എന്റെ ഉമ്മാന്റെ പേര്: ഭാഗം 49

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

അടുക്കളയിൽ ശാന്തിയും കൂട്ടരും ഉച്ചയൂണിന്റെ പണി തിരക്കിലായിരുന്നു.. ഉള്ളി തീയലുണ്ടാക്കുന്ന ഡ്യൂട്ടി രേണുകയ്ക്കായിരുന്നു. തേങ്ങയും വറ്റൽ മുളകും മുഴുവൻ മല്ലിയും വരുത്തരച്ച കൂട്ടിൽ ചെറുതായരിഞ്ഞ ചുവന്നുള്ളി തിളച്ചു കുറുകി പാകമായി വരുന്നുണ്ട്. ആ വിഭവം ഉണ്ടാക്കാൻ അവൾക്ക് ഒരു പ്രത്യേക കൈപ്പുണ്യം തന്നെയുണെന്ന് എല്ലാവരും പറഞ്ഞു പുകഴ്ത്തിയിരുന്നു.. " ഇതൊന്ന് നോക്കിയേ ചേച്ചി.. " ആഹാ.. നന്നായിട്ടുണ്ട്. " എന്നാ ഇറക്കിക്കോട്ടെ.. " ഉം. കുറുകി വന്ന തീയൽ തവി കൊണ്ടിളക്കി അവൾ അൽപ്പം കോരിയെടുത്തു ഉള്ളം കൈയിൽ ഇറ്റിച്ചു രുചിച്ചു നോക്കിയ ശേഷം ആനിക്ക് നീട്ടി. അവളും തവി വാങ്ങി വിരൽ കൊണ്ട് അൽപ്പം വടിച്ചു നാക്കിൽ വെച്ചു. എണ്ണയും അരപ്പും ചുവന്നുള്ളിയും ചേർന്ന് അവളുടെ വായിൽ വെള്ളം നിറച്ചു.. " അരച്ചു കഴിഞ്ഞില്ലേ അമ്മു.. " ദേ തീർന്നു ഏടത്തി.. വലിയ കലത്തിൽ വെന്തിറക്കിയ ചോറ് ഊറ്റുകയിൽ കൊണ്ട് കോരിയെടുത്തു ചെറിയ പനമ്പിന്റെ കൊട്ടയിലേക്കിട്ട ശേഷം ശാന്തി അടുക്കള പടിയിലേക്കിറങ്ങി.

രഞ്ജിനി വെള്ള കാന്താരിയും കുരുമുളകും ചുവന്നുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മുളകും ചേർത്ത് അമ്മിയിൽ വടുകെയരച്ചത് പരന്ന പാത്രത്തിലേക്ക് വടിച്ചെടുത്തിട്ട് കൊണ്ട് അവരെ നോക്കി.. ശാന്തി പിന്നാമ്പുറത്തെ വാഴയിൽ നിന്ന് ഒരു തൂശനില മുറിച്ചെടുത്തു കഴുകി അകത്തേക്ക് കയറി വീതിയുള്ള ചെറിയ ചെറിയ കഷ്ണങ്ങളാക്കി വെച്ചു. രഞ്ജിനി അകത്തേക്ക് കയറി പൊടിച്ചെടുത്ത ഗരം മസാലപ്പൊടി അരപ്പിനൊപ്പം അൽപ്പം എണ്ണയും ഉപ്പും ചേർത്ത് തിരുമി വയ്ക്കുന്നുണ്ടായിരുന്നു. " ചേച്ചി ഈ തേങ്ങാ പാലൊന്ന് പിഴിഞ്ഞെടുക്കോ ? " താ.. രേണുക തീയൽ ഇറക്കി വെച്ച ശേഷം ചിരകിയ ഒരു പാത്രം തേങ്ങ ആനിയ്ക്ക് നീട്ടി. അവളത് വാങ്ങി മേശമേൽ വെച്ച് വെള്ളമൊഴിച്ചു ഞെരടി തുടങ്ങി. രേണുക പറമ്പിൽ നിന്ന് പറിച്ചെടുത്ത് മാങ്ങയുടെ തൊലി കളയുകയാണ്.. ശാന്തി കഴുകി വരഞ്ഞു വെച്ച കരിമീൻ കഷ്ണങ്ങളെടുത്ത് അതിന് മുകളിലേക്ക് രഞ്ജിനി അരച്ചു വെച്ച മസാല തേച്ചു പിടിപ്പിച്ച ശേഷം വാഴയിലയിൽ മടക്കി പൊതിഞ്ഞു അതിന്റെ നാര് കൊണ്ട് കെട്ടി വെച്ചു.

ശേഷം കഞ്ഞി വെന്തിറങ്ങിയ അടുപ്പിലെ കനലുകൾ ഇരുവശത്തേക്കും ചികഞ്ഞു മാറ്റി വാഴയില അതിനുള്ളിലേക്കിറക്കി വെച്ചു കനലിട്ട് മൂടി. വലിയ മൺ ചട്ടിയിൽ എണ്ണയൊഴിച്ചു വേപ്പിലയും ഉള്ളിയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിനുള്ള ഉപ്പുമിട്ട് രഞ്ജിനി വയറ്റിയെടുക്കുകയാണ്. നിറം മാറി തുടങ്ങിയപ്പോൾ അവൾ അതിലേക്ക് മഞ്ഞളും മുളകുമിട്ട് വീണ്ടുവയറ്റി. എരിവ് മണം മൂക്കിലേക്ക് ഇരച്ചു കയറിയതും അവളതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു. രേണുക തൊലി കളഞ്ഞു കഴുകിയെടുത്ത മാങ്ങ കഷ്ണങ്ങൾ രഞ്ജിനിക്ക് നീട്ടി. അവളത് വാങ്ങി തിളപൊട്ടി തുടങ്ങിയ മസാലവെള്ളത്തിലേക്കിട്ട് മൂടി വെച്ചു. " ഊണായില്ലേ ശാന്തി ? " ദേ ആവണു ഏട്ടാ. ഈ കറി കൂടി ഒന്ന് തിളച്ചോട്ടെ.. " ധൃതി കൂട്ടണ്ടാ പതിയെ മതി. ഞാൻ ചോദിക്കൂന്നേയുള്ളൂ. ഓ കരിമീൻ നീ പൊള്ളിച്ചാ എടുത്തെല്ലേ ? " കുട്ടനതല്ലേ ഇഷ്ട്ടം. രാജേന്ദ്രൻ ഏമ്പക്കം വിട്ട് കൊണ്ട് വയറ് തടവി അടുക്കളയിലേക്ക് വന്നു. ശാന്തി ചവണ കൊണ്ട് കനാൽ വകഞ്ഞു മാറ്റി കരിമീൻ പൊതി പുറത്തേക്കെടുത്തു വയ്ക്കുന്നുണ്ടായിരുന്നു..

" നന്നായി. വായ്ക്ക് രുചിയായിട്ട് വല്ലോം കഴിച്ചിട്ട് നാള് കുറെയായിട്ടുണ്ടാവും. പാവം. ഇഷ്ട്ടോള്ളത് എന്താന്ന് വെച്ചാ ഇണ്ടാക്കി കൊടുക്ക്. ആഹാ പാചകത്തിന് ഇയാളും കൂടിയോ. രേണു ദേ ഇതിനൽപ്പം ഉപ്പ് കുറവുള്ളത് പോലെ തോന്നാണണ്ട്. ഒന്ന് നോക്കിയെക്ക് " ങാ ഏട്ടാ. തേങ്ങാ പാൽ പിഴിഞ്ഞെടുക്കുന്ന ആനിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അയാൾ തീയൽ ചട്ടിയുടെ മൂടി തുറന്ന് അൽപ്പം രുചിച്ചു നോക്കിയ ശേഷം ഹാളിലേക്ക് നടന്നു. രേണുക മൂളി കൊണ്ട് കൈ വെള്ളയിലിട്ട് പപ്പടത്തിന്റെ പൊടി തട്ടി കളയുന്നുണ്ടായിരുന്നു. " ചേച്ചി ആ തല പാല് പിഴിഞ്ഞു കഴിഞ്ഞെങ്കി തന്നെക്കാമോ ? " ദാ.. തല പാൽ പിഴിഞ്ഞു വെച്ച പാത്രമെടുത്ത് ആനി രഞ്ജിനിയ്ക്ക് നീട്ടി. അവളത് വാങ്ങി തിളച്ചു തുടങ്ങിയ മസാലവെള്ളത്തിലേയ്ക്ക് ചിറ്റിച്ചൊഴിച്ചു. ആനി പിന്നെയും തേങ്ങയുടെ രണ്ടാം പാൽ ഞെരടി പിഴിഞ്ഞൊഴിക്കുന്നുണ്ടായിരുന്നു. " ഉം. ഉപ്പിത്തിരി കുറവാ രേണുക തീയലിന്റെ ഉപ്പ് നോക്കി കുറവുണ്ടെന്ന് കണ്ടപ്പോൾ ഒരൽപ്പമെടുത്ത് മുകളിൽ തൂവി തവി കൊണ്ടിളക്കി ചട്ടി മാറ്റി വെച്ചു. " ഇതിലിനി മസാലപ്പൊടി ചേർക്കണോ ഏടത്തി ? നോക്കിയേ. " ഏയ് വേണ്ടടി , നീയാ രണ്ടാം പാല് കൂടി ഒഴിച്ച് കുറുക്കിയെടുക്ക് , മാങ്ങ നന്നായി ഉടഞ്ഞോട്ടെ.. "

ങാ.. രഞ്ജിനി കുറുകി തുടങ്ങിയ ചാറിന്റെ രുചി നോക്കി കൊണ്ട് തവിയിൽ അൽപ്പം ശാന്തിക്ക് നീട്ടി. അവരത് വിരൽ കൊണ്ട് തൊട്ട് നാക്കിൽ വെച്ചു. പിഴിഞ്ഞെടുത്ത രണ്ടാം പാല് കൂടി രഞ്ജിനിക്ക് കൊടുത്ത ശേഷം ആനി പോയി കൈ കഴുകി വന്നു. ശാന്തി പൊള്ളിയ വഴയില പൊതികളിലെ കരിമീനുകൾ ഓരോന്നായി തുറന്ന് വയ്ക്കുകയാണ്. ശേഷം അവർ മറ്റൊരു ചട്ടി അടുപ്പിലേക്ക് വെച്ചു എണ്ണയൊഴിച്ചു അരിഞ്ഞു വെച്ച സവാള വയറ്റിയെടുത്തു. നിറം മാറി തുടങ്ങിയപ്പോൾ അരച്ചെടുത്ത് ബാക്കി വന്ന കാന്താരി മസാലക്കൂട്ടിൽ അല്പ്പം ഗരം മസാലയും ചേർത്ത് അതിലേക്കിട്ടു ഇളക്കി ചേർത്തു. എരിവ് മണം അടുക്കള തളവും കടന്ന് പുറത്തേക്ക് പരക്കുന്നുണ്ടായിരുന്നു.. " ആഹാ.. ദേ നോക്കിയേ ഏടത്തി ? " ങാ. ഇനി ഇറക്കി ക്കോ. തേങ്ങാ പാലിൽ മാങ്ങ ഉടഞ്ഞലിഞ്ഞു കുറുകി തുടങ്ങിയിരുന്നു. രഞ്ജിനി വീണ്ടും അല്പമെടുത്ത് അതിന്റെ രുചി നോക്കി. മാങ്ങയുടെ നേർത്ത മധുരവും പുളിയും മസാലയുടെ എരിവും നാവിൽ അലിഞ്ഞിറങ്ങിയപ്പോൾ അവൾ നാക്ക് മേൽ മോണയിൽ ഞൊട്ടിച്ചു ശബ്ദമുണ്ടാക്കി കൊണ്ട് വീണ്ടും ശാന്തിക്ക് നേരെ തവി നീട്ടി.. അവരും വിരൽ കൊണ്ട് അൽപ്പം വടിച്ചു നാക്കിലിറ്റിച്ചു.

രേണുക പപ്പടം വറുത്ത് ഒരു പ്ലാസ്റ്റിക്കിന്റെ ബക്കറ്റിലേക്ക് മാറ്റുന്നുണ്ടായിരുന്നു. ശാന്തി ചട്ടിയിലെ മസാല കൂട്ടുകൾ തവി കൊണ്ട് അരികിലേക്ക് വകഞ്ഞു മാറ്റി വാഴയിലയിലെ കരിമീനുകൾ അതിലേക്ക് എടുത്തു വെച്ച ശേഷം തവി കൊണ്ട് മസാല അതിന് മുകളിലേക്ക് മറിച്ചിട്ടു. ശേഷം അവർ കുറുകിയ മാങ്ങ ചാർ അതിലേക്ക് ഒഴിച്ചു ചട്ടിയുടെ വക്കിൽ പിടിച്ചു ഒന്ന് ചിറ്റിച്ചു. ചൂട് ചാറിൽ കരിമീനിന് മുകളിലെ മസാലയും ഇളകി തുടങ്ങിയപ്പോൾ മൂക്കിലൂടെ ശിരസ്സ് തുളഞ്ഞു പോകുന്ന തരം ഗന്ധം പുറത്തേക്ക് പരന്നു തുടങ്ങി. ശേഷം അവർ അതിന് മുകളിലേക്ക് കഴുകിയ കുറച്ചു വേപ്പില പിഴുതിട്ടു കൊണ്ട് മുകളിൽ അൽപ്പം പച്ച വെളിച്ചെണ്ണയും നീട്ടിയൊഴിച്ചു വീണ്ടും ചിറ്റിച്ചു വെച്ചു.. എണ്ണ പാടയ്ക്ക് മുകളിലൂടെ വേപ്പിലയും മസാലയുടെ കറയും ഒഴുകി നടക്കുന്നുണ്ടായിരുന്നു.. " എന്താണെന്ന് അറിയില്ല വെള്ളത്തിന്ന് കേറിയപ്പോ മുതലുള്ള ചൊറിച്ചില്ലാ. ഇനി വല്ല കരിപ്പനും മുട്ടിക്കാണോ ? " ങാ പായല് കേറിയ വെള്ളമല്ലേ കാണാതിരിക്കില്ല. " എന്നാ ഞാനൊന്ന് കുളിച്ചിട്ട് വരാം. ബോബി ശരീരം ചൊറിഞ്ഞു കൊണ്ട് കാറിൽ നിന്നിറങ്ങി ധൃതിയിൽ അകത്തേക്കോടി. രാജീവും പ്രസാദും പിന്നാലെയിറങ്ങി. " നിങ്ങക്ക് കുളിക്കണ്ടേ.. വാ.. സന്ധ്യ മുബീനയെയും അപ്പുവിനെയും ജെന്നിഫറിനെയും കൊണ്ട് അകത്തേക്ക് പോയി. പിന്നാലെ ആഷിതയും. " അല്ല അളിയാ. ഊണിന് മുൻപ് നമുക്കോരോന്നു താളിക്കണ്ടേ ? "

പിന്നെ വേണ്ടേ. അളിയൻ എന്റെ മുറിയിലേക്ക് പോയിക്കോ വെള്ളോ ഗ്ലാസ്സും ഞാൻ പോയെടുത്തിട്ട് വരാം. " തൊട്ട് നക്കാൻ കൂടി എന്തേലും. " ങാ.. രാജീവ് പ്രസാദിനെ ബെഡ്റൂമിലേക്ക് പറഞ്ഞയച്ചു കൊണ്ട് പിന്നാമ്പുറത്തേക്ക് പോയി. സന്ധ്യ ചുടുകട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ പഴയ വെള്ളം ടാങ്കിനരികിൽ നിന്ന് അപ്പുവിനെയും ജെന്നിഫറിനെയും കുളിപ്പിക്കുന്നുണ്ടായിരുന്നു. ആഷിത അവർക്ക് മാറാനുള്ള ഡ്രെസ്സുകളുമായി പുറത്തേക്ക് വന്നു. " ങാ നിങ്ങള് വന്നോ ? " ഉം..ഏട്ടനിന്തേ ഏടത്തി ? " അകത്ത് കാണും. പുറത്തെ ബഹളം കേട്ട് ശാന്തി പിന്നാമ്പുറത്തേക്ക് തലയെത്തിച്ചു നോക്കി. രാജീവ് കൈയും കാലും കഴുകി അടുക്കളയിലേക്ക് കയറുകയായിരുന്നു. " ങാ കുഞ്ഞേട്ടൻ വന്നപ്പോ മുതല് ഏതണ്ടും പേപ്പറുകൾ എടുത്ത് വെച്ചു നോക്കാൻ തുടങ്ങിയതാ. ഇത് വരെ കഴിഞ്ഞിട്ടില്ല. " ങാ.. ഡി അമ്മൂട്ടി രണ്ട് ഗ്ലാസ്സും കുറച്ചു വെള്ളോo തന്നെ. " ഓ അപ്പോ അങ്ങേര് അതും പിടിച്ചു അപ്പുറത്ത് നിപ്പുണ്ടാവും ല്ലേ.. ഇങ്ങോട്ട് വരട്ടെ ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ. " ഹാ. നീയെന്തിനാടി ചുമ്മാ അളിയന്റെ മെക്കിട്ട് കേറണെ ? വല്ലപ്പോഴും കഴിച്ചൂന്ന് വെച്ചു ഒരു കുഴപ്പോമില്ല. " എപ്പഴയാലും എനിക്കതിന്റെ മണം കിട്ടിയാ അപ്പൊ ശർദ്ദിക്കാൻ വരും. ദാ ഗ്ലാസ്സും വെള്ളോo. "

ഹാ കുറച്ചച്ചാറൂടെ താടി. രാജീവ് ശാന്തി കേൾക്കാതെ രഞ്ജിനിയോട് അടക്കം പറഞ്ഞു. മദ്യത്തിന്റെ കാര്യം കേട്ടതും അവൾ മുഖം ചുളിച്ചു കൊണ്ട് വെള്ളവും ഗ്ലാസ്സും നീട്ടി.. " ഉള്ളി തീയല് ഉണ്ടാക്കീട്ടിണ്ട് ഏട്ടാ അതേടുക്കട്ടെ. " ആഹാ ഗഭീരം. " അധികം വേണ്ടാട്ടോ കുട്ടാ. " ഏയ് ഇല്ലെടത്തി കഴുകിയെടുത്ത പൂക്കളുള്ള മൺപ്ലേറ്റുകളുമായി രേണുക അകത്തെക്ക് കയറി കൊണ്ട് ചട്ടിയിൽ നിന്ന് കുറുകിയ ഉള്ളി തീയൽ ഒരു കുഴിയൻ പാത്രത്തിലെടുത്ത് രാജീവിന് നീട്ടി. അയാൾ അതിൽ നിന്ന് അൽപ്പം വിരൽ കൊണ്ടെടുത്ത് വായിലേക്ക് വെച്ചു. പഴയ രുചി കൂട്ടുകൾ അയാളെ വീണ്ടും ഹരം പിടിപ്പിച്ചു തുടങ്ങിയപോലെ , വിരൽ നാക്ക് കൊണ്ട് നക്കി തുടച്ച് കൊണ്ട് അയാൾ നാവിൽ ഊറിയ എരിവ് ആറ്റുകയാണ്. ശാന്തി അയാളെ സ്നേഹത്തോടെ ശകാരിക്കുന്നുണ്ടായിരുന്നു. രാജീവ് ചമ്മലോടെ മൂളി കൊണ്ട് അകത്തേക്ക് പോയി.. രാജേന്ദ്രൻ മുറിയിലെ അലമാരയിൽ വീണ്ടും എന്തോ തിരഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. അയാളെ ഒന്ന് നോക്കിയ ശേഷം രാജീവ് അപ്പുറത്തെ മുറിയിലേക്ക് നടന്നു.. " എടാ അളിയൻ കള്ളന്മാരെ എന്നെ വിളിക്കാതെ ഒതുക്കത്തിലുള്ള പരിപാടിയാണല്ലേ ? " ങേ അളിയനായിരുന്നോ, ഞാൻ കരുതി വല്യേട്ടാനായിരിക്കോന്ന്. അല്ല നിങ്ങളിതെപ്പോ വന്നു.

" വന്നേയുള്ളൂ. അപ്പോഴാ നിങ്ങള് വന്നകാര്യം പറഞ്ഞത്. ഒന്ന് കുളിച്ചിട്ട് അങ്ങോട്ടിറങ്ങാന്ന് കരുതി. എന്തായാലും ആ യാത്ര ഒഴിവായല്ലോ. രേണുകയുടെ ഭർത്താവ് സുരേഷ് കുളി കഴിഞ്ഞു അപ്പുറത്തെ മുറിയുടെ വാതിൽ തള്ളി തുറന്ന് കയറി വന്നു. രാജീവും പ്രസാദും ബോബിയും ഞെട്ടി നോക്കി.. പ്രസാദ് ഒന്നാശ്വസിച്ചു കൊണ്ട് ബോട്ടിൽ തുറന്ന് രണ്ട് ഗ്ലാസ്സിൽ ഒഴിച്ചു ബോബിക്കും രാജീവിനും നീട്ടി. " അതേ അങ്ങോട്ട് വരാമോ ? " എന്തെടി ? " ഊണ് റെഡിയായിന്ന് , അമ്മ കഴിക്കാൻ വിളിക്കണണ്ട്.. " ദേ വരുന്നെടി.. സന്ധ്യ പെട്ടെന്ന് വാതിലിൽ മുട്ടി. രാജീവും ബോബിയും ധൃതിയിൽ വോഡ്ക്ക വായിലേക്ക് കമിഴ്ത്തി കൊണ്ട് ഗ്ലാസ് പ്രസാദിന് നീട്ടി.. അയാൾ വീണ്ടും രണ്ട് ഗ്ലാസ്സിൽ ഒഴിച്ച ശേഷം ഒരെണ്ണം സുരേഷിന് കൊടുത്തുകൊണ്ട് വേഗത്തിൽ കുടിച്ചു തീർത്ത ശേഷം തീയൽ തൊട്ട് നക്കി ചിറി തുടച്ചു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.. " ഇതൊരു കല്യാണ സദ്യയ്ക്കുള്ള ഐറ്റംസുണ്ടല്ലോ ഏടത്തി. " ഇതുപോലെ എല്ലാരും കൂടി ഒത്ത്കൂടുമ്പോല്ലേ നല്ലതേന്തെലൊക്കെ വെച്ചുണ്ടാക്കാൻ പറ്റൂ.

ഏട്ടനെന്നും കഞ്ഞിയും മുളകും മതി. അടുക്കളയിലെ ഊണ് മേശയിൽ വിഭവങ്ങൾ ഓരോന്നായി നിരന്ന് തുടങ്ങിയിരുന്നു. സ്റ്റീലിന്റെ വലിയ കുഴിയൻ പാത്രത്തിൽ പൊള്ളിച്ച കരിമീൻ മാങ്ങയും തേങ്ങാപ്പാലുചേർത്തുണ്ടാക്കി കുറുകിയ ചാറിൽ മുങ്ങി കിടക്കുകയാണ്. മറ്റൊരു പാത്രത്തിൽ രേണുകയുടെ സ്‌പെഷ്യൽ ഉള്ളി തീയൽ. കൊടപ്പനും ( വാഴ കൂമ്പ് ) പരിപ്പും ചേർത്തുണ്ടാക്കിയ തോരൻ മറ്റൊരു ചില്ല് പാത്രത്തിൽ നിറഞ്ഞിരിപ്പുണ്ട്. പപ്പടവും കടുമാങ്ങ അച്ചാറും മേശയുടെ നടുവിൽ ആദ്യമേ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. കുരുമുളകിന്റെ മേമ്പൊടിയിൽ ചൂടുള്ള രസം ചെറിയ കുഴിയൻ ചരുവത്തിൽ തിളങ്ങി കൊണ്ടിരിക്കുകയാണ്. രുചി കൂട്ടാൻ എരിവുള്ള കാന്താരി മുളകും, പാവക്ക കൊണ്ടാട്ടവും. ഊണ് മേശയുടെ മുകളിൽ നിരന്നിരിക്കുന്ന രുചി കലവറകൾ കണ്ട് രാജീവ് അന്തം വിട്ട് നോക്കി.. പിന്നാമ്പുറത്തെ വാഴയിൽ നിന്ന് നാലഞ്ച് തൂശനില മുറിച്ചു കഴുകിയെടുത്തു കൊണ്ട് ശാന്തി അകത്തേക്ക് കയറി.. പിന്നാലെ കുളിച്ചു വസ്ത്രം മാറിയ കുട്ടികൾ സന്ധ്യയ്ക്കൊപ്പം വരുന്നുണ്ടായിരുന്നു. "

അനിയനെ കൂടെ വിളിക്കഞ്ഞില്ലെടാ ? " അയ്യോ നമ്മളവനോട് ഒന്നും പറയാതെ അല്ലെ പൊന്നേ.. " അതെങ്ങിനാ ആ മറ്റേ തെണ്ടി അവിടെ കിടന്ന് കാറി കൂവായിരുന്നില്ലേ.. രാജേന്ദ്രൻ കൈ കഴുകി വന്ന് താഴെ മടക്കി വിരിച്ച തഴപ്പായിൽ വന്നിരുന്നു. അനിയപ്പനെ വിളിക്കാൻ മറന്നത് ഓർത്ത് രാജീവും ബോബിയും നിരാശയോടെ പരസ്പ്പരം നോക്കി കൊണ്ട് അയാൾക്കരികിൽ താഴെ വന്നിരുന്നു.. പിന്നാലെ പ്രസാദും , സുരേഷും ഊണ് മേശയുടെ കസേര വലിച്ചിട്ടിരുന്നു.. ബാക്കിയുള്ള കസേരകളിൽ സന്ധ്യയും ആഷിതയും മുബീനയും സ്ഥാനം പിടിച്ചു. അപ്പുവിനെയും ജെന്നിഫറിനെയും രാജേന്ദ്രൻ വിളിച്ചിരുവശത്തുമായിരുത്തി.. " ഓ നാളെ മറ്റൊരു വീട്ടിൽ ചെന്ന് കേറേണ്ട പെണ്ണാ. ഇങ്ങോട്ട് എഴുനേറ്റ് വന്നേഡി. രഞ്ജിനി തൂശനില നിവർത്തിട്ട് ചൂടുള്ള ചെറുമണി കുത്തരി ചോറ് വിളമ്പി തുടങ്ങി. പിന്നാലെ രേണുക തോരനും തീയലുമായി വന്നു.. ശാന്തി സന്ധ്യയെ ശകാരിച്ചു കൊണ്ട് രസത്തിന്റെ പാത്രം നീട്ടി. അവൾ ചമ്മലോടെ ചുറ്റും നോക്കി കൊണ്ട് അതുമായി എഴുനേറ്റ്. രാജീവ് അവളെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.. " ഉം. ഉം. ഇതെന്താ ഏടത്തി ഇന്ന് കരിമീൻ വെച്ചൊരു പുതിയ കളി. " നീ കഴിച്ചു നോക്കീട്ട് പറയ് കുട്ടാ. " ആഹാ. ഊണെന്ന് പറഞ്ഞാ ഇതാണ്.. അല്ലെടാ ?

" ഹോ.എന്താ ടെസ്റ്റ്.. തൂശനിലയിൽ വിതറിയ ചൂട് ചോറിനരികിൽ കൊടപ്പൻ തോരനും , തീയലും നിരന്നു. അച്ചാറും കാന്താരി മുളകും പപ്പടവും പിന്നാലെയെത്തി. ഒടുവിൽ തേങ്ങാ പാലിൽ കുളിച്ച കരിമീൻ ചോറിനരികിലേക്ക് വിരുന്നെത്തി. രാജീവ് സംശയത്തോടെ ശാന്തിയെ നോക്കി കൊണ്ട് ചോറും മീൻ ചാറും തോരനും തീയലും പപ്പടവും ഒന്നിച്ചു കൂട്ടി കൈ വള്ളയിലിട്ട് എറിഞ്ഞുരുട്ടി ഒരു ഉരുളയുണ്ടാക്കി വായിലേക്ക് വെച്ചു. എരിവും മധുരവും പുളിയും ചേർന്ന് അയാളുടെ നാവിലെ രസ മുകുളങ്ങളെ തകർത്ത് കളഞ്ഞു. ബോബി വായിൽ വെള്ളമൂറിക്കൊണ്ട് എല്ലാം കൂടി കൂട്ടി കുഴച്ച് വായിലേക്ക് വെച്ചു. രാജേന്ദ്രൻ ഇരുവരെയും മാറി മാറി നോക്കി കൊണ്ട് കരിമീനിന്റെ മാംസവും ചോറും കൂട്ടി തിരുമി അപ്പുവിന്റെയും ജെന്നിഫറിന്റെയും വായിലേക്ക് വെച്ചു. ചെറു ചൂടുള്ള മാംസത്തിൽ കാന്താരിയുടെയും കുരുമുളകിന്റെയും എരിവ് കൂടി ചേർന്നപ്പോൾ അപ്പു നാക്ക് പുറത്തേക്ക് നീട്ടിക്കൊണ്ട് എരിവ് ആറ്റി. ശാന്തി അവർക്ക് മുന്നിൽ ചൂടാറി തുടങ്ങിയ കഞ്ഞിവെള്ളം ഒരു പിടിയുള്ള കാപ്പിലാക്കി കൊണ്ട് വെച്ചു. അയാളത് ഇരുവർക്കുമായിട്ട് കുടിക്കാൻ പിടിച്ചു കൊടുത്ത ശേഷം ചോറ് വാരി കഴിച്ചു തുടങ്ങി. ഇന്നോളം കണ്ടിട്ടില്ലാത്ത വിഭവങ്ങളും അറിഞ്ഞിട്ടില്ലാത്ത രുചികൂട്ടുകളുമറിഞ്ഞ് ആഷിതയും മുബീനയും രസം പിടിച്ചിരിക്കുകയാണ്.. " നീയൊക്കെ വിളിച്ചില്ലേലും എനിക്കിങ്ങോട്ട് വരാനറിയാടാ. "

ദേ നോക്കിയെടാ.. ഒരു വലിയ കൂജയും ചുമലിൽ തൂക്കി അനിയപ്പൻ അകത്തേക്ക് ഓടി കയറി വന്നു. അത് കണ്ട് ബോബി രാജീവിനെ തോണ്ടി വിളിച്ചു.. അനിയപ്പന്റെ നോട്ടവും നിൽപ്പും കണ്ട് രാജേന്ദ്രന് ചിരി വന്നു.. " ഡി രേണു ഇതൊന്ന് ആ ഫ്രഡ്‌ജിലേക്ക് വെച്ചേക്ക്. " ഇതെന്താ സാധനം ? " ഓ ഇതിപ്പോ എന്തെന്നറിഞ്ഞാലെ നീ വെക്കുള്ളോ.. അങ്ങോട്ട് കൊണ്ട് പോയി വെക്കടി. ങാ അല്ലേൽ വേണ്ടാ. ചെത്തിയിറക്കിയ കള്ള് നിറച്ച കൂജ അനിയപ്പൻ രേണുകയ്ക്ക് നീട്ടി. അവൾ അയാളെ പേടിയോടെ നോക്കി കൊണ്ട് അത് വാങ്ങാൻ കൈ നീട്ടിയതും അനിയപ്പൻ അത് തിരികെ ചുമലിലേക്കിട്ടു. " എങ്ങിനെയാ വല്യേട്ടാ ഒരെണ്ണം ഒഴിക്കട്ടെ.. ഒന്ന് മാറിയെ ഏടത്തി. അനിയപ്പൻ രാജേന്ദ്രനെ നോക്കി കണ്ണിറുക്കി. അയാൾ ചുറ്റും പാളി നോക്കി കൊണ്ട് ഇപ്പോൾ വേണ്ട എന്നർത്ഥത്തിൽ തല കുടയുന്നുണ്ടായിരുന്നു. രാജീവും ബോബിയും സംശയത്തോടെ പരസ്പരം നോക്കി. " വല്യേട്ടനെന്തിനാ ഇവന്മാരെ നോക്കണേ. ദേ നമ്മടെ രാജൻ ചെത്തിയിറക്കിയ നല്ലുഗ്രൻ ഉച്ചകള്ളാ. ഇതങ്ങോട്ട് പിടിപ്പിക്ക്..

ഇന്നാ അളിയാ. എന്താടാ.. രണ്ടും കൂടി നോക്കിയിരുന്ന് കണ്ണ് മിഴിക്കാതെ അത് കഴിക്കാൻ നോക്കേടാ. ശാന്തി അവനെ കണ്ട് അൽപ്പം പിന്നോട്ട് മാറി കൊടുത്തതും അയാൾ അടുക്കളയിലെ റാക്കിൽ നിന്ന് കുറച്ചു ചില്ല് ഗ്ലാസ്സുകളെടുത്ത് മേശപ്പുറത്ത് നിരത്തി വെച്ച് കള്ള് ഒഴിച്ചു രാജേന്ദ്രനും സുരേഷിനും പ്രസാദിനും നീട്ടി.. രാജേന്ദ്രൻ രാജീവിനെ ചമ്മലോടെ നോക്കി കൊണ്ട് പതിയെ അത് വാങ്ങി. പിന്നാലെ പ്രസാദും സുരേഷും. കൺ മുന്നിൽ നടക്കുന്നതെന്താണെന്ന് മനസ്സിലാവാതെ രാജീവും ബോബിയും അന്തം വിട്ട് കണ്ണ് മിഴിക്കുകയാണ്. " എനിക്കും തരോ വല്ല്യച്ഛാ ? " അയ്യോ കുട്ടികളിത് കഴിച്ചൂടാ. " നല്ല ചെത്ത് കള്ളിന് എന്ത് പിള്ളേരാ വല്യേട്ടാ. അവനും കുടിച്ചോട്ടെന്ന്. ഇന്നാടാ മക്കളെ " എടാ അവനിതൊന്നും അറിയില്ല. " നീയൊന്ന് പോടാ രാജേന്ദ്രന്റെ കൈയിലെ ഗ്ലാസ് കണ്ട് അപ്പു അതിൽ പിടിച്ചു വലിച്ചു. അയാൾ അവനെ വിലക്കി കൊണ്ട് ഗ്ലാസ് വലിച്ചു മാറ്റി. അത് കണ്ട് അനിയപ്പൻ മറ്റൊരു ഗ്ലാസ്സിന്റെ ചുവട്ടിൽ അൽപ്പം കള്ള് ഒഴിച്ചു അപ്പുവിന് നീട്ടി. രാജീവ് അനിയപ്പനെ ഈർഷ്യയോടെ നോക്കുന്നുണ്ടായിരുന്നു. " ഒരു പൊട്ട് കള്ള് കൊടുത്തൂന്ന് വെച്ച് പിള്ളേരൊന്നും അതിന്റെ പിന്നാലെ പോവില്ലെടാ. രാജീവേ. ഡി നിനക്ക് വേണ്ടേ. "

അതെന്ത് ചോദ്യാ . ഇങ്ങോട്ട് ഒഴിക്ക് ചെറിയച്ഛ. അനിയപ്പൻ രാജീവിനെ നോക്കി കളിയാക്കിയ പോലെ ചിരിച്ചു കൊണ്ട് സന്ധ്യയെ നോക്കി. അവൾ ഒരു ഗ്ലാസ് എടുത്ത് അയാൾക്ക് മുന്നിലേക്ക് നീട്ടി. രാജേന്ദ്രനും ശാന്തിയും അവന്റെ സംസാരവും പെരുമാറ്റവും കണ്ട് അടക്കി ചിരിക്കുന്നുണ്ടായിരുന്നു. അവിടെയുള്ള മറ്റൊരാളും അനിയപ്പനോട് മറുത്തൊന്നും പറയുന്നില്ല. സന്ധ്യയ്ക്ക് അവനും അച്ഛന്റെ അനിയനാണ്. മുൻശുണ്ഠികാരിയായ രേണുക പോലും അനിയപ്പന്റെ നോട്ടത്തിന് മുന്നിൽ പതറി പോവുന്നുണ്ടായിരുന്നു. രാജീവ് ഒന്നും മനസ്സിലാവാതെ പകച്ചു നോക്കുകയാണ്. കൂജയിലെ കള്ള് തീരുവോളം അനിയപ്പൻ എല്ലാവർക്കും അതൊഴിച്ചു കൊടുത്തുകൊണ്ടിരുന്നു.. ജന്മം കൊണ്ടോരാൾ ഒരു കുടുംബത്തിൽ സഹോദരനായി ജനിച്ചേക്കാം. പക്ഷെ കർമ്മം കൊണ്ടൊരാൾ ജീവിക്കുന്നത് പലരുടെയും മനസിലാവും. അനിയപ്പനെ പോലെ. കാരണം അയാളും അവർക്ക് രക്തത്തിന്റെ നിറം ഒന്നാണെന്ന് മാത്രമറിയാവുന്ന സഹോദരനാണ്. സുഹൃത്താണ്. അതിലുപരി ഹൃദയം പറിച്ചെടുത്ത് കൊടുക്കുന്ന കളങ്കമില്ലാത്ത പച്ചയായ മനുഷ്യനാണ്...... തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story