എന്റെ ഉമ്മാന്റെ പേര്: ഭാഗം 34

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" എന്നാ ഞാനിറങ്ങട്ടെ നബീസു, ചെല്ലാൻ വൈകിയ അതിയാന് പിന്നെ അത് മതി. ദാ നീയത് വെച്ചോ, തിരക്കിട്ട് പൊരുന്നതിനിടയിൽ അവൾക്കൊന്നും വാങ്ങാൻ പറ്റിയില്ല. " ഇപ്പൊ തന്നെ ഞാൻ കൊറേ തരാനില്ലേ ചേട്ടത്തി, " അതൊന്നും നീ തിരിച്ചു തരാൻ വേണ്ടിയല്ല ഞാൻ തന്നത്. ബ്ലേഡ്കാരൻ അവറാന്റെ ഭാര്യ ലില്ലി നബീസുവിന്റെ കൈയിൽ ഒരു അഞ്ഞൂറ് രൂപ തിരുകി വെച്ചു കൊണ്ട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി. മുബീന വയസ്സറിയിച്ച വിവരം സർക്കാർ ആശുപത്രിയിൽ വെച്ച് മാധവന്റെ ഭാര്യ രുക്മിണിയെ കണ്ടപ്പോൾ അവർ പറഞ്ഞിരുന്നു.. " ഇതേതാ ഈ കുട്ടി ? " ഇവനെ നോക്കാനാ ഞാൻ വൈകിട്ട് പോയിരുന്നത്, ഇപ്പൊ ക്ലാസ് കഴിഞ്ഞു പിള്ളേരുടെ കൂടെ ഇവൻ നേരെയിങ്ങ് പോരും. ലില്ലി റോഡിലേക്കിറങ്ങിയതും ആഷിതകയുടെ കൂടെ അപ്പുവിനെ കണ്ട് അവർ സംശയത്തോടെ നോക്കി..

" ആഹാ.. എന്താ മോന്റെ പേര് ? " അപ്പു.. അല്ല, നിരഞ്ജൻ എസ് രാജീവ് " ങാഹാ വല്ല്യ പേരണല്ലോ ? ഏത് ക്ലാസ്സിലാ അപ്പു പഠിക്കണെ ? " ഫോർത്ത് എ ലില്ലി അവനെ ആകെയൊന്ന് നോക്കി കൊണ്ട് മുടിയിലും കവിളിലും തലോടി. ഉപ്പിലിട്ട നെല്ലിക്ക കടിച്ചു കൊണ്ട് കവിളിലെ നുണക്കുഴി വിടർത്തി അവൻ അവർക്കൊരു സുദീർഘമായ പുഞ്ചിരി സമ്മാനിച്ചു. മക്കളില്ലാത്തത്തിന്റെ നോവെരിഞ്ഞു നീറുന്ന അവരുടെ മനസ്സിന് അപ്പുവിന്റെ പുഞ്ചിരി നനുത്തൊരു തെന്നൽ പോലെ തലോടുന്നുണ്ടായിരുന്നു. അൽപ്പനേരം അവനെ കണ്ണെടുക്കാതെ നോക്കി നിന്ന ശേഷം ലില്ലി ചെമ്മൺവഴിയിലൂടെ നടന്ന് നീങ്ങി. സർവ സൗഭാഗ്യങ്ങളുമുണ്ടായിട്ടും പെറ്റു പോറ്റിയോമനിക്കാൻ അവർക്കൊരു കുഞ്ഞില്ലാത്ത പോയ വേദനയെ കുറിച്ചോർത്തപ്പോൾ ലില്ലിയെ പോലെ തന്നെ നബീസുവിന്റെ ആത്മാവിലും ഒരു മുറിവ് വിങ്ങി. ദൈവങ്ങൾ ചിലപ്പോഴൊക്കെ ക്രൂരന്മാരുമാണ്. അവരുടെ കണക്ക് പുസ്തകത്തിലെ ചില പേരുകളിൽ സകലതും എഴുതി ചേർത്തിട്ടും,

അമ്മ എന്ന അദ്ധ്യായങ്ങൾ മാത്രം അടയാളപ്പെടുത്തായിട്ടുണ്ടാവില്ല. നബീസു കുട്ടികളുമായി അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് ഹോൺ മുഴക്കി കൊണ്ട് കോളനിയുടെ വളവ് തിരിഞ്ഞു രാജീവിന്റെ കാർ റോഡരികിൽ വന്നു നിന്നത്.. വണ്ടിയിൽ നിന്നിറങ്ങി ഡിക്കി തുറന്ന് ഒരു വലിയ കുല നേന്ത്രപ്പഴവും കുറെ കവറുകളും അയാൾ പുറത്തേക്കെടുത്തു വെച്ചു. നബീസുവും ആഷിതയും അമ്പരന്ന് പരസ്പ്പരം നോക്കുകയാണ്. " ഇതൊക്കെയെന്താ അച്ഛാ ? " ഇതോക്കെ നിന്റെ താത്തൂനുള്ളതാ, ദേ ഇത് പിടിച്ചേ. ഉള്ളിലെ അവസാന രണ്ട് കവറുകൾ കൂടിയെടുത്ത് അപ്പുവിന് നീട്ടി കൊണ്ട് അയാൾ ഡിക്കിയടച്ചു. നേന്ത്ര കുലയെടുത്ത് തോളിന് പിന്നിലൂടെ പിടിച്ച ശേഷം താഴെയിരുന്ന കവറുകൾ ഒരു കൈയിൽ കോർത്ത് പിടിച്ചു കൊണ്ട് കയറ്റിറക്ക് തൊഴിലാളിയെ പോലെ അയാൾ വാതിൽക്കലേക്ക് നടന്നു. " ഇതൊക്കെയെന്തിനാ സാറേ ? " അല്ല, ഇവിടെ സന്തോഷമുള്ളൊരു കാര്യം നടന്നിട്ട് ഒന്ന് വിളിച്ചു പറയാനുള്ള മര്യാദ പോലും നിങ്ങള് കാണിച്ചില്ല,

ആരേലും പറഞ്ഞു അറിയുമ്പോ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ ? രാജീവ് ഗൗരവം നടിച്ചു കൊണ്ട് കുലയും കവറുകളും വാതിൽക്കൽ വെച്ചു. " അയ്യോ ഇതൊന്നും അങ്ങിനെ പറഞ്ഞറിയിക്കേണ്ട കാര്യങ്ങളൊന്നുമല്ലല്ലോ സാറേ, ആഷിയുടെ കാര്യത്തിന് അവൾടെ വാപ്പാടെ ആൾക്കാരോട് പറഞ്ഞിട്ട് ഒരാളും പോലും തിരിഞ്ഞു നോക്കിയില്ല. " അതിന് ഞാൻ ഇവരുടെ വാപ്പാടെ ബന്ധുവല്ലല്ലോ ? പിന്നെ ഞങ്ങടെ നാട്ടിലൊക്കെ ഇങ്ങനൊരു ചടങ്ങ് വന്നാ ആദ്യം പറയുന്നത് പിള്ളേരുടെ അമ്മാവൻമാരോടാ. " ജോലി കാര്യങ്ങളൊക്കെയായി സാറിനൊരുപാട് തിരക്കുള്ളതല്ലേ അതാ പിന്നെ ഞാൻ. " എന്ത് തിരക്കായാലും എന്റെ പിള്ളേർക്കൊരാവിശ്യം വന്നാ അത് വന്ന് നടത്തി തരണ്ടേ. നമ്മളോട് ഈ ചിരിച്ചു കാണിക്കുന്നവർക്കെല്ലാം ഉള്ളില് സ്നേഹമുണ്ടെന്ന് മാത്രം കരുതരുത്. " അതൊക്കെ തിരിച്ചറിയാനുള്ള കഴിവും ബുദ്ധീം എനിക്കുണ്ടായിരുന്നേൽ എന്റെ ജീവിതം ഇങ്ങനാകുമായിരുന്നില്ലല്ലോ. നബീസുവിന്റെ മുഖം മങ്ങുന്നത് കണ്ടപ്പോൾ രാജീവിനും ഒരു വല്ലായ്മ തോന്നി. മുബീനയെ കുറിച്ചു പറയാത്തതിലുള്ള ചെറിയ അമർഷം അറിയിക്കണമെന്നല്ലാതെ മറ്റൊന്നും അയാൾ ഉദ്ദേശിച്ചിരുന്നില്ല. എത്രയൊക്കെ ശ്രമിച്ചാലും.

ചിലപ്പോഴൊക്കെ മനസ്സ് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളായിരിക്കില്ല വാക്കുകളായി പുറത്തേക്ക് പ്രവഹിക്കുന്നത്. ഒരുപക്ഷേ ഏതൊരു ബന്ധത്തെയും മുറിപ്പെടുത്താൻ ഒരൊറ്റ വാക്കിന്റെ വാൾതലപ്പുകൾക്ക് കഴിഞ്ഞെക്കാം. ആരും അൽപ്പ സമയത്തേക്ക് ഒന്നും സംസാരിച്ചില്ല. " ഇതെന്താ അവിടെ തന്നെ നിക്കണേ , വന്നേ ചോദിക്കട്ടെ.. " അയ്യോ സാറേ, ഈ സമയത്ത് അങ്ങിനെ അണുങ്ങളാരുടേം മുന്നിലേക്ക് വന്നൂടാ. " ഓ അങ്ങിനൊരു കാര്യമുണ്ടല്ലേ , ഞാനത് മറന്നു.. ദീർഘമായ നിശ്ശബ്ദത മുറിച്ചു കൊണ്ട് രാജീവ് മുബീനയെ കൈ കാണിച്ചു വിളിച്ചു. വാതിൽക്കൽ നിന്ന് എത്തി നോക്കികൊണ്ട് പുറത്തേക്ക് വരാൻ തുടങ്ങിയ മുബീനയെ നബീസു തടഞ്ഞു. ഒരു മകന്റെ അച്ഛനാവുക എന്നതിനെക്കാൾ ഭാരിച്ച ഉത്തരവാദിത്വവും അതിലേറെ കടമകളും നിറഞ്ഞതാണ് ഒരു മകളുടെ അച്ഛനാവുക എന്നുള്ള കാര്യം ആ നിമിഷം അയാൾ ഓർക്കാതിരുന്നില്ല.. " ഞാൻ ചായയെടുക്കാം ? " ഏയ് വേണ്ടാ, പോട്ടെ വൈകീട്ടൊരു റിട്ടയർമെന്റ് ഫങ്ങ്ഷനുണ്ട്. " അപ്പോ അപ്പു ? " ഏയ് . ഒമ്പത് മണിക്ക് മുൻപ് എന്തായാലും ഞാൻ എത്തും.. ദേ ഇതൊക്കെ എടുത്ത് അകത്തേക്ക് വെച്ചെക്ക്. പോട്ടെ.. " അല്ല . അത്.. രാജീവ് പെട്ടെന്ന് എഴുനേറ്റ് പുറത്തേക്ക് നടന്നു.

ഒരു കൂടപ്പിറപ്പിനെ പോലെ തന്നെ കരുതുന്ന അയാളോടുള്ള തന്റെ സംസാരം അൽപ്പം അതിര് കടന്നോ എന്നൊരു കുറ്റബോധം ഉള്ളിൽ ഉയർന്നതും, എന്തോ പറയാൻ തുടങ്ങിയ നബീസു പെട്ടെന്ന് നിർത്തി.. അപ്പുവിനെയും കൂട്ടി പോകുമ്പോൾ എന്നും നല്കാറുള്ള ഒരു പുഞ്ചിരി പോലും നൽകാതെ അയാൾ കാറെടുത്തു പോകുന്നത് കണ്ടപ്പോൾ അവളുടെ കുറ്റബോധത്തിന് ആഴം കൂടുകയായിരുന്നു.. ഒരു ചിരി കൊണ്ടൊരു ബന്ധമളക്കാം, ഒരു മൊഴികൊണ്ടുമളക്കാം. എങ്കിലും മനസ്സ് കൊണ്ടൊരു ബന്ധത്തിന്റെ ആഴമളക്കാൻ നന്മ വറ്റാത്ത മനസ്സ് തന്നെ വേണം.. " ഡോ രാജീവേ താനിതെവിടെയാ? " ഓ ഊര് ചുറ്റോലൊക്കെ കഴിഞ്ഞു സാറെത്തിയോ ? സഹപ്രവർത്തകന്റെ വിരമിക്കൽ പാർട്ടിയിൽ നിൽക്കുമ്പോഴാണ് രാജീവിന് അരവിന്ദന്റെ ഫോൺ വന്നത്. " എത്തിയിട്ട് ഒരു മണിക്കൂറായി, അല്ലാ താനെപ്പോഴാഡോ ഫ്രീയാവുന്നെ, ഒന്നിരിക്കണ്ടേ ? " ഞാനിവിടെ ഒരു ഫെയർവേൽ പാർട്ടിയിൽ ആഡോ പാർട്ടിക്കിടയിലെ ബഹളങ്ങൾക്കിടയിൽ നിന്ന് രാജീവ് അൽപ്പം മാറി നിന്നു.

" ആഹാ അപ്പൊ നല്ല കാര്യമായിട്ട് താങ്ങി കാണാല്ലോ ? " എന്നാലും തന്റെയൊരു പെഗ്ഗിന് വേണ്ടി ഞാൻ കുറച്ചു സ്പേസ് ഫ്രീയാക്കി വെച്ചേക്കാം.. അല്ലെടോ അപ്പൊ മോള് പോയോ ? " ഏയ് അവള് ഒരാഴ്ച്ച കഴിഞ്ഞേ പോകു. " അപ്പൊ എവിടെ കൂടും. " നമുക്ക് കോശിച്ചയന്റെ വീട്ടിൽ കൂടാടോ " എന്നാ കാര്യങ്ങള് സെറ്റാക്കിക്കോ, ഞാൻ ദേ എത്തി, ങാ പിന്നെ വന്നിട്ട് കുറച്ചു കാര്യങ്ങൾ തീരുമാനിക്കാനുണ്ട്, ആ കള്ള കിളവനോട് പോകരുതെന്ന് പറഞ്ഞേക്കണം. " അപ്പൊ ശരി എല്ലാം പറഞ്ഞത് പോലെ. കോൾ കട്ട് ചെയ്ത് ശേഷം രാജീവ് കൗണ്ടറിൽ നിന്ന് ഒരു പെഗ്ഗ് കൂടിയെടുത്തു സുഹൃത്തുക്കൾക്കിടയിലെ തിരക്കിലേക്ക് പോയി. രാജീവ് നനീസുവിന്റെ വീട്ടിൽ നിന്ന് അപ്പുവിനെയും കൂട്ടി കൊണ്ട് ഫ്ലാറ്റിലേക്ക് വരുമ്പോൾ രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. പോർച്ചിൽ കാർ നിർത്തി അകത്തിരുന്ന കുപ്പി വെള്ളമെടുത്ത് മുഖം കഴുകിയ ശേഷം അയാൾ അപ്പുവിനെയും കൊണ്ട് കോശിച്ചായന്റെ ഫ്ലാറ്റിലേക്ക് പോയി. " തന്നെ കാത്തിരുന്ന മുഷിഞ്ഞപ്പോ ഞങ്ങള് തുടങ്ങി.

" ങാഹാ. വതിൽക്കലെത്തി ബെല്ലടിച്ചതും അരവിന്ദൻ മുഖവുരയോടെ വാതിൽ തുറന്നു. " അല്ല ഇതാരാ അപ്പുക്കുട്ടനോ, നിന്നെ കണ്ടിട്ട് കുറെയായല്ലോടാ മക്കളെ, വന്നേ ചോദിക്കട്ടെ. " അമ്മാമ്മന്തിയെ ? " എടിയെ ദേ ഇതാരാ വന്നേക്കണെന്ന് നോക്കിയേ ? അപ്പുവിനെ കണ്ട് കോശിച്ചയാൻ അവനെ വട്ടം പിടിച്ചു മടിയിലിരുത്തി. " നീ വല്ലോം കഴിച്ചായിരുന്നോടാ കൊച്ചെറുക്കാ. " ങാ പഴോം , ജിലേബീം. പാലും കുടിച്ചു. " ങാഹാ, അവൾക്ക് വാങ്ങി കൊടുത്തത് മുഴുവൻ നീയാണല്ലേ തട്ടിയത്. " ങാ ആന്റി എനിക്ക് തരാതെ ആർക്കും ഒന്നും കൊടുക്കൂല്ലല്ലോ.. അപ്പുവിന്റെ ശബ്ദത്തിൽ നബീസുവിനോടുള്ള സ്നേഹത്തേക്കളുപരി അവൾ അവന്റെ സ്വന്തമാണെന്ന ആധികാരികതയുണ്ടായിരുന്നു. സ്നേഹം വിളമ്പുന്നവൾ എന്നും അത് സ്വീകരിക്കുന്നവന്റെ സ്വന്തമാണെന്നു അവനും മനസ്സിലാക്കിയിരിക്കണം.. " അമ്മമേടെ അപ്പൂസെവിടെ " ഞാനിവിടെയുണ്ടല്ലോ കോശിച്ചായാന്റെ വിളി കേട്ട് അന്നാമ്മച്ചി മുറിയിൽ നിന്ന് ഹാളിലേക്ക് വന്നു.

അവരെ കണ്ട് അപ്പു അയാളുടെ മടിയിൽ നിന്നെഴുനേറ്റ് അവർക്കടുത്തേക്ക് ഓടി. " വാ നമുക്കിവിടെയിരിക്കണ്ട, " അതെന്താ ? " എല്ലാം കള്ള് കുടിയന്മാരാ, കൂടെയിരുന്നാ നമ്മളും കൂടെ ചീത്തയായി പോവും. ഇങ് പോരെ മാധവൻ ഒരു ഗ്ലാസ് എടുത്ത് പെഗ്ഗ് ഒഴിച്ചു രാജീവിന് നീട്ടുന്നത് അപ്പു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാളത് വാങ്ങി അവർക്ക് നേരെ ചിയേർസ് പറഞ്ഞു കൊണ്ട് ഒന്ന് സിപ്പ് ചെയ്ത ശേഷം താഴെ വെച്ചു. അപ്പു അതെല്ലാം തിരിഞ്ഞു നോക്കി കൊണ്ട് പതിയെ മുറിയിലേക്ക് നടന്നു.. " നിനക്ക് അണ്ടി പരിപ്പ് വേണോ അപ്പൂസേ ? " അണ്ടി പരിപ്പോ, അതെന്താ ? " അതോ.. അത്.. അതിനെ ഇംഗ്ലീഷിൽ എന്നാ അച്ചായാ പറയണേ ? അന്നാമ്മച്ചി സംശയത്തോടെ തിരിഞ്ഞു നിന്നു.. " അണ്ടി പരിപ്പെന്ന് പറഞ്ഞാ ക്യാഷു നട്ട് , " ങാ അത് തന്നെ , വേണോ നിനക്ക് ? " ങാ അപ്പു തലകുലുക്കി കൊണ്ട് അവരുടെ കൈയിൽ തൂങ്ങി. തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു. " പണ്ട് ഞങ്ങളൊക്കെ എന്തോരം അണ്ടി പെറുക്കി നടന്നതാ , ഇന്നത്തെ പിള്ളേർക്ക് അണ്ടിയും ചണ്ടിയും എന്താണെന്ന് പോലും പിടിയില്ല. അവനെ ഇംഗ്ലീഷ് മാത്രം പഠിപ്പിക്കാതെ, നമ്മടെ നാടും പച്ചപ്പും, നാട്ടറിവുകള് കൂടിയൊന്ന് പഠിപ്പിക്കാടാ രാജീവേ "

അതൊക്കെ ആഷിo മുബീം കൂടി പഠിപ്പിച്ചെടുത്തോളും അച്ചായാ. ഇന്നാള് മൂന്നും കൂടി ഏതോ പറമ്പില് ഒരു ലോഡ് വാളൻ പുളീം , കാരക്കേം,ഇരുമ്പൻ പുളീക്കെ പറിക്കാൻ പോയ കഥ പറയുന്നുണ്ടായിരുന്നു. , " ങാ ആ കഥ നബീസു പറഞ്ഞു ഞാനും കേട്ടതാ, അവരങ്ങനെ കളിച്ചു നടന്ന് വളരട്ടെഡോ ,എന്തായാലും അപ്പൂന്ന് പറഞ്ഞാ നബീസുനും പിള്ളേര്ക്കും ജീവനാ. " അവനും. കോശിച്ചയാൻ അടുക്കളയിലേക്ക് എത്തി നോക്കി കൊണ്ട് ബാക്കി വെച്ച മദ്യമെടുത്ത് വായിലേക്ക് കമഴ്ത്തി.. " അല്ലെടോ താൻ വന്നിട്ടേന്തോ തീരുമാനിക്കാനുണ്ടെന്ന് പറഞ്ഞത് ? " ങാ അതോ, അത് വേറൊന്നുമല്ല, മുബീനയുടെ വയസ്സറിയിക്കൽ ചടങ്ങ് നമുക്ക് എല്ലാവർക്കും കൂടി ഭംഗിയായിട്ടങ്ങ് നടത്തിയാലോ ? " ങേ അതെന്താ തനിക്കപ്പൊ അങ്ങിനൊരു തോന്നൽ. അരവിന്ദനും മാധവനും സംശയത്തോടെ രാജീവിനെ നോക്കി. " ആരുമില്ലെന്നൊരു സങ്കടം അവരുടെ മനസിലുണ്ട് അരവിന്ദ, നമ്മളോടൊക്കെ ഇത്രേം അടുത്തിടപഴുകിയിട്ടും അങ്ങിനൊരു തോന്നാലുണ്ടെൽ അത് നമ്മളായിട്ട് തന്നെ മാറ്റിയെടുക്കണ്ടേ ? "

ശെരിയാടാ മക്കളെ, കാര്യം അവള് കൂലി വാങ്ങിയാ നമ്മുടെയൊക്കെ വീട്ടില് ജോലിക്ക് വരുന്നേ, പക്ഷെ നമ്മളോട് കാണിക്കുന്ന സ്നേഹത്തിനും ബഹുമാനത്തിനുമൊന്നും നമ്മളിന്നേവരെ അവൾക്ക് തിരിച്ചൊന്നും കൊടുത്തിട്ടില്ല. പറക്കമുറ്റാത്ത രണ്ട് പിള്ളേരേം കൊണ്ടാ ആ കൊച്ചീ കിടന്ന് കഷ്ടപ്പെടണെ. " ശരിയാ സാറേ, പതിരുപത്തേഴ് വയസ്സി തുടങ്ങിയതാ അവൾഡീ കഷ്ടപ്പാട്. കയറി കിടക്കാൻ സ്വന്തമായിട്ടൊരു വീട് പോലുമില്ല അവൾക്ക്, നമ്മളെ കൊണ്ട് അവൾക്കൊരു ചെറിയ സന്തോഷമെങ്കിലും കിട്ടോങ്കിൽ നമുക്കത് ചെയ്യണം സാറേ . " ങാ. ഒന്നും നോക്കണ്ടാ എന്താന്ന് വെച്ചാ നിങ്ങളങ്ങോട്ട് ചെയ്യടാ പിള്ളേരെ, ഞാനും കൂടാം, എന്തൊരോന്നു വെച്ചാ ഈ വീട്ടീ തന്നെ അടച്ചിരിക്കണെ. " എന്നാ പിന്നെ ഇനി കൂടുതലൊന്നും ആലോചിക്കേണ്ട, എങ്ങിനാന്ന് വെച്ചാ താൻ പ്ലാൻ ചെയ്തോ രാജീവേ ഗ്ലാസ്സിലെ ബാക്കി വെച്ച മദ്യം തീർത്ത് കൊണ്ട് അരവിന്ദൻ എല്ലാവരെയും നോക്കി.. " അല്ലാ സാറേ , അവരുടെ കൂട്ടർക്ക് അങ്ങിനൊരു ചടങ്ങ് ഉണ്ടോന്ന് അറിയാതെ നമ്മളെന്തെലും ചെയ്ത് ഒടുക്കം പുളിവാലാവോ ? " ഓ അവക്കങ്ങിനെ ജാതീം മതൊന്നുമില്ലന്നെ, മാധവന്റെ സംശയമുണർന്നു. പെട്ടെന്ന് അന്നാമ്മച്ചി അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു.

കോശിച്ചയാനും, അരവിന്ദനും ആലോചനയോടെ പരസ്പ്പരം നോക്കുകയാണ്. " അല്ല അന്നാമ്മച്ചി എന്നാലും ഒന്നറിഞ്ഞിരിക്കണ്ടേ? " ഇതിലിപ്പോ അറിയാനൊന്നുമില്ല, അങ്ങിനെ ജാതീം മതോം നോക്കുവാണെ അവളീ നസ്രാണി കുടുംബത്തി ജോലിക്ക് വരോ, ദേ ഈ അപ്പൂനെ സ്വന്തം കൊച്ചിനെ പോലെ നോക്കോ ? എന്തിന് അവൾക്ക് കാണാനോ , കഴിക്കാനോ പറ്റാത്തത് വരെ അവള് വെച്ചുണ്ടാക്കി തരാന്നെ പറഞ്ഞിട്ടുള്ളൂ. എന്നാലും ഞാൻ അതൊന്നും അവളെ കൊണ്ട് ചെയ്യിപ്പിച്ചിട്ടില്ല. ദേ ഇവിടെ അച്ചായാന് പോർക്കിറച്ചിന്ന് വെച്ചാ ജീവനാ, അവള് വന്നേ പിന്നെ ഞാനത് പോലും ഇവിടെ വാങ്ങിപ്പിച്ചിട്ടില്ല. എല്ലാ മതകാർക്കും അവരുടേതായ വിശ്വാസങ്ങളുണ്ടല്ലോ. നമ്മളായിട്ടെന്തിനാ അതിനെ ചോദ്യം ചെയ്യണത്.. പിന്നെ ഇപ്പോ നിങ്ങള് പറയുന്നതൊക്കെ നല്ല കാര്യങ്ങള് തന്നെയാ, പക്ഷെ ഇതൊരു കല്ല്യാണം നടത്തണ പോലെയാണെന്നാണോ നിങ്ങടെ വിചാരം? " അല്ലെ ? രാജീവും അവരെ സംശയത്തോടെ നോക്കി. "

അവരുടെ മതത്തില് ഇതൊരു കുട്ടി കല്ല്യാണോന്നൊക്കെയാ പറയണേ, ബന്ധുക്കളെക്കെ വിളിച്ചു വല്ല നെയ്യച്ചോറോ ബിരിയാണിയൊക്കെയോ വെച്ചു ആഘോഷയിട്ട് നടത്തും, അന്ന് വരുന്നൊരു സ്വർണായിട്ടോ, പണായിട്ടോ എന്തെലൊക്കെ കൊടുക്കും. വളർന്ന് കല്യാണപ്രായകുമ്പോളത്തെക്കുള്ള നീക്കിയിരിപ്പോന്നൊക്കെയാ ഇതിനെ പറയാറ്.. വയസ്സറിയിച്ച കൊച്ചിന്റെ വാപ്പാന്റെ പെങ്ങളോ, അതല്ലെങ്കിൽ ഉമ്മാന്റെ ആങ്ങളയുടെ ഭാര്യയോക്കെയാ മുറപ്പടി ചടങ്ങൊക്കെ ചെയ്യാറ്. ഇതൊക്കെ പെണ്ണുങ്ങളുടെ കാര്യങ്ങളാ. അല്ലാതെ കല്യാണം നടത്തണപോലെ ഇവിടിരുന്നു സഭകൂടി തീരുമാനിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. ഈ ചടങ്ങിനെ ആണുങ്ങളൊക്കെ വെറും കാഴ്ചക്കാര് മാത്രാ . മനസിലായോ ? " അമ്പമ്പോ നീയാള് കൊള്ളാല്ലോടി അന്നമ്മേ, നിന്ക്കിതൊക്കെ എങ്ങിനറിയാ. എല്ലാവരും അമ്പരന്ന് അന്നാമ്മച്ചിയെ നോക്കുകയാണ്. " ഇതിനിപ്പോ അറിയാൻ എന്തിരിക്കുന്നു അച്ചായാ. പണ്ട് നമ്മടെ കൂടെ ബോംബെല് ഉണ്ടായിരുന്ന സീനത്തിന്റെ മോൾക്ക് പ്രായം ആയപ്പോ ഞാനും , ആലപ്പുഴേലെ കൊച്ചു റാണീം കൂടെയല്ലേ ഇതൊക്കെ ചെയ്തത്. അതെന്നാ അച്ചായൻ മറന്ന് പോയോ "

ങാ ങാ. ഞാനാ കേസങ് വിട്ട് പോയെടി. കോശിച്ചയാൻ പെട്ടെന്ന് എന്തോ ഓർമവന്നത് പോലെ അന്നാമ്മച്ചിയെ നോക്കി കൊണ്ട് താടിയിൽ ഒന്നുഴിഞ്ഞു. " ങാ ഇനിയിപ്പോ ഒന്നും നോക്കണ്ടടാ പിള്ളേരെ നമുക്കെല്ലാവർക്കും കൂടി ഇതങ്ങോട്ട് നടത്താ. മുറ ചെയ്യാൻ ആളില്ലേലും ദേ ഇവളുണ്ടല്ലോ. പിന്നെ മാധവന്റേ ഭാര്യേം. അല്ലേലും പെങ്കൊച്ചോരെണ്ണം വീട്ടിലുള്ളത് ഒരൈശ്വര്യം തന്നെയാ. ദേ രണ്ട് ഭാഗ്യവാന്മാർ ഇരിക്കണ കണ്ടില്ലേ , ഒരാൾക്ക് ഒന്നും മറ്റൊരാൾക്ക് രണ്ടും. " പറയുമ്പോ ഭാഗ്യോo ഐശ്വര്യോക്കെ തന്നെയാബികോശിച്ചായാ. പക്ഷെ വിശ്വസിച്ചു ഒരുത്തന്റെ കൈ പിടിച്ചു കൊടുക്കുന്നത് വരെ തന്തേടേം തള്ളേടേം ഉള്ളിലെ ആധി ആരേലും അറിയാറുണ്ടോ ? ഇന്നത്തെ കാലത്ത് ഒരു പെങ്കൊച്ചിനെ കെട്ടിച്ചു വിടുന്നത് നിസാര ചിലവെങ്ങാനുമാണോ. " ഹാ. അതൊക്കെ ആ സമായമാകുമ്പോ അങ്ങ് നടന്നോളോടൊ . ദേ താൻ ഓരോന്നൂടെയിങ്ങോട്ട് ഒഴിച്ചെ . കോശിച്ചയാൻ മാധവന് നേരെ ഗ്ലാസ് നീട്ടി. അച്ഛന്റെ സ്നേഹം ഏതൊരു മകളുടെയും തണലാണ്,

കരുതലാണ്, അതിലേറെ ഭാഗ്യമാണ്. ഓർമ്മയുറച്ച് തുടങ്ങും മുൻപേ അച്ഛന്റെ സ്നേഹവും കരുതലും നഷ്ട്ടപ്പെട്ടുപോയ ഒരുവളുടെ ഋതുഭേത മാറ്റത്തിന് തണലേക്കാൻ കർമം കൊണ്ട് പിതൃ തുല്യരായ നാല് അച്ഛന്മാർ പന്തലൊരുക്കുകയാണ്. ഒറ്റപ്പെടലിന്റെ കയത്തിൽ നിന്ന് കരകയറാൻ നബീസുവിനും മക്കൾക്കും നേരെ ആശ്വാസത്തിന്റെ തോണിയിറക്കാൻ ഒരുങ്ങുകയാണ് അവർ. സ്നേഹിക്കുക എന്നത് ഒരു ഭാഗ്യമാണ്. സ്നേഹിക്കപ്പെടുക എന്നത് മഹാഭാഗ്യവും. " ദേ എന്ത് നടത്തണേലും അവളോട് ഒരു വാക്ക് ചോദിച്ചിട്ട് മതിട്ടോ.. " അതിനെന്താ ഇപ്പൊ തന്നെ ചോദിച്ചു കളയാം. " ഈ വക കാര്യങ്ങളൊക്കെ ഈ നേരത്താണോ ചോയിക്കണത്, അവള് നാളെ വരുമ്പോ ഞാൻ ചോദിച്ചോളാം. " ശരിയാടോ, ഇതൊക്കെ നേരിട്ട് ചോദിക്കുന്നതാ അതിന്റെ മര്യാദ. രാജീവ് പോക്കറ്റിൽ നിന്ന് ധൃതിയിൽ മൊബൈൽ എടുത്ത് നബീസുവിനെ വിളിക്കാൻ ഒരുങ്ങിയതും അന്നാമ്മച്ചി തടഞ്ഞു..

കോശിച്ചയാൻ ഒഴിച്ചു വെച്ചിരുന്ന ഗ്ലാസ്സെടുത്ത് പെട്ടെന്ന് വായിലേക്ക് കമിഴ്ത്തിയ ശേഷം ടേബിളിൽ ഇരുന്ന ആപ്പിൾ കഷ്‌ണമെടുത്ത് കടിച്ചു.. " എന്നാ നബീസു മോളുടെ കുളി ? നീയെന്തെലും തീരുമാനിച്ചിട്ടുണ്ടോ? " മറ്റാനാളാത്തേക്ക് ഏഴകും. അവൾടെ വാപ്പാടെ വീട്ടന്ന് ആരും വരില്ല, പിന്നെയുള്ളത് തൊട്ടയൽക്കാരും , മാധവേട്ടനും നിങ്ങളൊക്കെയാ. അങ്ങിനെ ചടങ്ങായിട്ടൊന്നും നടത്തണില്ല അന്നാമ്മച്ചി. അടുത്ത ദിവസം നബീസു വന്നപ്പോൾ അന്നാമ്മച്ചി മുബീനയുടെ വയസറിയിക്കൽ ചടങ്ങിനെ കുറിച്ചു സംസാരിച്ചു. എത്ര പുഞ്ചിരി കൊണ്ട് മൂടിയിട്ടും അവളുടെ ഉത്തരത്തിൽ വിഷാദം കലർന്ന് മുഖം മഞ്ഞച്ചു പോയിരുന്നു. " ഞങ്ങളെന്തായാലും ഉണ്ടാവോല്ലോ. " മൂത്തവളെ പോലെയല്ല മുബീ, ആളും തരവും നോക്കാതെയാ അവൾടെ സംസാരോ. പെരുമറ്റൊക്കെ. വളരുന്തോറും ഉള്ളിലെ ആധി കൂടുവാ അന്നാമ്മച്ചി. പെട്ടെന്ന് എന്തേലും വന്ന് വീണ് പോയാ പിന്നെ എന്റെ കുട്ടികൾക്ക് ആരാ ഒരു സഹായം. അതോർക്കുമ്പോഴാ " നീയിങ്ങനെ അവിശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ടാ.

മുകളിലിരിക്കുന്നവൻ എല്ലാം കാണുന്നുണ്ട്. ദേ നീയീ കൂർക്ക ഒന്ന് നന്നാകിയെടുത്തെ. അന്നാമ്മച്ചി അളെ ആശ്വസിപ്പിച്ചു കൊണ്ട് മറ്റ് പണികളിലേക്ക് മുഴുകി. എത്ര വലിയ മഴയേറ്റലും കെടാതുരുകുന്ന കനലാണ് വൈധവ്യമറിഞ്ഞ പെണ്മക്കളുള്ള അമ്മ മനം. ആശ്വാസവാക്കുകൾ ഒരു നിമിഷത്തെ ശ്വാസഗതിയെ തഴുകി തണുപ്പിച്ചാലും , പിന്നീടുയരുന്ന നാളങ്ങൾ കത്തിജ്വലിച്ചു പൊള്ളിച്ചു കൊണ്ടേയിരിക്കും. ഡൽഹിയിൽ അന്വൽ മീറ്റിംഗിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ബീന. നാളെ കഴിഞ്ഞ് രാവിലെ ഒമ്പത് മുപ്പതിനാണ് ഫ്ലൈറ്റ്. മുറിയിലെ വലിയ അലമാര തുറന്നിട്ട് അവരതിൽ നിന്ന് പല നിറത്തിലുള്ള സാരികളെടുത്ത് തുറന്ന് നോക്കുകയാണ്. ഒരു തവണ ഉപയോഗിച്ചതും ഇതുവരെ വിലവിവരപട്ടിക പോലും പൊട്ടിച്ചു കളഞ്ഞിട്ടിയില്ലാത്തതുമായ വിവിധ ചിത്ര പണികളുള്ള ഓരോന്നുമെടുത്ത് തുറക്കുമ്പോൾ ഏതേടുക്കണമെന്ന ചിന്ത അവരെ വല്ലാതെ കുഴയ്ക്കുന്നുണ്ട്.

ഇറ്റാക്ക് ശൈലിയിൽ ഗോൾഡൻ ചെക്കുകളും സ്‌ട്രൈപ്പുകളും ചേർത്ത് മെറൂൺ നിറത്തിലെ പ്ലെയിൻ ബോഡറുള്ളതും, ഇളം പച്ച കളറിൽ ലളിതമായ ഗ്രേ വരകളിൽ ബ്യൂട്ടീസുള്ളതും, പീകോക്ക് നിറത്തിൽ വർണാഭമായ പൂക്കളാൽ നെയ്തെടുത്ത മൂന്ന് നാല് ഗുണ്ടുർ സാരികൾ അലമാരയുടെ വലത് കള്ളിയിൽ നിന്ന് പുറത്തേക്കെടുത്തു വെച്ചു പതിയെ കൈ ഓടിച്ചു നോക്കി. ഒരിക്കൽ ആന്ധ്രാപ്രദേശിൽ സെമിനാറിന് പോയപ്പോഴാണ് സൗത്ത് സോൺ മാനേജർ മധുമിത റെഡ്‌ഡി ആദ്യമായ് ബീനയ്ക്കൊരു ഗുണ്ടൂർ സാരി സമ്മാനിച്ചത്. സെമിനാറിന്റെ രണ്ടാം ദിനത്തിൽ അവർ നൽകിയ സാരിയിൽ ബീനയെ കണ്ട യുകെ ഓഫീസിലെ ഡയറക്ടർ ബോർഡ് മെംബർ കെയ്‌സൻ ജെഫ്രിയുടെ അവർണനീയമായ പ്രശംസ കേട്ടത് മുതൽ അവർക്ക് ഗുണ്ടൂർ സാരികളോട് എന്തെന്നില്ലാത്ത മമത തോന്നി തുടങ്ങി. വാങ്ങി കൂട്ടിയ ഗുണ്ടൂർ സാരികളിൽ ഇഷ്ടപ്പെട്ടവയിൽ നാലെണ്ണമെടുത്ത് കട്ടിലിൽ വെച്ച. അന്യസംസ്ഥാനക്കാരായ മറ്റ് ചില സാരികൾ കൂടി അലമാരയുടെ ഇടുങ്ങിയ അറയ്ക്കുള്ളിൽ തങ്ങളുടെ ഊഴം കാത്തിരിക്കുന്നുണ്ടായിരുന്നു. കട്ടിലിൽ തുറന്ന് വെച്ച വലിയ ട്രോളി ബാഗിലേക്ക് ബീന ഓരോന്നായി അടക്കി വെച്ചു തുടങ്ങി.

ഒരു സാരിയ്ക്കും ഇണങ്ങുന്ന തരത്തിലുള്ള മാലകൾ കമ്മലുകൾ, പൊട്ടുകൾ, ചെരുപ്പ്കൾ തുടങ്ങി ഏഴ് ദിവസത്തേക്ക് വേണ്ട ചമായഭരണങ്ങൾ മുഴുവനും അടക്കിയടക്കി വയ്ക്കുകയാണ്.. " അല്ല, ഡെല്ലി തന്നെ പൊറുതി തുടങ്ങാനുള്ള പരിപാടിയാണോ ? " ങേ, എന്താ ? പെട്ടെന്ന് മുറിയിലേക്ക് വന്ന രാജീവ് ബീനയുടെ പെട്ടിയിലുള്ള സാധനങ്ങൾ കണ്ട് കണ്ണ് മിഴിച്ചു.. അയാളുടെ ചോദ്യം മനസ്സിലാവാതെ സംശയത്തോടെ അവർ അയാളെ പാളി നോക്കി കൊണ്ട് വീണ്ടും എന്തൊക്കെയോ എടുത്ത് വയ്ക്കുകയാണ്. " അല്ലാ ഈ പെട്ടിയുടെ കനം കണ്ടിട്ട് ചോദിച്ചതാ, ഇനി വല്ല സായിപ്പിനെം കെട്ടി അവിടെ തന്നെ കൂടാനുള്ള പ്ലാൻ വല്ലോമുണ്ടേൽ ഒന്ന് പറഞ്ഞിട്ട് പോണോന്ന് പറഞ്ഞതാ ? " ബോർഡ് മെംബെഴ്സ് എല്ലാവരും വരുന്ന മീറ്റിംഗല്ലേ രാജീവ്,. അപ്പൊ നാല് സ്റ്റേറ്റിനെ നിയന്ത്രിക്കുന്ന ചീഫ് ഓപ്രഷണൽ ഓഫീസർ അങ്ങിനെ വെറുതെ പോയി നിൽക്കാൻ പാടുണ്ടോ ? " ഏയ് അതൊരിക്കലും പാടില്ല.. " അതാണ്. ഈ അന്വൽ മീറ്റിങ്ങിലെ മെയിൻ ഓഫ് അട്രാക്ഷൻ ഞാനായിരിക്കണം.

ആ നിർബന്ധമെനിക്കുള്ളത് കൊണ്ടാ എല്ലാം വളരെ കെയർ ഫുള്ളായി എടുത്ത് വയ്ക്കുന്നത്. " ഹോ ഭയങ്കരം. ഇതിലും ഭേദം ആനയ്ക്ക് കെട്ടുന്ന നെറ്റിപട്ടമായിരുന്നു.. രാജീവ് പെട്ടിയുടെ മുകളിൽ ഇരുന്ന ചെറിയ ബോക്സിൽ നിന്ന് വലിയ കല്ല് വെച്ച മാലയും കമ്മലുമെടുത്തു നോക്കി.. " അങ്ങിനെ കളിയാക്കൊന്നും വേണ്ടാ. രാജീവ് കണ്ടോ ഇത്തവണ എന്തായാലും ഞാൻ യുകെയിലേക്കുള്ള ട്രാൻസ്ഫർ ഓകെയാക്കിയിരിക്കും. " ഇവിടെ കുട്ടിചോറാക്കുന്നത് പോരാഞ്ഞിട്ടാ , ഇനി അങ്ങോട്ട്. " ങേ. രാജീവ് എന്തേലും പറഞ്ഞായിരുന്നോ ? " ഇത്തവണ എന്തായാലും പ്രൊമോഷൻ ഉറപ്പാണെന്ന് പറഞ്ഞതാ.. അയാൾ മുകളിലേക്ക് കണ്ണ് മിഴിച്ചു കാണിച്ചു കൊണ്ട് കളിയാക്കിയത് പോലെ ചിരിക്കുന്നുണ്ടായിരുന്നു. ബീന അയാളെ ചൂഴ്ന്ന് നോക്കി കൊണ്ട് പെട്ടിയിലേക്ക് പിന്നെയും മേക്കപ്പ് സാധനങ്ങൾ എടുത്ത് വെച്ചു......... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story