാറി മാറി നോക്കുകയാണ്.. വെച്ചു നീട്ടുന്ന നോട്ടിന് പോലും സ്നേഹത്തിന്റെ ഗന്ധമുണ്ടെന്നു അവർ തിരിച്ചറിയുകയാണ്. " ഡാ കോരങ്ങാ ഇങ്ങ് വന്നേ ഞാനൊരൂട്ടം പറയട്ടെ.. " വേണ്ടാ.. എന്നെ കടിക്കാനല്ലേ. എനിക്കറിയാടാ കോരങ്ങാ. " അതിനല്ലേടാ ഇത് വേറൊരു സൂത്രം പറയാനാ. " ഞാൻ വരൂല്ലേടാ.. കോരങ്ങാ. " ദേ ഈ രാത്രി രണ്ടും കൂടി ഓടി കളിച്ചാ വല്ലോടുത്തും തട്ടി വീഴും. മുബീന അപ്പുവിനെ പിടിക്കാൻ കൈ നീട്ടിയതും അവൻ കാറിനടുത്തേക്ക് ഓടി.

നബീസു ഇരുവരെയും ശാസിക്കുകയാണ്. " എന്നാ അങ്കിള് പോട്ടെ. ഗുഡ് നൈറ്റ്. " ഗുഡ് നൈറ്റ് അങ്കിൾ. " ഡാ കോരങ്ങാ വേഗം വന്ന് വണ്ടീ കേറ് . " പോടാ കോരങ്ങാ.. അയ്യോ.. മുബീയുമായുള്ള കളിക്കിടയിൽ രാജീവിന്റെ വിളി കേട്ട് അപ്പുവിന്റെ നാവ് ഒന്ന് പിഴച്ചു. അയാൾ ഒന്ന് ഞെട്ടി നോക്കി. അബദ്ധം മനസിലായതും അവൻ പെട്ടെന്ന് കൈ കൊണ്ട് വായ് പൊത്തി പിടിച്ചു. നബീസുവും ആഷിതയും പരസ്പ്പരം ഞെട്ടി നോക്കുകയാണ്. " വന്നേ വന്നേ.. " ഞാൻ പോവാണെ ആന്റി.. " പോടാ കോരങ്ങാ. രാജീവ് അപ്പുവിനെയും കൊണ്ട് കാറിൽ കയറി. അവൻ നബീസുവിനെ തിരിഞ്ഞു നോക്കി കൈ വീശി. മുബീന അവളുടെ പിന്നിൽ നിന്ന് അപ്പുവിനെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.. ഇരുവരും കാറിൽ കയറി വണ്ടി മുന്നോട്ട് നീങ്ങി.. " അതേ ഇത്ര നേരം നമ്മളെവിടെ പോയിരുന്നതാണെന്ന് മമ്മി ചോദിച്ചാൽ എന്ത് പറയും. " സിനിമയ്ക്ക് പോയ്‌ന്ന് ഫ്ലാറ്റിലേക്ക് എത്താറായപ്പോൾ രാജീവ് മൊബൈൽ ഫോൺ ഓണാക്കി. പെട്ടെന്ന് ബീനയുടെ കോൾ റിംഗ് ചെയ്തതും അയാളത് കട്ട് ചെയ്തു. " ആരൊക്കെയുണ്ടായിരുന്നൂന്ന് ചോദിച്ചാലോ ? " അച്ഛനും ഞാനും. പിന്നെ. " ങേ. പിന്നാരുമില്ല നമ്മള് മാത്രം. ഓക്കേ. " ങാ.. കാർ ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് പാർക്കിങ്ങിൽ വന്നു നിന്നു.

കാർ ഒതുക്കിയിട്ട ശേഷം ഇരുവരും ധൃതിയിൽ പുറത്തേക്കിറങ്ങി.. " ദേ പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ. മമ്മി എന്തൊക്കെ കുത്തി കുത്തി ചോദിച്ചാലും നമുക്കൊന്നുമറിയില്ല. കേട്ടല്ലോ.. " ങാ. രാജീവ് അവനെയും കൊണ്ട് ലിഫ്റ്റ് കയറി മുകളിലേക്ക് പോയി.. " ഓ സർക്കീട്ടും കഴിഞ്ഞു രാജാവും പുത്രനും എത്തിയോ ? " എത്തിയല്ലോ. എന്തേ ഞങ്ങള് വന്നത് നേരത്തെയായി പോയോ? ലിഫ്റ്റിറങ്ങി വാതിൽക്കലേക്ക് നടന്നതും ബീന പടിക്കെട്ടിൽ നിന്ന് ദേഷ്യത്തിൽ ചാടിയെഴുന്നേറ്റു. രാജീവ് അവരെ കളിയാക്കിയത് പോലെ ചിരിച്ചു.. " ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട, ഫോണും ഓഫ് ചെയ്ത് ഈ പാതിരാത്രി വരെ രണ്ടും കൂടെ എവിടെ തെണ്ടാൻ പോയതാ ? " ഞങ്ങളോ, ഞങ്ങള് കുറച്ച് ആവണക്ക്, കാഞ്ഞിരം, കുറുന്തോട്ടി ഇതിന്റെയൊക്കെ വിത്ത് അന്വേഷിച്ചു പോയതാ. ഇടയ്ക്ക് വെച്ച് തളംവെക്കാൻ പറ്റിയ കുറച്ചു നെല്ലിക്ക കിട്ടിയപ്പോ തിരിച്ചു പോന്നു. എന്തേ കുറച്ചെടുക്കട്ടെ ? " ആ വാതിലൊന്ന് തുറക്ക് മനുഷ്യാ.. മനുഷ്യനിവിടെ തലവേദനെയെടുത്തു തല പൊളിഞ്ഞു നിക്കുമ്പോഴാ അങ്ങേരുടെ ഒരു വളിച്ച കോമഡി. " ങാഹാ തലവേദനയാണെങ്കിൽ നെല്ലിക്കാ തളം ബെസ്റ്റ് മരുന്നാട്ടോ. നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ.? " തളം തന്റെ മറ്റവളുടെ തലയിൽ കൊണ്ട് വെക്ക്. "

ങാ മറ്റവളോട് തന്നെയാ വെക്കാൻ പറഞ്ഞത്. രാജീവ് പോക്കറ്റിൽ നിന്ന് താക്കോലെടുത്തതും ബീന ദേഷ്യത്തിൽ അയാളുടെ കൈയിൽ നിന്ന് അത് പിടിച്ചു വാങ്ങി കൊണ്ട് വാതിൽ തുറന്നു അകത്തേക്ക് കയറി. രാജീവ് അപ്പുവിനെ നോക്കി തമാശ പോലെ കണ്ണടച്ചു കാണിച്ചു. അവൻ വാ പൊത്തി ചിരിച്ചു കൊണ്ട് അകത്തേക്ക് തലയെത്തിച്ചു നോക്കി. " ദേ അച്ഛനും മോനും എന്തേലും വേണൊങ്കിൽ തന്നത്താനെ വെച്ചുണ്ടാക്കി കഴിച്ചോണം. ഞാൻ കിടക്കാൻ പോകുവാ. " ഓ ഞങ്ങള് പുറത്തൂന്ന് കഴിച്ചു. " ഓ വല്ല്യ കാര്യയി പോയി.. " ഹാ അങ്ങിനെയങ്ങ് പോയലെങ്ങിനെയാ . ഒന്ന് നിന്നെ ചോദിക്കട്ടെ. ദേഷ്യത്തിൽ റൂമിലേക്ക് നടന്ന ബീനയെ രാജീവ് വട്ടം പിടിച്ചു.. അവർ അയാളുടെ കൈ തട്ടി മാറ്റാൻ ശ്രമിക്കുകയാണ്. ഇതെല്ലാം കണ്ട് അപ്പുവിന് ചിരി വരുന്നുണ്ടായിരുന്നു. " ദേ രാജീവ് എനിക്ക് ആകെ ഇറിറ്റേഷനായിരിക്കുവാ. അതിനിടയിൽ ഓരോരോ ഡ്രാമയും കൊണ്ട് വരരുത്.. " ഡ്രാമയോ ? ആഹാ. മോനെ അപ്പൂസേ മക്കള് പോയി കിടന്നോ. " ഗുഡ് നൈറ്റ് അച്ഛാ.. " അപ്പോ ഗുഷ് നൈറ്റ്.. രാജീവ് അവരിലെ പിടുത്തം ഒന്ന് മുറുക്കി കൊണ്ട് അപ്പുവിനെ നോക്കി. അവൻ ഇരുവരെയും മാറി മാറി നോക്കുകയാണ്. കഴിഞ്ഞു പോയ കാലത്തിനിടയിൽ ഒരിക്കലും,

ഒരു വിരലടുപ്പത്തിന്റെ ദൂരപരിധിയിൽ പോലും ഇരുവരെയും ഒന്നിച്ചവൻ കണ്ടിട്ടില്ല. പരസ്പ്പരം കലഹിക്കുക എന്നതിൽ കവിഞ്ഞ്, ഹൃദയാർദ്രമായ ഒരു നോട്ടം പോലും തമ്മിൽ കൈമാറുന്നത് അവനറിഞ്ഞിട്ടില്ല. അവർക്കിടയിൽ വേലിയേറ്റം കൊള്ളുന്ന വികാരത്തിന്റെ അന്തരാർത്ഥം അവന് മനസ്സിലായില്ലെങ്കിലും അച്ഛന്റെ കൈക്കുള്ളിൽ അനുസരണയോടെ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ, പൊള്ളിയുണങ്ങി തുടങ്ങിയ അവന്റെ ആത്മാവിലെ മുറിവ് ഒന്ന് കുളിർന്നു. അവരെ ഒരിക്കൽ കൂടിയൊന്നും തിരിഞ്ഞു നോക്കി കൊണ്ട് അപ്പു അവന്റെ മുറിയിൽ കയറി വാതിലടച്ചു. " വിട് രാജീവ്. വേദനയെടുത്തു തല വെട്ടി പൊളിയുവാ. ഞാനൊന്നും പോയി കിടക്കട്ടെ. " എവിടെ നോക്കട്ടെ. " എന്തിന് ? " ഹാ നോക്കട്ടെടി ഭാര്യെ.. ബീന അയാളിൽ നിന്ന് കുതറി മാറാൻ നോക്കി. പെട്ടെന്ന് രാജീവ് വലത് കൈ കൊണ്ട് വട്ടം പിടിച്ച് അവരെ തന്നിലേക്ക് ചേർത്ത് നിർത്തി. ശേഷം നെറ്റിയുടെ ഇരുവശത്തും ഇടത് കൈ വിരൽ കൊണ്ട് ഒന്നുഴിഞ്ഞു തുടങ്ങി. " അല്ലാ എന്തായി നിന്റെ യാത്രയുടെ കാര്യം ? " ഫിഫ്റ്റീൻത്ത് മുതലാണ് കോണ്ഫറൻസ്. ഫോർടീൻത്ത് മോർണിംഗ് ഫ്ലൈറ്റിന് പോണം.. " ഓഹാ അപ്പോ ഇനീം പത്ത് പതിമൂന്ന് ദിവസമുണ്ട്. രണ്ട് മൂന്ന് ദിവസായിട്ടുള്ള നിന്റെ വെപ്രാളം കണ്ടപ്പോ ഞാൻ കരുതി നാളെ തന്നെയങ്ങ് പോണോന്ന്.

" സീ ഞാൻ രാജീവിനെ പോലെ വെറുമൊരു ബാങ്ക് എംപ്ലോയിയല്ല.. ഒരു റെപ്യുട്ടഡായാ ഇന്റർനാഷണൽ കമ്പനിയുടെ സി ഓ ഓ യാണ്. അപ്പൊ എനിക്ക് അതിന്റെതായാ വർക് ലോഡും പ്രഷറും ഒക്കെ കാണും. അൺ എക്സെപ്റ്റഡായി വരുന്ന പലതും ഹാൻഡില് ചെയ്യേണ്ടി വരും. " ഓ നിന്റെ സംസാരം കേട്ടാ ജനിച്ചു വീണതെ സി ഓ ഓ ആയിട്ടാണെന്നു തോന്നൂല്ലോ. ഡി പല കാര്യത്തിനും ഞാൻ സാക്രിഫിസ് ചെയ്തും, അഡ്ജസ്റ്റ് ചെയ്തും നിന്നത് കൊണ്ട് കൂടിയാ നീയീന്ന് സി ഓ ഓ പദവിവരെ എത്തിയത്. ആ കാര്യം മറക്കരുത്.. " ഓഹോ. അല്ലാതെ എന്റെ ക്വാളിഫിക്കേഷനും, ഡെഡിക്കേഷനും കൊണ്ടൊന്നുമല്ല. മാറങ്ങോട്ട്.. അല്ല, ഇനി നിന്റെ ദേഹത്ത് ഞാൻ തൊടില്ല, പിടിക്കില്ല എന്നോക്കെ പറഞ്ഞു അന്ന് വല്ല്യ ശപഥമൊക്കെ നടത്തുന്നുണ്ടായിരുന്നല്ലോ ആവശ്യം വന്നപ്പോ എന്തേ അതൊക്കെ മറന്ന് പോയോ ? ബീന ദേഷ്യത്തിൽ അയാളുടെ കൈ തട്ടി മാറ്റി കൊണ്ട് കുതറി മാറി. പെട്ടെന്ന് രാജീവിന്റെ മുഖം മാറി. " നിനക്ക് തലവേദനാന്ന് കേട്ടപ്പോ ഒന്ന് മസ്സാജ് ചെയ്ത് തന്നത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാടി ശവമേ. അല്ലാതെ എന്റെ കഴപ്പ് തീർക്കാനല്ല. ഒരു കുടുംബത്ത് ദേഷ്യം വരുമ്പോ പരസ്പരം പലതും പറയുന്ന് കരുതി അതൊക്കെ ഊതി പെരുപ്പിച്ചു ഉള്ളിലിട്ട് കൊണ്ട് നടക്കേണ്ട കാര്യമാണോ ? "

ഓഹോ. എത്ര സിംപിളായിട്ട് നിങ്ങളത് പറഞ്ഞു. എന്റെ ദേഹം നൊന്താൽ ഞാൻ സഹിക്കും, പക്ഷെ എന്റെ മനസ്സ് വേദനിച്ചാൽ അത് ആരായാലും ഞാൻ മറക്കില്ല, പൊറുക്കില്ല. പറയാനുള്ളതും ചെയ്യാനുള്ളതും ഒക്കെ കഴിഞ്ഞപ്പോ ഒരു തലവേദനയുടെ പേരും പറഞ്ഞു കാര്യം കാണാൻ വന്നേക്കുന്നു. ആണുങ്ങളായ പറഞ്ഞ വാക്കിന് വില വേണം മനുഷ്യാ. " ഡി, സി ഓ ഓ ഭാര്യെ. സെക്‌സെന്ന് പറഞ്ഞാ ഒരാളുടെ കാര്യം കാണാൻ വേണ്ടി മാത്രം കൂടെ കിടന്ന് ഉണ്ടാക്കുന്നതല്ല, പരസ്പ്പരം ഇഷ്ടത്തോടേം, സ്നേഹത്തോടേം നൽകുന്ന ഒരു സ്പർശനത്തിൽ പോലും സെക്സുണ്ടാവും. പ്രണയമുണ്ടാവും. അതെങ്ങിനെയാ ഒരു പെണ്ണ് മാത്രമായിരുന്നേൽ നിനക്കത് മനസിലാവുമായിരുന്നല്ലോ. ഇത് അതല്ലല്ലോ വല്ല്യ കൊമ്പത്ത സി ഓ ഓ അല്ലെ. എടി കൊപ്പേ മൂടും മുലയും മുഖവും മാത്രം ഭംഗിയുള്ളതാവുന്നതല്ലടി ഒരു പെണ്ണിന്റെ സൗന്ദര്യം , ദാ ഇതിനകത്ത് വിശാലമായ നല്ലൊരു മനസ്സ് കൂടി വേണം, അതാണ് പെണ്ണിന്റെ ശരിക്കുള്ള അഴക്, സൗന്ദര്യം. ദേ ഇന്ന് നീയൊരു കാര്യം മനസിൽ കുറിച്ചിട്ടോ. നഷ്ടപ്പെടുത്തി കളഞ്ഞ ഒരോ നിമിഷത്തെ കുറിച്ചോർത്ത് നീ കണക്ക് പറഞ്ഞു കരയുന്നൊരു ദിവസം വരും.. അന്ന് നിന്നെ തേടി വരുന്നത് മുഴുവൻ നിനക്ക് ഒരിക്കലും തിരിച്ചു കിട്ടാത്തത്ര നഷ്ടങ്ങളായിരുക്കും.. സ്നേഹിക്കാൻ ചെന്ന് എന്നെ പറഞ്ഞാ മതി.. ശവം.

രാജീവ് ദേഷ്യത്തിൽ അപ്പുവിന്റെ മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു. അയാളുടെ കണ്ണുകൾ കലങ്ങി നിറഞ്ഞിരുന്നു. ഉറങ്ങി തുടങ്ങിയ അപ്പു പെട്ടെന്ന് ഞെട്ടിയെഴുനേറ്റു.. രാജീവിന്റെ കവിൾ തടം കവിഞ്ഞൊഴുകുന്നത് കണ്ടപ്പോൾ ഉറക്ക ചടവിലും അവന്റെ ശ്വാസഗതിയോടൊപ്പം ഒരു ഏങ്ങൽ ഉയർന്നു.. ബീന അൽപ്പനേരം പുച്ഛത്തോടെ നോക്കി നിന്ന ശേഷം മുറിയിലേക്ക് പോയി. അകൽച്ചയുടെ ദാഹം അകറ്റാൻ ആത്മാവ് തുറന്ന് എത്രയൊക്കെ സ്നേഹത്തിന്റെ തെളിനീരുറവ നൽകിയാലും ചിലർക്ക് അതിൽ ഉപ്പ് മാത്രമേ രുചിക്കു.. ആഘോഷമാക്കിയ ഒരു രാത്രിയുടെ അന്ത്യത്തിൽ സന്തോഷത്തിന്റെ പൂക്കൾ മുഴുവൻ ഒറ്റ നിമിഷം കൊണ്ട് ഇതൾ കൊഴിഞ്ഞു പോയി.. ആ നോവിന്റെ തല്പ്ത്തിൽ അവരും വീണുറങ്ങി. കഴിഞ്ഞ രാത്രിയുടെ വേദനയും പേറി മറ്റൊരു പകലും രാത്രിയും കൂടി കടന്ന് പോയി. ബീന തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പാഞ്ഞു കൊണ്ടിരുന്നു. ആ രാത്രിയ്ക്ക് ശേഷം ബീനയും രാജീവും തമ്മിലുള്ള ബന്ധത്തിൽ വളരെ ആഴത്തിലുള്ള വിള്ളൽ വീണ് കഴിഞ്ഞിരുന്നു. ഒരു നോട്ടം കൊണ്ട് പോലും പരസ്പരം കാണാൻ കഴിയാത്ത രീതിയിൽ രാജീവ് അവരെ അവഗണിച്ചു തുടങ്ങി. മടുപ്പ് എന്ന വാക്ക് മനസ്സ് ഉരുവിട്ട് പഠിച്ചു തുടങ്ങിയാൽ പിന്നെ, ആത്മാർത്ഥ എത്രയളന്ന് തുലാഭാരം നടത്തിയാലും മനസിന്റെ ഭാരത്തെ തുലനം ചെയ്യാൻ കഴിയില്ല..

" ഇതാരുടെയാടി ? " എന്റെ ബെർത്ഡേയ്ക്ക് മാമൻ വാങ്ങി തന്നതാ. കൊള്ളാമോടി. " ങാ. നല്ല ഭംഗിയുണ്ട്. പതിവ് പോലെ സ്കൂള് വിട്ട് വീട്ടിലേക്ക് നടക്കുമ്പോഴാണ് മുബീനയുടെ കൂട്ടുകാരി ആര്യ പുതിയ ലേഡി ബേർഡ് സൈക്കിളുമായി വരുന്നത് കണ്ടത്.. ആര്യ അവർക്ക് മുന്നിൽ സൈക്കിൾ നിർത്തി. എത്രയെത്ര ജന്മദിനങ്ങൾ കടന്ന് പോയിട്ടും ഒരു ചെറു മധുരം പോലും തങ്ങൾക്ക് ആരും സമ്മാനിച്ചിട്ടില്ലെന്നത് ഓർത്തപ്പോൾ ആഷിതയ്ക്കും മുബീനയ്ക്കും വല്ലാത്ത സങ്കടം തോന്നി. നബീസുവിന്റെ കഷ്ടപ്പാടും, വിഷമവും കാണുമ്പോൾ ഉള്ളിലുള്ള ഏറ്റവും ചെറിയ ആഗ്രഹങ്ങൾ പോലും മനപ്പൂർവ്വം അവർ മറന്ന് കളയാറുണ്ട്. " ഡി എനിക്കൊന്നു ചവിട്ടാൻ തരോ ? " ങാ. ഒരു റൗണ്ട് തരാം. എങ്ങും വീഴിക്കരുതെട്ടോ.. " എനിക്ക് സൈക്കിള് ചവിട്ടാനൊക്കെ അറിയാടി. ഡി ഈ ബാഗ് പിടിച്ചേ. ആര്യ സൈക്കിളിൽ നിന്നിറങ്ങി. മുബീന ബാഗ് ഊരി ആഷിതയെ ഏൽപ്പിച്ച ശേഷം സൈക്കിളിൽ കയറി മെല്ലെ ചവിട്ടി തുടങ്ങി. ഹാൻഡിൽ ബാർ വിറച്ചു വിറച്ചു മുന്നോട്ട് പോകുന്നത് കണ്ടപ്പോൾ ആര്യ പേടിയോടെ പിൻ സീറ്റിൽ പിടിച്ച് അല്പദൂരം പിന്നാലെ പോയി. " ഡി നീ പേടിക്കണ്ട ഞാൻ ചവിട്ടികോളം. മുബീന പെഡല് ബലത്തിൽ ചവിട്ടി. സൈക്കിളിൽ വേഗത്തിൽ മുന്നോട്ട് നീങ്ങി. ആര്യ പിടി അയച്ചു നോക്കി നിൽക്കുകയാണ്. നാട്ട് വഴികളുടെ പച്ചപ്പിനെ വകഞ്ഞു മാറ്റി സൈക്കിൾ മുന്നോട്ട് കുതിച്ചു. " ഞാനും കേറട്ടെ താത്തൂ.. "

നിന്നെ പിന്നെ കേറ്റാ.. സ്കൂൾ ബസിൽ നിന്നിറങ്ങിയ അപ്പു അവരെ കണ്ട് അവിടേക്ക് ഓടി വന്നു.. മുബീന എഴുനേറ്റ് നിന്ന് വേഗത്തിൽ സൈക്കിൾ ചവിട്ടുന്നുണ്ടായിരുന്നു.. പെട്ടെന്ന് അടിവയറ്റിൽ നിന്ന് എന്തോ ഉരുണ്ട് കയറുന്നത് പോലെ തോന്നി അവൾ സൈക്കിൾ ഒന്ന് നിർത്തി. പൊള്ളിയടരുന്നത് പോലെ ഒരാന്തൽ അടിവയറ്റിൽ നിന്ന് താഴേയ്ക്കിറങ്ങി വരും പോലെ, പെട്ടെന്നവൾ ഒരു കൈ കൊണ്ട് അടിവയറ്റിൽ അമർത്തി പിടിച്ചു. " എന്താടി മുബീ. " ഏയ്. ഒന്നൂല്ലടി.. ആഷിത ദൂരെ നിന്ന് അവളെ നോക്കുന്നുണ്ടായിരുന്നു.. മുബീന അവളെ തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും സൈക്കിളെടുത്തു മുന്നോട്ട് ചവിട്ടി. ഇടവഴി തിരിഞ്ഞപ്പോൾ അവൾ വണ്ടി നിർത്തി കാല് കുത്തി വളച്ചെടുത്തു തിരികെ ചവിട്ടി. അടിവയറ്റിൽ നിന്ന് പെരുപ്പ് താഴേയ്ക്കിറങ്ങി വരുന്നുണ്ടായിരുന്നു. അവൾ വല്ലാതെ വിയർത്ത് ഒഴുകി തുടങ്ങി.. പക്ഷെ അവളത് കാര്യമാക്കാതെ വീണ്ടും എഴുനേറ്റ് നിന്ന് പെഡൽ ചവിട്ടി മറിച്ചു മുന്നോട്ട് പോയി. അപ്പു അവൾക്ക് പിന്നാലെ ഓടുകയാണ്. " എന്തെടി മതിയോ ? വേണേൽ കുറച്ചൂടെ ഓടിച്ചോ. " ഏയ് വേണ്ടടി. എനിക്ക് വയറ് ഉരുണ്ട് കേറണ പോലെ. കക്കൂസി പോകാൻ തോന്നുന്നു. " എന്നാ വാ. വേം വീട്ടി പോകാ.. മുബീന സൈക്കിളിൽ നിന്നിറങ്ങി. സീറ്റിന് മുകളിലെ ചെറിയ നനവിൽ സായാഹ്ന സൂര്യൻ തിളങ്ങുന്നുണ്ടായിരുന്നു. അടിവയറ്റിൽ ഒരു കൊളുത്തിട്ട് വലിച്ചത് പോലെ അവൾ പൊത്തി പിടിച്ചു നിന്ന് വിയർക്കുകയാണ്.

" ഡി മുബീ ഞാൻ പോവാണെ.. നാളെ കാണാം. ആര്യ സൈക്കിളിൽ വാങ്ങി ചവിട്ടി പോയി. " ഡി ആഷി താഴേയ്ക്ക് എന്തോ ഒഴുകണ പോലെ. എനിക്ക് എന്തോ പോലെ തോന്നണടി.. " നീ വേഗം നടക്ക്.. " എന്താ താത്തൂ.. എടാ കോരങ്ങാ " ദേ നീ എന്റെ കയ്യീന്ന് മേടിക്കും.. അപ്പു അവളുടെ വയറ്റിൽ ഇക്കിളിയാക്കും പോലെ തോണ്ടിയതും മുബീനയ്ക്ക് ദേഷ്യം വന്നു. അപ്പു പേടിച്ചു പിന്നോട്ട് മാറി.. ആഷിത അവളുടെ ബാഗ് കൂടി തോളിലിട്ട് കൊണ്ട് നടന്നു. പിന്നാലെ മുബീനയും. " ഇങ്ങോട്ട് വാടാ കോരങ്ങാ. " നീ പോടാ കോരങ്ങാ. അപ്പു വഴക്കിട്ടു നിൽക്കുന്നത് കണ്ട് മുബീന തിരിഞ്ഞു നിന്നു വിളിച്ചു. അവൻ അവളെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് പിന്നാലെ നടന്നു. " ദേ കോരങ്ങന്റെ കാലീന്ന് ബ്ലഡ് വരുന്നു. " അള്ളോ ചോരയോ, ഡി നടക്കുമ്പോ ദേ ഇവിടെയൊക്കെ എന്തോ വഴുക്കുന്നത് പോലെ.. എനിക്ക് പേടിയാവുന്നെടി ആഷി " അതോന്നൂല്ലടി. വീട്ടീ ചെല്ലുമ്പോ മാറിക്കോളും..നീ വന്നേ.. മുബീനയുടെ തുടയിലൂടെ പിൻ കാലിലേക്ക് രക്തം ചാല് കീറിതുടങ്ങിയിരുന്നു.. അവൾ ആഷിതയെ അടിവയറിന് താഴേയ്ക്ക് തൊട്ട് കാണിച്ചു. ആഷിത അവളെയും പിടിച്ചു കൊണ്ട് പതിയെ നടന്നു. " എന്താ പറ്റിയെ താത്തൂ.. " അയ്യേ അതില് തൊടാൻ പാടില്ല അപ്പു. ഈ ചെക്കൻ. കൈ കാണിച്ചെടാ.. ഒഴുകിയിറങ്ങുന്നത് പെണ്മയുടെ ആദ്യ അടയാളമാണെന്ന് തിരിച്ചറിയാതെ അപ്പു ഓടി ചെന്ന് അവളുടെ കാലിലെ രക്തം കൈ കൊണ്ട് തുടച്ചു. മുബീന പെട്ടെന്ന് ഞെട്ടി മുന്നോട്ട് ചാടി. അവന്റെ നിഷകളങ്കതയെ സ്നേഹത്തോടെ ശകാരിച്ചു കൊണ്ട് ആഷിത തന്റെ പാവാട കൊണ്ട് അവന്റെ കൈ അമർത്തി തുടച്ച ശേഷം അവരെയും കൊണ്ട് വേഗത്തിൽ വീട്ടിലേക്ക് നടന്നു....... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story