ഏഴാം ബഹർ: ഭാഗം 31

ezhambahar

രചന: SHAMSEENA

FIROZ

അന്നത്തെ രാത്രിയിൽ താജ്ന്റെ മനസ്സിൽ ലൈലയ്ക്ക് പകരം മുന്നയായിരുന്നു.. മുഴുവൻ ചിന്തയും മുന്നയെ കുറിച്ച് മാത്രം.. അവനെ തിരിച്ചറിയാനും മനസ്സിലാക്കാനും വൈകി പോയതിൽ താജ്ന് എവിടെയോ ഒരു വേദന അനുഭവപ്പെട്ടു.. ഈ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ അവൻ തന്റെ മനസ്സിൽ വലിയൊരു സ്ഥാനം നേടി എടുത്തിട്ടുണ്ടെന്നു താജ് മനസ്സിലാക്കി.. അത് അവന്റെ വലിയ മനസ് കൊണ്ടാണ്.. "ഞാൻ പിന്മാറാമെടാ.. ഒരുപക്ഷെ ഞാൻ എങ്ങാനും ജയിച്ചു പോയാലോ. നിന്റെ തോൽവി ഞാൻ ആഗ്രഹിക്കുന്നില്ല താജ്.. എന്തെങ്കിലും റീസൺ പറഞ്ഞു nomination പിൻവലിക്കാം.. ലൈല അറിയണ്ട.. " വൈകുന്നേരം മുന്ന താജ്നോട് പറഞ്ഞ വാക്കുകളാണ്.അത് ഇപ്പോഴും നെഞ്ചിൽ കെട്ടി കിടക്കുന്നത് താജ് അറിഞ്ഞു.. അവനെങ്ങനെ കഴിഞ്ഞു ഇങ്ങനെ പറയാൻ..അതും ഈ അവസാന നിമിഷത്തിൽ.. അതിന്റെ അർത്ഥം അവനെന്നെ അത്രക്കും ഇഷ്ടപെടുന്നുണ്ട് എന്നല്ലേ.. ആ മനസ്സിന്റെ നന്മ അളക്കാൻ കഴിയുന്നതിനും അപ്പുറമാണ്.. വെറുതെ അല്ല ലൈല അവനെ ഇത്രക്കുമൊക്കെ സ്നേഹിക്കുന്നത്.. "അതിന്റെയൊന്നും ആവശ്യമില്ല..

നീ ജയിച്ചാലും ഞാൻ ജയിച്ചതിന് തുല്യമാണ്.. കാരണം ഇന്ന് നീ എനിക്ക് ശത്രുവല്ല.. സുഹൃത്താണ്.. എന്നെ അറിയുന്ന എന്റെ സുഹൃത്ത്.. അതുകൊണ്ട് വിജയം നിനക്കായാൽ ഞാൻ സന്തോഷിക്കുകയേയുള്ളൂ.. " അവൻ പറഞ്ഞതിന് തന്റെ മറുപടി ഇങ്ങനെയായിരുന്നു.. മനസ്സിൽ തട്ടി തന്നെയാ അത് പറഞ്ഞത്. എലെക്ഷനെ കുറിച്ച് ഓർത്ത് ഒരു ടെൻഷനുമില്ല.. എന്റെ വിജയം അവന്റെ വിജയവും അവന്റെ വിജയം എന്റെ വിജയവുമാണ്.. കാരണം സൗഹൃദത്തിന്റെ അർത്ഥം അതാണ്.. പ്രണയത്തേക്കാൾ എത്രയോ സുന്ദരമാണ് സൗഹൃദമെന്ന് പറയുന്നത് എത്ര ശെരിയാണ്. എന്നുകരുതി നമ്മളെ പ്രണയം വേണ്ടാന്നൊന്നും വെക്കാൻ പറ്റില്ല ട്ടൊ.. കുറച്ചു നേരം ആ മൂദേവിയെ കൂടി ഓർത്ത് കളയാം.. അല്ലെങ്കിൽ ഒരു സുഖം ഉണ്ടാവില്ല.. അവൻ തലയിണയും കെട്ടിപ്പിടിച്ചു നേരത്തെ അവൾ വിളിച്ച ചീത്തയൊക്കെ ഓർത്ത് എടുത്തു അവളോടുള്ള ദേഷ്യം കൂട്ടി.. എന്നിട്ടു അവളെ രണ്ടു തെറിയും വിളിച്ചു സുഖായി കിടന്നുറങ്ങി. 🍁🍁🍁🍁🍁

വോട്ട് ചെയ്തു പുറത്തേക്ക് ഇറങ്ങുമ്പോൾ താജ്ന്റെ മനസ്സും ശരീരവും ഒരുപോലെ തണുക്കുന്നുണ്ടായിരുന്നു.. അത് മുന്ന ജയിക്കണമെന്ന ആഗ്രഹത്തോടെ സ്വന്തം വോട്ട് മുന്നയ്ക്ക് നൽകിയത് കൊണ്ടായിരുന്നു..മുന്ന തോറ്റു പോകാൻ അവനും ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.. ഇതേ അവസ്ഥ തന്നെയായിരുന്നു മുന്നയ്ക്കും..തന്റെ വോട്ട് താജ്ന് ചെയ്തു അവൻ സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങി. താജ് വിജയിക്കണമെന്ന ഒരു ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. ഒരിക്കലും താജ്ന്റെ സ്ഥാനം തട്ടി എടുക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല.. അന്ന് ലൈല പറഞ്ഞപ്പോൾ എതിർക്കാൻ കഴിഞ്ഞില്ല. താജ്ന്റെ മുന്നിൽ എന്നല്ല.. ആരുടെ മുന്നിലും അവൾ തോറ്റു പോകുന്നത് കാണാൻ കഴിയുമായിരുന്നില്ല..കാരണം ജീവിതത്തിൽ ഒരുവട്ടം തോറ്റു പോയവളാ അവൾ.. ഇനിയും തോറ്റു കാണാനുള്ള കെല്പ് ഉണ്ടായില്ല. അത് കൊണ്ടാ താജ്നെതിരെ മത്സരിക്കാൻ അന്ന് തീരുമാനിച്ചത്.. പക്ഷെ അവന്റെ സ്ഥാനം കൈക്കലാക്കാൻ കൊതിച്ചിട്ടില്ല. അന്നും ഇന്നും അവൻ തന്നെയാ കോളേജ് ഹീറോ. ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കണം.. മുന്നയുടെ മുഖത്ത് സുന്ദരമായൊരു പുഞ്ചിരി വിടർന്നു.. 🍁🍁🍁🍁🍁

ലൈലയുടെ മനസ് ആകെ അസ്വസ്ഥതമായിരുന്നു.. വോട്ട് ചെയ്തത് മുന്നയ്ക്കാണ്. എന്നിട്ടും സന്തോഷിക്കാൻ കഴിഞ്ഞില്ല. അന്നൊരു വാശി പുറത്താ താജ്നെതിരെ മുന്നയെ നിർത്തിയത്..ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടായിരുന്നു എന്ന്.. സത്യം പറഞ്ഞാൽ മുന്ന മാത്രമല്ല, താജുo തോറ്റു കാണാൻ അവൾ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.. എടുത്തു ചാടി ഓരോന്നു ചെയ്യുമ്പോൾ ഓർക്കണം. എന്തിന്റെ കേടായിട്ടാ ലൈല നിനക്ക്..ഈ കഴിഞ്ഞ വർഷമൊക്കെ ഉണ്ടായിരുന്നതു പോലെ തന്നെ മതിയായിരുന്നല്ലോ ഈ വർഷവും.. അതെങ്ങനെയാ അവനിട്ടു പണിയാൻ കിട്ടുന്ന ഒരവസരവും പാഴ് ആക്കില്ലല്ലോ. എന്നിട്ടു ഇങ്ങോട്ട് ഓരോ പണിയും വാങ്ങിച്ചോണ്ട് വരും..ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കുക തന്നെ. സ്വയം പഴിച്ച് തലയ്ക്കൊരു കൊട്ടും കൊടുത്തു കൊണ്ടു അവൾ പുറത്തേക്ക് ഇറങ്ങി.. ചെന്നു പെട്ടത് കറക്റ്റ് ആയി താജ്ന്റെ മുന്നിൽ. "എന്താണ് സിങ്കക്കുട്ടിക്ക് ആകെയൊരു ശോകമൂകത.. " അവളെ കണ്ടതും താജ് ചോദിച്ചു.

"ആർക്കാ വോട്ട് ചെയ്തത്..? " അവൻ ചോദിച്ചതിന് മറുപടി പറയാതെ അവൾ ചോദിച്ചു. "എന്താ സംശയം.. എനിക്ക് തന്നെ.. നീയോ..? " " ചോദിക്കാൻ മാത്രം എന്താ.. മുന്നയ്ക്ക്.. " അവൾ പറഞ്ഞു..മറുപടിയായി അവനൊന്നു മൂളുക മാത്രം ചെയ്തു. "അമൻ.. നീ തോറ്റു പോയാൽ നിനക്ക് വിഷമം വരുമോ..? " അവൾ എന്തോ തോന്നലിൽ പെട്ടെന്ന് ചോദിച്ചു. " അപ്പൊ ഞാനാണ് തോൽക്കാൻ പോകുന്നത് എന്ന് നീ ഉറപ്പിച്ചു കഴിഞ്ഞൊ..? " അവന്റെ മുഖത്ത് ദേഷ്യം.. "ഇല്ല..ഞാൻ വെറുതെ ചോദിച്ചുന്നേ ഉള്ളു.. " "എന്തിനാ ചോദിക്കുന്നത്.. ഞാൻ തോൽക്കണമെന്ന് ആഗ്രഹിക്കുന്നവർ അതൊന്നും ചോദിക്കേണ്ട ആവശ്യമില്ല.. ഞാൻ തോറ്റു പോയാലും എന്താ.. മുന്ന ജയിച്ചാൽ പോരേ നിനക്ക്.. അതല്ലേ നിന്റെ ആഗ്രഹം..? " " അല്ല.." "അല്ലേ.. അപ്പൊ ഞാൻ ജയിക്കണമെന്നാണോ..? " അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു.. അവൾ അല്ലന്ന് തലയാട്ടി. "പിന്നെന്താടീ കോപ്പേ.. ഞാനും അവനും അല്ലാതെ വേറെ ആരാടീ ഇവിടെ ജയിക്കാനും തോൽക്കാനുമൊക്കെയായിട്ടുള്ളത്." അവൻ കലിപ്പിൽ ചോദിച്ചു. "നിങ്ങൾ രണ്ടുപേരും തോൽക്കാൻ പാടില്ല എന്നാ.. "

അവൾ മടിച്ചു മടിച്ചു കൊണ്ടു പറഞ്ഞു.. അതുകേട്ടു അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി. എന്താടി പെട്ടെന്ന് നിനക്കൊരു മനംമാറ്റം എന്ന് ചോദിക്കാൻ തോന്നിയെങ്കിലും അത് അപ്പാടെ വിഴുങ്ങി കളഞ്ഞു. ശാന്തമായി നിൽക്കുന്ന സമുദ്രത്തിനെ ഇളക്കി വിടണ്ടന്ന് തോന്നി അവനും സമാധാന പ്രിയനായി നിന്നു. "അതേതായാലും നടക്കില്ല.. ഒരാൾ ജയിക്കും.. ഒരാൾ തോൽക്കും.. അതേ സംഭവിക്കൂ.." അവൻ പറഞ്ഞു. "വേണ്ടായിരുന്നു അല്ലേ..? " അവൾ കുട്ടികളെ പോലെ മുഖം ചുളിച്ചു. "എന്ത് വേണ്ടായിരുന്നുന്ന്.. " അവന് മനസ്സിലായിരുന്നു..എന്നിട്ടും ചോദിച്ചു. "ഒന്നുല്ല.. " "നീ വന്നേ.. " അവൻ അവളുടെ കൈ തണ്ടയിൽ പിടിച്ചു.. "എങ്ങോട്ടാ.. " അവൾ കൈ ഊരി എടുത്തു ചോദിച്ചു.. " എന്തായാലും കൊല്ലാൻ അല്ല.. നീ വാ.. ഒരു ചൂട് ചായ കുടിക്കാം.. അപ്പൊ മാറും ഈ അസ്വസ്ഥതയൊക്കെ.. " അവൾ മൂളിക്കൊണ്ട് അവന്റെ ഒന്നിച്ച് നടന്നു.. ഇന്നലെ തെറി വിളിച്ചതിനെ കുറിച്ച് ചോദിച്ചു അവൻ.. ഓരോന്നും എടുത്തു എടുത്തു പറഞ്ഞും ചോദിച്ചും അവളെ തിരിച്ചു തെറി പറയുകയും ദേഷ്യം പെടുകയുമൊക്കെ ചെയ്തു. അതിനും അവൾ മൂളി കൊടുത്തത് അല്ലാതെ മിണ്ടാട്ടമൊന്നും ഉണ്ടായില്ല..

"എടീ.. ഞാൻ ജയിച്ചാൽ അവൻ സന്തോഷിക്കും.. അവൻ ജയിച്ചാൽ ഞാൻ സന്തോഷിക്കും.. മറ്റുള്ളവർക്കു മുന്നിലേ ജയവും തോൽവിയും ഉള്ളു.. ഫ്രണ്ട്‌സ്ന്റെ മുന്നിൽ അതൊന്നും ഇല്ല.. സൗഹൃദത്തിന്റെ വില എന്നേക്കാൾ നന്നായി അറിയുന്നവളല്ലെ.. ആലോചിച്ചു നോക്ക്.. " അവളുടെ അസ്വസ്ഥത മനസ്സിലാക്കിക്കൊണ്ട് അവൻ പറഞ്ഞു.. "അപ്പൊ മുന്ന ജയിച്ചോട്ടേ അല്ലേ..? " "ആ.. ജയിച്ചോട്ടേ.. " "അപ്പൊ നീ തോറ്റു പോകില്ലേ..? " "ആ.. തോൽക്കും " "അപ്പൊ നിനക്ക് സങ്കടം വരില്ലേ.. " "ദേ.. ഒരൊറ്റ വീക്കങ്ങു വെച്ചു തന്നാൽ ഉണ്ടല്ലോ. ഓരോന്നു ഉണ്ടാക്കി വെച്ചിട്ടിപ്പോ എന്നെ വട്ടു പിടിപ്പിക്കാൻ വന്നേക്കുന്നു.. എന്തിന്റെ കേടായിരുന്നു നിനക്ക്.. ഞാൻ ചെയർമാൻ സ്ഥാനത്തു ഇരിക്കുന്നത് തമ്പുരാട്ടിക്ക് സുഖിക്കാഞ്ഞിട്ടല്ലേ... ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്ല.. മറ്റന്നാളാ റിസൾട്ട്‌.. അതുവരെ കാത്തിരിക്ക്.. മുന്ന ജയിക്കാൻ തന്നെ പ്രാർത്ഥിക്ക്." അവൻ കാന്റീനിലേക്ക് കയറി ചെയർ വലിച്ചു ഇരുന്നു.. അവളും പിന്നാലെ കയറി..

അവന്റെ ഒപോസിറ്റ് സീറ്റിൽ ഇരുന്നു.. അവൻ രണ്ടു ചായയ്ക്ക് പറഞ്ഞു. "ഞാൻ ചായ കുടിക്കില്ല.. " അവൾ പറഞ്ഞു. "ഞാൻ കുടിക്കും.. ചായ മതി..വീട്ടിൽ സെർവൻറ് ഉണ്ടെന്ന് കരുതി ഇഷ്ടമുള്ളതു കിട്ടില്ല.. ഒരാൾക്ക് ചായയും ഒരാൾക്ക് കാപ്പിയും എടുക്കാൻ പറഞ്ഞാൽ പൗലോസ് ചേട്ടന് ബുദ്ധിമുട്ടാകും.. അതോണ്ട് ഇപ്പോഴേ ശീലിച്ചോ നീ.." "നിന്റെ കൊട്ടത്തലാ.. രണ്ടും നീ തന്നെ കുടിക്കേണ്ടി വരും. ഞാൻ കുടിക്കില്ല.. " "നീ കുടിക്കും.. " "അമൻ.. വെറുതെ യുദ്ധത്തിനു വരണ്ട." "വന്നാലോ.. " "വന്നാൽ ഒന്നുല്ല.. ഞാൻ എണീറ്റു പോകുവാ.. നീ ഒറ്റയ്ക്ക് ഇരുന്നു യുദ്ധം ചെയ്.." അവൾ എണീറ്റു പോകാൻ ഭാവിച്ചു. "ചായയും കാപ്പിയുമാണോ നിന്റെ പ്രശ്നം.. അതോ ഞാനും മുന്നയുമോ..?" അവൻ ചോദിച്ചു. പോകാൻ ഭാവിച്ച അവൾ അവിടെ തന്നെ ഇരുന്നു. "എനിക്ക് പ്രശ്നമൊന്നുമില്ല. മനസ് ശെരിയല്ല.. നീ കോഫിക്ക് പറാ.. ഞാൻ ചായ കുടിക്കാത്തതു കൊണ്ടാ.. " അവൻ ഒരു ചായ ക്യാൻസൽ ചെയ്തു കോഫിക്ക് പറഞ്ഞു.

. "മുന്ന മാത്രമല്ല, ഞാനും തോൽക്കരുത് എന്നുണ്ടോ നിന്റെ മനസ്സിൽ.. ശെരിക്കും നീയങ്ങനെ ആഗ്രഹിക്കുന്നുണ്ടോ..? " അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. "ഉണ്ട്.. " "കാരണം എന്താ..? " "കാരണം പറഞ്ഞാൽ നിനക്ക് ഇഷ്ടപെടില്ല. നീ അംഗീകരിച്ചു തരുകയുമില്ല.. എനിക്ക് നീ എന്റെ ഫ്രണ്ടാ.. ഇപ്പോ മുന്നയെ പോലെത്തന്നെയാ നീ.. രണ്ടു പേരും ഒരുപോലെ സുഹൃത്തുക്കളാ. അപ്പൊ രണ്ടു പേരെയും തോറ്റു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അതുതന്നെ കാര്യം.. മിനിയാന്ന് നിന്നോട് തോന്നിയ ദേഷ്യം പോലും ഞാൻ നിന്നെ വിശ്വസിച്ചു തുടങ്ങിയത് കൊണ്ടായിരുന്നു. പെട്ടെന്ന് അങ്ങനൊക്കെ കണ്ടപ്പോഴും കേട്ടപ്പോഴും സഹിക്കാൻ പറ്റിയില്ല.. നീ വാക്ക് തന്നു പറ്റിച്ചു കളഞ്ഞോന്ന് ഓർത്ത് സങ്കടം വന്നു പോയി.. അതാ ഞാൻ അങ്ങനെയൊക്കെ.. ദേഷ്യം വരുമ്പോൾ ഞാൻ എന്തൊക്കെയാ പറയുക എന്ന് എനിക്ക് പോലും അറിയില്ല.. കുറച്ചു നേരം കഴിഞ്ഞാൽ അത് ഓർക്കാറ് പോലുമില്ല.. " "നിനക്ക് തല ശെരിയില്ലേ.. ഓരോ നേരം ഓരോ സ്വഭാവം ആണല്ലോ.. ഒരിക്കൽ വന്നു യുദ്ധം പ്രഖ്യാപിച്ചിട്ട് പോകുന്നു.. പിന്നെ വന്നു സന്ധി ചേരുന്നു.. വട്ടാടീ നിനക്ക്.. "

" വട്ടു നിന്റെ കുഞ്ഞമ്മേടെ മോൾക്ക്‌.. എന്നോട് നല്ല രീതിയിൽ പെരുമാറിയാൽ ഞാനും നല്ല രീതിയിൽ പെരുമാറും.. അത് ഞാൻ നിന്നോട് പറഞ്ഞിട്ട് ഉള്ളതല്ലേ..? " അവളുടെ മുഖത്ത് ദേഷ്യം. അവൻ എന്തോ പറയാൻ ഒരുങ്ങിയതും ടീ കോഫി എന്നും പറഞ്ഞു ടേബിളിലേക്ക് രണ്ടു കപ്പ് വന്നു.. അവൻ ഒരു കപ്പ് അവളുടെ അടുത്തേക്ക് നീക്കി മറ്റേ കപ്പ് എടുത്തു വേഗം കുടിച്ചു.. "എടാ.. അത് കോഫിയാ.. ഇതാ ചായ.." തന്റെ അടുത്തേക്ക് അവൻ നീക്കി വെച്ച കപ്പ് അവൾ അവന്റെ മുന്നിലേക്ക് നീക്കി വെച്ചു കൊണ്ടു പറഞ്ഞു. "ഓ.. ഇത് കോഫി ആയിരുന്നല്ലേ.. കുടിച്ചപ്പോഴാ അറിഞ്ഞത്.. ഇന്നാ.. നീ തന്നെ കുടിച്ചോ.. തീരെ കൊള്ളില്ല.." അവൻ കപ്പ് അവൾക്ക് നേരെ നീക്കി വെച്ചു.. അവൻ മനഃപൂർവം ആണെന്ന് അവൾക്ക് മനസ്സിലായി.. " എനിക്കൊന്നും വേണ്ട നീ കുടിച്ചത്.. ഞാൻ എപ്പോഴും നിന്റെ എച്ചിൽ കുടിക്കണം അല്ലേ.. എന്നെക്കൊണ്ട് ഒന്നും പറ്റില്ല.. നീ തന്നെ കുടിച്ചാൽ മതി. എനിക്ക് ചായ മതി.. ഞാൻ ചായ കുടിച്ചോളാം.. "

അവൾ ദേഷ്യത്തോടെ പറഞ്ഞു ചായ എടുക്കാൻ നോക്കി. അവൻ സമ്മതിച്ചില്ല. ചായ കപ്പ് അവൻ പിടിച്ചു വെച്ചു. "താാാ.. " അവൾ അവനെ തുറിച്ചു നോക്കി.. "താ അല്ല തീ.. ഞാൻ രണ്ടു ചായയ്ക്ക് തന്നെ അല്ലേടി ഓർഡർ ചെയ്തത്.. നീയല്ലേ വേണ്ടാന്ന് പറഞ്ഞത്.. കോഫി വേണമെന്ന്.. കോഫി മാത്രമേ കുടിക്കുള്ളൂന്ന്.. ഇതാ നിന്റെ കോഫി.. ഇത് കുടിച്ചാൽ മതി.. ഇരുന്നു ഭദ്രകാളി തുള്ളാതെ വേഗം കുടിച്ചിട്ട് പോകാൻ നോക്കെടി.. " "എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ.. നീ അറിയാണ്ട് ഒന്നും എടുത്തു കുടിച്ചതല്ലന്ന് എനിക്കറിയാം.. മനഃപൂർവം ചെയ്തതാ.. എന്നെ നിന്റെ എച്ചിൽ കുടിപ്പിക്കാൻ വേണ്ടി.. എനിക്ക് വേണ്ടാ. ഞാൻ കുടിക്കില്ല.. നിന്റെ അണ്ണാക്കിലേക്ക് തന്നെ കമിഴ്ത്ത്.. അതു പറ്റില്ലങ്കിൽ എടുത്തു തലയിലേക്ക് കമിഴ്ത്ത്.. " അവൾ കോഫി അവന്റെ നേർക്ക് തട്ടി നീക്കി.. അതിൽ നിന്നും രണ്ടു തുള്ളി തുളുമ്പി പോയി.. "എനിക്ക് പകർച്ച വ്യാധി ഒന്നുമില്ല. ഞാൻ കുടിച്ചതിന്റെ ബാക്കി കുടിച്ചെന്നു കരുതി നീ ഇപ്പൊ ചത്തു പോകാനൊന്നും പോകുന്നില്ല..

വേണേൽ കുടിക്ക്.. അല്ലെങ്കിൽ എഴുന്നേറ്റു പോ.." "ആ പോകുവാ.. " അവൾ ദേഷ്യത്തോടെ കസേര നീക്കി എഴുന്നേറ്റു. എന്നിട്ടു അവന്റെ മുന്നിൽ നിന്നും ചായ കപ്പ് എടുത്തു. "എന്നെ കുടിക്കാതെയാക്കിയിട്ട് അങ്ങനെയിപ്പോ നീ മാത്രം കുടിക്കേണ്ട.. " എന്നും പറഞ്ഞു നേരെ കൈ കഴുകുന്ന ഭാഗത്തേക്ക്‌ പോയി.. അവൻ ടീന്നും വിളിച്ചു പിന്നാലെ പോയതും അവൾ ചായ ബേസിലേക്ക് കമിഴ്ത്തി കഴിഞ്ഞിരുന്നു.. "എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. " അവൾ കപ്പ് അവന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു.. "ഓ.. അപ്പൊ ഇതിന് ഞാൻ എന്തെങ്കിലും തരണ്ടേ.. " "വേണ്ടാ.. ഇപ്പൊ ഒന്നും വേണ്ട എനിക്ക്.. തരാനുള്ളതൊക്കെ നീ നിന്റെ കയ്യിൽ തന്നെ വെച്ചോ.. ആവശ്യം വരുമ്പോൾ ഞാൻ ചോദിച്ചോളാം.. ഇപ്പൊ പോട്ടെ.. അല്പം ധൃതിയുണ്ട്.. " അവൾ അവനെ പുച്ഛിച്ചു കൊണ്ടു മറി കടന്നു പോകാൻ നോക്കിയതും അവൻ വേഗം കപ്പ് സൈഡിലേക്ക് വെച്ചു അവളുടെ അരയിലൂടെ കയ്യിട്ടു പിടിച്ചു നിർത്തി..

"ഇതാ എനിക്ക് നിന്നോട് ദേഷ്യം വരുന്നത്. എത്രവട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ ദേഹത്ത് തൊടരുത് എന്ന്.. നിന്നോട് എത്ര നല്ല രീതിയിൽ പെരുമാറണമെന്ന് വിചാരിച്ചാലും നിന്റെ ഈ സ്വഭാവം കൊണ്ടു അത് ഇല്ലാതെ ആവും.. എനിക്ക് ഇഷ്ടപെടു......." അവളെ മുഴുവനാക്കാൻ അനുവദിച്ചില്ല.. ചുണ്ടിൽ വിരൽ വെച്ചു. "നിന്റെ ഇഷ്ടം ഞാൻ നോക്കുന്നുമില്ല.. എനിക്ക് എന്റെ ഇഷ്ടമാ പ്രധാനം.. " അവൻ അവളെ വിട്ടു.. അവളൊന്നും പറഞ്ഞില്ല. പതിവ് പോലെ നീ ഒരിക്കലും നന്നാകില്ലടാന്ന് മനസ്സിൽ പ്രാകിക്കൊണ്ട് അവനെ ഒന്നു കടുപ്പിച്ചു നോക്കിക്കൊണ്ട് വേഗം അവിടെന്ന് പോന്നു.. 🍁🍁🍁🍁🍁 നാളെയാണ് കോളേജിൽ പ്രോഗ്രാം. ഷോപ്പിങ്ങിനു പോകാം ഡ്രസ്സ്‌ വാങ്ങിക്കണം ചെരുപ്പ് വാങ്ങിക്കണമെന്നൊക്കെ പറഞ്ഞു ഉച്ച ആവുമ്പോഴേ നുസ്ര തുടങ്ങി ലൈലയെ ഇട്ടു അലമ്പ് ആക്കാൻ.. ലൈലയ്ക്ക് ഷോപ്പിങ്ങിൽ ഒന്നും താല്പര്യമില്ല. അങ്ങനെയുള്ള സന്തോഷങ്ങളൊക്കെ ഉപേക്ഷിച്ചതാണ്..

അതോണ്ടു ഞാനില്ലന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി. പക്ഷെ നുസ്ര വിട്ടില്ല.. വൈകുന്നേരം ആകുന്നത് വരെ അതുതന്നെ പറഞ്ഞു ശല്യ പെടുത്തികൊണ്ടിരുന്നു.. ഒടുക്കം അവൾ സമ്മതിച്ചു. പുറത്തേക്ക് ഇറങ്ങി ഒന്നു ചുറ്റി അടിച്ചാൽ തന്റെ മൂഡും മാറി കിട്ടുമെന്ന് അവൾ കരുതി.. "എടീ..മുന്നയെയും വിളിക്കാം..അവനും കൂടെ ഉണ്ടെങ്കിൽ നല്ല രസം ആയിരിക്കും" വൈകുന്നേരം പോകാൻ വേണ്ടി ഇറങ്ങിയതും നുസ്ര പറഞ്ഞു. "ശെരി.. നീ വാ.. അവൻ പാർക്കിംഗ് ഭാഗത്തുണ്ടാകും " രണ്ടാളും മുന്നയെ നോക്കി പോയി.. അവനെ അവിടെ കണ്ടു കിട്ടിയതും നുസ്ര അവനോട് കാര്യം പറഞ്ഞു.. അവനും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.. പക്ഷെ എങ്ങനെ പോകുമെന്ന് ചോദിച്ചു. "അത് ശെരിയാ.. എങ്ങനെയാ പോകുന്നേ.." നുസ്രയും ചോദിച്ചു. "ബൈക്ക് ഉണ്ടല്ലോ. രണ്ടാൾക്കു പോകാമല്ലോ.. നിങ്ങൾ രണ്ടാളും പോ..ഞാനില്ല.. എനിക്കൊരു താല്പര്യം തോന്നുന്നില്ല.. നീ നിർബന്ധിച്ചപ്പോ ഇറങ്ങിന്നേയുള്ളൂ.. "

"എന്താ മൂന്നും കൂടിയൊരു ഗൂഢാലോചന.. " മൂന്നാളെയും ഒന്നിച്ച് കണ്ട എബി ബൈക്ക് അവരുടെ അടുത്ത് നിർത്തി ചോദിച്ചു.. "ഹേയ്..ഗൂഢാലോചന ഒന്നുമല്ല.. ടൗൺ വരെ പോകണം.ബൈക്കിൽ മൂന്ന് പേര് എങ്ങനെ പോകുമെന്ന് പറയുവായിരുന്നു.. " മുന്ന കാര്യം വ്യക്തമാക്കി.. "ബൈക്കിൽ അല്ലേ പറ്റാതെയുള്ളൂ.. ജിപ്സിയിൽ പറ്റുമല്ലോ.. നീ ബൈക്ക് താജ്നു കൊടുക്ക്‌.. എന്നിട്ടു ജിപ്സി എടുത്തു പൊക്കോ.." എബി ഒരു പരിഹാരം പറഞ്ഞു കൊടുത്തു. "അതിന് ജിപ്സി എവിടെ..? താജ് ഇന്ന് ബൈക്കിൽ അല്ലേ വന്നത്.. രാവിലെ ഞാൻ കണ്ടിരുന്നു.. " നുസ്ര പറഞ്ഞു.. "ഷിറ്റ്..അത് ഞാൻ മറന്നു.. " എബി കൈ ഹാൻഡിലിൽ അടിച്ചു.. "അപ്പൊ ഇനി എന്താ ചെയ്യുക.. ഓട്ടോ പിടിച്ചു പോകാം.. അല്ലേ ലൈല.. " നുസ്ര ചോദിച്ചു.. "ഓട്ടോയൊക്കെ എന്തിനാ.. ഞാൻ താജ്നെ വിളിക്കാം.. അവനും ടൗൺ വഴി അല്ലേ പോകുന്നേ.. ലൈല അവന്റെ ബൈക്കിൽ കയറട്ടെ.." ലൈല മറുപടി പറയുന്നതിന് മുന്നേ എബി വീണ്ടുമൊരു പരിഹാരം നിർദേശിച്ചു.. അതുകേട്ടു ലൈല എബിയെ ഒന്നു തറപ്പിച്ചു നോക്കി. "എന്താ ഇവിടെ എല്ലാരും കൂടി.. " അപ്പോഴേക്കും താജുo അങ്ങോട്ട്‌ എത്തി.. "അത് താജ്.. ഇവർക്ക് ടൗണിൽ പോകണം..മുന്നയ്ക്ക് ഏതായാലും ഒരാളെ കയറ്റാനെ കഴിയൂ..

അപ്പൊ ഞാൻ പറഞ്ഞു ലൈല നിന്റെ ബൈക്കിൽ കയറിക്കോട്ടേന്ന്.. നീ അതുവഴി അല്ലേ പോകുന്നേ.. " " ഞാനെന്റെ ബൈക്കിന്റെ പുറകിൽ ആരെയും കയറ്റാറില്ലന്ന് നിനക്ക് അറിഞ്ഞൂടെ.. പ്രത്യേകിച്ച് നാവിനു എല്ലു കൂടുതൽ ഉള്ളവരെ." എബി കാര്യം പറഞ്ഞതും താജ് ലൈലയെ അടിമുടിയൊന്നു നോക്കിക്കൊണ്ട് പറഞ്ഞു.. "അല്ലെങ്കിലും ആരു കയറുന്നു നിന്റെ ഒന്നിച്ച്.. അതിനെന്റെ പട്ടിയെ നോക്കിയാ മതി നീ.. " ലൈല താജ്നെ കടിച്ചു കീറുന്നതു പോലെ പറഞ്ഞു. "കണ്ടോ.. ഇതാ ഞാൻ പറഞ്ഞെ.. നാവിന്റെ നീളം നോക്ക്.. എന്റെ വണ്ടി താങ്ങില്ല ഇവളെ.. " "വേണ്ടാ.. താങ്ങണ്ടാ.. നീ കൊണ്ടു വിടണ്ട. ഞാൻ കൊണ്ടു വിട്ടോളം.. അത് പറ്റുവോ ലൈല.. " എബി ലൈലയെ നോക്കി ചോദിച്ചു. താജ് അതിന് സമ്മതിക്കില്ലന്ന് അറിയാവുന്നതു കൊണ്ടു തന്നെയാ എബി അങ്ങനെ ചോദിച്ചത്.. താജ്നോടുള്ള ദേഷ്യത്തിനു ലൈലാ എബിയോട് സമ്മതം ആണെന്ന് പറഞ്ഞു. അത് കേട്ടു താജ് എബിയെ ഒന്നു കടുപ്പിച്ചു നോക്കി.

"നോക്കണ്ട നീ.. മനുഷ്യൻമാരിവിടെ കഷ്ടപ്പെട്ടു ഓരോ ചാൻസ് ഉണ്ടാക്കി തരുമ്പോഴാ അവന്റെ കോപ്പിലെ ജാഡ.. മര്യാദക്ക് അവളെയും കയറ്റി പൊക്കോണം.. " എബി പതുക്കെ താജ്നോട് അമർത്തി പറഞ്ഞു. "എന്താ ഒരു സീക്രെട്.. " നുസ്ര താജ്നെയും എബിയെയും നോക്കി പുരികം ചുളിച്ചു. "ഒന്നുല്ല പൊന്നോ.. എനിക്ക് പോയിട്ട് ഒരു അത്യാവശ്യം ഉണ്ടെന്ന് പറയുവായിരുന്നു.. താജ് തന്നെ കൊണ്ടു വിട്ടോളും ലൈലയെ.. ലൈല.. നീ ഇവന്റെ ഒന്നിച്ച് പൊക്കോ.. അല്പം ബിസി ആയത് കൊണ്ടാ.. സോറിട്ടൊ.. " എബി ലൈലയെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു വേഗം സ്ഥലം വിട്ടു. ആ ചിരി തനിക്ക് എട്ടിന്റെ പണി തന്നതിന്റെ ആണെന്ന് അവൾക്ക് മനസ്സിലായി.. "അപ്പൊ പോകാമല്ലെ.. " മുന്ന ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. നുസ്ര വേഗം മുന്നയുടെ ബാക്കിൽ കയറിയിരുന്നു.. വേറൊന്നും കൊണ്ടല്ല.. ലൈല താജ്ന്റെ ഒന്നിച്ച് കയറാൻ വേണ്ടിയാണ്. "നോക്കി നിക്കാതെ ഒന്നു വേഗം കയറെടീ.. ലേറ്റ് ആവുന്നു.. എനിക്ക് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യേണ്ട ടൈം കൂടി കിട്ടില്ല.. വേഗം നോക്ക്.. " ലൈല കയറാതെ നിക്കുന്നത് കണ്ടു നുസ്ര പറഞ്ഞു. "എനിക്കൊന്നും വയ്യാ.. ഞാൻ വരുന്നില്ല.. നിങ്ങൾ തന്നെ പോയാൽ മതി.. "

അവളുടെ ശബ്ദത്തിൽ നീരസം നിറഞ്ഞിരുന്നു. "എന്നാൽ ശെരി.. വരുന്നില്ലങ്കിൽ വരണ്ട.. എനിക്ക് പോയെ പറ്റു.. എനിക്ക് നാളെ ഇടാൻ പുതിയ ഡ്രസ്സ്‌ തന്നെ വേണം.. അതിന് മാച്ച് ആയ ഫാൻസി ഐറ്റംസും.. വരുന്നെങ്കിൽ ജാഡ കാണിക്കാതെ പെട്ടെന്ന് കയറ്.. ഞങ്ങളു പോകുവാ.. മുന്നാ.. നീ വണ്ടി എടുക്ക്.. " നുസ്ര പറഞ്ഞതും മുന്ന ലൈലയെ നോക്കാതെ താജ്നെ നോക്കി ഒന്നു സൈറ്റ് അടിച്ചു കാണിച്ചു വേഗം ഗേറ്റ് കടന്നു പോയി.. അത് കണ്ടു അവളുടെ അന്തം പോയി.. മുന്നാ നീയും.. അവൾ ദയനീയമായി അവർ പോകുന്നതും നോക്കി നിന്നു.. താജ് ബൈക്ക് അവളുടെ മുന്നിലേക്ക് എടുത്തു.. അവളെ നോക്കിയില്ല.. ശക്തിയായി ആക്‌സിലേറ്റർ തിരിച്ചു കൊണ്ടിരുന്നു.. കയറുക അല്ലാതെ വേറെ വഴിയൊന്നും ഇല്ലെന്ന് മനസ്സിലായി അവൾക്ക്.. വെയിറ്റ് ഇട്ടു നിന്നാൽ ഇവിടെ തന്നെ ബാക്കിയാവും.. അവൾ മടിച്ചു മടിച്ചു കൊണ്ടു കയറിയിരുന്നു..അവനെ നോക്കിയതേയില്ല.. പിന്നിൽ പിടി മുറുക്കി.. ഇരുത്തം കണ്ടാൽ ഇന്ത്യയും പാകിസ്ഥാനും ആണെന്നെ പറയൂ.. അറിയാതെ പോലും അവൾ അവനെ മുട്ടിയില്ല. അത്രക്കും ഗ്യാപ് ഇട്ടിരുന്നു ഇരുത്തത്തിന്.. "ഒടുക്കം പട്ടി തന്നെ കയറി.. "

അവൻ തല ചെരിച്ചു അവളെ നോക്കി പുച്ഛിച്ചു.. അവളൊന്നും മിണ്ടിയില്ല. അവനെ നോക്കുക പോലും ചെയ്തില്ല.. വല്ലതും പറഞ്ഞിട്ട് വേണം പിടിച്ചു തള്ളിയിടാൻ.. സംയമനം പാലിച്ചു തല താഴ്ത്തി ഇരുന്നു.. "മുറുക്കെ പിടിച്ചിരുന്നോ..ഇല്ലങ്കിൽ നെറ്റി മാത്രമല്ല.. മൊത്തത്തിൽ ഡാമേജ് ആവും..ജിപ്സി അല്ല..ബൈക്ക് ആണെന്ന് ഓർമ വേണം.." "എന്നാലും മനുഷ്യൻമാരു പോകുന്നത് പോലെ പോകാൻ കഴിയില്ലന്ന്.. അല്ലേ..? " അവൾക്ക് സഹികെട്ടിരുന്നു.. ദേഷ്യത്തോടെ ചോദിച്ചു. "ഇല്ല.. നീ പുറകിൽ ഉണ്ടെന്ന് കരുതി എനിക്കെന്റെ ഡ്രൈവിങ്ങിൽ ചേഞ്ച്‌ വരുത്താൻ കഴിയില്ല.. വേണമെങ്കിൽ മുറുക്കി പിടിച്ചിരിക്ക്.. അല്ലെങ്കിൽ വഴിയിൽ എവിടെയെങ്കിലും കിടക്കും. പറഞ്ഞില്ലാന്നു വേണ്ടാ.. " വണ്ടി ഗേറ്റ് കടന്നു.. കുറച്ചു ദൂരം ആകുമ്പോഴേക്കും തന്നെ അവൾക്ക് ശ്വാസ തടസ്സം അനുഭവപ്പെടാൻ തുടങ്ങി. "അമൻ.. പതുക്കെ.." അവന്റെ സ്പീഡ് അത്രക്കും പറ്റുന്നുണ്ടായിരുന്നില്ല അവൾക്ക്.. "സോറി..എനിക്ക് പതുക്കെ പോകാൻ അറിഞ്ഞൂടാ.. "

അവനു കൂസലൊന്നും ഉണ്ടായില്ല. മുന്നോട്ടു പോകും തോറും സ്പീഡ് കൂടിയത് അല്ലാതെ കുറഞ്ഞുമില്ല.. തല കറങ്ങുന്നതും നെഞ്ച് വേദനിക്കുന്നതും അവൾ അറിഞ്ഞു. പതിയെ തമ്മിലുള്ള അകലം കുറഞ്ഞു. അവൾ ഒരു കൈ അവന്റെ വയറിലൂടെ ഇട്ടു മുറിക്കി പിടിച്ചു.. മുഖം അവന്റെ പുറത്തേക്ക് വെച്ചു കണ്ണുകൾ ഇറുക്കി അടച്ചു.. അവളുടെ അസ്വസ്ഥത അവൻ അറിയുന്നുണ്ടായിരുന്നു. വേഗത കുറഞ്ഞു വന്നു.. പക്ഷെ അവൾ അവനിലുള്ള പിടി വിടുകയോ അകലം പാലിക്കുകയോ ചെയ്തില്ല.. അതേ ഇരുപ്പ് തുടർന്നു.. കാറ്റു കൊണ്ടു ശരീരം തണുക്കുന്നതിന് ഒപ്പം അവളുടെ സ്പർശം കൊണ്ടു മനസ് തണുക്കുന്നതു അവൻ അറിഞ്ഞു.. തന്റെ പ്രണയിനിയോട് ഒപ്പമുള്ള ആദ്യ ബൈക്ക് യാത്ര.. ആഗ്രഹിച്ചിട്ടൊന്നുമില്ല ഇങ്ങനെ.. എന്നാലും ഒരു പ്രത്യേക സുഖം തോന്നുന്നുണ്ടായിരുന്നു അവന്.. ഷോപ്പിങ്ങ് മാളിനു മുന്നിൽ വണ്ടി നിർത്തി.. അപ്പോഴും അവളുടെ ഇരുത്തം അവനെ ചേർന്നൊട്ടി തന്നെയായിരുന്നു. "ടീ.. " അവൻ വിളിച്ചതും അവൾ ഞെട്ടി കണ്ണ് തുറന്നു..വേഗം അവനിലുള്ള പിടി വിട്ടു ബൈക്കിൽ നിന്നും ഇറങ്ങി നിന്നു.. അവൻ ഫോൺ എടുത്തു മുന്നയ്ക്ക് വിളിച്ചു. എവിടെയാന്ന് ചോദിച്ചു..

"ഞങ്ങൾ ഇവിടെ തന്നെ ഉണ്ട്.. നീയൊന്നു മുന്നിലേക്ക് നോക്ക്.." മുന്ന പറഞ്ഞു..അവൻ ഫോൺ ചെവിയിൽ വെച്ചു കൊണ്ടു തന്നെ നോക്കി.. മാളിനു മുന്നിൽ തന്നെ കണ്ടു രണ്ടു പേരെയും.എബിയും ഉണ്ട്..ഈ സാധനം ഇവിടെങ്ങനെ എത്തിന്ന് കരുതി അവനൊന്നു നെറ്റി ചുളിച്ചു. ഫോൺ പോക്കറ്റിൽ ഇട്ടു. ശേഷം വാന്നും പറഞ്ഞു അവളെയും വിളിച്ചു മുന്നിലേക്ക് നടന്നു. നുസ്രയെയും മുന്നയെയും കണ്ടപ്പോ തന്നെ അവൾ പിണക്കത്തോടെ മുഖം വെട്ടിച്ചു കളഞ്ഞു..എബിയെ ഒന്നിച്ച് കണ്ടതും അവൾക്ക് ഒന്നാകെ വന്നു. അവൾ എബിയെ രൂക്ഷമായി നോക്കി. " സത്യം ആയിട്ടും ഞാൻ നേരത്തെ ബിസി ആയിരുന്നു.. " അവളുടെ നോട്ടം കണ്ടു എബി ഒന്നു ഇളിച്ചു കാണിച്ചു.. എബിയും ടൌൺ വഴിയാ പോകുന്നതെന്ന കാര്യം അപ്പോഴാ അവൾക്ക് ഓർമ വന്നത്. എന്നിട്ടും നുണ പറഞ്ഞു എന്നെ അവന്റെ ഒന്നിച്ച് കേറ്റി.. ശെരിയാക്കി തരാടാ തെണ്ടി. അവളൊന്നും മിണ്ടിയില്ല.. മുഖം വീർപ്പിച്ചു വെച്ചു. അതുകണ്ടു നുസ്രയ്ക്കും മുന്നയ്ക്കും ചിരി വരുന്നുണ്ടായിരുന്നു..

ചിരിച്ചില്ല.. ചിരിച്ചാൽ അവൾ ഭദ്രകാളി ആവുമെന്ന് ഉറപ്പായിരുന്നു.. അതോണ്ട് തുടങ്ങാമെന്ന് പറഞ്ഞു വേഗം അകത്തേക്ക് കയറിപ്പോയി.. എബി പൊന്നല്ലേ മുത്തല്ലേ ചക്കര അല്ലേ സോറിന്നൊക്കെ പറഞ്ഞു അവളുടെ പിന്നാലെ നടന്നു പിണക്കം മാറ്റാൻ നോക്കി..അവൾ കമന്നൊരു അക്ഷരം മിണ്ടിയില്ലന്ന് മാത്രമല്ല.. ഒന്നു എബിയെ നോക്കുക കൂടി ചെയ്തില്ല. എബി വിട്ടില്ല.കഴിയുന്നതും സോറി പറഞ്ഞു അവളെ വെറുപ്പിക്കാൻ തന്നെ തീരുമാനിച്ചു.. സഹികെട്ടു അവൾ പോടാ മരപ്പട്ടിന്നും വിളിച്ചു എബിയുടെ കാല് നോക്കി ഒരൊറ്റ ചവിട്ടു വെച്ചു കൊടുത്തു.. എന്നിട്ടു നുസ്രയുടെയും മുന്നയുടെയും പിന്നാലെ വെച്ചു പിടിച്ചു.. അവൾ അടുത്തേക്ക് വരും തോറും നുസ്ര മുന്നയെയും വലിച്ചു വേറെ ഭാഗത്തേക്ക്‌ പോകും.. മറ്റൊന്നിനും വേണ്ടിയല്ല.. അത്ര നേരമെങ്കിലും താജ്ന് അവളെ ഒറ്റയ്ക്ക് കിട്ടട്ടെന്ന് കരുതിയാണ്‌. മുന്ന എതിർപ്പ് ഒന്നും കാണിക്കാതെ നുസ്രയുടെ കളിക്ക് നിന്നു കൊടുത്തു..

പരസ്പരമുള്ള ദേഷ്യവും വാശിയുമൊക്കെ മാറി രണ്ടുപേരും നല്ല ഫ്രണ്ട്സ് ആവണം എന്ന് മാത്രമേ മുന്നയുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. അതിൽ കൂടുതൽ ഒന്നും ഇല്ലായിരുന്നു.. അതിൽ കൂടുതൽ വിചാരിക്കാനോ ചിന്തിക്കാനോ ഒന്നും കഴിയില്ലായിരുന്നു മുന്നയ്ക്ക്.. നുസ്ര താജ്ന് അവസരം ഒരുക്കി കൊടുക്കുന്നത് ആണെന്ന് അവൾക്ക് മനസ്സിലായി.അതോണ്ട് താജ്നെ മൈൻഡ് ചെയ്യാതെ എബിയോട് ചിരിച്ചു കാണിച്ചു എബിയുടെ ഒപ്പം കൂടാൻ നോക്കി.എബി അപ്പൊത്തന്നെ ഫോണും എടുത്തു ഹെലോന്ന് പറഞ്ഞു വേറെ ഭാഗത്തേക്ക്‌ വിട്ടു.. എല്ലാരും ഒറ്റ കെട്ടാണല്ലേ.. കാണിച്ചു തരാടാ തെണ്ടി നിങ്ങക്കൊക്കെ ഞാൻ.. നുസ്രയെയും മുന്നയെയും എബിയെയുമൊക്കെ തെറി വിളിച്ചു കൊണ്ടു അവൾ ഓരോ സെക്ഷനും നോക്കിയും കണ്ടും നടന്നു. എന്തോ കണ്ണിൽ ഉടക്കിയത് പോലെ അവൾ ഒരിടത്തു നിന്നു.. ഡ്രസ്സ്‌ന്റെ സെക്ഷനാണ്. അതും ബോയ്സിന്റെ.. ഒരു മെറൂൺ കളർ ഷർട്ട്‌.. അതായിരുന്നു അവളെ അവിടെ പിടിച്ചു നിർത്താൻ.. അവൾ അത് കയ്യിൽ എടുത്തു നോക്കി. ചെറിയ സൈസ്..സനുവിന് പാകം ആകും..നല്ല ഭംഗിയും ഉണ്ടാവും അവനിത്..

മാത്രമല്ല.. അവന്റെ ഫേവ്റൈറ്റ് കളറും.. "നിനക്കെന്താടീ ബോയ്സ് സെക്ഷനിൽ കാര്യം.. അങ്ങോട്ട്‌ ചെല്ലടീ.. " അവൾക്ക് പിന്നിൽ നിന്നും താജ്ന്റെ ദേഷ്യത്തോടെയുള്ള ശബ്ദം.. "ഞാൻ വെറുതെ... " അവൾ ഷർട്ട്‌ തിരികെ വെച്ചു കൊണ്ടു പറഞ്ഞു.. " എന്ത് വെറുതെ.. നുസ്ര എവിടെ.. അങ്ങോട്ടേക്ക് ചെല്ല്.. " അവന്റെ മുഖത്ത് വല്ലാത്ത ദേഷ്യം.. ഇവനിതെന്തിന്റെ കേടായിട്ടാ.. അവൾ പിറു പിറുത്ത് കൊണ്ടു അവിടെന്ന് പോകാൻ നോക്കി.. അപ്പോഴാണ് സൈഡിൽ രണ്ടു മൂന്നു വായിനോക്കികളെ കണ്ടത്..കണ്ണ് മുഴുവനും അവളുടെ ദേഹത്തേക്കാണ്.. അപ്പൊ വെറുതെ അല്ല കാട്ടു പോത്ത് വെട്ടു പോത്ത് ആയി മാറിയത്.. അവൾക്ക് ചിരി വരാൻ തുടങ്ങി..അവൾ തിരിഞ്ഞു താജ്നെ നോക്കി.. "നിന്നോട് പോകാൻ അല്ലേ പറഞ്ഞത്.." അവൻ അലറി.. പിന്നെ അവൾ അവിടെ നിന്നില്ല.. വേഗം സ്ഥലം വിട്ടു..പക്ഷെ താജ് വെടികെട്ട് തുടങ്ങിയതു അവൾ അറിഞ്ഞിരുന്നു.. ❤❤❤❤

നുസ്ര പിടിപ്പതു തിരക്കിലാണ്.. അത് എടുത്തെ ഇത് എടുത്തെന്നും പറഞ്ഞു ഓരോ ഡ്രെസ്സും വലിച്ചു കൂട്ടിയിടുന്ന തിരക്കിൽ. മുന്ന നുസ്രക്കൊപ്പം തന്നെ ഓരോന്നു നോക്കി നിന്നു. എന്നാലും അവന്റെ കണ്ണുകൾ ഇടയ്ക്ക് ഇടെ ലൈലയുടെ അടുത്തേക്ക് ചെല്ലും.. താജ് അവളുടെ ഒപ്പം തന്നെ ഉള്ളത് കാണുമ്പോൾ സമാധാനത്തോടെ നോട്ടം തെറ്റിക്കും.. താജ് ആയത് കൊണ്ടാണ് അവളെ ഒറ്റയ്ക്ക് വിട്ടിട്ടു പോന്നത്. താജ്ന്റെ സ്ഥാനത്തു മറ്റാരായിരുന്നാലും അവളെ താൻ ഇങ്ങനെ ഒറ്റ പെടുത്തില്ലായിരുന്നു.. താൻ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ താജ് അവളെ ശ്രദ്ധിക്കും.. മനസ് ശാന്തമാക്കിക്കൊണ്ട് മുന്ന വീണ്ടും ഡ്രസ്സ്‌ നോക്കുന്നതിൽ ശ്രദ്ധ കൊടുത്തു.. നടന്നു നടന്നു ഒടുക്കം അവൾ നുസ്രയുടെയും മുന്നയുടെയും അടുത്തെത്തി. പക്ഷെ രണ്ടിനെയും മൈൻഡ് ചെയ്യാൻ പോയില്ല.. ഏതായാലും വന്നതല്ലേ.എന്തേലുമൊന്നു എടുത്തു കളയാംന്ന് കരുതി അവളും ഓരോ ഡ്രസ്സും എടുത്തും വെച്ചും നോക്കാൻ തുടങ്ങി.. എല്ലാം ഒരുമാതിരി മോഡൽ ഡ്രസ്സ്‌. ഒന്നും ഇഷ്ടപെട്ടില്ല. നേരെ ചുരിദാർ സെക്ഷനിലേക്ക് നീങ്ങി.

തൊട്ടടുത്തു തന്നെ സാരി കളക്ഷൻസും ഉണ്ടായിരുന്നു. അത് കണ്ടതും പിന്നെ അവൾ ചുരിദാർന്റെ ഭാഗത്തേക്ക്‌ നോക്കിയില്ല. ആദ്യം തന്നെ കണ്ണിൽ പെട്ടതു ഒരു ഒലിവ് കളർ സിമ്പിൾ വർക്ക്‌ സാരിയായിരുന്നു. ഒന്നും നോക്കിയില്ല. അതെടുത്തു കയ്യിൽ പിടിച്ചു. ഒലിവ്.. റമിയുടെ ഫേവ്റിറ്റ് ആണ്.. തന്നെ ഒലിവ് നിറത്തിൽ കാണാനാണ് അവനു കൂടുതൽ ഇഷ്ടം.. എപ്പോ ഡ്രസ്സ്‌ വാങ്ങിച്ചു തരുമ്പോഴും ഒലിവ് നിറത്തിലുള്ളതു വാങ്ങിച്ചു തരും. ആദ്യമൊന്നും ഇഷ്ടമല്ലായിരുന്നു. പർപ്പിൾ ആയിരുന്നു തന്റെ ഫേവ്റൈറ്റ്. പതിയെ അതൊക്കെ മാറി. റമിയുടെ ഇഷ്ടം മാത്രമായി തന്റെ ഇഷ്ടം.. അവളാ സാരി അല്പം നിവർത്തി മാറിലേക്ക് വെച്ചു മിററിന്റെ മുന്നിലേക്ക് നീങ്ങി. "ഇത് വേണ്ടാ. " താജ്നെ അവൾ കണ്ണാടിയിൽ കണ്ടു.. മൈൻഡ് ചെയ്യാൻ ഒന്നും നിന്നില്ലാ.. സാരി ഒന്നൂടെ കയറ്റി വെച്ചു ഭംഗി നോക്കാൻ തുടങ്ങി. "നോക്കാനുള്ള ഭംഗിയൊന്നും ഇതിനില്ല.. ഇത് വേണ്ടാ.. ചേരുന്നില്ല നിനക്ക്.. " വീണ്ടും അവൻ പറഞ്ഞു..അവൾ അപ്പൊത്തന്നെ സാരി മാറിൽ നിന്നും എടുത്തു കയ്യിലേക്ക് ഇട്ടു തിരിഞ്ഞു.. "നിന്നോട് ചോദിച്ചില്ലല്ലോ.. എനിക്ക് ചേരുന്നത് എന്തെന്ന് നീ പറഞ്ഞു തരണ്ട. എനിക്കറിയാം ഏതു വേണം ഏതു വേണ്ടാന്നൊക്കെ.

. എനിക്കിത് മതി. ഒന്നു പോയെ അവിടുന്ന്.. " "നീ ചോദിക്കില്ല. അത് അറിയാവുന്നതു കൊണ്ടല്ലേ പറഞ്ഞു തന്നത്.. നിന്റെ കണ്ണിൽ ഇത് നിനക്ക് ചേരുമായിരിക്കും.. പക്ഷെ എന്റെ കണ്ണിൽ ചേർച്ച കുറവുണ്ട്. എനിക്കിഷ്ടപ്പെട്ടില്ല.. ഇത് വേണ്ടാ. വേണ്ടാന്ന് പറഞ്ഞാൽ വേണ്ടാ.. " അവൻ അവളുടെ കയ്യിൽ നിന്നും സാരി പിടിച്ചു വാങ്ങിച്ചു അവൾ എടുത്ത സ്ഥലത്ത് തന്നെ കൊണ്ടു വെച്ചു.എന്നിട്ടു അവൻ അതിന്റെ തൊട്ടടുത്തു ഇരിക്കുന്ന ഒരു പർപ്പിൾ കളർ സാരി എടുത്തു അവൾക്ക് നേരെ നീട്ടി.. " ഇത് മതി.. " "അത് നീയാണോ തീരുമാനിക്കുന്നത്.. എനിക്ക് വേണ്ടാ.. നീ തന്നെ ഉടുത്തു നിന്നാൽ മതി.. " അവൾക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.. "ഇതിനെന്താ കുഴപ്പം.. " അവൻ ഗൗരവത്തോടെ സാരിയിലേക്കു നോക്കി.. ശേഷം അവളെയും. "ഇതിന് കുഴപ്പം മാത്രമേയുള്ളൂ.. വല്യ കുഴപ്പം നീ തന്നെയാ.. നീ എടുത്തു തന്നതു കൊണ്ട്.. പിന്നെ ഇതിന്റെ നിറം.. എനിക്ക് പർപ്പിൾ കളർ ഇഷ്ടമല്ലാ..ഒലിവാ ഇഷ്ടം. എനിക്ക് ഞാൻ നോക്കിയ സാരി തന്നെ മതി.. " "എന്നാൽ നീയിന്നു സാരി എടുക്കില്ല.. എനിക്ക് കണ്ണിനു കണ്ടൂടാത്ത നിറമാ ഒലിവ്..എങ്ങോട്ട് തിരിഞ്ഞാലും ഒലിവ്.. എന്റെ ശത്രുവാ ആ നിറം..

അല്ലാതെ തന്നെ എനിക്ക് നിന്നെ കാണുമ്പോൾ അടിക്കാനും തൊഴിക്കാനുമൊക്കെ തോന്നുന്നുണ്ട്. ഇനി നീയാ നിറത്തിലുള്ള വസ്ത്രം കൂടി അണിഞ്ഞിട്ട് വന്നാൽ പിന്നെ പറയേ വേണ്ടാ. ഞാൻ നിന്നെ എന്താ ചെയ്യുകയെന്നു എനിക്ക് പോലും അറിയില്ല.. എനിക്കിഷ്ടം പർപ്പിളാ.. നിനക്ക് ചേരുന്നതും പർപ്പിളാ. അല്ലാതെ ഒലിവ് അല്ല. സോ ഇതുമതി.. പിടിക്ക്.. " അവൻ സാരി അവളുടെ കയ്യിൽ പിടിപ്പിച്ചു.. അവൾ ഒന്നും നോക്കിയില്ല. അവന്റെ ദേഹത്തേക്ക് തന്നെ എറിഞ്ഞു. അത്രക്കും ദേഷ്യം വരുന്നുണ്ടായിരുന്നു അവൾക്ക്. "ടീ... " അവന്റെ മുഖം ചുവന്നു വിറച്ചു.. അത് കണ്ടു അവൾ രണ്ടടി പിന്നിലേക്ക് നീങ്ങിപ്പോയി. റബ്ബേ.. വേണ്ടായിരുന്നു.. പർപ്പിൾ എങ്കിൽ പർപ്പിൾ.. എടുത്തിട്ടു പോയാൽ മതിയായിരുന്നു.. അവൻ സാരിയും പിടിച്ചോണ്ട് അവളുടെ അടുത്തേക്ക് ചെന്നതും അവൾ കിടു കിടെ വിറക്കാൻ തുടങ്ങി.. "അമൻ..ദയവു ചെയ്തു ഇവിടുന്ന് സീൻ ഒന്നും ഉണ്ടാക്കരുത്. എനിക്ക് പർപ്പിൾ ഇഷ്ടം അല്ലാത്തത് കൊണ്ടാ.. സത്യം..

അല്ലാതെ നീ എടുത്തു തന്നതു കൊണ്ടൊന്നും അല്ല. " അവൻ എന്തെങ്കിലുമൊന്നു ചോദിക്കുന്നതിന് മുന്നേ അവൾ വേഗം പറഞ്ഞു.. അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞതു അവൻ അറിഞ്ഞു.. അത് കണ്ടു അവനൊന്നു ചിരിച്ചു.. കയ്യിലുള്ള സാരി പതിയെ നിവർത്തി അവളുടെ മാറിലൂടെ ചുമലിലേക്ക് ഇട്ടു കൊടുത്തു.. അവൾ പിടയ്ക്കുന്ന മിഴികളോടെ അവന്റെ മുഖത്തേക്ക് നോക്കി. "ഓരോ വ്യക്തിയും ഓരോ നിറത്തിനു അടിമപ്പെട്ടവരാണ്. ഓരോരുത്തരുടെയും ഇഷ്ടം വ്യത്യസ്തമാണ്.. അതിൽ കൈ കടത്താൻ മറ്റുള്ളവർക്ക് അവകാശമില്ല..പക്ഷെ ആ ഇഷ്ടത്തിന്റെ പുറത്തു മാത്രം ആയിരിക്കരുത് ഒരു തിരഞ്ഞെടുപ്പും തീരുമാനവും.. അത് അനുയോജ്യമാണോ എന്ന് കൂടി നോക്കണം.. ഞാൻ പർപ്പിൾ ഇഷ്ടപെടുന്നു..നീ ഒലിവും.. നീയത് ഇഷ്ടപെടുന്നതിന്റെ കാരണം എന്താന്ന് എനിക്ക് അറിയില്ല.. പക്ഷെ നീയൊന്നു നോക്കിക്കേ.. അതിനേക്കാൾ നിനക്ക് ചേരുന്നതു ഇതാ.. പിന്നെ നിന്റെ പ്രശ്നം ഒലിവ് നിറം വേണമെന്നതു ആണെങ്കിൽ ഇതിൽ ഒലിവും ഉണ്ടല്ലോ..

രണ്ടു കളർ മിക്സ്ഡാ ഇത്.. വേണമെങ്കിൽ എടുത്തോ.. വേണ്ടങ്കിൽ മറ്റേതു തന്നെ എടുത്തു തരാം.. അങ്ങനെ ഞാൻ പറയുമെന്ന് നീ വിചാരിക്കണ്ടാ.. എടുക്കുന്നുണ്ടെങ്കിൽ ഇത്. അല്ലെങ്കിൽ നീ എടുക്കില്ല.. പിടിക്കടീ.. " അവൻ അവളെ കൊണ്ടു പിടിപ്പിച്ചു.. അവൾ അവനെ ഒന്നു കടുപ്പിച്ചു നോക്കി.. ശേഷം സാരിയിലേക്കും.. ശെരിയാ അവൻ പറഞ്ഞത്..രണ്ടു കളറുമുണ്ട് സാരിയിൽ.. മുകൾ ഭാഗം മാത്രമാണ് പർപ്പിൾ. താഴെ ഞെറി ഇടുന്ന ഭാഗം ഒലിവ് ആണ്. ആദ്യം എടുത്ത സാരി പോലെത്തന്നെ സിമ്പിൾ മോഡലുമാണ്.. സാരിയൊക്കെ കൊള്ളാം..നല്ല ഭംഗിയുണ്ട്.. പക്ഷെ ഇതു മതിയെന്നു പറയാൻ അഹങ്കാരം സമ്മതിച്ചില്ല.. വേണ്ടാന്ന് തന്നെ പറഞ്ഞു അവന്റെ കയ്യിൽ വെച്ചു കൊടുത്തു. "വേണം.. " അവനും വിടാനുള്ള ഭാവം ഇല്ലായിരുന്നു. "വേണ്ടാന്ന......" "എന്താ ഇവിടെ.. " ലൈലയെ നോക്കി വന്ന മുന്ന രണ്ടിന്റെയും തർക്കം കണ്ടു ചോദിച്ചു. "ഇവൾക്കീ സാരി വേണ്ടാ, വേറേതു വേണമെന്ന്.. " താജ് കയ്യിലുള്ള സാരി കാണിച്ചു കൊണ്ടു പറഞ്ഞു.. മുന്ന അത് വാങ്ങിച്ചു നിവർത്തി നോക്കി. "ഈ സാരിക്കെന്താ കുഴപ്പം..കാണാൻ കൊള്ളാവല്ലോ.. " മുന്ന അവളെ നോക്കി പറഞ്ഞു.

"കൊള്ളാം.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. ഈ തെണ്ടിയെ സപ്പോർട്ട് ചെയ്യാൻ നിന്നാൽ നീ കൊള്ളും എന്റെ കയ്യിന്ന്.. കൊള്ളാമെങ്കിൽ നീ എടുത്തു കൊണ്ടു പോടാ അവിടെന്ന്. എനിക്കൊന്നും വേണ്ടാ.. " അവൾ മുന്നയോടും ദേഷ്യപ്പെട്ടു. "എന്തിനാ ലൈല തർക്കം.നല്ല സാരി ആണല്ലോ. എനിക്കിഷ്ടപ്പെട്ടു.. ഇതെടുക്ക് നീ.. വഴക്ക് ഒന്നും ഉണ്ടാക്കാൻ നിക്കണ്ട. ദേ.. സെയിൽസ് ഒക്കെ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.. നീ വന്നേ.. " മുന്ന ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. അതുകേട്ടു അവളും ചുറ്റും നോക്കി. ഡ്രസ്സ്‌ എടുത്തു കൊടുക്കുന്നവന്റെയും എടുക്കുന്നവന്റെയും എന്നുവേണ്ട സകലതിന്റെയും കണ്ണ് ഇങ്ങോട്ടേക്കു ആണെന്ന് കണ്ടതും അവൾ താജ്നെ നോക്കി.. "തൃപ്തി ആയല്ലോ നിനക്കിപ്പോ.. ഞാൻ അപ്പോഴേ പറഞ്ഞതാ സീൻ ഉണ്ടാക്കാൻ നിക്കണ്ടാന്ന്.. അതെങ്ങനെയാ.. എനിക്ക് സമാധാനം തരില്ലന്ന് ശപദം ചെയ്തിരിക്കയല്ലേ.. താ ഇങ്ങോട്ട്." അവൾ അവന്റെ കയ്യിൽ നിന്നും സാരി പിടിച്ചു വാങ്ങിച്ചു. അത് തിരികെ വച്ചു ആദ്യം നോക്കിയതു തന്നെ എടുക്കാൻ വേണ്ടി ഒരുങ്ങിയതും മുന്ന തടഞ്ഞു.. "നീ ഒലിവ് തന്നെ വേണമെന്ന് വാശി പിടിക്കുന്നത് എന്തിനാന്ന് എനിക്കറിയാം..

ഇന്ന് ഇതൊന്നും കാണാൻ റമിയില്ല ലൈല.. നീ വീണ്ടും പഴയ ലൈല ആവണം.. വീണ്ടും നീ നിന്റെ ഇഷ്ടങ്ങളിലേക്ക് മടങ്ങി ചെല്ലണം.. ഇനിയും നീ അവന്റെ ഇഷ്ടങ്ങളെ നെഞ്ചിലേറ്റി നടക്കുന്നതിൽ അർത്ഥമില്ല.. ഒലിവ് നിറത്തിൽ നീ വെട്ടി തിളങ്ങി നിൽക്കുന്നത് കാണാൻ നിന്റെ അടുത്ത് അവനില്ലന്ന സത്യം നീ ഓർക്കണം ലൈല.. പർപ്പിൾ നിന്റെ ഫേവ്റൈറ്റ് ആയിരുന്നു. എന്തിന് നീയതിനെ ഇപ്പോൾ ഇഷ്ട പെടാതെ നിക്കണം.. റമി നിന്റെ ജീവിതത്തിലേക്ക് കടന്നു വന്നു നിന്നിൽ മറ്റു ചില വർണ്ണങ്ങൾ വിരിയിച്ചതു കൊണ്ടോ. എന്നാൽ അത് വേണ്ട ലൈല.. എല്ലാം കഴിഞ്ഞു പോയി.. ആ രണ്ടു വർഷക്കാലം നീയൊരു സ്വപ്നം പോലെ മറന്നു കളയണം.. റമിയെ കണ്ടു മുട്ടുന്നതിന് മുന്നേ നീ എങ്ങനെ ആയിരുന്നോ അതുപോലെ ആകണം ഇനിയും.. അതിനുള്ള തുടക്കം ആയിക്കോട്ടെ ഈ നിറം.. ഇതുമതി.. ഈ സാരി തന്നെ എടുത്താൽ മതി ലൈല... " മുന്ന പറഞ്ഞു. അവളൊന്നും മിണ്ടിയില്ല. വേദനയോടെ മുന്നയുടെ മുഖത്തേക്ക് ഒന്നു നോക്കുക മാത്രം ചെയ്തു.. മുന്ന വേഗം അവളുടെ കയ്യിൽ നിന്നും സാരി വാങ്ങിച്ചു നുസ്രയുടെ അടുത്തേക്ക് ചെന്നു. വേറൊന്നും കൊണ്ടല്ല.

അവളുടെ വേദന നിറഞ്ഞ മുഖം കാണാനുള്ള കെല്പ് അവന് ഇല്ലായിരുന്നു.. അവൾ തിരിഞ്ഞു താജ്നെ നോക്കി. എബിയുടെ ഒന്നിച്ച് എന്തോ പറഞ്ഞു ചിരിക്കുന്നത് കണ്ടു. അവൾ വേഗം നുസ്രയുടെ അടുത്തേക്ക് ചെന്നു. നുസ്ര അവിടെ മുന്നയുടെ കയ്യിൽ നിന്നും സാരി വാങ്ങിച്ചു നോക്കി ബോധം പോയി നിൽക്കുകയായിരുന്നു. " കഴിഞ്ഞില്ലേ ഇതുവരെ.. " ലൈല ചോദിച്ചു. "എങ്ങനെ കഴിയാനാ.. ഇവൾക്കിതു വരെ ഡ്രസ്സ്‌ കിട്ടിയില്ല. നോക്കാൻ ഒരായിരം എണ്ണം നോക്കി.. ഏതു എടുത്താലും അതിനൊരു കുറ്റം പറയും.. കളർ ഇഷ്ടപെട്ടാൽ സൈസ് ശെരിയാവില്ല.. സൈസ് ശെരിയായാൽ കളർ ഇഷ്ടപെടില്ല. എനിക്ക് മടുത്തു.. അനുഭവം ഗുരു. ഇനി ഇതിന്റെ ഒന്നിച്ച് ഷോപ്പിങ്നു വരുന്നത് പോയിട്ട് ഒരു ചായ കുടിക്കാൻ പോലും ഞാൻ ഇറങ്ങില്ല.. " മുന്ന നെടുവീർപ്പിട്ടു. "നീയൊന്നു മിണ്ടാതെ പോയെ അവിടെന്ന്.. ലൈലാ.. നീയെന്തിനാ സാരി എടുത്തത്.. നാളെ സാരി ഉടുക്കാനാണോ നിന്റെ പ്ലാൻ.. " നുസ്ര അവളെ നോക്കി മുഖം ചുളിച്ചു.. അവൾ അതേന്ന് തലയാട്ടി. "അയ്യേ.. അത് വേണ്ടടീ.. സാരി വേണ്ടാ.. നീ വേറെ വല്ലതും എടുക്ക്.. വെറൈറ്റി ആയിട്ട് എന്തെങ്കിലും..

എന്തൊക്കെ മോഡൽ ഡ്രസ്സാ ഇവിടെ ഉള്ളത്. അതിൽ ഏതെങ്കിലും ഒന്നു എടുക്കടീ.. സാരിയൊക്കെ ഉടുത്തിട്ടു എങ്ങനെയാ നീ.. നടക്കുന്നത് പോയിട്ട് ഒന്നു ശെരിക്കു ഇരിക്കാൻ കൂടി കഴിയില്ല നിനക്ക്.. നാളെത്തെ ഫങ്ക്ഷനെ കുറിച്ച് നല്ല ബോധം ഉണ്ടല്ലോ..നീയാ എല്ലാത്തിനും ഓടി നടക്കേണ്ടത്..." "അതൊന്നും കുഴപ്പമില്ല നുസ്ര.. ഞാൻ ഡ്രെസ് നോക്കുമ്പോൾ അതിന്റെ മോഡൽ അല്ല നോക്കാറ്.. അതെനിക്ക് കംഫേർട്ട് ആണോ എന്നാണ്..സാരി എനിക്ക് ഓക്കേയാണ്‌. ഞാൻ മുൻപ് ഉടുത്തിട്ടുള്ളതാണ്.. ഉടുക്കേണ്ട രീതിയിൽ ഉടുത്താൽ ഇരിക്കാനും നിക്കാനും മാത്രമല്ല..ഓടാൻ വരെ പറ്റും.. സോ എനിക്ക് സാരി മതി.. നീ വേഗം എടുക്ക്.. ലേറ്റ് ആവുന്നു. " ലൈല പറഞ്ഞു. പിന്നെ നുസ്ര ഒന്നും പറയാനോ കൂടുതൽ നേരം നോക്കാനോ നിന്നില്ല. സാരി സെക്ഷനിൽ ചെന്നു അത്യാവശ്യം ഗ്രാൻഡ് ആയിട്ടുള്ള ഒരു സാരി എടുത്തു വന്നു.. അതുകണ്ടു ലൈലയും മുന്നയും നിന്നു ചിരിക്കാൻ തുടങ്ങി.. "നിനക്ക് മാത്രല്ല. എനിക്കും വേണം സാരി."

എന്ന് പറഞ്ഞു നുസ്ര ഇത് പാക്ക് ചെയ്തോളുന്ന് പറഞ്ഞു സെയിലിന്റെ കയ്യിൽ കൊടുത്തു. അപ്പോഴേക്കും താജുo എബിയും അങ്ങോട്ട്‌ വന്നു.. എബിയുടെ കയ്യിൽ ഒരു ഷർട്ട്‌ ഉണ്ടായിരുന്നു.. എബിയും അത് അവിടെ കൊടുത്തു പാക്ക് ചെയ്യാൻ പറഞ്ഞു.. മുന്നയ്ക്ക് പിന്നെ ആദ്യമേ നുസ്ര ഒരെണ്ണം സെലക്ട്‌ ചെയ്തു മാറ്റി വെച്ചിട്ട് ഉണ്ടായിരുന്നു.. അതൊക്കെ കണ്ടു അവൾ താജ്നെ നോക്കി.. ഫോണിൽ കുത്തിക്കോണ്ട് നിൽപ്പാണ്.. നിങ്ങൾ അങ്ങോട്ട്‌ ചെല്ല്..ഞാനിപ്പോ വരാംന്ന് പറഞ്ഞു അവൾ താജ്ന്റെ അടുത്തേക്ക് നീങ്ങി. "അമൻ.. " അവൾ വിളിച്ചതും അവൻ ഫോണിൽ നിന്നും കണ്ണ് എടുത്തു അവളെ എന്താന്നുള്ള ഭാവത്തിൽ നോക്കി.. " നീയൊന്നും എടുത്തില്ലേ.. " "എന്ത് എടുത്തില്ലേന്ന്.. " അവന് മനസ്സിലായിരുന്നു.. എന്നിട്ടും ചോദിച്ചു. "അല്ല.. ഡ്രസ്സ്‌ ഒന്നും എടുത്തില്ലേന്ന്.. " "ഇല്ല.. " "അതെന്താ..? " "വേണ്ടാത്തോണ്ട്." "അതിനെന്തിനാ ദേഷ്യപെടുന്നെ.. " അവളുടെ മുഖം ചുമന്നു.. "ദേഷ്യപെടാൻ തോന്നിയിട്ട്.. " "പട്ടീ.. "

മുഖം വീർപ്പിച്ചു അവനെ അമർത്തി വിളിച്ചു കൊണ്ടു അവൾ ബാക്കി മൂന്നിന്റെയും പിന്നാലെ വിട്ടു.. താജ് ഒഴികെ ബാക്കി നാലും ബില്ലിന്റെ സെക്ഷനിലെക്ക് എത്തി..ബില്ല് മുന്ന എടുക്കാൻ നിന്നതും എബി തടഞ്ഞു.. ഞാൻ എടുക്കാമെന്ന് പറഞ്ഞു എബി കാർഡ് നീട്ടിയതും താജ് വന്നു അവന്റെ കൈ പിടിച്ചു. എബി താജ്നെ നോക്കി. "ആയില്ല..ഒന്നു കൂടിയുണ്ട്.. " എന്ന് പറഞ്ഞു താജ് കയ്യിലുള്ള കവർ അവിടെ കൊടുത്തു..അതും കൂടെ ചേർത്തു ബില്ല് അടിച്ചു.. ആരെയും കൊടുക്കാൻ അനുവദിച്ചില്ല.. മൊത്തം ബില്ലും താജ് തന്നെ പേ ചെയ്തു.. അത് ലൈലയ്ക്ക് ഇഷ്ടപെട്ടില്ല..അവൾ എന്തോ പറയാൻ ഒരുങ്ങിയതും മുന്ന വേഗം അവളുടെ കയ്യിൽ പിടിച്ചു. അവൾ ദേഷ്യത്തോടെ മുന്നയെ നോക്കി.. അവൻ അപ്പൊ സാരല്യന്ന് പറഞ്ഞു ഒന്നു കണ്ണടച്ച് കാണിച്ചു. അവളപ്പോ തന്നെ അവന്റെ കൈ തട്ടി മാറ്റി അവനിൽ നിന്നും മുഖം തിരിച്ചു നിന്നു.. അവൻ ബില്ല് അടച്ചതിനേക്കാൾ അവൾക്ക് ദേഷ്യം ഡ്രസ്സ്‌ എടുക്കുന്നില്ലേന്നു ചോദിച്ചപ്പോ ഇല്ലന്നും വേണ്ടാന്നും പറഞ്ഞു അവൻ ദേഷ്യപ്പെട്ടതാണ്..

അത് പോരാഞ്ഞിട്ട് അപ്പൊത്തന്നെ ഡ്രെസ്സും എടുത്തു വന്നേക്കുന്നു.. അവൾ ദേഷ്യം തീർക്കാൻ വേണ്ടി താജ്നെ തുറിച്ചു നോക്കി കൊണ്ടു നിന്നു.. താജ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവളെ.. പക്ഷെ ചൊറിയാൻ ഒന്നും പോയില്ല.. ഓരോരുത്തരും അവരവരുടെ കവർ എടുത്തു.. ലൈല എടുത്തു തിരിഞ്ഞതും താജ് അവൾക്ക് നേരെ കയ്യിലുള്ള കവർ നീട്ടി. " ഇതെന്താ.. " "എന്തായാലും ബോംബ് അല്ല. " "ആണെങ്കിലും എനിക്ക് വേണ്ടാ.. " "പിടിക്കടീ.. " പെട്ടെന്നാണ് അവന്റെ ശബ്ദം പൊങ്ങിയത്..മുന്നയും നുസ്രയും എബിയും മാത്രമല്ല. അവിടെ ഉള്ള മൊത്തം പേരും ഒരുനിമിഷത്തേക്ക് താജ്നെയും അവളെയും നോക്കിപ്പോയി. പിന്നെ അവൾ ചോദിക്കാനോ എന്താണെന്ന് നോക്കാനോ ഒന്നും നിന്നില്ല. വേഗം വാങ്ങിച്ചു പുറത്തേക്ക് ഇറങ്ങി. നുസ്രയും എബിയും റെസ്റ്റോറന്റിൽ കയറാമെന്ന് പറഞ്ഞു.. അവൾ അപ്പൊത്തന്നെ വേണ്ടാന്ന് പറഞ്ഞു.

വേണംന്ന് പറഞ്ഞു നിർബന്ധിച്ചു കൂട്ടി കൊണ്ടു പോകാൻ തോന്നിയെങ്കിലും താജ് അത് ചെയ്തില്ല. അവൾ കൂടെ കൂടെ വാച്ചിലേക്കു നോക്കുന്നതും മുഖത്ത് ടെൻഷൻ നിറയുന്നതും താജ് നേരത്തെ കണ്ടിരുന്നു.അത് കൊണ്ടു വേണ്ടാ..ലേറ്റ് ആക്കണ്ടന്നും പറഞ്ഞു വേഗം ബൈക്കിന്റെ അടുത്തേക്ക് ചെന്നു..മൂന്ന് പേരും ഒന്നിച്ച് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..ലൈല ഒന്നും നോക്കിയില്ല..വേഗം ഓടിപ്പോയി മുന്നയുടെ ബാക്കിൽ കയറി..അത് കണ്ടു നുസ്ര വായും പൊളിച്ചു ലൈലയെ നോക്കി. "നീ അമന്റെ ഒന്നിച്ച് പോ..നിങ്ങൾ രണ്ടു പേരും ഒരേ റൂട്ട് അല്ലേ.. ഓ സോറി.. റൂട്ട് മാത്രമല്ല.. Neighbors അല്ലേ.. അപ്പൊ പിന്നെ മുന്നയെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ. നിന്നെ കൊണ്ടു വിട്ടു ഇവൻ വീണ്ടും ഈ വഴി തന്നെ വരണ്ടേ.. എനിക്ക് ആണേൽ പ്രശ്നമില്ല.. ഇതുവഴി പോയി ആ കോളനി റോഡിൽ വിട്ടാൽ മതി. അവിടുന്ന് നടന്നു പോകേണ്ട ദൂരമേയുള്ളൂ. " എന്ന് പറഞ്ഞു ലൈല നുസ്രയെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു..ഇത്രേം നേരം പണിതതിന് അവളിപ്പോ ഒറ്റയടിക്ക് തിരിച്ചു പണിയുക ആണെന്ന് നുസ്രയ്ക്ക് മനസ്സിലായി..നുസ്ര ദയനീയമായി ലൈലയെ നോക്കി. "നോക്കണ്ട മോളെ. വേഗം കയറിയാൽ നിനക്ക് വീടെത്താo.. അല്ലെങ്കിൽ നീയിവിടെ തന്നെ ബാക്കിയാവും. "

ലൈല വീണ്ടും നുസ്രയെ നോക്കി ചിരിച്ചു.. നുസ്രയ്ക്ക് ലൈലയെ പോലെ പ്രശ്നം ഒന്നും ഇല്ലായിരുന്നു..വേഗം താജ്ന്റെ അടുത്തേക്ക് ചെന്നു.. "കയറുവാണേ .. " എന്നും പറഞ്ഞു ബൈക്കിൽ കയറി.. താജ്നു ആണെങ്കിൽ പിന്നെ തീരെ പ്രശ്നം ഇല്ലായിരുന്നു.. "ഇങ്ങനെയാണോ ഇരിക്കുന്നെ..പിടിച്ചു ഇരിക്കണ്ടേ മുത്തേ.." അവളുടെ മുന്നിൽ തോൽക്കാതെ നിക്കാൻ വേണ്ടി അവൻ പിന്നിലേക്ക് കയ്യിട്ടു ഗ്യാപ് ഇട്ടിരുന്ന നുസ്രയെ പിടിച്ചു അടുപ്പിച്ചു ഇരുത്തി. നുസ്ര അത് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.. വേഗം ലൈലയെ നോക്കി. ലൈല ഒന്നും കാണാത്ത ഭാവത്തിൽ വേറെ എങ്ങോട്ടോ നോക്കിയിരുന്നു..സത്യം പറഞ്ഞാൽ ലൈലയ്ക്ക് അത് ഇഷ്ടപെട്ടിരുന്നില്ല. ബൈക്കിന്റെ പിന്നിൽ ആരെയും കയറ്റില്ലന്ന് പറഞ്ഞിട്ട്.. തെണ്ടി.. പറച്ചില് മാത്രമേ ഉള്ളു. ഒട്ടി ചേരാൻ അവസരം കിട്ടിയാൽ വിട്ടു കളയില്ല..പുല്ല്.. അവൾ മനസ്സിൽ താജ്നെ തെറി വിളിക്കാനും കുറ്റം പറയാനും തുടങ്ങി.. "ലൈല.. പോകാം. " മുന്ന ചോദിച്ചു.. അവൾ ആന്നും പറഞ്ഞു മുന്നയെ പിടിച്ചിരുന്നു.. മുന്നയുടെ ബൈക്ക് മുന്നിലേക്ക് എടുത്തു.. താജ്ന്റെ ബൈക്ക് ആദ്യമേ പോയിരുന്നു.. കർത്താവെ.. ഇതൊക്കെ എവിടെ ചെന്നു അവസാനിക്കാനാ.. എല്ലാം കണ്ടു ഒരന്തവും ഇല്ലാതെ എബി അവർക്ക് പിന്നാലെയും വിട്ടു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story