എന്റെ ഉമ്മാന്റെ പേര്: ഭാഗം 33

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

അടുത്ത രണ്ടു ദിവസം മുബീന സ്കൂളിൽ പോയില്ല.. ആർത്തവം പെൺകുട്ടിയിൽ നിന്ന് സ്ത്രീയിലേക്കുള്ള യാത്രയുടെ ആദ്യ ചവുട്ടിപടിയാണെന്ന് നബീസു അവളെ പറഞ്ഞു മനസിലാക്കിയിട്ടും അവൾക്കെന്തോ ആ ദിവസങ്ങളിൽ സ്കൂളിൽ പോകാനുള്ള ആത്മ വിശ്വാസം ഉണ്ടായിരുന്നില്ല.. ഒരാളുടെ നോട്ടമോ, പുഞ്ചിരിയോ പോലും അവൾക്ക് വല്ലാതെ അരോചകമായി തോന്നി.. അവൾ പോലും അറിയാതെ ദേഷ്യം അവളെ കീഴ്പ്പെടുത്തുകയായിരുന്നു. ആന കുത്തിയിട്ടും മരിക്കാത്ത സൂപ്പർ ഗേളിന്റെ കഥ പറഞ്ഞു ഈ രണ്ട് ദിവസങ്ങൾ കൊണ്ട് അപ്പു കൂട്ടുകരെയെല്ലാം ആകാംഷയോടെ മുൾമുനയിൽ നിർത്തി.. കേട്ടറിഞ്ഞതിനെക്കാൾ താൻ നേരിട്ട് കണ്ടറിഞ്ഞത് അനുഭവം പോലെ ഓരോ നിമിഷവും കല്ല് വെച്ച പെരും കള്ളം കൊണ്ട് ഭാവന മെനഞ്ഞെടുത്തു അവൻ കൂട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചു. പലപ്പോഴും സത്യമായ കഥകൾ പറഞ്ഞിട്ടും വിശ്വസിക്കാതെ പാടെ അവനെ പുച്ഛിച്ചു നിരാകരിച്ച കൂട്ടുകാർ തന്നെ, പറഞ്ഞു തുടങ്ങിയ നുണക്കഥയുടെ ബാക്കിയറിയാൻ പിന്നാലെ കൂടുന്നത് കണ്ടപ്പോൾ അപ്പുവിന് വല്ലാത്ത സന്തോഷം തോന്നി.

അതിലേറെ ഗമയും. " ഒന്നിച്ചു നാട്ട് വഴിയിലൂടെ നടന്ന് പോയപ്പോ ഒരു ബിഗ് എലിഫന്റ് വലിയ കൊമ്പ് കൊണ്ട് താത്തുവിന്റെ ബാക്കിൽ കുത്തി. തഴക്കം വന്നൊരു കഥാകാരന്റെ ഭാവനയിൽ അവൻ പറഞ്ഞു നിർത്തി. കേൾവിക്കാരായ കൂട്ടുകാരുടെ ആകാംഷയേറുകയായിരുന്നു. " എന്നിട്ട് ? " ബാക്കി പറയ് നിരഞ്ജൻ ? കഥയുടെ ബാക്കി അറിയാനുള്ള കൈ കൂലിയെന്നോണം ചുറ്റും കൂടിയ കൂട്ടുകാർ ലഞ്ച് ബോക്ക്‌സിലെ തങ്ങളുടെ കറികളിൽ കുറച്ച് അപ്പുവിന്റെ പാത്രത്തിലേക്ക് കിള്ളിയിട്ടു.. " താത്തൂ, തിരിഞ്ഞു നിന്ന് എലിഫന്റെ ന്റെ ഹെഡിൽ ഒറ്റയിടി. " ഓ മൈ ഗോഡ്.. എന്നിട്ട് ? " ആ എലിഫന്റ് ഇടി കൊണ്ട് പറന്ന് പോയി. " ഈസ് ഇറ്റ് ട്രൂ നിരഞ്ജൻ ? ഭാവനകൾ പിന്നെയും പെരുകി നിറയുകയാണ്. കൂട്ടുകാരിൽ പലരുടെയും വായ് പിളർന്ന് വാരി വെച്ച ചോറുകൾ താഴേയ്ക്ക് അടർന്ന് വീണു. സംശയത്തോടെ മറ്റ് ചിലർ അവനെ അന്തിച്ച് നോക്കിയിരിക്കുകയാണ്..

അവസാനമില്ലാത്ത കഥയുടെ ബാക്കിയറിയാൻ കാത്തിരിക്കൂന്നതിനിടയിൽ ജനൽ പാളിയിൽ ജെന്നിഫറിന്റെ നിഴലനക്കം വീണതും അപ്പു പാത്രവുമായി പുറത്തേക്കോടി.. കഥയറിയാൻ കാത്തിരുന്ന് കൂട്ടുകാർ, കറികളില്ലാതെ ബാക്കിയായ ചോറുകൾ മാത്രം കണ്ടപ്പോൾ അവർക്ക് അപ്പുവിനോട് വല്ലാത്ത അമർഷം തോന്നി. " യൂ നോ കൊച്ചു. ടൂ ഡേയ്സ് ബിഫോർ താത്തൂനെ ഒരു ബിഗ് എലിഫന്റ് കുത്താൻ വന്നു. " അപ്പു. ഡോണ്ട് ലൈ ടു മി. " സത്യാ കൊച്ചു, ഞാൻ കണ്ടതാ.. " ഐ ഡോണ്ട് ലൈക്ക് ലൈ പീപ്പിൾ. ഞാൻ പോവാ ബൈ.. " അയ്യോ പോവല്ലേ കൊച്ചു.. കൂട്ടുകാർക്കിടയിൽ പറഞ്ഞു ഫലിപ്പിച്ച മുബീനയുടെ ധീര സാഹസികകഥയുടെ പുതിയ രൂപവുമായി ജെന്നിഫറുനടുത്തേക്ക് ചെന്ന അപ്പുവിന്റെ നുണക്കഥ ഒരു പളുങ്ക് കൊട്ടാരം പോലെ തകർന്ന് വീണു.. നുണയന്മാരോടുള്ള ഇഷ്ട്ടക്കേട് അറിയിച്ചു കൊണ്ട് ജെന്നിഫർ അപ്പുവിനോട് ദേഷ്യപ്പെട്ടു നടന്ന് പോയി.. കഴിച്ചു കഴിഞ്ഞ പാത്രം പോലും കഴുകാതെ അവനും അവൾക്ക് പിന്നാലെ പാഞ്ഞു..

" ഇന്നെന്താ നിങ്ങള് ലീവാണോ സാറേ ? " ങാ ഹാൾഫ് ഡേ, രാവിലെ ഒരാളെ കാണേണ്ട കാര്യമുണ്ടായിരുന്നു.. രാജീവ് പോർച്ചിൽ നിന്ന് കാറുമായി വരുന്നത് കണ്ട് മാധവൻ ക്യാമ്പിനിൽ നിന്ന് പുറത്തേക്കിറങ്ങി നിന്നു. രാജീവ് വണ്ടിയുടെ വേഗത കുറച്ച് അയാൾക്കരികിൽ ഒതുക്കി നിർത്തി.. " ങാ പിന്നെ അപ്പു പറഞ്ഞ ആന കഥ എന്താണെന്ന് മനസിലായർന്നോ ? " അതിലിപ്പോ എന്തോന്ന് മനസിലാക്കാനിരിക്കുന്നു, ചുമ്മാ അവന്റെ ഓരോ പുളു. അല്ല നിങ്ങളിതുവരെ അത് വിട്ടില്ലേ മാധവേട്ടാ. " അത് പുളുവൊന്നുമല്ലന്നെ , " പിന്നെ ? രാജീവ് സംശയത്തോടെ അയാളെ നോക്കി.. " നമ്മടെ നബിസൂന്റെ ഇളയമോള് വയസറിച്ചു, പെട്ടെന്ന് ചോര കണ്ടപ്പോ അതിന് പേടീം വെപ്രാളോമായി, നമ്മടെ അപ്പൂനാണെങ്കിൽ കാര്യമെന്താണെന്നറിയാതെ ഒരു സമാധാനവുമില്ല. അങ്ങനെ മൂത്തവൾ അവനോട് പറഞ്ഞു കൊടുത്തതാണ് ഈ ആന കഥ. " ശേടാ ഈ ചെക്കന്റെ ഒരു കാര്യം.. തികട്ടി വന്ന ചിരിയടക്കാനാവാതെ രാജീവ് പൊട്ടിച്ചിരിച്ചു പോയി..

" കേട്ടോ മാധവേട്ടാ മിക്കവാറും സ്കൂളിൽ ചെന്ന് ഈ കഥ പറഞ്ഞു ആളൊന്നു ഷൈൻ ചെയ്തു കാണും.. " ആർക്കും ദോഷമില്ലാത്ത ഒരു നുണയല്ലേ സാറേ, അതും പറഞ്ഞു അതങ്ങിനെ എവിടെങ്കിലും പാറി പറന്ന് നടന്നോട്ടെന്നെ.. മാധവൻ ക്യാബിനിലെ മേശപ്പുറത്തിരുന്ന ബീഡിയെടുത്ത് കത്തിച്ചു. " അല്ല നമ്മളെ പോലെ അവർക്കീ വയസ്സറിയിച്ച ചടങ്ങോ, മറ്റോ നടത്തുന്ന പതിവല്ലോമുണ്ടോ ? " ഏയ്. എന്ററിവിൽ അങ്ങിനെ ചടങ്ങുള്ളതായി കേട്ടിട്ടില്ല, ആ മൂത്തത്തിന്റെ കാര്യത്തിന് അവരുടെ സമുദായത്തിൽപ്പെട്ട ആരോ ഒസാത്തിയോ മറ്റോ വന്ന് കുളിപ്പിച്ചു കയറ്റിന്നോ എന്തോ പറഞ്ഞു കേട്ടതായിട്ടാണ് ഓർമ. കാശൊള്ളവര് ചെലപ്പോ എന്തേലും നടത്തുമായിരിക്കും , അല്ലെങ്കി തന്നെ പകലന്തിയോളം നടന്ന് ജീവിതത്തിന്റെ രണ്ടറ്റോം കൂട്ടി മുട്ടിക്കാൻ പാട് പെടുന്ന അവളുടെ കയ്യിലെവിടുന്ന ഇതിനൊക്കെയുള്ള കാശ്. " ഉം. അപ്പോ അവർക്ക് അങ്ങിനൊരു ചടങ്ങില്ല. ഹലോ, ങാ സെക്യൂരിറ്റി മാധവനോ ഉണ്ടല്ലോ കൊടുക്കാം.

" ആരാ. സാറേ ? " ആ.. ഇന്നാ. പെട്ടെന്ന് രാജീവിന്റെ ഫോൺ റിംഗ് ചെയ്തു അയാൾ കോളെടുത്തു സംസാരിച്ചു കൊണ്ട് മാധവന് നീട്ടി. അയാളുടെ ഫോണിൽ തന്നെ ആരാവും വിളിച്ചിട്ടുണ്ടാവുക എന്നാ സംശയത്തോടെ മാധവൻ ഫോൺ വാങ്ങി ചെവിയിൽ വെച്ചു. " ഹലോ " ഏറ്റവും പുതിയ മലയാളം ഡയലർ ടോൺ സെറ്റ് ചെയ്യാനായി ഒന്നമർത്തു.. " ഒന്ന് വച്ചിട്ട് പോ പെണ്ണുമ്പിള്ളെ. " ആരാ മാധവേട്ടാ വിളിച്ചത് ? മാധവന് കലി വന്നു. ദേഷ്യത്തിൽ അയാൾ ഫോൺ കട്ട് ചെയ്തു. രാജീവ് ഒന്നുമറിയാത്ത പോലെ നോക്കി നിൽക്കുകയാണ്. " മൂക്കില് പല്ല് വന്നിട്ടും കുട്ടിക്കളി മാറീട്ടില്ല എന്നിട്ടാണ് ആ ഇത്തിരിക്കില്ലാത്ത കൊച്ചിനെ കുറ്റം പറയണത്. മാധവൻ അയാൾക്ക് ഫോൺ നീട്ടി കൊണ്ട് കളിയാക്കിയ പോലെ ചിരിക്കാൻ ശ്രമിച്ചു.. രാജീവ് ചമ്മലോടെ ഫോൺ വാങ്ങി കാറെടുത്തു പോയി.. " ഇന്നലേം അവളെ കണ്ടില്ല, ഇന്ന് കാണാന്ന് കരുതി പാലും കൊണ്ട് പോയി, എന്നിട്ടും കണ്ടില്ല. ഇനി എന്തേലും സൂക്കേഡ് പിടിച്ചോ ? " അവള് വയസ്സറിയിച്ചത് കൊണ്ട സ്കൂളീ വരാത്തെന്ന് ക്ലാസ്സിലാരോ പറയാറുണ്ടായിരുന്നു.

നീ കേട്ടില്ലേ ? ഉച്ച കഴിഞ്ഞുള്ള ഇന്റർവെലിന് വാക മരത്തണലിലിരുന്നു മുബീനയെ കാണാൻ കഴിയാത്തതിലുള്ള സങ്കടം, കൂട്ടുകാരൻ ഉണ്ണിയോട് പറഞ്ഞറിയിക്കുകയായിരുന്നു ലാലു. " വയസ്സറിയിക്കലോ , അതെന്താ ഇത്രേനാളും ഇതൊന്നും അറിയിക്കാതെയാണോ സ്കൂളീല് വന്നിരുന്നത് ? " അയ്യോ എടാ പൊട്ടാ. ഇത് പെണ്കുട്ടികൾക്ക് മാത്രമുള്ള എന്തോ ആണ്. ഇങ്ങനൊക്കെ ആവുമ്പോ ബ്ലഡ് വരൂത്രേ. " ബ്ലഡോ ? പിന്നെ ചോരാ വരുമ്പോഴേക്കും വയസ്സറിയിക്കൽ അല്ലെ.. ഒന്ന് പോയെടാ ഈ പൊട്ടത്തരങ്ങളൊക്കെ നിന്നോടാര പറഞ്ഞത് ? " നമ്മടെ ക്ലാസ്സിലെ അജിത്, " അവനോ ? " അവന് എല്ലാത്തിനും ഭയങ്കര ബുദ്ധിയാന്ന് നിനക്കറിയല്ലോ. " ശരിയാ ടാ.. അവന് എല്ലാത്തിനേം കുറിച്ചും ഭയങ്കര അറിവാ, നമ്മളൊക്കെയാ പൊട്ടാ. എത്ര പഠിച്ചാലും മാർക്കും കിട്ടൂല്ല.. മുബീനയുടെ ആർത്തവത്തെ കുറിച്ചറിഞ്ഞു കാടുകയറിയ ചിന്തകൾക്ക് ഉത്തരം കിട്ടാതെ ലാലുവും ഉണ്ണിയും പരസ്പ്പരം നോക്കി പരിതപിക്കുകയാണ്.

" അല്ലെടാ ഉണ്ണി. ഇനിയിപ്പോ അവൻ പറഞ്ഞത് സത്യണെങ്കിൽ അവളിനി പഠിക്കാൻ വരില്ലേ ? " ആവോ എനിക്കറിയില്ലെടാ, പിന്നെ കുറെ ചോര പോയീന്ന് അവൾടെ ചേച്ചീടെ ക്ലാസിലെ ഒരുത്തൻ അജിയോട് പറഞ്ഞത്രേ. " ഇങ്ങനെ ചോര വരാനും മാത്രം ഇനി വല്ല സൂക്കേടെങ്ങാനും ആണോ. മുൻപ് വെല്യമ്മേട അമ്മയും ചോര പോയാ മരിച്ചത് , അന്ന് അച്ഛൻ അതിനെന്തോ ഒരു പേര് പറഞ്ഞു.. മൂല.. മൂല.. ങാ മൂല വെച്ച അങ്ങിനെന്തോ ഒരു പേരാ പറഞ്ഞത് " മൂലക്കുരുവാണോ ? " ങാ.. അത് തന്നെ . " അയ്യോ ഈ സൂക്കേഡ് വന്നാ മാറൂല്ലെടാ. വീട്ടില് അച്ഛച്ഛനും ചെറിയച്ചനും ഒക്കെയുണ്ട്. കക്കൂസി പോകുമ്പോ അച്ഛച്ഛൻ ഉറക്കെ കരയണത് കേക്കാം.. ഇനി അവക്കും അതായിരിക്കോ ലാലു? വല്ല്യ വല്ല്യ സൂക്കേഡ് വന്നാൽ പുറത്ത് ആരോടും പറയാറില്ലെന്നാ അജി പറയണത്. " എന്റെ മുത്തപ്പാ, നിനക്ക് കാണിക്ക വെക്കണതൊക്കെ വെറുതെയാവോ ? ലാലു ഞെട്ടലോടെ കൈ നിവർത്തി നെഞ്ചത്ത് ആഞ്ഞടിച്ചു. ഉണ്ണി ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി. ആർത്തവ രക്തം പുരണ്ട മുബീനയുടെ കൗമാരത്തെ ഇരുവരും ചേർന്ന് മൂലക്കുരുവെന്ന മാറാവ്യാധിയാക്കി പുതിയ നാമകരണം നടത്തിയിരിക്കുന്നു..

" ദേ അവള് സ്കൂളിൽ വന്നില്ലെങ്കി ഇനി മുതൽ ഞാനും പഠിക്കാൻ വന്നില്ല. " നിനക്ക് പ്രാന്തനോടാ ലാലു, ദേ അവള് നിന്നെ മൈന്റും കൂടി ചെയ്യാറില്ല. എന്നിട്ടാണോ അവക്ക് വേണ്ടി പഠിപ്പ് നിർത്താൻ പോണത്. ദേ പത്ത് വരെ പഠിച്ചാ എമ്പോൾമെന്റന്ന് പറഞ്ഞ സ്ഥലത്തൂന്ന് ജോലി കിട്ടുള്ളൂന്നാ വല്ല്യമ്മാവൻ പറഞ്ഞത്. " എടാ തെണ്ടി , എന്റെ കയ്യീന്ന് എള്ളുണ്ടെo സർബത്ത് സോഡേക്കെ വാങ്ങി കുടിച്ചിട്ട് അവൾടെ കാര്യം വന്നപ്പോ നീ എന്നെ ഒറ്റയ്ക്ക് ആക്കുവാണല്ലേടാ.. " എടാ അതിന് അവൾക്ക് നിന്നെ ഇഷ്ട്ടോല്ലല്ലോ, പിന്നെങ്ങിനാ ഞാൻ നിന്റെ കൂടെ നിക്കണേ ? " അവൾക്ക് ഇഷ്ട്ടല്ലെങ്കി വേണ്ടാ , എനിക്ക് അവളെ ഭയങ്കര ഇഷ്ട്ടാ, അതേനിക്കും എന്റെ മുത്തപ്പനുമറിയാം. നിക്ക് അത് മതി. എന്റീ പല്ല് ഇങ്ങാനിരിക്കണ കൊണ്ടാവും ല്ലേ അവൾക്ക് എന്നെ ഇഷ്ട്ടോല്ലാത്തെ ? ലാലുവിന് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു.. " നീയൊന്ന് പോയെടാ , നിന്റെ പല്ല് ഇങ്ങനെ അയാലെന്താ നമ്മടെ ക്ലാസ്സിലെ ഏറ്റോം ഗ്ലാമർ നിനക്കല്ലേ, അല്ലെങ്കിലും നമ്മടെ ക്ലാസ്സിലെ ആർക്കേലും സൈക്കിളിണ്ടാ, അതില് ബട്ടർ ഫ്ലൈ ഇണ്ടാ, ഹാണ്ടിലുമ്മേ കാസറ്റ് വള്ളിയിണ്ടാ. അവളില്ലെങ്കിൽ നമ്മക്ക് വേറെ ആരേലും നോക്കാടാ. "

അയ്യടാ അങ്ങിനെ വേറെ ആരേം നോക്കാണില്ല.. എനിക്ക് അവളെ മതി.. പെട്ടെന്ന് ഇന്റർവെൽ കഴിഞ്ഞുള്ള ബെല്ലടിച്ചു. ഇരുവരും വേഗത്തിൽ ക്ലാസ്സിലോക്കോടി.. ഉണ്ണി അവന്റെ ആത്മ വിശ്വാസം നഷ്ടപ്പെട്ടുപോകാത്ത വിധം അവനെ ആശ്വസിപ്പിക്കുകയാണ്. ഏത് പ്രായത്തിലായാലും കടലോളം സങ്കടം വന്നാൽ ചേർത്ത് പിടിക്കാൻ ആത്മബന്ധമുള്ള ഒരു സൗഹൃദങ്ങൾ കാണും. " എടാ ഈ വയസ്സറിക്കണത് എന്താന്ന് ഞാൻ വൈകീട്ട് അമ്മയോട് ചോദിച്ചു നോക്കാം. നീ പാല് കൊടുക്കാൻ പോകുമ്പോ വൈകീട്ട് അമ്പല പറമ്പ് വഴി വന്നാമതി.. " ങാ. ടാ.. അതേ ഇന്ന് നമ്മക്ക് ജീരക സോഡാ കുടിച്ചാലോ. " ങാ. കൂടെ ഒരു വെട്ട് കേക്കും വേണം. " എന്ത് പിണ്ണാക്ക് വേണേലും വാങ്ങി തരാം , വൈകീട്ട് അമ്മയോട് ആ അസൂഖത്തെ പറ്റി ചോയിച്ചറിഞ്ഞു വന്നാ മതി.. " ങാടാ.. മുബീനയെ കുറിച്ചറിയാനുള്ള ലാലുവിന്റെ ആധിയും വെപ്രാളവും കൂടുകയായിരുന്നു.. ഉണ്ണി അവന്റെ തോളിൽ കൈയിട്ട് കൊണ്ട് ക്ലാസ്സിലേക്ക് കയറി..

" ഉഷചേച്ചി തിരക്കിലാണോ ? " എന്തേ സാറേ ? ബാങ്കിലെ പാൻട്രി ജീവനക്കാരി ഉഷ ചായയുണ്ടാക്കുന്നതിനിടയിൽ രാജീവ് അവിടേക്ക് ചെന്നു. എന്നും രാവിലെ കാണുമ്പോൾ നല്കാറുള്ള പുഞ്ചിരി നിറഞ്ഞ ശുഭദിനാശംസയും , ചായയോ വെള്ളമോ നീട്ടുമ്പോൾ നല്കാറുള്ള നന്ദി പ്രകാശനവുമല്ലാതെ വലിയ സംസാരങ്ങൾ ഒന്നും തന്നെ അവർക്കിടയിൽ ഉണ്ടായിരുന്നില്ല.. അപ്രതീക്ഷിതമായ രാജീവിന്റെ ചോദ്യം കേട്ട് അവർ സംശയത്തോടെ അയാളെ നോക്കി.. " അല്ല ചേച്ചി, ഒരു സംശയം ചോദിക്കാനാ ? " സംശയോ? ഇത്രേം വലിയ ബാങ്കിലെ സാറ് എന്നോട് സംശയം ചോയിക്കെ ?. ആളെ ഇങ്ങനെ കളിയാക്കല്ലേ സാറേ. " ഈ ബാങ്കിലെ ഞാനിരിക്കുന്ന കസേരയ്ക്ക് മാത്രേ സ്ഥാനകൂടുതലുള്ളൂ ചേച്ചി. ജീവിതത്തിലെ സീനിയോരിറ്റി നിങ്ങൾക്കല്ലേ, അവർ ആകെ അമ്പരന്ന് പോയിരുന്നു.. രാജീവ് അവരെ നോക്കി ഗാഢമായി ഒന്ന് പുഞ്ചിരിച്ചു.. " ജീവിതത്തിലെന്താ സാറിനിത്ര വലിയ സംശയം ? " അല്ല ചേച്ചി ഈ പെണ്കുട്ടികൾ വയസ്സറിയിച്ചാ അവർക്ക് പ്രത്യേകമായി എന്തേലും ഫുഡോ , മറ്റോ ഉണ്ടോ ? " ആഹാ. ഇതാണോ ഇത്ര വലിയ സംശയം. അവർ അറിയാതെ ഉറക്കെ ചിരിച്ചു പോയി.

അവരുടെ ചിരി ഒരു കളിയാക്കൽ പോലെ തോന്നിയെങ്കിലും നിരക്ഷരനായ ഒരാൾ അറിവ് കടം വാങ്ങാൻ നിൽക്കുന്നവനെ പോലെ അയാൾ മറിച്ചൊന്നും പറഞ്ഞില്ല.. " ഇതിന് അങ്ങിനെ പ്രത്യേകിച്ചു ഭക്ഷണരീതികൾ ഒന്നുമില്ല സാറേ. ഓരോരുത്തരും അവരവരെ കൊണ്ട് പറ്റുന്നത് പോലെയൊക്കെ ചെയ്യും. ഈ സമയത്ത് എണ്ണപലഹാരങ്ങളെക്കെ കൊടുക്കും, പിന്നെ ഏത്തപഴം, മുട്ടാ, ഈന്തപ്പഴം ഇതൊക്കെ കൂടുതലായി കൊടുക്കും, ഗർഭപാത്രത്തിന് കട്ടിയുണ്ടാവണ്ടെ? " ഓ.. " അപ്പോ ഫ്രൂട്ട്സ് കൊടുക്കില്ലേ ? " പിന്നെന്താ കൊടുക്കാല്ലോ. നല്ല രക്തോട്ടം ഉണ്ടാവാൻ ഈ മാതളോ, കാരറ്റോ, ബീറ്റ്‌റൂട്ടോക്കെ ജ്യൂസ് അടിച്ചു കൊടുക്കും. അല്ല സാറിനതിന് പെങ്കുട്ടികളില്ലല്ലോ, പിന്നെന്താ പെട്ടെന്ന് ഇങ്ങനൊരു സംശയം ? " എനിക്കല്ല, പെങ്ങടെ മോൾക്കാ ? " ആഹാ, അതിനാണെങ്കിൽ സാറിന്റെ ഭാര്യയോട് ചോദിച്ചാ പോരെ, അനന്തരവള് വയസ്സറിച്ചാ അമ്മാവനും അമ്മായിക്കുമാ ചിലവ് കൂടുതൽ, എന്തേലും കാര്യയിട്ട് കരുതിക്കോട്ടോ സാറേ. " ങാ കരുതണം.. " അയ്യോ എന്റെ പാല് മുഴുവൻ തിളച്ചു പോയി. ഈ സാറ് " എന്നാ ചേച്ചിയുടെ പണി നടക്കട്ടെ. പെട്ടെന്ന് പാല് തിളച്ചു പൊങ്ങി അടുപ്പിലേക്ക് തൂവി ബർണർ അണഞ്ഞു.

അവർ സ്റ്റൗവ് ഓഫ് ചെയ്തുകൊണ്ട് നീരസത്തോടെ അയാളെ നോക്കി.. രാജീവ് ചമ്മലോടെ അവരെ നോക്കി ചിരിച്ചു കൊണ്ട് ക്യാമ്പിനിലേക് പോയി. " ദേ പാല് " ങാ. ലാലു നബീസുവിന്റെ വീടിന് മുന്നിൽ വന്നു നിന്ന് സൈക്കിൾ ബെല്ലടിച്ച ശേഷം മുടി കൈ കൊണ്ട് കൊതിയൊതുക്കി അകത്തേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.. " എന്താ ? " പാല് ? ശബ്ദം കേട്ട് അപ്പു പുറത്തേക്ക് ചാടിയിറങ്ങി. അവനെ കണ്ടതും ലാലു ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പാൽ കുപ്പി നീട്ടി. മുൻ നിരയിലെ രണ്ട് പലക പല്ലുകൾ പുറത്തേക്ക് ഉന്തിയത് കണ്ടപ്പോൾ അപ്പുവിന് ചിരിവന്നു.. " മുബീനയില്ലേ? " ങാ. " ഒന്ന് വിളിക്കാമോ ? " എന്തിനാ ? " ഒന്ന് കാണാൻ ? " ചേട്ടന്റെ പേര് മിസ്റ്റർ ബീനെന്നാണോ ? " ങേ മിസ്റ്റർ ബീനോ , അതാരാ ? " അത് കാർട്ടൂണിലെ ഒരാളാ, " കാർട്ടൂണോ ? അപ്പു ലാലുവിന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കുകയാണ്. പെട്ടെന്ന് അവന്റെ ചിരി മങ്ങി , പുറത്തേക്കുന്തിയ പല്ലുകൾ അവൻ ചുണ്ടിനുള്ളിലേക്ക് മറയ്ക്കാൻ ശ്രമിച്ചു. " ചേട്ടന്റെ ചിരി മിസ്റ്റർ ബീന്റെ പോലെയാ. അപ്പൊ അതാണോ പേര് ? "

ങാഹാ. ഒന്ന് പോയേടെറുക്കാ, അവന്റെയൊരു മിസ്റ്റർ ബീൻ. എന്റെ പേരെ ലാലുന്നാ. " മൗഗ്‌ളീടെ ബാലുവാണോ ? " ങേ അതേത് ബാലു ? " ബാലു കരടി. " കരടിയോ ? ഉലക്ക ഓ അത് ബാലു, ഞാൻ ലാലു.. ശെടാ ഈ ചെകുത്താനെ കൊണ്ട് വല്ല്യ മേടായല്ലോ. ഒന്ന് പോയി മുബീനയെ വിളിച്ചെടാ ചെക്കാ. അപ്പു പിന്നെയും അവന് നേരെ ചോദ്യങ്ങൾ നിരത്തുകയാണ്. ഇത്തിരി പോന്നൊരു ചെറുക്കൻ കാർട്ടൂൺ കഥാപാത്രങ്ങളുമായി തന്നെ താരതമ്യം ചെയ്യുന്നത് കണ്ടപ്പോൾ ലാലുവിന് ദേഷ്യം വന്നു. " തൂത്തൂന്റെ ചന്തീൽ ആന കുത്തീട്ട്, കിടക്കുവാ, " ഡാ, നീയവിടെ എന്തോന്ന് പറഞ്ഞോണ്ട് നിക്കുവാടാ.. " അയ്യോ താത്തൂ.. ചന്തിയിൽ ആന കുത്തി എന്നത് കേട്ടപ്പോൾ ബാലു ആകെ അമ്പരന്ന് നോക്കിയതും, പെട്ടെന്ന് അലറിക്കൊണ്ടു മുബീന പുറത്തേക്ക് ഓടിയിറങ്ങി. അവളെ കണ്ട് അപ്പു പേടിയോടെ പാൽക്കുപ്പിയുമായി പിന്നാമ്പുറത്തെക്ക് ഓടി. ലാലു ഞെട്ടി സൈക്കിൾ തിരിക്കാൻ ശ്രമിക്കുകയാണ്. " പാല് കൊണ്ട് വന്നാ അതും കഴിഞ്ഞു പൊയ്ക്കോണം,

അല്ലാതെ ഇവിടെ കിടന്ന് എത്തി നോക്കിയാലുണ്ടല്ലോ. നിന്റെ തലയെറിഞ്ഞു ഞാൻ പൊട്ടിക്കും. " അതിന് ഞാനൊന്നും ചെയ്തില്ലല്ലോടി മുബീ, നിന്നെ കാണാതായപ്പോ ഒന്ന് അന്വേഷിച്ചു വന്നതാ. ദേ അന്നേറിഞ്ഞതിന്റെ പാട് ഇപ്പോഴും മുതുകത്തൂന്ന് ഇപ്പോഴും പോയിട്ടില്ല.. എറിയല്ലെടി മുബീ. പ്ലീസ്. " ങാ ഏറി വേണ്ടെങ്കി വേഗം വിട്ടോ. അവൾ റോഡരികിൽ കിടന്ന കരിങ്കൽ കഷ്ണമെടുത്ത് ലാലുവിന് നേരെ ഓങ്ങി. അവൻ പേടിയോടെ സൈക്കിൾ തിരിച്ചു നിർത്തി അവളെ തന്നെ തിരിഞ്ഞു നോക്കി നിൽക്കുകയാണ്. " ങാ ഞാൻ ദേ പോയി.. നിന്റെ കുണ്ടീൽ ആന കുത്തിയത് ഞാൻ അറിഞ്ഞട്ടോഡി. " നീ പോടാ പട്ടി.. " അയ്യോ.. അമ്മേ.. മുബീനയെ കളിയാക്കി കൊണ്ട് വേഗത്തിൽ സൈക്കിൾ മുന്നോട്ടെടുത്ത ലാലുവിന് നേരെ അവൾ കയ്യിലിരുന്ന കരിങ്കല്ലെടുത്തെറിഞ്ഞു. മുതുകിൽ കല്ലേറ് കൊണ്ട് അവൻ അലറി, ഒരു കൈ മടക്കി പുറം തടവി കൊണ്ട് സൈക്കിളിൽ പാഞ്ഞു പോയി. " എവിടെ ആ കോരങ്ങൻ, ഡാ .. " നിന്നോട് പുറത്തേക്ക് പോകരുതെന്ന് ഉമ്മി പറഞ്ഞിട്ടില്ലേഡി.

പിന്നെന്തിനാ നീ അങ്ങോട്ട് പോയത്. " പിന്നെ ഇവനെന്തിനാ ആ ചെക്കനുമായി നിന്ന് കിന്നരിക്കാൻ നിന്നത്. നീയൊറ്റ ഒരുത്തിയാ മനുഷ്യനെ നാണം കെടുത്താനായിട്ട് അവന്റെയൊരു ആന കുത്തിയ കഥ പറഞ്ഞു കൊടുത്ത്.. ങാ നീ ഒളിച്ചിരുന്നോ, എന്റെ കയ്യില് എപ്പഴേലും നിന്നെ കിട്ടും, അന്ന് ശരിക്ക് തരും ഞാൻ. ദേഷ്യത്തിൽ അവൾ അകത്തേക്ക് കയറി അവനെ തിരയുകയാണ്. അപ്പു പേടിയോടെ പിന്നാമ്പുറത്തെ വാഴയുടെ മറവിൽ നിന്ന് അവളെ എത്തി നോക്കുകയാണ്. അവളുടെ ദേഷ്യം കണ്ട് അടുക്കളയിൽ നിന്ന ആഷിതയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.. കല്ലേറ് കൊണ്ട് പാഞ്ഞു പോയ ലാലു അമ്പലപറമ്പിലെ ആൽത്തറയ്ക്ക് അരികിൽ സൈക്കിൾ നിർത്തിയിറങ്ങി കിതച്ചു വിയർത്ത് കൽകെട്ടിൽ വന്നിരുന്നു.. " ഡാ എന്തായി അമ്മയോട് ചോദിച്ചോ ? " ങാ ചോദിച്ചു.. അപ്പൊ തന്നെ ഉത്തരോo കിട്ടി.. മുതുകിന് താഴെ തടവി കൊണ്ട് നടന്ന് വരുന്ന ഉണ്ണിയെ കണ്ട്, കിതപ്പിനിടയിലും അവന്റെ മുഖം വിടർന്നു.. " ങാ എന്നാ വേഗം പറ, അവക്കെന്താ അസൂഖം ? " ഒന്ന് പോയെടാ തെണ്ടി. അവക്കൊരു തേങ്ങയുമില്ല. ദേ ഇത് കണ്ടോ , നിന്നെ സഹായിക്കാൻ വേണ്ടി വയസ്സറിയിക്കാന്ന് പറഞ്ഞാ എന്താന്ന് അമ്മയോട് ചോയിച്ചതിന് കിട്ടിയതാ, കഞ്ഞി കയിലിന് വീക്ക്. ഹമ്മെ.. ഉണ്ണി ആൽത്തറയിലിരുന്നു അടി കൊണ്ട് ചുവന്ന തടിച്ച പാടിൽ കൈ കൊണ്ട് മെല്ലെ തടവി..

" ങേ അപ്പോ ഇത് പുറത്ത് പറയാൻ കൊള്ളത്ത സൂക്കേടാവും , വെറുതെയല്ല ആ ചെക്കൻ അവളെ ആന കുത്തിയ കാര്യം പറഞ്ഞത് ?. " നിന്റെ തലേല് വല്ല കളിമണ്ണും ആണൊട പൊട്ടാ.. ഒരു പ്രായം ആവുമ്പോ എല്ലാ പെണ്ണുങ്ങക്കും ഇങ്ങനെയുണ്ടാവും. അത് തന്നെയാ അവൾക്കും. " ങേ ഇതാര് പറഞ്ഞു..? " ആരെങ്കിലും ആയിക്കോട്ടെ നിനക്ക് കാര്യം അറിഞ്ഞാ പോരെ.. " അമ്മേ.. ഉണ്ണി ദേഷ്യത്തിൽ കൈ നീട്ടി അവന്റെ പുറത്തടിച്ചു. ലാലു കൽകെട്ടിൽ നിന്ന് പെട്ടെന്ന് ഞെട്ടിയെഴുനേറ്റു കൊണ്ട് പുറത്തെ കല്ല് കൊണ്ട് മുറിഞ്ഞ ഭാഗത്ത് പതിയെ തടവി നോക്കി.. " ങാഹാ നിനക്കും കിട്ടീല്ലേ. ഹാവൂ ഇപ്പോഴാ സന്തോഷമായത്. " ങാ ഇനി ജീരകസോഡെം, വെട്ട് കേക്കും ചോയിച്ചോണ്ട് വാ. വാങ്ങി തരാം ഞാൻ. ലാലു ദേഷ്യത്തിൽ സൈക്കിളെടുത്തു ചവിട്ടി പോയി. ആഗ്രഹിച്ച സോഡയും കടിയും , ആഗ്രഹിക്കാതെ കിട്ടിയ അടിയുടെ വേദനയുമായി ഉണ്ണി അവൻ പോകുന്നതും നോക്കി വിഷണ്ണനായി ആൽത്തറയിൽ തനിച്ചിരുന്നു........ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story