എന്റെ ഉമ്മാന്റെ പേര്: ഭാഗം 40

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" നീയതെന്താ ഈ തപ്പുന്നത് ? " അല്ലെടാ ഇതില് സ്ഥിരായിട്ട് രണ്ട് ഗ്ലാസ് ഉള്ളതാ , അത് കാണുന്നില്ല. " ങാഹാ അതായിരുന്നോ , അതൊക്കെ നമ്മുക്ക് റെഡിയാക്കാം നീ വാ. കാർ ഫ്ളാറ്റിലെ പാർക്കിംഗിൽ നിർത്തിയ ശേഷം ബോബിയിറങ്ങി ഡിക്കി തുറന്ന് ഗ്ലാസ് പരതുകയായിരുന്നു. രാജീവ് ചെറിയ ഞൊണ്ടലോടെ പുറത്തേക്കിറങ്ങി. " ശെടാ എന്നാലും ആ ഗ്ലാസ് രണ്ടും ഇതേവിടെപോയി ? ബോബി പിന്നിൽ നിന്ന് ഒരു പേപ്പർ കവറെടുത്ത ശേഷം വീണ്ടും സംശയത്തോടെ നോക്കുകയാണ്. " ഇതെന്താ സാറേ കാലെലൊരു കെട്ട് ? എവിടുന്നേലും വല്ല വീക്ക് കിട്ടിയോ? " ങാ ഒരു വീക്ക് കൊടുത്തേന്റെ ആഫ്റ്റർഎഫക്ടാണ് മാധവേട്ടാ. പതിയെ ഞൊണ്ടി വരുന്ന രാജീവിനെ കണ്ട് മാധവൻ ക്യാമ്പിനിൽ നിന്ന് പുറത്തേക്കിറങ്ങി.. " മാഡത്തിന്റെ ഉച്ചയ്ക്കുള്ള വരവ് കണ്ടപ്പോഴേ ഞാനൊരു യുദ്ധം പ്രതീക്ഷിച്ചതാ. പക്ഷെ അതിനിങ്ങനൊരു ക്ലൈമാക്സുണ്ടാവോന്നു ഞാൻ ഒട്ടും കരുതിയില്ല.. " ഇനി പറഞ്ഞിട്ടെന്താ കാര്യം മാധവേട്ടാ. അതേ ആ റൂഫ് ഡോറിന്റെ താക്കോലൊന്നു വേണം, കൂടെ രണ്ട് ഗ്ലാസ്സും. " അടിക്കാനാണെങ്കിൽ ഞങ്ങടെ റൂമിലിരുന്നോ സാറേ, വെറുതെയെന്തിനാ ഈ കാലും വെച്ചു അങ്ങോട്ട് കേറി പോണത് ? "

ഏയ് അവിടെയാകുമ്പോ നല്ല കാറ്റൊക്കെ കൊണ്ടിരുന്നു ഓരോന്ന് വിടാല്ലോ. " ഈ സമയത്ത് അവിടെ ഇരിക്കാനോക്കെ നല്ല രസാ. പക്ഷെ കൊതുക് ഇരിക്കപ്പൊറുതി തരില്ല. " കൊതുക് കടി കൊള്ളാതെ ഈ കൊച്ചിയിലാർക്കേലും ജീവിക്കാൻ പറ്റോ മാധവേട്ടാ. " ങാ. ഒടുക്കം ഇറങ്ങി ഓടാതിരുന്ന മതി. മാധവൻ റൂഫ് ഡോറിന്റെ താക്കോലും, റൂമിലിരുന്ന രണ്ട് ഗ്ലാസ്സും എടുത്ത് രാജീവിന് നീട്ടി. " എന്നാ ഡ്യൂട്ടി കഴിയുമ്പോ നേരെ മോളിലേക്ക് പോരെ. " ഏയ് ഞാനിന്നില്ല സാറേ " ങേ അതെന്ത് പറ്റി ? " മോൾക്ക് അന്ന് വന്ന ആ ആലോചന അങ്ങോട്ട് ഉറപ്പിക്കാന്ന് വിചാരിച്ചു. നാളെ അളിയനും പെങ്ങളുമൊക്കെയായിട്ടു മൂന്നാല് പേര് അങ്ങോട്ട് ചെല്ലാന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് അടിച്ചോണ്ട് ചെന്ന പിന്നെ രാത്രി മുഴുവൻ രുക്മിണിയുടെ ഭരണിപ്പാട്ട് കേട്ടുറങ്ങേണ്ടി വരും. അല്ലാതെ ആഗ്രഹമില്ലാഞ്ഞിട്ടല്ല. " ആഹാ. നല്ല കൂട്ടരാണെങ്കിൽ അങ്ങോട്ട് ഉറപ്പിക്ക് മാധവേട്ടാ. ബാക്കിയൊക്കെ നമുക്ക് നോക്കാം. " ഡാ. " ങേ അത് ബോബി സാറല്ലേ ? പെട്ടെന്ന് രാജീവിനെ വിളിച്ചു കൊണ്ട് ബോബി അവിടേക്ക് വന്നു.

പാർക്കിംഗിൽ നിന്ന് വരുന്ന അയാളെ കണ്ട് മാധവൻ സംശയത്തോടെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.. " എന്താണ് മിഷ്ട്ടർ ബ്രൂസിലി മാധവൻ ഇങ്ങനെ അന്തം വിട്ട് നോക്കണേ ? " സാറ് തന്നെയാണോ ന്ന് നോക്കിയതാ. അല്ല ഇതെന്താ ഇങ്ങേരുടെ കൂടെ? " അഞ്ച് കൊല്ലം ഒരു ക്യാമ്പസിൽ ഒന്നിച്ചു കൂത്താടി നടന്നതാ ഈ സാറും ഞാനും. " ഓഹോ ഈ കഥയിൽ ഇങ്ങനൊരു ട്വിസ്റ്റുണ്ടായിരുന്നോ. " ഇതൊക്കെയെന്ത് അല്ലെ അളിയാ. മാധവൻ ഇരുവരെയും അതിശയത്തോടെ നോക്കി. അവർ അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. " അല്ലെടാ മാത്താ നീയെന്താ ഇങ്ങേര് വിളിച്ചെ ബ്രൂസിലി ന്നോ ? " ഓ അതൊരു പഴയ കഥയാടാ. അല്ലെ മിഷ്ട്ടർ ബ്രൂസിലി ? " നീ കാര്യം പറയെടാ മാത്താ. " മുൻപ് ഈ ഫ്ലാറ്റിലെ നമ്മടെ ഇലക്ട്രിക്കൽ വർക്ക് നടക്കുന്ന സമയത്ത് എനിക്കൊരു പണിക്കാരനുണ്ടായിരുന്നു. നല്ല ജിം ബോഡിയൊക്കെയുള്ള വെളുത്ത് പൊക്കമുള്ള ഒരു കുമ്പളങ്ങികാരൻ. അജീഷോ, രജീഷോ അങ്ങിനെന്തോ ആയിരുന്നു പേര്. കണ്ടാ പത്ത് പൈസ്‌ടെ കുറവാണെങ്കിലും ആള് കൊറച്ച് പഞ്ചാരയായിരുന്നു. " കൊറച്ചോന്നല്ല നല്ലൊന്തരം പഞ്ചാരയാ ആ തെണ്ടി. " ഹാ നിങ്ങളിടക്ക് കയറി അതിന്റെ ഫ്ലോ കളയല്ലേ മാധവേട്ടാ .

നീ ബാക്കി പറയ് മാത്ത. മാധവൻ ഇടയ്ക്ക് കയറി കഥയുടെ രസച്ചരട് മുറിച്ചത് കേട്ട് രാജീവ് അയാളെ ഈർഷ്യയോടെ നോക്കി. " അന്നിവിടെ ക്ലീനിങ്ങിനായിട്ട് ഒന്ന് രണ്ട് പെണ്ണുങ്ങള് വരും. ചന്തം കണ്ടാ സ്വീപ്പറ് പണിക്ക് വരുന്നതാണെന്നൊന്നും തോന്നില്ല. ഒരു ദിവസം ഉച്ചയ്ക്ക് പെട്ടെന്നൊരു ബഹളം കേട്ട് ഞങ്ങള് ഓടി ചെന്നു നോക്കുമ്പോ കൂട്ടത്തിലൊരു പെണ്ണ് നിന്ന് കരയുന്നു. അവനാണെങ്കി ദേ ആ സ്റ്റെയറിന്റെ മൂലയ്ക്ക് ഒന്നു മറിയാത്തത് പോലെ നിൽപ്പുണ്ട്. ഞാനാ പെണ്ണിനോട് എന്താ പറ്റിയെന്ന് ചോദിച്ചു. എന്റെ രാജീവേ പഞ്ചാരയടിച്ചു മൂത്തപ്പോ ആ തെണ്ടി ആ പെണ്ണിന്റെ മുലയ്ക്ക് ചെറുതായിട്ടൊന്ന് പിടിച്ചെടാ. " അമ്പട വീരാ. " ചെറുതായിട്ടൊ ? " ഹാ നിങ്ങളൊന്നും മിണ്ടാതിരിക്ക് കിളവാ. നീ ബാക്കി പറ.എന്നിട്ടെന്നിട്ട്. കഥയുടെ രസം പിടിച്ചു തുടങ്ങിയതും മാധവൻ വീണ്ടും ഇടയ്ക്ക് കയറി. രാജീവിന് ദേഷ്യം വന്നു. " എന്നിട്ടെന്താവാൻ കേട്ടപാടെ ദേ ഈ നിക്കണ മൊതല് നിന്ന നിപ്പിൽ ചാടി കാല് മടക്കി അവന്റെ മോന്തയ്ക്കൊരറ്റയടിയാ. അവനൊന്ന് നിന്ന് കറങ്ങണത് ഞാൻ കണ്ടു. പിന്നെ നോക്കുമ്പോ വെട്ടിയിട്ടത് പോലെ ജിമ്മനൊരോറ്റ വീഴ്ചയാ. വിളിച്ചിട്ടൊ വെള്ളം തളിച്ചിട്ടൊ ആ മര പോത്ത് എഴുന്നേൽക്കുന്നുണ്ടോ.

സത്യം പറഞ്ഞാ ഞാനൊന്ന് പേടിച്ചു. ഒടുക്കം എല്ലാരും കൂടി അവിടുന്നു പൊക്കി ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടു. ഒരാഴ്ച ആ കിടപ്പ് അവിടെ കിടന്നു. പണിക്കിടെ കാല് തെന്നി വീണെന്നാ വീട്ടുകാരോട് പറഞ്ഞത് , അതുകൊണ്ടെന്താ എന്റെ കൊറച്ചു കാശ് പോയി കിട്ടി. ഇപ്പോഴും അവന്റെ ഇടത്തെ ചെവിക്കിത്തിരി പിടുത്തം കൊറവാ. അന്ന് എല്ലാവരും കൂടി ഈ കിളവന് കൊടുത്ത വട്ടപ്പേരാണ് ബ്രൂസിലി. " ങാ ഇമ്മാതിരി ഏരണംകെട്ട പണിക്കാരുണ്ടേൽ തല്ല് വണ്ടി വിളിച്ചു വരും. " ഇങ്ങേര് അവനെ ഒറ്റടിക്ക് വീഴ്ത്തീന്നോ, ഏയ്. ഞാനിത് വിശ്വസിക്കില്ല മാത്ത. No way.. രാജീവ് മാധവനെ അമ്പരപ്പോടെ നോക്കി കൊണ്ട് കളിയാക്കി ചിരിച്ചു. " നീ വിചാരിക്കണ പോലെയൊന്നുമല്ല കിളവൻ , ആള് പഴയ കളരിയാ, കളരി. " ആഹാ. എന്നാ അതൊന്ന് അറിയണോല്ലോ, ഞാൻ പഴയ ബ്ലാക്ക് ബെൽറ്റാ. ഡോ കിളവാ താൻ ഒറ്റയ്ക്കോറ്റയ്ക്ക് ഇടിക്കാനുണ്ടോ ? ഉണ്ടേൽ വാടോ നമുക്കൊരു കൈ നോക്കാം. " പണ്ടേ ദുർബല, ഇനി ഗർഭിണി കൂടിയാകണോ സാറേ. " എന്താടോ കിളവാ. താൻ പേടിച്ചു പോയോ ധൈര്യം ഉണ്ടെങ്കിൽ ആണുങ്ങളോട് മുട്ടി നോക്കേടോ. വാടോ. വാടോ. ഹാ വെറുതേയിരിക്കേടോ കിളവാ. വേണ്ടാ ഇക്കിളിയിടരുത്. വേണ്ടാ..ദേ ഞാൻ വീഴുവെ.. "

മൂക്കില് പല്ല് മുളച്ചിട്ടും ഇക്കിളി മാറീട്ടില്ല. എന്നിട്ടാണ് ഒറ്റയ്‌ക്കൊറ്റയ്ക്ക് ഇടിക്കാൻ നടക്കണത്. പോയെ പോയെ. രാജീവ് കരാട്ടയുടെ അഭ്യാസ മുറകളിലെത് പോലെ കൈകൾ രണ്ടും ക്രോസ്സ് ചെയ്ത് പിടിച്ച ശേഷം ഒരു കാൽ പിന്നോട്ട് വെച്ചു മുറിവുള്ള കാലിലെ വിരലുകൾ തറയിൽ പതിയെ ഉറച്ചു മുന്നോട്ട് നീക്കി ഗൗരവത്തിൽ നിൽക്കുകയാണ്. മാധവൻ രാജീവിനെ അൽപ്പനേരം സൂക്ഷിച്ചു നോക്കി. അയാൾ പിന്നെയും കൈ കൊണ്ട് പല തരം ചുവടുകൾ കാണിക്കുകയാണ്. മാധവൻ പെട്ടെന്ന് അയാളുടെ അരക്കെട്ടിന് ഇരുവശത്തും കൈകൾ കൊണ്ട് പതിയെ പിടിച്ചു തിരിച്ചതും രാജീവ് ഇക്കിളിയോടെ കുലുങ്ങി ചിരിച്ചു കൊണ്ട് ചാടി.. " വാ ഒരെണ്ണം അടിച്ചിട്ട് പോകാം. " ഏയ് വേണ്ടാത്തോണ്ടാ സാറേ. " നിർബന്ധിക്കണ്ട മാത്താ. നാളെ അങ്ങേർക്കൊരു യാത്രയുള്ളതാ. അവൾക്ക് ഈ ബന്ധത്തിന് ഇഷ്ട്ടക്കേട് ഒന്നുമില്ലല്ലോ അല്ലെ ? ബോബിയും മാധവനെ അവരുടെ മദ്യപാന സഭയിലേക്ക് ക്ഷണിച്ചെങ്കിലും വരുന്നില്ലെന്നു പറഞ്ഞു അയാൾ ഒഴിഞ്ഞു. " എല്ലാ കാർന്നോമ്മാരുടെയും വലിയൊരു സ്വപ്നമല്ലേ സാറേ പെണ്മക്കളുടെ വിവാഹം. എന്ന് കരുതി ആരേലും ഒരാളെ കണ്ട് പിടിച്ചു കടമ കഴിച്ചിറക്കി വിടാൻ പാടില്ലല്ലോ.

ഒന്നിച്ചു ജീവിക്കേണ്ടത് അവരല്ലേ, അപ്പൊ അവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമല്ലേ നമ്മളാദ്യം ചോദിച്ചറിയേണ്ടത്. അത് കൊണ്ട് ഞാനാദ്യം അവൾക്ക് താൽപ്പര്യം ഉണ്ടോന്നാ ചോദിച്ചത്. പിന്നെ എത്ര നല്ല ബന്ധമായാലും ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോ ചെറിയ ചെറിയ ചില പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാവും. അതാ മുറി വിട്ട് പുറത്തേക്ക് വരാതെയും, അതില് മൂന്നാതൊരാൾ ഇടപെടാതെയും നോക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അന്വേഷിച്ചിടത്തോളം പയ്യനെ പറ്റി ആരും മോശം പറഞ്ഞിട്ടില്ല. പിന്നെ പുറമെ എത്രയൊക്കെ നല്ലതായാലും ഒരാളുടെ ഉള്ളില് കേറി നമുക്ക് നോക്കാൻ പറ്റില്ലാലോ സാറേ. നന്നായി ജീവിക്കട്ടെന്ന് എങ്ങിനൊക്കെ ആഗ്രഹിച്ചാലും പ്രാർത്ഥിച്ചാലും തലേലെഴുത്ത് പോലല്ലേ എല്ലാം സംഭവിക്കൂ.. ഹാ. എല്ലാം നന്നായി നടന്നാൽ മതിയായിരുന്നു.. " ഞാൻ പറഞ്ഞില്ലേ മാധവേട്ടാ അവൾക്ക് ഇഷ്ടമാണെങ്കിൽ പിന്നെ ഇതങ്ങോട്ട് ഉറപ്പിക്കന്ന്. ബാക്കിയെല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം. സമാധാനയിട്ട് പോ. " ഉം.. എന്നാ ശരി സാറേ. രാത്രി യാത്രയില്ല.. മാധവൻ യാത്ര പറഞ്ഞു കൊണ്ട് തിരികെ ക്യാബിനിലേക്ക് നടന്നു . അയാളെ ഒരു നിമിഷം നോക്കി നിന്ന ശേഷം രാജീവും ബോബിക്കൊപ്പം ലിഫ്റ്റിലേക്ക് കയറി .

"സത്യം പറഞ്ഞാൽ എല്ലാ കാർന്നോമ്മാരും പെണ്മക്കളുടെ ഇഷ്ടോo ആഗ്രഹങ്ങളുമൊക്കെ ചോദിച്ചിട്ടാണ് അവരുടെ കല്യാണം നടത്തണതെങ്കിൽ ഒരു പരിധി വരെ ഡിവോസും പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. " അതൊക്ക വെറും ബ്ലണ്ടറാ ഡാ . പെണ്ണിന്റെ ഇഷ്ടത്തോടെ ഉറപ്പിച്ച കല്യാണത്തിന്റെ തലേന്നോ അല്ലെങ്കി അത് കഴിഞ്ഞുമൊക്കെ ചാടിപ്പോയ എത്രയോ പെണ്ണുങ്ങളെ എനിക്കറിയാം. ചോദിക്കുമ്പോ പേടി കാരണം അവര് ഒരെതിർപ്പും പറയില്ല. ഇനി പറഞ്ഞാലോ വീട്ടുകാർ ഒരു വിലയുമില്ലാത്ത കുറെ ദുരഭിമാനവും കെട്ടി പിടിച്ചിരിക്കും. ഒടുക്കമൊന്നില്ലേൽ സ്നേഹിച്ചവരിൽ ആരേലും ഒരെണ്ണം ചത്ത് തുലഞ്ഞു പോകും, അല്ലെങ്കിൽ അഭിമാനം സംരക്ഷിക്കാൻ ഏതേലും ഒരു വീട്ടുകാര് വെട്ടിയോ കുത്തിയോ കൊല്ലും. അതുമെല്ലെങ്കിൽ ഇഷ്ടമില്ലാത്തവന്റെ കൂടെ ജീവിച്ചു മടുക്കുമ്പോ ഡിവോഴ്സും വാങ്ങി രണ്ടും രണ്ട് വഴിക്ക് പോകും. കുറച്ചു വാശി പിടിച്ചാലും ഉള്ളത് ഉള്ളപ്പോൾ പോലെ പറഞ്ഞാൽ മക്കളുടെ സന്തോഷമാണ് അച്ഛനമ്മമാർ ആഗ്രഹിക്കുന്നതെങ്കിൽ ആർക്കായാലും അത് മനസിലാകോടാ. പക്ഷെ അതാരും പറയാറുമില്ല ചോദിക്കാറുമില്ല. " മാധവേട്ടന്റെ മോള് അങ്ങിനൊന്നുമല്ലെടാ മാത്താ. അതൊരു പാവം കുട്ടിയാ.

" എന്റെ രാജീവേ. കാണുമ്പോ എല്ലാവരും ഭയങ്കര പാവങ്ങളാ, പക്ഷെ ഉള്ളിലിരിപ്പ് ഒരാൾക്കും മനസിലാവില്ല. പ്രേമിച്ചു കെട്ടിയാലും, വീട്ടുകാര് തേടി പിടിച്ചു കെട്ടിച്ചാലും അത് ചൂസ് ചെയ്യണോ വേണ്ടയോ എന്നത് അവനവന്റെ തീരുമാനമാണ്. എങ്ങിനെ കെട്ടിയാലും സ്നേഹിക്കുന്നതിനെക്കാൾ പരസ്പ്പരം മനസിലാക്കാൻ പറ്റുന്നുണ്ടെങ്കിൽ ഈ ഡിവോഴ്‌സും കോപ്പൊന്നും നടക്കില്ലെടാ. ലിഫ്റ്റ് റൂഫ് ടോപ്പിന് താഴെയുള്ള നിലയിൽ വന്നു നിന്നു. ഇരുവരും പുറത്തേക്ക് ഇറങ്ങി സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു. " ഇതൊക്കെ പറയുമ്പോ പറയാമെന്നല്ലാതെ എക്സിക്യൂട്ട് ചെയ്യാൻ വല്ല്യ പാടാ മാത്താ.. " അതാണ് പറഞ്ഞത്. ഒരു മാരീഡ് ലൈഫ് തുടങ്ങുമ്പോ അതെങ്ങിനെ ജീവിക്കണമെന്നത് അവർ രണ്ട് പേരുടെയും കാഴ്ചപ്പാട് പോലിരിക്കും. ആരേലും ഒരാള് ഈഗോയും കോംപ്ലെക്സും കാണിച്ചാൽ പോലും ആ ലൈഫ് മൂഞ്ചി പോകാത്തെയുള്ളൂ. " അതായത് എന്റെ ലൈഫ് പോലെ.. അല്ലെടാ. " നിന്റെത് മൂഞ്ചിപോയി ന്ന് പറഞ്ഞാ കുറഞ്ഞു പോകില്ലെടാ. " ഇതൊക്കെ കേട്ട് എന്റെ ചങ്ക് കത്തീട്ട് വയ്യ നീ പെട്ടെന്നൊരെണ്ണം ഒഴിച്ചെ. " ഈ വക സാധാനമൊക്കെ അടിക്കുമ്പോ രണ്ട് ഐസ് ക്യൂബൊക്കെയിട്ട് ഓൺന്തറോക്ക്‌സ് അടിക്കണം. എന്നാലേ അതിനൊരു സുഖമുള്ളു.

" ഐസ് വേണൊങ്കിൽ നമുക്ക് എടുക്കാടാ. " എന്റെ പൊന്നോ വേണ്ടാ. ദേ ഈ ഉള്ളതൊക്കെ വെച്ചടിച്ചാ മതി. ഇന്നാ. ബോബി റൂഫ് ടോപ്പിലെ ഹാൾഫ് പില്ലറിന് മുകളിൽ ഗ്ലാസ്സ് വെച്ച ശേഷം കവറിൽ നിന്ന് ലഗാവ്‌ലിൻ ( Lagavulin ) എന്ന 16 സിംഗിൾ മൾട്ട് സ്കോച്ച് വിസ്ക്കിയെടുത്ത് തുറന്ന് ഓരോ പെഗ്ഗ് ഒഴിച്ചു രാജീവിന് നീട്ടി. അയാളത് വാങ്ങി ബോബിയുടെ ഗ്ലാസുമായി കൂട്ടി മുട്ടിച്ച ശേഷം ഒന്ന് സിപ്പ് ചെയ്തു. " നമ്മളൊന്നിച്ചു ഒരു പെഗ്ഗ് അടിച്ചിട്ട് എത്ര കൊല്ലമായെന്ന് നിനക്കറിയോ മാത്താ? " ഉം , പത്ത് കൊല്ലം. " അപ്പൂനെ പ്രഗ്നന്റ് ആയത് നിന്നെ വിളിച്ചു പറഞ്ഞതിന്റെ ഒരാഴ്ച്ച കഴിഞ്ഞു. " ഉം. പകലെറിഞ്ഞ വെയിൽ ചൂടിന്റെ പൊള്ളുന്ന ഊഷ്മാവ് ടെറസിൽ നിന്ന് വിട്ട് പോയിട്ടുണ്ടായിരുന്നില്ല. നിലം ചൂടിനെ തണുപ്പിച്ചു കൊണ്ട് ഇളം മഞ്ഞു വീണ് തണുത്ത് കുതിർന്നൊരു കാറ്റ് അറബി കടലിന്റെ തീരത്തെ തഴുകി ആഞ്ഞു വീശുന്നുണ്ടായിരുന്നു. തീരത്തോട് അടുപ്പിച്ചു ബന്ധിച്ച മൽസ്യബന്ധന യാനങ്ങളുടെ ചുവന്ന റഡാർ വെളിച്ചം നേർത്ത പൊട്ട് പോലെ ദൂരെ മിനുക്കി കൊണ്ടിരിക്കുന്നുണ്ട്. കാറ്റിനെ വക വയ്ക്കാതെ കൊതുകുകൾ അവർക്ക് ചുറ്റും വട്ടമിട്ട് പറന്നു സന്ധ്യ കീർത്തനം മൂളി തുടങ്ങിയിരുന്നു.

ബോബി സിപ്പ് ചെയ്ത് കൊണ്ട് ആലോചനയോടെ ഗ്ലാസ്സുമായി പടിഞ്ഞാറ് ദിശയിലെ പാരപ്പെറ്റിനരികിലേക്ക് നടന്നു ദൂരേയ്ക്ക് നോക്കി നോൽക്കുകയാണ്. " നീയെന്താ ഒരാള് മാത്രം മതിയെന്ന് തീരുമാനിച്ചോ ? " അതൊന്നും ഇനി നടക്കില്ലെടാ. " മനസിലായില്ല ? രാജീവ് സംശയത്തോടെ പതിയെ അയാൾക്ക് അരികിലേക്ക് വന്നു നിന്നു. " ജെന്നിയുടെ ഡെലിവറി ടൈമിലുണ്ടായ, യൂട്രെസ്സിലെ സിസ്റ്റും, അതിന്റെ കോംപ്ലിക്കേഷനൊക്കെ നിനക്കും അറിയാവുന്നതല്ലേ. " ങാ. പക്ഷെ സിസ്സേറിയൻ ചെയ്തകൂട്ടത്തിൽ അന്നേ അത് റിമൂവ് ചെയ്തതല്ലേ, പിന്നെന്താ ? " ശരിയാടാ. ജെന്നിക്ക് നാല് വയസായപ്പോ മുതല് ഞങ്ങള് രാണ്ടാമതൊരാൾക്ക് വേണ്ടി പ്ലാനിംഗ് തുടങ്ങിയതാ. പക്ഷെ.? ഇടയ്ക്കിടെ വയറ് വേദന ന്ന് പറഞ്ഞു ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുന്നതല്ലേ , വേറൊന്നും അവളെന്നോട് പറഞ്ഞിരുന്നില്ല. ഒരു ദിവസ്സം പള്ളിയിൽ പോകാനിറങ്ങുമ്പോ ഒന്ന് തല ചുറ്റി വീണു. സെക്കന്റ് ചാൻസ് ലോക്ക് ആയിട്ടായിരിക്കുമെന്നാ ഞാൻ കരുതിയത്. പക്ഷെ ഹോസ്പിറ്റലിൽ ചെന്നപ്പോഴാ ഞാൻ കാര്യങ്ങളൊക്കെ അറിയണെ. അന്ന് റിമൂവ് ചെയ്ത സിസ്റ്റിന്റെ ഒരു കണക്ഷൻ യൂട്രെസ്സിൽ ഫോo ചെയ്ത് തുടങ്ങിയിട്ട് നാള് കുറെയായി.

പഴയത് പോലെ ഒരു നോർമൽ കേസ് ആയിരിക്കുമെന്ന് കരുതി ആദ്യമൊന്നും അവളുമത് കാര്യമാക്കിയില്ല. ബട്ട് അതിന്റെ ഗ്രാവിറ്റി കൂടി തുടങ്ങി പെയിൻ കണ്ട്രോൾ ചെയ്യാൻ പറ്റാതെ വന്നപ്പോഴാ അവര് ഡീറ്റൈൽഡ് ബയോപ്പ്സി ചെയ്തത്. യൂട്രെസ്സ് റിമൂവ് ചെയ്യുക എന്നല്ലാതെ വേറെ ഓപ്ഷൻ ഒന്നുമില്ലെന്ന് ഡോക്ടർ അവളോട് പറഞ്ഞതാന്ന് അന്നാ ഞാനറിയുന്നെ. വേദന കൂടി മരുന്ന് കഴിച്ചു കിടക്കുമ്പോഴും ജെന്നിക്കൊരു കൂട്ട് വേണ്ടെടി ന്ന് ചോദിച്ചു അടുത്ത് ചെന്നാലും വേണം ഇച്ഛാ എന്നല്ലാതെ വേറൊന്നും പറഞ്ഞിട്ടില്ല. ഒരുപാട് ആഗ്രഹിച്ചിട്ടും രണ്ടാമതൊരു കുഞ്ഞിനെ കൂടെ തരാൻ പറ്റാതെ പോയാൽ എനിക്കവളോടുള്ള സ്നേഹം കുറഞ്ഞു പോകൊന്നു പേടിച്ചിട്ടാവും, ആ കഴുത എന്നോടൊന്നും പറഞ്ഞില്ലെടാ.. എന്റെ ജെന്നിയെ അവളെനിക്ക് തന്നില്ലേ, എനിക്കത് പോരെ. എന്നിട്ടുള്ള പെയിൻ കില്ലർ മുഴുവൻ കഴിച്ചു ഒന്നും അറിയിക്കാതെ നടന്നു. എന്തേലും പറ്റി പോയിരുന്നെലോ. ഇതറിഞ്ഞപ്പോ എനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു..

ഇന്നീ കാണുന്ന ബോബി എന്തേലും ആയിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ ആനിക്കുള്ളതാ. അവളില്ലാതെ ഞാനില്ലെടാ.. അത് റിമൂവ് ചെയ്തിട്ട് ഇപ്പൊ രണ്ടര കൊല്ലായി എന്നാലും ഇടയ്ക്ക് ജെന്നിയുടെ പരാതി പറച്ചില് കേൾക്കുമ്പോ ഞങ്ങളും പരസ്പരം ചോദിക്കും ഒരു കുഞ്ഞൂടെ വേണ്ടെന്ന്.. കാര്യമില്ലെന്നറിയാം, എന്നാലും അവളെ പറ്റിക്കാൻ. " ഡാ മാത്താ, മതി. നീയത് വലിച്ചെ. ബോബിയുടെ കണ്ണ് കലങ്ങിയൊഴുകി ഒരു തുള്ളി രാജീവിന്റെ കൈ തണ്ടയിലേക്ക് വീണു. പരിചയപ്പെട്ട നാൾ മുതൽ അയാൾക്ക് മുന്നിൽ ഒന്നിനെ കുറിച്ചോർത്തും കരഞ്ഞിട്ടില്ലാത്ത ബോബി , കാലങ്ങളുടെ മുറിപ്പാടുണക്കി വീണ്ടും കണ്ടു മുട്ടിയ ദിവസം തനിക്ക് മുന്നിൽ കണ്ണ് നിറയ്ക്കുന്നത് കണ്ടപ്പോൾ ബോബിയേക്കാളേറെ പൊള്ളിയത് അയാളുടെ ഹൃദയമായിരുന്നു.. രാജീവ് കൈ ചുരുട്ടി ബോബിയുടെ പുറത്ത് തട്ടി അയാളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഗ്ലാസ്സിലെ ബാക്കിയുള്ള മദ്യം കൂടി വായിലേക്ക് കമിഴ്ത്തി കൊണ്ട് ബോബി ഗ്ലാസ് നീട്ടി. അൽപ്പ സമയത്തേക്ക് ഇരുവരും ഒന്നും സംസാരിച്ചില്ല. " ഒരിക്കൽ ഞാൻ സിസിലിയെ കുറിച്ചു പറഞ്ഞത് നീയോർക്കുന്നുണ്ടോ ? " ഏത്, നിന്റെയാ പഴയ.... " ങാ. " എന്തേയിപ്പോ അവരെ കുറിച്ചോർക്കാൻ ?

മൗനത്തിന്റെ മറ നീക്കി ബോബി വീണ്ടും സംസാരിച്ചു തുടങ്ങി. സംശയത്തോടെ അയാളെ നോക്കുകയാണ്. " ഏയ് ഒന്നൂല്ലേടാ. കുറച്ചായിട്ട് അവളെ തന്നെ സ്വപ്നം കാണുന്നു. അന്ന് കണ്ണ് നിറച്ചു വിങ്ങി പൊട്ടി എന്നെതന്നെ നോക്കിയിറങ്ങി പോയ അവളുടെ ആ മുഖം , കണ്ണടച്ചാൽ ഇപ്പൊ ആദ്യം അതാ മനസിലേക്ക് വരണത്.. " അതിന് ശേഷം നീയവളെ കണ്ടിട്ടില്ലേ ? രാജീവ് ഗ്ലാസ്സിലേക്ക് വീണ്ടും ഓരോ പെഗ്ഗ് ഒഴിച്ചു അയാൾക്ക് നീട്ടി. ബോബി പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു കൊണ്ട് ഗ്ലാസ് വാങ്ങി. " ഉം. ഒന്നല്ല പലതവണ , പക്ഷെ കണ്ടിട്ടും കാണാത്തത് പോലെ ഞാനാ വഴി മാറി പോയത്. ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോ നിസഹായമായി എന്നെ തന്നെ നോക്കി നിൽക്കണത് കാണാം. നമ്മടെയാ പ്രായത്തിന്റെ കുത്തി കഴപ്പല്ലാതെ വേറൊന്നും അന്നെനിക്ക് അവളോട് തോന്നിയിട്ടില്ല. പക്ഷെ അന്നവൾക്ക് എന്നോട് തോന്നിയതെന്തായിരുന്നുവെന്ന് ഇന്നെന്റെ ആനിയുടെ സ്നേഹം കാണുമ്പോ എനിക്ക് മനസിലാകുന്നുണ്ടെടാ. എന്റെ കഴപ്പ് തീർക്കാൻ വേണ്ടിട്ടാണെങ്കിലും അന്നവളോട് കാണിച്ചതോർക്കുമ്പോ ഇപ്പോ വല്ലാത്ത കുറ്റബോധം തോന്നുന്നുണ്ട്. എനിക്ക്.... എനിക്ക് അവളെയൊന്ന് കാണാണോടാ രാജീവേ. "

അത് വേണോടാ ? പണ്ടെങ്ങോ നീയായിട്ടത് ഉപേക്ഷിച്ചു കളഞ്ഞത, ഇനിയുമതിന്റെ വേര് ചികഞ്ഞു പോണോ? " ഒന്നിനും വേണ്ടിട്ടല്ലെടാ, വെറുതെ, വെറുതെ ഒന്ന് കാണാൻ, ദൂരത്ത് നിന്നെങ്കിലും ഒരു വട്ടം. തേടിവന്നിട്ടും തിരിച്ചറിയാതെ, മനപ്പൂർവം അവഗണിച്ചു കളഞ്ഞ സിസിലിയുടെ പ്രണയത്തിന്റെ നോവുകൾ എത്ര മാത്രമുണ്ടായിരുന്നുവെന്ന്, കാലങ്ങൾ പിന്നിട്ടപ്പോഴാണ് അയാൾ തിരിച്ചറിയുന്നത്. ഒരു സ്വപ്നത്തോളം പോന്ന ചെറിയോർമ്മപ്പെടുത്താൽ കൊണ്ട് അവൾ അയാളെ വല്ലാതെ മുറിപ്പെടുത്തുന്നുണ്ട്. സ്നേഹിക്കുന്ന ഏതൊരത്മാവിനെയും , ഏറ്റവും തുച്ഛമായ രീതിയിലെങ്കിലും തിരിച്ചു പരിഗണിക്കപ്പെടുന്നില്ലെന്ന് തിരിച്ചറിയുമ്പോൾ ഒരുപക്ഷേ തോറ്റ് പോകുന്നത് കളങ്കമില്ലാതെ നൽകിയ സ്നേഹമായിരിക്കും. വേദനിക്കപ്പെടുന്നത് മനസ്സും. ജീവിതത്തിൽ ഒരാൾക്ക് പകരക്കാരനായി ആരെല്ലാം കടന്ന് വന്നാലും. മനസ്സ് കൊണ്ട് ഒരാൾക്ക് വെച്ചു നീട്ടിയ പ്രണയത്തിന്, കാലമെത്ര കടന്നു പോയാലും അയാള് മാത്രമായിരിക്കും അവകാശി . " എടാ ആനിയറിഞ്ഞാ ? " എന്നെക്കുറിച്ചറിയാത്ത ഒന്നും ഇതുവരെ അവളുടെ ജീവിതത്തിലില്ലെടാ. " ഉം. എന്നാ നമുക്ക് വഴിയുണ്ടാക്കാം. " വെറുതെയെന്തിനാ നീ പറ്റാത്ത പണിക്ക് നിക്കണേ..

രാജീവ് ഗ്ലാസ്സിൽ നിന്ന് സിപ്പ് ചെയ്ത ശേഷം ബോബിയുടെ ചുണ്ടിൽ എരിഞ്ഞ സിഗരറ്റ് എടുത്ത് ആഞ്ഞു വലിച്ചു. പുക നെറുകയിൽ കയറി അയാൾ ഉറക്കെ ചുമയ്ക്കുന്നത് കണ്ട് ബോബി അയാളെ ശകാരിച്ചു കൊണ്ട് സിഗരറ്റ് പിടിച്ചു വാങ്ങിച്ചു.. " അപ്പൂന്റെ വെക്കേഷന് നിനക്കെന്താ പരിപാടി ? " ഏയ് അങ്ങിനൊ പ്രത്യേകിച്ചൊന്നുമില്ലേടാ, അവനേം കൊണ്ടൊന്നു നാട്ടിൽ പോണം. അങ്ങോട്ടൊക്കെ പോയിട്ട് ഇപ്പൊ നാലഞ്ച് കൊല്ലായി. ഒന്ന് പോയി എല്ലാരേം കാണണം. അല്ല നീ അന്തമാനിൽ പോകുവാന്ന് പറഞ്ഞു ? " ഇതാര് പറഞ്ഞു ? " നിന്റെ മോള് എന്റെ മോനോട് പറഞ്ഞു, എന്നെ കൊണ്ട് സമ്മതിപ്പിച്ചാ ഒന്നിച്ചു ടൂർ പോകാല്ലോ. അതും പറഞ്ഞു പിന്നാലെ നടപ്പായിരുന്നു. സത്യം പറഞ്ഞാ അവനെ ഇന്നേവരെ ഞാൻ എവിടെയും കൊണ്ടുപോയിട്ടില്ലെടാ, ഒന്നിന് വേണ്ടിയും ഇതുവരെ അവൻ നിർബന്ധം പിടിച്ചിട്ടുമില്ല. എവിടേലും ഒരിടത്ത് ഒതുങ്ങി കൂടിയിരിക്കും. പാവം. ആ നബീസും മക്കളും വന്നെപ്പിന്നെയാ അവനൊന്ന് ആക്റ്റീവ് ആയത്. ഇനി പറ്റാവുന്നിടത്തൊക്കെ അവനെ കൊണ്ട് പോയി കാണിക്കണം. " എന്നാപ്പിന്നെ ഈ തവണത്തെ ആന്തമാൻ യാത്ര ക്യാൻസെൽഡ്. ഞങ്ങളും വരാം നിന്റെ കൂടെ. " ങേ നീയും വരുവോ ? " ങാടാ കരുമാടി വരാന്ന്. "

അല്ലെടാ അപ്പൊ കൊച്ചിനോട് എന്ത് പറയും. " നിന്റെ മോന്റെ കൂടെയാണെന്ന് പറഞ്ഞാ അവളെത് പാതാളത്തിലോട്ട് വേണേലും വരും. " ഓഹോ. അപ്പനും മോളും കൂടി എന്റെ ചെക്കനെ ഒരുവഴിക്കാക്കോടാ മാത്താ. " സാധ്യതയില്ലാതെയില്ല. " എന്നാ പിന്നെ ഈ വെക്കേഷൻ കുട്ടനാട്ടിലോട്ടാവട്ടെ. ഇരുവരും ഗ്ലാസുകൾ തമ്മിൽ ഒരിക്കൽ കൂടി കൂട്ടി മുട്ടിച്ചു കൊണ്ട് മദ്യം വായിലേക്ക് കമിഴ്ത്തി.. നഷ്ടപ്പെടുത്തി കളഞ്ഞ പലതിനെയും തേടി വർഷങ്ങൾക്കിപ്പുറം ഓർമ്മകളുറങ്ങുന്ന മണ്ണിലേക്ക് ഒരു ഒഴിവുകാലം ചിലവഴിക്കാൻ അവർ തീരുമാനിക്കുകയാണ്. " ഡി മുബീ മതി കളിച്ചത്, അവനെ കൈ കഴുകിച്ചൊണ്ട് വന്നേ. " ഇപ്പോ വരാ ഉമ്മി. ഇതൊന്ന് തീർത്തോട്ടെ. " പിന്നെ അവിടെയിരുന്നു മല മറിക്കുവല്ലേ, ഡി ആഷി ഈ ചോറെടുത്ത് അപ്പുറത്ത് വെച്ചേ.. " ഡാ അഞ്ചിടണെ ഞാൻ പോവാ. " ങാ.. നബീസു അടുക്കളയിലിരുന്ന് അവരെ ശകാരിക്കുന്നുണ്ടായിരുന്നു. പാമ്പും കോണിയും കളിച്ചു കൊണ്ടിരുന്ന ആഷിത അപ്പുവിനെ നോക്കി കൊണ്ട് അടുക്കളയിലേക്ക് എഴുനേറ്റ് പോയി.. " ഡാ നീ രണ്ടിട്ടാ മതി. " എന്നെ പാമ്പ് വിഴുങ്ങാനല്ലേ, നീ പോടാ. അപ്പു അക്കങ്ങളുള്ള ചെറിയ ക്യൂബ് ചെറിയ ചെപ്പിലിട്ട് കുലുക്കി ബോർഡിന് മുകളിലേക്ക് ഇട്ടു. "

അയ്യേ. കോരങ്ങനെ പാമ്പ് വുഴുങ്ങിയെ.. ഭേ ഭേ.. " നീ പോടാ. നീ കള്ളത്തരം കാണിക്കാ " യ്യോ ന്റു മ്മോ. ഈ കോരങ്ങനെന്നെ കൊല്ലുന്നേ.. ഹാ. ക്യൂബിലെ രണ്ടാം നമ്പർ ബോർഡിന് മുകളിൽ മലർന്ന് വീണു. മുബീന അവന്റെ കരുക്കൾ തൊണ്ണൂറ്റിയൊമ്പത്തിൽ നിന്ന് ഒമ്പതാം നമ്പറിലേക്ക് ഇറക്കി വെച്ചു കൊണ്ട് അവനെ കളിയാക്കി ചിരിച്ചു. അപ്പുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു. അവൻ കരുക്കൾ കൈ കൊണ്ട് തട്ടിയെറിഞ്ഞ ശേഷം അവളുടെ മുതുകിൽ അമർത്തി കടിച്ചു വലിച്ചു.. വേദന കൊണ്ട് മുബീന മുന്നോട്ടാഞ്ഞു ഉറക്കെ അലറി.. " ഡി അവനെ കോരങ്ങാന്ന് വിളിക്കരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ " പിന്നെ . ദേ എന്റെ പുറം മുഴുവൻ കടിച്ചു നശിപ്പിച്ചേക്കുന്നെ കണ്ടില്ലേ. " അപ്പു എന്തിനാ അവളെ കടിച്ചെ.. ബഹളം കേട്ട് അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്ന നബീസു അപ്പുവിനെ പിടിച്ചു മാറ്റി.. " ഇവൻ എന്നെ കള്ളം കാണിച്ചു തോപ്പിച്ചു. " നീ പോടാ നീയാ കള്ള കൊതിയൻ. " നിന്നെ ഞാൻ ഇടിച്ചു ശരിയാക്കും.. അവന് പിന്നെയും ദേഷ്യം വന്നു. നബീസുവിന്റെ പിടിയിൽ നിന്ന് കുതറി മാറി മുബീനയെ കാലുയർത്തി ചവിട്ടാൻ ശ്രമിച്ചപ്പോഴേക്കും നബീസു അവനെ പൊക്കി മാറ്റി. " അല്ലേലും ഇവക്ക് അവനെ വട്ട് പിടിപ്പിക്കലിത്തിരി കൂടുതലാ.

കിട്ടിയെങ്കി നന്നായി പോയി. " ഇവള് കള്ളനാ താത്തൂ. ആഷിത ചോറെടുത്ത് വെച്ചു കൊണ്ട് മുബീനയെ കളിയാക്കി. അപ്പുവിന്റെ ദേഷ്യം അപ്പോഴും അടങ്ങിയിട്ടുണ്ടായിരുന്നില്ല.. നബീസു അപ്പുവിനെ കൈ കഴുകിച്ചു അരികിലിരുത്തിയ ശേഷം ചോറ് ഓരോ പാത്രത്തിലാക്കി വെച്ചു. " ആന്റി എനിക്ക് വാരി തരോ ? " ആഹാ. " അവന് വാരി കൊടുക്കണ്ട ഉമ്മി. കയ്യില് കുരുവൊന്നുമില്ലലോ തന്നെത്താൻ വാരി തിന്നാ മതി. " നീ പോടി.. " ങാ. നിനക്ക് ഇനീം അവന്റെ കയ്യീന്ന് കിട്ടണ്ടെങ്കി മിണ്ടാതിരുന്നു കഴിച്ചോ.. " പിന്നെ എന്റെ കയ്യ് മാങ്ങാ പറിക്കാൻ പോകുവല്ലോ.. ആഷിത അപ്പുവിന്റെ ഭാഗം ചേർന്നു മുബീനയെ കളിയാക്കി. അവൾ അവരെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് ചോറ് വാരി കഴിച്ചു തുടങ്ങി. " അയ്യേ ചമ്മി പോയി. ഭേ .. നബീസു ചെറു ചൂടുള്ള ചോറിൽ വിന്നാഗിരിയിട്ട് തിളപ്പിച്ച മാന്തല് കറിയൊഴിച്ചു കുഴച്ചു ഒരു പിടി അപ്പുവിന്റെ വായിലേക്ക് വെച്ചു. അപ്പു വായ് തുറന്ന് അത് കഴിച്ചു കൊണ്ട് മുബീനയെ പിന്നെയും കളിയാക്കി ചിരിക്കുകയാണ്. നേർത്ത് എരിവുള്ള കറിയുടെ പുളിപ്പ് അവൻ നാവ് തട്ടി നുണഞ്ഞിറക്കി. " ഇതെന്ത് മീനാ ആന്റി? " ഇതാണ് മന്താൽ ? " അപ്പോ അതോ ? "

അത് പള്ളത്തി. നബീസു കുരുമുളകും, ഗ്രാമ്പുവും , പേരും ജീരകവും ഇടി കല്ലിൽ കുത്തി ചതച്ച് തരിയുള്ള മസാലയും മഞ്ഞളും ചേർത്ത് വറുത്ത പള്ളത്തിയുടെ വാൽക്കഷ്ണം ഒടിച്ചെടുത്തു അവന്റെ വായിലേക്ക് വെച്ചു. എണ്ണയിൽ നന്നായി മോരിഞ്ഞു വിടർന്ന ചെറു മീൻ പപ്പടം പൊടിയുന്ന ശബ്ദത്തിൽ അവന്റെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്നു. " ആന്റി എരിയണ് , വെള്ളം താ. " ങാഹാ നിനക്ക് അങ്ങിനെ തന്നെ വേണോടാ. " ഒന്ന് മിണ്ടതിരിക്കേടി മുബീ. ആഷിത അവളുടെ വെള്ളം ഗ്ലാസ് എടുത്ത് അപ്പുവിന് നീട്ടി. അവനത് വാങ്ങി പരവശത്തോടെ കുടിച്ചു. ശേഷം അവൾ പറമ്പിലെ കൊഴുപ്പ ചീര, ചിരക്കിയ തേങ്ങയിട്ട് ഉലർത്തിയതും, മാന്തലിന്റെ മാംസവും ചേർത്ത് ചോറിൽ കുഴച്ചു ഉരുളയാക്കി വീണ്ടും അവന്റെ വായിലേക്ക് വെച്ചു.. ഏറെ പ്രിയപ്പെട്ട നബീസുവിന്റെ രുചികൂട്ടുകൾ അവൻ ആസ്വദിച്ചു കഴിക്കുകയാണ്. കഴിക്കുന്നതിനിടയ്ക്ക് മുബീന അവന്റെ വയറ്റിലും ചെവിയിലും നുള്ളിയും കുത്തിയും അവനെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. നുറുങ്ങ് കുസൃതികളും കളി ചിരികളുമായി നബീസുവും മക്കളും അവന്റെ മനസിന്റെ വിശപ്പിനു മീതെ സ്നേഹമൂട്ടുകയാണ്........... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story