എന്റെ ഉമ്മാന്റെ പേര്: ഭാഗം 35

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" അല്ലെടോ നാളെയല്ലേ നബിസൂന്റെ വീട്ടിലെ ചടങ്ങ് ? " അതേ. " ങാഹാ. താനെല്ലാം പ്ലാൻ ചെയ്തോളാന്ന് പറഞ്ഞിട്ട് ഇങ്ങേരേം കൊണ്ട് താൻ കറങ്ങി നടക്കുവാണോ ? കാറിൽ മാധവനുമായി വന്നിറങ്ങിയ രാജീവിനെ കണ്ട് അരവിന്ദൻ അവർക്കടുത്തേക്ക് ചെന്നു. " ഞങ്ങള് നാളത്തെ കാര്യത്തിന് വളരെ പ്രധാനപ്പെട്ട ഒരാളെ കാണാൻ പോയതാ. " പ്രാധാനപ്പെട്ട ആളോ ? അതാരാ ? " അതൊക്കെയുണ്ട്, രാത്രി പറയാം. അല്ല താൻ പറഞ്ഞ കാര്യം ചെയ്തോ ? " ങാ അത് ഞാനും മോളും കൂടി പോയി ഉച്ചയ്ക്കെ എടുത്തു വെച്ചു. പിന്നെ താൻ ഫുഡ് എവിടെയാ പറഞ്ഞേക്കുന്നെ ? " പാരീസ് ഹോട്ടലിൽ , അവിടെ നൂറ് പേർക്കുള്ള ചിക്കൻ ബിരിയാണി പറഞ്ഞിട്ടുണ്ട്. " ങേ അതെനെന്തിനാ താൻ ഇത്രെയും പേർക്ക് പറഞ്ഞത്, അതിനുള്ള ആളുകളൊക്കെ ഉണ്ടാവോ ? അരവിന്ദൻ സംശയത്തോടെ നോക്കി. " നമുക്ക് അറുപത് പേർക്കുള്ളതെ പറഞ്ഞിട്ടുള്ളൂ. ബാക്കി നാൽപ്പത്തെണ്ണം വേറൊരു സ്ഥലത്തേക്കാ.

" ങേ. അതെങ്ങോട്ട് , താനിനി വേറെ വല്ല വയസറിയിക്കൽ ചടങ്ങ് കൂടി നടത്താന്ന് ഏറ്റിട്ടുണ്ടോഡോ ? അരവിന്ദന്റെ സംശയം കൂടുകയാണ്. രാജീവ് ചിരിച്ചു കൊണ്ട് കാറിൽ നിന്നിറങ്ങി. പിന്നാലെ മാധവനും. " അന്ന് അപ്പൂനെ അഡ്മിറ്റാക്കിയപ്പോ ഞാൻ ആശുപത്രിയിലിട്ട് പൊരിച്ച ബീനയുടെ ഒരു ഫ്രണ്ടുണ്ട്. നമ്മടെ മാളിന്റെ പിന്നിലെ തടി മില്ല് നടത്തണ ബേബിച്ചായന്റെ ഭാര്യ റാണി. അന്നവര് ഭയങ്കര ഫെമിനിസ്റ്റ് ആയിരുന്നല്ലോ. കേട്ടിയോന്റെ കയ്യീന്ന് നല്ല നാല് പെടാ കിട്ടിയെപ്പിന്നെ ഇപ്പൊ പഴയ ഫെമിനിസോമില്ല, അഹങ്കാരോമില്ല. മാനസാന്തരം വന്ന് പാവപ്പെട്ട അനാഥപിള്ളേരുടെ പഠിപ്പിനും ജീവിതത്തിനും വേണ്ടി പ്രവർത്തിക്ക്യാ. കഴിഞ്ഞ ദിവസം ബാങ്കില് വെച്ച് ആക്സിഡന്റലി കണ്ടപ്പോ ആ പിള്ളേർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ ഒരു ചെറിയ സഹായം ചോദിച്ചിരുന്നു. ആദ്യം ഞാൻ കരുതി അവരെന്നെ കളിയാക്കുവാണെന്ന്, കഴിഞ്ഞ ദിവസം ബേബിച്ചനെ കണ്ടപ്പോളാ സത്യാവസ്ഥ മനസിലായത്.

എന്തായാലും മുബീടെ കാര്യത്തിന് നമ്മള് ഫുഡ് പറയുന്നുണ്ട്, അപ്പൊ അതിന്റെ കൂട്ടത്തിൽ അവർക്കുള്ള നാൽപ്പതെണ്ണം കൂടിയങ്ങ് പറഞ്ഞു. ഒരുനേരോങ്കിലും ആ പിള്ളേരും അല്പം ഗ്രാൻഡായിട്ട് കഴിക്കട്ടെഡോ. അല്ലേ മാധവേട്ടാ ?. " വിശപ്പിനോളം വലിയ സത്യമൊന്നും ഈ ഭൂമിയിലില്ലല്ലോ സാറേ. എന്നും ഇതുപോലെ ആരെങ്കിലൊക്കെ ചിന്തിച്ചാ ആ കുഞ്ഞുങ്ങളുടെ ഭാഗ്യം. " എല്ലാ ഭാഗ്യങ്ങളും എല്ലാവർക്കും കിട്ടൊ മാധവേട്ടാ. " ഹാ ഒരുതരത്തിൽ അതും ശരിയാ. നോവിന്റെ ആഴമറിയാൻ മുറിവേൽക്കണം എന്നില്ല. ആളുന്ന വിശപ്പിലേക്ക് നിസഹായമായി നോക്കിയാൽ മതിയാവും. " ദേ സാറേ മുകളിലേക്ക് പോകുമ്പോ ഇത് അച്ചായന് കൊടുക്കാൻ മറക്കണ്ട. " ഇതെന്താ സാധനം ? സഹ ഡ്രൈവറുടെ സീറ്റിലിരുന്ന ഒരു ചെറിയ കവറെടുത്തു മാധവൻ രാജീവിന് നീട്ടി.. " താൻ അവർക്കോരോ ജോഡി ഡ്രസ്സ് വാങ്ങിയല്ലോ അപ്പോ ഇത് അച്ചായന്റെ വകയായിട്ടുള്ള എന്തെങ്കിലും ആയിരിക്കും.

" താൻ പറയുന്ന കാര്യത്തിനെല്ലാം ഭയങ്കര സസ്പെൻസ് ആണല്ലോ ഡോ. "എന്റെ പൊന്നോ ഇതിനാത്തൊരു സസ്പെൻസും ഇല്ല. വരുന്നവഴിക്ക് അച്ചായൻ വിളിച്ചിട്ട് ആലപ്പാട്ടിലൊന്നു കേറണ കാര്യം പറഞ്ഞു. അവിടെ ചെന്ന് അച്ചായന്റെ പേര് പറഞ്ഞതും ദാ ഈ കവർ എടുത്ത് തന്നു. വാങ്ങി എന്നല്ലാതെ ഇതിലുള്ളത് എന്താ ഐറ്റമെന്ന് പോലും സത്യമായിട്ടും ഞങ്ങൾക്ക് അറിയില്ല . " ങാ ആയിക്കോട്ടെ ആയിക്കോട്ടെ. എന്നാ സാർ മുകളിലേക്ക് വിട്ടോ എനിക്ക്‌ ജിസിഡിഎ വരെ ഒന്ന് പോണം. " എങ്കി വേഗം പോയിട്ട് വാ. എന്നിട്ട് വേണം ഒരു ചെറുത് അടിക്കാൻ. രാജീവ് അയാളെ കളിയാക്കിയ പോലെ ചിരിച്ചുകൊണ്ട് ലിഫ്റ്റിന് അടുത്തേക്ക് നടന്നു. " അല്ല മാധവേട്ട.. ഞാനാലോചിക്കുവായിരുന്നു. രാജീവിന്റെ പുളിച്ച നാല് തെറി കൊണ്ട് അയാളുടെ പെമ്പറെന്നോർടെ ഒരു കൂട്ടുകാരിയെങ്കിലും നേരെയായി. എന്നിട്ടിത്രയും തല്ല് കിട്ടിയിട്ടുമെന്താ അയാളുടെ വീട്ടിലെ യക്ഷി മാത്രം നന്നാവാത്തത് ?

" ലോകത്ത് ഏതേലും യക്ഷികൾ നന്നായതായിട്ടു സാറ് കേട്ടിട്ടുണ്ടോ? പിന്നെ കാര്യമെന്തായാലും ഒരാവിശ്യം വന്നപ്പോ ആട്ടിയിറക്കിവിട്ട നബീസുവിനെ അവളുടെ വീട്ടിൽ ചെന്ന് മാപ്പ് പറഞ്ഞു കൂട്ടികൊണ്ട് വന്നയാളാ ഇവിടുത്തെ യക്ഷി. അപ്പൊ അത് കൊണ്ട് ആ പ്രേതമങ്ങനെ പൂർണ്ണ പരാജയമാണെന്ന് പറയാനും പറ്റില്ല. " ങ ങ ങ ഹാ.. അപ്പൊ വെറുതെയല്ല രാജീവ് സാറിന് ആ പിള്ളേരുടെ കാര്യത്തിലിത്ര ശുഷ്‌കാന്തി. എന്നാലും ഇതൊന്നും കാണാൻ എനിക്ക് ഭാഗ്യമുണ്ടായില്ലലോ ഈശ്വരാ.. " ങാ മോള് വന്നെന്നും പറഞ്ഞു ഊര് തെണ്ടാൻ നടന്നാൽ ഇങ്ങനെ പലതും കാണാൻ പറ്റിന്ന് വരില്ല.. " അല്ല മാധവേട്ടാ ഇനി സിനിമേലെ പോലെ സഹായം ചെയ്യുന്ന നായകനോട് വേലക്കാരിക്ക് വല്ല പ്രൊമോo തോന്നോ ? " ദേ സാറേന്ന് വിളിച്ച നാവ് കൊണ്ട് പൂ.... ന്നെ വിളിപ്പിക്കരുത്. കേട്ടല്ലോ " ഹാ ഞാനോരു തമാശ പറഞ്ഞതല്ലേടോ , അതിന് താനിങ്ങനെ ചൂടാവല്ലേ. മാധവൻ ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചു.

പെട്ടെന്നുള്ള അയാളുടെ പെരുമാറ്റം കണ്ട് അരവിന്ദൻ ആകെ അമ്പരന്ന് പോയി. " എന്റെ പൊന്ന് സാറേ, രാജീവ് സാറ് അവളെ കാണുന്നത് അങ്ങേർടെയൊരു പെങ്ങളെ പോലെയാ. ഒരാണും പെണ്ണും തമ്മിൽ അടുത്ത് ഇടപഴുകണത് കഴപ്പ് തീർക്കാൻ വേണ്ടി മാത്രമാണെന്നാണോ. ചില ബന്ധങ്ങൾക്ക് ആളുകൾ പുറമെ കാണുന്ന അർത്ഥമായിരിക്കില്ല അവരുടെ മനസുകൾ തമ്മിലുണ്ടാവുന്നത്. " എടോ ഞാനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. ചുമ്മാ ഒരു... " ങാ. തമാശക്ക് ആണെങ്കി പോലും ഇങ്ങിനെയൊക്കെ ചിന്തിക്കുന്നത് തന്നെ വളരെ മോശാട്ടോ സാറേ.. ഞാൻ പോണ്. പൊട്ടിച്ചിരിക്കുമെന്നു കരുതി അയാൾ കളിയായി പറഞ്ഞ വാക്കുകളെ മാധവന്റെ ചിന്തകൾക്ക് തീർത്തും ഉൾകൊള്ളാൻ കഴിഞ്ഞില്ല. അയാളെ പുച്ഛത്തോടെ നോക്കി മുഖം കോട്ടി കൊണ്ട് മാധവൻ ദേഷ്യത്തിൽ ക്യാമ്പിനിലേക്ക് നടന്നു.. അരവിന്ദൻ വല്ലാതെ വിളറി വിയർത്ത് പോയിരുന്നു. " വെറുതെ അയാളുടെ വായിലിരിക്കണത് കേക്കാനായിട്ട് എനിക്കിതിന്റെ വല്ലാവിശ്യോണ്ടായിരുന്നോ? അല്ല അയാളെo കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഹോ. വേറാരും കേട്ടിട്ടില്ല. ഭാഗ്യം. ചുറ്റും നോക്കിയ ശേഷം പറഞ്ഞു പോയ് തമാശയെ കുറിച്ചോർത്ത് സ്വയം പഴിച്ചാശ്വസിച്ചു കൊണ്ട് അയാളും കാറെടുത്തു പുറത്തേക്ക് പോയി.. കോശിച്ചയാനും രാജീവും എത്ര വിളിച്ചിട്ടും അന്ന് വൈകീട്ടുള്ള മദ്യപാന സഭയിലേക്ക് മാധവൻ വന്നില്ല. അവ്യക്തമായ ഓരോ കാരണങ്ങൾ പറഞ്ഞു അയാൾ ഒഴിഞ്ഞു മാറി. ഏറെ ബഹുമാനിച്ചിരുന്ന ഒരാളുടെ തമാശ അയാളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരിക്കുന്നുവെന്ന് അവരോട് പറയാൻ മാധവന് കഴിയുമായിരുന്നില്ല. എത്ര വലിയ ബന്ധങ്ങളായലും ചില നേരമ്പോക്കുകൾ പലരും അതേ അർത്ഥത്തിൽ ഉൾക്കൊള്ളണമെന്നില്ല എന്നുള്ള വാസ്തവം മാധവനും അറിയാം. എങ്കിലും ! " എന്നാലും ഈ മാധവനെന്ത് പറ്റി ? കഴിഞ്ഞ ദിവസം വരെ എല്ലാം മുൻകൈ എടുത്ത് ചെയ്തിരുന്ന അയാളുടെ ആ പിന്മാറ്റം എത്ര ആലോചിച്ചിട്ടും രാജീവിനും കോശിച്ചയാനും മനസിലായില്ല. മാധവൻ വരാത്തതിൽ അരവിന്ദനും വല്ലാത്ത മനപ്രയാസം ഉണ്ടായിരുന്നു.

പക്ഷെ കാരണമെന്താണെന്ന് അറിയാമായിരുന്നിട്ടും അയാളും അവരോടൊന്നും പറഞ്ഞില്ല. " ങാ ഇന്നത്തെ ഇങ്ങനെ പോട്ടെ നാളെയെന്തായാലും ആ കള്ള കിളവൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്. വരട്ടെ അന്നേരം ഞാൻ പിടിച്ചോളാം. " ഡോ രാജീവേ താനൊന്ന് വന്നേ. ഒരു കാര്യം പറയാനുണ്ട്. നാളെ മാധവനിൽ നിന്ന് ആ കാരണം അറിയുന്നതിനേക്കാളും താൻ തന്നെ പറയുന്നതാണ് നല്ലതെന്ന് അരവിന്ദന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. വെറുമൊരു നുറുങ്ങ് ഫലിതമായി പറഞ്ഞൊരു കാര്യത്തിന്റെ അനന്തര ഫലം അയാളെ വല്ലാതെ വീർപ്പ്മുട്ടിച്ചു തുടങ്ങിയപ്പോൾ അരവിന്ദൻ രാജീവിനെ പുറത്തേക്ക് വിളിച്ചു.. " ഹാ നമുക്കിടയിൽ എന്തോന്ന് രഹസ്യം താൻ പറയെടോ ? " അതല്ലേടോ , ഇതങ്ങിനെ ഓപ്പണായിട്ട് പറഞ്ഞാൽ ശരിയാവില്ല. താനൊന്നു വന്നേ " അതെന്നാടാ പിള്ളേരെ, ഇനി ഞാൻ കേൾക്കാൻ പറ്റാത്ത എന്തേലും പെങ്കൊടി കഥകള് വല്ലോമാണോ ഇത്ര വലിയ രഹസ്യപറയാൻ.

" പ്രായമിത്രേമായിട്ടും പഞ്ചാരയ്ക്ക് ഒട്ടും കുറവില്ലല്ലോ കിളവാ. " അത് പിന്നെ നമ്മളൊക്കെ അണുങ്ങളല്ലേടാ ഉവ്വെ.. കാണാതിരിക്കില്ല്ലോ.. " ഉവ്വവ്വേ.. അരവിന്ദൻ രാജീവുമായി പുറത്തേക്കിറങ്ങുന്നത് നോക്കി കോശിച്ചയാൻ കളിയാക്കി കൊണ്ട് ഉറക്കെ ചിരിച്ചു. രാജീവ് അയാളെ ഒന്ന് പാളി നോക്കിയ ശേഷം പുറത്തേക്ക് പോയി. " എന്താടോ പ്രശ്നം. " എടോ അത് പിന്നെ. ഞാൻ.. എനിക്കൊരു അബദ്ധം പറ്റി " അബദ്ധോ ? ഹാ താൻ നിന്ന് പരുങ്ങാതെ കാര്യമേന്തായാലും പറയെടോ. നമുക്ക് വഴിയുണ്ടാക്കാന്ന്. രാജീവിന് മുന്നിൽ നിന്ന് അരവിന്ദൻ വിയർക്കുകയാണ്. " അല്ലെടോ ഇന്ന് വൈകീട്ട് താൻ പോയെ പിന്നെ , ഞാനും മാധവേട്ടനും കൂടി സംസാരിക്കുന്നതിനിടയിൽ തന്റെ വൈഫ് നബീസുവിനെ വിളിക്കാൻ പോയതും സോറി പറഞ്ഞതുമൊക്കെ പറഞ്ഞു. എന്റെ അന്നേരത്തെ പൊട്ടത്തരത്തിന് " ഇനിയിപ്പോ സഹായം ചെയ്യുന്ന നായകനോട് വേലക്കാരിക്ക് വല്ല പ്രൊമോo തോന്നോന്ന് ഞാനങ്ങേരോട് ഒരു തമാശ പറഞ്ഞു. അതാങ്ങേർക്ക് പിടിച്ചില്ല. അതിനെന്നെ കുറെ ചീത്തയും പറഞ്ഞാ പോയത്.

" ങാഹാ വെറുതെയല്ല കിളവൻ ഇങ്ങോട്ട് വരാതെ ഓരോന്ന് ചോദിക്കുമ്പോ എങ്ങും തൊടാത്ത വർത്താനം പറയുന്നത്. " എടോ ഞാനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. അപ്പോഴത്തെ സമയത്തു ഒരു കോമഡി പറഞ്ഞതാ.. അത് മാറി പോയി. " തനിക്ക് തലയ്ക്ക് വല്ല ഓളമുണ്ടോടോ അരവിന്ദേ.. ഇതാണോ ഇത്ര വലിയ കാര്യം. തന്റെ വെപ്രാളോ വിയർക്കലൊക്കെ കണ്ടപ്പോ ഞാൻ കരുതി വേറെന്തോവാണെന്ന് .. ഹാ ഹാ അരവിന്ദന്റെ വെപ്രാളവും പേടിയും കണ്ട് രാജീവ് പൊട്ടി ചിരിച്ചു പോയി. " അല്ലെടോ ഞാൻ. " താനൊന്നു പോയെടോ, നബീസൂന്നല്ല, ഏത് ഭൂലോക സുന്ദരി വന്നാലും രാജീവൊരിക്കലും ഒരു കുരിശിന്റേം പിന്നാലെ പോവില്ല. ഉള്ളതിനെ കൊണ്ട് തന്നെയിവിടെ പൊറുതി മുട്ടിയിരിക്കുമ്പോഴാ ഇനി വേറൊരെണ്ണം. " ഞാൻ ചുമ്മാ. അങ്ങേർക്ക് അത് വല്ലാണ്ട് ഫീലായി, " അതൊന്നും വല്ല്യ കൊഴപ്പൂല്ലടോ, മാധവേട്ടനൊക്കെ പഴേ സ്കൂളല്ലേ. പോരാത്തതിന് നബീസുമായിട്ട് നമ്മളെക്കാളൊക്കെ എത്രയോ വർഷം മുൻപത്തെ ബന്ധ. തമാശയായാലും പെട്ടെന്ന് ഇങ്ങനൊക്കെ കേൾക്കുമ്പോ ചിലപ്പോ അതൊക്കെ ഉൾക്കൊള്ളാൻ പറ്റിന്ന് വരില്ല.

ഈ കേസോർത്ത് താൻ വറീഡാവണ്ടാ, തല പോണ കാര്യമൊന്നുമല്ലല്ലോ. നമ്മടെ മാധവേട്ടനല്ലേ. അതൊക്കെ നമുക്ക് ക്ലിയറാക്കാടോ. വന്നേ തന്റെ കഥ കേൾക്കാൻ നിന്ന് ആ കഴിച്ചതിന്റെ തരിപ്പ് മുഴുവൻ ഇറങ്ങി. രാജീവ് അയാളുടെ തോളിലൂടെ വട്ടം ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു. ആശ്വാസത്തോടെ മനസ്സറിഞ്ഞ് ഒരു ദീർഘനിശ്വാസമെടുത്ത ശേഷം അരവിന്ദനും അയാളുടെ തോളിലൂടെ കൈയിട്ടു. മാധവനിൽ നിന്നാണ് രാജീവ് ഇതറിഞ്ഞിരുന്നതെങ്കിൽ ഒരുപക്ഷേ അരവിന്ദൻ തെറ്റിദ്ധരിക്കപ്പെട്ട് പോകുമായിരുന്നു.. ഏതൊരു കാര്യവും പറയുന്ന അതെയാളുടെ അതേ മാനസീക നിലയിൽ തന്നെയായിരിക്കില്ല ഒരിക്കലുമൊരു കേള്വിക്കാരൻ മറ്റൊരു ശ്രോതാവിലേക്ക് എത്തിക്കുന്നത്. ഹൃസ്വമായ കേൾവികളിൽ നിന്ന് ദീർഘമായ കേട്ടറിവുകൾ മേനഞ്ഞെടുക്കുന്ന വാക്ക് ചാതുര്യം കൊണ്ട് മാത്രമാണ് പല ബന്ധങ്ങളുടെയും വിള്ളലിന് ആഴം കൂട്ടുന്നത്.. ശിഥിലമാക്കപ്പെട്ടു പോയ എതോന്നിന് പിന്നിലും മനസ്സറിയാതെ പോയ അനേകം നുണ കഥകളുടെ ചുമരെഴുത്തുകളുണ്ടാവാം. " അല്ല ഇതേങ്ങോട്ടാ ഇത്ര രാവിലെ ? "

ഡൽഹിയിലൊരു മീറ്റിങ്ങുണ്ട്, ഒമ്പത് മുപ്പതിനാ ഫ്ലൈറ്റ്. ഓഫീസിൽ ഒന്ന് കയറിയിട്ട് വേണം എയർപോർട്ടിലേക്ക് പോകാൻ. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ ബാഗുകളുമായി ബീന പോകാനൊരുങ്ങി താഴേയ്ക്കിയിറങ്ങി. പോർച്ചിൽ കാർ കഴുകി കൊണ്ട് നിന്ന അരവിന്ദൻ അവരെ സംശയത്തോടെ നോക്കി. " അല്ല അപ്പൊ ഇന്നത്തെ പരിപാടിക്ക് കാണില്ലേ ? " പരിപാടിയോ ? എന്ത് പരിപാടി ? " അല്ല അപ്പോ രാജീവ് ഒന്നും.. " ഏയ്. ഇന്ന് ഡൽഹിക്ക് പോകാനുള്ളത് കൊണ്ട് തന്റെ മോൾടെ ബെർത്ഡേയുടെ കാര്യം ഞാനിവളോട് പറഞ്ഞില്ലെടോ. " മോൾടെ ബെർത്ത്ഡേയോ.. ആർടെ. ങേ. അരവിന്ദന്റെ മനസ്സിൽ ചോദ്യമുയർന്നതും രാജീവ് പെട്ടെന്ന് കാറിനടുത്തേക്ക് വന്നു കൊണ്ട് അയാളെ നോക്കി കണ്ണടച്ചു കാണിച്ചു. ഒന്നും മനസ്സിലാവാതെ അരവിന്ദൻ നിന്ന് കണ്ണ് മിഴിക്കുകയാണ്. " ആഹാ. ഇന്ന് മോൾടെ ബിർത്ത്ഡേയാണോ ? സോറി അരവിന്ദ് എനിക്ക് എന്തായാലും വരാൻ പറ്റില്ല. രാജീവ് ഉണ്ടാവും. മോളോട് എന്റെ ബെഡേ വിഷസ് അറിയിച്ചെക്ക്.. നമുക്ക് വന്നിട്ട് കാണാം. " ങേ . ങാ ങാ. സമയാകുമ്പോ ഞാൻ പറഞ്ഞേക്കാം.

" ഓക്കേ അരവിന്ദ് " ഓ. ആയിക്കോട്ടെ. രാജീവ് താക്കോലിൽ ഞെക്കി കാർ അൺലോക്ക് ചെയ്തു. ബീന ഡിക്കി തുറന്ന് ട്രോളി ബാഗ് അതിനകത്ത് വയ്ക്കാനായി തിരിഞ്ഞു.. " ഹോ എന്റെ പൊന്നു ചങ്ങാതി, തക്ക സമയത്ത് ഞാൻ വന്നില്ലയിരുന്നെങ്കിൽ താനിതിന്ന് കുളമാക്കിയേനെ. " അല്ലെടോ. എനിക്ക് മനസിലാവാഞ്ഞിട്ട് ചോദിക്കുവാ. സത്യത്തിൽ എന്തായിവിടെ നടക്കണെ ? " എടോ അരവിന്ദ, സെക്രട്ടറി. നമ്മളൊരു നല്ല കാര്യത്തിന് പോകുമ്പോ നായുങ്കരണപൊടിയെടുത്ത് പൗഡറാണെന്ന് പറഞ്ഞു ആരേലും ദേഹത്തിടോ ? " ഇല്ലാ. " അങ്ങിനിട്ടാൽ എന്ത് പറ്റും ?. " ചൊറിയും. " ങാ ആണല്ലോ. അത്രേയുള്ളൂ ഇതും. കുറെ പേരുടെ സന്തോഷത്തിന് വേണ്ടി ഒരാളോട് മാത്രം നമ്മളെന്നും പറയുന്നില്ല. " അത് മനസിലായി. പക്ഷെ താനിപ്പോ പറഞ്ഞ നയുങ്കരണപ്പൊടി ഉപമ എനിക്കങ്ങ് കത്തിയില്ല. " ഒന്നിരുത്തി ചിന്തിച്ചാ മതി. വഴിയേ മനസിലായിക്കോളും.. " കുറെ ആളുകൾ, സന്തോഷം, നയുങ്കരണപ്പൊടി, ചൊറിച്ചിൽ. ഇതിപ്പോ.. ശെടാ.. അരവിന്ദന്റെ ചിന്തകൾ സഹ്യന്റെ കുന്നുകൾ കയറി തുടങ്ങി..

" രാജീവ് ഒന്ന് വരുന്നുണ്ടോ, എനിക്ക് വേണ്ടി അവരവിടെ വെയ്റ്റ് ചെയ്യാ.. " നമ്മള് ദേ ഇറങ്ങിയല്ലോ.. " ഓഹോ അപ്പൊ ഇതാണ് ഇയാള് പറഞ്ഞ ചൊറിച്ചിലല്ലേ. " എന്തെടോ തന്റെ ട്യൂബ് ലൈറ്റ് കത്തിയോ ? കാറിൽ ഇരുന്ന് കൊണ്ട് ധൃതിപിടിക്കുന്ന ബീനയെ കണ്ട് ഉപമയുടെ അർത്ഥം മനസിലായത് പോലെ അരവിന്ദൻ ഊറി ചിരിച്ചു.. അയാളെ ശ്രദ്ധിച്ചു കൊണ്ട് കള്ള ചിരിയോടെ രാജീവ് കാറിലേക്ക് കയറി.. " ഈ ശകടം ഇപ്പോഴും കട്ടപ്പുറത്ത് തന്നെയാല്ലേ. " ഓൾമോസ്റ്റ്.. " ശകടോ ? " അല്ലാ ഞാനീ കാറിന്റെ കാര്യം പറഞ്ഞതാ. " ങേ കാറിനെന്താ കുഴപ്പം ? അരവിന്ദൻ അർത്ഥം വെച്ചു ബീനയെ നോക്കി ചിരിക്കാൻ ശ്രമിച്ചു. കാര്യം മനസ്സിലാവാതെ ബീന അയാളെ സംശയത്തോടെ നോക്കുകയാണ്. " ഹാ നീയിങ്ങനെ ചോദ്യം ചോദിച്ചോണ്ടിരുന്നാ ഫ്ലൈറ്റങ്ങ് പോകോട്ടോ ബീനെ. " ഓകെ അരവിന്ദ് , സീ യൂ.. " അപ്പോ ഹാപ്പി ജേർണി. ബീന അയാൾക്ക് നേരെ കൈ വീശി. ഉള്ളിൽന്നിന്നുയർന്ന് തുടങ്ങിയ ചിരിയടക്കി കൊണ്ട് അരവിന്ദ് അവർക്ക് യാത്രാ മംഗളം നേർന്ന് കൊണ്ട് രാജീവിനെ നോക്കി.

കവിളുകൾക്കുള്ളിൽ നിറഞ്ഞ ചിരി പുറത്തേക്ക് പൊട്ടി പോകാതെ രാജീവ് ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുകയാണ്.. ഗിയർ തട്ടിയിട്ട് കൊണ്ട് പെട്ടെന്ന് അയാൾ കാർ മുന്നോട്ട് എടുത്ത ശേഷം വലത് കൈ പുറത്തേക്കിട്ടു തള്ള വിരൽ പൊക്കി കാണിച്ചു. " ഇയാളുടെയൊരു കാര്യം.. ഹാ ഹാ.. രാജീവ് കാണിച്ചത് കണ്ട് അരവിന്ദൻ ഉറക്കെ പൊട്ടി ചിരിച്ചു പോയി.. " താനിത് വരെ റെഡിയായല്ലേടോ.? " ഞാൻ ഇന്നലെ റെഡി.. കോശിച്ചയാനും അന്നാമ്മച്ചിയും റെഡിയായി അരവിന്ദന്റെ ഫ്ലാറ്റിലേക്ക് വന്നു.. അയാൾ വസ്ത്രം മാറി മുറിയിൽ നിന്നിറങ്ങാൻ തുടങ്ങുകയായിരുന്നു. " എത്ര നേരായി പാറു. ഒന്ന് വേഗാവട്ടെ. " ദേ വരുന്നച്ഛാ. " ആഹാ ഇക്കാലം മുഴുവൻ ഇവിടുണ്ടായിട്ടു തന്റെ മോളെ ആദ്യയിട്ടാ കാണണെ. വന്നേ ചോദിക്കട്ടെ.. ഒരുക്കം കഴിഞ്ഞു ഹാളിലേക്ക് വന്ന പാറുവിനെ അച്ചായൻ അടുത്തേക്ക് വിളിച്ചു.. ഇരുവരും അവളെ ആദ്യമായി കാണുകയാണ്. " ഞങ്ങളെ അറിയോ ? " ഉം. അച്ഛൻ പറഞ്ഞിട്ടുണ്ട്. കോശിപാപ്പൻ, അന്നമ്മാമ്മ.. " ആഹാ. പേരൊക്കെ അറിയാല്ലോ. അവൾ നേർത്ത നാണത്തോടെ അവർക്കരികിൽ വന്നിരുന്നു. അവർ അവളെ അടിമുടി നോക്കുകയായിരുന്നു. " എന്നാ നമുക്കിറങ്ങിയലോ അച്ചായാ. " അപ്പൊ രാജീവോ ? " അയാളങ്ങോട്ട് വന്നോളും. "

ങാ. കോശിച്ചയാന്റെയും അന്നമ്മച്ചിയുടെയും കൈ പിടിച്ചു പാറു പുറത്തേക്കിറങ്ങി. മേശപ്പുറത്ത് വെച്ചിരുന്ന കവറെടുത്ത് കൊണ്ട് അരവിന്ദനും വീട് പൂട്ടി പുറത്തേക്കിറങ്ങി.. " ങാ രുക്മിണിയേച്ചി, " അവളെന്തേ കുളിപ്പിച്ചോ ? രാവിലെ എട്ട് മണിയോടെ മാധവന്റെ ഭാര്യ രുക്മിണി നബീസുവിന്റെ വീട്ടിലേക്കെത്തി. " ഏയ്. ഇന്നലെ രാത്രി ഒരു ചീറാപ്പ് പോലെ തോന്നിയത് കൊണ്ട് ഈ തണുപ്പൊന്നും കുറഞ്ഞിട്ട് കുളിപ്പിക്കാന്ന് വെച്ചു.. ചേച്ചി വാ. " ങാ. നീ പള്ളീന്ന് നേരെയിങ്ങോട്ട് പൊന്നോ ലില്ലി. " ഇനി വീട്ടീ പോയി തിരിച്ചു വരാനൊന്നും വയ്യാ രുക്മിണി. ഇടവഴി തിരിഞ്ഞു നടന്ന് വരുന്ന ലില്ലിയെ കണ്ട് രുക്മിണി ചിരിയോടെ നോക്കി. അപ്രതീക്ഷിതമായി അവരെ കണ്ട് നബീസു ഒന്നമ്പരന്നു. മുബീനയെ കുളിപ്പിക്കുന്ന ദിവസത്തെ കുറിച്ചു അവരോട് അവൾ പറഞ്ഞിരുന്നില്ല. എങ്കിലും ഈ ദിവസം അവരെ അവിടെ കണ്ടപ്പോൾ അവൾ ഉള്ള് കൊണ്ട് സന്തോഷിച്ചു.. അവർ ഇരുവരെയും അകത്തേക്ക് വിളിച്ചു.. " അന്നാമ്മച്ചി വന്നോ. ങേ കൂടെയാരാ ? റോഡരികിൽ വന്ന് നിന്ന അരവിന്ദന്റെ കാറിന്റെ ഹോണടി കേട്ട് നബീസു തിരിഞ്ഞു നിന്നു.

പിൻസീറ്റിൽ നിന്ന് അന്നാമ്മച്ചിയോടൊപ്പം ഇറങ്ങി വരുന്ന പാറുവിനെ കണ്ട് അവൾ സംശയത്തോടെ നോക്കുകയാണ്.. " സാറും ഉണ്ടായിരുന്നോ ഇവരുടെ കൂടെ. " ഞാൻ മാത്രമല്ല , ദേ ഇതേന്റെ മോളാ നബീസു കാറിനടുത്തേക്ക് ഓടി ചെന്ന് അന്നാമ്മച്ചിയുടെ കൈ പിടിച്ചു.. അയാൾ പറഞ്ഞപ്പോഴാണ് നബീസുവിന് കൂടെയുള്ള പാറുവിനെ മനസിലായത്.. കോശിച്ചയാനെ പോലെ തന്നെ അവളും പാറുവിനെ ആദ്യമായി കാണുകയായിരുന്നു. അവൾ നബീസുവിനെ നോക്കി പുഞ്ചിരിച്ചു. " അപ്പാപ്പാ. " ആഹാ. നീ നേരത്തെയിങ്ങ് പോന്നോടാ അപ്പുകുട്ടാ. അവരെ കണ്ട് അപ്പു വീട്ടിൽ നിന്ന് പുറത്തേക്ക് ചാടിയിറങ്ങി. " അവനെ രാജീവ് സാറ് രാവിലെ കൊണ്ട് വിട്ടിട്ട് പോയതാ.. " ങാ പറഞ്ഞപോലെ അയാളെo, മാധവനേം കണ്ടില്ലല്ലോ. " ങാ അവര് വന്നോളുംന്ന്.. അരവിന്ദൻ കാർ ഒതുക്കിയിട്ട ശേഷം അവർക്കൊപ്പം അകത്തേക്ക് നടന്നു. " അതേ എനിക്ക് നിങ്ങടെ ചടങ്ങും രീതികളുമൊന്നുമറിയില്ല. ദേ ഇതില് രണ്ട് ജോഡി ഡ്രെസ്സുണ്ട്. കുളിപ്പിച്ചിറക്കുമ്പോ ഇടാൻ വാങ്ങിയതാ. ഏതാ ചേരുന്നെന്ന് നോക്ക് " അയ്യോ സാറേ. ഇത്. "

വാങ്ങിക്കോ പെണ്ണേ. ഒരാള് സന്തോഷത്തോടെ തരുന്നത് നിരസിക്കാൻ പാടില്ല. നിസ്സാരമായി കാണുന്ന ഒരു ചടങ്ങിന് വേണ്ടി തനിക്കും മക്കൾക്കും അവർ തരുന്ന കരുതലിനെയും സ്നേഹത്തെയും കുറിച്ചോർത്തപ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞു നീറി.. അയാൾ നീട്ടിയ കവർ നബീസു ഇരുകയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിച്ചു. " ഇങ്ങനെ നിന്നാലെങ്ങിനാ വെയിലുറയ്ക്കുന്നതിന് മുൻപേ കുളിപ്പിക്കണ്ടേ. നബീസുവിനൊപ്പം അന്നാമ്മച്ചി അകത്തേക്ക് കയറി. പിന്നാലെ ലില്ലിയും, രുക്മിണിയും.. അച്ചയാനും അരവിന്ദനും വാതിൽക്കലെ ഫൈബർ കസേരയിൽ ഇരിപ്പുറപ്പിച്ചു. മുബീനയെ മുറിയിൽ നിന്നിറക്കി അന്നാമ്മച്ചി ബാത്റൂമിലെക്ക് കൊണ്ട് പോയി. അവർക്കൊപ്പം നബീസുവും ലില്ലിയും രുക്മിണിയും. കയ്യിലിരുന്ന ചെറിയ പേഴ്‌സ് തുറന്ന് അന്നാമ്മച്ചി തുളസിയും, ഉള്ളിയും, ഉണക്കിയ ചെമ്പരത്തിയും ചേർത്ത് കാച്ചിയ എണ്ണയെടുത്ത് മുബീനയുടെ നെറുക തണുപ്പിച്ചൊഴിച്ച ശേഷം ഉള്ളം കൈ കൊണ്ട് തിരുമി മുടിയിഴകളിലേക്കിറക്കി. ശേഷം കൈയിലും മുഖത്തും കാലിലും എണ്ണതിരുമി പിടിപ്പിച്ചു.

അരച്ചു വെച്ച ഉണ്ടമഞ്ഞൾ കുഴിഞ്ഞ പാത്രത്തിൽ പച്ചെണ്ണയിൽ ചാലിച്ചെടുത്ത് ലില്ലിയും രുക്മിണിയും അവളുടെ മുഖത്തും ശരീരത്തും തേച്ചു പിടിപ്പിക്കുകയാണ്.. വലിയ ഉരുളൻ പാത്രത്തിൽ നിറച്ചു വെച്ചിരിക്കുന്ന തണുത്ത വെള്ളത്തിൽ അന്നാമ്മച്ചി അല്പം പനിനീര് ഒഴിച്ച ശേഷം മുബീനയെ തറയിലിരുത്തി തല വഴി പതിയെ കോരിയൊഴിച്ചു. ചെറുപയർ പൊടി ഇഞ്ചയിൽ നനച്ചു എണ്ണപ്പാടയും മഞ്ഞളും കഴുകിയിറക്കി ശുദ്ധിയാക്കി. ശേഷം കൈ തൊടാതെ ഒരു കുടം വെള്ളം എടുത്ത് വെച്ച ശേഷം പേഴ്സിൽ നിന്ന് അത്തറും, കസ്തൂരിയുമെടുത്ത് വെള്ളത്തിലേക്ക് കുടഞ്ഞിട്ട് വെച്ചു. അത്തറിന്റെയും കസ്തൂരിയുടെ മെഴുക് പാടകൾ വെള്ളത്തിന് മുകളിൽ പടർന്നുണ്ടായിരുന്നു. " മുബീ നീയത്ത് ചെയ്യണേ. " എന്താ ഉമ്മി ? " ദേ ഈ വെള്ളം തല വഴി ഒഴിക്കുമ്പോ " വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുന്നതിന് കുളിക്കുന്നു. എന്ന് മനസ്സിൽ പറയണം. " ഉം.. " ഇന്നാ നബീസു . അന്നാമ്മച്ചി വെള്ളത്തിൽ തൊടാതെ കുടത്തിന്റെ കീഴെ പിടിച്ചു നബീസുവിന് നീട്ടി..

ഒരു നസ്രാണിയായ അന്നാമ്മച്ചിക്ക് അവരുടെ വിശ്വാസ രീതികളൊക്കെ എങ്ങിനെയറിയാം എന്നോർത്ത് അവൾ ആശ്ചര്യപ്പെടുന്നുണ്ടായിരുന്നു. അവളത് വാങ്ങി മുബീനയുടെ തല വഴി മെല്ലെ കമിഴ്ത്തി. നബീസു പറഞ്ഞു കൊടുത്തു ഖുർആൻ വചനങ്ങൾ അവൾ പതിയെ മനസിൽ ചൊല്ലുന്നുണ്ടായിരുന്നു. തലയിൽ നിന്ന് അത്തറൂം, കസ്തൂരിയും അലിഞ്ഞു ചേർന്ന് ജലം അവളുടെ ശരീരത്തിലൂടെ താഴേയ്ക്ക് ഒഴുകിയിറങ്ങി അവിടെമാകെ സുഗന്ധം പരന്ന് തുടങ്ങി. ഋതുമതിയുടെ ആദ്യ അശുദ്ധിയെന്ന ഹൈള്ള് കുളി കുളിച്ചെഴുനേറ്റ മുബീനയെ ലില്ലി തുവർത്തിയെടുത്തു. രുക്മിണി അരവിന്ദൻ നൽകിയ കവറിൽ നിന്ന് കട്ടിയുള്ള ചന്ദന നിറത്തിൽ നീല ഇലകളിൽ വെളുത്ത പൂക്കളുള്ള സൽവാർ എടുത്തു അവളെ അണിയിച്ച ശേഷം രണ്ട് മിഴി കോണുകളിലും സുറമയെഴുതി, അത്തറ് പൂശി, മണവാട്ടിയെ പോലെ അണിയിച്ചൊരുക്കി പുറത്തേക്കിറങ്ങി.. " ഹായ്. താത്തൂനെ കാണാൻ എന്ത് ഭംഗിയാ. അപ്പു കോശിച്ചായന്റെ മടിയിൽ നിന്ന് ചാടിയിറങ്ങി. പെട്ടെന്ന് എല്ലാവരുടെ കണ്ണുകൾ അകത്തേക്ക് പാഞ്ഞു.. തുടുത്ത കവിളുകളിൽ നാണം തിളങ്ങുന്നുണ്ടായിരുന്നു.. " മക്കളെ.. പെട്ടെന്ന് വാതിൽക്കൽ നിന്നൊരു വിളി കേട്ട് എല്ലാവരുടെയും നോട്ടങ്ങൾ പുറത്തേക്ക് തിരിഞ്ഞു......... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story