എന്റെ ഉമ്മാന്റെ പേര്: ഭാഗം 36

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" മക്കളെ.. പെട്ടെന്ന് വാതിൽക്കൽ നിന്നൊരു വിളി കേട്ട് എല്ലാവരുടെയും നോട്ടങ്ങൾ പുറത്തേക്ക് തിരിഞ്ഞു.. എഴുപത് വയസോളം പ്രായമായ ഒരു സ്ത്രീ ഉമ്മറത്തേക്ക് പതിയെ നടന്ന് വരുന്നുണ്ടായിരുന്നു. ഇളം പച്ചയിൽ വെളുത്ത പുള്ളികളുള്ള , നേർത്ത സ്വർണനിറത്തിലുള്ള ശീലുകൾ കൊണ്ട് അരികുകൾ തുന്നിയ സിലിക്കൺ റൗക്കയും, വെളുത്ത കട്ടിയുള്ള കരയില്ലാത്ത ഒറ്റമുണ്ടും, പട്ടിന്റെ കരയുള്ള വെളുത്ത തട്ടവുമിട്ട ഉരുണ്ട് തടിച്ച് പൊക്കം കുറഞ്ഞ ഒരു വൃദ്ധ. അവശതയുടെ അലകൾ അവരുടെ ചൊടിയെ കവർന്നെടുത്തിരുന്നെങ്കിലും, ചുളിവുകൾ വീണ മുഖത്തെ കുലീന തേജസ്സ് അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. വെള്ളി നാരുകൾ പോലെ തിളക്കമുള്ള മുടിയിഴകൾ തട്ടത്തിനുള്ളിൽ നിന്ന് നെറ്റിയുടെ ഇരു കരകളിലേക്കും എത്തി നോക്കുന്നുണ്ടായിരുന്നു. ചുവന്ന കല്ല് വെച്ച ഉരുളൻ മേക്കാ മോതിരം ( ചിറ്റ് ) അവരുടെ മേൽകാതിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു. തീർത്തും അപരിചിതയായ അവരെ കോശിച്ചയാനും അരവിന്ദനും അടിമുടി നോക്കുകയാണ്.

" മോളെ നബീസു. " ന്റെ റബ്ബേ. ഉമ്മച്ചിടെ ശബ്ദോല്ലേ ?. വരണ്ടുണങ്ങി നേർത്ത് തുടങ്ങിയിട്ടും അവളിൽ മറവി മൂടി പോയിട്ടാല്ലാത്ത അവരുടെ ശബ്ദം കേട്ട് നബീസു പെട്ടെന്ന് വാതിൽക്കലേക്ക് ഓടി വന്നു.. " എന്നെയൊന്ന് പിടിച്ചേ മക്കളെ. ചെറിയ പടികെട്ടുകൾ കയറാൻ പോലും പ്രായം അവരെ അനുവധിക്കുന്നുണ്ടായിരുന്നില്ല. തളർന്ന് പോകുന്നുവെന്ന് തോന്നിയപ്പോൾ അവർ നബീസുവിന് നേരെ കൈ നീട്ടി.. ഒരു കാലിൽ കൈ ഊന്നികൊണ്ട് അവർ അകത്തേക്ക് കയറാൻ ശ്രമിക്കുകയാണ്. " ആഷി വാപ്പുമ്മയ്ക്ക് കുടിക്കാൻ കുറച്ചു വെള്ളമെടുത്തെ. നബീസു അവരെ അകത്തേക്ക് പിടിച്ചു കയറ്റി കട്ടിലിലിരുത്തി. അൽപ്പം മാത്രമേ നടന്നുള്ളുവെങ്കിലും അവർ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു.. ആഷി നീളൻ ഗ്ലാസ്സിൽ ഓറഞ്ച് സ്കോഷ് കലക്കിയ വെള്ളവുമായി വന്നു. അവരത് വാങ്ങി പരവശത്തോടെ കുടിച്ചു കൊണ്ട് ഒന്നാഞ്ഞു ശ്വസിച്ചു. പടി കയറി വന്ന വൃദ്ധയെ മനസ്സിലാവാതെ എല്ലാവരും സംശയത്തോടെ അവരെ തന്നെ നോക്കിയിരിക്കുകയാണ്. " ഉമ്മച്ചി ആർടെ കൂടെയാ വന്നേ ? " ദേ ആ കൊച്ചന്റെ കൂടെ.

ഉത്തരമറിയാൻ അവളുടെ മനസ്സ് തിടുക്കം കൂടുന്നുണ്ടായിരുന്നു. അവർ പുറത്തേക്ക് വിരൽ ചൂണ്ടി. എല്ലാവരുടെയും കണ്ണുകൾ വീണ്ടും പുറത്തേക്ക് പാഞ്ഞു. പെട്ടെന്ന് രാജീവും മാധവനും ചേർന്ന് പെട്ടിയോട്ടയിൽ നിന്ന് ബിരിയാണി ചെമ്പും തൂക്കിപിടിച്ച് ഉമ്മറത്തേക്ക് കയറി വരുന്നുണ്ടായിരുന്നു. " ഇന്നലെ ദേ ആ മോനും ഷാഫിയുടെ ആ പഴയ കൂട്ടുകാരൻ കൂടി വീട്ടില് വന്നിരുന്നു. അവരാ പറഞ്ഞത് ഇന്ന് കൊച്ചിന്റെ കുളിയാന്ന്. ഉമ്മയ്ക്ക് പഴയ പോലെ ഒന്നിനും വയ്യാ മോളെ. അതികം നടക്കരുതെന്നാ ഡോട്ടറ് പറഞ്ഞേക്കണെ. ആ കൊച്ചു കാറുമായി വന്ന് കൂട്ടാന്ന് പറഞ്ഞപ്പോ ഞാൻ പിന്നെന്നും നോക്കില്ലാ.. എന്നിട്ട് എവിടെ ന്റെ കുട്ടി. കിതപ്പ് അവരുടെ വാക്കുകളെ മുറിച്ചു കളഞ്ഞു. നാവ് വറ്റി വരണ്ടു പോയത് പോലെ അവർ ഒരു കൈ കൊണ്ട് തൊണ്ട കുഴിയിൽ ഒന്ന് തടവി . നബീസു മറുപടിയൊന്നും പറയാതെ പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.. രാജീവും മാധവനും ചേർന്ന് പിന്നെയും സാധനങ്ങൾ ഓരോന്നായി ഉമ്മറത്തേക്ക് അടുപ്പിച്ചു വയ്ക്കുകയാണ്. അരവിന്ദനും അവരെ സഹായിക്കാൻ കൂടിയിട്ടുണ്ട്.

കണ്ണീർകണങ്ങൾ നിറഞ്ഞു തൂവി അവളുടെ മിഴി ചിരാതുകളുടെ തെളിമ കെടുത്തി കളയുന്നുണ്ടായിരുന്നു. മൊഴി ചൊല്ലിയുപേക്ഷിക്കപ്പെട്ട് പോയ്‌ തന്റെ ഭർത്താവിന്റെ ഉമ്മയെ എന്ത് കാരണങ്ങൾ പറഞ്ഞായിരിക്കും അയാൾ ഇന്നിവിടെ കൊണ്ട് വന്നിട്ടുണ്ടാവുക ? അവളുടെ മനസ്സിൽ ചോദ്യങ്ങൾ ഓരോന്നായി ഒഴുകി നിറയുമ്പോഴും അവയ്ക്ക് മീതെ സന്തോഷത്തിന്റെ തോണിയുയർന്ന് പൊങ്ങുന്നത് അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു. " ഇതേതാ രാജീവേ കക്ഷി ? " അതാണ് അവരുടെ അമ്മായിയമ്മ ആയിഷുമ്മാ. " ങേ.. അതിന് അവളുടെ കെട്ടിയോൻ അവളെ മൊഴിചൊല്ലിയതല്ലേ പിന്നെങ്ങനാ അവര് ഇങ്ങോട്ട് വരണേ ? " അവളെ വേണ്ടാന്ന് വെച്ചത് അവനല്ലേ, അവരല്ലല്ലോ കോശിച്ചയാ. അവർക്ക് പറ്റിപോയൊരു തെറ്റ്, അത് മരിക്കുന്നതിന് മുൻപ് തിരുത്തണമെന്ന് അവർക്ക് തോന്നിയാ നമ്മളായിട്ടെന്തിനാ അതിന് തടസം നിൽക്കണെ..

കോശിച്ചയാനും അരവിന്ദനും ഒന്നും മനസ്സിലാവാതെ രാജീവിനെ നോക്കുകയാണ്. " അന്നവൻ പറഞ്ഞത് മാത്രേ ഞാൻ വിശ്വസിച്ചുള്ളൂ നബീസു. നീ പറഞ്ഞതോ, കാണിച്ചതോ ഒന്നും അന്ന് ഞാൻ മനസ്സിലാക്കിയില്ല. " കഴിഞ്ഞു പോയതിനെ പറ്റി ഇനി പറഞ്ഞിട്ടെന്താ ഗുണം ? ഇക്കായ്ക്ക് സഖാണോ ഉമ്മാ? " പിന്നെ. പരമ സുഖമല്ലേ. നീ കളഞ്ഞിട്ട് കെട്ടി കൊണ്ട് വന്നവളുടെ ധൂർത്തിനൊപ്പോം തുള്ളി തുള്ളി ഉള്ളതെല്ലാം വിറ്റും, കടം വാങ്ങീ നിക്കക്കള്ളിയില്ലാതെ ഓരോന്ന് ചെയ്ത് കൂട്ടി ഇപ്പൊ അകത്തു പോയി കിടക്കുവാ. അന്ന് നീ പറഞ്ഞത് ഞാൻ മനസിലാക്കിയിരുന്നെങ്കിൽ നീയും മക്കളും ഇന്നീ അവസ്ഥയിൽ ആവില്ലായിരുന്നു.. " ഞാനിപ്പോ അതിനെ പറ്റിയൊന്നും ചിന്തിക്കാറില്ല ഉമ്മാ. എനിക്ക് ജീവിക്കാൻ എന്റെ മക്കളില്ലേ എനിക്കിനി അത് മാത്രം മതി. " അങ്ങിനെയല്ല നബീസു. ആരെന്തു പറഞ്ഞാലും ഞാൻ നിന്നോട് അങ്ങനെയൊന്നും പറയേം കാണിക്കേo ചെയ്യരാതായിരുന്നു. എന്തായാലും മരിക്കുന്നതിന് മുമ്പ് നിന്നെയെന്ന് കാണാൻ പറ്റിയല്ലോ. കഴിഞ്ഞതിന്റെ മുന്നത്തെ കൊല്ലം ഹജ്ജിന് പോണോന് കരുതീതാ. പക്ഷെ എന്തൊക്കയോ കാരണം കൊണ്ട് നടന്നില്ല. ആലോയിച്ചപ്പോ നിന്നോടൊരു കടം ബാക്കീണ്ട്., ഇനീപ്പോ ഹജ്ജിനൊന്നും പോവാനൊന്നും പറ്റില്ല മോളെ. തീരെ വയ്യാണ്ടായി.

എന്നാലും നിന്നെ വന്ന് കണ്ടപ്പോ മനസിനൊരു സമാനോണ്ട്. ചെയ്ത് പോയ എല്ലാ തെറ്റിനും നീ ഉമ്മച്ചിയോട് പൊരുത്തപ്പെട്ടു തന്നെക്കണെടി മോളെ. " അയ്യോന്റെ റബ്ബേ. എന്നോടൊനിങ്ങനൊന്നും പറയല്ലേട്ടോ ഉമ്മച്ചി. സങ്കടോണ്ടായെങ്കിലും , മനസീ പോലും ഞാൻ ഉമ്മച്ചിയോ, ഇക്കാനെയോ വെറുത്തിട്ടില്ല. മൊഴി ചൊല്ലിയാലും ഓര് എന്റെ പിള്ളേരുടെ വാപ്പയല്ലാതാവില്ലല്ലോ ഉമ്മാ.. " ന്നോട് ഞാനെന്താ മോളെ പറയാ .. പെട്ടെന്ന് അവർ കരച്ചിലോടെ കൈ കൂപ്പി കൊണ്ട് നബീസുവിന്റെ നെഞ്ചിലേക്ക് വീണു.. മുബീനയ്ക്ക് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു ഷാഫി നബീസുവിനെ മൊഴിചൊല്ലുന്നത്. അയാൾ സ്വയം കണ്ടെത്തി ജീവിതത്തിലേക്ക് കൂട്ടി കൊണ്ടുന്നതായിരുന്നു അവളെ.. കുടുംബക്കാരുടെ എല്ലാ എതിർപ്പുകളും അവഗണനയും മറികടന്ന് പ്രണയിച്ചവളെ സ്വന്തമാക്കിയവൻ. അമാവാസിയെ പോലെ സുന്ദരിയാണെന്നായിരുന്നു ആദ്യ നാളുകളിൽ അയാൾ അവളെ പുകഴ്ത്തിയിരുന്നത് . കാലത്തിന്റെ യാത്രയിൽ അയാളുടെ രണ്ട് കുട്ടികൾക്ക് ജന്മം കൊടുത്ത് കഴിഞ്ഞതിന് ശേഷമാണ് അവൾക്ക് സൗന്ദര്യം കുറഞ്ഞു പോയി എന്നയാൾക്ക് തോന്നിയത്.. യുക്തിയില്ലാത്ത കാരണങ്ങൾ നിർത്തി ഓരോ ദിവസവും അയാൾ അവളോട് കലഹിക്കാൻ തുടങ്ങി.

കിടപ്പറയിൽ ഒഴുകിയിറങ്ങുന്ന വിയർപ്പിന് പോലും കണക്ക് പറഞ്ഞു തുടങ്ങിയ ഷാഫിയുടെ ഏറ്റവും മ്ലേച്ഛമായ ചിന്താഗതികൾ നബീസുവിന് ഉൾക്കൊള്ളാനാവുമായിരുന്നില്ല.. ഉദയം ചെയ്ത പുതിയ പൗർണമിയുടെ തിളക്കത്തിൽ അയാൾ ആകൃഷ്ടനായി പോയത് വളരെ വൈകിയാണ് അവൾ തിരിച്ചറിഞ്ഞത്. മക്കൾക്ക് വേണ്ടി എല്ലാം ഉള്ളിലൊതുക്കി ജീവിച്ചിട്ടും, എന്നും കുറ്റപ്പെടുത്തലുകൾ മാത്രമായിരുന്നു. ഒരുനാൾ മുത്തലാക്ക് ചൊല്ലി ബന്ധം പിരിഞ്ഞു പടിയിറക്കി വിടുമ്പോൾ, ദുർനടപ്പ്കാരി എന്ന് മുദ്ര കുത്തി അയാളുടെ ഉമ്മ പോലും അവളെ മനസ്സുരുക്കി ശപിച്ചിരുന്നു.. പോയ് പോയ കാലങ്ങൾ ഒരിക്കലും തിരിച്ചു വരില്ല. എങ്കിലും എല്ലാത്തിനും സാക്ഷി കാലം മാത്രമാണ്. ശാപമേറിഞ്ഞ നാവ് കൊണ്ട് മോളെ എന്നു വിളിപ്പിച്ചു കൊണ്ട് കാലം അവരെ അവളുടെ അരികിലെത്തിച്ചിരിക്കുന്നു. ഓർമകളുടെ തിരയിളക്കത്തിൽ അതുവരെ അടക്കി പിടിച്ച നോവുകളെല്ലാം അവൾ പോലുമറിയാതെ ഒരു നിമിഷം കൊണ്ട് അണപൊട്ടിയൊഴുകി.. പെട്ടെന്ന് നബീസു അവരെ നെഞ്ചോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. അന്നാമ്മച്ചിയും കൂട്ടരും അവർക്കിടയിൽ നിന്ന് പുറത്തേക്കിറങ്ങി നിന്നു.. ക്ഷമിച്ചു എന്നൊരു വാക്കിനെക്കാളും വലുതാണ് ഹൃദയം തൊട്ടറിയുന്ന ഒരു ചേർത്ത് പിടിക്കൽ.

സ്നേഹം കൊണ്ടല്ലാതെ സ്നേഹത്തെ എങ്ങിനെയാണ് തിരിച്ചറിയാൻ കഴിയുക.? " ആരുമില്ലെന്നൊരു തോന്നാലാവൾക്കുണ്ടായിരുന്നു. ഇന്നത്തോടെ ആ സങ്കടം മാറി കിട്ടും. " അവള് മനസില് നന്മയുള്ളോളാ. അതൊന്നും ദൈവം കാണാതിരിക്കില്ലല്ലോ. എന്തായാലും താൻ ചെയ്തതൊരു വല്ല്യ കാര്യാടോ രാജീവേ. " ഒന്ന് നേർക്ക് നേരെയിരുന്നു സംസാരിച്ചാൽ തീരാത്ത പ്രശനങ്ങളൊ പലർക്കുള്ളു കോശിച്ചയാ. പക്ഷെ ആരും അതിന് മെനക്കെടാറില്ല. ഈ ഞാൻ പോലും ബന്ധങ്ങളുടെ വിലയെന്താണെന്നു മനസിലാക്കിയത് നമ്മടെ നബീസൂനെ കണ്ടേ പിന്നെയാ. ഒരു കുമ്പിള് സ്നേഹം കൊടുത്ത, കടലോളം സ്നേഹം തിരിച്ചു തരുന്നവളാ ദേ ആയിരിക്കണത്. അപ്പൊ നമ്മളും എന്തേലുമൊക്കെ തിരിച്ചു ചെയ്യണ്ടേ. വേണ്ടേ അന്നാമ്മച്ചി. " ഉം.. എല്ലാവരും വാതിൽക്കൽ നിന്ന് അവരെ തന്നെ നോക്കി നിൽക്കുകയാണ്.. " അല്ലെടോ ഇത്ര കാലത്തെ ഈ ബിരിയാണി കൊണ്ട് വെച്ചാ ഇത് തണുത്ത് പോവില്ലേ ? " ഏയ്. ഇത് ദമ്മല്ലേടോ, അത്ര പെട്ടെന്നൊന്നും ഇതിന്റെ ചൂട് പോവില്ല. അരവിന്ദനും മാധവനും ചേർന്ന് വട്ട അരികിലേക്ക് ഒതുക്കി വെച്ചു.. " ഇതെന്താ എല്ലാരും ഇവിടെ തന്നെ നിക്കണേ ? " നിങ്ങള് ഉമ്മയും മോളും കൊല്ലങ്ങൾ കഴിഞ്ഞു കാണുന്നതല്ലേ അതിനിടയിൽ നിന്ന് വെറുതെ എന്തിനാ നിങ്ങൾക്കൊരു ശല്ല്യമാവണെന്ന് കരുതി മാറി നിന്നതാ. നബീസു മുബീനയെ വിളിച്ചു ആയിഷുമ്മയ്ക്ക് അരികിലിരുത്തിയ ശേഷം വാതിൽക്കലേക്ക് വന്നു.. അന്നാമ്മച്ചി ഒന്ന് മന്ദഹസിച്ചു.

" ആരൊക്കെയുണ്ടെന്നു പറഞ്ഞാലും അവരൊന്നും നിങ്ങളോളം വരില്ലല്ലോ അന്നാമ്മച്ചി. ഇങ്ങനൊരു കണ്ടു മുട്ടൽ ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട് സാറേ. " ങാ പക്ഷെ നന്ദി കുടിച്ചാ ദാഹം മാറില്ലല്ലോ പെങ്ങളെ. അത് കൊണ്ട് കുടിക്കാൻ എന്തേലും കിട്ടിയിരുന്നേൽ വല്ല്യ ഉപകാരമായിരുന്നു. " അയ്യോ. ഞാനത് മറന്നു. ദേ ഇപ്പൊയെടുക്കാം രാജീവ് അവരെ നോക്കി കളിയാക്കി ചിരിച്ചു. നബീസു പെട്ടെന്ന് അകത്തേക്ക് കയറി പോയി. കലക്കി വെച്ച സ്കോഷ് ഗ്ലാസ്സിലാക്കി സ്റ്റീൽ പാത്രത്തിൽ വെച്ചു ആഷിതയുടെ കൈയിൽ കൊടുത്തു വിട്ടു. " എന്നിട്ട് നമ്മടെ ആളെവിടെ , " ഡി മുബീ , ഇങ്ങോട്ട് വന്നേ. കോശിച്ചയാൻ അകത്തേക്ക് എത്തി നോക്കി. ആഷിത വെള്ളം ഓരോരുത്തർക്കും കൊടുക്കുന്നുണ്ടായിരുന്നു.. " ഹായ്. ഇപ്പൊ കല്യാണപെണ്ണിനെ പോലുണ്ടല്ലോ. മുബീന നാണത്തോടെ വാതിൽക്കലേക്ക് ഇറങ്ങി നിന്നു. കോശിച്ചയാൻ അവളെ അടിമുടി നോക്കി കൊണ്ട് ചിരിച്ചു. " അന്നമ്മേ ദാ ഇത് നീ തന്നെയങ്ങ് ഇട്ട് കൊടുക്ക്. കോശിച്ചയാൻ കയ്യിലിരുന്ന ചെറിയ കവർ അന്നാമ്മച്ചിക്ക് നീട്ടി.

എല്ലാവരും ആകാംഷയോടെ നോക്കിയിരിക്കുകയാണ്. അവർ അതിനുള്ളിൽ നിന്ന് ഒരു വട്ടത്തിലുള്ള ചെപ്പെടുത്തു തുറന്നു , മജന്ത നിറത്തിലെ തുണ്ട് പേപ്പറിനുള്ളിൽ നിന്ന് ഒരു ജോഡി കുഞ്ഞു ജിമിക്കയെടുത്ത് മുബീനയുടെ കാതിൽ അണിയിച്ചു.. " ഇപ്പോഴാണ് ശരിക്കും മണവാട്ടിയെ പോലായത്, അല്ലെടോ രാജീവേ ? " ഉം. ഇപ്പൊ വല്ല്യ ചന്തക്കാരി പെണ്ണായി. കോശിച്ചയാനും രാജീവും അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്. അവളുടെ മുഖത്ത് വീണ്ടും നാണം വിടരുന്നുണ്ടായിരുന്നു. " ആ പാത്രമവിടെ വെച്ചിട്ട് നീയങ്ങോട്ട് വന്നേ. അന്നാമ്മച്ചി ആഷിതയെ അടുത്തേക്ക് വിളിച്ചു. പാത്രം താഴെ വെച്ചു കൊണ്ട് അവൾ അവർക്കരികിലേക്ക് വന്നു. ആഷിത ഇട്ടിരുന്നു മുത്ത് കമ്മൽ ഊരി മാറ്റിയ ശേഷം ചെപ്പിൽ നിന്ന് രണ്ടാമത്തെ ജോഡി കമ്മലെടുത്ത് അന്നാമ്മച്ചി അവളെ അണിയിച്ചു. " ഇഷ്ട്ടയോ ? " ങാ.. അന്നാമ്മച്ചി അവളുടെ കവിളിൽ ഒന്ന് തലോടി.. അവൾ കമ്മലിട്ടു കൊണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി. നബീസു എല്ലാം നോക്കി കണ്ട് നിൽപ്പുണ്ടായിരുന്നു. നനവ് പറ്റിയ പുഞ്ചിരിയല്ലാതെ അവൾക്ക് നൽകാൻ മറുവാക്കുകളൊന്നുമുണ്ടായിരുന്നില്ല. " ഹായ് താത്തൂനെ കാണാൻ ഇപ്പൊ നല്ല രസൂണ്ട് .. അച്ഛാ എനിക്കും ഇത് പോലെ ഇട്ട് തരോ ? "

പിന്നെന്താ. അപ്പു കസേരയിൽ കയറി നിന്ന് അവളുടെ കാതിലെ ജിമിക്കിയിൽ മെല്ലെ തട്ടി. അവ പതിയെ ഇളകിയാടുന്നുണ്ടായിരുന്നു.. രാജീവ് പോക്കറ്റിൽ നിന്ന് പേനയെടുത്ത് അപ്പുവിന്റെ കാതിൽ വട്ടത്തിൽ വരച്ചു കൊടുത്തു.. " ആഹാ. ഇപ്പൊ അപ്പുക്കുട്ടനും ചുന്ദരനായി. കോശിച്ചയാൻ അവന്റെ താടിയിൽ മെല്ലെ വിരൽ കൊണ്ടുഴിഞ്ഞു. അവൻ സ്വയം കാതിൽ വിരല് കൊണ്ട് തട്ടി നോക്കുകയാണ്. " ദാ ഇത് നിന്റെ വിരലിൽ കിടന്നോട്ടെ. ലില്ലി പേഴ്സിൽ നിന്ന് ഒരു മോതിരമെടുത്ത് മുബീനയുടെ വിരലിൽ ഇട്ട് കൊടുത്തു.. ഇത്രയേറെ സമ്മാനങ്ങൾ തന്നെ തേടി വരാനും മാത്രം എന്ത് വലിയ കാര്യമാണ് തന്നിൽ സംഭവിച്ചിരിക്കുന്നതെന്ന് അവൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. അവൾക്ക് വല്ലാതെ അമ്പരപ്പോടെ എല്ലാവരെയും നോക്കുകയാണ്. മുൻപ് ആഷിതയുടെ വയസറിയിക്കൽ ചടങ്ങിന് പങ്കെടുത്ത ഒരെയൊരാൾ ലില്ലി മാത്രമായിരുന്നു. അന്നിതുപോലെ അവൾക്കും അവർ ഒരു മോതിരം സമ്മാനിച്ചിരുന്നു.. സഹകരണ ബാങ്കിൽ നിന്നെടുത്ത പതിനായിരം രൂപയുടെ ലോൺ അടവ് മുടങ്ങി പലിശയും കൂട്ടുപലിശയും കയറി ഇരുപതിനായിരം രൂപയോളമായപ്പോൾ ലില്ലി നൽകിയ മോതിരം നഗരത്തിലെ സാജന്റെ സ്വർണകടയിലെ ഉരുക്ക് ശാലിയിലേക്ക് ചേക്കേറി.

ഒരു തരി പൊന്നിനോട് പോലും ഭ്രമം തോന്നി പോയിട്ടില്ലാത്തത് കൊണ്ട് ആഷിത ഉമ്മയുടെ തീരുമാനത്തിന് എതിര് നിന്നില്ല. ജീവിതം ഒരു കരപറ്റിക്കാൻ വ്യാധപ്പെട്ട ഓടി നടക്കുന്നവർക്ക് എന്തിനാണ് തങ്കത്തിന്റെ തിളക്കം എന്ന് അവളും ചിന്തിച്ചുള്ളു. " എന്നാപ്പിന്നെ നമുക്ക് ഭക്ഷണം കഴിച്ചാലോ. മണി ഒന്നാവുന്നു. " ങാ എന്നാ എടുത്തോ. കളിച്ചിരികളും തമാശകളുമായി സമയം മുന്നോട്ട് പോയത് ആരുമറിഞ്ഞില്ല. രാജീവ് എഴുനേറ്റ് വട്ടയുടെ ചുറ്റിലും പൊതിഞ്ഞ മൈദ അടർത്തി മാറ്റി ദം പൊട്ടിച്ചു. പെയ്തൊഴിഞ്ഞ മഴമേഘങ്ങൾ തങ്ങി നിൽക്കുന്നത് പോലെ നീരാവി തുള്ളികൾ വട്ടയുടെ മൂടിയിൽ നിന്നൊഴുകിയിറങ്ങി. അയാൾ റൈസ് കട്ടറെടുത്ത് ചോറ് വെട്ടി മാറ്റി, അടി ചേർത്തിളക്കി വട്ടയുടെ ഒരു അരികിലേക്ക് വിതറിയിട്ടു.. " ഹാ നല്ല മണം. ചോറിൽ പൊതിഞ്ഞ നെയ്യും എരിവുള്ള മസാലയും ഇളകിമറിഞ്ഞ് ഗന്ധം അപ്പുവിന്റെ ശിരസിലേക്ക് പാഞ്ഞു കയറി അവന്റെ കണ്ണുകൾ തിളങ്ങി. ബിരിയാണിയുടെ മണടിച്ചു ആഷിതയുടെ വായിൽ വെള്ളം നിറയുന്നുണ്ടായിരുന്നു.. പേപ്പർ പ്ലേറ്റ് എടുത്ത് രാജീവ് തന്നെ ഓരോരുത്തർക്കും വിളമ്പി നൽകി. " ഉമ്മിച്ചിക്ക് ഇതൊക്കെ കഴിക്കാമോ ? " അങ്ങിനെ നോക്കിയാ ഒന്നും കഴിച്ചൂടാ മോളെ. ഷുഗറും പ്രഷറും കൊളാസോളും ന്ന് വേണ്ടാ ല്ലാം ണ്ട്.. പക്ഷെ എന്റെ കൊച്ചിന്റെ പേരി കിട്ടണ ഒരു പിടി ചോറ് തിന്നിട്ട് മയ്യത്താവാണെങ്കി അങ്ങ്ട് പോട്ടെ ടി. ഇങ് താ.

നബീസു നീട്ടിയ പ്ലേറ്റ് വാങ്ങി ആയഷുമ്മ മടിയിൽ വെച്ചു ശേഷം വിറയാർന്ന കൈ കൊണ്ട് പതിയെ വാരി കഴിച്ചു തുടങ്ങി. ഒരു ഗ്ലാസ്സിൽ വെള്ളം കൊണ്ടുവന്ന് വെച്ച ശേഷം അവരുടെ മുഖത്തെ സന്തോഷം കണ്ട് ,അവളവരെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്.. " ആഹാ.. ബീഫിന്റെ ദം ബിരിയാണി കുറെ കഴിച്ചിട്ടുണ്ടേലും, ചിക്കന്റെ ദം ആദ്യയിട്ടാ കഴിക്കണെ. മോശം പറയരുതല്ലോ. സംഗതി ക്ലാസ്സായിട്ടുണ്ട്. " പാരീസ് ഹോട്ടലിലെ ഫുഡെന്ന് പറഞ്ഞാൽ അതാണ്. കഴിച്ചാ വയറ് മാത്രമല്ല മനസ്സും നിറയും.. അരവിന്ദൻ ഒരുപിടി വാരി വായിലേക്ക് വെച്ചു കൊണ്ട് കണ്ണടച്ചു രുചിച്ചു.. ഹാളിലും , ഉമ്മറത്തുമായി ഇരുന്ന് കൊണ്ട് എല്ലാവരും പരസ്പ്പരം വിളമ്പി കൊടുത്തും കളി പറഞ്ഞും ആസ്വദിച്ചു ഭക്ഷണം കഴിക്കുകയാണ്.. ആഷിത കഴിക്കുന്നതിനൊപ്പം അപ്പുവിന് വാരി കൊടുക്കുന്നുണ്ടായിരുന്നു. ഹൃദയങ്ങൾ തമ്മിലുള്ള ഊഷ്മളമായ ഇഴയടുപ്പമാണ് ബന്ധങ്ങൾക്കിടയിലെ സ്നേഹമെന്ന വികാരത്തെ ഏറ്റവും സമ്പന്നമാക്കുന്നത്.. ഒരു ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലാതെ, ഒരു വേദനിയമങ്ങളുടെയും നിബന്ധനകളില്ലാതെ മനുഷ്യൻ മനുഷ്യനെ മനസിലാക്കട്ടെ, ഹൃദയം ഹൃദയത്തെ തൊട്ടറിയട്ടെ. നിഷ്കളങ്കമായി , നിസ്വാർത്ഥമായി പരസ്പരം സ്നേഹിക്കട്ടെ.. അല്ലെങ്കിലും ഒരാളെ സ്നേഹിക്കാൻ എന്തിനാണ് മതത്തിന്റെ മാറാപ്പ് ശീല. " ബിരിയാണി കഴിച്ചു കഴിഞ്ഞൊരു ലൈംടീ. അതിന്റൊരു സുഖം വേറെ തന്നെയാ.

ആഹാ.. മൂന്ന് മണിയായപ്പോഴേക്കും നബീസു എല്ലാവർക്കും ചെറുനാരങ്ങ പിഴിഞ്ഞു ചേർത്ത കടും ചായ നൽകി. കോശിച്ചയാൻ ഒരു ഗ്ലാസ്സെടുത്തു ഒന്ന് മൊത്തി. " ഞാനെന്നാ പോട്ടെ മോളെ , " രണ്ട് ദിവസം ഇവിടെ നിന്നിട്ട് പോയാ പോരെ ഉമ്മിച്ചി.. " ആഗ്രഹമില്ലാഞ്ഞിട്ടല്ല മോളെ, ഞാനിപ്പോ സുലൂന്റെ വീട്ടിലാ. ഓഫീസീന്ന് വരുമ്പോ എന്നെയവിടെ കണ്ടില്ലെങ്കി പിന്നെ അത് മതി അവക്ക്. വീട് കാവലിന് കാശ് കൊടുത്ത് ഒരാളെ നിർത്തണ്ടല്ലോ. ഹാ പ്രായമായി കഴിഞ്ഞാ എല്ലാം മക്കൾക്കും കർന്നോമ്മാര് ഒരു ബാധ്യതായാ. ആരും അതോന്നും തുറന്ന് പറയണില്ലെന്നു മാത്രം. മുബീ നീ ഇങ്ങ് വന്നേ. ഓരോന്ന് പറഞ്ഞു ഉണ്ടായിരുന്നത് മുഴുവൻ വിറ്റ് തുലച്ചു. ഇനീപ്പോ വാപ്പുമ്മാന്റെ കൈയിൽ ഇതേയുള്ളു ബാക്കി. ഇതെന്റെ മക്കള് വെച്ചോ. " ഏയ് ഇതൊന്നും വേണ്ടുമ്മാ.. എന്താണേലും ഉമ്മാ വന്നല്ലോ എനിക്ക് അത് മതി. " അങ്ങിനല്ല മോളെ. ഇന്നേവരെ എന്റെ കുട്ട്യോൾക്ക് ഒന്നും കൊടുക്കാൻ പറ്റിട്ടില്ല. കണ്ണടയാണെന് മുന്നേ അതിനുള്ള ഭാഗ്യണ്ടായല്ലോ. അല്ഹംദുലില്ല.. മുബീന അവർക്കരികിലേക്ക് വന്നു. ആയിഷുമ്മ അവശതയുടെ പതിയെ കട്ടിലിനരികിൽപിടിച്ചെഴുനേറ്റു നിന്ന ശേഷം മടിക്കുത്തിൽ തിരുകി വെച്ച ഒരു ചെറിയ ന്യൂസ് പേപ്പർ പൊതിയെടുത്ത് അഴിച്ച്, അവരുടെ പഴയൊരു നീളൻ മാലയെടുത്തു നീട്ടി.

നബീസു തടസം പറഞ്ഞെങ്കിലും അവരത് മുബീനയുടെ കയ്യിലേക്ക് ബലമായി പിടിച്ചു വെച്ചു കൊടുത്ത ശേഷം പതിയെ പുറത്തേക്ക് നടന്നു. നബീസു അവരുടെ കൈയിൽ താങ്ങി പിടിച്ചിട്ടുണ്ടായിരുന്നു. " മക്കളെ എന്നെയൊന്നു തിരിച്ചു കൊണ്ടാക്കി തന്നെക്കാമോ ? " അതിനെന്താ ഉമ്മാ.. മാധവേട്ടാ വാ നമുക്കൊന്ന് പോയിട്ട് വരാം.. മാധവനും നബീസും ചേർന്ന് അവരെ പതിയെ പുറത്തേക്കിറക്കി.. " ആരുല്ലാതൊരാ, എന്റെ കുട്ട്യോളെ ഒന്ന് ശ്രദ്ധിച്ചോണെ.. ഇനി ചിലപ്പോ തമ്മില് കാണാൻ പറ്റിന്ന് വരില്ല. വാപ്പുമ്മ പോട്ടെ മക്കളെ.. നബീസു. " നിങ്ങള് സന്തോഷയിട്ടു പോയാട്ടെ, ഇവിടെ ഞങ്ങളൊക്കെയുണ്ടാവും. " തവക്കൽതു അലല്ലാഹ്. അവർ എല്ലാം ദൈവത്തിൽ അർപ്പിച്ചു കൊണ്ട് നബീസുവിനെയും മക്കളെയും ചേർത്ത് പിടിച്ചു നെറുകയിൽ ഒരുമ്മ കൊടുത്തു. കോശിച്ചയാൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. ഒഴുകിയിറങ്ങുന്ന മിഴി നീര് തട്ടം കൊണ്ട് തുടച്ച ശേഷം ബദ്ധപ്പെട്ട് അവർ കാറിലേക്ക് കയറിയിരുന്നു. അവർ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. രാജീവും മാധവനും മുൻസീറ്റിൽ കയറി. കാർ പതിയെ പുറത്തേക്ക് നീങ്ങി തുടങ്ങി. ആയിഷുമ്മ അവരെ തിരിഞ്ഞു നോക്കിയിരിപ്പുണ്ടായിരുന്നു. ചുവന്ന് കലങ്ങിയൊഴുകിയിട്ടും അവരിൽ നിന്ന് നോട്ടമെടുക്കാതെ അവർ പോയ്‌ മറയുന്നതും നോക്കി നബീസു അവിടെ തന്നെ നിൽക്കുകയാണ്.. ഒപ്പം കോശിച്ചയാനും കൂട്ടരും.......... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story