എന്റെ ഉമ്മാന്റെ പേര്: ഭാഗം 51

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" എടാ കള്ള തിരുമാലികളെ നീയൊക്കെ രണ്ടും കൂടി എന്റെ അളിയനെ. രാജീവും ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് വീണ്ടും അകത്തേക്ക് നോക്കി. പെട്ടെന്ന് അനിയപ്പൻ അലറി കൊണ്ട് സൈക്കിളിൽ പാഞ്ഞു വന്നു ഇരുവരുടെയും കഴുത്തിൽ കുത്തി പിടിച്ചു.. അപ്രതീക്ഷിതമായ അനിയപ്പന്റെ പെരുമാറ്റം കണ്ട് രാജീവും ബോബിയും ഒന്ന് പേടിച്ചു. " ഉള്ള കള്ള് മുഴുവൻ ഒഴിച്ചു കൊടുത്ത് സ്നേഹം കാണിക്കണത് കണ്ടപ്പോഴേ എനിക്ക് തോന്നി. അതിനുമാത്രം എന്ത് തെറ്റാടാ എന്റെ അളിയൻ നിന്നോടൊക്കെ ചെയ്തത്. " എടാ. ഞങ്ങളതിന് ഒന്നും. " നീയൊക്കെയോന്നും ചെയ്തില്ല ല്ലേ. മിണ്ടരുത് രണ്ടും. മൂന്നാല് കൊല്ലമായി ഒത്തുക്കത്തിൽ കിട്ടുമ്പോ തല്ലിയൊടിക്കാൻ ഞാൻ കണ്ടിരുന്ന എന്റെ സ്വപ്‌നമാണ് രണ്ടും കൂടി ഒറ്റ നിമിഷം കൊണ്ട് നശിപ്പിച്ചു കളഞ്ഞത്. ആ വരമ്പത്തിട്ട് എന്റെ പാവം അളിയനെ ചവിട്ടി കൂട്ടിയപ്പോ നിനക്കൊക്കെ എന്നോടൊരു വാക്ക് പറയായിരുന്നില്ലേ. എന്റെ എല്ലാം വാശികളും തകർത്ത് കളഞ്ഞിട്ടിപ്പോ ഒന്നും ചെയ്തില്ല പോലും. തെണ്ടികള്. " നിനക്കെന്താടാ വട്ടായാ ? " സന്തോഷം കൂടിയാലും വട്ട് പിടിക്കുമളിയാ. അനിയപ്പൻ രണ്ട് പേരുടെയും ഷർട്ടിന്റെ കോളറിലെ പിടിവിട്ട് കൊണ്ട് അവരെ കെട്ടി പിടിച്ചു പൊട്ടിച്ചിരിക്കുകയാണ്.

സ്വന്തം പെങ്ങളുടെ ഭർത്താവിന്റെ രണ്ടും കൈയും തല്ലിയൊടിച്ചതറിഞ്ഞിട്ടും ഒരു സഹോദരൻ ഇത്രത്തോളം സന്തോഷിക്കുന്നത് കണ്ട് രാജീവും ബോബിയും അവനെ അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു.. " കെട്ടിക്കേറി വന്നപ്പോ മുതല് എന്റെ കുഞ്ഞോളെയിട്ട് കഷ്ട്ടപ്പെടുത്തണതാ ആ തെണ്ടി ചെറ്റ.. പലതവണ ഞാൻ ഓങ്ങിയതാ. പക്ഷെ അവളുടേം കൊച്ചിന്റേം മുഖം കാണുമ്പോ കൈ അറിയാതെ താന്ന് പോകും.. അത് അവനൊരെളിതരാക്കി. പക്ഷെ കണ്ട ഇന്ന് തന്നെ നിങ്ങളിത് ചെയ്യോന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ലെടാ. " എടാ അതിനുമാത്രം ഞങ്ങളൊന്നും ചെയ്തില്ല. " ങാ അത് ആ നേഴ്‌സ് കൊച്ച് പറഞ്ഞപ്പോ എനിക്ക് മനസിലായി. " എ.. എ. ന്ത് പറഞ്ഞു. ബോബിക്ക് ചെറിയ വെപ്രാളത്തോടെ വിക്കി തുടങ്ങി. രാജീവ് നിന്ന് കണ്ണ് മിഴിക്കുകയാണ്. " ഓ രണ്ടിനുമൊന്നുമറിയില്ലല്ലേ. പാവങ്ങൾ.. എന്നാ കേട്ടോ ഇടത്തെ കൈയുടെ മുട്ടിന് മുകളിൽ ഒരു ചെറിയ പൊട്ടലുണ്ട്. വലത്തെ കൈയുടെ കുഴയും തെറ്റിപോയി കൈപതിയുടെ ജോയ്ന്റിൽ ഒരു ക്രാച്ചെന്നോ എന്തോ പറഞ്ഞു. " ക്രാച്ചല്ല, സ്ക്രാച്ച്. " ങാ എന്ത് മൈതെലുമാവട്ടെ. അതുമുണ്ട്. പിന്നെ അടി നാവിക്കിട്ട് ഒന്ന് തൊഴിച്ചല്ലേ ? " ഏയ്. ഞങ്ങളങ്ങിനെ ചെയ്യോടാ.. " എന്തോ എങ്ങിനെ ? " കാര്യമായിട്ടല്ല. ദെ ഇവനൊന്ന് ചെറുതായി ചവിട്ടീന്ന് തോന്നുന്നു. അല്ലെടാ മാത്താ ? "

ചിലപ്പോ കള്ളും പുറത്ത് അബദ്ധത്തിൽ ചവിട്ടി കാണും . എന്തോ ഓർമ്മകിട്ടുന്നില്ല. " ങാ. അബദ്ധത്തിലായത് കൊണ്ടാവും അവന്റെ അടിവേര്‌വരെ കലങ്ങി പോയത്. ഇപ്പോ മൂത്രം പോകാൻ കൊഴലിട്ടേക്കുവാ. ചുരുങ്ങിയത് ഒരു രണ്ട് മാസോങ്കിലും ആ കിടപ്പ് കിടക്കേണ്ടി വരും. അവിടെ കിടക്കട്ടെ. തിന്നാൻ കൊടുത്താ മതീല്ലോ. എന്റെ കുഞ്ഞോളുടെ വിലയെന്താണെന്ന് ഇനിയെങ്കിലും ആ പന്നൻ മനസിലാക്കട്ടെ. " കർത്താവേ.. ബോബി രാജീവിനെ ഞെട്ടി നോക്കി.. രാജീവ് അനിയപ്പനെ ശ്രദ്ധിക്കാതെ മുകളിലേക്കും താഴേയ്ക്കും നോക്കി നിൽക്കുകയാണ്. മുരളിയോടുള്ള അമർഷം അനിയപ്പന്റെ ഉള്ളിൽ നിന്ന് അറിയാതെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു.. " അല്ലെടാ കുഞ്ഞുമോളി ത്.. വ. ല്ല. തും അറിഞ്ഞു കാണോ ? " ഏയ് അവളോട് എവിടെയോ തട്ടി മറിഞ്ഞുവീണെന്നാ പറഞ്ഞേക്കണെ. തല്ല് കിട്ടിയെന്ന് പറഞ്ഞാ ആ തെണ്ടീടെ മാനം കപ്പല് കേറൂല്ലേ. വല്ല്യ അഭിമാനിയല്ലേ. നാറി. " ഇനിയാ , നേഴ്‌സെങ്ങാനും പറഞ്ഞാലോ ? രാജീവും ബോബിയും സംശയത്തോടെ പരസ്പരം നോക്കി. " അതോർത്ത് നീയൊന്നും പേടിക്കണ്ട , ഈ കാര്യം അവള് കുഞ്ഞോളൂടെന്നല്ല, ഒരാളോടും പറയില്ല. അത് നമ്മടെ കൊച്ചാ. " നമ്മടെ കൊച്ചോ, ഏത് നമ്മടെ കൊച്ച് ? " അതെന്താ എനിക്കൊരു കൊച്ചുണ്ടായാ ആകാശമിടിഞ്ഞു വീഴോ? " ഓഹോ അപ്പൊ ഇതിനിടയിൽ നീ പ്രേമപനിക്കുള്ള മരുന്ന് കൂടി വാങ്ങിക്കുന്നുണ്ടല്ലേ. " പ്രേമോ മങ്ങാത്തൊലിയാണ്.

എട്ടില് മൂന്ന് കൊല്ലം ഇരുന്നിട്ടും ജയിക്കാത്ത, ഒരു കൈ തൊഴിലുപോലുമാറിയത്ത നമ്മളെയൊക്കെ ആര് പ്രേമിക്കാൻ. പിന്നെ നമ്മളോട് ആ കൊച്ച് കാണിക്കണ കളീം ചിരീം കണ്ട് ഇഷ്ട്ടമുണ്ടെന്ന് കരുതി നമ്മളെന്തെലും പറഞ്ഞ് ഇപ്പോഴുള്ള ഈ അടുപ്പം കൂടി എന്തിനാ മോനെ ഇല്ലാതാക്കാണെ. " ങാ. ങാ. അതെന്തേലും ആവട്ടെ. അല്ല ആരാ കക്ഷി ? " അതാ RBM ഹോസ്പിറ്റലിലെ നേഴ്‌സാ. " പേര്.. " ശെടാ ഇതൊക്കെ അറിഞ്ഞിട്ടിപ്പെന്തിനാ ? " ഹാ വെറുതെ ഒന്നറിഞ്ഞിരിക്കലോ, ചുമ്മാ പറയെടാ കൊപ്പേ. " ലീന. രാജീവും ബോബിയും അനിയപ്പന്റെ ഉള്ളറിയാൻ ശ്രമിക്കുകയാണ്. പേര് പറഞ്ഞതും അനിയപ്പന്റെ മുഖത്ത് നാണത്തിന്റെ ലാഞ്ചന തെളിയുന്നുണ്ടായിരുന്നു. " ഓഹോ കളിച്ചു കളിച്ചു ഇപ്പോബ്നിന്റെ കളി നസ്രാണികളോടായില്ലേ. " ഒന്ന് പോയെടാ പോത്തൻ മാത്താ. ജാതി നോക്കിയാണോടാ കിഴങ്ങാ ആളോള് കൂട്ട് കൂടണെ ? അങ്ങിനെ നോക്കിയാ ദേ ഈ കരുമാടിനായരോന്നും എന്നെയിവന്റെ വീടിന്റെ ഏഴയലത്ത് അടിപ്പിക്കില്ല. ഈ ആത്മാർത്ഥ ന്ന് പറയുന്നത് അളന്ന് നോക്കാൻ നിക്കരുത്. അതൊക്കെ ദേ ഇതിനക്കത്ത്ന്ന് വരണം, ഇവിടേം കൊണ്ട് തന്നെ മനസിലാക്കണം. അനിയപ്പൻ ദേഷ്യത്തോടെ ബോബിയുടെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തി കാണിച്ചു.. " ഹാ നീയിങ്ങനെ ചൂടാവല്ലേടാ , ഞാനൊരു തമാശ പറഞ്ഞതല്ലേ. " അവന്റെ കോപ്പിലെ തമാശ. പോത്ത് പോലെ വളർന്നൂന്നല്ലാതെ അശേഷം വകതിരിവില്ലാ.. കഴുത. "

അത് നിനക്കിപ്പോഴാണോ ടാ അനിയാ മനസിലായത്. അനിയപ്പനും രാജീവും ബോബിയെ ഉറക്കെ കളിയാക്കി ചിരിക്കുകയാണ്. അയാൾ ഇരുവരുടെയും കഴുത്തിലൂടെ കൈയിട്ട് അവരെ ചേർത്ത് പിടിച്ചു ഉറക്കെ ചിരിക്കാൻ തുടങ്ങി. കറുപ്പും വെളുപ്പു നിറമുള്ള തൊലിപ്പുറങ്ങൾക്കുള്ളിൽ ഒഴുകുന്ന നീരുറവ ഒരേ നിറമുള്ള ചോരയാകുമ്പോൾ സൗഹൃദത്തിന്റെ വിളനിലങ്ങളെ മനുഷ്യൻ ജാതിയുടെ അതിർവരമ്പുകൾ കെട്ടി തിരിക്കുന്നതെന്തിനാണ്. ? കാരണം ഒന്നേയുള്ളൂ. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ചിലരുടെ മനോ നിലകൾ കാറ്റും വെളിച്ചവുമേൽക്കാത്ത ഏറ്റവും ഇടുങ്ങിയ ഇടനാഴികൾ പോലെയായത് കൊണ്ട് മാത്രമാണ്. " അതേ വല്ലോമിരുപ്പുണ്ടേൽ ഒരെണ്ണം താടാ. എനിക്ക് പോണം. " എങ്ങോട്ട് പോണോന്ന് ? " ഹോസ്പിറ്റലിൽ പോണ്ടേ. കുഞ്ഞോളവിടെ തനിച്ചല്ലേടാ. അവളാ കുഞ്ഞിനേം കൊണ്ട് ഒറ്റയ്ക്ക് എന്ത് കാണിക്കാനാ. " ഓഹോ. അല്ലാതെ ആ നേഴ്‌സ് കൊച്ചിനെ കാണാനുള്ള ധൃതിയല്ല ല്ലേ.. " ഇവനെയിന്ന് ഞാൻ. അനിയപ്പന്റെ മുഖത്ത് വീണ്ടും നാണം വിടരുന്നുണ്ടായിരുന്നു. അത് കണ്ടതും ബോബി അർത്ഥം വെച്ചു അവനെ നോക്കി ഊറി ചിരിച്ചു.. " അങ്ങിനെ കുട്ടനാടൻ ചരിത്രത്തിൽ വീണ്ടുമൊരു പ്രണയ വിപ്ലവത്തിന്റെ തീ ജ്വാല എരിഞ്ഞു തുടങ്ങിയിരിക്കുന്നു. ജ്വലിച്ചിക്കട്ടെ, ജ്വലിച്ചു ജ്വലിച്ചൊരുനാൾ ആ തീ ആളി കത്തട്ടെ. അഭിവാദ്യങ്ങൾ പ്രിയ സഖാവേ. " ആ ജ്വാലയെ സാക്ഷി നിർത്തി ഇവനും അവളും ഒന്നാവട്ടെ സഖാവേ. ലാൽസലാം.

" ലാൽസലാം. " അയ്യേ. രണ്ടും കൂടി മനുഷ്യനെ നാറ്റിക്കോല്ലോ. ഒന്ന് പയ്യെ പറയെടാ ഊളകളെ. ആരേലൊക്കെ കേൾക്കും. " അയ്യടാ അവന്റെ നാണം കണ്ടില്ലേ. തെണ്ടി.. " നിന്നെയൊക്കെയുണ്ടല്ലോ. ഓടെടാ. രാജീവ് ആകാശത്തേക്ക് മുഷ്ഠി ചുരുട്ടി ഉറക്കെ അഭിവാദ്യമർപ്പിച്ചു. അതേറ്റു പറഞ്ഞു കൊണ്ട് ബോബിയും കൈ മുകളിലേക്ക് ചുരുട്ടി കാണിച്ചു ഉറക്കെ ചിരിച്ചു. അനിയപ്പൻ ചമ്മലോടെ ചുറ്റും നോക്കി കൊണ്ട് ഇരുവരുടെയും പിൻ കഴുത്തിൽ കുത്തിപിടിച്ചു കൊണ്ട് കാലുയർത്തി അവരുടെ പിന്നിൽ കളിയായി തൊഴിച്ചു. രാജീവും ബോബിയും അവനെ കളിയാക്കി കൊണ്ട് അകത്തേക്ക് ഓടി. പിന്നാലെ അവനും. പ്രണയവും സൗഹൃദവും വീണ്ടും അവരെ കൗമാരത്തിന്റെ അകത്തളങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകുകയാണ്. " വല്യേട്ടനെന്താ ഈ നോക്കണേ ? " ഏയ്. ഇത്തവണ ഈസ്റ്ററും വിഷൂo അടുത്തടുത്താ. അതൊന്ന് നോക്കിയതാ. രാജീവും ബോബിയും അനിയപ്പനും കൂടി അകത്തേക്ക് ഓടി കയറുമ്പോൾ രാജേന്ദ്രൻ കലണ്ടർ മറിച്ചു നോക്കുന്നുണ്ടായിരുന്നു. രാജീവ് സംശയത്തോടെ അയാൾക്കടുത്തേക്ക് ചെന്നു.

" എല്ലാരും ഇതുപോലെ ഒന്നിച്ചു കൂടീട്ട് കാലെത്രായിന്ന് നിനക്കറിയല്ലോ കുട്ടാ. ഒരാഴ്ച്ച കൂടി കഴിഞ്ഞാ വിഷുവായി. പോയിട്ട് തിരക്കൊന്നൂല്ലെങ്കിൽ ഈ വിഷൂoകൂടി കഴിഞ്ഞിട്ട് പോയാ പോരെ നിനക്ക് ? ഇനിയിത് പോലെ ഒന്നിച്ചൊരു ഒത്തുകൂടൽ ഉണ്ടായില്ലെങ്കിലോ കുട്ടാ. " നീയെന്ത് പറയുന്നെടാ. " ങാ ആരും ഒന്നും പറയുന്നില്ല. ഈ കൊല്ലത്തെ ഈസ്റ്ററും വിഷൂമൊക്കെ നമ്മളെല്ലാരും കൂടി ഇവിടെയാഘോഷിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ടെ സാറന്മാരിവിടെ നിന്ന് പോകുന്നുള്ളൂ. വല്യേട്ടനെന്തിനാ ഇതിനൊക്കെ ഇവന്മാരുടെ സമ്മതം ചോയിക്കണേ. എന്താടാ നോക്കണേ. വല്യേട്ടൻ പറഞ്ഞതിന് നിനക്കൊക്കെ എന്തേലും എതിരഭിപ്രായമുണ്ടോ ? രാജേന്ദ്രന്റെ സംസാരത്തിൽ അപേക്ഷയുടെ സ്വരമുണ്ടായിരുന്നു. രാജീവ് മറുപടിക്ക് വേണ്ടി ബോബിയെ തിരിഞ്ഞു നോക്കിയതും അനിയപ്പൻ അവർക്കിടയിലേക്ക് ഇടിച്ചു കയറി. " എന്റെ പൊന്നോ ഇല്ല.. " ങാ എന്നാ വാ പോയി രണ്ടെണ്ണമടിക്കാം. " എന്ത് പറഞ്ഞാലും അവസാനം ചെന്നെത്തുന്നത് കള്ളിലാല്ലേ. " ഇന്നത്തെ കാലത്ത് കള്ളില്ലാത്ത എന്തേലും പരിപാടി എവിടേലും ഉണ്ടോടാ പൊട്ടന്മാരെ. നോക്കി നിക്കാതെ പോയെടുത്തൊണ്ട് വാടാ. വാ വല്യേട്ടാ , എന്തായാലും ഒരു മാറ്റം അനിവാര്യമാണ് അതു കൊണ്ട് നമുക്കിന്ന് കള്ള് വിട്ട് ഇവന്മാരുടെ വോഡ്ക്കയടിക്കാം. "

ദേടാ ആ തെണ്ടി വല്യേട്ടനേം വിളിച്ചോണ്ട് വരുന്നു.. രാജീവ് വെപ്രാളത്തോടെ മുറിയിലേക്കോടി. ബോബി ബാഗിൽ നിന്നെടുത്ത കുപ്പി രാജേന്ദ്രനെ കണ്ട് മറച്ചു പിടിച്ചു. " നിനക്ക് ഈസ്റ്ററിന്റെ നാപ്പത് നോമ്പ് വല്ലോമുണ്ടോ മാത്താ ? " ഇവന് നോമ്പാണെന്ന് ഉച്ചയ്ക്ക് ആ കരിമീനുമായിട്ടുള്ള യുദ്ധം കണ്ടപ്പോ വല്യേട്ടന് മനസിലായില്ലേ. എഴുനേറ്റ് ഓടാൻ പറ്റുമായിരുന്നേൽ അത് ജീവനും കൊണ്ട് പോയേനെ. അമ്മാതിരി ദ്രോഹമായിരുന്നില്ലേ ഇവൻ കാണിച്ചുകൂട്ടീത്. അയാൾ ബോബിയോട് കുശലം ചോദിക്കുന്നത് കേട്ട് അനിയപ്പൻ അയാളുടെ ഭക്ഷണപ്രിയത്തെ കളിയാക്കി ചിരിക്കുകയാണ്. " ഞങ്ങളിടയ്ക്കൊക്കെയെന്ന് കൂടാറുണ്ട് ട്ടോ കുട്ടാ.. " അതേ ആഴ്ചയിലൊരെഴ് ദിവസം അത്ര യുള്ളൂ. അല്ലെ വല്യേട്ടാ. അവൻ രാജേന്ദ്രന്റെ തോളിൽ കൈയിട്ട് പിടിച്ചു കൊണ്ട് ഉറക്കെ ചിരിച്ചു. അയാൾ ഒരു ചമ്മലോടെ അവരെ പാളി നോക്കി കൊണ്ട് അനിയപ്പന് നേരെ കണ്ണുരുട്ടി. രാജീവും ബോബിയും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ഇന്നോളം അയാൾക്കൊപ്പമിരുന്ന് അവരിരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ അനിയപ്പൻ നേരെ തിരിച്ചും.. കാരണം സ്നേഹത്തിനും ബഹുമാനത്തിനുമിടയിൽ അവൻ സൗഹൃദമെന്ന ഉറപ്പുള്ളൊരു പാലം പണിത്തുയർത്തിയിട്ടുണ്ടായിരുന്നു.. കളിച്ചിരികളും തമാശകളും അനിയപ്പന്റെ ചെറിയ മൂളി പാട്ടുകളുമായി ആ രാത്രി പതിയെ ഒഴുകി നീങ്ങുന്നതിനിടയിൽ രാജീവ് പുറത്തേക്കിറങ്ങി കോശിച്ചയാനെ വിളിച്ചു.

അയാൾ രാജീവിന്റെ കോള് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. " എന്താടോ ചെന്നിട്ട് ഇപ്പോഴാണ് വിളിക്കാൻ തോന്നിയത് ? " വല്ല്യേട്ടന്റെ മോളെ പെണ്ണുകാണാൻ ഒരു കൂട്ടര് വന്നിട്ടുണ്ടായിരുന്നു. അവരിറങ്ങാൻ നിക്കുമ്പോഴാ ഞങ്ങള് വന്നത്. പിന്നെ പെങ്ങന്മാരും അളിയനും പിള്ളേരുമൊക്കെ കൂടി, ആകെ തിരക്കായി പോയി. എന്നിട്ട് നബീസു എന്തേ ? നേർത്ത പരിഭാവത്തോടെ കോശിച്ചയാൻ കോളെടുത്തു. " അവള് കിടന്നു. വൈകീട്ടായപ്പോ ഒരു പനിയും ചീറാപ്പും. ഞാനും മാധവനും കൂടി സിറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയി ഒരിഞ്ചക്ഷൻ എടുത്തു. " വേറെ കുഴപ്പൊന്നുമില്ലല്ലോ ല്ലേ അച്ചായാ ? അവൾക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോൾ എന്തോ അയാളുടെ മനസ്സ് പതിയെ അസ്വസ്ഥമായി. " ഏയ് ഇല്ലെടോ. പിള്ളേര് പോയതിന്റെ ഒരു വിഷമമുണ്ട് അവൾക്ക്. ഇങ്ങനെ വിട്ട് നിന്നിട്ടില്ലല്ലോ. അതും പനീം കൂടിയായപ്പോ ആകെ ഒരു വല്ലായ്മ. കിടന്നപ്പോഴേ അവളുറങ്ങി.. താൻ കഴിച്ചോ ? " ഏയ്. അളിയന്മാരുള്ളതല്ലേ ചെറിയൊരു കലാപരിപാടിയായിട്ടിരിക്കുവാ. അച്ചായൻ കഴിച്ചോ. " ഞാൻ കഴിച്ചു. തന്റെ കോള് വന്നിട്ട് കിടക്കാന്ന് വെച്ച് കാത്തിരുന്നതാ, എന്നിട്ട് എവിടെ നമ്മടെ തെമ്മാടി ചെക്കൻ. " എല്ലാം കൂടി അപ്പുറത്തിരുന്നു എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട്. " ങാ അവനങ്ങിനെ കളിച്ചു ചിരിച്ചു നടക്കട്ടെ. താൻ പെരുന്നാളിന് മുന്നേ വരോ ? " ഏയ്. വല്യേട്ടൻ വിടുന്നില്ല കോശിച്ചയാ. വിഷു കഴിഞ്ഞിട്ട് പോയാ മതീന്നാ പറയണേ. " ഇങ്ങാനുള്ള നല്ല ദിവസങ്ങളിൽ എല്ലാരും കൂടിയുള്ള ഒരു ഒത്ത്കൂടൽ നല്ലതാടോ.

പിള്ളേര്ക്കും അതൊരു ചേഞ്ചായിരിക്കും. എന്തായാലും കാര്യങ്ങളൊക്കെ ഭംഗിയായിട്ട് നടക്കട്ടെ. " നബീസൂന് പ്രശ്നമൊന്നുമില്ലല്ലോ ല്ലേ അച്ചായാ. " ഇല്ലെടോ, അതിന്ന് ഉറങ്ങി എണീക്കുമ്പോ ആ പനി വിട്ടോളും. താൻ ടെൻഷനാവാണ്ട. എന്നാ ശരി തന്റെ പരിപാടികൾ നടക്കട്ടെ ഗുഡ് നൈറ്റ്.. " ഉം. ഗുഡ് നൈറ്റ് അച്ചായാ.. കോശിച്ചയാൻ അയാൾക്ക് ശുഭരാത്രി നേർന്ന് കൊണ്ട് കോള് കട്ട് ചെയ്തു. രാജീവ് നബീസുവിന്റെ അസൂഖവിവരം ഒരിക്കൽ കൂടി ചോദിച്ചറിഞ്ഞു പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി അയാൾക്കും സുഖ നിദ്ര നേർന്നു. എങ്കിലും അയാളുടെ മനസിൽ എവിടെയോ ഒരു അസ്വസ്ഥത മായാതെ കിടപ്പുണ്ടായിരുന്നു. ഒന്നും മിണ്ടാതെ പോയതിൽ അനിയപ്പൻ അയാളെ ചീത്ത പറഞ്ഞു കൊണ്ട് അകത്തേക്ക് വിളിച്ചു കൊണ്ട് പോയി. മുറിയിൽ രാജേന്ദ്രന്റെ വക പഴയൊരു യുഗ്മഗാനം പതിയെ ഒഴുകുന്നുണ്ട്. അതിനൊപ്പം മരമേശയുടെ പുറത്ത് ബോബിയുടെ താളവും.. നീല വെളിച്ചം വിതറി ആ രാത്രിയുടെ മാറ്റ് കൂട്ടി നിലാവും മെല്ലെ ഒഴുകിയകലുയുന്നുണ്ടായിരുന്നു. " ഗുഡ് മോർണിംഗ് ഡോ, ഇപ്പോഴാണെറ്റെതെന്ന് തോന്നുന്നു ? " ഗുഡ് മോർണിംഗ് അച്ചായാ.. രാത്രി കിടന്നപ്പോ വൈകി. " നന്നായി കഴിച്ചല്ലേ ? " ലേശം ഓവറായി പോയി.. " ങാ അത് ശബ്ദം കേട്ടപ്പോ തോന്നി.. രാവിലെ എട്ട് മണിയായി രാജീവ് ഉറക്കമുണർന്നപ്പോൾ. അയാൾ അപ്പോൾ തന്നെ മൊബൈലെടുത്തത് പുറത്തേക്കിറങ്ങി കോശിച്ചയാനെ വിളിച്ചു. " നബീസൂന് എങ്ങിനുണ്ട് അച്ചായാ ? " അത് ഞാൻ പറഞ്ഞില്ലേടോ ,

രാവിലെ എഴുനേറ്റപ്പോ പനിയൊക്കെ വിട്ടു ആളുഷാറായി. ദേ അവിടെ അടുക്കളയിൽ ഓടി നടക്കുന്നുണ്ട്. ഞാൻ കൊടുക്കാം. ഡി പെണ്ണേ ദേ രാജീവ് വിളിക്കുന്നു. കോശിച്ചയാൻ വായിച്ചു കൊണ്ടിരുന്ന പേപ്പർ മടക്കി വെച്ചു കൊണ്ട് എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു. വിളികേട്ടതും നബീസു ഗ്യാസ് അടുപ്പിന്റെ തീ കുറച്ച ശേഷം അയാൾക്കടുത്തേക്ക് വന്നു. " ഹലോ.. " എന്താണ് മാഡം പനിയൊക്കെ പിടിച്ചൂന്ന് പറഞ്ഞല്ലോ.. " ഏയ് അത്രയ്ക്കൊന്നൂല്ല സാറേ. ഒരു ചെറിയ ജലദോഷം, ഈ അച്ചയാനും അന്നാമ്മച്ചിയും കൂടി അത് പെരുപ്പിച്ചു പനിയാക്കിയതാ.. നബീസു വന്നു ഫോൺ വാങ്ങി ചെവിയിൽ വെച്ചു.. രാജീവ് അവളെ കളിയാക്കുന്നത് പോലെ ചിരിച്ചു. " ങാ എന്തായലും ഇപ്പോരാശ്വാസമുണ്ടല്ലോ.. " ഉം.. പിള്ളേരെന്തേ സാറേ ? " ദേ അപ്പുറത്തുണ്ട്.. ഞാൻ കൊടുക്കാം. ആഷി, മുബീ ദേ ഉമ്മി വിളിക്കുന്നു.. " ഹലോ ഉമ്മി.. രാജീവ് ഫോണുമായി അകത്തേക്ക് കയറി ആഷിതയെയും മുബീനയെയും വിളിച്ചു. അവർ ഓടി വന്ന്, ആഷിത ഫോൺ വാങ്ങി ചെവിയിൽ വെച്ചു.. " ആഷി. എന്തെടുക്കുവായിരുന്നു. വല്ലോം കഴിച്ചോ ? " കഴിക്കാൻ പോയപ്പോഴാ ഉമ്മി വിളിച്ചത്. ഉമ്മീടെ ഒച്ചയെന്താ മറിയേക്കണെ. വയ്യേ ? " ഏയ് . അത് മുളക് എരിഞ്ഞു മുക്കീ കേറി തുമ്മിയതിന്റെയാ. മുബിയെന്തേ ? " ദേ ഇവിടുണ്ട് കൊടുക്കാം. പനി വന്ന് ആശുപത്രിയിൽ പോയ വിവരം നബീസു മക്കളിൽ നിന്ന് മറച്ചു പിടിച്ചു. ആഷിത ഒന്ന് മൂളികൊണ്ട് ഫോൺ മുബീനയ്ക്ക് നീട്ടി.

" ങാ ഉമ്മി.. " ഫോൺ താടാ കോരങ്ങാ , " ഇനി ആന്റിയോട് ഞാൻ മിണ്ടട്ടെ.. " താടാ. ദേ കണ്ടോ അങ്കിളെ.. " നീ പോടാ.. മുബീന ഫോൺ വാങ്ങി ചെവിയിൽ വെച്ചതും അപ്പു ഓടി വന്ന് അത് പിടിച്ചു വാങ്ങി കൊണ്ട് പുറത്തേക്കോടി.. മുബീനയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. അവൾ പരിഭാവത്തോടെ രാജീവിനെ നോക്കി.. അയാൾ ഇരുവരെയും നോക്കി ചിരിച്ചു കൊണ്ട് അരമതിലിൽ ചാരി നിൽക്കുകയാണ്. " ആന്റി.. ഇന്നലെ ഞങ്ങള് തോട്ടില് കുളിക്കാൻ പോയല്ലോ.. എന്നിട്ട് കൊറേ നേരം വെള്ളത്തി കളിച്ചു. അനിയപ്പനങ്കിള് വെള്ളത്തിന്റെ ഉള്ളില് പോയി ഫിഷിനെ പിടിച്ചു. പിന്നെ ഞങ്ങള് വൈകുന്നേരം ഊഞ്ഞാലാടി. " ആഹാ. എന്നിട്ട്. " പിന്നിണ്ടല്ല. ഇവിടെ കൊറേ ഡാക്കും, കൗക്കെക്കിണ്ട് ആന്റി. അതും വെള്ളത്തിലാ കെടക്കണെ. പിന്നെ ഇന്നലെ വല്യച്ഛൻ ആന്റീടെ വീട്ടിലെ പോലത്തെ കഞ്ഞി തന്നല്ലോ. " ങാഹാ.. എന്നിട്ട് അപ്പൂസ് കുടിച്ചില്ലേ. " ങാ. " എടാ ഫോൺ താടാ , ഞാൻ സംസാരിക്കട്ടെ. " വേണ്ടാ. നീ പറയണ്ട. പോടാ. അപ്പു കിട്ടിയ കുറച്ചു നിമിഷം കൊണ്ട് തലേ ദിവസത്തെ കാഴ്‍ചകൾ മുഴുവൻ അവൻ നബീസുവിനെ പറഞ്ഞു കേൾപ്പിക്കുകയാണ്. പെട്ടെന്ന് മുബീന പുറത്തേക്കിറങ്ങി അപ്പുവിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചതും അവൻ ഫോണും കൊണ്ട് പിന്നെയും പറമ്പിലേക്ക് ഓടി.

അവൾ പിന്നാലെയും. " അപ്പു എന്തേലും കഴിച്ചോ. ? " ഇല്ല. ആന്റി കഴിച്ച ? " ഇല്ല.. " ഫോൺ താടാ കോരങ്ങാ.. " ഇല്ല.. വിടെടാ കോരങ്ങാ. ഞാൻ പറയട്ടെ.. ആന്റി.. ദേ .. പോടാ അപ്പു നബീസുവിനോട് എന്തോ പറയാൻ തുടങ്ങിയതും മുബീന വന്ന് ഫോൺ പിടിച്ചു വാങ്ങി. അപ്പു ദേഷ്യത്തിൽ അവളുടെ പിന്നിൽ ഇടിച്ചു കൊണ്ട് അകത്തേക്കോടി. " ഹലോ ഉമ്മി. ആ ചെക്കനെ കൊണ്ട് തോറ്റു. ഹാ. ടാ. നിന്നെ എന്റെ കയ്യീ കിട്ടും നോക്കിക്കോ. " വെറുതെ അവനോട് തല്ല് കൂടല്ലേ മുബീ. ഉമ്മി പറഞ്ഞു തന്നത് മുഴുവൻ മറന്ന് പോയോ ? " ഞാനല്ല അവനാ , ദേ ഇപ്പൊ തന്നെ അവിടെ നിന്ന് ഏതാണ്ടൊക്കെ വലിച്ചെറിയാ. " ഉം മതി മതി.. എന്തേലും പോയി കഴിക്കാൻ നോക്ക്. ഞാൻ പണിയൊതുക്കീട്ട് വിളിക്കാം. " ങാ.. ടാ നിന്നെയിന്ന് ഞാൻ.. അപ്പു മാവിന്റെ പിന്നിൽ നിന്ന് ചെറിയ കല്ലുകൾ പെറുക്കി മുബീനയെ എറിയുന്നുണ്ടായിരുന്നു.. അവൾക്ക് വല്ലാതെ ദേഷ്യം വന്നു.. നബീസു അവളെ സ്നേഹത്തോടെ ശകാരിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തു. അവൻ പിന്നെയും അവളെ കല്ല് പെറുക്കിയേറിഞ്ഞു കൊണ്ട് അകത്തേക്കോടി, ദേഷ്യത്തോടെ ഉണങ്ങി വീണ മാവിന്റെ കൊമ്പെടുത്ത് കൊണ്ട് അവന് പിന്നാലെ മുബീനയും അകത്തേക്ക് പായുണ്ടായിരുന്നു...... തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story