ഏഴാം ബഹർ: ഭാഗം 25

ezhambahar

രചന: SHAMSEENA FIROZ

രാവിലെ സനുവിനെ ഉന്തി തള്ളി കുളിക്കാൻ കയറ്റി..ശേഷം ഡ്രസ്സ്‌ എടുക്കാൻ വേണ്ടി അവൾ തന്റെ റൂമിലേക്ക്‌ ചെന്നു.. വാതിൽ തുറന്നതും നെഞ്ചത്തേക്ക് ഇടി വെട്ടിയതു പോലെ ആയി അവൾക്ക്.. മുന്നിൽ വാഴ വെട്ടിയിട്ടതു പോലെ ദേ കിടക്കുന്നു അവൻ.. അവൾ വാതിൽ ചാരി അടുത്തേക്ക് ചെന്നു.. കുംഭ കർണനെ വെല്ലും.. അമ്മാതിരി ഉറക്കമാണ് ചക്ക പോത്ത്.. എന്നാലും ഈ സാധനം എങ്ങനെ ഇവിടെത്തി.. പിശാശ്ന്റെ ജന്മം.. വല്ല പേടിയും ഉണ്ടോ നോക്കിക്കേ.. എങ്ങനെയാ ഇതിനെ ഒന്ന് വിളിച്ചു എണീപ്പിച്ചു പുറത്തേക്ക് തള്ളുക.. അവളൊരു നിമിഷം തലയ്ക്കടിയേറ്റതു പോലെ അവനെ നോക്കി നിന്നു..ശേഷം രണ്ടും കല്പിച്ചു കുമ്പിട്ട് കിടക്കുന്ന അവന്റെ പുറത്ത് ഒന്ന് തട്ടി.. അനക്കമൊന്നുല്ല.. വീണ്ടും തട്ടി.. ഒന്നല്ല.. രണ്ടു മൂന്ന് വട്ടം തട്ടി.. അവനൊന്നു ഞെരങ്ങി തിരിഞ്ഞു കിടന്നു.. കണ്ണ് തുറക്കുന്നത് ഒന്നും കാണുന്നില്ല.. ഈ പോത്ത്.. ഇനി കാറ്റ് പോയി കിടക്കുക വല്ലതുമാണോ.. അവൾ ദേഷ്യത്തോടെ ഒന്നൂടെ തട്ടാൻ നോക്കിയതും അവൻ പയ്യെ കണ്ണ് തുറന്നു നോക്കി..

" ടാ തെണ്ടി.. എണീറ്റു പോടാ.. " "ഓ.. നീ ഇവിടെ ഉണ്ടായിരുന്നോ..? " മുന്നിൽ അവളെ കണ്ടതും അവൻ കണ്ണ് തിരുമ്മി ഉറക്ക ചടവോടെ എണീറ്റു ഇരുന്നു കൊണ്ടു ചോദിച്ചു.. "പിന്നെ ഞാൻ ഇവിടെ അല്ലാതെ നിന്റെ വീട്ടിൽ ആണോ ഉണ്ടാകുന്നത്.. ഒന്ന് എണീറ്റു പോടാ അവിടെന്ന്.. " "എടീ.. റൂം ഷിഫ്റ്റ്‌ ചെയ്യുമ്പോൾ നിനക്ക് ഒന്ന് പറഞ്ഞൂടെ.. രാത്രി വന്നപ്പോൾ ഇവിടെ നിന്നെ കാണാനില്ല.. ഒന്ന് വെളിയിൽ ഇറങ്ങി വേറെ റൂമിൽ വന്നു നോക്കാന്ന് പറഞ്ഞാൽ ഈ റൂം പുറത്തുന്നു ലോക്കഡ്.. എന്നാ പിന്നെ നിന്നെ വിളിച്ചൊന്നു കാര്യം പറയാന്ന് വെച്ചാലോ നിന്റെ ഫോൺ സ്വിച്ചഡ് ഓഫും.. എന്തൊരു സാധനമാടി നീ.. നിന്നെക്കൊണ്ട് മനുഷ്യൻമാരു നട്ടം തിരിഞ്ഞു ഒരു വഴിക്കു ആകുമല്ലോ.. " അവൻ രണ്ടു കയ്യും നിവർത്തി പൊട്ടിച്ചു കൊണ്ടു ഒരു കൂസലും ഇല്ലാതെ പറഞ്ഞു.. "പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ വിളിച്ചിട്ടാണ് നീ വന്നതെന്ന്.. എന്തിന്റെ കേടാ നിനക്കിത്.. ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് ഇങ്ങോട്ട് വരരുത് എന്ന്.. എന്തുണ്ടേലും കോളേജിൽ വെച്ചു മതിയെന്ന്.. നിന്റെ ശത്രുത തീർക്കാനുള്ള ഇടമല്ല ഇതെന്ന്.. എന്തിനു വന്നെന്നു ചോദിക്കുന്നില്ല.. നിന്റെ മറുപടി എന്താണെന്ന് എനിക്ക് ഊഹിക്കാവുന്നതെയുള്ളൂ..

നിനക്ക് തോന്നുന്നതാണല്ലോ നീ ചെയ്യുക.. കാണാൻ തോന്നി.. വന്നു.. അല്ലേ.. അതല്ലേ കാര്യം.. കണ്ടില്ലേ.. മതി.. ഇനി പോ.. ആരേലും കാണുന്നതിന് മുന്നേ ഇറങ്ങി പോകാൻ നോക്ക്.. " അവൾക്ക് ദേഷ്യം മാത്രമല്ല.. പേടിയും തോന്നുന്നുണ്ടായിരുന്നു.. ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു.. വിചാരിച്ചു കഴിഞ്ഞില്ല. അതിന് മുന്നേ ആരോ വന്നു ചാരി വെച്ചിരുന്ന വാതിൽ തുറന്നു.. അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി.. " ഹേയ്...ബ്രോ.. ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ അറിഞ്ഞില്ല കേട്ടോ.. Sorry.. Sorry for the disturbance.. പിന്നെ വരാം.. You carry-on " കുളി കഴിഞ്ഞിറങ്ങി യൂണിഫോമിനു വേണ്ടി അവളെ നോക്കി വന്ന സനു അകത്തു താജ്നേ കൂടി കണ്ടതും അവളെ നോക്കി ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ടു തുറന്ന അതേ സ്പോട്ടിൽ വാതിൽ അടച്ചു..അത് കണ്ട അവൾ ദേഷ്യത്തോടെ തലയ്ക്കടിച്ചു.. "അളിയന്മാരായാൽ ഇങ്ങനെ വേണം.. കണ്ടോ.. എന്താ സ്നേഹം. നിന്നോടുള്ളതിനേക്കാൾ സ്നേഹം ഇപ്പൊ എന്നോടുണ്ട് അവന്.. " അവന്റെ മുഖത്ത് ചെറു ചിരി..

" നിന്നോടൊക്കെ പറയുന്നതിലും ഭേദം വല്ല പൊട്ട കിണറ്റിലും പോയി ചാടുന്നതാ.. കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും എന്നല്ലേ.. വരുന്നത് എന്താന്ന് വെച്ചാ അനുഭവിക്ക്.. എന്റെ പൊക കണ്ടാലെ അടങ്ങുള്ളൂന്ന് ആണല്ലേ..പോകണ്ട.. ഇരിക്ക്.. ഇവിടെ തന്നെ ഇരിക്ക്.. എന്റെ അടിയന്തിരം കഴിഞ്ഞിട്ട് പോകാം.. " അവൾ സഹികെട്ടു പറഞ്ഞു.. അപ്പോഴും അവന്റെ മുഖത്ത് ചിരി.. എന്ത് വേണേലും ചെയ്യെന്ന് പറഞ്ഞ് അവനെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് പോകാൻ നിന്ന അവളുടെ കയ്യിൽ അവന്റെ പിടി വീണു.. തിരിഞ്ഞു നോക്കാനുള്ള സമയം പോലും കൊടുത്തില്ല.. അതിന് മുന്നേ അവളെ വലിച്ചു ബെഡിലേക്ക് ഇട്ടു.. ഞെട്ടി പിടഞ്ഞു എണീക്കാൻ നോക്കിയതും അവൻ അവളുടെ മേലേ കയറി കിടന്നു.. കാലിൽ നിന്നും തലയിലേക്ക് ഒരു വിറയൽ പടർന്നു കയറിയത് അവൾ അറിഞ്ഞു.. അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.. അവൻ നീങ്ങിയില്ലന്ന് മാത്രല്ല.. അവളുടെ രണ്ടു കയ്യും പിടിച്ചു വെക്കുകയും ചെയ്തു..

"അമൻ.. മാറ്.. മാറി പോ.. " അവൾ അസ്വസ്ഥതയോടെ മുഖം തിരിച്ചു കൊണ്ടു പറഞ്ഞു.. സത്യം പറഞ്ഞാൽ അത്രേം അടുത്ത് കൊണ്ടുള്ള അവന്റെ ആ സാമീപ്യം അവൾക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.. അവൻ വക വെച്ചില്ല.. അവളുടെ കവിളിൽ കുത്തി പിടിച്ചു അവളുടെ മുഖം തന്റെ നേരെ തിരിച്ചു വെച്ചു.. അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കിക്കോണ്ട് കവിളിലൂടെ വിരൽ ഓടിച്ചു.. ഒടുക്കം ആ വിരൽ അവളുടെ ചുണ്ടിനു കീഴെ ചെന്നു നിന്നു.. അവളുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങാൻ തുടങ്ങിയിരുന്നു.. പിടക്കുന്ന മിഴികളോടെ വേണ്ടാന്നുള്ള അർത്ഥത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.. അവൻ അറിയുന്നുണ്ടായിരുന്നു അവളുടെ പേടി.. അവൻ രണ്ടു വിരലുകൾ കൊണ്ടു അവളുടെ കീഴ് ചുണ്ടിൽ അമർത്തി പിടിച്ചു.. ശേഷം കണ്ണുകളിലേക്ക് നോക്കി.. "പേടിക്കണ്ട.. ഞാനൊന്നും ചെയ്യില്ല.. നിന്നെ കാണുമ്പോൾ എനിക്ക് അടിക്കാനും തൊഴിക്കാനും അല്ലാതെ വേറൊന്നും തോന്നാറില്ല.. ഇപ്പൊ തോന്നുന്നുമില്ല..

എന്ന് കരുതി ഇങ്ങനെ കിടക്കാനും തോന്നുന്നില്ല എന്നല്ല.. നിന്റെ മേലേ ഇങ്ങനെ കിടക്കാൻ നല്ല സുഖമുണ്ട്.. ഇന്നുവരെ തോന്നാത്ത എന്തോ ഒരു സുഖം.. കിടന്നു പിടയ്ക്കണ്ടാ.. ഇത്തിരി നേരം.. ഇത്തിരി നേരം ഞാൻ കിടന്നോട്ടെ.. എന്നിട്ടു എണീറ്റു മാറിക്കോളാം.. " എന്ന് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞതിന് ശേഷം അവളുടെ ചുണ്ടിലുള്ള പിടി വിട്ടു.. അവളുടെ മറുപടിക്കൊന്നും കാത്തു നിന്നില്ല..കിടന്ന കിടപ്പാലെ തല താഴ്ത്തി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.. അവൾക്ക് കയ്യും കാലും അനക്കാൻ പറ്റിയില്ല.. ശരീരം ആകെ മരവിച്ചതു പോലെ ആയിരുന്നു.. ഇങ്ങനെയും പരീക്ഷണമോ റബ്ബേ.. അവളുടെ കണ്ണുകളിൽ കണ്ണ് നീർ ഊറി കൂടാൻ തുടങ്ങി.. "അമൻ.. പ്ലീസ്.. മാറ്.. എന്തൊക്കെയാ നീയീ ചെയ്യുന്നേ.. വല്ല ബോധവും ഉണ്ടോ നിനക്ക്.. നീ എഴുന്നേറ്റെ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്.. ഒന്ന് എഴുന്നേറ്റു മാറ്.. പ്ലീസ്... " സമാധാന പരമായി അല്ലാതെ ദേഷ്യം കൊണ്ടു അവനെ നേരിടാൻ കഴിയില്ലന്ന് മനസ്സിലായതും അവൾ ശാന്തമായി പറഞ്ഞു.. "എന്ത് കാര്യം.. പറയ്..ഞാൻ കേൾക്കുന്നുണ്ട്... " അവൻ എഴുന്നേൽക്കുന്നത് പോയിട്ട് ഒന്ന് തല പോലും ഉയർത്തിയില്ല.

.പകരം അവളുടെ ഇടുപ്പിൽ കൈകൾ അമർത്തി അവളെ ഒന്നൂടെ തന്നിലേക്ക് ചേർത്തു കിടത്തി.. ഒന്ന് മരിച്ചു പോയാൽ മതി എന്ന് തോന്നിപ്പോയി അവൾക്ക്.. അത്രക്കും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്റെ ചെയ്തികൾ.. "ഞാൻ നിന്റെ കാല് പിടിക്കാം..ഒന്ന് എഴുന്നേറ്റു മാറ്.. അത്രക്കും കിടക്കണം എന്ന് ആണെങ്കിൽ ദേ ഇപ്പുറത്തും അപ്പുറത്തുമൊക്കെ സ്ഥലമുണ്ട്.. നീങ്ങി കിടക്ക്.. എന്റെ മേലേന്നൊന്നു എണീക്ക്.. നീ നിന്റെ തോന്നലുകൾ മാത്രേ നോക്കുന്നുള്ളൂ.. ആരേലും ഇങ്ങോട്ട് കയറി വന്നാലുള്ള എന്റെ അവസ്ഥ എന്താണെന്ന് ഒരു വട്ടം എങ്കിലും ഒന്നോർത്ത് നോക്കിക്കൂടെ.. പ്ലീസ് അമൻ.. പറയുന്നത് ഒന്ന് കേൾക്ക്.. ശ്വാസം കിട്ടണില്ല.. ഞാനിപ്പോ മരിച്ചു പോകും.. " അവൾ കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു.. അത് അവനു മനസ്സിലായി.. പിന്നെ കിടന്നില്ല..അപ്പൊത്തന്നെ എഴുന്നേറ്റു മാറി ബെഡിൽ ചമ്രം പടിഞ്ഞിരുന്നു.. അവൾക്ക് ശ്വാസമൊന്നു നേരെ വീണു.. വല്ലാത്തൊരു അവസ്ഥയോടെ അവളും എഴുന്നേറ്റു ഇരുന്നു.. "പറാ.. എന്ത് കാര്യമാ പറയാൻ ഉണ്ടെന്ന് പറഞ്ഞത്..? " അവൻ ചോദിച്ചു.. അവൾ അവന്റെ മുഖത്തേക്ക് നോക്കി.. ശേഷം ബെഡിൽ നിന്നും എഴുന്നേറ്റു..

അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു.. "പറഞ്ഞിട്ട് പോയാൽ മതി.. " "വിട്.. പോകാൻ അല്ല.. വാതിൽ കുറ്റിയിട്ടിട്ടു വരാം.. " അവൻ പിടി വിട്ടു.. അവൾ ഡോർന്റെ കുറ്റിയിട്ടു വന്നു പഴയത് പോലെ ബെഡിൽ ഇരുന്നു.. അവൻ എന്താ കാര്യംന്നുള്ള മട്ടിൽ അവളുടെ മുഖത്തേക്ക് നോക്കി.. അവളൊന്നും മിണ്ടിയില്ല.. തലയും താഴ്ത്തി ഒരൊറ്റ ഇരിപ്പായിരുന്നു.. അത് കണ്ടപ്പോൾ അവനു ഒന്നാകെ വന്നു.. "എന്ത് കാര്യമാടി നിനക്ക് പറയാൻ ഉള്ളത്.. ഞാൻ എഴുന്നേറ്റു മാറാൻ വേണ്ടി അടവ് എടുത്തത് ആണല്ലേ.. " ശബ്ദം എടുക്കാൻ പറ്റാത്തത് കൊണ്ടു അവളെ നോക്കി പല്ല് ഞെരിച്ചു കൊണ്ടു ചോദിച്ചു.. " ഇനി എന്നാ വരുന്നത്.. വരുമ്പോൾ കുറച്ചു വിഷം വാങ്ങിച്ചു കൊണ്ടു വാ.. ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാൾ നല്ലത് ഒറ്റയടിക്ക് അങ്ങ് കൊല്ലുന്നതാ... " അവൾ പറഞ്ഞു.. അടക്കി പിടിച്ച കരച്ചിൽ അപ്പോഴേക്കും പുറത്ത് വന്നിരുന്നു.. അവനൊന്നു വല്ലാതെയായി.. ഇന്നലെ കണ്ണ് നിറഞ്ഞതു എന്തിനാന്ന് ചോദിക്കാനാ വന്നത്..

അതിപ്പോ ഇത്രേം വല്യ പ്രശ്നമായോ.. ഇന്നലെ നിറഞ്ഞതെ ഉണ്ടാരുന്നുള്ളൂ.. ഇതിപ്പോ പ്രളയം ആണല്ലോ ഗോഡ്.. "എടീ.. ഇങ്ങനെ കിടന്നു മോങ്ങാൻ ഇവിടെയിപ്പോ എന്താ സംഭവിച്ചത്.. ഞാനൊന്നു നിന്റെ മേലേ കിടന്നതോ.. ഇനി കുറച്ചു ഡേയ്‌സ് കഴിഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെയല്ലേ കിടക്കേണ്ടത്.. ഇതൊരു ട്രയൽ ആയി എടുക്ക്.. ഇതിലിപ്പോ എന്താ ഇങ്ങനെ കരഞ്ഞു നാറ്റിക്കാൻ ഉള്ളത്.. അയ്യേ.. നിന്നെക്കുറിച്ചു ഞാൻ ഇങ്ങനൊന്നുമല്ല കരുതിയത്.. ഇതാണ് നിന്റെ അവസ്ഥ എങ്കിൽ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ നീ വെള്ളത്തിലാക്കുമല്ലോ.. " പറഞ്ഞു തീർന്നില്ല.. അവൾ അവനെ കടുപ്പിച്ചു ഒന്ന് നോക്കി.. "നോക്കി പേടിപ്പിക്കാതെ ടീ ഉണ്ടക്കണ്ണി.. " "ഇവിടെയിപ്പോ ഒന്നും സംഭവിച്ചിട്ടില്ല... ഒന്നും സംഭവിക്കാതെ ഇരിക്കാനാ പറയുന്നത്.. നീയൊന്നു ഇറങ്ങി പോ.. " അവൾ കുരച്ചു ചാടുന്നതു പോലെ പറഞ്ഞു. "പോകാനോ... " എന്ന് ചോദിച്ചു കൊണ്ടു അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു..

അവളപ്പോ തന്നെ അവന്റെ അടുത്തേക്ക് നീങ്ങി ആ സിഗരറ്റ് വലിച്ചു എടുത്തു.. "ഇവിടെ ഇതൊന്നും പറ്റില്ല.." അവളതു ഞെരിച്ചു കളഞ്ഞു വേസ്റ്റ് ബിന്നിലേക്ക് എറിഞ്ഞു.. അവൻ കൂട്ടാക്കിയില്ല.. വീണ്ടും ഒരെണ്ണം എടുത്തു ചുണ്ടിലേക്ക് വെച്ചു.. അവൾ വലിച്ചു എടുക്കാൻ നോക്കിയതും അവളുടെ കയ്യിൽ പിടിച്ചു.. അവൾ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി.. "പ്ലീസ്.. ഇവിടെ പറ്റില്ല.. എനിക്ക് അലർജിയാ.. എന്റെ റൂമിൽ പുകയ്ക്കരുത്.. " "ശെരി.. പുകയ്ക്കില്ല.. നീ ചെന്നൊരു കോഫി എടുത്തു വാ.. രാവിലെ ഒരു ബെഡ് കോഫി പതിവ് ഉള്ളതാ.. ചെല്ല്.. അല്ലെങ്കിൽ ഞാൻ വലിക്കും.. നിന്റെ അലർജി നോക്കിട്ടു കാര്യമില്ല.. എനിക്ക് എനർജി വേണം.. " അവൻ അവളുടെ കയ്യിലെ പിടിവിട്ടു.. സിഗരറ്റ് തിരിച്ചു പോക്കറ്റിലേക്ക് ഇട്ടു കൊണ്ടു പറഞ്ഞു.. അള്ളോഹ്.. ഈ തെണ്ടിയെ ഞാനിന്ന്.. എനിക്ക് തന്നെ ഇവിടെ നേരാം വണ്ണം ഒരു കോഫി കിട്ടുന്നില്ല.. അപ്പോഴാ ഇവന്.. താഴേക്ക് ചെന്നു കോഫി എടുക്കുന്നതോ കഷ്ടം.. അതിനേക്കാൾ കഷ്ടമാണ് മേളിലേക്ക് കൊണ്ടു വരുന്നത്..

ആ സ്ത്രീ എങ്ങാനും കണ്ടാൽ പിന്നെ അതുമതി.. ഇവന് അറിയണോ അതൊക്കെ.. "നോക്കി നിക്കാതെ ചെല്ലടീ.. " അവൻ വീണ്ടും പറഞ്ഞു.. അവൾ അവനെ നോക്കി വേണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ ഒന്ന് ചിരിച്ചു കാണിച്ചു അവന്റെ അടുത്ത് ഇരുന്നു.. അവന്റെ കൈക്ക് മുകളിൽ കൈ വെച്ചു.. അവൻ സംശയത്തോടെ അവളെ നോക്കി നെറ്റി ചുളിച്ചു.. "നിനക്ക് കോഫി ഞാൻ കോളേജിന്ന് വാങ്ങിച്ചു തരാം.. കാന്റീനിൽ നിന്നും.. അത് പറ്റില്ലങ്കിൽ നിനക്ക് ഇഷ്ടമുള്ള സ്ഥലത്തുന്ന്.. ഫൈവ് സ്റ്റാറോ സെവൻ സ്റ്റാറോ അങ്ങനെ എവിടുന്നു വേണമെങ്കിലും.. പറയുന്നത് കേൾക്ക്.. ഇപ്പൊ നീ പോ.. പ്ലീസ് ടാ.. നല്ല അമൻ അല്ലേ.. വേണേൽ ഞാൻ എൻറെ വോട്ട് നിനക്ക് തരാം.. " അവൾ ഇരുന്നു കെഞ്ചാൻ തുടങ്ങി.. അവന് ചിരി വരുന്നുണ്ടായിരുന്നു.. പുറത്ത് കാണിച്ചില്ല.. പതിയെ ഒരു കൈ എടുത്തു അവളുടെ കൈക്ക് മേലേ വെച്ചു.. "ശെരി.. തത്കാലം ഇപ്പൊ അതൊന്നും വേണ്ടാ.. ഞാൻ പോകാം.. എനിക്കൊരു കിസ്സ് താ.. ഒരെണ്ണം മതി..

കോഫിയെക്കാളും സിഗരറ്റ്നേക്കാളും എനർജി തരാൻ കഴിയും അതിന്.. ഒരേ ഒരു കിസ്സ്.. താ.. എന്നാൽ ഞാൻ പൊക്കോളാം " "ചീ.. വൃത്തികെട്ടവനെ.. ഞാൻ തരും.. ഇപ്പൊ കിട്ടും നിനക്ക്.. കാത്തിരുന്നോ നീ.. " "ഒരു കിസ്സ് ചോദിച്ചപ്പോൾ ഇങ്ങനെ.. അപ്പൊ ഞാനൊരു കൊച്ചിനെ ചോദിച്ചാലുള്ള നിന്റെ എക്സ്പ്രെഷൻ എന്തായിരിക്കും.. " " അതാണേൽ നോക്കാമായിരുന്നു.. ഒരു കൊച്ചിനെ ചോദിച്ചത് ആണേൽ ഞാൻ എവിടുന്നേലും ഒന്ന് സംഘടിപ്പിച്ചു തന്നേനെ.. പക്ഷെ ഇത് അങ്ങനാണോ.. നടക്കില്ല.. " "വേണ്ടാ.. നടക്കണ്ട.. ഇരുന്നോളാം.. ഞാൻ ഇവിടെ തന്നെ ഇരുന്നോളാം.." "എന്താ നീയിങ്ങനെ.. പറഞ്ഞാൽ മനസ്സിലാവില്ലെ നിനക്ക്.. എനിക്ക് നിന്നെ നോക്കി ഇവിടെ ഇരുന്നാൽ പോരാ.. ജോലിയുണ്ട്.. സനുവിനു സ്കൂളിൽ പോകാൻ ഉള്ളതാ.. എനിക്ക് കോളേജിലേക്കും.. നിന്നെപ്പോലെ ഒരു പീരീഡ് കഴിയുമ്പോൾ കയറി ചെന്നാൽ പോരാ.. എടാ തെണ്ടി..ഉപദ്രവം ചെയ്യുന്നതിനും ഒരു പരിധിയുണ്ട്.. ഒന്ന് പോയി താടാ.. ഞാൻ നിന്റെ കാല് പിടിക്കാം.. "

"ഇല്ല.. ഞാൻ ചോദിച്ചത് കിട്ടണം.. എന്നാലേ പോകുള്ളൂ.. അതുവരെ ഇവിടെ ഇരിക്കും.. നീയിങ്ങനെ കെഞ്ചുന്നത് കാണാൻ വല്ലാത്ത സുഖം.. " "എന്നാൽ ഞാൻ സനുവിനെ വിളിക്കാം.. അവൻ തരും നീ ചോദിച്ചത്.. അവനല്ലേ നിന്നോട് സ്നേഹം മൂത്തു സ്വന്തം സഹോദരിയെ പോലും തിരിച്ചറിയാതെ പോകുന്നത്.. " "അയ്യേ.. എന്നെ കണ്ടാൽ ആ ടൈപ്പ് ആണെന്ന് തോന്നുവോ നിനക്ക്.. എനിക്കൊന്നും വേണ്ടാ.. ഞാൻ ഡിസ്‌കൗണ്ട് ചെയ്യാം.. കിസ്സ് വിട് നീ.. ബട്ട്‌ കോഫി.. അത് വേണം.. അത് കിട്ടാതെ ഞാൻ പോകില്ല.. വീട്ടിൽ എത്തുമ്പോൾ ഡാഡ് ചോദിക്കും.. നിന്റെ പെണ്ണിന്റെ വീട്ടിൽ പോയി എന്ത് കിട്ടി എന്ന്.. പറയാൻ ഒരു കോഫി എങ്കിലും വേണ്ടേ.. സോ പോയി എടുത്തോണ്ട് വാ.. എത്ര വേഗം കൊണ്ടു വരുന്നോ അത്ര വേഗം ഞാൻ പോയി തരാം.. " അവൻ രണ്ടും കല്പിച്ചിട്ടാണെന്ന് അവൾക്ക് മനസ്സിലായി.. അനുസരിക്കുക അല്ലാതെ വേറെ വഴിയില്ല.. അവൻ പോകില്ലന്ന് ഉറപ്പാണ്..എന്തൊരു മാരണമാ ഇതെന്ന ഭാവത്തോടെ അവനെ നോക്കി..

മനസ്സിൽ എന്തൊക്കെയോ പ്രാകിക്കൊണ്ടും ചീത്ത വിളിച്ചോണ്ടും റൂം തുറന്നു പുറത്തേക്ക് പോയി.. താഴേക്ക് ഇറങ്ങാൻ പേടി തോന്നി അവൾക്ക്.. ആ സ്ത്രീ എണീറ്റു കാണില്ല.. സജാദും എണീറ്റു കാണാൻ വഴിയില്ലാ.. പക്ഷെ ആസിഫ്.. അവിടെയും ഇവിടെയും പാത്തും പതുങ്ങിയും ഇരിക്കുന്നുണ്ടാകും.. ഞാനൊന്നു താഴേക്ക് ഇറങ്ങുന്നതും ഒറ്റയ്ക്ക് കിട്ടുന്നതും കാത്ത്.. മുന്നിൽ കിട്ടുമ്പോഴോക്കെ തട്ടാനും ഉരസാനും വരും.. വെറുതെ നിൽക്കാൻ എനിക്കും കഴിയില്ല.. ശബ്ദം ഉണ്ടായാൽ ഈ തെണ്ടി പുറത്തേക്ക് വന്നു നോക്കും.. അത് ഈ പറഞ്ഞതിനേക്കാൾ വല്യ കഷ്ടമാണ്.. ആകെ കൂടെ അന്തരീക്ഷം മാറി മറിയും.. ഓരോന്നു ഓർത്തതും അവൾക്ക് തല പെരുക്കാൻ തുടങ്ങി.. നേരെ സനുവിന്റെ അടുത്തേക്ക് ചെന്നു.. അവൻ യൂണിഫോം ഇട്ടു കുട്ടപ്പനായി നിന്നു മുടി ചീകുന്ന തിരക്കിലാണ്.. അവളെ കണ്ടതും കണ്ണാടിയുടെ മുന്നിൽ നിന്നും മാറി ചീപ് ഡെസ്കിലേക്ക് ഇട്ടു ഒരുമാതിരി ചിരി ചിരിക്കാൻ തുടങ്ങി.. അവൾക്ക് ചിരി പോയിട്ട് ദേഷ്യം പോലും വന്നില്ല.. ആകെ വാലിനു തീ പിടിച്ച അവസ്ഥയായിരുന്നു.. "ബ്രോ എവിടെ..? " അവളുടെ നിൽപ് കണ്ടു അവൻ അവളെ അടിമുടിയൊന്നു നോക്കി..

"ബ്രോ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ.. എടാ.. നീയൊരു കാര്യം ചെയ്.. പോയി ഒരു കപ്പ് കോഫി എടുത്തിട്ടു വാ.. " "ഓഹോ..അപ്പൊ കാര്യങ്ങൾ അവിടേം വരെയൊക്കെ എത്തിയോ... ഇവിടെ തന്നെ അങ്ങ് കൂട്ടാനുള്ള ഏർപ്പാടാണോ മോളെ.. " അവൻ നല്ലോണം ആക്കി ചിരിക്കാൻ തുടങ്ങി.. അവളൊന്നും മിണ്ടിയില്ല.. താജ് അവൾക്ക് എട്ടിന്റെ പണി കൊടുത്തിട്ടുണ്ടെന്ന് അവളുടെ വീർത്തു കെട്ടിയ നിൽപ് കണ്ടു സനുവിനു മനസ്സിലായി.. പിന്നെ ചിരിക്കാൻ ഒന്നും നിന്നില്ല.. ഇപ്പൊ കൊണ്ടു വരാം എന്നും പറഞ്ഞു താഴേക്ക് പോകാൻ നിന്നു.. "ഫ്ലാസ്കിൽ ഉള്ളത് ചായയാ.. കോഫി അല്ല.. കോഫി ഇട്ടിട്ടു വേണമെടാ.. അവനു കോഫി തന്നെ വേണമെന്ന്... ചായ എടുത്തു കൊണ്ടു വന്നാൽ മടക്കി വിടും.. അറിയാല്ലോ അവനെ.. " "അതിനെന്താ.. ഞാൻ ഇട്ടാൽ പോരെ.. ഒരു രണ്ടു മിനിറ്റ്..ഞാൻ ഉണ്ടാക്കി കൊണ്ടു വരാം അളിയനുള്ള കോഫി.. " "സനു.. അതല്ല.. നിനക്ക് ശെരിയാകുമോ.. സ്റ്റൗ ഓൺ ചെയ്യാൻ അറിയാമോ.. സൂക്ഷിച്ചു വേണം ട്ടോ.. "

"എന്റെ ലൈലൂ..ഒന്നുല്ലേലും ഞാനൊരു പ്രായം തികഞ്ഞു നിൽക്കുന്ന ചെറുക്കനല്ലെ.. ആ എന്നോട് ഇതുപോലെയുള്ള സില്ലി കുഎസ്ടിയൻസ് ചോദിക്കല്ലേ.. " അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു ചിരിച്ചോണ്ട് പുറത്തേക്ക് പോയി.. പ്രായം തികഞ്ഞതോ.. അതെപ്പം.. ഈ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴേക്കും തന്നെ ഇവന് പ്രായവും തികഞ്ഞോ.. ആ.. പറയാൻ പറ്റില്ല.. ഇവനല്ലേ ആള്.. അവൾ സ്വയം തലയ്ക്കു അടിച്ചു നിന്നു.. അപ്പോഴാണ് ആ മാരണത്തിനെ ഓർമ വന്നത്.. റൂം പുറത്തുന്ന് ലോക്ക് ചെയ്തിട്ടില്ല.. ഇനി എങ്ങാനും എണീറ്റു പുറത്തേക്ക് വന്നാൽ പിന്നെ അവിടെ തീർന്നു കഥ.. അവളു വേഗം മറ്റേ റൂമിലേക്ക് ഓടി.. അകത്തു കയറി കുറ്റിയിട്ടതിന് ശേഷം ബെഡിലേക്ക് ഇരുന്നു.. "എവിടെടീ കോഫി.. " "ഇപ്പൊ തരാം.. സനു എടുക്കാൻ പോയിട്ടുണ്ട്.. " "അതെന്താ സനു.. നിനക്ക് പോയി എടുത്തിട്ടു വന്നാൽ എന്താ..? " "റബ്ബേ.. ഒന്നുല്ല.. നിനക്ക് കോഫി കിട്ടിയാൽ പോരെ.. ആരു എടുത്തു കൊണ്ടു വന്നാലും എന്താ..

മിണ്ടാതെ ഇരിക്കുന്നതാ നിനക്ക് നല്ലത്.. അല്ലങ്കിൽ ഞാൻ വല്ല തുണിയും എടുത്തു തിരുകി കയറ്റും.. മടുത്തു പോയി നിന്നെക്കൊണ്ട് ഞാൻ.. " അവൾ നെറ്റിയും ഉഴിഞ്ഞു തലയ്ക്ക് താങ്ങു കൊടുത്തിരുന്നു.. " എടീ.. എനിക്കൊന്നു ബാത്‌റൂമിൽ പോകണം.. " "അതിന് ഞാനെന്തു വേണം.. " "നിന്റെ മേലേ കാര്യം സാധിക്കാൻ പറ്റുമോ.. ബാത്‌റൂം എവിടെടീ.. " "ഇതിന്റെ അകത്തു അറ്റാച്ഡ് ഒന്നുമില്ല.. പുറത്ത് പോണം.. " "എന്നാൽ വാ.. അർജന്റ്റാ.. " "എങ്ങോട്ട്... നീയൊന്നു അടങ്ങി ഇരിക്കുന്നുണ്ടോ.. ഇല്ലേൽ വന്ന വഴി ഇറങ്ങി പോ.. മനുഷ്യൻമാരു ഇവിടെ മൂട്ടിൽ തീ പിടിച്ചു നിൽക്കുവാ.. അപ്പോഴാ അവന്റെയൊരു കോഫിയും യൂറിനും.. ദേ തെണ്ടി.. എന്റെ ക്ഷമയുടെ നെല്ലി പലക വെച്ച നീയിപ്പോ കളിക്കുന്നെ.. ഇനിയും ഓവർ ആവാൻ നോക്കിയാൽ ഉണ്ടല്ലോ.. കയ്യിൽ കിട്ടുന്നത് എന്താണെന്ന് ഒന്നും നോക്കില്ല.. എടുത്തു തലയ്ക്കടിച്ചു കൊല്ലും നിന്നെ ഞാൻ.. " എന്ന് പറഞ്ഞു അടുത്ത് കണ്ട ഫ്ലവർ വേസ് എടുത്തു അവനെ എറിയാൻ നോക്കിയതും ഡോറിൽ മുട്ടുന്നത് കേട്ടു.. ഒപ്പം പതുക്കെ ലൈലൂന്നുള്ള വിളിയും.. അവൾ അവനെ നോക്കി ഒന്ന് ദഹിപ്പിച്ചു കൊണ്ടു ഫ്ലവർ വേസ് തിരികെ വെച്ചെണീറ്റു ചെന്നു ഡോർ തുറന്നു..

സനു അവളെ നോക്കി ഒന്ന് ഇളിച്ചു കൊണ്ടു അകത്തേക്ക് കയറി.. ബ്രോന്നും വിളിച്ചു എന്തോ പറഞ്ഞു കൊണ്ടു താജ്ന്റെ അടുത്തേക്ക് പോകാൻ നോക്കിയ അവനെ അവൾ മിണ്ടാതെയിരിയെടാന്നും പറഞ്ഞ് പിടിച്ചു വെച്ചു.. എന്നിട്ടു അവന്റെ കയ്യിൽ നിന്നും കപ്പ് വാങ്ങിച്ചു താജ്ന്റെ അടുത്തേക്ക് ചെന്നു. "ഇന്നാ.. അണ്ണാക്കിലേക്ക് കമിഴ്ത്ത്.. എന്നിട്ടു ഒന്ന് പോയി താ.. " അവൾ താജ്ന്റെ കയ്യിൽ വെച്ചു കൊടുത്തു.. അവളുടെ ദേഷ്യം കണ്ടു അവൻ സനുവിനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു.. സനു അവൾ കാണാതെ തിരിച്ചു അവനോടും അങ്ങനെ തന്നെ കാണിച്ചു.. ഒപ്പം പൊളിക്ക് അളിയാ എന്ന് കൈ കൊണ്ടൊരു ആoഗ്യവും..അവൻ തലയാട്ടി ചിരിച്ചു കൊണ്ടു കപ്പ് ചുണ്ടോടു അടുപ്പിച്ചു.. വായിലേക്ക് എത്തിയില്ല..അതിന് മുന്നേ അവൻ തുപ്പി കളഞ്ഞു.. "എ..എന്താ.. " അവൾ ചോദിച്ചു.. "എന്താന്നോ.. അത് ഞാൻ നിന്നോട് അല്ലേടി ചോദിക്കേണ്ടത്.. എന്താടി ഇത്.. കോഫിയോ അതോ ഉപ്പു വെള്ളമോ.. നീ ആയിരിക്കുമല്ലെ ബുദ്ധി പറഞ്ഞു കൊടുത്തത്.. ഉപ്പിട്ട കോഫി കൊണ്ടു വരാൻ ആണോ ടീ നീ ഇവനെ പറഞ്ഞയച്ചത്.. " അവൻ അവളെ നോക്കി കണ്ണുരുട്ടി.. "ഉപ്പോ..കോഫിയിലോ.. വേണമെങ്കിൽ കുടിക്ക്.. അടവ് എടുക്കാൻ നിക്കണ്ട.. "

"എന്നാൽ നീയിതൊന്ന് കുടിച്ചു നോക്കെടീ.. " അവൻ കലിപ്പോടെ കപ്പ് അവൾക്ക് നേരെ നീട്ടി.. അവളതു വാങ്ങിച്ചു കുടിച്ചു നോക്കി..വായിൽ വെച്ച സ്പോട്ടിൽ തന്നെ അവളു തുപ്പി കളയുമെന്ന് ഉറപ്പുള്ളതോണ്ട് അവൻ ആദ്യമേ അവളുടെ മുന്നിൽ നിന്നും മാറിയിരുന്നു.. അവൻ തുപ്പി കളഞ്ഞതിനേക്കാൾ വേഗത്തിൽ അവൾ തുപ്പി കളഞ്ഞു.. ശേഷം എന്നോട് ഇത് വേണമായിരുന്നോടാന്നുള്ള ഭാവത്തിൽ തിരിഞ്ഞു നിന്നു സനുവിനെ നോക്കി.. "എന്നെ നോക്കിട്ടു കാര്യമില്ല.. എന്നെ കൊണ്ടു ഇത്രേയൊക്കെ പറ്റുള്ളൂ..തിന്നാൻ വേണ്ടി മാത്രമാ ഞാൻ കിച്ചണിൽ കയറാറുള്ളത്..ഇതിപ്പോ ആദ്യമായ വേറൊരു കാര്യത്തിന്.. അപ്പൊ അല്ലറ ചില്ലറ തകരാർ ഒക്കെ ഉണ്ടാകും.. ഷുഗർ മാറി സാൾട്ട് ആയി.. അത്രയല്ലേ ഉള്ളൂ.. അതാർക്കും പറ്റുന്ന അപദ്ധമാ.. പ്രത്യേകിച്ച് ഞാൻ കൊച്ചു കുട്ടിയല്ലേ.. " ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സനു അവളെ നോക്കി വളരെ നിഷ്കു ആയി പറഞ്ഞു.. കപ്പ് വെച്ചു എറിയാനാ തോന്നിയെ.. പിന്നെ അനിയൻ ആയിപോയില്ലെന്ന് കരുതി വേണ്ടാന്ന് വെച്ചു..അവൾ സനുവിന്റെ അടുത്തേക്ക് ചെന്നു കപ്പ് അവന്റെ കയ്യിൽ കൊടുത്തു.

"സനു.. നീ ചെല്ല്.. ഇത് കൊണ്ടു വെച്ചിട്ടു ബുക്ക്‌സും ബാഗുമൊക്കെ എടുത്തു വെക്ക്.. ടൈം ടേബിൾ നോക്കി വെക്കണം..കയ്യിൽ കിട്ടിയത് മുഴുവനും കുത്തി നിറക്കരുത് ബാഗിലേക്ക്.. ചെല്ല്.. അപ്പോഴേക്കും ഞാൻ വരാം.. ലേറ്റ് ആവുന്നു ടാ.. " അവൾ സനുവിനെ പറഞ്ഞ് വിടാൻ നോക്കി.. "വേണ്ടാ.. അവൻ ഇവിടെ നിക്കട്ടെ.. നീ ചെല്ല്.. നീ ചെന്നു മനുഷ്യൻമാരു കുടിക്കുന്നത് പോലെയുള്ളൊരു കോഫി എടുത്തിട്ടു വാ.. അതുവരെ അവൻ ഇവിടെ ഇരിക്കട്ടെ.. ഞങ്ങള് അളിയന്മാർക്കു അല്പ സ്വല്പ കാര്യങ്ങൾ ഡിസ്കസ് ചെയ്യാൻ ഉണ്ട്.. നോക്കി പേടിപ്പിക്കാതെ പോടീ.." നിലത്തേക്ക് നാല് ചവിട്ടങ്ങു ആഞ്ഞു ചവിട്ടി.. അവനോടുള്ള മുഴുവൻ ദേഷ്യവും ആ ചവിട്ടിൽ തീർത്തു.. എന്നിട്ടും ദേഷ്യം തീർന്നില്ല.. സനുവിനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു മുഖം തിരിച്ചു കൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് പോയി.. "ഇങ്ങ് വാ.. " അവൻ സനുവിനെ അടുത്തേക്ക് വിളിച്ചു.. സനു അപ്പൊത്തന്നെ ഓടി ചെന്നു അവനെ പറ്റി ചേർന്നു ഇരുന്നു..

"സത്യം പറാ..അറിഞ്ഞിട്ട് ചെയ്തതോ അതോ അറിയാതെ തന്നെയോ..? " അവൻ തല ചെരിച്ചു സനുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു.. "അറിയാതെ ഒന്നും അല്ല.. അറിഞ്ഞിട്ടാ..അറിഞ്ഞിട്ട് തന്നെയാ ചെയ്തത്.. സാൾട്ട് അല്ല.. vim കലക്കി തരാനാ വിചാരിച്ചത്.. എന്തിനാന്ന് അറിയോ.. എന്റെ ലൈലൂനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതിന്.. അവളെ ഇങ്ങനെ വട്ടു കളിപ്പിക്കുന്നതിന്.. ഞാൻ പറഞ്ഞതല്ലേ അവളെ വേദനിപ്പിക്കാൻ പാടില്ല എന്ന്.. എന്നിട്ടും vim കലക്കിയില്ല.. പാവം അല്ലേന്ന് കരുതി.. എത്രയൊക്കെ പാവം ആണെങ്കിലും എന്റെ ലൈലൂനെ ഡിസ്റ്റർബ് ചെയ്താൽ ഞാൻ വെറുതെ വിടില്ല.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്.. പക്ഷെ അതെന്റെ ലൈലൂനോളം വരില്ല.. എനിക്ക് വലുത് അവളാ.. നിങ്ങളെക്കാൾ ഇഷ്ടം അവളോടാ.. അളിയൻ ആണെന്നൊന്നും നോക്കില്ല.. വെറുതെ അവളെ സങ്കട പെടുത്തിയാൽ ഉണ്ടല്ലോ.. അടുത്ത തവണ സാൾട്ടും വിമ്മുമൊക്കെ വിട്ടു പോയ്സൺ ആയിരിക്കും കലക്കി തരുക.. കേട്ടോടാ ലൈലൂന്റെ തെമ്മാടി.. "

"ഒരുവട്ടം കൂടി പറയാം.. നീ അവളുടെ അനിയൻ തന്നെ.. ഒരു സംശയവുമില്ല.. നോട്ടവും സംസാരവും മാത്രമല്ല.. കുരുട്ടും അവളുടെതു തന്നെയാണല്ലോ ടാ.. തനി പകർപ്പ്.. എടാ.. എന്നോട് ഇങ്ങനൊന്നും ചെയ്യല്ലേ.. ഞാൻ വിചാരിച്ചു നിനക്ക് എങ്കിലും എന്നോട് കുറച്ചൊക്കെ സ്നേഹം ഉണ്ടാകുമെന്ന്.. ഞാൻ അവളെ വേദനിപ്പിക്കുന്നൊന്നുമില്ല ഇപ്പൊ.. അല്പം ബുദ്ധിമുട്ടിക്കുന്നുണ്ട്.. അത് ചുമ്മാതെ ഒന്നുമല്ല.. അവൾക്ക് ഒരു എല്ലു കൂടുതലാ.. അതൊന്നു തേഞ്ഞു പോയിക്കോട്ടേന്ന് കരുതിയാ.. അല്ലാതെ അത് ഇഷ്ട കുറവോ നീ പറഞ്ഞ പോലെ വേദനിപ്പിക്കാനോ ഒന്നുമല്ല.. ഒരു സുഖം.. ഇങ്ങനെയൊക്കെയെ അവൾ എന്നോട് സംസാരിക്കാറുള്ളൂ.. അവളുടെ വായ തുറപ്പിക്കാൻ വേണ്ടിയാ ഞാൻ ഇങ്ങനൊക്കെ ചെയ്യുന്നേ.. അല്ലാത്ത സമയങ്ങളിൽ അവൾ എന്നോട് സംസാരിക്കാറൊന്നുമില്ല.. ഞാൻ ചൊറിഞ്ഞോണ്ട് ചെല്ലണം.. അല്ലെങ്കിൽ മൈൻഡ് ഒന്നുമില്ല.. മുന്നിൽ കണ്ടാൽ കണ്ട ഭാവം പോലും നടിക്കില്ല.. എനിക്ക് എപ്പോഴും അവളുടെ വായ കേൾക്കണം.. ശീലമായി പോയി.. അതില്ലാതെ എനിക്ക് പറ്റില്ല.. " "അതൊക്കെ എനിക്കറിയാം.. പക്ഷെ വേദനിപ്പിക്കരുത് എന്ന് പറഞ്ഞത് അതുകൊണ്ട് ഒന്നുമല്ല..

അവൾക്ക് ഇവിടെ എപ്പോഴും വേദനയാ.. അവൾക്ക് ഉപ്പയും ഉമ്മയുമൊന്നുമില്ല.. ഞാൻ മാത്രമേ ഉള്ളൂ അവൾക്ക്.. ഇവിടെ ഉള്ളത് എന്റെ ഉമ്മയും ബ്രദറുമാ.. അവർക്ക് രണ്ടു പേർക്കും ലൈലൂനെ ഇഷ്ടമേയല്ല.. എന്നും വഴക്ക് പറയുകയും ഉപദ്രവിക്കുകയുമൊക്കെ ചെയ്യും.. അവളുടെ സ്വത്തിലാ അവർക്ക് കണ്ണ്.. അല്ലാതെ അവളോട്‌ ഒരു സ്നേഹവുമില്ല.. എന്നെ ഓർത്തിട്ടാ.. എനിക്ക് വേണ്ടിയാ അവൾ എല്ലാം സഹിക്കുന്നത്.. പാവമാ.. അതിനെ ഇനിയും വേദനിപ്പിക്കല്ലെ താജ്.. അവളുടെ മാല കൈക്കലാക്കിയല്ലെ നിങ്ങൾ.. അവളു പറഞ്ഞു എല്ലാം.. അത് അവൾക്ക് കൊടുത്തേരെ.. പ്ലീസ്.. ആ മാല അവൾക്ക് അത്രക്കും പ്രിയപ്പെട്ടതാ.. എന്നെപ്പോലും അതിലൊന്നു തൊടാൻ സമ്മതിക്കാറില്ല.. അത് നിങ്ങളുടെ കയ്യിൽ എന്നല്ല.. ആരുടെ കയ്യിലും ഇരിക്കുന്നത് അവൾക്ക് ഇഷ്ടപെടില്ല.. അത് അവൾക്ക് തിരിച്ചു കൊടുക്കണേ താജ്.. പ്ലീസ്..ഇതൊന്നും ലൈലൂനോട് ചോദിച്ചേക്കല്ലേ..ഒന്നും ആരും അറിയുന്നത് അവൾക്ക് ഇഷ്ടമല്ല..

ഞാൻ നിങ്ങളോട് പറഞ്ഞൂന്ന് അറിഞ്ഞാൽ പിന്നെ എന്നോട് മുഖം വീർപ്പിച്ചു വെക്കും.. അതോണ്ടാ.." സനു അവന്റെ താടിയിൽ പിടിച്ചു ഒരു കെഞ്ചലോടെ പറഞ്ഞു.. അവൻ പോക്കറ്റിൽ നിന്നും മാല എടുത്തു സനുവിനു കാണിച്ചു.. "മാലയൊക്കെ എന്റെ കയ്യിൽ ഉണ്ട്.. ഞാൻ തിരിച്ചു കൊടുത്തോളം.. എനിക്കൊന്നും വേണ്ടാ നിന്റെ ലൈലൂന്റെ മാല.. ചുമ്മാ.. അവളെയൊന്നു പിന്നാലെ നടത്തിക്കാൻ വേണ്ടി പിടിച്ചു വെച്ചതാ.. നിന്റെ പെങ്ങൾ അല്ലേ ആള്.. പിന്നാലെ വരുന്നത് പോയിട്ട് അതിൽ പിന്നെ അവളെന്റെ മുന്നിലേക്ക് പോലുമൊന്നു വന്നിട്ടില്ല.. അല്ലടാ.. അപ്പൊ ഞാനും നീയും ഉടക്കി പിരിയാൻ ചാൻസ് ഉണ്ട്.. അല്ലേ..? " "ഉടക്കി പിരിയാനോ.. അതെന്തിന്..?" "ഞാൻ അല്ലാതെ മറ്റാരും അവളെ വേദനിപ്പിക്കുന്നതു എനിക്കിഷ്ടമല്ല.. നീയല്ലേ പറഞ്ഞെ നിന്റെ ഉമ്മയും ബ്രദറും അവളെ ഉപദ്രവിക്കുന്നുണ്ടെന്ന്.. അപ്പൊ ഏതായാലും അവരെന്റെ കയ്യിന്ന് വാങ്ങിക്കും.. നിന്റെ ഉമ്മനെയും ബ്രദർനെയും തൊട്ടാൽ നീ വെറുതെ ഇരിക്കുമോ.. എന്നോട് ദേഷ്യം തോന്നില്ലേ..അതും പറഞ്ഞ് ഞാനുമായി ഉടക്കി പിരിയില്ലേ.. " അവൻ സനുവിന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചു..

സനു ആദ്യം ഒന്ന് പുഞ്ചിരിച്ചു..പിന്നെ എന്തോ പറയാൻ ഒരുങ്ങിയതും ഡോർ തുറന്നു അവൾ അകത്തേക്ക് വന്നു.. അട്ട ഒട്ടിയതു പോലെ സനു അവനെ ഒട്ടി ചേർന്നു ഇരിക്കുന്നത് കണ്ടപ്പോഴെ അവൾക്ക് ദേഷ്യം വന്നു.. "സനൂ... " അവൾ കടുപ്പിച്ചു വിളിച്ചു.. അവൻ അപ്പൊത്തന്നെ താജ്ന്റെ അടുത്തുന്ന് എഴുന്നേറ്റു മാറി അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.. "നിന്നോടല്ലേ പറഞ്ഞത് പോയി ബാഗും ബുക്കുമൊക്കെ എടുത്തു വെക്കാൻ.. ബസ്സ് പോയാൽ പിന്നെ ഞാൻ എങ്ങും കൊണ്ടു വിടില്ല സ്കൂളിലേക്ക്... " പിന്നെ അവളുടെ പ്രഷർ കൂട്ടാൻ അവൻ അവിടെ നിന്നില്ല.. താജ്നെ നോക്കി ടാറ്റാന്നും കാണിച്ചു വാതിൽ തുറന്നു പുറത്തേക്ക് പോയി.. അവൾ താജ്ന്റെ അടുത്തേക്ക് ചെന്നു.. കയ്യിലെ കപ്പ് അവന് നേരെ നീട്ടി.. "അനിയൻ സാൾട്ട്.. ഇനി നീയെന്താ..പെപ്പെർ പൗഡറോ" അവൻ അവളെ സംശയത്തോടെ നോക്കി.. "ഇന്നാ പിടിക്ക്.. വേണമെങ്കിൽ കുടിക്ക്.. അല്ലെങ്കിൽ ദേ ഡോർ.. പുറത്തേക്ക് ഒഴിക്ക്.. " അവൾ കപ്പ് അവന്റെ കയ്യിൽ വെച്ചു കൊടുത്തു.. അത്രക്കും സഹികെട്ടിരുന്നു അവൾ.. അവൻ അവളെ നോക്കിക്കൊണ്ട് തന്നെ കപ്പ് ചുണ്ടോടു അടുപ്പിച്ചു.. ഒരു കവിൾ ഇറക്കി..

അതുപോലെ തന്നെ അവൾക്ക് നേരെ നീട്ടി.. "ഇനിയെന്താ... " അവൾ മടുപ്പോടെ ചോദിച്ചു.. " ഇതിനെയാണോ ഇവിടെ കോഫി എന്ന് പറയുന്നത്.. എന്താടിയിത്.. ഇപ്പൊ യൂറിനു പോകാൻ മാത്രേ തോന്നുന്നുള്ളൂ.. ഇത് കുടിച്ചാൽ പിന്നെ ബാക്കി ഉള്ളത് താനേ നടന്നോളും.. ഒരു മാസത്തേക്ക് ഞാൻ ബാത്റൂമിൽ നിന്നും പുറത്തേക്ക് വരലുണ്ടാവില്ല..ഇത്രേം വൃത്തികെട്ട കോഫി ഞാൻ എന്റെ ജീവിതത്തിൽ കുടിച്ചിട്ടില്ല... " അവൻ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ വരുത്തിക്കൊണ്ട് പറഞ്ഞു.. കുടിച്ചു നോക്കിട്ടു ആണല്ലോ കൊണ്ടു വന്നേ.. പിന്നെ ഇവിടെത്തുമ്പോൾ എന്തുപറ്റി.. നുണ പറയുന്നത് ആവോ ഇവൻ.. അവൾ നെറ്റി ചുളിച്ചു അവനെ നോക്കി.. "എന്തെടി നോക്കുന്നെ.. ഞാൻ നുണ പറയുന്നത് ആണെന്നോ.. എന്നാൽ നീയൊന്നു കുടിച്ചു നോക്കടീ നിന്റെ കോഫി.. " അവൻ കപ്പ് അവളുടെ കയ്യിൽ വെച്ചു കൊടുത്തു.. അവൾ സംശയത്തോടെ കുടിച്ചു നോക്കി.. കുഴപ്പമൊന്നും തോന്നിയില്ല.. "എന്ത് കുഴപ്പം ഉണ്ടെന്നാ നീ പറയുന്നത്.. നല്ല കോഫി ആണല്ലോ.. നിനക്ക് കോഫി വേണമെന്ന് ഉണ്ടായിട്ട് ചോദിച്ചതല്ല..മറിച്ചു എന്നെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാ ചോദിച്ചത് എന്നെനിക്കറിയാം..

ഈ കോഫിക്ക് കുഴപ്പമൊന്നും ഇല്ല..നിന്റെ അടവ് ആണെന്നും അറിയാം.. മതി അമൻ.. ഞാൻ വല്ലാതെ മടുത്തു പോയിരിക്കുന്നു.. " അവൾ മടുപ്പോടെ ബെഡിലേക്ക് അമർന്നിരുന്നു.. അവൻ അവളുടെ കൈയിൽ നിന്നും കപ്പ് വാങ്ങിച്ചു.. വീണ്ടും ഒരു കവിൾ കുടിച്ചു. "ഇപ്പൊ കുഴപ്പമൊന്നുമില്ല.. നേരത്തത്തേതിനേക്കാളും സ്വാദ് ഉണ്ട്.. " അവൻ അവളുടെ മുഖത്തേക്ക് നോക്കിക്കോണ്ട് പറഞ്ഞു.. അവളൊന്നും മിണ്ടിയില്ലന്ന് മാത്രല്ല.. അവനെ നോക്കിയതു പോലുമില്ല.. അവൻ കുടിച്ചു കഴിഞ്ഞു കപ്പ് ടേബിളിലേക്ക് വെച്ചു.. എഴുന്നേറ്റു അവളുടെ മുന്നിൽ മുട്ടു കുത്തി നിന്നു..അവൾ എന്തെന്നുള്ള അർത്ഥത്തിൽ നോക്കിയതും അവൻ അവളുടെ കയ്യിലേക്ക് ആ മാല വെച്ചു കൊടുത്തു..അതുകണ്ട അവൾ അവനെ ഒന്ന് തുറിച്ചു നോക്കി.. "വേണ്ടങ്കിൽ വേണ്ടാ.. " അവനാ മാല തിരിച്ചു എടുക്കാൻ നോക്കി.. "എനിക്ക് വേണം.. " എന്നും പറഞ്ഞ് അവൾ സന്തോഷത്തോടെ കൈ ചുരുട്ടി പിടിച്ചു.. "എന്നാൽ കഴുത്തിലേക്ക് ഇട്ടോ.. ഇല്ലേൽ ഞാൻ വീണ്ടും എടുത്തോണ്ട് പോകും.. " അവൻ പറഞ്ഞു..

"അതിന് നിനക്ക് കയ്യെന്നും കഴുത്തെന്നുമൊക്കെയുണ്ടോ എടുത്തോണ്ട് പോകാൻ.. " എന്ന് പറഞ്ഞോണ്ട് അവളാ മാല കഴുത്തിലേക്ക് ഇടാൻ നോക്കിയതും അതിന്റെ അവസ്ഥ കണ്ടു അവളു ഞെട്ടിപ്പോയി.. "ലോക്കറ്റ്... ഇതിലെ ലോക്കറ്റ് എവിടെ..? " " ലോക്കറ്റ് അല്ലേ ഈ കിടക്കുന്നെ.. നിനക്കെന്താ കണ്ണ് കണ്ടൂടെ.. " "ഇതല്ല..ഇതല്ല ഞാൻ ചോദിച്ചത്.. എന്റെ ലോക്കറ്റ് എവിടെ എന്നാ.. ഇന്നലെ നീ എടുത്തോണ്ട് പോകുമ്പോൾ ഈ ലോക്കറ്റ് ആയിരുന്നോ ഇതിൽ ഉണ്ടായിരുന്നത്..അല്ലല്ലോ.. അതെവിടെന്നാ ചോദിച്ചത്.. അത് താ.. ഇങ്ങ് എടുക്കത്.. എനിക്കൊന്നും വേണ്ടാ ഇത്.. നിന്റെ പേര് കൊത്തി വെച്ച ലോക്കറ്റും മാലയുമൊക്കെ ഇടാൻ ഞാൻ എന്താ നിന്റെ കെട്ടിയോളോ..മതി കളിച്ചത്.. ഇങ്ങ് എടുക്ക് എന്റെ ലോക്കറ്റ്.. " അവൾ ദേഷ്യത്തോടെ അവനെ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു.. അവനൊന്നു പിന്നിലേക്ക് മറിയാൻ നോക്കി.. അതേ വേഗത്തിൽ ബാലൻസ് ചെയ്തു അവളെ നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു.. "നേരത്തെ പറഞ്ഞതെ ഇപ്പോഴും പറയാനുള്ളു..ഇതിലിപ്പോ അത്രക്ക് ഞെട്ടാനും പൊട്ടനുമൊന്നുമില്ല.. കുറച്ച് ഡേയ്‌സ് കഴിഞ്ഞാൽ പിന്നെ നീ എന്റെ പേരുള്ള മാല തന്നെയാ ഇടേണ്ടത്..

അല്ലാതെ നിന്റെ പേരുള്ളതല്ലാ.. ഇതിപ്പോ കുറച്ചു മുന്നേ ആയെന്നെയുള്ളൂ.. നല്ലതാ..നിനക്കൊരു മാറ്റം വരാൻ.. അല്ല.. ശീലിക്കാൻ.. ഇപ്പോഴെ ഇട്ടു ശീലിച്ചോ.. പിന്നെയൊരു ഭാരമായി തോന്നില്ല.. നിന്റെ നെഞ്ചോടു ചേർന്നു കിടക്കേണ്ടതു എന്റെ പേരാ..അതിലിനി ഒരു മാറ്റവുമില്ല.." "അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ.. ഞാൻ മരിച്ചാലും സംഭവിക്കില്ല അങ്ങനെയൊന്ന്..നീ വെറുതെ സ്വപ്നം കണ്ടു കൂട്ടണ്ട അമൻ.. " "വേണ്ടാ..നീ മരിച്ചിട്ടു സംഭവിക്കണ്ടാ.. ജീവിച്ചിരിക്കുമ്പോൾ സംഭവിച്ചാൽ മതി.. ദേ.. ഇപ്പോൾ സംഭവിക്കും.. കാണണോ നിനക്കത്..." എന്ന് പറഞ്ഞ് അവൻ അവളുടെ കയ്യിൽ നിന്നും മാല പിടിച്ചു വാങ്ങിച്ചു അവളുടെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു.. അവൾ തരിച്ചു നിന്നു.. നെഞ്ച് പൊട്ടി പോകുന്നത് പോലെ തോന്നി അവൾക്ക്.. വേദനയോടെ അവന്റെ മുഖത്തേക്ക് നോക്കി.. "നോക്കണ്ട.. നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല.. ഞാൻ പറഞ്ഞല്ലോ.. എനിക്ക് നീ വേണം.. എന്റെ ഈ ജീവിതം ജീവിച്ചു തീർക്കാൻ ജീവിതാവസാനം വരെ എന്റെ ഒന്നിച്ച് നീ വേണം എനിക്ക്..

ഈ ലോകം മുഴുവൻ സാക്ഷിയാക്കി ഞാൻ നിന്റെ കഴുത്തിലൊരു മെഹർ മാല അണിയിക്കുന്ന ഒരു ദിവസം വരും.. അതങ്ങു ദൂരെ ഒന്നുമല്ല.. ഉടൻ തന്നെ വരും.. അതുവരെ ഇത് നിന്റെ കഴുത്തിൽ കിടന്നോട്ടെ.. നിനക്ക് വേദനിക്കുമ്പോൾ,, കരയണമെന്ന് തോന്നുമ്പോൾ ഇത് നെഞ്ചിലേക്ക് ചേർത്ത് വെച്ചു നീ എന്നെയൊന്നു ഓർത്ത് നോക്ക്.. ആ നിമിഷം ഞാൻ നിന്റെ മുന്നിൽ ഉണ്ടാകും..നിന്റെ അടുത്ത് ഉണ്ടാകും.. നിന്റെ കരയുന്ന കണ്ണുകൾക്കും തളരുന്ന മനസ്സിനും ആശ്വാസമായി.. ഇത് ഞാൻ നിനക്ക് തരുന്ന വാക്ക്.. വേണമെങ്കിൽ സ്വീകരിക്കാം.. അല്ലെങ്കിൽ തള്ളി കളയാം.. " അവൻ പറയുന്നത് ഒന്നും അവൾ കേട്ടില്ല.. ദേഷ്യവും സങ്കടവും മാത്രവുമായിരുന്നു മനസ് നിറയെ.. അവനെ പച്ചക്ക് തിന്നാൻ കഴിഞ്ഞിരുന്നു എങ്കിൽ അത് ചെയ്തേനെ അവൾ.. ആ മാല കഴുത്തിൽ നിന്നും ഊരി ദൂരെക്ക് വലിച്ചു എറിയാൻ തോന്നി.. റമിയുടെ മുഖം ഓർത്തതും അതിന് കഴിഞ്ഞില്ല.. പകരം അവൾ അതിൽ നിന്നും ലോക്കറ്റ് പൊട്ടിച്ചു എടുക്കാൻ നോക്കി..

"എത്ര നോക്കിയിട്ടും കാര്യമില്ല.. അത് കിട്ടില്ല..പൊട്ടിച്ചു എടുക്കാൻ സാധിക്കില്ല.. നിന്നെ അറിയുന്നത് അല്ലേ എനിക്ക്.. അതോണ്ട് ഊരാ കുടുക്കിട്ടിട്ടാ കൊണ്ടു വന്നേ.. ലോക്കറ്റ് മാത്രമായി എടുത്ത് കളയാൻ കഴിയില്ല നിനക്ക്.. മാല നീ കളയില്ലന്നു ഇന്നലത്തെ നിന്റെ കെഞ്ചലിൽ നിന്നും മനസ്സിലായി.. അതോണ്ടാ ഇങ്ങനെ ചെയ്തു കൊണ്ടു വന്നേ.. കളയുന്നോ..എങ്കിൽ രണ്ടും കളയണം.. ഒന്നായി പറ്റില്ല.. മൂട്ടിൽ തീ കൊണ്ട കളി കളിക്കല്ലേ മോളെ നീ.. എടുത്താൽ പൊങ്ങാത്ത ഭാരമൊന്നും ഇല്ലല്ലോ അതിന്.. കിടന്നോട്ടെന്ന് കഴുത്തിൽ.. എന്റെ ലോക്കറ്റ് ആയത് കൊണ്ടാണോ അതോ നിന്റെ കഴുത്തിൽ കിടക്കുന്നത് കൊണ്ടാണോന്നൊന്നും അറിയില്ല.. കാണാൻ നല്ല ഭംഗി.. എൻറെ പേര് നിന്റെ മാറിൽ തൂങ്ങി കിടക്കുമ്പോൾ എനിക്ക് ഉണ്ടാകുന്നത് സന്തോഷം മാത്രല്ല.. ഒരു ഉത്തരവാദിത്ത ബോധം കൂടിയ.. അപ്പൊ ശെരി.. ചെന്നു കുളിക്കുകയോ മാറ്റുകയോ സനൂനെ റെഡി ആക്കുകയോ എന്താച്ചാ ചെയ്..ഞാൻ പോകുന്നു.. " അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി..

ഒന്നും നോക്കിയില്ല അവൾ.. സർവ്വ ശക്തിയും എടുത്തു ഡോർ വലിച്ചടച്ചു.. അവൻ ഒരുനിമിഷം കാത് പൊത്തി നിന്നു.. തന്നോടുള്ള ദേഷ്യം ആണെന്ന് മനസ്സിലായി.. എന്നേക്കാൾ ദേഷ്യം എന്തിനാ അവൾക്ക്.. എല്ലാം ശെരിയാക്കി താരാടീ ഞാൻ.. അവൻ താഴേക്ക് നോക്കി.. ആരും ഇല്ലന്ന് ഉറപ്പ് വരുത്തിയതിന് ശേഷം കയറിയതു പോലെത്തന്നെ മരം വഴി താഴേക്ക് ഇറങ്ങി.. * അവൾ കഴുത്തിലേക്ക് നോക്കി കരയാൻ തുടങ്ങി.. മാല ഊരി വെക്കാൻ മനസ്സ് വരുന്നില്ല.. അവന്റെ പേര് വെച്ചുള്ള ലോക്കറ്റ് ഇട്ടു നടക്കാനും വയ്യാ.. ഈ തെമ്മാടിയെ തല്ലി കൊല്ലാൻ ഈ ലോകത്ത് ഒരുത്തനുമില്ലേ റബ്ബേ.. അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ എഴുന്നേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. മാല ഊരി ഡ്രോയിലേക്ക് ഇട്ടു.. എന്തോ തോന്നിയത് പോലെ അപ്പൊത്തന്നെ തിരിച്ചു എടുത്തു കഴുത്തിലേക്ക് ഇട്ടു.. കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.. കഴുത്തിൽ അവന്റെ പേര് തൂങ്ങി കിടക്കുന്നത് കാണുന്തോറും ദേഷ്യവും സങ്കടവും ഇരട്ടിക്കാൻ തുടങ്ങി.

.ഒന്നൂടെ ലോക്കറ്റ് പൊട്ടിക്കാൻ ശ്രമിച്ചു.. എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ഒന്നും നടന്നില്ല.. അവസാനം നിവർത്തി ഒന്നും ഇല്ലാതെ പുറത്തേക്ക് കിടക്കുന്ന മാല എടുത്തു ഡ്രസ്സ്‌നുള്ളിലേക്ക് ഇട്ടു.. ലോക്കറ്റ് മാറിൽ തട്ടി നിന്നു..ആ ഭാഗം ഒരു തണുപ്പു അനുഭവ പെടുന്നത് അവൾ അറിഞ്ഞു.. ശേഷം ആ തണുപ്പു ഒരു കുളിരായി ശരീരം മൊത്തം പ്രവഹിക്കുന്നതും.. അവളൊരു നിമിഷം മാറിലേക്ക് തന്നെ നോക്കി നിന്നു..പെട്ടന്ന് അവന്റെ മുഖം ഓർമ വന്നതും കണ്ണുകൾ ഇറുക്കി അടച്ചു ദേഷ്യം നിയന്ത്രിച്ചു കൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് പോയി.. * " വിരുന്നിനു നിന്നില്ലേ.. ഉറങ്ങി എണീറ്റു നേരെ ഇങ്ങ് പോന്നോ..? " വണ്ടി ഒതുക്കി സീറ്റ് ഔട്ടിലേക്ക് കയറിയതും അവന്റെ ഉപ്പ പത്ര വായനയുടെ ഇടയിൽ നിന്നു ചോദിച്ചു.. അവനൊന്നു ചിരിച്ചു അകത്തേക്ക് പോകാൻ നിന്നു. "താജ്.. ഒന്ന് നിന്നെ.. "

അയാൾ പത്രം മടക്കി വെച്ചു എണീറ്റു.. അവൻ എന്തെന്ന ഭാവത്തിൽ തല ചെരിച്ചു അയാളെ നോക്കി.. " എവിടെ ആയിരുന്നു എന്ന് ചോദിക്കുന്നില്ല.. എന്തിനാ പോയത്.. എത്ര പറഞ്ഞാലും മനസ്സിലാകില്ലെ നിനക്ക്.. " "സോറി ഡാഡ്.. ഡാഡ് എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല.. ചില രാത്രികളിൽ എനിക്ക് അവളെ കാണാൻ തോന്നുന്നു..കാണാൻ തോന്നിയാൽ പിന്നെ കാണാതെ പറ്റില്ല.. കാണണം.. കണ്ടേ പറ്റുള്ളൂ.. അത് കൊണ്ടാ പോയത്.. ഡാഡ് എന്തിനാ ഇങ്ങനെ പേടിക്കുന്നത്.. ഞാനെങ്ങും അവളെ ഒന്നും ചെയ്യാൻ പോകുന്നില്ല.. അവളതിന് നിന്നു താരനും പോകുന്നില്ല.. അവളുടെ നെഞ്ചിൽ എന്റെ നാമം പതിയുന്നത് വരെ ഒരു നോട്ടം കൊണ്ടു പോലും ഞാൻ അവളെ കളങ്ക പെടുത്തില്ല.. ഡാഡ്നെന്നെ വിശ്വസിക്കാം.. " "അതല്ല ഞാൻ ചോദിച്ചത്.. ഈ രാത്രി സഞ്ചാരത്തിന്റെ ഉദ്ദേശമെന്താ.. നാണം കെടുത്തി അവളെ സ്വന്തമാക്കാനാണോ നിന്റെ തീരുമാനം.. " "അല്ല..തോല്പിച്ച്.. തോല്പിച്ച് സ്വന്തമാക്കാനാ തീരുമാനം.. " എന്ന് പറഞ്ഞ് അവൻ അകത്തേക്ക് കയറിപ്പോയി.. അയാൾ തടയാനോ പിന്നെയൊന്നും ചോദിക്കാനോ നിന്നില്ല.. വല്ലതും ചോദിച്ചാൽ അവൻ പറയും പ്രോഡക്റ്റ് നന്നാവണമെങ്കിൽ ആദ്യം പ്രൊഡ്യൂസർ നന്നാവണമെന്ന്..

എന്തിനാ വെറുതെ രാവിലെതന്നെ മകന്റെ വായിന്നു ഓരോന്ന് കേൾക്കുന്നത്.. ഇരക്കി വാങ്ങിച്ചത് പോലെ ആകും.. അയാളൊന്നു ചിരിച്ചോണ്ട് അകത്തേക്ക് നടന്നു.. * രാവിലെ ലൈബ്രറിയിലേക്ക് പോയി.. രണ്ടു മൂന്ന് ബുക്സ് ഉണ്ടായിരുന്നു കയ്യിൽ.. അത് വെച്ചു തിരിച്ചു പോരാൻ നോക്കിയതും ആരോ എറിഞ്ഞതു പോലെ മുന്നിലേക്ക് ഒരു പുസ്തകം വീണു.. പ്രത്യേകിച്ചു ഒന്നും തോന്നിയില്ല.. തനിക്ക് ഉള്ളതാണെന്ന് അറിയാം.. എടുത്തു നോക്കി.. **നിന്റെ സ്വസ്ഥത കുറവിനുള്ള കാരണം എന്താ.. താജ് ആണോ..? അവന്റെ സ്നേഹം അല്ലേ നിന്റെ സ്വസ്ഥത കുറവിന് കാരണം.. സ്നേഹം എങ്ങനെയാ സ്വസ്ഥത കുറവാവുക.. അതൊരു അനുഗ്രഹമല്ലെ.. നിനക്ക് ചുറ്റും നിന്നെ സ്നേഹിക്കുന്നവരാണ്.. നീ അറിഞ്ഞു കൊണ്ടും നീ അറിയാതെയും നിന്നെ സ്നേഹം കൊണ്ടു വലയം ചെയ്യുന്നവർ.. കൈ വിട്ടു കളയരുത്.. അംഗീകരിക്കുക.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമൊന്നും ഒരാൾ പോലും ഇല്ലാത്ത എത്ര പേരാണ് നമുക്ക് ചുറ്റിനും..

അവരുടെ കണ്ണുകളിലൂടെ ഒന്ന് നോക്കി കാണുക.. നിന്നിലേക്ക്‌ വന്നു ചേരുന്ന സ്നേഹം ഒരിക്കലും ഒരു ബാധ്യതയായോ അസ്വസ്ഥതയായോ നിനക്ക് തോന്നില്ല..ഉപദേശിക്കാൻ ഞാൻ ആളല്ല.. എങ്കിലും ഒരുവട്ടമെങ്കിലും നീ നിന്റെ ജീവിതത്തേ കുറിച്ചൊന്നു ചിന്താവതിയാകുക** അത് കണ്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല അവൾക്ക്.. ഇതിപ്പോ സ്ഥിരം ആണല്ലോന്നുള്ള ഭാവത്തിൽ ചുരുട്ടി വേസ്റ്റിലേക്ക് ഇട്ടു.. പക്ഷെ ഒരു വരി കുറിച്ച് വെക്കാൻ തോന്നി.. ഒന്നുല്ലേലും മറഞ്ഞിരുന്നു ഉപദേശം നൽകുന്ന ആളല്ലേ.. നിരാശ പെടുത്തണ്ട. **എന്റെ ജീവിതത്തെ കുറിച്ച് ഞാൻ നല്ല ബോധവതിയും ചിന്താവതിയുമാണ്..അതൊന്നും ഓർത്ത് നീ തല പുകയ്ക്കണ്ടാ.. എന്നെ സ്നേഹിക്കുന്നവരെ ഞാൻ അറിയുന്നുണ്ട്..തിരിച്ചു സ്നേഹിക്കേണ്ടവരെ സ്നേഹിക്കുന്നുമുണ്ട്..നീ ആരെടാ..അമന്റെ വാലോ..നിർത്തി പോകാൻ ആയില്ലേ നിനക്ക് നിന്റെ ഈ കളി** അവളാ ബുക്കിലേക്ക് തിരുകി കയറ്റി അത് ഷെൽഫിലേക്ക് വെച്ചു പോകാൻ നിന്നു.

.പിന്നിൽ നിന്നും ഒരു കാൽ പെരുമാറ്റം കേട്ടു.. വേഗത്തിൽ തിരിഞ്ഞു നോക്കി..ഷെൽഫിന്റെ മറവിൽ ഒരു നിഴൽ വെട്ടം അനങ്ങുന്നതു അവൾ അറിഞ്ഞു.. ശബ്ദം ഉണ്ടാക്കാതെ അടുത്ത് ചെന്നു നോക്കി.. ആരെയും കണ്ടില്ല.. എന്തോ തോന്നിയത് പോലെ പെട്ടെന്ന് അവൾ തിരിഞ്ഞു ഷെൽഫിലേക്ക് വെച്ച പുസ്തകം എടുത്തു നോക്കി.. അവൾ ഞെട്ടിപ്പോയി.. വെച്ച കടലാസ് കാണാനില്ല.. അപ്പൊ ആള് ഇതിനകത്ത് തന്നെ ഉണ്ടെന്ന്.. അവൾ വെപ്രാളപ്പെട്ടു കൊണ്ടു ലൈബ്രറി ഒന്നാകെ തിരഞ്ഞു നടന്നു.. ആരോ വാതിൽ കടന്നു പോകുന്നത് അവളൊരു മിന്നായം പോലെ കണ്ടു.. ഒരു സെക്കന്റ്‌ പോലും പാഴ് ആക്കിയില്ല.. പിന്നാലെ അവളും പുറത്തേക്ക് കടന്നു.. കയ്യിലൊരു പുസ്തകവുമായി തന്റെ മുന്നിലൂടെ ധൃതിപ്പെട്ടു പോകുന്ന ആളേ കണ്ടു അവൾ തരിച്ചു നിന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story