എന്റെ ഉമ്മാന്റെ പേര്: ഭാഗം 46

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

രാജീവ് ചെരുപ്പ് വാതിൽക്കൽ അഴിച്ചിട്ട ശേഷം നഗ്നപാദനായി പുറത്തെ മണ്ണിലേക്കിറങ്ങി നിന്നു.. മണ്ണിന്റെ ഈർപ്പം ഉള്ളം കാലിനടിയിൽ വല്ലാത്ത തരിപ്പ് പകരുന്നുണ്ടായിരുന്നു.. അവ മുകളിലേക്ക് അരിച്ചു കയറി അയാൾക്ക് ആകെ ഒരു കുളിര് അനുഭവപ്പെട്ടു. വിരിഞ്ഞ നീലാകാശത്തിന് കീഴെയുള്ള പച്ചപ്പിന്റെ പന്തലിന്റെ നേർത്ത തണലിൽ അയാൾക്ക് അല്പമൊന്ന് നടക്കണമെന്ന് തോന്നി. മുണ്ട് മടക്കി കുത്തി അയാൾ തെക്കേ പറമ്പിലേക്ക് നടന്നു.. അച്ഛന്റെയും അമ്മയുടെയും അസ്ഥി തറകൾക്ക് മുകളിൽ നീലനും പ്രീയൂരും പൊഴിച്ചിട്ട ഇലകൾ അയാൾ പതിയെ കൈ കൊണ്ട് തട്ടി മാറ്റി.. പെട്ടെന്ന് നനുത്തൊരു ഉപ്പ് കാറ്റ് വീശി അയാളെ അടിമുടി തഴുകി കടന്ന് പോയ്‌. " ഞങ്ങളെ അകത്തേക്ക് പറഞ്ഞു വിട്ടിട്ട് നീയിവിടെ വന്ന് നിക്കുവാണോ? " ഹാ ആ ചെരിപ്പ് ഊരിയിട്ട് വാടാ.. രാജീവിനെ അകത്തേക്ക് കാണാതായപ്പോൾ ബോബി തിരക്കിയിറങ്ങി. അയാൾ കാറ്റിന്റെ കുളിരിൽ അലിഞ്ഞു നിൽക്കുകയാണ്.. " ങേ അതെന്നാത്തിനാ ? " നടപ്പാത വരെ പുല്ലും ടൈലുമിട്ട് പോഷ് കാണിക്കണ നമ്മടെ നഗരത്തിലെവിടെയാടാ പച്ച മണ്ണിന്റെ മണമുള്ളത്. ആ ചൂടും ചൂരുമറിയണമെങ്കിൽ ദാ ഇത് പോലെ നഗ്നപാദനായി ഇവിടിങ്ങനെ കുറച്ചു നേരം നിക്കണം. മണ്ണിന്റെ മാറിലൂടെ കുറച്ചു നേരം നടക്കണം..

" എന്താടാ കരുമാടി സ്വന്തംനാട്ടിലേക്ക് വന്നപ്പോഴേയ്ക്കും പഴയ എസ് എഫ് ഐകാരന്റെ സാഹിത്യവും തലപൊക്കി തുടങ്ങിയോ. " എന്തൊക്കെയുണ്ടായാലും സ്വന്തം വീട്ടിലും നാട്ടിലും വിലയില്ലെങ്കിൽ പിന്നെന്താടാ അതിലൊരു സുഖമുള്ളത്.. ആ ചെരുപ്പ് ഊരിയിട്ട് കുറച്ചു നേരം നീയും ആ ഫിലൊന്നറിയെടാ പോത്താ. കാറ്റ് പിന്നെയും ചെറുതായി വീശുന്നുണ്ടായിരുന്നു.. രാജീവ് വീണ്ടും കണ്ണുകളടച്ചു നിൽക്കുകയാണ്. ബോബി ചെരുപ്പ് ഊരി മാറ്റിയിട്ട ശേഷം ജീൻസ് മുകളിലേക്ക് മടക്കി വെച്ചു കൊണ്ട് രാജീവിനടുത്തേക്ക് നടന്നു.. " നീ പറഞ്ഞത് ശരിയാടാ. ശരിക്കുള്ള മണ്ണിന്റെ സുഖം ഇത് തന്നെയാ. കരിയിലകളുടെ ഞെരുക്കവും മണ്ണിന്റെ തണുപ്പും അയാളുടെ കാൽ കീഴിൽ പുളകം തീർക്കുന്നത് പോലെ തോന്നിയപ്പോൾ അയാൾ ഇക്കിളിപ്പെട്ടത് പോലെ കുലുങ്ങി ചിരിച്ചു കൊണ്ട് രാജീവിനടത്ത് വന്നുനിന്ന് തോളിൽ കൈയിട്ട് പിടിച്ചു കണ്ണടച്ചു നിന്നു. കാറ്റ് പിന്നെയും കറങ്ങി വീശി തിരിച്ചു പോയി.. " ആഹാ. ഈ കുളിരിൽ രണ്ട് വോഡ്ക്ക കൂടിയുണ്ടായിരുന്നെങ്കിൽ സുഖം കുറച്ചൂടെ കൂടിയേനെ. അല്ലെടാ.. " ആണോ. പക്ഷെ നമ്മടെ കുട്ടനാടൻ കള്ളിന്റെ രുചി അതൊന്ന് വേറെയാടാ. അതിന് മുന്നിലെന്ത് വിസ്ക്കി, എന്ത് വോഡ്ക്കാ. " അപ്പൊ എങ്ങിനാ നമ്മടെ പഴയ മങ്കൊമ്പ് ഷാപ്പിലേക്ക് തന്നെ വണ്ടി വിടുവല്ലേ.

അതോ മുല്ലക്കലോ, ചമ്പക്കുളോ പോണോ.. " എന്തായാലും കുറച്ചു ദിവസം നമ്മളിവിടെയുണ്ടല്ലോ. അപ്പൊ നമുക്ക് ഓരോ ദിവസോം ഓരോ ഷാപ്പും തേടിപ്പിടിച്ചു പോകാടാ മാത്തൻ പോത്താ. " പോകുന്നെക്കെ കൊള്ളാം പക്ഷെ പുറകിലൊരു സീറ്റിൽ ഞാനുണ്ടാവും. അന്നേരം ഒരുമാതിരി കോപ്പിലെ വർത്താനം പറഞ്ഞാ എന്റെ വിധം മാറും. കേട്ടല്ലോ.. " കേട്ടു.. ങേ ഇതേതാ ഈ ശബ്ദം. എടാ അനിയപ്പാ. നീയിതെവിടുന്ന് വന്നെടാ തെണ്ടി.. രാജീവും ബോബിയും കാറ്റിന്റെ കുളിരിൽ തോളോട്തോൾ ചേർന്ന് നിന്ന് കണ്ണുകളടച്ച് കുടിച്ചു തീർക്കാനുള്ള കള്ള് ഷാപ്പുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു.. പെട്ടെന്ന് പുറകിൽ നിന്ന് അപരിചിതമായ ശബ്ദം കേട്ട് ഇരുവരും ഞെട്ടി തിരിഞ്ഞു നോക്കി.. തൊട്ട് പുറകിൽ രാജീവിന്റെ ബാല്യകാല സുഹൃത്ത് അനിയപ്പൻ കൈയിൽ ഈർക്കലിൽ കോർത്തിട്ട കുറച്ചു കരിമീനുകളുമായി നനഞ്ഞു കുതിർന്ന് നിൽപ്പുണ്ടായിരുന്നു.. കുന്നുമ്മലാണ് അനിയപ്പന്റെ വീട്. രാജീവിന്റെ അച്ഛൻ സൗമിത്രന്റെ പണിക്കാരിൽ മുൻപനായിരുന്നു അനിയപ്പന്റെ അച്ഛൻ കുഞ്ഞുണ്ണി. അങ്ങിനെ ചെറുപ്പം മുതൽ ഇരുവരും കണ്ടറിഞ്ഞു ഒന്നിച്ചു കളിച്ചു വളർന്നവരാണ്. സ്കൂളിൽ പോകാൻ പ്രായമായപ്പോൾ സൗമിത്രൻ തന്നെ ഇരുവരെയും ഒന്നിച്ചു പഠിക്കാൻ തകഴി സ്കൂളിൽ ചേർത്തു.

പക്ഷെ എട്ടാം തരം രണ്ട് വട്ടം എഴുതിയിട്ടും ജയിക്കാതെ വന്നപ്പോൾ അയാൾ സ്കൂളുമായുള്ള ബന്ധവും അവസാനിപ്പിച്ചു. പഠിത്തത്തെക്കാൾ തോടും, പുഴയും മീനും, കൃഷിയുമൊക്കെയായിരുന്നു അയാളുടെ താൽപ്പര്യം.. ഏത്ര ആഴമുള്ള പുഴയിലും മുങ്ങി താഴ്ന്ന് മീൻ പിടിക്കാൻ വിദഗ്ധനായിരുന്നു അനിയപ്പൻ. രാജീവിനെ നീന്തല് പഠിപ്പിച്ചതും അയാളായിരുന്നു. അനിയപ്പൻ ഒരു കപ്പ കൊതിയാനായിരുന്നു. കല്ലിൽ കുത്തി ചതച്ച ഉള്ളിയും പച്ചമുളകും അൽപ്പം കുരുമുളകും, കല്ലുപ്പും ചേർത്ത് എണ്ണയിൽ ചാലിച്ചു, കപ്പ പുഴുക്കും ചേർത്ത് കഴിക്കാതെ അയാൾ ഒരു ദിവസം പോലും ഉറങ്ങിയിരുന്നില്ല. വീട്ടിൽ ചെല്ലുന്ന ദിവസം രാജീവിനുള്ള പ്രധാന പലഹാരവും അത് തന്നെയായിരിക്കും.. " ആ കറുത്ത വണ്ടി നിങ്ങടെയല്ലേ, ങാ അത് പൊരുമ്പോ ഞാൻ വെള്ളത്തിൽ കിടപ്പുണ്ടായിരുന്നു.. കണ്ടപ്പോ ഒരു സംശയം തോന്നാതിരുന്നില്ല.. ദേ ഇപ്പോ വല്യേട്ടൻ വിളിച്ചു കരിമീൻ ഉണ്ടേൽ കൊണ്ടുവരാൻ പറഞ്ഞപ്പോ ഞാൻ ഉറപ്പിച്ചു വന്നത് നീ തന്നെയാന്ന്.. " അതെന്നാടാ. ഇവിടെ കരിമീൻ തിന്നുന്നത് ഇവൻ മാത്രേയുള്ളോ. " ഈ വീട്ടിൽ അന്നും ഇന്നും ഇവന് വേണ്ടി മാത്രമല്ലെടാ മാത്തൻ പോത്താ കരിമീൻ വാങ്ങിയിട്ടുള്ളൂ. പിന്നെ നീയൊക്കെ വരാൻ തുടങ്ങിയപ്പോ അതിന്റെ അളവ് കൂടി ന്ന് മാത്രം..

" ശെടാ ഈ തെണ്ടിക്ക് ഒരു മാറ്റോമില്ലല്ലോ.. " ഈ കുട്ടനാട്ടീ കിടക്കണ എനിക്കെന്ത് മാറ്റമുണ്ടാവാനാ ടാ. മാറിയാതൊക്കെ സാറന്മാരല്ലേ.. കോളേജ് കാലത്തെ രാജീവുമായുള്ള ബന്ധമാണ് ബോബിയെയും അനിയപ്പനെയും തമ്മിലടുപ്പിച്ചത്. ആഴ്ചയിലെ കോളേജ് അവധിക്ക് വന്നാൽ ചെത്ത്കാരൻ ദിവാകരന്റെ തെങ്ങുകളിലെ കള്ള് കുടം റോപ്പിൽ കെട്ടിയിറക്കി മൂന്ന് പേരും കൂടി കട്ട് കുടിക്കുമായിരുന്നു. അനിയപ്പൻ പുഴയിൽ നിന്ന് കരിമീനും കൊഞ്ചും തപ്പിപിടിച്ചു ഷാപ്പിൽ കൊടുത്ത് കിട്ടുന്ന കാശ് കൊണ്ട് ആലപ്പുഴയിൽ ഷക്കീല പടം കാണാൻ പോകും. രാവിലെയും വൈകീട്ടും ലോനചൻ ചേട്ടന്റെ കടയിലെ പുട്ടും പോട്ടിയും അപ്പവും മുട്ടറോസ്റ്റും മത്സരിച്ചു കഴിക്കുമായിരുന്നു.. ബന്ധങ്ങൾ വളരുന്തോറും ഇടയ്ക്ക് അവയുടെ ഇലകൾ കൊഴിഞ്ഞു പോകാറുണ്ട്. കോളേജ് കഴിഞ്ഞപ്പോൾ ആദ്യം ബോബിയെന്ന ചില്ല അടർന്ന് പോയി. വിവാഹ ശേഷം രാജീവും. പക്ഷെ അനിയപ്പനിപ്പോഴും ഒരു മാറ്റവുമില്ല. അയാളുടെ സ്നേഹത്തിനും. " ഇവനെ ഇന്ന് ഞാൻ ഡാ മാത്താ പോക്കെടാ ഈ തെണ്ടിയെ.. " ഹാ വേണ്ടെടാ. മേത്തപ്പിടി ചെളീം വെള്ളോമാ. വെറുതെ ഡ്രസ്സ് ചീത്തയാക്കണ്ട.. " പിന്നെ ചെളി.. പിടിക്കേടാ.. " ഹാ വേണ്ടെടാ.. ഞാൻ വീഴോ. ഒന്ന് താഴെ നിർത്തേടാ..

എന്റെ ഫോൺ.. ഫോൺ.. ങാ.. ദേ മുണ്ടഴിഞ്ഞു മുണ്ടഴിഞ്ഞു.. പിള്ളേരുടെ മുന്നിലിട്ട് എന്നെ നാറ്റിക്കാതെ ഒന്ന് താഴെയിറക്കേടാ തെണ്ടികളെ.. " അയ്യോ. അച്ഛനും അങ്കിളും കൂടി എന്തിനാ വല്യച്ഛ ആ അങ്കിളിനെ ഇടിക്കണെ.. " അത് ഇടിക്കണതല്ല അപ്പുണ്ണി. ആ അങ്കിള് അച്ഛന്റെ പണ്ടത്തെ ഫ്രണ്ട്‌സാ കുറെ നാള് കൂടി കണ്ടപ്പോ അവര് കളിക്കണതാ.. ഇരുവർക്കും കുട്ടികളായിട്ടും അവരുടെ ഉള്ളിലെ ബാല ചാപല്യങ്ങൾ ഇപ്പോഴും വിട്ട് പോയിട്ടുണ്ടായിരുന്നില്ല.. രാജീവും ബോബിയും കൂടി അനിയപ്പന്റെ കൈയിലും കാലിലും പിടിച്ചു തൂക്കിയെടുത്ത് ഉമ്മറത്തേക്ക് നടന്നു. അവന്റെ കയ്യിലിരുന്ന ജീവനുള്ള കരിമീനുകളിൽ ചിലത് ഈർക്കിൽ കുരുക്കിൽ കിടന്ന് പിടയ്ക്കുന്നുണ്ടായിരുന്നു. കുതറി മാറാനുള്ള അനിയപ്പന്റെ ശ്രമത്തിനിടയിൽ അയാളുടെ മുണ്ടിന്റെ കുത്തഴിഞ്ഞു പോയി. മുണ്ടിന്റെ തലപ്പത്ത് പിടിച്ചതും മറുകയ്യിലിരുന്ന ചെറിയ മൊബൈൽ ഫോൺ മണ്ണിലേക്ക് വീണു.. ബഹളം കേട്ട് രാജേന്ദ്രനും അപ്പുവും കൂട്ടരും ഓടി പുറത്തേക്കിറങ്ങി അമ്പരന്ന് നോക്കി നിൽക്കുകയാണ്. എല്ലാം കണ്ട് രാജേന്ദ്രന് ചിരി വരുന്നുണ്ടായിരുന്നു.. " ദാ വല്യേട്ടാ കരിമീൻ. കുറച്ചേ കിട്ടിയുള്ളൂ. ഏമാന് എങ്ങിനാന്ന് വെച്ചാ ഉണ്ടാക്കി കൊടുക്ക്.. ഇരുവരും അനിയപ്പനെ ഉമ്മറത്ത് കൊണ്ട് ചെന്നിറക്കി.

അയാൾ മുണ്ട് ഒരു കൈ കൊണ്ട് താങ്ങി പിടിച്ച ശേഷം കരിമീൻ രാജേന്ദ്രന് നീട്ടി. അയാൾ അതും വാങ്ങി അകത്തേക്ക് പോയി അപ്പുവും ജെന്നിഫറും ആഷിതയും മുബീനയും അയാളെ തന്നെ അടിമുടി നോക്കുകയാണ്. " നിനക്ക് മോളാല്ലേടാ മാത്താ.. " ദേ.. ഇത്.. " മനസിലായി അപ്പന്റെ ഫോട്ടോകോപ്പിയല്ലേ. " പപ്പെടേം അങ്കിളിൻറേം ഫ്രണ്ടാ. " ഹായ് അങ്കിള്.. " ആ പിന്നാലെ പോയ പിള്ളേരേതാടാ. " അത് ഒരു കസിന്റെ മക്കളാടാ.. ജെന്നിഫർ അയാൾക്ക് നേരെ കൈ നീട്ടി.. അനിയപ്പൻ ഒന്ന് ശങ്കിച്ചു നോക്കിയ ശേഷം മുണ്ടിൽ കൈ തുടച്ച് കൊണ്ട് അവൾക്ക് നേരെ കൈ നീട്ടി.. രാജീവ് അയാളുടെ വീണ് പോയ്‌ ചെറിയ മൊബൈൽ എടുത്ത് തുടച്ചു കൊണ്ടു വരുന്നുണ്ടായിരുന്നു.. അകത്ത് നിന്ന് രാജേന്ദ്രൻ അപ്പുവിനെ വിളിക്കുന്നത് കേട്ട് എല്ലാവരും അകത്തേയ്ക്കോടി.. അനിയപ്പൻ ആഷിതയെയും മുബീനയെയും ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു.. " പിന്നെ വേറെന്തുണ്ടെടാ.. അച്ഛനും അമ്മേം കുഞ്ഞു മോളുക്കെ സുഖായിട്ടിരിക്കുന്നോ? " അച്ഛനും അമ്മേം പോയെടാ. നാല് കൊല്ലമായി. അച്ഛൻ പോയി ഒരു മാസം കഴിഞ്ഞപ്പോ അമ്മേം പോയി.. " ങേ. എന്നിട്ട് നീയൊരു വാക്ക് വിളിച്ചു പറഞ്ഞില്ലലോ ടാ.. " പറയാൻ ഞാൻ വിളിച്ചിരുന്നു. ഫോണെടുത്തത് നിന്റെ ഭാര്യായാ. മരിച്ചെന്ന് പറഞ്ഞപ്പോ വല്ല ധന സഹായത്തിനുമാണെങ്കി അകൗണ്ട് നമ്പർ അയച്ചു തന്നാ എത്രയാന്ന് വെച്ചാ അതിലേക്ക് തള്ളി തരാം പോലും. എന്റെ പട്ടിക്ക് വേണം സഹായം..

അന്ന് നീയിവിടെ വന്നിരുന്നേൽ നിന്റെ കരണംമടച്ചു ഞാനൊന്ന് തന്നെനെ. ഉള്ളിലത്രയ്ക്ക് സങ്കടമുണ്ടായിരുന്നു.. പിന്നെ വല്യേട്ടൻ കാര്യങ്ങൾ പറഞ്ഞപ്പോഴാ എനിക്ക് നിന്റെ അവസ്ഥ മനസിലായത്. " സത്യായിട്ടും ഞാനൊന്നും അറിഞ്ഞില്ലേടാ അനി. അവളൊന്നും പറഞ്ഞതുമില്ല. അനിയപ്പന്റെ കണ്ണിൽ ഓര് വെള്ളത്തിന്റെ വേലിയേറ്റം പൊങ്ങി തുടങ്ങിയിരുന്നു. രാജീവ് നിസഹായനെ പോലെ അയാൾക്ക് മുന്നിൽ തളർന്ന് നിൽക്കുകയാണ്.. ബോബി ഇരുവരെയും മാറി മാറി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.. " അതൊക്കെ പോട്ടെഡ. എല്ലാം കഴിഞ്ഞില്ലേ. " ഉം .. അപ്പോ കുഞ്ഞു മോള് ? " അവളുടെ കല്ല്യാണം കഴിഞ്ഞു ഒരു കൊച്ചായി. പ്രേമം തലക്ക് പിടിച്ചാ പിന്നെന്ത് ചെയ്യും. കെട്ടിച്ചു കൊടുത്തു. " അവളിപ്പോവിടെയാടാ ? " എന്റെ വീട്ടിലുണ്ട്.. കെട്ടിയവൻ ഒരു പൊങ്ങാനാ. എന്തേലും പണിക്ക് പോയി വല്ലോം കിട്ടിയാ ഷാപ്പിൽ കൊടുക്കാൻ തികയില്ല.. തന്തേം തള്ളേം മരിച്ചു കഴിഞ്ഞപ്പോ ആ വീടും സ്ഥലോം അവന്റെ പേരില് എഴുതി കൊടുക്കാൻ പറഞ്ഞു എന്നും അവളെ യെടുത്തിട്ട് ചവിട്ടാ. കണ്ട് മടുത്തപ്പോ ഞാനത് എഴുതി കൊടുത്തു. പെണ്ണും പെടക്കോഴി മില്ലാത്ത എനിക്കെന്ത് മങ്ങാത്തൊലിയ്ക്കാണ് ആ മൂന്ന് സെന്റ് സ്ഥലോം വീടും.. " അവന്റെ പേരിലോ ? " അതെന്റെ പട്ടി ചെയ്യും. എന്റെ കാലം കഴിഞ്ഞാൽ അത് അവളുടേം കൊച്ചിന്റേം പേരിലാക്കാൻ ഒരു വക്കീലിനെ കണ്ട് വില്ലെഴുതി റെജിസ്റ്റർ ചെയ്യിപ്പിച്ചിട്ടു.

അവൾടെ പേരില് തീറ് കൊടുത്ത ആ തെണ്ടി അതും കൂടി വിറ്റ് കുടിക്കും.. ഇപ്പോ എനിക്കെതിരെ കേസ് കൊടുക്കാൻ നടക്കുവാ. നടക്കട്ടെ.. ഇങ്ങനെ പോയാ അതികം താമസിയാതെ എന്റെ കയ്യീന്ന് അവൻ വാങ്ങിക്കും. എന്നിട്ട് എവിടെ നിന്റെ പ്രിയപ്പെട്ട ഭാര്യാ പുറത്തേക്കൊന്നും കണ്ടില്ലല്ലോ.. എന്നേലും നേരിട്ട് കാണുമ്പോ പറയാൻ ഞാൻ ഇംഗ്ലീഷിൽ കുറച്ചു വാക്ക് പഠിച്ചു വെച്ചിട്ടുണ്ടായിരുന്നു. " അത് കേൾക്കാനുള്ള ഭാഗ്യമൊന്നും അവൾക്കില്ലെടാ. " ഓ അപ്പോ വന്നിട്ടില്ല.. നന്നായി. രണ്ടെണ്ണം അടിച്ചിട്ട് വരുമ്പോഴാണ് കണ്ടിരുന്നേൽ ഞാൻ വല്ലോം വിളിച്ചു പറഞ്ഞേനെ.. എടാ നിന്റല് കാശ് വല്ലോമുണ്ടോ ? " ദാ എത്രയാ വേണ്ടെന്ന് വെച്ചാ എടുത്തോ. " എനിക്കെന്തിനാടാ ഇത് മുഴുവൻ.. ദേ ഇത് മതി.. രാജീവ് മടികുത്തിൽ നിന്ന് പേഴ്സെടുത്ത് അയാൾക്ക് നീട്ടി.. അതിനുള്ളിൽ കുറച്ച് അഞ്ഞൂറിന്റെയും നൂറിന്റെയും പത്തിന്റെയും നോട്ടുകൾ അടക്കി വെച്ചിട്ടുണ്ടായിരുന്നു. അയാൾ അതിൽ നിന്ന് ഒരു നൂറ് രൂപ നോട്ട് വലിച്ചെടുത്ത ശേഷം പേഴ്‌സ് അയാൾക്ക് തിരികെ നീട്ടി. " അടിക്കാനാണെങ്കിൽ സാധനം ഇവിടുണ്ടെടാ.. " ഏയ്. വെള്ളത്തിന്ന് കേറിയാ ഒരു കുപ്പി കള്ള് അത് ശീലായി പോയി. അതിനിത് തന്നെ ധാരാളം.. " ഇത് നിന്റ ഊള കള്ളല്ല അനിയാ. " എന്ത് മൈ.. ആയാലും കുട്ടനാടൻ ഷാപ്പിലെ കള്ളും കപ്പയും കൊഞ്ചും കഴിക്കുന്നെന്റെ സുഖം അത് വേറെയാടാ പോത്താ.. അപ്പോ ശരിയെടാ മക്കളെ. " നീ പോകുവാണോ ? " ആദ്യം പോയി ഒരു കുപ്പി പിടിപ്പിക്കട്ടെ. ഞാൻ വൈകീട്ട് വരാടാ..

അപ്പോ പറഞ്ഞത് ഓർമയുണ്ടല്ലോ ഷാപ്പീ പോകുമ്പോ പിന്നിലൊരു സീറ്റ് ഒഴിച്ചിട്ടേക്കണം.. അയാൾ മടക്കി വെച്ച ഷർട്ടിന്റെ കൈയിലേക്ക് കാശ് ചുരുട്ടി വെച്ചു കൊണ്ട് നടന്നു നീങ്ങി.. " സത്യത്തിൽ നിന്റെ പെണ്ണുമ്പിള്ളയെ വീട്ടുകാർക്കുമല്ല നാട്ടുകാർക്കും ഭയങ്കര ഇഷ്ട്ടണല്ലേ.. " ങാ.. അസൂയപ്പെട്ടിട്ട് കാര്യമില്ല മാത്താ അതിനും വേണം ഒരു ഭാഗ്യം.. " എന്നാ അനുഭവിച്ചോ .. " കുഞ്ഞേട്ട. ദേ കഴിക്കാനെടുത്ത് വെച്ചിട്ടുണ്ട്.. " ങാ വരുന്നു.. വാടാ. നടന്ന് നീങ്ങുന്ന അനിയപ്പനെ നോക്കി കൊണ്ട് ബോബി രാജീവിനെ കളിയാക്കി. അയാൾ അനിയപ്പനെ തന്നെ നോക്കി നിൽക്കുകയാണ്. പെട്ടെന്ന് രഞ്ജിനി വാതിൽക്കൽ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു. ഇരുവരും അയാൾ പോയി മറയുന്നത് നോക്കി കൊണ്ട് അകത്തേക്ക് നടന്നു.. അടുക്കളയോട് ചേർന്ന് ഡൈനിംഗ് ഹാളിലെ ടേബിളിൽ ആനിയും അപ്പുവും ജെന്നിഫറും മുബീനയും ആഷിതയും ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.. " ദാ കഴിക്ക്. " കറിക്ക് ചൂടുണ്ടാട്ടോ. ശ്രദ്ധിക്കണെ. രേണുക അവർക്ക് മുന്നിലേക്ക് വെളുത്ത പൂക്കളുള്ള മൺ പ്ലേറ്റ് എടുത്ത് വെച്ചു ശേഷം പരന്ന പാത്രത്തിൽ അടക്കി വെച്ചിരുന്ന പുട്ട് നീക്കി വെച്ചു. ശാന്തി കനലെരിയുന്ന അടുപ്പിലെ ചെറു ചൂടിലെ കടല കറി വലിപ്പമുള്ള കുഴിഞ്ഞ ചില്ല് ബൗളിലാക്കി അവർക്ക് മുന്നിൽ കൊണ്ട് വെച്ചു. "

വല്ല്യേട്ടനിതുവരെ പഴയ ശീലങ്ങളൊന്നും കളഞ്ഞിട്ടില്ലാ ല്ലേ. ? " നമ്മളെത്രയൊക്കെ വളർന്ന് വലുതായാലും ചില ശീലങ്ങളങ്ങിനെ മാറ്റാനും മറക്കാനും പറ്റില്ലാലോ മാത്ത.. " എന്നാ എനിക്കും ഇത് മതി.. " പിന്നെ ഞാൻ മാത്രമായിട്ടെന്തിനാ മാറി നിക്കണേ. എനിക്കൂടി എടുത്തോ ഏടത്തി. " നിങ്ങക്ക് മോളിലിരുന്നാ പോരെടാ. " ഇങ്ങനെയിരുന്നു കഞ്ഞി കുടിച്ച കാലം മറന്നു വേട്ടാ.. രാജേന്ദ്രൻ ഡൈനിംഗ് ഹാളിന്റെ ഒരരികിൽ നിലത്തിരുന്ന് കുഴിഞ്ഞ മൺ കലത്തിൽ തൈരൊഴിച്ച കഞ്ഞി കൈ കൊണ്ട് വാരി കഴിക്കുന്നുണ്ടായിരുന്നു. കൂടെ അച്ചാറും പപ്പടവും കാന്താരിയും. ഉപ്പിലിട്ട നെല്ലിക്ക, മുളകിൽ ചാലിച്ചതിന്റെ മണമടിച്ചതും മാത്തന്റെ വായിൽ വെള്ളം വന്നു. അയാൾ ധൃതിയിൽ രാജേന്ദ്രന് അടുത്ത് വന്നു ചമ്രംപടഞ്ഞിരുന്നു. അത് കണ്ട് രാജീവും അയാൾക്കരികിലേക്ക് വന്നിരുന്നു.. " പിള്ളേരെന്തേടി രേണു.. " കഴിഞ്ഞ തവണ വന്നപ്പോ വല്യേട്ടൻ ആ പിന്നാമ്പുറത്തെ മാവിലൊരു ഊഞ്ഞാല് കെട്ടി കൊടുത്തിട്ടിണ്ടായിരുന്നു. രണ്ടും കൂടി ദേ അതിലിരുന്നു ആടുന്നുണ്ട്. " മൺ കലം, പഴങ്കഞ്ഞി, അച്ചാർ, കാന്താരി , പപ്പടം.. ആഹാ. എന്തൊക്കെ കഴിച്ചാലും ഇതിന്റെയൊരു ഗമ വേറെ തന്നെയാ രേണു.. " എനിക്കും വേണം. രേണു കുഴിഞ്ഞ മൺപാത്രത്തിൽ അവർക്കുള്ള കഞ്ഞി കൊണ്ട് വന്നു വെച്ചു.

പിന്നാലെ അച്ചാറും പപ്പടവും കാന്താരിയും. അത് കണ്ടപ്പോൾ അപ്പുവിന് കൊതി പിടിച്ചു. നബീസു വെച്ചു നീട്ടിയ സ്നേഹത്തിന്റെ രുചി ഓർമയിൽ തെളിഞ്ഞതും അവൻ പുട്ട് ഉപേക്ഷിച്ചു കസേരയിൽ ചാടിയിറങ്ങി അവർക്കടുത്തേക്ക് ചെന്നു.. " അതിനെന്താ അപ്പുണ്ണിക്ക് വല്യച്ഛൻ തരാല്ലോ.. വാ. ഇവനിതൊക്കെ കഴിച്ചു ശീലോണ്ടോ കുട്ടാ.. " ങാ. എനിക്ക് ആന്റി തരോല്ലോ.. ദേ ഇങ്ങനെ ഇങ്ങനെ ഇടിച്ച് കൈ കൊണ്ട് ഇങ്ങനെ കാണിച്ച് പിക്കിളിണ്ടാക്കി തരും. അപ്പൊ എരിയും .. ഇല്ലേ താത്തൂ.. " ഒരു സ്പൂണ് തന്നെ രേണു.. അപ്പു രാജേന്ദ്രന്റെ മടിയിൽ കയറിയിരുന്നു. അവൻ അയാൾക്ക് മുന്നിൽ നബീസുവിന്റെ രുചികൂട്ടുകൾ ആംഗ്യം കാണിച്ചു വിശദീകരിച്ചു കൊടുത്ത് കൊണ്ട് ആഷിതയെയും മുബീനയെയും നോക്കി. അവർക്ക് അവന്റെ സംസാരവും ആംഗ്യവും കണ്ട് ചിരി വരുന്നുണ്ടായിരുന്നു.. രേണു അയാൾക്ക് സ്പൂണ് നീട്ടി. രാജേന്ദ്രൻ കഞ്ഞി കോരി അപ്പുവിന്റെ വായിലേക്ക് വെച്ചു കൊടുത്തു. പഴങ്കഞ്ഞിയും കട്ട തൈരിന്റെ പുളി വായിൽ നിറഞ്ഞപ്പോൾ അവനൊന്ന് കുളിർന്ന് വിറച്ചു.. അത് കണ്ടപ്പോൾ ജെന്നിഫറിന്റ വായിലും വെള്ളം നിറയുന്നുണ്ടായിരുന്നു.. " മോൾക്ക് വേണോ ? " ങാ.. " എന്നാ വാ.. ജെന്നിഫറിന്റ നോട്ടവും ഇരിപ്പും കണ്ടപ്പോൾ രാജേന്ദ്രൻ അവളെ കൂടി അടുത്തേക്ക് വിളിച്ചു.

അവൾ കസേരയിൽ നിന്ന് ചാടിയിറങ്ങി അയാൾക്ക് മുന്നിൽ വന്നിരുന്നു. ഒരു സ്പൂൺ കോരി അയാൾ അവൾക്കും നീട്ടി. വായിൽ പുളിപ്പ് നിറഞ്ഞു അവളുടെ ചുണ്ടുകൾ ഒരു വശത്തേക്ക് കോട്ടി പോയി. " വല്യച്ഛൻ ആനെ കണ്ടിട്ടിണ്ടാ.. " ഇണ്ടല്ലോ.. " ഞാനും വല്ല്യൊരു ആനെ കണ്ടു. ഇല്ലേ കൊച്ചു.. " ങാ. " ഈ ആനയാണോ താത്തൂ , തൂത്തൂനെ കുത്തിയെ ? ആനയെ കണ്ട കാര്യം അപ്പുവിനെ ആഷിത പറഞ്ഞ നുണകഥയുടെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോയി. ചോദ്യം കേട്ട് മുബീന ഒന്ന് ഞെട്ടി ആഷിതയെ നോക്കി. അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. " ആന കുത്തിയോ, ആരെ. ? " അന്നൊരൂസം ദേ താത്തൂന്റെ ദിവടെ വല്ല്യൊരു ആന കുത്തി. കൊറേ ചോര വന്ന്. ല്ലേ താത്തൂ.. " അയ്യേ. ഈ കോരങ്ങൻ ചെക്കൻ പറയണ കെട്ടില്ലെടി.. അപ്പു അയാളുടെ മടിയിൽ നിന്ന് ഇറങ്ങി നിന്ന് ആന കുത്തിയ പിന്നാമ്പുറഭാഗം എല്ലാവർക്കും മുന്നിൽ കാണിച്ചു കൊടുത്തു. മുബീനയ്ക്ക് ചമ്മലും ദേഷ്യവും വരുന്നുണ്ടായിരുന്നു. അവൾ അപ്പുവിനെ കണ്ണുരുട്ടി കാണിച്ചു കൊണ്ട് ആഷിതയെ നോക്കി. അവൾ ഇടത് കൈ കൊണ്ട് വായ് പൊത്തി ചിരിക്കുകയാണ്.. " ഇവനിതെന്ത് കഥയാ കുട്ടാ ഈ പറയണേ. " അതോന്നൂല്ല വല്യേട്ടാ. മുബീന വയസറിയിച്ചതിന് ആഷിയൊരു കഥയുണ്ടാക്കി പറഞ്ഞതാ.. അതാ ഈ പറയണേ.

" ആഹാ. അതാണോ. ഹ ഹ ഹ. ന്നാലും ന്റെ അപ്പുണ്ണി. നിന്റെയൊരു ആന കഥ. രാജേന്ദ്രൻ സംശയത്തോടെ രാജീവിനെ നോക്കി. അയാൾ ചിരിയടക്കി കൊണ്ട് ആനകഥയുടെ യഥാർഥ കാരണം വെളിപ്പെടുത്തി. അത് കേട്ട് രാജേന്ദ്രൻ ഉറക്കെ പൊട്ടി ചിരിച്ചു കൊണ്ട് അപ്പുവിന്റെ കവിളിൽ നുള്ളി.. മുബീന ചമ്മലോടെ ആരെയും ശ്രദ്ധിക്കാതെ തല കുനിച്ചിരിക്കുകയാണ്. " അല്ലെടാ സത്യത്തിൽ ആന കുത്തിയോ? " പോത്ത് പോലെ വളർന്ന എന്റെ പൊന്നു മാത്താ, പോത്താ. ഒരു മനുഷ്യന് ഇത്രയ്ക്ക് വിവരമില്ലാത്തവനാവരുത്. " അത് കൊള്ളാം ആന കുത്തിന്ന് നിന്റെ മോനല്ലേ പറഞ്ഞത്.. " പ്ലീസ് എന്നെക്കൊണ്ട് തെറി പറയിപ്പിക്കരുത്. ആ കഞ്ഞിയോന്ന് കുടിച്ചു തീർക്കാമോ. " അല്ലെടാ അത്.. " ഉം.. മതി. ഇനി മിണ്ടിയാൽ അച്ചാറെടുത്ത് ഞാൻ കണ്ണിൽ തേക്കും.. കഴുത. ബോബിക്ക് കാര്യങ്ങളുടെ സത്യാവസ്ഥ മനസിലായിട്ടുണ്ടായിരുന്നില്ല. അയാൾ സംശയത്തോടെ രാജീവിനെ നോക്കി. വയസറിയിച്ചു വെന്ന് വ്യക്തമായി പറഞ്ഞിട്ടും ബോബിക്ക് മനസിലായില്ല എന്ന് കണ്ടപ്പോൾ രാജീവ് അയാളെ കളിയാക്കി കൊണ്ട് കഞ്ഞി കുടിച്ചെഴുനേറ്റ് പുറത്തേക്ക് പോയി. ബോബി അപ്പോഴും കാരണമാറിയതെ ഇരുന്ന് കണ്ണ് മിഴിക്കുന്നുണ്ടായിരുന്നു.. " എവിടെ കുട്ടൻമാമന്റെ കുട്ടി മണികളെവിടെ.. " ഇവിടുണ്ടല്ലോ.. "

എന്നാ മാമനെം കൂടി ഊഞ്ഞാലാട്ടോ. " മാമൻ വന്നപ്പോ ചോക്ലേറ്റ് കൊണ്ടോന്നില്ലല്ലോ. ചോക്ലേറ്റ് തന്നാ ആട്ടാം.. രാജീവ് പിന്നാമ്പുറത്തേക്കിറങ്ങി രേണുകയുടെയും രഞ്ജിനിയുടെയും മക്കൾകരികിലേക്ക് ചെന്നു. മാളുവും, കുക്കുവും. ഇരുവർക്കും ഈ രണ്ട് വിളിപ്പെരുകളുമിട്ടത് രാജീവായിരുന്നു. ഇരുവരും ഒന്നിച്ചിരുന്നു ഊഞ്ഞാലാടുകയാണ്.. സന്ധ്യ അയാളെ ശ്രദ്ധിക്കാതെ പിന്നിൽ നിന്ന് അവരെ തള്ളി വിടുന്നുണ്ടായിരുന്നു.. " എന്താടി പെണ്ണേ വന്നപ്പോ മുതല് നിന്റെ മോത്തിനിത്ര കനം. ? " പോ ചെറിയച്ഛനെന്നോട് മിണ്ടണ്ടാ.. " ഞാനതിനെന്ത് ചെയ്തടി ?. " ഓ ഒന്നും ചെയ്തില്ല. സന്ധ്യ അയാളെ നോക്കി വീണ്ടും പരിഭവം കാണിച്ചു മുഖം തിരിച്ചു. രാജീവ് ഒന്നും മനസ്സിലാവാതെ അവളെ നോക്കുകയാണ്. " കാര്യന്താന്ന് പറയടി പെണ്ണേ. " അത് ഞാൻ വിളിച്ചപ്പോ ചെറിയമ്മ.. " ഡി.. നീയിങ്ങോട്ട് വന്നേ.. " ചെറിയമ്മ ? " അത്.. " നിന്നെ വിളിച്ചത് കേട്ടില്ലേ. ഇങ്ങോട്ട് വാടി. " ങാ വരുന്നമ്മായി.. " ഡി നീയിത് പറഞ്ഞിട്ട് പോ. സന്ധ്യ പരിഭവത്തിന്റെ കാരണം പറയാൻ തുടങ്ങിയപ്പോഴേക്കും രഞ്ജിനി കരിമീൻ വെട്ടി കഴുകി അകത്തേക്ക് നടക്കുന്നുണ്ടായിരുന്നു. ഇരുവരുടെയും സംസാരം കണ്ടപ്പോൾ അവൾ അമ്പരപ്പോടെ സന്ധ്യയെ അകത്തേക്ക് വിളിച്ചു. രാജീവ് സംശയത്തോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. " ഡി നിന്നോട് ഞാൻ പറഞ്ഞതല്ലേ കുഞ്ഞേട്ടനോടൊന്നും ചെന്ന് എഴുന്നുള്ളിക്കാൻ നിക്കരുതെന്ന്.. " ചെറിയച്ഛന്റെ മുഖം കാണുമ്പോ എങ്ങിനെയാ അമ്മായി അത് പറയാതിരിക്കണെ ?

" ങാ പറയണ്ട കാര്യം മാത്രം പറഞ്ഞാ മതി. നമ്മളൊന്നും അറിഞ്ഞതായിട്ട് കാണിക്കണ്ട.. കേട്ടല്ലോ. " എനിക്ക് നിങ്ങളെ പോലെ ഉള്ളിലൊന്ന് വെച്ചോണ്ട് പുറമെ ചിരിച്ചു കാണിക്കാനൊന്നും അറിയില്ല അമ്മായി. അല്ലെങ്കിൽ തന്നെ അങ്ങേർടെ ഭാര്യ തന്നെ പറഞ്ഞതല്ലേ. " എന്താടി എന്തായിവിടെ ? രഞ്ജിനി സന്ധ്യയെ ശകാരിക്കുന്നത് കേട്ട് ശാന്തി പുറത്തേക്ക് വന്നു.. " കുഞ്ഞേട്ടൻ വന്നപ്പോ ഇവളല്ലേ നമ്മളോട് പറഞ്ഞത് ബിനേടത്തിയെ വിളിച്ച കാര്യം പറയരുതെന്ന്.. എന്നിട്ട് ഇവള് തന്നെ അത് കുഞ്ഞേട്ടനോട് പോയി പറയാൻ പോണ്. " ഒന്ന് മിണ്ടതിരിയെടി. കുറെ നാള് കൂടിയാ അവനിങ്ങോട് വന്നത്. അവനെ ഇപ്പൊ തന്നെ പറഞ്ഞു വിടാണോ നിനക്ക്.. " അത് ചെറിയച്ഛൻ അറിഞ്ഞുന്ന് വെച്ച് എന്താ കുഴപ്പമമ്മേ. ആരെന്തൊക്കെ പറഞ്ഞാലും എന്റെ ചെറിയച്ഛൻ ഒരു പെണ്ണിന്റേം പിന്നാലെ പോകില്ലെന്ന് എനിക്കറിയാം. സൂക്കേഡ് മുഴുവൻ ആ ഹിഡുംബി തള്ളയ്ക്കാ. " വഷത്തരം പറയുന്നോടി അസത്തെ.. ആരെന്തൊക്കെ പറഞ്ഞാലും ബീന അവന്റെ ഭാര്യാ. ആ അവളെ പറ്റിയാണോ അവനോട് നീ ഓരോന്ന് പറയാൻ പോണത്. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം നിന്നെ പ്രസവിച്ചെന്നെയുള്ളൂ പക്ഷെ അവനാ എന്റെ മൂത്ത മോൻ. മിണ്ടരുത് ന്ന് പറഞ്ഞാൽ മിണ്ടരുത്.. കേട്ടല്ലോ.. " എല്ലാ അമ്മമാരും മൂത്ത മക്കളോടാ എന്തും ആദ്യം പറയണത്. എന്നിട്ടും എന്തിനാ ഏടത്തി നിങ്ങളെല്ലാരും എന്നോട് ഓരോന്ന് മറച്ചു വെക്കണെ.. പെട്ടെന്ന് രാജീവിനെ കണ്ട് എല്ലാവരും ഞെട്ടി........ തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story