ഏഴാം ബഹർ: ഭാഗം 10

ezhambahar

രചന: SHAMSEENA FIROZ

"ആരാ..? " അവൾ പേടിയോടെ ചോദിച്ചു.. "ലൈലു..പേടിക്കണ്ട..ഞാനാ...വാതിൽ തുറക്ക്... " സനുവിന്റെ ശബ്ദം കേട്ടതും അവളുടെ ശ്വാസം നേരെ വീണു..അവൾ കണ്ണ് അമർത്തി തുടച്ചു കൊണ്ട് വാതിൽ തുറന്നു.. "എന്തെടാ ഈ നേരത്ത്...നീ ഉറങ്ങിയില്ലായിരുന്നോ... " "അത് തന്നെയാ എനിക്ക് നിന്നോടും ചോദിക്കാൻ ഉള്ളെ...നേരം ഇത്രേം ആയിട്ടും ഉറങ്ങാത്തതെന്തേ.. " "ഉറങ്ങാൻ കിടന്നതാ...അപ്പോഴാ നീ വന്നു മുട്ടിയേ.." "ഉറങ്ങാൻ കിടന്നതോ..അതോ കരയാനോ... " "ക...കരയാനോ... " അവൾ വേഗം അവനിൽ നിന്നും മുഖം വെട്ടിച്ചു.. "എനിക്കറിയാം ലൈലു നീ ഉറങ്ങി കാണില്ലന്ന്...ആ ചെകുത്താൻ വന്ന ദിവസങ്ങളിലൊക്കെ ഇവിടെ സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ സംഭവ വികാസങ്ങൾ നടക്കാറുണ്ടല്ലോ...അവനീ വീട്ടിൽ ഉള്ള ദിവസങ്ങളിൽ നീ ഉറങ്ങാറില്ലല്ലോ.. എനിക്കറിയാം നിന്റെ ഉള്ളിലെ പേടി...നീ ഇവിടെ ഭയം നിറഞ്ഞു ഉറങ്ങാതെ കിടക്കുമ്പോൾ എനിക്ക് എങ്ങനെയാ ലൈലു ഒറക്കം വരുക...എത്ര നേരം എനിക്കിങ്ങനെ ഉറങ്ങാതെ നിന്റെ റൂമിന് കാവൽ നിൽക്കാൻ കഴിയും...അതാ നിന്റെ ഒപ്പം കിടക്കാന്ന് കരുതി വാതിലിൽ മുട്ടിയെ... "

അവൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു..തന്നെ കുറിച്ചോർത്തു അവന്റെ ഉള്ളം പിടയുകയാണെന്ന് അവൾക്ക് മനസ്സിലായി..അവനെ കൂടുതൽ സങ്കടപ്പെടുത്തണ്ടന്ന് കരുതി അവൾ ഉള്ളിലെ സങ്കടം മറച്ചു വെച്ചു എനർജറ്റിക്കായി അവനെ നോക്കി ചിരിച്ചു... "അപ്പൊ നമ്മളെ ഉറക്കം കളയാൻ വേണ്ടി വന്നതാണല്ലേ..." "ഉറക്കം കളയാനോ...? " അവൻ നെറ്റി ചുളിച്ചു.. "ആാാ...അതേ...ഒന്നാമത്തെ നിന്റെ വായ സഹിക്കാൻ പറ്റുന്നില്ല..ഒന്നിച്ച് കിടന്ന ഏതെങ്കിലും ഒരുദിവസം നീയെന്നെ ഉറക്കിട്ടുണ്ടോ...നോൺ സ്റ്റോപ് ഇല്ലാതെ ഓരോന്നു പറഞ്ഞും ചോദിച്ചോണ്ടും എന്റെ ചെവി തിന്നുകയല്ലേ ചെയ്യാറ്...ചരിത്രം കേൾക്കണം ഇതിഹാസം കേൾക്കണം കഥ പറഞ്ഞു തരണം അങ്ങനെ ആന പിണ്ണാക്ക് വരെ വേണമെന്ന് പറഞ്ഞു വാശി പിടിച്ചു നീയെന്റെ ഉറക്കം കളയുക അല്ലേടാ പോത്തേ ചെയ്യാറ്.. രണ്ടാമത്തെ നിന്റെ കിടത്തം...കയ്യും കാലും ബെഡിൽ അല്ല..എന്റെ നെഞ്ചത്തോട്ടാ കയറ്റുക..

രാവിലെ എണീക്കുമ്പോഴേക്കും ടാങ്കർ ലോറിയുടെ അടിയിൽ പെട്ട അവസ്ഥയാ എനിക്ക്...കഴിഞ്ഞ തവണ കരുതിയത് ശ്വാസം കിട്ടാതെ ചത്തു പോയെന്നാ ഞാൻ... " "നീ പോടീ എപ്പരാച്ചി..ഞാൻ ഇവിടെ കിടക്കുവാ...നിനക്ക് പറ്റുമെങ്കിൽ ഇവിടെ വന്നു കിടക്കാൻ നോക്ക്..അല്ലെങ്കിൽ താഴെ ആ ആസിഫ്ന്റെ അടുത്തോട്ടു ചെല്ല്... " അവൻ മുഖം തിരിച്ചു പോയി ബെഡിൽ കിടന്നു.. "നീ പോടാ അലവലാതി...നീ നിന്റെ കെട്ട്യോളെ വിട്ടാൽ മതി അവന്റെ അടുത്തേക്ക്...അല്ലാണ്ട് എന്നെ വിടാൻ നോക്കണ്ട...കേട്ടോടാ കൊനു മാക്രി... " അവൾ വന്നു ബെഡിൽ ഇരുന്നു.. "ലൈലു..നീ കിടക്കണ്ട..ഞാൻ എഴുന്നേൽക്കുകയാ..ഹൂ..ചൂടെടുത്തിട്ട് മേലാ..അടുപ്പിന്റെ മൂട്ടിൽ കിടക്കുന്ന പോലെയുണ്ട്..നിനക്കേ പറ്റു ഇവിടെ...നിന്നെക്കൊണ്ടെ പറ്റു ഇങ്ങനെ സഹിച്ചു ജീവിക്കാൻ.. നിന്നോട് എത്ര വട്ടമായി ഞാൻ പറയുന്നു താഴെ റൂമിൽ ചെന്നു കിടക്കാൻ..അല്ലങ്കിൽ മേളിൽ തന്നെ ഉണ്ടല്ലോ രണ്ട് മൂന്നെണ്ണം...എന്തിനാ നീയിവിടെ തന്നെ ഒതുങ്ങി കൂടുന്നെ... "

അവന്റെ സ്വരത്തിൽ ദേഷ്യം.. "താഴെ ഏതാ..അത് ആസിഫ് വന്നാൽ യൂസ് ചെയ്യുന്ന റൂം അല്ലേ..അതിലാണൊ ഞാൻ കിടക്കേണ്ടത്.. മോളിൽ ഉള്ള രണ്ട് റൂംസും സാധനങ്ങൾ കയറ്റി ഗോഡ് ഔൺ ആക്കി വെച്ചിട്ടുണ്ട് ഞാൻ യൂസ് ചെയ്യുമോന്ന് പേടിച്ചിട്ട്...പിന്നെ ഉള്ള ഒരു റൂം..അതു ആസിഫ്ന്റെയും നിന്റെ കാക്കുന്റെയും കള്ളും കഞ്ചാവും നിറച്ചു വെച്ചിരിക്കുന്ന റൂം അല്ലേ...അതൊക്കെ മാറ്റിയും ക്ലീൻ ചെയ്തും അവിടെ കിടക്കുന്നതിലും ഭേദം ചൂട് എടുത്തു ചത്താലും സാരുല്ലാന്നു കരുതി ഇവിടെ തന്നെ കിടക്കുന്നതാ... " "നീ വാ...എന്റെ റൂമിൽ കിടക്കാം..ഇന്ന് മാത്രല്ല..ഇനി എന്നും...കിടക്കാം എന്നല്ല...ഇനിമുതൽ അവിടെയെ കിടക്കുള്ളൂ നീ.. " അവൻ റൂമിൽ നിന്നും ഇറങ്ങി..പുതപ്പും തലയിണയും എടുത്തു അവൾ അവന്റെ പിന്നാലെ ചെന്നു.. ഏസിയുടെ തണുപ്പ് ശരീരത്തിനു മാത്രല്ല..മനസ്സിനും കുളിർമ നൽകുന്നതായി തോന്നി അവൾക്ക്..ഒരുപക്ഷെ ഏസിയുടെ തണുപ്പ് ആയിരിക്കില്ല..

അവന്റെ സ്നേഹവും സംരക്ഷണവും ആയിരിക്കും ഈ കുളിർമയ്ക്ക് കാരണം.. അവൾ ചെന്നു ബെഡിൽ ഇരിക്കേണ്ട താമസം അവൻ അവളുടെ മടിയിൽ തലവെച്ചു കിടന്നു..അവളൊന്നു ചിരിച്ചോണ്ട് സ്നേഹ പൂർവ്വം അവന്റെ മുടിയിഴകളിൽ വിരൽ ഓടിക്കാൻ തുടങ്ങി.. "ലൈലു...പഴയതൊക്കെ ഓർത്തിട്ടല്ലേ നീ കരഞ്ഞത്... " അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കോണ്ട് ചോദിച്ചു.. "ഞാൻ കരഞ്ഞിട്ട് ഒന്നുമില്ല..അഥവാ ഉണ്ടെങ്കിൽ തന്നെ വേറെന്തെങ്കിലുമൊക്കെ ഓർത്തിട്ടാ...വാപ്പാനെയും ഉമ്മാനെയും ഓർമ വന്നു... " "നുണ പറയണ്ട ലൈലു..ഞാൻ കണ്ടു നിന്റെ ബെഡിൽ റമിയുടെ ഫോട്ടോ...നനഞ്ഞു കുതിർന്നിട്ടുണ്ട്...ഒരുപാട് കരഞ്ഞുല്ലേ നീ... " "ഇല്ല മുത്തേ...കരഞ്ഞിട്ട് എന്തിനാ ഇനി...പടച്ചോന്റെ കിതാബിൽ എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കും..എത്ര കൊതിച്ചിട്ടും കാര്യല്ല ടാ...നമുക്ക് വിധിച്ച ചിലതുണ്ട്..അത് മാത്രമേ നമുക്ക് ലഭിക്കുള്ളൂ..." "മറന്നൂടെ നിനക്ക്...കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമായി കണ്ടു മറന്നു കളഞ്ഞൂടെ നിനക്ക്..നീ തന്നെ പറയുന്നു കരഞ്ഞിട്ട് കാര്യമില്ലന്ന്...ഓർക്കാതെ നിന്നൂടെ..അതിന് വേണ്ടി ശ്രമിച്ചൂടെ.. "

"അതിന് മറന്നിട്ടു വേണ്ടേടാ ഓർക്കാൻ...പറ്റില്ല..കഴിയുന്നില്ല മറക്കാൻ..ഒരുപാട് സ്നേഹിച്ചു പോയി..അവനുമൊത്തൊരു ജീവിതം കൊതിച്ചു പോയി..ഒരുപക്ഷെ എന്റെ വാപ്പാനെക്കാളും കൂടുതലായി ഞാൻ അവനെ സ്നേഹിച്ചു പോയിട്ട് ഉണ്ടാകും...ആരാ ടാ അവനെ സ്നേഹിച്ചു പോകാതെ...ഒരുപക്ഷെ അവനെന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്റെ വാപ്പാന്റെ രാജകുമാരിയായിരുന്നതു പോലെ ഇപ്പോ അവന്റെ രാഞ്ജിയായി കഴിയുന്നുണ്ടാകുമായിരുന്നു..." നിറഞ്ഞു വരുന്ന കണ്ണുകളെ പെട്ടെന്ന് തന്നെ തുടച്ചു നീക്കിക്കൊണ്ട് അവളൊരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി..അവനു മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ നെഞ്ചിന്റെ പിടപ്പ്.. "പക്ഷെ ലൈലു...ഇത്രേം നാളുകൾ ആയിട്ടും നിനക്കെന്തേ അവനെ മറക്കാനോ പുതിയൊരു ജീവിതം ആഗ്രഹിക്കാനോ കഴിയുന്നില്ല...കേവലം രണ്ട് മിനുട്ട് കാണാതെ വരുമ്പോൾ മറന്നും അകന്നും പോകുന്നതാണല്ലോ മനുഷ്യ ബന്ധങ്ങൾ...

പ്രത്യേകിച്ച് നിന്റെ ജീവിതത്തിലേക്ക് ഇന്നലെ കടന്നു വന്നൊരുത്തൻ.. " "ഞാൻ മരിച്ചെന്നു കരുതുക..അല്ലങ്കിൽ വേണ്ടാ...നിന്നിൽ നിന്നും ഒരുപാട് അകലങ്ങളിലേക്ക് പോയെന്ന് കരുതുക...അപ്പോൾ നീയെന്നെ മറന്നു കളയുമോ..എനിക്ക് പകരം നിന്റെ ജീവിതത്തിലേക്ക് നിന്റെ ലൈലുവായി നീ മറ്റൊരാളെ സ്വീകരിക്കുമോ... " "ഇല്ല.. " അവന്റെ ശബ്ദം കുറഞ്ഞു..മുഖം ഇരുണ്ടു.. "നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല..ചില ബന്ധങ്ങൾ അങ്ങനെയാണെന്ന് മനസ്സിലാക്കി തന്നതാ...പിന്നെ സനുക്കുട്ടാ...അത്ര എളുപ്പം ഞാൻ നിന്നെ വിട്ടു പോകുമെന്ന് കരുതണ്ട നീ...അങ്ങനെയിപ്പോ നിന്നെ ഒറ്റക്ക് സുഖിക്കാൻ വിട്ടു ഞാൻ എവിടേക്കും പോകില്ല..അഥവാ പോകുന്നുണ്ടെങ്കിൽ തന്നെ അത് നിന്നെയും കൊണ്ടേ പോകൂ മോനെ... " അവൾ അവന്റെ രണ്ട് കവിളും പിച്ചി വലിച്ചു കൊണ്ട് പറഞ്ഞു..അവന്റെ മുഖം തെളിഞ്ഞു..ഈ കഷ്ടപ്പാടു സഹിക്കാൻ പറ്റാതെ,,മനസ്സിന്റെ നോവ് സഹിക്കാൻ പറ്റാതെ അവൾ തന്നെ തനിച്ചാക്കി ഇവിടം വിട്ടു ദൂരെക്ക് എവിടേക്ക് എങ്കിലും പോകുമോന്നുള്ള പേടി ഉണ്ടായിരുന്നു അവന്... "എന്താടാ ആലോചിക്കുന്നേ " "ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ.. "

അവൻ ഗൗരവത്തോടെ ചോദിച്ചു.. "ആദ്യം നീ ചോദിക്ക്...എന്നിട്ട് തീരുമാനിക്കാം സത്യം പറയണോ വേണ്ടയോന്ന്.. " അവൾ ഇരുന്നു ചിരിക്കാൻ തുടങ്ങി.. "ചിരിക്കണ്ട നീ...സത്യം പറഞ്ഞോണം...നിന്നെ കൂടാതെ വേറെ ആരായിരുന്നു ഇന്നലെ രാത്രി നിന്റെ റൂമിൽ..." എന്ന് അവൻ സംശയത്തോടെ ചോദിച്ചതും അവൾ ഞെട്ടി തരിച്ചു പോയി.. യാ..അള്ളാഹ്..അപ്പൊ അമനെ ഇവൻ കണ്ടിരുന്നോ...അവളുടെ നെഞ്ചത്തൂടെ ഒരു മിന്നൽ പിണർപ്പ് കടന്നു പോയി.. "ലൈലു..ഞാൻ ചോദിച്ചത് കേട്ടില്ലേ നീ..." "ആ...ആര്...ഞാൻ അല്ലാതെ വേറെ ആരാ എന്റെ റൂമിൽ..അതും രാത്രിയിൽ...? " "എന്നോട് നുണ പറയാനും തുടങ്ങിയോ നീ...ഒരു കാര്യങ്ങളും എന്നോട് മറച്ചു വെക്കാറില്ലന്ന് പറഞ്ഞിട്ട്...? തലയ്ക്കു അടിയേറ്റതു പോലെയുള്ള നിന്റെ ഈ ഇരുത്തവും മറുപടി പറയാനുള്ള താമസവും കാണുമ്പോൾ തന്നെ ഞാൻ ചോദിച്ചത് സത്യമാണെന്ന് എനിക്ക് മനസ്സിലായി.. പറ..ആരാ വന്നേ നിന്റെ റൂമിലേക്ക്‌..? "

"നീയെന്തായിപ്പോ ഇങ്ങനെ ചോദിക്കാൻ...? " "ഒന്നും ഇല്ലാതെ ഞാൻ ചോദിക്കില്ലന്ന് നിനക്കറിയാമല്ലോ...ഇത്രേം നാളും ഞാൻ ഇങ്ങനൊന്നു ചോദിച്ചിട്ടില്ലല്ലോ നിന്നോട്.. ഇതിന്നലെ കണ്ടതോണ്ടാ ഞാനിപ്പോ ചോദിച്ചെ... ഞാൻ കിടന്നിരുന്നു..ബാത്‌റൂമിൽ പോകാൻ വേണ്ടി എണീറ്റപ്പോഴാ താഴെ നിന്നും എന്തോ ഒരു ശബ്ദം കേട്ടെ...അപ്പൊത്തന്നെ ജനൽ തുറന്നു നോക്കി...ഒരുത്തൻ മതില് ചാടുന്നതാ കണ്ടത്..മരത്തിൽ പിടിച്ചു മോളിലേക്ക് വലിഞ്ഞു കയറുന്നത് കണ്ടു..ബാൽക്കണി സൈഡിൽ നിന്റെ റൂം അല്ലേ..അപ്പൊ ആ വന്നത് ആസിഫ് ആയിരിക്കുമെന്ന് കരുതി..നിന്നെ ഓർത്തിട്ടു എന്റെ നല്ല ജീവൻ അങ്ങ് പോയി..പിന്നെ എനിക്ക് ഉറക്കം വരുമോ..കിടക്കാൻ പറ്റുമോ...വാതിൽ തുറന്നു നിന്റെ റൂമിന്റെ പുറത്ത് വന്നു നിന്നു.. എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടത് അല്ലാതെ വല്യ ഒച്ചപ്പാടും ബഹളവുമൊന്നും കേട്ടില്ല..അപ്പോ തോന്നി വന്നത് ആസിഫ് ആയിരിക്കില്ലന്ന്..അവൻ ആയിരുന്നെങ്കിൽ ഒരുവട്ടമെങ്കിലും നിന്റെ അലർച്ച ഈ വീട് മൊത്തം കേൾക്കാൻ പാകത്തിന് ഉയർന്നേനെ...

എന്നിട്ടും അകത്തെ സംസാരം കേൾക്കാൻ വേണ്ടി ഞാൻ അവിടെ തന്നെ നിന്നു..നിന്റെയും ഒരാണിന്റെയും ശബ്ദം ഇടവിട്ടു കേട്ടുന്നല്ലാതെ എന്താ സംസാരിച്ചേന്നൊന്നും എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല.. പിന്നെ ഡോർ അടയുന്ന പോലെയുള്ള ഒരു ശബ്ദം കേട്ടതും ഞാൻ വേഗം എന്റെ റൂമിലേക്ക്‌ ചെന്നു താഴേക്ക് നോക്കി..കുറച്ചു നേരം കഴിയുമ്പോൾ കയറിയ പോലെത്തന്നെ അവൻ മരം ഇറങ്ങുന്നതാ കണ്ടത്...ആസിഫ് അല്ലാന്നു അന്നേരം ഉറപ്പിച്ചു..കാരണം ഈ വീടിന്റെ മതിൽ ചാടി ആ മരം കയറി നിന്റെ റൂമിലേക്ക്‌ എത്താൻ സാധാരണക്കാരനൊന്നും കഴിയില്ല...ആസിഫ് ഇതുവരെ ആ വഴി തിരഞ്ഞു എടുക്കാത്തതും അത് കൊണ്ടാ..അവന്റെ ഓഞ്ഞ ബോഡിയൊന്നും തികയില്ല ഈ സാഹസത്തിന്..ഇന്നലെ വന്നവന്റെ ബോഡി സ്ട്രോങ്ങ്‌ ആണ്..അത് ഞാനാ ഇരുട്ടിലും കണ്ടതാ ഉറച്ചു നിൽക്കുന്ന മസിലുകൾ... ഞാൻ എങ്ങനെ അറിഞ്ഞെന്നുള്ള നിന്റെ സംശയം ഞാൻ തീർത്തു തന്നു...അതുപോലെ എന്റെ ചോദ്യത്തിനുള്ള ഉത്തരം നീയും നൽകണം എനിക്ക്...ഇനി പറ ആരാ അവൻ...എന്തിനാ വന്നേ..നിന്റെ ശത്രുവോ മിത്രമോ..അത് മാത്രം അറിഞ്ഞാൽ മതി എനിക്ക്... "

എന്ന് ചോദിച്ചു തീരുമ്പോഴും അവന്റെ മുഖത്ത് ഗൗരവം മാത്രം..അവളൊരു ദീർഘ ശ്വാസത്തോടെ അവനെ നോക്കി..റമിയുമായി എനിക്ക് ഉണ്ടായ ബന്ധവും പ്രണയവും പോലും ഞാൻ ഇവനോട് പറഞ്ഞിരുന്നു...പിന്നെന്തിനാ ഇത് മറച്ചു വെക്കുന്നേ..മറച്ചു വെക്കാൻ ആ തെമ്മാടി എന്റെ രഹസ്യ കാമുകനൊന്നുമല്ലല്ലോ...എന്റെ ഏറ്റവും വല്യ ശത്രുവല്ലേ.. അവൾ എല്ലാ കാര്യവും സനുവിനോട് പറഞ്ഞു.. കോളേജിൽ അഡ്മിഷൻ എടുത്തു രണ്ടാം നാളിൽ ആദ്യമായി അവനെ കണ്ടതും ആദ്യ കൂടി കാഴ്ച തന്നെ ഒരുഗ്രൻ ഉടക്കൽ ആയിരുന്നെന്നും അന്ന് മുതൽ അവൻ ഓരോ തോന്നിവാസങ്ങൾ കാണിച്ചോണ്ട് തന്റെ പുറകെ ആണെന്നും ഇന്നു തന്റെയും മുന്നയുടെയും ഏറ്റവും വല്യ ശത്രു അവൻ ആണെന്നും അവനെ തോല്പിക്കാൻ വേണ്ടി മുന്നയെ മത്സരത്തിലേക്ക് ഇറക്കിയതും എന്നു വേണ്ട അവനെ കണ്ടു മുട്ടിയ അന്ന് തൊട്ടു ഇന്നലെ രാത്രി റൂമിലേക്ക് വന്നതു വരെയുള്ള എല്ലാം കാര്യങ്ങളും ഒരു കുത്തും കോമയും വിടാതെ അവൾ സനുവിനു പറഞ്ഞു കൊടുത്തു...അതിന്റെ ബാക്കിയായി ഇന്ന് കോളേജിൽ നടന്ന കാര്യങ്ങളും കൂട്ടി ചേർത്തു.. ഒരു കഥ കേൾക്കുന്ന പ്രതീതിയോടെ സനു എല്ലാം കേട്ടു കിടന്നു..

ഓരോ സീൻ പറയുമ്പോഴും അവളുടെ മുഖത്ത് ഉണ്ടായ എക്സ്പ്രഷൻ അവൻ ശ്രദ്ധിച്ചിരുന്നു..താജ് അവളെ എന്ത് മാത്രം ശല്യം ചെയ്യുന്നുണ്ടെന്നും അതുകാരണം അവൾക്ക് താജ്നോട് എത്രത്തോളം ദേഷ്യം ഉണ്ടെന്നും താജ്നെ പറയുമ്പോഴുള്ള അവളുടെ പല്ല് ഞെരിക്കുകയും മുഖം ചുവക്കുകയുമൊക്കെ ചെയ്യുന്ന അവളുടെ ഓരോ മാറ്റങ്ങളിൽ നിന്നും സനുവിനു മനസ്സിലായി.. എല്ലാം പറഞ്ഞു തീർന്നപ്പോഴേക്കും ഒരു യുദ്ധം കഴിഞ്ഞ തോന്നൽ ആയിരുന്നു അവൾക്ക്..അവളൊന്നു ശ്വാസം വലിച്ചു വിട്ടു മൈൻഡ് റിലീഫ് ചെയ്തു...അതുവരെ അവളെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ട് അവളുടെ മടിയിൽ തലവെച്ചു കിടന്നിരുന്ന അവൻ അവളുടെ കളി കണ്ടു എഴുന്നേറ്റു ഇരുന്നു പൊട്ടി ചിരിക്കാൻ തുടങ്ങി..അവൾക്ക് കാര്യം മനസ്സിലായില്ല..അവൾ അവനെ നോക്കി നെറ്റി ചുളിച്ചു..അവന്റെ ചിരി കൂടിയത് അല്ലാതെ കുറഞ്ഞില്ല..അവൻ ബെഡിൽ ഇരുന്നും കിടന്നും തലങ്ങും വിലങ്ങും ചിരിച്ചു മറിയാൻ തുടങ്ങി.. "പിശാശ്ശെ...എന്റെ മുഖത്തെന്താ pogo ചാനൽ ഓടുന്നുണ്ടോ ഇങ്ങനെ കിടന്നു കിണിക്കാൻ...നിർത്തടാ അണ്ണാച്ചി ഭൂതമെ...ഇപ്പൊ ഇവിടെ എന്ത് ഉണ്ട കണ്ടിട്ടാ നീയിങ്ങനെ ചിരിക്കുന്നേ... "

"കണ്ടിട്ടല്ലാ ലൈലു..കേട്ടിട്ട്...അള്ളോഹ്...എനിക്കിനി ചിരിക്കാൻ വയ്യായെ..." എന്നും പറഞ്ഞോണ്ട് അവൻ വയറും അമർത്തി പിടിച്ചു അവളെ നോക്കി വീണ്ടും ചിരിക്കാൻ തുടങ്ങി. "ടാ...അനിയൻ ആണെന്നൊന്നും നോക്കില്ല..തൂക്കി എടുത്തു കൊണ്ട് പോയി പൊട്ട കിണറ്റിൽ താഴ്ത്തും...അത് വേണ്ടങ്കിൽ മര്യാദക്ക് നീ നിന്റെയീ ചിരി നിർത്തിക്കൊ...അതാ നിനക്ക് നല്ലത്...എന്നിട്ട് പറഞ്ഞു തുലയ്ക്കടാ...ഇവിടെ ഇപ്പൊ അതിനും മാത്രം എന്താ നീ കേട്ടതെന്ന്..പൊന്നു മോൻ ഒന്നു വായ തുറന്നു പറാ...എന്നാൽ ഞാനും കൂടെ ഒന്നു ചിരിച്ചേനെ... " "എന്റെ ലൈലു...എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...വാശിയുടെയും ധൈര്യത്തിന്റെയും കാര്യത്തിൽ നിന്നെ തോല്പിക്കാൻ മറ്റൊരാളൊ...അതും നിന്നോട് ഇഞ്ചിനിഞ്ചു പോരാടി എപ്പോഴും നിന്നെ തോല്പിക്കുന്ന ഒരുത്തൻ...ഒരാണ്...വെറും ആണല്ല..തന്റേടം ഉള്ളവൻ...നീയെന്ന ചീറ്റ പുലിയെ മെരുക്കി എടുക്കാൻ ഒരു പുരുഷാവതാരം ജന്മം എടുത്തിട്ടുണ്ടെന്നോ...unbelievable..."

അവനൊരു വിധം ചിരി അടക്കി നിർത്തിക്കൊണ്ട് പറഞ്ഞു..അവൻ തന്നെ കളിയാക്കുന്നത് പോലെ തോന്നി അവൾക്ക്..ഒപ്പം താജ്നെ പൊക്കി പറഞ്ഞതു കൊണ്ട് ദേഷ്യം വരുകയും ചെയ്തു.. "ചക്ക വെട്ടിട്ടതു പോലെ കിടക്കാതെ ഒന്നു മാറടാ അവിടെന്ന്...നിനക്ക് മാത്രം കിടന്നാൽ പോരാ..എനിക്കും കിടക്കണം..മാറി പോ അവിടെന്ന്... " അവൾ മുഖം വീർപ്പിച്ചു വെച്ചു അവനെ പിടിച്ചു തള്ളി മാറ്റി കിടക്കാൻ നോക്കി.. "നീ മുഖം വീർപ്പിച്ചിട്ടൊന്നും കാര്യല്ല മോളെ..സത്യം തന്നെയല്ലേ ഞാൻ പറഞ്ഞത്..അവൻ ഉശിരുള്ളവനാ..നിന്നെ അടക്കി നിർത്താൻ തന്റേടം ഉള്ളവനാ...ഒന്നും നോക്കണ്ട..തോറ്റു കൊടുത്തേരെ..ഓക്കേ പറഞ്ഞേക്ക് ലൈലു അവനോട്..." അവളുടെ ദേഷ്യം കൂടാൻ വേണ്ടി അവൻ വീണ്ടും പറഞ്ഞു ചിരിക്കാൻ തുടങ്ങി.. "തന്റേടമെന്നല്ലാ അവന്റെ പ്രവർത്തികളെ പറയുക..തെമ്മാടിത്തരമെന്നാ...ആരെയും പേടിയില്ലാത്തതിന്റെയാ...തോറ്റു കൊടുക്കാനോ...അവന്റെ മുന്നിൽ..അതും ഞാൻ.

.നിനക്ക് തോന്നുന്നുണ്ടോ അവന്റെ മുന്നിൽ ഞാനൊരു തോൽവി സമ്മതിക്കുമെന്ന്..ഞാൻ ഇപ്പൊ ഇത്രേം കാര്യങ്ങൾ പറഞ്ഞില്ലേ..അതൊക്കെ വെച്ചു നോക്കി നീ തന്നെ പറാ..ആ തെമ്മാടിയുടെ മുന്നിൽ ആണോ നിന്റെ ഈ ലൈലു തല കുനിക്കേണ്ടത്...അവന്റെ പ്രണയത്തിലാണോ ഞാൻ മൂക്കും കുത്തി വീഴണ്ടത്..ഈ ജന്മത്തിൽ ഞാൻ അവനോടു ഓക്കേ പറയുമെന്ന് നീ കരുതണ്ട..അവനോടു എന്നല്ല..ആരോടും.." അവൻ പറഞ്ഞത് കളിയായിട്ട് ആണെങ്കിലും അവൾക്ക് അതെവിടെയൊക്കെയോ കൊണ്ടിരുന്നു..ഉള്ളിലെ ഫീലിംഗ്സ് അവൾ അറിയാതെ ഉണർന്നു കഴിഞ്ഞിരുന്നു.. "ലൈലു...കൂൾ...ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാ..എനിക്ക് അറിഞ്ഞൂടെ നിന്നെ..ലീവ് ഇറ്റ്... " അവളുടെ മാറ്റം കണ്ടു അവൻ അവളുടെ കവിളിൽ തട്ടി ചെറു സ്വരത്തിൽ പറഞ്ഞു.. പെട്ടെന്നാണ് അവൾ അവനെ കെട്ടിപ്പിടിച്ചത്... "എന്നോട് പറയല്ലേ ടാ...എന്റെ റമിയെ മറന്നു മറ്റൊരാളെ സ്നേഹിക്കാനോ സ്വീകരിക്കാനോ എനിക്ക് കഴിയില്ല ടാ..

.ഈ ജന്മത്തിൽ എനിക്കതിനു കഴിയില്ല സനു..അത് മാത്രം പറയല്ലേ ടാ എന്നോട്...പ്ലീസ്..നിന്റെ ലൈലു സന്തോഷവതിയാണ്..എപ്പോഴാണെന്ന് അറിയോ..അവന്റെ ഓർമ്മകളിൽ ജീവിക്കുമ്പോൾ മാത്രം... " അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി അവന്റെ ചുമൽ നനച്ചു കൊണ്ടിരുന്നു..അവന്റെ കണ്ണുകളും നിറയാൻ തുടങ്ങി.. "റമിയെ മറക്കാൻ നിനക്ക് ആവില്ലന്ന് എനിക്കറിയാം...അവനെ മറന്നൊരു ജീവിതം നിനക്കില്ലന്നും.. എന്നിട്ടും നീയൊരു പുരുഷനെ നിന്റെ ജീവിതത്തിലേക്ക് കൊണ്ട് വരണമെന്നും എല്ലാം മറന്നു നീയൊരു ജീവിതം തുടങ്ങണമെന്നും ഞാൻ പറയുന്നത് നിനക്ക് വേണ്ടിയാ...അങ്ങനെയെങ്കിലും നിന്റെ വേദനകൾക്ക് ഒരു കുറവ് ഉണ്ടാകട്ടെന്ന് കരുതിയാ..നിനക്ക് താങ്ങായും തണലായും ഒരാൾ എപ്പോഴും നിന്റെ ഒന്നിച്ച് ഉണ്ടാവുമല്ലോന്ന് കരുതി..ഇപ്പോൾ തന്നെ നിനക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ ആയിരിക്കുന്നു..എത്ര നാൾ നീയിവിടെ ഇങ്ങനെ..ഈ ദുഷ്ടൻമാരെ പേടിച്ച് ഊണും ഉറക്കവുമില്ലാതെ എത്ര നാൾ നിനക്ക് ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റും ലൈലു.. ഇപ്പോൾ അമൻ എന്നൊരുത്തനെക്കുറിച്ച് പറഞ്ഞല്ലോ നീ.

. നീ പറയുന്ന ഓരോ വാക്കിലും നോക്കിലും ഞാൻ ശ്രദ്ധിച്ചതു പരസ്പരമുള്ള നിങ്ങളുടെ ശത്രുതയല്ല..മറിച്ചു തെമ്മാടിത്തരമെന്ന പേരിൽ നീ പറഞ്ഞ അവന്റെ ചെയ്തികളാണ്...നിന്നെക്കാൾ വീറുള്ളവൻ..അവനോടു ഓക്കേ പറഞ്ഞേക്കെന്ന് പറഞ്ഞത് കളിയായിട്ട് ആണെങ്കിലും ഉള്ളിൽ എവിടെയോ ഞാനത് ആഗ്രഹിക്കുന്നു ലൈലു..കാരണം അവനെ പോലെ ഒരുത്തനു മാത്രമേ നിന്നെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ..അവനെ പോലെയല്ല..അവനു മാത്രം...അവനു മാത്രമേ തളരുന്ന നേരങ്ങളിൽ നിന്നെ ഉയർത്തു എഴുന്നേൽപ്പിക്കാനും വീഴാതെ നിന്നെ മുന്നോട്ട് നടത്തിപ്പിക്കാനും കഴിയുകയുള്ളൂ.. നീ പറഞ്ഞതൊക്കെ വെച്ചു നോക്കുമ്പോൾ എനിക്ക് തോന്നുന്നു അവൻ നിനക്കായ്‌..നിന്റെ രക്ഷകനായി പിറവി എടുത്തവനാണെന്ന്..നിന്റെ വേദനകൾ തീർക്കാൻ പടച്ചോൻ അറിഞ്ഞു കൊണ്ട് നിന്റെ മുന്നിലേക്ക് എത്തിച്ചു തന്നതാണ് അവനെയെന്ന്... നീ അവന്റെ മുന്നിൽ തല കുനിക്കണമെന്ന് ഞാൻ പറയില്ല..തോറ്റു കൊടുക്കണമെന്നും പറയില്ല..അവന്റെ മുന്നിൽ അല്ല..ആരുടെ മുന്നിലും നീ അടി പതറരുത്..എന്റെ ലൈലു ആരുടെ മുന്നിലും തോറ്റു പോകരുത്..

പക്ഷെ എല്ലായ്‌പ്പോഴും നീ സുരക്ഷിതയായിരിക്കണം..സന്തോഷവതിയായിരിക്കണം..അതാ എനിക്ക് വേണ്ടത്..ഞാൻ ആഗ്രഹിക്കുന്നതും അതാ ലൈലു..." പക്വത എത്തിയ ഒരാളെപ്പോലെ അവൻ ഉപദേശമായും വേവലാതിയായുമൊക്കെ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..അവൻ പറയുന്നതൊക്കെ അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു..തന്നെ ഓർത്ത് അവൻ എത്രമാത്രം ടെൻസഡ് ആണെന്നും അറിയുന്നുണ്ടായിരുന്നു...അവനൊന്നു സമാധാനിച്ചോട്ടെന്ന് കരുതി അവളെല്ലാത്തിനും കൂടിയൊന്നു മൂളി കൊടുത്തു.. "കിടക്കാം..വെട്ടം കണ്ടാൽ ഉമ്മ കയറി വരും..നിന്നെ ഇവിടെ കണ്ടാൽ പിന്നെ അതുമതി..." അവൻ അവളെ അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു..അവൾ കണ്ണുകൾ തുടച്ചു മറു വശത്തേക്ക് ചെരിഞ്ഞു കിടന്നു..അവൻ അവൾക്ക് പുതപ്പ് ഇട്ട് കൊടുത്തു..ശേഷം ലൈറ്റ് ഓഫ് ചെയ്തു അവളെ പറ്റി ചേർന്നു കിടന്നു..അവൾ അപ്പൊത്തന്നെ തിരിഞ്ഞു അവനെ ചേർത്ത് പിടിച്ചു.. ** രാക്ഷസി..അണ്ണാച്ചി..മൂരാച്ചി..താടക..ജാഡ തെണ്ടീ.. ഒന്നു കണ്ണടയ്ക്കാൻ കൂടി സമ്മതിക്കുന്നില്ലല്ലോ ദുഷ്ടേ നീയെന്നെ..അപ്പോഴേക്കും വരും രണ്ടുണ്ട കണ്ണും മിഴിച്ചു സ്വപ്നത്തിലേക്ക്..പുല്ല്..

മുന്നിൽ ഉണ്ടാകുമ്പോഴോ നീ കാരണം എനിക്ക് സമാധാനമില്ല..ഇപ്പൊ ഉറക്കത്തിലും വന്നേക്കുന്നു..മനുഷ്യൻമാരുടെ ബാക്കിയുള്ള സമാധാനം കൂടി ഊറ്റി എടുക്കാൻ.. ഒരുറക്കം കഴിഞ്ഞു കണ്ണും തിരുമ്മി എഴുന്നേറ്റു ഇരുന്നു അവൻ അവളെ പ്രാകി കൊല്ലാൻ തുടങ്ങി..സ്വപ്നത്തിൽ അവൾ വന്നതാണ് പ്രശ്നം.. എങ്ങനെയൊക്കെയോ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടാണ് ഒന്നു നിദ്ര ദേവി കടാക്ഷിച്ചത്..അപ്പോഴേക്കും എവിടുന്ന് എഴുന്നള്ളുന്നു എന്തോ ഇവളൊക്കെ...പറഞ്ഞിട്ട് കാര്യല്ല..യക്ഷികളൊക്കെ രാത്രി ആണല്ലോ വരാറ്.. അവൻ സൈഡിൽ കിടക്കുന്ന ലാപ്ടോപ് എടുത്തു തുറന്നു വെച്ചു..അതിൽ വോൾപേപ്പറായി സെറ്റ് ചെയ്തിരിക്കുന്ന അവളുടെ ഫോട്ടോയിലേക്ക് നോക്കി ചെരിഞ്ഞു കിടന്നു.. ഇന്നും കാണാൻ തോന്നുന്നു..ഇന്ന് മാത്രല്ല..എന്നും..എപ്പോഴും കാണാൻ തോന്നുന്നു..ഫോട്ടോയിൽ അല്ല..നേരിൽ..എന്റെ കൈ എത്തും അകലത്തിൽ നിന്നും നിന്നെ കാണാൻ തോന്നുന്നു..നോക്കി ഇരിക്കാൻ തോന്നുന്നു..എന്നിട്ട് നിന്റെ വായിൽ ഉള്ളതൊക്കെ വാങ്ങിച്ചു കൂട്ടാൻ തോന്നുന്നു.. പോയാലോ..ഡാഡിയുണ്ട് ഇന്ന്..ഫ്രന്റ് ഡോർ തുറന്നു പുറത്തു കടക്കുന്നതു ഇത്തിരി റിസ്ക് ആണ്..

ബാൽക്കണി വഴി താഴേക്ക് ഇറങ്ങിയാലോ... അല്ലെങ്കിൽ വേണ്ടാ..ഇന്നലെത്തന്നെ അവളൊന്നു പേടിച്ചതാ..ആരെങ്കിലുമൊക്കെ കണ്ടാൽ എനിക്ക് കിട്ടുന്നത് നാല് അടി ഇടി തൊഴി.. പക്ഷെ അവൾക്കോ.. അവളിന്ന് പറഞ്ഞത് പോലെ ഏതൊരു പെണ്ണിനും ഏറ്റവും വലുതായുള്ള സ്വത്ത്..അഭിമാനം..അതായിരിക്കും അവൾക്ക് നഷ്ടപ്പെടുക..സോ മതില് ചാടുന്ന പരിപാടി വേണ്ടാ..അവളുടെ അഭിമാനത്തിൽ തൊട്ടു കളിക്കണ്ട..അത് ആണത്തം ഉള്ളവന് ചേർന്നതല്ലാ...വേദനിപ്പിക്കാം..കരയിപ്പിക്കാം..നാണം കെടുത്താo.. പക്ഷെ അതെന്റെ മുന്നിൽ മാത്രം... മറ്റൊരാളുടെ മുന്നിലും അവൾ തല കുനിക്കരുത്..അഭിമാനം നഷ്ടപ്പെട്ടു വേദനപേറി കണ്ണ് നിറച്ചു ദുർബലയായി നിൽക്കുന്ന ഒരു പെണ്ണ് ആകരുത്.. അത് കൊണ്ട് മാത്രമാ മോളെ ഞാൻ നിന്റെ ഉറക്കം കാണാൻ വരാത്തത്..അല്ലങ്കിൽ ഇപ്പം അങ്ങ് എത്തിയേനെ..നിന്നെ പേടിപ്പിച്ചു ഒരു വകയാക്കി തന്നേനെ... അവൻ അവളുടെ ഫോട്ടോയിലേക്ക് നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു..അപ്പോഴാണ് അവനു എബി പറഞ്ഞ കാര്യങ്ങളൊക്കെ ഓർമയിൽ വന്നത്.. ഫീലിംഗ്സ്... എന്ത് ഫീലിംഗ്സാ എനിക്ക് ഇവളോട് ഉള്ളത്..

.എബി പറഞ്ഞത് പോലെ അടുത്ത് കാണുമ്പോൾ കെട്ടി പിടിക്കാൻ തോന്നാറില്ല..പകരം കാരണം ഉണ്ടാക്കി ചൊറിയാനും ഉടക്കാനും തോന്നാറുണ്ട്...അടുത്ത് കിട്ടുമ്പോൾ വെളുത്തുരുണ്ട അവളുടെ കവിളുകൾ ചുവപ്പിക്കാൻ തോന്നാറുണ്ട്..അത് പക്ഷെ ഉമ്മ വെച്ചിട്ടല്ല..പകരം നല്ല ശക്തിയിൽ തന്നെ രണ്ടെണ്ണം ആ കവിളത്തേക്ക് പൊട്ടിച്ചിട്ടാണ്..പിന്നെ കടിച്ചാൽ പൊട്ടാത്ത ഡയലോഗ് പറഞ്ഞു എന്നെ വെള്ളം കുടിപ്പിക്കാൻ നോക്കുമ്പോൾ കഴുത്തിനു കുത്തി പിടിക്കാൻ തോന്നാറുണ്ട്...ഇതൊക്കെ അല്ലാതെ വേറെന്താ അവളുടെ പരട്ട മുഖം കണ്ടാൽ എനിക്ക് തോന്നാറുള്ളത്... ഇതാണോ അവൻ പറഞ്ഞ ഫീലിംഗ്സ്..ആയിരിക്കും..അല്ലാതെ വേറെന്താ.. പക്ഷെ ഈ കാണാൻ തോന്നുന്നതോ..ഇനി ഇതായിരിക്കോ അവൻ പറഞ്ഞത്..കണ്ടിട്ട് ഇപ്പൊ എന്തിനാ..അവളുടെ വായിൽ ഇരിക്കുന്നത് മുഴുവനും കേൾക്കാൻ അല്ലേ..അപ്പൊ ഇതും അല്ല.. സത്യത്തിൽ അവൻ പറഞ്ഞത് പോലെയുള്ള ഒരു ഫീലിംഗ്സും എനിക്ക് അവളോട്‌ ഇല്ല..അതുപോലെ തന്നെ അവൾക്ക് എന്നോടും..ഞാൻ അടുത്ത് ചെല്ലുമ്പോൾ പേടിയും വിറയും വരുന്നത് പോയിട്ട് അവളൊന്നു നിന്നിടത്ത് നിന്നും അനങ്ങാറ് പോലുമില്ല.. അപ്പൊ എനിക്ക് അവളോടുള്ള പ്രണയം എന്താ..വെറും വാശി മാത്രമാണോ.. അതേ..വാശി തന്നെ..സ്വന്തമാക്കണമെന്നുള്ള വാശി..ആ സിങ്കക്കുട്ടിയെ മെരുക്കി ഒതുക്കി എന്റെ മാത്രം സ്വന്തമാക്കണമെന്ന വാശി..കെട്ടി കൊണ്ട് വന്നു ഇവിടെ ഇട്ടിട്ടു വേണമെടീ ചുടല ഭദ്രകാളി നിന്നെ എനിക്ക് മൂക്ക് കൊണ്ട് ക്ഷ ഞ്ജ വരപ്പിക്കാൻ.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story