എന്റെ ഉമ്മാന്റെ പേര്: ഭാഗം 56

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" കുട്ടാ, പേപ്പർ വർക്കൊക്കെ കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു കണ്ണൻ വക്കീലാ വിളിച്ചത്, നമുക്കെന്നത്തേക്ക് നടത്താന്ന് ചോദിച്ചു. ഞാൻ നിന്നോട് ചോദിച്ചിട്ട് പറയാന്ന് പറഞ്ഞു. " ആഹാ കണ്ണൻ ഭയങ്കര ഫാസ്റ്റാണല്ലോ ? കാര്യങ്ങളൊക്കെ ഓക്കെയാണെങ്കിൽ ഉടനെ നടത്താം വല്യേട്ടാ. നാളെ കണ്ണന് തിരക്കിലെങ്കിൽ ഡീഡിന്റെ ഡ്രാഫ്റ്റ് ഒന്ന് കൊണ്ടുവരാൻ പറയാണെ വല്യേട്ടാ.. രാജീവ് അകത്തേക്ക് ചെന്നതും രാജേന്ദ്രൻ ഫോൺ കട്ട് ചെയ്ത ശേഷം അയാൾക്കടുത്തേക്ക് വന്നു. " ങാ ഞാൻ വിളിച്ചു പറയാം. അത് മാത്രല്ല കുട്ടാ. ഓരോന്നും ആധാരാക്കാൻ സ്റ്റാമ്പേപ്പറിന് നല്ലൊരു കാശാവില്ലേ. " അതോർത്ത് വല്ല്യളിയൻ ടെൻഷനടിക്കണ്ട. ഇവിടത്തെ കാര്യങ്ങള് ഞങ്ങൾക്ക് അറിയാല്ലോ. മുദ്രപ്പേപ്പറ് എത്ര രൂപയുടെയാണെന്ന് പറഞ്ഞാ മതി അത് ഞാനും പ്രസാദും കൂടി വാങ്ങിക്കോളാ.. ഈ ലോഡും കൂടി രാജീവളിയന് കൊടുക്കണ്ട.

" ഏയ് അതൊന്നും കുഴപ്പൂല്ലളിയാ.. " അളിയനത് പ്രശ്നോല്ലെങ്കിലും ഞങ്ങൾക്കുണ്ട്. വിൽപത്രത്തിലുള്ളത് എല്ലാർക്കും വീതിച്ചു കൊടുത്ത് നിങ്ങള് ഹീറോ ആയില്ലേ. ഈ കാര്യത്തിൽ ഞങ്ങളും ഒന്ന് ഹീറോ ആയിക്കോട്ടെന്ന്. അല്ലെ പ്രസാദേ.. " അതേ.. നിങ്ങള് മാത്രം എല്ലാരേം അടക്കിപിടിച്ചു സ്നേഹിച്ചാൽ എങ്ങിനെയാ അളിയാ. ഞങ്ങൾക്കും ഓരോ അവസരങ്ങൾ താന്നെ.. പ്രസാദും സുരേഷും. പരസ്പ്പരം നോക്കി കൊണ്ട് ഉറക്കെ ചിരിച്ചു.. രാജീവ് ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ അയാളുടെ കണ്ണുകളിൽ നനവ് തിളങ്ങുന്നുണ്ടായിരുന്നു.. " ഹാ അങ്ങിനെയങ്ങ് പോയാലോ അളിയാ. വാ നമുക്ക് ചെറുതോരോന്നടിക്കാം.. " നിങ്ങൾടെരെയുള്ളത് അവിടിരിക്കട്ടെ ബോബിയളിയാ.

നല്ല നെല്ലിട്ട് വറ്റിയ ഒന്നാന്തരം സാധനം കിട്ടീട്ടുണ്ട്. വാ. പിന്നെ രാജീവളിയന്റെ കരിമീൻ പൊള്ളിച്ചതും. അകത്തേക്ക് നടക്കാൻ തുടങ്ങിയ രാജീവിനെ പ്രസാദ് കൈയിൽ പിടിച്ചു നിർത്തി. രാജീവ് ബോബിയെ നോക്കി കുപ്പിയെടുക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ബോബി മുറിയിലേക്ക് തിരിഞ്ഞതും സുരേഷ് അയാളെ തടഞ്ഞു.. രാജീവ് ഹാളിലെ ഭിത്തിയിൽ നിന്നും കലണ്ടറെടുത്ത് വടക്കേപ്പുറത്തെ ചായ്പ്പിലേക്ക് നടന്നു.. " ഇതിപ്പോ അധികം ദിവസമില്ലല്ലോ മാത്താ. പന്ത്രണ്ടാം തിയതി ഈസ്റ്റർ, പതിനാലിന് വിഷു. അതിനിടയ്ക്ക് കല്യാണം. അപ്പോ കാഞ്ഞിരമറ്റം യാത്രാ ഇതൊക്കെ കഴിഞ്ഞിട്ടേ നടക്കൂ. " ഓ അതിനി നോക്കേണ്ടെടാ. എവിടെയാന്ന് വെച്ചാ തേടി പോണത് ?

ഇനിയഥാവ കണ്ട് പിടിച്ചാ തന്നെ നല്ലൊരവസ്ഥയിലല്ല അവളെ ഞാൻ കാണുന്നതെങ്കി എനിക്കത് ബുദ്ധിമുട്ടാകും. എന്റെ ഒരു നിമിഷത്തെ കുത്തി കഴപ്പിന് വേണ്ടി ഞാനില്ലാണ്ടാക്കിയത് അവളുടെ ജീവിതമല്ലെടാ . എന്നിട്ടും നാട്ടുകാരുടേം വീട്ടുകാരുടൊക്കെ മുന്നില് അവള് മാത്രം തെറ്റുകാരിയായി. ഇനിയൊരു പക്ഷെ എല്ലാം മറന്ന് അവൾക്കൊരു നല്ല ജീവിതം കിട്ടീട്ടുണ്ടെങ്കിൽ വീണ്ടും ഞാൻ കാരണമത് തകരാൻ പാടില്ല. സിസിലിയെന്ന കനൽ എന്റെ ഉള്ളിൽ കിടന്ന് തന്നെ പുകഞ്ഞു പുകഞ്ഞു തീരട്ടെടാ. " ദേ അളിയനും വല്യേട്ടനും വരുന്നുണ്ട്. നീ കണ്ണ് തുടയ്ക്ക്.. ബോബിയുടെ ഉള്ളിലെ ഞെരിപ്പോട് നീറിയേരിയുന്നുണ്ടായിരുന്നു. കണ്ണുകളിൽ നീർത്തുള്ളികൾ തിളങ്ങുന്നത് കണ്ടപ്പോൾ രാജീവ് അയാളെ ആശ്വസിപ്പിച്ചു. രാജീവ് ചായ്പ്പിലെ പലക തട്ടിൽ കലണ്ടർ വെച്ചു തിയതി നോക്കുന്നതിനടയിൽ രാജേന്ദ്രനും പ്രസാദും സുരേഷും അവിടേയ്ക്ക് വന്നു..

" എല്ലാ ശരിയായിട്ടുണ്ടെങ്കിൽ ഉടനെ നടത്താം കണ്ണാ. ഞാൻ ദേ കുട്ടന് കൊടുക്കാം. കണ്ണനാ. " പറഞ്ഞോ കണ്ണാ. രാജേന്ദ്രൻ ഫോൺ രാജീവിന് നീട്ടി. " കാര്യങ്ങളൊക്കെ ഓകെയായിട്ടുണ്ട്. പിന്നെ വില്ലിൽ എല്ലാം ഡീറ്റൈൽഡായി പറഞ്ഞിരുന്നത് കൊണ്ട് രാജീവ് പറഞ്ഞ തിരുത്ത് മാത്രേ പണിയായിട്ടുണ്ടായിരുന്നുള്ളൂ.. " ഡ്രാഫ്റ്റ് ഒക്കെയായിട്ടുണ്ടെങ്കിൽ നാളെയതൊന്ന് എത്തിക്കാമോ കണ്ണാ ? " നാളെ ഉച്ചവരെ ഞാൻ ഫ്രീയല്ലല്ലോ. മെയിൽ ചെയ്താ മതിയോ ? " മതി. മെയിൽ ഐഡി ഞാനീ നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്യാം. " ഓകെ രാജീവ്. ഞാൻ അയച്ചേക്കാം. അപ്പോ ഗുഡ് നൈറ്റ്. " ഗുഡ് നൈറ്റ് കണ്ണാ.. രാജീവ് കണ്ണനും ശുഭരാത്രി നേർന്ന് കൊണ്ട് ഫോൺ കട്ട് ചെയ്ത ശേഷം അയാളുടെ നമ്പറിലേക്ക് തന്റെ യാഹൂ മെയിൽ ഐഡി അയച്ചു കൊടുത്തു. " ഡ്രാഫ്റ്റ് വായിച്ചെല്ലാം ഓക്കെയാണെങ്കിൽ ഉച്ച കഴിഞ്ഞ് നിങ്ങള് രണ്ടുപേരും കൂടി കണ്ണനെ ഒന്ന് പോയി കണ്ട് സ്റ്റാമ്പ് പേപ്പർ വാങ്ങി കൊടുക്കണം.

അങ്ങിനെയാണെങ്കിൽ ഈസ്റ്റർ കഴിഞ്ഞുള്ള തിങ്കളാഴ്ച നമുക്ക് റെജിസ്ട്രേഷനും അനിയന്റെ കല്യാണവും കൂടി ഒന്നിച്ചു നടത്താം. " അത് ശരിയാ. രണ്ട് പോക്ക് ഒഴിവാക്കാല്ലോ. " തിങ്കളെന്ന് പറയുന്നത് പതിമൂന്നാം തിയതി യല്ലേ കുട്ടാ ? സർക്കാരാപ്പീസാ പെരുന്നാളാഘോഷോക്കെ കഴിഞ്ഞു ജോലിക്കാരൊക്കെ ഉണ്ടാവോ ആവോ ? " അതും നേരാട്ടോ അളിയാ. പോരാത്തതിന് പിറ്റേദിവസം വിഷുവും. പലരും ഉണ്ടാവാൻ സാധ്യത കുറവാ. " എന്തായാലും കലണ്ടറിൽ ചുവന്ന മഷിയില്ലാത്തത് കൊണ്ട് ആരും ഓഫീസടച്ചിട്ട് കൂട്ടത്തോടെ ലീവെടുക്കില്ലല്ലോ അളിയാ. എന്തായാലും നിങ്ങള് നാളെ കണ്ണനെ കാണുമ്പോ തിങ്കളാഴ്ച്ചത്തെ കാര്യം കൂടി ഒന്ന് ചോദിക്കാൻ പറയണം. " അത് ചോദിക്കാ അളിയാ. രാജീവ് അളിയന്മാര് രണ്ട് പേർക്കും നിർദേശം നൽകുകയാണ്. " അല്ലെടാ പതിമൂന്നിനാണ് നടത്തുന്നതെങ്കിൽ നമുക്കധികം ദിവസമില്ലല്ലോ.. ഇന്ന് അഞ്ചായില്ലേ ? " അതേ. കട്ടയ്ക്ക് പിടിച്ചാലെ. സംഗതി നടക്കൂ.. "

അളിയൻ ധൈര്യയിട്ട് ഇറങ്ങിക്കോ. ഞങ്ങള് കട്ടയ്ക്ക് തന്നെയുണ്ട്. " ഞാനും.. " ങേ നീയതെവിടുന്ന് വന്ന്. രണ്ട് അളിയന്മാരും ബോബിയും രാജീവിനുറപ്പ് കൊടുത്തു. പെട്ടെന്ന് ചായ്പ്പിന്റെ വിടവിലൂടെ അനിയപ്പന്റെ തലയകത്തേക്ക് നീണ്ടു വന്നു. " ങാ അതൊക്കെ വന്നു. എനിക്ക് നിങ്ങളോട് സീരിയസായിട്ടൊരു കാര്യം പറയാനുണ്ട്. " എന്താടാ ? അനിയപ്പൻ തല വലിച്ചെടുത്തു കൊണ്ട് അകത്തേക്ക് കയറി. രാജീവും കൂട്ടരും അവനെ പകച്ചു നോക്കുകയാണ്. " ഞാൻ പറയുന്നത് നിങ്ങളെങ്ങിനെയെടുക്കൊന്ന് എന്നെനിക്കറിയില്ല. എന്നാലും പറയാതെ പറ്റില്ലല്ലോ. " നീ ആളെ പേടിക്കാതെ കാര്യം പറയെടാ. " ദേ ആയിരിക്കണെന്ന് എനിക്കൊരു പെഗ്ഗ് തരോ. " മങ്ങാത്തൊലി. ദേ ഒരൊറ്റ വീക്ക് വെച്ചു തന്നാലുണ്ടല്ലോ. അവന്റെ കോപ്പിലെയൊരു കാര്യം. രാജീവ് ദേഷ്യത്തോടെ ചാടിയെഴുനേറ്റ്‌ അനിയപ്പന് നേരെ കൈ ഓങ്ങി.

അയാൾ ഭാവവ്യത്യാസമൊന്നുമില്ലാതെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. " കുറച്ചു മുന്നേ കുടി നിർത്തീന്നോ, പണിക്ക് പോണോന്നൊക്കെ വല്ല്യ വർത്താനം പറയുന്നുണ്ടായിരുന്നല്ലോ. ഇപ്പോന്തേ അതൊക്കെ ആവിയായി പോയോ ? " ആവിയായി പോയിട്ടുന്നല്ലേടാ മാത്താ. കുറെ നാളായിട്ടുള്ള ശീലമല്ലേ. പെട്ടെന്ന് നിർത്തിയാ വല്ല പണീം കിട്ടിയാലോന്നൊരു പേടി.. അളവ് പതിയെ കുറച്ചു കുറച്ചു നിർത്തിയ പോരെടാ. " നീ നിർത്തെ കുടിക്കെ എന്താന്ന് വെച്ചാലായിക്കോ. ആണുങ്ങളായാ പറഞ്ഞ വാക്കിന് വെലവേണോടാ.. അല്ലാതെ ചുമ്മാ വള വളാന്ന് ഓരോന്ന് പറയരുത്.. " ഹാ നീയിങ്ങനെ ചൂടാവല്ലേടാ മാത്താ. ബോബി ദേഷ്യത്തിൽ തിരിഞ്ഞിരുന്നു. അനിയപ്പൻ അയാളുടെ തോളിൽ മുറുക്കെ പിടിച്ചു കുലുക്കി കൊണ്ട് അടുത്തിരുന്നു.. " പെട്ടെന്ന് നിർത്തണ്ട അനിയാ. പതിയെ കുറച്ചു കുറച്ചു ഒഴിവാക്കിയാ മതി. " ദേ ഇന്ന് മുതൽ എട്ട് ദിവസത്തെ സമയം തരും.

അതിനിടയിൽ കള്ള് കുടി പൂർണമായി നിർത്താന്ന് സമ്മതിച്ചാ. ഒരു പെഗ് തരാം. " അതെന്താ ഒരു എട്ട് ദിവസത്തെ കണക്ക് ? " ഇന്നേക്ക് എട്ടാനാളാ നിന്റെ കല്ല്യാണം അത് തന്നെ. " എന്റച്ചോ.. " ങാ അച്ഛനേം അമ്മയേം വിളിച്ചിട്ടൊരു കാര്യോമില്ല. ആദ്യം ഇത് സമ്മതിച്ചോ ? " എന്റെ ജീവിതവുമായി പോയില്ലേ, അപ്പോ പിന്നെ സമ്മതിക്കാതെ പറ്റില്ലല്ലോ.. " ഉറപ്പാണെ. ഇനി കെട്ട് കഴിഞ്ഞു ഈ വാക്ക് തെറ്റിച്ചൂന്ന് ഞങ്ങളാറിഞ്ഞാ. നിന്നെ തല്ലാൻ വേണ്ടി മാത്രമായിട്ട് ഞങ്ങൾക്കിങ്ങോട്ട് വരേണ്ടി വരും. കേട്ടല്ലോ.. " കേട്ടെടാ.. " ഉം. എന്നാ ഒരെണ്ണം കൊടുത്തേക്ക് അളിയാ. രാജീവ് അനിയപ്പനെ കൊണ്ട് സത്യം ചെയ്യിപ്പിച്ച ശേഷം പ്രസാദിനെ നോക്കി. അവൻ എല്ലാം തല കുലുക്കി സമ്മതിക്കുന്നുണ്ടായിരുന്നു. ബോബിയും മറ്റുള്ളവരും അവനെ നോക്കി കളിയാക്കി ചിരിക്കുകയാണ്. " അതേ അവൾടെ കഴുത്തിൽ കെട്ടാൻ ഒരു താലി വേണ്ടേ ? ദമ്പടി വല്ലോം കയ്യിലുണ്ടോ ? "

അതൊക്കെ ഉണ്ടാക്കാല്ലോ വല്യേട്ടാ. " എവിടുന്ന് ഉണ്ടാക്കും ? " ആഴ്ച്ചക്കാരൻമാര് അണ്ണച്ചികൾ നമുക്ക് ചുറ്റുമിങ്ങനെ വട്ടം കറങ്ങുവല്ലേ. നമുക്ക് ശരിയാക്കാന്ന്.. " ങാ എന്നാലാ പരിപാടി വേണ്ടാ. നിനക്കുള്ള താലീം മാലേം ഞാൻ തന്നോളം. " ഏയ്. അത് വേണ്ടാ വല്യേട്ടാ. " ദേ കൂടുതലൊന്നും ഇങ്ങോട്ട് പറയേണ്ട. പറയുന്നത് അനുസരിക്കാ. രാജേന്ദ്രൻ അവനെ സ്നേഹം കലർന്ന ദേഷ്യത്തോടെ നോക്കി. അവനൊന്നും മിണ്ടാതെ എല്ലാവരെയും മാറി മാറി നോക്കുന്നതിടയിൽ മിഴികൾ വല്ലാതെ നിറഞ്ഞു പോകുന്നുണ്ടായിരുന്നു.. " ബാക്കിയൊക്കെ നമുക്ക് റെഡിയാക്കാടാ. " രാജീവേ ഈസ്റ്ററിനും കല്യാണത്തിനും കൂടി നമുക്ക് നല്ല ക്ടാവിനെ മേടിച്ചു ദം ബിരിയാണി വെച്ചാലോ. " സംഗതി കൊള്ളാം. പക്ഷെ ആരെ കൊണ്ട് വെപ്പിക്കും.. " ങാ അതിന് പറ്റിയൊരാളുണ്ടെടാ.. നിനക്ക് പണ്ട് നമ്മടെ കൂടെ പഠിച്ചിരുന്ന റോയിച്ചനെ ഓർമയുണ്ടോ ? " ഏത് റോയിച്ചൻ ? "

എടാ നമ്മടെ കരുമാടിയിലെ ഫിലിപ്പച്ചനില്ലേ. അങ്ങേരുടെ മോൾടെ മോൻ. അവന്റെ അപ്പന്റെ വീട് കുറുവിലങ്ങാടാ. " നീയീ പറയണത് കുര്യാപ്പിള്ളിലെ ജെസ്സീടെ മോന്റെ കാര്യമാണോ അനിയാ ?. രാജീവ് അനിയപ്പൻ പറഞ്ഞ ആളെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ആളെ കുറിച്ച് ഏകദേശം മനസിലായത് പോലെ രാജേന്ദ്രൻ സംശയം പറഞ്ഞു. " ങാ അത് തന്നെ വല്യേട്ടാ. നിനക്കിതു വരെ അവനെ മനസിലായില്ലേ രാജീവേ ? " എനിക്കങ്ങോട്ട് പിടി കിട്ടുന്നില്ലെടാ.. " എടാ നമ്മടെ ക്ലാസിലിരുന്ന് മുറി ബീഡി വലിച്ചതിന് ഹെഡ്മാഷ് ഒരു ദിവസം മുഴുവനും മുട്ട് കുത്തിച്ചു നിർത്തിയ ആളെ ഓർക്കുന്നുണ്ടോ ? " ഏത്. ആ വെളുത്ത് തോട്ടികോല് പൊലിരുന്നവനോ ? " ങാ അവൻ തന്നെ.. അവനിപ്പോ അത്യവിശ്യം ഡിമാന്റുള്ള വെപ്പ്കാരാനാ. " അതിന് അവനെ തപ്പി കുറവിലങ്ങാട് വരെ പോണ്ടേ.. നമുക്കതിനുള്ള സമയമൊന്നുമില്ല അനിയാ.. "

അവനെ തേടി ഒരിടത്തേക്കും പോണ്ടാ. ആളിവിടെ തന്നെയുണ്ട്. വല്യേട്ട നമ്മടെ മമ്മാലിക്കാന്റെ പിന്നില് വീട് വെച്ചിട്ടില്ലേ. " ഓ ആ റോയിയെ കുറിച്ചാണോ ഈ പറയണേ. കുര്യച്ചന്റെ മോൾടെ കല്യാണത്തിന് ബിരിയാണി വെച്ചത് അവനായിരുന്നല്ലേ.. " ങാ. അത് തന്നെയാള്. " അവൻ കൊള്ളാം കുട്ടാ. അവന്റെ വെപ്പിനൊരു പ്രത്യേക രുചിയാ. രാജേന്ദ്രന് ആളെ തിരിച്ചറിഞ്ഞത് പോലെ അവരെ നോക്കി പുഞ്ചിരിച്ചു.. " എന്നാ പിന്നെ ഒന്നും നോക്കണ്ട അനിയാ. ആളോട് നാളെ ഇങ്ങോട്ടൊന്നും വരാൻ പറയ്. " നാളത്തേക്ക് ആക്കുന്നതെന്തിനാ. ദേ ഇപ്പൊ തന്നെ വിളിച്ചു പറഞ്ഞെക്കാടാ. അനിയപ്പൻ ഫോണെടുത്ത് പുറത്തേക്ക് നടന്നു. " അപ്പൊ ഫുഡിന്റെ കാര്യത്തിലൊരു തീരുമാനമായി. " പന്തല് വല്ലോം ഇടേണ്ടി വരോ അളിയാ ? " എന്തിന്. പുറത്തൂന്ന് പ്രത്യേകിച്ചാരുമില്ലല്ലോ. അകത്തിരുത്തി കൊടുത്താ മതി. " അല്ല വെക്കാനും പിടിക്കാനൊക്കെ? " ദേ ഈ ചായ്പ്പ് ഒന്ന് ഒതുക്കി കൊടുത്താ ആവശ്യത്തിനുള്ള സ്ഥലം കിട്ടും. "

ങാ അത് നേരണല്ലോ. പന്തിലിന്റെ കാര്യത്തിലുള്ള പ്രസാദിന്റെ സംശയത്തിന് രാജേന്ദ്രൻ പരിഹാരം കണ്ടു. " അയ്യോ വല്യേട്ടാ. എറണാകുളത്തിന് കുറച്ചു പേര് വരുന്നുണ്ട്. ഞാനത് പറയാൻ വിട്ടു. " അവരെത്ര പേരുണ്ട് ? " മാധവേട്ടനും ഫാമിലിയും അരവിന്ദൻ അച്ചായൻ. അവരോരെട്ട് പേര് കാണും.. " എട്ട് പേരല്ലേ.. വന്നോട്ടെ കുട്ടാ. നമ്മടെ പടിഞ്ഞാറ്റേലെ ഗോപീടെ വീട് ഒഴിഞ്ഞു കിടക്കുവാ. അയാളും ഭാര്യയും കൂടി തിരുവനന്തപുരത്തെ മോൾടെ വീട്ടിലാ. താക്കോലിവിടെണ്ട്. വിളിച്ചു പറഞ്ഞിട്ട് അത് വൃത്തിയാക്കിയിടാം. " അപ്പോ അതിന്റെ കാര്യത്തിലും തീരുമാനമായി. " ടാ റോയിച്ചനോട് നാളെ രാവിലെ പത്ത് മണിക്ക് വരാൻ പറഞ്ഞിട്ടുണ്ട്. രാജീവും ബോബിയും പരസ്പരം നോക്കി ഒന്നാശ്വസിച്ചു. പെട്ടെന്ന് അനിയപ്പൻ കോള് കട്ട് ചെയ്തു കൊണ്ട് അകത്തേക്ക് വന്നു.. " പത്ത് മണി..ഓകെ. നമുക്ക് അത് കഴിഞ്ഞിട്ട് റെജിസ്ട്രർ ഓഫീസിൽ പോകാല്ലേ മാത്താ.. "

അത് മതിയെടാ. നിങ്ങള് നാളെ കണ്ണൻ കാണാൻ പോയ്കൊളുല്ലേ അളിയാ. " അത് ഞങ്ങൾക്ക് വിട്ടേരളിയാ. " പറഞ്ഞു വന്നപ്പോ എത്രെ പെട്ടെന്നാ ഒരു കല്യാണം വന്നു പ്പെട്ടത് അല്ലെ കുട്ടാ.. " രാജീവിന്റെ കല്യാണം നടത്താൻ വല്യേട്ടൻ എത്ര മാസമാ ഓരോ കാര്യങ്ങൾക്ക് ഓടി നടന്നത്. ഇവന്റെയൊക്കെയൊരു യോഗം. കണ്ണടച്ചു തുറന്നപ്പോഴേക്കും പെണ്ണൊരുത്തി ഒരെണ്ണം കയ്യിലായി.. " ങാ എന്തായാലും എല്ലാം ഭംഗിയായി നടന്നാ മതിയായിരുന്നു.. ആ ആൽബിയും കൂട്ടരും വിഷ വിത്തുക്കളാ. " ഇനിയും കളിയിറക്കിയാ. വെട്ടി കൂട്ടി തുമ്പും കുഴിൽ പൂഴ്ത്തും. അല്ലെ അനിയാ ബോബി അനിയപ്പനെ നോക്കി ഉറക്കെ കളിയാക്കി ചിരിച്ചു. അവൻ ഒന്നും മിണ്ടാതെ ചമ്മലോടെ തലകുനിഞ്ഞു നിൽക്കുകയാണ്.. രാജേന്ദ്രൻ അല്പ്പം ഭയത്തോടെ എല്ലാവരെയും നോക്കി.. സുരേഷിന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.. "

ഹാ ഫസലെ പറഞ്ഞോ.. പെട്ടെന്ന് ബോബിയുടെ ഫോൺ റിംഗ് ചെയ്തു. ഡിസ്പ്ലേയിലെ ഫസൽ എന്ന പേര് കണ്ടതും അയാൾ കോളെടുത്തു കൊണ്ട് പുറത്തേക്കിറങ്ങി.. " ടാ.. നീയൊന്ന് വന്നേ.. ഒരു കാര്യോണ്ട്. " അതെന്താടാ ഞങ്ങള് കേൾക്കാൻ പാടില്ലാത്തത് വല്ലോമാണോ ? " അങ്ങിനയൊന്നുമല്ല. പക്ഷെ അതിപ്പോ കേട്ടാലൊരു സുഖമുണ്ടാവില്ല. അനിയൻ രാജീവിനെ വിളിച്ചു രഹസ്യമായി പുറത്തേക്ക് വിളിച്ചു. അത് കണ്ട് രാജേന്ദ്രൻ അവനെ കളിയാക്കുന്നുണ്ടായിരുന്നു. " എന്തെടാ. " ഇതിപ്പോ കല്യാണത്തിനെല്ലാം കൂടി എത്ര രൂപ വേണ്ടി വരും ? " ഒരു ലക്ഷത്തോളം രൂപയാകും. എന്തേ ? " അതല്ലേടാ. ദേ കൊല്ലങ്ങളായി കിട്ടുന്നതീന്ന് മിച്ചം പിടിച്ച് വെച്ചതാ. ലക്ഷങ്ങളൊന്നുമുണ്ടാവില്ല. എന്നാലും ഒരു പത്തിരുപതിനായിരത്തീ കുറയാതെ കാണും. കുഞ്ഞുമോൾടെ കൊച്ചിനോരാവിശ്യം വന്നാ എടുക്കാന്ന് കരുതിയിരുന്നതാ. എന്റേലിപ്പോ ഇതേയുള്ളെടാ.. ബാക്കിക്ക് ഞാനൊരു വഴിയുണ്ടാക്കാം. "

എന്ത് വഴിയുണ്ടാക്കും. ഓ നേരത്തെ പറഞ്ഞ കുറെ പലിശക്കാരുണ്ടല്ലോ ല്ലേ. ഒരു ലക്ഷം രൂപ തികച്ച് കൊണ്ട് വന്നിട്ട് കല്യാണം നടത്തിയാ മതി. ഇന്നാ അനിയപ്പൻ മടികുത്തിൽ തിരുകിയ ഒരു പേപ്പർ പൊതിയെടുത്തു രാജീവിന് നീട്ടി. അത് കണ്ട് അയാൾക്ക് ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി. " അങ്ങിനെയല്ലേടാ. എല്ലാം ചെലവും കൂടെ നീയൊറ്റയ്ക്ക്.. " അതിന്.. നീ പറഞ്ഞിട്ടാണോ ഞങ്ങള് ഈ കല്യാണം നടത്താൻ തീരുമാനിച്ചത് ? അപ്പോ അത് നടത്താനും ഞങ്ങൾക്കറിയാം. " നീയെല്ലാം കണ്ടറിഞ്ഞു ചെയ്യോന്നറിയാം. എന്നു കരുതി നിന്നെ മുതലെടുക്കാൻ പാടില്ലല്ലോ " ഇവിടാരേലും നിന്നോടങ്ങിനെ പറഞ്ഞോ ? " പറഞ്ഞിട്ടല്ലേടാ. എനിക്ക് വേണ്ടി നിങ്ങളിങ്ങനെ കിടന്നോടുന്നത് കാണുമ്പോ കാര്യങ്ങൾ ചോദിക്കേണ്ട സാമാന്യ മര്യാദ എന്നൊന്നില്ലെടാ. " ഓ ഈ കാശും കൊണ്ട് നീ മര്യാദ കാണിക്കാൻ വന്നതാ ല്ലേ.. നന്നായി. " എന്നല്ലടാ ഞാൻ പറഞ്ഞത്. " എങ്ങനെയായാലും. ആത്മാർത്ഥ അളന്ന് നോക്കാൻ പാടില്ലെന്ന് നീ കഴിഞ്ഞ ദിവസം പറഞ്ഞതോർമ്മയുണ്ടല്ലോ ?

. " എന്താടാ. രാജീവിന് വല്ലാതെ ദേഷ്യം വന്നു. അവരുടെ സംസാരം കേട്ട് ബോബി ഫോൺ കട്ട് ചെയ്ത് കൊണ്ട് അവിടേയ്ക്ക് വന്നു.. " ഏയ് ഒന്നൂല്ലേടാ.. കല്യാണം നടത്താൻ എന്റലുള്ള കാശ് ഞാനിവന് കൊടുത്തു. ഇവനതിഷ്ടപ്പെട്ടില്ല. അത്രേയുള്ളൂ. " നിനക്ക് വല്ല കാര്യോണ്ടോ അനിയാ. അവന്റെ കയ്യീന്ന് കിട്ടാഞ്ഞത് നന്നായി. " ആ കുഞ്ഞുമോൾടെ കൊച്ചിന് വെച്ചിരുന്ന കാശും കൊണ്ട് കല്യാണം നടത്താൻ വന്നേക്കുന്നു.. പണം കൊണ്ട് പകരം വെക്കാൻ പറ്റാത്ത പല ആത്മബന്ധങ്ങളും കടപ്പാടുകളും ഉണ്ടെന്ന് കൂടി നീ ഓർത്തോ അനിയാ. മനസിലായോ " എടാ എനിക്കൊരു തെറ്റ് പറ്റി നീയത് ക്ഷമിച്ചെക്ക്. ഒന്നിലേലും ഞാനല്ലേടാ. " ങാ നീയായത് കൊണ്ട് തന്നെയാ ഇതും കൊണ്ട് വന്നപ്പോ കുറച്ചു ബുദ്ധിമുട്ട് തോന്നിയത്.

ദേ ഇത് ആ കൊച്ചിന്റെ പേരില് തന്നെ ഇട്ടേക്ക്. കല്യാണത്തിന്റെ ചിലവോർത്ത് നീ ടെന്ഷനടിക്കണ്ട. അത് ഞങ്ങൾക്കു വിട്ടേക്ക്.. കണ്ണ് നിറഞ്ഞ് ഒഴുകിയതല്ലാതെ അനിയപ്പൻ അവരോട് മറുപടിയൊന്നും പറഞ്ഞില്ല.രാജീവും ബോബിയും അവനെ ചേർത്ത് പിടിച്ചു.. ഈ ഭൂമിയിൽ പണം കൊണ്ട് പകരം വെക്കാൻ പറ്റാത്ത പല ആത്മബന്ധങ്ങളും കടപ്പാടുകളും കൂടിയുണ്ട്. അറ നിറയെ പൊൻ പണം കൊയ്ത് നിറയ്ക്കാനുള്ള തത്രപാടിനിടയിൽ പലരുമത് മറന്ന് പോകുന്നു. ആഴത്തിൽ പതിഞ്ഞിറങ്ങുന്ന ഉറപ്പുള്ള തായ്‌വേരുകളുണ്ടെങ്കിൽ മാത്രമേ ഏതൊരു വൃക്ഷത്തിനും ഉറപ്പോടെ ആകാശത്തോളം വളരാൻ കഴിയൂ.. അത് പോലെയാണ് ബന്ധങ്ങളും. ആത്മാർത്ഥത അളന്ന് നോക്കിയാൽ പിന്നെ ബന്ധങ്ങൾ വെറും വിലകെട്ട ബന്ധനങ്ങൾ മാത്രമാണ്........ തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story