എന്റെ ഉമ്മാന്റെ പേര്: ഭാഗം 50

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ഹാ. കണ്ണാ രാജേന്ദ്രനാ. " പറഞ്ഞോ രാജേട്ടാ. " എവിടെയാ കോടതിലാണോ ? വൈകീട്ട് തിരക്കില്ലെങ്കിൽ ഇവിടെവരെയൊന്ന് വരാമോ ? " ഒരു ആറു മണിക്ക് മതിയോ ? " മതി മതി.. " ങാ. ഞാനത്തിയേക്കാം രാജേട്ടാ.. " എന്നാ ശരി കണ്ണാ.. ഉച്ചയൂണ് കഴിഞ്ഞ് രാജേന്ദ്രൻ വീണ്ടും ബെഡ്റൂമിലേക്ക് കയറി കൊണ്ട് പഴയ സുഹൃത്ത് ബാലന്റെ അനിയൻ കണ്ണനെ വിളിച്ചു. അയാൾ അമ്പലപ്പുഴ കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്ന യുവ അഭിഭാഷകനാണ്. ഫോൺ കട്ട് ചെയ്ത ശേഷം മുൻപേ നോക്കിയെടുത്ത് വെച്ച കുറച്ചധികം പേപ്പറുകൾ മടക്കി ഒരു റബർ ബാൻഡിട്ട് അലമാരയുടെ ഏറ്റവും ചെറിയ കള്ളിയിലേക്ക് വെച്ചു.. " അല്ലെടാ. നമുക്ക് കഞ്ഞിരമറ്റത്തിന് പോണ്ടേ ? " ഓ പറഞ്ഞപോലെ അങ്ങിനൊരു കാര്യമുണ്ടല്ലോ. രാജീവും ബോബിയും പിന്നാമ്പുറത്തെ തോടിനരികിലെ മൂവാണ്ടന്റെ ചുവട്ടിൽ വെള്ളത്തിലേക്ക് കാൽ നീട്ടിയിരിക്കുന്നുണ്ടായിരുന്നു. അനിയപ്പൻ കുട്ടികളുടെ കൂടെ ഓടി കളിച്ചും അവരെ ഊഞ്ഞാലട്ടിയും പിന്നാലെ നടപ്പുണ്ടായിരുന്നു. " പിള്ളേരെയൊന്നും കൊണ്ട് പോകണ്ടടാ. രാവിലെ പോയി ഒന്ന് അന്വേഷിച്ചു വരാം. " ദേ ആ കിടന്നോടുന്നവൻ വരാതിരിക്കുംന്ന് നിനക്ക് തോന്നുന്നുണ്ടോ? അല്ലേലും സിസിലയുടെ കാര്യം അവനറിയാത്തതൊന്നുമല്ലല്ലോ.. "

ഏയ് അതല്ലേടാ. നാക്കിനൊരു ലൈസൻസുമില്ലാത്തോനാ. ആരോട് എന്താ ഏതാ പറയാന്ന് ഒരു ഐഡിയമുണ്ടാവില്ല. ഇത്രേം കൊല്ലം കഴിഞ്ഞു പഴയ കാമുകിയെ അന്വേഷിച്ചു ചെന്നതാന്ന് വല്ലോം വിളിച്ചു പറഞ്ഞാ അതോടെ എല്ലാം തീരും. " അങ്ങിനൊന്നുണ്ടാവില്ല. അതോർത്ത് നീ വെറുതെ ടെൻഷനാവണ്ട.. രാജീവ് അനിയപ്പന്റെ കാര്യത്തിൽ ഉറപ്പ് കൊടുത്തു കൊണ്ട് കുട്ടികളുടെ കൂടെയുള്ള അയാളുടെ കളികൾ ശ്രദ്ധിച്ചു. അയാൾ കുട്ടികളുടെ കൂടെ ഓടി തൊട്ട് കളിക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് അനിയപ്പന്റെ മടികുത്തിലെ മൊബൈൽ ഫോൺ റിംഗ് ചെയ്തു തുടങ്ങി. " എന്തേ ? " ചേട്ടായി ഒന്ന് വേഗം വീട് വരെ വരോ? " എന്തെടി ? അയാൾ കോളെടുത്തതും കുഞ്ഞു മോള് വെപ്രാളത്തോടെ കിതയ്ക്കുന്നുണ്ടായിരുന്നു. " എന്താന്നറിയില്ല ചേട്ടായി, ദേ ആ മനുഷ്യനിവിടെ കിടന്ന് അലമുറയിട്ട് കരയണണ്ട്. " ങാഹാ അത്രേയുള്ളോ, അത് ഉച്ചയ്ക്കടിച്ചതിന്റെ കെട്ട് വിട്ട്പോയ സങ്കടം കൊണ്ടാവും. നീയതൊന്നും കാര്യമാക്കണ്ട. " ഇതതല്ല ചേട്ടായി, കയ്യൊക്കെ നീര് വന്നിട്ട്ണ്ട്‌, ദേ ഇപ്പൊ നോക്കിയപ്പോ പൊള്ളണ പനീം. ഒന്ന് വാ ചേട്ടായി. " നിനക്ക് വേറൊരു പണീമില്ലേ കുഞ്ഞോളെ. ഇന്നേവരെ പട്ടീടെ വില പോലും നിനക്ക് തന്നിട്ടില്ല. എന്നിട്ട് പിന്നേം നാണമില്ലാതെ പിന്നാലെ നടന്നോളണം.

" എന്നോട് എന്ത് വേണേലും കാണിച്ചോട്ടെ ചേട്ടായി. ഒന്നിലേലും എന്റെ കൊച്ചിന്റെ അച്ഛനല്ലേ. ഒന്ന് വാ ചേട്ടായി. " ഓ കിടന്ന് കരയണ്ട. ദാ വരുന്നു. മുരളി വേദന കൊണ്ട് പുളയുന്നത് കണ്ടപ്പോൾ കുഞ്ഞുമോൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അനിയപ്പൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്ത ശേഷം ധൃതിയിൽ പുറത്തേക്ക് നടന്നു. ചിലരങ്ങിനെയാണ്. എത്രയൊക്കെ ആട്ടിയോടിച്ചിറക്കി വിട്ടാലും പിന്നെയും ഉപഗ്രഹം പോലെ അവർക്ക് പിന്നാലെ ചുറ്റി തിരിഞ്ഞു നടക്കും. സ്നേഹത്തിന് അങ്ങിനെ ചില കുഴപ്പങ്ങളുണ്ട്. കുഞ്ഞുമോൾക്കും.. " അല്ല നീയതെങ്ങോട്ടാ. " നീയൊക്കെ എന്ത് വിഷമാടാ ആ തെണ്ടിക്ക് ഒഴിച്ച് കൊടുത്തത്.? " എന്താടാ എന്താ പറ്റിയെ? നടന്ന് തുടങ്ങിയ അനിയപ്പൻ തിരിഞ്ഞു നിന്നു. രാജീവും ബോബിയും ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റു.. " ആ അളിയൻ കഴിവേറീടെ കൈക്ക് നീരോ, പനിയോ ഏതാണ്ടൊക്കെയാണെന്ന് പറഞ്ഞ് ആ പെണ്ണവിടെ കിടന്ന് കരയുന്നുണ്ട്. എന്താന്ന് പോയി നോക്കട്ടെ. " എന്നാ ഞങ്ങളും വരാടാ.. " അവന്റെ ഇതിലും വല്ല്യ നമ്പറുകള് നമ്മള് കണ്ടിട്ടുണ്ട്. പിന്നെയാ ഇത്. എന്നാലും പോയി നോക്കട്ടെ. ഡാ വല്യേട്ടനോട് ഞാൻ സൈക്കിളെടുത്തിട്ടുണ്ടെന്ന് പറഞ്ഞേക്ക്. ശെടാ എന്നാലും എനിക്ക് വരുന്ന ഓരോരോ കുരിശുകളെ..

അനിയപ്പൻ മതിലിന്റെ ഇറയത്ത് ചാരി വെച്ചിരുന്ന സൈക്കിളെടുത്ത് വേഗത്തിൽ ചവിട്ടി പോയി. രാജീവും ബോബിയും മറുപടിയൊന്നും പറയാതെ പരസ്പ്പരം നോക്കി കണ്ണ് മിഴിക്കുന്നുണ്ടായിരുന്നു.. സന്ധ്യക്ക് അച്ഛന്റെയും അമ്മയുടെയും അസ്ഥി തറകളിൽ വിളക്ക് വെച്ചു ഉമ്മറത്തേക്ക് കയറുമ്പോഴാണ് അഡ്വക്കേറ്റ് കണ്ണന്റെ ബൈക്ക് വാതിൽക്കൽ വന്ന് നിന്നത്. രഞ്ജിനി സംശയത്തോടെ അയാളെ നോക്കി. " രാജേട്ടനില്ലേ ? " ങാ അകത്തുണ്ട്. ഹെൽമെറ്റ് ഊരി മാറ്റി ബൈക്കിൽ നിന്നിറങ്ങുന്ന അയാളെ കണ്ട് രഞ്ജിനി പരിചിത ഭാവത്തിൽ ചിരിച്ചു കൊണ്ട് നിലവിളക്ക് താഴെ വെച്ച ശേഷം അകത്തേക്ക് നടന്നു.. " ങാ. താൻ വന്നോ ? ഇരിക്കേടോ, അമ്മൂട്ടി കണ്ണനൊരു ചായയെടുത്തോ. " ങാ . " സന്ധ്യേ, ചെറിയച്ഛനോടും , മാമൻമാരോടും ഇങ്ങോട്ട് വരാൻപറഞ്ഞേ. കണ്ണൻ ഹാളിലെ മരക്കസേര വലിച്ചിട്ട് ഇരിക്കാൻ തുടങ്ങുകയായിരുന്നു. രാജേന്ദ്രൻ അലമാര തുറന്ന് നേരത്തെ കെട്ടി വെച്ച കടലാസുകളെടുത്ത് ഹാളിലേക്ക് വന്നു. മുറിയിൽ നിന്നും പുറത്ത് നിന്നുമായി രാജീവും സുരേഷും പ്രസാദും ഹാളിലേക്ക് എത്തി. പിന്നാലെ ബോബിയും. " കണ്ണാ മരിക്കുന്നേന് മുന്നേ അച്ഛൻ നമ്മടെ ഗോപാലൻ വക്കീലിനെ കൊണ്ടെഴുതിച്ച വിൽപത്രാ. ഇതൊന്ന് നോക്കിയേ. കണ്ണനെ നീയറിയില്ലേ കുട്ടാ.

നമ്മടെ ചിറമ്മലെ ബാലന്റെ അനിയൻ. " ങാ. അറിയാം അറിയാം. " ഈ വീടും പറമ്പും തൊണ്ണൂറ് സെന്റാ ല്ലേ ? " തൊണ്ണൂറ് തികയില്ല, ഏതാണ്ട് ലിംഗ്സ് എന്തോ കുറവുണ്ട്.. രാജേന്ദ്രൻ പേപ്പറുകൾ നീട്ടി കൊണ്ട് രാജീവിന് കണ്ണനെ പരിചയപ്പെടുത്തി. ആളെ മനസിലായത് പോലെ അയാൾ കണ്ണനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് രാജേന്ദ്രന് അരികിലിരുന്നു. കണ്ണൻ തിരികെ ഒരു ചിരി സമ്മാനിച്ച ശേഷം പേപ്പറുകൾ മറിച്ചു നോക്കി നോക്കുകയാണ്. " ആർക്ക് എന്തൊക്കെയാണെന്ന് ഇതിലെല്ലാം കൃത്യമായി എഴുതിയിട്ടുണ്ടല്ലോ രാജേട്ടാ. അപ്പോ പിന്നെ ഇതില് ഞാനിപ്പെന്താ ചെയ്യേണ്ടത് ? " ആദ്യം താനീ ചായ കുടിക്ക്. ആർക്കെന്തൊക്കെയാന്നുള്ളത് ഓരോരുത്തരുടേം പേരിൽ താനതൊന്നും തീറാക്കി തരണം.. " ഇതിപ്പിത്ര ധൃതി പിടിച്ചു ചെയ്യേണ്ട കാര്യോണ്ടോ വല്യേട്ടാ. രഞ്ജിനി ചായ കൊണ്ട് വന്ന് കണ്ണന് നീട്ടി. അയാളത് വാങ്ങി ഒന്ന് മൊത്തിയ ശേഷം പേപ്പറുകൾ ഒരിക്കൽ കൂടി മറിച്ചു നോക്കി. രാജീവ് സംശയത്തോടെ രാജേന്ദ്രനെ നോക്കിയ ശേഷം കണ്ണന്റെ കൈയിൽ നിന്നും വിൽപത്രം വാങ്ങി വായിച്ചു നോക്കുകയാണ്. " അത് വേണം കുട്ടാ. ചെയ്യേണ്ടത് കയ്യോടെ ചെയ്ത് വെച്ചാ ഒരാവശ്യം വരുമ്പോ കിടന്നോടാൻ നിക്കണ്ടല്ലോ. ഇന്നിപ്പിവിടെ എല്ലാരുമുണ്ട്. ഇതുപോലെയിനി എല്ലാരേം ഒന്നിച്ചു കിട്ടാണമെന്നില്ലല്ലോ.

" ഇതെന്താ ഈ വീടും സ്ഥലോം എന്റെ പേരില് എഴുതിയേക്കണെ ? " അത് പിന്നെ കീഴ്‌വഴക്കം വെച്ച് തറവാട് വീട് ഇളയവർക്കുള്ളതല്ലേ. അത് അന്നേ അച്ഛൻ പറഞ്ഞതാ. നിന്നോട് ചോദിച്ചില്ലന്നെയുള്ളൂ. " ഇതെനിക്ക് എഴുതി വെച്ചിട്ട് വല്യേട്ടനെങ്ങോട്ട് പോകും. " എനിക്ക് നമ്മടെ പഞ്ചായത്തിന്റെ പിന്നിലെ പത്ത് സെന്റും അതിലെ ആ ചെറിയ വീടും ഇല്ലെടാ. ദേ ഇവളുടെ കാര്യം കഴിഞ്ഞാൽ എനിക്കും ശാന്തിക്കും പിന്നത് പോരെ. രാജേന്ദ്രൻ സന്ധ്യയെ നോക്കി. അവളൊന്നും മിണ്ടാതെ എല്ലാം കേട്ട് നിൽപ്പുണ്ടായിരുന്നു.. " ഓഹോ. അപ്പോ അങ്ങിനെയാണ്. അമ്മൂട്ടിക്കും രേണുനും പോസ്റ്റാപ്പീസിനടുത്തുള്ള മുപ്പത് സെന്റ്. അപ്പോ നമ്മടെ പാടോം പറമ്പും ? " അതും നിന്റെ പേരിലാ. പിന്നെ നമ്മടെ വല്യച്ഛൻ ക്ഷേത്രത്തിനടുത്ത് അമ്മേടെ പേരിലൊരു പത്ത് സെന്റുള്ളതും നിന്റെ പേരില് തന്നെയാ എഴുതിയേക്കണെ. " ഇതെല്ലാം കൂടി എന്റെ പേരിലെഴുതി വെച്ചിട്ടെന്തിനാ എനിക്ക് പുഴുങ്ങി തിന്നാണോ.. കണ്ണാ ദേ ഇതിലെഴുതിയ പോലൊന്നും തീറാക്കാൻ നിക്കണ്ട.. " ഇതെന്താ കുട്ടാ നീയിങ്ങനെ പറയണേ. അച്ഛന്റേം അമ്മേടേം ആഗ്രഹായിരുന്നില്ലേ. അപ്പൊ അത് അങ്ങിനെ തന്നെ നടക്കട്ടെ.. " മരിച്ചു പോയി കഴിഞ്ഞാൽ പിന്നെന്താ ആഗ്രഹാ വല്യേട്ടാ. ജീവിച്ചിരിക്കുമ്പോഴേ ആഗ്രഹിക്കുന്നതിനൊക്കെ വിലയുള്ളൂ..

ഈ വീടും പറമ്പും, പിന്നെ പാടോം വല്യേട്ടന്റെ പേരിൽ എഴുതിയ മതി. പിന്നെ കുന്നുമ്മയുള്ള തെങ്ങും പറമ്പും പുരയിടോം വല്യേട്ടന്റെ രേണുന്റെ അമ്മൂട്ടീടേം പേരില് മൂന്നാക്കി എഴുതണം. " നീയിതെന്തൊക്കെയാ കുട്ടാ ഈ പറയണേ. അതൊന്നും ശരിയാവില്ല. " അതേ ശരിയാവൂ. " അപ്പോ കുഞ്ഞേട്ടനോ ? " വല്ല്യേട്ടന്റെ പേരിൽ പറഞ്ഞ ആ വീടും പറമ്പും, പിന്നെ അമ്പലത്തിന്റെ അടുത്തുള്ള സ്ഥലോമില്ലേ. എനിക്കത് മതി. അതും വേണ്ടിട്ടല്ല. നാളെ എനിക്കെന്തേലുമൊരു തട്ട് കേട് പറ്റി പോയി എന്റെ അപ്പൂനൊരു ആവിശ്യം വന്നാ കേറി ചെല്ലാൻ സ്വന്തം നാട്ടിൽ ഒരു പിടി മണ്ണ് വേണ്ടേ. അതിന് വേണ്ടി മാത്രാ. " എന്നാലും കുട്ടാ. " ഒരെന്നാലുമില്ല, ഈ കാര്യത്തിൽ ഞാൻ പറയണത് എല്ലാരും അനുസരിക്കാ. പിന്നെ വല്യേട്ടാ ഞാൻ വേറൊരു കാര്യം കൂടി പറഞ്ഞാ ആരും എതിര് പറയരുത്. ആ തെങ്ങും പറമ്പിന്ന് ഒരു ഇരുപത് സെന്റ് നമ്മടെ അനിയപ്പന്റെ പേരില് കൂടി എഴുതിക്കണം. ആകെയുള്ളത് എപ്പോഴാ കാക്കകാലേൽ പോണേന്ന് ഒരു പിടിയുമില്ല. ഇത്ര നേരം പറഞ്ഞ കാര്യത്തിന് ആർക്കുമൊരു എതിരഭിപ്രയമില്ലല്ലോ.. എന്തേ സുരേഷളിയാ. പ്രസാദേ. എല്ലാം ഓക്കെയല്ലേ. " ഞങ്ങക്ക് ഒരെതിരഭിപ്രയോമില്ല അളിയാ. അല്ലെ പ്രസാദേ. " അളിയന്റെ തീരുമാനമേന്തായലും ഞങ്ങക്ക് നൂറ് വട്ടം സമ്മതം..

" അത്രേയുള്ളൂ . അപ്പോ കണ്ണാ. ബാക്കിയുള്ള കാര്യങ്ങളെന്താന്ന് വെച്ചാ നോക്കി ക്കോ.. പോകുന്നേന് മുന്നേ ചെയ്താൽ അത്രേം നല്ലത്. അങ്ങിനെ പോരെ വല്യേട്ടാ. " ഉം.. " അപ്പോ പറഞ്ഞത് പോലെ കണ്ണാ. എല്ലാം ശരിയാക്കിയിട്ട് വല്യേട്ടനോട് പറഞ്ഞാ മതി. " എന്നാ ഞനിറങ്ങിക്കോട്ടെ രാജേട്ടാ. ദേ ഈ പേപ്പറുകൾ ഞാൻ കൊണ്ടുപോകുന്നുണ്ട്. " എന്നാ ശരിയെടോ. " അപ്പോ ഓകെ രാജീവേ. ഞാൻ വിളിച്ചോളം. കണ്ണൻ പേപ്പറുകൾ എല്ലാം മടക്കിയെടുത്ത് റബർ ബാന്റിട്ട് കോട്ടിന്റെ പോക്കറ്റിലേക്ക് വെച്ചു കൊണ്ട് യാത്ര പറഞ്ഞിറങ്ങി. സ്വത്തിന്റെ മുക്കാൽ ഭാഗവും അവർക്ക് മൂന്ന് പേർക്കുമായി വീതിച്ചു നൽകിയിട്ടും രാജേന്ദ്രനും രഞ്ജിനിയും രേണുകയും രാജീവിന്റെ തീരുമാനത്തിന് മുന്നിൽ വല്ലാതെ പകച്ചു പോയിരുന്നു. കാരണം അയാളിൽ നിന്ന് അങ്ങിനൊരു നീക്കം അവരാരും പ്രതീക്ഷിച്ചിരുന്നില്ല. പരസ്പ്പരം നോക്കിയതല്ലതെ ആരും ഒന്നും മിണ്ടിയില്ല. രാജീവ് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. " നീയെന്താടാ എല്ലാം അവർക്ക് മൂന്ന് പേർക്കുമായി വീതം വെച്ചത്. " ഇത് മുഴുവനും എനിക്കെന്തിനാടാ. ചാവുമ്പോ ഒന്നും കെട്ടി പൊതിഞ്ഞു കൊണ്ടുവാനൊന്നും പോണില്ലല്ലോ. " നിനക്ക് വേണ്ടെങ്കിലും അവനുപകാരപ്പെടില്ലെടാ. ബോബി രാജീവിനെ തിരക്കി പിന്നാലെയിറങ്ങി.

അയാൾ തോടിനരികിലെ വെള്ളത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന തെങ്ങിൽ വന്നിരിക്കുന്നുണ്ടായിരുന്നു. " രേണുനും അമ്മൂട്ടിക്കും, വല്യേട്ടനുമൊക്കെ പെണ്കുട്ടികല്ലേടാ. ദേ ഒരുത്തിയെ കെട്ടിക്കാനായി. എറണാകുളത്തെ ഫ്ലാറ്റ് മേടിക്കാനും മറ്റുമായിട്ട് ആകെ ടൈറ്റ് വന്നപ്പോ വല്യേട്ടനും അളിയന്മാരുമൊക്കെ കുറെ സഹായിച്ചിട്ടുള്ളതാ. അപ്പോ പിന്നെ ഞാനെല്ലാം കെട്ടിപിടിച്ചിരുന്നിട്ട് എന്തിനാ. ഭാവിയിലതൊക്കെ അവർക്ക് ഉപകരപ്പെടട്ടെടാ. അപ്പു ഒരാങ്കുട്ടിയല്ലേ അവനത് മതി. നിനക്കറിയില്ലേ ഞാനും വല്യേട്ടനും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. ദേ ഈ കാണുന്ന വീടും നമ്മടെ പാടോമൊക്കെ ഇപ്പോഴത്തെ നിലയിലാക്കിയത് അച്ഛന്റേം വല്യേട്ടന്റേം കഷ്ടപ്പാടാ. വെറുതെ വരമ്പത്ത് പോയിരുന്നു കാക്കയെം കൊക്കിനെക്കൊ ഓടിക്കുന്നല്ലാതെ ഇന്ന് വരെ ഞാനാ കണ്ടത്തിലിറങ്ങിയിട്ടില്ല. എന്തിനൊരു ഞാറ് പോലും ചെറുപ്പത്തിൽ എന്നെക്കൊണ്ട് മാറ്റിയിടിച്ചിട്ടില്ല. കൃഷിപണിയല്ലാതെ ആ മനുഷ്യന് വേറൊരു ജോലിയൊട്ടും അറിയേമില്ല. അപ്പോ ആ മണ്ണിനുള്ള അവകാശിയും മണ്ണ് അറിയുന്ന കർഷകൻ തന്നെയാവണ്ടേടാ.. ഞാൻ വല്യേട്ടാന്ന് വിളിക്കുന്നെന്നെയുള്ളൂ മനസിൽ എനിക്കെന്റെ അച്ഛൻ തന്നെയാ. എന്നിട്ടുള്ളത് മുഴുവൻ എനിക്കെഴുതി വെച്ചിട്ട് ഈ വയസാംകാലത്ത് അങ്ങേരെ വേറൊരിടത്തേക്ക് പറഞ്ഞു വിടെ.. ഇനി പൊന്ന് കൊണ്ട് തുലാഭാരം തൂക്കാന്ന് പറഞ്ഞാ പോലും രാജീവത് ചെയ്യില്ല. രാജീവിന്റെ കണ്ണുകൾ നിറഞ്ഞു കലങ്ങി

കവിളിൽ ചാല് കീറിയൊഴുകി തുടങ്ങിയിരുന്നു. ഓലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ കവിളിലെ മുത്ത് പോലെ അവ മെല്ലെ തിളങ്ങുന്നുണ്ടായിരുന്നു.. " ഒരു തരി മണ്ണിന് വേണ്ടി ബന്ധങ്ങള് തമ്മിൽ കടിപിടി കൂടുന്ന ഈ കാലത്ത് ഇത്പോലെക്കെ ചിന്തിക്കാൻ നിനക്ക് മാത്രേ സാധിക്കൂ. രക്തം രക്തത്തെ തിരിച്ചറിയുമ്പോഴാടാ ആ ബന്ധങ്ങൾക്ക് വിലയുണ്ടാവുന്നത്. എന്തിന്, വീതം വെച്ചു കൊടുത്ത കൂട്ടത്തിൽ നീ അനിയപ്പനെ പോലും മറന്നില്ല. അതാണ് നിന്റെ സൗഹൃദത്തിലെ നന്മ, ഈ നന്മയും മനുഷത്വo നമ്മടെ അപ്പൂനും ഉണ്ടാവും. " ഉണ്ടാവട്ടെ, അല്ല ഉണ്ടാവണം, നബീസു പറഞ്ഞൊരു വാക്കുണ്ട്. ജീവിതം ഒരാളോട് എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് പറഞ്ഞു കൊടുക്കാൻ മാത്രേ പറ്റും. പക്ഷെ അത് അനുഭവിച്ചറിഞ്ഞു വളർന്നാലെ ആ ജീവിതത്തിന്റെ അർത്ഥവും ആഴവുമെന്താണെന്ന് നമുക്ക് മനസ്സിലാകൂന്ന്.. " അനിയപ്പനെ നമുക്ക് പോകുമ്പോ കൂടെ കൊണ്ട് പോയലോടാ. അവിടെ എന്റെ കമ്പനിലൊരു ജോലി കൊടുത്ത് കൂടെ നിർത്താം. ഇവിടെ വെച്ച് എന്തേലും വന്നൊന്ന് വീണ് പോയാ താങ്ങാൻ കൂട്ടിനൊരു പെണ്ണ് പോലുമില്ല. ഉള്ളൊരു അളിയൻ മൈനാകമാണെങ്കിൽ തിരിഞ്ഞു പോലും നോക്കില്ല. നീയെന്ത് പറയുന്നു?. " ഇവിടം വിട്ട് അവൻ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ മാത്താ.. എന്നാലും പറഞ്ഞു നോക്കാം. "

ഉം.. " കുട്ടാ.. നീയെന്താ ഈ ഇരുട്ടത്ത് വന്നിരിക്കണെ ? പെട്ടെന്ന് രാജേന്ദ്രൻ പിന്നാമ്പുറത്തേക്കിറങ്ങി വന്നു. അയാളുടെ വിളികേട്ടതും രാജീവ് കവിളിലെ കണ്ണീർ പാടുകൾ മുണ്ടിനറ്റം കൊണ്ട് തുടച്ചു മാറ്റി. " ഏയ് ഒന്നൂല്ല വല്യേട്ടാ. " ഇനി എന്തേലും പരിപാടിയിലാണോ രണ്ടാളും. " ഏയ്. ഞങ്ങള് ചുമ്മാ ഇരുന്നതാ. ഈ കാറ്റ് കൊണ്ടിട്ട് വര്ഷങ്ങളായില്ലേ ? " ഉച്ചയ്ക്ക് തൊട്ട് നിന്നോട് ചോയിക്കണോന്ന് വെച്ചതാ. പിന്നെ പെണ്ണുങ്ങളുള്ളപ്പോ ചോദിക്കാൻ നിന്നാ പിന്നതുങ്ങക്ക് അത് മതി. " എന്തേ വല്യേട്ടാ. രാജേന്ദ്രൻ അയാൾക്കരികിലെ തെങ്ങിൽ ചാരി നിന്നു. സന്ധ്യയോട് ബീന പറഞ്ഞകാര്യം ഇനി അയാളും അറിഞ്ഞിരിക്കുമോ ? രാജീവ് അൽപ്പം പരിഭ്രമത്തോടെ അയാളെ നോക്കുകയാണ്. രാവിലെ വന്നപ്പോ മുതല് നിന്നെ ഞാൻ ശ്രദ്ധിക്കണണ്ട്. ആകെയൊരു മൂടല് പോലെ. അവള് വരാത്തതിന്റെ കാരണമെന്താണെന്ന് ഏട്ടൻ ചോയിക്കാണില്ല. എന്നാലും എന്തോ വല്ല്യൊരു പ്രശ്നമുണ്ടെന്ന് എന്റെ മനസ്സിലൊരു തോന്നൽ. ഇനിയത് ഞങ്ങള് കാരണമാണെങ്കി ഏട്ടൻ പോയി മാപ്പ് പറഞ്ഞ് അവളെ കൂട്ടികൊണ്ട് വരാ.. ഇപ്പൊ ഉള്ളത് മുഴുവൻ ഞങ്ങക്ക് മൂന്ന്പേർക്കും എഴുതി തരാന്ന് പറയുമ്പോ നീയെല്ലാം വീണ്ടും അറുത്തെറിഞ്ഞു പോവാണോന്നൊരു തോന്നൽ. " എട്ടനിതെന്തൊക്കെയാ ഈ പറയണേ.

ഞാനിപ്പോ ഇങ്ങോട്ട് വന്നത്, എല്ലാം എന്നന്നേക്കുമായി അവസാനിപ്പിച്ചു കളഞ്ഞിട്ട് പോകാനാനെന്നാണോ ഏട്ടൻ കരുതിയെ? . അറിഞ്ഞോ അറിയാതെയോ ഞാൻ കാരണം മുറിഞ്ഞു പോയ പലതിനെയും കൂട്ടി ചേർക്കാണമെന്ന് മനസ്സ് പറഞ്ഞു.. പിന്നെ മാപ്പ് പറയേണ്ടത് ഏട്ടനല്ല , അവളാ. എല്ലാവരുടേം മനസ്സ് കുത്തി കീറി വിഷം നിറച്ചത് അവള് മാത്രാ. ആ അവളുടെ മുന്നിൽ എന്റേട്ടൻ താഴാൻ പാടില്ല, തലകുനിക്കാൻ പാടില്ല. അതിന് ഞാൻ സമ്മതിക്കില്ല. " അതല്ല കുട്ടാ. നിനക്ക് നല്ലൊരു ജീവിതമുണ്ടായി കാണാൻ വേണ്ടിയല്ലേ അന്നച്ഛനെതിർത്തിട്ടു പോലും ഞാനെല്ലാവരേം പറഞ്ഞു സമ്മതിപ്പിച്ചത്. ആ നിന്റെ ജീവിതത്തിന് വേണ്ടി ഇനീം താഴ്ന്ന് കൊടുക്കാൻ എട്ടനിപ്പോഴും ഒരു മടിയുമില്ലെടാ. ഞാൻ പോകാം , നേരിട്ട് കണ്ട് കാര്യം പറഞ്ഞു മനസിലാക്കി കൂട്ടി കൊണ്ട് വരാം. പോരെ. " സത്യം പറഞ്ഞാ അവളിവിടെയില്ല വല്യേട്ടാ. ഡൽഹിക്ക് ട്രാൻസ്ഫറായിട്ട് ഒന്നരമാസമായി.. അതാ അവള് വരഞ്ഞെ. അല്ലാതെ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. " അപ്പോ നിങ്ങള് തമ്മിൽ വേറെ കുഴപ്പങ്ങളൊന്നുമില്ല. ല്ലേ ? " ഏയ് സത്യയിട്ടുമില്ല വല്യേട്ടാ. " ഉം. എന്തായലും നിങ്ങള് ചെറുപ്പമാണ്, ജീവിതമിനിയുമൊരുപാടു മുന്നോട്ടുണ്ട്. ഒപ്പമൊരു മോനും. അത് മറന്ന് പോകരുത്. എന്നാ വല്യേട്ടനകത്തേക്ക് പോയിക്കോട്ടെ. "

ഏട്ടൻ കരുതണപോലെ ഒന്നൂല്ലേട്ടാ. വെറുതെ ഓരോന്ന് ആലോചിച്ചു ആധി കൂട്ടണ്ടാ. ഏട്ടൻ പോയിക്കോ ഞാൻ വന്നേക്കാം. രാജേന്ദ്രന്റെ ഉള്ളിൽ വല്ലാതെ ഉത്കണ്ഠ നിറയുന്നുണ്ടായിരുന്നു. അയാളുടെ ചോദ്യത്തിന് മുന്നിൽ രാജീവ് പതറി പോകുകയാണ്. നടന്ന് തുടങ്ങിയ രാജേന്ദ്രൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.. " കുട്ടാ. പഴയൊരു നുണയിൽ എത്രയൊക്കെ മധുരം ചേർത്ത് വിളമ്പിയാലും കേൾക്കുന്നവർക്ക് അതിനുള്ളിലെ കയ്പ്പാവും ആദ്യം മനസിലാകുക. ഇരുട്ടിന് മീതെയിറങ്ങുന്ന നിലാവിന്റെ നേർത്ത അലയിലും രാജീവിന്റെ മുഖവും കൺ കോണുകളിലെ നനവിന്റെ തിളക്കവും അയാൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. ഒരു ദീർഘനിശ്വാസമെടുത്ത് കൊണ്ട് രാജേന്ദ്രൻ അകത്തേക്ക് നടന്നു. രാജീവ് അയാളെ നോക്കിയിരുന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. " എന്നാലും വല്യേട്ടനോട് നിനക്കെല്ലാം പറയായിരുന്നു. " ഏയ് വേണ്ടെടാ. പറഞ്ഞില്ലെങ്കിൽ അവനെന്നോടൊന്നും പറഞ്ഞില്ലല്ലോന്നുള്ള ദേഷ്യം മാത്രേ കാണൂ. പറഞ്ഞു കഴിഞ്ഞാൽ ആ മനുഷ്യന്റെ ഉള്ളുരുകുന്നത് കൂടി കാണേണ്ടി വരും. " എടാ കള്ള തിരുമാലികളെ നീയൊക്കെ രണ്ടും കൂടി എന്റെ അളിയനെ. രാജീവും ഒന്ന് ദീർഘമായി നിശ്വാസിച്ചു കൊണ്ട് വീണ്ടും അകത്തേക്ക് നോക്കി. പെട്ടെന്ന് അനിയപ്പൻ അലറി കൊണ്ട് സൈക്കിളിൽ പാഞ്ഞു വന്നു ഇരുവരുടെയും കഴുത്തിൽ കുത്തി പിടിച്ചു...... തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story