എന്റെ ഉമ്മാന്റെ പേര്: ഭാഗം 32

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ഡി എനിക്ക് തല കറങ്ങണ പോലെ തോന്നണഡി. " അതിപ്പോ മാറിക്കോളും. ഇന്നാ ഈ വെള്ളം കുടിച്ചെ. വീട്ടിലേക്കെത്തുമ്പോൾ മുബീന വല്ലാതെ തളർന്നിരുന്നു.. ആഷിത ധൃതിയിൽ ബാഗുകൾ അകത്ത് കൊണ്ട് വെച്ച ശേഷം അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ്സിൽ വെള്ളമെടുത്തു മുബീനയ്ക്ക് കൊടുത്തു. അവളത് വാങ്ങി പരവശത്തോടെ കുടിക്കുകയാണ്. അടിവയറ്റിൽ പിന്നെയും എന്തോ ഉരുണ്ട് കയറുന്നത് പോലെ തോന്നിയപ്പോൾ ഒരു കൈ കൊണ്ട് വീണ്ടും അവൾ അമർത്തി പിടിച്ചു. അവളുടെ വെപ്രാളവും പേടിയും കണ്ട് അപ്പു ആകെ ഭയന്ന് നിൽക്കുകയാണ്. " അപ്പൂസേ താത്തൂ ഇപ്പൊ വരാട്ടോ. മുബീനെ നോക്കിക്കോണേ . " ങാ.. ആഷിത വേഗത്തിൽ സീതയുടെ വീട്ടിലേക്ക് ഓടി. മുബീനയ്ക്ക് ഒന്നിരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ തുടകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന ചുവന്ന ചാലുകൾ അവൾക്ക് തന്നെ അറപുളവാക്കുന്നുണ്ട്. " എന്താ പറ്റിയെ ? " ഒന്ന് വെറുതേയിരിക്കേടാ. അവശതയുടെ കാരണമറിയാൻ അപ്പു പിന്നെയും അവളുടെ കൈയിൽ തോണ്ടി. മുബീനയ്ക്ക് ശരീരത്തിൽ എന്തോ ഇഴഞ്ഞു കയറുന്നത് പോലെ തോന്നിയപ്പോൾ അവൾ അവനോട് ദേഷ്യപ്പെട്ടു. അവളുടെ മുഖഭാവം കണ്ട് അവന് വല്ലാത്ത പേടി തോന്നി..

ഒന്നും മിണ്ടാതെ അവൻ മാറിയിരുന്നു.. " സീതമ്മേ.. സീതമ്മേ. " ങാ.. എന്താടി, നീയെന്താ നിന്ന് കിതയ്ക്കുന്നെ ? ആഷിത വെപ്രാളത്തോടെ അകത്തേക്ക് ഓടി കയറി.. ടീവിയിൽ സിനിമ കണ്ടുകൊണ്ടിരുന്ന സീത പെട്ടെന്ന് ഞെട്ടിയെഴുനേറ്റു. " മുബീ.. മുബീക്ക് ആയി .. സീതമ്മ പെട്ടെന്നൊന്നും ഉമ്മിയെ വിളിച്ചു തരോ ? " ങാഹാ. അതായിരുന്നോ, നിന്റെ വെപ്രാളം കണ്ടപ്പോ ഞാൻ പേടിച്ചു പോയി. നീ അവൾടടുത്തേക്ക് പൊയ്ക്കോ. ഉമ്മിയെ ഞാൻ വിളിച്ചു പറഞ്ഞോളാ . സീത അവളുടെ പേടിയുടെ കാരണത്തെ തികച്ചും സാധാരണമായ ഒരു ശാരീരികമാറ്റമായി ചിരിച്ചു തള്ളി. ആഷിത അവരെ ഒന്ന് നോക്കിയ ശേഷം വീട്ടിലേക്ക് ഓടി.. " ഹെലോ. എന്താ സീതേച്ചി ? " ഡി നബീസു നീ പെട്ടെന്നൊന്നും വീട്ടിലേക്ക് വന്നേ. ഒരു കാര്യമുണ്ട്. ആഷിത പോയതും സീത മേശപ്പുറത്തിരുന്ന ചെറിയ മൊബൈൽ എടുത്തു നബീസുവിനെ വിളിച്ചു.. " അയ്യോ എന്റെ പണികളൊന്നും കഴിഞ്ഞിട്ടില്ല സീതേച്ചി. എന്തേലും അത്യാവശ്യമാണോ ? " അതൊക്കെയിനി നാളെ ചെയ്യാം. ഡി മുബീനയ്ക്ക് പുറത്തായി. നീ അവരോട് കാര്യം പറഞ്ഞിട്ട് പെട്ടെന്നിങ്ങോട്ട് വാ. " അൽഹംദുലില്ലാഹ്.. ഞാനിപ്പോ വരാ സീതേച്ചി. അവളെ ഒന്ന് ശ്രദ്ധിച്ചേക്കണേ. "

അത് ഞാൻ നോക്കിക്കൊളാ. നീ സമാധാനത്തിന് വന്നാ മതി. നബീസു ഫോൺ കട്ട് ചെയ്ത ശേഷം കൈകൾ നെഞ്ചിൽ ചേർത്ത് വെച്ചു ദൈവത്തിന് നന്ദി പറഞ്ഞു. ഒരു സ്ത്രീ, അവൾ അമ്മയാകുമ്പോഴുണ്ടാകുന്നതിനെക്കാൾ വലിയ സന്തോഷവും, അതിലുപരിയുള്ള മാനസ്സീക സംഘർഷങ്ങളുമായിരിക്കും, പെറ്റു പോറ്റി വളർത്തിയ പെൺകുരുന്ന് പെണ്മയുടെ ആദ്യ നോവ് തൊട്ടറിഞ്ഞുവെന്നറിയുമ്പോഴുണ്ടാകുന്ന ആ നിമിഷം. നനവ് പറ്റി തുടങ്ങിയ കൺ തടങ്ങൾ തുടച്ചു കൊണ്ട് അവൾ അന്നാമ്മച്ചിയുടെ മുറിയിലേക്ക് ഓടി.. " അന്നാമ്മച്ചി , എനിക്ക് അത്യാവിശ്യമായി വീട് വരെയൊന്നും പോണം. " എന്ത് പറ്റി പെണ്ണേ , പിള്ളേർക്ക് വയ്യായിക് വല്ലതും ? " ഇളയ മോള് വയസ്സറിയിച്ചു . " ങാ സന്തോഷോള്ള കാര്യണല്ലോ. എന്നാ നീ പൊയ്ക്കോ. ബാക്കി പണിയൊക്കെ ഞാൻ നോക്കിക്കൊളാo നബീസു ധൃതിയിൽ അടുക്കളയിലേക്ക് പോയി തന്റെ കവറെടുത്തു ഹാളിലേക്ക് വന്നു. " നീയെങ്ങോട്ടാടി ഇത്ര തിടുക്കപ്പെട്ട് ? " ഇളയ മോള് വയസ്സറിയിച്ചൂന്ന് പറഞ്ഞു ഫോൺ വന്നു. അവള് പോയിക്കോട്ടെ അച്ചായാ, പോകാൻ ഇറങ്ങിയതും കോശിച്ചയാൻ മുൻ വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നു. " ങാഹാ.. എന്നാ വേഗം ചെല്ല്.. ങാ നീയൊന്ന് നിന്നെ, ദാ ഇത് കയ്യില് വെച്ചോ. " ഇതൊന്നും വേണ്ട അച്ചായാ, വല്ലോം വേണ്ടപ്പോ ഞാൻ ചോദിച്ചോളാം. "

ഹാ ഇതങ്ങോട്ട് പിടിക്കടി കൊച്ചേ. പോകുമ്പോ ആ കുഞ്ഞിന് വല്ലോം വാങ്ങിച്ചോണ്ട് പൊയ്ക്കോ.. അച്ചായന്റെ വിളി കേട്ട് നബീസു സംശയത്തോടെ തിരിഞ്ഞു നിന്നതും അയാൾ പോക്കറ്റിൽ നിന്ന് ഒരു അഞ്ഞൂറ് രൂപയുടെ നോട്ട് എടുത്തു അവളുടെ കയ്യിൽ കൊടുത്തു. അവളത് ചുരുട്ടി പിടിച്ച ശേഷം അയാളെ നോക്കി യാത്ര പറയുന്ന പോലെ തലകുലുക്കി കൊണ്ട് ധൃതിയിൽ സ്റ്റെപ്പിറങ്ങി താഴേയ്ക്ക് ഓടി. " എലിവാലിന് തീ പിടിച്ച പോലെ നീയതെങ്ങോട്ടാ ഈ ഓടുന്നെ ? " അതൊക്കെ നാളെ പറയാം മാധവേട്ടാ. ഇപ്പൊ പോയിട്ടിത്തിരി തിരക്കുണ്ട്.. " ഹാ. ഇങ്ങനെ ഓടാതെ നടന്ന് പോയിക്കൂടെ നിനക്ക്.. പടികെട്ടുകൾ ഓടിയിറങ്ങി വരുന്ന നബീസുവിനെ കണ്ട് ക്യാബിന്റെ പിന്നിൽ ബീഡി വലിച്ചു കൊണ്ടുനിന്ന മാധവൻ അത് കുത്തി കിടത്തി കൊണ്ട് അവൾക്ക് മുന്നിലേക്ക് വന്നു. അയാളുടെ ചോദ്യത്തിന് മറുപടി നൽകിയ ശേഷം ഗേറ്റിന് മുന്നിൽ ആരോ വന്നിറങ്ങിയ ഓട്ടോ കൈകാണിച്ചു വിളിച്ചു നിർത്തി കൊണ്ട് അവൾ അതിൽ കയറി പോയി. അവൾ പോകുന്നത് നോക്കി കൊണ്ട് മാധവൻ പോക്കറ്റിൽ നിന്ന് മറ്റൊരു ബീഡിയെടുത്തു ചുണ്ടത്ത് വെച്ചു കത്തിച്ചു.. " എനിക്കെന്താടി ആഷി പറ്റിയെ ? " നിനക്കൊരു കുന്തമില്ല. അങ്ങോട്ട് നടന്നെ.

ആഷിത മുബീനയെ കുളിമുറിയിൽ കയറ്റി സീതേച്ചി കൊടുത്ത രാധാസിന്റെ സോപ്പും ചെറുപയർ പൊടിയും ചേർത്ത് വൃത്തിയായി കുളിപ്പിച്ചു പുറത്തേക്കിറക്കി. " പിന്നെന്താ അവിടെ ചോര ? " എടി മണ്ടി, അത് എല്ലാ പെണ്ണുങ്ങളേം പോലെ നീയും വല്ല്യൊരു പെണ്ണായതാ. " ങേ. വല്ല്യ പെണ്ണോ ? അപ്പൊ എന്റെ ക്ലാസ്സിലെ അശ്വതിയ്ക്കും, രേഷ്മയ്ക്കുമൊക്കെ എന്നെക്കാളും തടിയുണ്ടല്ലോ. എന്നിട്ട് അവരൊന്നും വല്ല്യ പെണ്ണായീന്ന് പറഞ്ഞിട്ടില്ലല്ലോ.. " തടിയും പൊക്കോമുണ്ടെന്നു വെച്ച് എല്ലാവർക്കും ഒരുപോലെയാവോ. " ഇല്ലാ.. എനിക്കെന്തോ പറ്റിട്ട്ണ്ട്. നീ എന്നെ പറ്റിക്കുവാ. " ഒന്ന് മിണ്ടാതെ വന്നേടി ബുദ്ദൂസെ. ഉമ്മി വരട്ടെ അപ്പൊ നിനക്കെല്ലാം മനസിലായിക്കോളും. മുബീനയുടെ സംശയങ്ങൾ പിന്നെയും കൂടുന്നുണ്ടായിരുന്നു.. ഒലിച്ചിറങ്ങുന്ന ചോരയിൽ അവളൊരു മഹരോഗിണിയുടെ ഉൾചിത്രം വരയ്ക്കാൻ ശ്രമിക്കുകയാണ്. ആഷിത അവളെ വീടിനകത്തേക്ക് കയറ്റിയ ശേഷം അടുക്കളയിൽ ചെന്ന് ചായയുണ്ടാക്കി ഗ്ലാസ്സിലേക്ക് പകർത്തി വെച്ചു. കഴിഞ്ഞ ദിവസം കുട്ട പലഹാരങ്ങൾ വിൽക്കാൻ വരുന്ന തിരുനെൽവേലിക്കാരി മായമ്മാളുവിന്റെയടുക്കൽ നിന്ന് വാങ്ങിയ അരി മുറുക്ക്, താഴെ വെച്ചിരുന്ന പ്ലാസ്റ്റിക്ക് ബക്കറ്റിൽ നിന്നെടുത്തു ഒരു പാത്രത്തിലാക്കി മുബീനയ്ക്ക് കൊടുത്തു.

" ഇപ്പൊ ആശ്വാസം തോന്നുന്നില്ലേ ? " ഉം. ന്നാലും വയറ്റിനുള്ളിൽ എന്തോ കിടന്ന് തിളക്കണപോലെ. " ങാ അതൊക്കെ പതിയെ മാറിക്കോളും. " നീയെന്താ ഈ നോക്കണേ ? " ഒരു സാധനം.. ആഷിത അലമാരയുടെ കള്ളികൾ ഓരോന്നും മാറി മാറി എന്തോ തിരയുന്നുണ്ടായിരുന്നു. മുബീന സംശയത്തോടെ അവളെ തന്നെ നോക്കിയിരിക്കുകയാണ്.. അലമാരയുടെ മുകൾ തട്ടിലെ ഒരു തുണികവർ അവൾ കയ്യെത്തിച്ചു തപ്പിയെടുത്തു.. " അയ്യോ ഇതിലില്ലേ " എന്താടി ? അയ്യേ നീയെന്തിനാ ഇപ്പൊ ഇതൊക്കെയെടുക്കണെ ? ആഷിത കവറിനകത്ത് നിന്ന് വിസ്പ്പറിന്റെ ഒരു ഒഴിഞ്ഞ പാക്കറ്റ് പുറത്തേക്കെടുത്ത് നോക്കി. ടീവിയിൽ ഇടയ്ക്കിടെ കാണാറുള്ള സ്ത്രീ സുരക്ഷാ കവചങ്ങളുടെ പാക്കറ്റിലെ വെളുത്ത തൂവാല ചിത്രം കണ്ടപ്പോൾ അവൾ ഈർഷ്യയോടെ മുഖം മാറ്റി.. " പിന്നതെടുക്കാതെ ? " അയ്യേ എനിക്കിതൊന്നും വേണ്ടാ. " ദേ പെണ്ണേ തലയിക്കിട്ട് ഒന്ന് തന്നാലുണ്ടല്ലോ. ഇന്നാ പിടിച്ചേ.. ആഷിത കവർ കട്ടിലിലേക്ക് കുടഞ്ഞിട്ട് വീണ്ടും തിരയുകയായിരുന്നു. ചെറുതായി കീറി വെച്ച പഴയ കുറച്ചു വെള്ള തുണികളല്ലാതെ മറ്റൊന്നും അതിലുണ്ടായിരുന്നില്ല. അവൾ അതിൽ നിന്ന് ഒരു കഷ്ണം തുണിയെടുത്തു മടക്കി അവൾക്ക് നീട്ടി കൊണ്ട് പുറത്തേക്കിറങ്ങി. നബീസുവിനോളം കരുതലുള്ള ആഷിതയുടെ പരിചരണം അവൾ ആദ്യമായി അടുത്തറിയുകയായിരുന്നു.. " താത്തൂന് എന്ത് അസൂഖാ താത്തൂ ? "

അതോ ആരോടും പറയൂല്ലേൽ താത്തൂ ഒരൂട്ടം പറയാം. പറയോ ? " മ്മ്ച്ചും മുറിയിൽ നിന്നിറങ്ങി വരുന്ന ആഷിതയെ കണ്ട് വാതിൽക്കലിരുന്ന അപ്പു അകത്തേക്ക് ഓടി കയറി. അവൾ അവനെ അടുത്ത് വിളിച്ചു ചെവിയിൽ രഹസ്യം പറയാനെന്ന പോലെ കുനിഞ്ഞിരുന്നു. " അതെ നമ്മള് വരുന്ന വഴിക്ക് അവൾടെ ചന്തീലൊരു വല്ല്യൊരു ആന കുത്തി, അതാ ചോര വന്നത്. " അയ്യോ. എന്നിട്ട് ആനയെ ഞാൻ കണ്ടില്ലല്ലോ ? " അത് അപ്പോ തന്നെ ഓടിപോയില്ലേ. അതാ അപ്പൂസ് കാണാഞ്ഞെ. ദേ ഇത് ആരോടും പറയരുത് ട്ടോ.. " ങാ.. മുബീനയുടെ ഉൽകാമ്പിൽനിന്നരിച്ചിറങ്ങിയ നോവിനെ ഒരു ചെറു നുണ കൊണ്ട് അവൾ അപ്പുവിൽ നിന്ന് മറച്ചു പിടിക്കുകയാണ്. അപ്പുവിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് അവനറിയുന്ന പാഠവലികളിലൊന്നിലെയും ഉത്തരങ്ങൾ മതിയാവില്ലെന്നു അവൾക്കറിയാമായിരുന്നു. മുൻപൊരിക്കൽ ചാനൽ വാർത്തയിൽ കണ്ട മദംപൊട്ടിയ ആനയുടെ ചിത്രം അവന്റെ മനസ്സിൽ തെളിഞ്ഞതും അപ്പു ഭീതിയോടെ ആഷിതയെ നോക്കി. അവന്റെ മുഖഭാവം കണ്ടപ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.. പെട്ടെന്ന് കോളനിയുടെ റോഡിലേക്ക് വന്ന് നിന്ന ഓട്ടോയിൽ നിന്ന് ഒന്ന് രണ്ട് കവറുകളുമായി നബീസു ധൃതിയിൽ ഇറങ്ങി. " മുബീയെന്തെടി ആഷി. "

കുളിപ്പിച്ചു മുറിയിൽ ഇരുത്തിയിട്ടുണ്ട്, പിന്നെ ഉമ്മി അത് തീർന്നിരിക്കാ. " ങാ ഞാൻ വാങ്ങീട്ടുണ്ട്. ഒറ്റ ശ്വാസത്തിൽ ചോദ്യ ശരങ്ങൾക്കുള്ള ഉത്തരം നൽകി കൊണ്ട് നബീസു അകത്തേക്ക് കയറി. " ആന്റി താത്തൂന്റെ ചന്തീല് ആന കുത്തി. കൊറേ ചോര വന്നു. " അച്ചോടാ.. ഇതൊക്കെ ആരാ പറഞ്ഞത് ? " ആഷി താത്തൂ.. ആരോടും പറയില്ലെന്ന് സമ്മതിച്ച, കേട്ടറിഞ്ഞ രഹസ്യത്തിന്റെ വാതിൽ അവൻ ഒറ്റ നിമിഷത്തെ നിഷ്കളങ്കത കൊണ്ട് തുറന്നിട്ടു. നബീസു പുഞ്ചിരിയോടെ അവന്റെ മുടിയിൽ ഒന്ന് തലോടിയ ശേഷം അകത്തേക്ക് നടന്നു. ആഷിത കള്ള ചിരിയോടെ നബീസുവിനെ നോക്കി കൊണ്ട് പിന്നാലെ നടന്നു. " മുബീ. " എന്താ ഉമ്മി. " ഈ സമയത്ത് ഇങ്ങനെയൊന്നും ചാടിയിറങ്ങല്ലെടി. നബീസു മുറിയിലേക്ക് കയറി. വിളികേട്ട് മുബീന പെട്ടെന്ന് കട്ടിലിൽ നിന്ന് ചാടിയിറങ്ങി. " ഈ സമത്തോ. ? " ദേ കണ്ടോ.. " അയ്യേ.. ബെഡിലും അവളുടെ പാവാടയിലും അപ്പോഴും ചോര കറ പടർന്നിരുന്നു. അവൾ ഒന്ന് തിരിഞ്ഞു നോക്കി ഓക്കാനിക്കും പോലെ മുഖം കോട്ടി. നബീസു അലമാരയിൽ നിന്ന് മറ്റൊരു ഡ്രസ് എടുത്ത് അവൾക്ക് നീട്ടി. " വന്നേ ഒന്നൂടെ കുളിപ്പിച്ചു തരാം. " ഇപ്പോഴല്ലേ ഉമ്മി ഞാൻ കുളിച്ചത് . " ഈ സമയത്തൊക്കെ നല്ല വൃത്തി വേണം മുബീ, വന്നെ. "

ശോ ഇതെന്തൊരു കഷ്ട്ടാ. " ആഷി ദേ ഇതീന്നൊരു നാടൻ മുട്ടയെടുത്തു ഒന്ന് വാട്ടി വെച്ചേ. നബീസു കവറിൽ നിന്ന് ഒരു പൊതിയെടുത്ത ശേഷം ആഷിതയ്ക്ക് നീട്ടി. അപ്പു വാതിലിന്റെ മറവിൽ നിന്ന് അവരെ വെപ്രാളത്തോടെ എത്തി നോക്കുകയാണ്.. ഒരാന കുത്തിയിട്ടും ജീവനോടെ നിൽക്കുന്ന ധീരയായ മുബീനയെ നോക്കി അവൻ പുഞ്ചിരിച്ചു.. ആർത്തവ തുടക്കം അലോസരപ്പെടുത്തി തുടങ്ങിയ അവൾക്ക് അവന്റെ പുഞ്ചിരി പോലും വല്ലാത്ത ദേഷ്യമുണ്ടാക്കി.. നബീസു അവളെ കുളിമുറിയിൽ കൊണ്ട് പോയി വീണ്ടും കുളിപ്പിച്ചു തുവർത്തിയ ശേഷം വിസ്പ്പറിന്റെ കവർ പൊട്ടിച്ചു, ഒരു പാഡ് എടുത്ത് കൗപീനം പോലെ മുറിച്ചെടുത്ത വെളുത്ത തുണിയിൽ വെച്ചു അവളുടെ അടിവയറിന്റെ കവാടത്തെ കെട്ടിയടച്ചു കൊണ്ട് തുണിയുടെ രണ്ട് അറ്റങ്ങളും അരഞ്ഞാണചരടിൽ ബന്ധിച്ചു. അടിവസ്ത്രങ്ങളും ഉടുപ്പും മാറ്റിയിടീച്ച ശേഷം മുറിയിലേക്ക് കൊണ്ട് പോയി. ആഷിത നാടൻ കോഴിമുട്ട വാട്ടിയെടുത്തു ഒരു പാത്രത്തിലാക്കി വെച്ചിരുന്നു. നബീസു പിന്നാമ്പുറത്തെ ചെന്തെങ്ങിന്റെ ചാഞ്ഞ മടലിൽ നിന്ന് ഒരു ഈർക്കിൽ കീറിയെടുത്തു കൊണ്ട് വന്നു , മുട്ടയുടെ ഒരു ഭാഗം നഖം കൊണ്ട് തട്ടി പൊട്ടിച്ചു മാറ്റി അൽപ്പം നല്ലെണ്ണ അതിലേക്ക് ഒഴിച്ചു. ശേഷം ഈർക്കിൽ കൊണ്ട് രണ്ട് മൂന്ന് വട്ടം അതിൽ വട്ടം ചുറ്റിച്ചു മുകളിലേക്ക് ഉയർത്തി. നീണ്ട് വരുന്ന ചിലന്തി വലയുടെ വള്ളികൾ പോലെ ഒരു വെളുത്ത പാട ഈർക്കിൽ തുമ്പിലൂടെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

നബീസു ചെയ്യുന്നത് അപ്പു കൗതുകത്തോടെ നോക്കി നിൽക്കുകയാണ്. " വാ തുറന്നെ മുബീ. " ആ.. " ദെയിത് ഒറ്റവലിക്ക് കുടിച്ചേക്കണം. അവൾ വായ് തുറന്നതും നബീസു മുട്ടയുടെ പൊട്ടിയ ഭാഗം അവളുടെ വായിലേക്ക് കമിഴ്ത്തി. അവൾ ഓക്കാനിച്ചു കൊണ്ട് ശർദ്ദിക്കാൻ വരുന്നത് പോലെ വായ് തുറന്ന് മുന്നോട്ടാഞ്ഞു. പെട്ടെന്ന് നബീസു അവളുടെ വായും ചുണ്ടും കൈ കൊണ്ട് കൂട്ടി പിടിച്ചു അൽപ്പനേരം നിർത്തി.. " ഇതെന്തൂട്ടാ ഉമ്മിയീ തന്നെ.. ഭേ " ഇതൊക്കെ ഈ സമയത്ത് കഴിക്കേണ്ടതാ. " പിന്നെ. വല്ല്യൊരു ഡോക്ടർ വന്നേക്കുന്നു.. മുട്ടയും എണ്ണയും കലർന്ന പച്ച രുചി നാവിൽ നിന്ന് പോകാതെ മുബീന തലകുടഞ്ഞു. അമ്മയോളം വലിയ വൈദ്യനില്ലെന്ന സത്യം തിരിച്ചറിയാൻ അവൾ ഇനിയും കാതങ്ങൾ തണ്ടേണ്ടിയിക്കുന്നു.. " എനിക്കും വേണം. " അയ്യോ ഇത് അപ്പൂസിന് കഴിക്കാൻ പറ്റൂല്ല.. എല്ലാം നോക്കി നിന്ന് അപ്പൂ പെട്ടെന്ന് നബീസുവിനടുത്തേക്ക് ഓടിയെത്തി. " അതെന്ത അവനും കഴിച്ചാ, ങാഹാ.. അങ്ങിനിപ്പോ എനിക്ക് മാത്രം വേണ്ടാ ഇന്നാടാ നീയും കുടിച്ചോ. അപ്പു നാവ് പുറത്തേക്ക് നീട്ടി. ബെഡിലിരുന്ന മുട്ട തോട് എടുത്ത് അവൾ ചെറു വിരൽ കൊണ്ട് വടിച്ചു അപ്പുവിന്റെ നാവിലേക്ക് ഇറ്റിച്ചു. " ഭേ.. അയ്യേ ഇത് കൊള്ളുല്ല ആന്റി.

എണ്ണയും മുട്ടയും ചേർന്ന മട്ടിപ്പ് രുചി നാവിൽ കലർന്ന് അപ്പുവിന്റെ ചുണ്ടും മുഖവും ഒരു വശത്തേക്ക് കോട്ടി. പെട്ടെന്ന് അവൻ നീട്ടി പുറത്തേക്ക് നീട്ടി തുപ്പി.. പകച്ചു നിൽക്കുന്ന അവനെ കണ്ട് നബീസുവും ആഷിതയും പൊട്ടി ചിരിച്ചു പോയി.. " ദേ രണ്ടുമൂന്ന് ദിവസം ഇനി പഴയത്പോലെ ഓടിച്ചാടി കളിച്ചു നടക്കാതെ ഇവിടെ അടങ്ങിയിരുന്നോണം കേട്ടല്ലോ. " അതെന്താ കളിക്കാൻ പോയാ. " പോണ്ടാ അത്രതന്നെ. " കളിക്കാൻ പോയാ പിന്നേം താത്തൂനെ ആന കുത്തോല്ലേ ആന്റി. " പിന്നില്ലാതെ. " ആനയോ, ഒന്ന് മിണ്ടാണ്ട് പോയെടാ ചെക്കാ. അവന്റെയൊരു ആന. " നിന്നെ ഇനീം ആന കുത്തോടാ. " ഉമ്മി. അപ്പു അവളുടെ കൈയിൽ ഒന്ന് നുള്ളി കൊണ്ട് പുറത്തേക്ക് ഓടി.. മുബീനയ്ക്ക് വല്ലാതെ കലി വരുന്നുണ്ടായിരുന്നു.. ആഷിതയും നബീസുവും പരസ്പ്പരം നോക്കി പിന്നെയും ചിരിക്കുകയാണ്.. " ഡി ഇനിയിത് കഴിയുന്നത് വരെ നീ നിസ്ക്കാരിക്കാൻ നിൽക്കണ്ട. " ങേ.. അല്ലെങ്കിൽ നിസ്ക്കാരിക്കാത്തതിനാ ചീത്ത, ഇതിപ്പോ. മഗ്‌രിബ് നിസ്ക്കാരത്തിനുള്ള ബാങ്ക് വിളി കേട്ട് മുബീന ബെഡിൽ നിന്നിറങ്ങി. നബീസു അവളെ വിലക്കി കൊണ്ട് പുറത്തേക്ക് പോയി. തനിക്ക് സംഭവിച്ചത് എന്താണെന്ന് അവൾക്ക് അപ്പോഴും മനസിലായിട്ടുണ്ടായിരുന്നില്ല. അവൾ ദേഷ്യത്തോടെ മുറിയടച്ചു അകത്തിരുന്നു.

വ്അളു എടുത്ത് , പർദ്ദയണിഞ്ഞ ശേഷം നബീസുവും ആഷിതയും നിസ്ക്കാരപായയിൽ വന്നിരുന്നു.. അവർ ചെയ്യാൻ പോകുന്ന കാര്യത്തിന്റെ മഹത്വമെന്താണെന്നറിയാതെ അവർക്കരികിലായി അപ്പുവും വന്നിരുന്നു. ഇരുവരും പായയിലിരുന്നു കണ്ണടച്ച് ദിക്കറുകളും ആയത്തുകളും ചൊല്ലി ഇരു ദിക്കുകളിലേക്കും തലതിരിക്കുന്നതും, ഇരു കൈകളും വിടർത്തി , മുട്ട് കുത്തി കുനിഞ്ഞു നമസ്ക്കരിക്കുന്നതും കണ്ട് അപ്പുവും അവരെ അനുകരിക്കാൻ ശ്രമിക്കുകയാണ്. അവർക്ക് അത് മനസിലായെങ്കിലും നിസ്ക്കാരത്തിനിടയിൽ മറ്റൊന്നിലും ശ്രദ്ധയ്ക്കുകയോ , സംസാരിക്കുകയോ, എഴുന്നേൽക്കുകയോ, പാടില്ലെന്നുള്ള ഖുർആൻ വാക്യം മനസ്സിലുറച്ചു പോയത് കൊണ്ട് കൊണ്ട് അവർ അവിടെ നിന്നെഴുന്നെൽക്കാനോ , അവനെ തിരുത്താനോ ആയില്ല. എങ്കിലും അവർക്ക് വല്ലാത്ത സന്തോഷം തോന്നി. ഒരു മതത്തെയും അവഹേളിക്കാതെ അവയുടെ ഉള്ളടക്കമറിയാൻ ചെറുപ്രായത്തിലെ അവൻ ശ്രമിക്കുകയാണ്. നല്ലൊരു മനുഷ്യനാവാൻ മതത്തിന്റെ മേലങ്കിയെന്തിനാണ്. ? " ഡാ , നിനക്ക് ചെയ്യാനുള്ള ഹോം വർക്ക് എടുത്തെ. നിസ്ക്കാരം കഴിഞ്ഞു ആഷിത അവനെ പഠിപ്പിക്കാനിരുത്തി. അവൻ അതൊന്നും ശ്രദ്ധിക്കാതെ കളിച്ചിരിക്കുകയാണ്. " ഞാൻ പറഞ്ഞത് കേട്ടോ?

" ങാ. " എന്നാ വേഗം ബുക്കെടുത്ത് വെക്ക്. " നമ്മക്ക് കോർച്ച് നേരം കളിച്ചിട്ട് പഠിച്ച പോരെ താത്തൂ.. " ങാഹാ.. ഇന്നിനി കളിയൊന്നും വേണ്ടാ. മര്യാദയ്ക്ക് ബുക്കെടുത്തു വെച്ചോ. " നല്ല താത്തൂല്ലേ, പ്ലീസ് താത്തൂ, " ഞാനിനി വടിയെടുക്കണോ ? " മ്മ് ച്ചും. " എന്നാ വേഗം ബുക്ക് എടുക്ക്. അവൾ ദേഷ്യത്തിൽ അവനെ നോക്കി. അവൻ പേടിയോടെ ബാഗ് തുറന്ന് കണക്ക് ബുക്ക് എടുത്ത് പുറത്ത് വെച്ചു. " ങാ. അവൾടെ കയ്യീന്ന് നിന്ക്കിപ്പോ കിട്ടോടാ . " നീ പോടാ. അപ്പുവിന് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു. വാതിൽക്കൽ നിന്ന് കളിയാക്കിയ മുബീനയ്ക്ക് നേരെ അവൻ ബോക്സിലെ ഷാർപ്പണർ എടുത്തെറിഞ്ഞു.. " സാറ് കേറുന്നില്ലേ ? " ഇല്ല. പോയിട്ട് കുറച്ചു തിരക്കുണ്ട്. ങാ പിന്നെ ഈ സാറ് വിളി എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നുന്നുണ്ട്. പറ്റുമെങ്കിൽ അതൊന്ന് മാറ്റി വിളിക്ക്. എട്ട് മണി കഴിഞ്ഞപ്പോഴാണ് രാജീവ് അപ്പുവിനെ കൂട്ടാൻ വന്നത്. നബീസു അവന്റെ ബാഗുമെടുത്തു കാറിനരികിലേക്ക് ചെന്നു. " അയ്യോ സാറേ ന്ന് അല്ലാതെ ഞാൻ പിന്നെന്ത് വിളിക്കാനാ. " പേര് വിളിച്ചോ " അയ്യോ, ഇത്രേം വലിയ സ്ഥാനത്തിരിക്കുന്നയാളെ പേര് വിളിക്കാ ന്ന് പറഞ്ഞാ, അത് ശരിയാവില്ല സാറേ, പേര് വിളിക്കുന്നത് മാഡം എങ്ങാനും കേട്ടിട്ട് വന്നാൽ പിന്നെ അത് മതി അടുത്ത പ്രശ്നത്തിന്. " എന്റെ ജോലിയും, എന്നെയും തമ്മിൽ താരതമ്യം ചെയ്യണ്ടാട്ടോ. ഞാൻ പറയാനുള്ളത് പറഞ്ഞു. ബാക്കിയൊക്കെ നിങ്ങടെ ഇഷ്ട്ടം. എന്നാ ഇറങ്ങട്ടെ.. " ഉം. "

പോവാണെ ആന്റി. കളികൾ തീരെയില്ലാതെ പഠിപ്പിൽ മാത്രം ഒഴുകി പോയ സായാഹ്നം അവനെ വല്ലാതെ നിരാശനാക്കിയിരുന്നു.. വീണൊഴുകുന്ന നരച്ച നിലാവ് പോലെ മങ്ങിയൊരു പുഞ്ചിരിയോടെ അവൻ അവൾക്ക് നേരെ കൈ വീശി കൊണ്ട് കാറിൽ കയറി. വണ്ടി റോഡിൽ നിന്ന് തിരിഞ്ഞു വേഗത്തിൽ പോയി. " എന്താണ് ഇന്ന് ഭയങ്കര സൈലന്റ് ആണല്ലോ, ഇന്ന് മരം കേറാനും പുളി പറിക്കാനും ഒന്നും പോയില്ലേ ? " മ്മ് ച്ചും. വാടി പോയ അവന്റെ മുഖം രാജീവ് പിടിച്ചുയർത്തി.. " അതെന്താ പോകഞ്ഞെ.? " ആ കോരങ്ങൻ താത്തൂ വയ്യാതെ കിടക്കുവാ ? " വയ്യാതെ കിടക്കുന്നോ, എന്നിട്ട് ആന്റി ഒന്നും പറഞ്ഞില്ലലോ, ആട്ടെ താത്തൂന്ന് എന്താ അസുഖം ? " താത്തൂന്റെ ചന്തീല് ഒരാന കുത്തി, കൊറേ ചോര വന്നു. " ങേ എന്താണെന്ന്, ആന ?. " ആന കുത്തി. ദേ ഇവിടെ . അയാൾ വണ്ടി റോഡിനരികിൽ ഒതുക്കി നിർത്തിയ ശേഷം അവനെ അന്താളിച്ചു നോക്കി. അപ്പു അവന്റെ ചന്തിയുടെ ഒരു വശം പൊക്കി അയാളെ കാണിച്ചു. " നീയിന്ന് വല്ലോം പഠിച്ചോ? " ങാ. പഠിച്ചില്ലേൽ ആഷി താത്തൂ അടിക്കോന്ന് പറഞ്ഞു.

" ങാ വെറുതെയല്ല, ഓരോ ആന കഥയും കൊണ്ട് വരുന്നത്. അയാൾ അവനെ കളിയാക്കി ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു. കേട്ടറിഞ്ഞ ആന കഥയുടെ ആധികാരികത അയാളെ എങ്ങിനെ പറഞ്ഞു മനസിലാക്കുമെന്നോർത്ത് അവന്റെ കുഞ്ഞു തല പുകഞ്ഞു തുടങ്ങി. കാർ ഗേറ്റ് കടന്ന് നിന്നപ്പോൾ മാധവനോടും അവൻ ആന കുത്തിയ കഥ പറയാൻ തുടങ്ങി. അയാൾക്കും ഒന്നും മനസിലാവാതെ അമ്പരന്ന് നിൽക്കുകയാണ്. " നബിസൂന്റെ മോളെ ആന കുത്തിന്ന് പറയാണുണ്ടല്ലോ സാറേ, എന്താ സംഭവം. ? " അതൊക്കെ ട്യൂഷന് പോകാതിരിക്കാനുള്ള ഇവന്റെ ഓരോ നമ്പറുകളല്ലേ മാധവേട്ടാ ? " അമ്പട കള്ളാ, " ഞാൻ പറഞ്ഞത് സത്യാ അങ്കിളെ, ദേ ഇവിടെയാ കുത്തിയത്. ചോര വരണത് ഞാൻ കണ്ടതാ.. " ങാ. സമ്മതിച്ചു. വന്നേ പോകാ. അവൻ ചന്തിയുടെ ഒരു വശം അയാളെയും തിരിഞ്ഞു കാണിക്കാൻ നോക്കുകയാണ്. മാധവൻ കൈ നീട്ടി അവിടെയൊരടി കൊടുത്തു.. രാജീവ് അവനെയും വലിച്ചു കൊണ്ട് ഫ്ലാറ്റിലേക്ക് നടന്നു. അറിഞ്ഞ കഥ എത്രയൊക്കെ പറഞ്ഞു മനസിലാക്കാൻ നോക്കിയിട്ടും തന്നെ ആരും വിശ്വസിക്കാതിരുന്നതിൽ അവൻ വല്ലാത്ത നിരാശ തോന്നി.. അപ്പു പിന്നെയും മാധവനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. ....... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story