എന്റെ ഉമ്മാന്റെ പേര്: ഭാഗം 42

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

ആരോടും ഒന്നും തുറന്ന് പറഞ്ഞില്ലെങ്കിലും ബീന പിണങ്ങി പോയ വിവരം നബീസുവും , കോശിച്ചയാനും, അരവിന്ദനുമടക്കം പലരും പതിയെ പതിയെ അറിഞ്ഞു തുടങ്ങി. ആദ്യം കേട്ടപ്പോൾ പലരും ഞെട്ടിയെങ്കിലും ബീനയുടെ സ്വഭാവം മനസിലാക്കിയിരുന്നത് കൊണ്ട് ആരും രാജീവിനെ കുറ്റപ്പെടുത്താൻ ശ്രമിച്ചില്ല. " ഞങ്ങളോന്നിച്ചു ജീവിച്ചു തുടങ്ങിയിട്ട് നാൽപ്പത്തിയഞ്ചു കൊല്ലമായി, ചെറിയ ചെറിയ വഴക്കുകളും തർക്കങ്ങളുമല്ലാതെ ഇന്നേവരെ ഒരു ദിവസം പോലും രണ്ടു പേരും പിണങ്ങി മാറി നിന്നിട്ടില്ലടോ രാജീവേ. അത് സ്നേഹ കൂടുതൽ കൊണ്ട് മാത്രമല്ല, പരസ്പ്പരം മനസിലാക്കാൻ രണ്ട് പേർക്കും പറ്റിയത് കൊണ്ട് കൂടിയാ ഈ കാലമത്രയും ഞങ്ങടെ ജീവിതം ഇങ്ങനെ മുന്നോട്ട് പോണത്. നിങ്ങടെ ജീവിതം തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളു. പക്ഷെ ജീവിതം എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് പോലും തിരിച്ചറിയാത്ത പ്രായത്തിലൊരു മോനുണ്ടെന്നത് നിങ്ങള് രണ്ട് പേരും ഇതുവരെ ഓർത്തിട്ടില്ല. ഭാര്യയും ഭർത്താവും പരസ്പ്പരം സുപ്പീരിറ്റികോംപ്ലസും കാണിച്ചു തർക്കിച്ചു നടന്നാൽ അവൻ വളർന്ന് വരുമ്പോ വല്ല സാഡിസ്റ്റുമായി മാറും.

നമ്മളൊക്കെ ജീവിക്കുന്നത് നമ്മടെ മക്കൾക്ക് വേണ്ടിയല്ലേടോ. ഈ പ്രായത്തിൽ നിങ്ങൾക്കവനെ സ്നേഹിക്കാൻ സമയമില്ലെങ്കിൽ പിന്നീട് ഒരു പ്രായം കഴിയുമ്പോ നിങ്ങളെത്രയൊക്കെ സമയം കണ്ടെത്തി സ്നേഹം കാണിച്ചാലും അവനത് മനസിലായെന്ന് വരില്ല. കഴിയുമെങ്കിൽ താൻ ഭാര്യമായുള്ള പ്രശ്നങ്ങളെക്കെ പറഞ്ഞു തീർത്ത് തിരികെ കൊണ്ടു വരാൻ നോക്ക്.. സ്നേഹം പ്രകടിപ്പിക്കാതെ അത് ഉള്ളിലുണ്ടെന്നു വെറുതെ പറയാന്നല്ലാതെ ഒരു കാര്യവുമില്ല രാജീവേ. ഉപദേശമെന്ന വെറും വാക്കുകളുടെ സൗജന്യം കൊണ്ട് ഒരാളും ഇന്നേവരെ നന്നായിട്ടില്ലെന്ന് കോശിച്ചയാനുമറിയാം. എങ്കിലും രാജീവിനോട് അയാൾക്ക് അത് പറയാതിരിക്കാൻ തോന്നിയില്ല. അയാളെ കുറിച്ചോ ബീനയെ കുറിച്ചോ ഓർത്തോ ആയിരുന്നില്ല അവരാരും വേദനിച്ചത്. ഒരു ചെറു പുഞ്ചിരി കൊണ്ട് മനസ്സ് കുളിർപ്പിച്ചിരുന്ന അപ്പുവിനെ കുറിച്ചോർത്ത് മാത്രമായിരുന്നു അവരുടെ ഉള്ളിലെ നോവുകളത്രെയും പെയ്തിറങ്ങിയത്. സ്നേഹത്തിന്റെ ശമ്പളം വേദനകൾ മാത്രമാണെന്ന് തിരിച്ചറിയാൻ അപ്പു ഇനിയും കാതങ്ങൾ നടന്ന് തീർക്കേണ്ടതുണ്ട്. ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അവസാന പരീക്ഷ ദിവസമാണ് ലാലുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കൊണ്ടുവന്നത്.

ഒന്നരയാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിലും പിന്നീടുള്ള എട്ട് ദിവസം വാർഡിലുമുള്ള ചികിത്സ അവനെ തീർത്തും അവശനാക്കിയിരുന്നു. മുഖവും കവിളും ചൊട്ടി വലിഞ്ഞു ശോഷിച്ചപ്പോൾ മുന്നോട്ട് ഉന്തിയ പലക പല്ലുകളുടെ മോണ തടിപ്പ് മുഴുവൻ അൽപ്പം കൂടി പുറത്തേക്ക് തെളിഞ്ഞു നിന്നിരുന്നു. മഞ്ഞപ്പ് കുറഞ്ഞു തുടങ്ങിയ കൺ തടങ്ങൾക്ക് ചുറ്റും വരണ്ട കറുപ്പ് പടർന്ന്, കണ്ണുകൾ രണ്ടും ഉള്ളിലേക്ക് കുഴിഞ്ഞിരുന്നു. ഉണങ്ങിയ വള്ളി പടർപ്പ് പോലെ കഴുത്ത് നേർത്ത് ചുമലലിലെ എല്ലുകൾ ഇരുകരകൾക്കും മീതെ പണിത പാലം പോലെ ഉയർന്ന് പൊങ്ങിയിട്ടുണ്ട്.. ആത്മാവിന്റെ മിടിപ്പുകൾ ഉയർന്ന് താഴുമ്പോൾ ക്ഷീണിച്ചു കുഴിഞ്ഞ വയറിന് മീതെ വാരിയെല്ലുകൾ തെളിഞ്ഞു തുടങ്ങുന്നുണ്ടാവും. തന്റെ പ്രണയത്തിന് കൂട്ട് നിൽക്കാനുള്ള കൈകൂലിയായി ഉണ്ണിക്ക് എന്നും വാങ്ങി കൊടുക്കാറുള്ള സർബത്ത് സോഡ നൽകിയ സമ്മാനമാണ് തന്നെ പിടി കൂടിയ മഞ്ഞപിത്തമെന്ന് പരിശോധിച്ച ഡോക്ടർമാർ വിധിയെഴുതി. ഡോക്ടർമാർ നിരത്തിയ കാരണങ്ങൾ കേട്ടപ്പോൾ ലാലു ഉണ്ണിയെ കുറിച്ചോർത്തു.

താൻ കാരണം ഉണ്ണിക്കും ഇതുപോലെ എന്തെങ്കിലും അസൂഖം പിടിപ്പെട്ട് കാണുമോ എന്നാലോചിച്ചു ലാലുവിന്റെ ഹൃദയം ഒന്ന് വിറച്ചു.. ഒറ്റവരി പാതയിൽ സഞ്ചരിക്കുന്ന പ്രണയത്തിന് എന്നും മധുരം മാത്രമാവുമ്പോൾ , ഇരു കൈകൾ കോർത്ത് പിടിച്ചു നടക്കാൻ വഴിയൊരുക്കുന്നവനും മധുരമല്ലാതെ മറ്റെന്താണ് പാരിതോഷികം നൽകുക. അന്നും പരീക്ഷ കഴിഞ്ഞു വരുന്ന വഴിയിൽ മുബീന ഉണ്ണിയോട് ലാലുവിനെ കുറിച്ചു തിരക്കി. പക്ഷെ അവൻ അവളെ തറപ്പിച്ചു നോക്കി ദഹിപ്പിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ലാലുവിനെ കാപ്പിരി കോരങ്ങൻ എന്ന് കളിയാക്കി പരിഹസിച്ച ദിവസം മുതൽ ഉണ്ണിക്ക് അവളോട് വല്ലാത്ത ദേഷ്യമാണ്. നിറ വ്യത്യാസം എന്നും പുറമേയ്ക്ക് മാത്രമാണ്. അകമേ തുടിക്കുന്ന ഹൃദയമെന്ന ചെറു കരയ്ക്കും, അവയെ വകഞ്ഞൊഴുകുന്ന കൈപുഴകൾക്കും ഒരേ നിറമാണെന്ന് അവനും പഠിച്ചിരിക്കണം. മുഖ ഭംഗി നോക്കി പ്രണയിക്കുന്ന പ്രായത്തിൽ എവിടെയാണ് മനസിന്റെ നേര് തൊട്ടറിയുന്നത്. ഇടവഴി കടന്ന് കാലുങ്കിറങ്ങി നടക്കുമ്പോഴാണ് ലാലുവിനെ വീട്ടിലേക്ക് കൊണ്ട് വന്നത് ഉണ്ണി അറിഞ്ഞത്. അവന് വല്ലാത്ത സന്തോഷം തോന്നി. അവനെ കാണാൻ പോകുമ്പോൾ എന്ത് കൊണ്ടുപോയി കൊടുക്കും ?

പെട്ടെന്ന് അവനൊന്ന് നിന്നു പോക്കറ്റിൽ ചില്ലറകൾ വല്ലതും ഉണ്ടോയെന്ന് തപ്പി നോക്കി. ഒടിഞ്ഞ ഒരു കുഞ്ഞു ചോക്ക് കഷ്ണമല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. ലാലു ആശുപത്രിയിലാകുന്നതിന് മുൻപ് വാങ്ങി കഴിച്ച സർബത്തിന്റെയും വെട്ട് കേക്കിന്റെയും കടം തീർത്തിട്ടില്ലാത്തത് കൊണ്ട് ആ കടയിലേക്ക് പോകാൻ പറ്റില്ല. ഇടയ്ക്ക് ഒരു ദിവസം റോഡിൽ വെച്ചു കണ്ടപ്പോൾ കടക്കാരൻ ലാലുവിനെ തിരക്കിയിരുന്നു. ആശുപത്രിയിലാണെന്ന് പറഞ്ഞതും അയാൾ മുഖം കനപ്പിച്ചു നോക്കി പിറുപിറുത്ത് കൊണ്ട് കടയിലേക്ക് കയറി പോയി. പെട്ടെന്ന് എന്തോ ഓർമവന്നത് പോലെ അവൻ തിരിഞ്ഞോടി. അപ്പുണ്ണി നായരുടെ ചായക്കടയ്ക്ക് മുന്നിൽ കിതച്ചു നിന്നു കൊണ്ട് അവൻ അകത്തേക്ക് നോക്കി. പലഹാരങ്ങളുറങ്ങാറുള്ള ചില്ല് കൂട് ശൂന്യമായി കിടക്കുകയാണ്. " കടിയോന്നൂല്ലേ അപ്പുണ്ണി മാമ ? " ആവുന്നേയുള്ളെടാ. " പഴംപൊരീണ്ടാ ? " അതിന് സമയംപിടിക്കും, ചൂട് ബൊണ്ടെണ്ട് അത് മതിയാ. ? " ങാ നാലെണ്ണം. ഉണ്ണി അകത്തേക്ക് ഓടി കയറി. അടുക്കളയിലെ വലിയ ഇന്റലിയ ചട്ടിയിൽ മസാല ചേർത്ത് വേവിച്ച് ഉരുളകളാക്കിയ ഉരുളക്കിഴങ്ങ് മൈദയിൽ മുക്കി എണ്ണയിൽ മൊരിഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു.

അപ്പുണ്ണി നായർ ഊറ്റു കയിലെടുത്ത് തിളച്ചു മറിയുന്ന എണ്ണയിൽ ഒന്ന് വട്ടം ചുറ്റിച്ചു ബോണ്ടകൾ കോരിയെടുത്തു എണ്ണ വാർന്ന് പോയ ശേഷം അരിപ്പ കൊട്ടായിലേക്ക് കൊരിയിട്ടു. " ഇന്നാടാ. " കാശ് അച്ഛൻ തരോട്ടാ മാമാ.. " ങാ. പറ്റ് കൊറച്ചു കൂടുതലാന്ന് അച്ഛനോട് പറഞ്ഞേക്ക്. " ങാ. അയാൾ പഴയ ന്യൂസ് പേപ്പറിന്റെ താള് കീറിയെടുത്ത് നാല് ബോണ്ടകൾ പൊതിഞ്ഞു അവന് നീട്ടി. ധൃതിയിൽ അവനത് വാങ്ങി പുറത്തേക്ക് നടന്നു. " ഹാ " നല്ല ചൂടുണ്ട് , സൂക്ഷിച്ചു കൊണ്ടോ ചൂടിൽ കൈ പൊള്ളിയപ്പോൾ പൊതി അവന്റെ കൈയിൽ നിന്ന് താഴേയ്ക്ക് വഴുതി പോയി. അയാൾ അതേടുത്ത് ഒരു ചെറിയ കവറിലാക്കി വീണ്ടും അവന് നീട്ടി. ഉണ്ണി അതും വാങ്ങി വേഗത്തിൽ ലാലുവിന്റെ വീട്ടിലേക്ക് ഓടി. ഉണ്ണി അവന്റെ വീട്ടിലേക്ക് എത്തുമ്പോൾ അയൽക്കാരിൽ ചിലർ അവനെ കാണാൻ വന്ന് മടങ്ങി പോകുന്നുണ്ടായിരുന്നു. അമ്മ രാഗിണി പിന്നാമ്പുറത്തെ തൊഴുത്തും മുറ്റവും അടിച്ചു വാരി കഴുകിയിറക്കുകയാണ്. " നീയെന്താടാ ഇവിടെ നിക്കണേ ? " ലാലൂനെ കാണാൻ. " അവനകത്തുണ്ടെടാ.. പശുവിനെ പറമ്പിൽ അഴിച്ചു കെട്ടാൻ പോയി വന്ന പീതാംബരൻ ജനലയ്ക്കാരികിൽ നിന്ന് എത്തി നോക്കുന്ന ഉണ്ണിയെ കണ്ട് അകത്തേക്ക് വിളിച്ചു. അയാളുടെ ചോദ്യം കേട്ട് അവൻ ഞെട്ടി പോയി.

" എടാ ഉണ്ണി. നീയെപ്പോ വന്നു ? " പരീക്ഷ കഴിഞ്ഞു പോരുമ്പോഴാ നീ വന്നതറിഞ്ഞത്. " ഇങ്ങോട്ട് വാടാ. ലാലുവിന്റെ രൂപം കണ്ടപ്പോൾ ഉണ്ണിക്ക് വല്ലാത്ത വേദന തോന്നി. തോലുള്ള ഒരു അസ്ഥികൂടം മാത്രമായിരിക്കുന്നു അവൻ. ലാലു അവനെ കണ്ട് പതിയെ എഴുനെറ്റിരിക്കാൻ ശ്രമിച്ചു. " പരീക്ഷക്കെ എങ്ങിനിണ്ടായെടാ. ? " ഏതാണ്ടൊക്കെ എഴുതി വെച്ചിട്ട്ണ്ട്.. ജയിക്കാനോന്നും പോണില്ലെടാ. " ഏയ് നീ ജയിക്കോടാ. ചെറു ചിരിയോടെ ലാലു അവന്റെ തോളിൽ കൈയിട്ട് പിടിച്ചു. " നീയെപ്പോ വന്നെടാ ? " ദേ ഇപ്പോ ? ലാലുവിന്റെ അമ്മ കൈയും മുഖവും കഴുകി തുടച്ചു കൊണ്ട് അകത്തേക്ക് വന്നു. " ഇതെന്താ നിന്റെ കയ്യില് ? " ഇവന് തിന്നാൻ അപ്പുണ്ണി മാമന്റെ കടെന്ന് കുറച്ച് കടി വാങ്ങീതാ. " ങേ. എന്നിട്ട് നീയെന്തെലും അവന് കൊടുത്തോ ? " ഇല്ല.. എന്താ . " ഒന്നൂല്ല, അതിങ്ങ് താ.. ഉണ്ണിയുടെ കയ്യിലിരിക്കുന്ന എണ്ണ പലഹാരം കണ്ടതും രാഗിണിയുടെ മുഖം മാറി. അവർ അവന്റെ കയ്യിൽ നിന്ന് കവർ പിടിച്ചു വാങ്ങിച്ചു അടുക്കളയിലേക്ക് പോയി. ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിക്ക് കൊടുക്കാൻ സന്തോഷത്തോടെ വാങ്ങി കൊണ്ട് വന്നതാണ് ഉണ്ണി, കാരണമാറിയതെ രാഗിണി ദേശ്യപ്പെടുന്നത് കണ്ട് അവൻ ആകെ ഭയന്ന് പോയി. " ഡാ എനിക്ക് ഇതൊന്നും തിന്നൂടാ. അതാ അമ്മ ദേഷ്യപ്പെട്ടത്. "

ങേ അതെന്താ തിന്നൂടത്തെ, നിന്റെ സൂക്കേടൊക്കെ മാറിയതല്ലേ. " മാറി എന്നാലും കൊറേ നാളത്തേക്ക് ഇതൊന്നും കഴിച്ചൂടെന്ന ഡോക്ടർമാർ പറഞ്ഞേക്കണെ. മഞ്ഞപ്പിത്തം വന്നാ അങ്ങിനെയാടാ. " ങേ അതെന്താ അങ്ങിനെ ? " വെള്ളത്തിന്നാ എനിക്ക് അസൂഖം വന്നെന്നാ ഡോക്ടർ പറഞ്ഞത്. " ദാ നീ ചായക്കുടിക്ക് . ലാലുവിന്റെ അമ്മ ഒരു ഗ്ലാസ്സിൽ പാല്കൂട്ടിയ ചായയും ഒരു ഗ്ലാസ്സിൽ മധുരം കുറഞ്ഞ കടും ചായയുമായി വന്നു അവരുടെ മുന്നിലേക്ക് വെച്ചു. " ദേ ഇത് നീ തന്നെ കഴിച്ചോ " അയ്യോ എനിക്ക് വേണ്ടാ. ഇവന് തിന്നാൻ പറ്റോന്ന് വിചാരിച്ചു ഞാൻ മേടിച്ചതാ. " എനിക്ക് വേണ്ടെടാ നീ കഴിച്ചോ.. ഉണ്ണി കൊണ്ട് വന്ന ബോണ്ട രാഗിണി ഒരു സ്റ്റീൽ പ്ലേറ്റിലാക്കി അവർക്ക് മുന്നിലേക്ക് നീട്ടി. ലാലു അത് ഉണ്ണിക്ക് അരികിലേക്ക് നീക്കി വെച്ചു. ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല. ഭക്ഷണ കാര്യത്തിൽ ഡോക്ടർമാരുടെ കടുത്ത നിര്ദേശമുണ്ടായിരുന്നു. മഞ്ഞപ്പിത്തം പിടിപ്പെട്ടതിന് ശേഷം ഉപ്പില്ലാത്ത കഞ്ഞിയും, എണ്ണയില്ലാതെ ആവിയിൽ വേവിച്ച കറികളുമാണ് ലാലുവിനുള്ള ഭക്ഷണം. മനസ്സില്ലാ മനസോടെ അവൻ ലാലുവിനെ നോക്കി കൊണ്ട് അതിൽ നിന്നും ഒരെണ്ണം എടുത്തു കടിച്ചു. അന്യമായി തുടങ്ങിയ ഇളം ചൂടിൽ കുഴഞ്ഞ ഉരുളക്കിഴങ്ങിലെ മസാലയുടെ ഗന്ധം ലാലുവിന്റെ മൂക്കിലേക്ക് ഇരച്ചു കയറി വായിൽ വെള്ളം നിറഞ്ഞ് തൊണ്ടകുഴിയിൽ നിന്ന് ഒരിറക്ക് താഴേയ്ക്ക് ഊർന്നതും ലാലു മുഖം തിരിച്ചു. " നീയെന്താ അത് കളഞ്ഞത് ? " ഞാനിത് നിനക്ക് വേണ്ടി വാങ്ങീതാ,

നിനക്ക് കഴിക്കാൻ പറ്റണില്ലെങ്കിൽ എനിക്കും വേണ്ടാ.. പെട്ടെന്ന് ഉണ്ണി കടിച്ചിറക്കിയ ബോണ്ട ജനലിലൂടെ പുറത്തേക്ക് തുപ്പി കളഞ്ഞു കൊണ്ട് ചായയെടുത്തു ഒന്ന് മൊത്തി. ലാലു കടും ചായ പതിയെ ഊതി ഊതി കുടിക്കുന്നുണ്ട്. " ഡാ നീയിനി ആ കടെന്ന് സർബത്ത് ഒന്നും വാങ്ങി കുടിക്കല്ലേട്ടാ. അതൊക്കെ കുടിച്ചിട്ടാ എനിക്ക് മഞ്ഞപ്പിത്തം വന്നെന്നാ ഡോക്ടർ പറഞ്ഞത്. " നീ പോയെ പിന്നെ ഞാൻ ആ വഴിക്ക് പോയിട്ടില്ല. അതിലെ പോയാ അയാള് കൊടുക്കാനുള്ള കാശ് ചോയിക്കും. ഡാ ഞാൻ വീട്ടില് പോയി ഇതൊക്കെ മാറീട്ട് വരാം . " ഉണ്ണി നീ മുബീനെ കാണാറില്ലേ ? അവള് വല്ലോം ചോയിച്ചോ ? " ങാ ഒന്ന് രണ്ട് വട്ടം ചോയിച്ചു. എനിക്ക് ദേഷ്യം വന്നപ്പോ ഞാൻ ചീത്ത പറഞ്ഞോടിച്ചു. ലാലു ചായ ഊതി കുടിച്ചു കൊണ്ട് ഉണ്ണിയെ നോക്കി ഒന്ന് ചിരിച്ചു. ഉന്തിയ പല്ലും മോണയും പുറത്തേക്ക് തെളിഞ്ഞു തള്ളി വരുന്നുണ്ടായിരുന്നു. ഇറങ്ങാൻ തുടങ്ങിയ ഉണ്ണി പെട്ടെന്ന് തിരിഞ്ഞു നിന്നു. " അവള് പാവോല്ലെടാ ? " ഓ ഭയങ്കരാ പാവാ, കണ്ണീ കാണുമ്പോഴൊക്കെ ഓരോന്ന് പറഞ്ഞു കളിയാക്കണതല്ലാതെ ഒന്ന് ചിരിച്ചു പോലും കാണിച്ചിട്ടില്ല . എന്നിട്ടാണ് വയ്യാണ്ടായപ്പോ അതറിയാൻ വന്നേക്കുന്നു തെണ്ടി. " ഇഷ്ട്ടം കൊണ്ടല്ലേടാ അവള് അന്വേഷിക്കണെ. " ഒലക്കയാണ്. ഇത്രേം വയ്യാണ്ടായിട്ടും ഇതിന് ഒരു കുറവും ഇല്ലല്ലേ നിനക്ക്. ദേ ഇനി നീ അവൾടെ കാര്യം പറഞ്ഞാ നിന്റെ മുത്തപ്പനാണെ ഞാനിനി നിന്നോട് കൂടൂല്ല. " ഒന്നറിയാൻ ചോയിച്ചതല്ലേ, നീ ചൂടാവല്ലേടാ.

പണ്ടേ അവക്ക് എന്നെ കാണണതെ കലിയാ. ഇനി എന്നെ ഈ കോലത്തീ കൂടി കണ്ടാ കളിയാക്കല് കൂടോള്ള്, ഞാനിനി അവൾടെ പിന്നാലെ പോണില്ലെടാ ഉണ്ണി. അവള് അവൾക്ക് ഇഷ്‌ട്ടോള്ള ആരോടാന്ന് വെച്ചാ കൂട്ട് കൂടിക്കോട്ടെ. ആര് മിണ്ടില്ലേലും എനിക്ക് ഒന്നൂല്ല പക്ഷെ നീ എന്നോട് മിണ്ടാതിരിക്കരുത്. " ഞാൻ നിന്നോട് മിണ്ടാതിരിക്കോടാ പൊട്ടാ.. അയ്യോ ഡാ ലാലു.. എന്ത് പറ്റി. ഉണ്ണി അവനെ നോക്കി ഉറക്കെ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. ലാലു ഉറക്കെ ചിരിക്കാൻ ശ്രമിച്ചതും പെട്ടെന്ന് അവന് ചുമ വന്നു. " എന്താടാ. " ഒന്നൂല്ലമ്മേ ചായ നെറുകില് കേറിയതാ. ശബ്ദം കേട്ട് രാഗിണി മുറിയിലേക്ക് ഓടി വന്നു.. ഉണ്ണി പേടിയോടെ അവന്റെ അരികിലിരുന്നു പുറത്ത് തടവുകയാണ്. അവൻ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. " ഡാ നീയിനി കുറച്ചു നേരം കിടന്നോ ഞാൻ പോയിട്ട് പിന്നെവരാം. " നീ വരോ ? " ങാ വരാടാ. ഉണ്ണി ലാലുവിനോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. അവൻ ജനാലാഴിയിലൂടെ ഉണ്ണി നടന്ന് പോകുന്നത് നോക്കിയിരിക്കുകയാണ്. എന്നും പ്രണയത്തേക്കാൾ മധുരം സൗഹൃദങ്ങൾക്കാണ്. " വെക്കേഷനായാൽ നീ ട്യൂഷന് വരോ അപ്പൂ ? " ഞാൻ വരൂല്ല. " അതെന്താ വരാത്തെ, അടുത്ത ക്ലാസ്സിലെ പാഠങ്ങൾ പഠിക്കേണ്ട? "

ഈ വെക്കേഷന് അച്ഛനെന്നെ ടൂറ് കൊണ്ടോവാന്ന് പറഞ്ഞിട്ടുണ്ടല്ലോ " എവിടെ? അപ്പുവിന് ആട്ടും പാലൊഴിച്ചുണ്ടാക്കിയ ചായ കൊടുത്ത് കൊണ്ട് ആഷിത അടുത്തിരിക്കുണ്ടായിരുന്നു. അവളുടെ ചോദ്യത്തിനുള്ള മറുപടി കേട്ട് മുബീന കുളികഴിഞ്ഞു സംശയത്തോടെ അകത്തേക്ക് കയറി വന്നു. " ആലപ്പുഴെല്. ഞാനും അച്ഛനും കൊച്ചൂo അങ്കിളും ഒക്കെ പോകും. പിന്നെ കൊറേ നാള് കഴിഞ്ഞേ വരൂന്നാ അച്ഛൻ പറഞ്ഞേ ? " അപ്പോ ആന്റിയെ കൊണ്ടുവില്ലേ ? " അത് ..!! പുഴയിൽ ചൂണ്ടായിടാൻ പോയി വന്ന അബൂട്ടി കൊടുത്ത നാല് കൂരി വെട്ടി കഴുകി കൊണ്ട് നബീസു അകത്തേക്ക് കയറി. അപ്പു ഉത്തരമില്ലാതെ എല്ലാവരെയും മാറി മാറി നോക്കി. " എവിടെ പോയാലും നല്ല കൊച്ചായിട്ട് നിന്നോണം, ആരോടും വഴക്ക് കൂടാനോ, തല്ല് പിടിക്കാനോ പോകരുത്. കേട്ടോ ? " ങാ. നബീസു കറി ചട്ടി താഴെ വെച്ചു കൊണ്ട് അപ്പുവിനടുത്തേക്ക് വന്നു, അമ്മയെന്നപോലെ അവനെ ഗുണദോഷിക്കുകയാണ്. വരുന്ന അവധിക്കാലം അവനോടൊപ്പം പാടത്തും പറമ്പിലും ഓടി കളിച്ചു തിമിർക്കാമെന്ന് കരുതിയതാണ് ഇരുവരും. പെട്ടെന്ന് അവൻ പോകുന്നു എന്ന് കേട്ടപ്പോൾ ആഷിതയും മുബീനയും തീർത്തും നിരാശരായി പോയി. ഇരുവരും പരസ്‌പരം നോക്കിയതല്ലേ അവനോട് മറ്റൊന്നും ചോദിച്ചില്ല. നബീസുവിന്റ കണ്ണുകൾ കലങ്ങി ഒഴുകി തുടങ്ങിയപ്പോൾ അവൾ അടുക്കളയിലേക്ക് എഴുനേറ്റ് പോയി. മകനെ പോലെയല്ല, മകൻ തന്നെയായിരുന്നു അവൾക്ക് അപ്പു. അവൻ അവൾക്കും മക്കൾക്കും നൽകുന്ന ശൂന്യതെയെക്കാളും അവന്റെ കൊച്ചു സന്തോഷങ്ങളായിരുന്നു നബീസുവിന് വലുത്. ജന്മം കൊടുത്തവൾ വാശിയുടെ പേരിൽ പാതി വഴിയിൽ ഒഴിഞ്ഞിട്ട് പോയതാണ്. ജനിപ്പിച്ചതിനെക്കാളും ജീവിപ്പിക്കുന്നവളാണ് അമ്മ. പെറ്റതിനും പോറ്റുന്നതിനും ഇടയിൽ തുലനം ചെയ്യാൻ സ്നേഹം എന്നൊരു സൂചിക കൂടിയുണ്ട്. ആ സൂചികയാണ് ബീനയെന്ന പെറ്റമ്മയെയും നബീസുവെന്ന പോറ്റമ്മയെയും വേർതിരിക്കുന്നതും. തുടരും.

NB - നബീസുവിനും അപ്പുവിനും വേണ്ടി ക്ഷമയോടെ കാത്തിരുന്നതിന് ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കട്ടെ.. ഒരുപാട് പേർ. എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഇല്ലാത്ത ഒരുപാട് പേരും പോലും കഥ തിരഞ്ഞു ഐബിയിലും, അല്ലാതെ കമൻറലും വന്നത് കണ്ടു. എല്ലാവരുടെയും സ്നേഹാന്വേഷണത്തിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട്. ഇതൊക്കെ തന്നെയാണ് എന്റെ ജീവൻ പോകാതെ പിടിച്ചു നിർത്തിയതും. അമ്മയുടെ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞിരിക്കുമ്പോഴാണ് ഒരു പാമ്പ് എന്നെ പേടിപ്പിച്ചത്. വെള്ളികെട്ടൻ ഒരു കാര്യവുമില്ലാതെ എന്റെ പറമ്പിൽ നുഴഞ്ഞു കയറിയതിനെ ചോദ്യം ചെയ്തതിനാണ് അയാൾ എന്നെ ഭേദ്യം ചെയ്തത്. പിന്നെ രണ്ട് മൂന്ന് ദിവസം അതിന്റെ പിന്നാലെയായിരുന്നു. പ്രാർത്ഥനയോ ഭാഗ്യമോ വല്ല്യ തട്ട് കേടില്ലാതില്ലതെ പോന്നു.

തിരികെ വന്നു ആകെ മങ്ങി പോയപ്പോഴാണ് തൂലികയുടെ ആറാം വാർഷികം. നേരെ അങ്ങോട്ട് പോയി. പണ്ടെപ്പോഴോ എഴുതിയ നാല് വരി കവിതയ്ക്ക് ഒരു സമ്മാനം ഉണ്ടായിരുന്നു. അതും വാങ്ങി പോന്നു. നാലാം ദിവസം വീട് പണി നടക്കുന്ന സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഷോക്കടിച്ചു. പിന്നെയും ആശുപത്രി. ആഹാ എത്ര മനോഹരമായ ആചാരങ്ങൾ. അങ്ങിനെ എല്ലാം കഴിഞ്ഞു ഞാൻ ഇപ്പോഴും ഇവിടെയുണ്ട്.. ഈ പാർട് ലെങ്ത് കുറവാണ്. നിങ്ങളെയും കൊണ്ട് ഞാൻ ആലപ്പുഴയ്ക്ക് പോകാമെന്ന് വാക്ക് തന്നിരുന്നു. അവിടേക്ക് പോകാനുള്ള ഒരു തയ്യാറെടുപ്പ് മാത്രം. ഒപ്പം എന്നെ പോലെ ആശുപത്രിയിൽ നിന്ന് ലാലുവിനെ തിരികെ കൊണ്ട് വരാനും. ഇനി അധികം വൈകിക്കുന്നില്ല. എങ്കിലും കുറച്ചു സമയം കൂടി എടുക്കുന്നു. ഇനിയുള്ള പാർട്ടുകൾ മുഴുവൻ എഴുതി തീർന്നിട്ട് നിങ്ങൾക്ക് ദിവസവും തരണം എന്നാഗ്രഹിക്കുന്നു. ഈ കഥയെ ഇത്രയേറെ സ്നേഹിക്കുന്ന അധിരഥന്റെ പ്രിയപ്പെട്ട വായനക്കാർക്ക് ഒരിക്കൽക്കൂടി നന്ദിയും സ്നേഹവും അറിയിക്കുന്നു. 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story