എന്റെ ഉമ്മാന്റെ പേര്: ഭാഗം 38

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ആഹാ എത്തിയല്ലോ പീനാ മാഡം, എന്തേയിങ്ങോട്ട് പോരാൻ പോയത് ? " ഞാനൊരു ഒഫീഷ്യൽ മീറ്റിംഗിന് പോയതല്ലേ രാജീവ്. എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നത് ? " പിന്നെങ്ങനെ സംസാരിക്കണം. ഏഴ് ദിവാസൊന്നും പറഞ്ഞു നീ പോയിട്ട് ഇന്ന് ദിവസമെത്രയായി ? വിളിച്ചു പറയണ്ടാ, ഈവൻ ഒരു ടെക്സ്റ്റ് മെസ്സേജെങ്കിലും അയക്കാനുള്ള മര്യാദ നീ കാണിച്ചോ ? ഏഴ് ദിവസത്തെ അന്വൽ മീറ്റിംഗിന് പോയ ബീന ഒമ്പതാം നാൾ ഉച്ചയായപ്പോയാണ് തിരികെയെത്തിയത്. കോളിങ് ബെൽ കേട്ട് വാതിൽ തുറന്ന രാജീവ് അവരെ പുച്ഛത്തോടെ നോക്കി.. ബീന വിളറി വെളുത്ത് ക്ഷീണിതയായി ട്രോളി ബാഗുമായി അകത്തേക്ക് കയറി. " ഹൈലി ഡെസിഗ്നെറ്റഡായ ഒരു പോസ്റ്റിലിരിക്കുന്ന എന്റെ ഉത്തരവാദിത്വo, തിരക്കുകളുമെന്തൊക്കെയാണെന്നു രാജീവിനോട് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടാവിശ്യമുണ്ടോ? " പിന്നെ രാജ്യം ഭരിക്കണ പ്രധാനമന്ത്രിക്ക് ഇല്ലാത്ത തിരക്കാണ് ചിരട്ട പുട്ട് പോലെത്തെ നാല് സ്റ്റേറ്റ് കൊണ്ട് നടക്കണ നിനക്ക്.

ഒരു സിംഗിൾ മെസ്സേജ് അയക്കാൻ പോലും പറ്റാത്തത്ര നിനക്ക് എന്ത് തിരക്കാടി ? ഹാ അതെങ്ങിനാ ഇവിടൊരു കുടുംബോo, കുട്ടിയുമുണ്ടെന്ന വിചാരമുണ്ടെങ്കിലല്ലേ അതൊക്കെ തോന്നു. " പ്ലീസ് ട്രൈ ടു അണ്ടർസ്റ്റാന്റ് രാജീവ്. " ഓ ഇക്കാലമാത്രേം അത് തന്നെയാണല്ലോ ഞാൻ ചെയ്തോണ്ടിരിന്നത്. പക്ഷെ ഏതൊരു മനുഷ്യന്റെ ക്ഷമയ്ക്കും ഓരോ ലിമിറ്റ് ഉണ്ടെന്ന് ഓർമ വേണം ബീനെ. രാജീവ് ഷർട്ട് ടക്ക് ഇൻ ചെയ്ത ശേഷം ഫുൾ സ്ലീവ് കൈ മുട്ടിന് മുകളിലേക്ക് മടക്കി വെച്ചു കൊണ്ട് മുറിയിലേക്ക് പോയി. ബീന ട്രോളി ബാഗ് താഴേയ്ക്ക് വലിച്ചിട്ട് കൊണ്ട് ദേഷ്യത്തോടെ സോഫയിലേക്കിരുന്നു. അവരുടെ മുഖത്ത് കടുത്ത നിരാശ തിങ്ങി നിറയുന്നുണ്ടായിരുന്നു. ചുരിദാറിന്റെ ഷാളുകൊണ്ട് മുഖം തുടച്ചു കൊണ്ട് ദീർഘമായി അവരൊന്ന് നിശ്വാസിച്ചു. " എന്നിട്ടെവിടെ ? " എന്ത് ? " അല്ല, ആഫ്രിക്കയിലേക്കോ അന്റാർട്ടിക്കയിലേക്കോ എന്തോ പ്രൊമോഷനോ മറ്റോ കെട്ടി പൊതിഞ്ഞു കൊണ്ടുവരൊന്നും പറഞ്ഞു പോയിട്ട് ഒന്നും കണ്ടില്ല. എന്തേ തിരക്കിനിടയ്ക്ക് മാഡമത് എടുക്കാൻ മറന്നോ ?

" ങാ. അത് കിട്ടി. രാജീവ് മുറിയിൽ നിന്ന് പേഴ്സും വാച്ചുമെടുത്ത് വീണ്ടും ഹാളിലേക്ക് വന്നു. അവർ പതിയെ എഴുനേറ്റ് ഡൈനിംഗ് ടേബിളിലിരുന്ന വെള്ളം ജാറെടുത്തു പരവശത്തോടെ കുടിച്ചു. " ആണോ, എന്നാ സായിപ്പന്മാരുടെ കൂടെ എങ്ങോട്ടാന്നെ വെച്ചാ അതുവഴിയങ്ങ് പോയിക്കൂടായിരുന്നോ. " പ്രമോഷനായത് യുകെയ്ക്കല്ല, ഡെൽഹിക്കാ. " വെറുതെയല്ല മുഖത്തിന് ഇത്ര കനം. തലയ്ക്ക് വെളിവില്ലാത്ത കുറെയെണ്ണം കൂടിയിരുന്നു വട്ട മേശ സമ്മേളനംനടത്തുന്നു, അച്ചീവ്മെന്റ് ലിസ്റ്റുണ്ടാക്കുന്നു, ഉത്സവപ്പറമ്പിലെ മിട്ടായി കട തുറന്ന പോലെ മഞ്ഞ സാരി, പച്ച സാരി, ചൊമല ബ്ലൗസ്, മാല, വള, കമ്മല് അവളടച്ഛന്റെ നെറ്റിപ്പട്ടം. കമ്പനി മൊത്തം എന്റെ തലേലാണ്, ഇത്തവണ എന്തായാലും യുകെയിലേക്ക് ഞാൻ പോയിരിക്കും. ഹോ എന്തൊക്കെയായിരുന്നു നടത്തി കൂട്ടിയ പുകില്. അത്യാർത്തി മൂത്ത് പോയിട്ട് ഇപ്പൊ പട്ടി ചന്തക്ക് പോയത് പോലെയായില്ലേ. അനുഭവിച്ചോ.

" പ്ലീസ് രാജീവ് , ഡോണ്ട് ടീസിങ് മീ. ഞാനാക്കെ വല്ലാത്തൊരവസ്ഥയിലാ.. പ്ലീസ്. പ്രൊമോഷൻ പ്രതീക്ഷിച്ചു ബീന നടത്തിയ മുന്നൊരുക്കങ്ങളെ അക്കമിട്ട് നിരത്തി ആഗ്യം കാണിച്ചു കളിയാക്കി കൊണ്ട് രാജീവ് ഉറക്കെ പൊട്ടിച്ചിരിച്ചു. ആഗ്രഹിച്ചത് നഷ്ടപ്പെട്ടുപോയതിന്റെ നിരാശയുടെ ചതുപ്പിലേക്ക് താഴ്ന്ന് പോയ ബീനയ്ക്ക് അയാളുടെ കളിയാക്കൽ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. തലയിലൂടെ ഒരു പെരുപ്പ് അരിച്ചിറങ്ങി അവരുടെ ശബ്ദത്തെ തീർത്തും ദയനീയമായ വിധം നേർപ്പിച്ച് കളഞ്ഞിരുന്നു. ഉരുണ്ട് കൂടിയ കാർമേഘങ്ങൾ അവരുടെ മിഴിക്കോണുകളിൽ പതിയെ ചാറി തുടങ്ങി. പക്ഷെ നിറഞ്ഞൊഴുകിയ അവരുടെ കണ്ണുനീരിനും അയാളുടെ മുഖത്ത് നിറഞ്ഞ പുച്ഛത്തെ അലിയിച്ചിളക്കാനായില്ല. " അതിലിത്ര പുതുമയെന്തിരിക്കുന്നു. പണ്ടും നീ അങ്ങിനൊക്കെ തന്നെയായിരുന്നല്ലോ. എന്നിട്ടും കുറ്റം മുഴുവൻ മറ്റുള്ളോർക്കും. എന്നെ കുറിച്ച് നീ ഓർക്കേണ്ട ബീനെ. പക്ഷെ ഒരു മോനുണ്ടെന്നൊരു വിചാരം നിനക്ക് വേണമായിരുന്നു. വിളിച്ചില്ലെങ്കിലും അവനെന്തെടുക്കുന്നുവെന്ന് ചോദിച്ചു

നിന്റെയൊരു മെസ്സേജെങ്കിലും ഞാൻ പ്രതീക്ഷിച്ചു. നീയത് ചെയ്തില്ല. പക്ഷെ മമ്മിയെന്താ വരാത്തെന്ന് അവൻ ചോദിച്ചു. നീ എന്തൊക്കെ കാണിച്ചാലും പറഞ്ഞാലും അവന്റെ ഉള്ളിന്റെയുള്ളിലെവിടെയോ നീയുമുണ്ട്. പക്ഷെ നീയതൊരിക്കലും മനസിലാക്കിയിട്ടില്ല. ഇനിയൊട്ടു മനസിലാക്കാനും പോകുന്നില്ല. അല്ലെങ്കിലും നമ്മളെന്തൊക്കെ ആഗ്രഹിച്ചാലും അത് നമുക്ക് തരാണോന്ന് ദൈവത്തിനൂടെ തോന്നണ്ടെ. " പ്ലീസ് രാജീവ്. മതി.. " ങാ. പലതും ഞാൻ പണ്ടേ മതിയാക്കിയതാണല്ലോ. ഉദരത്തിൽ അവൻ ഉരുവായത് മുതൽ പൊക്കിൾകൊടി ബന്ധം പിളർത്തി അവനെ ആദ്യമായി തൊട്ടറിഞ്ഞവളാണ് അവർ. സ്‌ത്രീയിൽ നിന്ന് അമ്മയെന്ന പൂർണതയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടുപോയിട്ടും. സ്വന്തം മകനെ സ്നേഹിക്കാൻ , മനസ്സിലാക്കാൻ പെറ്റമ്മയെ പഠിപ്പിക്കേണ്ടി വരുന്ന ഒരച്ഛൻ്റെ നിസാഹായവസ്ഥയും വേദനയും അയാളുടെ ആത്മാവിനെ വലിഞ്ഞു മുറുകി ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.

ബീനയുടെ ശിരസ് പിളർന്ന് പോകുന്നത് പോലെ അവർ ഇരു കൈകൾ കൊണ്ടും ചെവി പൊത്തി ഡയനിംഗ് ടേബിളിനരികിലെ കസേരയിലേക്കിരുന്നു. ഉള്ളിൽ നീറിയുറഞ്ഞുരുകിയ നോവുകൾ അയാളുടെ മിഴികളെയും നനച്ച് താഴെയ്ക്കൊഴുകി തുടങ്ങിയതും അയാൾ പുറത്തേക്ക് നടന്നു. " രാജീവെങ്ങോട്ടാ, എനിക്ക് കുറച്ച് സംസാരിക്കനുണ്ട് " ഇന്ന് ഉച്ചയ്ക്ക് സ്ക്കൂളില് പാരന്റ്സ് മീറ്റിംഗുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അപ്പൂന്റ ടീച്ചറുടെ ഒരു കോളുണ്ടായിരുന്നു. ഹാ അല്ലെങ്കിലും അതൊക്കെ ശ്രദ്ധിക്കാൻ മാഡത്തിന് എവിടെയാ സമയം. വല്യ തിരക്കുള്ള ആപ്പീസറല്ലെ ബീന മുഖം തുടച്ച് കൊണ്ട് എഴുന്നേറ്റു . വാതിൽ തുറക്കാൻ തുടങ്ങിയ രാജീവ് ഈർഷ്യയോടെ തിരിഞ്ഞു നിന്നു. " എക്സാം തുടങ്ങാറായ ഈ സമയത്ത് എന്ത് പാരന്റസ് മീറ്റിംഗ് ? " ഓ അപ്പോ അതെക്കെ കൊച്ചമ്മയ്ക്ക് ഓർമ്മയുണ്ടല്ലേ .... ഭാഗ്യം. " പ്ലീസ് രാജീവ് അത്രയ്ക്ക് ഇംപോർട്ടന്റായിട്ടുള്ള കാര്യായത് കൊണ്ടാ. ഒന്ന് കേട്ടിട്ട് പോ. " ഞാനീ വഴി യങ്ങ് ഒരു പോക്കെന്നും പോകാൻ പോണില്ല. കുറച്ച് വൈകിയാലും ഇങ്ങോട്ട് തന്നെയാ തിരിച്ച് വരണത്. പിന്നെ എനിക്കിപ്പോ നിന്നെക്കാൾ ഇംപോർട്ടന്റും പ്രയോർട്ടിയും എന്റെ മോനാ.

അവന്റെ കാര്യങ്ങള് കഴിഞ്ഞിട്ട് സമയമുണ്ടെങ്കി നമുക്ക് സംസാരിക്കാം. " അത് രാജീവ് .... ബീന എന്തോ പറയാൻ തുടങ്ങിയതും അതൊന്നും ഒരു നോട്ടം കൊണ്ട് പോലും ശ്രദ്ധിക്കാൻ നിൽക്കാതെ രാജീവ് വാതിൽ ശക്തിയായി വലിച്ചടച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി. ഒരു പരാജിതയെ പോലെ ബീന ആകെ തളർന്ന് നിൽക്കുകയാണ്. പുറംമോടിയിൽ ഭംഗിയെത്രയുണ്ടായാലും സ്വാർത്ഥത നിറഞ്ഞ മനസ്സാണ് ഉള്ളിൽ മിടിക്കുന്നതെങ്കിൽ അതിനോളം വലിയ വിരുപത ഈ ഭൂമിയിൽ മറ്റൊന്നുമുണ്ടാവില്ല. അപ്പുവെന്ന നദിയുടെ ഇരു കരകളും തമ്മിലുള്ള അകൽച്ചയുടെ ആഴം പിന്നെയും കുടുകയാണ്.. " നിരഞ്ജൻ ഇപ്പോ ഭയങ്കര ഉഷാറായീട്ടോ. " വൈഫന്ന് ഇവിടെ വന്ന് പോയതിന് ശേഷം നന്നായ് പഠിപ്പിക്കുന്നുണ്ട്. അതാണിത്ര പെട്ടെന്ന് ബെറ്റായത്. പാരന്റ്സ് മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അപ്പുവിന്റെ ക്ലാസ് ടീച്ചർ രാജീവിനടുത്തേക്ക് വന്നു. വീണ്ടുമൊരു നുണ കൊണ്ട് അയാൾ ഭാര്യയുടെ അഭിമാനം സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു..

അത് മനസ്സിലായത് പോലെ അപ്പു അയാളെ സംശയത്തോടെ നോക്കി. "ങാഹാ, അപ്പോ മമ്മിയാണോ പഠിപ്പിക്കുന്നത് ? എന്നിട്ട് നിരഞ്ജൻ പറഞ്ഞ് എവിടെയോ ട്യൂഷന് പോകുന്നുണ്ടന്നാണല്ലോ. സീ നിരഞ്ജൻ ചെറിയ കാര്യത്തിന് പോലും ആരോടും കള്ളം പറയരുതെന്ന് മിസ്സെപ്പോഴും പറയാറില്ലെ. പിന്നെന്തിനാ നിരഞ്ജൻ നുണ പറഞ്ഞത് ? " വീക്കെൻഡിൽ ഒരു കസ്സിന്റെ മോൾടടുത്ത് ട്യൂഷന് പോകാറുണ്ട് , അവനതായിരിക്കും പറഞ്ഞത്. " ഓ. അതാണോ. ദെ ഒന്നിന് വേണ്ടിയും ഒരിക്കലും ആരോടും കള്ളം പറഞ്ഞ് പഠിക്കരുതെട്ടോ നിരഞ്ജൻ. അതൊക്കെ ബാഡ് ഹാബിറ്റാ. നിരഞ്ജൻ നല്ല കുട്ടിയല്ലെ അപ്പോ സത്യം മാത്രേ പറയാവൂ. കേട്ടോ. " ങാ. സ്വന്തം അമ്മയുടെ അഭിമാനം സംരക്ഷിക്കാനുള്ള അച്ഛന്റ പെരും നുണ കാരണം ടീച്ചർക്ക് മുന്നിൽ അപ്പു ഒരു ചെറിയ നുണയനായി ചിത്രികരിക്കപ്പെട്ടു. . ആ കള്ളത്തിന് മുകളിൽ യാഥാർത്ഥ സത്യം അടക്കി വെച്ച് അയാൾ മകനെയും സംരക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അപ്പുവിന്റെ ആത്മാഭിമാനം അവിടെ ചോദ്യം ചെയ്യപ്പെട്ടു പോയിരുന്നു. നിരാശയോടെ അവൻ ടീച്ചറെ നോക്കി തലകുലുക്കി മൂളി കൊണ്ട് രാജീവിനൊപ്പം പുറത്തേക്ക് നടന്നു.

മണൽ തരിയോളം ചെറിയ സത്യത്തിന് മുകളിൽ തീരമെത്രയൊക്കെ നുണകൾ കൊണ്ട് മൂടിയാലും സത്യമൊരിക്കലും നുണയായി പരിണമിച്ച ചരിത്രമില്ല. കാലമൊരു നാൾ കണക്ക് നിരത്തുമ്പോൾ നൽകേണ്ടുന്ന മറുപടികൾ വെറും വിലയില്ലാതെ ശൂന്യമായി പോകും. കാലം ബീനയെ ഇന്നെ അടയാളപ്പെടുത്തി സൂക്ഷിച്ചു തുടങ്ങിയിരിക്കുന്നു. " ഹായ് കൊച്ചു. " ങാ. " ഓ അപ്പോ ഇതാണല്ലെ കക്ഷി ? പാർക്കിംഗിലേക്ക് എത്തിയതും ജെന്നിഫറിനെ കണ്ട് അപ്പു അടുത്തേക്ക് ചെന്നു. രാജീവ് അവളെ ചിരിയോടെ സൂക്ഷിച്ച് നോക്കുകയാണ്. " കൊച്ചു ഇതാണെന്റെ അച്ഛൻ. " ഹായ് അങ്കിൾ " ഹായ് മോളു, ഹൗ ആർ യൂ ? " ഐ ആം ഫൈൻ അങ്കിൾ. അപ്പു രാജീവിനെ അവൾക്ക് പരിച്ചയപ്പെടുത്തി. അയാൾ അവൾക്കടുത്തേക്ക് വന്ന് കൊണ്ട് തമാശ പോലെ കൈ നീട്ടി. അവൾ പുഞ്ചിരിച്ച് കൊണ്ട് തിരിച്ചും. " മോൾടെ വീട്ടീന്ന് ആരാ വന്നെ ? " ന്റ പപ്പ. ദെ അതാ എന്റെ പപ്പാ. അൽപ്പം മാറി നിന്ന് ഫോണിൽ ആരോടോ സസാരിച്ച് കൊണ്ട് നിൽക്കുന്ന ബോബിയെ രാജീവിന് ചൂണ്ടികാണിച്ചു കൊടുത്തു.

രാജീവ് അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. " എന്റിക്ക നിങ്ങളൊന്ന് സമാധാനപ്പെട്, നിങ്ങള് പറഞ്ഞ മെറ്റിരിയൽസെക്കെ അവിട്ന്ന് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ നിങ്ങക്ക് ഡെലിവറി കിട്ടും. പോരെ . ഓ ആയിക്കോട്ടെ . ഹോ ഇങ്ങനൊരു മനുഷ്യൻ. കൊച്ചു പോകാം ? " അളിയാ മാത്താ " എടാ കള്ള കരുമാടി. അയാൾ കോള് കട്ട് ചെയ്ത ശേഷം കാറിനടുത്തേക്ക് വന്നതും രാജീവ് പെട്ടെന്ന് അലറി വിളിച്ചു. ഒറ്റവിളിയിൽ രാജീവിനെ തിരിച്ചറിഞ്ഞ ബോബി അയാൾക്കടുത്തേക്ക് ഓടിയടുത്ത് കൊണ്ട് രാജീവിനെ വട്ടം കെട്ടിപിടിച്ചു. ഒന്നും മനസ്സിലാവാതെ അപ്പുവും ജെന്നിഫറും പരസ്പരം നോക്കി നിൽക്കുകയാണ്. " നീയിതെന്താടാ ഇവിടെ ? " ദെ നിക്കണ കണ്ടില്ലെ? " പപ്പാ ദെ ഇതാ നിരഞ്ജൻ. " ങേ ഈ നിക്കണ ഉരുപ്പടി നിന്റെയാ. " എന്റെ മോനെ നിനക്കെങ്ങിനറിയാ ? രാജീവും ജെന്നിഫറും ഒരേ സമയം അപ്പുവിനെ അയാൾക്ക് പരിച്ചയപ്പെടുത്തി. ബോബി അമ്പരന്ന് നിൽക്കുകയാണ്. അയാളുടെ ചോദ്യം കേട്ട് രാജീവും ഞെട്ടി നോക്കി.

" എന്റെ പൊന്നളിയാ സ്ക്കൂള് വിട്ട് വന്നാ പിന്നെ ഇവൾക്ക് ദെ നിന്റ മോന്റെ കാര്യം പറയാനെ നോരുള്ളു . ഡാ നീയൊന്ന് ചിരിച്ചെ ഇവള് പറയണ നിന്റെ യാ നുണക്കുഴി ഞാൻ കൂടൊന്ന് കാണട്ടെ. ഹാ ഒന്ന് ചിരിക്കെടാ ചെക്കാ . ബോബി അപ്പുവിന്റ മുടിയിൽ മെല്ലെ വിരൽ കൊണ്ട് മൂന്ന് നാല് വട്ടം ഓടിച്ചു. ആകെയൊന്ന് കുളിർന്നു പോയതും അവന്റെ മുഖത്ത് ചിരി തെളിഞ്ഞു. ഇരു കവിളിലെയും നുണക്കുഴികൾ മെല്ലെ വിടർന്നുണ്ടായിരുന്നു. " ആഹാ എന്താ ചിരി " പഴയ പണിയൊന്നും മറന്നിട്ടില്ല, അല്ലെടാ മാത്താ " അണ്ണാൻ മൂത്താലും മരം കേറ്റം, ഏത് ? " ങാ ങാ ... മനസ്സിലായി അപ്പുവിന്റെ ചിരികണ്ട് ബോബി കണ്ണെടുക്കാതെ അവനെ നോക്കി നിൽക്കുകയാണ്. രാജീവ് അയാളുടെ വയറ്റിൽ പതിയെ ഇടിച്ചു കൊണ്ട് കളിയാക്കി. അപ്പോഴും ഒന്നും മനസ്സിലാവാതെ ജെന്നിഫറും അപ്പുവും പരസ്പരം നോക്കുകയായിരുന്നു.. " പപ്പാ നിങ്ങള് തമ്മില് നേരത്തെ ഫ്രണ്ട്സാണോ ? " ഞങ്ങളതിന് ഇപ്പോ കണ്ടതല്ലേയുള്ളൂ കൊച്ചു. എന്നാലും ഞങ്ങള് പഴയ ഫ്രണ്ട്സാ. " ങ്ങേ എന്താ? അയാൾ പറഞ്ഞത് ഒന്നും മനസ്സിലാവാതെ അവൾ കണ്ണ് മിഴിച്ചു. " ഞാനും മേൾടെ പപ്പയും പണ്ട് കോളെജിലൊന്നിച്ച് പഠിച്ചതാ. ഇപ്പോ നിങ്ങള് പഠിക്കുന്നില്ലെ അത് പോലെ.

" റീലീ " അതെടി പെണ്ണെ. നീ വാ അളിയാ ചോദിക്കട്ടെ. നമുക്കാ കോഫി ഷോപ്പിൽ പോയിരിക്കാ. " എന്നാ വണ്ടിയെടുത്തിട്ട് പോകാ ടാ " അതിവിടെ കിടന്നോട്ടെ. അവിടെ പാർക്ക് സ്പേസ് കാണില്ല. കൊച്ചു - ഫലൂഡ വേണോ നിനക്ക്, " ങാ " എനിക്കും വേണം " അച്ചോടാ, എന്നാ രണ്ടും കൂടി വേഗം പോരെ. രാജീവ് അവർ തമ്മിലുള്ള ബന്ധം അവൾക്ക് പറഞ്ഞു കൊടുത്തു. ബോബി അവളെ കളിയാക്കി കൊണ്ട് അയാളെ വട്ടം ചേർത്ത് പിടിച്ച് കൊണ്ട്പുറത്തേക്ക് നടന്നു. അവരിരുവരും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴ എസ് ഡി കോളെജിൽ ഒന്നിച്ച് പഠിച്ചവരാണ്. പത്താം തരം കഴിഞ്ഞ് പ്രീഡിഗ്രിക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോഴാണ് തറവാട്ടിലെ പുറംപണിക്ക് വരുന്ന തെയ്യാമ്മയുടെ, തന്നെക്കാൾ മൂന്ന് വയസ്സ് മുതിർന്ന മകൾ സിസിലിയുമായി വിറക് പുരയിൽ വെച്ച് നടത്തിയ കയറ്റിറക്ക് കച്ചവടം ബോബിയുടെ അപ്പൻ മാത്തൻ തരകൻ കയ്യോടെ പിടികൂടുന്നത്. സിസിലിക്ക് ബോബിയോട് മഞ്ജയിൽ തറഞ്ഞ് പോയ പ്രണയമായിരുന്നു.

പക്ഷെ അവന് അവൾ വെറുമൊരു കൗതുക വസ്തു മാത്രമായിരുന്നു. പ്രായത്തിന്റ ചപലതയുടെ ചൂട് കൂടി താഴ്‌വരകളെ പ്രകഭംനം കൊള്ളിച്ചപ്പോൾ തോന്നി പോയ വെറുമൊരു രതിലാസലീല മാത്രം. തമ്മിൽ ഇഷ്ടത്തിലാണെന്ന് സിസിലി ആണയിട്ട് പറഞ്ഞു. പക്ഷെ ബോബി പഴി മുഴുവൻ അവൾക്ക് മേലെ ചാരി പീലാത്തോസിനെ പോലെ കൈ കഴുകി. നെറികെട്ടൊരുത്തനെ വിശ്വസിച്ചു പോയതിൽ തെയ്യാമ്മ സിസിലിയെ കൈ ഓങ്ങിയടിച്ചവശയാക്കി. നെഞ്ച് പെട്ടി പിളർന്ന് പോകുമാറ് ഉച്ചത്തിൽ ശപിച്ചു. പേര മരത്തിന്റെ കമ്പൊടിച്ച് മാത്തൻ ബോബിയെ പൊതിരെ തല്ലിയിട്ടും തെയ്യാമ്മയുടെ കലിയടങ്ങിയില്ല. സ്വന്തം മകളുടെ മാനത്തിന് അമ്പതിനായിരം രൂപ എണ്ണി തരാതെ പിന്നോട്ടില്ലെന്ന് അവർ കട്ടായം പറഞ്ഞു തറവാടിന്റെ നടുത്തളത്തിൽ കുത്തിയിരുന്നു. ഒറ്റരൂപയുടെ ഒരു നാണയം പോലും തരില്ലെന്ന് പറഞ്ഞ് മാത്തനും തന്റെ വാശിയിൽ ഉറച്ച് നിന്നു . പോo വഴിയാരിയാൻ അളിയനെ വിളിച്ചു.

അഭിമാനം കിഴക്കൻ ചുരം കയറുമെന്ന് പറഞ്ഞ് ബോബിയുടെ രാഷ്ട്രീയക്കാരനായ അമ്മാച്ചൻ ദേവസിയുടെ ഫോണിലൂടെയുള്ള ഭയപ്പെടുത്തൽ കലർന്ന ഉപദേശം കൂടി വന്നതോടെ തെയ്യാമ്മയ്ക്ക് മുന്നിൽ മാത്തന് തോൽവി സമ്മതിക്കേണ്ടി വന്നു. അളിയൻ എന്നതിനെക്കാളും അവർ തമ്മിലുള്ള സൗഹൃദത്തിന് മാത്താൻ വിലകൽപ്പിച്ചിരുന്നു. റൊക്കം പണവും എണ്ണി തിട്ടപ്പെടുത്തി തെയ്യമ്മയോടാപ്പം പടിയിറങ്ങുമ്പോൾ സിസിലി ബോബിയെ നിറഞ്ഞ് കലങ്ങിയ കണ്ണുകളോടെ തിരിഞ്ഞ് നോക്കിയിരുന്നു. തന്റെ പ്രാണനെ പോലെ നെഞ്ചോടടക്കി പിടിച്ച പ്രണയത്തിന് ഒരു നിമിഷത്തെ വിയർപ്പ് തുള്ളികളുടെ വിലപോലുമുണ്ടായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം അവളുടെ ആത്മാവ് മരിച്ചു പോയിരുന്നു. നിസഹമായ അവളുടെ നോട്ടത്തിന്റെ അർത്ഥം അവന്റെ ഹൃദയ ദമനകളിലേക്ക് തറഞ്ഞ് കയറുന്നുണ്ടായിരുന്നു. എവിടെയോ ഒരു വിങ്ങൽ തോന്നിയപ്പോൾ മൗനം കൊണ്ട് പോലും അവൾക്ക് വിട ചൊല്ലാതെ അവൻ മുഖം തിരിച്ച് അകത്തേക്ക് കയറി പോയി..

അളിയൻ രാഷ്ട്രിയക്കാരനാണെന്ന ധൈര്യവും, അയാളോടുള്ള ബോബിയുടെ ഭയവും മാത്തന് നന്നായറിയാവുന്നത് കൊണ്ട് മകനെ നല്ല നടപ്പ് പഠിപ്പിച്ച് വിശുദ്ധനാക്കാൻ മാത്താൻ ബോബിയെ അമ്മ വീടായ അമ്പലപ്പുഴയിലേക്ക് നാട് കടത്തി. അന്നത്തെ പ്രീഡിഗ്രീ കാലത്ത് തുടങ്ങിയ സൗഹൃദമായിരുന്നു രാജീവും ബോബിയും തമ്മിൽ. ആയാത്രയിലാണ് രാജീവിന് ചെങ്കെടിയോടും , എസ് എഫ് ഐ യോടും കടുത്ത ഭ്രമം തോന്നി തുടങ്ങിയത്. ഡിഗ്രി കഴിഞ്ഞു പിജി ചെയ്യാൻ ആയാൾ എറണാകുളം മഹാരാജാസിലേക്ക് സ്വയം പറിച്ച് നട്ടു. ബോബി ഇലക്ക്ട്രിക്കൽ പഠിക്കാൻ ചെന്നൈയിലേക്കും വണ്ടി കയറി. കുറെയധികം നാളുകളിൽ അവർ ആ സൗഹൃദം നിലനിർത്തിയിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് എപ്പോഴോ ആ ബന്ധവും മുറിഞ്ഞ് പോയി. അതിന് പിന്നിലെ കാരണവും ബിനയെന്ന രാജീവിന്റ നവവധു തന്നെയായിരുന്നു. മഹാരാജാസിന്റെ ചെങ്കോട്ടയിലെ സമരമുഖങ്ങളിൽ മുഴങ്ങിയ തീപൊരിപ്രസംഗികനായ എസ് എഫ് ഐ യുടെ യൂണിയൻ ചെയർമാൻ കൂടിയായിരുന്ന രാജീവിനോട് , സുന്ദരിമാരാൽ മാത്രം പേര് കേട്ട സെന്റെ തെരേസാസ് കോളേജിലെ വിശ്വസുന്ദരി ബിനയെന്ന കുട്ടനാട്ട്കാരിക്ക് തോന്നിയ അഭിനിവേശം പിന്നീടെപ്പോഴോ പ്രണയമായി വളർന്ന് പന്തലിച്ചപ്പോൾ കൊടുത്തു പോയ വാക്കിനും ആദർശത്തിനും കളങ്കം സംഭവിക്കരുതെന്ന് ഉറച്ച നിലപാടിലായിരുന്ന രാജീവ് അവൾക്ക് വേണ്ടി വീട്ട്കാരോട് വാദിച്ചു.

എതിർപ്പുകൾ മാത്രമെ ആദ്യം അവർക്കുണ്ടാകുന്നുള്ളു. മകനോടുള്ള സ്നേഹത്തെ പ്രതി ഒടുവിൽ അവർ വിവാഹത്തിന് സമ്മതം മൂളി. സ്വയം തെരഞ്ഞെടുത്തവുമായുള്ള വിവാഹം കഴിഞ്ഞ് ജീവിതം മുന്നോട്ട് പോയി തുടങ്ങിയതിന് ശേഷമാണ് പ്രിയപ്പെട്ടവയിൽ പലതും ഓരോന്നായി അയാൾക്ക് നഷ്ടപ്പെട്ടു തുടങ്ങിയത്. അച്ഛൻ ,അമ്മ ,സഹോദരങ്ങൾ, നാട്, ബന്ധുക്കൾ, സൗഹൃദങ്ങളിൽ ഒടുവിൽ ബോബിയും ..... ചില പ്രണയങ്ങളിൽ എരിഞ്ഞൊടുങ്ങുന്നത് മനുഷ്യര് മാത്രമല്ല. അമൂല്യമായ പല ബന്ധങ്ങൾ കൂടിയാണ്. ആത്മാവില്ലാത്ത മനുഷ്യരെ പോലെ നിർജീവങ്ങളായ ശിലകളായി മാറും പിന്നിടവയോരോന്നും. " നീയിങ്ങനെ നെർവസാവല്ലെടാ. ബീന അന്നങ്ങിനോക്കെ പറഞ്ഞപ്പോൾ എനിക്കും ഒരുപാട് വിഷമം തോന്നിയതാ. പിന്നീടാലോചിച്ചപ്പോ, നിങ്ങടെ ലൈഫ്, ആ സന്തോഷത്തിന് ഞാനാണ് തടസമെങ്കിൽ ഞാൻ മാറി തരുന്നതല്ലെ ശരിയെന്ന് തോന്നി. എന്ന് കരുതി എനിക്കോ ആനിക്കോ നിങ്ങളോട് രണ്ട് പേരോടും ഇന്നേവരെയൊരു വെറുപ്പോ ദേഷ്യമോ തോന്നിയിട്ടില്ല. " എന്നാലും അതങ്ങിനല്ലെടാ. തെറ്റ് ചെയ്തത് എൻ്റെ ഭാര്യാ. എന്നിട്ടും ഞാനവളെ അന്ന് തിരുത്തിയില്ല. പിന്നീട് നിന്നെ വിളിക്കാനോ, കാണാനോ ശ്രമിച്ചില്ല.

അതെൻ്റെ തെറ്റല്ലെ ബോബി. ക്ഷമിച്ചെക്കഡാ. കഴിഞ്ഞു പോയ കാലത്തിലെന്നോ ഇരുവരുടെയും ഉള്ളിലണയാതെ എരിഞ്ഞിരുന്ന ആ കനൽ തരിയെടുത്ത് രാജീവ് പുറത്തേക്കിട്ടു. അത് ഓർത്തപ്പോൾ ബോബിയുടെ ചങ്കും പിടഞ്ഞെഴുനേറ്റു. " അളിയാ സത്യം പറഞ്ഞാ കുറച്ച് മുൻപ് നീയെന്നെ മാത്താന്ന് വിളിച്ചാ ഒറ്റ വിളി മതിയെടാ എനിക്കെല്ലാം മറക്കാൻ , നമ്മള് കുറച്ച് നാള് മാറി നിന്നു ഇതങ്ങിനെ കരുതിയാ മതി. നമുക്കിടയിലെന്തിനാടാ ഈ സോറിയും കോപ്പുമൊക്കെ. ഞാനറിയുന്ന പണ്ടത്തെ രാജീവ് ഇങ്ങനെയൊന്നും പറയില്ല. അവൻ ഭയങ്കര ബോൾഡാ, സ്ട്രോങ്ങാ. എനിക്കിഷ്ടവും അതാ, നീയാ കണ്ണ് തുടച്ചെ പിള്ളര് ശ്രദ്ധിക്കുന്നുണ്ട്. ഫലൂഡ കഴിക്കുന്നതിനിടയിൽ അപ്പുവും ജെന്നിഫറും അവർ ഇരുവരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബോബി അയാളുടെ കൈതണ്ടയിൽ ഒന്ന് തട്ടിയതും രാജീവ് അറിയാത്ത പോലെ കൺതടം തുടച്ചു. " ഇനിയെന്തെങ്കിലും വേണോ കൊച്ചു ? " അപ്പൂന് വേണോ? " മ്മ് ച്ചും . ബോബി ഫലൂഡ ഗ്ലാസ്സെടുത്ത് ഉയർത്തിയ ശേഷം ജെന്നിഫറിനെ നോക്കി.

അപ്പു മുഖം തുടച്ച് വേണ്ടെന്ന അർത്ഥത്തിൽ ചുമലിളക്കിക്കൊണ്ട് ശബ്ദമുണ്ടാക്കി. ബോബി ബില്ലെടുക്കാൻ പറഞ്ഞ് കൊണ്ട് സപ്ലെയറെ നോക്കി ആംഗ്യം കാണിച്ചു. " അപ്പോ അളിയാ ഇനിയെന്താ പരിപാടി ? " നീ വൈകിട്ട് ഫ്ലാറ്റിലേക്കിറങ്ങ് " നീയെവിടെയ താമസം? " ഞാൻ സ്ക്കൈ ലൈനിന്റെ ബേവ്യൂവില് " ആ കനാൽ റോഡിലുള്ള , " അതൊടാ " എടാ നാറി, പരനാറി, ആ ഫ്ലാറ്റിന്റെ ഇലക്ടിക്കൽസ് മുഴുവൻ ചെയ്തത് എന്റെ കമ്പനിയാ. " പുല്ല്. ബോബി കുട്ടികളെ ശ്രദ്ധിച്ച് കൊണ്ട് ശബ്ദം താഴ്ത്തി രാജീവിനെ ചീത്തവിളിച്ചു.. ഒരു കൈയലം ദൂരത്തിരുന്നിട്ടും തമ്മിൽ കാണാൻ പറ്റാതെ പോയതിലുള്ള പരിഭവം അയാളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. " ഞാൻ കൊടുക്കാ " ഹാ നിനക്ക് ഞാൻ അവസരം തരാടാ കരുമാടി. ഇപ്പോ നീയതിങ് തന്നേര് സപ്ലെയർ ബില്ല് കൊണ്ട് വന്ന് നീട്ടി . പെട്ടെന്ന് രാജീവ് അത് വാങ്ങിയതും ബോബി അയാളിൽ നിന്നത് പിടിച്ചു വാങ്ങിച്ചു കൊണ്ട് എഴുന്നേറ്റ് നടന്നു. കാശ് കൊടുത്ത് ശേഷം എല്ലാവരും സ്ക്കൂൾ പാർക്കിംഗിലേക്ക് പോയി. " ദെ അത് നോക്കിയേടാ . "

എല്ലാം ഒരു നിമിത്താ മാത്താ. അറ്റ് പോയെന്ന് കരുതിയ നമ്മുടെ ഫ്രണ്ട്ഷിപ്പ് പോലും ദെ നമ്മുടെ മക്കളിലൂടെ നമുക്ക് തിരിച്ച് കിട്ടാന്ന് പറഞ്ഞാൽ ഇതിൽപ്പരം എന്ത് ഭാഗ്യമാടാ ഇനി നമുക്ക് കിട്ടാനുള്ളത്. ബോബി രാജീവിനെ വിളിച്ചു. സംശയത്തോടെ അയാൾ തിരിഞ്ഞ് നോക്കി. ജെന്നിഫർ അപ്പുവിന്റെ കിഴ്ത്താടിയിൽ പടർത്തിരുന്ന ഫലൂഡയുടെ കറകൾ ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ച് കൊടുക്കുന്നുണ്ടായിരുന്നു രാജീവും ബോബിയും അവരെ കണ്ണെടുക്കാതെ നോക്കി ചിരിക്കുകയാണ്.. " നിന്റെ മൊബൈലിങ്ങിട് രാജീവ് സംശയത്തോടെ മൊബൈലെടുത്ത് ബോബിക്ക് നീട്ടീ. " ദാ ഇതാണ് എന്റെ നമ്പർ. അപ്പോ വൈകീട്ടെന്താ പരിപാടി ? " നീ ഫ്രീയാണെങ്കി ഫ്ലാറ്റിലേക്ക് വാ, നമുക്കൊന്നിരിക്കാം. " എന്നാ കുർബാനയ്ക്കുള്ള അപ്പോം വീഞ്ഞും ഞാൻ കൊണ്ടു വരാം. " നിനക്ക് സ്തുതിയുണ്ടായിരിക്കട്ടെ മാത്താ. ബോബി സ്വന്തം നമ്പറിലേക്ക് ഡയൽ ചെയ്ത ശേഷം ഫോൺ രാജീവിന് തിരിക്കെ നൽകി കൊണ്ട് ചിരിച്ചു. രാജീവ് ഇരു കൈയും മുകളിലേക്ക് ഉയർത്തിയ ബോബിക്ക് സ്തുതി പറഞ്ഞ് കൊണ്ട് പൊട്ടിചിരിച്ചു. " പപ്പാ വൈകീട്ട് കള്ള് കുടിക്കാൻ പോവാ ? " കള്ള് കുടിക്കാനോ ? ഞാനോ ? പപ്പ എന്നേലും കള്ള് കുടിക്കണത് കൊച്ച് കണ്ടിട്ടുണ്ടോ? "

അപ്പോ അങ്കിളിനോട് വൈകീട്ട് കൊണ്ട് വരാന്ന് പറഞ്ഞതോ? " ഓ അതോ , അത് വൈനല്ലെ. നമ്മളന്ന് ക്രിസ്മസിന് കഴിച്ചില്ലെ . അത് . " ങാ. ങാ .. " എന്റെ കെട്ടിയോളെ എങ്ങനെം പറഞ്ഞ് നിർത്താ. പക്ഷെ ഇതൊരു രക്ഷയുമില്ല അളിയാ. ഡാ ചെക്കാ നീ നോക്കീം കണ്ടൊക്കെ നിന്നോ അല്ലെൽ നിന്റെ കാര്യം പോക്കാ. അവൾ അയാളെ സംശയത്തോടെ നോക്കി കൊണ്ട് കാറിനടുത്തേക്ക് നീങ്ങി നിന്നു. അവളെ ശ്രദ്ധിച്ച് ശേഷം അടക്കം പറഞ്ഞ് കൊണ്ട് ബോബി അപ്പുവിനെ നോക്കി കണ്ണടച്ച് കാണിച്ചു.. അവൻ വായ് പൊത്തി കുലുങ്ങി ചിരിക്കുകയാണ്. അവൾ അപ്പുവിനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഡോറ് തുറന്ന് കാറിനകത്തേക്കയ്ക്ക് കയറിയിരുന്നു. " പോട്ടെട " ഓക്കെടാ. ബോബി രാജീവിനെ അഗാധാംവിധം കെട്ടി പുണർന്ന് കൊണ്ട് യാത്ര പറഞ്ഞ് കാറിൽ കയറി. " ബൈ അപ്പു. " ബൈ കൊച്ചു , റ്റാറ്റാ .... കാറ് മുന്നോട്ട് നീങ്ങിയതും ജെന്നിഫർ തല പുറത്തേക്കിട്ട് കൊണ്ട് അപ്പുവിന് നേരെ കൈവീശി. അവൻ പുഞ്ചിരിയോടെ തിരിച്ചും.

അവർ ഗേറ്റ് കടന്ന് പോകുന്നത് വരെ രാജീവ് അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ശേഷം അവരും കാറിൽ കയറി വീട്ടിലേക്ക് പോയി. ദാമ്പത്യമെന്ന വലിയ നൗക അയാളുടെ തീരം വിട്ടകന്ന് പോവുകയാണ്‌. കരയിൽ തനിച്ചായി അയാളും ഒരു കുഞ്ഞ് കപ്പിത്താനും മാത്രം. പക്ഷെ., പണ്ട് ഒരു പേമാരിയിൽ കെട്ടഴിഞ്ഞ് പോയ സൗഹൃദത്തിന്റെ ചെറു പായ്ക്കപ്പൽ വീണ്ടും അയാളുടെ തീരത്തേക്ക് അടുപ്പിച്ചു കൊണ്ട് കാലം ഒരിക്കൽ കൂടി അവർക്ക് മുൻപെ സഞ്ചരിച്ചു തുടങ്ങിയിരുന്നു. ബന്ധത്തിന്റെ ആഴമളക്കുന്ന അളവ് കോൽ മനസ്സാണ്. എത്ര നാളെന്നതിന് അവിടെ പ്രസക്തിയില്ല. ഉണ്ടായിരുന്ന കാലമത്രയും എങ്ങിനെയായിരുന്നുവെന്നത് മാത്രമാണ് നിലനിൽപ്പിന്റെ മൂല ശില. എങ്കിലും എത്രത്തോളമെന്ന് അളന്ന് നോക്കുക പ്രയാസവുമാണ്. കാരണം ഓരോ പ്രവിശ്വവും കണ്ടെത്തുന്ന ഉത്തരങ്ങൾ പല വിധങ്ങളായിരിക്കും. പല കണക്കുകളായിരിക്കും......... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story