എന്റെ ഉമ്മാന്റെ പേര്: ഭാഗം 52

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" വല്യേട്ടാ ഞങ്ങളൊന്ന് പുറത്ത് പോയിട്ട് വരാം. " എങ്ങോട്ടാ കുട്ടാ ? " കുഞ്ഞോളുടെ കെട്ടിയോനെ RBM ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഒന്നവിടെ വരെ പോയിട്ട് വരട്ടെ. പത്ത് മണിയോട് കൂടി രാജീവ് കുളിച്ചു വസ്ത്രം മാറി ഹാളിലേക്ക് വന്നു. രാജേന്ദ്രൻ മൂക്കിൻ തുമ്പിൽ തന്റെ ഉരുളൻ കണ്ണട വെച്ചു നിലത്തിരുന്നു ന്യൂസ് പേപ്പറിലെ ഓരോ കാര്യവും സസൂക്ഷ്മം വായിക്കുകയായിരുന്നു. " ങാഹാ അവനിത്ര വേഗം ആശുപത്രിയിലായോ ? നന്നായി . അവിടെ കിടക്കട്ടെ കുറച്ചൂസം. അല്ല എന്താ പറ്റിയെന്ന് വല്ലോം അറിഞ്ഞോ ? " വെള്ളമടിച്ചു വരമ്പത്ത് എവിടെയോ വീണൂന്നെന്തോ ആണ് അനിയൻ പറഞ്ഞത്. " ഏയ് വീണതൊന്നുമാവില്ല. ആരെലും പിടിച്ചു തച്ചതാവും. കയ്യിലിരിപ്പ് അതാണല്ലോ. ഇനി ഒതുക്കത്തിൽ കിട്ടീപ്പോ അനിയപ്പൻ തന്നെ കൊടുത്തതാവാനും വഴിയുണ്ട്. പറയാൻ പറ്റില്ലേ മുരളീന്ന് പറഞ്ഞാ അവനത്രയ്ക്കിഷ്ട്ടാ. " എന്തൊക്കെയായാലും സ്വന്തം അളിയനെ തല്ലാന്ന് പറഞ്ഞാ , അങ്ങിനെക്കൊന്നും ചെയ്യരുതല്ലെടാ രാജീവേ. " അതെയതെ മുരളി ആശുപത്രിയിലായ കാര്യമറിഞ്ഞു രാജേന്ദ്രന് ചിരി വന്നു. അയാൾ കണ്ണട ഊരി മാറ്റി പേപ്പർ മടക്കി പിടിച്ചുകൊണ്ട് നിലത്ത് നിന്നെഴുനേറ്റു. ബോബി അവരുടെ സംസാരം കേട്ട് വതിൽക്കലേക്ക് വന്നു കൊണ്ട് ഒന്നുമറിഞ്ഞിട്ടില്ലാത്ത ഭാവത്തിൽ രാജീവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. " അച്ഛാ ഞങ്ങളും വന്നോട്ടെ. " അയ്യോ വേണ്ടാ. അച്ഛനും അങ്കിളും കൂടി ഒന്നാശുപത്രി വരെ പോയിട്ട് പെട്ടെന്ന് വരാം.

അപ്പോഴേക്കും അപ്പൂസും, തത്തുമാരും ജെന്നിയൊക്കെ കുളിച്ചു റെഡിയായിരുന്നോണം. എന്നിട്ട് നമുക്ക് പുറത്ത് പോകാം. ഓക്കെ. " ങാ.. " എന്നാ വേഗം പോയി കുളിച്ചിരുന്നോ അച്ഛൻ ദേ വന്നു.. രാജീവും ബോബിയും പുറത്തേക്കിറങ്ങിയതും അപ്പു പിന്നാലെ വന്ന് അയാളുടെ കൈയിൽ തൂങ്ങി. രാജീവ് അവന്റെ കവിളിൽ സ്നേഹത്തോടെ തലോടി കൊണ്ട് അകത്തേക്ക് പറഞ്ഞയച്ചു.. കാർ പടി കടന്ന് പുറത്തേക്ക് ഇറങ്ങി.. തകഴി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു കാർ നെടുമുടി കരുവാറ്റ റോഡിലേക്ക് ഇറങ്ങി RBM ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി.. " ഈ മുരളീടെ റൂമേതാ ? " എന്താ കേസ് ? " ആക്ക്‌സിഡന്റ. ഇന്നലെ വൈകീട്ട് അഡ്മിറ്റ് ചെയ്ത താ.. " ഓർത്തോ കേസല്ലേ.. സെക്കന്റ് ഫ്ലോറിലാ. ജനറൽ വാർഡ്. കാർ പാർക്കിങ്ങിൽ ഒതുക്കിയ ശേഷം ബോബി ധൃതിയിൽ ചാടിയിറങ്ങി റിസപ്ഷനിലേക്കോടി. റീസെപ്ഷനിസ്റ്റ് അവരുടെ കമ്പ്യൂട്ടർ നോക്കി മുകളിലേക്കുള്ള വഴി കാണിച്ചു കൊടുത്തു. " താങ്ക്യു. " അവിടെ പോയി ചോദിച്ച നേരത്തിന് നിനക്ക് അനിയനെ വിളിച്ച പോരായിരുന്നോ. " മതിയായിരുന്നു. പക്ഷെ ഇന്നലെ പറഞ്ഞ അവന്റെ കള്ള പ്രേമം എന്താണെന്ന് നമുക്ക് കണ്ട് പിടിക്കാൻ പറ്റില്ലാലോ.. " ഓ അത്.. ബോബിയും രാജീവും അടക്കി ചിരിച്ചു കൊണ്ട് രണ്ടാം നിലയിലേക്ക് സ്റ്റെപ്പ് കയറി.

" എന്തായെടി കുഞ്ഞോളെ ? " എന്താവാൻ ദേ കിടക്കണ കണ്ടില്ലേ. മൂത്രം ചെറുതായി പോയി തുടങ്ങീട്ടേയുള്ളൂ. ഈ ട്യൂബ് മാറ്റാതെ പോകാൻ പറ്റില്ലെന്ന ഡോക്ടർ പറയണേ. രാജീവും ബോബിയും ഓർത്തോ വിഭാഗത്തിന്റെ ജനറൽ വാർഡ് തിരഞ്ഞു കണ്ടു പിടിച്ചു അകത്തേക്ക് കയറി. ജനറൽ വാർഡിൽ അപകടങ്ങളിൽപ്പെട്ടതും വീണൊടിഞ്ഞതും, മറ്റുമായി അഡ്മിറ്റ് ചെയ്ത എട്ട് പത്ത് രോഗികൾ കിടപ്പുണ്ടായിരുന്നു. അവർക്കൊപ്പം ചില കുടംബക്കാരും ബന്ധുക്കളും. അവർ എല്ലാവരെയും പരതി നോക്കി കൊണ്ട് വാർഡിന്റെ ഏറ്റവും അറ്റത്തെ ബെഡിൽ കിടക്കുന്ന മുരളിയ്ക്ക് അടുത്തേക്ക് ചെന്നു. ഇടത് കൈയും വലത് കൈ തണ്ടയും പ്ലാസ്റ്റർ ചെയ്ത് , വലതു കൈ ഷോള്ഡർ ബാഗിൽ തൂക്കി മുരളി ചെറിയ മയക്കത്തിലായിരുന്നു. അവരെ കണ്ടതും കുഞ്ഞുമോൾ പെട്ടെന്ന് ഇരുമ്പിന്റെ സ്റ്റൂളിൽ നിന്നെഴുനേറ്റു. " അല്ലെടി ഇതെന്താ പറ്റിയെ ? " വീണാതാണെന്നാ എന്നോടും ഡോക്ടറോടും പറഞ്ഞത്. ഞാനത് വിശ്വസിച്ചില്ല. കള്ളും കുടിച്ചു വല്ലോന്റേം മേക്കീട്ടു കേറി കാണും. അല്ലാതെ നമ്മടെ വരമ്പത്ത് വീണാ എങ്ങിനെയാ ചേട്ടായി രണ്ടും കൈയും ഓടിയണെ. അടിവയറ്റിലാണെങ്കിൽ നല്ല നീരുമുണ്ട്. അതിന്റെ യാ ഈ മൂത്രം പോകാത്തെ.. " ഏയ് അങ്ങിനെ മുരളിയെ തല്ലാൻ മാത്രം ഇവിടാരാ ഇങ്ങേർക്ക് ശത്രുക്കൾ ? "

ആരാ ഇല്ലാത്തെന്ന് ചോദിക്ക്. ഒരു മനുഷ്യന് കണ്ണെടുത്താ കണ്ടൂടാ. കാണുന്നോരോടെല്ലാം ന്റെ ചേട്ടായീടെ പേരും പറഞ്ഞു കടം വാങ്ങി കുടിക്കും. അത് ചോയിച്ചാ എന്റെ ചേട്ടയിയെ വിളിക്കണ തെറി കേട്ടമതി. ആ അമ്മി കല്ലെടുത്ത് തലയ്ക്കിട്ടൊന്ന് കൊടുക്കാൻ തോന്നും. പാവം ന്റെ ചേട്ടായി ദേഷ്യം വന്നാലും ഒന്നും മിണ്ടാതെ ആ വരമ്പത്തെ മുള തട്ടിൽ പോയി കിടക്കും.. " അല്ല കുഞ്ഞോളെ ഇനി വല്ല പോലീസ് കേസൊ മറ്റോ കൊടുത്തിട്ടുണ്ടോ ? കുഞ്ഞുമോളുടെ കണ്ണുകൾ കലങ്ങി നിറഞ്ഞിരുന്നു. ബോബിയും രാജീവും അവളുടെ മനസ്സറിയാൻ അൽപ്പം പരിഭ്രമത്തോടെ അവളെ നോക്കി.. " എന്തിന്. വീണതല്ല. ഇനിയരേലും തല്ലിയതാണേലും അത് കൊടുത്തവർക്ക് പുണ്യം കിട്ടട്ടെ. താലി കെട്ടിയൊരാളെ പറ്റി ഇങ്ങനൊന്നും പറഞ്ഞൂടാ, എന്നാലും അത്രയ്ക്ക് സങ്കടോണ്ട്. അതിനും മാത്രം എന്നെ ദ്രോഹിച്ചിട്ടുണ്ട് ഈ മനുഷ്യൻ.. " അതൊക്കെ പോട്ടെ കുഞ്ഞോളെ എല്ലാം ശരിയാകും. അല്ല അവനെന്തേ ? ബോബി ഒരു ദീർഘനിശ്വാസമെടുത്ത ശേഷം അവളെ ആശ്വസിപ്പിച്ചു കൊണ്ട് രാജീവിനെ ഇടം കണ്ണിട്ട് നോക്കി. രാജീവ് ഒന്നുമറിയാത്തത് പോലെ ചുറ്റും കണ്ണോടിക്കുന്നുണ്ടായിരുന്നു.. " ചേട്ടായി മോള് കരഞ്ഞിട്ട് പുറത്തേക്ക് കൊണ്ടോയെക്കുവാ. " ഉം നീ വല്ലോം കഴിച്ചോടി ?

" ചേട്ടായി രാവിലെ കാന്റീനീന്ന് ദോശ വാങ്ങി കൊണ്ടൊന്നു. " നിനക്ക് ഫോണുണ്ടോ? " ങാ. ദേ. " ധാ ഇത് കയ്യില് വെച്ചോ.. " അയ്യോ വേണ്ടാ . ചേട്ടായി അറിഞ്ഞാ വഴക്ക് പറയും. " അതെന്താടി അവനും ഞങ്ങളും വേറെ വേറെയാണോ. ദേ തലയ്ക്കിട്ടൊന്ന് തരും ഞാൻ , അങ്ങോട്ട് പിടിക്കടി.. ദാ ഇതില് എന്റെയും മാത്തന്റെയും നമ്പർ സേവ് ചെയ്തിട്ടുണ്ട്. എന്തുണ്ടെലും നീ വിളിച്ചോ. കുഞ്ഞുമോൾ ഇരുമ്പ് ടേബിളിലിരുന്ന അവളുടെ ചെറിയ മൊബൈൽ ഫോണെടുത്ത് രാജീവിന് നീട്ടി. അയാൾ പേഴ്സിൽ നിന്ന് അഞ്ഞൂറിന്റെ പത്ത് നോട്ടുകളെടുത്ത് അവളുടെ കൈയിൽ കൊടുത്തതും അവൾ പരിഭ്രമത്തോടെ അവരെ നോക്കി കൊണ്ട് കൈ വലിച്ചു. രാജീവ് അവളുടെ കൈയിലേക്ക് ബലമായി കാശ് വെച്ച ശേഷം ഫോണിൽ തന്റെയും ബോബിയുടെയും നമ്പർ സേവ് ചെയ്തു അവൾക്ക് നീട്ടി.. " ചേട്ടായിക്കെ ഇന്ന് പോവോ ? " ഏയ് ഇല്ലെടി ഞങ്ങളിനി വിഷു കഴിഞ്ഞിട്ടേ പോകുന്നുള്ളൂ. ഞങ്ങള് അവനെയെന്ന് നോക്കട്ടെ.. " ഉം. എന്തേ. വേദനയുണ്ടോ ?അതിപ്പോ മാറിക്കോളും ഉറങ്ങിക്കോ.. മുരളി വേദന കൊണ്ട് മയക്കത്തിനിടയിൽ ഞരങ്ങുന്നുണ്ടായിരുന്നു. കുഞ്ഞുമോൾ അയാളുടെ അരികിലിരുന്നു കൈകളിലും നെഞ്ചിലും പതിയെ തടവി. സ്നേഹത്തിന്റെ കണിക പോലും നൽകാതെ മുരളി അവളെയെത്ര തന്നെ അവഗണിച്ചിട്ടും ഒരു ഭാര്യയെന്ന ഉത്തരവാദിത്വത്തിൽ നിന്നവൾ പിൻ മാറിയിട്ടില്ല.

നിഷേധിക്കപ്പെടുന്ന സ്നേഹത്തിന് പകരം അവൾ അയാളെ വീണ്ടും വീണ്ടും സ്നേഹിച്ചു തന്നെ തോൽപ്പിക്കുകയാണ്. അല്ലെങ്കിലും കളങ്കമില്ലാത്ത സ്നേഹത്തിന്റെ ഗന്ധം പലർക്കും പലപ്പോഴും തിരിച്ചറിയാൻ പ്രയാസമാണ്. അനിയപ്പൻ പറഞ്ഞത് രാജീവും ബോബിയും മനസ്സിലോർത്തു. അല്പ്പനേരം അവളെ നോക്കി നിന്ന ശേഷം ഇരുവരും പുറത്തേക്ക് നടന്നു. " ങാ നിങ്ങളിതേതിലെ വന്നെടാ ? " ദേ വടക്കേ സ്റ്റെപ്പ് വഴി. " എന്നിട്ട് അകത്ത് കിടക്കണ ചരക്കിനെ കണ്ടില്ലേ ? " പിന്നെ കണ്ണ് നിറയെ കണ്ടു. അനിയപ്പൻ കുഞ്ഞിനെയും കളിപ്പിച്ചു കൊണ്ട് രണ്ടാം നിലയുടെ തെക്കേ വരാന്തയിലൂടെ നടക്കുന്നുണ്ടായിരുന്നു. അയാളെ കണ്ട് രാജീവും ബോബിയും അങ്ങോട്ട് ചെന്നു. " എന്താണ് കൊച്ചിനേം കൊണ്ട് ഈ നഴ്‌സിംഗ് സ്റ്റേഷൻ വഴിയൊരു കറക്കം. " നീയൊക്കെയത് വിട്ടില്ലെടാ. " അതങ്ങിനെ വിടാൻ പറ്റോ മോനെ ? എന്നിട്ട് ആളെവിടെ ഞങ്ങളും കൂടൊന്ന് കാണട്ടെ. " ങാ അങ്ങിനിപ്പോ കാണണ്ട. അവക്കിന്ന് ഓഫാ. " ഹാ അതെന്നാ അളിയാ ഞങ്ങള് വന്നപ്പത്തന്നെ അവൾക്കൊരു ഓഫ് ? " ആർക്ക് ഓഫ്. അതിവൻ മനപ്പൂർവം പറഞ്ഞു ലീവിടിപ്പിച്ചതാവും. " വെറൊരു പണിയൂല്ലാതെ കാലത്തെ രണ്ടും കൂടി കുറ്റീം പറിച്ചിങ്ങോട്ട് പൊന്നേക്കുവാ ല്ലേ. രണ്ടും വണ്ടി വിടാൻ നോക്കിയേ. ഉം വിട്ടോ വിട്ടോ. " ചേട്ടായിയെന്താ ഇവിടെ നിന്ന് ഒറ്റയ്ക്ക് സംസാരിക്കണെ ? " ഞാൻ ദേ ഇവരോട് .....! രാജീവും ബോബിയും അനിയപ്പനെ കളിയാക്കി ചിരിക്കുന്നുണ്ടായിരിന്നു..

മുഖത്തെ നാണം മറയ്ക്കാൻ അനിയപ്പൻ അവരോട് ദേഷ്യം നടിക്കുകയാണ്. വരാന്തയിലെ ഭിത്തികൾ തമ്മിൽ തിരിയുന്ന കോർണറിന്റെ അറ്റത്ത് ഭിത്തിയ്ക്ക് എതിരെ നിൽക്കുന്ന രാജീവിനെയും ബോബിയെയും കാണാതെ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്ന അനിയപ്പനെ കണ്ട് ലീന ചിരിച്ചു കൊണ്ട് അടുത്തേയ്ക്ക് വന്നു.. അവളെ കണ്ടതും അവൻ ഞെട്ടി അവളെയും അവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. " ലീനയല്ലേ ? " ങാ. എനിക്ക്.. മനസിലായില്ല. " ഞങ്ങളെയറിയാൻ വഴിയില്ല. പക്ഷെ ഇയാളെ പറ്റി അനിയൻ പറഞ്ഞു കേട്ടിട്ടുണ്ട്. " എന്നെ പറ്റിയോ ? ലീനയെ കണ്ടതും രാജീവും ബോബിയും ഭിത്തിക്ക് ഇപ്പുറത്തേക്ക് എത്തി നോക്കി.. ഇരുവരെയും മനസിലാകാതെ അവൾ അമ്പരന്ന് നോക്കുന്നുണ്ടായിരുന്നു അനിയപ്പൻ ആകെ പകച്ചു നിൽക്കുകയാണ്. " അതേടോ തന്നെ പറ്റി തന്നെ. " ഉം. പോയെക്കുവാണെ അനിയെട്ടായി. " ങാ. രാജീവിനും ബോബിക്കും ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവൾ അനിയപ്പനെ നോക്കി യാത്ര പറഞ്ഞു കൊണ്ട് നേഴ്സിന്റെ ഡ്യൂട്ടി റൂമിലേക്ക് നടന്നു.. അനിയപ്പനോട് യാത്ര പറഞ്ഞു പോകുമ്പോൾ അവളുടെ കണ്ണിലെ തിളക്കം രാജീവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. " വാർത്താനത്തിനിടയ്ക്ക് ഇത് തരാൻ മറന്നു. " ലീനയിന്ന് ലീവാണോ ? " ങാ. മോന്റെ അഡ്മിഷന്റെ കാര്യത്തിന് ഒന്ന് സ്കൂള് വരെ പോകാനുണ്ടായിരുന്നു. ഇത് കൊടുത്തിട്ട് പോകാൻ വന്നതാ.. ദേ അനിയേട്ടായി ഈ പാത്രത്തില് കുഞ്ഞിന് കൊടുക്കാനുള്ള സെറിലാക്കാട്ടോ.

ദാ.. കുഞ്ഞുമോളോട് പറഞ്ഞേക്ക് . പോയെക്കുവാണെ ചേട്ടായി. അകത്തേക്ക് നടന്ന ലീന തിരിഞ്ഞു നിന്ന ശേഷം ബാഗ് തുറന്ന്അതിൽ നിന്നൊരു ചെറിയ പ്ലാസ്റ്റിക്ക് ബോക്ക്‌സും, വാഴയിലയുടെ രണ്ട് പൊതി ചോറുമെടുത്ത് അനിയപ്പന് നീട്ടി. അയാൾ വിളറിയ ചിരിയോടെ അത് വാങ്ങി കൊണ്ട് രാജീവിനെയും ബോബിയെയും ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.. മകനെ കുറിച്ചു കേട്ടതും രാജീവും ബോബിയും പരസ്പ്പരം ഞെട്ടി നോക്കി. " ടാ തെണ്ടി ആ പെണ്ണ് കല്യാണം കഴിച്ചതാല്ലേ ? " അതിനിപ്പെന്താ ? " അതിനിപ്പോ എന്താന്നോ. ദേ ഇനി വല്ല അവിഹിതോമാണെങ്കിൽ നിന്റെ ചുക്കാമണി അരിഞ്ഞു ഞാൻ ഉപ്പിലിടും പറഞ്ഞേക്കാം. " ദേ മാത്താ നീ നിന്റെ കുരുട്ടു ബുദ്ധികൊണ്ട് ഓരോന്നാലോചിച്ചു കാട് കയറണ്ട. ഒരാണും പെണ്ണും കുറച്ചു അടുപ്പം കാണിച്ചു സംസാരിച്ചാ അത് അവിഹിതമാണെന്ന് നിന്നോടാരാടാ നാറി പറഞ്ഞത്. " പിന്നെ പ്രേമാണ് മൈനകാമാണെന്ന് നീയല്ലേടാ പറഞ്ഞത് ? " ഞാനെപ്പോഴാടാ കൊപ്പേ എനിക്കവളോട് പ്രേമാണെന്ന് പറഞ്ഞത്. നീയൊക്കെ തന്നെയാ ഓരോന്ന് പറഞ്ഞുണ്ടാക്കിയത്. " ഹാ രണ്ടും കൂടി കിടന്ന് തല്ല് കൂടല്ലെടാ. ഇതൊരാശുപത്രിയാ. ടാ മാത്താ. അവര് തമ്മിലൊന്നൂല്ലാന്ന് അവൻ പറഞ്ഞില്ലേ. പിന്നെ നിനക്കെന്തിന്റെ കഴപ്പാ. ഡാ അനിയാ നീ ചെന്ന് ആ കൊച്ചിന് ഫുഡ് കൊടുക്കാൻ നോക്ക്. ഹാ നിന്ന് കണ്ണ് മിഴിക്കാതെ ചെല്ലേടാ. ബോബി അനിയപ്പനെ ചോദ്യം ചെയ്യുകയാണ്. അവന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.

രാജീവ് അനിയപ്പനെ സമാധാനിപ്പിച്ചു അകത്തേക്ക് പറഞ്ഞു വിട്ടു. " നിനക്കിതെന്തിന്റെ കേടാ ടാ മാത്താ ? " അല്ലെടാ അവനൊരു ലൈഫ് ഉണ്ടാകട്ടെന്ന് വിചാരിച്ചപ്പോ. ഇമ്മാതിരി ഊളത്തരം ചെയ്താ പിന്നെ.. കെട്ടി ഒരു കോച്ചൊള്ള പെണ്ണിനോട് പ്രേമം പോലും. പട്ടി.. " ഡാ. അവടക്കിടയിലെ ശരിക്കുള്ള കാര്യങ്ങളെന്താന്ന് നമുക്കറിയില്ലല്ലോ. അവനും നമ്മളെ പോലെ വികരോ വിചാരമുള്ള മനുഷ്യനല്ലേടാ.. പിന്നെ അവനെ കുറ്റം പറഞ്ഞിട്ടെന്തിനാ. " ഓഹോ നീയവന് സപ്പോർട്ട് നിക്കുവാണോ ? " എന്നല്ലേടാ. ഭർത്താവുള്ളൊരു സ്ത്രീ മറ്റൊരു പുരുഷനോട് അടുപ്പം കാണിക്കുന്നത് എന്തിന്റെ പേരിലാ ണെന്ന് നമ്മളാദ്യം മനസിലാക്കണം. അതിനി നീ പറഞ്ഞപോലെ മറ്റൊരു അർത്ഥത്തിലാണെങ്കിൽ അവനോടുള്ള ഫ്രണ്ട്ഷിപ് ആ നിമിഷം ഞാൻ കട്ട് ചെയ്യും. അവൻ നമ്മടെ അനിയപ്പനല്ലേടാ. തെറ്റായിട്ടൊരു വഴിക്ക് പോകില്ലെന്ന് മനസ്സ് പറയുന്നു. " എന്തായാലും എനിക്കിന്ന് രണ്ടിലൊന്ന് അറിയണം. " ഹാ നീയിങ്ങനെ കിടന്ന് തുള്ളാതെ. നമുക്ക് വഴിയുണ്ടാക്കാം. നീ വന്നേ.. ബോബിക്കും വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. രാജീവ് അയാളെ സമാധാനിപ്പിച്ചു പുറത്തേക്ക് വിളിച്ചു കൊണ്ട് പോയി.. " ലീനാ. ഇയാൾക്ക് തിരക്കിലെങ്കിൽ ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു. "

എന്തേ ? പാർക്കിംഗിൽ നിന്ന് തന്റെ സ്ക്കൂട്ടി എടുത്ത് തിരിക്കുന്നതിനടയ്ക്ക് രാജീവ് ലീനയ്ക്ക് മുന്നിലേക്ക് വന്നു. അവൾ വണ്ടി ഗേറ്റിനരികിൽ ഒതുക്കി വെച്ചു കൊണ്ട് വണ്ടിയിൽ നിന്നിറങ്ങി നിന്നു. " ചോദിക്കണ കൊണ്ടൊന്നും തോന്നരുത്. അനിയപ്പൻ.. അവനെ എങ്ങിനാ പരിചയം ? നിങ്ങള് തമ്മില് ? " ങാ ഈ ചോദ്യം ഞാൻ അവിടെ വെച്ചേ പ്രതീക്ഷിച്ചിരുന്നു. " അയ്യോ ഡോണ്ട് ഫീൽ ബാഡ്. അവൻ ഞങ്ങക്ക് വെറുമൊരു സുഹൃത്ത് മാത്രോല്ല. ഒരു കൂടെ പിറപ്പ് കൂടിയാ. തന്നെ കുറിച്ചിന്നലെ പറയുന്നത് കേട്ടപ്പോ അവനും ഒരു ജീവിതം ഉണ്ടാവുന്ന് കരുതി.. പക്ഷേ ഇപ്പോ കുടുംബം കുട്ടി എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ ആകെയൊരു കൺഫ്യൂഷൻ. അതാ. ?. " ചേട്ടായി പറഞ്ഞു വരുന്നതെന്താ ണെന്ന് എനിക്ക് മനസിലായി.. അല്ല. ആ മനുഷ്യനെ പറ്റി നിങ്ങളെന്താ വിചാരിച്ചെക്കണേ ? എന്റെ മോന് ഒമ്പത് മാസുള്ളപ്പോളാ എന്റെ ഭർത്താവ് മരിക്കണത്. പറഞ്ഞാൽ ചിലപ്പോ അറിയുമായിരിക്കും. മുളവുരിക്കൽ ജോയി. " തമ്പാൻ ജോയി. അവൻ മരിച്ചോ ? രാജീവ് ഞെട്ടി നോക്കി. ബോബി ഒന്നും മനസിലാകതെ അവൾ പറയുന്നത് കേട്ട് നിൽക്കുകയാണ്. " ഉം. മൂന്നര കൊല്ലം കഴിഞ്ഞു. ക്യാൻസറായിരുന്നു.. നല്ലോണം ഇരുന്നപ്പോ കുറെ കൂട്ടുകാരൊക്കെയുണ്ടായിരുന്നു. പക്ഷെ ഒന്ന് വീണ് പോയപ്പോ ഒരു സഹായത്തിനും അനിയേട്ടയിയെ അല്ലാതെ വെരോരാളെയും ഞാൻ കണ്ടിട്ടില്ല.. വന്നിട്ടുമില്ല. അനിയേട്ടയിടെ അച്ഛനെ അറ്റാക്കായി ഇവിടെ അഡ്മിറ്റ് ചെയ്തപ്പോഴാ ജോയി ചേട്ടായിക്ക് സീരിയസായിട്ട് വണ്ടാനത്തേക്ക് കൊണ്ട് പോണത്. കുഞ്ഞു മോളെ ഇവിടെ നിർത്തീട്ടാ അന്ന് ചേട്ടായി ഞങ്ങൾക്കൊപ്പം പോന്നത്.

മരിക്കുമ്പോ പോലും എന്നേം മോനേം ശ്രദ്ധിച്ചേക്കണെന്നാ ജോയി ചേട്ടായി അനിയേട്ടായി യോട് പറഞ്ഞത്. കാരണം ആ മനുഷ്യനെ അങ്ങേർക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നു. അന്ന് തൊട്ടിന്നു വരെ ഒരു നോട്ടം കൊണ്ട് പോലും ആ മനുഷ്യൻ എന്നെ തെറ്റായി നോക്കിയിട്ടില്ല. ഞാനിത്തിരി അടുപ്പം കാണിച്ചാലും ഒരടി മാറി നിന്നെ ഇപ്പോഴും എന്നോട് സംസാരിക്കാറുള്ളൂ. എന്റെ മോന് പോലും എന്നെക്കാൾ കൂടുതൽ സ്നേഹം അനിയെട്ടായിയോടാ. അങ്ങേര് വന്നൊന്ന് കാണാതെ ഇപ്പോഴും അവനുറങ്ങില്ല. അതിലിവിടാത്തെ പല കര പ്രമാണിമാർക്കും ചൊറിച്ചിലുണ്ട്.. വീട്ടില് സമയോം കാലോം നോക്കാതെ വരുന്നെന്ന് പറഞ്ഞാ ഇവിടത്തെ പല പ്രമാണികളും ചേർന്ന് ചേട്ടായിയെ തല്ലി ആശൂത്രിയിലാക്കിയത്. പക്ഷെ തെറ്റ് ചെയ്യുന്നില്ലെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് എനിക്ക് പേടിയില്ല. " അവനെ തല്ലിയോ .. ആര് ? ലീനയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. രാജീവ് ഒന്ന് ഞെട്ടികൊണ്ട് ബോബിയെ നോക്കി. അയാൾ ദേഷ്യം കൊണ്ട് പല്ല് ഞെരിക്കുകയാണ്.. " ഓ ഇവിടെ സദാചാരം പറഞ്ഞു നടക്കുന്ന കുറെ പകൽ മാന്യന്മാരുണ്ടല്ലോ. ജോയേട്ടയി മരിച്ചു കഴിഞ്ഞപ്പോ കുറെ പേരെന്റെ സുഖവിവരം അന്വേഷിക്കാനും എന്നെ സഹായിക്കാനുനൊക്കെ വന്നിരുന്നു. അവര് തന്നെ. പഠിപ്പും വിവരോമില്ലെങ്കിലും ആ മനുഷ്യനൊരു നല്ല മനസ്സുണ്ട്. അല്ലേലും അതൊന്നും കാണാൻ ഇവിടാർക്കും സമയമില്ല. നിങ്ങള് ചേട്ടായീടെ കൂട്ടുകാരാന്നല്ലേ പറഞ്ഞത്. ഇതിന്റെ പേരില് ഇപ്പോ തന്നെ അനിലെട്ടായി കുറെ പഴി കേട്ടാതാ.

ദയവ് ചെയ്ത് ഇനിയും എന്റെ പേരും പറഞ്ഞു ഓരോന്ന് ചോദിച്ച് ആ മനുഷ്യനെ കൊഴപ്പത്തിലാക്കരുത്. " അവൻ ഞങ്ങക്ക് വെറുമൊരു ചങ്ങാതി മാത്രമല്ല. ഞങ്ങടെ കൂടിപ്പിറപ്പ് കൂടിയാ. പിന്നെ അവന്റെ ദേഹത്ത് കൈ വെച്ചത് ആരായാലും അവർക്കുള്ളത് ഞങ്ങള് പോകുന്നേന് മുന്നേ കൊടുത്തോളം. ബോബിയുടെ ഉള്ളിൽ അറിയാതെ ഒരു കുറ്റബോധം നിഴലിക്കുന്നുണ്ടായിരുന്നു. അയാൾ ദേഷ്യത്തോടെ കാറിന്റെ മുൻവശത്ത് ആഞ്ഞടിച്ചു.. ലീന വല്ലാതെ ഭയന്ന് പോയി. രാജീവ് ഒന്നും മിണ്ടാതെ നിൽക്കുകയാണ്. " ലീനയോട് ചോദിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നും തോന്നരുത്. അവൻ ഞങ്ങൾക്ക് വെറുമൊരു സുഹൃത്ത് മാത്രമല്ലെന്ന് ഞങ്ങള് പറഞ്ഞല്ലോ. " ചേട്ടായി എന്താ പറഞ്ഞു വരുന്നെ? " അവനെ കാണാതെ മോനുറങ്ങാറില്ലാ ന്ന് പറഞ്ഞില്ലേ. എന്തിനും ഏതിനും നിങ്ങളുടെ യൊരു വിളിപുറത്തും അവൻ ഉണ്ടാവാറുണ്ട്. ഇല്ലേ ? " ങാ. " എങ്കിൽ പിന്നെ അവനെയിങ്ങനെ അകത്തി നിർത്തി സ്നേഹിക്കാതെ ചേർത്ത് നിർത്തിക്കൂടെ. " അത് പിന്നെ ചേട്ടാ. ഞാൻ.. എനിക്ക്.. രാജീവിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് ലീന വല്ലാതെ പരിഭ്രമിച്ചു പോയിരുന്നു. രാജീവും ബോബിയും പരസ്പ്പരം നോക്കുകയാണ്. " എന്തേ. ഇനി ലീനയ്ക്ക് അവനോട് അങ്ങിനൊരു ഇഷ്ട്ടം തോന്നിയിട്ടില്ലെങ്കിൽ ഈ സംസാരം നമുക്കിവിടം കൊണ്ട് നിർത്താം. " അതല്ല. അനിയേട്ടായീടെ മനസില് എന്താന്നറി യാതെ ഞാനൊരു ഉത്തരം തന്നാ.

ഇനി ചേട്ടായീടെ മനസിൽ അങ്ങിനൊന്നുമില്ലെങ്കി പിന്നെ എനിക്ക് ആ മനുഷ്യനെ ഫേസ് ചെയ്യാൻ പറ്റാതെ വരും.. " ഓഹോ അത്രേയുള്ളോ. അവന്റെ മറുപടിയെ കുറിച്ചോർത്ത് ലീന പേടിക്കണ്ട. ഇയാളോട് അവനെത്ര മാത്രം ഇഷ്ട്ടമുണ്ടെന്ന് തന്നെ കുറിച്ചു പറയുമ്പോ അവന്റെ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തിട്ടുണ്ട്. " ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട് പക്ഷെ തുറന്ന് ചോദിക്കാനുള്ള പേടി കൊണ്ട് ചോദിച്ചിട്ടില്ലാന്നെയുള്ളൂ. മനസിൽ ഒരിഷ്ട്ടക്കേട് തോന്നിയാ എന്ത് പറഞ്ഞാലും പിന്നെ ചേട്ടയിക്ക് വിശ്വാസമാവില്ല. അതാ പിന്നെ.. " ഹോ. ഇപ്പോഴാ ഒരാശ്വാസമായത്. ബോബി ഒരു ദീർഘനിശ്വാസമെടുത്തു കൊണ്ട് ലീനയെ നോക്കി പുഞ്ചിരിച്ചു. അവളുടെ കണ്ണുകൾ മുത്ത് പോലെ തിളങ്ങുന്നുണ്ടായിരുന്നു.. " വീട്ടില് വേറെയാരോക്കെയാ ഉള്ളെ ? " ഇവിടെ ജോയിയേട്ടയിടെ അമ്മ മാത്രമേയുള്ളു. എന്റെ അപ്പനും അമ്മയും ചെറുതിലെ മരിച്ചു പോയതാ. " ഉം. ഞങ്ങള് വരാം, അമ്മയോട് സംസാരിച്ചു വേണ്ടതെന്താന്ന് ഉടനെ തീരുമാനിക്കാം. പോരെ. " ഉം.. എന്നാലും എന്തോ ഒരു പേടി പോലെ ? " കൊച്ചെന്തിനാ പേടിക്കണേ ? നിങ്ങളെ കുറ്റം പറഞ്ഞവരുടെയും മുന്നേ കൂടി അവന്റെ കൈയും പിടിച്ചു തലയുയർത്തി തന്നെ നടക്കണം. കളിയാക്കവരും മാറി നിന്ന് പരിഹസിച്ചവരുടെയൊക്കെ നടുവിൽ അന്തസായിട്ട് നെഞ്ചും വിരിച്ചു ജീവിച്ചു കാണിച്ചു കൊടുക്കണം. അതാണ് ചങ്കൂറ്റം. ധൈര്യയിട്ട് പോ. ഞങ്ങളുണ്ട് കൂടെ. അവളുടെ കണ്ണുകളിലെ തിളക്കത്തിന് മീതെ ഭീതിയുടെ നിഴൽ മൂടുന്നുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ ബോബി അവൾക്ക് ധൈര്യം പകരുകയാണ്. " ദേ. ഇതാണെന്റെ നമ്പർ. എന്തേലും ഉണ്ടേൽ വിളിച്ചോ. പറ്റിയാ ഇന്ന് തന്നെ അമ്മയെ വന്ന് കാണാം. പോരെ. " ഉം. പിന്നെ അനിയെട്ടായിയോട് ഇപ്പോ ഇതിനെ കുറിച്ചു പറയണ്ട..

വല്ലോം ചോദിച്ചാ എന്നെ വിളിച്ചു വഴക്ക് പറയും. " ഓഹോ. അവനത്രയ്ക്ക് വഴക്കാളിയാണോ. അതൊക്കെ നമുക്ക് മാറ്റിയെടുക്കാം. പിന്നെ അവനെ കൈ വെച്ചവര് ആരൊക്കെയാണെന്ന് ലീനയ്ക്ക് അറിയോ ? രാജീവ് പേഴ്സിൽ നിന്ന് തന്റെ വിസിറ്റിംഗ് കാർഡ് എടുത്ത് നീട്ടി. " ഉം. ഇനി അതൊന്നും ചോദിക്കണ്ട ചേട്ടായി. എല്ലാം കഴിഞ്ഞില്ലേ. " ങാ. ചോദിക്കുന്നില്ല. എന്നാലും ആൾക്കാരെ ഒന്ന് കണ്ടിരിക്കാല്ലോ.. " എന്നാ ഞാൻ പോയിക്കോട്ടെ. " ധൈര്യ യിട്ട് പോ മോളെ.. ബോബിയും രാജീവും അവളെ ആത്മവിശ്വാസത്തോടെ യാത്രയാക്കി. ലീനയുടെ സ്കൂട്ടി ആശുപത്രിയുടെ ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി.. " നീയൊക്കെ എന്താടാ അവളോടിത്ര നേരം പിറുപിറുത്തോണ്ടിരുന്നത്. " അതെന്താ ഞങ്ങൾക്കവളോട് സംസാരിക്കാൻ നിന്റെ സമ്മതം വേണോ. ഒന്ന് പോടാ കൊപ്പേ. " ങാ ചിലപ്പോ വേണ്ടി വരും. എന്തേ ? ലീനയുടെ വണ്ടി പോകുന്നത് നോക്കി അനിയപ്പൻ പാർക്കിങ്ങിലേക്ക് വന്നു. ബോബി അവനെ ദേഷ്യം പിടിപ്പിക്കുകയാണ്. " ഹാ നീയെന്തിനാടാ ഇങ്ങനെ റേസാവണെ. ദേ ആ കൊച്ചിനെ കണ്ടപ്പോ ഇവനൊരു താല്പര്യം. ഇവന്റെ അമ്പലപ്പുഴെലെ അങ്കിളിന്റെ ഇളയ മോനില്ലേ. അവനിപ്പോ ഡിവോഴ്സായി നിക്കുവാ. അവന് വേണ്ടിയെന്ന് ആലോചിച്ചതാ. " അതിവൻ മാത്രം തീരുമാനിച്ചാ മതിയോ. " മതി. എനിക്ക് തോന്നിയ കാര്യം ഞാനാ കൊച്ചിനോട് പറഞ്ഞിട്ടുണ്ട്. അവൾക്കും ഇഷ്ടക്കേടില്ല. അത് മതി. അവൻ നാളെ വന്ന് ആ കൊച്ചിനെ കാണും.

എല്ലാം ഒക്കെയായാ അവനാ കൊച്ചിനേം കെട്ടി ദുബായ് കോണ്ടോവും. " ദേ മാത്ത. ആവശ്യമില്ലാത്ത പണിക്ക് നിക്കരുത്. കേട്ടല്ലോ. അനിയപ്പന് ദേഷ്യം ഇരച്ചു കയറി വരുന്നുണ്ടായിരുന്നു. ബോബി അവന്റെ ദേഷ്യം കൂട്ടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. " ഹാ. അവൻ പറഞ്ഞതൊരു നല്ല കാര്യോല്ലെടാ. ആണും തുണയുമില്ലാത്ത ആ പെങ്കൊച്ചിനൊരു ജീവിതം കിട്ടുന്ന കാര്യമല്ലേ. നിനക്കവള് പെങ്ങളെ പോലെയാന്നല്ലേ പറഞ്ഞത്. അപ്പോ നീ വേണം ആ കൊച്ചിന്റെ കല്ല്യാണം മുന്നിൽ നിന്ന് നടത്താൻ. " ഇവിടെ ആരും ആരുടേം ഒരു കല്ല്യാണോo നടത്താണില്ല. രണ്ടും സ്‌ഥലം വിടാൻ നോക്കിയേ. " ഹാ. ആ കൊച്ചിന് കുഴപ്പമില്ലെങ്കിൽ പിന്നെ നിനക്കിതെന്തിന്റെ കഴപ്പാട. ഞാനെന്തായാലും അവനെ വിളിച്ചു പറയാൻ പോകുവാ. നാളെ വന്ന് കണ്ടിട്ട് അവര് തമ്മിലൊരു തീരുമാനമെടുക്കട്ടെ. അല്ലെടാ രാജീവേ. " അതേ. " അവന്റെ കോണത്തിലൊരു ഫോൺ. ബോബി പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് കോൾ ചെയ്യുന്നത് പോലെ ചെവിയിൽ വെച്ചു. അനിയപ്പന്റെ നിയന്ത്രണം വിട്ടു. അവൻ ദേഷ്യത്തിൽ പല്ല് ഞെരിച്ചു കൊണ്ട് മൊബൈൽ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു. അത് തറയിൽ വീണ് പൊട്ടി ചിതറി. ബോബിയും രാജീവും അവനെ തന്നെ സൂക്ഷിച്ചു നോക്കുകയാണ്.

" നീയെന്തിനാടാ അവന്റെ ഫോണെറിഞ്ഞു പൊട്ടിച്ചത് ? " ദേ രാജീവേ. ആവശ്യമില്ലാത്ത ഓരോന്ന് ചെയ്യാൻ നിന്നാ. ഇനി ഫോണാവില്ല. രണ്ടിന്റേം തലയാവും ഞാൻ തല്ലി പൊട്ടിക്കാ. പറഞ്ഞേക്കാം. " എന്നാ പൊട്ടിക്കെടാ. എന്തായലും ഞാൻ ഇന്ന് തന്നെ അവനോട് വരാൻ പറയാൻ പോകുവ. ങാഹാ. അങ്ങിനെ പാടില്ലല്ലോ. ആ കൊച്ചിനൊരു നല്ല ജീവിതം കിട്ടുമെന്നായപ്പോ അവന്റെ ഉള്ളിരിപ്പ് കണ്ടില്ലേ. അലവലാതി. " ദേ അനിയാ ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ എന്തിനും നിന്റെ കൂടെ ഞങ്ങള് കാണും. അല്ലാതെ നിന്റെ ഓഞ്ഞ നമ്പറ് ഞങ്ങടടുത്ത് എടുത്ത. എന്റെ വിധം മാറും അറിയാല്ലോ നിനക്കെന്നെ.. " നിനക്കൊക്കെയെന്താടാ പറഞ്ഞിട്ട് മനസിലാവാത്തത്.. " മതി നിർത്തിക്കൊ. ഇനി നീ ഞങ്ങളെ കൂടുതൽ പറഞ്ഞു മനസിലാക്കിക്കണ്ട. ഡാ മാത്താ നീ വണ്ടിയെടുത്തെ. ഈ മൈതാണ്ടിയോടിനി ഒരു കോപ്പും പറയണ്ട.. വിഷൂo ഈസ്റ്ററൊക്കെ നമുക്ക് എറണാകുളത്ത് പോയാഘോഷിക്കാം. ഇവിടുത്തെ പൊറുതിയൊക്കെ മതി.. നീ വാ. അവൻ എന്നാ ന്ന് വെച്ചാ ചെയ്യട്ടെ. അനിയപ്പൻ അപ്പോഴും അവർക്ക് മുന്നിൽ തന്റെ മനസ്സ് തുറക്കാൻ തയ്യാറായിരുന്നില്ല. രാജീവും ബോബിയും ദേഷ്യത്തോടെ അവനെ ചീത്ത വിളിച്ചു കൊണ്ട് വണ്ടിയെടുത്തു........ തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story