എന്റെ ഉമ്മാന്റെ പേര്: ഭാഗം 53

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" മതി നിർത്തിക്കൊ. ഇനി നീ ഞങ്ങളെ കൂടുതൽ പറഞ്ഞു മനസിലാക്കിക്കണ്ട. ഡാ മാത്താ നീ വണ്ടിയെടുത്തെ. ഈ മൈതാണ്ടിയോടിനി ഒരു കോപ്പും പറയണ്ട.. വിഷൂo ഈസ്റ്ററൊക്കെ നമുക്ക് എറണാകുളത്ത് പോയാഘോഷിക്കാം. ഇവിടുത്തെ പൊറുതിയൊക്കെ മതി.. നീ വാ. അവൻ എന്നാ ന്ന് വെച്ചാ ചെയ്യട്ടെ. അനിയപ്പൻ അപ്പോഴും അവർക്ക് മുന്നിൽ തന്റെ മനസ്സ് തുറക്കാൻ തയ്യാറായിരുന്നില്ല. രാജീവും ബോബിയും ദേഷ്യത്തോടെ അവനെ ചീത്ത വിളിച്ചു കൊണ്ട് വണ്ടിയെടുത്തു.. മുൻപൊരിക്കൽ പോലും അവൻ അവരോട് ഇത്രയ്ക്ക് കലുഷിതമായ പെരുമാറിയിട്ടുണ്ടായിരുന്നില്ല. അവർ അവനെ ശ്രദ്ധിക്കാതെ പോകുന്നത് കണ്ടപ്പോൾ അനിയപ്പന് ദേഷ്യത്തെക്കാളുപരി സങ്കടം വരുന്നുണ്ടായിരുന്നു.. " അവൻ വരോടാ ? "

വരാതെ എവിടെ പോകാൻ. നീ വണ്ടിയൊന്ന് മൂപ്പിച്ചേ. രാജീവും ബോബിയും മിററിലൂടെ അനിയപ്പനെ നോക്കി. അയാൾ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിൽക്കുകയാണ്. ബോബി വണ്ടി തിരിച്ചെടുത്തു ആക്ക്സിലേറ്ററിൽ രണ്ട് വട്ടം കാലമാർത്തി ഇരപ്പിച്ചു കൊണ്ട് പതിയെ മുന്നോട്ടെടുത്തു. " ഉം. എന്താ ? " എനിക്കൊരു കുപ്പി കള്ളടിക്കണം. " ങാ. വണ്ടി പതിയെ ഗേറ്റിനരികിലേക്ക് നീങ്ങിയതും അനിയപ്പൻ പിന്നാലെ ഓടി ബാക്ക് ഡോർ തുറന്ന് അകത്തേക്ക് ചാടി കയറി. ബോബിയും രാജീവും പുറമെ ദേഷ്യം കാണിച്ചു കൊണ്ട് അടക്കി ചിരിക്കുന്നുണ്ടായിരുന്നു. " നമ്മളെപ്പഴാ എറണാകുളത്തിന് തിരിക്കണെ ? " വൈകീട്ട് ഇറങ്ങാം. ഇനിയിവിടെ കിടന്നിട്ട് എന്ത് കൊല വെട്ടാനാ. " ഇത്രേം പറഞ്ഞിട്ടും നിനക്കൊക്കെയെന്താടാ മനസ്സിലാവാത്തത്. "

ഉള്ളത് ഉള്ളത്പോലെ പറഞ്ഞാ ഞങ്ങൾക്ക് മനസിലാകും. അതെങ്ങിനെ ഒരു നുണ മറക്കാൻ അടുത്തതും കണ്ട് പിടിച്ചോണ്ട് വരുവല്ലേ. " ഞാനെന്ത് നുണ പറഞ്ഞുന്നാ നിങ്ങളീ പറയണേ. എടാ അവള് നമ്മടെ തമ്പാൻ ജോയീടെ ഭാര്യയാ. ഒരു കൂട്ടുകാരന്റെ ഭാര്യയോട് എങ്ങിനാടാ മറ്റൊരു അടുപ്പം കാണിക്കണെ. അനിയപ്പൻ തീർത്തും നിസഹനായി പോകുന്നുണ്ടായിരുന്നു. പക്ഷെ മനസിലുള്ള ഇഷ്ട്ടമെന്താണെന്ന് തുറന്ന് പറയാതെ രാജീവും ബോബിയും അവനെ വിടുന്നുണ്ടായിരുന്നില്ല. " കൂട്ടുകാരന്റെ ഭാര്യയോട് ഒരിക്കലും മറ്റൊരു അടുപ്പം കാണിക്കാൻ പാടില്ല. ശരി സമ്മതിച്ചു. അവനുള്ളപ്പോഴാണ് നീ ഈ ഫിലോസഫി പറഞ്ഞിരുന്നതെങ്കിൽ അതിനൊരു ന്യായമുണ്ട്. പക്ഷെ ഇപ്പോ ജോയി ജീവനോടില്ലല്ലോ. അവൻ മരിച്ചത് തൊട്ട് നീയാണ് അവരുടെ എല്ലാകാര്യങ്ങളും നോക്കുന്നത്, ഇപ്പോഴും നിങ്ങൾക്കുള്ള ഭക്ഷണം അവളല്ലേ കൊണ്ട് തന്നത് ? എന്നിട്ടും അവളോട് നിനക്കൊന്നുമില്ലെന്ന് പറഞ്ഞാ ഞങ്ങൾക്കത് വിശ്വസിക്കാൻ കുറച്ചു പ്രയോസോണ്ട് അനിയാ. "

ടാ രാജീവേ നീയൊന്ന് മിണ്ടാതിരുന്നെ. അവന് അവളൊരു സഹോദരിയെ പോലെയാന്ന് ഇപ്പൊ മനസിലായില്ലേ. നീയാ ഫോണെടുത്ത് ആന്റപ്പനെ വിളിച്ചു വൈകീട്ടിങ്ങോട്ട് വരാൻ പറയ്.. ആ കൊച്ചിനൊരു ജീവിതം കിട്ടട്ടെ.. " ങാ നീയൊക്കെന്താന്ന് വെച്ചാ ചെയ്തോ പക്ഷെ അവളുടെ മോനെ ഞാൻ ഒരാന്റപ്പനും തരോന്ന് കരുതണ്ട. " എന്തോ എങ്ങിനെ ? അയ്യോടാ പറച്ചില് കേട്ടാ ആ കൊച്ച് നിന്റെയാന്ന് തോന്നൂല്ലോ ടാ. " ങാ നീയൊക്കെ എങ്ങിനെ വേണേലും കരുതിക്കോ. ഒറ്റടി വെച്ച് നടക്കണ പ്രായത്തിൽ അവനെയെന്നെയേല്പിച്ചിട്ടാ ജോയി പോയത്. അന്ന് തുടങ്ങി ഇന്ന് വരെ ദേ എന്റെ കയ്യിലും നെഞ്ചിലും കിടന്ന വളർന്ന കൊച്ചനാ. അവൾക്കൊരു നല്ല ജീവിതം കിട്ടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ പക്ഷെ ആ കൊച്ചിനെ ഞാൻ വിട്ട് തരോന്ന് നീയൊന്നും സ്വപ്നത്തിൽ പോലും കരുതണ്ട.

ഞാൻ തരെമില്ല.. " ഓ കൊച്ചിനോടുള്ള സ്നേഹം നിനക്ക് പ്രകടിപ്പിക്കാൻ ഒരു കുഴപ്പോമില്ല. പക്ഷെ അവന്റെ അമ്മയോടുള്ള ഇഷ്ട്ടം തുറന്ന് പറയാൻ വയ്യാ. സത്യത്തിൽ എന്താ അനിയാ നിന്റെ പ്രശ്നം ? " അവനോട് കാണിക്കണ പോലെ എനിക്കവളോട് പെരുമാറാൻ പറ്റോടാ. ഒന്നിലേലും അവളൊരു നേഴ്സല്ലേ. എവിടെ ചെന്നാലും അവൾക്കൊരു നിലയും വിലയും ഉണ്ട്. ഈ തോട്ടിലും കായലിലും മീനേം തപ്പി പിടിച്ചു, എന്തേലും കൂലി പണിക്കും പോയി നടക്കണ ഞാനൊന്നും അവൾക്ക് ചേരൂല്ലാ രാജീവേ. പക്ഷെയെന്നാലും എനിക്കവളെ ഭയങ്കരിഷ്ട്ടാ. അതെന്ന് തൊട്ടാ എന്റെ ഉള്ളില് തോന്നി തുടങ്ങിയെന്നൊന്നും എനിക്കറിഞ്ഞൂടാ.. ഇപ്പോ തന്നെ എന്റെ പേരും പറഞ്ഞു കരക്കാർ അവളെ കൊത്തി പറിക്കുന്നുണ്ട്. ഇനി എന്റെ ഉള്ളിലുള്ളത് കൂടി തുറന്ന് പറഞ്ഞു അവളെ കൂടുതല് വേദനിപ്പിക്കാൻ എനിക്ക് പറ്റില്ലെടാ. എന്നെയൊന്നും മനസിലാക്കെടാ. നീ ആരോടാ ന്ന് വെച്ചാ വരാൻ പറഞ്ഞോ മാത്താ. എവിടാന്ന് വെച്ചാ അവള് പോയി സന്തോഷയിട്ട് ജീവിക്കട്ടെ. " അപ്പോ ആ കൊച്ചോ ? "

എനിക്കിതൊക്കെ ചുമ്മാ പറയാന്നല്ലാതെ അവനെ പിടിച്ചു വെക്കാൻ പറ്റോടാ. അവള് പ്രസവിച്ച അവളുടെ മോനെ അവള് കൊണ്ടോയിക്കോട്ടെ. ഈ ചേറിലും ചെളിയിലും കിടക്കണ അനിയപ്പന് അതിനെന്ത് പറയാൻ. എവിടെ പോയാലും അവനോടുള്ള സ്നേഹത്തിലൊരു കുറവുമുണ്ടാവില്ല. ദേ ഇതിനകത്തുണ്ടാവും അവനും അവളും. " പട്ടി. അവന്റെ കോണാത്തിലെ ഈഗോ. " ടാ മാത്താ.. അനിയപ്പൻ വല്ലാതെ വിങ്ങി പൊട്ടി പോയിരുന്നു. കണ്ണ് കലങ്ങിയൊഴുകി തുടങ്ങിയത് സെന്റർ മിററിലൂടെ കണ്ടതും ബോബി ദേഷ്യത്തിൽ പെട്ടെന്ന് വണ്ടി ചവിട്ടി നിർത്തി പിന്നോട്ടാഞ്ഞു അവന്റെ മുഖത്ത് കൈ നീട്ടിയടിച്ചു. അയാളുടെ അപ്രതീക്ഷിതമായ പെരുമാറ്റം കണ്ട് രാജീവ് പകച്ചു പോയി. " അവനിങ്ങോട്ടിറക്കിയെടാ രാജീവേ. അവന്റെ സൂക്കേഡ് ഞാനിന്ന് മാറ്റി കൊടുക്കുന്നുണ്ട്..

ഡാ നാറി ആണൂങ്ങളായാ കുറച്ചു ചങ്കുറപ്പ് വേണം. ആത്മാർത്ഥ അളന്ന് നോക്കാൻ നിക്കരുതെന്ന് നീ ഇന്നലെ വല്ല്യ വായില് പ്രസംഗിക്കുന്നുണ്ടായിരുന്നല്ലോ. എന്നിട്ടിപ്പൊ അവളുടെ കാര്യം വന്നപ്പോ എവിടെ പോയെടാ നിന്റെ ആദർശം. " പലപ്പോഴും തുറന്ന് പറയാൻ ഒരുങ്ങിയതാ. പക്ഷെ എന്തോ ഒരു പേടി എന്നെ അവള് അങ്ങിനെയല്ല കാണുന്നതെങ്കി പിന്നെ ആ വീട്ടിലേക്ക്എനിക്കൊരിക്കലും കയറി ചെല്ലാൻ പറ്റാതെ വരും. എത്ര ഇഷ്ട്ടൂണ്ടെങ്കിലും അതെന്റെ ഉള്ളീ തന്നെയിരുന്നോട്ടെടാ. " ഈ സ്നേഹോന്ന് പറയണത് കുഴിച്ചിട്ടാ മുളച്ചു വരുന്ന സാധനോമൊന്നുമല്ല. അത് മറ്റുള്ളോർക്ക് മനസിലാകണമെങ്കി അവരോടത് പ്രകടിപ്പിക്കണം. ജോയി പോയപ്പോ അവളേം കൊച്ചിനേം നിന്നെയേല്പിച്ചട്ടാ പോയത്. അല്ലാതെ ഒരാന്റപ്പനും കൊടുക്കാനല്ല പറഞ്ഞത്. ഉള്ളിലുള്ളത് മൂടി വെച്ചു നടക്കാതെ അതവൾക്ക് കൊടുക്കേടാ പുല്ലേ.

ദേ അവളേം കൊച്ചിനേം ഇങ്ങനെ ചേർത്ത് പിടിച്ചു ഹാപ്പിയായിട്ട് ജീവിക്ക്, കുറ്റം പറഞ്ഞവരുടെ മുന്നിക്കൂടെ നിന്റെ താലിയിട്ട് അവളെ ധൈര്യത്തോടെ നടത്തിക്കേടാ. " പക്ഷെ അവൾക്ക് ? " മനസിലുള്ളത് തുറന്ന് പറയുമ്പോ നീ എന്തേലും എതിര് പറഞ്ഞാ നിന്നെ ഫേസ് ചെയ്യാൻ പറ്റില്ലെന്നുള്ള നിന്റയതെ പേടി തന്നെയാ അവൾക്കും. ഇനിയെന്തായാലും ആ പേടി വേണ്ടാ. അവൾക്കും നിന്നെയിഷ്ട്ടാടാ പോത്തെ. ആ അവളെ ഞങ്ങളെത് ആന്റപ്പന് കൊടുക്കാനാടാ. " വാ ഇനി ധൈര്യയിട്ട് പോയി രണ്ട് കുപ്പി കള്ളടിക്കാം. നിന്ന് മോങ്ങാതെ വന്ന് വണ്ടീ കേറെടാ. ബോബി വണ്ടി അരികിൽ ഒതുക്കി പുറത്തേക്ക് ചാടിയിറങ്ങി പിൻ ഡോർ തുറന്ന് അനിയപ്പന്റെ ഷർട്ടിൽ കുത്തിപിടിച്ചു പുറത്തേക്ക് വലിച്ചിട്ടു കൊണ്ട് രാജീവും ബോബിയും അവനെ ചേർത്ത് പിടിച്ചു. അനിയപ്പൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്ന് വിങ്ങി പൊട്ടുകയാണ്.. ബോബി അവനെ ആശ്വസിപ്പിച്ചു കൊണ്ട് വണ്ടിയിൽ കയറി. "

എടാ അനിയാ ഈ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമൊക്കെ ഒരാളുണ്ടാവുകാന്നത്‌ ഭയങ്കര ഭാഗ്യമാടാ. എത്രയൊക്കെ കൊടുത്തിട്ടും ഒരു തരിമ്പുപോലും തിരിച്ചു കിട്ടുന്നില്ലെന്നറിയുന്നത് പോലത്തെ വേദന. അത് പറഞ്ഞറിയിക്കാൻ പറ്റില്ലെടാ. പ്രകടിപ്പിക്കുന്ന സ്നേഹം മറ്റൊരാൾ തിരിച്ചറിയപ്പെടുന്നതിലും വലിയ സന്തോഷം വേറെയുണ്ടോടാ. അതങ്ങോട്ട് കൊടുക്കേടാ. നിന്റെ ചങ്കും കരളുമൊക്കെ പറിച്ച് കൊടുത്ത് അവളെ സ്നേഹിക്ക്. ജീവിക്ക്.. രാജീവ് അവന്റെ തോളിൽ തട്ടി സമാധാനിപ്പിക്കുമ്പോഴും അയാളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.. അനിയപ്പൻ സമാധാനത്തോടെ ഒന്നാഞ്ഞു ശ്വസിച്ചു കൊണ്ട് വണ്ടിയിൽ കയറി. വണ്ടി പതിയെ ഷാപ്പ് ലക്ഷ്യമാക്കി പാഞ്ഞു.. " ബാബൂട്ടാ. രണ്ട് കുപ്പിയിങ്ങ് പോരട്ടെ. " ഹാ. കാർ ഷാപ്പിന്റെ മുന്നിലെത്തിയതും അനിയപ്പൻ ചാടിയിറങ്ങി അകത്തേക്കോടി.

ഷാപ്പിലെ വിളമ്പുകാരൻ അവനെ ചിരിയോടെ നോക്കി കൊണ്ട് രണ്ട് കുപ്പിയും മൂന്ന് ഗ്ലാസ്സുമെടുത്ത് മേശപ്പുറത്ത് വെച്ചു. അനിയപ്പൻ ധൃതിയിൽ ഗ്ലാസ്സിലേക്ക് കള്ളോഴിക്കുകയാണ്. " അതേ നീയൊന്ന് നിന്നെ ? " എന്തെടാ ? കാറിൽ നിന്നിറങ്ങാൻ തുടങ്ങിയ രാജീവ് ബോബിയുടെ വിളികേട്ട് അവിടെ തന്നെയിരുന്നു അയാളെ സംശയത്തോടെ നോക്കി. " അല്ല. വിഷു ഈസ്റ്ററ്, സ്ഥലത്തിന്റെ രജിസ്ട്രേഷൻ ദേ ഇപ്പൊ അനിയന്റെ കല്ല്യണോo ഇതെല്ലാം കൂടി നമ്മള് പോകുന്നേനും മുന്നേ തീരോ ? " തീർന്നില്ലേൽ തീരുന്നത് വരെ നിക്കാം. " ങാ നിനക്കത് പറയാം. മൂന്നാല് സൈറ്റില് ഒന്നിച്ചാ പണി പോയിക്കൊണ്ടിരിക്കണെ. എവിടേലും ഒരു റോളിങ് മാറിയാ സംഗതിയെല്ലാം കയ്യീന്ന് പോകും. " ഹാ സൈറ്റ് നോക്കാൻ നിനക്ക് നിന്റെ സൈറ്റ് സൂപ്പർവൈസറുമാരില്ലേ ? പിന്നെന്താ. എന്നും വൈകീട്ട് അവരോട് കാര്യങ്ങള് വിളിച്ചു പറയാൻ പറയണം. ചുമ്മാ അവന്മാർക്ക് ശമ്പളോകൊടുത്ത് നീ ടെൻഷനടിക്കുന്നതെന്തിനാട.

ചാടി ചാടി പണിയെടുക്കാൻ പറയെടാ. " ങാ അത് ശരിയാണല്ലോ. " കത് ചെരിയാണല്ലോ. നിന്നെ പോത്താന്ന് വിളിക്കണത് എന്ത്കൊണ്ടാണെന്നിപ്പോ മനസിലായില്ലേ.. " ഹാ നീയൊക്കെയെന്താ ഇവിടെ തന്നെയിരിക്കണെ. ബോബിയുടെ മനസ് പണി സ്ഥലത്തെ കാര്യങ്ങളോർത്ത് വല്ലാതെ ആശങ്കപ്പെടുന്നുണ്ടായിരുന്നു. രാജീവ് അയാൾക്കുള്ള മറുപടി കൊടുത്ത് കൊണ്ട് കാറിൽ നിന്നിറങ്ങാൻ തുടങ്ങിയതും അവരെ കാണാതെ അനിയപ്പൻ പുറത്തേക്ക് അന്വേഷിച്ചു വന്നു.. " ഓ കാമുകൻ വന്നോ ? അയ്യോടാ ആ നാണം നോക്കിയേ. എന്തൊക്കെ ഡയലോഗുകളായിരുന്നു. ചള്ള് പുള്ള് അവന്റെ അപ്പന്റെ കിണ്ടി. " അതേ കാമുകാ. കല്യാണം നടത്താൻ ദമ്പടി വല്ലോം കയ്യിലുണ്ടോ ? താലി പുടവ ഇതൊക്കെയില്ലാതെ എങ്ങിനെ കെട്ടും ? രാജീവും ബോബിയും അവനെ കളിയാക്കി ചിരിച്ചു. അനിയപ്പന്റെ മുഖത്ത് വല്ലാത്ത നാണം വിടരുന്നുണ്ടായിരുന്നു.. " ഈ കായലുള്ളപ്പോ ഞാനെന്തിനാട പേടിക്കണേ. എനിക്കുള്ളത് ഇവര് തന്നോളും. " ഹോ അപരാ കോണ്ഫിഡൻസാല്ലേ. " പിന്നെ അവളേം കൊച്ചിനേം നന്നായിട്ട് നോക്കണ്ടടെടാ. "

അത് പിന്നെ വേണോല്ലോ. അല്ല അവളുടെ പേരും പറഞ്ഞു ആരാ നിന്നെ തല്ലിയത് ? " ഓ അപ്പോ അതും പറഞ്ഞോ. " പിന്നെ പറയണ്ടേ. " ങാ അതിനി വിട്ടേക്കേടാ. നീ പറഞ്ഞത് പോലെ അവർക്കുള്ള മറുപടി കൂടിയാ ഇനി ഞങ്ങടെ ജീവിതം. " ദത്.. ഈ ചങ്കുറപ്പ് എന്നുമുണ്ടായാ മതി. ബാക്കിയൊക്കെ നമുക്ക് വരുന്നിടത്ത് വെച്ച് കാണാടാ. " പിന്നല്ലാതെ. നിങ്ങള് വാ രാജീവും ബോബിയും അവനെ ചേർത്ത് പിടിച്ചു കൊണ്ട് ഷാപ്പിലേക്ക് കയറി. പെട്ടെന്ന് രാജീവിന്റെ ഫോൺ റിംഗ് ചെയ്തു. " അച്ഛനെപ്പഴാ വന്നെ ?. " നിങ്ങള് റെഡിയായോ അപ്പൂ. " ങാ. " അച്ഛനിപ്പോ വരാട്ടോ. " ങാ.. " ഡാ അനിയാ നിന്റെ ഫോണോന്ന് തന്നെ. കാത്തിരുന്നു കാണാതായപ്പോൾ അപ്പു രാജേന്ദ്രന്റെ മൊബൈലിൽ നിന്ന് രാജീവിനെ വിളിച്ചു. അയാൾ ഫോൺ കട്ട് ചെയ്തു കൊണ്ട് അനിയപ്പന്റെ പൊക്കറ്റിൽ നിന്ന് മൊബൈൽ ഫോണെടുത്തു. " ഡാ ഇതീന്നാ ലീനെടെ നമ്പറോന്നെടുത്ത് തന്നെ.

" എന്തെടാ. " ഇനിയിപ്പോ കാര്യോം കാരണോക്കെ അതറിഞ്ഞാലെ നീയെടുക്കോള്ളു. അങ്ങോട്ടെടുത്ത് കൊടുക്കേടാ. " ശെടാ ഇതിപ്പോ ഒന്നും മിണ്ടാൻ പറ്റാണ്ടായല്ലോ. ഇന്നാ. രാജീവ് മൊബൈലിൽ ലീനയുടെ നമ്പർ തിരഞ്ഞു നോക്കി കിട്ടാതെ വന്നപ്പോൾ ഫോൺ അനിയപ്പന് നീട്ടി. ബോബി അവനെ തലയിൽ വിരൽ കൊണ്ട് ഒരു മുട്ട് കൊടുത്തു. അവൻ സംശയത്തോടെ ഇരുവരെയും നോക്കി കൊണ്ട് ലീനയുടെ നമ്പർ ഡയൽ ചെയ്തു കൊടുത്തു. ഒരു സ്മൈലി മാത്രമിട്ട് സേവ് ചെയ്തിരിക്കുന്ന നമ്പർ കണ്ട് രാജീവ് ഒന്ന് ചിരിച്ചു. അപ്പുറത്ത് മൊബൈൽ റിംഗ് ചെയ്യുന്നുണ്ട്. " എന്തേ.. യേ.. ട്ടായി ? " ഹലോ ഇത് അനിയനല്ല. രാജീവാ. " ഹമ്മേ. അനിയേട്ടയിടെ നമ്പറ് കണ്ടപ്പോ ഞാനൊന്നും പേടിച്ചു. ഇനി വല്ലോം അറിഞ്ഞിട്ടാണോന്നോർത്തു.. അനിയപ്പന്റെ നമ്പർ കണ്ട് കോളെടുത്ത ലീനയുടെ ശബ്ദത്തിൽ അൽപ്പം വിറയലുണ്ടായിരുന്നു. മറുത്തലയ്ക്കൽ രാജീവാണെന്ന് തിരിച്ചറിഞ്ഞതും അവളൊന്നു ആശ്വസിച്ചു.

" അറിഞ്ഞിട്ടുണ്ട് . പക്ഷെ പേടിക്കണ്ട കാര്യോന്നൂല്ല.. അതേ ഇതിനി അതികം നീട്ടിക്കൊണ്ട് പോകണ്ടാന്നാ ഞങ്ങള് വിചാരിക്കണെ. ഞങ്ങളിന്ന് വന്ന് അമ്മയെ കാണട്ടെ. " ഇന്ന് തന്നെ വേണോ. ഇവിടെ അപ്പുറത്തെ വീട്ടിലെ ജോയിയെട്ടായീടെ എളേപ്പന്റെ മക്കളൊക്കെ വന്നിട്ടുണ്ട്. അനിയേട്ടയിയെ കണ്ടാ പിന്നത് മതി അവർക്കോരോന്നു പറഞ്ഞോണ്ട് നടക്കാൻ. " ആഹാ . അങ്ങിനൊരു കാര്യം കൂടിയുണ്ടോ, എന്നാ എന്തായാലും ഇന്ന് തന്നെ വന്നിട്ടെ കാര്യമുള്ളു. അല്ല. അനിയനെ കൈ വെച്ചത് ആ കൂട്ടത്തിലുള്ള ആരെങ്കിലുമാണോ ? " ങാ. " കൊച്ച് പേടിക്കൊന്നും വേണ്ടാ. ഈ കാര്യം ഞങ്ങൾക്ക് വിട്ടേക്ക്. അപ്പോ ശരി. എല്ലാം പറഞ്ഞത് പോലെ. രാജീവ് അവൾക്ക് ധൈര്യം നൽകിയെങ്കിലും ലീനയുടെ ഉള്ളിൽ വല്ലാത്ത ആധി ഉയരുന്നുണ്ടായിരുന്നു.. " അളിയാ മാത്താ. നീ വന്ന് വണ്ടിയിറക്കിയെ മോനെ. " എന്തെടാ. " ഇപ്പൊ തന്നെ തീർക്കേണ്ട ഒരത്യവിശ്യ പണിയുണ്ട്. വാ..

" അപ്പോ ഈ കള്ളോ ? " അതിവിടിരുന്നോട്ടെ. പണി കഴിഞ്ഞു കുടിക്കുന്നതാ അതിന്റെയൊരു സുഖം. " ബാബൂട്ടാ ഈ കള്ളെടുത്ത് വെച്ചേക്ക് ഞങ്ങളൊന്ന് പോയിട്ട് വരാം. രാജീവ് മൊബൈൽ ഫോൺ അനിയപ്പന്റെ പോക്കറ്റിലേക്കിട്ട് കൊണ്ട് ബോബിയുടെ തോളിൽ തട്ടി. ഇരുവരും കാര്യമെന്താണെന്നറിയതെ കണ്ണ് മിഴിക്കുന്നുണ്ടായിരുന്നു. അനിയപ്പൻ ഗ്ലാസ്സിൽ ഒഴിച്ചു വെച്ച കള്ള് ധൃതിയിൽ വായിലേക്കൊഴിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. വിളമ്പുകാരൻ ഈർഷ്യയോടെ മുഖം ചുളിച്ചു കൊണ്ട് കുപ്പിയെടുത്ത് അകത്തേക്ക്‌ വെച്ചു. " അല്ല എങ്ങോട്ടാ പോണ്ടേ ? " വണ്ടി ആദ്യം തറവാട്ടിലേക്ക് വിട്. ബാക്കിയൊക്കെ അവിടെ ചെന്നിട്ട് പറയാം. " ഇത്ര തിരക്കിട്ടിതെങ്ങോട്ടാ ടാ പോണേ ? " ഹൈ ധൃതി വെയ്ക്കത്തിരിക്ക്യാ ഉണ്ണ്യെ. എന്നാ രഥം അങ്ട് എടുക്കാ. " എന്നാ ആയിക്കോട്ടെ തിരുമേനി. രാജീവ് ഇരുവരെയും നോക്കി നമ്പുതിരി ഭാഷയിൽ കളിയാക്കി. അത് കേട്ട് ബോബി തിരിച്ചും.

അനിയപ്പൻ ഒന്നും മനസ്സിലാവാതെ ഇരുവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. " പോവാ അച്ഛാ.. " പോവല്ലോ. അച്ഛനിപ്പോ വരാം. ഡാ മാത്താ, വന്നേ. ഡാ അനിയാ നീ കുളിച്ചോ. ഇല്ലേൽ വേഗം പോയി കുളിച്ചിട്ട് വാ. " ങേ ഇവനിതെന്തൊക്കെയാടാ ഈ പറയണേ. " നിന്ന് താളം ചവിട്ടാതെ പോയി കുളിച്ചിട്ട് വാടാ തറവാടിന്റെ പടി കടന്ന് കാർ പാഞ്ഞു വന്നു വീട്ടുമുറ്റത്ത് നിർത്തിയത് കണ്ട് കുട്ടികളെല്ലാവരും കൂടി ഓടി പുറത്തേക്കിറങ്ങി.. രാജീവ് ധൃതിയിൽ ചാടിയിറങ്ങി ബോബിയെയും വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. അനിയപ്പൻ അപ്പോഴും ഒന്നും മനസ്സിലാവാതെ നിന്ന് കണ്ണ് മിഴിക്കുകയാണ്. " എന്താടാ എന്താ പ്രശ്നം ? " ഡാ നമുക്കിപ്പോ തന്നെ ലീനെടെ വീടുവരെ പോണം. അവിടെ അനിയപ്പനെ തല്ലിയ പാർട്ടികളൊക്കെ വന്നിട്ടുണ്ട്. അവളെ പെണ്ണ് ചോദിക്കുന്നത് അവരുടെ മുന്നില് വെച്ച് തന്നെ വേണം. " ഓഹോ. അപ്പോ എങ്ങിനാ ? " അവിടെ ചെല്ലട്ടെ. ബാക്കിയൊക്കെ എന്നിട്ട് ആലോചിക്കാം.

വല്യേട്ടാ ഒരു കാര്യമുണ്ട്.. " എന്തേ. രാജീവും ബോബിയും രാജേന്ദ്രന്റെ മുറിയിലേക്ക് കയറി. അയാൾ കട്ടിലിലിരുന്ന് ചെറിയ ഡയറിയിൽ എന്തോ കണക്കുകൾ എഴുതി വയ്ക്കുന്നുണ്ടായിരുന്നു. അയാളത് മടക്കി വെച്ചു കൊണ്ട് വെപ്രാളത്തോടെ നോക്കി.. " നമ്മടെ അനിയപ്പന്റെ കാര്യാ. " അവനെന്താ പറ്റിയത്?. " നമ്മടെ മരിച്ചു പോയ തമ്പാൻ ജോയീടെ ഭാര്യയില്ലേ. ആ കൊച്ചിനെ നമ്മുക്ക് അവന് വേണ്ടി ഒന്നാലോചിച്ചാലോ വല്യേട്ടാ. " അത് വേണോ കുട്ടാ. ആ പെണ്ണിന്റെ പേരും പറഞ്ഞു കൊറേ പ്രശ്നോണ്ടായതാ. ജോയീടെ അപ്പന്റെ അനിയന്റെ മക്കളൊക്കെ ചേർന്ന് അവനെ തല്ലി ആകെ വശക്കേടാക്കി. ഇനി ഒരാലോചനേം കൊണ്ട് അങ്ങോട്ട് ചെല്ലാന്ന് പറയുമ്പോ. " ഇതറിഞ്ഞിട്ട് വല്യേട്ടനൊന്നും അവനോട് ചോദിച്ചില്ലേ ? " എത്ര ചോദിച്ചിട്ടും തെറ്റായി ഒന്നും ചെയ്തിട്ടില്ലാ ന്ന് മാത്രേ അവൻ പറഞ്ഞുള്ളു. പിന്നെ ഞാൻ കൂടുതലൊന്നും ചോയിക്കാൻ പോയില്ല. അല്ല ഈ കാര്യം നിന്നോടാര് പറഞ്ഞു.

" അവൻ തന്നെ. അവന് അവളെ ഇഷ്ട്ടാ. ഞാൻ ആ കൊച്ചിനോടും തിരക്കി. അവൾക്കും സമ്മതാ. എന്നാ പോകുന്നേന് മുന്നേ അവന്റെ കാര്യം കൂടി നടത്താല്ലോന്ന് വെച്ചു. " ആഹാ കാര്യങ്ങൾ അത്രേടം വരെയെത്തിയോ. അവർക്ക് രണ്ട് പേർക്കും സമ്മാതാണെങ്കിൽ പിന്നെ നമുക്കെന്താ കുട്ടാ. അങ്ട് നടത്തി കൊടുക്കെന്നെ. " അതേ. പക്ഷെ നമ്മളവിടെ ചെന്ന് ജോയീടെ അമ്മയോട് സംസാരിക്കണ്ടേ. അതിന് വല്യേട്ടൻ കൂടെ വേണം. അവൻ നമുക്ക് അന്യനൊന്നുമല്ലല്ലോ. " ഉം. ശരിയാ. അവന്റെ കാര്യോല്ലേ. എന്നാ പോയേക്കാം. എപ്പോഴാ പോണ്ടേന്ന് നീ പറഞ്ഞോ. " വല്യേട്ടന് വേറെ തിരക്കൊന്നൂല്ലെങ്കിൽ ഇപ്പോഴേ പോയേക്കാം. " എനിക്കെന്ത് തിരക്ക്. എന്നാ ഞാനീ ഷർട്ടൊന്ന് മാറിയേക്കട്ടെ.. രാജീവും ബോബിയും രാജേന്ദ്രനെ കാര്യങ്ങൾ മനസിലാക്കി. അയാൾ ഒരു പുഞ്ചിരിയോടെ ഇരുവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. "

ഡാ അവൻ കുളിച്ചു കഴിഞ്ഞെങ്കിൽ എന്റെ പെട്ടിലെ ഒരു ജീൻസും ഷർട്ടുമെടുത്ത് കൊടുക്ക്. " അവൻ ജീൻസിടാനോ. നടന്നത് തന്നെ. " അതൊക്കെയിട്ടോളും നീ ചെല്ല് നമുക്ക് സമയമില്ല. ദേ അവന്മാരെ ഇപ്പൊ ഒത്ത് കിട്ടിയെക്കുവാ വഴുതി പോയാ ഇനിയോരവസരം കിട്ടില്ല. " ങാ ശരി സമ്മതിച്ചു.. രാജീവ് ബോബിയെ ഉന്തി തള്ളി അയാളുടെ മുറിയിലേക്ക് പറഞ്ഞു വിട്ടു. അനിയപ്പൻ കുളിച്ചെന്ന് വരുത്തി പുറത്തേക്ക് വരുന്നുണ്ടായിരുന്നു. " ടാ അനിയാ ഇന്നാ ഇതിട്ടോ " ജീൻസോ , ഇതെന്റെ പട്ടിയിടും. " ങാ ആരിട്ടാലും വേണ്ടിയില്ല. പക്ഷെ ദേ അതൊക്കെ അവനിങ്ങോട്ട് വരുന്നെന് മുന്നേ വേണം. അവനല്ലെങ്കിലെ തലയ്ക്ക് ഭ്രാന്ത് പിടിച്ചു നടക്കുവാ. " ങാ അത് തന്നെയാ എനിക്കുമറിയേണ്ടത്. മനസമാധനമായി ഒരു കുപ്പി കള്ളടിക്കാന്ന് കരുതി പോയ എന്നെ, അതിന് പോലും സമ്മതിക്കാതെ വിളിച്ചോണ്ട് പോന്നിട്ടു രണ്ടും കൂടി ഓരോരോ കോപ്രായങ്ങൾ കാണിച്ചു കൂട്ടുവാ.

അല്ല സത്യത്തിൽ എന്താ ഇവിടെ നടക്കണെ ? " നിന്ന് വായ്‌ത്താരി നടത്താതെ വേഗം റെഡിയായി വാടാ കഴുതെ. ബോബി അനിയപ്പന് പകമെന്ന് തോന്നിയ ഒരു ജീൻസും ഷർട്ടും എടുത്ത് നീട്ടി. അവനത് വാങ്ങി നോക്കി കട്ടിലിലേക്ക് തന്നെയിട്ടു കൊണ്ട് ബോബിയോട് തർക്കിക്കുകയാണ്. പെട്ടെന്ന് രാജീവ് മുറിയിലേക്ക് കയറി വന്നു. " ദേ അനിയാ നമ്മള് നിന്റൊരു കാര്യത്തിന് വേണ്ടി പോകുവാ. ഈ ഉപ്പ് വെള്ളത്തിന്ന് കേറിയപ്പോലെ ഇന്നത്തെ ദിവസം അങ്ങോട്ട് ചെന്ന് കേറാൻ പറ്റത്തില്ല. അത് കൊണ്ട് പറയണത് കേൾക്ക്.. " എടാ ഈവക കുന്ത്രാണ്ടം ഞാനെന്റെ ജീവിതത്തിലിത് വരെ ഉപയോഗിച്ചിട്ടില്ല. " ങാ എന്നാ ഇപ്പോ ഉപയോഗിച്ചു ശീലിക്ക്. ഡാ മാത്താ ഒന്ന് പിടിച്ചേ. " ഹാ നീയൊക്കെയെന്താ ഈ കാണിക്കണെ. അയ്യേ തുണിയഴിക്കല്ലേടാ ഊളകളെ. ദേ ഇതൊന്നും അത്ര നല്ല നടപടികളല്ലാട്ടോ മാത്താ.. എടാ വിടെടാ.. " പണ്ടും മൂഡ് കീറായ നിക്കറായിരുന്നു.

ആ ശീലം ഇതുവരെ മാറ്റിയിട്ടില്ലാ ല്ലേ. ബോബി അനിയപ്പന്റെ മടികുത്തിൽ പിടിച്ചു വലിച്ചു ഉടുമുണ്ട് അഴിച്ചെടുത്തു. പെട്ടെന്ന് അവൻ വെപ്രാളത്തോടെ ഇരുകൈകൾ കൊണ്ടും അടിവയറിന് കീഴെ മറച്ചു പിടിച്ചു. രാജീവ് ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിക്കുകയാണ്. ബോബി അനിയപ്പനെ കട്ടിലിലേക്ക് തള്ളിയിട്ട് കൊണ്ട് ജീൻസ് കാലിൽ കൂടി വലിച്ചു കയറ്റി. രാജീവ് ഷർട്ട് അഴിച്ചു മാറ്റി ബെഡിലിരുന്ന ഷർട്ട് എടുത്ത് നീട്ടി. " ദേ നീ തന്നെ ഇപ്പൊയെന്ന് കണ്ണാടിയിൽ നോക്കിയേ. " കൊള്ളാം എന്നാലും ആ മുണ്ടുടുക്കുമ്പോൾ കിട്ടുന്ന ആ ഒരു ഗമയില്ല. " ങാ. ഇപ്പൊ ഇത്രേം ഗമയൊക്കെ മതി.. വാ. രാജീവും ബോബിയും കൂടി അനിയപ്പനെ അണിയിച്ചൊരുക്കി കണ്ണാടിക്ക് മുന്നിൽ നിർത്തി. അവൻ അതിലൂടെ തന്റെ സൗന്ദര്യം കണ്ടാസ്വദിച്ചു കൊണ്ട് ഉള്ളിൽ ചിരിച്ചു. രാജീവ് ധൃതിയിൽ അവന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു.. " ങേ. ഇത് നമ്മടെ അനിയപ്പൻ തന്നെയല്ലേ കുട്ടാ.

. " അതേ വല്യേട്ടാ. ഈ കോലത്തിലാക്കാൻ കുറച്ചു പാടുപെട്ടു. " അമ്പമ്പോ , അനിയച്ചോ ഇപ്പോ നിങ്ങള് കാണാൻ ഭയങ്കര ഗ്ലാമറാട്ടുണ്ട്. അനിയപ്പന്റെ മാറ്റം കണ്ട് രാജേന്ദ്രനും മറ്റുള്ളവരും അമ്പരന്ന് നോക്കുകയാണ്. സന്ധ്യ അവന്റെ തോളിൽ തട്ടി പുകഴ്ത്തുന്നുണ്ടായിരുന്നു. " അല്ലെടാ ഇത്രേം മാടാ കോടിയൊക്കെ കാണിച്ചിവനെ കൊണ്ട് പോകുമ്പോ എങ്ങിനെയാടാ ഈ ലൂണാറിന്റെ വള്ളിച്ചെരുപ്പ് ഇടിക്കണെ. " ഓ അങ്ങനൊരു കുരിശ് ഉണ്ടല്ലേ. ങാ ഇപ്പൊ അതൊന്നും നോക്കണ്ട ദേ എന്റെ ഷൂവിടീക്ക്. " ബെസ്റ്റ്. ഈ കെട്ട് വള്ളം പൊലിരിക്കണ നിന്റെ ഷൂവില് ഇവനെ മൊത്തത്തില് കേറ്റിയിരുത്താനാണോ പരിപാടി. " ഹോ എന്റെ മാത്താ. ഇന്നത്തെ ദിവസം ചെരിപ്പിനല്ല പ്രാധാന്യം. അവന്മാർക്കാ.

അവന്മാരെ നമുക്ക് കിട്ടണം. ദേ നീ ഈ വള്ളി ചെരിപ്പിട്ട് തന്നെ കയറിക്കോ അവിടെ ചെന്നിറങ്ങുമ്പോ ഇത് വണ്ടിക്കകത്ത് ഊരിയിട്ടിട്ട് ഇറങ്ങിയാ മതി. " ഏത് അവന്മാര് ? " നിന്റെ കുഞ്ഞമ്മേട മക്കള്. ഒന്ന് പോയി വണ്ടീ കേറെടാ. മാത്താ വണ്ടിയിട്. അളിയാ നിങ്ങള് രണ്ട് പേരും കൂടെ അളിയന്റെ ബൈക്കില് വാ. " ഞങ്ങളും വരട്ടെ അച്ഛാ. " ഇവരെ എന്ത് ചെയ്യോടാ മാത്താ ? " അവരും പൊന്നോട്ടെടാ . പിള്ളേർക്കൊരു എന്റർടൈന്മെന്റ് ആവോല്ലോ. " ങാ. എന്നാ നിങ്ങളും കേറിക്കോ. രാജീവ് വെപ്രാളത്തോടെ ധൃതി കൂട്ടുകയാണ്. കുട്ടികളെല്ലാം സന്തോഷത്തോടെ ഓടി ചെന്ന് വണ്ടിയുടെ പിന്നിൽ കയറി. ബോബിയും രാജീവും മുൻ സീറ്റിലും രാജേന്ദ്രനും കുറ്റികളോടൊപ്പവും കയറി. സുരേഷും പ്രസാദും ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടുണ്ടായിരുന്നു. ചുറ്റും നടക്കുന്നതെന്താണെന്ന് മനസ്സിലാവാതെ അനിയപ്പൻ അപ്പോഴും നിന്ന് കണ്ണ് മിഴിക്കുന്നുണ്ടായിരുന്നു...... തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story