ഏഴാം ബഹർ: ഭാഗം 14

ezhambahar

രചന: SHAMSEENA FIROZ

അവൾക്ക് കൂടുതൽ നേരം ആലോചിക്കേണ്ടി വന്നില്ല...ആരാണ് ഇതിന് പിന്നിൽ എന്ന് മനസ്സിലായി..തന്നെ അറിയുന്ന തന്റെ കാര്യങ്ങളെല്ലാം അറിയുന്ന ഒരാളെയുള്ളൂ തനിക്ക് പിന്നിൽ..അല്ല..തന്റെ ഒപ്പം...അയാളുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി.. ** പിറ്റേ ദിവസം പതിവിലും നേരത്തെ അവൾ കോളേജിലേക്ക് എത്തി..കാരണം മുന്നയാണ്‌..അവനെ കാണണം.സംസാരിക്കണം..ഒരേ ക്ലാസ്സിലാണ്..എന്നാലും അവനോടു തനിച്ചു സംസാരിക്കാൻ കഴിയാറില്ല..എപ്പോഴും നുസ്ര തങ്ങളെ ചുറ്റി പറ്റി ഉണ്ടാകും..അതു തന്നെ കുറിച്ച് അറിയാൻ വേണ്ടിയാണ്..തന്നെയും തന്റെ ജീവിതവുമെല്ലാം അറിയുന്ന ഒരേ ഒരാൾ മുന്നയാണെന്ന് അവൾക്ക് അറിയാം..അതു കൊണ്ട് അവളുടെ ഒരു കണ്ണ് എപ്പോഴും എന്റെയും മുന്നയുടെയും മേലിലാണ്.. ഓരോന്നു വിചാരിച്ചു കൊണ്ട് അവൾ ക്ലാസ്സിലേക്ക് കയറി..അധികമാരും എത്തിയിട്ടില്ല..മുന്നയെയും കാണുന്നില്ല.. എപ്പോഴും നേരത്തെ എത്തുന്നത് ആണല്ലോ...

അവൾ അവന്റെ സീറ്റിലേക്ക് നോക്കി..ബാഗ് കിടപ്പുണ്ട്..ആളെ മാത്രമാണ് കാണാത്തത്.. ഇവൻ ഇതെവിടെ പോയി..? ഒരു ഊഹം വെച്ചു അവൾ ക്യാന്റീനിലേക്ക് ചെന്നു..അവൻ അവിടെ ഉണ്ടായിരുന്നു..ഫോണിൽ കാര്യമായി എന്തോ നോക്കിയിരിക്കുകയാണ്..അവൾ അവന്റെ അടുത്തുള്ള ചെയർ മുന്നിലേക്ക് വലിച്ചിട്ട് അവന് അഭിമുഖമായി ഇരുന്നു..അവളുടെ സാമീപ്യം അറിഞ്ഞിട്ടും അവൻ തല ഉയർത്തി നോക്കിയില്ല..മുഴുവൻ ശ്രദ്ധയും ഫോണിലേക്ക് മാത്രം നൽകി.. "സോ എന്തൊക്കെയാ ചെയ്തത്...ഇടി മാത്രമോ അതോ തൊഴിയും കൂടി ഉണ്ടായിരുന്നോ..?" രണ്ട് കയ്യും മാറിൽ കെട്ടി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് അവൾ ചോദിച്ചു.. മറുപടി ഒരു ചിരി മാത്രമായിരുന്നു..അതും അവളുടെ മുഖത്തേക്ക് നോക്കിയല്ല..കയ്യിലെ ഫോണിലേക്ക് നോക്കിക്കൊണ്ട് തന്നെ.. അവൾക്ക് ദേഷ്യം വരാൻ തുടങ്ങി..അവൾ അവന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിച്ചു..അവൻ തല ഉയർത്തി നേരത്തെ അവൾ ഇരുന്നത് പോലെ രണ്ട് കയ്യും മാറിൽ കെട്ടി അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു..

"ഞാൻ സീരിയസ് ആയി ഒരു കാര്യം ചോദിക്കുമ്പോൾ എന്നെ ശ്രദ്ധിക്കാതെ മറ്റൊന്നിൽ ശ്രദ്ധ കൊടുത്തിരിക്കുന്നതു എനിക്കിഷ്ടമല്ലന്ന് അറിഞ്ഞൂടെ...ഞാൻ ദേഷ്യത്തിൽ ഇരിക്കുമ്പോൾ നീ ഒന്നും മിണ്ടാതെ നിക്കുന്നതാണ് എനിക്ക് കൂടുതൽ ദേഷ്യമെന്ന് അറിയില്ലേ നിനക്ക്..." "അതിന് ദേഷ്യപ്പെടാൻ മാത്രം ഇവിടെയിപ്പോ എന്താ ഉണ്ടായെ...ഞാനൊന്നു ഫോണിൽ നോക്കി ഇരുന്നതോ.." അവനൊന്നും അറിയാത്ത മട്ടിൽ ചോദിച്ചു.. "എന്താ ഉണ്ടായെന്നു നിനക്ക് അറിയില്ലല്ലേ...എന്തിനാ രാത്രിക്ക് വീട്ടിൽ വന്നേ..എന്തിനാ അവരെ അക്രമിച്ചേ.." "വീട്ടിലോ...ഞാനോ..അക്രമിക്കയോ...എന്തൊക്കെയാ നീയീ പറയുന്നേ.." അവന്റെ മുഖത്ത് സംശയം.. "ദേ ചെറുക്കാ..ഒരുമാതിരി ഞഞ്ഞാ പിഞ്ഞാ ചോദ്യം ഇങ്ങോട്ടേക്കു ചോദിച്ചാൽ ഉണ്ടല്ലോ..?? എന്റെ മുന്നിൽ അഭിനയിക്കാൻ മാത്രം വളർന്നിട്ടില്ല നീ..എന്റെ മുഖത്ത് നോക്കി നുണ പറയാൻ ആവില്ല നിനക്ക്..സമ്മതിക്കില്ല ഞാൻ അതിന്.. എന്തു ധൈര്യത്തിലാ നീ വന്നതും അവരെ ആക്രമിച്ചതും..."

"ധൈര്യത്തിനു അന്നത്തെ പോലെ ഇന്നും ഒരു കുറവുമില്ലന്ന് നിനക്ക് അറിയാമല്ലോ... എന്നിട്ടും ഞാൻ കാണിക്കുന്ന ധൈര്യ കുറവ്...അതു നിനക്ക് നൽകിയ വാക്കിന്റെ ഫലമാ..നിന്നെ അനുസരിക്കുന്നത് കൊണ്ടാ ഞാൻ ഇന്നൊരു ഭീരുവിനെ പോലെ ജീവിക്കുന്നത്.." "എനിക്ക് നൽകിയ വാക്കിന്റെ ഫലമാണെന്ന് പറയരുത് നീ...അങ്ങനെ എങ്കിൽ ഇന്നലെ നടന്നത് എന്താ മുന്ന...അമനു മുന്നിൽ മാത്രം കയ്യും കാലും അടക്കി വെക്കണമെന്നല്ലാ ഞാൻ പറഞ്ഞത്...അവന്റെ നേർക്ക് മാത്രം പ്രശ്നത്തിനു ചെല്ലരുത് എന്നല്ല ഞാൻ പറഞ്ഞത്...അതല്ല നീ എനിക്ക് നൽകിയ വാക്ക്...എനിക്ക് വേണ്ടി ആരോടും ഒന്നിനും പോകില്ലന്നാ.. എനിക്ക് എന്ത് ഉണ്ടായാലും എനിക്ക് നേരെ ആരൊക്കെ കൈ ഉയർത്തിയാലും കണ്ടില്ലന്ന് നടിച്ചോളമെന്നാ നീ പറഞ്ഞത്...ഒന്നും കേട്ടില്ലന്ന് നടിക്കാമെന്നാ.. "

"പറ്റില്ല...പറ്റില്ല ലൈല...എനിക്കതിനു കഴിയില്ല...എന്നെ കൊണ്ട് അതിന് സാധിക്കില്ല...എൻറെ ചങ്കിൽ ജീവൻ ഉള്ളിടത്തോളം കാലം എനിക്കതിനു കഴിയില്ല..നിന്റെ വേദനകൾ കണ്ടില്ലന്നു നടിക്കാൻ ആവില്ല..നിന്റെ നേർക്ക് ഉയരുന്ന കൈകളെ തടുക്കാതിരിക്കാൻ കഴിയില്ല എനിക്ക്...അതല്ല ഞാൻ എൻറെ റമിക്ക് നൽകിയ വാക്ക്.. നിനക്ക് നൽകിയ വാക്ക് മാത്രമേ നീ ഓർക്കുന്നുള്ളൂ ലൈല...നിന്റെ മുന്നിൽ നിന്നും റമിക്ക് ഞാൻ നൽകിയൊരു വാക്കുണ്ട്...ഒരു പോറൽ പോലും ഏല്പിക്കാതെ നിന്നെ സംരക്ഷിച്ചോളാമെന്ന്...ഒരുത്തനെയും നിന്റെ മേലിൽ തൊടാൻ അനുവദിക്കില്ലന്ന്...നിന്നെ ഇഞ്ചിഞ്ചിയായി കൊല്ലാൻ തക്കം പാർത്തിരിക്കുന്നവർക്ക് മുന്നിലേക്ക് ഒരിക്കലും നിന്നെ എറിഞ്ഞു കൊടുക്കില്ലന്ന്... ഒരേസമയം എനിക്ക് പാലിക്കേണ്ടതു രണ്ട് വാക്കാ..നിങ്ങൾ രണ്ട് പേർക്കും നൽകിയ വാക്കാ..അനുസരിക്കേണ്ടതു നിങ്ങളെ രണ്ട് പേരെയുമാ..." അവന്റെ ശബ്ദം അറിയാതെ ഉയർന്നു പോയി...അവളൊന്നു ചുറ്റും നോക്കി..

രാവിലെതന്നെ ആയതോണ്ട് ക്യാന്റീനിൽ കൂടുതൽ ആളുകളൊന്നുമില്ല..എന്നാലും കുറച്ചു പേരുണ്ട്..അവന് കാര്യം മനസ്സിലായി..അവനൊന്നു ശ്വാസം വലിച്ചു വിട്ടു.. "ലൈല...നീ തന്നെ പറാ...ആരെയാ ഞാൻ അനുസരിക്കേണ്ടത്..ആരെയാ ഞാൻ ധിക്കരിക്കേണ്ടത്..രണ്ട് പേരും എനിക്ക് ഒരുപോലെയാണ്..എന്നിട്ടും ഞാൻ കൂടുതലായും അനുസരിച്ചതു നിന്നെയാ..ഇന്നു അനുസരിക്കുന്നതും നിന്നെയാ... നിന്നെ സംരക്ഷിക്കാൻ കഴിയുന്നില്ലങ്കിൽ ഞാൻ പിന്നെ അവന്റെയും നിന്റെയും ഫ്രണ്ട്‌ ആണെന്ന് പറഞ്ഞു നടക്കുന്നതിൽ എന്താ കാര്യം.. നിന്റെ വേദനകൾക്ക് ഒരു പരിധി വരെയെങ്കിലും കുറവ് ഉണ്ടാക്കി തരാൻ കഴിയുന്നില്ലങ്കിൽ പിന്നെ ഞാൻ അവന് കൊടുത്ത വാക്കിന് എന്താ ഒരു വില...എന്താ ലൈല അതിനൊരു വില ഉള്ളത്... അന്നും ഇന്നും ഞാൻ തോറ്റു പോയത് നിങ്ങൾക്ക് മുന്നിലാ..നിങ്ങളുടെ രണ്ട് പേരുടെയും സ്നേഹത്തിന് മുന്നിൽ..അവന് വേണ്ടി എനിക്ക് നിന്നെ സംരക്ഷിച്ചേ മതിയാവുള്ളൂ ലൈല...

എന്നോട് ക്ഷമിക്കണം.. കെട്ടി വെച്ചിരിക്കുന്ന നിന്റെ കയ്യും കരഞ്ഞു കലങ്ങിയ കണ്ണുകളും കണ്ടപ്പോൾ സഹിച്ചില്ല.. വേദന എന്തെന്ന് നീ മാത്രല്ല..നിന്നെ വേദനിപ്പിച്ചവരും കൂടി അറിയണം...അറിയിച്ചു കൊടുത്തു...അത്രേയുള്ളൂ... " അവൻ ശബ്ദം താഴ്ത്തി സാവധാനത്തിൽ പറഞ്ഞു നിർത്തി.. "പക്ഷെ മുന്നാ...നിന്നെ അവർ കണ്ടിരുന്നെങ്കിലോ...ആ സജാദ് കണ്ടിരുന്നെങ്കിലോ..പിന്നെ നിനക്ക് അവിടെന്നു ജീവനോടെ പോകാൻ കഴിയുമായിരുന്നോ... എന്നെ സംരക്ഷിക്കാൻ നടന്നിട്ട് ഒരുത്തന്റെ അവസ്ഥ എന്തായി...? റമിക്ക് സംഭവിച്ചത് എന്താണെന്ന് കണ്ടതല്ലേ നീ.. അതു തന്നെ ആയിരിക്കും ഇനി നിനക്കും സംഭവിക്കുക...ഉറപ്പാ...എന്നെ രക്ഷിക്കാൻ നോക്കിയാൽ നിന്റെ ജീവനും കൂടി ആപത്തിലാവുകയെ ഉള്ളു..അവരൊന്നിനും മടിക്കില്ല ടാ..ആ സജാദ് നിന്നെ കൊന്നു കളയും.. " അവളുടെ ശബ്ദവും താണ് വന്നു..കണ്ണുകളിൽ ഒരേസമയം ഭയവും വേദനയും.. "ഇല്ലാ ലൈല...എനിക്കൊന്നും സംഭവിക്കില്ല..എന്നെ എന്ത് ചെയ്യാനാ അവർ...ഇതൊക്കെ നിന്റെ വെറും തോന്നലുകളാ..ഒരിക്കലും നീ ഭയക്കുന്നത് പോലെയൊന്നും സംഭവിക്കില്ല...സമാധാനമായി ഇരിക്ക്... "

അവൻ അവളുടെ രണ്ട് കൈകളും കൈക്കുള്ളിലാക്കി അവളുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ ഒന്ന് അടച്ചു കാണിച്ചു സമാധാന പെടുത്താൻ ശ്രമിച്ചു.. പെട്ടെന്നാണ് അവളൊരു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞത്... "വേണ്ടടാ..ഒന്നും വേണ്ടാ..എനിക്ക് പേടിയാ...അവർക്ക് എന്ത് സംഭവിച്ചാലും അതിന് പിന്നിൽ ഞാൻ ആണെന്നെ സജാദ് കരുതുകയുള്ളൂ...ഞാൻ ആണെന്ന് കരുതുകയല്ല..ഞാൻ തന്നെ ആയിരിക്കുമല്ലോ..അല്ലെങ്കിൽ എനിക്ക് വേണ്ടി നീ.. ആരു മുഖേനയായാലും അവർക്ക് എന്തെങ്കിലും ഒന്ന് സംഭവിച്ചാൽ സജാദ് അടങ്ങി നിൽക്കില്ല..എന്നിൽ അവർക്ക് എല്ലാവർക്കും വലിയൊരു ലക്ഷ്യമുള്ളത് കൊണ്ട് എന്നെ ഒന്നും തന്നെ ചെയ്യില്ലായിരിക്കും...പകരം എൻറെ വേദന കാണാൻ എൻറെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ കാണാൻ വേണ്ടി അവൻ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് സനുവിനെ ആയിരിക്കും...എന്തെങ്കിലുമല്ല..കൊന്നു കളയുക തന്നെ ആയിരിക്കും.. നിനക്ക് അറിയില്ലടാ അവനെ...

മനുഷ്യന്റെ മുഖം മാത്രമേ ഉള്ളു രണ്ടാൾക്കും...മൃഗമാ..ഉമ്മാനെക്കാളും വല്യ മൃഗമാ മകൻ..പത്താളുടെ കരുത്തും ക്രിമിനൽ ബുദ്ധിയുമാ രണ്ട് പേർക്കും...അതിന്റെ ഒന്നിച്ച് ആ പെണ്ണ് പിടിയൻ ആസിഫും.. അതു കൊണ്ടാടാ പറയുന്നേ...എടുത്തു ചാടി ഒന്നും ചെയ്യല്ലേ...എനിക്ക് ആകെ ഉള്ളത് സനുവാ...പിന്നെ നീയും...ഇനി നിങ്ങളെ രണ്ടാളെ കൂടി നഷ്ടപ്പെടുത്താൻ വയ്യാ...നിയമത്തിന്റെ വഴിക്ക് തന്നെ പോകാം..കേസ് നടന്നു കൊണ്ടിരിക്കുകയല്ലേ...ആദ്യം അതിന്റെ വിധി വരട്ടെ...അതുവരെ മാത്രമേ ഉള്ളു എന്റെ ഈ സഹനം..." അവൾ കരച്ചിലിന്റെ ഇടയിൽ വിങ്ങി വിങ്ങി പറഞ്ഞു..അവളുടെ കണ്ണ് നീർ അവന്റെ ഷർട്ട് നനച്ചു കൊണ്ടിരുന്നു..ആ നനവ് അവൻ അറിഞ്ഞില്ല..പക്ഷെ ചൂട് അറിഞ്ഞു..അവളുടെ ചുടു നീർ അവന്റെ നെഞ്ചിനെ പൊള്ളിച്ചു കൊണ്ടിരുന്നു..അവളുടെ വിധി ഓർത്ത് ഒരുനിമിഷം അവനും കണ്ണ് നിറച്ചു പോയി.. എങ്ങനെ ജീവിക്കേണ്ട പെണ്ണാ..

അവനു അവളുടെ അവസ്ഥ കണ്ടു ഉള്ളിൽ ഒരു പിടപ്പും അതേസമയം അവളെ ഇന്നീ അവസ്ഥയിൽ എത്തിച്ചവരോട് തീർത്താൽ തീരാത്ത പകയും തോന്നി. ഉള്ളിലെ സങ്കടം തീരുവോളം കരഞ്ഞോട്ടേന്ന് കരുതി അവൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു.. ** വീട്ടിൽ നിന്നും തട്ടി കയറ്റിയ ഫുഡ്‌ ഒന്നും എവിടെയും ഏശാത്തതു കാരണം എബി കോളേജിൽ എത്തിയതും നേരെ കാന്റീനിലേക്ക് വെച്ചു പിടിച്ചു.. സാധാരണ ക്യാന്റീനിലേക്ക് എത്തിയാൽ അവന്റെ കണ്ണുകൾ ആദ്യം ചെല്ലാറുള്ളത് ചില്ലു ബോക്സിന് അകത്തുള്ള ഹെവി പലഹാരങ്ങളിലേക്കാണ്.. പക്ഷെ ഇന്ന് അത് ഉണ്ടായില്ല..കാരണം കയറുമ്പോൾ തന്നെ അവൻ കണ്ടത് മുന്നയെയും അവനെ ചേർന്നിരിക്കുന്ന ലൈലയെയുമാണ്.. അത് കണ്ട അവൻ ആദ്യം നോക്കിയതു വാച്ചിലേക്കാണ്. താങ്ക് ഗോഡ്... 10 : 00 ആവാൻ ഇനിയും 15 മിനുട്സ്..എന്നു വെച്ചാൽ താജ് വരാൻ ഇനിയും അര മണിക്കൂർ..പത്തു മണിക്ക് തുടങ്ങുന്ന ക്ലാസിനു അവൻ എപ്പോഴും 15 മിനുട്സ് ലേറ്റ് ആയിട്ടേ വരുള്ളൂ..അതാണ് അവന്റെ പോളിസി.. അതേതായാലും നന്നായി...അത് കൊണ്ട് ഈ ചെക്കനും പെണ്ണും രക്ഷപ്പെട്ടു..ഇല്ലങ്കിൽ ഇവിടെ ഇപ്പൊ ഇരട്ട കൊല നടന്നേനെ..മാത്രമല്ല..

സൈക്കോന്നുള്ള അവന്റെ പേര് മാറി കില്ലർന്നും ആയേനെ.. ഒരു കണക്കിന് ഇവരു മാത്രല്ല..ഞാനും രക്ഷപ്പെട്ടു..അല്ലങ്കിൽ അവന്റെ താണ്ടവങ്ങൾക്കൊക്കെയുള്ള ഏക സാക്ഷിയാണെന്നും പറഞ്ഞു എന്നെ പിന്നെ എല്ലാരും ചേർന്നു സ്റ്റേഷനും കോടതിയുമൊക്കെ കേറ്റി ഇറക്കുകയും ചെയ്തേനേ.. ലൈലയെയും മുന്നയെയും അങ്ങനെ കണ്ടു അതു താജ് കണ്ടാലുള്ള പ്രത്യാഘാതങ്ങൾ ഓർത്തു പോയതും അവന്റെ വിശപ്പ് ഒക്കെ ആവിയായി പോയി.. എന്നാലും എന്തായിരിക്കും ഈ രാവിലെതന്നെ ഇവർക്ക് ഇങ്ങനെ സ്നേഹ പ്രകടനം നടത്താൻ..ഇനി താജ് പറയുന്നതിൽ വല്ല കാര്യവും ഉണ്ടോ കർത്താവെ.. അവൻ കുറച്ചു നീങ്ങി നിന്നു അവരെ തന്നെ എത്തി നോക്കാൻ തുടങ്ങി..അതു മുന്ന കണ്ടു..മുന്ന നോക്കുന്നതു കണ്ടതും അവൻ വേഗം നോട്ടം തെറ്റിച്ചു..ഞാനൊന്നും കണ്ടിട്ടേ ഇല്ലന്ന ഭാവത്തിൽ സൈഡിൽ ഇട്ടിരിക്കുന്ന കസേരയിലേക്ക് ഇരിക്കാൻ വേണ്ടി തിരിഞ്ഞതും അവന്റെ നല്ല ജീവനങ്ങു പോയി.

.എല്ലാം കണ്ടു കോപം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന താജ്നെയാണ്‌ തിരിഞ്ഞപ്പോൾ കണ്ടത്.. ഈശോയെ...തീർന്നു...എല്ലാം തീർന്നു..അവന്റെ മുഖത്ത് നവ രസങ്ങൾ മിന്നി മറിയാൻ തുടങ്ങി..അവൻ താജ്നെയും പിന്നിലേക്ക് തിരിഞ്ഞു അവരെയും മാറി മാറി നോക്കി.. താജ്ന്റെ മുഷ്ടി ചുരുണ്ടു..മസിലുകൾ വലിഞ്ഞു മുറുകി..മുഖം ചുമന്നു വിറച്ചു... അവൻ ഷർട്ട്ന്റെ കോളർ കയറ്റി മുന്നിലേക്ക് നടക്കാൻ ആഞ്ഞതും എബി അവന്റെ കയ്യിൽ പിടിച്ചു നിർത്തി മുഖത്തേക്ക് നോക്കി വേണ്ടാന്ന് പറഞ്ഞു തലയാട്ടി.. "ആൾക്കാരു ശ്രദ്ധിക്കുന്നു..കരച്ചിൽ നിർത്ത്.." മുന്നിൽ എബിക്കൊപ്പം താജ്നെ കൂടി കണ്ടതും മുന്ന വേഗം അവളുടെ തലയിൽ തട്ടി..അപ്പോഴാണ് അവൾക്ക് ബോധം വന്നത്..ഉള്ളിലെ വേദനകൾ പെയ്തു തീർക്കാൻ ഒരിടം കിട്ടുമ്പോൾ അറിയാതെ മനസ് കൈ വിട്ടു പോകുന്നതാണ്...അവൾ കണ്ണും മുഖവും അമർത്തി തുടച്ചു വേഗം മുഖം ഉയർത്തി അവനിൽ നിന്നും അകന്നു ഇരുന്നു.. "ലൈല..ഞാൻ ക്ലാസ്സിലേക്ക് പോകുവാ...

നീ വല്ലതും കഴിച്ചിട്ട് വാ...ഓക്കേ... " അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു അവൻ എഴുന്നേറ്റു.. "ഞാൻ കഴിച്ചതാ...എനിക്ക് ഒന്നും വേണ്ടാ... " "ലേറ്റ് ആയി വരുന്ന ദിവസങ്ങളിൽ തന്നെ നീ ഒന്നും കഴിക്കാറില്ല..ഇന്ന് നേരത്തെയാണ്‌ വന്നത്..അപ്പോ ഉറപ്പാണ് നീ ഒന്നും തന്നെ കഴിച്ചു കാണില്ലന്ന്...അതോണ്ട് കഴിച്ചിട്ട് വന്നാൽ മതി.." എണീക്കാൻ നോക്കിയ അവളെ അവിടെത്തന്നെ പിടിച്ചു ഇരുത്തി അവൾക്കുള്ള ഫുഡ്‌ ഓർഡർ ചെയ്തു അവൻ വേഗം അവിടെന്ന് പോയി..പോകുന്ന പോക്കിൽ താജ്ന്റെ മുഖത്തേക്ക് പുച്ഛത്തോടെ ഒന്ന് നോക്കാനും മറന്നില്ല അവൻ..അതൂടെ ആയതോടെ താജ്ന്റെ മുഖം ഇപ്പോൾ പൊട്ടി തെറിക്കുമെന്ന അവസ്ഥയായി...അവൻ തന്നെ പിടിച്ചു വെച്ചിരിക്കുന്ന എബിയുടെ കൈ അടർത്തി മാറ്റി.. "എടാ...വേണ്ടാ... " എബി വീണ്ടും അവന്റെ കയ്യിൽ പിടുത്തമിട്ടു.. "കൈ എടുക്കടാ... " "എടാ...അവൾ കഴിക്കാൻ ഇരുന്നതല്ലേ..നിന്നെ കണ്ടാൽ എണീറ്റു പോകും...കഴിച്ചു കഴിയട്ടേ..എന്നിട്ട് ചെല്ലാം നിനക്ക് അങ്ങോട്ട്‌... "

എന്ന് പറഞ്ഞു എബി കയറി അവന് കുറുകെ നിന്നു.. "എന്നെ തടയാൻ മാത്രം ആയിട്ടില്ല നീ...എനിക്കറിയാം എപ്പോ ചെല്ലണമെന്നും എപ്പോ ചെല്ലണ്ടാന്നും..മാറി നിക്കെടാ... " അവൻ പല്ല് ഞെരിച്ചു വല്ലാത്തൊരു കോപത്തോടെ പറഞ്ഞു..പറഞ്ഞിട്ട് കാര്യമില്ല..അനുസരിക്കില്ല..അതു അറിയാവുന്നോണ്ട് എബി അപ്പൊത്തന്നെ അവന്റെ മുന്നിന്ന് മാറി.. ജൂനിയർസിന് പണി കൊടുക്കാനുള്ള ഫ്രഷേഴ്‌സ് ഡേക്ക് പോലും രാവിലെ വരാത്തവനാ..ഫോൺ വിളിച്ചു ഒന്ന് വേഗം വാടാ ഇവിടെ കുറച്ചു പണിയുണ്ടെന്നു പറഞ്ഞപ്പോൾ എന്റെ നേരവും കാലവും ആവാതെ ഞാൻ വരില്ലന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു പോയവനാ..ഇന്ന് ഇവിടെ എന്ത് മാങ്ങാത്തൊലി ഉണ്ടെന്ന് കേട്ടിട്ട് ആണാവോ ഈ രാവിലെ തന്നെ കെട്ടി എടുത്തത്..ഇനി ഇവിടെ ഇതൊക്കെ നടക്കുന്നെന്ന് സ്വപ്നം കണ്ടിട്ട് എഴുന്നള്ളിയത് ആണാവോ..കർത്താവിന് അറിയാം..ഈ പെണ്ണിന്റെയൊരു കഷ്ടെ..എങ്ങോട്ട് തിരിഞ്ഞാലും കൃത്യമായി ഇവന്റെ കണ്ണിൽ തന്നെ വന്നു പെടുന്നുണ്ടല്ലോ..

എബി തലക്കും താങ്ങു കൊടുത്തു അവളുടെ അടുത്തേക്ക് ഒരു യുദ്ധത്തിനു പോകുന്ന അവനെയും നോക്കി നിന്നു.. അവൻ ചെന്നു അവൾക്ക് മുന്നിലുള്ള കസേര വലിച്ചു കാലിനു മീതെ കാലിട്ട് ഇരുന്നു..അപ്പോഴേക്കും അവൾ ഫുഡ്‌ കിട്ടി കഴിക്കാൻ തുടങ്ങിയിരുന്നു...ആരോ മുന്നിൽ വന്നു ഇരുന്നത് അവൾ അറിഞ്ഞു..അവൾ തല ഉയർത്തി നോക്കി..അവൻ ആണെന്ന് കണ്ടതും 'ഹൂ..ഇന്ന് രാവിലെ കെട്ടി എടുത്തോ ശല്യം' എന്ന് പിറു പിറുത്ത് കൊണ്ട് ഒട്ടും താല്പര്യമില്ലാത്ത ഭാവത്തിൽ അവനെ ഒന്ന് നോക്കി ഭക്ഷണത്തിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.. "എന്താ ഞാൻ നിന്നോട് പറഞ്ഞത്.. " അവൻ പരുക്കൻ ശബ്ദത്തിൽ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു...അവൾ കേട്ട ഭാവം നടിച്ചില്ലന്ന് മാത്രല്ല..പ്ലേറ്റിൽ നിന്നും കണ്ണ് പോലും അനക്കിയില്ല.. "ചോദിച്ചത് കേട്ടില്ലേ...എന്താ ഞാൻ നിന്നോട് പറഞ്ഞതെന്ന്...? " അവന്റെ ശബ്ദം കനത്തു...അപ്പോഴും അവൾക്ക് ഭാവ വ്യത്യാസമൊന്നുമില്ല..ശ്രദ്ധ മുഴുവനും തീറ്റയിൽ തന്നെ...മുന്നിൽ ഇരുന്നു തൊണ്ട കീറി ചോദിച്ചിട്ടും ഒരു മറുപടി പോയിട്ട് അവൾക്കൊരു അനക്കം പോലുമില്ലന്ന് കണ്ടതും അവനു ഒന്നാകെ വന്നു..ദേഷ്യം വന്നിട്ട് കണ്ണ് കാണുന്നുണ്ടായിരുന്നില്ല..

എന്നിട്ടും അവളുടെ അടുത്ത് വന്നിരിക്കുമ്പോൾ എങ്ങനൊക്കെയോ അടക്കി പിടിച്ചതായിരുന്നു...നന്നാവാൻ സമ്മതിക്കില്ല...ഈ ജന്തു എന്റെ കയ്യിന്നു വാങ്ങിക്കാതെ പോകില്ല.. അവൻ അവളുടെ മുന്നിൽ നിന്നും പ്ലേറ്റ് വലിച്ചു...അപ്പോഴും അവൾ തല ഉയർത്തി നോക്കിയില്ല..അവൻ വലിച്ച പ്ലേറ്റ് തിരിച്ചു തന്റെ മുന്നിലേക്ക് തന്നെ വലിക്കാൻ നോക്കി..പക്ഷെ അവൻ വിട്ടില്ലാ..പ്ലേറ്റിൽ അമർത്തി പിടിച്ചു.. "എന്താടാ നാറി നിനക്ക് വേണ്ടത്...കഴിക്കുമ്പോൾ പോലും എനിക്ക് അല്പം സ്വസ്ഥ തരില്ലേ നീ.." സഹികെട്ട അവൾ അരിശത്തോടെ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി അമർത്തി ചോദിച്ചു.. "അയ്യോ...തമ്പുരാട്ടി തല ഉയർത്തിയോ..മുഴുവനും കഴിച്ചിട്ട് മതിയായിരുന്നു..അടിയന് തിരക്ക് ഒന്നും ഇല്ലാ...എത്ര നേരം വേണമെങ്കിലും കുമ്പിട്ട് ഇരുന്നോളാം ഇവിടെ... " അവന്റെ പരിഹാസ വാക്കുകൾ അവളെ ഒന്നൂടെ ദേഷ്യം പിടിപ്പിച്ചു.. "എന്താടാ പട്ടി നിനക്ക് വേണ്ടത്..പോയി പോയി എന്നെ ഒന്ന് കഴിക്കാൻ പോലും സമ്മതിക്കില്ലന്നായോ..എങ്ങോട്ട് തിരിഞ്ഞാലും അവിടേക്ക് കെട്ടി എടുക്കും മാരണം... തണ്ടും തടിയും കണ്ടാൽ പറയില്ല ഫുഡ്‌നോട് ഇത്രേം ആക്രാന്തമുള്ള ആളാണെന്ന്..

.മറ്റുള്ളവരുടെ പാത്രത്തിൽ കയ്യിട്ടു വാരാൻ വന്നേക്കുന്നു മര്യാദ ഇല്ലാത്ത സാധനം...എന്റെ പ്ലേറ്റ് ഇങ്ങു താടാ പിച്ചക്കാരാ... " അവൾ പ്ലേറ്റിലേക്ക് കൈ വെക്കാൻ നോക്കിയതും അവൻ ഒന്നൂടെ നീക്കി വെച്ചു... "എടാ തെണ്ടി പട്ടി...നിന്നോടാ പറഞ്ഞത് പ്ലേറ്റ് തരാൻ...നിനക്ക് വേണമെങ്കിൽ കാശു കൊടുത്തു വേറെതു വാങ്ങിക്ക്...ഇനി കാശില്ലാത്തതാണോ പ്രശ്നം...എന്നാൽ നിന്റേത് ഞാൻ കൊടുത്തോളം...ഒന്നല്ല..ഒരു നൂറ് പ്ലേറ്റ് തന്നെ വാങ്ങിച്ചോ..അങ്ങനെയെങ്കിലും ഒഴിഞ്ഞു കിട്ടുമല്ലോ ആർത്തി പണ്ടാരത്തിന്റെ ശല്യം...കഴിച്ചോണ്ടിരുന്ന പ്ലേറ്റ് പിടിച്ചു വെക്കാതെ ഒന്ന് എണീറ്റു പോടാ അവിടെന്ന്..." "അല്ലെങ്കിലും എനിക്കൊന്നും വേണ്ടാ നിന്റെ എച്ചിൽ..ഈ ലോകം തന്നെ ഇട്ട് മൂടാൻ ആസ്തിയുള്ള ഞാനെന്ന പിച്ചക്കാരന് ഫുഡ്‌ ഓഫർ ചെയ്തു തന്നു തമ്പുരാട്ടി ബുദ്ധിമുട്ടുകയും വേണ്ടാ... ഞാൻ ചോദിച്ചതിനുള്ള മറുപടി താ...അത് തരാതെ ഇതിന്റെ ബാക്കി കഴിക്കുന്നത് പോയിട്ട് നിനക്ക് ഇവിടുന്നൊന്നു അനങ്ങാൻ കൂടി കഴിയില്ല...സമ്മതിക്കില്ല ഞാൻ..."

"മനുഷ്യൻമാർക്ക് ഇവിടെ വിശപ്പ് സഹിക്കാൻ പറ്റാതെയായിപ്പോയി...അല്ലങ്കിൽ ഈ പ്ലേറ്റ് വലിച്ചു എടുത്തു നിന്റെ തലയ്ക്ക് കമിഴ്ത്തേണ്ട സമയം എപ്പോഴേ കഴിഞ്ഞു...എന്താ നീ ചോദിച്ചത്..ഞാൻ കേട്ടില്ല..ഒന്നൂടെ ചോദിച്ചു തുലയ്ക്ക്... " "നിന്റെ ചെവിക്കല്ലു പൊട്ടാൻ പാകത്തിന് ശബ്ദം എടുത്തു ചോദിച്ചിട്ടും നീ കേട്ടില്ലന്നോ... " "ഇല്ലെന്നല്ലേ പറഞ്ഞത്...നിനക്ക് വേണമെങ്കിൽ ചോദിച്ചാൽ മതി...അല്ലങ്കിൽ ഒന്ന് എഴുന്നേറ്റു പോ.." "എന്താ ഞാൻ നിന്നോട് പറഞ്ഞതെന്ന്.... " അവന്റെ ശബ്ദം വീണ്ടും ഉയർന്നു.. "എന്ത് പറഞ്ഞൂന്നാ നീ... " അവൾ അവനെക്കാൾ ശബ്ദം എടുത്തു എഴുന്നേറ്റു നിന്നു ചോദിച്ചു...അത്രക്കും സഹികെട്ടിരുന്നു അവൾ... "തൊണ്ട പൊട്ടിക്കണ്ടാ...പതുക്കെ പറഞ്ഞാൽ മതി...പതുക്കെ...പെണ്ണിന്റെ ശബ്ദം എപ്പോഴും ആണിന്റെ ശബ്ദത്തിനേക്കാൾ താണ് ഇരിക്കണം.." അവൾ തന്നെക്കാൾ കൂടുതലായി ശബ്ദം എടുത്തത് അവന് ഇഷ്ടപ്പെട്ടില്ല... "അത് നീ നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി...പതുക്കെയല്ല..ഉറക്കെയാ...ഉറക്കെ തന്നെയാ ഞാൻ നിന്നോട് സംസാരിക്കുക..എനിക്ക് പേടിയില്ല നിന്നെ...നിന്നെ പേടിച്ച് പഞ്ച പുച്ഛം അടക്കി നിൽക്കാൻ ഞാൻ നിന്റെ ചിലവിൽ കഴിയുന്നവളല്ലാ...

എന്നോട് എന്ത് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും ആ ബോധം എപ്പോഴും ഉണ്ടായിരിക്കണം നിനക്ക്....അതിനാ...അതിന് വേണ്ടിയാ ഈ ശബ്ദം... വന്നു ഇരുന്നപ്പോ തൊട്ടു ചോദിക്കാൻ തുടങ്ങിയതാണല്ലോ നീ എന്താ ഞാൻ നിന്നോട് പറഞ്ഞതെന്ന്...എന്ത് പറഞ്ഞൂന്നാ നീ പറയുന്നേ...ഓരോ ദിവസം ചെല്ലും തോറും നിന്റെ മണ്ടയുടെ നെട്ടും ബോൾടും മൊത്തത്തിൽ ലൂസ് ആകുവാണല്ലോ... " "വല്ലാണ്ട് അങ്ങ് കിടന്നു കാറാതെടീ...എന്താടി ഇപ്പോ ഇവിടെ നടന്നേ..വല്യ പുണ്യാളത്തി ആണല്ലോ നീ...സ്വന്തം ദേഹത്തേക്ക് ഒരുത്തനും നോക്കുന്നതു ഇഷ്ടമല്ല..തൊടുന്നതു ഇഷ്ടമല്ല...ഏതവനെങ്കിലും അറിയാതെ ഒന്ന് മുട്ടിയാൽ പോലും അറപ്പോടെ നോക്കുകയും കടു കട്ടിയായി നാലെണ്ണം പറയുകയും ഒടുക്കം എന്നെന്നേക്കുമുള്ള ഓർമ്മയ്ക്കായി ഒരെണ്ണം പൊട്ടിക്കുകയും ചെയ്യുന്ന ശീലാവതിയാണ്.. എന്നിട്ടു എന്താടി ഇപ്പോ ഇവിടെ നടന്നത്...ക്ലാസ്സിന്നും ലൈബ്രറിന്നുമൊക്കെ കാണിക്കുന്ന പ്രകടനങ്ങൾ പോരാഞ്ഞിട്ട് ആണൊ ബാക്കിയിപ്പോ ഇവിടെ തുടങ്ങിയത്...

അവന്റെ ഒന്നിച്ച് ഇരിക്കുമ്പോഴോ അവൻ തൊടുമ്പോഴോ നിനക്ക് ഒരു പ്രശ്നവും ഇല്ലല്ലേ...അവനെ ഒട്ടി ചേർന്നു ഇരിക്കുന്നു...അവന്റെ നെഞ്ചത്ത് വീണു കരയുന്നു...അവൻ നിന്റെ തലയിൽ തലോടുന്നു.. ഹൗ...അങ്ങനെ എന്തൊക്കെ...പരസ്യമായി ഇങ്ങനൊക്കെ ചെയ്യുന്നതിനു നിനക്കൊരു മടിയും ഇല്ലല്ലോ...ഇതിനൊന്നും നിനക്കൊരു കുഴപ്പവും ഇല്ലല്ലോടീ.. എന്താടി ഇന്നലെ ഞാൻ നിന്നോട് പറഞ്ഞത്...എന്റെ മുന്നിൽ അല്ലാതെ മറ്റൊരു പട്ടിയുടെയും മുന്നിൽ കണ്ണ് നിറച്ചു നിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ ടീ നിന്നോട് ഞാൻ...ഇത്ര വേഗം മറന്നോ നീയത്...നിന്റെ കണ്ണുനീർ കാണാനുള്ള ഒരേയൊരു അവകാശി അത് ഞാൻ ആണെന്ന് പറഞ്ഞതല്ലേടീ നിന്നോട്.. ഒന്നും കേൾക്കില്ലല്ലേ നീ...എന്നെ അനുസരിക്കില്ലല്ലേ..എന്നെ കേൾക്കാനും അനുസരിക്കാനുമൊന്നും കഴിയില്ലല്ലേ നിനക്ക്....? " അവൻ എഴുന്നേറ്റു സൈഡിൽ കിടക്കുന്ന കസേര അവളുടെ മുന്നിലേക്ക് ചവിട്ടി തെറിപ്പിച്ചു ഒന്നാകെ ചീറ്റാൻ തുടങ്ങി.. "ഒരുവട്ടം ഞാൻ പറഞ്ഞു കഴിഞ്ഞു..നിന്നെ കേൾക്കാനും നിന്നെ അനുസരിക്കാനും നിന്റെ ചിലവിൽ കഴിയുന്നവളല്ല ഞാനെന്ന്... എന്റെ ജീവിതം..എന്റെ ഇഷ്ടം..എൻറെ രീതികൾ..

അതിലൊന്നും ചോദ്യം ചെയ്യാനോ കൈ കടത്താനോ വരരുത്..എനിക്കിഷ്ടമല്ല.. പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്...എന്റെ കാര്യങ്ങളിൽ ഇടപെടാൻ വരരുത്...വരരുത് എന്ന് പറഞ്ഞാൽ വരരുത്...എത്ര വട്ടം പറയണം ഒന്നുതന്നെ...ഒരുകാലത്തും ഞാൻ പറയുന്നത് ഒന്നും തന്നെ നിന്റെ തലയിലേക്ക് കയറില്ലന്നാണോ.. എത്ര ഉളുപ്പ് ഇല്ലെന്ന് പറഞ്ഞു നടക്കുന്നവർക്ക് ആയാലും പെണ്ണൊരുത്തി മുഖത്ത് നോക്കി ചെറ്റയെന്ന് വിളിച്ചാൽ മതി...ഉളുപ്പ് താനേ വന്നോളും..പിന്നെ അവളോട്‌ സംസാരിക്കുന്നത് പോയിട്ട് അവളുടെ മുന്നിലേക്ക് അറിയാതെ പോലും വരില്ല..നിനക്കതു പോലും ഇല്ലല്ലോ അമൻ...കാണ്ടാ മൃഗത്തിന്റെ തോല് കൊണ്ട് നിർമിച്ചതാണോ നിന്നെ.. നീ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം ഒന്നല്ല ഒരു നൂറ് വട്ടം നിനക്ക് ഞാൻ തന്നതാ... പിന്നെ ഇപ്പോ ഉത്തരം കിട്ടിയാലേ പൊന്നു മോനു സമാധാനമാവുള്ളൂന്ന് ഉണ്ടെങ്കിൽ ഞാൻ പറയാം.. ഞാൻ അവനെ ഒട്ടി ചേർന്നു ഇരുന്നതാണ് നിന്റെ പ്രശ്നം.

.അതിനേക്കാൾ കൂടുതലായി അവന്റെ മുന്നിൽ നിന്നും കരഞ്ഞത്..അല്ലേ...എന്നാൽ കേട്ടോ നീ.. ഞാൻ മനസ് തുറക്കുന്നതും എന്റെ വേദനകൾ പങ്കു വെക്കുന്നതും എന്നെ സ്നേഹിക്കുന്നവർക്ക് മുന്നിലാ..എന്റെ സങ്കടങ്ങൾ ഞാൻ കരഞ്ഞു തീർക്കുക എന്നെ അറിയുന്ന എന്നെ മനസ്സിലാക്കുന്ന എൻറെ എല്ലാമെല്ലാമായവർക്ക് മുന്നിലാ..ഞാൻ എന്നല്ല...എല്ലാവരും അങ്ങനെ തന്നെയാ.. നമ്മളെ സ്നേഹിക്കുന്നവർക്ക് മാത്രമേ നാം പറയാതെ നമ്മളെ അറിയാനും നമ്മുടെ ഉള്ളം മനസ്സിലാക്കാനും സാധിക്കുകയുള്ളൂ...അങ്ങനെയുള്ളവരോട് മാത്രമേ നമുക്ക് സുഖമോ ദുഃഖമോ വേദനയോ എന്ന് വേണ്ട നമ്മുടെ ജീവിതത്തിന്റെ ഏതു അവസ്ഥയും പങ്കു വെക്കുവാൻ കഴിയുകയുള്ളൂ.. അല്ലാതെ നിന്നെപ്പോലെ മനുഷ്യനെ അറിയാത്ത മനുഷ്യ മനസ്സിനെ അറിയാത്ത ഒരുത്തനോട് അല്ല...ലോകത്തുള്ള എന്തും ഏതും പണം കൊണ്ട് കൈപിടിയിൽ ഒതുക്കാമെന്ന് കരുതി കയ്യിലുള്ള കാശിന്റെ അഹന്ത കാണിച്ചു

എല്ലാവരെയും ചൊല്പടിക്ക് നിർത്തുകയും നിനക്ക് തോന്നിയത് പോലെ പെരുമാറുകയും ചെയ്യുന്ന നിന്നെപ്പോലെ ഒരുത്തന്റെ മുന്നിൽ അല്ല മനസ് തുറക്കേണ്ടത്...നിന്റെ മുന്നിൽ അല്ല നോവും നൊമ്പരവും പറഞ്ഞു കണ്ണ് നിറക്കേണ്ടത്.. കാരണം നിനക്ക് അറിയില്ല അതൊന്നും...കണ്ണീരിന്റെ വില എന്തെന്ന് നിനക്ക് അറിയില്ല...ഒരു മനസ്സിന്റെ വേദന എന്തെന്ന് നിനക്ക് അറിയില്ല അമൻ...എന്ത് കൊണ്ടെന്നാൽ അതൊന്നും നീ അറിഞ്ഞിട്ടില്ല..അനുഭവിച്ചിട്ടില്ല അമൻ.. മതിയല്ലോ.. കിട്ടിയല്ലോ നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ..ഇപ്പോ സമാധാനം ആയല്ലോ... പിന്നെ ഒന്നൂടെ പറഞ്ഞേക്കാം...നീ ഇന്നലെ പറഞ്ഞത് തന്നെ...അതിലൊരു തിരുത്ത്...ഒരു ചെറിയ തിരുത്ത്.. ഈ ലോകത്ത് ആരുടെയൊക്കെ മുന്നിൽ കണ്ണ് നിറച്ചു കെഞ്ചി യാചിച്ചു നിന്നെന്നാലും ഒരിക്കലും നിന്റെ മുന്നിൽ അങ്ങനൊന്നു ഉണ്ടാകില്ല...ലൈലയാ പറയുന്നേ...ഒരിക്കൽ പോലും നിന്റെ മുന്നിൽ വന്നു നിന്നു ഞാൻ കരയില്ല അമൻ...അതിന് നീ സ്വപ്നം കാണുകയും വേണ്ടാ...നിന്റെ മുന്നിൽ വന്നു നിന്നു ഏങ്ങൽ അടിച്ചു കരയുന്ന എന്റെ മുഖമാണ് നിന്റെ സ്വപ്നം എങ്കിൽ അതങ്ങു കാറ്റിൽ പറത്തിയേരെ...

ഉറപ്പിച്ചു പറയുകയാ...കണ്ണ് നിറയ്ക്കില്ല നിന്റെ മുന്നിൽ..ഒരുകാലത്തും അങ്ങനൊരു തോൽവി നിനക്ക് മുന്നിൽ സമ്മതിച്ചു തന്നു നിന്നെ വിജയത്തിൽ എത്തിക്കില്ല ഞാൻ...ഓർത്ത് വെച്ചോ നീ...വാശിയുടെ കാര്യത്തിൽ നിന്നോളം പോന്ന ഒരുത്തി തന്നെയാ ഈ പറയുന്നത്...പോ..ഇനി മേലിൽ എന്റെ കാര്യങ്ങളിൽ ഇട പെടാനോ എന്നെ ശല്യം ചെയ്യാനോ ആയി വരരുത്... " അവൾ ഘോരം ഘോരം ശബ്ദിച്ചു കൊണ്ട് അവസാന വാണിംഗ് എന്ന രീതിയിൽ അവന്റെ നേർക്കു വിരൽ ചൂണ്ടി നിർത്തി.. "മറ്റാരുടെ മുന്നിൽ കണ്ണ് നിറച്ചാലും എന്റെ മുന്നിൽ നിറയ്ക്കില്ലല്ലേ..വാശി ആണല്ലേ..എന്നാൽ എനിക്ക് അതൊന്നു കാണണമല്ലോ...." എന്ന് പറഞ്ഞു അവൻ അവളുടെ മുടി കുത്തിൽ ഒരൊറ്റ പിടിയായിരുന്നു...അതൊട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു അവൾ.. "വിട്...." അവൾ രണ്ട് കൈ കൊണ്ടും അവന്റെ കൈയിൽ പിടുത്തമിട്ടു പറഞ്ഞു.. " വിടാനോ...അതിന് നിന്റെ മുടിയുടെ വണ്ണം എത്ര ഉണ്ടെന്ന് അറിയാൻ വേണ്ടി പിടിച്ചതല്ല..

നിനക്ക് നോവാൻ..നോവ് സഹിക്കാൻ വയ്യാതെയുള്ള നിന്റെ കരച്ചിൽ കാണാൻ വേണ്ടിയാടീ... " എന്ന് പറഞ്ഞു അവൻ അവളുടെ മുടി കുത്തിലുള്ള പിടി അമർത്തി.. "ആാാ...അമൻ...കളിക്കാൻ നിക്കരുത്...വിട്...വിടാനാ പറഞ്ഞത്...വേദനിക്കുന്നു..." "വേദനിക്കണം...വേദനിക്കാൻ വേണ്ടി തന്നെയാ..അതുമാത്രം പോരാ...കരയണം...കരയണം നീയെന്റെ മുന്നിൽ...വേദന സഹിക്കാൻ വയ്യാതെ അലറി കരയണം...കരയ്...കരയടീ...എങ്കിൽ വിടാം..എങ്കിൽ മാത്രം... " അവൻ അവളെ പിടിച്ച പിടിയാലെ കറക്കി തിരിച്ചു തന്റെ മുന്നിലേക്ക് നിർത്തിച്ചു...അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല..കണ്ണുകൾ അടച്ചു ഇറുക്കി പിടിച്ചു...ഉടലിൽ നിന്നും തല വേർപ്പെട്ടു പോകുന്ന വേദന അനുഭവപ്പെട്ടു അവൾക്ക്...തലച്ചോർന്റെ ഉള്ളിലേക്ക് അതി ശക്തിയായി എന്തോ ഒന്ന് പ്രവഹിക്കുന്നതും അതു തന്റെ തലച്ചോർനെ നൂറായി പിളർക്കുന്നതു പോലെയും തോന്നി അവൾക്ക്...അസഹനീയമാണ് വേദന...എന്നും തോറ്റു പോകുന്നതും അവന്റെ ഈ കൈ കരുത്ത്നു മുന്നിലാണ്... പക്ഷെ ഇന്ന്..ഇന്നില്ല..തോൽക്കില്ല..തോറ്റു കൊടുക്കില്ല...കൊന്നു കളയുക ആണെന്നാൽ പോലും കണ്ണ് നിറയ്ക്കില്ല...

അവൾ ഒന്നൂടെ കണ്ണുകൾ ഇറുക്കി പിടിച്ചു.. "ശത്രു മുന്നിൽ വന്നു നിന്നു ആക്രമത്തിലേക്ക് കടന്നു കഴിഞ്ഞപ്പോൾ ഒന്നും കാണാതെയും അറിയാതെയും ഇരിക്കാൻ വേണ്ടി ഇരുട്ടിലേക്ക് സഞ്ചരിച്ചിരിക്കുന്നു...ബേഷ്..ബലെ ബേഷ്...ഭീരുവിന്റെ അടയാളമാണെടീ ഇത്...വ്യക്തമായി എനിക്ക് മുഖം തരാതെയുള്ള നിന്റെ ഈ നിൽപ്പിൽ തന്നെ ഉണ്ടെടീ നിന്റെ പരാജയം...നിന്റെ കണ്ണ് നിറഞ്ഞത് ഞാൻ കാണണ്ടന്ന് കരുതി അല്ലേ കണ്ണും പൂട്ടിയുള്ള നിന്റെ ഈ നിൽപ്...ധൈര്യമുണ്ടെങ്കിൽ കണ്ണ് തുറക്കടീ...നിന്റെ നിറഞ്ഞ കണ്ണുകൾ കാണിച്ചു തന്നു തോൽവി സമ്മതിക്കടീ... " അവൻ പറഞ്ഞു തീർന്നില്ല..അതിന് മുന്നേ കൊടുങ്കാറ്റിന്റെ വേഗതയോടെ അവൾ കണ്ണ് തുറന്നു...അവളുടെ കണ്ണുകളിലേക്ക് നോക്കിയ അവനൊരു നിമിഷം ഞെട്ടി നിന്നു..കരുതിയത് പോലെ കണ്ണ് നിറഞ്ഞിട്ടില്ല..ചുവന്നു കലങ്ങിയിട്ടില്ല..എന്തിന്...കൺകോണിൽ ഒരു നനവ് പോലും പടർന്നിട്ടില്ല...പകരം കനൽ എരിയുന്നു...

തന്നെ ചുട്ടു എരിക്കാൻ പാകത്തിന് കനൽ എരിയുന്നു ആ കണ്ണുകളിൽ.. കേവലം ഒരു പെണ്ണിന് കണ്ണീർ അടക്കി നിർത്താൻ ഇത്രേം കഴിവോ...അവളുടെ മന കരുത്ത് കണ്ടു അവനൊന്നു വല്ലാതെയായി.. "ഇപ്പോൾ എന്ത് പറയുന്നു അമൻ...ആർക്കാ പരാജയം..എനിക്കോ അതോ നിനക്കോ...നിനക്ക് തന്നെ അമൻ...നിനക്ക് മാത്രം.. വിശ്വാസം വരുന്നില്ലല്ലേ...ഈ കണ്ണുകളിൽ ഒരിറ്റു നനവ് എങ്കിലും പടർന്നിട്ടുണ്ടാകുമെന്നല്ലേ നീ കരുതിയത്...അത് ഉണ്ടാവില്ല അമൻ..ആദ്യമെ ഞാൻ പറഞ്ഞു കഴിഞ്ഞ കാര്യമാ അത്...എന്നിട്ടും അത് കേൾക്കാത്തതും വിശ്വസിക്കാത്തതും നീയാ...തെറ്റാ..നിന്റെ തെറ്റ്...അല്ല..തോൽവിയാ...എനിക്ക് മുന്നിലുള്ള നിന്റെ വൻ തോൽവി.. സംശയം ഉണ്ടെങ്കിൽ വീണ്ടും നോക്കിക്കോ...എവിടെ എങ്കിലും കാണുന്നുണ്ടോ..ഒരു തുള്ളി കണ്ണ് നീർ എങ്കിലും നിനക്കീ കണ്ണുകളിൽ നിന്നും കണ്ടു പിടിക്കാൻ സാധിക്കുന്നുണ്ടോ...ഉണ്ടെങ്കിൽ പറാ .ഞാൻ തോറ്റു തന്നേക്കാം...ഇനി നിന്റെ മുന്നിൽ വാ തുറക്കാതെ നിന്നോളം... " അവളുടെ മുഖത്ത് ഒരേസമയം തന്നോടുള്ള പരിഹാസവും പുച്ഛവും നിറഞ്ഞു വന്നതു അവൻ അറിഞ്ഞു..എന്തൊക്കെ ആണെങ്കിലും എത്രയൊക്കെ ആയെങ്കിലും തോറ്റു കൊടുക്കാൻ അവനും തയാർ അല്ലായിരുന്നു...

സ്കാഫിനുള്ളിൽ അവൾ മടക്കി കുത്തി വെച്ചിരിക്കുന്ന അവളുടെ ഇട തൂർന്നു കിടക്കുന്ന ഓരോ മുടികളും അടി വേരോടെ പിഴുതു മാറാൻ പാകത്തിന് അവൻ അവന്റെ പിടുത്തത്തിന്റെ ശക്തി വർധിപ്പിച്ചു...വേദന സഹിക്കാൻ കഴിയാതെ ഉള്ളിൽ പൊട്ടി കരയുകയായിരുന്നു അവൾ...താൻ മരിക്കാൻ പോകുകയാണോ എന്നുവരെ തോന്നിപ്പോയി അവൾക്ക്...എന്നിട്ടും കരഞ്ഞില്ല..വാശിയോടെ സഹിച്ചു പിടിച്ചു നിന്നു...ഇത്രേമൊക്കെ ആയിട്ടും ഒന്നും സംഭവിക്കാത്തതു പോലെയുള്ള അവളുടെ നിൽപ് കണ്ടു അവൻ കോപം കൊണ്ട് അടി മുടി വിറച്ചു സകല ശക്തിയോടും കൂടെ അവളെ മുന്നിലേക്ക് ആഞ്ഞു തള്ളി.. "ഉമ്മാാാ.... " അതുവരെ അടക്കി പിടിച്ചു നിന്ന അവളുടെ മുഴുവൻ വേദനയും വീഴ്ചയ്ക്ക് മുന്നേ ഒരു അലറലായി അവൾ പോലും അറിയാതെ പുറത്തേക്ക് വന്നു...അത് കേട്ടു അവന്റെ മുഖത്ത് വിജയ ചിരി വിരിഞ്ഞു... "എന്താ നീയീ കാണിക്കുന്നേ...ഭ്രാന്ത് ആയോ നിനക്ക്..." അവളെ നിലം പതിക്കാൻ അനുവദിക്കാതെ അതുവരെ അവന്റെ എല്ലാ ചെയ്ത്തും നിസ്സഹായതയോടെ നോക്കി നിന്നിരുന്ന എബി ഓടി വന്നു അവളെ താങ്ങി പിടിച്ചു...ഇട പെടാൻ വന്നാൽ അവനു ദേഷ്യം വരുമെന്ന് എബിക്ക് അറിയാമായിരുന്നു..

.അതു കൊണ്ടാ ഇത്രേം നേരം ഒന്നും മിണ്ടാതെ നോക്കി നിന്നത്..മാത്രമല്ല.അവൻ അതിരു വിടുമെന്ന് കരുതിയില്ല..ഇത്രേം ക്രൂരത അവളോട്‌ കാണിക്കുമെന്നും കരുതിയില്ലാ..അവൾ വേദനയോടെയും അതേസമയം നന്ദിയോടെയും എബിയുടെ മുഖത്തേക്ക് നോക്കി..അതു താജ്നു ഒട്ടും ഇഷ്ടപ്പെട്ടില്ല.. "നിന്നോടാരാ പറഞ്ഞെ ഇവളെ പിടിക്കാൻ....ഇവളെ പിടിക്കാൻ ഞാനുണ്ട്... " അവൻ എബിയുടെ നേർക്ക് ചാടി.. "എന്നിട്ടു നീ ഇവളെ പിടിക്കുകയാണോ ചെയ്തത്...പിടിച്ചു തള്ളി ഇടുകയല്ലേ ചെയ്തത്..." എബി അവളെ ശെരിക്കു നിർത്തിച്ചു കൊണ്ട് താജ്നോട് ചോദിച്ചു..എബിക്ക് അവനോട് നല്ലത് പോലെ ദേഷ്യം തോന്നുന്നുണ്ടായിരുന്നു.. "എന്നെ ചോദ്യം ചെയ്യാൻ നീയാരെടാ...നിന്നെ ഞാനിപ്പോ ഇങ്ങോട്ട് വിളിച്ചോ...ഇല്ലല്ലോ...പോ...ഇത് ഞാനും ഇവളും തമ്മിലുള്ള പ്രശ്നം...അതിൽ നീ വേണ്ടാ...നീയെന്നല്ലാ...എനിക്കും ഇവൾക്കും ഇടയിൽ മൂന്നാമതൊരാൾ വേണ്ടാ...അതോണ്ട് പോകാൻ നോക്ക് നീ...ഞാൻ വന്നോളാം..."

"താജ്...വേണ്ടാ...മതിയാക്ക്...നീയും ഇവളും ഞാനും മാത്രമല്ല ഇവിടെ ഉള്ളത്...നിന്റെ പ്രവർത്തികൾക്ക് ഞാൻ മാത്രം അല്ലടാ കാഴ്ചക്കാരൻ...എല്ലാവരും ശ്രദ്ധിക്കുന്നു..." എന്ന് പറഞ്ഞു എബി ഒന്ന് ചുറ്റിലേക്കും കണ്ണോടിച്ചു കാണിച്ചു..അപ്പോഴാണ് അവനും അവളും ചുറ്റിലേക്കും ശ്രദ്ധ തിരിച്ചത്..അധികം ആൾക്കാരില്ല...പക്ഷെ ഉള്ള മൊത്തം ആൾക്കാരുടെയും നോട്ടം തങ്ങളുടെ നേർക്കാണ്..അതും ഇവിടെയൊരു കൊലപാതകം നടക്കുന്നതു പോലെയാണ് അവരുടെ നോട്ടവും ശ്രദ്ധയും മുഖ ഭാവവും..അവരെ പറഞ്ഞിട്ട് കാര്യല്ല..ആണല്ലോ...കൊലപാതകം തന്നെയാണല്ലോ...പച്ചയ്ക്ക് കൊല്ലാ കൊല ചെയ്യുകയാണല്ലോ ഈ രാക്ഷസൻ എന്നെ...ഇത്രേം ആളുകളുടെ മുന്നിൽ വെച്ചാണ് ഒരു പുഴുത്ത പട്ടിയെ ചെയ്യുന്നത് പോലെ ഇവൻ തന്നോടു ചെയ്തതെന്ന് ഓർത്തതും നാണക്കേടും സങ്കടവും കാരണം അറിയാതെ അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി പുറത്തു ചാടി..അത് എബി കണ്ടു...അവളുടെ അവസ്ഥ കണ്ടു അവനു സഹതാപം തോന്നി..

വാ പോകാന്നും പറഞ്ഞു അവൻ ദേഷ്യത്തോടെ താജ്ന്റെ കൈ പിടിച്ചു വലിച്ചു.. "പോകാന്നോ...എങ്ങോട്ട്...എനിക്ക് ആരെയും പേടിയില്ല...ആരു വേണമെങ്കിലും ശ്രദ്ധിക്കട്ടേ...എനിക്കൊരു കുഴപ്പവുമില്ല... ആരുടെ മുന്നിൽ കണ്ണ് നിറച്ചാലും എന്റെ മുന്നിൽ കണ്ണ് നിറയ്ക്കില്ലന്ന്..വാശി ആണെന്ന്...എന്നാൽ അതൊന്നു കണ്ടിട്ട് പോകാന്ന് കരുതി.. എനിക്ക് കാണണം..ഇവളുടെ കരച്ചിൽ എനിക്ക് കാണണം...കരയണം...ഇല്ലങ്കിൽ കരയിപ്പിക്കും ഞാൻ ഇവളെ...അത് കാണാതെ എങ്ങോട്ടുമില്ല ഞാൻ..ഞാനൊന്നു കാണട്ടെ എത്ര നേരം ഇവൾക്ക് എന്റെ മുന്നിൽ കണ്ണ് നിറയ്ക്കാതെ വാശിയോടെ പിടിച്ചു നിൽക്കാൻ കഴിയുമെന്ന്..." എന്ന് പറഞ്ഞു അവൻ വീണ്ടും അവളുടെ നേർക്ക് അടുക്കാൻ നോക്കിയതും എബി രണ്ട് കൈ കൊണ്ടും അവനെ വട്ടം ചുറ്റി പിടിച്ചു തടഞ്ഞു നിർത്തി..

"എന്നെ തടയുന്നോ നീ.... പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്...പോകാനാ പറഞ്ഞത്...പോടാ.. " അവൻ രണ്ട് കൈ കൊണ്ടും എബിയുടെ നെഞ്ചിൽ പിടിച്ചു മുന്നിലേക്ക് തള്ളി...എബി രണ്ട് മൂന്നടി മുന്നിലേക്ക് തെറിച്ചു പോയി...എബിക്ക് മനസ്സിലായി ഇനി അവൻ അടങ്ങില്ലന്ന്...അവന്റെ ദേഷ്യം ഉച്ചിയിൽ കയറിയിരിക്കുകയാണ്..ഇനി കണ്ണും മൂക്കും ഉണ്ടാകില്ല..എബിക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല..അവൻ ലൈലയെ നോക്കി..അവളുടെ മുഖത്ത് വേദനയും പകയും മാറി മറിയുന്നു..അവൻ അടുക്കുന്നതിന് അനുസരിച്ചു അവൾ ഭയത്തോടെ പിന്നിലേക്ക് നീങ്ങുന്നുണ്ട്...അവന്റെ ദേഷ്യം വല്ലാണ്ട് മൂർച്ചിച്ചതു കൊണ്ടാവണം ചുറ്റും കാഴ്ചക്കാരായി നിൽക്കുന്നവരുടെ മുഖത്ത് ആകെയൊരു പകപ്പും ഇനിയെന്തെന്ന ചോദ്യവും.. .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story