എന്റെ ഉമ്മാന്റെ പേര്: ഭാഗം 4

ente ummante peru new

എഴുത്തുകാരി: അധിരഥൻ അധിരഥൻ

വൈകുന്നേരുമുള്ള ട്യൂഷൻ സാറിന്റെ സ്ഥിരം കസർത്ത് കഴിഞ്ഞപ്പോളേക്കും അപ്പു നന്നേ ക്ഷീണിച്ചിരുന്നു.. ഉറക്കം അവന്റെ കൺപോളകളെ താലോലിച്ചു തുടങ്ങി.. " then ok അപ്പുണ്ണി. See you tomorrow. അന്തി ചർച്ചയിലെ അവസാന തർക്കവും തീർന്ന്, അയാൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൻ സോഫയുടെ മൂലയിൽ ഉറക്കം പിടിച്ചിരുന്നു.. അയാൾ വാതിൽ വലിച്ചടച്ചു കൊണ്ട് ലിഫ്റ്റിറങ്ങി താഴേയ്ക്ക് പോയി. " അപ്പുണ്ണി.. എന്തൊരു ഉറക്കമാത്, എഴുനേറ്റെ.. ആ രാത്രി ബീനയും രാജീവും പതിവിലും നേരത്തേ ഫ്ലാറ്റിലെത്തി. " എണീക്കേടാ മോനൂസെ. ദേ നമുക്കോരിടം വരെ പോകാം.. രാജീവ് അവനെ വിളിച്ചുണർത്താൻ ശ്രമിക്കുകയാണ്.

ഉത്തരം നേർത്തൊരു മൂളലിൽ ഒതുക്കി അവൻ വീണ്ടും ഉറക്കത്തിന്റെ ലോകത്തേക്ക് വഴുതി പോയിരുന്നു.. " ഹാ രാജീവിതു വരെ റെഡിയായില്ലേ ? " വിളിച്ചിട്ട് ഇവൻ എഴുന്നേൽക്കണ്ടേ ബീനെ. " അവനെ ഞാനുണർത്തിക്കോളം രാജീവ് പെട്ടെന്ന് റെഡി യായിട്ട് വാ. " കുറച്ചു വൈകിയാലും പ്രശ്നമില്ലല്ലോ ബീനെ. " ഹാ അതേങ്ങിനെയാ രാജീവ്. നമ്മളെ അത്രേ കാര്യമായിട്ടല്ലേ സിദ്ധാർത്ഥ് അവരുടെ മോൾടെ ബെർത്ഡേ ഫങ്ഷന് ഇൻവൈറ്റ് ചെയ്തത്. എന്നിട്ട് നമ്മൾ ലേറ്റായാലെങ്ങിനെയാ. " ഓ സമ്മതിച്ചു.. ഒരഞ്ചു മിനിറ്റ് ഞാൻ പെട്ടെന്ന് റെഡിയായി ഇറങ്ങാം.. തന്റെ ഓഫീസിലെ സീനിയർ മാനേജരുടെ മകളുടെ പത്താം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനുള്ള തിരക്കിലായിരുന്നു ബീന.

ബീനയുടെ സഹപ്രവർത്തകനെന്ന നിലയിലാണ് രാജീവ് സിദ്ധാർത്ഥുമായി പരിചയപ്പെടുന്നത്, ഇടയ്ക്കുള്ള കണ്ടു മുട്ടലുകളിൽ കുതിച്ചുയരുന്ന ഷെയർ മാർക്കറ്റിംഗിലെ നിക്ഷേപ സാധ്യതകളെ കുറിച്ചു വാചാലനായപ്പോൾ സിദ്ധാർത്ഥും രാജീവിനോടൊപ്പം കൂടി. മകനേക്കാളേറെ മുകളിലാണ് ജോലിയും സ്റ്റാറ്റസുമെന്ന് ചിന്തിച്ചിരുന്ന ഇരുവർക്കും അവരുടെ തിരക്കുകളിലെ വിലപ്പെട്ട സമയത്തിന്റെ ഒരു ഓഹരി അയാൾക്ക് വേണ്ടി മാറ്റി വെയ്ക്കാൻ തയ്യാറായി. " അപ്പു.. ഒന്നെണീറ്റെ. അപ്പൂ.. " ങാ ആന്റി ഫ്രിഡ്ജിൽ നിന്ന് അൽപ്പം തണുത്ത് വെള്ളമെടുത്ത് ബീന അവന്റെ മുഖം തുടച്ചു. തണുപ്പ് മുഖത്ത് തട്ടിയപ്പോൾ അവൻ ഒന്ന് ഞെട്ടിയുണർന്നു.. "

ആന്റിയല്ല അപ്പു, മമ്മിയാ. അവന്റെ ഉറക്കത്തിലെ കുഞ്ഞു സ്വപ്‍നങ്ങളിൽ പോലും നബീസു മാത്രമായിരുന്നുവെന്ന് പാവം ടെസ്റ്റ് ട്യൂബ് മമ്മിയ്ക്കറിയില്ലായിരുന്നു.. " വന്നേ. നമുക്കോരിടം വരെ പോയിട്ട് വരാം. വാ.. ഇതെന്താ നീ ഇങ്ങനെ നോക്കണേ. ഉറക്കച്ചടവ് മാറി കാഴ്ച തെളിഞ്ഞപ്പോൾ അപരിചിതരെ കണ്ടത് പോലെ അവൻ അമ്പരന്ന് നോക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും അവർ അവന്റെ ജീവിതത്തിലെ വല്ലപ്പോഴും കാണാറുള്ള മിന്നാമിനുങ്ങുകൾ മാത്രമായിരുന്നല്ലോ.. " ഇതേവിടെന്നാ അപ്പു നിന്റെ മുഖത്ത് ഈ കരി. ഇന്നും കളിക്കാൻ പോയിട്ട് കുളിക്കാതെ വന്നു കിടന്നൂല്ലേ. ബീന അപ്പുവിന്റെ മുഖം പിടിച്ചു ഉയർത്തി. അവൻ അവരെ നോക്കി അതെയെന്ന് തലകുലുക്കി.

" ദാ വേഗം ഫ്രഷായിട്ട് വാ.. ബീന അവനെ എഴുന്നേൽപ്പിച്ചു ബാത്ത്റൂമിൽ കൊണ്ട് പോയി കുളിപ്പിക്കാൻ നിർത്തി. " ഹാ എന്താ അപ്പൂത്, പെട്ടെന്നവൻ ഷവർ തുറന്നപ്പോൾ ബീനയുടെ സാരിയിലേക്ക് വെള്ളം ചിതറി തെറിച്ചു വീണു.. അവർ അവനെ ഒന്ന് നോക്കി ദഹിപ്പിച്ചു കൊണ്ട് സാരിയുടെ ഫ്‌ളീറ്റ് തട്ടി കുടഞ്ഞു പുറത്തേക്കിറങ്ങി. " ചെ സാരിയിലൊക്കെ ആകെ വെള്ളമായി. ഇനിയിപ്പോ ഏതാ ഉടുക്കാ. " എന്റെ ബീനെ ഈ രാത്രി നിന്റെ സാരി നനഞ്ഞത് അവിടെ ആര് കാണാനാ. " എന്നാലും ഈ നനഞ്ഞത് ഇട്ടാൽ ആകെയൊരു അൺകംഫർട്ടബിളാ രാജീവ്. " ങാ നീയിനി ഒരുങ്ങിഇറങ്ങുമ്പോളെക്കും പിന്നേം ലേറ്റ് ആവും.. " ദേ രാജീവിനോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ ഡി ,

നീ ന്നൊക്കെ വിളിക്കരുതെന്ന്. അവർ രാജീവിനെ ധികാര ഭാവത്തിൽ ഒന്ന് നോക്കി. അയാൾ ആകെ ചൂളി പോയി. ഭർത്താവിന് ഭാര്യയെ നീയെന്നു വിളിക്കാനുള്ള അവകാശം കുടുംബ നീതിന്യായ വ്യവസ്ഥയിൽ നിന്ന് എടുത്ത് മാറ്റിയത് അയാൾ അറിഞ്ഞിരുന്നില്ല.. " ഒന്ന് വേഗം റെഡിയായി വാ അപ്പു ടൈം പോകുന്നു.. സാരി വീണ്ടും തട്ടി കുടഞ്ഞിട്ട് കൊണ്ട് അവർ ഫാനിനെ അതിന്റെ സർവശക്തിയിലേക്ക് തിരിച്ചിട്ടു, അമർഷം ഉച്ചത്തിൽ അറിയിച്ചു കൊണ്ട് അത് വട്ടം ചുറ്റി. " എയ്റ്റ് തേർട്ടി ആവുന്നു രാജീവ്. കം ഫാസ്റ്റ്. ലിഫ്റ്റിന് മുന്നിൽ നിന്നുകൊണ്ട് അവർ വാച്ചിലേക്ക് നോക്കി. രാജീവ് അപ്പുവുമായി വാതിൽ പൂട്ടി പുറത്തേക്കിറങ്ങി.

വൈകുന്ന ഓരോ നിമിഷവും അവരുടെ അഭിമാനത്തിന് കളങ്കമേൽപ്പിക്കുന്ന ലോകോത്തര കാര്യമായിരുന്നു. " സോറി സിദ്ധാർത്ഥ്, കുറച്ചു ലേറ്റായി പോയി. " ഇറ്റ്‌സ് ഓകെ മാഡം.. എന്തായാലും നിങ്ങള് വന്നല്ലോ. അവരവിടെ എത്തുമ്പോഴേക്കും കേക്ക് മുറിക്കൽ തുടങ്ങിയിരുന്നു. " ഹാപ്പി ബെർത്ത്ഡേ ഡിയർ.. " താങ്ക്സ് ആന്റി ബീന രാജീവിനെ ദേഷ്യത്തിൽ ഒന്നിരുത്തി നോക്കി കൊണ്ട് അയാളുടെ കയ്യിലിരുന്ന സമ്മാനപ്പൊതി വാങ്ങി സിദ്ധാർത്ഥിന്റെ മകൾക്ക് നീട്ടി.. അവളത് വാങ്ങി നന്ദി പറഞ്ഞു കൊണ്ട് ഒരു കഷ്ണം കേക്ക് മുറിച്ചു നീട്ടി.. " അപ്പു രാത്രി അധികം മധുരം കഴിക്കണ്ടാട്ടോ. അവൾ ഒരു കൊച്ചു കഷ്ണം കേക്ക് അപ്പുവിന് നീട്ടുന്നത് കണ്ടപ്പോൾ ബീന അവനെ വിലക്കി.

സിദ്ധാർത്ഥിന്റെ മകൾ അവന്റെ കൈയിൽ നിർബന്ധിച്ചു കേക്ക് വെച്ചു കൊടുത്തു.. അവൻ രാജീവിനെയും ബീനയെയും മാറി മാറി നോക്കി കൊണ്ട് പേടിയോടെ അത് വാങ്ങി. " ഒരാൾ ഒരു സാധനം തന്നാൽ അതിന് താങ്ക്സ് പറയണമെന്ന് മമ്മി പറഞ്ഞിട്ടില്ലേ.. ചെന്ന് താങ്ക്സ് പറഞ്ഞെ. ബീന അവനെ നോക്കി കണ്ണുരുട്ടി. ആ തിരക്കിലും അവർ അവനെ ചട്ടം പഠിപ്പിക്കുകയാണ്.. " താങ്ക്സ്. അവൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. " രാജീവ് സാർ വാ. നമുക്ക് അപ്പുറത്തേക്ക് ഇരിക്കാം. " ദേ ഫ്രീ ഡ്രിങ്ക് ആണെന്ന് കരുതി ഓവറാക്കാരുത്. കേട്ടല്ലോ. സിദ്ധാർത്ഥ് രാജീവിനെ അകത്തേക്ക് വിളിക്കുന്നത് കണ്ടപ്പോൾ ബീന അയാളെ രഹസ്യമായി വിലക്കി. " ഹായ് എൽസാ നിങ്ങളെപ്പോ ത്തി. "

ഞങ്ങള് എട്ട് മണിക്കെത്തി. ബീനയെന്താ ലേറ്റ് ആയത് ? " എൽസയ്ക്ക് എന്റെ തിരക്ക് അറിയല്ലോ.. എല്ലാം ഒറ്റയ്ക്ക് തന്നെ മാനേജ് ചെയ്യണ്ടേ. അപ്പു മമ്മിയിപ്പോ വരാട്ടോ.. ഉടുത്ത് ഒരുക്കി കൊണ്ട് വന്ന ജീവനുള്ളൊരു പാവകുട്ടിയെ ആ തിരക്കിനിടയിലേക്ക് ഒറ്റയ്ക്ക് വിട്ട് കൊണ്ട് സ്ത്രീ വിമോചന സംഘടനയുടെ നേതാവിനെ കണ്ടപ്പോൾ അവർ പുതിയ പരദൂഷണ കഥകൾ കാതോർക്കാൻ മാറിയിരുന്നു.. വീടിന് ചുറ്റും പല നിറത്തിലുള്ള അലങ്കാര ബൾബുകൾ തിളങ്ങുന്നുണ്ടായിരുന്നു. കരിക്കിൻ കുലകൾ പോലെ അങ്ങിങ്ങായി കെട്ടിത്തൂക്കിയ ബലൂണുകൾ കാറ്റിൽ ആടുന്നുണ്ടായിരുന്നു. അവൻ ചുറ്റും നോക്കി. സ്വാമ്മിംഗ് പൂളിന് അരികിലെ ലോണിൽ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു..

കേക്ക് കൈയിലിരുന്നു അലിഞ്ഞു ഒഴുകി തുടങ്ങിയിരുന്നു. വായിലേക്ക് വയ്ക്കാൻ തുടങ്ങിയപ്പോഴേക്കും അത് അടർന്ന് താഴേയ്ക്ക് വീണു. ആരെങ്കിലും കാണുന്നുണ്ടോ എന്നവൻ കണ്ണോടിച്ചു നോക്കി കൊണ്ട് കൈ ഷർട്ടിൽ തുടയ്ക്കാൻ ഒരുങ്ങിയതും, ബീന അപ്പുറത്ത് നിന്ന് കണ്ണുരുട്ടി അവനെ പേടിപ്പിച്ചു കൊണ്ട് സംസാരം തുടർന്നു. എന്ത് ചെയ്യണമെന്നറിയാതെ അപരിചിതരായ ഒരു കൂട്ടം ആളുകൾക്കിടയിൽ അവൻ പകച്ചു പോയിരുന്നു.. മദ്യപാന സഭയിൽ സിദ്ധാർത്ഥ് പരിചയപ്പെടുത്തിയ പുതിയ സൗഹൃദ വലയത്തെ സ്റ്റോക്ക് മാർക്കറ്റിംഗിലെ മായിക ലോകത്തേക്ക് ക്ഷണിക്കുന്ന തിരക്കിലായിരുന്നു രാജീവ്.

ബുഫൈ കൗണ്ടറിന് മുന്നിൽ നിര നിൽക്കുമ്പോളും പെൺപടയ്ക്ക് പറയാൻ കാര്യങ്ങൾ ഒരുപാടായിരുന്നു. അരങ്ങിലും അണിയറയിലും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെ നടത്തേണ്ട ഉപരി വിപ്ലവവത്തിൽ തുടങ്ങി, ക്ഷണിച്ചിട്ടും സഭയിൽ വന്നിട്ടില്ലാത്ത അഡ്വക്കേറ്റ് നൂർജഹാന്റെ ഭർത്താവിന്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത അവിഹിത കഥയെ കുറിച്ചുള്ള ചൂട് പിടിച്ച ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.. വന്നവർ വന്നവർ തിരക്കിലേക്ക് കുടിയേറിയപ്പോൾ ആരുമാരും കാണത്തെ, ആരാലും ശ്രദ്ധിക്കപ്പെടാതെ പൂളിന് അരികിലെ അലങ്കാര പനയുടെ കൈ വരിയിൽ അപ്പു ഇരിപ്പുണ്ടായിരുന്നു..

" ഹായ് പെട്ടെന്നൊരു പിൻ വിളി കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി. അനുസരണയില്ലാത്ത ചുരുളൻ മുടി ഇരു കൊമ്പുകളാക്കി കെട്ടി, കണ്ണ് വാലിട്ടെഴുതി, കവിളിൽ മറുക് കുത്തി, മുത്ത് പിടിപ്പിച്ച ഫ്രില്ലുള്ള മജന്ത ഉടപ്പിട്ട ഉരുണ്ട് തടിച്ച കുഞ്ഞു സുന്ദരി അവന് അരികിൽ വന്നിരുന്നു. " iam ജെന്നിഫർ അലക്സ് " അപ്പുണ്ണി. അവൾ അപ്പുവിന് നേരെ കൈ നീട്ടി. അവൻ പേടിയോടെ തിരക്കിനിടയിലേക്ക് കണ്ണോടിച്ചു കൊണ്ട് അവളുടെ കൈയിൽ പിടിച്ചു. " അവിടെ കളിക്കാൻ കുറെ പേരുണ്ടല്ലോ പിന്നെന്താ ഇവിടെ ഒറ്റയ്ക്കിരിക്കണേ? " അവരൊന്നും എന്റെ ഫ്രണ്ട്സ് അല്ല.. " എന്റെയും അല്ല. ഞാനവിടെ ചെന്നിട്ട് അവരെന്നെ കളിക്കാൻ കൂട്ടിയില്ല. അപ്പുണ്ണിയെ വീട്ടിൽ എന്താ വിളിക്കാ ? " അപ്പുണ്ണി ന്ന്.. " അപ്പൊ സ്കൂളിലെ ഫ്രണ്ട്സ് എന്താ വിളിക്കാ ? " നിരഞ്ജൻ " അപ്പൊ ശരിക്കും പേരെന്താ ? അവൾ സംശയത്തോടെ അവനെ നോക്കി.. "

നിരഞ്ജൻ എസ് രാജീവ്. ഫ്രണ്ട്സ് എന്താ വിളിക്കാ.? " ജെന്നീന്ന് , പപ്പേo മമ്മേം കൊച്ചൂന്നും. അവൾ അവനെ നോക്കി ചിരിച്ചു.. " ഏത് സ്കൂളിലാ പഠിക്കണെ ? " സെന്റ് ജോസഫ് " ഞാനും അവിടെയാ. വിച്ച് സ്റ്റാൻഡേർഡ് ? " ഫോർത്ത് എ. " ഞാൻ ഫിഫിത്തിലാ. " കൊച്ചു വാ പോണ്ടേ ? അവരുടെ നുറുങ്ങ് സംസാരത്തിടയിലേക്ക് ജെന്നിഫറിന്റെ 'അമ്മ ആനി കടന്ന് വന്നു. " ഓകെ ബൈ നിരഞ്ജൻ. " ബൈ. അവൾ അവന് നേരെ കൈ വീശി കൊണ്ട് അമ്മയുടെ അരികിലേക്ക് ഓടി. അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിടയിൽ അവൾ ഒരുവട്ടം കൂടി അവനെ തിരിഞ്ഞു നോക്കി കൈ വീശി. അവൻ തിരിച്ചും.. ജന്മദിനത്തിന് വന്നവരുടെ തിരക്കുകൾ പതിയെ കൊഴിഞ്ഞു തുടങ്ങി..

" രാജീവ് അപ്പുണ്ണിയെവിടെ ? യാത്ര പറഞ്ഞിറങ്ങാൻ നേരത്താണ് യഥാർത്ഥത്തിൽ ബീന അവനെ കുറിച്ച് അന്വേഷിക്കുന്നത്.. " ഞാൻ കണ്ടില്ല. കാറ്റ് പിടിച്ച പായ്ക്കപ്പൽ പോലെ രാജീവ് നിന്ന് ഉലയുകയായിരുന്നു.. അവർ അയാളെ ദേഷ്യത്തോടെ ചൂഴ്ന്ന് നോക്കി. " അപ്പു.. അപ്പു.. ഇതെന്താ അപ്പു ഇവിടെയാണോ കിടന്നുറങ്ങുന്നത് ? സ്വിമ്മിംഗ് പൂളിന് അരികിലെ അലങ്കാര പനയുടെ ചോട്ടിലെ കൈ വരിയിൽ അപ്പു തളർന്നുറങ്ങുന്നുണ്ടായിരുന്നു.. " എണീറ്റെ. നമുക്ക് പോണ്ടേ. അവർ ഈർഷ്യയോടെ അവനെ തട്ടി വിളിച്ചു .ഒന്ന് മൂളിയതല്ലാതെ അവൻ ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നുണർന്നില്ല. " ഓകെ സിദ്ധാർത്ഥ് ഇറങ്ങിക്കോട്ടെ.. ബീന അവനെ തോളിൽ താങ്ങിയെടുത്തു അവരോട് യാത്ര പറഞ്ഞു പുറത്തേക്ക് നടന്നു..

" താക്കോൽ താ.. ഈ കോലത്തിൽ രാജീവ് ഡ്രൈവ് ചെയ്യണ്ട.. " ഐ യാം നോട്ട് ഫിറ്റ് ബീന.. " ങാ അത് കണ്ടാലും പറയും. നാളെ നേരം വെളുക്കട്ടെ തരുന്നുണ്ട് ഞാൻ. രാജീവ് തെന്നി തെന്നി അവൾക്ക് പിന്നാലെയും നടക്കുന്നുണ്ടായിരുന്നു.. ബീന അയാളുടെ കൈയിൽ നിന്ന് താക്കോൽ പിടിച്ചു വാങ്ങി, ഡോർ തുറന്ന് അപ്പുണ്ണിയെ പിൻ സീറ്റിൽ കിടത്തി.. അടുത്ത് ദിവസം അപ്പു നബീസുവിനെ തേടി ചെന്നില്ല. അവനിഷ്ട്ടപ്പെട്ട മുട്ട പത്തിരി ഉണ്ടാക്കി കാത്തിരുന്നു. എന്നും സ്കൂൾ വിട്ട് വരുന്ന സമയം കഴിഞ്ഞിട്ടും അവനെ കാണാതെ വന്നപ്പോൾ നബീസു അവനെ തിരക്കി ഫ്ലാറ്റിലേക്ക് പോയി.. " മോനെ അപ്പു .. സെക്യൂരിറ്റിയുടെ കൈയിൽ നിന്ന് താക്കോൽ വാങ്ങി വാതിൽ തുറന്ന് അകത്തേക്ക് കയറിയ നബീസു ഒന്നലറി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story