എന്റെ ഉമ്മാന്റെ പേര്: ഭാഗം 45

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" നിനക്ക് ആ തോപ്പുംപടി ഇടക്കൊച്ചി വഴി അരൂർ റൂട്ട് പിടിച്ചാ പോരായിരുന്നോട. ഇത് വെറുതെ ബ്ലോക്കും, തിരക്കും, പിന്നെ ടോളും.. " ആ റോഡിന് വീതി കുറവല്ലേടാ.. ഇതിപ്പോ ടോളിന് നൂറ് രൂപ കൊടുത്തലെന്താ. വിശാലമായ ഹൈവേയിങ്ങനെ നീണ്ട് നിവർന്ന് കിടക്കുവല്ലേ. " ദേ വണ്ടീടെ ക്യു കണ്ടല്ലോ.. " ഹാ. അതിപ്പോ പോകോടാ.. പുലരി ചൂടിൽ വൈറ്റിലയും കുണ്ടന്നൂരും പനങ്ങാടും കടന്ന് ബോബിയുടെ കറുത്ത സ്‌കോർപിയോ കുട്ടനാടിന്റെ മനോഹാരിതയിലേക്ക് കുതിക്കുകയാണ്.. കുമ്പളം ടോൾ ഗേറ്റിന് മുന്നിലെത്തിയതും രാജീവ് വണ്ടിയുടെ സ്പീഡ് കുറച്ചു പതിയെ നീങ്ങി. ഇരു ഭാഗത്തേക്കയ്ക്കും പോകാനുള്ള വാഹനങ്ങളുടെ നീണ്ട നിര തന്നെ ടോൾ ഗേറ്റിന് മുന്നിലുണ്ടായിരുന്നു. അത് കണ്ട് ബോബിയുടെ മുഖം ചുളിഞ്ഞു.. " ഇവിടെന്തിനാ അങ്കിളെ ടിക്കറ്റ് എടുക്കണെ ? " ഇവിടെ ടിക്കറ്റ് എടുത്ത മാത്രേ നമ്മളെ അപ്പുറത്തേക്ക് കടത്തി വിടു. " അതെന്താ അങ്ങിനെ ? അപ്പൊ നമ്മടവിടൊന്നും ഇങ്ങാനില്ലല്ലോ.. " ഇതൊക്കെ ചുമ്മാ സാധാരണക്കാരന്റെ കാശ് അടിച്ചു മാറ്റാനുള്ള ഓരോരോ നമ്പറാ മോളെ.. പണ്ട് ബ്രിട്ടീഷ്കാരുണ്ടായിരുന്നപ്പോ നമ്മടെ കയ്യീന്ന് നിർബന്ധിച്ചു കരം പിടിച്ചു വാങ്ങീയിരുന്നതിനെ കുറിച്ച് പഠിച്ചിട്ടില്ലേ ?

" ങാ.. " ങാ.. ഇത് അതിന്റെയൊക്കെ പരിഷ്‌കരിച്ച രീതിയാ. പക്ഷെ നടത്തണത് നമ്മ്ടെ നാട്ടുകരാണെന്ന് മാത്രം.. " നിന്റെയാ പഴേ സ്വഭാവം ഇപ്പോഴും മാറീട്ടില്ല ല്ലേ.. വൺ സൈഡ്. ആഷിതയും മുബീനയും ആശ്ചര്യത്തോടെ സൈഡ് ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. ബോബി നാടിന്റെ നിയമ വ്യവസ്ഥയെ പരിഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. അപ്പുവും ജെന്നിഫറും ഒന്നും മനസ്സിലാവാതെ ടോളിലെ തിരക്കിലേക്ക് നോക്കുകയാണ്. രാജീവ് അയാളെ കളിയാക്കി കൊണ്ട് ടോൾ ബൂത്തിലേക്ക് കാശ് നീട്ടി. കൗണ്ടർ ബോയ് ടിക്കറ്റും ബാലൻസ് പൈസയും തിരികെ നൽകിയ ശേഷം ഒരു ബട്ടണിൽ അമർത്തി. ഗേറ്റിന് മുന്നിലെ ക്രോസ്സ് ബാർ മുകളിലേക്ക് ഉയർന്ന്, വണ്ടി പതിയെ ചെറിയ ഹമ്പിൽ കയറിയിറങ്ങി ഗേറ്റിന് പുറത്തേക്കിറങ്ങി പതിയെ വേഗത കൂടി. " അച്ഛാ ദേ ആന.. താത്തൂ ആന, ആന.. " എവിടെ? " ദേ പോണ്.. കണ്ടാ കണ്ടാ.. തുറവൂരും ചേർത്തലയും മാരാരിക്കുളവും കടന്ന് വണ്ടി ആലപ്പുഴയുടെ നഗര ഹൃദയത്തിലേക്ക് കയറി. പെട്ടെന്ന് റോഡരികിലൂടെ നടന്ന് പോകുന്ന ആനയെ കണ്ട് അപ്പു കാറിനുള്ളിൽ കിടന്ന് കൂവി വിളിച്ചു കൊണ്ട് ഡോറിലൂടെ തല പുറത്തേയ്ക്കിട്ടു. ആഷിതയും മുബീനയും പിന്നിലെ ചില്ലിലൂടെ നോക്കുകയാണ്. അവരുടെ ബഹളം കേട്ട് രാജീവ് വണ്ടി റോഡരികിൽ ചേർത്ത് നിർത്തി.

" യ്യോ. എന്ത് വല്ല്യ ആനയാ ല്ലേ താത്തൂ.. " അതിന് നീ വേറെ ആനയെ കണ്ടിട്ടിണ്ടാ ? " മ്മ് ചും.. നടന്ന് വരുന്ന ആനയുടെ വലിപ്പം കണ്ട് അപ്പു അമ്പരന്ന് നോക്കി. ജെന്നിഫർ അവനൊപ്പം തല പുറത്തേക്കിട്ടു. ആഷിതയും മുബീനയും ചില്ലിൽ മുഖം ചേർത്ത് വെച്ച് ആനയെ നോക്കുന്നുണ്ടായിരുന്നു. " എടാ ആനെ.. " അങ്ങോട്ട് നടക്കേടാ.. നടക്കാൻ.. ആന കാറിനടുത്തെത്തിയതും അപ്പു ഉറക്കെ അലറി വിളിച്ചു. ശബ്ദം കേട്ട് ആന പെട്ടെന്ന് ഒന്ന് നിന്ന ശേഷം അവനെ നോക്കി. അപ്പുവും ജെന്നിഫറും പേടിയോടെ തല ഉള്ളിലേക്ക് വലിച്ചു.. പാപ്പാൻ തോട്ടി കൊണ്ട് ആനയുടെ കാലിൽ പതിയെ അടിച്ചു കൊണ്ട് അവനെ മുന്നോട്ട് നടത്തി.. " അതെന്തിനാ അച്ഛാ ആനേടെ കാലീ ചങ്ങല ഇട്ടേക്കണെ. " അത് ഓടി പോകാതിരിക്കാനാ ടാ. " ആനയ്ക്ക് ഓടാൻ പറ്റോ.. " പിന്നെ . രാജീവിനോടുള്ള ചോദ്യത്തിന്റെ മറുപടി വന്നത് ജെന്നിഫറിൽ നിന്നായിരുന്നു. അപ്പു സംശയത്തോടെ വീണ്ടും തല പുറത്തേക്കിട്ടു ആനയെ നോക്കി. രാജീവും ബോബിയും അവരെ നോക്കി ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.. കാർ വണ്ടാനവും കഴിഞ്ഞു അമ്പലപ്പുഴ തിരുവല്ല റോഡിലേക്ക് തിരിഞ്ഞു കുട്ടനാടിൻ മണ്ണിലേക്ക് കയറി മുന്നോട്ട് കുതിച്ചു.. പച്ചപ്പ് പുതച്ചു തുടങ്ങിയ കാഴ്ചയിലേക്ക് അപ്പുവും ജെന്നിഫറും, ആഷിതയും മുബീനയും മിഴി നട്ടിരിക്കുകയാണ്.. "

കരുമാടി ജംഗ്ഷൻ.. " ങാ. കൊച്ചൂന്റെ പാപ്പ എന്റെ അച്ഛൻ അങ്ങനെയാ വിളിക്കണെ. അല്ലെ അച്ഛാ.. " ആണോ അങ്കിളെ ? " ങാ.. " അതെന്താ പാപ്പാ അങ്ങിനെ വിളിക്കണെ. " ഒന്നൂല്ലേന്റെ പൊന്നു ജെന്നി.. ശെടാ ഈ പിള്ളേരുടെ ഒരു കാര്യം.. കരുമാടി ജംഗ്ഷൻ എത്തിയതും റോഡിലെ പേരേഴുതിയ വലിയ ബോർഡ് കണ്ട് ജെന്നിഫർ അത് ഉറക്കെ വായിച്ചു. പെട്ടെന്ന് ആ പേര് ഓർമ്മയിൽ തെളിഞ്ഞത് പോലെ അപ്പു രാജീവിനടുത്തേക്ക് ചാഞ്ഞു നോക്കി.. അയാളും ബോബിയും ചമ്മലോടെ പരസ്പരം നോക്കി കണ്ണ് മിഴിക്കുകയാണ്.. ആനിയും മുബീനയും ആഷിതയും അടക്കി ചിരിക്കുന്നുണ്ടായിരുന്നു.. " എടാ പണ്ടിവിടെയൊരു ലോനചൻ ചേട്ടന്റെ ചായക്കടയുണ്ടായിരുന്നില്ലേ. " ങാ. നമ്മടെ പഞ്ചായത്തിന്റെ വാതിക്കലെ. അതൊക്കെയിപ്പോ ഉണ്ടോന്ന് ആർക്കറിയാം. " എന്തോരം പുട്ടും, പോട്ടിയും, അപ്പോം തറാമുട്ട റോസ്റ്റുമൊക്കെ കഴിച്ച കടയാ. ല്ലേടാ. പണ്ട് വീക്കെൻഡിൽ ഞങ്ങടെ സ്ഥിരം താവളം അതായിരുന്നു.. നല്ല എരിവുള്ള കറിയൊക്കെ കൂട്ടി കഴിഞ്ഞു അങ്ങേരോരു പതപ്പിച്ച ചായ തരും. ഹോ.. എന്റെ മോളെ.. "

ഫുഡ് ന്ന് പറഞ്ഞാ അതാണ്. ഇപ്പോഴുള്ളതൊക്കെ എന്ത്. കുറെ കളറും, അജിനമോട്ടൊ , സോസുമിട്ട് വെട്ടിപുഴുങ്ങി കൊണ്ട് വെക്കും. പലരും വിശപ്പ് കാരണം കഴിച്ചു പോകുന്നതാ അല്ലാതെ രുചി പിടിച്ചിട്ടൊന്നുമല്ല . " നമുക്കത് മനസിലാകും. പക്ഷെ ദേ ഈയിരിക്കണ കുരുപ്പുകളോടെ പറഞ്ഞിട്ട് വല്ല കാര്യോണ്ടോ. ഒരു ദിവസം നൂഡിൽസ്, ഒരു ദിവസം ഫ്രൈഡ് റൈസ്, ഒരു ദിവസം ബർഗർ, അങ്ങിനെ ഏഴ് ദിവസത്തെക്കും മെനു കാർഡ് അടിച്ചു വെച്ചേക്കുവാ എന്റെ പുന്നാര മോള്.. ബോബി ജെന്നിഫറിനെ കളിയാക്കി ചിരിച്ചു.. അവൾ ചമ്മലോടെ എല്ലാവരെയും നോക്കി കൊണ്ട് മുഖം ചുളിച്ചു. സെന്റർ മിററിലൂടെ രാജീവ് അപ്പുവിനെ ശ്രദ്ധിച്ചു.. എല്ലാം കേട്ട് പുറം കാഴ്ചകൾ നോക്കി അപ്പു മിണ്ടാതിരിക്കുന്നുണ്ടായിരുന്നു. ഇന്നോളം ഒന്നിനെ കുറിച്ചും ഒരാഗ്രഹവും അവൻ അയാളോട് പറഞ്ഞിട്ടില്ല. ഒന്നിന് വേണ്ടിയും നിർബന്ധമോ പിടിവാശിയോ കാണിച്ചിട്ടില്ല. കൊടുക്കുന്നത് എന്താണെങ്കിലും വാങ്ങി കഴിച്ചു വിശപ്പ് മാറ്റാറുള്ള അവന്റെ മുഖം കണ്ടപ്പോൾ രാജീവിന്റെ ഉള്ള് ഒന്ന് നീറി..

ഒരു ഗദ്ഗദം ഉയര്ന്ന് അയാളുടെ തൊണ്ട കുഴിയിൽ തടഞ്ഞത് പോലെ രാജീവ് ഒന്ന് ചുമച്ചു.. " എന്തെടാ മുഖം വല്ലാണ്ടിരിക്കണെ ? " ഏയ് ഒന്നൂല്ലേടാ.. " ഉം.. രാജീവിന്റെ മുഖം മാറിയത് ബോബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അയാൾ ശബ്ദം താഴ്ത്തി വീണ്ടും ചുമച്ചു കൊണ്ട് ഗിയർ മാറ്റി. തകഴി ജംഗ്ഷനിൽ നിന്ന് കാർ വലത്തോട്ട് തിരിഞ്ഞു കയറി മുന്നോട്ട് നീങ്ങി. കാർ ഒരു കൈപുഴയുടെ അരികിലൂടെ ഇടത്തേക്ക് തിരിഞ്ഞു. പുഴയിലൂടെ ഒരു കൂട്ടം താറാവുകളെയും കൊണ്ട് ഒരാൾ ചെറു വഞ്ചി തുഴഞ്ഞു പോകുന്നുണ്ടായിരുന്നു. വെള്ളത്തിലൂടെയുള്ള അവയുടെ ബഹളം കേട്ട് അപ്പുവും ജെന്നിഫറും പുറത്തേക്ക് ശ്രദ്ധിച്ചു.. ഓളങ്ങൾ കീറി മുറിച്ചു നീന്തി പോകുന്ന താറാവുകളെ കണ്ട് അപ്പുവും ജെന്നിയും ആശ്ചര്യത്തോടെ നോക്കുകയാണ്. കാർ ചെമ്മണ്ണും കരിങ്കല്ലും പാകിയ വീതിയുള്ള വഴിയിലേക്ക് കയറി.. വിളവെടുക്കാൻ പാകമായ കുട്ടനാടൻ കോൾ പുഞ്ചകൾ പുലരി വെയിലിൽ സ്വർണ നിറത്തിൽ റോഡിനിരുവശവും തിളങ്ങുന്നുണ്ടായിരുന്നു.. കാർ അൽപ്പം കൂടി മുന്നോട്ട് പോയി മരം കൊണ്ടുണ്ടാക്കിയ വലിയ ഗേറ്റിന് മുന്നിൽ പതിയെ നിന്നു.

" ഇതെന്ത് പൂവാ താത്തൂ.. " ഇത്.. ഇത് ബോഗൻ വില്ലയല്ലേ അങ്കിളെ. " ങാ.. ഇഷ്ട്ടികയും കുമ്മായവും കൊണ്ട് നിർമ്മിച്ച പഴയ മതിലിനികത്ത് വെള്ളയും പിങ്കും ഇട കലർന്ന നിറത്തിലുള്ള വലിയ ബോഗൻ വില്ലകൾ ഇരുവശത്തും കൂടാരം പോലെ പൂത്തുലഞ്ഞു പുറത്തേക്ക് ചാഞ്ഞു വളഞ്ഞു നിൽപ്പുണ്ടായിരുന്നു.. അപ്പു ഡോറിലൂടെ തല പുറത്തേക്കിട്ടു ചരിഞ്ഞു മുകളിലേക്ക് നോക്കി. തെളിഞ്ഞ ആകാശത്തിന് കീഴെ ബോഗൻ വില്ലയുടെ പൂക്കൾ കൂടുതൽ മനോഹരികളായിട്ടുണ്ട്. ആഷിത സംശയത്തോടെ ചില്ലിൽ കൂടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാജീവ് ചുറ്റുപാടും ആകെയെന്ന് നോക്കി കൊണ്ട് ഒരു ദീർഘനിശ്വാസമെടുത്ത ശേഷം പാതി തുറന്ന് കിടക്കുന്ന ഗേറ്റിനകത്തേക്ക് കാർ ഓടിച്ചു കയറ്റി.. വിശാലമായ പറമ്പിന്റെ ഇടത്തെ വശത്ത് കുറച്ചധികം തെങ്ങുകൾ നിരന്ന് വളർന്ന് നിൽപ്പുണ്ട്. അതിന് അൽപ്പം മാറി വലിയൊരു ചാമ്പയ്ക്ക് മരം പൂത്ത് തുടങ്ങിയിട്ടുണ്ടായിരുന്നു. വലത്തെ വശത്ത് ആകാശത്തെ വെല്ലുവിളിച്ചു നിൽക്കുന്ന രണ്ട് വലിയ മാവുകളുണ്ട്. നീലനും പ്രിയൂരും.. അവയ്ക്ക് താഴെയാണ് രാജീവിന്റെ അച്ഛൻ സൗമിത്രനും അമ്മ സരോജിനിയും അന്തിയുറങ്ങുന്ന അസ്ഥി തറകളുള്ളത്.

അൽപ്പം കൂടി വടക്ക് മാറി ചെറിയ തുരുത്ത് പോലെ കൂട്ടം കൂടി വളരുന്ന കുറച്ചു വാഴകളും അവയ്ക്ക് ഒരു വശം മാറി വലിയ ഗോപുരം പോലെ ഒരു കുറ്റിയിൽ വൈക്കോൽ തുറു അടക്കി വെച്ചിട്ടുണ്ടായിരുന്നു.. പടിഞ്ഞാറെ അരികിൽ ഒരു നിരയിൽ കപ്പയും, ഒരു നിരയിൽ ചേമ്പും ചേനയും. വളർന്ന് നിൽക്കുന്നുണ്ട്. പറമ്പിന്റെ അരികിനോട് ചേർന്നൊഴുകുന്ന കൈ പുഴയിലേക്ക് കട ചക്ക ചാഞ്ഞു നിൽക്കുകയാണ്. അതിനൽപ്പം മാറി പുളിയുറുമ്പിൻ കൂടുകൾ തിങ്ങി വളർന്ന ഒരു മൂവാണ്ടൻ മാവുമുണ്ട്. " ഇതാണോ അങ്കിളിന്റെ വീട്.. " ങാ.. " യ്യോ.. " എന്തേ ? " ങ് ഹും. ഇഷ്ട്ടികയിൽ പണിതീർത്ത, ഓടുകൾ മേഞ്ഞ വലിയ നാല് കെട്ട് വീട് കണ്ട് ആശ്ചര്യത്തോടെ മുബീന തലകുനിഞ്ഞു നോക്കി. ഓടുകൾക്കിടയിലുള്ള കുമ്മായത്തിൽ പാവൽ പിടിച്ച് ഇരുണ്ട് പോയിട്ടുണ്ട്. ഭിത്തിയിലെ ഇളം മഞ്ഞ നിറത്തിലുള്ള പെയിന്റ് ഓര് കാറ്റിൽ മങ്ങി പോയിരിക്കുന്നു.. നിലത്തും അര മതിലിലുമുള്ള റെഡ് ഓക്ക്‌സൈഡുകൾ തിളക്കം നഷ്ടപ്പെട്ടു നരച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു.. രാജീവ് പുഞ്ചിരിച്ചു കൊണ്ട് വീടിന് മുൻ വശത്തെ പൂത്ത് നിറഞ്ഞ വലിയ കണി കൊന്നയുടെ ചുവട്ടിൽ കാർ ഒതുക്കി നിർത്തി.. തൊട്ടരികിൽ പച്ച നിറത്തിലുള്ള മറ്റൊരു ക്വാളിസ് കാർ കിടപ്പുണ്ടായിരുന്നു. " എന്നാ പിന്നെ നിങ്ങള് കുടുംബക്കാരുമായി ആലോചിച്ചിട്ട് ഒരു തീരുമാനം വിളിച്ചറിയിച്ചാ മതി.. " എന്നാ പിന്നങ്ങനെയാവട്ടെ.. "

ഇതാരാ, കാറിൽ ? രാജീവിന്റെ ചേട്ടൻ രാജേന്ദ്രൻ ഹാളിൽ നിന്ന് പുഞ്ചിരിയോടെ സംസാരിച്ചു കൊണ്ട് പുറത്തേക്ക് വന്നു. രാജേന്ദ്രന്റെ മകൾ സന്ധ്യയെ പെണ്ണ് കാണാൻ വന്ന സുമുഖനായ ഒരു ചെറുപ്പക്കാരനും പ്രായമായ മറ്റ് മൂന്നാല് പേരും അയാൾക്ക് പിന്നാലെ വരുന്നുണ്ടായിരുന്നു.. പുറത്ത് കിടക്കുന്ന കാർ കണ്ട് രാജേന്ദ്രൻ സംശയത്തോടെ കാറിലേക്ക് തന്നെ സൂക്ഷിച്ചു നോക്കുകയാണ്. " ങേ.. കുട്ടനല്ലേയിത്.. കുട്ടാ.. " ങാ ദേ ഡി രേണു കുഞ്ഞേട്ടൻ.. രാജീവ് പച്ച ക്വാളിസ് കാറിലേക്ക് നോക്കി കൊണ്ട് പുറത്തേക്കിറങ്ങി.. രാജീവിനെ തിരിച്ചറിഞ്ഞതും രാജേന്ദ്രന്റെ മുഖം തെളിഞ്ഞു കണ്ണുകൾ ചുവന്ന് കലങ്ങി തുടങ്ങി. പെട്ടെന്ന് അയാൾ രാജീവിന്റെ അടുത്തേക്ക് ഓടിയിറങ്ങി. രാജീവിന്റെ ഇളയ പെങ്ങൾ രഞ്ജിനി അവളുടെ നേരെ മൂത്തവൾ രേണുകയെ വിളിച്ചു കൊണ്ട് വതിൽക്കലേക്ക് വന്നു. പിന്നാലെ രഞ്ജിനിയുടെ ഭർത്താവ് പ്രസാദും. സന്ധ്യയും.. " എത്ര നാളായെടാ ഒന്ന് വിളിച്ചിട്ട്.. എന്റെ അനിയനാ രാജീവ്. ഞാൻ പറഞ്ഞില്ലേ എറണാകുളത്ത് ബാങ്കില് ജോലിയുള്ള.. " ങാ പറഞ്ഞിരുന്നു. പറഞ്ഞിരുന്നു.. " നമ്മടെ സന്ധ്യയെ കാണാൻ വന്നതാടാ.. ഇതാ പയ്യൻ.. " ഹലോ.. രാജീവ് "

അനൂപ് . രാജേന്ദ്രൻ രാജീവിനെ ഓടി വന്ന് കെട്ടി പിടിച്ചു. ഇടയ്ക്ക് മുറിഞ്ഞു പോയ സ്നേഹത്തിന്റെ നോവുകളത്രെയും അയാളുടെ വാക്കുകളിലുണ്ടായിരുന്നു.. രാജേന്ദ്രൻ പെണ്ണ് കാണാൻ വന്ന പയ്യനെ അയാൾ രാജീവിന് പരിചയപ്പെടുത്തി. പുഞ്ചിരിയോടെ രാജീവ് അനൂപിനെ നേരെ കൈ നീട്ടി.. അയാൾ തിരിച്ചും.. " എന്ത് ചെയ്യുന്നു ? " സൗദിയിലാണ്. അവിടെ ഓയിൽ കമ്പനിയിലെ ഫോമാനാണ്. ഇത് ചെറിയച്ചൻ അമ്മാവൻ. അത് അളിയൻ.. എന്നാ ഇറങ്ങിയെക്കുവാ. പോയിട്ട് കുറച്ച് തിരക്കുണ്ട്.. " എന്നാ ശരി അനൂപേ.. take care.. " താങ്ക്യു .. എന്നാ ഇറങ്ങിയെക്കുവാ.. അനൂപും മറ്റുള്ളവരും യാത്ര പറഞ്ഞു പുറത്തെക്കിറങ്ങി. ക്വാളിസിന്റെ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്ത് നിർത്തി.. അനൂപ് ഒരിക്കൽ കൂടി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് കാറിൽ കയറി. സന്ധ്യ രേണുകയുടെ പിന്നിൽ നിന്ന് അയാളെ എത്തി നോക്കുന്നുണ്ടായിരുന്നു.. വണ്ടി പടി കടന്ന് പുറത്തേക്ക് പോയി.. " ശാന്തി കുട്ടൻ വന്നതറിഞ്ഞില്ലേ നീ.. എന്നിട്ട് അവളും മോനും എന്തെടാ.. ഓ ഇറങ്ങാനുള്ള ചമ്മലായിരിക്കും ല്ലേ.. ഞാൻ വിളിക്കാടാ അവളെ.. രാജേന്ദ്രൻ ഉത്സാഹത്തോടെ അകത്തേക്ക് നോക്കി ഭാര്യയെ വിളിച്ചു കൊണ്ട് കാറിനടുത്തേക്ക് നടന്നു. പെട്ടെന്ന് ഫ്രണ്ട് ഡോർ തുറന്ന് ബോബി പുറത്തേക്കിറങ്ങി.

പിന്നാലെ ആനിയും അപ്പുവും ജെന്നിഫറും. ശേഷം ആഷിതയും മുബീനയും. " അയ്യോ വല്യച്ഛന്റെ അപ്പുണ്ണി വല്ല്യ ചെക്കാനായല്ലോ..ഇങ്ങോട്ട് വാടാ കള്ള തെമ്മാടി. " ചെല്ലേടാ വല്യച്ഛനാ.. അപ്പുവിനെ കണ്ടതും അയാൾ അവന് നേരെ ഇരു കൈകളും നിവർത്തി വിരിച്ചു പിടിച്ചു. അപ്പു സംശയത്തോടെ രാജീവിനെ നോക്കി. അയാൾ രാജേന്ദ്രന് അടുത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു.. അയാൾ അവനെ വാരിയെടുത്തു കൊണ്ട് ഇരു കവിളിലും മാറി മാറി ഉമ്മ വെച്ചു.. " ഏട്ടന് ഇവനെ മനസിലായോ ? " ഇത് .. ഇത് നമ്മടെ മാത്തനാണോ ? " അതേ എട്ടാ. ആ മാത്തൻ തന്നെയാ ഇത്. ഇതെന്റെ ഭാര്യ ആനി. മോള്.. " ഹായ് മോള് നിന്നെ വാർത്ത് വെച്ചപോലുണ്ട്. അപ്പോ ഇത് ? ബോബി രാജേന്ദ്രന് മുന്നിലേക്ക് നീങ്ങി നിന്നു.. അയാൾ ആദ്യം ഒന്ന് സംശയിച്ചെങ്കിലും പതിയെ അയാൾക്ക് ബോബിയെ മനസിലായി. ബോബി ഭാര്യയെയും മക്കളെയും അയാൾക്ക് പരിചയപ്പെടുത്തി.. ആനി അയാൾക്ക് നേരെ കൈ കൂപ്പി കൊണ്ട് ചിരിക്കുന്നുണ്ടായിരുന്നു. രാജേന്ദ്രൻ അപ്പുവിനെ ഒക്കത്തിരുത്തി ജെന്നിഫറിന്റ കവിളിൽ തലോടി കൊണ്ട് ആഷിതയെയും മുബീനയെയും സംശയത്തോടെ നോക്കി. അവർ ആകെ പേടിച്ചത് പോലെ നിൽക്കുകയാണ്. " ദേ നമ്മടെ അമ്മൂനേം രേണുനെം പോലെ അവിടെയും ഉണ്ട് ഒരു മൂത്ത പെങ്ങൾ. അവരുടെ മക്കളാ. ആഷിത മുബീന.. "

ഇതെന്റെ താത്തൂമാരാ വല്യച്ഛ.. " ആണോ.. വല്യച്ഛന്റെ മുത്താണ്.. രാജീവ് ആഷിതയെയും മുബീനയെയും തനിക്കൊപ്പം ചേർത്ത് നിർത്തി. രാജേന്ദ്രൻ അപ്പുവിന്റെ കവിളിൽ വീണ്ടും ഉമ്മ വെച്ചു കൊണ്ട് അവരെ നോക്കി പുഞ്ചിരിച്ചു.. " അയ്യേ ഞാനെന്തായീ ചെയ്യണേ.. എല്ലാരേം വാതിക്കല് നിർത്തിയാ ഈ വിശേഷം മുഴുവനും തിരക്കണെ. കേറി വാ മാത്താ.. ബോബിയും കൂട്ടരും അകത്തേക്ക് കയറി. " ഹാ ഈ ബീനയെന്താ ഇനീം ഇറങ്ങില്ലേ.. ഡി മോളെ.. ഇങ്ങോട്ടിറങ്ങിയെ ഏട്ടന് നിങ്ങളോടൊന്നും ഒരു പിണക്കോമില്ലാട്ടോ.. " എട്ടാ.. അവള്. അവള് വന്നിട്ടില്ല.. " വന്നില്ലേ അതെന്താ.. " അത്.. അത് ഞാൻ പറയാം എട്ടാ. രാജേന്ദ്രൻ ബീനയെ തിരക്കി കാറിനടുത്തേക്ക് നടക്കാനൊരുങ്ങിയതും രാജീവ് അയാളെ തടഞ്ഞു. രാജീവിന്റെ മുഖം കണ്ടപ്പോൾ അയാൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. " ഹാ അവൾക്ക് വരാൻമ്പറ്റാത്തെന്തെലും തിരക്ക് കാണും ചേട്ടാ. അതൊക്കെ പിന്നെ ചോയിക്കാം. അവൻ വന്ന് കേറിയല്ലേയുള്ളൂ. നീ അകത്തേക്ക് വാ കുട്ടാ.. ഡാ അപ്പുണ്ണി. വല്യമ്മേ ഓർമയുണ്ടോ നിനക്ക്.. രാജീവ് വാതിൽക്കലേക്ക് കയറിയതും രാജേന്ദ്രന്റെ ഭാര്യ ശാന്തി ഉമ്മറത്തേക്ക് വന്നു.. അയാളുടെ കൈയിൽ നിന്നും അവർ അപ്പുവിനെ ഒക്കത്തേക്ക് എടുത്ത് വെച്ചു കൊണ്ട് അവർ അവനെ പുന്നാരിപ്പിക്കുകയാണ്..

" എന്താ അളിയാ.. നമുക്കൊന്ന് കൂടണ്ടേ ? " അതിപ്പോ ചോദിക്കാനെന്തിരിക്കുന്നു അളിയാ.. " അയ്യടാ. വന്ന് കേറിയില്ല. അതിന് മുന്നെ ചോദിക്കുന്നത് കേട്ടില്ലേ. " ഹാ കൊല്ലങ്ങൾ കൂടിയാ ഒന്ന് കാണാൻ കിട്ടിയത് അപ്പോ ഞങ്ങൾക്ക് മിണ്ടാനും പറയാനും കൊറേ കാര്യങ്ങളുണ്ടാവും. അല്ലെങ്കി തന്നെ ഞാനെന്റെ അളിയനോട് ചോദിച്ചതിന് നിനക്കെന്താടി. " വിശേഷം പറയാൻ കട്ടഞ്ചായായാലും മതി.. അതിവിടെ ആവശ്യത്തിന് തിളപ്പിച്ചിട്ടിട്ടുണ്ട്.. " ങാ അത് തന്നെയാ പറഞ്ഞത്.. രഞ്ജിനിയുടെ ഭർത്താവ് പ്രസാദ് ഉത്സാഹത്തോടെ രാജീവിന്റെ തോളിൽ കൈയിട്ടു.. പരിഭാവത്തോടെ അവൾ അയാളുടെ വയറ്റിൽ കുത്തി കൊണ്ട് അകത്തേക്ക് പോയി.. " രഘു അളിയൻ വന്നില്ലെടി. " ഉച്ചയ്ക്ക് വരും എട്ടാ.. നിങ്ങളെന്താ ഇവിടെ തന്നെ നിക്കണേ. അകത്തേക്ക് വാ. " ചെല്ല് ആഷി.. രേണുക ആഷിതയെയും മുബീനയെയും കൊണ്ട് അകത്തേക്ക് നടന്നു.. അയാൾ സന്തോഷത്തോടെ അവരെ നോക്കി.. മുറിഞ്ഞു പോയ കുടുംബ ബന്ധങ്ങളുടെ കണ്ണികൾ അയാൾ ഒരിക്കൽ കൂടി സ്നേഹം കൊണ്ട് വിളക്കി ചേർക്കുകയാണ്. ഉള്ളിൽ അടക്കി വെച്ചിരുന്ന വലിയൊരു ഭാരം ഇറങ്ങി പോയത് പോലെ രാജീവ് ഒന്ന് ദീർഘമായ് നിശ്വാസിച്ചു കൊണ്ട് പുറത്തേക്ക് നോക്കി......... തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story