എന്റെ ഉമ്മാന്റെ പേര്: ഭാഗം 37

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ഡാ ലാലു നീ മുബീയെ കണ്ടില്ലേ ? " ങേ അതിനവള് വന്നോ ? " വന്നോന്നോ.. ഛെ.. മര്യാദയ്ക്ക് നിന്ന് മുള്ളേടാ തെണ്ടി.. രാവിലെ തന്നെ സ്കൂളിലെ മൂത്ര പുരയിലേക്ക് ഉണ്ണി വെപ്രാളത്തോടെ ഓടിക്കയറി.. ലാലു ഞെട്ടി തിരിഞ്ഞതും ഉണ്ണിയുടെ പാന്റസിലേക്ക് മൂത്രം തെറിച്ചു വീണു. അവൻ ദേഷ്യത്തോടെ പിന്നോട്ട് ചാടി മാറി. " ഞാൻ ശ്രദ്ധിച്ചില്ലേടാ.. സോറി.. എന്നിട്ട് ഇത് പറ, നീയവളെ കണ്ടോ ? " ങാ. ഈ സ്കൂളിൽ ഇനിയവളെ കാണാൻ നീ മാത്രേ ബാക്കിയുള്ളൂ. " ങേ അതെന്താ അങ്ങിനെ ? ലാലു പാന്റ്സിന്റെ സിപ്പ് പൂട്ടി കൊണ്ട് സംശയത്തോടെ പുറത്തേക്ക് നടന്നു. ഉണ്ണി പൈപ്പിൽ നിന്ന് വെള്ളമെടുത്തു പാന്റ്‌സ് തുടയ്ക്കുന്നുണ്ടായിരുന്നു. " എന്റെ പൊന്നു ലാലു നീ ചെന്ന് അവളെയൊന്ന് കണ്ട് നോക്കണം, എന്ത് ഗ്ലാമറാടാ. മോനിനി ഈ മര മോന്തേം കൊണ്ട് അവളുടെ പിന്നാലെ നടന്നിട്ടൊരു കാര്യമില്ല. " ഉണ്ണി.. ഇങ്ങനെ ചങ്കീ കൊള്ളണ വർത്താനൊന്നും പറയല്ലേടാ. ഒന്നിലേലും എന്നും വൈകിട്ട് സർബത്ത് വാങ്ങി തരണതല്ലേടാ ഞാൻ. ഉണ്ണി ലാലുവിന്റെ ചങ്കിലേക്ക് ഒരു ഒളിയമ്പ് തൊടുത്തു വിട്ടു.

അവൻ നിസഹായമായി ഉണ്ണിയെ നോക്കി. " ങാ സർബത്ത് കുടിച്ചു നിന്റെ കാശ് കളായന്നല്ലാതെ അവളിനി ചീത്ത പറയാൻ പോലും നിന്നെ നോക്കൊന്ന് എനിക്ക് തോന്നണില്ല ലാലു. പോരാത്തതിന് ആ പ്രേമ രോഗി റഷീദും കാലത്തെ മുതല് അവളെ നോട്ടം വെച്ചിട്ടുണ്ട്. " എന്നാ ശരിയാക്കും ഞാനാ പന്നിയെ. " ങാ ശരിയാക്കാൻ അങ്ങോട്ട് ചെല്ല്. അവന്റെ ഇടി കണ്ടിട്ടിണ്ടാ നീ. ചോയിക്കാൻ പോയ നമ്മള് രണ്ട് പേരെo അവനിടിച്ചു പപ്പടാക്കും. " ഇടി കിട്ടിയാലും വേണ്ടൂല്ല, മുബീയെ ഞാനവന് കൊടുക്കൂല്ല. അവളെന്റെയാ. " നിനക്കെന്തിന്റെ കേടാ ലാലു. നീയെത്ര പൊറകെ നടന്നാലും ഇനി അവള് നിന്നെ തിരിഞ്ഞു പോലും നോക്കാൻ പോണില്ല. ഒന്നിലേലും അവരൊക്കെ ഒരേ ജാതിക്കാരാ. ഇനി കൊറേ നാള് കഴിയുമ്പോ ചെലപ്പോ അവര് തമ്മി കല്ല്യാണോo കഴിക്കും. " ദുഷ്ട്ടത്തരം പറയതേടാ കാലമാട. ഇടിയെങ്കി ഇടി. എന്നാലും അവൻ അവളെ നോക്കാൻ ഞാൻ സമ്മയിക്കൂല്ല. വാടാ. " ആഹാ. ഒറ്റയ്ക്കങ്ങ് പോയാ മതി. എനിക്കെങ്ങും വയ്യാ അവന്റെ ഇടി കൊള്ളാൻ.

" ഒരാപത്ത് വരുമ്പോ ഒറ്റയ്ക്ക് ആക്കീട്ട് പോണെണല്ലേടാ ഉണ്ണി. ങാ ആരും വേണ്ടാ, കിട്ടിയാലും കൊടുത്താലും ഞാൻ ഒറ്റയ്ക്ക് പോയിക്കോള. ലാലു ദേഷ്യത്തോടെ ക്ലാസ്സിലേക്ക് പാഞ്ഞു.. ഉണ്ണി ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിൽക്കുകയാണ്.. " ഇത് സ്വർണാണോടി മുബീ? " പിന്നല്ലാതെ ക്ലാസ് മുറിയിൽ മുബീനയ്ക്ക് ചുറ്റും രണ്ട് മൂന്ന് കൂട്ടുകാരികൾ വളഞ്ഞിരിപ്പുണ്ടായിരുന്നു. ഇരു കൊമ്പുകളാക്കി പിന്നിയൊതുക്കി, പച്ച റിബൺ കൊണ്ട് മടക്കി കെട്ടിയ മുടി. പീലിതുമ്പിൽ വാലിട്ട് സുറുമയെഴുതി, കവിളിന് താഴെ കറുത്ത കുഞ്ഞു പൊട്ട് കുത്തി, അന്നാമ്മച്ചി സമ്മാനിച്ച ജിമിക്കിയിട്ട് ഒരുങ്ങി വന്ന മുബീനയുടെ മുഖഭംഗി കായൽ പരപ്പിൽ വെയിലേറ്റ് തിളങ്ങുന്ന ഓളങ്ങൾ പോലെ മിന്നുന്നുണ്ടായിരുന്നു. " ഇപ്പൊ നിന്നെ കാണാൻ നല്ല ഭംഗീണ്ടാട്ട മുബീ. " ശരിക്കും.? " ങാ ശരിക്കും. കൂട്ടുകാരികളോലൊരാൾ അവളുടെ ജിമിക്കിയിൽ പിടിച്ചു നോക്കുകയാണ്. അവളുടെ പുകഴ്ത്തൽകേട്ട് മുബീന ഉറക്കെ പൊട്ടിച്ചിരിച്ചു.. " ഹോ. ഇപ്പൊ ഇവളെ കാണാൻ എന്ത് ഭംഗിയാ..

" ങാ. ഞാൻ പറഞ്ഞപ്പോ നിനക്ക് വിശ്വാസയില്ലല്ലോ. ദേഷ്യത്തിൽ ക്ലാസ്സിലേക്ക് വന്ന ലാലു അവളുടെ ചിരിയഴക് കണ്ട് ജനലയ്ക്കാരികിൽ തറഞ്ഞു നിന്ന് പോയി. " നിനക്ക് നടത്തണ വഴിപാട് മുഴുവൻ വെറുതെയാവോ ന്റെ മുത്തപ്പാ.. " ങാ. മിക്കവാറും നിന്റെ കാശ് പോയത് തന്നെ. ദേ നോക്കിയേ റഷീദ് അവൾടെ അടുത്തേക്ക് പോണത് കണ്ടാ.. പിന്നാലെ ഓടി കിതച്ചെത്തിയ ഉണ്ണി അവന്റെ വെപ്രളത്തിന് ആക്കം കൂട്ടുകയാണ്. ലാലു ഞെട്ടി തിരിഞ്ഞു വാതിൽക്കലേക്ക് നോക്കി. വെളുത്ത് വട്ടച്ച മുഖമുള്ള, കൊലൻ മുടി തെങ്ങോല പോലെ ഇരു വശത്തേക്കും ഭംഗിയിൽ ചീകിയിട്ട, ലാലുവിനെക്കാളും പൊക്കവും തടിയുമുള്ള റഷീദും, രണ്ട് കൂട്ടുകാരും ക്ലാസ് മുറിയിലേക്ക് കയറി പോകുന്നുണ്ടായിരുന്നു. അവന്റെ ചിരി കാണാൻ നല്ല ഭംഗിയാണെന്നു ക്ലാസ്സിലെ പല പെണ്കുട്ടികളും അടക്കം പറയുന്നത് ലാലു പലപ്പോഴും കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം അവൻ തന്റെ മുന്നോട്ട് ഉന്തിയ പലക പല്ല് ചുണ്ടുകൾ കൊണ്ട് മറച്ചു പിടിക്കാൻ പ്രയാസപ്പെടാറുണ്ട്.

കറുത്ത് പോയ നിറവും മുന്നോട്ടുന്തിയ ഭംഗിയില്ലാത്ത പല്ലും, അവൻ സ്വയം പറഞ്ഞു പരിതപിക്കും.. " നീയിന്ന് ഭയങ്കര ക്യൂട് ആയിട്ടുണ്ടല്ലോ മുബീ. റഷീദ് മുബീനയ്ക്ക് അടുത്തേക്ക് വന്നിരുന്നു. അത് കണ്ട് അവൾ സൈഡിലേക്ക് മാറിയിരുന്നു. " ഈ ക്യൂട് ന്ന് പറഞ്ഞാ എന്താടാ ഉണ്ണി. " വല്ല സുന്ദരീന്ന് മറ്റോ ആയിരിക്കും. ആ തെണ്ടിക്ക് ഇംഗ്ലീഷന് ഭയങ്കര മാർക്കാടാ ലാലു. " അവന്റെരു കൂട്ട്.. റഷീദ് മുബീനയുടെ അടുത്തിരുന്നു സംസാരിക്കുന്നത് കണ്ട് ലാലുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു. അവൻ പല്ല് ഞെരിച്ചു കൊണ്ട് ജനലഴികളിൽ പിടിച്ചു ഞെരിച്ചു തുടങ്ങി. " ദാ എടുത്തോ, " ഏയ് വേണ്ടെടാ " നീയിതു മുഴുവനെടുത്തോടി. ഇത് ഞാൻ നിനക്ക് തരാൻ മേടിച്ചതാ. " ഇത്രെയോ ? " ങാ.. " ഇന്നാടി നിങ്ങളോടുത്തോ.. റഷീദ് പോക്കറ്റിൽ നിന്ന് കുറച്ചു എക്ളയേഴ്‌സ് മിട്ടായികൾ എടുത്തു അവൾക്ക് നീട്ടി. അവൾ അതിൽ നിന്നൊരെണ്ണം എടുത്ത ശേഷം കൂട്ടുകാരികളെ നോക്കി.. പെട്ടെന്ന് അവരെല്ലാവരും അവന്റെ കൈയിലിരുന്ന മിട്ടായികൾ പെറുക്കിയെടുത്തു.. എല്ലാം കണ്ട് നിന്ന ലാലുവിന്റെ ഉള്ളിലേക്ക് ദേഷ്യം ഇരച്ചു കയറുകയാണ്. " ഈ കമ്മല് കൊള്ളാല്ലോ, " ദേ റഷീദേ, മേത്ത് തൊട്ടുള്ള കൂട്ടൊന്നും വേണ്ടാ. അങ്ങോട്ട് മാറിയിരുന്നെ.

" ഞാൻ ഈ കമ്മലൊന്ന് നോക്കട്ടെടി. " ങാ അങ്ങിനെ നീയിപ്പോ നോക്കണ്ട, ഇതൊക്കെ നോക്കീട്ട് തന്നെയാ വാങ്ങിയെ. അവൻ അവളുടെ കാതിൽ തൊടാൻ കൈ നീട്ടിയതും മുബീന ദേഷ്യത്തോടെ കൈ തട്ടി മാറ്റി.. " ഇവനെ ഞാനിന്ന്.. " വേണ്ടെടാ ലാലു.. " ഡാ റഷീദേ. എല്ലാം കണ്ട് നിന്ന ലാലുവിന്റെ സമനില തെറ്റി അവൻ കൈ ചുരുട്ടി പല്ല് ഞെരിച്ചു അലറി കൊണ്ട് ക്ലാസ് മുറിയിലേക്ക് ഓടി.. വെപ്രാളത്തോടെ ഉണ്ണി അവന് പിന്നാലെ പാഞ്ഞു. ലാലുവിന്റെ വിളി കേട്ട് ക്ലാസ്സിലിരുന്നവർ ഒന്നടങ്കം ഞെട്ടി നോക്കി.. " നീയെന്തിനാടാ അവൾടെ മേത്ത് തൊട്ടത് ? " അവക്ക് കോഴപ്പൊന്നുല്ലല്ലോ പിന്നെ നിനക്കെന്താടാ ? " ആഹാ. അവനെന്താണെന്നോ, നീയിത് കേട്ടില്ലെടാ ലാലു. അവന്റെ നെഞ്ചാം കൂട് ഇന്ന് ഞാൻ ചവിട്ടി പൊളിക്കും.. ലാലു ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കുകയാണ്. പെട്ടെന്ന് പിന്നാലെ ഓടിയെത്തിയ ഉണ്ണി അലറി കൊണ്ട് ഇരുവശത്തെ ഡെസ്‌ക്കുകളിൽ കൈ കുത്തി ഉയർന്ന് ചാടി റഷീദിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അവൻ പിന്നോട്ട് തെന്നി മാറി ഭിത്തിയിലിടിച്ചു താഴേയ്ക്ക് വീണു.

മുബീനയും കൂട്ടുകാരികളും ഞെട്ടിയെഴുനേറ്റു പേടിയോടെ നോക്കി. " ഇതെന്ത് ചവിട്ടാടാ. ലാലു കണ്ണ് മിഴിച്ചു ഉണ്ണിയെ നോക്കി. വീരപരിവേഷം കെട്ടിയ നായകനെ പോലെ അവൻ ഡെസ്ക്കിന്റെ മൂലയിൽ ചാരി നിൽക്കുകയാണ്. " ഡാ .. " ദെടാ അവൻ വന്നെടാ.. പെട്ടെന്ന് റഷീദ് നെഞ്ചു തടവി കൊണ്ട് ചാടിയെഴുന്നേറ്റു ശേഷം ലാലുവിന് നേരെ പാഞ്ഞടുത്തു കൊണ്ട് അവന്റെ ഷർട്ടിൽ കുതിപ്പിടിച്ചു, ലാലു ഒരു കൈ കൊണ്ട് അവന്റെ കോളറിലും മുടിയിലും പിടിച്ചു വലിച്ചു. റഷീദിന്റെ രണ്ട് കൂട്ടുകാർ അവരെ പിടിച്ചു മാറ്റാൻ മുന്നോട്ട് വന്നതും ഉണ്ണി ഡെസ്റ്ററെടുത്ത് ഇരുവരെയും മുഖത്ത് അടിച്ചു കൊണ്ട് തള്ളി മാറ്റി. പിടിവലിക്കിടയിൽ ലാലുവും റഷീദും തെന്നി മറിഞ്ഞു താഴേയ്ക്ക് വീണു.. ഇരുവരും പരസ്പരം കുത്തിപ്പിടിച്ചു കൊണ്ട് താഴെ കിടന്ന് ഉരുളുകയാണ്. അരികിലേക്ക് പോയി ഭിത്തിയിൽ തടഞ്ഞ് നിന്നതും ലാലു അവന്റെ നെഞ്ചിൽ കയറിയിരുന്നു ഒരു കൈ കൊണ്ട് മുടിയിൽ കുത്തി പിടിച്ച ശേഷം മുഖത്ത് ആഞ്ഞിടിച്ചു. റഷീദ് ഇടിയെ പ്രതിരോധിച്ചു കൊണ്ട് ലാലുവിനെ തള്ളി മാറ്റാൻ ശ്രമിക്കുകയാണ്..

ലാലു അവന്റെ മുഖത്ത് വിരലുകൾ കൊണ്ട് അള്ളി പിടിച്ചു. റഷീദ് കണ്ണ് മിഴിക്കാൻ തുടങ്ങി. മുബീനയും മറ്റ് കുട്ടികളും എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന് നോക്കി നിൽക്കുകയാണ്. " ഡാ ലാലു മതി.. ഉണ്ണി പേടിയോടെ ലാലുവിനെ വലിച്ചു മാറ്റാൻ ശ്രമിച്ചു. പെട്ടെന്ന് പുറത്ത് ക്ലാസ് തുടങ്ങുന്നതിനുള്ള ആദ്യ ബെല്ല് മുഴങ്ങി. " എടാഇപ്പൊ സാറ് വരും.. നീയിങ്ങോട്ട് എണീറ്റെഡാ ലാലു. ഉണ്ണി വീണ്ടും അവന്റെ തോളിൽ പിടിച്ചു വലിച്ചു മാറ്റി. കലിയടങ്ങിയത് പോലെ ലാലു റഷീദിന്റെ മുഖത്ത് നിന്ന് പിടിവിട്ടെഴുനേറ്റു. നെറ്റിയും കവിളും കൺ തടങ്ങളും നഖക്ഷതമേറ്റ് ചുവന്ന് തടിച്ചു കിടപ്പുണ്ട്. " ഇനിമെന്തെലും വേഷങ്കെട്ട് എടുത്താ മുത്തപ്പനാണെ നിന്റെ തല ഞാൻ തല്ലിപൊളിക്കും പന്നി.. " എന്നാ പൊളിക്കേടാ. റഷീദ് ചാടിയെഴുന്നേറ്റു കൊണ്ട് ലാലുവിന്റെ കഴുത്തിൽ പിടിച്ചു തള്ളി. ഉണ്ണി ലാലുവിൽ നിന്നുള്ള പിടി വിട്ട് പിന്നോട്ട് തെന്നിയതും അവൻ ലാലുവിന്റെ ഷർട്ടിന്റെ പിന്നിൽ വീഴാതിരിക്കാൻ വീണ്ടും പിടിച്ചു , കാൽ തെന്നി ലാലു ഡെസ്ക്കിൽ നെറ്റിയിടിച്ചു ഉണ്ണിയുടെ മുകളിലേക്ക് വീണു..

" എന്താടാ കാണിക്കണേ ? " അയ്യോ. കുറുപ്പ് സാറ്. റഷീദ് ഇരുവരുടെയും ദേഹത്ത് കയറിയിരുന്നു ഇടിക്കുന്നത് കണ്ട് ക്ലാസ്സിലേക്ക് വന്ന കണക്ക് മാഷ് മനോഹരക്കുറപ്പ് അലറി. റഷീദിന്റെ കൂട്ടുകാർ പേടിയോടെ അവരവരുടെ സ്ഥാനങ്ങളിലേക്ക് ഓടി. ഉണ്ണിയും ലാലുവും എഴുന്നേൽക്കാൻ ശ്രമിക്കുകയാണ്. " രാവിലെ തന്നെ ക്ലാസി കിടന്ന് അടികൂടുന്നോടൊ. നിങ്ങളിയിന്ന് ഞാൻ. എണീക്കേടാ മൂന്നും. പണ്ടേ ദേഷ്യക്കാരനായ കുറുപ്പ് സാറിന് ദേഷ്യം പിടിച്ചു നിർത്താനായില്ല. കയ്യിലിരുന്ന ചൂരലെടുത്ത് അയാൾ റഷീദിന്റെ ചന്തിയിൽ ആഞ്ഞടിച്ചു. അവൻ വേദന കൊണ്ട് പുളഞ്ഞു, ചാടിയെഴുന്നേറ്റ ശേഷം പിന്നിൽ തടവി. ഉണ്ണിയേയും ലാലുവിനെയും പിടിച്ചെഴുനേല്പിച്ചു തിരിച്ചു നിർത്തിയ ശേഷം അവരുടെ പിന്നിലും ചൂരൽ പ്രയോഗിച്ചു. അടികൊണ്ട് ഉണ്ണി നിന്ന് തുള്ളി. ലാലു വേദന കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു നിൽക്കുകയാണ്. " എന്തിനാടാ അടി കൂടിയേ ? " ഞാനല്ല സാറേ, ഈ ലാലുവാ ആദ്യം എന്നെയിടിച്ചത്. " അതിന്റെ കാരണമെന്താണെന്നാണ് ഞാൻ ചോദിച്ചത് ?

കുറുപ്പ് സാർ ചൂരലെടുത്ത് മേശയ്ക്ക് മുകളിൽ ശക്തിയായി അടിച്ചു.. ക്ലാസ് മുറി ഒന്നാകെ എല്ലാവരും ഞെട്ടിവിറച്ചു. " ഇവന് മുബീനയോട് ലൈനാണ് സാറേ. " ലൈനോ.. ഇങ്ങോട്ട് നീങ്ങി നിക്കേടാ. കുറുപ്പ് സാർ മുബീനയെ ചൂഴ്ന്ന് നോക്കി. അവൾ പേടിയോടെ കൂട്ടുകാരിയുടെ പിന്നിൽ മറഞ്ഞിരിക്കാൻ ശ്രമിക്കുകയാണ്.. " രണ്ടാഴ്ച കൂടി കഴിഞ്ഞാ കൊല്ലപരീക്ഷയാണെന്ന് അറിയാവോ? " അറിയാ.. " ങാ ടൈംടേബിളിൽ ഏതാടാ ആദ്യത്തെ പരീക്ഷ ? " കണ.. കണ.. ക്ക്.. " കണ കണ യല്ല.. കണക്ക്.. എന്നിട്ട് അത് പഠിക്കാതെ, ലൈൻ വലിക്കാൻ നടക്കുന്നു. കുറുപ്പ് സാറിന്റെ ചൂരൽ ദേഷ്യത്തോടെ ലാലുവിന്റെ പിന്നിൽ മൂന്ന് പ്രാവശ്യം ആഞ്ഞു പതിച്ചു. അടിയേറ്റ് അവൻ നിന്ന് വിറയ്ക്കുകയാണ്, കണ്ണുകൾ ചുവന്നൊഴുകുന്നുണ്ടായിരുന്നു.. " ഇന്നലെ തന്ന ഹോം വർക്ക് ചെയ്തോ ? " ങാ.. " പോയി നിന്റെ നോട്ട് ബുക്ക് എടുത്തിട്ട് വാ.. ലാലുവിനെ മാറ്റി നിർത്തി അയാൾ ഉണ്ണിയ്ക്ക് നേരെ തിരിഞ്ഞു. അവൻ പേടിയോടെ ബാഗിൽ നിന്ന് കണക്ക് നോട്ട് എടുത്തു കുറുപ്പ് സാറിന് നീട്ടി.

" പഠിക്കാനണെ ന്നും പറഞ്ഞു ഓരോന്ന് കെട്ടിയെടുത്തോളും മനുഷ്യനെ മെനക്കെടുത്താൻ. കഴുത. അയാൾ ഉണ്ണി നൽകിയ ബുക്ക് തുറന്ന് നോക്കി കൊണ്ട് ദേഷ്യത്തിൽ അവന്റെ പിന്നിലും ആഞ്ഞടിച്ചു. അടി കൊണ്ട ഉണ്ണി കണ്ണിറുക്കിയടച്ചു കൊണ്ട് നിന്ന് വിറച്ചു ചാടി.. " മൊട്ടെന്ന് വിരിഞ്ഞില്ല, അതിന് മുന്നേ തുടങ്ങി പെണ്ണിന്റെ പേരി തമ്മീ തല്ല്.. ങാ ക്ലാസ് കഴിയണ വരെ ലൈനടിക്കാര് മൂന്നും ദേ അവിടെ പോയി മുട്ട് കുത്തി നിന്നോണം കേട്ടല്ലോ.. ഇനിയർക്കെങ്കിലും ഇമ്മാതിരി സൂക്കേടുണ്ടെങ്കി ഇന്നത്തോടെ അതങ്ങു കളഞ്ഞേക്കണം. കേട്ടല്ലോ. രണ്ടക്ഷരം പഠിച്ചു ജയിച്ചു പോകാൻ നോക്കല്ല പ്രേമിക്കാൻ നടക്കുന്നു.. കുറുപ്പ് സാർ കണക്കിന്റെ പാഠ പുസ്തകം തുറന്ന് വെച്ചു എല്ലാവരെയും നോക്കി കണ്ണ് മിഴിച്ചു. മുബീന കൂട്ടുകാരിയുടെ പിന്നിൽ നിന്ന് അയാളെ പതിയെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ലാലുവും ഉണ്ണിയും റഷീദിനെ കലിയോടെ നോക്കി പിറുപിറുത്തു കൊണ്ട് ക്ലാസ് മുറിയുടെ മൂലയ്ക്ക് മുട്ട് കുത്തി നിൽക്കുകയാണ്. ഡെസ്ക്കിലിടിച്ചു ലാലുവിന്റെ വലത് നെറ്റി മുഴച്ചിരിപ്പുണ്ട്. "

അപ്പൂന്റെ മമ്മി ഡൽഹീന്ന് വന്നോ ? " ഇല്ല.. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു ടിഫിൻ ബോക്സ് കഴുകി കൊണ്ട് അപ്പുവും ജെന്നിഫറും വരാന്തയിലൂടെ നടക്കുകയായിരുന്നു. " എപ്പോഴാ വരണേ " അറിഞ്ഞൂടാ. " അപ്പോ ആരാ അപ്പൂന് ഫുഡ് ഒക്കെ ഇണ്ടാക്കി തരണേ ? " ന്റെ ആന്റീണ്ടല്ലോ.. പിന്നെ താത്തൂസും. " അപ്പൊ അവരൊക്കെ അപ്പൂന്റെ വീട്ടിലാ നിക്കണേ. " അല്ല. രാവിലെ കോശിപ്പാപ്പന്റെ വീട്ടീന്ന് ആന്റി വരുമ്പോ ഫുഡ് തരും. വൈകീട്ട് ഞാൻ ആന്റീടെ വീട്ടീ പോകും. രാത്രി ആവുമ്പോ അച്ഛൻ വരും കൊണ്ടോവൻ. എനിക്ക് ആന്റി ഇണ്ടാക്കണ ഫുഡാ ഇഷ്ട്ടം. " അതെന്താ ? " ആന്റിക്ക് കൊറേ ഫുഡ് ഇണ്ടാക്കാനറിയാ. കൊറേ കൊറേ പുളീക്കെ ഇട്ട് ഇങ്ങനെ ഇങ്ങനെ കൈ കൊണ്ട് കൊഴ്ച്ച പിക്കിളോക്കെ ഇണ്ടാക്കും. പിന്നെ ഇങ്ങനെ പരത്തി മധുരോള്ളതൊക്കെ ആന്റിക്കറിയാ. എന്റെ മമ്മിക്ക് അതൊന്നും അറിഞ്ഞൂടാ. " ഇനി അതൊക്കെ ഇണ്ടാക്കുമ്പോ ഒരൂസം എനിക്കും കൊണ്ടത്തരോ ? " ങാ. രുചി കൂട്ടുകളുണ്ടാക്കുന്ന നബീസുവിന്റെ നാടൻ ശൈലികൾ ജെന്നിഫറിന് ആഗ്യം കാണിച്ചു പറഞ്ഞു കൊണ്ട് അപ്പു നബീസുവിനെ കുറിച്ചു വാചാലനവുകയാണ്.. ഒരുനാൾ ആ രുചി തനിക്കും അവൻ സമ്മാനിക്കുമെന്ന് കേട്ടപ്പോൾ ജെന്നിഫറിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു.. "

വെക്കേഷന് അപ്പുഎവിടെയാ പോവാ.? " എങ്ങും പോകുല്ലല്ലോ. " അതെന്താ പോവത്തെ. എന്റെ പാപ്പ എല്ലാ വെക്കേഷനും ടൂറ് കൊണ്ടോവും. ഈ പ്രാവശം ആന്തമാനിൽ കൊണ്ടാവാന്ന് പറഞ്ഞിട്ടിണ്ട്. " അതെവിടെയാ ? " അതറിഞ്ഞൂടെ. അത് ഈസ്റ്റിലുള്ള ഒരു ഐലൻഡാ. കാണാൻ നല്ല ഭംഗിയാന്നാ പാപ്പ പറയാ. " അപ്പോ അവിടെ എങ്ങിനാ പോവാ ? " ഫ്ലൈറ്റിലെ പോവാൻ പറ്റു. പപ്പെടെ കമ്പ്യൂട്ടറീ അവടത്തെ കൊറോ ഫോട്ടോക്കിണ്ട്. അപ്പു അച്ഛനോട് പറയ് അവിടെ കൊണ്ടോവാൻ. അപ്പോ നമ്മക്ക് ഒന്നിച്ചു പോവല്ലോ. നല്ല രസായിരിക്കും. " എന്നെ അച്ഛൻ എങ്ങും കൊണ്ടോവറില്ല. അവധി ദിനങ്ങളിൽ നാട് ചുറ്റി കാണാൻ പോകുന്ന ജെന്നിഫറിന്റെ കഥ കേട്ട് അപ്പുവിന്റെ ഉള്ളൊന്നു പൊള്ളി. ഓർമ്മയിൽ ഇന്നോളം ഫ്ലാറ്റിന്റെ അകത്തളം വിട്ട് പുറത്തേക്ക് പോയി സന്തോഷിച്ചത് രണ്ട് തവണ മാത്രമാണ്. ആദ്യമായി മുബീനയോടും ആഷിതയോടുമൊപ്പം ചെമ്പൻ നായരുടെ അതിര് കെട്ടി തിരിച്ച ഇരുണ്ട പറമ്പിലെ പുളി പറിക്കാനും , രാജീവ് എല്ലാവരെയും കൂട്ടി ഒബ്‌റോൺ മാള് കാണാൻ പോയപ്പോഴുമായിരുന്നു.

അവന്റെ പ്രായത്തിലുള്ള മറ്റുകുട്ടികളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ആ യാത്രകൾ വെറുമൊരു നേരംകൊള്ളികളായി തോന്നുമെങ്കിലും , അപ്പുവിന്റെ മനസ്സ് ഏറെ ആനന്ദിച്ച പോയ ദിനങ്ങളായിരുന്നു അത്. വിനോദം എന്നതിന് സന്തോഷം നൽകുക എന്ന് മാത്രം അർത്ഥമുള്ളത് എത്ര നന്നായി. മറിച്ചൊരു പര്യായപദം കൂടി ചേർക്കപ്പെട്ടിരുന്നെങ്കിൽ അവന്റെ ആത്മാവിന്റെ ഏറ്റവും ഇടുങ്ങിയ ഇടനാഴി വരെ നോവുരുകി വൃണപ്പെട്ടു പോകുമായിരുന്നു. " ഈ ആന്തമാ ഐലൻഡ് എവിടെയാ താത്തൂ ? " ആന്തമാ അല്ലെടാ. ആന്തമാൻ നിക്കോബാർ. സ്കൂള് വിട്ട് ആഷിതയ്ക്കും മുബീനയ്ക്കുമൊപ്പം നടന്ന് നീങ്ങുമ്പോളും അപ്പുവിന്റെ മനസ്സ് നിറയെ ഉച്ചയ്ക്ക് ജെന്നിഫർ പറഞ്ഞ അവളുടെ അവധിക്കാല യാത്രയെ കുറിച്ചായിരുന്നു. " ങാ അതെവിടെയാ ? " അത് അങ് ദൂരെയാ. " ദൂരേന്ന് പറഞ്ഞാ.? " ദൂരേന്ന് പറഞ്ഞാ, കൊറേ ദൂരെ. നമ്മടെ രാജ്യത്തിന്റെ കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നൊരു കടലുണ്ട്, അവിടെയാണ് ആന്തമാൻ ഐലൻഡ്. " താത്തൂ അവിടെ പോയിട്ടിണ്ടാ.. അവന്റെ സംശയങ്ങൾ കൂടുകയാണ്.. " ഉണ്ടല്ലോ. അപ്പൂന് കാണണോ ? " ങാ. ചെമ്പൻ നായരുടെ പറമ്പ് കഴിഞ്ഞുള്ള കലുങ്കിലെത്തിയതും ആഷിത അവനെ നോക്കി ചിരിച്ചു കൊണ്ട് അതിന്റെ കൽക്കെട്ടിലിരുന്നു..

അപ്പു ദ്വീപ് കാണാനുള്ള ആഗ്രഹത്തോടെ അവൾക്കരിലേക്ക് വന്നു.. ഇരുവരുടെയും സംസാരങ്ങൾ ശ്രദ്ധിച്ചു കൊണ്ട് മുബീന സംശയത്തോടെ നോക്കുകയാണ്.. " ദേ ഇതാണ് ആന്തമാൻ ഐലൻഡ്. " പോടാ കോരങ്ങാ. ഇതല്ല, നീ എന്നെ പറ്റിക്കാ. ആഷിത ബാഗിൽ നിന്ന് ജോഗ്രഫി പാഠപുസ്തകം എടുത്ത് തുറന്ന് ഉൾപേജിലുള്ള ഇന്ത്യയുടെ ഭൂപടത്തിലെ ആന്തമാൻ ദ്വീപ് അപ്പുവിന് തൊട്ട് കാണിച്ചു കൊടുത്തും. ദ്വീപ് കാണാനുള്ള ആഗ്രഹം മുറിഞ്ഞു പോയതും അപ്പുവിന് വല്ലാതെ ദേഷ്യം വന്നു. അവൻ ആഷിതയുടെ പുറത്ത് ഇടിച്ച് കൊണ്ട് വഴക്കിട്ടു നടന്നു.. " ഡാ അപ്പു പോവല്ലേടാ. " പോടാ. ഞാൻ നിന്നോട് കൂട്ടില്ല.. " ഡാ . നിക്കേടാ. അവൻ അവളെ തിരിഞ്ഞു നോക്കാതെ ധൃതിയിൽ നടന്ന് നീങ്ങി. ആഷിത പുസ്‌തകം ബാഗിലേക്ക് വെച്ചു കൊണ്ട് അപ്പുവിന്റെ പിന്നാലെ പാഞ്ഞു. അവന്റെ ദേഷ്യവും നടപ്പും കണ്ട് മുബീനയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.. " നെറ്റി നല്ലോണം മുഴച്ചിട്ടുണ്ടല്ലോടാ. " നിനക്ക് അവനെ ചവിട്ടണ്ടേ വല്ല കാര്യോണ്ടാ ഉണ്ണി. ക്ലാസ്സിലെല്ലാവരും അറിയേം ചെയ്തു, സാറിന്റെ തല്ലും കിട്ടി.

ഇനി അവളുടെ വായിലിരിക്കണത് കൂടി കേക്കേണ്ടി വരോല്ലോ ന്റെ മുത്തപ്പാ. " അത് പിന്നെ അപ്പോഴത്തെ ദേഷ്യത്തിൽ ചവിട്ടീതാ. ദെടാ അവൾടെ കൂടെയുള്ള ചെക്കനല്ലേത് ഉണ്ണിയേ സൈക്കിളിന്റെ മുന്നിലിരുത്തി ലാലു ഇടവഴി വരുന്നുണ്ടായിരുന്നു. പെട്ടെന്ന് എതിരെ നടന്ന് വരുന്ന അപ്പുവിനെ കണ്ട് ലാലു സൈക്കിൾ നിർത്തി.. " ഡാ ഇതെങ്ങോട്ടാ ഈ വാണം വിട്ടപോലെ പോണേ? " നീ പോടാ കോരങ്ങാ. അപ്പുവിന്റെ ദേഷ്യം മാറിയിട്ടുണ്ടായിരുന്നില്ല. പെട്ടെന്നുള്ള അവന്റെ പ്രതികരണം കേട്ട് ലാലുവും ഉണ്ണിയും ഞെട്ടി. " ങേ കൊരാങ്ങാന്നോ, ഡാ പീക്കിരി ചെക്കാ. " ഏറിയും ഞാൻ. വേഗത്തിലുള്ള നടപ്പ് കണ്ട് ലാലു അപ്പുവിനെ കളിയാക്കി ചിരിച്ചു. ലാലുവിന്റെ ചിരി കണ്ട് അവന് പിന്നെയും ദേഷ്യം വന്നു. സൈക്കിളിൽ നിന്നിറങ്ങാൻ ശ്രമിച്ച ലാലുവിന് നേരെ താഴെ കിടന്ന കല്ലെടുത്ത് ഓങ്ങി.. " ശെടാ. ഇതിപ്പോ എന്തേലും മിണ്ടി പോയാ എല്ലാരും ഇടിക്കാൻ വരുവാണല്ലോ. " ലാലു സൈക്കിള് പെട്ടെന്ന് തിരിച്ചോ, അല്ലെങ്കിൽ പോയതിന്റെ ബാക്കി കൂടി കിട്ടും.

" ന്റെ മുത്തപ്പാ.. മുബീ. " അവിടെ നിന്നെടാ . എതിരെ വരുന്ന മുബീനയെ കണ്ട് ഉണ്ണി സൈക്കിളിൽ നിന്ന് ചാടിയിറങ്ങി, ലാലു പേടിയോടെ സൈക്കിളിൽ വളക്കാൻ നോക്കിയതും മുബീന ഓടി വന്ന് സൈക്കിളിന്റെ പിന്നിൽ പിടിച്ചു വലിച്ചു നിർത്തി. " നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എന്റെ വാപ്പയാകൻ നിക്കരുതെന്ന്. " അയിന് ഞാനെന്ത് ചെയ്തിട്ടാടി. ലാലു അവളെ ശ്രദ്ധിക്കാതെ താഴേയ്ക്ക് നോക്കി നിന്ന് പരുങ്ങുകയാണ്. " ഒന്നും ചെയ്തില്ലല്ലേ. പാവം. നീയെന്തിനാടാ ആ റഷീദിനെ പിടിച്ചിടിച്ചത് ? " അത് അവൻ നിന്റെ മേത്ത് തൊട്ടിട്ടല്ലേ. " എന്റെ മേത്ത് തൊട്ടതിന് നിനക്കെന്താടാ. എന്റെ കാര്യം നോക്കാൻ എനിക്കറിയാം. " ആ അങ്ങിനിപ്പോ ആരും നിന്നെ തൊടണ്ട. നിന്റെടുത്ത് വേഷങ്കെട്ട് എടുത്താ ഇനീം ഞാനവനിടിക്കും. എന്റെ മുത്തപ്പനാണെ സത്യം. " ങാ. ഇടിക്കാൻ അങ്ങോട്ട് ചെല്ല്, അവന്റെ ഇക്കാക്കമാരെ നിനക്കറിഞ്ഞൂടാ. അവര് നിന്നെ ഇടിച്ചു പപ്പാടാക്കും. " എന്നാലും വേണ്ടൂല്ല, നിന്നെ ഞാനവന് കൊടുക്കൂല്ല.. " ദേ വേഷങ്കെട്ട് പറഞ്ഞാലുണ്ടല്ലോ. എന്റെ കയ്യീന്ന് നീ മേടിക്കും.

" അമ്മേ.. മുബീന ദേഷ്യത്തിൽ ലാലുവിന്റെ സൈക്കിളിൽ ആഞ്ഞു ചവിട്ടി. അവൻ കാല് തെന്നി സൈക്കിളുമായി പൊന്ത കാട്ടിലേക്ക് മറിഞ്ഞു വീണു. " ഡി നീയവിടെ എന്ത് കാണാൻ നിക്കാ. ഇങ്ങോട്ട് വാടി. " ഇനീം ഓരോന്ന് പറഞ്ഞു എന്റെ പുറകെ വന്നാലുണ്ടല്ലോ, സത്യായിട്ടും ഞാനെന്റെ ഉമ്മാനോട് പറഞ്ഞു കൊടുക്കും. ക്ലാസിലെ പിള്ളേര് ഓരോന്ന് പറഞ്ഞു കളിയാക്കാ എന്നെ ,ലൈനടിക്കാൻ നടക്കുന്നു. മര മോന്ത കണ്ടാലും മതി. ചിമ്പാൻസിയെ പോലുണ്ട്. കാപ്പിരി കോരങ്ങൻ. " അവനോട് അങ്ങിനൊന്നും പറയല്ലെടി മുബീ. പാപം കിട്ടോട്ടാ. " ങാ. ഇവന്റെ കൂടെ നടന്നാ നിനക്കും നല്ലത് കിട്ടും. നോക്കിക്കോ.. തെണ്ടി. അവൾ ദേഷ്യത്തിൽ ലാലുവിനെ കളിയാക്കി കൊണ്ട് ആഷിതയ്ക്ക് പിന്നാലെ ഓടി.. തീർത്തും നിസഹായനായി ശിരസ്സ് കുനിഞ്ഞു നിന്നതല്ലാതെ അവൻ അവളോടന്നും പറഞ്ഞില്ല. സൈക്കിളിൽ നിന്ന് മറിഞ്ഞു വീണതിലും അവനെ വേദനിപ്പിച്ചത് അവളുടെ വാക്കുകളായിരുന്നു. അതിന്റെ കൂർത്ത അഗ്രം അവന്റെ ചങ്കിലേക്ക് ആഴ്ന്നിറങ്ങി നോവിക്കുന്നുണ്ടായിരുന്നു..

ഞാൻ അപ്പോഴേ പറഞ്ഞതല്ലേടാ ലാലു. അവള് ആരെങ്കിലും പ്രേമിച്ചോട്ടെ. നമ്മക്ക് ഇതൊന്നും വേണ്ടെടാ.. നീ വാ നമ്മക്ക് പോവാ. " ആരൊക്കെ കാപ്പിരീന്ന് വിളിച്ചു കളിയാക്കിയാലും അവള് അങ്ങിനെ വിളിക്കൊന്നു ഞാൻ കരുതീല്ലെടാ. ഞാൻ കറുത്ത് പോയത് എന്റെ കോഴപ്പം കൊണ്ടാണോ. ലാലു ആകെയൊന്ന് നോക്കി കൊണ്ട് നെടുവീർപ്പിട്ടു. അവന്റെ കണ്ണുകൾ കലങ്ങി ഒഴുകുന്നുണ്ടായിരുന്നു. അവന്റെ സങ്കടം കണ്ട് ഉണ്ണിയുടെ ഉള്ളും പൊള്ളിപോയി. " അവള് പോണേല് പോട്ടെടാ ലാലു. വല്ല്യൊരു മദാമ്മ വന്നേക്കണ്. നീ വാ. നമ്മക്ക് പിള്ളച്ചേട്ടന്റെ ചായക്കടെല് കേറി നല്ല ചൂട് ബൊണ്ടെ, പാലുംവെള്ളോം കുടിക്കാം. " അതിന് എന്റല് കാശില്ലെടാ ഉണ്ണി. " കാശൊന്നും വേണ്ടാ. അച്ഛന് അവിടെ പറ്റുള്ളതാ. നീ വാടാ .. താ സൈക്കിള് ഞാൻ ചവിട്ടാം. ഉണ്ണി ലാലുവിന്റെ തലയിലും ദേഹത്തുമുണ്ടായിരുന്ന ഇലയും പൊടിയും തട്ടി കളഞ്ഞു കൊണ്ട് അവനെ പിടിച്ചു എഴുന്നേൽപ്പിച്ച ശേഷം സൈക്കിൾ മുകളിലേക്ക് തള്ളി കയറ്റി. അവനെയും മുൻപിലിരുത്തി ചവിട്ടി പോയി.

ഉണ്ണിയെ പോലെ ചങ്ക് പറിച്ചു തരുന്ന അപൂർവം ചില സൗഹൃദങ്ങളുണ്ടെങ്കിൽ പ്രണയം നൽകി മനസ്സ് നോവിക്കാൻ എന്തിനാണ് മറ്റൊരു പെണ്ണ്. " അച്ഛാ വെക്കേഷന് എന്നെ ആന്തമാ ഐലൻഡില് കൊണ്ടുവോ ? " ങേ ഇതിപ്പോവിടുന്ന് കിട്ടി ഈ ഐലൻഡ് യാത്ര. ആഷിതയുമായി വഴക്കിട്ടു പോയിട്ടും അപ്പുവിന്റെ മനസിൽ നിന്ന് ജെന്നിഫർ പറഞ്ഞ കാര്യം വിട്ട് പോയിട്ടുണ്ടായില്ല. " കൊച്ചു.. വെക്കേഷന് അവൾടെ പപ്പാ ആ ഐലൻഡിൽ കൊണ്ടോവാന്നപറഞ്ഞിട്ടുണ്ട്. എന്നെ കൊണ്ടുവോ " അതാരാ കൊച്ചു. " ജെന്നിഫർ. അവളെ കൊച്ചൂന്നാ വിളിക്കാ. " ഓ നമ്മടെ മറ്റേ കക്ഷി. " അവൾടെ പപ്പടെ കംപ്യൂട്ടറി ആ ഐലൻഡിന്റെ കൊറോ ഫോട്ടോ ഉണ്ടെന്ന് പറഞ്ഞല്ലോ. നമ്മടെതില് ഉണ്ടോ അച്ഛാ. " പിന്നെന്താ. വാ.. രാജീവ് അപ്പുവിനെ അടുത്ത് വിളിച്ചിരുത്തി ലാപ്പ് എടുത്ത് തുറന്ന് ഗൂഗിളിൽ ആന്തമാൻ നിക്കോബാർ ദ്വീപിന്റെ ചിത്രങ്ങളെടുത്തു അവനെ കാണിച്ചു. " നമ്മക്കും ഇവിടെ പോവാ അച്ഛാ. " നമുക്ക്‌ ഈ വെക്കേഷന് വെനീസില് പോവാ. " വെനീസോ അതെവിടെയാ ? "

അതാണ് അച്ഛൻ ജനിച്ചു വളർന്ന നാട്. കിഴക്കിന്റെ വെനീസ്. ഈ വെക്കേഷന് നമുക്ക് അവിടെ പോവാ. " അവിടെന്താ ഉള്ളെ ? " അവിടെ, അച്ഛന്റെ തറവാടുണ്ട്. വല്യച്ഛനുണ്ട്, ആന്റിമാരുണ്ട്, നമ്മടെ പാടമുണ്ട്, അമ്പൽ കുളമുണ്ട്. കയാലുണ്ട്, പിന്നെയും കാണാൻ ഒരുപാടൊരുപാടുണ്ട്. " നമ്മള് പോകുമ്പോ തത്തൂനേം കൊണ്ടോവോ. " കൊണ്ടൊവാല്ലോ. ഇപ്പൊ അപ്പുക്കുട്ടൻ പോയി കിടന്നോ. രാജീവ് അവനെ മടിയിൽ നിന്നിറക്കി മുറിയിലേക്ക് നടന്നു. " ഡൽഹിക്ക് പോയ നിന്റെ മമ്മിയെ കുറിച്ചു ഒരു വിവരോമില്ലല്ലോടാ അപ്പൂസേ. ഇനി വല്ല സായിപ്പിന്റെ കൂടെങ്ങാനും പോയോ. രാജീവ് മൊബൈലിൽ ബീനയെ വിളിക്കാൻ ശ്രമിച്ചു. നമ്പർ പരിധിക്ക് പുറത്താണെന്നുള്ള അറിയിപ്പ് കേട്ട് അയാൾ കോൾ കട്ട് ചെയ്തു. രാജീവ് പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും അത് കേട്ട് അപ്പുവിന് ചിരി വരുന്നുണ്ടായിരുന്നു. അവനെ ബെഡിൽ കിടത്തി പുതപ്പിച്ചു കൊണ്ട് അയാളും അവനരികിൽ ഉറങ്ങാൻ കിടന്നു.......... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story