എന്റെ ഉമ്മാന്റെ പേര്: ഭാഗം 47

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" എല്ലാ അമ്മമാരും മൂത്ത മക്കളോടാ എന്തും ആദ്യം പറയണത്. എന്നിട്ടും എന്തിനാ ഏടത്തി നിങ്ങളെല്ലാരും എന്നോട് ഓരോന്ന് മറച്ചു വെക്കണെ.. പെട്ടെന്ന് രാജീവിനെ കണ്ട് എല്ലാവരും ഞെട്ടി. " പറയാൻ മാത്രമൊന്നുമില്ല കുട്ടാ.. ഇവള് വെറുതെ ഓരോന്ന്.. " പറയാൻ മാത്രം ഒന്നുമില്ലെങ്കിൽ പിന്നെന്തിനാ നിങ്ങളിവളെ തടഞ്ഞത്. അതിനർത്ഥം ഞാനറിയാൻ പാടില്ലാത്തത് എന്തോ ഉണ്ടെന്നല്ലേ ഏടത്തി.. രാജീവിന്റെ ചോദ്യത്തിന് മുന്നിൽ എന്ത് പറയണമെന്നറിയതെ ശാന്തിയും രഞ്ജിനിയും നിന്നുരുകുകയാണ്.. സന്ധ്യ വിളറി വിയർത്ത് അയാളെ നോക്കുന്നുണ്ടായിരുന്നു.. " ഇനി ഞാൻ വന്നതാണോ നിങ്ങക്ക് പ്രശ്നം ? " നീയെന്താ കുട്ടാ ഇങ്ങനൊക്കെ പറയണേ. നിന്റെ തറവാട്ടിലേക്ക് വരാൻ നിനക്ക് ഞങ്ങടെ അനുവാദം വേണോ ? " പിന്നെ ഞാനെന്താ പറയണ്ടെ ഏടത്തി. വന്നപ്പോ മുതൽ ദേ ഇവള് മുഖം കെറ്റിപ്പിടിച്ചു നടക്കുവാ. ഉള്ളിലൊരോന്ന് വെച്ച് നിങ്ങളും നന്നായി അഭിനയിക്കുന്നുണ്ടെന്ന് ഇപ്പൊ മനസിലായി . അതിനും മാത്രം എന്താ നിങ്ങള് എന്നീ ന്ന് മറച്ച് പിടിക്കണെന്ന് സത്യം പറഞ്ഞാ എനിക് മനസ്സിലാവണില്ല. " കുഞ്ഞേട്ടാ അത് പിന്നെ ? "

അമ്മായി ഒന്ന് മിണ്ടാതിരുന്നെ. കാര്യമെന്താന്ന് ഞാൻ പറയാ ചെറിയച്ഛ. അവർ തന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു വെക്കാൻ ശ്രമിക്കുന്നുണ്ടെന്ന് രാജീവിന് മനസിലായി. സന്ധ്യ രഞ്ജിനിയെ ഈർഷ്യയോടെ നോക്കി. ശാന്തിയുടെ മുഖം വല്ലാതെ വിളറി തുടങ്ങിയിരുന്നു. " എന്നെ പെണ്ണ് കാണാൻ വരുന്ന കാര്യം പറയാൻ അച്ഛൻ ചെറിയച്ഛനെ വിളിച്ചിരുന്നു. ചെറിയച്ഛന്റെ ഫോൺ ഓഫായിരുന്നത് കൊണ്ട് എന്നോട് ചെറിയമ്മയെ വിളിച്ചു പറയാൻ അച്ഛൻ തന്നെയാ പറഞ്ഞത്.. അപ്പോഴാ ചെറിയമ്മ.. " അവളെന്ത് പറഞ്ഞു ? " അത്.. പിന്നെ. " അവള് നിന്നെ അനാവശ്യം വല്ലോം പറഞ്ഞോ ? " ഏയ്. എന്നെയൊന്നും പറഞ്ഞില്ല. പക്ഷെ ചെറിയച്ഛനെ പറ്റി മോശായി പറഞ്ഞു.. " എന്ത് ? വാക്കുകൾ പുറത്തേക്ക് വരാതെ സന്ധ്യ വല്ലാതെ വെപ്രാളപ്പെടുന്നുണ്ടായിരുന്നു.. കാരണമറിയാൻ രാജീവ് തിടുക്കം കൂട്ടുകയാണ്.. രഞ്ജിനിയും ശാന്തിയും പേടിയോടെ പരസ്പരം നോക്കി.. " അത്.. വീട്ടില് ജോലിക്ക് വരുന്ന ഏതോ സ്ത്രീയുമായി ചെറിയച്ഛന് എന്തോ റിലേഷൻ ഉണ്ടെന്ന്. അത് കൊണ്ടാ ചെറിയമ്മ ഡൽഹിക്ക് ട്രാൻസ്‌ഫർ വാങ്ങി പോയതെന്ന്.. " ഓഹോ.. അവൾടെ മനസ്സും ചിന്തയും ഇത്രയ്ക്ക് വിഷമായിരുന്നോ. പറഞ്ഞു തീർത്തപ്പോഴേയ്ക്കും സന്ധ്യ വല്ലാതെ വിയർത്ത് പോയിരുന്നു..

പിന്നാമ്പുറത്തെ ചവിട്ട് പടിയോട് ചേർത്ത് വെച്ചിരുന്ന അരകല്ലിന്റെ മുകളിലേക്ക് രാജീവ് തളർന്നിരുന്നു.. ശാന്തിയും രഞ്ജിനിയും ഭയന്ന് നിൽക്കുകയാണ്.. " കുട്ടാ. അവള് പറഞ്ഞത് നുണയാണോ, സത്യാണോ എന്താണെന്ന് ഏടത്തിക്കറിയില്ല. പക്ഷെ പെട്ടെന്ന് അവളുടെ വായീന്ന് അങ്ങനെയൊക്കെ കേട്ടപ്പോ എനിക്ക് ഭയങ്കര വിഷമം തോന്നി.. അവള് പറയണത് പോലെ ഒന്നുമില്ലല്ലോ ല്ലേ മോനെ.. " ഉണ്ടെടത്തി.. ശാന്തിയും രഞ്ജിനിയും പരസ്പ്പരം ഞെട്ടി നോക്കി.. സന്ധ്യയുടെ ശ്വാസം ഒരു നിമിഷം നിലച്ചു പോയത് പോലെ അവൾ കണ്ണ് മിഴിച്ചു.. " അത് പക്ഷെ അവള് പറയണത് പോലെ മറ്റൊരു തരത്തിലുള്ള ബന്ധമല്ല ഏടത്തി. അമ്മുനെം രേണുനെം പോലെ തന്നെയാ എനിക്കവരും. ഒരു നോട്ടം കൊണ്ട് പോലും ഞാനവരെ തെറ്റായി കണ്ടിട്ടില്ല. കാണേമില്ല. അവള് പറഞ്ഞ ആ സ്ത്രീയുണ്ടായത് കൊണ്ട് മാത്ര എന്റെ അപ്പു ഇപ്പോഴും ജീവനോടിരിക്കണെ. ന്യൂമോണിയ കൂടി പനിച്ചു വിറച്ചു കിടന്ന എന്റെ കൊച്ചിനെ തക്ക സമയത്ത് അവര് ആശുപത്രിയിലെത്തിച്ചില്ലായിരുന്നെങ്കിൽ ഇന്നൊരു പക്ഷെ അവനീ ഭൂമിയിൽ ഉണ്ടാവില്ല.. അപ്പൂന്ന് പറഞ്ഞാ അവർക്ക് ജീവനാ, സ്വന്തം മക്കളെക്കാൾ കാര്യയിട്ടാ അവര് നമ്മടെ അപ്പൂനെ നോക്കണേ. അവന് തിരിച്ചും അങ്ങിനെ തന്നെയാ.

കാശുണ്ടാക്കാനുള്ള വെപ്രാളത്തിനിടയിൽ കഴിഞ്ഞ ഒമ്പത് കൊല്ലം ഞാനോ അവളോ അപ്പൂനെ സ്നേഹിച്ചിട്ടില്ല, അവന്റെ ഇഷ്ട്ടങ്ങളോ ആഗ്രഹങ്ങളോ തിരിച്ചറിഞ്ഞിട്ടില്ല. ഞാനോ അവളോ അതിന് ശ്രമിച്ചിട്ടില്ലെന്ന് പറയുന്നതാവും ശരി. പക്ഷെ ഇന്നോളം ഞങ്ങള് കൊടുത്തിട്ടില്ലാത്താ സ്നേഹം മുഴുവൻ ഈ ഒരു കൊല്ലം കൊണ്ട് അവര് അപ്പൂന് കൊടുത്തിട്ടുണ്ട്. അവന്റെ മുഖമൊന്ന് മാറിയാൽ അവർക്ക് അതിന്റെ കാരണം മനസിലാകും. അവനിഷ്ടപ്പെട്ടത് എന്താണെങ്കിലും അവരവന് വെച്ചുണ്ടാക്കി കൊടുക്കും. വന്നപ്പോ വല്യേട്ടനോട് അവൻ പറഞ്ഞത് കേട്ടില്ലേ അത് അവന്റെ താത്തൂമാരാന്ന്. അവരെന്നു പറഞ്ഞാ അവന് ജീവനാ. " ഡാ ഓടല്ലേടാ.. നിക്കേടാ. നിക്കേടാ കോരങ്ങാ.. രാജീവിന്റെ മുഖം വല്ലാതെ കുനിഞ്ഞു പോയിരുന്നു. കണ്ണുകൾ കലങ്ങി നിറഞ്ഞു താഴേയ്ക്ക് ഒഴുകി തുടങ്ങി. ബഹളം കേട്ട് ശാന്തിയും രഞ്ജിനിയും അകത്തേക്ക് നോക്കി.. മുബീനയും ആഷിതയും ജെന്നിഫറും അപ്പുവും കൂടി ഹാളിൽ ഓടി കളിക്കുന്നുണ്ടായിരുന്നു.. " ജീവിതമെന്താണെന്ന് എന്നെ പഠിപ്പിച്ചതാവരാ, ബന്ധങ്ങളുടെ വിലയെന്താണെന്ന് എനിക്ക് മനസിലാക്കി തന്നത് ആ സ്ത്രീയാ. സ്വന്തം കെട്ടിയോനേം മോനേം മറന്ന് പണവും പ്രശസ്തിയും നോക്കി പോയ എന്റെ ഭാര്യയേക്കാളും സ്നേഹോം ബഹുമാനോം എനിക്കവരോടുണ്ട്.

പക്ഷെ അതിന് അവള് പറഞ്ഞപോലെ മറ്റൊരു അർതോത്ഥമില്ല. ഇനിയുണ്ടാവേമില്ല.. ഈ ലോകത്ത് ഒരാണും പെണ്ണും തമ്മിൽ ബീന പറഞ്ഞപോലൊരു ബന്ധം മാത്രമല്ല ഏടത്തി ഉള്ളത്.. പരസ്പ്പരം മനസിലാക്കാൻ പറ്റിയാൽ, അതിനേക്കാൾ കൂടുതൽ പരസ്പരം സ്നേഹിക്കാനും പറ്റും. ഈ ചുരുങ്ങിയ നാള് കൊണ്ട് അവരെനിക്കത് മനസിലാക്കി തന്നിട്ടുണ്ട്.. " ആ പിശാചിന്റെ വാക്കും കേട്ട് ഓരോന്ന് ചോദിച്ചു ചെറിയച്ഛന്റെ മനസ്സ് വേദനിപ്പിച്ചപ്പോ എല്ലാവർക്കും സമാധാനയില്ലേ.. " മക്കളെ കുറിച്ച് അരുതാത്തത് കേട്ടാ ഏത് അമ്മമാർക്കും വേദനിക്കും. ഞങ്ങടെ പ്രായമെത്തുമ്പോ നിനക്കത് മനസിലാവും. " ചെറിയച്ഛന്റെ ഭാര്യായത് കൊണ്ട് പറയണതല്ല. ആയമ്മയ്ക്ക് അല്ലേലും ഒരെല്ല് കൂടുതലാ. ഇനി വീട്ടിലേക്ക് വന്നാ അതങ്ങോട്ട് തല്ലിയൊടിച്ചേക്കണം ചെറിയച്ഛ. " എന്തായാലും ഇതിനുള്ള മരുന്ന് ഞാൻ അവൾക്ക് അവിടെ ചെന്ന് കൊടുക്കുന്നുണ്ട്.. സമയമാവട്ടെ. ശാന്തിക്കും രഞ്ജിനിക്കും മനസിൽ വല്ലാത്ത കുറ്റബോധം തോന്നി.. സന്ധ്യക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.. രാജീവ് ഒന്ന് ദീർഘമായി നിശ്വാസിച്ചു.. " ഉറപ്പായും കൊടുക്കണം ചെറിയച്ഛ. ആ ദുഷ്ട്ടാ പിശാച് തള്ളേടെ സൂക്കേഡ് അന്നത്തോടെ തീരണം.. " ഡി.. മതി മതി.. " കൊടുക്കാടി മോളെ.. എന്തായലും ഈ കാര്യം നിങ്ങള് തുറന്ന് ചോദിച്ചത് നന്നായി.

ഇതെല്ലാം മനസില് വെച്ചിട്ടാണ് നിങ്ങള് അവരോട് അടുപ്പം കാണിച്ചിരുന്നെങ്കിൽ ആ പിള്ളേര് ഇവിടെ ഒറ്റപ്പെട്ട് പോയേനെ. പാവങ്ങളാ ഏടത്തി. അവരുടെ ഉമ്മയല്ലാതെ അയിറ്റിങ്ങൾക്ക് വേറെ ആരുമില്ല. നമ്മളായിട്ട് ഓരോന്ന് പറഞ്ഞു അവരെ വിഷമിപ്പിക്കരുത്.. " അവരെ കുറിച്ചോർത്ത് ചെറിയച്ഛൻ ടെൻഷനാവാണ്ട.. അവർടെ കാര്യം ഞാനെറ്റു.. " കുട്ടാ.. രാജീവ് അരകല്ലിൽ നിന്നെഴുനേറ്റ് നടന്നതും ശാന്തി പിൻ വിളിച്ചു.. " എന്താ ഏടത്തി ? " ഏട്ടനിതൊന്നും അറിഞ്ഞിട്ടില്ലാട്ടോ. ഇന്ന് പെണ്ണ് കാണാൻ വരുന്ന കാര്യം വിളിച്ചു പറഞ്ഞിട്ടാ നീ വന്നെക്കണെന്നാ ഏട്ടൻ വിചാരിച്ചെക്കണേ. അത് അങ്ങിനെ തന്നെയിരുന്നോട്ടെ നീയായിട്ട് ഒന്നും പറയണ്ട.. " ഉം. രാജേന്ദ്രൻ ഇതൊന്നുമറിയാൻ പാടില്ലെന്ന് ശാന്തിക്ക് നിർബന്ധമുണ്ടായിരുന്നു.. അവർ രാജീവിനെ അപേക്ഷയുടെ സ്വരത്തിൽ നോക്കി.. അയാൾ ഒന്ന് മൂളി കൊണ്ട് തിരികെ നടന്നു.. " ഒന്നും ചോദിക്കണ്ടായിരുന്നു. പാവം ന്റെ കുട്ടി.. വന്ന് കേറിയപ്പോ തന്നെ. ഈ നശൂലം പിടിച്ചവളൊറ്റോരാള ഇതൊക്കെ ഇണ്ടാക്കിയെ.. " നശൂലം പിടിച്ചത് ഞാനല്ല ആ പിശാച് ചെറിയമ്മയാ.. അവരാ നശിച്ചു പോവേണ്ടത്.. എന്നേലും എന്റെ മുമ്പി കണ്ടാ തിളച്ച വെള്ളം കോരി മോത്തെക്കൊഴിക്കും. ജാഡ തള്ള.. നടന്ന് നീങ്ങുന്ന രാജീവിനെ നോക്കി ശാന്തി നെടുവീർപ്പിട്ടു കൊണ്ട് സന്ധ്യയെ ശകാരിച്ചു..

അവൾക്ക് ബീനയോടുള്ള കലി അപ്പോഴും അടങ്ങിയിട്ടുണ്ടായിരുന്നില്ല. അവൾ അവരെ മനസുരുക്കി ശപിക്കുന്നുണ്ടായിരുന്നു.. " അപ്പോ ഇനിയെങ്ങിനാ നമ്മടെ അടുത്ത പരിപാടി ? " നീ അനിയപ്പനെ ഒന്ന് വിളിക്ക് നമുക്ക് അവന്റെ വീടിന്റെ പിന്നിലെ തോട്ടില് കുളിക്കാൻ പോകാം. " ങാ അതെന്തായാലും കൊള്ളാം , ഈ ചൂടത്ത് കുറച്ചാശ്വാസം കിട്ടും. രാജീവ് ഉമ്മറത്തേക്ക് വന്നതും ബോബി ധൃതിയിൽ അകത്ത് നിന്ന് പുറത്തേക്കിറങ്ങി. " വല്ല്യേട്ടാ അനിയപ്പന്റെ നമ്പർ ഒന്ന് തന്നെ.. " ദേ ഇതില് ആദ്യം കിടക്കണ നമ്പർ അവന്റെയാ. രാജേന്ദ്രൻ ഹാളിലെ ഷെൽഫിനുള്ളിൽ എന്തോ തിരയുന്നുണ്ടായിരുന്നു. ബോബിയുടെ ചോദ്യം കേട്ട് അയാൾ മേശപ്പുറത്തിരുന്ന നോക്കിയയുടെ ചെറിയ മൊബൈലെടുത്ത് നീട്ടി.. ബോബി ഡൈൽഡ് ലിസ്റ്റിലെ ആദ്യത്തെ നമ്പർ തന്റെ മൊബൈലിൽ ഡൈൽ ചെയ്തു.. " ഡാ അനിയാ മാത്തനാ നീയെവിടെയാ?. " ഞാനിവിടെ ഷാപ്പിലുണ്ട്. എന്തെടാ ? " ങാ എന്നാ വേഗം അവിടുന്നിറങ്ങിക്കോ. ഞങ്ങളങ്ങോട്ട് കുളിക്കാൻ വരുന്നുണ്ട്.. " ദേ ഇറങ്ങി. ഡാ കള്ള് വല്ലോം വാങ്ങണോ ? " ഏയ്. സാധനം ഞങ്ങള് കൊണ്ടുവരാടാ. "

ആയിക്കോട്ടെ.. അനിയപ്പൻ കോള് കട്ട് ചെയ്ത് ശേഷം കുപ്പിയിൽ ബാക്കിയിരുന്ന കള്ള് ഒറ്റവലിക്ക് കുടിച്ചു തീർത്ത് കൊണ്ട് ഷാപ്പിൽ നിന്ന് പുറത്തേക്കിറങ്ങിയോടി.. " ഏയ് പിള്ളേഴ്‌സ് എല്ലാരും വന്നേ. നമുക്കോരിടം വരെ പോയിട്ട് വരാം.. " എവിടെയാ അച്ഛാ. " നേരത്തെ വന്നാ അങ്കിളില്ലേ, " ങാ, " ആ അങ്കിളിന്റെ വീട്ടിൽ.. ഡി അമ്മൂട്ടി. അളിയനെന്തേടി ? " ഞാനിവിടുണ്ട് അളിയാ.. രാജീവ് ഹാളിലേക്ക് കയറി. ഓടി കളിച്ചിരുന്ന അപ്പുവും കൂട്ടരും അയാളെ കണ്ട് അടുത്തേക്ക് വന്നു. രാജേന്ദ്രൻ അപ്പോഴും ഷെൽഫിനുള്ളിൽ എന്തോ തിരയുകയായിരുന്നു.. " ആഹാ നിങ്ങളീ മുറിയിൽ ഒറ്റയ്ക്കെന്തെടുക്കുവാ ? " പെണ്ണുങ്ങൾക്ക് അടുക്കളയിൽ തിരക്കല്ലേ, അപ്പോ നിങ്ങൾക്കുള്ള മുറികളൊന്നു തട്ടി കുടഞ്ഞു വിരിച്ചിടാന്ന് കരുതി കേറിയതാ.. ദേ ബോബി അളിയനോട് ഈ മുറിയെടുത്തോളാൻ പറയ്. " ഹാ. നിങ്ങളതൊക്കെ അവിടെയിട്ടിട്ട് ഇങ്ങോട്ട് വന്നേ അളിയാ. നമുക്ക് അനിയപ്പന്റെ വീട് വരെ പോയിട്ട് വരാം.. സന്ധ്യേ മാളൂനേം കുട്ടിമണിയെം കൂടി വിളിക്ക്.. " ങാ ചെറിയച്ഛ. ചോദ്യം കേട്ട് പ്രസാദ് മുറിയിൽ നിന്ന് ഒരു ചൂലുമായി പുറത്തേക്ക് വന്നു.. രാജീവ് അയാളെ കളിയാക്കി കൊണ്ട് ചൂല് പിടിച്ചു വാങ്ങി ഹാളിന്റെ മൂലയിലേക്കിട്ടു. സന്ധ്യ കുട്ടികളെ വിളിക്കാൻ പിന്നിലേക്ക് പോയി..

" ദാ അളിയാ ഇത് പിള്ളേര് കാണാതെ എടുത്ത് വെച്ചേക്ക്. ബോബി കാറിലിരുന്ന പെട്ടികളുമായി അകത്തേക്ക് വന്ന ശേഷം ബാഗ് തുറന്ന് ഒരു കവറെടുത്ത് പ്രസാദിന് നീട്ടി. അയാൾ കുട്ടികളെ ശ്രദ്ധിച്ചു കൊണ്ട് അത് വാങ്ങി മടി കുത്തിൽ തിരുകി കയറ്റി. ശേഷം രാജീവും ബോബിയും മുറികളിലേക്ക് പോയി ഡ്രസ് മാറി ഷോർട്ട്സും ബനിയനും ഇട്ട് വന്നു.. " നീ വരുന്നില്ലേ ആനി. " ഏയ് ഞാൻ ദേ ഇവരുടെ കൂടെ അടുക്കളയിൽ കൂടിക്കോളം. നിങ്ങള് പോയിട്ട് വാ.. " എന്നാ പിള്ളേഴ്‌സ് എല്ലാരും വേഗം പോയി വണ്ടിയിൽ കയറിക്കോ. ആനി സാരി മാറ്റി ഒരു ചുരിദാർ എടുത്തിട്ട് കൊണ്ട് അടുക്കളയിലേക്ക് നടന്നു.. ബോബി പിള്ളേരുമായി പുറത്തേക്കും. " ഞങ്ങളൊന്ന് അനിയപ്പന്റെ വീട് വരെ പോയിട്ട് വരാ ഏട്ടാ. " ങാ. അവിടെയൊരു കാട്ടുപോത്തുണ്ട്. ചെല്ലുമ്പോ സൂക്ഷിക്കണം. " ഓഹോ അവനത്രയ്ക്ക് പ്രശ്നക്കാരനാണോ ? " അത് നല്ല നാല് പെടാകിട്ടാത്തതിന്റെയാ. കുഞ്ഞുമോളെ ഓർത്ത് അനിയൻ കുറെ താണ് കൊടുക്കണ് ണ്ട്. ഇക്കണക്കിന് പോയാ അധികം വൈകാതെ തന്നെ അവന്റെ കയ്യീന്ന് മേടിച്ചു കൂട്ടും.. " അല്ല കുറെ നേരമായല്ലോ തുടങ്ങീട്ട്. ഏട്ടനിത് എന്തായീ തപ്പണെ ? " ഞാൻ പഴയ കുറെ പേപ്പറുകൾ ഇവിടെ വെച്ചിരുന്നു. അതൊന്ന് നോക്കിയതാ.. എന്നാ വെയില് മൂക്കണെന് മുന്നേ പോയിട്ട് വരാൻ നോക്ക്..

" ശരിയേട്ടാ.. രാജീവ് ഒന്ന് രണ്ട് തോർത്തുകൾ മടക്കി തോളിലിട്ട് കൊണ്ട് പുറത്തേക്കിറങ്ങി.. രാജേന്ദ്രൻ അപ്പോഴും ഷെൽഫിനുള്ളിലെ പഴയ പേപ്പറുകളെടുത്ത് മറിച്ചു വായിച്ചു നോക്കി കൊണ്ട് നിൽക്കുകയായിരുന്നു.. കുട്ടികളെയെല്ലാം വാരി നിറച്ച് കാർ ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി കുന്നുമ്മ റോഡ് വഴി അനിയപ്പന്റെ വീട് ലക്ഷ്യമാക്കി പായുകയാണ്.. കായലിൽ നിന്ന് തിരിഞ്ഞ ചെറിയ കൈ തോട്ടിൽ ആഫ്രിക്കൻ പായലുകൾ തിങ്ങി നിറഞ്ഞ് കിടപ്പുണ്ടായിരുന്നു.. വലുതും ചെറുതുമായ മൂന്ന് നാല് പോത്തുകളും എരുമകളും പായലിനിടയിൽ കഴുത്തോളം വെള്ളത്തിൽ ഇറങ്ങി നിന്ന് തണുപ്പ് ആസ്വദിക്കുകയാണ്.. അപ്പുവും ജെന്നിഫറും ഡോറിലൂടെ തല പുറത്തേക്കിട്ട് അവയെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.. കാർ മുന്നോട്ട് കുതിച്ചു.. " അതെന്താ അച്ഛാ ഡക്കിനെ അങ്ങിനെ ഇട്ടേക്കണെ ? " ഇവിടെയൊക്കെ അതിനെ അങ്ങിനാ വളർത്തണെ. " വളർത്തീട്ട് ? പുഴകരയ്ക്ക് അൽപ്പം മാറി നീല നിറത്തിൽ വളച്ചു കെട്ടിയ കട്ടിയുള്ള വലയ്ക്കുള്ളിൽ കുറച്ചധികം താറാവുകൾ കരഞ്ഞു ബഹളം വയ്ക്കുന്നുണ്ടായിരുന്നു.. അത് കണ്ടതും അപ്പു സംശയത്തോടെ രാജീവിനെ നോക്കി.. അയാൾ അവനുള്ള മറുപടി കൊടുക്കുന്നുണ്ട്.. " വളർത്തീട്ട് അത് മുട്ടയിടും, എന്നിട്ട് അത് അവര് കൊണ്ട് പോയി വിറ്റ് പൈസ മേടിക്കും.. " എന്നിട്ടോ ? " എന്നിട്ട്. " എന്നിട്ട് കൊറേ കഴിയുമ്പോ അവരതിനെ പൊരിച്ചു തിന്നും.. ഡാ നിനക്ക് ഡക്കിന്റെ മലയാളം എന്താന്ന് അറിയാവോ ? "

അത്. അതറിഞ്ഞൂടാ.. " താറാവ് . എന്തൂട്ടാ ? " താറാ... വ് " ഓ വല്ല്യൊരു സായിപ്പ് വന്നേക്കുന്നു.. ടാ ആദ്യം മലയാള ഭാഷ നന്നായി പഠിക്ക്. എന്നിട്ട് മതി ബാക്കി ലങ്വാജ്‌ പഠിക്കണത്. ദേ നമ്മടെ നാട് കേരളാ. അപ്പോ നമ്മടെ ഭാഷ മലയാളോo. എവിടെ പോയാലും അത് മറന്ന് പോകരുത്.. കേട്ടോടാ കോരങ്ങാ. " ങാ.. അപ്പുവിന്റെ സംശയങ്ങൾ പിന്നെയും കൂടുകയായിരുന്നു. സന്ധ്യ അവനെ ശകാരിച്ചു കൊണ്ട് അപ്പു പറഞ്ഞ ആംഗലേയ ഭാഷയുടെ മലയാളം അർത്ഥം പഠിപ്പിക്കുകയാണ്. അവൻ തല കുലുക്കി മൂളികൊണ്ട് അവളെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. മുബീന അവനെ കളിയാക്കി ചിരിക്കുകയാണ്.. " എല്ലാരും വേഗമിറങ്ങിക്കോ.. കാർ റോഡിൽ നിന്ന് ഒരു മൺതിട്ടയിലേക്കിറങ്ങി അൽപ്പം കൂടി മുന്നോട്ട് പോയി നിന്നു.. ബോബി ഡോർ തുറന്ന് പുറത്തേക്കിറങ്ങി. പിന്നാലെ കുട്ടികളും. രാജീവ് പുറത്തേക്കിറങ്ങി ചുറ്റും ഒന്ന് നോക്കി. ആറ് വർഷം കൊണ്ട് അനിയപ്പന്റെ വീട്ടിലേക്കുള്ള വഴിയ്ക്കും ചുറ്റുപാടുകൾക്കും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടായിരുന്നു.. ചെറിയ നടപ്പാതയിൽ നിന്ന് ഒന്നര മീറ്റർ വീതിയിലേക്ക് വഴി വികസിച്ചിരിക്കുന്നു. കൈ തോടുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ചെറിയ കലുങ്ക് പണി കഴിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റുകളിൽ പുതിയ ട്യൂബ് ലൈറ്റുകൾ സ്ഥാനം പിടിച്ച് തുടങ്ങിയിരിക്കുന്നു.. രാജീവ് ചുറ്റുപാടുകൾ ഒരിക്കൽ കൂടി നോക്കി കൊണ്ട് അനിയപ്പന്റെ വീട്ടിലേക്ക് നടന്നു.

" എനിക്കൊരു നൂറു രൂപ ചോദിച്ചാൽ തരാൻ നിന്റല് കാശില്ല അല്ലെടി പ.. ക..ടെ മോളെ. " ഓ ഇങ്ങോട്ട് കെട്ടിയടക്കി കൊണ്ട് വന്ന് തന്നെക്കുവല്ലേ ചോദിക്കുമ്പോഴേക്കും എടുത്തങ്ങ് തരാൻ.. നൂറ് രൂപ പോയിട്ട് ഒരു ചില്ലി കാശ് ഞാൻ തരില്ല. അനിയപ്പന്റെ വീടിന് മുന്നിലെ രണ്ട് ചെറിയ തോടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂമ്പ്‌ കടന്ന് രാജീവും കൂട്ടരും പറമ്പിലേക്ക് കയറി. അകത്ത് അനിയപ്പന്റെ പെങ്ങൾ കുഞ്ഞുമോളും അവളുടെ ഭർത്താവ് മുരളിയും തമ്മിൽ തർക്കം നടക്കുന്നുണ്ടായിരുന്നു.. ബഹളം കേട്ട് കുട്ടികൾ ഞെട്ടി നിന്നു. " ഓ ആങ്ങളേം പെങ്ങളും കൂടി ഒത്ത് കളിച്ചു എനിക്കിട്ട് ഉണ്ടാക്കിയതിന്റെ അഹങ്കാരമായിരിക്കും നിനക്ക്. " ങാ എന്റേട്ടായി ഉള്ളോണ്ട് ഞാനും മോളും കഞ്ഞി കുടിച്ചിവിടെ കഴിയണ്. അല്ലേലും ഞങ്ങടച്ഛന്റെ സ്വത്തിൽ അവകാശം പറയാൻ നിങ്ങക്ക് നാണമുണ്ടോടോ മനുഷ്യ, " ങാ നിന്റെയാ പന്ന നാറി ആങ്ങളയെ ഒരു ദിവസം എന്റെ കൈ പാങ്ങിന് വന്ന് കിട്ടും അന്ന് ഞാനവനൊരു ഇരട്ടത്താപ്പ് കൊടുക്കുന്നുണ്ട്. എന്നോടാ അവന്റെ കളി. " എന്നാ കൊണ്ട് വാടാ നിന്റെ തന്തേടെ ഇരട്ട താപ്പ്. പിന്നാമ്പുറത്തെ വരമ്പിലൂടെ മുരളിയുടെ വെല്ലുവിളി കേട്ട് വന്ന അനിയപ്പൻ അലറിക്കൊണ്ടു പറമ്പിലേക്ക് ഓടിക്കയറി.. അയാളുടെ അലർച്ച കേട്ട് രാജീവും കൂട്ടരും ഞെട്ടി വിറച്ചു നോക്കി......... തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story