എന്റെ ഉമ്മാന്റെ പേര്: ഭാഗം 48

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" എന്നാ കൊണ്ട് വാടാ നിന്റെ തന്തേടെ ഇരട്ട താപ്പ്. പിന്നാമ്പുറത്തെ വരമ്പിലൂടെ മുരളിയുടെ വെല്ലുവിളി കേട്ട് വന്ന അനിയപ്പൻ അലറിക്കൊണ്ടു പറമ്പിലേക്ക് ഓടിക്കയറി.. അയാളുടെ അലർച്ച കേട്ട് രാജീവും കൂട്ടരും ഞെട്ടി വിറച്ചു നോക്കി.. " വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ തലേൽ കേറുന്നോ.. " അമ്മേ.. ഇടത്ത് കൈയിൽ തൂക്കി പിടിച്ചിരുന്ന കരിക്കിൻ കുലയിൽ നിന്ന് ഒരെണ്ണം അടർത്തിയെടുത്തു അനിയപ്പൻ ദേഷ്യത്തോടെ മുരളിയ്ക്ക് നേരെയേറിഞ്ഞു.. കരിക്ക് അയാളുടെ വയറിനും നെഞ്ചിനും ഇടയിലെ കൂമ്പ് ഭാഗത്ത് ആഞ്ഞു പതിച്ചു. ഉറക്കെ അലറി കരഞ്ഞു കൊണ്ട് ഇരു കൈകളും നെഞ്ചിൽ അമർത്തി പിടിച്ചു മുരളി താഴേയ്ക്ക് വീണു.. രാജീവും ബോബിയും ഞെട്ടി നോക്കുകയാണ്. കുട്ടികൾ ഭയന്ന് പിന്നോട്ട് മാറി. " അവൾടെ ഇഷ്ടത്തിന് എതിര് നിക്കണ്ടെന്ന് കരുതി കെട്ടിച്ചു തന്നപ്പോ, അവളെയിട്ട് കൊല്ലാക്കൊല ചെയ്യുന്നോ. " ടാ അനിയാ വേണ്ടെടാ.. " നീ മാറി നിക്ക് കുട്ടാ..ഈ പട്ടിയെ ഞാനിന്ന്.. അനിയപ്പൻ ദേഷ്യത്തിൽ അലറി കൊണ്ട് കരിക്കിൻ കുലയെടുത്ത് കറക്കി വീശി കൊണ്ട് മുരളിക്ക് നേരെ പാഞ്ഞടുത്തതും രാജീവ് അവനെ വട്ടം കയറി പിടിച്ചു നിർത്തി.. അവൻ കലിയോടെ രാജീവിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുകയാണ്. അത് കണ്ട് ബോബിയും പിന്നാലെ ചെന്ന് അനിയപ്പനെ പിടിച്ചു നിർത്തി.

എല്ലാം കണ്ട് കുട്ടികൾ പേടിയോടെ നോക്കി നിൽക്കുകയാണ്.. " ആഹാ നീയെന്നെ തേങ്ങ കൊണ്ടെറിഞ്ഞല്ലേടാ.. നീയിത് കണ്ടില്ലെടി. ക.@@@ടെ മോളെ.. " അവൻ ചെയ്യണത് കണ്ടില്ലേ.. നീയെന്നെ വിട്ടെടാ. " അനിയാ പറയണത് കേൾക്ക്.. രാവിലെ കുടിച്ച കള്ളിന്റെ ആലസ്യത്തോടെ മുരളി ചാടിയെഴുനേറ്റ് കുഞ്ഞുമോളുടെ മുഖത്ത് കൈ വീശിയടിച്ചു. അവളൊന്നു ആടിയുലഞ്ഞു തെന്നി മാറി. നിർവികാരതയോടെ എല്ലാവരെയും നോക്കി കൊണ്ട് അവൾ കുഞ്ഞിനെയുമെടുത്ത് ഒക്കത്ത് വെച്ചു പുറത്തേക്ക് ഇറങ്ങി.. ബഹളം കേട്ട് കുഞ്ഞ് പേടിച്ചു ഉറക്കെ കരയുന്നുണ്ടായിരുന്നു.. അനിയപ്പൻ അലർച്ചയോടെ വീണ്ടും കുതറി മാറാൻ നോക്കി. രാജീവും ബോബിയും അയാളെ വട്ടം വരിഞ്ഞു പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ്. " അല്ല സത്യത്തിൽ എന്താ ചേട്ടന്റെ പ്രശ്നം ?. " എന്ത് പ്രശ്‌നം. എനിക്കൊരു കുപ്പി കള്ളടിക്കണം. അതിനൊരു നൂറു രൂപ വേണം.. അല്ല ഇതൊക്കെ ചോദിക്കാൻ നീയാരാ.. " എന്റെ പൊന്നു ചേട്ടാ. ദേ അനിയപ്പനും ഞങ്ങളും പഴയ പരിച്ചയക്കാരാ. രാവിലെ കണ്ടപ്പോ ആ പരിചയത്തിന്റെ പേരിൽ ഒന്ന് കമ്പനി കൂടാന്ന് വെച്ച് വന്നതാ. ദേ ചേട്ടനിപ്പോ ഒരു കുപ്പി കള്ളിന് പകരം നല്ല വോഡ്ക്ക അടുക്കുന്നത് കൊണ്ട് ബുദ്ധിമുട്ടില്ലല്ലോ.. "

പിന്നെ ഞാനീ നാറിയുടെ കൂടെ.. ങാ അതടിക്കാൻ എന്റെ പട്ടി വരും.. " അളിയാ ആ കവറോന്നു തുറന്ന് കാണിച്ചെ ? ബോബി അനുനയത്തിൽ മുരളിയുടെ അടുത്തേക്ക് ചെന്നു കൊണ്ട് രാജീവിന്റെ അളിയൻ പ്രസാദിനെ നോക്കി കണ്ണടച്ചു. അയാൾ അരയിൽ തിരുകിയ കവർ തുറന്ന് റോമനോവ് ആപ്പിൾ ഫ്ലേവറിന്റെ കുപ്പി ഉയർത്തി കാണിച്ചു.. " ദേ ഇവിടത്തെ പോലത്തെ ഓഞ്ഞ കള്ളൊന്നുമല്ല. അടിച്ചാൽ അടിച്ചത് പോലെ നിന്ന് കറങ്ങും. എന്തേ കൂടുന്നോ.. " എനിക്ക് വേണൊന്ന് വെച്ചിട്ടല്ല. പിന്നെ നിങ്ങളിത്രേം നിര്ബന്ധിക്കുമ്പോ എങ്ങിനാ വേണ്ടാന്ന് പറയുന്നേ.. പക്ഷെ നമ്മടെ കമ്പനിയിൽ ദേ അവനുണ്ടാവരുത്. " അവനെയിനി നമുക്കെന്തിനാ.. നിങ്ങള് വാ.. ദേ ഞാൻ ബോബി. അത് രാജീവ്. " മുരളി.. ബോബി സ്വയം പരിചയപ്പെടുത്തിയ ശേഷം രാജീവിനെയും പരിചയപ്പെടുത്തി. മുരളി ഇരുവരെയും നോക്കി ചിരിച്ച ശേഷം അനിയപ്പനെ നോക്കി പല്ല് ഞെരിച്ചു കൊണ്ട് ബോബിയോടൊപ്പം പുറത്തേക്ക് നടന്നു.. " നിനക്കൊക്കെ ഇതെന്തിന്റെ കേടാടാ കുട്ടാ.. " ഹാ നീയൊന്ന് അടങ്ങേടാ. എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം. ഞാനല്ലേ പറയണേ.. എന്താടി കുഞ്ഞോളെ അറിയോ നീ.. അനിയപ്പൻ ദേഷ്യത്തോടെ കരിക്കിൻ കുല താഴേയ്ക്ക് വലിച്ചെറിഞ്ഞു.

ചിലത് കുലയിൽ നിന്നടർന്നു പുറത്തേക്ക് ഉരുണ്ട് നീങ്ങി. രാജീവ് അവനെ സമാധാനിപ്പിച്ചു കൊണ്ട് കുഞ്ഞുമോളെ നോക്കി.. " അതെന്നാ ചേട്ടായി അങ്ങിനെ ചോയിക്കണേ. നിങ്ങളൊക്കെ അങ്ങിനെ പെട്ടെന്ന് മറക്കാൻ പറ്റോ.. " ങാ ചത്താലും മറക്കരുത്.. എന്തെടി വേദനിച്ചോ ? " ഓ അതൊക്കെ ഇപ്പോ ശീലായില്ലേ ചേട്ടായി. " അയാൾക്ക് എന്നാ പണി ? " നേരംവെളുത്ത് അന്തിയാവണത് വരെ ഈ കുടി തന്നെ. അല്ലാതെന്ത് പണി. ചേട്ടായി വല്ല പണിക്കും പോയി എന്തേലും കൊണ്ടൊന്നോണ്ട് ഞാനും മോളും പട്ടിണിയില്ലാതെ കിടക്കണണ്ട്. പറഞ്ഞിട്ടെന്താ എന്റെ തലവിധി. അനുഭവിക്കാതെ യോഗമില്ലല്ലോ. " അപ്പോ കുറച്ചു ദിവസം വീട്ടിൽ റെസ്റ്റെടുക്കേണ്ടി വന്നാലും കുഴപ്പമില്ല.. കുഞ്ഞുമോൾ നെടുവീർപ്പിട്ടു കൊണ്ട് കുഞ്ഞിനെ സമാധാനിപ്പിച്ചു അകത്തേക്ക് പോയി.. അവൾ അപ്പോഴും കരച്ചിൽ നിർത്തുന്നുണ്ടായിരുന്നു. രാജീവ് അനിയപ്പനെ നോക്കി പുഞ്ചിരിച്ചു.. " എന്തിനാ ആ അങ്കിളിനെ ഇടിച്ചേ ? " അയ്യോ അത് ഇടിച്ചതല്ല , നേരത്തെ വീട്ടില് വന്നപ്പോ ഞാനും അച്ഛനുക്കെകൂടി കളിച്ചില്ലേ. " ങാ " അത് പോലെ ഇവിടേം ഞങ്ങള് കളിച്ചതാ. മോൻ പേടിച്ചു പോയോ ? " ഇനി കളിക്കുമ്പോ എന്നെ കൂട്ടോ. " പിന്നെന്താ. വാ ഇപ്പൊ നമുക്ക് തോട്ടിലിറങ്ങാം.. അപ്പു അമ്പരപ്പോടെ അനിയപ്പനെ നോക്കി..

അയാൾ അവന്റെ മുഖത്തെ പേടിയുടെ കാരണത്തെ ഒരു നുണ കൊണ്ട് ഇല്ലാതാക്കി കളഞ്ഞ ശേഷം അവന്റെ കൈ പിടിച്ചു അപ്പുറത്തേക്ക് പോയി.. പിന്നാമ്പുറത്തെ വരമ്പിലൂടെ തോടിനരികിലേക്ക് നടന്നു. രാജീവ് ചിതറി വീണ കരിക്കുകൾ പെറുക്കി സന്ധ്യയുടെയും ആഷിതയുടെയും കൈയിലേക്ക് കൊടുത്ത ശേഷം കുലയുമെടുത്ത് അവർക്ക് പിന്നാലെ പോയി. തൊടിനരികിൽ നിരനിരയായി കുറച്ചധികം ചെന്തെങ്ങുകൾ നിഴൽ പരത്തി നിൽപ്പുണ്ടായിരുന്നു. രണ്ട് തെങ്ങുകളെ തമ്മിൽ മുള കൊണ്ട് ബന്ധിപ്പിച്ചു കെട്ടി, തട്ട് പോലൊരുക്കിയ ഇരിപ്പിടം. അതിനരികിലൂടെ തോട്ടിലെ വെള്ളത്തിൽ കുത്തി നിർത്തിയ നീളൻ കോണ്ക്രീറ്റ് കുറ്റിയിലേക്ക് വലിച്ചു കെട്ടിയ ഒരു വടമുണ്ടായിരുന്നു. അതിലൂടെ പിടിച്ചിറങ്ങിയാൽ മണൽതിട്ടയുള്ള ആഴം കുറഞ്ഞ ഭാഗമുണ്ട്. കുളിക്കാനിറങ്ങാനും രാത്രികളിൽ കിടന്നിറങ്ങാനുമായി രണ്ട് കൊല്ലം മുമ്പ് അനിയപ്പൻ കെട്ടിയുണ്ടാക്കിയതാണ് അതൊക്കെ. ഉച്ച കാറ്റേറ്റ് ജലോപരിതലം ഞെറിയുള്ള ശീല് പോലെ ഓളങ്ങൾ തീർക്കുണ്ടായിരുന്നു.. തെങ്ങിൻ ചുവട്ടിലെ തട്ടിൽ ബോബി മുരളിയെ സമാധാനിപ്പിച്ചു ഇരുത്തിയിരിക്കുകയാണ്. അനിയപ്പനെ കണ്ടതും അയാൾ ഒന്ന് കാർക്കിച്ചു നീട്ടി തുപ്പി. അനിയപ്പൻ അയാളെ പുച്ഛത്തോടെ നോക്കി ചിരിച്ചു. " മുരളിക്ക് നീന്തലറിയോ ? " ഹാ അതെന്നാ ചോദ്യമാ. പക്ഷെ ഈ അടികാരണം രണ്ട് അടി നീന്തി തുടങ്ങുമ്പോഴേയ്ക്കും കിതച്ചു പോകും.

" ആഹാ. ദേ ഈ സാധനോക്കെ കഴുത്തോളം വെള്ളത്തിൽ കിടന്നടിക്കണം. എന്നാലേ ആ ആ ഒരു ഫീൽ കിട്ടു. " അതിനെന്താ നമുക്ക് വെള്ളത്തിലോ കരയിലോ എങ്ങിനാന്ന് വെച്ചാൽ നിങ്ങടെ ഇഷ്ട്ടം പോലെ അടിക്കാലോ.. " അത് കൊള്ളാം. അപ്പോ അനിയാ ബാക്കിയുള്ള കാര്യങ്ങളൊക്കെ സെറ്റാക്കിക്കോ.. ദേ വെള്ളത്തിലിറങ്ങേണ്ടവരൊക്കെ ഇവിടെ വന്ന് വരിവരിയായി നിന്നെ.. ബോബി മുരളിയെ വീണ്ടും മദ്യം കാണിച്ചു പ്രലോഭിപ്പിക്കുകയാണ്. അയാൾ അതിന് വേണ്ടി എന്തിനും തയ്യാറായി ഇരിക്കുന്നുണ്ട്. ബോബി അനിയപ്പനെ നോക്കി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. പ്രസാദിന് എല്ലാം കണ്ട് ചിരി വരുന്നുണ്ടായിരുന്നു. " ഡി നിനക്ക് കുളിക്കണോ ?. " യ്യോ ന്റുമ്മോ എനിക്ക് പേടിയാ. " ങാ നീയിവിടെ പേടിച്ചിരുന്നോ. വാടാ അപ്പു. നീ വന്നില്ലേ ? " ങാ. മുബീന തൊട്ടിലിറങ്ങാൻ റെഡിയായി മുന്നോട്ട് വന്നു കൊണ്ട് ആഷിതയെ വിളിച്ചു. അവൾ പേടിയോടെ പിന്നോട്ട് മാറി. അപ്പുവും ജെന്നിഫറും മുബീനയുടെ കൈ പിടിച്ചു തോടിനരികിലെ തട്ടിലിരുന്നു. " അല്ല എന്താ നീ കൊടുക്കാൻ ഉദ്യേശിച്ചേക്കണെ ? " വല്ല്യ കാര്യമായിട്ട് ഒന്നുമില്ലെങ്കിലും, ചെറിയ കനത്തിലുള്ള എന്തേലും കൊടുക്കാന്നാ കരുതണെ. എന്തേ അത് പോരെ ? " മതി മതി.. രാജീവ് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു ബോബിയെ മാറ്റി നിർത്തി. അനിയപ്പൻ നാല് കുപ്പി ഗ്ലാസ്സും ഒരു വലിയ കുടത്തിൽ വെള്ളവും ഒരു വാക്കത്തിയുമായി അവർക്കരികിലേക്ക് വരുന്നുണ്ടായിരുന്നു.

പിന്നാലെ ഒരു വലിയ തകലയും അതിനുള്ളിൽ ഉരുളിയും വെച്ച് കുഞ്ഞു മോളും. " എന്റെ പൊന്നനിയാ. ഇത്ര നാളായിട്ടും നിന്റയീ കപ്പ കൊതി തീർന്നില്ലെടാ.. " ങാ അത് തീരണോങ്കിൽ അനിയപ്പൻ ചാവണം. " ബെസ്റ്റ്.. ഇതെന്നാടി കപ്പയ്ക്കൊപ്പം പുതിയ കൂട്ട് ? " പുതിയതോന്നുമല്ല ചേട്ടായി, പുളിയിഞ്ചിയാ. " അപ്പോയിതോ ? " ഇത് പച്ചമുളകും ഉള്ളിയും കല്ലിൽ അരച്ചെടുത്ത് നല്ല കള്ളുംവിനാഗിരിയും ചേർത്ത് കടുക് പൊട്ടിച്ചെടുത്ത ചമ്മന്തി.. " ഹോ കേട്ടപ്പോ തന്നെ വായിൽ വെള്ളം വന്നു.. " പ്ലീസ് ഒന്ന് മാറിയെ.. കുഞ്ഞുമോൾ ഉരുളിക്കുള്ളിൽ നിന്ന് ഒരു അൽപ്പം വലിപ്പമുള്ള കുഴിഞ്ഞ സ്റ്റീൽ പാത്രമെടുത്ത് തട്ടി വെച്ചു. ഒപ്പം രണ്ട് കുഴിയൻ പിഞ്ഞാണത്തിൽ പുളിയിഞ്ചിയും, മുളക് ചമ്മന്തിയും. വായിൽ കിനിഞ്ഞു തുടങ്ങിയ വെള്ളം ശബ്ദത്തോടെ കുടിച്ചിറക്കി കൊണ്ട് ബോബി പാത്രത്തിൽ നിന്ന് വെന്ത് വിടർന്ന വെളുപ്പൻകപ്പയെടുത്ത് പുളിയിഞ്ചിയിൽ മുക്കി വായിലേക്ക് വെച്ചു.. കപ്പയുടെ വേവ് ചൂടും പുളിയിഞ്ചിയുടെ നേർത്ത എരിവും മധുരവും നാവിലേക്ക് അരിച്ചിറങ്ങിയപ്പോൾ അയാൾ നാവും മേൽ മോണയും കൂട്ടി മുട്ടിച്ചു വലിയ ആസ്വാദന ശബ്ദമുണ്ടാക്കി.. അത് കണ്ട് രാജീവ് കൊതിയോടെ ബോബിയെ തള്ളി മാറ്റി കപ്പയെടുത്ത് മുളക് ചമ്മന്തിയിൽ മുക്കി കഴിച്ചു രുചി ആസ്വദിക്കുകയാണ്..

കള്ള് വിനാഗിരിയിൽ ചാലിച്ച എരിവും കടുക്കിന്റെ തരിപ്പും. അയാൾ ശ്വാസം മുകളിലേക്ക് വലിച്ചു. കുട്ടികൾ എല്ലാം അവരുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കൊതി പിടിച്ചിരിക്കുകയാണ്.. " എന്നാ കുഞ്ഞു മോള് വിട്ടോ ചേട്ടായിമാർക്ക് കുറച്ചു പണിയുണ്ട്.. " ഉം. മനസിലായി. നടക്കട്ടെ. നടക്കട്ടെ.. ഓ കുപ്പി കണ്ടപ്പോ വന്നിരിക്കണ ഇരിപ്പ് കണ്ടില്ലേ. അവൾ അവരെ കളിയാക്കി ചിരിച്ചു കൊണ്ട് പുച്ഛത്തോടെ മുരളിയെ നോക്കി പിറുപിറുത്ത് കൊണ്ട് തിരിഞ്ഞു നടന്നു.. " അളിയാ നമ്മടെ മുരളിക്ക് ഒരു വെട്ടൻ ഒഴിച്ചു കൊടുത്തെ.. " ഓകെ.. " എന്റമ്മേ. എടോ മനുഷ്യ ഇങ്ങനെ കുടിച്ചാ തന്റെ കൂമ്പ് കരിഞ്ഞു പോകും. " ഓ പിന്നെ. ദേ ഈ കുപ്പി വരെ മുരളി ഒറ്റവലിക്ക് കുടിച്ചു തീർക്കും, പിന്നെയല്ലേ ഇച്ചിരി പോന്ന ഈ ഗ്ലാസ്. ബോബി പ്രസാദിനെ നോക്കി കണ്ണടച്ചു. അയാൾ അതിനർത്ഥം മനസിലായത് പോലെ തല കുലുക്കി കൊണ്ട് കവറിൽ നിന്ന് കുപ്പിയെടുത്ത് പൊട്ടിച്ചു ഗ്ലാസ്സിന്റെ മുക്കാൽ ഭാഗവും മദ്യ മൊഴിച്ചു മുരളിക്ക് നീട്ടി. അയാൾ ആക്രാന്തത്തോടെ അത് വാങ്ങി വായിലേക്ക് കമഴ്ത്തി.. അയാളുടെ കുടി കണ്ട് രാജീവും ബോബിയും പരസ്പ്പരം നോക്കി മുഖം ചുളിച്ചു.. " അപ്പോ വെള്ളത്തിലിറങ്ങാനുള്ളവരൊക്കെ വേഗം വാ.. " ഡാ പിള്ളേർക്കൊന്നും നീന്തലറിയില്ലെട്ട. "

ഹാ നീ പേടിക്കാതെടാ. ഞാനില്ലേ.. എന്നാ എല്ലാരും വേഗം ഇറങ്ങിക്കോ.. " ബോബിയളിയനൊരെണ്ണം ഒഴിക്കട്ടെ ? " എനിക്ക് പിന്നെ മതിയളിയ. നമ്മടെ മുരളിക്ക് ആവശ്യമുള്ളത് കൊടുക്ക്.. അനിയപ്പൻ തകലയുമായി തൊട്ടിലേക്കിറങ്ങിയ ശേഷം മുബീനയെ കൈ പിടിച്ചിറക്കി. അവളുടെ കൈ പിടിച്ച് അപ്പുവും ജെന്നിഫറും. രാജീവ് പേടിയോടെ അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു.. പ്രസാദ് ബോബിക്ക് നേരെ കുപ്പി പൊക്കി കാണിച്ചു. അയാൾ വേണ്ടെന്ന പോലെ തല കുലുക്കി കൊണ്ട് മുരളിയെ നോക്കി.. പ്രസാദ് വീണ്ടും ഗ്ലാസിന്റെ മുക്കാൽ ഭാഗം ഒഴിച്ചു അയാൾക്ക് നീട്ടി.. അതും ഒറ്റയടിക്ക് കുടിച്ചിറക്കി കൊണ്ട് അയാൾ ഒരു കഷ്ണം കപ്പയെടുത്തു കടിച്ചു.. ബോബിയും പ്രസാദും അത് കണ്ട് കണ്ണ് മിഴിക്കുന്നുണ്ടായിരുന്നു.. വെയിൽ ചൂട് ഇറങ്ങി തുടങ്ങിയെങ്കിലും വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു. അനിയപ്പൻ മുബീനയെ വടത്തിൽ പിടിപ്പിച്ചു വെള്ളത്തിൽ ഇറക്കി നിർത്തി. ശേഷം അപ്പുവിനെയും ജെന്നിഫറിനെയും എടുത്ത് വെള്ളത്തിലേക്ക് ഇറക്കി. നേർത്ത തണുപ്പ് പതിയെ ശരീരത്തേക്ക് അരിച്ചു കയറിയപ്പോൾ അപ്പു ഒന്ന് കുളിർന്നു. അനിയപ്പൻ അവനെ ഉയർന്ന മൺതിട്ടയുള്ള ഭാഗത്ത് ഇറക്കി നിർത്തി. " അയ്യോ അങ്കിളെ. " എന്തെടാ പേടിച്ചു പോയോ. വെള്ളം നെഞ്ചോളമെത്തിയതും അപ്പൂവിന് എന്തോ ഭാരം അനുഭവപ്പെട്ടു. പെട്ടെന്ന് അവൻ പേടിയോടെ ശ്വാസം മുകളിലേക്ക് വലിച്ചു കൊണ്ട് അനിയപ്പന്റെ കൈയിൽ മുറുകെ പിടിച്ചു.

അയാൾ ചിരിച്ചു കൊണ്ട് അവനെ വട്ടം ചേർത്ത് പിടിച്ചിരിക്കുകയാണ്. ജെന്നിഫർ പതിയെ മുന്നോട്ട് നടന്ന് മുബീനയുടെ അടുത്തേക്ക് നീങ്ങി നിന്ന് വടത്തിൽ പിടിച്ചു തൂങ്ങി വെള്ളത്തിൽ കാലിട്ടടിച്ചു കളിച്ചു തുടങ്ങി. " അപ്പോ ചാടുവല്ലേ മാത്താ ? " ഉം.. എന്താ മുരളി ഇറങ്ങുന്നില്ലേ. " ദേ ഒരെണ്ണം കൂടി കീറീട്ട് ഇറങ്ങാ. " എടോ ഇങ്ങനെ വലിച്ചു കേറ്റി വെള്ളളത്തിലിറങ്ങി പണി കിട്ടരുതെട്ടോ. " നമുക്കെന്ത് പണി കിട്ടാൻ. ഈ കുട്ടനാട്ടില് ഞാനറിയാത്ത എന്ത് കയാല് എന്ത് തോട്. " ങാ. എന്നാ മതി. എന്നാ പിന്നെ ഇറങ്ങാടാ.. ബോബി രാജീവിനെ നോക്കി കണ്ണടച്ചു കാണിച്ചു കൊണ്ട് തോട്ടിലേക്കിറങ്ങി. മുരളി അവരെ ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും കുപ്പിയിൽ നിന്നൊഴിച്ചു കുടിക്കുകയാണ്. " ദേ താത്തൂ. ഞങ്ങൾ വഞ്ചിക്ക് പോവാ. വന്നിണ്ടാ.. " ഇല്ലെടാ. നീ പോയിട്ട് വാ.. അനിയപ്പൻ വലിയ തകലയ്ക്ക് അകത്ത് അപ്പുവിനെ കയറ്റിയിരുത്തി അതിന്റെ അരികിൽ പിടിച്ചു കൊണ്ട് മറുകരയിലേക്ക് നീന്തി തുടങ്ങി. അപ്പു അതിൽ കിടന്ന് ഒരു കൈ കൊണ്ട് വെള്ളം മുകളിലേക്ക് കോരിയെറിഞ്ഞു കളിച്ചു കൊണ്ട് ആഷിതയെ നോക്കി ഉറക്കെ വിളിച്ചു കൂവുകയാണ്. അവൾ അവന് നേരെ കൈ വീശി കാണിച്ചു.. " അങ്കിളെ ഞങ്ങളേം കൊണ്ടുവോ ? " നിന്നെ കൊണ്ടൊവുല്ലെടാ. കോരങ്ങാ.. " നീ പോടാ.. " നിന്നെ കൊണ്ടോവൂല്ലേ.. ഭേ ഭേ.. മുബീന വടത്തിൽ പിടിച്ചു തൂങ്ങിയ ശേഷം അനിയപ്പനെ നോക്കി. അയാൾ അവനെയും കൊണ്ട് അക്കരയ്ക്ക് നീന്തുകയാണ്. അപ്പു തലയുയർത്തി നോക്കി അവളെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു..

അനിയപ്പൻ തിരികെ വരാം എന്നർത്ഥത്തിൽ കൈ ഉയർത്തി കാണിച്ചു. തോട്ടിലേക്കിറങ്ങാൻ മുരളി തട്ടിൽ നിന്നെഴുനേറ്റതും അയാൾ മുന്നോട്ടൊന്ന് വേച്ചു പോയി. പ്രസാദും രാജീവും പരസ്പ്പരം നോക്കിയതല്ലാതെ അയാളെ പിടിച്ചില്ല.. മുണ്ടും ഷർട്ടും അഴിച്ചു തട്ടിൽ വെച്ച ശേഷം ഒരു ഇളം നീലയിൽ നീളൻ വരയുള്ള ബർമുഡയിട്ട് അയാൾ പതിയെ വെള്ളത്തിലേക്കിറങ്ങി. രാജീവ് ബോബിയെ ഒന്ന് നോക്കി. അയാൾ എന്തോ മനസിലായത് പോലെ തലകുലുക്കി.. മുരളി വെള്ളത്തിൽ ഇറങ്ങി പതിയെ മുന്നോട്ട് നടന്നു. നിലതെറ്റിയ പോലെ അയാൾ ആടുന്നുണ്ടായിരുന്നു. മുബീനയും ജെന്നിഫറും അയാളെ പേടിയോടെ നോക്കുകയാണ്. അനിയപ്പൻ അപ്പുവിനെയും കൊണ്ട് മറു കര തൊട്ട് തിരികെ നീന്തി തുടങ്ങിയിരുന്നു.. " നമുക്കൊന്ന് നീന്തിയാലോ മുരളി ?. " പിന്നെന്താ ? " എന്നാപ്പിന്നെ നീന്തി കളയാം അല്ലെ മാത്താ.. " ഡാ അങ്ങോട്ട് അധികം പോണ്ടാ. പഴേ തുമ്പുംകുഴിയുണ്ടായിരുന്ന സ്ഥല. ചിലപ്പോ നില കിട്ടില്ല.. രാജീവും വെള്ളത്തിലേക്കിറങ്ങി അൽപ്പം ആഴമുള്ള ഭാഗത്തേക്ക് നീന്തി, ഒപ്പം മുരളിയും ബോബിയും. അത് കണ്ട് തിരിച്ചു നീന്തുന്നതിനിടയിൽ അനിയപ്പൻ അവരെ നോക്കി ഉറക്കെ വിളിച്ചു.. " എന്താ മുരളി തളർന്നോ? "

കൊറച്ച് എന്നാലും നിങ്ങളെ ഞാൻ നീന്തി തോപ്പിക്കും.. " ആഹാ. എന്നാ അതോന്ന് കാണാണോല്ലോ . ബോബി മുരളിയെ നോക്കി ചിരിച്ചു കൊണ്ട് മുങ്ങാo കുളിയിട്ട് ഇറങ്ങി അയാളുടെ കാലിൽ പിടിച്ചു താഴേയ്ക്ക് വലിച്ചു. മുരളി ഒന്ന് ഞെട്ടിപിടച്ചു കൊണ്ട് മുങ്ങി താണു. രാജീവ് അനിയപ്പനും കുട്ടികളും ശ്രദ്ധിക്കുന്നുണ്ടോയെന്ന് നോക്കുകയാണ്. " കുഞ്ഞുമോളുടെ കാര്യം തിരക്കാൻ നിങ്ങളാരാണെന്നല്ലേ നീ നേരത്തെ ചോദിച്ചത് ? എന്നാ കേട്ടോ അവള് അനിയപ്പന്റെ മാത്രം പെങ്ങളല്ല. ഞങ്ങളുടേം കൂടിയാ. ഒരു പണിക്കും പോകാതെ അവന്റെ കുടുംബത്ത് അതും അവന്റെ ചിലവില് വന്ന് കിടന്നിട്ട് അവന്റെ മുന്നിലിട്ട് തന്നെ നിനക്ക് അവളെ തല്ലണം. അല്ലെടാ. പന്ന.. നാ.. ന്റെ .. മോനെ.. " ഓഹോ കള്ളോഴിച്ചു തന്ന് നീയൊക്കെ കൂടി എന്നെയങ് ഉണ്ടാക്കി കളയാം ന്ന് കരുതി ല്ലേ.. ബോബി കുറച്ച് നിമിഷം അയാളെയും കൊണ്ട് വെള്ളത്തിനടിയിലൂടെ വലിച്ചു നടന്ന ശേഷം പഴയ തുമ്പും കുഴിയുണ്ടായിരുന്ന ആഴമുള്ള ഭാഗത്തിന്റെ പുഞ്ച പുല്ലുകൾ നിറഞ്ഞ കരയിലേക്ക് വലിച്ചിട്ടു. മുരളി ദേഷ്യത്തോടെ ചാടിയെഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ വോഡ്ക്കയുടെ ലഹരി അയാളെ വല്ലാതെ തളർത്തി കളഞ്ഞിരിക്കുന്നു. " ഭാര്യയുടെ മുന്നിട്ട് ഭർത്താവിനെ തല്ലിയാ.

കാര്യം അവനെത്ര ഊളയാണെങ്കിലും അവൾക്ക് നോവും. നീയൊള്ള കള്ളും വലിച്ചു കേറ്റി വന്ന് എന്നും അവളെയിട്ടിങ്ങനെ ചവിട്ടികൂട്ടുന്നതിന്റെ വേദന നീയുകൂടിയൊന്നറിയ് മുരളി. കൊടുത്താ മാത്രം പോരല്ലോ. ഇടക്കൊക്കെ വാങ്ങിക്കേം കൂടി വേണ്ടേ. എന്നാലല്ലേ അതിനൊരു സുഖമുള്ളു.. അപ്പോ നമ്മടെ അളിയനുള്ളത് എന്താന്ന് വെച്ചാ അങ്ങ് കൊടുത്തേക്ക് മാത്താ. " എന്താടാ. എന്താ പറ്റിയെ ? " ഏയ്. ഒന്നൂല്ലേടാ. വോഡ്ക്കയും ഉപ്പുവെള്ളോം കൂടി ആയപ്പോ മുരളി ഒന്ന് വാള് വെച്ചതാ. അതിപ്പോ മാറിക്കോളും. " ഓ ആ തെണ്ടിയാണോ. ഞാൻ കരുതി നിങ്ങളാരോ ആണെന്ന്.. നീന്തീത് മതി കേറി പോരെ.. " ദേ കേട്ടല്ലോ സ്വന്തം അളിയനെ തെണ്ടീന്ന് വിളിക്കോണോങ്കി അവന് നിന്നോട് എന്ത് മാത്രം ഇഷ്ടമുണ്ടായിരിക്കും. സ്നേഹിച്ച ചങ്ക് പറിച്ചു കൊടുക്കുന്നവനാ ഞങ്ങടെ അനിയപ്പൻ. ആ അവനെയാ നീ.. രാജീവ് ചുറ്റും നോക്കി കൊണ്ട് അവിടേയ്ക്ക് നീന്തി കയറി. ബോബി ഉരുണ്ട് തടിച്ച് പുറത്തേക്ക് ഉന്തിയ അയാളുടെ വയറിന് കീഴെ കാലുയർത്തി ഒന്ന് ചവിട്ടി. മുരളി ഇരു കൈ കൊണ്ടും അടിവയർ പൊത്തി പിടിച്ച് അലറി കരയുന്നത് കേട്ട് അനിയപ്പൻ ഉറക്കെ വിളിച്ചു ചോദിക്കുണ്ടായിരുന്നു.. രാജീവ് ഒരു നുണ കൊണ്ട് അവനുള്ള മറുപടി കൊടുത്ത ശേഷം മുരളിയുടെ തോളിൽ ആഞ്ഞു ചവിട്ടി രണ്ട് കൈകളും ഇരുവശത്തേക്കും രണ്ട് വട്ടം പിടിച്ചു തിരിച്ചൊടിച്ചു. മദ്യത്തിന്റെ ലഹരിയിലും മുരളി വേദന കൊണ്ട് പുളഞ്ഞു ഉറക്കെ കരയുകയാണ്..

ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ ബോബി പുഞ്ച പുല്ല് പറിച്ചെടുത്ത് അയാളുടെ വായ് പൊത്തി. " ഈ ഒടിവും ചതവുമൊക്കെ മാറി നീ പഴയ പടിയായി വരാൻ കുറഞ്ഞത് ഒരുമാസമെങ്കിലുമെടുക്കും മുരളി. ഇനി നിനക്കൊന്ന് കക്കൂസി പോയി കഴുകണോങ്കിൽ പോലും അവളുടെ സഹായം വേണ്ടിവരും.. ആ സമയം കൊണ്ട് അവളെ സ്നേഹിക്കാനും മനസിലാക്കാനും ശ്രമിക്ക്. ഈ കുടിയൊക്കെ കുറച്ച് വല്ല പണിക്കും പോകാൻ നോക്ക്. ഇനിയിവിടെ ജോലി കിട്ടുന്നില്ലെങ്കിൽ നീ കൊച്ചിക്ക് വാ. ജോലി ഞങ്ങള് ശരിയാക്കി തരാം. അതല്ല ഇതൊക്കെ മാറി പഴയ രീതികള് തന്നെ വീണ്ടും തുടരാനാണ് പരിപാടിയെങ്കിൽ നിന്നെ തല്ലി കൊന്ന് വട്ടക്കായലിൽ താഴ്ത്തിയേക്കാൻ അനിയനോട് പറയും. " ഒന്നിലേലും ഒരു മോളില്ലെടോ തനിക്ക്. അവൾടെ മുഖം കാണുമ്പോ എങ്ങിനാടോ ഇങ്ങനൊക്കെ നടക്കാൻ തോന്നണെ. നന്നാവൻ നോക്ക് മുരളി. ഒന്നോർക്കുമ്പോ തന്നെ തല്ലാൻ പാടില്ലാത്തതാണ്. പക്ഷെ നാളെ നിങ്ങള് തമ്മിലുള്ള പ്രശ്നത്തിനിടയിൽ അവനെന്തെലും ഒരു കൈ പിഴ പറ്റിയാ അത് ഞങ്ങൾക്ക് വല്ല്യ ബുദ്ധിമുട്ടാകും. കാരണം അവൻ ഞങ്ങൾക്ക് വെറുമൊരു കൂട്ടുകാരൻ മാത്രമല്ല. ഞങ്ങടെ കൂടപ്പിറപ്പ് കൂടിയാ. ഒരു കാലത്ത് അവന്റെ അച്ഛനും അമ്മേം കുറെ കഞ്ഞീം കപ്പേം വെച്ചു വിളമ്പി ഊട്ടിയതാ.

ഇനി അവനൊരു വിഷമം വരാതിരിക്കാനാ തനിക്കിപ്പോ ഇങ്ങനൊരു മരുന്ന് തന്നത്. എന്നാ നമുക്ക് പോകാം. ടാ രാജീവേ ഒന്ന് പിടിച്ചേടെ.. വേദന കൊണ്ട് കിടന്ന് പുളഞ്ഞതല്ലാതെ മുരളി അവരോട് മറുത്ത് ഒരക്ഷരം പറഞ്ഞില്ല.. ബോബി മുഖത്തെ പുല്ലിന്റെ പൊടികൾ കൈ കൊണ്ട് തുടച്ചു മാറ്റിയ ശേഷം അരക്കെട്ടിൽ പിടിച്ചു പതിയെ വെള്ളത്തിലേക്കിറക്കി. രാജീവിന്റെ പുറത്ത് കിടത്തി. അയാൾ കൈ പതിയെ തോളിന് മീതെ എടുത്ത് വെച്ചു. കൈകൾ അനങ്ങിയപ്പോൾ മുരളി വേദന കൊണ്ട് ഒന്ന് പിടച്ചു. രാജീവ് അയാളെയും ചുവന്ന് കൊണ്ട് മുന്നോട്ട് നീന്തി തുടങ്ങി. പിന്നാലെ മുരളിയെ താങ്ങി കൊണ്ട് ബോബിയും. " ഇതെന്നാടാ പറ്റിയെ? " വെള്ളമടിച്ചു മത്സരിച്ചു നീന്തിയതാ. വാള് വെച്ച് ആകെ തളർന്ന് പോയി. " ങാ. അവിടെങ്ങാനും കൊണ്ട് പോയി ഇട്ടേക്ക് ബോധം വരുമ്പോ എണീറ്റ് പോയിക്കോളും. രാജീവും ബോബിയും പറഞ്ഞു പോയ നുണ വീണ്ടും ആവർത്തിച്ചു. അനിയപ്പൻ ഈർഷ്യയോടെ അയാളെ നോക്കി കൊണ്ട് കുട്ടികളുമായി നീന്തി കളിച്ചു കൊണ്ടിരിക്കുകയാണ്. മദ്യത്തിന്റെ ലഹരിയും ഒടിവിന്റെ വേദനയും കൊണ്ട് മുരളിയുടെ കണ്ണുകൾ പതിയെ തളർന്നടഞ്ഞു പോകുന്നുണ്ട്. ബോബി വേഗത്തിൽ കരയിലേക്ക് കയറി അയാളെ വട്ടം താങ്ങി പിടിച്ചു കയറ്റാൻ ശ്രമിക്കുകയാണ്. അത് കണ്ട് പ്രസാദ് എഴുനേറ്റ് വന്ന് ബോബിയെ സഹായിച്ചു. പിന്നാലെ രാജീവും കരയിൽ കയറി ശേഷം മുരളിയെ ഇരുവശത്തുമായി താങ്ങി കൊണ്ട് വീട്ടിലേക്ക് നടന്നു. അനിയപ്പൻ അതൊന്നും ശ്രദ്ധിക്കാതെ അപ്പോഴും കുട്ടികളുമായി വെള്ളത്തിൽ കളിക്കുന്നുണ്ടായിരുന്നു........ തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story