ഏഴാം ബഹർ: ഭാഗം 17

ezhambahar

രചന: SHAMSEENA FIROZ

അവൻ എണീറ്റു അവളുടെ അടുത്തേക്ക് പോയി..അപ്പോഴേക്കും അവൾ ഛർദിച്ചു ആകെ അവശയായിരുന്നു.. നെഞ്ചും പുറവുമൊക്കെ തടവിക്കൊണ്ട് അവിടെ ഭിത്തിയിൽ ചാരി നിന്നു.. " ഛർദിക്കാൻ ഇപ്പൊ ഇവിടെ മീനിന്റെ സ്മെല് ഒന്നും അടിച്ചില്ലല്ലോ.. സത്യം പറയടീ.. ഇത് ഞാൻ ഇന്നലെ പറഞ്ഞത് തന്നെയല്ലേ.. അവിഹിതത്തിൽ വിഹിതം വെക്കാനുള്ള സാധനത്തിനെ കിട്ടിയല്ലേ.. Congratzz.. " അവൻ അവളെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കിക്കോണ്ട് പറഞ്ഞു.. അവന്റെ കാത് പൊട്ടുന്ന തരത്തിൽ രണ്ടെണ്ണം പറയാൻ വേണ്ടി വാ തുറന്നതും അവൾ വീണ്ടും ഓക്കാനിക്കാൻ തുടങ്ങി.. അതു കണ്ടു അവന് എന്തോ ഒരു അസ്വസ്ഥത തോന്നി.. അവൻ കുനിഞ്ഞു നിൽക്കുന്ന അവളുടെ പുറം തടവി കൊടുക്കാൻ നോക്കി.. "തൊട്ടു പോകരുത്.. " അവൾ അവന്റെ കൈ തട്ടി മാറ്റി നിവർന്നു നിന്നു.. "എണീറ്റു നിക്കാനുള്ള ആരോഗ്യം പോലുമില്ല.. എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ലല്ലോടീ.."

"മിണ്ടി പോകരുത് നീ.. എന്താടാ സാമ ദ്രോഹി നീ ഇന്നലെയാ ബിരിയാണിയിൽ ചേർത്തത്.. അതു കഴിച്ചു കഴിഞ്ഞപ്പോ തുടങ്ങിയതാ വയറ്റിലൊരു അസ്വസ്ഥത.. അത് ദേ ഇപ്പൊ ഇവിടേം വരെ എത്തി.. ഛർദിച്ചു ചാവാറായി.. സത്യം പറാ.. നീ അതിൽ വല്ല മായവും കലർത്തിയിരുന്നോ.. കഴിക്കെന്നും പറഞ്ഞു അടുത്ത് ഇരുന്നു ഊട്ടി തരുമ്പോൾ തന്നെ എനിക്ക് നിന്നെ സംശയമുണ്ടായിരുന്നു .. " അവൾ നെഞ്ച് തടവി കിതച്ചു കൊണ്ട് പറഞ്ഞു.. "ക്ഷീണിച്ചു നിൽക്കുക ആണെന്നൊന്നും നോക്കില്ല.. അടിച്ചു നിന്റെ കരണം പൊട്ടിച്ചു കളയും.. ഞാനാണോ ടീ വാങ്ങിച്ചു കൊണ്ട് വന്നത്.. എബി അല്ലേ.. ഞാൻ അതിൽ തൊട്ടിട്ടു കൂടിയില്ല.. നീയും കണ്ടതല്ലേ അത്.. " "നീ തൊടണമെന്ന് ഇല്ലല്ലോ.. തൊടാതെയും ചെയ്യാമല്ലോ.. എബി നിന്റെ ശിങ്കിടി അല്ലേ.. നീ പറഞ്ഞാൽ എനിക്കുള്ള ഫുഡ്‌ൽ വിഷം തന്നെ ചേർത്ത് കളയും.. എനിക്ക് അറിയാത്തത് ഒന്നും അല്ലല്ലോ നിന്നെയും അവനെയും.. "

" ശെരിക്കും ശ്വാസം വിടാൻ പോലും കഴിയുന്നില്ല.. എന്നിട്ടും എന്നെ കടിച്ചു തിന്നാൻ വരുന്നത് നോക്കിയേ.. ഇതൊക്കെ കാണുമ്പോഴാടീ എനിക്ക് തിളച്ചു വരുന്നത്.. ഇങ്ങനെയുള്ള നിന്റെ മുന്നിൽ പിന്നെ എങ്ങനെയാ എന്റെ കൈ അടങ്ങി നിൽക്കുക.. എപ്പോഴും എന്റെ കൈക്ക് പണി ഉണ്ടാക്കുന്നത് നിന്റെയീ പത്തു മുഴം നീളമുള്ള നാവാ.. ഇന്നും ഉണ്ടാക്കരുത് നീയത്.. " " ഓഹോ.. ആ ബിരിയാണി കഴിച്ചു എനിക്ക് വയ്യാതായതല്ല പ്രശ്നം.. ഞാൻ പറയുന്നത് ആണ്.. എൻറെ നാവ് ആണ് നിന്റെ പ്രശ്നം.. അല്ലേ.. അതാണ് നിന്റെ കൈക്ക് പണി ഉണ്ടാക്കുന്നത് അല്ലേ.. എന്ത് ചെയ്യുമെന്നാ നീയെന്നെ.. കഴുത്തിനു കുത്തി പിടിക്കുമെന്നാണോ.. മുടി കുത്തിനു പിടിച്ചു വലിക്കുമെന്നാണോ.. അതോ ഇനി കൊന്നു കളയുമെന്നാണോ.. " അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു തീർന്നില്ല.. അതിന് മുന്നേ അവൾക്ക് വീണ്ടും അടി വയറ്റിന്ന് ഒരു മറിയലും മനം പുരട്ടി വരാനും തുടങ്ങി.. അവൾ വേഗം അവനിൽ നിന്നും മുഖം വെട്ടിച്ചു തിരിഞ്ഞു നിന്നു..

എപ്പോഴാ ഛർദിക്കുക എന്ന് പറയാൻ പറ്റില്ല.. രാവിലെ വീട്ടിന്ന് ഇറങ്ങിയപ്പോൾ തുടങ്ങിയതാ.. ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോൾ തന്നെ ഒരുവിധം ആയിരുന്നു.. മടങ്ങി പോകുന്നതിനേക്കാൾ നല്ലത് കോളേജിലേക്ക് വരുന്നത് ആണെന്ന് തോന്നി.. എന്തായാലും വീട്ടിലുള്ളതിനേക്കാൾ സമാധാനം കോളേജിലുണ്ട്.. എങ്ങനെയാ ഇവിടേം വരെ എത്തിയേന്ന് റബ്ബിന് അറിയാം.. രാവിലെ ഒന്നും കഴിക്കാഞ്ഞിട്ട് ആയിരിക്കും ഇങ്ങനെന്ന് കരുതി എത്തിയപ്പാടെ ക്യാന്റീനിലേക്ക് വന്നു.. അപ്പോഴേക്കും വീണ്ടും തുടങ്ങി.. ദേ ഇതുവരെ നിന്നിട്ടില്ല.. ശെരിക്കും നിൽക്കാൻ കൂടി പറ്റണില്ല.. അവൾ ക്ഷീണത്തോടെ ഭിത്തിയിലേക്ക് ചേർന്നു നിന്നു.. അവളുടെ അസ്വസ്ഥത അവനു മനസ്സിലാകുന്നുണ്ടായിരുന്നു.. മുഖവും ശരീരവും നന്നേ ക്ഷീണിച്ചിട്ടുണ്ട്.. എന്ത് ചോദിച്ചിട്ടും പറഞ്ഞിട്ടും കാര്യമില്ല.. ഉടക്കിത്തരമല്ലാതെ നല്ലത് ഒന്നും ആ വായിൽ നിന്നും വീഴില്ല.. രണ്ടും കല്പിച്ചു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. അവൾ തരിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി..

"ഇങ്ങ് വാ... " അവൾ കൈ വലിച്ചില്ല.. വലിച്ചിട്ടു കാര്യമില്ല.. അവന്റെ പിടി മുറുകിയതാണ്.. തത്കാലം അവനോടു ഫൈറ്റ് ചെയ്യാനുള്ള എനർജി ഇല്ല.. അവന്റെ നടത്തത്തിനൊപ്പം അവളും നടന്നു.. " ഇവിടെ ഇരിക്ക്.. " അവൻ അവളെ ക്യാന്റീനിൽ ഒരു കസേരയിൽ പിടിച്ചു ഇരുത്തി.. ഒപോസിറ്റായി അവനും ഇരുന്നു.. ജഗ്ഗിൽ നിന്നും ഗ്ലാസിലേക്ക് വെള്ളം എടുത്തു അവൾക്ക് നേരെ നീട്ടി.. അവൾ അത് വേഗത്തിൽ വാങ്ങിച്ചു കുടിച്ചു.. ഗ്ലാസ്‌ ടേബിളിലേക്ക് വെച്ചു ഒരു ആശ്വാസത്തിനായി കസേരയിലേക്ക് ചാരി ഇരുന്നു.. " എങ്ങനെയാ ഛർദിച്ചേ.. " ബിരിയാണി കഴിച്ചിട്ടാണെന്ന അവൾ പറഞ്ഞത്..പക്ഷെ അവനു അവളെ തീരെ വിശ്വാസം ഇല്ലായിരുന്നു... അതോണ്ട് അവൻ ഒന്നൂടെ ചോദിച്ചു.. വായിന്നു സത്യം വീണാലോ.. " വയറ്റിന്ന് തൊണ്ടയിലേക്ക്.. തൊണ്ടയിൽ നിന്നു വായിലേക്ക്.. വായിന്ന് പുറത്തേക്ക്.. ഒന്ന് പോടാപ്പാ.. നീയും കണ്ടതല്ലേ എങ്ങനെ ആണെന്ന്.. നീയിതു വരെ ഛർദിക്കാത്ത മനുഷ്യനൊന്നും അല്ലല്ലോ..

ഇനി എങ്ങനെയാ ഛർദിച്ചതെന്നൊന്നും കാണിച്ചു തരാൻ എനിക്ക് പറ്റില്ല.. അഥവാ കണ്ടേ പറ്റുള്ളൂന്ന് ആണെങ്കിൽ ഞാൻ ഇനി ഛർദിക്കുമ്പോൾ വിളിക്കാം.. അപ്പൊ വന്നു നോക്കിയാൽ മതി.." " എന്തുവാടി നീ രാവിലെ കഴിച്ചത്.. കഴിച്ചത് മുഴുവനും വയറ്റിന്ന് പുറത്തേക്ക് പോയിട്ടും ഒടുക്കത്തെ എനർജി ആണല്ലോ നിനക്ക്.. എന്തൊരു ജന്മമാടി പോത്തേ നീ.. " "ഞാനൊന്നും കഴിച്ചില്ല.. " "അതെന്തെ.. ഇന്ന് അഗ്രഹാരത്തിൽ പച്ചക്കറി ഒന്നും കിട്ടിയില്ലേ.. " അവൻ കിട്ടിയ അവസരം നല്ലോണം മുതലാക്കുന്നുണ്ടെന്നു അവൾക്ക് മനസ്സിലായി.. അവളൊന്നും മിണ്ടിയില്ല.. അവളുടെ നിശബ്ദത കണ്ടു അവൻ അവളുടെ മുഖത്തേക്ക് നോക്കി.. പതിവ് ഗൗരവമോ പ്രസരിപ്പോ ഒന്നും കാണാനില്ല ആ മുഖത്ത്.. ഉണ്ടായിരുന്നു എങ്കിൽ ഇപ്പൊ പത്തു മറുപടി പറയേണ്ട സമയം കഴിഞ്ഞു.. എന്തുപറ്റി..? അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.. "എന്തിനാ ഇങ്ങനെ നോക്കുന്നെ..? " അവന്റെ നോട്ടം അവൾക്ക് ഇഷ്ടപ്പെട്ടില്ല.. " അപ്പൊ നിനക്ക് ഒതുങ്ങി ഇരിക്കാനൊക്കെ അറിയാമല്ലെ.. " " എനിക്ക് വിശക്കുന്നു.. " അവൾ പറഞ്ഞത് കേട്ടു അവന്റെ അന്തം പോയി. ഞാൻ എന്താ ചോദിച്ചത് ഇവൾ എന്താ പറയുന്നത്.. "പറഞ്ഞത് കേട്ടില്ലേ.. എനിക്ക് വിശക്കുന്നു.. "

"അതിന്... അതിന് ഞാൻ എന്ത് വേണം.. നിനക്ക് വാങ്ങിച്ചു തരുന്നത് നിർത്തി.. ഞാൻ വാങ്ങിച്ചു തന്നതു കഴിച്ചിട്ട് അല്ലേ ഇപ്പൊ ഈ അവസ്ഥയിൽ എത്തിയത്.. ഇനി മോള് റിസ്ക് എടുക്കണ്ട.. അടുത്തത് മരണം സംഭവിക്കില്ലന്ന് ആര് കണ്ടു.. " " വേണ്ടാത്തപ്പോൾ വാങ്ങിച്ചു കൊണ്ട് വന്നു ഭീഷണി പെടുത്തി കഴിപ്പിച്ചു.. വേണമെന്ന് പറയുമ്പോൾ വാങ്ങിച്ചു തരുന്നില്ല.. എന്താ നീയിങ്ങനെ.. ഇന്നലെ രാവിലെ എൻറെ അന്നം മുടക്കിയില്ലേ.. അതിനുള്ള ശിക്ഷയാണെന്ന് കൂട്ടിക്കോ.. ഇനിമുതൽ ക്ലാസ്സ്‌ ഉള്ള എല്ലാ ദിവസങ്ങളിലെയും എന്റെ ഫുഡ്‌ന്റെ ബില്ല് നീ പേ ചെയ്യണം.. " എന്ന് പറഞ്ഞു അവൾ കസേരയിൽ നിന്നും എണീറ്റു.. "എങ്ങോട്ടേക്കാ.." "പോകുന്നൊന്നും ഇല്ലാ.. നിന്നെ പിഴിയാതെ ഞാൻ പോകില്ല.. കയ്യും മുഖവും വാഷ് ചെയ്തു വരാം.. അപ്പോഴേക്കും ഓർഡർ ചെയ്തു വെക്ക്.. " " എന്താ വേണ്ടത്.. മുന്നിൽ കൊണ്ട് വെച്ചതിനു ശേഷം എനിക്കതു വേണ്ടാ ഇത് വേണ്ടാ ഞാനത് കഴിക്കില്ലന്നൊക്കെ പറഞ്ഞാൽ എല്ലാം എടുത്തു നിന്റെ തല വഴി കമിഴ്ത്തും..

പറഞ്ഞില്ലാന്നു വേണ്ടാ.. " "എനിക്ക് ചപ്പാത്തിയും മസാലക്കറിയും മതി.. പിന്നെ ഒരു കോഫി.. " എന്ന് പറഞ്ഞു അവൾ വാഷ് റൂമിലേക്ക്‌ പോയി.. അവൻ അവൾ പറഞ്ഞത് ഓർഡർ ചെയ്തു.. അവളുടെ പെരുമാറ്റം അവന് ഒരു അത്ഭുതമായി തോന്നി.. ആദ്യം ആയിട്ടാണ് തന്നോട് ഇങ്ങനെ.. നന്നായോ..? അതോ ഇനി എന്നെ പേടിച്ചിട്ടോ.. എതിർക്കാൻ നിന്നാൽ ഞാൻ ഉപദ്രവിക്കുമെന്ന് കരുതിയിട്ട് ആണൊ ഇങ്ങനെ.. ആർക്കറിയാം.. അവൻ അവൾ വരുന്നതും നോക്കി ഇരുന്നു.. കയ്യും മുഖവും തുടച്ചു കൊണ്ട് അവൾ വന്നു ഇരുന്നു.. അപ്പോഴേക്കും ഓർഡർ ചെയ്തത് മുന്നിൽ നിരന്നിരുന്നു.. അവൾ അവനെ നോക്കിയില്ല.. പ്ലേറ്റ് മുന്നിലേക്ക് എടുത്തു വെച്ചു കഴിക്കാൻ തുടങ്ങി.. അവൻ അവൾ കഴിക്കുന്നത് നോക്കി ഇരിക്കാനും.. "അമേരിക്കൻ പ്രൗഡിയുള്ള വീട്.. അതിനകത്തു സോമാലിയൻ സ്റ്റൈലിലുള്ള മനുഷ്യൻമാർ.. ഓ ഗോഡ്.. എന്തൊക്കെ കാണണം.. " ഒരു വട്ടം പോലും അവൾ തല ഉയർത്താത്തതു കണ്ടു അവൻ പറഞ്ഞു..

തന്നെ ആക്കുന്നതാണെന്ന് അവൾക്ക് മനസ്സിലായി.. കിട്ടിയ അവസരം ഒട്ടും പാഴാക്കണ്ട ടാ തെണ്ടി.. നല്ലോണം മുതലാക്കിക്കോ.. എല്ലാം ഞാൻ കണക്കിൽ ഇട്ട് വെക്കുന്നുണ്ട്.. അവൾ മനസ്സിൽ വിചാരിച്ചു.. അപ്പോഴും അവനെ നോക്കിയില്ല.. " ടീ...പയ്യെ..അണ്ണാക്കിൽ കുരുങ്ങും.. കണ്ടാൽ പറയില്ല.. ഫുഡ്‌നോട് ഇത്രേം ആക്രാന്തം ഉള്ള കൂട്ടത്തിൽ ആണെന്ന്.. " ഇപ്രാവശ്യം അവൾ തല ഉയർത്തി.. അവനെ ഒന്ന് തറപ്പിച്ചു നോക്കി.. വീണ്ടും ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു.. " നിനക്ക് നിന്റെ വീട്ടിൽ നിന്നു കഴിക്കാൻ ഒന്നും തരുന്നില്ലേ... എന്ത് കോലമാടി ഇത്.. ദിവസം ചെല്ലുന്തോറും ചുള്ളി കമ്പ് പോലെ ആകുന്നുണ്ടല്ലോ.. എത്ര നാളായി നീ ഭക്ഷണം കണ്ടിട്ട്.. " " ഞാനാ വീട്ടിലെ വേലക്കാരി ആണെന്നതു നിനക്ക് അറിയാത്ത കാര്യമൊന്നും അല്ലല്ലോ.. ഒരു വേലക്കാരിക്ക് കിട്ടുന്ന ഭക്ഷണം എത്ര ആണെന്നും ഏതു പോലെത്തെതു ആണെന്നും നിനക്ക് ഊഹിക്കാമല്ലോ.. " അവളൊരു കൂസലും ഇല്ലാതെ പറഞ്ഞു.. അത് കേട്ടു അവൻ നെറ്റി ചുളിച്ചു.. അവളിനി ശെരിക്കും ഒരു വേലക്കാരി ആണോ എന്നതായിരുന്നു അവന്റെ സംശയം.. പക്ഷെ അത് അവളോട്‌ ചോദിച്ചില്ല..

"ശരീരം കണ്ടാൽ മാത്രമേ പറയൂ വേലക്കാരി ആണെന്നും ഫുഡ്‌ കാണാത്തവൾ ആണെന്നും... നിന്റെ വായ തുറന്നാൽ ആരും പറയില്ല അതൊന്നും.. " അവൻ പറഞ്ഞു.. അവൾക്ക് എരിഞ്ഞു കയറി വരുന്നുണ്ടായിരുന്നു.. വല്ലതും പറഞ്ഞാൽ കഴിക്കാൻ സമ്മതിച്ചില്ലങ്കിലോന്ന് കരുതി സഹിച്ചു പിടിച്ചു നിന്നു.. " ഞാൻ വിചാരിച്ചത് നിനക്ക് തകരാർ മാനസികമായി മാത്രം ആണെന്നാ.. അല്ല.. ഇത്രേമൊക്കെ ആയിട്ടും എന്നോട് ഒരു ഫീലിംഗ്സും തോന്നീട്ടില്ലല്ലോ.. ഇതിപ്പോ നീ ശാരീരികമായും അസുഖമുള്ള കൂട്ടത്തിൽ ആണല്ലേ.. ചിക്കൻ ബിരിയാണി കഴിച്ചാൽ വയറുവേദന.. വെജിറ്റബിൾ ബിരിയാണി കഴിച്ചാൽ ഛർദി.. എവിടുന്നു വരുന്നു ടീ നീ.. " "എന്താ നിനക്ക് വേണ്ടത്.. എന്നെ ഒന്ന് കഴിക്കാൻ വിടുമോ.. അതോ ഇന്നും ഒന്നും രണ്ടും പറഞ്ഞു വന്നു ഇന്നലത്തെതു പോലെ ചെയ്യാൻ ആണൊ.. " "എനിക്ക് ഇപ്പൊ ഈ കോഫി മതി.. വേറൊന്നും വേണ്ടാ." എന്ന് പറഞ്ഞു അവൾ കുടിച്ചു വെച്ച കോഫി എടുത്തു അവൻ ഒരു സ്വിപ്പ് കുടിച്ചു.. "ഏയ്‌.. അത് എന്റേതാ.. ഞാൻ കുടിച്ചതാ.. " "അതിന്.. അതിനെന്താ.. നിനക്ക് വേണേൽ വേറെ ഒരെണ്ണത്തിനു പറാ.. ഇത് എനിക്ക് വേണം.. " " എനിക്ക് വേണ്ടാ.. മതി.. "

അവൾ ദേഷ്യത്തോടെ പ്ലേറ്റ് നീക്കി വെച്ചു എഴുന്നേറ്റു.. "വേണ്ടങ്കിൽ വേണ്ടാ.. എനിക്ക് ടെൻ റുപ്പീസ് ലാഭം.. " " നാറി അല്ലടാ നീ.. നക്കിയാ.. വെറും നക്കി.. വെറുതെ നിന്റെ വാപ്പാന്റെ വില കളയാൻ... " അവൾ മുഖം തിരിച്ചു കൈ കഴുകാൻ പോയി.. അവൾ തന്നോട് ദേഷ്യപ്പെടുന്നതും ശബ്ദം ഉയർത്തുന്നതുമൊന്നും ഇഷ്ടമല്ല.. എന്നാലും അവളെ ദേഷ്യം പിടിപ്പിക്കാനും ദേഷ്യത്തിൽ ഇരിക്കുന്നത് കാണാനുമാണ് ഇഷ്ടം.. വായ അടച്ചു പൂട്ടിയുള്ള അവളുടെ ഇരുപ്പ് കാണുമ്പോഴേ അസ്വസ്ഥതയാണ്.. അവനും എഴുന്നേറ്റു.. ശബ്ദം ഉണ്ടാക്കാതെ അവളുടെ പിന്നിൽ ചെന്നു നിന്നു.. "ഹൂ.. പേടിച്ച് പോയല്ലോ.. നീയെന്നെ കൊല്ലാൻ വേണ്ടി തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ... മനുഷ്യൻമാരുടെ നല്ല ജീവൻ അങ്ങ് പോയി.. " കൈ കഴുകി തിരിഞ്ഞതും അവനെ പെട്ടെന്ന് തന്നെ തൊട്ടു തൊട്ടില്ലന്ന മട്ടിൽ പിന്നിൽ കണ്ടതും അവൾ നെഞ്ചത്ത് കൈ വെച്ചു പോയി.. അവനൊന്നും മിണ്ടിയില്ല.. അപ്പോൾത്തന്നെ അവളുടെ കൈ മുട്ടിൽ പിടിച്ചു വലിച്ചു വാഷ് റൂമിന്റെ ഉള്ളിലേക്ക് കയറ്റി.. പിന്നാലെ അവനും കയറി.. "എ... എന്താ..? " പെട്ടെന്നുള്ള അവന്റെ പ്രവർത്തി കണ്ടു അവളൊന്നും മനസ്സിലാകാതെ ചോദിച്ചു..

"എന്താ നിനക്ക് ഒരു മാറ്റം.. " "മാ.. മാറ്റോ.. എന്ത് മാറ്റം.. " " ഇന്നെന്താ ഒരു സോഫ്റ്റ്‌.. അല്ലെങ്കിൽ ഞാൻ അടുത്ത് വരുമ്പോൾ തന്നെ പൊട്ടി തെറിക്കുന്ന ആളാണല്ലോ..?" "എനിക്കൊരു മാറ്റവും ഇല്ലാ.. ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാ.. എന്നോട് നല്ല രീതിയിൽ പെരുമാറിയാൽ ഞാനും നല്ല രീതിയിൽ പെരുമാറും.. " " അത്രേ ഒള്ളോ..? " " ആ.. " "അല്ലല്ലോ..? " "അല്ലെന്നോ.. പിന്നെന്താ ഒള്ളെ.. " " ഇഷ്ടം..നിനക്ക് എന്നോട് ഇഷ്ടം ഉണ്ട്.. അത് കൊണ്ടല്ലേ ഇങ്ങനെ.. അല്ലെങ്കിൽ ഒരിക്കലും നീ ഞാൻ വാങ്ങിച്ചു തന്ന ഫുഡ്‌ കഴിക്കില്ലായിരുന്നു.. ഞാൻ ഇന്നലെ നിന്നോട് അത്രേമൊക്കെ ചെയ്തിട്ടും നീ ഇന്നലെ അത് കഴിച്ചില്ലേ.. " " പിന്നേ.. ഇഷ്ടം.. മണ്ണാങ്കട്ടയാണ്.. കഴിച്ചത് നിന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല.. എനിക്ക് നിന്റെ സ്വഭാവം ഇല്ലാത്തത് കൊണ്ടാ.. ഭക്ഷണത്തിന്റെ മുന്നിൽ നിന്നും പോരാട്ടം നടത്താൻ ഇഷ്ടമില്ലാത്തതു കൊണ്ട്.. മുന്നിൽ കൊണ്ട് വെച്ച ഭക്ഷണത്തെ നിന്ദിക്കാൻ കഴിയാത്തത് കൊണ്ട്.. ഭക്ഷണത്തിന്റെ വില എന്തെന്ന് എനിക്ക് നന്നായി അറിയാം.. അതിനി മുന്നിൽ ഇരിക്കുന്നത് ഒരുമണി അന്നം ആണെന്നാൽ പോലും... " " ഓ.. അതുശരി.. അപ്പൊ ഇപ്പൊ വാങ്ങി തരാൻ പറഞ്ഞതോ.. ഇപ്പൊ നീ കഴിച്ചതോ..

അതെന്തിനാ.. ഞാൻ നിന്റെ മുന്നിൽ കൊണ്ട് വെച്ചതാണോ.. അല്ലല്ലോ.. നീ ആവശ്യപ്പെട്ടതല്ലേ.. അതെന്തിനാ.. പറയെടി.. " " അത് വിശന്നിട്ട്.. ഭക്ഷണത്തിന്റെ മാത്രമല്ല..എനിക്ക് വിശപ്പിന്റെ വിലയും എന്തെന്നറിയാം.. " "കോപ്പ്.. ലോകത്തുള്ള സകലതും നിനക്ക് അറിയാം.. എല്ലാത്തിന്റെയും വില അറിയാം.. അറിയാത്തത് എന്റെ സ്നേഹം മാത്രം.. എന്റെ സ്നേഹത്തിന്റെ വില മാത്രം.. " അവൻ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.. "സ്നേഹോ.. ആർക്ക്.. നിനക്കോ.. നീയിങ്ങനെയും തമാശ പറയുമായിരുന്നോ.. ഞാൻ അറിഞ്ഞില്ല.. സ്നേഹം എന്നാൽ വെറും വാശിയും ദേഷ്യവും മാത്രമല്ല... അതിന് ഒരു അർത്ഥവും വലിയ വിലയുമുണ്ട്.. അതൊന്നും നിനക്ക് അറിയില്ല അമൻ.. അറിയുമായിരുന്നു എങ്കിൽ ഒരിക്കലും നീ എന്നോട് ഇങ്ങനെ ഒന്നും പെരുമാറില്ലായിരുന്നു.. എനിക്ക് നിന്നോട് തോന്നാത്ത സ്നേഹം പിടിച്ചു വാങ്ങിക്കാൻ നോക്കില്ലായിരുന്നു.. " " ഓക്കേ.. എനിക്കൊന്നും അറിയില്ല.. ഒരു മണ്ണാങ്കട്ടയും എനിക്കറിയില്ല..

പിന്നെ അറിയുന്നത് ആർക്കാ.. നിനക്കാണോ.. നിനക്കാണോ ടീ.. ദേഷ്യവും വാശിയും അല്ലാതെ മറ്റെന്താ നിനക്കുള്ളത്.. അത് രണ്ടും ഒഴിച്ച് വെച്ചൊരു നേരം ഉണ്ടോ നിനക്ക്.. സ്നേഹത്തിന്റെ വില അറിയുന്നവൾ ആണെങ്കിൽ എന്ത് കൊണ്ട് നീ നിന്റെ ദേഷ്യവും വാശിയും മാറ്റി വെക്കുന്നില്ല.. എന്ത് കൊണ്ട് അതൊക്കെ അവസാനിപ്പിച്ചു എൻറെ മുന്നിൽ തോറ്റു തരുന്നില്ല.. പറയെടി.. എല്ലാം അറിയുന്നവൾ ആണെങ്കിൽ പിന്നെ നീ എന്തിന് ഒന്നും അറിയാത്തവളെ പോലെ നടിക്കുന്നു.. " അവൻ അവളുടെ രണ്ടു ഷോൾഡറിലും പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.. അവൾ അവന്റെ കൈ എടുത്തു മാറ്റി.. "സീ അമൻ.. നിന്നെ ദേഷ്യം പിടിപ്പിക്കാനോ വാശി കയറ്റാൻ വേണ്ടിയോ ഒന്നും പറയുന്നതല്ലാ.. എനിക്കിഷ്ടമല്ലാത്തോണ്ടാ.. ഇഷ്ടപ്പെടാൻ പറ്റാത്തോണ്ടാ.. അത് നീ മനസ്സിലാക്കണം.. ഈ കോളേജിലേക്ക് വരുമ്പോൾ ഒരിക്കലും ഞാൻ കരുതിയിരുന്നില്ല എനിക്കെതിരെ ഒരാൾ ഉണ്ടാകുമെന്ന്.. നിന്നെ പോലെ ഒരുത്തൻ എനിക്ക് എതിരായി വരുമെന്ന്.. ഇവിടെ എനിക്കൊരു ശത്രു വേണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.. ഒരിക്കലും ഞാൻ നിന്റെ കുറുകെ വന്നിട്ടില്ല അമൻ..

നീയാ.. നീയാ എപ്പോഴും എനിക്ക് തടസ്സമായി വരുന്നത്.. ഇവിടെ അഡ്മിഷൻ എടുത്തു രണ്ടാം നാൾ തൊട്ടു തുടങ്ങിയതാ നീ എന്നോട് ഇങ്ങനെയൊക്കെ.. നിന്നെ പോലെ തന്നെ ദേഷ്യവും വാശിയും കൂടുതൽ ആയത് കൊണ്ട് ഞാനും ഒന്നും വിട്ടു തന്നില്ല.. എല്ലാത്തിലും നിന്റെ ഒപ്പത്തിനു ഒപ്പം നിന്നു.. നീ കളിക്കുന്നത് പോലെത്തന്നെ ഞാനും തിരിച്ചു കളിച്ചു.. എന്റെ നേർക്ക് നീ വരുമ്പോഴോക്കെ ഞാൻ പിടിച്ചു നിന്നു.. നിനക്ക് സിസ്റ്റേഴ്സ് ഉണ്ടെങ്കിൽ നീ അവരോട് ചോദിച്ചു നോക്ക്.. എന്റെ സ്ഥാനത്തു അവര് ആയിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന്.. എങ്ങനെ പെരുമാറുമായിരുന്നു എന്ന്.. ഇങ്ങനെയൊക്കെയെ ഉണ്ടാവുകയുള്ളൂ.. ഞാൻ ചെയ്യുന്നത് പോലെയെ അവരും ചെയ്യുകയുള്ളൂ.. നിന്നെ പോലെത്തന്നെയാ അമൻ ഞാനും.. തോൽക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല.. എന്നിട്ടും ഇപ്പൊ നിന്നെ അനുസരിച്ചു നിക്കുന്നതു നിന്നെ പേടിച്ചിട്ടാ.. നീയെന്നെ ഉപദ്രവിക്കുമെന്ന് കരുതിയിട്ടാ.. നീ പറഞ്ഞത് സത്യമാ എനിക്ക് താങ്ങാൻ കഴിയുന്നില്ല നിന്റെ കൈ കരുത്ത്.. വല്ലാത്ത വേദനയാണ്‌.. സഹിക്കാൻ പറ്റുന്നില്ല.. " അവൾ പറഞ്ഞു നിർത്തി.. എന്നത്തേയും പോലെ ദേഷ്യത്തിൽ അല്ല... ശാന്തമായി അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. " അപ്പൊ നീ സമ്മതിച്ചു തന്നിരിക്കുന്നു എന്റെ കൈ കരുത്ത് നിനക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണെന്ന്...

ഞാൻ നൽകുന്ന വേദനയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ലന്ന്.." " സമ്മതിച്ചു തരാതെ നിക്കുന്നത് എങ്ങനെയാ.. നിന്നെ പോലെ ഉരുട്ടി കയറ്റിയ മസ്സിലോ പത്തടി പൊക്കമുള്ള ബോഡിയോ ഒന്നും എനിക്കില്ല.. നീ തന്നെ പറഞ്ഞു ഞാൻ ചുള്ളിക്കമ്പ് ആണെന്ന്.. ആ എന്നോട് കളിക്കാൻ നിക്കുന്നത് എന്തിനാ നീ.. നിന്റെ ലെവലിൽ ഉള്ളവരോട് കളിച്ചാൽ പോരെ നിനക്ക്.. തണ്ടും തടിയുമുള്ള എത്ര എണ്ണം ഉണ്ട് ഇവിടെ.. അങ്ങോട്ടേക്ക് ചെല്ല്.. എന്നിട്ട് എന്നെ വിട്ടേക്ക്.. " " അതിനാരു പറഞ്ഞു എനിക്ക് വേണ്ടത് തണ്ടും തടിയും ആണെന്ന്.. എനിക്ക് വേണ്ടത് വെടിക്കെട്ട് പോലെത്തെ വായയാണ്.. ഞാൻ ഒന്ന് പറയുമ്പോൾ തിരിച്ചു പത്തെണ്ണം പറയാനുള്ള കഴിവ് ആണ്.. അത് നിനക്കെ ഉള്ളു.. നിന്റെ അടുത്തുന്നേ എനിക്കത് കിട്ടു.. ആര് പറഞ്ഞു നീ എൻറെ ലെവൽ അല്ലന്ന്.. എനിക്കൊപ്പം നിൽക്കാൻ ഒരാളെ ഉള്ളു ഈ കോളേജിൽ.. അത് നീയാ.. എന്നെ വെല്ലുവിളിക്കാനും എൻറെ നേർക്ക് നേർ പോരാടാനും നിനക്കെ കഴിയൂ.. എന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ നിനക്കെ പറ്റൂ.. നിനക്ക് മാത്രം.. "

" നിന്റെ തലയിൽ എന്താ പിണ്ണാക്ക് ആണോ.. പറഞ്ഞാൽ മനസ്സിലാകില്ലേ നിനക്ക്.. നിന്നോട് ഒക്കെ നല്ല രീതിയിൽ പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.. നിനക്കൊന്നും ഒരുകാലത്തും വിവരം വെക്കില്ലടാ.. ഒന്ന് മാറങ്ങോട്ട്... " "ആാാ... നില്ല്.. പോകാൻ വരട്ടെ.. " അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.. "എന്താ.. " അവൾ സഹികെട്ടു ചോദിച്ചു.. "എനിക്ക് നിന്നെ കിസ്സ് ചെയ്യാൻ തോന്നുന്നുണ്ട്.. " "എ... എന്താ.. " അവൾ ഞെട്ടി തരിച്ചു കൊണ്ട് ചോദിച്ചു.. "കേട്ടില്ലേ.. എനിക്ക് നിന്നെ കിസ്സ് ചെയ്യാൻ തോന്നുന്നു.. " അവൻ അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.. "അ...അമൻ.. " അവൾ വിറച്ചു കൊണ്ട് രണ്ടടി പിറകിലേക്ക് നീങ്ങി.. "നോ..അമൻ അല്ല..താജ്...കാൾ മി താജ്.. " അവളൊന്നും മിണ്ടിയില്ല.. തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി.. " കേട്ടില്ലേ.. വിളിക്ക്.. അമൻ അല്ല.. താജ് എന്ന് വിളിക്ക്.. " അവൻ അവളുടെ അടുത്ത് ചെന്നു പറഞ്ഞു.. അവൾ ഇല്ലെന്ന് തലയാട്ടി.. "വിളിക്കടീ.. വിളിക്കാനാ പറഞ്ഞത്..

ഇല്ലങ്കിൽ എന്റെ കൈ ചൂട് ആയിരിക്കില്ല ഇന്ന് നീ അറിയുന്നത്.. എന്നെന്നേക്കുമായി ഓർക്കാനുള്ള മറ്റൊരു ചൂട് ഞാൻ തരും.. " അവൻ അവളുടെ ചുണ്ടുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. അവൻ പറഞ്ഞത് എന്താണെന്ന് അവൾക്ക് മനസ്സിലായി.. അവൾ വേഗം അവനിൽ നിന്നും മുഖം തിരിച്ചു നിന്നു.. " പറഞ്ഞത് കേട്ടില്ലേ നീ.. " അവൻ അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു കവിളിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു.. " ഇല്ലാ.. ഞാൻ വിളിക്കില്ല..." അവൾ എടുത്തടിച്ചതു പോലെ പറഞ്ഞു.. "വേണ്ടാ.. വിളിക്കണ്ട.. നിന്റെ വാശി കളയാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ.. " എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.. " അമൻ.. പ്ലീസ്.. എന്നെ ഉപദ്രവിക്കരുത്.. ഞാൻ വിളിക്കില്ല.. ഞാൻ പറഞ്ഞത് അല്ലേ എലെക്ഷനിൽ നീ ജയിച്ചാൽ ഞാൻ വിളിച്ചോളാമെന്ന്.. അന്ന് നീ അത് സമ്മതിച്ചു തന്നതും ആണല്ലോ.. " എവിടുന്നോ വന്ന ശക്തിയിൽ അവൾ അവന്റെ കൈ തട്ടി മാറ്റി അവനെ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും അവൾ കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു.. അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..

അവന്റെ ചുണ്ടിൽ കുസൃതി ഉള്ളൊരു ചിരി വിരിയുന്നുണ്ടായിരുന്നു.. " അപ്പൊ ഇത്രേ ഒള്ളൂല്ലേ കോളേജ് സിങ്കക്കുട്ടി ലൈല ജബീന്റെ ധൈര്യം...എനിക്കറിയാം നിന്നെ കൊന്നാലും നീ എന്നെ അങ്ങനെ വിളിക്കില്ലന്ന്.. അഥവാ വിളിക്കുന്നുണ്ടെങ്കിൽ തന്നെ അത് നീ പറഞ്ഞ സമയത്ത് ആയിരിക്കുമെന്നും.. നീ എന്തിനാ എന്നെ പേടിക്കുന്നത്.. ഞാൻ നിന്നെ ദേഹോപദ്രവം ചെയ്യുന്നത് അല്ലാതെ എന്നെങ്കിലും നിന്റെ അഭിമാനത്തിൽ തൊട്ടു കളിച്ചിട്ട് ഉണ്ടോ.. എത്രയോ വട്ടം നിന്നെ ഇതുപോലെ ഒറ്റയ്ക്ക് കിട്ടിയിരിക്കുന്നു.. എന്നെങ്കിലും ഞാൻ നിന്റെ ശരീരത്തിൽ തെറ്റായ രീതിയിൽ ഒന്ന് തൊട്ടിട്ടുണ്ടോ.. പിടിച്ചും വലിച്ചും വേദനിപ്പിക്കുന്നത് അല്ലാതെ എപ്പോഴെങ്കിലും ഞാൻ നിന്നെ കെട്ടിപ്പിടിക്കുകയോ കിസ്സ് ചെയ്യുകയോ മറ്റും ചെയ്തിട്ടുണ്ടോ.. ഒരുവട്ടം ശ്രമിച്ചിട്ടുണ്ട്.. അത് പക്ഷെ ഒറ്റയ്ക്ക് കിട്ടിയപ്പോഴല്ലാ.. പബ്ലിക് ആയിട്ടാ.. അന്ന് നീ അതിന് സമ്മതിച്ചില്ലന്ന് മാത്രമല്ല.. ഒന്ന് പൊട്ടിക്കാൻ വേണ്ടി കൈ ഉയർത്തിയതുമാ... എവിടെ പോയി ആ ധൈര്യമൊക്കെ.. അന്നത്തേതിന്റെ പകുതി ഊർജം പോലും ഇല്ലല്ലോ ഇപ്പൊ നിനക്ക്.. എന്തുപറ്റി.. എൻറെ മുന്നിൽ ജയിക്കാൻ ആവില്ലന്ന് ഉറപ്പിച്ചോ... അതാണോ ഇങ്ങനെ സ്വയം തോറ്റു തരുന്നത്..? " അവളൊന്നും മിണ്ടിയില്ല.. തല താഴ്ത്തി നിന്നു.. കണ്ണ് നിറഞ്ഞിട്ട് ഉണ്ടെന്ന് മാത്രല്ല.. നന്നേ പേടിക്കുകയും ചെയ്തിട്ട് ഉണ്ടെന്ന് അവന് മനസ്സിലായി..

അതാണ് മുഖം തരാത്തത്.. "പൊക്കോ.. " അവൻ മുന്നിന്ന് മാറി നിന്നു കൊണ്ട് പറഞ്ഞു.. അപ്പോഴും അവളൊന്നും മിണ്ടിയില്ല..പോകാൻ നോക്കി.. "ടീ.. സത്യം പറഞ്ഞിട്ട് പോ.. എങ്ങനെയാ ഛർദി തുടങ്ങിയേ.. ബിരിയാണി കഴിച്ചിട്ട് തന്നാണോ..?" അവൾ അല്ലെന്ന് തലയാട്ടി. "പിന്നെ.. പിന്നെങ്ങനെയാ..? " "അറിയില്ല.. " "മൂന്ന് നേരവും വയറു നിറച്ചു കഴിക്കണം.. എന്നാലേ ഗുഡ് ഹെൽത്ത്‌ ഉണ്ടാവുള്ളു.. എന്നോട് ഫൈറ്റ് ചെയ്യാനുള്ള എനർജിയും.. " അവൻ പറഞ്ഞു.. പിന്നെ അവൾ നിന്നില്ല.. വേഗത്തിൽ ഇറങ്ങിപ്പോയി.. അവൾക്ക് പേടിയും സങ്കടവും ആണെങ്കിൽ അവനു ചിരിയായിരുന്നു.. അവളെ പേടിപ്പിച്ചതിലുള്ള ചിരി... പൊന്നു മോളെ.. ഞാൻ നിന്നെയും കൊണ്ടെ പോകൂ.. * " എന്താടാ നെറ്റിയിൽ.. എന്ത് പറ്റിയതാ.. " വൈകുന്നേരം ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു എത്തിയ മുന്നയെ കണ്ടു അവന്റെ ഉമ്മ പരിഭ്രമത്തോടെ ചോദിച്ചു.. " ഒന്നുല്ല ഉമ്മാ.. സ്ലിപ് ആയതാ.. " അവൻ നെറ്റിയിൽ തൊട്ടു നോക്കിക്കോണ്ട് പറഞ്ഞു..

" സ്ലിപ് ആയത് തന്നെയാണോ..? " "പിന്നെ എന്തായതെന്നാ ഉമ്മ പറയുന്നേ.. " "സത്യം പറ മുന്നാ.. നീ വീണ്ടും തുടങ്ങിയല്ലേ അവൾക്ക് വേണ്ടി.. " " ഉമ്മ എന്തൊക്കെയാ ഈ പറയുന്നത്.. " "ഞാൻ പറയുന്നത് എന്താണെന്ന് നിനക്ക് മനസ്സിലാവുന്നുണ്ട്.. ഇല്ലാത്തത് പോലെ അഭിനയിക്കണ്ടാ.. നിനക്ക് അറിയുന്നതല്ലേ നിന്നേ കുറിച്ചുള്ള എന്റെ വേവലാതി.. ഒരുമ്മാന്റെ സങ്കടം പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല.. നിനക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ എനിക്കും നിന്റെ പെങ്ങക്കും ആരെടാ ഉള്ളത്.. " അവന്റെ ഉമ്മ വേവലാതിക്കെട്ട് അഴിക്കാൻ തുടങ്ങി.. " ഉമ്മ എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. ഇപ്പൊ ഇങ്ങനൊക്കെ പറയാൻ മാത്രം ഇവിടെന്താ സംഭവിച്ചത്.. എന്റെ നെറ്റിയൊന്നു മുറിഞ്ഞു കണ്ടതോ.. ഞാനൊന്നിനും പോയിട്ടില്ല.. ഉമ്മ കരുതുന്നത് പോലെ അവൾക്ക് വേണ്ടി ആരോടും ഒന്നിനും പോയിട്ടില്ല.. ഉമ്മാനെ എനിക്ക് മനസ്സിലാകും.. ഉമ്മാന്റെ സങ്കടങ്ങളും എന്നെ കുറിച്ചുള്ള പേടിയും എനിക്കറിയാം.. നെഞ്ചിലെ വേദന എന്തെന്ന് അറിയാം..

പക്ഷെ ഇതെല്ലാം എന്നേക്കാൾ കൂടുതൽ ആയി അവൾക്ക് അറിയാം ഉമ്മാ.. എന്റെ ഉമ്മാനെ എന്നേക്കാൾ കൂടുതലായി മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞിട്ടുണ്ട്.. എന്നെ അനുവദിക്കാറില്ല.. ഒന്നിനും അനുവദിക്കാറില്ല.. എല്ലാത്തിൽ നിന്നും വിലക്കി ഇരിക്കുകയാ.. അവളുടെ കാര്യത്തിൽ ഞാൻ ഇപ്പോൾ ഒരു നോക്ക് കുത്തി മാത്രമാണ്.. ചില നേരത്ത് ഞാൻ എൻറെ ഉമ്മാനെ ഓർത്ത് പോകാറില്ല.. പക്ഷെ അവളെപ്പോഴും ഓർക്കുന്നുണ്ട് ഉമ്മാ.. ഉമ്മാനെ മാത്രമല്ല.. ഉമ്മാക്ക് നൽകിയ വാക്കും.. പഴയതിനേക്കാൾ ഇഷ്ടമാണ് അവൾക്ക് ഉമ്മാനോട്.. എന്നും അന്വേഷിക്കാറുണ്ട് ഉമ്മാനെയും മുഹ്സിയെയും.. അവളോട്‌ ഉമ്മ കാണിക്കുന്ന ഈ അകൽച്ച ഒന്ന് കുറച്ചാൽ നന്നാകുമായിരുന്നു.. നിങ്ങളെ രണ്ടു പേരെയും കാണാൻ ആഗ്രഹം ഉണ്ടായിട്ടും അവൾ വരാത്തത് ഉമ്മാക്ക് ഇഷ്ടപ്പെടില്ലന്ന് കരുതിയാണ്‌.. " അവന്റെ ശബ്ദം ഇടറാൻ തുടങ്ങിയിരുന്നു.. പിന്നെ ഉമ്മാക്ക് മുഖം കൊടുത്തില്ല.. നേരെ റൂമിലേക്ക്‌ കയറി പോയി.. അവൻ പറഞ്ഞതൊക്കെ ആ ഉമ്മാന്റെ നെഞ്ചിലേക്ക് തുളഞ്ഞു കയറിയിരുന്നു..മനസ്സിനെ ആഴത്തിൽ മുറിവേൽപിച്ചിരുന്നു.. അവളോട്‌ കാണിക്കുന്ന അകൽച്ച.. അത് മനസ്സ് അനുവദിച്ചിട്ടല്ലാ..

ഒരിക്കലും അവളെ അകറ്റി നിർത്താൻ ആഗ്രഹിച്ചിട്ടില്ല.. ഇഷ്ടക്കേടു കാണിക്കുന്നത് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.. ഒരുപാട് ഇഷ്ടമാണ്.. സ്വന്തം മകളോടുള്ള അത്രയും സ്നേഹമുണ്ട്.. ഒരുപക്ഷെ അതിനേക്കാൾ ഏറെ.. അവൾ തന്റെ സ്വന്തം മകൾ ആയിരുന്നു എങ്കിൽ എന്ന് എത്ര വട്ടം ആഗ്രഹിച്ചിട്ടുണ്ട്.. എന്നിട്ടും ഇങ്ങനൊക്കെ ചെയ്യുന്നത്.. അത് സ്വന്തം മകനെ നഷ്ടപ്പെടാതെ നിക്കാനാണ്.. അവളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു എന്ന ഒരൊറ്റ കാരണം കൊണ്ട് ഒരു പാവം ചെറുക്കന് സംഭവിച്ചത് എന്തൊക്കെ ആണെന്ന് അറിഞ്ഞതിനു ശേഷം തുടങ്ങിയതാ ഈ പേടി.. അതിന്റെ ബാക്കിയായി ഇങ്ങോട്ടും വന്നിരുന്നു ഭീഷണി പെടുത്താൻ.. സംരക്ഷിക്കുന്നത് പോയിട്ട് അവളെ ഒന്ന് സഹായിക്കുക കൂടി ചെയ്താൽ പിന്നെ ഇവിടെ ഒരാളെയും ജീവനോടെ വെച്ചേക്കില്ല എന്ന്.. അത് മാത്രമാണോ.. നഷ്ടവും സംഭവിച്ചു.. എന്റെ മകൾക്കു അവളുടെ ജീവിതം തന്നെ നഷ്ടപ്പെട്ടു.. അവൾ ആഗ്രഹിക്കുകയും ഒരുപാട് സ്വപ്നം കാണുകയും ചെയ്ത അവളുടെ ജീവിതമാണ് അന്ന് അവൾക്ക് ലൈല കാരണം നഷ്ടമായത്.. ഓരോന്നു ഓർത്തതും ആ ഉമ്മയുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി പുറത്തു ചാടി..

അത് കണ്ടു കൊണ്ട് മുഹ്സിന അവിടെ തന്നെ ഉണ്ടായിരുന്നു.. പക്ഷെ ഉമ്മാനെ സമാധാനിപ്പിക്കാൻ ചെന്നില്ലാ.. എത്രയൊക്കെ സമാധാനിപ്പിച്ചിട്ടും കാര്യമില്ല.. കല്യാണ പ്രായം കഴിഞ്ഞിട്ടും മകൾ വീട്ടിൽ തന്നെ ഇരിക്കുന്നത് ഏതൊരു ഉമ്മാക്കും വേദനയാണ്‌.. ആശ്വസിപ്പിക്കാൻ ചെന്നാൽ സങ്കടവും വേദനയും കൂടുകയെയുള്ളൂ.. അവളുടെ മിഴികളും നിറഞ്ഞു.. അവൾ വേഗം തുടച്ചു മാറ്റി.. മുന്നയുടെ റൂമിലേക്ക്‌ ചെന്നു.. * ഉമ്മാനോട് കള്ളം പറയേണ്ടി വന്ന സങ്കടത്തിൽ ആയിരുന്നു അവൻ.. ഉമ്മ പറഞ്ഞത് പോലെ അവൾക്ക് വേണ്ടിയോ അവളു കാരണമോ ഒന്നുമല്ല..എന്നാൽ താൻ പറഞ്ഞത് പോലെ സ്ലിപ് ആയതും അല്ല.. ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോഴാണ് ആ താജ്ന്റെ ക്ലാസ്സിലെ മനാഫ് ഗേറ്റ്നു ഇരുവശത്തെയും തന്റെ ക്ലാസിനു മുന്നിലുമൊക്കെയുള്ള ഫ്ലക്സ് വലിച്ചു കീറിയും ചവിട്ടിയും നശിപ്പിക്കുന്നത് കണ്ടത്.. എല്ലാം താനും കൂട്ടരും ചേർന്നു അടിച്ച ഫ്ലക്സുകൾ.. താജ്ന്റെ ഫ്ലക്സ്നു ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല.. അപ്പോൾത്തന്നെ മനസ്സിലായി താജ്നു വേണ്ടി അല്ലങ്കിൽ താജ് പറഞ്ഞിട്ടാണ് ആ ചെയ്ത്തെന്ന്.. താജ്നെ അവിടെ എവിടെയും കണ്ടതുമില്ല.. പണി മനാഫ്നെ ഏല്പിച്ചിട്ട് പോയതാകും.. തന്നെ കണ്ടിട്ടും മനാഫ് നിർത്തിയില്ല.. ഓരോ ഫ്ലക്സും തന്റെ മുന്നിൽ വെച്ചു അടിച്ചു നാശമാക്കാൻ തുടങ്ങി.. ഒന്നും കണ്ടില്ലന്ന് നടിച്ചു.. തന്നെ ബാധിക്കുന്നതേ അല്ലെന്ന് കരുതി ബൈക്കിൽ കയറി..

സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങിയ ബൈക്കിൽ കൈ വെച്ചു തടഞ്ഞു അവൻ.. അന്നേരവും സഹിച്ചു നിന്നു.. കൈ എടുക്കെന്ന് മാത്രം പറഞ്ഞു.. കേട്ടില്ല.. സീനിയർ ആണെന്ന ഹുന്കിന്മേൽ ബൈക്കിൽ നിന്നും കീ വലിച്ചു എടുത്തു കറക്കി എറിഞ്ഞു അവൻ.. പിന്നൊന്നും നോക്കിയില്ല.. അവന്റെ മോന്ത അടക്കിയൊരു പൊട്ടിക്കലായിരുന്നു.. അവൻ എന്നെ ബൈക്കിന്ന് പിടിച്ചു തള്ളി.. അപ്പൊ കിട്ടിയതാ നെറ്റിയിലെ ഈ പൊട്ടൽ.. കയ്യാങ്കളി വലുത് ആവുന്നതിനു മുന്നേ അവന്റെ ഫ്രണ്ട്സ് വന്നു അവനെ വലിച്ചു കൊണ്ട് പോയിരുന്നു.. അന്നേരം ചുറ്റും കണ്ണുകൾ പാഞ്ഞതു ലൈല അറിയുന്ന ആരെങ്കിലും ഉണ്ടോ എന്നാണ്.. ഉണ്ടെങ്കിൽ തീർന്നു.. അവൾ ഇക്കാര്യം അറിഞ്ഞാൽ അതോടെ തീർന്നു എന്റെ കാര്യം.. പിന്നെ അവളുടെ പേര് പറഞ്ഞല്ല ഇന്ന് ഉണ്ടായ സംഭവം എന്നുള്ളതാണ് ഏക ആശ്വാസം.. വൈകുന്നേരം ആയത് കൊണ്ട് ഗേൾസ് ഒന്നും ഉണ്ടായിരുന്നില്ല.. കുറച്ചു സീനിയർ ബോയ്സ് മാത്രമേ ഉണ്ടാരുന്നുള്ളൂ.. അത് കൊണ്ട് രക്ഷപെട്ടു.. ലൈല അറിയാതെ നിന്നാൽ മതി ആയിരുന്നു.. Dettol എടുത്തു മുറിവ് തുടച്ചതിന് ശേഷം ഷർട്ട് മാറ്റി ഫോൺ എടുത്തു അവൻ ബെഡിലേക്ക് ചാഞ്ഞു ഇരുന്നു..

"എന്താടാ.. നോക്കിയും കണ്ടുമൊക്കെ നടക്കേണ്ടെ.. ചെറിയ കാര്യം മതി ഉമ്മാക്ക് ടെൻഷൻ ആവാൻ എന്ന് അറിഞ്ഞൂടെ നിനക്ക്.." മുഹ്സി അവന്റെ അടുത്ത് വന്നിരുന്നു.. " എത്ര നോക്കിട്ടും കണ്ടിട്ടുമൊന്നും കാര്യമില്ല ടീ.. വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല.. അതിനി ഓട്ടോ പിടിച്ചിട്ട് ആയാലും നമ്മുടെ അടുത്തേക്ക് എത്തും.. " " തമാശയാണോ നിനക്ക്.. ഉമ്മാന്റെ വേദന പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല.. " "നീയും ഇതുതന്നെ പറയല്ലേ.. മനസ്സിലാവാതെ നിക്കാൻ ഞാൻ എന്താ വല്ല മൃഗവും ആണോ.. എനിക്കറിയാം.. എനിക്ക് മനസ്സിലാവുന്നുണ്ട്.. ഞാൻ അല്ലാതെ വേറെ ആരാ മനസ്സിലാക്കേണ്ടത്.. സത്യം ആയിട്ടും ഇത് അവള് കാരണമല്ല ടീ.. ഞാനിപ്പോ ഒന്നിലും ഇടപെടാറില്ല.. അവള് ഇപ്പൊ ഒറ്റയ്ക്കാ.. ഒറ്റയ്ക്കാ എല്ലാം നേരിടുന്നേ.. " "ഞാൻ കേട്ടു നീ ഉമ്മാനോട് പറയുന്നത്.. ഒരുപാട് വട്ടമൊന്നും കണ്ടിട്ടില്ല എങ്കിലും ഉണ്ടായ കൂടി കാഴ്ചയിലും സംസാരത്തിൽ നിന്നും തന്നെ മനസ്സിലായതാ എനിക്ക് അവളെ.. ധൈര്യമുള്ളവളാ..

എല്ലാം നേരിടാൻ കഴിയുന്നവളാ.. എന്നാലും ശ്രദ്ധിക്കണം ടാ.. അവള് പറയുന്നത് കേട്ടു അവളെ തനിച്ചു വിട്ടേക്കല്ലേ ടാ.. " " ഇല്ല മുഹ്സി.. അങ്ങനെ തനിച്ചു വിടാൻ കഴിയുമോ എനിക്ക്.. അവളെ സങ്കടപ്പെടുത്തണ്ടന്ന് കരുതിയതാ അവളെ ധിക്കാരം കാണിക്കാത്തത്.. ഞാൻ അവളെ അനുസരിക്കുന്നുണ്ട് ഇപ്പോൾ.. അതിന്റെ അർത്ഥം ഞാൻ അവളെ തനിച്ചാക്കി എന്നല്ല.. എപ്പോഴും എന്റെ കണ്ണുകൾ അവളുടെ മേലിലുണ്ട് മുഹ്സി.. " " എന്ത് പറയുന്നു ആള്.. സുഖമല്ലേ.. ഞാൻ അന്വേഷിച്ചു എന്ന് പറാ.. കാണാൻ വല്ലാതെ തോന്നുന്നുണ്ട്.. ഉമ്മാക്കും നല്ല ആഗ്രഹം ഉണ്ടെടാ അവളെ കാണാൻ.. എന്നിട്ടും പേടി കൊണ്ടാ ടാ ഇങ്ങനെയൊക്കെ.. അല്ലാതെ അവളോട്‌ ഇഷ്ട കുറവ് ഉണ്ടായിട്ടല്ല.. " അവൾ പറഞ്ഞു.. അവനൊന്നും മിണ്ടിയില്ല.. ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. ആ ചിരി വേദന നിറഞ്ഞത് ആണെന്ന് അവൾക്ക് മനസ്സിലായി.. "മുന്നാ.. ഞാനൊരു കാര്യം ചോദിക്കട്ടെ.. " " എന്താടി.. " " നിനക്ക് പറ്റില്ലേ ടാ അവളെ സംരക്ഷിക്കാൻ.. നിനക്ക് കൂടെ കൂട്ടിക്കൂടെ അവളെ.. അതിനുള്ള ധൈര്യവും കരുത്തും നിനക്ക് ഉണ്ടല്ലോ.. നീ വിളിച്ചാൽ വരില്ലേ അവൾ.. എത്ര കാലമെന്ന് വെച്ചാ നിനക്ക് അവളെ ശ്രദ്ധിക്കാൻ കഴിയുക.. നിന്റെ അടുത്ത് നിന്റെ വീട്ടിൽ നിന്റെ പെണ്ണായി ഉണ്ടാകുക ആണെങ്കിൽ അവൾ എന്നും സുരക്ഷിതയായിരിക്കും എന്നൊരു തോന്നൽ..

നിന്റെ കയ്യിൽ അവൾ പഴയ ലൈലയായി സന്തോഷവതി ആയിരിക്കും എന്നൊരു തോന്നലാണ് ടാ.. " "എന്തൊക്കെയാ നീയീ പറയണേ... അവൾ അതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്.. അവൾ സമ്മതിച്ചാൽ തന്നെ എനിക്ക് അതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ.. അവൾ എന്റെ റമിയുടെതല്ലേ.. ആ അവളെ ഞാൻ എങ്ങനെയാ.. ഇല്ലടീ.. ഒരിക്കലും കഴിയില്ല.. ഒരു വട്ടം പോലും ഞാൻ അവളെ ആ തരത്തിൽ കണ്ടിട്ടില്ല.. അവൾ എനിക്ക് ആരാണെന്ന് ചോദിച്ചാൽ എനിക്ക് റമി ആരായിരുന്നു.. എൻറെ എല്ലാം.. അതുപോലെ തന്നെ അവളും.. എൻറെ എല്ലാം ആണ്.. പക്ഷെ ഒരിക്കലും എന്റേത് ആണെന്ന കണ്ണ് കൊണ്ട് ഞാൻ അവളെ കണ്ടിട്ടില്ല.. അങ്ങനെയൊരു നോട്ടമോ സ്പർശമോ ഒന്നും അവൾക്ക് നേരെ എന്നിൽ നിന്നും ഉണ്ടായിട്ടില്ല.. അറിയാതെ പോലും എന്റെ മനസ്സിൽ അങ്ങനൊന്നു ഉണ്ടാവാൻ പാടില്ല.. ഉണ്ടായാൽ അത് അവൾ സഹിക്കില്ല ടീ.. സങ്കട പെടുത്താനും വേദനിപ്പിക്കാനും അല്ല റമി അവളെ എന്റെ കൈകളിൽ ഏല്പിച്ചത്..

സംരക്ഷിക്കാനാ.. ഒരു പോറൽ പോലും ഏല്ക്കാതെ നോക്കാൻ.. അവന് കൊടുത്ത വാക്ക് പാലിക്കണം.. അവളെ സംരക്ഷിക്കാൻ കഴിയുന്ന ഒരാൾ ഉണ്ട്.. എന്നേക്കാൾ ഏറെ അവളെ സംരക്ഷിക്കാനും എല്ലാ ആപത്തിൽ നിന്നും രക്ഷിക്കാനും അയാൾക്ക്‌ മാത്രമേ സാധിക്കുകയുള്ളൂ.. അയാളുടെ കൈകളിൽ അവൾ സുരക്ഷിതയും സന്തോഷവതിയും ആയിരിക്കുമെന്നാ റമി പറഞ്ഞത്.. ഈ ഭൂമി ലോകത്ത് അവൻ മാത്രമേ ഉള്ളു അവനെ പോലെ എന്നാ.. കാര്യങ്ങളൊക്കെ അറിഞ്ഞാൽ അവളുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏല്ക്കാൻ അവൻ സമ്മതിക്കില്ല.. അവൻ സംരക്ഷിച്ചു കൊള്ളും അവളെ ഈ ജീവിത കാലം മുഴുവനും... എത്രയും പെട്ടെന്ന് അവളെ അയാളുടെ കൈകളിലേക്ക് എത്തിക്കണം.. എന്റെ റമിക്കു വേണ്ടി എനിക്കത് ചെയ്തെ പറ്റൂ.. " " അതിന് നീ അയാളെ കണ്ടു പിടിച്ചോ.. അങ്ങനെ ഒരാൾ ഉണ്ടെന്ന് അല്ലാതെ അയാൾ എവിടെ ആണെന്നും എന്താണെന്നുമൊന്നും റമി പറഞ്ഞിട്ടില്ലല്ലോ.. ഉവ്വോ..?

അവന് ഒന്നും തന്നെ പറയാൻ സാധിച്ചിട്ടില്ലല്ലോ നിന്നോട്..? അഥവാ നീ അന്വേഷിച്ചു നടക്കുന്ന ആളെ കിട്ടിയെന്നു കരുതുക.. കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയെന്നു തന്നെ കരുതുക.. പക്ഷെ ലൈല സമ്മതിക്കുമോ.. അവൾ ചെല്ലുമോ അവരുടെ കൂടെ.. അവർ നൽകാമെന്ന് പറയുന്ന സംരക്ഷണം അവൾ സ്വീകരിക്കുമോ.. അവളുടെ സ്വഭാവം വെച്ചു നോക്കിയാൽ അതിനുള്ള സാധ്യത കുറവല്ലേ.. പ്രത്യേകിച്ച് റമി ആവശ്യപ്പെട്ടതു അവൾക്ക് വെറുമൊരു സംരക്ഷണം മാത്രം അല്ല.. ഒരു ജീവിതമാ.. അവൾക്കൊരു ജീവിതം നൽകി സംരക്ഷിക്കാനാ.. ഒരുപക്ഷെ റമിക്കു വേണ്ടി അയാൾ അതിന് സമ്മതിച്ചേക്കാം.. തന്റെ ജീവിതത്തിലേക്ക് അവളെ സ്വീകരിക്കാൻ തയാർ ആയേക്കാം.. പക്ഷെ അവൾ..? അവൾ സമ്മതിക്കുമോ ടാ.. എനിക്ക് തോന്നുന്നില്ല.. റമിയെ മറന്നൊരു ജീവിതത്തിനു അവൾ തയാർ ആകില്ല.. ആയാൽ തന്നെ അവൾ ഒരിക്കലും സന്തോഷവതി ആയിരിക്കില്ല.. കാരണം റമിയെ പോലെ റമി മാത്രമാണ്..

അയാൾ ഒരിക്കലും റമിക്കു പകരമാവില്ല.. " " ഇല്ലടി.. റമി നൂറ് ശതമാനം ഉറപ്പ് തന്നതാ അയാളുടെ കൈകളിൽ അവൾ സന്തോഷവതിയും സുരക്ഷിതയായിരിക്കുമെന്ന്.. അത് അവനു അത്രക്കും വിശ്വാസം ഉള്ളത് കൊണ്ടല്ലേ.. അവനെക്കാൾ ഏറെ അവളെ മനസ്സിലാക്കാനും സ്നേഹിക്കാനും അയാൾക്ക്‌ കഴിയുമെന്നാ അവൻ പറഞ്ഞത്.. മാത്രമല്ല.. അവന്റെ ആഗ്രഹമാ ഇത്.. സാധിച്ചു തരാമെന്ന് ഞാൻ വാക്കും കൊടുത്തതാ.. എനിക്ക് അവനെ അനുസരിച്ചേ പറ്റുള്ളൂ.. അവൾ അറിയാതെയാ ഇതൊക്കെ.. അവൾക്ക് അറിയില്ല ഞാൻ ഇങ്ങനെ ഒരാളെ തേടി നടക്കുന്നത് ഒന്നും.. എല്ലാം അവൾ അറിയാതെ വേണം.. അറിഞ്ഞാൽ സമ്മതിക്കില്ല ടീ അവൾ.. അവളെ അവളുടെ രക്ഷകന്റെ കയ്യിൽ ഏല്പിച്ചിട്ട് വേണം എനിക്കൊന്നു സമാധാനിക്കാൻ.. അതുവരെ ഒരു സമാധാനവും ഉണ്ടാകില്ല.. ആ വീട്ടിലെ അവളുടെ ജീവിതം വളരെ ആപത്തു നിറഞ്ഞതാ.. എന്തൊക്കെ സഹിക്കുന്നുണ്ട് പാവം.. എങ്ങനെ ജീവിക്കേണ്ട പെണ്ണാ ഇങ്ങനെ വേദന തിന്നും കണ്ണീർ കുടിച്ചും കഴിയുന്നത്.. എത്ര കോടി രൂപയുടെ ആസ്തിയുള്ളവളാ ഇങ്ങനെ ഒന്നും ഇല്ലാത്തവളെ പോലെ.. കയ്യിൽ ഒരു രൂപ പോലുമില്ല..

ഇടയ്ക്ക് ഒക്കെ നുസ്രയോട് കാശു കടം ചോദിക്കുന്നത് കാണാം.. എന്നോട് ഒന്നും ചോദിക്കില്ല.. ബുദ്ധിമുട്ടിക്കണ്ടന്ന് കരുതിയാവും.. ഇപ്പോൾത്തന്നെ അവൾക്ക് വേണ്ടി ഞാനൊരുപാട് ബുദ്ധിമുട്ടിയെന്നാ ചില നേരത്ത് പറയുന്നത്.. എന്ത് ഉണ്ടെങ്കിലും പറയില്ല.. സങ്കടം മുഖത്ത് കാണിക്കില്ല.. ഒരു പ്രത്യേക കഴിവാ അവൾക്ക് സങ്കടങ്ങൾ ഒതുക്കി നിർത്താനും എല്ലാം സഹിച്ചു മുന്നോട്ടു നീങ്ങാനും.. എല്ലാർക്കും അവളൊരു വാശിക്കാരിയും ദേഷ്യക്കാരിയും തന്റേടിയുമൊക്കെയാണ്...അവളുടെ ഉള്ളിൽ കടലോളം സഹിക്കാനും ക്ഷമിക്കാനും സ്നേഹിക്കാനുമൊക്കെയുള്ള ഒരു മനസ്സ് ഉണ്ടെന്ന് ആർക്കും അറിയുന്നില്ല.. അവളുടെ സ്നേഹം കിട്ടാൻ തന്നെ വേണം ഒരു ഭാഗ്യം.. റമിക്കായിരുന്നു ആ ഭാഗ്യം.. എത്ര കണ്ടു സ്നേഹിച്ചതാ പരസ്പരം.. എന്നിട്ടും എന്ത് കാര്യം.. കിട്ടാൻ മാത്രമേ ഭാഗ്യം ഉണ്ടായിരുന്നുള്ളൂ അവന്.. അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല.. അവൻ അടുത്തില്ലാതെ ഇരുന്നിട്ടു പോലും അവനോടുള്ള സ്നേഹത്തിന് അവൾക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല.. ഇപ്പോഴും ആ മനസ്സ് നിറയെ അവനാണ്.. ഇടയ്ക്ക് ഒക്കെ പറയും അവൾ.. കണ്ണിനു മുന്നിൽ ഇല്ലന്നെ ഉള്ളൂ..

കണ്ണടച്ചാൽ നിറയെ അവനാണെന്ന്.." അവന്റെ കണ്ണിൽ നനവ് പടർന്നു.. റമിയെ ഓർത്തിട്ടാണെന്ന് അവൾക്ക് മനസ്സിലായി.. "അല്ലടാ.. അപ്പൊ അവളുടെ സ്വത്തുക്കളൊ.. അതൊക്കെ ആരാ കൈവശം വെച്ചിരിക്കുന്നെ.. " "കേസ് നടന്നു കൊണ്ടിരിക്കുകയാണെന്ന അവൾ പറഞ്ഞത്.. വിധി എന്താണെന്ന് പറയാൻ പറ്റില്ലല്ലോ.. അവൾക്കും സനുവിനും ഭാഗിച്ചു കിട്ടാനാണ് സാധ്യത.. വിധി വരാതെ അവൾക്ക് അതിലൊന്നും കൈ കടത്താൻ സാധിക്കില്ല.. കേസ് കൊടുക്കുമ്പോൾ അവളുടെ എളെയുമ്മ സജാദ്നെ അവളുടെ ഗാർഡിയൻ സ്ഥാനത്തു വെച്ചിരുന്നു.. അത് കൊണ്ട് കേസിന്റെ വിധി വരുന്നത് വരെ എല്ലാം ഏറ്റെടുത്തു നടത്താനുള്ള അവകാശവും അധികാരവും അവനാണ്..

അതുവരെ അവൾക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല.. അതാ അവൾക്ക് ഈ കഷ്ടപ്പാട് ഒക്കെ.. ഇത്രയൊക്കെ അറിയുള്ളു.. ഇനി ഇതിൽ കൂടുതൽ കാര്യങ്ങൾ ഉണ്ടോന്നു അറിയില്ല.. കൂടുതലൊന്നും പറഞ്ഞിട്ടില്ല അവൾ.. പിന്നെ 7 ന് നടക്കേണ്ട കേസ് 24 ലേക്ക് മാറ്റി വെച്ചെന്നു പറഞ്ഞിരുന്നു.. വക്കീൽ അവളുടെ വാപ്പാന്റെ സുഹൃത്ത് തന്നെയാ.. അറിയുന്ന ആളായത് കൊണ്ട് പേടിക്കാനൊന്നുമില്ല.. പക്ഷെ ഇപ്പോ പ്രശ്നം അതൊന്നുമല്ല.. പേടി മുഴുവനും മറ്റൊന്നു ആലോചിച്ചിട്ടാ..? " " എന്താടാ.. ഇനി മറ്റെന്തു പ്രശ്നമാ ഉള്ളെ..? " "സനു..അവനാ പ്രശ്നം...അവൻ അവളെ ചതിക്കും.. " അവൻ പറയുന്നത് അവളൊരു ഞെട്ടലോടെ കേട്ടിരുന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story