എന്റെ ഉമ്മാന്റെ പേര്: ഭാഗം 43

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" അല്ലെടോ വെക്കേഷന് താൻ മോനേം കൊണ്ട് എവിടെയോ ടൂറ് പോകുവാന്ന് കേട്ടല്ലോ ? " ഇതാര് പറഞ്ഞു ? ബാങ്കിൽ കുറച്ചു ദിവസത്തെ അവധിക്ക് എഴുതി കൊടുത്ത് രാജീവ് തിരികെ വരുമ്പോൾ അരവിന്ദൻ ലിഫ്റ്റിറങ്ങി പുറത്തേക്ക് വരുന്നുണ്ടായിരുന്നു. " നമ്മടെ മാധവേട്ടൻ അല്ലാതാര് പറയാൻ , ആട്ടെ എങ്ങോട്ടാ യാത്ര ? " ദൂരേയ്ക്കൊന്നുമല്ലെടോ , അവനേം കൊണ്ട് തറവാട് വരെ ഒന്ന് പോണം. അവന് നാല് വയസുള്ളപ്പോ പോയതാ, പിന്നെ ഇന്നേവരെ അങ്ങോട്ട് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. " എന്തായലും ഈ സമയത്ത് തനിക്കും ഒരു യാത്ര നല്ലതാ ? അന്ന് പോയെ പിന്നെ വൈഫ് വിളിക്കെ മറ്റോ ചെയ്തോ ? " ആര് വിളിക്കാൻ, കരിയർ നോക്കി പോയതല്ലേ എവിടെയാന്ന് വെച്ചാ പോയി ജീവിക്കട്ടെ. " മനസ്സ് കല്ലാക്കികൊണ്ട് നടക്കുന്നവർക്ക് ബന്ധങ്ങൾക്കെന്നും ഒരു വിലയും കാണില്ലെടോ. അത് പോട്ടെ വൈകീട്ട് നമുക്കൊന്ന് ഇരുന്നാലോ ? " ഏയ് ഞാനില്ലെടോ, കുറച്ചു ദിവസായിട്ട് അടി അൽപ്പം കൂടുതലാ. പോണത് വരെ ഒരു ബ്രേക്ക് എടുക്കാന്ന് കരുതി. അല്ല താനെങ്ങോട്ടാ ? " പരീക്ഷയൊക്കെ കഴിഞ്ഞല്ലോ, പോകുന്നേന് മുന്നേ ഹോസ്റ്റലിൽ പോയി മോളെയെന്ന് കാണണം.

" അവളെങ്ങോട്ട് പോകുന്നു ?. " വെക്കേഷനായാൽ ഒരുമാസം അവളെ അമ്മയുടെ കൂടെ വിടണം എന്നാടോ എഗ്രിമെന്റ്.. അനുവദിക്കാതെ പറ്റില്ലല്ലോ. ഡോ ഞാനൊരു കാര്യം പറഞ്ഞാൽ തനിക്ക് വിഷമം തോന്നരുത്. ഈ ഡിവോഴ്സ് ന്ന് പറയുന്നത് അത് സുഖമുള്ള ഇടപ്പാടോന്നുമല്ല. പറയുമ്പോ എല്ലാം എളുപ്പമായി തോന്നും, പക്ഷെ കോടതി വരാന്തയിലെത്തുമ്പോ നമുക്ക് ശരിക്ക് പൊള്ളും. എത്ര തന്റെടത്തോടെ നിന്നാലും മക്കളോട് ആരുടെ കൂടെ പോകാനാ ഇഷ്ടമെന്നൊരു ചോദ്യമുണ്ട് . അത് കേക്കുമ്പോ ഉള്ളിലൊരു പിടച്ചിലാ. അത്രേ നേരമുണ്ടായിരുന്ന ധൈര്യമെല്ലാം ആ സമേത്ത് ചോർന്ന് പൊക്കോടോ. നിങ്ങള് തമ്മിലെന്തൊക്കെ ഈഗോ പ്രോബ്ലമുണ്ടെങ്കിലും അതൊക്കെ കോടതി വരാന്ത വരെ എത്തിക്കാതെ പറ്റുമെങ്കിൽ എല്ലാം പറഞ്ഞു തീർക്കാൻ നോക്കടോ. ജയിക്കാൻ വേണ്ടി രണ്ട് കൂട്ടരും പരസ്പരം വാദിക്കുമ്പോ ഒറ്റയ്ക്കായി പോകുന്നത് നമ്മടെ മക്കളാ. ആ മുറിവ് മാറ്റാൻ പിന്നീട് നമ്മളെന്തൊക്കെ അവർക്ക് വാരി കോരി നൽകിയിട്ടും ഒരു കാര്യവുമില്ല. എന്റെ കൊച്ചിന്റെ ഉള്ളുരുകുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. നമ്മടെ അപ്പൂനെ കൂടി ആ അവസ്ഥയിലേക്ക് തള്ളി വിടരുത്.

ഞാൻ തന്നെ ഉപദേശിച്ചോതോന്നുമല്ലാട്ടോ. കുറെ അനുഭവിച്ചവന്റെ ജീവിതം പറഞ്ഞൂന്ന് മാത്രം. ഇതിനെ അങ്ങിനെ കണ്ടാ മതി. എന്നാ പിന്നെ തന്റെ കാര്യങ്ങൾ നടക്കട്ടെ. വന്നിട്ട് കാണാടോ. യാത്ര പറഞ്ഞിറങ്ങുമ്പോൾ അരവിന്ദന്റെ കണ്ണുകൾ കലങ്ങി നിറഞ്ഞിരുന്നു. രാജീവിന് നനവുള്ള പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അയാൾ കാർ പോർച്ചിലേക്ക് നടന്നു. എല്ലാം കേട്ട് നിന്നതല്ലാതെ രാജീവ് മറുപടിയൊന്നും പറഞ്ഞില്ല.അയാളെ അൽപ്പനേരം നോക്കി നിന്ന ശേഷം രാജീവ് ലിഫ്റ്റിൽ കയറി മുകളിലേക്ക് പോയി. ഒരോ അനുഭവങ്ങളും ഓരോ ജീവിതങ്ങളാണ്. അത് അനുഭവിച്ചറിയുകയെന്നതല്ലാതെ ഒരാളെ പറഞ്ഞു പഠിപ്പിക്കുക പ്രയാസമാണ്. " ഹാ. നമ്മടെ കോയിൻ ബ്ലാക്ക് അല്ലെടാ " അപ്പൊ വൈറ്റ് നമ്മടെല്ലേ ? " അതീ കൊതിയത്തിമാർടെയാ. ദേ ഇങ്ങനെ വെച്ചിട്ട് ഇങ്ങനെ വിരല് കൊണ്ട് പതിയെ മൂവ് ചെയ്യണം. ദേ ഇത് പോലെ..കണ്ടോ.. " ങാ.. ഹായ് ഞങ്ങള് ജയിച്ചേ.. കോശിച്ചയന്റെ ഫ്ലാറ്റിൽ അയാളും അപ്പുവും ആഷിതയും മുബീനയും കൂടെ ക്യരാoസ് കളിക്കുന്നുണ്ടായിരുന്നു. അന്നാമ്മച്ചിയും നബിസുവും അടുക്കളയിൽ തിരക്കിട്ട പണിയിലാണ്. " ഒന്ന് പോടാ ജയിക്കാൻ ദേ ഈ റെഡ് കോയിൽ കൂടെ ഇടണം..ഭേ ഭേ.. " അപ്പൊ നമ്മള് ജയിച്ചില്ലേ കോശിപ്പാപ്പാ.. " ഇല്ലെടാ മക്കളെ ദേ ഇതൂടെ ഇട്ടാൽ നമ്മൾ ജയിക്കും. ങാ കേറി പോരെ വാതിൽ ലോക്ക് ചെയ്തിട്ടില്ല..

" ഹാ ഞങ്ങള് ജയിച്ചേ. നീ തോറ്റ് പോയെടാ കോരങ്ങാ.. ഭേ ഭേ.. കോശിച്ചയാൻ ചുവന്ന കോയിന് നേരെ സ്‌ട്രൈക്കറെടുത്ത് വെച്ചതും പെട്ടെന്ന് കോളിങ് ബെൽ മുഴങ്ങി. അകത്തേക്ക് കയറി വരാൻ അനുവാദം കൊടുത്ത ശേഷം അയാൾ സ്‌ട്രൈക്കർ പൗഡറിന് മീതെ രണ്ട് വട്ടം ഓടിച്ചു ചൂണ്ടുവിരല് കൊണ്ട് സ്‌ട്രൈക്കർ മുന്നോട്ട് തള്ളി. അത് പതിയെ മുന്നോട്ട് നീങ്ങി കറുത്ത കോയിന്റെ അരികിൽ മുട്ടി പോക്കറ്റിലേക്ക് വീണു. കളി ജയിച്ചത് കണ്ട് അപ്പു കൈ കൊട്ടി തുള്ളി ചാടി കൊണ്ട് മുബീനയെ കളിയാക്കി ചിരിച്ചു.. " ങാഹാ താനായിരുന്നോ ? " ഉം. " നമ്മളെപ്പഴാ അച്ഛാ പോണേ ? കോശിച്ചയാൻ രാജീവിനെ കണ്ട് പുഞ്ചിരിച്ചു. അയാൾ മൂളി കൊണ്ട് അവർക്കടുത്ത് സോഫയിൽ വന്നിരുന്നു. അപ്പു യാത്രയെക്കുറിച്ചറിയാൻ ആകാംഷയോടെ രാജീവിന്റെ മടിയിലേക്ക് ചാടി കയറി. " അവന് എങ്ങിനെങ്കിലും പോയാ മതീന്നാ അല്ലെടാ തെമ്മാടി ? നിങ്ങള് നാളെയല്ലേ പോണത്? " അങ്ങിനെ വിചാരിക്കുന്നു. " എന്തേലും ചെയ്യാൻ തീരുമാനിച്ച അത് പെട്ടെന്ന് തന്നെ നടത്തിക്കോണം, കൂടുതല് ആലോചിച്ച ഒരു കാര്യോം നടക്കില്ല.. അന്നമ്മേ രാജീവിന് കുടിക്കാനെന്തെലും എടുത്തെ. " എനിക്കും വേണം. " നമുക്ക് കൊർച്ച് കള്ള് കുടിച്ചാലോ അപ്പുകുട്ടാ..

" ങാ.. " അമ്പട കേമാ. കോശിച്ചയാന്റെ ചോദ്യം കേട്ട് അപ്പു രാജീവിന്റെ മടിയിൽ നിന്ന് ചാടിയിറങ്ങി. അയാൾ അവന്റെ വയറ്റിൽ ഇക്കിളി കൂട്ടി കൊണ്ട് പൊട്ടിച്ചിരിച്ചു. കള്ള് എന്ന് കേട്ടപ്പോൾ ആഷിതയും മുബീനയും അവനെ ഈർഷ്യയോടെ നോക്കി. " ദാ സാറേ, തണ്ണിമത്തൻ ജ്യൂസാ. " ഹാ നീയതുവരെ ഈ സാറെ വിളി മാറ്റിയില്ലേ പെണ്ണേ ? " സ്നേഹോം ബഹുമാനോം മനസീന്ന് വരേണ്ടതല്ലേ അച്ചായ. ഒരു പേര് വിളിച്ചില്ലെന്നു കരുതി അതൊന്നും നഷ്ടപ്പെടാൻ പോണില്ലല്ലോ. " ആഹാ. അപ്പോ നിനക്കും ഫിലോസഫി പറയാനറിയാം , അല്ലെ .. ഹഹ ഹഹ. നബീസു രാജീവിന് നേരെ കൊത്തിയരിഞ്ഞു പഞ്ചസാരയിട്ട് കൊണ്ടുവന്ന തണ്ണിമത്തൻ ജ്യൂസ് പിടിയുള്ള ഒരു ഗ്ലാസ്സിലാക്കി നീട്ടി. രാജീവ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അത് വാങ്ങി. കോശിച്ചയാൻ അവളെ നോക്കി ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. " എനിക്കൊരു കാര്യം പറയാനുണ്ട്.. " എന്തേ സാറേ ? അടുക്കളയിലേക്ക് നടന്ന നബീസു ഒന്ന് തിരിഞ്ഞു നിന്നു. " നാളെ രാവിലെ ഇങ്ങോട്ട് വരുമ്പോ ഇവർക്ക് കുറച്ചു ദിവസത്തെക്കിടാനുള്ള ഡ്രസ് കൂടെ പാക്ക് ചെയ്ത് കൊണ്ടുവരണം. " എന്തേ ? "

ഒന്നൂല്ല , ഞങ്ങള് ആലപ്പുഴയ്ക്ക് പോകുമ്പോ ഇവരെ കൂടി കൊണ്ട് പോകുന്നു, അത്രയുള്ളൂ. " അത്.. പിന്നെ ? " ഒരു പിന്നെമില്ല രാജീവിന്റെ കൂടെ അവരും പോട്ടെ . എത്ര നാളെന്ന് വെച്ചാ ഈ പിള്ളേരിങ്ങനെ ഒരു വീട്ടീതന്നെ ചടഞ്ഞു കൂടി നിക്കണേ. അവർക്കും എന്തേലും ഒരു സന്തോഷമൊക്കെ വേണ്ടേ. അവരുടെ സംസാരം കേട്ട് അന്നാമ്മച്ചി അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു. നബീസു മക്കളെ മാറി മാറി നോക്കുന്നുണ്ടായിരുന്നു. അവരുടെ മുഖം കണ്ടപ്പോൾ ഒരു യാത്ര പോകാൻ അവരും വല്ലാതെ ആഗ്രഹിക്കുന്നത് പോലെ അവൾക്ക് തോന്നി. " അതല്ല അന്നാമ്മച്ചി. അവരൂടെ പോയാ ഞാനെങ്ങിനെയാ അവിടെ ഒറ്റയ്ക്ക് ? " അതിന് നിന്നോടാരാ അവിടെ നിക്കാൻ പറഞ്ഞത്. പിള്ളേര് വരുന്നത് വരെ നീ ഇവിടെ നിന്നാ മതി. " അല്ല. ഞാൻ . " ഒരല്ലയുമില്ല, ഡി മോളെ നബീസു. അവരീ അവസ്ഥേന്നൊക്കെ മാറി ഒന്ന് കറങ്ങീട്ട് വരട്ടെ. ഒന്നിലേലും നമ്മടെ രാജീവിന്റെ കൂടെയല്ലേ പോണേ. ഈ കാണുന്ന ഇട്ടാവട്ടം മാത്രമല്ല ലോകമെന്ന് ആ കൊച്ചുങ്ങള് കൂടെയൊന്ന് അറിയട്ടെ പെണ്ണേ. അതുവരെനീ ഇവിടെ നിന്നാ മതി. " ഹാ നീയിങ്ങനെ കൂടുതൽ ചിന്തിച്ചു തല പുണ്ണാക്കാതെ അങ്ങോട്ട് സമ്മതിച്ചേരടി..

കോശിച്ചയാനും അന്നാമ്മച്ചിയും നബീസുവിനെ നിർബന്ധിക്കുന്നുണ്ടായിരുന്നു. അപ്പുവിന്റെ കൂടെ യാത്രക്ക് ക്ഷണിക്കുന്നത് കേട്ടപ്പോൾ ആഷിതയും മുബീനയും വല്ലാതെ സന്തോഷിച്ചു. പക്ഷെ നബീസുവിന്റെ മുഖം വാടിയത് കണ്ട് അവരിരുവരും ഉള്ളിൽ തോന്നിയ സന്തോഷം പുറമേയ്ക്ക് കാണിക്കാതെ മിണ്ടാതിരുന്നു ബോർഡിലെ കോയ്‌നുകൾ വിരല് കൊണ്ട് തട്ടി കൊണ്ടിരിക്കുകയാണ്. " ഇതിപ്പോ എത്ര ദിവസത്തേക്കാ ? " അതൊന്നും പറയാൻ പറ്റില്ല. അവിടെ ചെന്നിട്ടുള്ള മൂഡ് പോലെരിക്കും. അവൾ മക്കളെ സംശയത്തോടെ നോക്കി. അവർ അവളെ ശ്രദ്ധിക്കാതെ ബോർഡിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്. " ദേ ഇനി ഇതില് കൂടുതൽ സംസാരമൊന്നുമില്ല. നാളെ രാജീവ് പോകുമ്പോ ഇവരും കൂടെ പോകുന്നു. അത്ര തന്നെ. " ഉം. കോശിച്ചയാൻ അവസാന തീരുമാനം പറഞ്ഞുറപ്പിച്ചു. രാജീവിനോടൊപ്പം ഒരിക്കൽ ഒബ്‌റോൺ മാള് കാണാൻ പോയതല്ലാതെ ജീവിതത്തിൽ അവരിന്നോളം വീട് വിട്ട് എങ്ങോട്ടും പോയിട്ടില്ല. ഒരാളും അവരെ കൊണ്ടു പോയിട്ടുമില്ല. നബീസു പോലും . കുറച്ചു ദിവസം അപ്പുവിനെ പിരിഞ്ഞിരിക്കേണ്ടി വരുമെന്നത് അവൾക്ക് സങ്കടകരമായ കാര്യമായിരുന്നു.

അതോടൊപ്പം മക്കളെ കൂടി കൊണ്ട് പോകുമെന്നറിഞ്ഞപ്പോൾ അവൾക്ക് ആകെ നിരാശതോന്നി. എങ്കിലും അവരുടെ മുഖത്തെ ആകാംഷ കണ്ടപ്പോൾ നബീസു എല്ലാവരെയും നോക്കി അർദ്ധ സമ്മതത്തിൽ പതിയെ മൂളി. അപ്പു സന്തോഷത്തോടെ തുള്ളി ചാടി കൊണ്ട് അവരിരുവരെയും കെട്ടി പിടിച്ചു.. " ഇപ്പോ തന്റെ ടെൻഷനോക്കെ മാറിയല്ലോ. " ഉം. " എന്നാ നാളെ പോകാനുള്ള ബാക്കി കാര്യങ്ങളൊക്കെ നോക്കിക്കോ.. " അതിന് പ്രത്യേകിച്ചു ഒരുക്കങ്ങളൊന്നും വേണ്ടല്ലോ അച്ചായാ. മാത്തൻ വണ്ടിയായിട്ട് വരും, ദേ ഇവരെയെല്ലാം വാരി പെറുക്കിയിട്ട് ഒറ്റ വിടൽ. " എന്തായാലും എല്ലാരൂടെ സന്തോഷയിട്ടു പോയി വാ. കോശിച്ചയാൻ രാജീവിനെ നോക്കി പുഞ്ചിരിച്ചു.. തന്നോടൊപ്പം നബീസു മക്കളെ പറഞ്ഞു വിടുമോ എന്നൊരു ഉൽക്കണ്ഠ അയാൾക്കുണ്ടായിരുന്നു. അത് മാറിയതും രാജീവ് ആശ്വാസത്തോടെ ഒരു ദീർഘ നിശ്വാസമെടുത്ത് കൊണ്ട് ഗ്ലാസ്സിലിരുന്ന തണ്ണിമത്തൻ ജ്യൂസ് എടുത്ത് കുടിച്ചു.. " എന്നാ ഈ റൗണ്ട് ഞാനുമുണ്ട് കളിക്കാൻ..

" ഞാനും അങ്കിളും ഒരു ടീം. " എന്നാ ഞാനും അപ്പൂസും ഒരു ടീം. " ങാഹാ എന്നാ ഞാനും നബീസും കൂടി ഒരു തല പിടിച്ചു.. " അപ്പോ ഞാനോ ? " നീ ഒറ്റക്ക് കളിച്ചാ മതി. അല്ലെടാ അപ്പൂസേ. " ങാ. " എന്നാ ഈ കളി ഞാൻ ജയിക്കും. ആഷിതയും സന്തോഷത്തോടെ വീണ്ടും കാരംസ് ബോർഡിൽ കോയ്‌നുകൾ തിരത്തി കൊണ്ട് രാജീവിനടുത്ത് വന്നിരുന്നു. അന്നാമ്മച്ചി നബീസുവിനെയും കൊണ്ട് ഒരു തലയ്ക്കൽ വന്നിരുന്നു. കോശിച്ചയാൻ മുബീനയെ കളിയാക്കി കൊണ്ട് അപ്പുവിനെ മടിയിൽ കയറ്റിയിരുത്തി ബോർഡിൽ പൗഡർ തൂവുന്നുണ്ടായിരുന്നു. അപ്പു അവളെ നോക്കി കളിയാക്കി ചിരിച്ചു. മുബീന എല്ലാവരെയും നോക്കി മുഖം കോട്ടി കൊണ്ട് സ്‌ട്രൈക്കർ എടുത്ത് വെച്ചു കോയിൻ ബ്ലോക്ക് അടിച്ചു പൊട്ടിച്ചു.. ചില നോവുകൾക്ക് പിന്നാലെ പതിയെ സന്തോഷം അവരെ തേടി വരികയാണ്. ഇന്നോളം പുറം ലോകം കണ്ടിട്ടില്ലാത്ത അപ്പുവിന്റെ താത്തൂമാർക്ക് മുന്നിൽ കുട്ടനാടൻ കാഴ്ചകളുടെ ഒരു പുതിയ ലോകം തുറന്ന് കൊടുക്കുകയാണ്. ......... തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story