ഏഴാം ബഹർ: ഭാഗം 12

ezhambahar

രചന: SHAMSEENA FIROZ

"എന്താ നിന്റെ ഉദ്ദേശം..എന്നെ കൊല്ലുകയാണോ... " നെറ്റിയിൽ നിന്നും കൈ എടുത്ത അവൾ കയ്യിൽ പറ്റിയ ചോരയിലേക്ക് നോക്കി അവനെ വിറപ്പിക്കാൻ പാകത്തിന് ശബ്ദം ഉയർത്തിക്കൊണ്ട് ചോദിച്ചു..അത് കണ്ടു അവനൊന്നു അന്തം വിട്ടു.. ഇത്രേം നേരം കണ്ണും നിറച്ചു ദയനീയമായി നോക്കി കൊണ്ടിരുന്നവളാ..ആ മുഖം കണ്ടപ്പോൾ വിചാരിച്ചു ഇറക്കി വിടെന്നും പറഞ്ഞു ഇപ്പൊ കരഞ്ഞു കാലു പിടിക്കുമെന്ന്...എവിടുന്ന്..ഇത് പെണ്ണല്ല..പെണ്പുലിയാണെന്ന് നീ എപ്പോഴും ഓർക്കണം താജ്.. അവനൊന്നു ശ്വാസം വിട്ടു.. "നിന്റെ ചെവി എന്താടാ നാറി നിന്റെ മറ്റവൾടെ പേറിനു കൊണ്ട് പോയി പണയം വെച്ചോ.. " ഇത്രേമൊക്കെ ചെയ്തു വെച്ചിട്ടും ഒരു കൂസലും ഇല്ലാത്ത അവന്റെ ഇരുപ്പ് കണ്ടു അവൾക്ക് ഒന്നാകെ എരിഞ്ഞു കയറാൻ തുടങ്ങി..സത്യം പറഞ്ഞാൽ അവന്റെ നോട്ടം കണ്ടാണ് കണ്ണീരും സങ്കടവുമൊക്കെ ആവിയായി പോയതും രുദ്രമ്മ ദേവി ആവാനുള്ള എനർജി കിട്ടിയതും..

"അതിന് ഞാൻ അറിയാതെ നീ പ്രസവിക്കേo ചെയ്തോ...അല്ല..അവിഹിത ബന്ധം ഉണ്ടെന്ന് കേട്ടതല്ലാതെ അതിൽ വയറു വീർത്തതോ പെറ്റതോ ഒന്നും ഞാൻ അറിഞ്ഞിട്ടില്ല...സോ എപ്പോഴായിരുന്നു ഡെലിവറി.. " അവനും വിട്ടു കൊടുത്തില്ല.. "യൂ ബ്ലഡീീീ... " അവൾ കൈ ഡോറിലേക്ക് ആഞ്ഞടിച്ചു.. "ഇനി കയ്യും കൂടി പൊട്ടിക്കണ്ടാ...ഈ എല്ലും തോലും പോലത്തെ ബോഡിയിൽ ആകെ ഒന്നോ രണ്ടോ ലിറ്റർ ബ്ലഡ്‌ മാത്രമേ കാണുള്ളൂ..അതിൽ പകുതിയും നെറ്റിന്ന് പോയി..ഇനി കയ്യിന്നു കൂടി പോയാൽ ഒരു പത്തു മിനുട്നുള്ളിൽ ഡെഡ് ബോഡി ആയി കിടക്കാം നിനക്ക്... " "ഡെഡ് ബോഡി ആയി കിടക്കാംന്നല്ല..നീയെന്നെ ഡെഡ് ബോഡി ആയി കിടത്തും ന്ന് പറാ.. സത്യം പറാ..എന്നെ കൊല്ലുക തന്നെയല്ലേ നിന്റെ ഉദ്ദേശം.." വീണ്ടും അവളുടെ കൈ നെറ്റിയിലേക്ക് ചെന്നു..ഇപ്പോഴും ചോര പൊടിയുന്നുണ്ട്.. "ടീ..എരപ്പേ...ഒരു ചവിട്ടു വെച്ചു തന്നാൽ പിന്നെ ഒരു പത്തു കൊല്ലത്തേക്ക് നീ അനങ്ങില്ല..

നടു ഒടിഞ്ഞു ഉഴിച്ചിലും പിഴിച്ചിലുമായി കിടക്കേണ്ടി വരും...കിടത്തും നിന്നെ ഞാൻ.. വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപേ ഞാൻ പറഞ്ഞിരുന്നോ സീറ്റ് ബെൽറ്റ്‌ ഇടാൻ..അപ്പൊ മോള് എന്തോ പറഞ്ഞല്ലോ.. എന്താ അത്...ആ..നിന്റെ കുഞ്ഞമ്മേടെ മോൾടെ നായരോടു പോയി പറാന്ന്...ഒന്നൂടെ പറയെടീ നീയത്..നിന്റെ നാക്കിന്റെ നീളം വെച്ചു നോക്കിയാൽ ഇപ്പൊ കിട്ടിയത് കുറഞ്ഞു പോയിട്ടേ ഉള്ളു നിനക്ക്... " "അതിന് ഞാൻ അറിഞ്ഞോ കാലപുരിക്കാണ് നീ പോകുന്നതെന്ന്...നിനക്ക് ചാവാണമെന്ന് ഉണ്ടെങ്കിൽ ഒറ്റക്കങ്ങു പോയി ചത്താൽ മതി..അല്ലാതെ എന്നേം കൂടി നിന്റെയീ ഡക ഡക വണ്ടിയിലേക്ക് വലിച്ചു കയറ്റുക അല്ല വേണ്ടത്... വെറുതെ അല്ലടാ കമന്റ് ബോക്സിൽ എല്ലാവരും നിന്നെ സൈക്കോന്ന് വിളിക്കുന്നത്... " "അതു ഞാനങ്ങു സഹിച്ചു...അതൊക്കെ എനിക്ക് കിട്ടുന്ന ക്രെഡിറ്റ്‌ ആയിട്ടേ ഞാൻ കാണുന്നുള്ളൂ...അല്ലാണ്ട് അതെന്റെ കുറവ് ആയിട്ടല്ല ഞാൻ കാണുന്നെ..അഥവാ ആണെങ്കിൽ തന്നെ ആ കുറവ് ഞാനിപ്പോ നികത്താനും പോകുന്നില്ല..

.ആരേലും എന്തേലുമൊക്കെ പറഞ്ഞാൽ നെഞ്ചത്തടിച്ചു കരയുന്നവനല്ല ഞാൻ എന്ന് നിനക്കറിയാമല്ലോ...ഒന്നും എന്നെ ബാധിക്കുന്നതേയല്ല...ഒന്ന് പോടീ അവിടെന്ന്... " "ആ...പോകുവാ...അല്ലാണ്ട് നിന്റെ പതിനാറാം അടിയന്ത്രത്തിന്റെ ചോറ് ഉണ്ണാൻ ഇരിക്കുക അല്ല ഇവിടെ.. " എന്ന് പറഞ്ഞു അവനെ നോക്കി ദഹിപ്പിച്ചു കൊണ്ട് അവൾ ഡോർ തുറക്കാൻ ഭാവിച്ചു.. "എവിടെക്കാ.. " അവൻ അവളുടെ മുന്നിലൂടെ ഏന്തി വലിഞ്ഞു കൈ ഡോറിൽ വെച്ചു കൊണ്ട് ചോദിച്ചു.. "ലീവ് മി..നിന്റെ ഈ തോന്നിവാസങ്ങൾ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്...വല്ലാണ്ട് മടുപ്പ് തോന്നുന്നു..സോ കൈ എടുക്ക്... " "ഞാൻ പറഞ്ഞല്ലോ...നിന്നെ ബസ് സ്റ്റോപ്പിന്നു പിടിച്ചു ഇതിലേക്ക് കയറ്റാൻ എനിക്ക് അറിഞ്ഞിട്ട് ഉണ്ടെങ്കിൽ നിന്നെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കാനും എനിക്ക് അറിയാം...അതോണ്ട് അധികം തുള്ളാതെ അടങ്ങി ഇരിക്കാൻ നോക്ക്...വീട്ടിൽ തന്നെ ഇറക്കി തരാം...ഇപ്പൊ ഹോസ്പിറ്റലിൽ പോകാം... " "ഹോസ്പിറ്റലിലോ...എന്തിന്... "

അവൾ അറിയാതെ തൊള്ള തുറന്നു പോയി.. "നീ നേരത്തെ പറഞ്ഞില്ലേ എൻറെ കുഞ്ഞമ്മേടെ മോൾടെ നായര്...അങ്ങേരു അവിടെ അന്ത്യ ശ്വാസം വലിച്ചു കിടക്കാ..ഒന്ന് പോയി കണ്ടിട്ട് വരാനാ..." അവളു വായ അടച്ചു..വാരിയത് ആണെന്ന് മനസ്സിലായി..നെറ്റി പൊട്ടിയതിന് ആവും ഇപ്പൊ ഹോസ്പിറ്റലിൽ പോകാന്നു പറഞ്ഞത്..ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളു..ആ സജാദ് എപ്പോഴും ടൗണിൽ തന്നെയാ..എങ്ങാനും അവന്റെ കണ്ണിൽ പെട്ടാൽ അതോടെ തീർന്നു. പിന്നെ വീട്ടിൽ തന്നെ ഇറക്കി തരാമെന്ന് പറഞ്ഞതും..ഭേഷ്..ബലെ ഭേഷ്..പിന്നെ നീ എന്റെ മയ്യത്തു നമസ്കാരം കഴിഞ്ഞു അവിടെന്ന് ഇറങ്ങിയാൽ മതിയാകും..ഇവനിതെന്തു ഭാവിച്ചാ അള്ളാഹ്...എല്ലാം നിസ്സാരമാണ് ഈ തെണ്ടിക്ക്..എന്റെ അവസ്ഥ വല്ലതും അറിയണോ..? "ടീ..എന്തെങ്കിലും എടുത്തു കെട്ട്...ബ്ലഡ്‌ പോകുന്നുണ്ട്... "

അവൻ അവളുടെ നെറ്റിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. "മിണ്ടരുത് നീ...ഒടുക്കത്തെ പോക്കും പോയി എന്റെ നെറ്റി ഇടിച്ചു പൊട്ടിച്ചതും പോരാ...ഇപ്പൊ ബ്ലഡ്‌ നിർത്തിക്കാനും ഹോസ്പിറ്റലിൽ കൊണ്ട് പോകാനും നോക്കുന്നു...ഇനി അവിടെ കൊണ്ട് പോയിട്ട് വേണം ആയിരിക്കും എൻറെ ബാക്കി ഉള്ള ജീവനും കൂടി അങ്ങ് എടുക്കാൻ...സത്യത്തിൽ നിനക്ക് ബുദ്ധിക്ക് വല്ല തകരാറും ഉണ്ടോ..അതോ തകരാർ ഉള്ളത് പോലെ അഭിനയിക്കുന്നതാണോ...?" അവനൊന്നും മിണ്ടിയില്ല..പകരം അവന്റെ നോട്ടം അവളുടെ ദേഹത്തേക്ക് എത്തി..അതു കണ്ടു എന്താന്നുള്ള അർത്ഥത്തിൽ അവൾ സ്വന്തം ദേഹത്തേക്ക് നോക്കുന്നതിന് മുൻപേ അവൻ, അവൾ ദേഹം പുതച്ചിരിക്കുന്ന ഷാൾ വലിച്ചു എടുത്തു..അവൾ ഞെട്ടി തരിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. "പറഞ്ഞാൽ അനുസരിക്കില്ലല്ലേ നീ.. " എന്ന് പറഞ്ഞോണ്ട് അവൻ ആ ഷാൾ അവളുടെ നെറ്റിയിൽ വെച്ചു അമർത്തി കെട്ടി..അവൾ ഒന്നും മിണ്ടിയില്ല..വേഗം തല താഴ്ത്തി നോക്കി..

സ്കാഫ് ചെയ്തതു കൊണ്ട് ദേഹത്ത് ആ ഷാൾ ഇല്ലങ്കിലും കുഴപ്പമില്ല..മാറിന്റെ ഭാഗത്തു നല്ല വൃത്തിയിൽ തന്നെ സ്കാഫ് താണ് കിടക്കുന്നുണ്ട്..എന്നിട്ടും പുതച്ചു മൂടിയതു നനഞ്ഞതു കൊണ്ടാണ്..ഉടൽ എടുത്തു കാണാതെ നിക്കാനാണ്... എന്നോട് ചോദിക്കാതെ എന്റെ ഷാൾ ഊരാൻ ഇവൻ ആരാ.. അവൻ ചെയ്തത് ഓർക്കും തോറും അവൾക്ക് ദേഷ്യം ഉച്ചിയിൽ കയറാൻ തുടങ്ങി.. "പോയി പോയി വസ്ത്രാക്ഷേപവും തുടങ്ങിയോ നീ... " "വേണ്ടി വന്നാൽ.. " അവനൊരു കൂസലും ഇല്ലാതെ പറഞ്ഞു അവളുടെ ചുമലിൽ കൈ വെച്ചു.. "ചീ..കൈ എടുക്കടാ പട്ടി.. " അവൾ അവന്റെ കൈ തട്ടി മാറ്റി..അവൾക്ക് അവിടെ എന്തോ ഒരു നീറ്റൽ അനുഭവപ്പെട്ടു..അവൾ തല ചെരിച്ചു ചുമലിലേക്ക് നോക്കിയതും അവിടെന്നു ചോര പൊടിയുന്നുണ്ട്..അവൾ പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.. "ഷാൾ വലിച്ചപ്പോ പറ്റിയതാ...ഇളകി നിന്നതേ ഉണ്ടായിരുന്നുള്ളൂ...എവിടെയും കൊണ്ടിട്ട് ഒന്നും ഉണ്ടായിരുന്നില്ല..ഇതിപ്പോ നീ കൈ തട്ടിയപ്പോ സംഭവിച്ചതാ.. "

അവൻ സേഫ്റ്റി പിൻ അവളുടെ മടിയിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.. "ഇതിനേക്കാൾ ഭേദം നിനക്ക് എന്നെ കൊല്ലാമായിരുന്നു... " അവൾക്ക് ദേഷ്യത്തിന്റെ ഒപ്പം സങ്കടവും വരാൻ തുടങ്ങിയിരുന്നു.. "അതല്ലേ പറഞ്ഞെ ഹോസ്പിറ്റലിൽ പോകാമെന്ന്... " "ഹ്മ്മ്..ഹോസ്പിറ്റൽ...ശരീരത്തിനു ഏല്പിച്ച മുറിവിനുള്ള മരുന്നു ഒരുപക്ഷെ നിനക്ക് അവിടെന്നു വാങ്ങിച്ചു തരാൻ പറ്റുമായിരിക്കും.. പക്ഷെ എൻറെ മനസ്സിന് നീ ഏല്പിക്കുന്ന മുറിവിനുള്ള മരുന്ന് നിനക്ക് അവിടെന്ന് വാങ്ങിച്ചു നൽകാൻ കഴിയുമോ...നീ ഇഞ്ചിഞ്ചിയായി കീറി നോവിക്കുന്ന എന്റെ മനസ്സിനെ തുന്നി ചേർത്ത് നൽകാൻ നിനക്ക് സാധിക്കുമോ...നീയും നിന്റെ പ്രവർത്തിയും കാരണം എനിക്ക് ഉണ്ടായ നോവ് മാറ്റി തരാൻ കഴിയുമോ നിനക്ക്... " അവളുടെ സ്വരത്തിൽ ദേഷ്യത്തിനേക്കാൾ ഏറെ വേദനയായിരുന്നു.. "മനസ്സോ...ആർക്ക്..നിനക്കോ...നീ ഇങ്ങനൊക്കെ തമാശ പറയുമെന്ന് ഞാൻ അറിഞ്ഞില്ല.. നിനക്കാണോടി നീയിപ്പോ പറഞ്ഞ ഈ നോവും വേദനയും മനസ്സുമൊക്കെ ഉള്ളത്..അതിന് നിനക്ക് ഒരു ഹൃദയം ഉണ്ടോടീ..

നിന്റെ നെഞ്ചത്ത് ഉള്ളത് ഒരു കരിങ്കല്ലല്ലേ...ഫീലിംഗ്സ് ഒന്നും ഇല്ലാത്ത ഒരു ശവം അല്ലേ നീ...ഐ മീൻ വെറുമൊരു ശരീരം മാത്രം.. " "അതേടാ...ഞാനൊരു ശവമാ..നീ പറഞ്ഞത് പോലെ നോവും നൊമ്പരവും ഹൃദയമൊന്നും ഇല്ലാത്ത വെറുമൊരു ശരീരം മാത്രം.. അല്ലെങ്കിലും നിനക്കൊക്കെ ശരീരം മാത്രമേ കാണുള്ളൂ..ശരീരം ഇല്ലാതെ മനസ്സിനൊ മനസ്സില്ലാതെ ശരീരത്തിനോ നില നിൽപ് ഇല്ലന്നതു നിനക്ക് അറിയില്ല അമൻ... പെണ്ണിന്റെ ശരീരം മാത്രമേ നീയൊക്കെ കാണുന്നുള്ളൂ...അതിന്റെ ഉള്ളിലൊരു മനസ്സുണ്ട്...അതൊക്കെ കാണണമെങ്കിലും അറിയണമെങ്കിലും ആണായി തന്തയ്ക്ക് പിറന്നവൻ ആയിരിക്കണം...അല്ലാതെ നിന്നെപ്പോലെ ആണും പെണ്ണും കെട്ടവ........ " പറഞ്ഞു തീർന്നില്ല..അതിന് മുന്നെ അവൻ ജ്വലിച്ചു കൊണ്ട് അവളുടെ കഴുത്തിനു കുത്തിയൊരു പിടിയായിരുന്നു.. "തന്തയ്ക്ക് പറയുന്നോടീ പന്ന മോളെ...ഒന്നല്ല ഒരു നൂറു വട്ടം പറഞ്ഞതാ പറഞ്ഞു പറഞ്ഞു എൻറെ വാപ്പാനെ പറഞ്ഞു കളിക്കരുതെന്ന്...

വാണിംഗ് തരും തോറും നിന്റെ എല്ലിന്റെ എണ്ണം കൂടുകയാണല്ലേ ടീ നായെ... നാഴികയ്ക്ക് നാല്പത് വട്ടം നീ വിളിച്ചു പറയുന്നുണ്ടല്ലോ ഞാൻ ആണത്തം ഇല്ലാത്തവനാണെന്ന്...ചെറ്റയാണെന്ന്.. എന്ത് ആണത്തം ഇല്ലാത്ത കാര്യമാടി ഞാൻ നിന്നോട് ചെയ്തിട്ടുള്ളത്...എന്ത് ചെറ്റത്തരമാടീ ഞാൻ നിന്നോട് കാണിച്ചിട്ട് ഉള്ളത്...നട്ട പാതിരായ്ക്ക് നിന്നെ ഒറ്റയ്ക്ക് കിട്ടിയിട്ടും തെറ്റായ രീതിയിൽ നിന്റെ ദേഹത്ത് ഒന്ന് തൊടാത്തതോ..അതോ ഇപ്പൊ നിന്റെ ശരീരം നോക്കി വെള്ളം ഇറക്കുന്നവന്മാരുടെ ഇടയിൽ നിന്നും നിന്നെ വലിച്ചു കൊണ്ട് വന്നതോ...അതാണോടീ ഞാൻ ചെയ്ത ചെറ്റത്തരം..അതൊക്കെ കൊണ്ടാണോ നിനക്ക് ഞാൻ ചെറ്റയും നാറിയുമൊക്കെ ആയത്.. കണ്ട പന്നികൾക്കൊക്കെ നിന്റെ ദേഹത്ത് നോക്കാം..മാറും വയറും മുടിയും എന്നുവേണ്ട ഓരോ ശരീര ഭാഗവും എടുത്തു എടുത്തു നോക്കി വെള്ളം ഇറക്കാം..അതിനൊന്നും ഒരു പ്രശ്നവുമില്ല..അന്നേരമൊന്നും അനങ്ങില്ല നിന്റെ നാവ്...

ഞാനൊന്നു അറിയാതെ നോക്കാൻ പാടില്ല...തൊടാൻ പാടില്ല..അപ്പൊ തുടങ്ങിക്കോളും നട്ടെല്ല് ഇല്ലാത്തവനാണ് തന്തയ്ക്ക് പിറക്കാത്തവനാണ് ചെറ്റയാണുന്നൊക്കെ പറഞ്ഞു ഘോരം ഘോരം പ്രസംഗിക്കാനും എന്റെ കൈ തട്ടി മാറ്റാനും.. ഇനി എങ്ങാനും എന്നെ പറയുന്നത് അല്ലാതെ എന്റെ വാപ്പാനെ പറഞ്ഞാൽ ഉണ്ടല്ലോ പിന്നെ എന്റെ നേർക്ക് ശബ്ദിക്കാൻ നിന്റെ നാവ് പോയിട്ട് നീ പോലും ഉണ്ടാകില്ല ഈ ഭൂമി ലോകത്ത്...പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും ഞാൻ..കാരണം തന്തയ്ക്ക് പിറന്നവനാടി ഞാൻ...നേരും വീറുമുള്ള എന്റെ വാപ്പാക്ക് പിറന്നവൻ...മനസ്സിനും ശരീരത്തിനും ഒരുപോലെ കരുത്തുള്ള എൻറെ വാപ്പ താജുദ്ദീന്റെ രക്തമാണെടീ എന്റെ ഈ സിരകളിൽ ഒഴുകുന്നത്...അറിയില്ല നിനക്കെന്നെ...നീയൊന്നും അറിഞ്ഞു വെച്ചിട്ടില്ല ഈ താജ്നെ... " ഓരോന്നു പറയും തോറും അവളെ കഴുത്തിലുള്ള അവന്റെ പിടി മുറുകി കൊണ്ടിരുന്നു.. "വി...വിട്....ഞാ...... "

അവൾക്ക് പറയാൻ ആയില്ല..കണ്ണുകൾ കലങ്ങി മറിഞ്ഞു ശ്വാസം തടസ്സപ്പെടാൻ തുടങ്ങി..അതു കണ്ട അവൻ കഴുത്തിലേക്ക് പിടിച്ച അതേ പിടിയാലെ അവളെ പിന്നിലേക്ക് തള്ളി.. ശ്വാസം എടുക്കാൻ ആയാസപ്പെട്ടു നെഞ്ചും തടവി കിതച്ചു കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി.. "ഇറങ്ങടീ... " അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ സ്റ്റിയറിങ്ങിൽ കൈ വെച്ചു അമർത്തി പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു..അവൾ ഞെട്ടി തരിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു.. "ഇറങ്ങടീ ചൂലേ... " ശര വേഗത്തിൽ അവൻ അവളുടെ നേർക്ക് തിരിഞ്ഞു അലറി..അവൾ പേടിച്ച് ഒരടി പിന്നിലേക്ക് നീങ്ങിയിരുന്നു പോയി.. "പറഞ്ഞാൽ മനസ്സിലാവില്ലേടീ നിനക്ക്...ഇറങ്ങടീ...ഇറങ്ങി പോകാനാ പറഞ്ഞത്.. " അവൻ അടിമുടി വിറച്ചു കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി ഡോർ തുറന്നു അവളെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്ക് ഇട്ടു...അവൾ വേദനയോടെ കയ്യിലേക്കും അവന്റെ മുഖത്തേക്കും നോക്കി.

.അവന്റെ പിടുത്തത്തിൽ കയ്യിലെ കരിവളകൾ പൊടിഞ്ഞു കൈ തണ്ടയിലേക്ക് അമർന്നിരുന്നു..അതുവരെ വാശിയോടെ പിടിച്ചു നിർത്തിയ കണ്ണീർ സെക്കന്റ്‌കൾക്കുള്ളിൽ ധാര ധാരയായി പുറത്ത് ചാടാൻ തുടങ്ങി..അതു കണ്ടു അവനൊന്നു വല്ലാതെയായി..എങ്കിലും വാശി കളയാൻ തയാറല്ലായിരുന്നു.. അവൻ അവളെ ഒന്ന് രൂക്ഷമായി നോക്കി വണ്ടിയിലേക്ക് കയറാൻ വേണ്ടി തിരിഞ്ഞു നടക്കാൻ നോക്കി..അവനെ ഞെട്ടിച്ചു കൊണ്ട് അവൾ അവനു മുന്നിൽ കയറി നിന്നു തടസ്സം സൃഷ്ടിച്ചു...അവൻ എന്താന്നുള്ള മട്ടിൽ അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി.. "ഞാനായി കയറിയതല്ല നിന്റെ വണ്ടിയിലേക്ക്...നീ പിടിച്ചു വലിച്ചു കയറ്റിയതാ..കയറിയ അവിടെന്ന് തൊട്ടു ഇവിടെ വരെ എത്തുമ്പോഴേക്കും ഒന്നല്ല..ഒരു പത്തു വട്ടമെങ്കിലും ഞാൻ ഇറങ്ങാൻ ഭാവിച്ചതാ..

അനുവദിച്ചില്ല നീ... അനുവദിച്ചില്ലന്ന് മാത്രല്ല..ഒരു മാസ്സ് ഡയലോഗ് ആയിരുന്നല്ലോ നീ എൻറെ നേർക്ക് കുരച്ചു തുപ്പിയത്.. ഇത്ര പെട്ടെന്ന് മറന്നോ നീ...മറന്നെങ്കിൽ ഞാനൊന്നു ഓർമിപ്പിച്ചു തരാം.. *നിന്നെ ഇതിലേക്ക് പിടിച്ചു കയറ്റാൻ എനിക്ക് അറിഞ്ഞിട്ട് ഉണ്ടെങ്കിൽ നിന്നെ ഇറക്കേണ്ട സ്ഥലത്ത് പിടിച്ചു ഇറക്കാനും എനിക്കറിയാം* എന്ന്... ഇവിടെയല്ല എനിക്ക് ഇറങ്ങേണ്ടത്...നിനക്ക് തോന്നിയപ്പോ പിടിച്ചു കയറ്റി നിനക്ക് തോന്നിയ സ്ഥലത്ത് കൊണ്ട് വന്നു വലിച്ചു തള്ളാൻ ഞാൻ റോഡ് അരികിൽ കെട്ടിയിട്ടിരുന്ന ആടോ മാടോ ഒന്നുമല്ല...ഞാൻ പറഞ്ഞതാ എന്നെ അവിടെ ഇറക്കി വിടാൻ..കേട്ടില്ല..ഈ പെരുവഴിയിൽ കൊണ്ട് വന്നിട്ടാൽ എനിക്കുള്ള ട്രാവലിംഗ് സിസ്റ്റം നീ ഉണ്ടാക്കി തരുമോ...നീ ചെന്നു എനിക്ക് പോകാനുള്ള ബസ്സ് ഇതുവഴി റൂട്ട് തിരിച്ചു വിടുമോ.. എങ്കിൽ നീ പൊക്കോ...അതു കഴിയില്ലങ്കിൽ എന്നെയും കയറ്റ്...എനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഒന്നും ഇറക്കണ്ടാ...

എവിടുന്നാണോ നീയെന്നെ പിടിച്ചു വലിച്ചു കയറ്റിയത് അവിടെത്തന്നെ കൊണ്ട് പോയി ഇറക്കി താ...അല്ലാതെ നീ ഇവിടുന്ന് പോകില്ല... " കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ അവനെ നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു..അവനു വാശിയായിരുന്നു എങ്കിൽ അവൾക്കും വാശിയായിരുന്നു..അവന്റെ മുന്നിൽ തോറ്റു കൊടുക്കില്ലന്ന വാശി.. "ഇങ്ങോട്ടേക്കു കയറെടീ... " എന്തോ തീരുമാനിച്ചത് പോലെ പിടിച്ചു വലിച്ചു ഇറക്കിയ അതേ ഫോഴ്സിൽ തന്നെ അവൻ അവളെ പിടിച്ചു വണ്ടിയിലേക്ക് തള്ളി...ഒന്ന് തല ഉയർത്തി അവനെ നോക്കാനുള്ള സാവകാശം പോലും അവൻ അവൾക്ക് നൽകിയില്ല..അതിന് മുന്നെ വണ്ടിയിലേക്ക് ചാടി കയറി റിവേഴ്സ് എടുത്തു..അവൻ അതേ ചെയ്യുള്ളുന്ന് അവൾക്ക് അറിയാമായിരുന്നു.. വണ്ടി കുതിച്ചു പായാൻ തുടങ്ങി..ആ വേഗതയിൽ തന്നെ അവൾക്ക് മനസ്സിലായി അവന്റെ ദേഷ്യം എത്രത്തോളമാണെന്ന്...വേഗം കൂടുന്നതിന് അനുസരിച്ചു അവൾക്ക് അസ്വസ്ഥത തോന്നാൻ തുടങ്ങി..

അവൾ മൂക്കും വായും പൊത്തി പിടിച്ചു ഇരുന്നു..ഡ്രൈവിങ്ന്റെ ഇടയിൽ എപ്പോഴോ അവന്റെ ശ്രദ്ധ അവളിലേക്ക് നീണ്ടു..അവളുടെ ഇരുപ്പ് കണ്ടതും വേഗത ഒന്ന് കുറഞ്ഞു..അവൾ ഭാവ വ്യത്യാസമൊന്നും ഇല്ലാതെ പുറത്തേക്ക് നോക്കിയിരുന്നു..അവന്റെ കണ്ണുകൾ അവൾ മടിയിൽ വെച്ചിരിക്കുന്ന കൈ തണ്ടയിൽ ഉടക്കി.. കുപ്പിവള തറഞ്ഞു കയറിയതു അടർന്നു മാറിയിട്ടില്ല..അങ്ങിങ്ങായി ചുവന്ന തിണർപ്പും ചോര പൊടിച്ചിലും ഉണ്ട്.. ഇരിക്കട്ടെ...ഇരന്നു വാങ്ങിച്ചതല്ലേ..എത്ര കിട്ടിയാലും പഠിക്കില്ല ജന്തു..ഇതൊന്നും കല്ല് പോലെത്തെ ആ ശരീരത്തിനു ഏശിയിട്ട് പോലും ഉണ്ടാകില്ല..കുറഞ്ഞു പോയിട്ടേയുള്ളൂ.. അവൻ മുഖം തിരിച്ചു ഡ്രൈവിംഗ്ൽ ശ്രദ്ധ കൊടുത്തു.. ബസ് സ്റ്റോപ്പിനു മുന്നിൽ വണ്ടി നിർത്തിയതും അവൾ ഇറങ്ങി ഡോർ ആഞ്ഞടച്ചു..അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ സ്റ്റോപ്പിലേക്ക് കയറി നിന്നു..നെറ്റിയിൽ കെട്ടി വെച്ചിരിക്കുന്ന ഷാൾ അഴിച്ചു എടുത്തു സൈഡിലേക്ക് തന്നെ ഇട്ടു.. അവനും അവളെ നോക്കിയില്ല..

പക്ഷെ ബസ് സ്റ്റോപ്പിലേക്ക് നോക്കി..അവൾ അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല..അവന് അവിടുന്ന് പോകാൻ തോന്നിയില്ല..വണ്ടി സൈഡിലേക്ക് ഇട്ട് ഫോണിൽ നോക്കി ഇരുന്നു...അര മണിക്കൂർ കഴിഞ്ഞാണ് ബസ് വന്നത്..അവൾ കയറി പോയതിനു ശേഷം അവൻ ജിപ്സി എടുത്തു താജ് ബംഗ്ലാവിലേക്ക് പറന്നു... * അവനെ തെറ്റ് പറയാനും പറ്റില്ല..വാപ്പാക്ക് പറഞ്ഞാൽ ആരാ സഹിക്കുക..ഏതു മക്കളാ കേട്ടു നിക്കുക..അവന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലും അതൊക്കെ തന്നെയല്ലേ ചെയ്യുക..ഒരിക്കലും പറയാൻ പാടില്ലായിരുന്നു അങ്ങനെ..അവന്റെ പ്രവർത്തികൾക്കും തോന്നിവാസങ്ങൾക്കും അവന്റെ വാപ്പ എന്ത് പിഴച്ചു..നല്ലൊരു മനുഷ്യനാണ് അദ്ദേഹമെന്നാ നുസ്ര പറഞ്ഞു കേട്ടത്..അവനെ പോലെത്തന്നെ ധൈര്യവും ചങ്കൂറ്റവും ഏറെയാണ്‌..പക്ഷെ അതൊക്കെ വെച്ചു കൊണ്ട് നല്ല കാര്യങ്ങൾ അല്ലാതെ അവനെ പോലെ മോശം കാര്യങ്ങൾ ഒന്നും ചെയ്യാറില്ലന്നും കേട്ടു..എന്തായാലും ഇന്നത്തേതിൽ പകുതി തെറ്റ് എന്റെ ഭാഗത്താണ്..

അത് കൊണ്ട് കഴുത്തിനു പിടിച്ചതും കൈക്ക് പിടിച്ചു കുപ്പിവള ഉടച്ചു ചോര വരുത്തിയതും കണക്കിൽ നിന്നും വിട്ടു കളയാം..അതു ഞാനായി ചോദിച്ചു വാങ്ങിച്ചതാണ്...അതിനിനി പ്രതികാരം നോക്കണ്ട.. പക്ഷെ നെറ്റി പൊട്ടിച്ചതും ചുമലിലേക്ക് പിൻ കയറ്റിയതും വിട്ടു കളയാൻ പറ്റില്ലന്ന് മാത്രല്ല..അതിന്റെ കണക്ക് ഞാനാ എരപ്പയോട് ചോദിച്ചിരിക്കുകയും ചെയ്യും... വൈകുന്നേരം വന്നു കയറിയതു മുതൽ സനുവിനു അല്ലാതെ മറ്റാർക്കും മുഖം കൊടുത്തിട്ടില്ല..എന്റെ വേദനയിൽ സന്തോഷമാണ് ഇവിടെയുള്ള ബാക്കി മൂന്നെണ്ണത്തിനു എങ്കിലും ഒരു നൂറ് ചോദ്യ ശരങ്ങൾ ഉണ്ടാകും..അതുകൊണ്ട് മുന്നിൽ ചെന്നു പെടാതെ ഇരിക്കുന്നതാണ് നല്ലത്.. സനുവിനോടു വീണതാണെന്ന് കള്ളം പറഞ്ഞു..വിശ്വസിച്ചിട്ടില്ലന്നത് അന്നേരത്തെ അവന്റെ നീട്ടിയുള്ള മൂളലിൽ നിന്നു തന്നെ മനസ്സിലായതാണ്..അവൻ തന്നെയാണ് മരുന്ന് വെച്ചതും മുറിവ് കെട്ടി തന്നതുമൊക്കെ.. "മോളെ...വീണത് ഓർക്കുകയാണോ..അതോ വീഴ്ത്തിയവനെ ഓർക്കുകയാണോ..."

ഓരോന്ന് ഓർത്ത് കിടക്കുന്ന അവളുടെ അടുത്ത് വന്നിരുന്നു സനു ആക്കി ചോദിച്ചു.. "എന്താ... " അവന്റെ ആക്കൽ മനസ്സിലായ അവൾ കനത്തിൽ ചോദിച്ചു.. "അല്ല...വീണതേ.." അവൻ ചിരി അടക്കി പിടിച്ചു.. "എന്താണ്ടാ മാക്രി..ഇന്നലെ മുതൽ തുടങ്ങിയതാണല്ലോ നിനക്ക് എന്നെ കാണുമ്പോൾ ഒരുമാതിരി ആക്കിയുള്ള ചിരി.. " "ആക്കിയോ..നിന്നെയൊ..അതും ഈ ഞാനോ...ഞാൻ അങ്ങനെ ചെയ്യോ ലൈലു.." "കണ്ടോ കണ്ടോ...ഇതാ ഞാൻ പറഞ്ഞെ..ഇതും നീയെന്നെ ആക്കിയതല്ലേ... " "വീണ്ടും അങ്ങനെ തോന്നിയോ മുത്തേ... " അവൻ വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി.. "പോടാ കുട്ടി പിശാശ്ശെ... " അവൾ മുഖം തിരിച്ചു തിരിഞ്ഞു കിടന്നു.. "ലൈലു..." അവൻ പോയി അവളുടെ അടുത്ത് കിടന്നു വിളിച്ചു.. "മ്മ്... " "ലൈലു..." "ആാാാ... " "ലൈലു..." "എന്താടാ പോത്തേ... "

അവൾ അവന്റെ നേർക്ക് തിരിഞ്ഞു കിടന്നു ചുടല ഭദ്രകാളിയായി.. "എന്തു പറ്റിയതാ നെറ്റിയിൽ... " അവന്റെ മുഖത്ത് സത്യം അറിയാനുള്ള ആകാംഷ.. "ഒന്നുല്ല മുത്തേ..വീണതാന്ന് പറഞ്ഞില്ലേ..." അവൾക്ക് സത്യം പറയണമെന്ന് ഉണ്ടായിരുന്നു..എന്നിട്ടും നുണ പറഞ്ഞു..അതു താജ്ന്റെ പേര് എടുത്തിട്ടാൽ സനു ഇന്നലത്തെ പോലെ അതിൽ പിടിച്ചു തൂങ്ങുമെന്ന് കരുതിയിട്ടാണ്... "കയ്യിലും ഉണ്ടല്ലോ മുറിവ്...അതും അങ്ങനെ പറ്റിയതാണോ...നല്ല വേദന ഉണ്ടോ ലൈലു...ഹോസ്പിറ്റലിൽ പോകണോ നിനക്ക്... " അവൻ അവളുടെ മുഖത്തേക്ക് നോക്കി നെറ്റിയിൽ തൊട്ടു കൊണ്ട് ചോദിച്ചു...അവൾ ഇല്ലന്നും വേണ്ടാന്നും പറഞ്ഞു തലയാട്ടി കാണിച്ചു അവനെ ചേർത്ത് പിടിച്ചു കിടന്നു.. "ലൈലു...നമ്മുടെ വാപ്പ എങ്ങനെയാ മരിച്ചേ..." "എന്തേ ഇപ്പൊ ചോദിക്കാൻ... " അവൾ തല താഴ്ത്തി അവന്റെ മുഖത്തേക്ക് നോക്കി. "എനിക്ക് വാപ്പാനെ ഓർമ്മ വന്നു...വാപ്പ എന്നൊരു സങ്കല്പം മാത്രമേയുള്ളൂ മനസ്സിൽ..അല്ലാതെ ആ മുഖം മനസ്സിൽ ഇല്ല ലൈലു..

ഞാൻ കുഞ്ഞായിരുന്നില്ലേ അപ്പോൾ... " "ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്...ഒരു ആക്‌സിഡന്റ്..ഞാൻ വലുതായിരുന്നു..ഒത്തിരി വലുത് അല്ലെങ്കിലും കാര്യ വിവരങ്ങൾ ഉൾകൊള്ളാനും മനസ്സിലാക്കാനും തിരിച്ചറിയാനും പറ്റുന്നൊരു പ്രായം.. " "അപ്പൊ ഉമ്മയോ...നിന്റെ ഉമ്മ എങ്ങനെയാ മരിച്ചത്... " "അതും ഞാൻ നിന്നോട് പറഞ്ഞതാണല്ലോ..ഉമ്മാക്ക് വയ്യായിരുന്നു..സ്റ്റെയറിൽ നിന്നും വീണതാ..പിന്നെ കൈ കാലുകൾ തളർന്നു നീണ്ട കുറച്ചു വർഷങ്ങൾ കിടപ്പിലായിരുന്നു...പിന്നെ തളർച്ച ശരീരത്തിന്റെ ഓരോ ഭാഗത്തേയും കീഴ് പെടുത്താൻ തുടങ്ങി...ആദ്യമൊക്കെ അസഹനീയമായ വേദന കൊണ്ട് അലറി കരയുമായിരുന്നു....പിന്നെ പിന്നെ ശബ്ദം പോലും ഇല്ലാതെയായി...ഒരു രാവിലെ വാപ്പാന്റെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ കേട്ടാണ് എഴുന്നേറ്റത്.ചെന്നു നോക്കുമ്പോൾ എന്നെന്നേക്കുമായി കണ്ണുകൾ അടച്ചു പുഞ്ചിരി തൂകി കിടക്കുന്ന ഉമ്മാന്റെ മുഖമാണ് കണ്ടത്.." അവളുടെ ശബ്ദമൊന്നു ഇടറി.. "നിനക്ക് നിന്റെ ഉമ്മാന്റെ മുഖമാണല്ലേ... "

"എന്നുവെച്ചാൽ...?" "നിന്റെ ഡ്രോയിലൊരു ഫോട്ടോയില്ലേ..അതിൽ മാത്രമേ ഞാൻ നിന്റെ ഉമ്മാനെ കണ്ടിട്ടുള്ളു...നിന്നെ നോക്കിയാൽ ആ ഫോട്ടോ നോക്കണ്ട..അത്രക്കും സാമ്യമുണ്ട് നിങ്ങൾ തമ്മിൽ... നിന്റെയീ നീണ്ട കണ്പീലികൾ...കറുത്തു തിളക്കമാർന്ന കണ്ണുകൾ..വെളുത്തുരുണ്ട മുഖം...ഇതൊക്കെ നിനക്ക് നിന്റെ ഉമ്മയിൽ നിന്നും കിട്ടിയതല്ലേ...ഞാനാ ഫോട്ടോ സൂക്ഷിച്ചു നോക്കിയിരുന്നു..നീ തന്നെ ലൈലു അത്...വാപ്പാനേക്കാളും സൗന്ദര്യമുണ്ടായിരുന്നു നിന്റെ ഉമ്മാക്ക് അല്ലേ..? " "മ്മ്...പണ്ട് വാപ്പ പറയുമായിരുന്നു ഉമ്മാന്റെ സൗന്ദര്യത്തിലാണ് വാപ്പ വീണു പോയതെന്ന്...അടക്കവും ഒതുക്കവുമുള്ള ഒരു പാവം തൊട്ടാവാടി പെണ്ണായിരുന്നു എന്റെ ഉമ്മയെന്ന്...അതൊക്കെ കണ്ടാണത്രേ പണവും പ്രതാപവും ഏറെയുള്ള നമ്മുടെ വാപ്പ ചെറ്റ കുടിലിൽ കഴിയുന്ന എന്റെ ഉമ്മാനെ ജീവിത സഖിയാക്കിയത്..സ്വപ്നം കാണാൻ കൂടി കഴിയാത്ത രാജ കൊട്ടാരവും രാഞ്ജിയുടെ ജീവിതവും എന്റ്റുമ്മാക്ക് നൽകിയത്...എന്നിട്ടും എന്താ കാര്യം..ഒന്നും അനുഭവിക്കാനുള്ള ഭാഗ്യം ഉമ്മാക്ക് ഉണ്ടായില്ലാ. " "നിനക്ക് നിന്റെ ഉമ്മാന്റെ സൗന്ദര്യം മാത്രമേ കിട്ടിയുള്ളൂ...സ്വഭാവം കിട്ടിയില്ല.. അല്ലെ..?

നിന്റെ ഉമ്മ ഒരു പാവം ആയിരുന്നു..പക്ഷെ നീ...?" "എന്തെടാ ഒരു പക്ഷെ..? എനിക്കെന്താ ടാ ഒരു കുറവ്..? " "കുറവല്ല..നിനക്ക് എല്ലാം കൂടുതലല്ലേ.. നീ തന്നെ പറഞ്ഞു നിന്റെ ഉമ്മ ഒരു തൊട്ടാവാടിയായിരുന്നു എന്ന്..എന്നാൽ നീ അങ്ങനെയാണോ..തൊട്ടാൽ വാടുന്നവളല്ലാ..തെറിക്കുന്നവളാ..അതും പൊട്ടി തെറിക്കുന്നവൾ...നിന്റെ ഉമ്മാന്റെ നേരെ ഒപോസിറ്റ്..സത്യം പറഞ്ഞാൽ നീയൊരു ആറ്റം ബോംബ് ആണ്... " "ബോഡിക്ക് കുറ്റി പെൻസിൽന്റെ നീളം ആണെങ്കിൽ നാക്കിനു മൗണ്ട് k2 വിന്റെ നീളമാ പിശാശിന്...മിണ്ടാതെ കിടന്നു ഉറങ്ങടാ മാക്രി... " "അതല്ല ലൈലു...നിന്റെ ഉമ്മാനെ പോലെ നീ ആവരുതെന്ന് പറയുകയാ ഞാൻ...നിന്റെ ഉമ്മ ഒരു പാവം ആയിരുന്നെന്ന് എനിക്കറിയാം ലൈലു..അതു കൊണ്ടാണല്ലോ വെറും വേലക്കാരിയായി ഈ വീട്ടിലേക്കു കടന്നു വന്ന എൻറെ ഉമ്മ ഇന്നീ വീട്ടിലെ റാണിയായി മാറിയത്...ചിലതൊക്കെ ഞാനും കേട്ടതാ...

ഞാനൊന്നും അറിയരുത് എന്ന് കരുതി നിന്റെ വായ അടപ്പിക്കാൻ എൻറെ ഉമ്മാക്ക് കഴിയും ആയിരിക്കും..പക്ഷെ നാട്ടുകാരുടെ വായ അടപ്പിക്കാൻ ഉമ്മാക്ക് കഴിയില്ലല്ലോ...എങ്ങോട്ട് തിരിഞ്ഞാലും ഞാൻ കേൾക്കുന്നത് എന്റെ ഉമ്മാന്റെ ചതിയുടെ കഥകളാ...ഞാൻ നിന്റെ..... " അവന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി..അവൻ കരയുക ആണെന്ന് അവൾക്ക് മനസ്സിലായി..പുറമെ ഒന്നും അറിഞ്ഞ ഭാവം കാണിക്കുന്നില്ലങ്കിലും അവൻ ഒരുപാട് കാര്യങ്ങൾ അറിഞ്ഞു വെച്ചിട്ടുണ്ടെന്നു അവൾക്ക് മനസ്സിലായി..അവളൊന്നും മിണ്ടിയില്ല..അവൻ വേഗം ഉറങ്ങിക്കോട്ടെന്ന് കരുതി അവന്റെ മുടിയിൽ തലോടി വിടാൻ തുടങ്ങി.. *** പതിവ് പോലെ അവൾ രാവിലെ എഴുന്നേറ്റു അടുക്കളയിൽ കയറി..എട്ടരയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങണമെങ്കിൽ അഞ്ചു മണിക്കേ അടുക്കളയിൽ കയറണം..ചായ മുതൽ ചോർ വരെ ഉണ്ടാക്കി അടിക്കലും തുടക്കലും തിരുമ്മലുമൊക്കെ കഴിഞ്ഞാൽ മാത്രമേ അവളെ പുറത്ത് കടക്കാൻ അനുവദിക്കുകയുള്ളൂ ആ സ്ത്രീ...

രാവിലെതന്നെ ഒരു യുദ്ധം വേണ്ടാന്ന് കരുതി എല്ലാ ദിവസവും രാവിലെ ഒരു കാര്യം പോലും തെറ്റിക്കാതെ എല്ലാം കൃത്യമായി ചെയ്തു വെക്കും അവൾ..കൂടുതലും സനുവിനെ ഓർത്തിട്ടാണ്..അവനു കഴിക്കാനും സ്കൂളിൽ കൊണ്ട് പോകാനുമൊക്കെ വേണം..ആ സ്ത്രീ ഒന്നും ഉണ്ടാക്കി കൊടുക്കില്ല..ഒന്നു മേലനക്കുക കൂടി ചെയ്യില്ല..അഥവാ ഉണ്ടാക്കി കൊടുക്കുന്നുണ്ടെങ്കിൽ തന്നെ അത് സജാദ്ന് മാത്രം ആയിരിക്കും..അതും നെഞ്ചും മലർത്തി എഴുന്നേറ്റു വരുന്ന സമയം കണ്ടാൽ ഒലക്ക വെച്ചടിക്കാൻ തോന്നും.. ചായ ഉണ്ടാക്കി ഫ്ലാസ്കിലേക്ക് ഒഴിച്ച് വെച്ചതിന് ശേഷം അവൾ ദോഷ പാത്രം എടുത്തു സ്റ്റവിൽ വെച്ചു.. മാവ് എടുക്കാൻ വേണ്ടി തിരിഞ്ഞതും കോട്ടു വായും ഇട്ടോണ്ട് വരുന്ന ആ സ്ത്രീയെ കണ്ടു.. ഇന്നെന്താണാവോ നേരത്തെ..നല്ല ബുദ്ധി തോന്നി തുടങ്ങിയോ..ആ..എന്തേലും ആവട്ട്.. അവൾ അവരെ മൈൻഡ് ചെയ്യാൻ നിന്നില്ല..മാവ് എടുത്തു സ്റ്റവിന്റെ അടുത്തേക്ക് ചെന്നു.. "ആസിഫ്ന് ചായ കൊടുത്തോ..."

അവർ വന്നു അവളുടെ അടുത്ത് നിന്നു പരുക്കൻ ശബ്ദത്തിൽ ചോദിച്ചു.. "ഇല്ലാ... " അവൾ അവരെ നോക്കാതെ മാവ് ഇളക്കിക്കൊണ്ട് ഗൗരവമില്ലാത്ത കാര്യം പോലെ മറുപടി കൊടുത്തു.. "ഇന്നാ...ഇത് കൊണ്ട് പോയി അവനു കൊടുക്ക്‌... " അവർ ഫ്ലാസ്കിൽ നിന്നും ഒരു കപ്പിലേക്ക് ചായ പകർത്തി അവളുടെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു...അവൾ കേൾക്കാത്തയും കാണാത്തെയും ഭാവത്തിൽ നിന്നു.. "നിന്നോടാ പറഞ്ഞത് കൊണ്ട് പോയി കൊടുക്കാൻ..." അവർ ചായ കപ്പ് അവളുടെ കയ്യിൽ വെച്ചു പിടിപ്പിച്ചു കണ്ണ് ചുവപ്പിച്ചു.. "എനിക്കൊന്നും വയ്യാ...കണ്ട പന്നികളെ ഊട്ടിക്കലല്ല എന്റെ പണി...അനന്തരവൻ വെറും വയറോടെ കിടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലങ്കിൽ ചെന്നു ഊതി ഊതി നിങ്ങൾ തന്നെ അവന്റെ തൊണ്ട കുഴിയിലേക്ക് അങ്ങ് ഒഴിച്ച് കൊടുത്തേക്ക്.. " എന്നും പറഞ്ഞോണ്ട് അവളാ ചായ കപ്പ് നിലത്തേക്ക് കമിഴ്ത്തി.. "അട്ടഹസിക്കുന്നോ നീ...പറഞ്ഞത് അനുസരിക്കാൻ പറ്റില്ലല്ലേ നിനക്ക്...നിന്റെ അനുസരണക്കേടു ഇന്നത്തോടെ ഞാൻ നിർത്തി തരാമെടീ.... "

എന്നും പറഞ്ഞോണ്ട് അവർ അവളുടെ കൈ തണ്ടയിൽ പിടുത്തമിട്ടു...അവൾ കൈ കുടയുന്നതിന് മുന്നെ അവർ അവളുടെ കൈ വലിച്ചു കൊണ്ട് പോയി ദോശ പാത്രത്തിൽ അമർത്തി... "ഉമ്മാാാ.... " നെഞ്ച് പൊട്ടിയുള്ള കരച്ചിലിനു ഒപ്പം തന്നെ അവളുടെ കണ്ണുകളിൽ നിന്നും ചുടു നീർ പുറത്തു ചാടി.. "വിളിക്കടീ...നെഞ്ച് പൊട്ടി വിളിക്കടീ...പണ്ടേയ്ക്ക് പണ്ടേ ചത്തു മണ്ണടിഞ്ഞ നിന്റെ തള്ള നിന്റെ രക്ഷയ്ക്ക് വരുമോന്ന് നോക്കട്ടെ ഞാൻ... " എന്ന് ഒരുതരം ക്രൂരമായ ചിരിയോടെ പറഞ്ഞു അവർ അവളുടെ കൈ ഒന്നൂടെ തീ പാറുന്ന ചൂടിലേക്ക് അമർത്തി വെച്ചു...അടുത്ത ഒരു അലർച്ചയ്ക്ക് പകരം അവൾ എവിടുന്നോ വന്ന ശക്തിയിൽ കൈ വലിച്ചു എടുത്തു അവരെ തള്ളി മാറ്റി... അപ്പോഴും അവരുടെ മുഖത്ത് ആനന്ദം..അവളുടെ ചുടു നീരും വേദനയും കണ്ടതിലുള്ള ആനന്ദം.. "ഇനി എന്നെ ധിക്കാരം കാണിക്കാൻ നിന്നാൽ പൊള്ളിക്കുകയല്ല..തല മുതൽ കാല് വരെ കരിച്ചു കളയും ഞാൻ നിന്നെ... "

മുന്നിൽ നിൽക്കുന്ന അവളെ പിടിച്ചു ഉന്തി മാറ്റിക്കൊണ്ട് അവർ അടുക്കളയിൽ നിന്നും പോയി.. അവൾക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല..കണ്ണിനു മുന്നിലൂടെ തീ ഗോളം പാറുന്നത് പോലെ അനുഭവപ്പെട്ടു..കൈ അനക്കാൻ കഴിയുന്നില്ല..വിങ്ങി നീറുന്നുണ്ട്..കൈ മാത്രല്ല..ശരീരമാകെ തീ പടർന്നതു പോലെ ചുട്ടു പൊള്ളുന്നുണ്ട്..അഗ്നിയിൽ നിൽക്കുന്നത് പോലെ തോന്നി അവൾക്ക്..ഒന്നുറക്കെ കരയാൻ പോലും ആവാതെ അവൾ ഒരു തേങ്ങലോടെ കയ്യിലേക്ക് നോക്കി നിലത്തേക്ക് ഊർന്നു പോയി.. * കോളേജ് കവാടത്തിന് അരികെ പാർക്ക്‌ ചെയ്തിരിക്കുന്ന ആരുടെയോ ബൈക്കിൽ കയറിയിരുന്നു സ്‌മോക് ചെയ്യുകയായിരുന്നു അവൻ.. മനസ് ശാന്തമല്ല..അതുതന്നെ കാര്യം..എന്തൊക്കെയോ ഉള്ളിലൂടെ മിന്നി മറയുന്നു..പോരാത്തതിന് സാധാരണ വരുന്ന നേരം കഴിഞ്ഞിട്ടും അവൾ വരുന്നത് കാണുന്നില്ല...ഇനി ഇന്ന് ലീവ് ആയിരിക്കുമോ..ലീവ് എടുക്കാൻ മാത്രം എന്ത് തിരക്കാ അവൾക്ക് ഉള്ളത്..ഡിസ്ട്രിക്ട് കളക്ടർ ഒന്നും അല്ലല്ലോ..ഒരു സാധാരണ MSc സ്റ്റുഡന്റ് അല്ലേ.. ഇനി വല്ല വല്ലായ്കയും...?

എന്ന് ചിന്തിച്ചതും പെട്ടെന്നാണ് അവന് ഇന്നലെ വൈകുന്നേരത്തെ കാര്യങ്ങളൊക്കെ ഓർമ്മ വന്നത്.. വേണ്ടിയിരുന്നില്ലന്ന് തോന്നുന്നില്ല..അവളുടെ കയ്യിൽ ഇരുപ്പിന് കൊടുത്തതാണ്..സോ അതോർത്തുള്ള ടെൻഷൻ ഒന്നുമില്ല.. പക്ഷെ നെറ്റിയിൽ നിന്നും ഒരുപാട് ചോര പോകുന്നുണ്ടായിരുന്നു..ഇനി ഞാൻ പറഞ്ഞത് പോലെ ബോഡിയിലെ ചോര മുഴുവനും പോയി അവളുടെ കറന്റ്‌ ബോഡി ഡെഡ് ബോഡി ആയോ..? അറിഞ്ഞിട്ട് തന്നെ കാര്യം.. അവൻ പോക്കറ്റിൽ നിന്നും കീ എടുത്തു ജിപ്സി പാർക്ക്‌ ചെയ്തിരിക്കുന്ന ഭാഗത്തേക്ക്‌ തിരിഞ്ഞു..ജിപ്സി കണ്ണിൽ പെടുന്നതിന് മുന്നെ അവന്റെ കണ്ണുകളിൽ ഉടക്കിയത് ഗേറ്റ് കടന്നു വരുന്ന അവളാണ്..ഉള്ളിൽ എവിടെയോ തണുപ്പ് അനുഭവപ്പെടുന്നതു അവൻ അറിഞ്ഞു..

അടുത്ത നിമിഷം ആ തണുപ്പ് കൊടും ചൂട് ആയി മാറി..അതു അവന്റെ നോട്ടം അവളുടെ കയ്യിലേക്ക് എത്തിയപ്പോഴാണ്..കൈ തണ്ട കൂടാതെ കൈ പത്തി മുഴുവനും ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്..അത് എന്തിനാണെന്ന് അവന് മനസ്സിലായില്ല..പക്ഷെ അവൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവളുടെ ഇരുണ്ടു കൂടിയ മുഖവും ചുവന്നു കലങ്ങിയ കണ്ണുകളും കണ്ടപ്പോൾ അവനു മനസ്സിലായി.. അവൻ മുന്നിലൂടെ പോകുന്ന അവളെ തന്നെ നോക്കി.അടുത്തേക്ക് ചെന്നാൽ വഴി മാറി പോകും അവൾ..വിളിച്ചാൽ വരുകയുമില്ല...കയ്യിലെ കെട്ടിന്റെ കാര്യം എന്തെന്ന് അറിയാതെ ഇനി തനിക്ക് ഒരു സമാധാനവും ഇല്ലാ..വിളിക്കാം..വരുന്നോ..ഇല്ലയോ...അവൻ രണ്ടും കല്പിച്ചു അവളെ വിളിച്ചു.. "ലൈലാ... " ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story