ഏഴാം ബഹർ: ഭാഗം 26

ezhambahar

രചന: SHAMSEENA FIROZ

ഒരു പുസ്തകവും കറക്കിക്കൊണ്ട് മുന്നിലൂടെ പോകുന്ന താജ്നെ കണ്ടു അവൾ തരിച്ചു നിന്നു.. അപ്പൊ ഇവൻ ആയിരുന്നോ..? അവളുടെ ഉള്ളിലൂടെ ഒരു ചോദ്യവും ഒരു ഞെട്ടലും ഒപ്പത്തിനൊപ്പം കടന്നു പോയി.. ഓടി ചെന്നു അവന് തടസ്സം സൃഷ്ടിച്ചു.. ഒന്നും ചോദിച്ചില്ല.. അവന്റെ കയ്യിലെ പുസ്തകം പിടിച്ചു വാങ്ങിച്ചു അത് മൊത്തത്തിൽ മറിച്ചു നോക്കി.. ആ കടലാസ് കഷ്ണം ഉണ്ടോന്ന്.. അതിൽ ഉണ്ടായില്ല.. അവൾ ദേഷ്യത്തോടെ പുസ്തകം അവന്റെ കയ്യിൽ വെച്ചു കൊടുത്തു.. ശേഷം എന്തോ തോന്നിയത് പോലെ അവന്റെ പോക്കറ്റിൽ ഒക്കെ കയ്യിട്ടു നോക്കുകയും അവന്റെ ശരീരം മൊത്തത്തിൽ തപ്പുകയും ചെയ്തു.. അവന് ഒന്നും മനസ്സിലായില്ല.. അവളുടെ വരവും ചെയ്ത്തുമൊക്കെ കണ്ടു ആകെ അന്തം പോയിരുന്നു.. " ഷിറ്റ്.. അപ്പൊ ഇവനല്ലേ.. " തപ്പി നോക്കിട്ടും ആ കടലാസ് കിട്ടാതെ വന്നപ്പോൾ അവൾ അമർഷത്തോടെ കൈ ഭിത്തിയിലേക്ക് അടിച്ചു.. "എന്താടി.. " അവൻ നെറ്റി ചുളിച്ച് അവളെ നോക്കി.. "ഒന്നുല്ല.. പോ.. " അവൾ വല്ലാത്തൊരു അസ്വസ്ഥതയോടെ വഴി മാറി കൊടുത്തു കൊണ്ടു പറഞ്ഞു.. "പോകാനോ... ചുമ്മാതെ നടന്നു പോയി കൊണ്ടിരുന്ന എന്നെ തടഞ്ഞു നിർത്തി ദേഹം മൊത്തത്തിൽ തപ്പിയും തടവിയും നോക്കിട്ട് ഇപ്പൊ ഒന്നുല്ല പോ ന്നോ..

എവിടുത്തെ ന്യായമ ഇത്.. ഏതായാലും ഇത്രേമൊക്കെ ഉണ്ടായ സ്ഥിതിക്ക് എങ്ങനെയാ മുത്തേ വെറുതെ പോകുക.. പറയെടി.. എന്താ നിന്റെ പ്രശ്നം.. എന്തിനാ നീയെന്നെ തടഞ്ഞെ... " സാവധാനത്തിൽ ചോദിച്ചു വന്ന അവൻ പെട്ടെന്ന് ശബ്ദം ഉയർത്തി കൊണ്ടു ചോദിച്ചു.. അവളൊന്നു ഞെട്ടി.. എന്നാലും പുറത്ത് കാണിച്ചില്ല.. അവനെ നോക്കി വേണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ ഒന്ന് ചിരിച്ചു കാണിച്ചു.. "കോപ്പേ.. ചിരിക്കുന്നോ.. പറയെടി.. എന്തിനാ എന്റെ മുന്നിൽ കയറിയത്.. " "നിന്നെ ഒന്ന് കാണണമെന്ന് തോന്നി.. മുന്നിൽ കയറി... " അവളൊട്ടും കൂസാതെ പറഞ്ഞു.. "അത്രേയുള്ളോ..ശെരി.. അതുവിട്.. എന്റെ ദേഹത്ത് തൊട്ടതു എന്തിനാടീ.. എന്റെ ബോഡി മൊത്തത്തിൽ തടവി നോക്കിയതു എന്തിനാ... " "നിനക്ക് എൻറെ ദേഹത്ത് തൊടാം.. എനിക്ക് നിന്റെ ദേഹത്ത് തൊടാൻ പാടില്ലല്ലെ... " "എന്ത് ചോദിച്ചാലും തറു തല..മര്യാദക്ക് പറഞ്ഞോ.. ഇല്ലങ്കിൽ അറിയാല്ലോ എന്നെ.. "

അവൻ പേടിപ്പിക്കുന്നത് പോലെ അവളുടെ നേർക്ക് വിരൽ ചൂണ്ടി നിർത്തി. " നിന്റെ ഈ മസ്സിൽ ബോഡി കണ്ടപ്പോൾ ഒന്ന് തൊടണമെന്ന് തോന്നി.. തൊട്ടപ്പോൾ ഒന്ന് തടവണമെന്നും.. " "ഓഹോ.. അങ്ങനെ ആണോ.. എന്നാൽ ഞാനും ഒന്ന് തൊട്ടും തടവിയും നോക്കട്ടെ.. നിന്നെ കണ്ട അന്ന് മുതലുള്ള എന്റെ ആഗ്രഹമാ.. നിന്റെ ദേഹം മുഴുവനൊന്നു തൊട്ടും തടവിയും നോക്കണമെന്ന്.. ഇപ്പൊ നീയായി ഒരു ചാൻസ് ഉണ്ടാക്കി തന്ന സ്ഥിതിക്ക് ഏതായാലും ആഗ്രഹമൊന്നു സാധിച്ചേക്കാം.. വെറുതെ കളയുന്നത് എന്തിനാ.. " എന്ന് പറഞ്ഞു അവൻ അവളെ വലിച്ചു ഭിത്തിയിലേക്ക് ചേർത്തു.. അവൾ തരിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ അവളുടെ ഇടുപ്പിൽ കൈ വെച്ചു.. "ചീ.. കൈ എടുക്കടാ.. " അവൾ അവന്റെ കൈ തട്ടി മാറ്റാൻ നോക്കി.. "അടങ്ങി നില്ല് മോളെ.. ഞാനൊന്നിനും വന്നിട്ടില്ല.. നീയാ.. നീയാ തുടങ്ങിയേ.. നീ നോക്കിയത് പോലെ ഞാനും ഒന്ന് നോക്കട്ടേ..എന്നിട്ടു കൈ എടുക്കാം.." അവൻ ഒരു കൈ കൊണ്ടു അവളുടെ രണ്ടു കയ്യും പിടിച്ചു വെച്ചു.. ഇടുപ്പിൽ വെച്ചിരുന്ന കൈ പതിയെ നടുവിലേക്കും പുറം ഭാഗത്തിലേക്കും എത്തി..

അവൾ വേണ്ടാന്നുള്ള അർത്ഥത്തിൽ ദയനീയമായി അവനെ നോക്കി.. അവൻ വക വെച്ചില്ല..സഞ്ചാരം തുടർന്നു.. കൈ പതിയെ സ്കാഫിനുള്ളിലേക്കു കയറിയതും കഴുത്തിലൂടെ ഇഴഞ്ഞു നടക്കുന്നതും അവൾ അറിഞ്ഞു.. ഇഷ്ട കേടോടെ മുഖം തിരിച്ചു നിന്നു.. " അപ്പൊ അഴിച്ചു വെച്ചിട്ടില്ല.. കഴുത്തിൽ തന്നെ ഉണ്ടല്ലേ.. " ഡ്രെസ്സിനകത്ത് ഇട്ടിരുന്ന മാല പുറത്തേക്ക് വലിച്ചു എടുത്തു കൊണ്ടു അവൻ ചോദിച്ചു.. അവളൊന്നും മിണ്ടിയില്ല.. അവനെ നോക്കുക പോലും ചെയ്തില്ല.. അവൻ അവളുടെ കയ്യിലെ പിടി വിട്ടു.. മുഖം തന്റെ നേർക്ക് തിരിച്ചു പിടിച്ചു.. " ഇഷ്ടം ഉണ്ടെന്ന് അർത്ഥം.. " അവൻ അവളുടെ മുഖത്തേക്കും ശേഷം കയ്യിൽ എടുത്ത ലോക്കറ്റിലേക്കും നോക്കിക്കൊണ്ട് പറഞ്ഞു.. അവൾ അവന്റെ കൈ തട്ടി മാറ്റി.. " എനിക്ക് എൻറെ മാല വേണം.. നിന്റെ ലോക്കറ്റു വേണ്ടാ..എടുത്തിട്ടു പോ.. വെറുതെ ഓരോ അർത്ഥം ഉണ്ടാക്കണ്ട.. " അവൾ ദേഷ്യത്തോടെ പറഞ്ഞു. " എടുത്തിട്ടു പോകാൻ വേണ്ടി അല്ലല്ലോ ഇട്ടു തന്നത്.. " "എന്നാൽ പിന്നെ മിണ്ടാൻ വരരുത്.. നിന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല അണിഞ്ഞു നടക്കുന്നത്.. മറ്റൊരാളോടുള്ള ഇഷ്ടം കൊണ്ടാ..

ഈ മാല എനിക്ക് സമ്മാനിച്ചതു ഞാനേറെ സ്നേഹിക്കുന്ന ഒരാൾ ആയതു കൊണ്ടാ.. എന്റെ ജീവനോളം വിലയുണ്ട് ഇതിന്.. അതുകൊണ്ടാ നിന്റെ കയ്യിൽ ആയപ്പോൾ എനിക്ക് ഇഷ്ട പെടാതെ വന്നത്.." "ഞാൻ ഇന്നലെ ചോദിക്കണമെന്ന് വിചാരിച്ചതാ.. എവിടുന്നാ നിനക്കീ മാല.. ആരു തന്നതാ.. നീയൊരുപാട് സ്നേഹിക്കുന്ന ഒരാൾ ഗിഫ്റ്റ് ചെയ്തതാണെന്ന് ഞാനൊന്നു ഇതിൽ തൊട്ടപ്പോഴുണ്ടായ നിന്റെ ഫീലിംഗ്സ് കണ്ടു മനസ്സിലായി.. പക്ഷെ ആ ആളാരാണെന്ന് മാത്രം മനസ്സിലായില്ല.. പറ.. ആരാ നീ അത്രക്കുമൊക്കെ സ്നേഹിക്കുന്ന ആ വ്യക്തി.. ആരു തന്നതാ നിനക്കിത്.. " "ആരായാലും നിനക്കെന്താ.. നിന്റെ കാര്യം നോക്കി പോ.. " അവൾ അവനെ കടന്നു പോകാൻ നോക്കി.. "പറഞ്ഞിട്ട് പോ മോളെ.. " അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തിച്ചു.. പറയാതെ വിടില്ലന്ന് അവൾക്ക് മനസ്സിലായി. " വാപ്പായാ.. വാപ്പ തന്നതാ.. " രക്ഷപെടാൻ വേണ്ടി വായിൽ വന്ന നുണ പറഞ്ഞു.. അവൻ കയ്യിലെ പിടി വിട്ടു..അവളെ സങ്കട പെടുത്തണ്ടന്ന് കരുതി പിന്നൊന്നും ചോദിച്ചില്ല.. നുണ പറഞ്ഞതിൽ അവൾക്ക് അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു..

അവന്റെ മുഖത്തേക്ക് നോക്കിയില്ല.. വേഗം മുന്നോട്ടു നടന്നു.. "ടീ.. ചുരിദാർ ഇടുന്നത് ഒക്കെ കൊള്ളാം.. നെക്ക് ഡീപ്പ് ഉള്ളത് വേണ്ടാ.. സ്കാഫ് ചെയ്യുന്നുണ്ടെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ഒന്ന് തൊട്ടാൽ പിന്നെ കൈ എടുക്കാൻ തോന്നില്ല.. എന്റെ കണ്ട്രോൾ പോകാഞ്ഞതു നിന്റെ ഭാഗ്യം.." അവൻ വിളിച്ചു പറഞ്ഞു.. അവൾ ശര വേഗത്തിൽ തിരിഞ്ഞു നോക്കി.. "റാസ്കൽ.. നിന്നെ ഞാനിന്ന് കൊല്ലുമെടാ.. " ചവിട്ടി തുള്ളിക്കൊണ്ട് അവന്റെ അടുത്തേക്ക് പോകാൻ നോക്കിയതും ഒരു മിസ്സ്‌ വരുന്നത് കണ്ടു.. "പിന്നെ താരാടാ പട്ടി.. " അവൾ പല്ല് ഞെരിച്ച് കൊണ്ടു വന്ന പോലെന്നെ തിരിഞ്ഞു നടന്നു.. "പെട്ടെന്ന് വേണേ..ചേട്ടൻ വെയ്റ്റിംഗ് ആണ്.." അവൻ ചിരിച്ചോണ്ട് അവളെ നോക്കി ഉറക്കെ പറഞ്ഞു.. അവൾ കേട്ട ഭാവം നടിച്ചില്ല.. വേഗം നടന്നു പോയി.. 🍁🍁🍁🍁🍁🍁🍁🍁 വാഷ് റൂമിലേക്ക്‌ പോകുമ്പോഴാണ് കണ്ണും മൂക്കും ഇല്ലാതെ ഒരുത്തൻ എതിരെ നിന്നും ഓടി വരുന്നത് കണ്ടത്.. അപ്പൊത്തന്നെ സൈഡിലേക്ക് മാറാൻ നോക്കി എങ്കിലും അവന്റെ മരണ പാച്ചിലിൽ അവൻ അവളുടെ മേലേക്ക് വന്നു ഇടിക്കുകയും അവൾ രണ്ടു കറങ്ങൽ കറങ്ങി മുന്നിലേക്ക് തെറിക്കുകയും ചെയ്തു.. ബാലൻസ് ചെയ്യാൻ പറ്റിയില്ല..

വീഴുമെന്ന് ഉറപ്പായതും കണ്ണുകൾ ഇറുക്കി അടച്ചു..പക്ഷെ അപ്പോഴേക്കും താജ്ന്റെ കൈകൾ അവളെ സുരക്ഷിതയാക്കിയിരുന്നു.. ആരെന്ന ഞെട്ടലോടെ കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ടത് അവന്റെ വിയർത്തു കിതയ്ക്കുന്ന മുഖമാണ്.. അപ്പൊത്തന്നെ അവൾക്ക് ഒരു കാര്യം മനസ്സിലായി.. നേരത്തെ പോയവൻ ഓടിയത് അല്ല.. ഈ തെണ്ടി ഓടിച്ചതാണെന്ന്.. "ഒരാളെ പോലും വെറുതെ വിടണ്ട.. എന്തിന്റെ കേടാ നിനക്ക്.. " ദേഷ്യപ്പെട്ടു അവന്റെ പിടി വിടുവിച്ചു കൊണ്ട് അവൾ നേരെ നിന്നു.. അവനൊന്നും മിണ്ടിയില്ല.. അവളെ കൈയും പിടിച്ചു വലിച്ചു ഒരൊറ്റ ഓട്ടമായിരുന്നു.. "ഏയ്‌...ലൂസ്.. കയ്യിന്ന് വിട്.. " അവൾ ഓടുന്നതിന്റെ ഇടയിൽ പറഞ്ഞു.. അവൻ അതൊന്നും കേട്ടില്ല.. ഓട്ടത്തിന്റെ വേഗത വർധിപ്പിച്ചു.. "എടാ.. പ്രാന്താ.. വിട്.. വിടാനാ പറഞ്ഞത്.. " അവൾ ഓടുന്നതിന്റെ ഇടയിൽ അവന്റെ കൈ വിടുവിക്കാനും ഊരി പോകാനുമൊക്കെ നോക്കി.. അവൻ അതൊന്നും കേട്ടില്ലന്ന് മാത്രല്ല.. വേഗത കൂട്ടി കൊണ്ടിരുന്നു..

അവൾക്ക് തല കറങ്ങാനും കിതയ്ക്കാനുമൊക്കെ തുടങ്ങി.. അവൻ പിടി വിടില്ലന്ന് ഉറപ്പായി.. അവന്റെ ഓട്ടത്തിനു ഒന്നിച്ച് അവളും ഓടി കൊണ്ടിരുന്നു.. പെട്ടെന്നാണ് അവൻ മറ്റേ കയ്യിലെ ഹോക്കി സ്റ്റിക്ക് ഉയർത്തിയതും മുന്നിലൂടെ ഓടുന്നവന്റെ കാല് നോക്കി എറിഞ്ഞതും.. കൃത്യമായി കൊണ്ടു.. ആ ഓടിയവൻ കാല് മടങ്ങി വരാന്തയിൽ നിന്നും താഴേക്ക് തെറിച്ചു വീണു.. അവനു എഴുന്നേൽക്കാനുള്ള സാവകാശം പോലും കൊടുത്തില്ല.. ഹോക്കി സ്റ്റിക്ക് പെറുക്കി എടുത്തു താജ് അവളെയും വലിച്ചു കൊണ്ടു തന്നെ വീണു കിടക്കുന്നവന്റെ അടുത്തേക്ക് എത്തി അവന്റെ കാലിൽ ചവിട്ടി പിടിച്ചു.. " എൻറെ തന്തയ്ക്ക് പറഞ്ഞതിന്റെ കണക്ക് തരാം.. അതിന് മുന്നേ ഇവളെ തൊട്ടതിന്റെ കണക്ക് തീർത്തു തരാം.." എന്ന് പറഞ്ഞു താജ് ഹോക്കി സ്റ്റിക്ക് ഉയർത്തി അവന്റെ കാല് നോക്കി ആഞ്ഞൊരു അടി അടിച്ചു.. അവൻ വേദന കൊണ്ടു പുളഞ്ഞു പിന്നിലേക്ക് നിരങ്ങാൻ നോക്കി.. താജ് വിട്ടില്ലാ..അവന്റെ കാലിൽ ചവിട്ടി വെച്ച കാൽ ഒന്നൂടെ അമർത്തി.. "നീ അടിക്കുകയോ കൊല്ലുകയോ എന്ത് വേണേലും ചെയ്..എന്നെ വിട്.. എൻറെ കയ്യിന്ന് വിട്.. ആൾക്കാരു ശ്രദ്ധിക്കുന്നു.. "

അവന്റെ പ്രവർത്തിയിൽ വല്ലാതെ ദേഷ്യം തോന്നിയ അവൾ അവന്റെ കയ്യിൽ കിടന്നു കുതറിക്കൊണ്ട് പറഞ്ഞു.. "അടങ്ങി നിക്കടീ അവിടെ.. " അവൻ അവൾക്ക് നേരെ അലറി അവളുടെ കയ്യിലെ പിടുത്തം ഒന്നൂടെ മുറുക്കി പിടിച്ചു തന്റെ അടുത്തേക്ക് വലിച്ചു നിർത്തി.. " ഓടുമ്പോൾ നോക്കിയും കണ്ടും ഓടണം.. അല്ലാതെ എന്റെ പെണ്ണിനെ ഇടിച്ചിട്ടിട്ടു ഓടിയാൽ ഉണ്ടല്ലോ.. ഇവളെന്റെതാ.. എനിക്ക് സ്നേഹിക്കാനും വേദനിപ്പിക്കാനും ഉള്ളത്.. അല്ലാതെ നിനക്ക് തട്ടാനും വീഴ്ത്താനുമുള്ളതല്ലാ.. അതിനാ ഇപ്പൊ അടിച്ച അടി..." എന്നും പറഞ്ഞോണ്ട് അവൻ അവളുടെ കയ്യിലെ പിടി വിട്ടു അവളെ പിടിച്ചു അല്പം നീക്കി നിർത്തി.. വീണ്ടും സ്റ്റിക്ക് ഉയർത്തി അവന്റെ മറ്റേ കാല് നോക്കി ഒരെണ്ണം കൊടുത്തു.. "ഇതെന്തിനാന്ന് അറിയോ.. നീ കാരണം ഒരാൾ വീഴാൻ പോയിട്ടും തിരിഞ്ഞു നോക്കാതെ സ്വന്തം കാര്യം നോക്കി പോയതിന്.. നിന്റെ രക്ഷ മാത്രം നോക്കിയതിന്.. ഇനി നീ കാരണം അല്ല എങ്കിൽ പോലും നീ തിരിഞ്ഞു നോക്കണം.. നിന്റെ കണ്ണിനു മുന്നിൽ ഒരാൾ വീഴുകയോ തളരുകയോ ചെയ്യുന്നുണ്ട് എങ്കിൽ നിന്റെ കൈകൾ അവർക്ക് രക്ഷയാകണം..

തളർന്നു പോകുന്നവർക്ക് തുണയാകണമെടാ.. നിനക്കും നിന്റെ കുടുംബത്തിനും മാത്രം താങ്ങ് ആവാൻ ആകരുത് നിന്റെ ജീവിതം.. ഒരു സമൂഹത്തിന് താങ്ങ് ആവാൻ ആയിരിക്കണം.. അതായിരിക്കണം ഒരു പുരുഷൻ.. അതാണെടാ ഓരോ പുരുഷ ജന്മത്തിന്റെയും അർത്ഥം.. " താജ് അവന്റെ നേർക്ക് ഒരു അലർച്ചയോടെ പറഞ്ഞു നിർത്തി.. "താ... താജ്... വേ..വേണ്ടാ.. മാപ്പ്.. " അവൻ വേദന സഹിക്കാൻ കഴിയാതെ പുളഞ്ഞു കൊണ്ടു പറഞ്ഞു.. താജ് കൂട്ടാക്കിയില്ല.. കിടന്നു നിരങ്ങുന്ന അവന്റെ കോളർന് കുത്തി പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി.. "ഇനി നമ്മള് തമ്മിലുള്ള കണക്ക്.. എന്റെ തന്തയ്ക്ക് പറഞ്ഞതിനുള്ള കണക്ക്..തന്തയ്ക്ക് പറഞ്ഞാൽ ഒറ്റ തന്തയ്ക്ക് പിറന്ന ഒരുത്തനും സഹിക്കില്ലടാ പന്ന മോനെ.. അതും കൂടി വാങ്ങിച്ചോ നീയെന്റെ കയ്യിന്ന്.. " എന്ന് ജ്വലിച്ച് കൊണ്ടു പറഞ്ഞു അവന്റെ മുഖം അടക്കി ഒന്ന് പൊട്ടിച്ചു..അടിയുടെ ആഘാതത്തിൽ അവൻ വീണ്ടും നിലത്തേക്ക് മറിഞ്ഞു..എന്നിട്ടും താജ്ന്റെ ദേഷ്യം അടങ്ങിയില്ല.. അവനെ ചവിട്ടി തൊഴിക്കാൻ തുടങ്ങി.. "ലൈലാ.. എന്താ.. എന്താ പ്രശ്നം.. " അങ്ങോട്ടേക്ക് ഓടി വന്ന എബി, എല്ലാം കണ്ടു പകച്ചു നിൽക്കുന്ന ലൈലയോട് ചോദിച്ചു..

അവൾ വേഗം എബിയെ നോക്കി.. "ഞാൻ.. എനിക്ക്.. എനിക്കൊന്നും അറിയില്ല എബി.. എന്നെയും വലിച്ചോണ്ട് അവന്റെ പിന്നാലെ ഓടി വന്നതാ.. ദേ.. ഇപ്പം ഇവിടെയിട്ടു തല്ലി കൊല്ലുവാ.. അവൻ ഓടുമ്പോൾ എന്റെ ദേഹത്ത് ഒന്ന് തട്ടി.. അതിനായിരുന്നു ആദ്യം.." "എന്നാൽ നിനക്കൊന്നു പിടിച്ചു മാറ്റിക്കൂടെ.. ഇങ്ങനെ നോക്കി നിക്കാണോ വേണ്ടത്.. അവൻ ഇപ്പം ചത്തു പോകുമല്ലോ.. അല്ലാതെ തന്നെ താജ്ന്റെ ഒരടിക്കില്ല അവനൊന്നും.. ഇതിപ്പോ ഇടിയും തൊഴിയുമൊക്കെ കഴിഞ്ഞോണ്ട് അവനിനി ശ്വാസം ബാക്കിയുണ്ടോന്ന് നോക്കണം...നിന്റെ പേര് പറഞ്ഞാണെന്നല്ലെ പറഞ്ഞത്..ചെന്നു അവനെയൊന്നു പിടിച്ചു മാറ്റ് ലൈല.. " "എന്റെ പേര് പറഞ്ഞുള്ളതു കഴിഞ്ഞു.. ഇത് വേറെ കണക്കാ..അവൻ അമന്റെ വാപ്പാക്ക് പറഞ്ഞെന്ന്.. അതിനാ ഇപ്പൊ കൊടുക്കുന്നത്..എനിക്കൊന്നും വയ്യാ ഇടയിൽ കയറാൻ... ദേഷ്യം വന്നാൽ കണ്ണ് കാണില്ല അവന്.. ആരാ എന്താന്നൊന്നും നോക്കില്ല.. കിട്ടിയവനെ പിടിച്ചു തൊഴിക്കും.. ഇടയിൽ ചെന്നാൽ പിന്നെ എന്റെ പൊടി പോലും നീ കാണില്ല.. അവൻ ചുരുട്ടി എറിയും.. അന്നൊരു തവണ അറിയാതെ അവന്റെ വാപ്പാക്ക് പറഞ്ഞതിന് എന്നെ അവൻ കൊല്ലാൻ നോക്കിയതാ..

അതോർക്കുമ്പോൾ തന്നെ കഴുത്തു വേദനിക്കുന്നു..എന്നെ ചെയ്തത് നോക്കുമ്പോൾ ഇത് കൂടുതൽ ഒന്നുമല്ല.. അറിയാല്ലോ അവനെ.. അതോണ്ട് എനിക്ക് പറ്റില്ല.. നീ ചെല്ല്.. നീ തന്നേ പിടിച്ചു മാറ്റിയാൽ മതി നിന്റെ ഫ്രണ്ട്നെ.. " എന്നും പറഞ്ഞു അവൾ വേഗം സ്ഥലം വിട്ടു.. എന്തൊരു സാധനമാ ഇവള്.. എബി പിറു പിറുത്തു.. താജ് അപ്പോഴും പൂര തല്ലിലാണ്.. ഇനി ഒന്നും കൂടെ കിട്ടിയാൽ അവൻ ചത്തു പോകുമെന്ന് എബിക്ക് ഉറപ്പായി..ചോര തുപ്പി അമ്മാതിരി പരുവത്തിൽ ആയിട്ടുണ്ട് അവൻ.. എബി വേഗം ചെന്നു താജ്നെ പിടിച്ചു വലിച്ചു..താജ് അപ്പൊത്തന്നെ എബിയെ പിടിച്ചു തള്ളി.. കർത്താവെ.. ഈ പോത്ത്.. എങ്ങനെയാ ഇവനെ ഒന്ന് മെരുക്കുക.. എബി വീണ്ടും താജ്ന്റെ അടുത്തേക്ക് ചെന്നു. "താജ്.. മതി.. നിർത്ത്.. അവൻ ഇപ്പൊ ചത്തു പോകുമല്ലോ.. ഇനി നിന്റെ ഒരു തല്ലിനുള്ളതില്ല അവൻ.. അമ്മാതിരി പരുവത്തിൽ ആയി.. വിട്ടേക്ക് ടാ.. " എബി സർവ്വ ശക്തിയും എടുത്തു താജ്നെ പിടിച്ചു വലിച്ചു.. " നോക്കി നിൽക്കാതെ ആരെങ്കിലും അവനെ ഒന്ന് എടുത്തോണ്ട് പോ.." എബി ചുറ്റും കൂടി നിക്കുന്നവരോട് ആയി പറഞ്ഞു.. താജ് എബിയുടെ കയ്യിൽ നിന്നും കുതറി അവന്റെ അടുത്തേക്ക് തന്നെ പാഞ്ഞടുക്കാൻ നോക്കി..

എബി വിട്ടില്ല.. അമർത്തി പിടിച്ചു വച്ചു.. ആ സമയം കൊണ്ടു രണ്ടു മൂന്ന്പേർ ചേർന്നു നിലത്തു ചാവാനായി കിടക്കുന്ന അവനെ എണീപ്പിച്ചു താങ്ങി പിടിച്ചു അവിടെന്ന് കൊണ്ടു പോയി.. "വിട്.. വിടെടാ എന്നെ.. " താജ് എബിയുടെ കയ്യിൽ നിന്നും രോഷം കൊള്ളാൻ തുടങ്ങി. "വിടുന്നില്ല.. മര്യാദക്ക് ഇങ്ങ് വന്നോളണം.. സ്റ്റാഫ്‌സ് ആരെങ്കിലും കണ്ടാൽ നിന്റെ പേരിൽ കംപ്ലയിന്റ് റിപ്പോർട്ട്‌ ചെയ്യും.. അതിൽ സംശയമില്ല.. ഒറ്റ ഒന്നിനും നിന്നെ കണ്ടൂടാ.. പ്രിൻസി ഇല്ലാത്ത സമയമാ.. അവരൊക്കെ കൂടി നിനക്ക് എതിരെ ആക്ഷൻ എടുക്കാനും മതി.. മിണ്ടാണ്ട് നടന്നോളണം.. " എബി അവന്റെ എതിർപ്പ് ഒന്നും നോക്കിയില്ല.. പര പര വലിച്ചു ക്ലാസ്സിലേക്ക് കൊണ്ടു പോയി.. 🍂🍂🍂🍂🍂 🍂🍂🍂 "എവിടെ വിക്രമാദിത്യൻ.. അടങ്ങിയോ ആള്.. " വൈകുന്നേരം എബിയെ കണ്ടപ്പോൾ അവൾ ചോദിച്ചു.. "ഒരുവിധം അടക്കി നിർത്തി.. " എബി ഒരു ദീർഘ ശ്വാസത്തോടെ പറഞ്ഞു. "എന്തായിരുന്നു ഇന്നത്തെ പ്രശ്നം.. ചോദിച്ചില്ലേ നീ.. എന്തിനാ അങ്ങനെ അടിച്ചേ.. കൊല്ലാൻ ആക്കിയല്ലോ ആ പാവത്തിനെ.. " "താജ്നെ കുറ്റം പറയാൻ ഒക്കില്ല ലൈല..നീ പാവമെന്ന് പറഞ്ഞവൻ ഉണ്ടല്ലോ.. അവൻ അത്രക്ക് പാവമൊന്നുമല്ല. ഇരന്നു വാങ്ങിച്ചതാ തല്ല്.. താജ് ഒന്നിനും ചെന്നിട്ടില്ല.

.ഇപ്പൊ ഇലക്ഷൻ പ്രമാണിച്ചു വേണ്ടാതെ ആരെയും ചൊറിയാൻ നിക്കാറില്ല..പക്ഷെ ഇങ്ങോട്ട് വന്നാൽ കയ്യും കെട്ടി നിൽക്കില്ല..വന്നവന്റെ അണ്ടി പരിപ്പ് എടുത്തിട്ടേ വിടൂ.. ഡിഗ്രിക്ക് പഠിക്കുമ്പോഴേ അവൻ താജുമായി ഒത്തു പോകാറില്ല.. എന്നും ഒന്നും രണ്ടും പറഞ്ഞു ചൊറിയാൻ വരും.. ആദ്യമൊക്കെ എപ്പോഴും താജ്ന്റെ കയ്യിന്ന് കിട്ടും.. പിന്നെ ഒതുങ്ങിയത് താജ്ന്റെ തല്ലു പേടിച്ചിട്ട് തന്നെയാ.. ഇപ്പൊ കൊറേ കാലമായി പ്രശ്നത്തിനൊന്നും വരാറില്ല.. ഇന്ന് ഓരോന്നു പറഞ്ഞു വന്നു.. പറഞ്ഞു പറഞ്ഞു ഒടുക്കം താജ്ന്റെ വാപ്പാക്ക് പറഞ്ഞു.. മറ്റെന്തു സഹിച്ചു നിന്നാലും അതുമാത്രം താജ് കേട്ടു നിക്കില്ല.. സ്പോട്ടിൽ തന്നെ ഒന്ന് പൊട്ടിച്ചു.. ബാക്കിയുള്ള തല്ലിൽ നിന്നും രക്ഷപെടാനാ അവൻ ഓടിയത്.. താജ് വിടുമോ.. ആ സ്റ്റണ്ടാ നീ കണ്ടത്.. " "അമന് വാപ്പാനോട് ഭയങ്കര കാര്യം ആണല്ലേ.. എനിക്കും കിട്ടി ഒരു വട്ടം വാപ്പാനെ പറഞ്ഞതിന്.. അറിഞ്ഞു കൊണ്ടല്ല.. അന്ന് ദേഷ്യം കൊണ്ടു അറിയാതെ പറ്റിയതാ..

അപ്പോഴൊന്നും എനിക്ക് അറിയില്ലായിരുന്നു അവനു വാപ്പാനോട് ഇത്രേം അഫെക്ഷൻ ഉണ്ടെന്ന്.. അല്ല.. അവന്റെ സ്വഭാവം അങ്ങനെ ആണല്ലോ.. ആരോടും ഒരു മയവും സ്നേഹവുമൊന്നും ഇല്ലാതെ.. അത് കൊണ്ടാ.. " അതുകേട്ടു എബിയൊന്നു ചിരിച്ചു.. "എന്താ ചിരിക്കണേ..? " "നീ പറഞ്ഞത് കേട്ടിട്ടു ചിരിച്ചതാ.. ആരു പറഞ്ഞു അവനു സ്നേഹവും മയവും ഇല്ലെന്ന്.. അത് നിനക്ക് അവനെ അറിയാഞ്ഞിട്ടാ.. അവനെ പോലെ സ്നേഹിക്കാൻ അവന് മാത്രമേ കഴിയൂ.. അവന്റെ സ്നേഹമൊന്നു അറിഞ്ഞു നോക്കിയാൽ പിന്നെ ആരും അവനെ വിട്ടു പോകില്ല.. പോകാൻ കഴിയില്ല.. ഒരു പ്രത്യേക സ്വഭാവമാ.. ആർക്കും നിയന്ത്രിക്കാനും പിടിച്ചു നിർത്താനുമൊന്നും കഴിയില്ല അവനെ.. അവൻ നിൽക്കില്ല.. ആരെയും അനുസരിക്കില്ല.. പക്ഷെ ഒന്നുണ്ട്.. അവനെ വിശ്വസിക്കാം.. മറ്റാരേക്കാളും കൂടുതലായി അവനെ വിശ്വസിക്കാം ലൈല.. ഒരുതരി പോലും കറയില്ലാത്ത മനസ്സാ അവന്റെത്.. എന്ത് ഉണ്ടേലും വെട്ടി തുറന്നങ്ങ് പറയും..ചെയ്യും.. അതാ പ്രകൃതം..

സ്നേഹിക്കുന്നവർ ചോദിച്ചാൽ പ്രാണൻ പറിച്ചു നൽകും.. രക്ഷിക്കും.. സംരക്ഷിക്കും..അവനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരെ ചങ്കിലെ ശ്വാസം നിലക്കുന്നതു വരെ അവൻ കൈ വിടാതെ ചേർത്തു പിടിക്കും.. അതാ അവൻ.. " എബി പറഞ്ഞു നിർത്തി.. അവളൊന്നും മിണ്ടിയില്ല.. സത്യം പറഞ്ഞാൽ എന്ത് പറയണമെന്ന് അറിയുന്നുണ്ടായിരുന്നില്ല..മൗനമായി എബിയുടെ മുഖത്തേക്ക് നോക്കി നിന്നു.. " നീ ചോദിച്ചില്ലേ അവന് വാപ്പാനോട് ഭയങ്കര കാര്യം ആണല്ലേന്ന്.. അതെന്ത് കൊണ്ടാണെന്നോ.. അവന്റെ ഈ സ്വഭാവം അവന്റെ ഉമ്മാക്ക് പോലും ഇഷ്ടമല്ല.. കുഞ്ഞിലേ തൊട്ടു തള്ളി പറഞ്ഞിട്ടേ ഉള്ളു.. പക്ഷെ അവന്റെ വാപ്പ.. ഒന്നിനും അവനെ കുറ്റം പറഞ്ഞിട്ടില്ല.. എതിർത്തിട്ടില്ല.. അവന്റെ ഇഷ്ടത്തിനു വിട്ടിട്ടെയുള്ളൂ.. ഉമ്മ ഇല്ലാത്തതിന്റെ ഒരു കുറവ് പോലും അദ്ദേഹം അവനെ അറിയിച്ചിട്ടില്ല.. ഒരേസമയം ഉപ്പയും ഉമ്മയും സുഹൃത്തുമൊക്കെ ആയിരുന്നു ഉപ്പ അവന്.. ഇത്രേം വളർന്നില്ലെ അവൻ..

എന്നിട്ടും ഇന്നും ഉറങ്ങുമ്പോൾ അവന് ഉപ്പ അടുത്ത് വേണം.. ഉപ്പാന്റെ ചൂട് പറ്റിയ അവൻ ഉറങ്ങുക.. ഒരു തരത്തിൽ അവനു ഉമ്മാനെ നഷ്ടപെടാൻ അവൻ തന്നെയാ കാരണം.. അവന്റെ ഈ തല തെറിച്ച സ്വഭാവമാ.. എന്നിട്ടും ഒരിക്കൽ പോലും അവന്റെ ഉപ്പ അവനെ കുറ്റപ്പെടുത്തിയിട്ടില്ല.. എല്ലാം കുറ്റവും അദ്ദേഹം സ്വയം ഏറ്റിട്ടേ ഉള്ളു..അത്രയും നല്ലൊരു ഉപ്പാന്റെ മകനാ അവൻ.. ആ അവൻ തന്തക്ക് പറഞ്ഞാൽ കേട്ടു നിക്കുമോ.. അതേ രക്തമല്ലെ അവന്റെ സിരകളിൽ ഓടുന്നത്.. അദ്ദേഹത്തിന്റെ ആ നല്ല മനസ്സ് തന്നെയാ താജ്നും.. പുറമെയുള്ള ഈ സ്വഭാവം നോക്കണ്ട...അവനും ഉണ്ട് ഫീലിംഗ്സ്.. എല്ലാവരെയും പോലെ അവനും ഉണ്ട് സങ്കടവും വേദനയുമൊക്കെ..അത് ഇന്നും ഇന്നലെയും ഉണ്ടായത് ഒന്നുമല്ല.. ഓർമ വെച്ച നാള് തൊട്ടേ ഒരു വല്യ വേദന അനുഭവിക്കാൻ തുടങ്ങിയതാ.. ഒന്നും ആരോടും പറയാറില്ല.. ഒന്നും പുറത്ത് കാണിക്കാറില്ല അവൻ.. " എബി വീണ്ടും പറഞ്ഞു.. "അല്ല എബി.. അമന്റെ ഉമ്മാ... എന്തുപറ്റിയതാ..മരണപ്പെട്ട........."

"ലൈലാ.. ബസ്സ്.. " അവൾ ചോദിച്ചു തീർന്നില്ല..അതിന് മുന്നേ നുസ്ര വിളിച്ചു.. അവൾ തിരിഞ്ഞു നോക്കി.. "വേഗം.. ടൈം ആകുന്നു.. " നുസ്ര വാച്ചിൽ നോക്കിക്കൊണ്ട് ഒന്നൂടെ വിളിച്ചു പറഞ്ഞു.. "ആ.. വരുന്നു.. " അവൾ നുസ്രയോട് പറഞ്ഞു.. ശേഷം എബിയുടെ നേരെ തന്നെ തിരിഞ്ഞു.. "പോവട്ടെ.. ബസ്സ്നു ടൈം ആയി.. നാളെ കാണാം.. " അവൾ പറഞ്ഞു.. അവൻ ശെരിയെന്ന അർത്ഥത്തിൽ തലയാട്ടി.. അവൾ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു നുസ്രയുടെ അടുത്തേക്ക് പോയി.. 🍃🍃🍃🍃🍃🍃🍃 രാവിലെ അവളാണ് ആദ്യം കുളി കഴിഞ്ഞു ഇറങ്ങിയത്.. ശേഷം സനുവിനെ കയറ്റി.. മുടി തോർത്തുമ്പോൾ ആരോ പിന്നിൽ വന്നു നിൽക്കുന്നത് പോലെ തോന്നി.. ശര വേഗത്തിൽ തിരിഞ്ഞു നോക്കി.. കൂർത്ത കണ്ണുകൾ വെച്ചു ശരീര വടിവ് ഒപ്പിയെടുക്കുന്ന ആസിഫിനെ കണ്ടു.. അവളുടെ വയറ്റിലൂടെ ഒരു ആളൽ അങ്ങ് കടന്നു പോയി.. " കുളിച്ചു സുന്ദരിയായിട്ട് ഉണ്ടല്ലോ.." അവന്റെ കണ്ണുകൾ അവളുടെ ശരീരമാകെ പാഞ്ഞു നടന്നു കൊണ്ടിരുന്നു.. "

കടക്ക് പുറത്ത്.. " അവൾ പിന്നിലേക്ക് നീങ്ങി നിന്നു ശബ്ദം എടുത്തു.. " വെറുതെ ഒച്ച വെക്കണ്ടാ.. നീ എത്ര ഒച്ച വെച്ചിട്ടും കാര്യമില്ല.. ആരും എന്നെ തടയില്ല.. നിന്റെ റൂമിലേക്ക്‌ എനിക്ക് ഏതു നേരം വേണമെങ്കിലും കയറി ഇറങ്ങാം.. അതിനുള്ള സ്വാതന്ത്ര്യം എനിക്ക് ഇവിടെയുണ്ട്.. നിന്നെ നോക്കാം.. തൊടാം.. പിടിക്കാം.. അതിനും ആരും എതിർക്കില്ല.. പൂർണ സമ്മതം കിട്ടിയിട്ടുണ്ട്.. ഒരുത്തനും നിന്റെ രക്ഷയ്ക്ക് വരില്ലന്ന്.. കേട്ടോടീ.. " എന്ന് പറഞ്ഞു അവൻ ആർത്തിയോടെ അവളുടെ നേർക്ക് നടന്നടുത്തു.. "എന്റെ ശരീരത്തിൽ തൊടണമെങ്കിൽ നീയൊന്നൂടെ ജനിക്കണം.. ഇറങ്ങെടാ നായെ.. " എന്നും പറഞ്ഞോണ്ട് അവൾ അടുത്ത് കിട്ടിയ ഫ്ലവർ വേസ് എടുത്തു അവന്റെ നേർക്ക് എറിയാൻ നോക്കിയതും അവനത് തട്ടി തെറിപ്പിച്ചു അവളെ കടന്നു പിടിച്ചു.. " വിട്... " അവൾ അവനെ തള്ളി മാറ്റി പുറത്തേക്ക് ഓടി.. " നിക്കടീ അവിടെ.. " അവൻ വിടാനുള്ള ഭാവം ഇല്ലായിരുന്നു.. പിന്നാലെ ഓടി.. അപ്പോഴേക്കും അവൾ സ്റ്റെയർന്റെ ഭാഗത്തേക്ക്‌ എത്തിയിരുന്നു.. "

നിക്കാനാ പറഞ്ഞത്.. " അവൻ ചാടി പിടിച്ചു.. അവളുടെ ടോപ്പിലാണ് പിടി കിട്ടിയത്.. അവൾ കുതറി മുന്നോട്ടു ഓടാൻ നോക്കിയതും അവൻ പിന്നിലേക്ക് വലിച്ചു.. അവളുടെ കാല് മറിഞ്ഞു.. എവിടെയും പിടി കിട്ടിയില്ല.. ഉരുണ്ടു കെട്ടി നിലം പതിക്കുന്നതിന് മുന്നേ അവളിൽ നിന്നും ഒരു നിലവിളി ഉയർന്നു.. അവളുടെ വേദന ആ വീടാകെ മുഴങ്ങി കേട്ടു.. " സനൂ... " 🍁🍁🍁🍁🍁🍁🍁 മണി പതിനൊന്നു ആയിട്ടും അവളെ കോളേജിലേക്ക് കാണാഞ്ഞിട്ട് മുന്നയും നുസ്രയും അവളെ മാറി മാറി വിളിച്ചു കൊണ്ടിരുന്നു.. റിങ് പോകുന്നുണ്ട് എന്നാലും ഫോൺ അറ്റൻഡ് ചെയ്യുന്നില്ല.. മുന്നയ്ക്ക് ആകെ ടെൻഷൻ കയറാൻ തുടങ്ങിയിരുന്നു.. അവൻ വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടിരുന്നു.. എത്രയൊക്കെ ആയിട്ടും ഫോൺ എടുക്കുന്നില്ലന്ന് കണ്ടതും അവൻ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിന്നു.. അത്രക്കും അസ്വസ്ഥതമാകുന്നുണ്ടായിരുന്നു അവന്റെ മനസ്സ്..

അവൾക്ക് എന്തെങ്കിലും ആപത്തു വന്നു കാണുമോ എന്ന പേടി അവനെ വല്ലാതെ അലട്ടാൻ തുടങ്ങി.. നുസ്രയും പുറത്തേക്ക് ഇറങ്ങി.. ലൈലയെ കുറിച്ചോർത്തു അവൻ നന്നേ ടെൻസഡ് ആണെന്ന് അവൾക്ക് മനസ്സിലായി.. അവൾ സമാധാനിപ്പിക്കാൻ നോക്കിയില്ല.. ലൈലയുടെ കാര്യം ആയത് കൊണ്ടു അവൻ സമാധാനിക്കില്ലന്ന് അവൾക്ക് ഉറപ്പായിരുന്നു.. അതോണ്ട് ലൈലയുടെ ഫോണിലേക്ക് വിളിച്ചും മെസ്സേജ് അയച്ചും നോക്കി കൊണ്ടേയിരുന്നു.. റെസ്പോൺസ് വല്ലതും ഉണ്ടോന്ന്.. 💚💚💚💚💚💚 മുന്നയെക്കാൾ അസ്വസ്ഥതനായിരുന്നു താജ്.. ഒന്നും രണ്ടും പറഞ്ഞു ഉടക്കാൻ വേണ്ടി ഇന്ന് രാവിലെ മുതലേ അവളെ നോക്കി നടക്കായിരുന്നു അവൻ.. ക്ലാസ്സിൽ എന്നല്ല.. കോളേജിൽ എവിടെയും കണ്ടില്ല.. നുസ്രയോട് ചോദിക്കാമെന്ന് കരുതി പോകുമ്പോൾ അവൾ മുന്നയോട് സംസാരിക്കുന്നത് കണ്ടു.. അതോണ്ട് ചോദിക്കാതെ തിരിച്ചു പോന്നു.. ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല അവന്.. പാർക്കിംഗ് ഭാഗത്തേക്ക്‌ ചെന്നു അവിടെ ഇരുന്നു.. അവനെ ക്ലാസ്സിൽ കാണാഞ്ഞിട്ട് തിരക്കി വന്ന എബി കണ്ടത് അവൻ അവിടെ ഇരുന്നു സ്‌മോക് ചെയ്യുന്നതാണ്.. അത് കണ്ടപ്പോഴേ അവൻ ദേഷ്യത്തിൽ ആണെന്ന് എബിക്ക് മനസ്സിലായി..

പക്ഷെ എന്തിനെന്നു അറിഞ്ഞില്ല.. എബി കാര്യം തിരക്കി..എബി ചോദിക്കാൻ കാത്ത് നിന്നെന്ന പോലെ അവൻ തന്റെ ഉള്ളിലെ വേവലാതി അപ്പൊത്തന്നെ തുറന്നു പറഞ്ഞു. " അപ്പൊ അതാണ് കാര്യം.. നിനക്കൊന്നു വിളിച്ചു നോക്കാമായിരുന്നില്ലേ താജ്.. നമ്പർ വേണോ.. ഞാൻ സംഘടിപ്പിച്ചു തരാം.. " "നമ്പർ ഒന്നും വേണ്ടാ.. എന്റെ കയ്യിലുണ്ട്.. വിളിച്ചു നോക്കുകയും ചെയ്തു.. ഒന്നല്ല.. ഒരു നൂറു വട്ടം.. ഇവിടെ വന്നിരുന്നപ്പോ തൊട്ടു ട്രൈ ചെയ്യാൻ തുടങ്ങിയതാ.. റിങ് പോകുന്നുണ്ട്.. അറ്റൻഡ് ചെയ്യുന്നില്ല.. എനിക്ക് അവളെ കാണണം.. ഇപ്പൊ കാണണം.. ഞാൻ അവളുടെ വീട്ടിലേക്കു പോകുവാ.. " " വീട്ടിലേക്കോ.. ഇപ്പോഴോ.. അവളുടെ വീട്ടിലെ അവസ്ഥയും കാര്യങ്ങളുമൊക്കെ എന്താണെന്ന് നമ്മക്ക് അറിഞ്ഞൂടാ.. എന്തെങ്കിലും തിരക്കിൽ പെട്ടിട്ടുണ്ടാകും അവൾ.. അതായിരിക്കും ലീവ് എടുത്തതും ഫോൺ എടുക്കാത്തതും.. നീ വെറുതെ എടുത്തു ചാട്ടം നടത്തല്ലെ.. വീട്ടിലേക്കു ചെന്നാൽ പ്രശ്നം ആകും.. വെറുതെ വേണ്ടാ..

അവളുടെ സമാധാനം കളയണ്ട ടാ.. നീ ഇവിടെ ഇരി.. ഞാനൊന്നു നുസ്രയെ കണ്ടിട്ട് വരാം.. അവൾക്ക് അറിയാമായിരിക്കും ചിലപ്പോൾ.. ഞാനൊന്നു ചോദിക്കട്ടെ..അടങ്ങി ഇവിടെ ഇരുന്നോണം.. " എബി നുസ്രയെ കാണാൻ ചെന്നു.. കോപ്പ്.. ലീവ് എടുക്കുന്നുണ്ടെങ്കിൽ പറഞ്ഞൂടെ അവൾക്ക്.. മനുഷ്യൻമാരുടെ സമാധാനം കളയാൻ.. അവൻ വല്ലാത്തൊരു വീർപ്പു മുട്ടലോടെ വണ്ടിയിലേക്ക് അമർന്നു ഇരുന്നു.. ❤❤❤❤❤❤❤❤ അവൾ മയക്കത്തിലേക്ക് വീണതും സനു അവളുടെ അടുത്ത് നിന്നും എണീറ്റു താഴെ റിസപ്ഷനിലേക്ക് ചെന്നു.. ഹോസ്പിറ്റലിലേക്ക് വരുന്ന തിരക്കിൽ അവളുടെ ഫോൺ എടുക്കാൻ മറന്നു.. തലയിടിച്ചു വീണു കിടക്കുന്ന അവളുടെ അവസ്ഥ കണ്ടു ആകെ സമനില തെറ്റിയിരുന്നു.. ആരെയും വിവരം അറിയിച്ചിട്ടില്ല.. അവൻ റിസീവർ എടുത്തു നമ്പർ ഡയൽ ചെയ്തു.. മുന്നയുടെ ഫോണിലേക്ക് ആണ്.. മുന്നയുടെ നമ്പർ മാത്രമേ കാണാതെ അറിയുള്ളു.. വേറെ ആരുടെയും അറിഞ്ഞൂടാ.. മുന്ന ഒന്നും ചോദിച്ചില്ല..

വീണെന്ന് പറഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ ഊഹിച്ചിരുന്നു.. ഏതു ഹോസ്പിറ്റലിൽ ആണെന്ന് ചോദിച്ചു.. സനു ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു കൊടുത്തു.. ഇപ്പൊ വരാമെന്നും പറഞ്ഞു മുന്ന ഫോൺ വെച്ചു.. താജ്നെ കാര്യം അറിയിക്കാതെ സനുവിനു ഒരു സമാധാനവും ഉണ്ടായില്ലാ.. താജ്നെ കാര്യം അറിയിക്കണമെന്ന് മുന്നയോട് പറഞ്ഞാൽ മതിയായിരുന്നു.. പക്ഷെ പറഞ്ഞില്ല.. താജുo മുന്നയും തമ്മിലുള്ള പ്രശ്നം ലൈല പറഞ്ഞു സനുവിനു അറിയാം.. അവൻ ആകെ സങ്കടത്തോടെ ലൈലയുടെ അടുത്തേക്ക് ചെന്നു.. 🍁🍁🍁🍁🍁🍁🍁 മുന്നയും നുസ്രയും ഹോസ്പിറ്റലിലേക്ക് എത്തി.. അവരെ കണ്ടതും സനുവിനു അല്പം ആശ്വാസമായി.. രണ്ടുപേരും ലൈലയുടെ അടുത്തേക്ക് ചെന്നു.. അവൾ മയക്കത്തിൽ ആയിരുന്നു.. ഉണർത്തിയില്ല.. നുസ്ര ഉള്ളത് കൊണ്ട് മുന്ന സനുവിനോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.. നുസ്രയോട് പറഞ്ഞത് സ്റ്റെയറിൽ നിന്നും കാല് തെന്നിയെന്നാണ്..

നുസ്രയെ അവളുടെ അടുത്ത് ഇരുത്തി മരുന്ന് വാങ്ങിക്കാൻ എന്നും പറഞ്ഞു മുന്ന സനുവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.. സനു അപ്പോൾത്തന്നെ നടന്നത് മുഴുവനും പറഞ്ഞു. മുന്നയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.. "കുഴപ്പമൊന്നുമില്ല...നെറ്റിയിലൊരു പൊട്ടലുണ്ട്.. പിന്നെ കയ്യിലും കാലിലും ചെറിയൊരു ചതവ്..ഒരാഴ്ച്ച റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്.. ഇവിടെ കിടക്കണമെന്നില്ല.. വൈകുന്നേരം ഡിസ്ചാർജ് ചെയ്യാമെന്നാ ഡോക്ടർ പറഞ്ഞെ.." സനു പറഞ്ഞു. "എങ്ങനെയാ ഹോസ്പിറ്റലിലേക്ക് വന്നേ.. " "വക്കീൽ അങ്കിൾനെ വിളിച്ചു കാര്യം പറഞ്ഞു.. അപ്പൊത്തന്നെ വീട്ടിലേക്കു വന്നു.. അങ്കിളാ ഇവിടെ കൊണ്ടാക്കിയെ.. ഒരു എമർജൻസി കാൾ വന്നു.. വേഗം പോയി..വൈകുന്നേരം ഡിസ്ചാർജ് ചെയ്യാൻ ആകുമ്പോൾ വരാമെന്ന് പറഞ്ഞു.. കേസ് ഉണ്ടെന്ന് അങ്കിളിന്." "ശെരി.. നീ വരണ്ട.. മരുന്ന് ഞാൻ വാങ്ങിച്ചു വരാം.. ഒന്നും കഴിച്ചില്ലല്ലോ നീ.. ഫുഡ്‌ ഞാൻ ഇങ്ങോട്ട് കൊണ്ടു വരാം.. " മുന്ന താഴേക്ക് ചെന്നു.. സനു ലൈലയുടെ അടുത്തേക്കും..

നുസ്രയോട് താജ്ന്റെ നമ്പർ ഉണ്ടോന്ന് ചോദിച്ചു.. അവൾ ഉണ്ടെന്ന് പറഞ്ഞു നമ്പർ എടുത്തു കാണിച്ചു ഫോൺ കൊടുത്തു അവന്.. അവൻ അപ്പൊത്തന്നെ താജ്ന് വിളിച്ചു.. 🍂🍂🍂🍂🍂🍂🍂🍂🍂 നുസ്രയോട് കാര്യം ചോദിക്കാൻ പോയ എബി തിരിച്ചു വന്നത് നുസ്രയെ അവിടെങ്ങും കാണുന്നില്ലന്ന് പറഞ്ഞോണ്ടാണ്.. അതൂടെ ആയപ്പോൾ അവന്റെ സമനില തെറ്റുന്നത് പോലെയായി.. " താജ്.. നീയെന്താ കൊച്ചു കുട്ടികളെ പോലെ.. ഞാൻ നുസ്രയ്ക്ക് ഒന്ന് വിളിച്ചു നോക്കട്ടെ.. ഇതെവിടെ പോയി.. ക്ലാസ്സിൽ ഒന്നും കാണാനില്ലല്ലോ.. " എന്ന് പറഞ്ഞു എബി ഫോൺ എടുത്തു നുസ്രയ്ക്ക് വിളിക്കാൻ നോക്കിയതും താജ്ന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. അവൻ എടുത്തു നോക്കി.. സേവ് ചെയ്യാത്ത ഒരു നമ്പർ.. അറ്റൻഡ് ചെയ്തു..ആരാന്ന് ചോദിക്കുന്നതിന് മുന്നേ മറു പുറത്തുന്ന് നിന്നും താജ് എന്നുള്ള വിളി അവന്റെ കാതുകളിലേക്ക് എത്തി.. സനുവിന്റെ ശബ്ദം അവൻ തിരിച്ചറിഞ്ഞു. "സനു നീയോ.. " എന്ന് ചോദിച്ചു തീർന്നില്ല..

അതിന് മുന്നേ ലൈലു ഒന്ന് വീണു.. ഹോസ്പിറ്റലിലാണ്.. CHAITRA യിലേക്ക് വാ എന്ന് പറഞ്ഞു സനു.. അവൻ ഫോൺ കട്ട്‌ ചെയ്തു.. എബിയോട് വണ്ടിയിലേക്ക് കയറാൻ പറഞ്ഞു. എബി കാര്യം എന്താണെന്ന് ചോദിച്ചു. അവനൊന്നും പറഞ്ഞില്ല.. ധൃതിപ്പെട്ടു വണ്ടി സ്റ്റാർട്ട്‌ ചെയ്യുക മാത്രം ചെയ്തു.. എബി പിന്നൊന്നും ചോദിച്ചില്ല.. ഇരുപത് മിനുട് ഉള്ള ഹോസ്പിറ്റലിലേക്ക് അവൻ അഞ്ചു മിനുട്ട് കൊണ്ടെത്തി.. റിസപ്ഷനിൽ ചോദിച്ചു മോളിലേക്ക് കയറി.. നുസ്ര ഇരിക്കുന്നത് കണ്ടു അവൻ അകത്തേക്ക് കയറി.. ലൈല ഉറക്കത്തിലാണ്.. നെറ്റിയിലും കയ്യിലുമൊക്കെ മുറിവും കെട്ടുമൊക്കെയായി തളർച്ചയോടെ കിടക്കുന്ന അവളെ കണ്ടതും അവന്റെ ഉള്ളിലൊരു പിടച്ചിൽ അനുഭവപ്പെട്ടു.. അവനെ കണ്ടതും നുസ്ര എഴുന്നേറ്റു മാറി.. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു..അപ്പോഴേക്കും എബിയും അങ്ങോട്ട്‌ വന്നിരുന്നു.. എബി അടുത്തേക്ക് വരാൻ നോക്കിയതും നുസ്ര എബിയെയും വലിച്ചോണ്ട് പുറത്തേക്ക് നടന്നു..

എബിക്ക് കാര്യം മനസ്സിലായി.. നുസ്രയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.. "നിനക്ക് പിന്നെ കാണാം അവളെ.. താജ് ഇരുന്നോട്ടെ അവിടെ.. " "മനസ്സിലായി പോത്തേ.. " "പോത്ത് നിന്റെ മറ്റവൾ.. പോയി വിളിക്കടാ കുരങ്ങാ.." "ലൈല പാവം ആയതു നിനക്ക് രുദ്രമ്മാ ദേവി ആവാൻ വേണ്ടിയായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല.. ആരും പറഞ്ഞുമില്ല.. " എബി നിന്നു അവളെ നോക്കി ചിരിക്കാൻ തുടങ്ങി.. അവൾ ടാന്നും വിളിച്ചു അവന്റെ നേരെ കയ്യോങ്ങിയതും അവൻ അവൾക്ക് നേരെ കൈ കൂപ്പി കാണിച്ചു. അത് കണ്ടു അവളൊന്നു ചിരിച്ചു സൈഡിൽ ഇട്ടിരിക്കുന്ന ചെയർലേക്ക് ഇരുന്നു.. എബിയും അവളുടെ അടുത്തായി വന്നിരുന്നു.. 🍃🍃🍃🍃🍃🍃🍃🍃 അവൻ അവളുടെ നെറ്റിയിലൊന്നു തടവി.. ഉറക്കം ഞെട്ടിയില്ല അവൾക്ക്.. അവൻ ഒന്നൂടെ തടവി. " പെയിൻ കുറയാനുള്ള ഇൻജെക്ഷൻ എടുത്തിട്ടുണ്ട്.. അതിന്റെ ക്ഷീണമാ.. " അവനെ കണ്ട സനു അടുത്തേക്ക് വന്നു പറഞ്ഞു.. അവൻ അവിടെന്ന് എണീറ്റു.. " എന്താ ഉണ്ടായെ.." അവന്റെ മുഖത്ത് പതിവിലും കൂടുതൽ ദേഷ്യം.. "വീണതാ..സ്റ്റെയർന്ന് കാല് തെന്നി.. " " നീ മാത്രേയുള്ളൂ.. വീട്ടീന്ന് വേറെ ആരും വന്നില്ലേ.. "

"ആരു വരാനാ.. എന്റെ ഉമ്മയോ..അതോ ബ്രദറോ.. ഇവളെ കൊല്ലാൻ നടക്കുന്നവരാ അവർ.. ആ അവരാണോ ഇവളെ രക്ഷിക്കാനും പരിചരിക്കാനും വരുന്നത്.. പക്ഷെ ഇത് അവര് ചെയ്തത് അല്ല.. ആസിഫാ.. ആ ആസിഫാ ചെയ്തത്.. വീണതല്ലാ ഇവൾ.. വീഴ്ത്തിയതാ അവൻ.. ഇവളെ കടന്നു പിടിക്കാൻ ശ്രമിച്ചു.. " എന്ന് തുടങ്ങി സനു ഉണ്ടായത് മുഴുവൻ പറഞ്ഞു.. അതോടൊപ്പം തന്നെ ആസിഫ് ആരാണെന്നും അവന് അവളോടുള്ള പെരുമാറ്റവും അവന്റെ മനസ്സിൽ ഇരുപ്പ് എന്താണെന്നുമൊക്കെ സനു താജ്നോട് പറഞ്ഞു.. താജ്ന്റെ മുഷ്ടി ചുരുണ്ടു അസ്ഥികൾ വലിഞ്ഞു മുറുകാൻ തുടങ്ങി.. കോപം കൊണ്ടു ചുമന്നു വിറയ്ക്കുന്ന അവന്റെ മുഖത്തേക്ക് നോക്കാൻ പേടി തോന്നി സനുവിന്.. എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ അവൻ പുറത്തേക്ക് പോകാൻ നിന്നു..സനു അവന്റെ കയ്യിൽ പിടിച്ചു നിർത്തിച്ചു. " വേണ്ടാ.. " "വേണം.. എന്റെ പെണ്ണിനെ തൊട്ടവന്റെ കൈ എനിക്ക് വേണം.. ഇനി ഈ ജീവിതത്തിൽ ഒരു പെണ്ണിനെയും തൊടാൻ ധൈര്യ പെടരുത് അവൻ.." "വേണം.. അവന്റെ കൈ മാത്രമല്ലാ.. എന്റെ ലൈലൂനെ തൊട്ടവന്റെ ജീവൻ എനിക്ക് വേണം.. പക്ഷെ അതിപ്പോഴല്ലാ..

ലൈലു അറിഞ്ഞാൽ ദേഷ്യപെടും.. വയ്യാതെ കിടക്കുകയല്ലേ.. അവളൊന്നു സുഖപ്പെട്ടോട്ടേ.. എന്നിട്ടു മതി അവന്റെ കൈ എടുക്കലും ജീവൻ എടുക്കലും.. കാരണം ആ കാഴ്ച അവൾക്ക് കാണണം..കണ്ണ് നിറയെ കാണണം.. ആസിഫ്ന്റെ പതനം നിങ്ങളെക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് അവളാ.. അത് കൊണ്ടാ.. ഇപ്പൊ വേണ്ട താജ്.. " സനു അവനെ പറ്റി ചേർന്നു ഒരു അപേക്ഷയോടെ പറഞ്ഞു.. അവനൊന്നും മിണ്ടിയില്ല.. ഉറങ്ങി കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി.. ശേഷം സനുവിനെ ചേർത്തു പിടിച്ചു അവളെ അടുത്ത് ചെന്നിരുന്നു.. 🍁🍁🍁🍁🍁🍁🍁🍁 കണ്പോളകളിൽ നേരിയ വേദന.. നെറ്റി ഇടിച്ചതിന്റെ ആവാം.. പതുക്കെ കണ്ണ് തുറന്നു.. മുന്നിൽ കണ്ടത് അവന്റെ മുഖമാണ്.. അവൾക്ക് വിശ്വസിക്കാൻ ആയില്ല.. ചുറ്റുമൊന്നു നോക്കി.. സൈഡിൽ സനുവിനെ കണ്ടു.. തെല്ല് ആശ്വാസമായി.. " ലൈലൂ.. കഴിഞ്ഞോ ഉറക്കം.. വേദന എങ്ങനെയുണ്ട്.. " അവൾ കണ്ണ് തുറക്കാൻ കാത്ത് നിന്നെന്ന പോലെ സനു അവളുടെ നെറ്റിയിൽ തൊട്ടു കൊണ്ടു ചോദിച്ചു.

. " കുറവുണ്ട്.. " അവളൊന്നു പുഞ്ചിരിച്ചു.. അപ്പോഴും താജ് ഒന്നും മിണ്ടിയില്ല.. മൗനമായി അവളെ നോക്കി കൊണ്ടിരിക്കുക മാത്രം ചെയ്തു.. അവന്റെ നിശബ്ദത അവളെ അലോസരപെടുത്തി.. എപ്പോഴും ആ ദേഷ്യം കണ്ടും കേട്ടും ശീലമായി.. ഇന്ന് ഒന്നുമില്ല.. മുഖത്തേക്ക് നോക്കി ഒരേ ഇരുത്തം മാത്രം.. ശെരിയാക്കി തരാം.. അവനെ ചൊറിയാൻ തന്നെ തീരുമാനിച്ചു അവൾ. "എന്താ നോക്കുന്നെ..എപ്പോഴാ മൊത്തത്തിലൊന്നു പഞ്ഞിക്കടിയിൽ ആവുക എന്നാണോ ..? " " എന്തുപറ്റിയതാ... " അവൾ ചോദിച്ചതിനുള്ള മറുപടി പറഞ്ഞാൽ ഇത്തിരി കൂടി പോകുമെന്ന് അറിയാവുന്നോണ്ട് അവൻ അവളുടെ ചോദ്യം കേൾക്കാത്ത ഭാവം നടിച്ചു കൊണ്ടു ചോദിച്ചു.. " വീണു.. " "വീണതോ.. വീഴ്ത്തിയതോ.. " അവൻ ഗൗരവത്തോടെ ചോദിച്ചു.. അത് കേട്ടു അവൾ സനുവിനെ സംശയത്തോടെ ഒന്ന് നോക്കി.. "അവനെ നോക്കണ്ട നീ.. അവൻ പറഞ്ഞു എല്ലാം.. നിന്നെ തൊട്ടവനിനി അധിക കാലം ആയുസ്സില്ലാ.. മണ്ണിന് അടിയിലേക്ക് താഴ്ത്താൻ കൂടി ബാക്കി വെക്കില്ല അവനെ..

നുറുക്കി കളയും.. " അവന്റെ കണ്ണുകളിലെ കോപാഗ്നി അവൾ കണ്ടു.. ശരീരം ഒന്നാകെ മുറുകാൻ തുടങ്ങിയിരുന്നു..വരുന്ന ദേഷ്യം അവളോട്‌ കാണിച്ചു പോകുമോന്നുള്ള പേടിയിൽ അവൻ എണീറ്റു പോകാൻ നോക്കി.. അവൾ അവന്റെ കയ്യിൽ പിടിച്ചു.. അവൻ എന്തെന്ന ഭാവത്തിൽ തിരിഞ്ഞു അവളെ നോക്കി.. അവൾ വേണ്ടാന്നുള്ള അർത്ഥത്തിൽ തലയാട്ടി.. അവൻ അവളുടെ പിടി വിടുവിച്ചു പഴയത് പോലെ അവളുടെ അടുത്ത് ഇരുന്നു.. " നീ പ്രശ്നത്തിനൊന്നും പോകരുത്.. ദേഷ്യത്തിന്റെ പുറത്ത് ഒന്നും ചെയ്തു കൂട്ടരുത്.. അവരെന്റെ വീട്ടുകാരാ.. ഞാൻ ഇന്ന് വരെ താമസിച്ചത് അവിടെയാ.. ഇനി താമസിക്കേണ്ടതും അവിടെയാ.. നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്.. എന്റെ ഉള്ള സ്വസ്ഥത കൂടി കളയരുത്.. " അവൾ പറഞ്ഞു. "കോപ്പ്.. കൊല്ലാൻ നടക്കുന്നവരോട് ഒടുക്കത്തെ സ്നേഹവും സഹതാപവും.. ജീവന് തുല്യം സ്നേഹിക്കുന്നവരോട് ദേഷ്യവും വാശിയും .. " അവൻ പല്ല് ഞെരിച്ചു കൊണ്ടു പറഞ്ഞു.. അവളൊന്നും മിണ്ടിയില്ല. അവനെ നോക്കാതെ മുഖം തിരിച്ചു കിടന്നു.. സനു അവളെ നോക്കി എന്തുവാടി നീയിങ്ങനെ എന്ന് കൈ മലർത്തിക്കൊണ്ട് ചോദിച്ചു..

അവൾ പോടാന്നും പറഞ്ഞു കണ്ണുരുട്ടി കാണിച്ചതും നീ പോടീന്നും പറഞ്ഞു കൊഞ്ഞനം കുത്തി കാണിച്ചു സനു മുഖം തിരിച്ചു ഇരുന്നു.. " നീ എന്തിനാ എല്ലാം സഹിച്ചു അവിടെ തന്നെ നിക്കുന്നത്.. മാറിക്കൂടെ അവിടെന്ന്.. ഹോസ്റ്റലിലേക്ക് മാറ്.. ഞാൻ റെഡിയാക്കി തരാം റൂം.. അല്ലെങ്കിൽ വേണ്ടാ.. സൗകര്യം ഉണ്ടാവില്ല.. ഫുഡും ശെരിയാകില്ല.. വേറെ വീടെടുത്തു മാറിക്കൂടെ.. ടൗണിൽ എവിടെ എങ്കിലും.. സനൂനെ നിന്റൊപ്പം കൂട്ടിക്കോ.. അവൻ തനിച്ചാവുന്നത് അല്ലേ നിന്റെ പ്രശ്നം.. ഇനി ഒന്നും പറ്റില്ലങ്കിൽ എന്റെ വീട്ടിലേക്കു പോര്.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല..പേയിങ്ഗെസ്റ്റ് ആയിട്ടു താമസിച്ചോ..നിന്റെ കാര്യങ്ങൾ നോക്കാൻ ലേഡി സെർവന്റിനെ നിർത്താം.. അതാകുമ്പോൾ കോളേജിലേക്ക് വല്യ ട്രാവലും വേണ്ടാ.. " അവൻ പറഞ്ഞു തീർന്നില്ല..അതിന് മുന്നേ അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി. " നോട്ടം കണ്ടില്ലേ രാക്ഷസിടെ.. എന്ത് പറഞ്ഞാലും ഇഷ്ട പെടില്ല.. മനുഷ്യൻമാരെ ദഹിപ്പിക്കാൻ വന്നോളും.. " "ഇഷ്ട പെടുന്നില്ല.. ഞാൻ എങ്ങോട്ടും വരില്ല എന്റെ വീട് വിട്ട്.. അതെന്റെ വീടാ..എന്റെ വാപ്പ ചോര നീരാക്കി ഉണ്ടാക്കി എടുത്തത്.. എനിക്കും സനുവിനും വേണ്ടി മാത്രം ഉണ്ടാക്കിയത്.

. അത് കണ്ണിൽ കണ്ടവന്മാർക്ക് സുഖിക്കാനും കിടന്നു മേയാനുമൊന്നും വിട്ട് കൊടുക്കില്ല ഞാൻ.. അത് തിരികെ പിടിക്കുന്നത് വരെ ഞാൻ അവിടെ തന്നെ നിൽക്കും.." അവൾ വല്ലാത്തൊരു തരം വാശിയോടെ പറഞ്ഞു.. അവൻ എന്തോ പറയാൻ ഒരുങ്ങിയതും മരുന്നുമായി മുന്ന അവിടേക്ക് കടന്നു വന്നു.. താജ്നെ കണ്ടില്ല അവൻ.. നേരെ ടേബിൾന്റെ അടുത്തേക്ക് ചെന്നു.. " എന്ത് തിരക്കാ ഫർമസിയിൽ.. ഒരാഴ്ച്ചത്തേക്കുള്ള മെഡിസിൻ ഉണ്ട്..അത്രേം മതി.. പിന്നെ വേദന ഉണ്ടെങ്കിൽ മാത്രം കഴിച്ചാൽ മതി." എന്ന് പറഞ്ഞു മരുന്ന് വെച്ചു അവൻ സനുവിനെ നോക്കി.. അപ്പോഴാണ് താജ്നെ കണ്ടത്.. അവൾ ഉണർന്നു കിടക്കുന്നതും കണ്ടു.. അടുത്തേക്ക് പോകണമെന്ന് ഉണ്ടായിരുന്നു.. താജ് ഉള്ളത് കൊണ്ടു മടി തോന്നി.. മുന്നയെ കണ്ടപ്പോൾ തന്നെ താജ്ന്റെ മുഖം വീർത്തു കെട്ടിയിരുന്നു.. മുന്ന കടന്നു വന്നത് അവനു ഒട്ടും ഇഷ്ടപ്പെട്ടില്ലന്ന് അവൾക്ക് മനസ്സിലായി.. അവൾ അതൊന്നും കാര്യമാക്കിയില്ല.. മുന്നയെ നോക്കി.. " എടാ.. നുസ്ര വന്നില്ലേ.. " അവൾ ചോദിച്ചു..

"ഉണ്ട്.. പുറത്തുണ്ട്..ഞാൻ പുറത്ത് കാണും.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക്.. " അവൻ കൂടുതൽ നിന്നില്ല.. വേഗം പോകാൻ നോക്കി.. താജ് ഉള്ളത് കൊണ്ടാണെന്ന് അവൾക്ക് മനസ്സിലായി.. ഒഴിഞ്ഞു മാറലാണ്.. പാവം.. ഒരു പ്രശ്നവും ഉണ്ടാകേണ്ടന്ന് കരുതിയാ.. അവളുടെ മുഖം വല്ലാതെയായി.. അത് താജ് അറിയുന്നുണ്ടായിരുന്നു.. മുന്ന പോകുന്ന പോക്കിൽ സനുവിനെയും വിളിച്ചിരുന്നു.. കാന്റീനിലെ ഫുഡ്‌ എല്ലാം തണുത്തതായിരുന്നു.. അതുകൊണ്ട് ഒന്നും വാങ്ങിച്ചില്ല. താഴെ ഹോട്ടലിൽ നിന്നും കഴിക്കാമെന്ന് പറഞ്ഞു അവൻ സനുവിനെ കൂട്ടി.. ലൈലയെ താജ്ന്റെ അടുത്ത് വിട്ടിട്ടു പോകാൻ ഒരു ചാൻസ് നോക്കി നിന്ന സനു മുന്ന വിളിച്ചപ്പോ തന്നെ ചാടി തുള്ളി പോയിരുന്നു.. " എന്താ നിനക്ക് മറ്റാരോടും ഇല്ലാത്ത ഒരു സ്നേഹം അവനോട്.." മുന്ന പോയത് അവൾക്ക് ഇഷ്ട പെട്ടില്ലന്ന് മനസ്സിലായ താജ് ചോദിച്ചു.. "എന്താ നിനക്ക് മറ്റാരോടും ഇല്ലാത്തൊരു ദേഷ്യം അവനോട്..? " അവളും തിരിച്ചു ചോദിച്ചു..

" ദേഷ്യം ഉണ്ടായിട്ട്.. എനിക്കവനെ ഇഷ്ടമല്ല.. അതുതന്നെ കാര്യം.. " "പക്ഷെ എന്തിന്.. എന്തിന് അവനെ ഇഷ്ട പെടാതെ നിക്കണം.. എന്തിന് അവനോട് ഇത്രേം ദേഷ്യം കാണിക്കണം.. " അവൾക്ക് ദേഷ്യം വന്നിരുന്നു. "എന്നോട് ചോദ്യം ചോദിക്കാൻ അല്ല നിന്നോട് പറഞ്ഞത്.. ഞാൻ ചോദിച്ചതിനുള്ള മറുപടി താ.. എന്താ നിനക്ക് അവനോടുള്ള ഇഷ്ടത്തിന്റെ കാരണം.. പറാ.. എനിക്കറിയണം.. അറിഞ്ഞേ പറ്റു.. " "ഒച്ച വെക്കണ്ടാ.. പതുക്കെ ചോദിച്ചാൽ കേൾക്കാം എനിക്ക്.. നിനക്ക് മാത്രം ആണോ ദേഷ്യം.. എനിക്കും ഉണ്ട് അമൻ.. ആദ്യം ചോദിച്ചതിനുള്ള മറുപടി താ.. എന്നിട്ടു മതി നിന്റെ ചോദ്യവും വിസ്താരവുമൊക്കെ.. " " നിന്നോടുള്ള അവന്റെ അടുപ്പം.. നിന്നോടുള്ള പെരുമാറ്റം.. അതുതന്നെയാ എനിക്കിഷ്ടം അല്ലാതെ.. അത് അവൻ എന്നല്ല.. അവന്റെ സ്ഥാനത്തു ആരായിരുന്നാലും എനിക്കിഷ്ട പെടില്ല.. നീ എന്റെയാ.. എൻറെ മാത്രം.. " "അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ.. ഞാനും കൂടി അംഗീകരിച്ചു തരണ്ടേ.. ഇന്നെന്നല്ലാ..

ഒരു കാലത്തും എനിക്കതിനു കഴിയില്ലന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ.. എന്താ നീ ഒന്നും മനസ്സിലാക്കാത്തെ.. നിന്റെ കാര്യം വിട് നീ.. അതേ കുറിച്ച് ഞാനൊന്നും ചോദിക്കുന്നില്ല.. നീയൊന്നും പറയുകയും വേണ്ടാ.. പക്ഷെ മുന്ന.. അവൻ എൻറെ സുഹൃത്ത് ആണെന്ന് നിനക്ക് അറിഞ്ഞൂടെ.. നിന്റെ പെരുമാറ്റവും അവനെ പോലെ ആണെങ്കിൽ നീയും എനിക്ക് എൻറെ ഏറ്റവും നല്ല സുഹൃത്ത് ആയിരിക്കും.. അതിന് നീ തയാറാകുന്നില്ലാ.. അതെന്റെ തെറ്റാണോ.. മുന്നയും ഞാനും ഫ്രണ്ട്‌ഷിപ്പിൽ കവിഞ്ഞു മറ്റൊന്നും ഇല്ലന്ന് നിനക്ക് അറിയാം.. എന്നിട്ടും എന്തിനാ എപ്പോഴും വേണ്ടാത്ത രീതിയിൽ കാണുകയും സംസാരിക്കുകയും ചെയ്യുന്നത്.. എന്തിനാ അവനോട് ഈ ദേഷ്യം.. എന്റെ പേര് പറഞ്ഞല്ലേ.. വേണ്ട അമൻ.. അവനോട് ദേഷ്യം കാണിക്കല്ലേ.. " അവളുടെ സ്വരം ഇടറുന്നത് അവൻ അറിഞ്ഞു.. പക്ഷെ മുന്നയോട് ഉള്ള ഈ സ്നേഹത്തിന്റെ കാരണം എന്തെന്ന് മാത്രം അറിഞ്ഞില്ല.. അവന് വേണ്ടി ഇങ്ങനെ സങ്കട പെടേണ്ട ആവശ്യം എന്തെന്നും മനസ്സിലായില്ല.. അതവൻ വെട്ടി തുറന്നങ്ങ് ചോദിക്കുകയും ചെയ്തു.. "അറിയാം വയ്യാഞ്ഞിട്ടു ചോദിക്കുവാ..

അവൻ നിന്റെ ആരാ.. ഇത്രേം സ്നേഹിക്കാനും അവനു വേണ്ടി സങ്കട പെടാനും നീ അവന്റെ ആരാ.. എന്താ നീയും അവനും തമ്മിൽ.. എന്താണെങ്കിലും ഒന്ന് പറഞ്ഞു തുലയ്ക്കടീ.. " അവനു വല്ലാതെ ദേഷ്യം വരാൻ തുടങ്ങിയിരുന്നു.. " ഒന്നുമില്ല അമൻ.. പക്ഷെ നീയെനിക്ക് ഒരു കാര്യം ചെയ്തു തരണം.. ആദ്യമായി ഞാൻ നിന്നോട് ഒരു കാര്യം ആവശ്യ പെടുകയാ.. കേൾക്കണം.. നീ അനുസരിക്കണം.. പ്ലീസ്.. " അവളൊരു യാചനയോടെ പറഞ്ഞു.. അവളുടെ കണ്കോണിൽ നനവ് പടരുന്നതു അവൻ അറിഞ്ഞു.. അവനു വല്ലാത്ത അസ്വസ്ഥത തോന്നാൻ തുടങ്ങി.. ആദ്യമായിട്ടാ അവൾ തന്റെ മുന്നിൽ ഇങ്ങനെ.. "അമൻ.. എന്താ ഒന്നും പറയാത്തെ.. " അവൾ ചോദിച്ചു. "നീ പറ.. ഞാൻ കേൾക്കുന്നുണ്ട്.. " "നടപ്പിലാക്കി തരുമെന്ന് വാക്ക് താ.." " വാക്ക്.. " അവൻ അവളുടെ ഉള്ളം കയ്യിലേക്ക് തന്റെ കൈ ചേർത്തു വെച്ചു.. അവളൊന്നു ചിരിച്ചു.. " ഇനി പറാ.. എന്താ കാര്യം.. " എന്താ കാര്യം..? പറ.. എന്താ കാര്യം..? ചോദിക്കുന്നത് കേട്ടില്ലേ.. ഇനിയെന്താ നിങ്ങൾക്ക് ഇവിടെ കാര്യം..? ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story