ഏഴാം ബഹർ: ഭാഗം 15

ezhambahar

രചന: SHAMSEENA FIROZ

"കൈ കരുത്ത് കൊണ്ട് നിനക്ക് എന്നെ തോല്പിക്കാൻ പറ്റുമായിരിക്കും...എന്നെ വേദനിപ്പിച്ചു കരയിപ്പിക്കാൻ നിനക്ക് കഴിയുമായിരിക്കും അമൻ...പക്ഷെ അപ്പോഴും തോൽക്കുന്നത് നീയാ.. എന്ത് കൊണ്ടാണെന്നു അറിയുമോ...ഒരിക്കലും നിന്നെയോ നിന്റെ വാക്കുകളെയോ ഞാൻ എൻറെ മനസ്സിൽ കയറ്റുകയില്ല..ഒരിക്കലും ഞാൻ നിന്നെ കേൾക്കുകയോ അനുസരിക്കുകയോ ചെയ്യില്ല...ഇപ്പോഴും അനുസരിക്കുന്നില്ല..ഞാൻ തോൽവി സമ്മതിക്കുന്നില്ല...നീ നിന്റെ ശരീര ബലം കൊണ്ട് എന്നെ തോല്പിക്കാൻ ശ്രമിക്കുകയാണ്‌..അതിൽ നിന്നു തന്നെ വ്യക്തമല്ലെ...മന കരുത്തിൽ എപ്പോഴും നീ എനിക്ക് പിന്നിൽ ആണെന്ന്.. " അവൻ അടുത്തേക്ക് എത്തുന്നതിന് മുന്നേ തന്നെ ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ അവൾ പറഞ്ഞു...അവൾ പറയുന്നത് ഒക്കെ ശെരിയാണെന്ന് അവനു അറിയാമായിരുന്നു..എങ്കിലും വാശിയാണ്‌..അവളുടെ മുന്നിൽ തോറ്റു കൊടുക്കില്ലന്ന വാശി.. കോപം കൊണ്ട് വിറക്കുന്ന കണ്ണുകളോടെ അവൻ അവളിലേക്ക് നടന്നടുത്തു..

തൊട്ടു മുന്നിൽ വന്നു നിൽക്കുന്ന അവന്റെ കണ്ണുകളിലെ ദേഷ്യവും ചുവപ്പും കണ്ടു അവളുടെ ഭയം വർധിച്ചു..എന്നാലും അവളതു പുറത്തു കാണിച്ചില്ല..കണ്ണുകളിൽ അങ്ങേയറ്റം ധൈര്യം നിറച്ചു ഒട്ടും പതർച്ച ഇല്ലാതെ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ട് നിന്നു.. പെട്ടെന്നാണ് അവന്റെ കൈ അവളുടെ മുഖത്തിന് നേരെ ഉയർന്നത്..അവൾക്ക് കാര്യം മനസ്സിലായില്ല..എന്തെന്നുള്ള അർത്ഥത്തിൽ അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. "മതി...ഇത്രയും മതി എനിക്ക്...ഒരു തുള്ളി പോലും കണ്ടു കിട്ടില്ലന്ന് പറഞ്ഞിട്ട്...? ഒരിറ്റു പോലും നനവ് കാണില്ലന്ന് പറഞ്ഞിട്ട്...? തോറ്റു പോയിരിക്കുന്നു അല്ലേ..വേദന സഹിക്കാൻ കഴിഞ്ഞില്ലല്ലേ.. അതേ..നീ തോറ്റിരിക്കുന്നു...മിസ്സ്‌ ലൈല ജബീൻ..നീയെന്റെ മുന്നിൽ തോറ്റിരിക്കുന്നു...മതി...ഇതാ ഞാൻ ആഗ്രഹിച്ചത്.

.ഇത് മാത്രം...ഇത്രയും മതി എനിക്ക്..." അവളുടെ കണ്ണിൽ നിന്നും പുറത്തു ചാടാൻ വെമ്പൽ കൊണ്ട ഒരു തുള്ളി കണ്ണ് നീരിനെ കണ്പോളകളിൽ നിന്നും വിരൽ തുമ്പിലേക്ക് എടുത്തു അവൻ അവളുടെ മുഖത്തേക്ക് തന്നെ തട്ടി തെറിപ്പിച്ചു കൊണ്ട് പറഞ്ഞു..അവളൊന്നും മിണ്ടിയില്ല..അവന്റെ മുഖത്തെ പരിഹാസവും വിജയ ചിരിയും അവളുടെ ഉള്ളിൽ അവനോടുള്ള ദേഷ്യവും വെറുപ്പും കൂട്ടുന്നുണ്ടായിരുന്നു.. "ഇനി പോ...എന്റെ മുന്നിന്ന് പോ...ജയിക്കാൻ ആവില്ല നിനക്ക്...എന്നോട് ഏറ്റു മുട്ടി ഒരുകാലത്തും ജയിക്കാൻ ആവില്ല നിനക്ക്..ഇതൊരു പാഠം ആയിക്കൊള്ളട്ടേ...ഓർമയിൽ ഇരിക്കട്ടെ..ഇനി ഈ താജ്ന് മുന്നിൽ വെല്ലുവിളി നടത്തുമ്പോഴോക്കെ നിനക്കിതു ഓർമ വരണം...പിന്നെ താനേ നിന്റെ ചോര തിളപ്പ് ഇല്ലാതായിക്കോളും.. " അവൻ അവളുടെ ഷോൾഡറിൽ അമർത്തി പിടിച്ചു സൈഡിലേക്ക് തള്ളി..അവൾ തീ പാറുന്ന കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി.. "എനിക്ക് പോകാൻ നീ പറഞ്ഞു തരണ്ട...വന്നിട്ട് ഉണ്ടെങ്കിൽ പോകാനും എനിക്കറിയാം..

ചെറ്റയെന്നും നാറിയെന്നും നിന്റെ മുഖത്ത് നോക്കി വിളിച്ചു നടക്കുമ്പോൾ ഒരിക്കൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല നിന്റെ ഉള്ളിലൊരു കാട്ടാളൻ ഉണ്ടെന്ന്... എവിടെ കൊണ്ട് പോയി തീർക്കും നീ ഈ പാപങ്ങളൊക്കെ...ഇനി ഏതു പുണ്യ വെള്ളത്തിൽ കഴുകിയാലാണ് നിന്റെ ഈ പാപക്കറയൊക്കെ ഒന്ന് തീരുക.. നിന്റെ കരുത്തും ബലവും കൊണ്ട് നിനക്ക് ഇന്ന് എന്ത് വേണമെങ്കിലും ചെയ്യാം.ആരെ വേണമെങ്കിലും തോല്പിക്കാം.. പക്ഷെ നാളെ...റബ്ബിന്റെ കോടതിയിൽ ഇതിനൊക്കെയുള്ള ഉത്തരം നീ നൽകേണ്ടി വരും..അതു തീർച്ച തന്നെ...ഭക്ഷണത്തിനു മുന്നിൽ വെച്ചു വേണ്ടായിരുന്നു നിന്റെ ഈ ക്രൂരത...വിശന്നു ഭക്ഷണം കഴിക്കാൻ ഇരുന്ന നേരത്ത് വേണ്ടായിരുന്നു എന്നോടുള്ള നിന്റെ പരാക്രമണം.. നോക്കിക്കോ...ഇതിനൊക്കെ ഉള്ളത് അനുഭവിച്ചിട്ടേ നീ ചാവൂ...

കയ്യും കാലും ഒടിഞ്ഞു തൂങ്ങി കണ്ണ് പൊട്ടി ചെവി കേൾക്കാതെ ഇഴഞ്ഞും കിടന്നും നരകിച്ചു പുഴു അരിച്ചു ചീഞ്ഞു നാറിയെ നീ ചാവുള്ളൂ..ഞാൻ നേർച്ച വെക്കും അങ്ങനെ സംഭവിക്കാൻ..നോക്കിക്കോ നീ... " എന്ന് പറഞ്ഞു അവനെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അവളു പോകാൻ നോക്കി..രണ്ടടി മുന്നോട്ടു നടന്നതും എന്തോ ഓർത്തത് പോലെ പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു എബിയെ നോക്കി. "എന്നെ മുഴുവനും കഴിക്കാൻ അനുവദിച്ചിട്ടില്ല..ബാക്കി ആ ടേബിളിൽ തന്നെ ഉണ്ട്...അതെടുത്തു ഉരുട്ടി ഉരുട്ടി ഇവന്റെ വായിലേക്ക് തിരുകി കയറ്റ്...എന്റെ എച്ചിൽ തന്നെ വേണമെന്ന്..." എന്ന് എബിയോട് പറഞ്ഞു പുച്ഛത്തോടെ താജ്ന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവൾ അവിടെ നിന്നും വേഗത്തിൽ ഇറങ്ങിപ്പോയി.. * മുന്നയെയും ലൈലയെയും എബി കാണുന്നതിന് മുന്നേ അവിടെ മറ്റൊരാൾ കണ്ടിരുന്നു.. അവരെ രണ്ടു പേരെയും ഒന്നിച്ച് കണ്ടപ്പോൾ എബിക്ക് ഉണ്ടായത് പോലെ പേടി അല്ലായിരുന്നു അയാൾക്ക്‌ ഉണ്ടായത്.. ആ മുഖത്ത് വർധിച്ച കോപമായിരുന്നു..

ലൈലയെ മുന്നയോട് ഒപ്പം കണ്ടതിന്.. അവർക്ക് ഇടയിലുള്ള സ്നേഹം കണ്ടു ആ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു വിറക്കുന്നുണ്ടായിരുന്നു.. ക്യാന്റീനിൽ നിന്നും ഇറങ്ങിയ മുന്നയോ മുന്നയ്ക്ക് ശേഷം ഇറങ്ങി പോയ അവളോ കണ്ടില്ല മറഞ്ഞു നിന്നു തങ്ങളെ ശ്രദ്ധിക്കുന്ന രണ്ട് രൂക്ഷമായ കണ്ണുകളെ... * അവളെ അവിടെ താജ്ന്റെ മുന്നിൽ വിട്ടിട്ടു വന്നിട്ട് മുന്നയ്ക്ക് ഒരു സമാധാനവും ഉണ്ടായില്ല..താജ്ന്റെ മുന്നിൽ പിടിച്ചു നിക്കാൻ അവൾക്ക് കഴിയും..അവനെന്തു പറഞ്ഞാലും ചെയ്താലും അതിന് മറുപടി നൽകാനും എല്ലാം നേരിടാനുമുള്ള ശക്തിയും അവൾക്ക് ഉണ്ട്..എന്നാലും അവൻ അവളെ വേദനിപ്പിക്കുമോ എന്നതായിരുന്നു മുന്നയുടെ ഭയം..തന്റെ ഒന്നിച്ച് അവളെ കണ്ടതിലുള്ള ദേഷ്യം അവന്റെ മുഖത്ത് ഉണ്ടായിരുന്നു..അവന്റെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നതു താൻ കണ്ടതാ..എന്നിട്ടും അതൊന്നും കണ്ടില്ലന്ന് നടിച്ചു അവളെ അവന്റെ മുന്നിൽ തനിച്ചാക്കി പോന്നു.. ഒഴിഞ്ഞു മാറിയതാ..

മനഃപൂർവം ഒഴിഞ്ഞു മാറിയതാ അവന്റെ മുന്നിൽ നിന്നും..എന്റൊപ്പം അവളെ കണ്ടാൽ അവൻ വെറുതെ നിക്കില്ല..ഉറപ്പായും ഒന്നും രണ്ടും പറഞ്ഞു ചൊറിയാൻ വരും..അതു കണ്ടും കേട്ടും വെറുതെ നിക്കാൻ എനിക്കും കഴിയില്ല..വാക്കും വഴക്കുമായി ഒടുക്കം അതു കയ്യാങ്കളിയിൽ ചെന്നു നിക്കും.. അത് അവൾക്ക് വേദനയാണ്..ഞാൻ അവളെ അനുസരിക്കുന്നില്ലന്ന വിഷമം..അവൾ കാരണം എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി..അവൾക്ക് വേണ്ടിയാണ്‌ ഞാൻ എപ്പോഴും പ്രശ്നത്തിൽ ചെന്നു ചാടുന്നേന്നുള്ള എന്റെ ഉമ്മാന്റെ വേവലാതിയും കണ്ണുനീരും കണ്ടതിലുള്ള വേദന.. അവളു വേദനിക്കുന്നതു കാണാൻ എനിക്ക് കഴിയില്ല..ഇപ്പോൾത്തന്നെ ആ കരച്ചിൽ പോലും ഞാൻ കാരണമാണ്..അവൾ അറിയാതെ ഇന്നലെ രാത്രി ഞാൻ അങ്ങനൊന്നു ചെയ്തതിന്..അത് മൂലം അവൾക്ക് ഇനിയും നഷ്ടം സംഭവിക്കുമോന്നുള്ള ഭയമാണ് ആ കരച്ചിലിനു കാരണം.. "മുന്നാ..എന്തുപറ്റി...എന്തെങ്കിലും പ്രശ്നം...? " സീറ്റിൽ ഇരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അവന്റെ മുഖത്ത് എന്തോ ഒരു അസ്വസ്ഥത പ്രകടമായി കണ്ട നുസ്ര ചോദിച്ചു.. "ഏയ്‌...പ്രശ്നോ..എന്ത് പ്രശ്നം...ഒന്നുല്ല. "

"ഞാൻ നിന്റെയീ ഇരിക്ക പൊറുതി ഇല്ലാത്ത നിൽപ് കണ്ടു ചോദിച്ചതാ..അല്ലടാ..ലൈല എവിടെ..ബാഗ് കാണാനുണ്ട്..പെണ്ണിനെ കാണാനില്ലല്ലോ.. " "ക്യാന്റീനിലാ...ഇപ്പോ വരും.. " "അപ്പൊ നോക്കി ചെല്ലണ്ട അല്ലേ.. ഞാൻ അവളെ നോക്കി ലൈബ്രറിയിലേക്ക് പോകാൻ നിക്കായിരുന്നു..." "വേണ്ടാ...വീട്ടിന്നു കഴിച്ചില്ലന്ന് പറഞ്ഞു..അതാ ഇന്ന് പതിവ് ഇല്ലാതെ ക്യാന്ടീൻ..ഇപ്പോ വരും... " അവൻ പറഞ്ഞു..നുസ്ര ആന്നും പറഞ്ഞു തലയാട്ടിക്കൊണ്ട് സീറ്റിൽ പോയിരുന്നു..നുസ്ര തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതും അവൻ ഒന്ന് മൈൻഡ് സ്വസ്ഥതമാക്കി സീറ്റിലേക്ക് ചെന്നു..എന്നാലും ഇത്രേം നേരം ആയിട്ടും അവളെ ക്ലാസ്സിലേക്ക് കാണാത്തത് കാരണം അവന് പൂർണമായും സ്വസ്ഥമാവാൻ കഴിഞ്ഞില്ല.. ** ക്ലാസ്സിലേക്ക് അല്ല..വാഷ് റൂമിലേക്ക്‌ ആണ് അവൾ നേരെ ചെന്നത്..അകത്തു കയറി വാതിൽ ലോക്ക് ചെയ്തു..പിന്നെ ടാപ്പും on ചെയ്ത് വെച്ചു ഒരൊറ്റ കരച്ചിൽ ആയിരുന്നു.. എന്തിനെന്നു അറിയില്ല..ശരീരവും മനസ്സും ഒരുപോലെ വേദനിക്കുന്നു..

എത്രയൊക്കെ അവന്റെ മുഖത്ത് നോക്കി ചെറ്റയാണെന്നും നാറി ആണെന്നും വിളിക്കുന്നുണ്ടെങ്കിലും അവന്റെയുള്ളിൽ ഒരു ക്രൂര മൃഗം ഉറങ്ങി കിടക്കുന്നുണ്ടെന്നു കരുതിയിരുന്നില്ല.. അവന്റെ തോന്നിവാസങ്ങളൊന്നും ഇഷ്ടമല്ലാത്തതു കൊണ്ടാ എപ്പോഴും അവനെ തെമ്മാടിയെന്നു വിളിച്ചു നടക്കുന്നത്..അപ്പോഴൊക്കെ മനസ്സിൽ തോന്നാറുണ്ട് തനിക്ക് മാത്രമാണല്ലോ ബാക്കി ആർക്കും അവൻ തെമ്മാടി അല്ലല്ലോന്ന്..അഥവാ ആണെങ്കിൽ തന്നെ എല്ലാവർക്കും താജ് എന്നാൽ നൂറു നാവും ഒരുപാട് ഇഷ്ടവുമാണല്ലോന്ന്.. എന്തൊക്കെ തല തെറിച്ച കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അവന്റെ ഉള്ളിൽ ഒരു നന്മ ഉണ്ടാകുമെന്ന് കരുതി..ഞാൻ കാണാനും അറിയാനും ശ്രമിക്കാത്ത മറ്റൊരു മുഖവും മനസ്സുമൊക്കെ ഉണ്ടാകുമെന്നു കരുതിയിരുന്നു..അതായിരിക്കും തനിക്ക് അവനോടു ഇത്രേമൊക്കെ ഇഷ്ട കുറവ് തോന്നിയിട്ടും ബാക്കി എല്ലാവർക്കും അവൻ ജീവൻ ആകാനെന്ന്..

.നുസ്രയും പറഞ്ഞിരുന്നു പുറമെ കാണിക്കുന്ന ദേഷ്യവും വാശിയും മാത്രമേ ഉള്ളു..അറിഞ്ഞു നോക്കിയാൽ നല്ലവനാണെന്ന്.. പക്ഷെ ഇപ്പോ മനസ്സിലായി..അങ്ങനൊന്നും അല്ലന്ന്..അറിഞ്ഞു നോക്കാത്തത് നന്നായി അവനെ.. ദുഷ്ടനാ..ഇത്രേമൊക്കെ ക്രൂരത കാണിക്കാൻ എന്താ ഞാൻ അവനോടു ചെയ്തിട്ടുള്ളത്..ഒരിക്കൽ പോലും ഞാൻ അവന്റെ പിന്നാലെ അവന്റെ കാര്യങ്ങളിൽ ഇടപെടാൻ പോയിട്ടില്ല..എപ്പോഴും ഇങ്ങോട്ടാ വരുക..ആ വരുന്ന നേരത്ത് ഒക്കെ കഴിവതും ഒഴിഞ്ഞു മാറുകയും കണ്ടില്ലന്ന് നടിക്കുകയുമാ ചെയ്യാറ്.. എന്നിട്ടും അവൻ.. ഈ രാക്ഷസനെയാണല്ലോ സനു എന്റെ രക്ഷകൻ എന്നു പറഞ്ഞത്.. രക്ഷിക്കാനായി ഒരുത്തനും വന്നില്ലങ്കിലും സാരല്യ റബ്ബേ..ഇങ്ങനെ ശിക്ഷിക്കുന്നവരുടെ മുന്നിലേക്ക് നീ എന്നെ എറിഞ്ഞു കൊടുക്കല്ലേ.. ഒരു പെണ്ണിന്റെ വേദനയും കണ്ണുനീരും കണ്ടു ആനന്ദിക്കുന്നവൻ..വാശിയും ദേഷ്യവും തീർക്കുന്നതു പെണ്ണിനെ വേദനിപ്പിച്ചിട്ട്.. അതിന്റെ അർത്ഥം ഇവൻ സജാദ്നെ പോലെയാണെന്നല്ലേ..

ഒരിക്കലും വിചാരിച്ചിരുന്നില്ല ഇവന്റെ ഉള്ളം ഒരു കരിങ്കല്ലിനേക്കാൾ ഉറച്ചതാണെന്ന്..ഇവൻ ഇത്രേം വലിയൊരു ക്രൂരൻ ആണെന്ന്.. സാധാരണ അവൻ എന്ത് ചെയ്താലും അതവന്റെ തെമ്മാടിത്തരമായി കണ്ടു അതിനുള്ള മറുപടി കൊടുത്തു അതൊക്കെ അവിടെ വിടുകയാണ് പതിവ്..ഒന്നും പിന്നേയും പിന്നെയും ഓർക്കാറില്ല..ഓർത്ത് വെച്ചു നടക്കാറില്ല ഒന്നും... പക്ഷെ ഇന്ന്...വേദന പോകുന്നേയില്ല..മനസ്സും ശരീരവും ഒരുപോലെ വേദനിക്കുന്നു..ഓർക്കും തോറും കരച്ചിൽ കൂടി കൂടി വരുന്നു..മരണം മുന്നിൽ കണ്ടത് പോലെയായിരുന്നു ആ നിമിഷങ്ങൾ..സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..എങ്ങനെയാ അവന്റെ മുന്നിൽ പിടിച്ചു നിന്നത് എന്ന് ഇപ്പോഴും അറിയുന്നില്ല.. അവൾ ചുറ്റി വെച്ചിരിക്കുന്ന സ്കാഫ് അഴിച്ചു..കുത്തി വെച്ചിരിക്കുന്ന ക്ലിപ്പ് എടുത്തു മുടി ലൂസ് ആക്കി വിട്ടു.. വെള്ളം എടുത്തു മുഖത്തേക്ക് ആഞ്ഞു വീശി..തലയും മുടിയുമൊക്കെ ചെറുതായി ഒന്ന് നനച്ചു വിട്ടു.. അല്പം ആശ്വാസം തോന്നി അവൾക്ക്.. സ്കാഫ് ചെയ്തു കണ്ണും മുഖവും അമർത്തി തുടച്ചു ഒന്നും സംഭവിക്കാത്ത പോലെ അവൾ വെളിയിലേക്ക് ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു.. ** "നീ വരുന്നില്ലേ... " അവൾ പോയി കഴിഞ്ഞിട്ടും അവൻ അവിടെന്നു അനങ്ങാത്തതു കണ്ടു എബി ചോദിച്ചു.

"ഇല്ലാ..നീ പൊക്കോ.. " അവൻ അടുത്തുള്ള കസേര വലിച്ചു അതിലേക്കു നീണ്ടു ഇരുന്നു ഒരു കൈ നെറ്റിയിൽ താങ്ങു കൊടുത്തു..ശേഷം കാലുകൾ മുന്നിലേക്ക് നീട്ടി നിവർത്തി വെച്ചു.. "എന്നാൽ ഞാനും പോകുന്നില്ല.. " എബിയും ഒരു കസേര വലിച്ചിട്ട് ഇരുന്നു..താജ് ഒന്നും മിണ്ടിയില്ല..കണ്ണുകൾ അടച്ചു നെറ്റി തടവാൻ തുടങ്ങി.. "എല്ലാം ചെയ്തു കൂട്ടിയിട്ട് ഇപ്പോ ടെൻഷൻ കയറി നെറ്റിയും തടവി ഇരിക്കുന്നു..." "ടെൻഷനോ..ആർക്ക്.. " അവൻ കണ്ണ് തുറന്നു നെറ്റിയിൽ നിന്നും കൈ പിൻവലിച്ചു എബിയെ നോക്കി പുരികം ചുളിച്ചു... "അപ്പോ നിനക്ക് ടെൻഷനും ഇല്ലേ..ഞാൻ കരുതി ഇപ്പോ ചെയ്തു കൂട്ടിയതൊക്കെ ഓർത്ത് മൈൻഡ് ഡിസ്റ്റർബഡ് ആയിരിക്കുമെന്ന്... " "ടെൻഷൻ അടിക്കാൻ വേണ്ടി ഞാനൊരു കാര്യവും ചെയ്യാറില്ല..അഥവാ ചെയ്താൽ തന്നെ അതോർത്തു ടെൻഷൻ അടിക്കാറുമില്ല.." "അപ്പൊ ചെയ്‍തത് തെറ്റാണെന്ന ഒരു തോന്നൽ പോലും നിനക്കില്ലേ താജ്..ദേഷ്യം കൊണ്ടായിരിക്കാം..വാശി കയറിയിട്ട് ആയിരിക്കാം..എന്നാലും ചെയ്‍തത് കുറച്ചു കൂടി പോയി എന്നൊരു തോന്നൽ പോലും നിനക്ക് ഇല്ലേ...വല്ലാത്ത സാധനം തന്നെ നീ.. "

"അതിന് ഞാനെന്തു ചെയ്തൂന്നാ നീ പറയുന്നേ..? " അവൻ ഇഷ്ടക്കേടോടെ ചോദിച്ചു. "എന്ത് ചെയ്തൂന്നോ..ഇത്രേമൊക്കെ ചെയ്തു കൂട്ടിയിട്ടും ഒരു കൂസലുണ്ടോ നോക്കിക്കേ...എത്ര നിസ്സാരമായാ ചോദിക്കുന്നോ..ഇത്ര വേഗത്തിൽ മറന്നോ നീയിപ്പോ അവളോട് ചെയ്തതൊക്കെ... " എബിയുടെ മുഖത്ത് പതിവ് ഇല്ലാത്ത ദേഷ്യം പ്രകടമായി. "വെറുതെ ഒന്നുമല്ലല്ലോ..എന്നെ വാശി കയറ്റാൻ നിന്നിട്ടല്ലേ..ദേഷ്യം പിടിപ്പിച്ചിട്ടല്ലേ.. നീയും കണ്ടതല്ലേ അവളെന്താ ചെയ്‌തതെന്ന്..എനിക്ക് മുന്നയെ ഇഷ്ടമല്ലന്ന് നിനക്ക് അറിയില്ലേ..? അവൾക്കും അറിയാം അത്..അവൾ അവനോടു സംസാരിക്കുന്നത് പോലും എനിക്കിഷ്ടമല്ല..എന്നിട്ടാണ് തൊട്ടുരുമ്മി ഇരിക്കലും കെട്ടിപ്പിടിക്കലും കരയലുമൊക്കെ.. ഇഷ്ടപ്പെട്ടില്ല അതു കണ്ടപ്പോൾ..ഒന്നാകെ വന്നു...എന്നിട്ടും ആദ്യം നീ വേണ്ടാന്ന് പറഞ്ഞപ്പോൾ സഹിച്ചു നിന്നു.. പിന്നെ നിയന്ത്രണം വിട്ടു പോയത് അവളുടെ വർത്താനം കേട്ടപ്പോഴാ...നീയും കേട്ടതല്ലേ..? എന്തൊക്കെയാ അവളു ഇവിടെ നിന്നു പ്രസംഗിച്ചത്..

എനിക്ക് നോവും നൊമ്പരവും ഇല്ല..എനിക്ക് വേദന എന്തെന്ന് അറിയില്ല..അതുകൊണ്ട് ഒരുകാലത്തും എൻറെ മുന്നിൽ നിന്നും കണ്ണ് നിറക്കില്ലന്ന്... അതൊക്കെ കേട്ടാൽ പിന്നെ വെറുതെ നിക്കാൻ പറ്റുമോ...എന്താ അവളുടെ വിചാരം..ഈ ലോകത്ത് അവൾക്ക് മാത്രമാണ് ജീവനും മനസ്സും വേദനയുമൊക്കെ ഉള്ളത് എന്നോ.. ഞാനും അവളെപ്പോലെ ഒരു മനുഷ്യൻ തന്നെയാ..എനിക്കും ഉണ്ട് ഒരു മനസ്..അതിൽ എന്താണെന്ന് അവൾക്ക് അറിയുമോ..എൻറെ ജീവിതം എന്താണെന്നും എങ്ങനെ ആണെന്നും അവൾക്ക് അറിയുമോ.. ഇല്ലാ..ഒന്നും അറിയില്ല..അവൾ അറിഞ്ഞിട്ടില്ല എന്നെ..അവളെന്നല്ല..ആരും.. അങ്ങനെയുള്ള അവൾക്ക് എന്നെ വിലയിരുത്തേണ്ട ആവശ്യം എന്താ..എന്നെ അറിയാൻ ശ്രമിക്കാത്ത അവൾക്ക് എന്നെ കുറ്റം പറയാനുള്ള അർഹത എന്താ.. അവൾ വേദന അനുഭവിക്കുന്നത് ഒരുതരത്തിൽ ആണെങ്കിൽ ഞാൻ മറ്റൊരു തരത്തിൽ അനുഭവിക്കുന്നുണ്ടാകും..അതെന്താ അവൾ ചിന്തിക്കാത്തത്..

അവളുടെ ഒച്ചയും സംസാരവുമൊന്നും എനിക്ക് പിടിച്ചില്ല..കരയില്ലന്ന് പറഞ്ഞു വെല്ലുവിളിച്ചില്ലേ..എങ്കിൽ ഒന്ന് കരയിപ്പിച്ചിട്ട് തന്നെ കാര്യമെന്ന് തോന്നി.. " "ആയിക്കോട്ടെ..ശെരി...അതിന് ഇങ്ങനെ വേദനിപ്പിക്കുകയാണോ ടാ വേണ്ടത്...നിന്റെ പ്രവർത്തി കണ്ടിട്ട് എനിക്ക് തന്നെ പേടിയായി...അവളുടെ മുഖം കണ്ടിട്ട് സങ്കടവും.. ആദ്യമായിട്ടാ ഞാൻ അവളെ ഇങ്ങനെ കാണുന്നെ...നീ അവളുടെ മുഖം ശ്രദ്ധിച്ചിരുന്നോ..വേദന സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവൾക്ക്..എന്നിട്ടും നിന്റെ മുന്നിൽ തോറ്റു പോകരുത് എന്നുകരുതി പിടിച്ചു നിന്നതാ.. എന്നത്തേയും പോലെ അല്ല താജ്..ഇന്ന് നീ ചെയ്‍തത് വല്ലാണ്ട് കൂടിപ്പോയി..നിന്റെ പകുതിടെ പകുതിക്കേ ഉള്ളു അവൾ..നിന്റെ കൈ കരുത്ത് താങ്ങാനുള്ള ശേഷി ഒന്നും അതിന് ഇല്ലാ..എന്തെങ്കിലും സംഭവിച്ചു പോയിരുന്നു എങ്കിലോ...കുറ്റം മാത്രമല്ല നിനക്ക്..നഷ്ടം കൂടിയ ഉണ്ടാവുക...നീ സ്നേഹിക്കുന്ന പെണ്ണല്ലേ ടാ..നിനക്ക് സ്വന്തമാകേണ്ടവളല്ലേ ടാ..

ആ അവളെ ഇങ്ങനെയൊക്കെ വേദനിപ്പിക്കാൻ പാടുമോ... " "ആ..എനിക്കറിയില്ല..അന്നേരം അങ്ങനൊക്കെ തോന്നി...ചെയ്തു...ഇനി പറഞ്ഞിട്ട് എന്താ കാര്യം.. " "തെണ്ടി..ഒരു കാലത്തും നന്നാവില്ലടാ നീ..എനിക്ക് തോന്നി ചെയ്തു...എന്ത് പറയുമ്പോഴും ചോദിക്കുമ്പോഴുമുള്ള നിന്റെയീ മറുപടി ഉണ്ടല്ലോ അതാ നീ ആദ്യം നിർത്തേണ്ടത്.. മനുഷ്യൻമാരായാൽ ഏതെങ്കിലും ഒരു കാര്യത്തിന് സീരിയസ്നെസ് വേണം..എല്ലാം ഒരുപോലെ നിസ്സാരമാക്കി കളഞ്ഞൂട...നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് എനിക്കറിയാം..സ്വന്തം വാപ്പ പറഞ്ഞാൽ കൂടി കേൾക്കാത്തെയും അനുസരിക്കാത്തെയും നീയാണോ എന്നെ കേൾക്കാനും അനുസരിക്കാനും പോകുന്നേ..അല്ലേ..? " "ഞാനെന്തു വേണമെന്നാ നീ ഈ പറയുന്നേ...അവൾക്ക് വേണ്ടി എന്റെ സ്വഭാവം മാറ്റണമെന്നോ...അതോ ഞാൻ തന്നെ മാറണമെന്നോ.. നോ..നെവർ...അതൊരിക്കലും ഉണ്ടാകാൻ പോകുന്നില്ല..അതാണ് പറഞ്ഞു വരുന്നത് എങ്കിൽ നിർത്തിക്കോ...

എനിക്കൊന്നും കേൾക്കണമെന്നില്ല...ഉപദേശം എനിക്കിഷ്ടമല്ലന്ന് അറിയാമല്ലോ... " "ഓഹ്...നീയും നിന്റെയൊരു ഒടുക്കത്തെ വാശിയും..ഏതു കൌൺസിലിങ്ങിന് കൊണ്ട് പോയി ആണെടാ ഇനി നിന്നെ നന്നാക്കേണ്ടത്.. എടാ..അവൾക്ക് വേണ്ടി മാറണമെന്ന് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ...നിനക്ക് അങ്ങനൊരു മാറ്റം ഒരിക്കലും ഉണ്ടാകില്ലന്ന് നീ പറയാതെ തന്നെ എനിക്കറിയാം.. പക്ഷെ മറ്റു ചിലതുണ്ട്..ഇനി നീ അവളെ ഇങ്ങനെ വേദനിപ്പിക്കരുത്..പ്ലീസ്...എല്ലാരുടെയും മുന്നിൽ വെച്ചാണ് നീ അവളോട്‌ ഓരോന്നു ചെയ്യുന്നത്..അതൊക്കെ അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടാകും..ഒന്നും അവൾ പുറത്തു കാണിക്കുന്നില്ലന്നേ ഉള്ളു..അത് നിന്റെ മുന്നിൽ ചെറുതായി പോകുമോന്ന് കരുതിയാണ്.. നീയിപ്പോ പറഞ്ഞില്ലേ അവൾക്ക് നിന്നെ കുറ്റം പറയാനുള്ള അർഹതയും വിലയിരുത്തേണ്ട ആവശ്യവും ഇല്ലെന്ന്...അവൾ നിന്നെ അറിയാൻ ശ്രമിച്ചിട്ടില്ലന്ന്.. എന്നാൽ അതുതന്നെയല്ലേ നീയും ചെയ്യുന്നത്...നിനക്ക് അവളെ ഇഷ്ടമാണ് എന്നത് അല്ലാതെ എന്നെങ്കിലും നീ അവളെ അറിയാൻ ശ്രമിച്ചിട്ടുണ്ടോ..

നിന്റെ ഇഷ്ടവും ദേഷ്യവും ബലവുമെല്ലാം അവളിൽ അടിച്ചു ഏല്പിക്കാൻ ശ്രമിക്കുന്നതല്ലാതെ ഒരു വട്ടം എങ്കിലും നീ അവളെ അറിയാൻ ശ്രമിച്ചിട്ടുണ്ടോടാ.. അവൾ നിന്നോട് ഇങ്ങനൊക്കെ പെരുമാറുന്നതിൽ എനിക്കൊരു അത്ഭുതവും തോന്നുന്നില്ല..കാരണം അവൾക്ക് നിന്നെ ഇഷ്ടമല്ല..അവളെ സംബന്ധിച്ചിടത്തോളം നീ അവളെ ശല്യം ചെയ്തു അവളുടെ പിന്നാലെ നടക്കുന്ന ഒരുത്തൻ മാത്രമാണ്.. അവളുടെ സ്ഥാനത്തു ഏതൊരു പെണ്ണായാലും ഇങ്ങനെയൊക്കെ പെരുമാറുകയുള്ളൂ...പോരാത്തതിന് നിന്റെ ഈ തല തെറിച്ച സ്വഭാവവും...അവൾ ആയത് കൊണ്ട് പിടിച്ചു നിക്കുന്നു..നീ ഇത്രേമൊക്കെ ചെയ്തിട്ടും സഹിച്ചും ക്ഷമിച്ചും ഒന്നും സംഭവിക്കാത്ത പോലെ നിൽക്കുന്നു...വേറെ വല്ലവളും ആയിരുന്നു എങ്കിൽ എപ്പോഴേ കയ്യിൽ കിട്ടിയ വല്ലതും വെച്ചു നിന്നെ തലയ്ക്കു അടിച്ചു കൊന്നേനെ.. നിനക്ക് അറിയുന്നതല്ലേ അവളെ..അവൾ ആരോടും ഒന്നിനും പോകാറില്ല..സ്വന്തം കാര്യം നോക്കി നടക്കുന്നവളാ..എന്നാൽ അങ്ങോട്ടേക്ക് ചൊറിയാൻ പോയാൽ വെറുതെ വിടില്ല..കിട്ടിയതും കണ്ടതും വായിൽ തോന്നിയതുമെന്ന് വേണ്ട സകലതും വിളിച്ചു പറഞ്ഞു വയറു നിറച്ചിട്ടേ പിന്നെ വിടുകയുള്ളൂ..

നിനക്ക് അവളോട്‌ ദേഷ്യമല്ല..പകരം തീർത്താൽ തീരാത്ത സ്നേഹമാണെന്ന് നിന്നെക്കാളും നന്നായി എനിക്കറിയാം താജ്...എന്നിട്ടും നീ അവളോട് കാണിക്കുന്ന ഈ ദേഷ്യം..അതു അവൾക്ക് മുന്നയോടുള്ള അടുപ്പം കണ്ടിട്ട് ആണെന്നും അറിയാം.. എടാ..മുന്ന അവളെ അറിയുന്നുണ്ട്..അവളുടെ വേദനകളിൽ താങ്ങാവുന്നുണ്ട്..അല്ലങ്കിൽ മറ്റൊരാളുടെ മുന്നിലും ഒന്ന് അറിയാതെ പോലും കണ്ണ് നിറക്കാത്ത അവൾ ഇന്ന് അവന്റെ മുന്നിൽ നിന്നും അങ്ങനെ പൊട്ടിക്കരയില്ലായിരുന്നു.. നമ്മൾ ആരും അറിയാത്ത ഒരു ലൈല ഉണ്ടെടാ..മുന്ന മാത്രം അറിയുന്ന ഒരു ലൈല..അതാ അവർക്ക് ഇടയിലുള്ള ബോണ്ട്‌.. അത് നീ അറിയണം..നീയും അവളെ അറിയണം ടാ..ഒന്ന് അറിഞ്ഞു നോക്ക്..അവളുടെ കണ്ണ് നിറക്കാൻ അല്ല..ആ കണ്ണുനീർ ഒപ്പി എടുക്കാൻ ശ്രമിക്ക്...അവൾ പോലും അറിയാതെ അവൾ നിന്നിലേക്ക്‌ അടുത്ത് വരും..ഉറപ്പാണ്...നിന്റെ യാഥാർഥ സ്നേഹവും സംരക്ഷണവും എന്തെന്ന് അവൾ അറിയണം..അവളൊരു പെണ്ണല്ലേ...

പിടിച്ചു നിൽക്കുന്നതിന് ഒരു പരിധി ഉണ്ട്..നിന്റെ സ്നേഹവും സംരക്ഷണവും അറിയാൻ തുടങ്ങിയാൽ പിന്നെ അവൾ നിന്നെ അകറ്റില്ലാ..താങ്ങാവാൻ ശ്രമിക്കുന്ന നിന്റെ കൈകളെ അവൾ തട്ടി തെറിപ്പിക്കാൻ ശ്രമിക്കില്ല.. ഇപ്പോൾ നിന്റെ സ്നേഹം അവൾക്ക് ഒരു ശല്യമാണ്..സത്യം പറഞ്ഞാൽ നിന്റെ സ്നേഹം നിന്റെ ഭ്രാന്ത്‌ ആയിട്ടാ അവൾ കാണുന്നെ..ഒരിക്കലും സ്നേഹം ഭ്രാന്ത് ആകില്ല താജ്..അങ്ങനെ ആകുന്നു എങ്കിൽ അത് ആത്മാർത്ഥ സ്നേഹവും ആയിരിക്കില്ല.. നീ അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ എന്നാൽ ഒരിക്കലും നീ അവളെ വേദനിപ്പിക്കില്ല...മറ്റുള്ളവർ കാരണം അവളുടെ കണ്ണ് നിറയാതെ നിക്കാൻ അല്ലടാ ആദ്യം നോക്കേണ്ടത്..നീ കാരണം നിറയാതെ നിക്കാനാ.. എപ്പോഴും പെണ്ണിനെ കീഴ്പെടുത്തേണ്ടത് സ്നേഹം കൊണ്ടാ..മനസ്സ് കൊണ്ടാ..അതിന് മുന്നിലാ അവൾ തോറ്റു തരേണ്ടത്..അല്ലാതെ കരുത്തിനും ബലത്തിനും മുന്നിൽ അല്ലടാ.. ഒന്ന് സമാധാനത്തോടെ പെരുമാറെടാ..അവൾ നിന്നെ അറിയും..മനസ്സിലാക്കും..മുന്നയെക്കാൾ സ്ഥാനം അവളുടെ മനസ്സിൽ നിനക്ക് ഉണ്ടാകും..മുന്നയെക്കാൾ അല്ല..മറ്റാരേക്കാളും വല്യ സ്ഥാനം അവളുടെ മനസ്സിൽ നിനക്ക് ഉണ്ടാകും..ഉണ്ടാക്കണം താജ്..അവളെ നിനക്ക് തന്നെ കിട്ടണമെന്നാ എനിക്ക്..അതു കൊണ്ടാടാ.. "

എന്ത് കൊണ്ടോ എബി പറഞ്ഞത് മുഴുവനും മറുത്തൊരു അക്ഷരം പോലും പറയാതെ അവൻ കേട്ടിരുന്നു..അവന്റെ ആ ഇരുത്തം എബിക്ക് ഒരു അത്ഭുതമായിരുന്നു.. ഉപദേശം വേണ്ടാന്ന് ആദ്യമേ പറഞ്ഞത് ആയിരുന്നു..പോരാത്തതിന് ഒടുക്കത്തെ കലിപ്പിലും ആയിരുന്നു അവൻ..അതൊക്കെ വെച്ചു നോക്കുമ്പോൾ മോന്തക്ക് ഒന്ന് കിട്ടണ്ട സമയം കഴിഞ്ഞു.. എബി കവിളത്തും കൈ വെച്ചു അന്തം വിട്ടു അവനെ നോക്കി..അപ്പോഴും അതേ ഇരുപ്പ് തന്നെ.. മാതാവേ..ഇനിയെങ്കിലും ഇവനൊന്നു നന്നാവണേ..കൂടുതൽ ഒന്നും നന്നായില്ലേലും വേണ്ടില്ല..ഇന്ന് അവളോട് ചെയ്തതിന് ഒക്കെ ഒരു കുറ്റബോധം അവന്റെ മനസ്സിൽ ഉണ്ടാകണേ..അവളോട്‌ ചെയ്തത് ഇത്തിരി കൂടി പോയില്ലേന്ന് ചിന്തിച്ചു മനസ് അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ആടി ഒരു സ്വസ്ഥതയും ഇല്ലാതെ ആവണേ..അങ്ങനെ എങ്കിലും ഇവനൊന്നു അവളോട്‌ സോഫ്റ്റ് ആയി പെരുമാറണെ.. "എന്നെ ഉപദേശിക്കുന്ന സമയത്തു നീ പോയി അവളെ ഒന്ന് ഉപദേശിക്ക്...ഞാൻ എപ്പോഴും നല്ല രീതിയിലാ പോകുന്നേ..അവളാ..അവളാ എപ്പോഴും എന്റെ ബിപിയും ഷുഗറുമൊക്കെ കൂട്ടുന്നെ.. ഞാൻ എന്ത് ചോദിച്ചാലും ഉടക്കിത്തരം മാത്രേ പറയൂ...അപ്പൊ ചൊറിഞ്ഞു വരും എനിക്ക്.. "

"ചൊറിഞ്ഞു വരുമ്പോൾ അവളോട്‌ ഒന്ന് മാന്തി തരാൻ പറഞ്ഞാൽ മതി..അല്ല പിന്നെ...ഒന്ന് പോടാ മരപ്പട്ടി നീ അവിടെന്ന്.. അവളെന്തു വേണേലും പറഞ്ഞോട്ടെ..നീയും മടക്കി പറഞ്ഞോ..ഒരു പ്രശ്നവുമില്ല..പക്ഷെ ദേഹത്ത് തൊടരുത്..എത്ര ദേഷ്യം വന്നാലും അവളെ ഉപദ്രവിക്കരുത്.. നേരത്തെ അവൾ പറഞ്ഞത് കേട്ടിരുന്നോ നീ..എത്രയൊക്കെ നാറിയെന്നും ചെറ്റയെന്നും വിളിക്കുന്നുണ്ടെങ്കിലും നിന്റെ ഉള്ളിൽ ഒരു കാട്ടാളൻ ഉണ്ടെന്ന് വിചാരിച്ചില്ലന്ന്... എന്താ അതിന്റെ അർത്ഥം..അവളൊരിക്കലും വിചാരിച്ചിരുന്നില്ല നീ അവളെ ഉപദ്രവിക്കുമെന്ന്..അതെന്ത് കൊണ്ടാ..അവളുടെ മനസ്സിൽ എവിടെയൊക്കെയോ നീയും നിന്നെക്കുറിച്ചുള്ള ചില ധാരണകളും ഉണ്ടായിരുന്നു.. നീയൊരു തെമ്മാടി ആണെന്നെ അവൾ കരുതിയിട്ട് ഉണ്ടായിരുന്നുള്ളൂ...ദുഷ്ടൻ ആണെന്ന് കരുതിയിട്ടില്ല ആയിരുന്നു.. പക്ഷെ ഇപ്പൊ അതും കൂടെയായി..എല്ലാം നിന്നെ കൊണ്ടാ..ഇനി ഇതൊക്കെ അവളുടെ മനസ്സിന്ന് പോയി കിട്ടാൻ എത്ര പണി പെടണം താജ്..."

"മതി.നിർത്ത്..ഇനി അതു തന്നെ പറഞ്ഞിട്ട് എന്താ കാര്യം..കഴിഞ്ഞത് കഴിഞ്ഞു..എന്നെ ദേഷ്യം പിടിപ്പിക്കാൻ വന്നാൽ അവൾ ആണെന്ന് പോലും നോക്കില്ല...അടിക്കാൻ തോന്നിയാൽ അടിക്കും..ചവിട്ടാൻ തോന്നിയാൽ ചവിട്ടും..അത്രതന്നെ.. എനിക്ക് തലവേദനിക്കുന്നുണ്ട്...നീയൊരു ചൂട് ചായക്ക് പറാ... " "ആൾറെഡി ചൂട്..ഇനിയും ചൂട് വേണോ..തണുപ്പ് എന്തെങ്കിലും പോരെ.. " "ചൂട് ആയിരിക്കുന്ന നേരത്ത് എനിക്ക് ചൂട് തന്നെ വേണമെന്ന് അറിഞ്ഞൂടെ.. " അവൻ ദേഷ്യത്തിൽ പറഞ്ഞു. "നീയും നിന്റെയൊരു ചൂടും...നിന്റെ കൊണ്ട് പോയി ഹിമാലയത്തിൽ ഇടണമെടാ..അപ്പൊ ശെരിയാകും നിന്റെ ചൂട്.. " എബി പിറു പിറുത്ത് കൊണ്ട് എണീറ്റു പോയി അവനൊരു ചായക്കും തനിക്ക് ഒരു ജ്യൂസ്‌നും പറഞ്ഞു. * ക്ലാസ്സിലേക്ക് കയറുമ്പോൾ തന്നെ മുന്ന തന്നെ നോക്കി ഇരിക്കുന്നതു അവൾ കണ്ടു..തന്നെ അവിടെ ഒറ്റയ്ക്ക് വിട്ടു വന്നതിന്റെ സങ്കടമാണ് അവന്റെ മുഖത്തെന്ന് അവൾക്ക് മനസ്സിലായി..അത് മാറിക്കോട്ടേന്ന് കരുതി ഉള്ളിൽ സന്തോഷം ഇല്ലാതെ ഇരുന്നിട്ട് കൂടി അവൾ അവനെ നോക്കി കുസൃതിയായി ഒന്ന് സൈറ്റ് അടിച്ചു ചിരിച്ചു കാണിച്ചു...അവളുടെ ആ ചിരി കണ്ടപ്പോൾ താജ് പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലന്ന് തോന്നി അവന്..

.അവൻ സമാധാനമായി ഇരുന്നു.. അവൾക്ക് വല്യ മൂഡ് ഇല്ലായിരുന്നു ക്ലാസ്സിൽ ഇരിക്കാൻ..എന്നിട്ടും സീറ്റിൽ ചെന്നിരുന്നു..എന്തെടി ഇത്ര നേരം, എന്ത് തീറ്റയാടീ, രാവിലെ ഒന്നും കഴിച്ചില്ലേ എന്നൊക്കെ തുടങ്ങി നുസ്ര ലോഡ് കണക്കിന് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്..അവൾ എല്ലാത്തിനും മൂളി കൊടുത്തും ചിരിച്ചു കൊടുത്തും ഇരുന്നു..അല്ലാതെ എന്നത്തേയും പോലെ വായിട്ടലക്കാനൊന്നും തോന്നിയില്ല.. ഫസ്റ്റ് പിരീഡ് കഴിഞ്ഞതും മുന്ന എണീറ്റു അവളുടെ അടുത്തേക്ക് വന്നു..എലെക്ഷൻ പ്രചരണത്തിന് പോകാനാണ്..ഇനി കുറച്ചു ദിവസം കൂടിയെ ഉള്ളു എലെക്ഷന്..എല്ലാ ക്ലാസും കവർ ചെയ്തു കഴിഞ്ഞിട്ടില്ല..അവൾ തലവേദനയാണ് നുസ്രയെ കൂട്ടിക്കോടാ ന്നും പറഞ്ഞു ഒഴിഞ്ഞു മാറി..എന്ത് കൊണ്ടോ അവൾക്ക് ഒന്നിലും താല്പര്യം തോന്നുന്നുണ്ടായിരുന്നില്ല..അവളുടെ മൂഡ് ശെരി അല്ലെന്ന് അവനു മനസ്സിലായി..അവൻ നുസ്രയെ വിളിച്ചു..ക്ലാസ് കട്ട്‌ ചെയ്യാൻ കിട്ടിയ ചാൻസ് നുസ്ര വെറുതെ വിട്ടില്ല..ചാടി തുള്ളി അവന്റെ ഒപ്പം ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി..

ലൈലയ്ക്ക് ക്ലാസ്സിൽ ഇരിക്കാനും താല്പര്യം ഉണ്ടായിരുന്നില്ല..എന്നിട്ടും അവൻ വിളിച്ചപ്പോൾ പോകാത്തത് വെളിയിലേക്ക് ഇറങ്ങിയാൽ താജ്ന്റെ മുന്നിൽ ചെന്നു പെടുമോന്ന് ഓർത്തിട്ടാണ്..പെടുമോ എന്നല്ല..പെടും..എങ്ങോട്ട് തിരിഞ്ഞാലും അവൻ ഉണ്ടാകും..അവന്റെ മുഖം ഓർക്കുമ്പോഴേ ദേഷ്യം വരുന്നു..അപ്പൊ പിന്നെ മുന്നിൽ കണ്ടാലുള്ള അവസ്ഥ പറയണ്ടല്ലോ..ഉള്ള മൂഡും പോയി കിട്ടും..അല്ല..ഉള്ള ജീവനും കൂടി പോയി കിട്ടും... ഹൂ.. അവൾ ശ്വാസം വലിച്ചു വിട്ടു മൈൻഡ് ഫ്രീയാക്കി ക്ലാസ്സിൽ ശ്രദ്ധിച്ചു ഇരുന്നു.. സാധാരണ ലഞ്ച് ബ്രേക്ക്‌ ആയാൽ കൂടി വിശക്കാത്ത അവൾക്ക് അന്ന് സെക്കന്റ്‌ hour കഴിയുന്നതിന് മുന്നേ വിശക്കാൻ തുടങ്ങി.. വീട്ടിൽ ഒരു രാക്ഷസി ആണെങ്കിൽ ഇവിടെയൊരു രാക്ഷസൻ..രണ്ടും കണക്കാ..മനുഷ്യൻമാരെ ഒരു വസ്തു കഴിക്കാൻ സമ്മതിക്കില്ല.. രാവിലെ ഭക്ഷണത്തിനു മുന്നിൽ ഇരിക്കുമ്പോൾ തുടങ്ങും ഒരുമ്പട്ടവളെ നശിച്ചവളെ എന്നൊക്കെ പറഞ്ഞു ചീറ്റാൻ..പിന്നെ ഫുഡ്‌ പോയിട്ട് ഒരു തുള്ളി വെള്ളം ഇറങ്ങില്ല.. പിന്നെ വിശപ്പ് സഹിക്കാൻ പറ്റാതെ ആവുമ്പോൾ അവരെ മൈൻഡ് ചെയ്യാതെ കഴിക്കാൻ ഇരിക്കും..അപ്പോൾ ആയിരിക്കും കഴിക്കുന്നതിന്റെ ഇടയിൽ നിന്നും പ്ലേറ്റ് വലിക്കുന്നതും കഴിക്കുന്ന പാത്രത്തിലേക്ക് വെള്ളം കമിഴ്ത്തുന്നതും..രാവിലെ മാത്രമല്ല..രാത്രിയിലെയും അവസ്ഥ അതുതന്നെ..

എന്നാൽ പിന്നെ ഇവിടെ വന്നു എന്തേലും ഒന്നു കഴിക്കാന്ന് കരുതിയാലോ അപ്പോഴേക്കും കെട്ടി എടുക്കും ആ മാരണം പിടിച്ച തെണ്ടിയെ.. വേറെന്തൊക്കെ ശല്യം ചെയ്യുന്നുണ്ട് എങ്കിലും ഇങ്ങനൊരു ശല്യം ഇത്രേം നാളും ഉണ്ടാരുന്നില്ല.. ഒന്ന് ഇരിക്കാനോ കഴിക്കാനോ സമ്മതിക്കാത്ത പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ഇതുവരെ.. പക്ഷെ ഇപ്പോ അതും തുടങ്ങി...ഇവനെ ഒന്നും വിഷം കൊടുത്തു കൊല്ലാനും ഇവിടെ ആരും ഇല്ലേ റബ്ബേ.. ഇനി ഇവനാ കാട്ടു വാസി സ്ത്രീക്ക് പിറന്നതു വല്ലതും ആണോ..? സജാദ്നെ കൂടാതെ വേറെയും ഉണ്ടോ അവർക്ക് ആ അവിഹിത ബന്ധത്തിൽ..? അല്ല.. സ്വഭാവം വെച്ചു നോക്കിയാൽ എല്ലാതും ഒരേ അച്ചിൽ വാർത്തു എടുത്തത് പോലെയുണ്ടേ... വയറ്റിൽ നിന്നും പൊട്ടലും ചീറ്റലും കരിയലും മണക്കലുമൊക്കെ കെങ്കേമമായി തന്നെ നടക്കാൻ തുടങ്ങി. ലഞ്ച് ബ്രേക്ക്‌ ആവുന്നത് വരെ സഹിച്ചു പിടിച്ചു നിന്നു..ബെല്ല് അടിച്ചതും ചാടി ഒരു എഴുന്നേൽക്കലായിരുന്നു സീറ്റിൽ നിന്നും..എങ്ങനെയാ ഇത്രേം നേരം പിടിച്ചു നിന്നെന്ന് അവൾക്ക് തന്നെ അറിയില്ല..നുസ്രയെയും മുന്നയെയും നോക്കി..രണ്ടിനെയും കണ്ടില്ല..ഇനി ഓരോ ക്ലാസും കയറി ഇറങ്ങി വിയർത്തു നാറി എപ്പോ തിരിച്ചു വരുന്നു എന്തോ..

ഇനി കഴിക്കാൻ പോയി കാണോ..? ആവോ..രണ്ടിനെയും കാത്തു നിന്നാൽ ഞാൻ കുടൽ കത്തി കരിഞ്ഞു മരിക്കും ഇവിടെ.. അവൾ നേരെ കാന്റീനിലേക്ക് വിട്ടു..കാന്റീനിലേക്ക് കയറിയില്ല..അതിന് മുന്നേ അവൾ കാൽ പിൻവലിച്ചു.. വേറൊന്നും കൊണ്ടല്ല..താജ്നെയും എബിയെയും കണ്ടിട്ടാണ്..അവൻ ഇപ്പോഴും അവിടെയുണ്ട്..രാവിലെ ഇരുന്ന ഇരുപ്പാണ്..എഴുന്നേറ്റിട്ടില്ല..ക്ലാസ്സിലേക്ക് പോയിട്ടില്ല..അവൻ പോകാത്തത് കാരണം എബിയും പോയില്ല..അവന്റെ ഒന്നിച്ച് അവിടെ തന്നെ ഇരുപ്പ് ഉണ്ടായിരുന്നു.. അവനെ കണ്ടതും അവൾക്ക് ഒന്നാകെ വന്നു.. തെണ്ടി..പട്ടി..നാറി..ഇതുവരെ പോയില്ലേ ഇവിടുന്ന്..എന്ത് പുഴുങ്ങുവാണാവോ മാരണം..ഇനി കാന്റീൻ തന്നെ മൊത്തത്തിൽ വിഴുങ്ങി കളയാനുള്ള ഇരുപ്പ് ആണൊ..ഇവനല്ലേ ആള്..പറയാൻ പറ്റില്ല..കാണുന്നില്ലേ ഉരുട്ടി കയറ്റിയ മസ്സിലും ഒടുക്കത്തെ ശക്തിയും.. കയറണൊ വേണ്ടയോ..കയറാം..വിശക്കുന്നു..അല്ലങ്കിൽ വേണ്ടാ..വിശപ്പ് സഹിക്കാം..വേദന സഹിക്കാൻ പറ്റുന്നില്ല...

രാവിലെത്തതു ഓർക്കുമ്പോൾ തന്നെ അവന്റെ മുന്നിൽ ചെന്നു പെടാൻ പേടി തോന്നുന്നു..അവൾ കയറണൊ വേണ്ടയോന്ന് ശങ്കിച്ചു നിന്നു.. * താജ്നോടുള്ള സംസാരത്തിന്റെ ഇടയിൽ ചുമ്മാതെ പുറത്തേക്ക് നോക്കിയ എബി, കാന്റീനിന്റെ മുന്നിൽ നഖവും കടിച്ചോണ്ട് എന്തോ ഓർത്ത് നിക്കുന്ന അവളെ കണ്ടു..അവളുടെ നോട്ടം തങ്ങളുടെ ഭാഗത്തേക്ക്‌ ആണെന്ന് എബിക്ക് മനസ്സിലായി..എബി അവളെ സൂക്ഷിച്ചു നോക്കി..എബിയുടെ നോട്ടം കണ്ടു ഇങ്ങനെ നോക്കാൻ മാത്രം അവിടെന്താന്ന് കരുതി താജുo പുറത്തേക്ക് നോക്കി..അവൻ നോക്കുന്നത് കണ്ടപ്പോൾ അവളൊന്നു പരുങ്ങി ചുറ്റും നോക്കി..അവളുടെ ആ കളി കണ്ടു എബി അവനെ ഒന്ന് പാളി നോക്കി ശേഷം അവളെ നോക്കി ചിരിക്കാൻ തുടങ്ങി..പിന്നെ അവൾ അവിടെ നിന്നില്ല..വേഗം തിരിഞ്ഞു നടന്നു..അവനു മനസ്സിലായിരുന്നു തന്നെ കണ്ടിട്ടാണ് അവൾ മടങ്ങി പോയതെന്ന്..അവൻ കസേരയിൽ നിന്നും എണീറ്റു.. "എങ്ങോട്ടേക്കാ..." അവന്റെ ആ എഴുന്നേൽക്കൽ അത്ര പന്തിയായി തോന്നാത്തത് കാരണം എബി അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചു.. "പേടിക്കണ്ട...ഞാൻ ഒന്നും ചെയ്യില്ല.." അവൻ എബിയുടെ കൈ അടർത്തി മാറ്റി..

എബി പിന്നൊന്നും ചോദിച്ചില്ല..അവൻ ക്യാന്റീനിൽ നിന്നും ഇറങ്ങി പോകുന്നത് നോക്കി ഇരുന്നു.. * ഒരു കാലത്തും നീയൊന്നും നന്നാകില്ലടാ..എന്നെ പട്ടിണിക്ക് ഇട്ടിട്ടു ഒടുക്കത്തെ തീറ്റ ആണല്ലേ നിനക്കൊക്കെ..ഒരു പത്തു പതിനഞ്ചു ദിവസമൊക്കെ ഫുഡ്‌ കിട്ടാതെ പിച്ചച്ചട്ടി എടുത്തു തെണ്ടി തെണ്ടി വയറും കുടലുമൊക്കെ പുകഞ്ഞു കത്തി നാറി പണ്ടാരം അടങ്ങിട്ട് ആയിരിക്കും നീയൊക്കെ ചാവുക.. അവനെയും പ്രാകിക്കൊണ്ട് അവൾ നേരെ ചെന്നത് റസ്റ്റ്‌ റൂമിലേക്ക്‌ ആണ്..അവിടെ ഉണ്ടായിരുന്ന ഒരു മാഗസിനും എടുത്തു ഇരുന്നു വായിക്കാൻ തുടങ്ങി.. അവളെ പിന്തുടർന്നു വന്ന അവനും റസ്റ്റ്‌ റൂമിലേക്ക്‌ എത്തി..അവൾ ഇരുന്നിട്ട് ഉള്ള ബെഞ്ചിന് തൊട്ടു മുന്നിൽ ഉള്ള ബെഞ്ചിൽ അവൾക്ക് അഭിമുഖമായി വന്നിരുന്നു..ആരുടെയോ സാമീപ്യം അറിഞ്ഞ അവൾ മാഗസിനിൽ നിന്നും ശ്രദ്ധ മാറ്റി..അവൻ ആണെന്ന് കണ്ടതും ദേഹം മൊത്തത്തിൽ തിളച്ചു മറിയാൻ തുടങ്ങി..അതോടൊപ്പം തന്നെ ഉള്ളിൽ എവിടെയോ ഒരു ഭയവും..ഇന്നിനി ഒന്നും താങ്ങാനുള്ള ശക്തിയില്ല..എഴുന്നേറ്റു പോയാലോ..? "എണീറ്റു പോയാൽ തൂക്കി എടുത്തു കൊണ്ട് വരും.. " അവൾ എണീക്കാൻ ഭാവിക്കുന്നത് കണ്ടു അവൻ പറഞ്ഞു..

പിന്നെ അവൾ അനങ്ങിയില്ല..അവിടെത്തന്നെ അമർന്നു ഇരുന്നു..രണ്ട് പറയാൻ നാവു ചൊറിഞ്ഞു വരുന്നുണ്ട് എന്നാലും സഹിച്ചു ഇരുന്നു..ക്ഷമ ഈമാനിന്റെ ഭാഗം ആണെന്നല്ലേ..അതോണ്ട് അങ്ങനൊരുത്തൻ മുന്നിൽ ഉണ്ടെന്ന് പോലും ഭാവിക്കാതെ മാഗസിനിലേക്ക് തന്നെ നോക്കിയിരുന്നു..അവന് അവളുടെ മുന്നിൽ നിന്നും പുസ്തകം വലിക്കാനും ഒന്നും രണ്ടും പറഞ്ഞു അവളെ ചൊറിയാനും മാന്തനുമൊക്കെ തോന്നുന്നുണ്ട്..പക്ഷെ ഒന്നിനും പോയില്ല..എന്തോ...കുരുത്തക്കേട് ഒന്നും കാണിക്കാതെ അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കാനും തോന്നുന്നുണ്ട്.. അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി..അവൾ ഈ ജന്മത്തിൽ ആ പുസ്തകത്തിന്ന് കണ്ണ് എടുക്കുകയോ തന്നെ ശ്രദ്ധിക്കുകയോ ഒന്നും ചെയ്യില്ലന്ന് അവനു ഉറപ്പായി..അവനൊന്നു മുരടനക്കി..വല്ല മാറ്റവും...? എവിടുന്ന്..? "

എന്തെടുക്കുവാ നീ ഇവിടെ.. " രണ്ടും കല്പിച്ചു അവൻ ചോദിച്ചു..അല്ലെങ്കിൽ ബെല്ല് അടിക്കുന്നത് വരെ അവളുടെ ഒടുക്കത്തെ വായനയും നോക്കിക്കൊണ്ട് ഇരിക്കേണ്ടി വരും. "കണ്ടില്ലേ..തൂമ്പ എടുത്തു കിളക്കുവാ..." അവൾ അവന്റെ മുഖത്തേക്ക് നോക്കി ആക്കി പറഞ്ഞു..ഉടക്കിത്തരം ആണ്..എങ്കിലും സാരല്യ..അങ്ങനെയെങ്കിലും വായ തുറന്നല്ലോ..ഞെക്കി തുറപ്പിക്കേണ്ടി വരുമെന്ന വിചാരിച്ചേ..അതു വേണ്ടി വന്നില്ലല്ലോ..അവനു സമാധാനമായി.. "നിനക്കെന്താ വേണ്ടത്..? " "അല്പം സമാധാനം.. " അവൻ ചോദിച്ചത് എന്താണെന്ന് മനസ്സിലായില്ല എങ്കിലും അവൾ മറുപടി പറഞ്ഞു..അത് കേട്ടു അവനൊന്നു ചിരിച്ചു.. "അതവിടെ കിട്ടില്ല..തത്കാലം ബിരിയാണിക്ക് പറയാം..അത് വെച്ചു അഡ്ജസ്റ്റ് ചെയ് ഇപ്പോൾ.. " എന്ന് പറഞ്ഞു അവൻ ഫോൺ എടുത്തു..അവൾക്ക് ഒന്നും മനസ്സിലായില്ല..

അവൾ പുരികം ചുളിച്ചു അവനെ നോക്കി..അവനാ നേരം കൊണ്ട് വാട്സാപ്പ് തുറന്നു എബിക്ക് ടെക്സ്റ്റ്‌ ചെയ്തിരുന്നു..എബി ലൈനിൽ ഉണ്ടായിരുന്നു..രണ്ട് മൂന്ന് മിനുട്നുള്ളിൽ കയ്യിൽ ഒരു കവറുമായി എബി അങ്ങോട്ടേക്ക് വന്നു..അതു താജ്നെ ഏല്പിച്ചു ലൈലയെ നോക്കി ഒന്ന് ചിരിച്ചു അവൻ അപ്പൊത്തന്നെ അവിടെന്നു പോയി.. "എന്താ നിന്റെ ഉദ്ദേശം.. " അവൾ അവനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. "പേടിക്കണ്ട...ഏതായാലും വിഷമൊന്നും കലർത്തിയിട്ടില്ല...എടുത്തു കഴിക്ക്.." "സോറി..എനിക്ക് വേണ്ടാ.. " കൂടുതലൊന്നും പറഞ്ഞില്ല..ഒരു യുദ്ധത്തിനു താല്പര്യമില്ലായിരുന്നു അവൾക്ക്...താല്പര്യം മാത്രമല്ല..എനർജിയും..അവൾ എണീറ്റു..അടുത്ത നിമിഷം അവൻ അവളുടെ കയ്യിൽ പിടിച്ചു..അവൾ തരിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story