എന്റെ ഉമ്മാന്റെ പേര്: ഭാഗം 41

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" എല്ലാവരും ഒന്നിരുന്നെ , രണ്ട് ദിവസം കൂടി കഴിഞ്ഞാൽ പരീക്ഷയാണ്. അതിന് വീട്ടിലിരുന്ന് നന്നായി പഠിക്കാനാണ് നാളെ മുതൽ നിങ്ങൾക്ക് അവധി തന്നിരിക്കുന്നത്. ഇനി ക്ലാസ്സിൽ പോണ്ടല്ലോന്ന് പറഞ്ഞു ഉത്സവം കാണാനും, കല്യാണം കൂടാനുമൊക്കെ നടന്ന് പരീക്ഷയ്ക്ക് തോറ്റാൽ അടുത്ത കൊല്ലോം പലരും ഈ ക്ലാസ്സില് തന്നെയിരിക്കേണ്ടി വരും. അത് വേണ്ടെങ്കിൽ മര്യാദയ്ക്ക് വീട്ടിൽ പോയിരുന്നു പഠിച്ചോണം. കേട്ടല്ലോ. " ങാ. സ്കൂൾ വിട്ട് കൊണ്ടുള്ള ബെല്ലടിച്ചിട്ടും പുറത്തേക്ക് പോകാതെ കുറുപ്പ് സാർ അവിടെ തന്നെ നിൽക്കുകയാണ്. ധൃതിയിൽ പുസ്തകങ്ങൾ ബാഗിലേക്ക് എടുത്ത് വെച്ചു കൊണ്ട് പുറത്തേക്ക് ഓടാൻ തിടുക്കം കൂട്ടിയ കുട്ടികളെല്ലാം അക്ഷമരായി വീണ്ടും വെഞ്ചിലിരുന്നു. " എന്തോന്ന് കാ. വെറുതേയിരുന്നു മൂളാതെ ഉറക്കെ പറയെടാ. " പഠിച്ചോളാ സാർ. " ങാ. പഠിച്ചാൽ നിനക്കൊക്കെ തന്നെ കൊള്ളാം. കുറച്ച് ദിവസായിട്ട് ലാലുവെന്താ ഉണ്ണി ക്ലാസ്സില് വരാത്തത് ? " അവന് പാടില്ല സാറേ. കുറുപ്പ് സാർ ഗൗരവത്തിൽ ഉണ്ണിയെ നോക്കി. അവൻ പെട്ടെന്ന് ബെഞ്ചിൽ നിന്ന് ചാടിയെഴുന്നേറ്റു..

" ഓ അല്ലെങ്കിലും പരീക്ഷയടുക്കുമ്പോ അവനീ പനി സ്ഥിരമുള്ളതാ. ങാ പരീക്ഷയെഴുതാൻ ഇങ്ങോട്ട് തന്നെയല്ലേ വരണത്. ഞാൻ പിടിച്ചോളാം. " ഞാൻ പറഞ്ഞത് സത്യാ സാറേ. അവന് മഞ്ഞപ്പിത്താ. തീരെ വയ്യാണ്ടായപ്പോ ഇവടത്തെ ആശൂത്രീന്ന് കോട്ടയത്തെ വല്ല്യേതോ ആശൂത്രീലേക്ക് കൊണ്ടോയെക്കുവാ. " ഓഹോ.. മഞ്ഞപ്പിത്തമാണോ. പറഞ്ഞതൊന്നും മറക്കണ്ട. എന്നാ എല്ലാവരും പൊയ്ക്കോ. കാരണമാറിയതെ ലാലുവിനെ പരിഹസിച്ചു ചിരിച്ച കുറുപ്പ് സാറിന്റെ മുഖം പെട്ടെന്ന് മങ്ങി. എന്തോ ആലോചിച്ച്കൊണ്ട് കുറുപ്പ് സാർ പതിയെ പുറത്ത് പോയി. ലാലുവിന്റെ അസൂഖമറിഞ്ഞ കുട്ടികളിൽ ചിലർ അമ്പരന്ന് അവനെ തന്നെ നോക്കിയിരിക്കുകയാണ്. അവരെ ശ്രദ്ധിക്കാതെ ഡെസ്ക്കിൽ നിന്ന് ബാഗെടുത്തു ഉണ്ണി പിന്നാലെയിറങ്ങി.. എന്നത്തേയും പോലെ രാവിലെ സ്കൂളിൽ പോകാൻ ലാലുവിന്റെ വീട്ടിലേക്കെത്തിയപ്പോഴാണ് അവന് പനി പിടിച്ച് കിടപ്പായ വിവരം ഉണ്ണിയറിയുന്നത്. രണ്ട് ദിവസം കഴിഞ്ഞാൽ മാറുന്ന വെറുമൊരു സാധാരണ പനി എന്നതിൽ കവിഞ്ഞ് അവൻ മറ്റൊന്നും കരുതിയിരുന്നില്ല.

പിന്നെയും മൂന്ന് നാൾ കഴിഞ്ഞു അവനെ തിരക്കി ചെന്നപ്പോഴാണ് മഞ്ഞപ്പിത്തം മൂർച്ഛിച്ച് കരളിലേക്ക് പടർന്ന് തുടങ്ങി , കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയ വിവരം ലാലുവിന്റെ വല്ല്യമ്മ പറഞ്ഞറിയുന്നത്. ശേഷമിന്നോളം അവനെ പറ്റിയുള്ള യാതൊരു വിവരവും ഉണ്ണി അറിഞ്ഞിട്ടില്ല.. സ്കൂളിലെ സൈക്കിൾ ഷെഡ്ഡിൽ നിന്ന് കുട്ടികൾ സൈക്കിളെടുത്ത് പോകുന്നത് കണ്ട് അവൻ ഒന്ന് നിന്നു. എന്നും സ്കൂളിലേക്കുള്ള വരവും തിരിച്ചു പോക്കും ലാലുവിനൊപ്പമാണ്. കഴിഞ്ഞ ഒരാഴച്ചായായി ഉണ്ണിയുടെ യാത്രകൾ തനിച്ചാണ്. തനിയെ നടന്ന് നീങ്ങുന്നത് കാണുമ്പോൾ കൂട്ടുകാരിൽ പലരും അവനെ ഒപ്പം വിളിക്കാറുണ്ട്. സൈക്കിളിന്റെ മുന്നിലും പിന്നിലും അവർ സൗജന്യ സവാരി അവന് വാഗ്ദാനം ചെയ്തിട്ടും അവർക്കൊപ്പം ഒരു കാതം പോലും സഞ്ചരിക്കാൻ അവന്റെ മനസ്സ് സമ്മതിച്ചിരുന്നില്ല. ഉണ്ണിയുടെ മനസിൽ ലാലുവിൽ നിന്ന് എന്നും കിട്ടാറുള്ള കടല മുട്ടായിക്കും, വെട്ടു കേക്കിനും സർബത്തിനെക്കാളും മധുരം അവന്റെ സൗഹൃദത്തിനായിരുന്നുവെന്ന് ഉണ്ണിക്ക് വളരെ ബോധ്യമുണ്ടായിരുന്നു.

ലാലുവിനെ കുറിച്ചോർത്തപ്പോൾ അവന്റെ ഉള്ളൊന്നു നൊന്തു. പെട്ടെന്നൊരാളുടെ ശൂന്യത നൽകുന്നത് വല്ലാത്ത വേദനയായിരിക്കും. പുറമേയ്ക്ക് ചെറു ചിരി സമ്മാനിച്ചാലും ഉൾ തലങ്ങളിൽ ഒറ്റപ്പെടലിന്റെ കനലെരിഞ്ഞു നീറുന്നുണ്ടാവും.. എത്രയൊത്ര ദിനരാത്രങ്ങൾ പരിതപിച്ചു കരഞ്ഞാലും ആ മുറിവുണങ്ങുക വലിയ പ്രയാസമാണ്.. " ഡാ ഉണ്ണി ? " ങാ. വിളി കേട്ട് ഉണ്ണി തിരിഞ്ഞു നിന്നു. മുബീനയും ഒരു കൂട്ടുകാരിയും അവനടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു. അവളെ കണ്ടതും അവന്റെ മുഖം മാറി. " അവനെന്താ പറ്റിയെ ? " ആർക്ക് ? " ലാലൂന് " അറിഞ്ഞിട്ടിപ്പോ എന്തിനാ ? " ഒന്നറിയാനാടാ. " ഓ അവൻ കാപ്പിരി കൊരങ്ങനും, പലക പല്ലനുമൊക്കെയല്ലേ, അപ്പോ അവന്റെ കാര്യങ്ങളൊന്നും നീയറിയണ്ട. ലാലു ഗൗരവത്തിൽ തിരിഞ്ഞു നടന്നു.. " അതെന്താ ഞാനറിഞ്ഞാ. ഒന്ന് പറഞ്ഞിട്ട് പോടാ. " എനിക്ക് സൗകര്യമില്ല. നീ നിന്റെ കാര്യത്തിന് പോടി. "

ങാ നീ പറയണ്ടേട, അവനെന്തായ എനിക്ക് ഒരു കുന്തോമില്ല. " നീ പോടി വെള്ള പാറ്റ തെണ്ടി. വിശേഷം തിരക്കാൻ വന്നേക്കുന്നു. എന്താടി നോക്കണത്. ദേ മര്യാദയ്ക്ക് പോയില്ലേൽ നിന്റെ തല ഞാൻ എറിഞ്ഞു പൊട്ടിക്കും. " നീ വന്നേടി മുബീ. നമുക്ക് പോവാം. ഉണ്ണിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. മുബീന കിറി കോട്ടി കൊണ്ട് കണ്ണുരുട്ടി നോക്കുന്നത് കണ്ട് അവൻ താഴെ കിടന്ന ചെങ്കല്ലിന്റെ കഷ്‌ണമെടുത്ത് അവൾക്ക് നേരെ ഓങ്ങി. കൂട്ടുകാരി പേടിയോടെ മുബീനയുടെ കൈയിൽ പിടിച്ചു വലിച്ചു. അവൾ അവനെ തിരിഞ്ഞു നോക്കി കൊണ്ട് കൂട്ടുകാരിക്കൊപ്പം നടന്നു.. സ്നേഹം കൊണ്ട് ബീനയെ തിരുത്തി നേരെയാക്കാൻ കഴിയുമെന്നൊരു വിശ്വാസം രാജീവിനുണ്ടായിരുന്നു. പക്ഷെ ചേർത്ത് പിടിക്കുന്തോറും ആഴമറിയാത്ത വിധം അവർ അധഃപതിച്ചു പോകുകയായിരുന്നു. ഭർത്താവ് എന്നതിനേക്കാളുപരി ബീനയ്ക്ക് വേണ്ടിയിരുന്നത് ഒരു വിധേയനെയായിരുന്നു. പലതും സ്വയം തിരിച്ചറിഞ്ഞു തോറ്റ് പോയ രാജീവ് മാനസീകപരമായി പതിയെ അവരിൽ നിന്നും അകന്ന് തുടങ്ങി. അത്രമേൽ സ്നേഹിച്ചു പോയവരെയാകും,

പലരും അതിലേറെ വെറുക്കപ്പെട്ട് പോകുന്നത്.. ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമല്ലാതെ അവർക്കിടയിൽ ദീർഘങ്ങളായ മൗനങ്ങൾ ഇടവേളകൾ തീർത്തു. ഒരു മുറിയിൽ ഒന്നിച്ചുള്ള ഉറക്കം പോലും ഉപേക്ഷിച്ചു അയാൾ അപ്പുവിന്റെ മുറിയിലേക്ക് ചേക്കേറി. ഈ ഭൂമിയിൽ അവഗണനയോളം വലിയ പ്രതികാരം മറ്റൊന്നില്ല. ആത്മാവ് ഉമിതീയിൽ ഉരുകി വേവുന്നത് പോലെ ഒരു ബന്ധം നിമി നേരം കൊണ്ട് വേർപെട്ട് പോകും. " എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ? " മുഖവുരയുടെ ആവിശ്യമില്ല. എന്തേലും പറയാനുണ്ടെങ്കിൽ ആവാം. " ഞാനിത്രയൊക്കെ പറഞ്ഞിട്ടും രാജീവിനെന്താ മനസ്സിലാവാത്തത് ? ഏറെ നാളായി മൗനങ്ങൾ തീർത്ത മറയും, അവഗണനയുടെ നോവും ബീനയെ വല്ലാതെ തളർത്തിയിരുന്നു. നിസ്സഹായതയിൽ അവരുടെ ശബ്ദം നേർത്ത് പോവുകയാണ്. രാജീവ് ഓഫീസിലേക്ക് പോകാൻ റെഡിയായി ഹാളിലേക്കിറങ്ങി. " ഈയൊരു മാറ്റെറിൽ പലവട്ടം ഞാനെന്റെ സ്റ്റാൻഡ് പറഞ്ഞതാണ്. സോ ഐ ഡോണ്ട് ഹാവ് ടൈം ടു വേസ്റ്റ്. " അപ്പൊ നിങ്ങളുടെ ഈഗോയ്ക്കും വാശിക്കും വേണ്ടി ഞാനെന്റെ കരിയർ നശിപ്പിക്കണോ?

ഈ പ്രായത്തിൽ ഇത്രെയും വലിയൊരു പോസ്റ്റിലേക്ക് അവരെന്നെ പ്രമോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അതെന്റെ ഹാർഡ് വർക്കും, ജോലിയോടുള്ള ഡെഡിക്കേഷനും കമ്മിറ്മെന്റസും കണ്ടിട്ട് തന്നെയാ. അതൊക്കെ നിങ്ങടെ സില്ലി ഇമോഷണൽ ഡ്രാമയ്ക്ക് വേണ്ടി വേണ്ടെന്ന് വെക്കാൻ എനിക്ക് പറ്റില്ല. " സില്ലി ഇമോഷണൽ ഡ്രാമയല്ലേ. നിന്റെ പ്രയോഗം കൊള്ളാം. ആ ഇത്തിരിക്കില്ലാത്ത കൊച്ച് നിന്നെ സ്നേഹിച്ചു തുടങ്ങിയതാണോടി നീ കണ്ട സില്ലി ഇമോഷണൽ ഡ്രാമ ? അതോ ഇത്രേനാളും നിന്റെ സകല പേകൂത്തിനൊപ്പം ഒന്നും മിണ്ടാതെ താളം ഞാൻ തുള്ളിയതോ? നീ പറഞ്ഞല്ലോ, നിന്റെ ഹാർഡ് വർക്കും, ഡെഡിക്കേഷനും, കമ്മിറ്മെന്റസും കൊണ്ടാണ് അവര് നിനക്ക് ഇത്രേ വല്ല്യ ഉദ്യോഗകയറ്റം തള്ളി തന്നെതെന്ന്. സ്വന്തം ഭർത്താവിനെ മതിക്കാത്ത, സ്വന്തം കുഞ്ഞിനെയും കുടുംബത്തെയും സ്നേഹിക്കാത്ത ഒരുത്തി ഈ ലോകത്ത് എന്തൊക്കെ വെട്ടി പിടിച്ചാലും ദേ അതിനൊക്കെ ഈ മൈ.. ന്റെ വില പോലും ഒരാളും തരില്ലെടി..

വ്യക്തിത്വം എന്നൊന്നുണ്ട്. കുറെ പുട്ടീം, വാർണീഷും വാരി തേച്ച്, ഉടുത്തൊരുങ്ങി കടിച്ചാൽ പൊട്ടാത്ത കുറെ ഇംഗ്ലീഷും പറഞ്ഞു ചവിട്ടികുത്തി നടന്നാലൊന്നും പേഴ്സണാലിറ്റി ആവില്ല. അതുണ്ടാവണമെങ്കിൽ നല്ലൊരു പൈതൃകം വേണം. തെറ്റും ശെരിയും പറഞ്ഞു തിരുത്തി തന്ന് വളർത്താൻ ഒരാളെങ്കിലും ഉണ്ടാവണം. അതില്ലാതായി പോയതിന്റെയാ നിന്നെ പോലത്തെ മറുതകളൊക്കെ ഇങ്ങനെ മഥിച്ചഹങ്കരിച്ചു അർരോഗന്റായി നടക്കണത്. " ഓ സമ്മതിച്ചു. എനിക്ക് പഴ്സണാലിറ്റി ഇല്ല, നല്ലൊരു പൈതൃകവുമില്ല. എല്ലാം കൊണ്ടും ഞാൻ ഒരഹങ്കാരിയുമാണ്. അത് കൊണ്ട് ആർക്ക് വേണ്ടിയും ഞാനെന്റെ പ്രൊഫഷ്ണൽ ലൈഫ് സാക്രിഫൈസ് ചെയ്യാൻ തീരുമാനിച്ചിട്ടില്ല. എനിക്ക് വലുത് എന്റെ കരിയറാ. " ങാ. എന്നാ ഡെല്ലിക്കോ, ഡെറാഡൂണിനോ എങ്ങോട്ടാണെന്നു വെച്ചാ പോയിക്കോടി, പിന്നെ ആരെ കാണാനാ ഇവിടിങ്ങനെ അട്ടിപ്പേറ് കിടക്കണേ.

പക്ഷെ ഒന്നോർത്തോ നീ എങ്ങോട്ട് പോയാലും എന്റെ മോനെ ഞാൻ നിനക്ക് തന്നുവിടുമെന്ന് നീ കരുതേണ്ട. " അല്ലേലും ഞാൻ ആരെയും എങ്ങോട്ടും കൊണ്ട് പോകാൻ ഉദ്ദേശിച്ചിട്ടില്ല.. എനിക്ക് ആദ്യം വേണ്ടത് കുറച്ചു മനസമാധാനമാണ്. എവിടെയായാലും നിങ്ങടെ കൂടെ എനിക്കത് കിട്ടാൻ പോണില്ല. അതുകൊണ്ട് ഇനിയുള്ള എന്റെ ലൈഫ് ഞാൻ ഒറ്റയ്ക്കങ്ങ് ജീവിക്കാൻ തീരുമാനിച്ചു. " ഹോ. വല്ല്യ ഉപകാരം. നീ നേരത്തെ പറഞ്ഞ ആ മനസമാധാനം എന്ന വാക്കിന് എന്റെ ലൈഫിൽ ഇപ്പോഴാ ഒരു അർത്ഥമുണ്ടായത്.. " ങാ എന്നാ അച്ഛനും മോനും ആ മേത്തച്ചീoകൂടി എങ്ങനാന്ന് വെച്ചാ ജീവിച്ചോ. " ഞങ്ങള് നന്നായി തന്നെ ജീവിക്കോടി. അല്ലാതെ നീ പോയതിനെ കുറിച്ചോർത്ത് സെന്റി അടിച്ചിരിക്കുമെന്നാണോ നീ വിചാരിക്കണെ.. വല്ല പോടി ശവമേ. ദേ നീയെന്ന കുരിശ് സ്വയം ഒഴിഞ്ഞു പോകാൻ തീരുമാനിച്ചപ്പോഴേ എന്റേം എന്റെ മോന്റേം സമയം തെളിഞ്ഞു. പിന്നെ, എന്റെ പെങ്ങള് നിന്നെ പോലെയല്ല. അവര് നല്ലൊരോമ്മയാണ്. സ്വന്തം മക്കളേക്കാൾ നന്നായി ട്ടാ അവരെന്റെ അപ്പൂനെ നോക്കണേ.

അവരെ കുറിച്ചു പറയാൻ നിനക്കെന്തു യോഗ്യതയാടി ഉള്ളത്. " ഓ നിങ്ങളൊക്കെ എല്ലാ യോഗ്യതയും തികഞ്ഞ ആൾക്കാരണല്ലോ. ഇനി ആങ്ങളയുടെ ക്രെഡിറ്റിൽ പെങ്ങൾക്കൊരു കൊച്ചുകൂടിയുണ്ടായൽ അതും വലിയ അന്തസ്സായിരിക്കും. " ഛീ നിർത്തേടി പന്ന കഴി#@##@ മോളെ. " ഹാ.. അമ്മേ ബീനയുടെ വാക്കുകൾ അതിര് കടന്നപ്പോൾ രാജീവിന്റെ നിയന്ത്രണം വിട്ടു. അയാൾ ദേഷ്യത്തിൽ കൈ വീശി അവരുടെ മുഖത്ത് ആഞ്ഞടിച്ചു. ബീന ഒന്ന് തെന്നി പിന്നോട്ട് മാറി. " ദേ ഇനിയെന്റെ ദേഹത്ത് തൊട്ടലുണ്ടല്ലോ.. " ആഹാ. നീയത്രയ്ക്കായോടി " അയ്യോ അമ്മേ.. ബീന ദേഷ്യത്തിൽ അലറി കൊണ്ട് അയാൾക്ക് നേരെ കൈ ഓങ്ങിയതും രാജീവ് കൈ തളർത്തി അവരുടെ ചെവി പൊത്തി ആഞ്ഞടിച്ചു. തലചുറ്റുന്നത് പോലെ ബീന ഒന്നാടിയുലഞ്ഞു കൊണ്ട് കൈ രണ്ടും തലയിൽ ചേർത്ത് പിടിച്ചു പിന്നോട്ട് തെന്നി. പെട്ടെന്നയാൾ അവരുടെ മുടി കെട്ടിൽ കുത്തി പിടിച്ചു തന്നിലേക്ക് വലിച്ചടിപ്പിച്ചു. " വിടെടാ ദുഷ്ട്ടാ. " വേണ്ടാ വേണ്ടാന്ന് വെച്ചപ്പോ , നീയെന്നെ നിന്റെ പാവാട തുമ്പിൽ കെട്ടി വലിക്കാന്ന് കരുതിയല്ലെടി.

എന്തായാലും നീയെല്ലാം അവസാനിപ്പിച്ചു പോകുവല്ലേ. അപ്പോ ഇതുവരെയുള്ളതിന്റെ പലിശയും കൂട്ട് പലിശയും ചേർത്ത് വാങ്ങീട്ട് പോയാ മതി. ബീന വേദനയോടെ പുളഞ്ഞു കൊണ്ട് ഒരു കൈ മുടിയിൽ പിടിച്ച ശേഷം മറു കൈ കൊണ്ട് അയാളെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. രാജീവ് വീണ്ടുമവരുടെ മുടിയിൽ കൈ ശക്തിയായി ചുറ്റി പിടിച്ചു മുറുക്കി കൊണ്ട് രണ്ട് വട്ടം അവരുടെ മുഖത്ത് ആഞ്ഞടിച്ചു. മുടിയിഴകൾ അയാളുടെ വിരലുകൾക്കുള്ളിൽ കിടന്ന് വലിഞ്ഞു പോകുന്നുണ്ടായിരുന്നു. ബീന മുടിയിലെ പിടുത്തം വിട്ട് രാജീവിന്റെ കൈ തണ്ടയിൽ അള്ളി പിടിച്ചു. നഖം ആഴന്നിറങ്ങി മുറിഞ്ഞതും അയാൾ അവരുടെ കഴുത്തിൽ രണ്ട് വിരലുകൾ കൊണ്ട് അമർത്തി പിന്നിലേക്ക് തള്ളി. അവർ പിന്നോട്ട് തെന്നി സോഫയിലേക്ക് മലർന്ന് വീണു. രാജീവ് മുന്നോട്ട് ചെന്ന് ദേഷ്യം അടങ്ങുന്നത് വരെ അവരുടെ മുഖത്ത് കൈ വീശിയടിച്ചു. കുതറി മാറാൻ കഴിയാത്ത വിധം ബീന അയാളുടെ കൈ കരുത്തിന് മുന്നിൽ പതറി പോയി. വേദനയോടെ അലറി കരഞ്ഞു കൊണ്ട് അവർ സോഫയിലേക്ക് തളർന്ന് വീണു.

" നോക്കിക്കോ നീയതിനൊക്കെ അനുഭവിക്കോടാ ദുഷ്ട്ടാ. " ഇതുവരെ അനുഭവിച്ചതിനോളം വലുതല്ലല്ലോ ഇനി വരാനുള്ളത്. ദേ ഞാൻ തിരിച്ചു വരുമ്പോ നിന്നെയിവിടെ കണ്ടാ. ഇപ്പൊ കിട്ടിയതൊന്നുമായിരിക്കില്ല .. " അതിനാരിവിടെ കിടക്കുന്നു. ഞാൻ എന്റെ വഴിക്ക് പോകുവാ.. ദേ ഈ താലിയുടെ ബലത്തിലല്ലേ നീയെന്നെ തല്ലിയത്. ഇനി നിന്റെ അടിമയായി ജീവിക്കാൻ എനിക്ക് മനസില്ലേടാ. ദാ കിടക്കുന്നു നീ കെട്ടിയ താലി. തൂഫ്.. ബീന ദേഷ്യത്തിൽ അലറി കൊണ്ട് കഴുത്തിൽ കിടന്ന താലി മാല പൊട്ടിച്ചു രാജീവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് നീട്ടി തുപ്പി. മാല അയാളുടെ നെഞ്ചിലിടിച്ചു കാല്പാദത്തിലേക്ക് വന്നു വീണു.. ദേഷ്യം അയാളുടെ സിരകളിലേക്ക് ഇരച്ചു കയറി ഇരു കൈകളും അറിയാതെ ചുരുണ്ട് വിറച്ചെങ്കിലും രാജീവ് ഒന്നും മിണ്ടിയില്ല. ആത്മാവിലേക്ക് ഒരു ഒളിയമ്പ് തറഞ്ഞു കയറിയത് പോലെ അയാൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.. " എടി നീയൊന്നോർത്ത് വെച്ചോ. ദൈവം എന്നൊരാള് മോളിലുണ്ട്. എത്രയൊക്കെ ഉയരത്തിൽ പറന്നാലും സമ്മാനം വാങ്ങാൻ എന്നേലും ഒരുനാൾ താഴേയ്ക്കിറങ്ങി വരേണ്ടി വരും.

നീയിപ്പോ പൊട്ടിച്ചെറിഞ്ഞ ഇതിന്റെ വിലയെന്തന്ന് അന്ന് നിനക്ക് മനസിലാവും. ദേഷ്യവും സങ്കടവും രാജീവിന്റെ വാക്കുകളെ മുറിച്ചു കളയുന്നുണ്ടായിരുന്നു. അയാൾ പതിയെ കുനിഞ്ഞു കാൽക്കൽ കിടന്ന മാലയെടുത്ത ശേഷം വാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് പോയി. ബീന പുച്ഛത്തോടെ രാജീവിനെ നോക്കി കിറി കോട്ടിയ ശേഷം മുറിയിലേക്കും. " മാധവേട്ടനെപ്പോ വന്നു ? " ഞാ.. ഞാൻ വന്നിട്ട് കുറച്ചു നേരമായി. എന്നാലും ഇത്രയൊക്കെ വേണായിരുന്നോ സാറേ. ? സങ്കടത്തിൽ പുറത്തേക്കിറങ്ങി നടന്ന രാജീവ് വാതിൽക്കലെ ഭിത്തിയിൽ ചാരി നിൽക്കുന്ന മാധവനെ കണ്ട് പെട്ടെന്ന് തരിച്ചു നിന്നു. മാധവന്റെ ശബ്ദത്തിൽ വല്ലാത്ത നിരാശയുണ്ടായിരുന്നു. " ഞാനും ഇതൊന്നും ആഗ്രഹിച്ചതല്ല മാധവേട്ടാ. എത്രയൊക്കെ മനസ്സ് മടുത്ത് പോയിട്ടും സ്നേഹം കൊണ്ട് അവളെ മാറ്റിയെടുക്കാന്ന് ഞാൻ കരുതി. പക്ഷെ തോറ്റ് പോയി. അവൾക്ക് ഞങ്ങളെക്കാളും വലുത് അവൾടെ ജോലിയാണ് മാധവേട്ടാ. ആ അവളോട് എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. " എനിക്ക് മനസിലാവും സാറേ. എന്നാലും ഒരു പെണ്ണ് കെട്ട് താലി പൊട്ടിച്ചെറിയാന്ന് പറഞ്ഞാ.

ഞാനൊരു സാധാരണക്കാരനായത് കൊണ്ടാവും എനിക്ക് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റാത്തത്. കുടുംബ ജീവിതം ന്ന് പറയുന്നത് പെട്ടെന്നൊരു വാക്ക് കൊണ്ട് അറുത്ത് മുറിച്ചു കളയാൻ പറ്റുന്നതല്ലാട്ടോ സാറേ. അതോർമ്മവേണം. " അറിയാം മാധവേട്ടാ. ഇത്രയൊക്കെ സഹിച്ച് താണ് കൊടുത്തിട്ടും അവൾക്ക് ഒന്നും മനസിലാവുന്നില്ലെങ്കിൽ പിന്നെ ഞാനെന്താ ചെയ്യേണ്ടത്. മാധവേട്ടൻ പറ. ജീവിതത്തിൽ പണം മാത്രമാണോ വലുത്? " പണം കൊണ്ട് പലതും കിട്ടും സാറേ, ഒരാളുടെ മനസ്സും സ്നേഹവും ഒഴിച്ച്.. പണ്ടെന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. കയ്യിലുള്ളത് അളന്ന് നോക്കാം. പക്ഷെ ഒരിക്കലും ഒരു പെണ്ണിന്റെ ഉള്ളളന്ന് നോക്കാൻ പറ്റില്ലന്നു.. പറയാൻ ഞാൻ ആരുമല്ല, എന്നാലും ഇതൊക്കെ കാണുമ്പോ പറഞ്ഞു പോകുന്നതാ. സത്യം പറഞ്ഞാൽ എത്രയൊക്കെ ആലോചിച്ചിട്ടും എനിക്ക് നിങ്ങടെ ജീവിതം മനസിലാവുന്നില്ല സാറേ.. എന്തിന് വേണ്ടിയാന്നോ, ആർക്ക് വേണ്ടിയാന്നോ ഒരു പിടിയും കിട്ടുന്നില്ല. ? ഇത്തിരിക്കില്ലാത്ത ആ കൊച്ചിന് വേണ്ടിയാണ് ഈ സ്വരുകൂട്ടി വെക്കണതെങ്കി, ഈ പ്രായത്തിൽ അവന് വേണ്ടത് അതൊന്നുമല്ല സാറേ. " മാധവേട്ടാ ഞാൻ. " കുറ്റപ്പെടുത്തിയതല്ല സാറേ. നിങ്ങളോടൊരു ഇഷ്ടമുണ്ട്. അതുകൊണ്ട് അൽപ്പം സ്വാതന്ത്ര്യമെടുത്തുന്നൂന്ന് മാത്രം.

ഒന്നിച്ചു ജീവിക്കണോ, പിരിയണോ എന്നത് നിങ്ങടെ തീരുമാനമാണ്. പക്ഷെ അതിന്റെ പേരിൽ അവനെ കരയിക്കരുത്. അവന്റെ മുഖത്തെ പുഞ്ചിരി കാണുമ്പോ മനസ്സ് നിറയുന്ന കുറച്ചു പേരെങ്കിലും ഇവിടെയുണ്ട്. പരസ്പ്പരം വാശിയും വൈരാഗ്യവും കാണിച്ചു ആ കുഞ്ഞിന്റെ ഭാവി തുലച്ചു കളയരുത്. പോട്ടെ സാറേ. മാധവൻ രാജീവിന് നേരെ കൈ കൂപ്പി കൊണ്ട് പതിയെ ലിഫ്റ്റിനടുത്തേക്ക് നടന്നു.. സ്നേഹത്തെ സ്നേഹം കൊണ്ട് തുലനം ചെയ്യാൻ ശ്രമിച്ചു തോറ്റു പോയ രാജീവിന് അയാളോട് പറയാൻ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.. " മാധവേട്ടനെന്തിനാ വന്നേ ? " ഒരത്യാവിശ്യ കാര്യം ചോദിക്കാൻ വന്നതാ. ഇനിയിപ്പോ പിന്നെയാവട്ടെ. " പിന്നത്തേക്കാക്കുന്നതെന്തിനാ എന്താണേലും ചോദിക്ക് മാധവേട്ടാ. രാജീവ് മാധവനടുത്തേക്ക് നടന്നു. ലിഫിറ്റിലേക്ക് കയറാൻ തുടങ്ങിയ അയാൾ തിരിഞ്ഞു നിന്നു.. " മോൾക്ക് വന്ന ആ കാര്യം ഉറപ്പിച്ചത് ഞാൻ പറഞ്ഞില്ലായിരുന്നോ. കല്യാണം എത്രെയും വേഗം നടത്തണോന്നാ അവര് പറയണേ. ഞാൻ അന്ന് പറഞ്ഞ ആ ബാങ്ക് ലോണിന്റെ കാര്യം ?

സഹകരണ ബാങ്കില് വെക്കാന്ന് വിചാരിച്ചിരുന്നപ്പോഴാ മുൻപ് ഒരു ലോണെടുത്തതിന്റ ജാമ്യക്കാര് ഇതുവരെ ഒന്നും തിരിച്ചടച്ചിട്ടില്ല. ആധാരം വെച്ചാ അവരുടെ കുടിശ്ശിക കൂടി പിടിച്ചിട്ട് കിട്ടുമ്പോഴേക്കും ഒന്നിനും തികയില്ല. സാറിന്റെ ബാങ്കില് ആധാരം വെച്ചു ഒരു ലോണ് ശരിയാക്കി തരാൻ പറ്റോ ? " കുറച്ചു പ്രയാസമാണ്.. പ്രതീക്ഷിക്കാത്ത രാജീവിന്റെ മറുപടി കേട്ട് മാധവന്റെ മുഖം മങ്ങി. ഒരായിരം വട്ടം മനസ്സിനോട് ചോദിക്കണോ വേണ്ടയോ എന്നവർത്തിച്ചു ചോദിച്ചതിന് ശേഷമാണ് അയാൾ രാജീവിനെ കാണാൻ വന്നത്. കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടല്ല. ശ്രമിക്കാം എന്നൊരു വാക്കിന്റെ ആശ്വാസമെങ്കിലും അയാൾ പ്രതീക്ഷിച്ചിരുന്നു. രാജീവ് പെട്ടെന്ന് ലിഫിറ്റിലേക്ക് കയറി. ഒന്നും മിണ്ടാതെ പിന്നാലെ മാധവനും.. " അവര് സ്ത്രീധനം എന്താ ചോദിക്കണേ ? " ങേ. ? " അല്ല പയ്യന്റെ വീട്ടുകാർക്ക് വല്ല ഡിമാൻഡും ഉണ്ടോന്ന്. ? "

പതിനഞ്ചു പവനും, ഒന്നര ലക്ഷം രൂപയും വേണോന്നാ ചെക്കന്റെ അമ്മാവനും കൂട്ടരും പറയാണെ. " പതിനഞ്ച് പവനോ ? ഇപ്പോഴത്തെ സ്വർണത്തിന്റെ വില വെച്ചു നോക്കുമ്പോ അതിന് തന്നെ രണ്ട് ലക്ഷം രൂപയോളം വേണ്ടെ ? എന്നിട്ട് നിങ്ങള് വാക്ക് കൊടുത്തോ? " കൊടുക്കാതെ പറ്റില്ലല്ലോ. ഒരു സർക്കാര് ജോലിക്കാരൻ അല്ലെ സാറേ. അത് വെച്ചു നോക്കുമ്പോ ഈ ചോദിക്കണത് തന്നെ കുറവാ.. " അത് ശരിയാ.. ചുരുക്കി പറഞ്ഞാ അവർക്ക് കൊടുക്കാനും ബാക്കിയുള്ള ചിലവുകൾക്കും കൂടി ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണ്ടി വരും.. എന്തേലും വഴി കണ്ടിട്ടുണ്ടോ ? രാജീവ് ലിഫ്റ്റിറങ്ങി പുറത്തേക്ക് നടന്നു. നിരാശനായി അയാൾക്ക് പിന്നാലെ മാധവനും ഇറങ്ങി. " ആകെയുള്ള വഴി ഇപ്പോ താമസിക്കുന്ന അഞ്ച് സെന്റും വീടും സ്‌ഥലവുമാ. അത് വെച്ചാ അവർക്ക് കൊടുക്കാനുള്ളത് കിട്ടോല്ലോ. " ങാ. അത് ചിലപ്പോ കിട്ടും. നമുക്ക് വേറെ ഏതേലും ബാങ്കില് അന്വേഷിച്ചു നോക്കാം. " ങാ.. നോക്കാം. നോക്കതെ പറ്റില്ലാലോ.. ഞാനെന്നാ പോട്ടെ.. "

നിങ്ങളൊന്നും നിന്നെ.. ആകെയുള്ള വീടും സ്ഥലവും പണയം വെച്ചു മൂത്തതിനെ കെട്ടിച്ചാ, താഴെയോരാള് കൂടെയല്ലേ. അവളുടെ കാര്യം വരുമ്പോ എന്ത് ചെയ്യും. " അവതുള്ള കാലം കൊണ്ട് അടച്ചു തീർക്കാൻ പറ്റോന്ന് നോക്കും , പിന്നെ മനുഷ്യനല്ലേ സാറേ. എപ്പോഴാ വീണ് പോണെന്ന് പറയാൻ പറ്റില്ലാലോ. " ങാ. ദാ. ഇതില് രണ്ട് ലക്ഷം രൂപ എഴുതിയിട്ടുണ്ട്. എപ്പോഴാണെന്ന് വെച്ചാ ബാങ്കിൽ പോയെടുത്തോ.. രാജീവ് കാറിനകത്തെ ചെറിയ ബോക്സിനുള്ളിൽ നിന്ന് ഒരു നീളൻ തുകൽ ബാഗ് തുറന്ന് ചെക്ക് ലീഫെടുത്ത് രണ്ട് ലക്ഷം രൂപയ്യെഴുതി ഒപ്പിട്ട് മാധവന് നീട്ടി. അയാൾ അത് കണ്ട് രാജീവിനെ അമ്പരന്ന് നോക്കുകയാണ്. " അയ്യോ സാറേ ഇത്.. " പണം കൊണ്ട് മനസ്സും സ്നേഹോം ന്നും വാങ്ങാൻ പറ്റില്ലെന്ന് നിങ്ങള് നേരത്തെ പറഞ്ഞില്ലേ മാധവേട്ടാ.. പക്ഷെ ആ പണം കൊണ്ട് ചിലപ്പോ നമ്മള് സ്നേഹിക്കുന്നവരുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ പറ്റും. നിങ്ങളിത് പിടിക്ക്. കാര്യങ്ങള് നടക്കട്ടെ. ബാക്കിയൊക്കെ നമുക്ക് വഴിയേ ശരിയാക്കാം. " വെച്ചു നീട്ടുന്നത് സ്നേഹമാണെൽ പോലും അതും കടമല്ലേ സാറേ.

വെറുമൊരു സെക്യൂരിറ്റിയോട് ഇത്രയൊക്കെ അനുകമ്പ വേണോ.? " മാധവേട്ടാ. ഞാൻ മതിക്കുന്നത് നിങ്ങടെ ജോലിയല്ലേ. നിങ്ങളെന്നെ മനുഷ്യനെയാണ്. നിങ്ങടെ മനസിനെയാണ്. വിശന്ന് വലഞ്ഞു വന്നപ്പോ എന്റെ മോനോട് നിങ്ങള് കാണിച്ച സ്നേഹത്തോളം വലുതല്ല മാധവേട്ടാ എനിക്കീ കാശ്. " ഭാഗ്യമുള്ളവളാ എന്റെ കൊച്ച്. ഒരുപാട് നന്ദിയുണ്ട് സാറേ. മറക്കില്ല ഈ ജന്മം.. " പോയി ബാക്കിയുള്ള കാര്യങ്ങളൊക്കെ ശരിയാക്കാൻ നോക്ക് കിളവാ. എന്തുണ്ടെലും ഒരു വിളിക്കിപ്പുറം ഞാനുണ്ട്. ധൈര്യായിട്ട് പോ. അയ്യേ.. ഇങ്ങനെ കരയല്ലെടോ കിളവാ. ഛെ. മോശം മോശം.. മാധവൻ രാജീവിന് നോക്കി തൊഴു കൈയോടെ പൊട്ടി കരഞ്ഞു. അയാൾ മാധവനെ നെഞ്ചോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുകയാണ്. " ഓ ചരട് വലിക്കാരൊക്കെ ഇവിടെയുണ്ടായിരുന്നോ ? പെട്ടെന്ന് ബീന ബാഗുകളുമായി താഴെയിക്കിറങ്ങി വന്നു. ശബ്ദം കേട്ട് രാജീവും മാധവനും തിരിഞ്ഞു നോക്കി. " മാഡം ഒന്നൂടെ ആലോചിച്ചിട്ട് പോരെ ? " സെക്യൂരിറ്റി പണിക്ക് വന്നാ അത് നോക്കിയാ മതി. അല്ലാതെ ഞങ്ങടെ കുടുംബകാര്യത്തിൽ അഭിപ്രായം വരാൻ നിൽക്കണ്ട. ഓതിയോതി ഇതുവരെയെത്തിച്ചിട്ട് പിന്നേം ഉപദേശിക്കാൻ വന്നേക്കുന്നു. ബ്ലഡി..

" ഡി ഡി.. അതികം കിടന്ന് നാവാടാതെ ഇറങ്ങി പോകാൻ നോക്കടി. " അല്ലേലും പോകുവാ. ഇനിയീ ജന്മത്ത് തമ്മിൽ കാണുമെന്ന് താൻ കരുതേണ്ട. " ഓ വല്ല്യ ഉപകാരം. അതേ ഈ ഫ്ലാറ്റ് ഞാൻ വാങ്ങിയതാ പോകുമ്പോ അതിന്റെ താക്കോല് ഇവിടെ വെച്ചിട്ട് പോണം.. " ദാ കിടക്കുന്നു തന്റെ താക്കോല്.. പെട്ടെന്നൊരു ടാക്സി കാർ വന്നു നിന്നതും ബീന താക്കോല് അയാൾക്ക് നേരെ വലിച്ചെറിഞ്ഞു കൊണ്ട് കാറിലേക്ക് കയറി.. " അതേ എയർ പോർട്ടിലേക്കണേൽ കുരിശുപള്ളി ജംഗ്ഷനിന്ന് റൈറ്റ് എടുത്ത് പോയാ മതീട്ടോ. " നല്ല റോഡുള്ളപ്പോൾ ആ വഴി പോണതെന്തിനാ ചേട്ടാ. " ഇന്ന് പ്രതിപക്ഷത്തിന്റെ വഴി തടയൽ സമരമുള്ളതാ. ആ വഴി പോയാൽ നല്ല ബ്ലോക്കായിരിക്കും. വഴി കുറച്ചു മോശമായാലും കുരിശുപള്ളി വഴി പോയാൽ പെട്ടെന്ന് എത്താം.. അത് കൊണ്ട് പറഞ്ഞതാ. ഫ്ലൈറ്റ് എങ്ങാനും മിസ്സായാൽ. " ഡോ. താനോന്ന് വണ്ടിയെടുക്കുന്നുണ്ടോ ? " ദേ വരുന്നു മാഡം..താങ്ക്സേട്ടൊ ചേട്ടാ.. ഡ്രൈവർ പുറത്തിറങ്ങി അവരുടെ ബാഗുകൾ ഓരോന്നായി ഡിക്കിയിൽ എടുത്ത് വെച്ചു ശേഷം ധൃതിയിൽ കാറിൽ കയറി. " ഇന്നെത് പ്രതിപക്ഷത്തിന്റെ എന്ത് സമരാന്ന് ? " എന്തായാലും അവളിവിടുന്നു യാത്ര പറഞ്ഞു പോകുവല്ലേ മാധവേട്ടാ. അപ്പൊ അന്നത്തെ പോലെ നാടിന്റെ ആത്മാവിലൂടെയൊക്കെ ഒന്ന് സഞ്ചരിക്കട്ടെ..

കാർ മുന്നോട്ട് നീങ്ങുന്നത് അയാൾ ഇമ വെട്ടാതെ നോക്കി നിൽക്കുകയാണ്. കാർ ഗേറ്റ് കടന്ന് ദൂരേയ്ക്ക് മറഞ്ഞതും രാജീവിന്റെ കണ്ണുകൾ പതിയെ പെയ്തു തുടങ്ങി. വിതുമ്പൽ അടക്കാൻ അയാൾ പല്ലും ചുണ്ടും അമർത്തി കടിച്ചു കൊണ്ട് താലി മലയിൽ ഉള്ളം കയ്യിലിട്ട് ഞെരിക്കുന്നുണ്ടായിരുന്നു. രാജീവിലേക്ക് ഒരു നോക്ക് കണ്ണെറിഞ്ഞതല്ലാതെ മാധവൻ അയാളോടോന്നും പറഞ്ഞില്ല. ദേഷ്യമുണ്ടായിരുന്നെങ്കിലും ഹൃദയത്തിന്റെ പാതിയിലധികവും കവർന്നെടുത്തു കൊണ്ടാണ് ബീന പടിയിറങ്ങുന്നത്. പവിത്രമായൊരു ബന്ധത്തിന്റെ തലിയറുതെറിഞ്ഞു കൊണ്ട് ഒരുവൾ നോക്ക് കൊണ്ട് പോലും യാത്ര പറയാതെ വിട വാങ്ങുമ്പോൾ, ഹൃദയത്തോട് ചേർത്ത് വെച്ച ഒരാളുടെ മകളുടെ താലി ഭാഗ്യത്തിന് വഴിയൊരുക്കുകയാണ് രാജീവ്. വിധി എന്നൊരു വാക്കിനാൽ തളച്ചിടാം. പക്ഷെ അവയിലേക്കുള്ള നിമിത്തങ്ങൾ എന്നും മനുഷ്യൻ മാത്രമാണ്. ജീവിതത്തെ കുറിച്ചറിയണമെങ്കിൽ ഒരു വട്ടമെങ്കിലും ജീവിക്കാതെ വയ്യ......... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story