ഏഴാം ബഹർ: ഭാഗം 33

ezhambahar

രചന: SHAMSEENA FIROZ

"എന്താ ഈ കാണിക്കുന്നേ.. " അവൻ വാതിൽ അടച്ചത് കണ്ടു അവൾ ചോദിച്ചു. "ഒന്നും കാണിച്ചില്ലല്ലോ.. കാണിക്കാൻ പോകുവല്ലേ.. " അവൻ രണ്ടു കയ്യും മാറിൽ കെട്ടി നിന്നു പറഞ്ഞു.അവന്റെ ഭാവം കണ്ടു അവളൊന്നു വല്ലാതെയായി. എന്നാലും പുറത്ത് കാണിച്ചില്ല.പൂച്ചെണ്ടും എടുത്തു പോകാൻ നിന്നു.വാതിലിന്റെ അടുത്തേക്ക് എത്തിയതും അവൻ മുന്നിൽ കയറി. "മാറ്.. " അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. "മാറാം.അല്പ നേരം കഴിഞ്ഞ്..അത് വരെ ഞാനൊന്നു കാണട്ടെ.. " "എന്ത് കാണട്ടേന്ന്.. " അവൾ പുരികം ചുളിച്ചു. "നിന്നെ.. അല്ലാതെ വേറെന്ത്.. " "ദേ..ചുമ്മാ കളിക്കാൻ നിക്കല്ലേ.. മാറിയേ അങ്ങോട്ട്‌.. " അവൾ അവനെ പിടിച്ചു ഒരുന്ത്‌ കൊടുത്തു..അവൻ ഒരടി നീങ്ങിയില്ലന്ന് മാത്രല്ല. അവളുടെ കയ്യിൽ പിടുത്തം ഇടുകയും ചെയ്തു.. "ചേ... എന്തൊക്കെയാ നീയീ കാണിക്കുന്നേ.. വെറുതെ ദേഷ്യം പിടിപ്പിക്കരുത് അമൻ.. കയ്യിന്ന് വിട്.. എന്നിട്ടു മുന്നിന്ന് മാറ്.. " "വിടാം.. മാറേo ചെയ്യാം.. പക്ഷെ കുറച്ചു നേരം..

കുറച്ചു നേരം എനിക്ക് വേണം ഇങ്ങനെ..കാര്യം പറഞ്ഞതാ.. നിന്നെ ശെരിക്കൊന്നു കാണാനാ.. " "നിനക്ക് കാണാനും നോക്കാനുമൊക്കെ ഞാൻ പിന്നെ നിന്നു തരാം.. ഇപ്പൊ സമയമില്ല.. പരിപാടി തുടങ്ങാറായി.. മേയർ സാർ ഇപ്പൊ എത്തും.. വെൽക്കം ചെയ്യാനുള്ള bouquet മാത്രം നീ അവിടെ സെറ്റ് ചെയ്തില്ല. അത് നോക്കിയാ ഞാൻ വന്നേ.. നീയൊന്നു മാറ് അമൻ.. എന്നത്തേയും പോലെ ഇന്നും കളിക്കാൻ നിക്കല്ലേ.. സന്ദർഭം മനസ്സിലാക്കി പെരുമാറ്.. പ്ലീസ്.." നിവർത്തിയൊന്നും ഇല്ലാതെ അവൾ കെഞ്ചുന്നത് പോലെ പറഞ്ഞു. അവൻ അപ്പൊത്തന്നെ അവളെ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു.. അവളൊന്നു ഞെട്ടി.. കയ്യിലെ bouquet താഴെ പോയി.. അവൾ താഴേക്ക് നോക്കി. അവൻ വാച്ചിലേക്കും. "എന്റെ വാപ്പ കൃത്യനിഷ്ഠതയുള്ള ആളാ.. പതിനൊന്നു എന്ന് പറഞ്ഞാൽ പതിനൊന്നു തന്നെയാ.. അതിന് മുന്നിലേക്കും കടക്കില്ല.. പിന്നിലേക്കും കടക്കില്ല.. ഇനിയുമുണ്ട് ടെൻ മിനുട്ട്സ്.. അപ്പോഴേക്കും വിട്ടോളം.. നിനക്ക് മാത്രമല്ല.. എനിക്കും ആ സമയം ആകുമ്പോൾ സ്റ്റേജിലേക്ക് എത്തണം.. ഒന്നുല്ലേലും ഭാവി മരുമകൾ ഉപ്പാനെ വെൽക്കം ചെയ്യുന്നത് മകനായ എനിക്കൊന്നു കാണണ്ടേ.. " എന്ന് പറഞ്ഞു അവൻ അവളെ നോക്കി ഒന്നു സൈറ്റ് അടിച്ചു.

അവൾ നിന്നു കണ്ണുരുട്ടിക്കൊണ്ട് എന്തോ പറയാൻ ഒരുങ്ങിയതും അവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു.. "എനിക്കൊന്നും കേൾക്കണ്ട.. ഇത്തിരി നേരം ഇങ്ങനെ കണ്ടാൽ മതി.. " അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. അവൾ അപ്പൊത്തന്നെ അവന്റെ കൈ തട്ടി മാറ്റി.. "വട്ടാ നിനക്ക്.. മുഴുവട്ട്.. ഒരുദിവസമെങ്കിലും എൻറെ വായേന്ന് കേട്ടില്ലങ്കിൽ ഉറക്കം വരില്ലേ നിനക്ക്.. എന്റെ ക്ഷമ പരീക്ഷിക്കരുത് നീ.. ഇക്കണക്കിനു പോയാൽ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും.. വാപ്പാക്ക് ആണെന്നും പെണ്ണെന്നും പറഞ്ഞു ഒരെണ്ണം അല്ലേ ഉള്ളൂ..? അടങ്ങി ഒതുങ്ങി ജീവിച്ചൂടെ നിനക്ക്..? " അവൾ നിന്നു തിളയ്ക്കാൻ തുടങ്ങി. അവൻ അതൊന്നും കാര്യമാക്കിയില്ല. അവൾ തട്ടി മാറ്റിയ കൈ നേരെ അവളുടെ അരക്കെട്ടിലേക്ക് കൊണ്ടു പോയി.. സാരിയുടെ വിടവിലൂടെ കയ്യിട്ടു അവളുടെ വയറിൽ ഒന്നു അമർത്തി.. അവളുടെ ശ്വാസമൊന്നുയർന്ന് പൊങ്ങി.. "ആദ്യമായിട്ടാ നിന്നെ കാണുമ്പോൾ അടിക്കാനും തൊഴിക്കാനുമല്ലാതെ മറ്റൊന്ന് തോന്നുന്നത്.. അതെന്താണെന്ന് എനിക്കറിയില്ല.. I feel something special.. So I want to kiss now.."

അവൻ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു.. നോട്ടം അവളുടെ ചുണ്ടുകളിൽ തറഞ്ഞ് നിന്നു.. എന്നത്തേയും പോലെ അല്ല.. അവന്റെ നോട്ടവും സംസാരവുമൊന്നും ശെരിയില്ലന്ന് തോന്നി അവൾക്ക്.. മാത്രമല്ല. അവന്റെ കൈ വയറിൽ അമർന്നു നിന്നിട്ടുമുണ്ട്.. അവൾക്ക് ഒന്നാകെ തരിപ്പ് കേറാൻ തുടങ്ങി.. ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. താജ് ആണ് ആൾ. രക്ഷപെടാൻ വേറെന്തെങ്കിലും ചെയ്യണമെന്ന് തോന്നി അവൾക്ക്.. അവളുടെ കൈ പതിയെ സ്കാഫിലേക്ക് ചെന്നു.. അവൾ ഒന്നും മിണ്ടാതെ നിക്കുന്നത് കണ്ടു അവന് അത്ഭുതം തോന്നി. എന്നാലും ഒന്നു പേടിപ്പിച്ചു കളയാമെന്ന് കരുതി അവളുടെ കഴുത്തിലൂടെ കയ്യിട്ടു മുഖം തന്റെ മുഖത്തിന് നേരെ അടുപ്പിച്ചു.. അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു.. അടുത്ത നിമിഷം അവന്റെ കഴുത്തിലേക്ക് പിൻ കുത്തി കയറി.. "ഡീീീ... " അവൻ അലറിക്കൊണ്ട് അവളിലുള്ള പിടി വിട്ടു കഴുത്തിൽ കുത്ത് കൊണ്ട ഭാഗത്തു അമർത്തി പിടിച്ചു..നല്ല വേദന അനുഭവപെടുന്നുണ്ടായിരുന്നു അവന്.. "

അപ്പോഴേ പറഞ്ഞത് അല്ലേ കളിക്കാൻ നിക്കണ്ടന്ന്.. എനിക്ക് ദേഷ്യം വന്നാൽ ഇങ്ങനൊക്കെ ചെയ്‌തെന്ന് ഇരിക്കും.. " അവൾ സ്കാഫിൽ നിന്നും ഊരി എടുത്ത പിൻ കാണിച്ചു കൊണ്ടു പറഞ്ഞു.. "നിന്നെയിന്നു ഞാൻ..." അവൻ പല്ല് ഞെരിച്ചു.. "എന്നെ നീ ഒരു ചുക്കും ചെയ്യില്ല.. പോടാ പട്ടി അവിടെന്ന്.. " അവൾ അവനെ തള്ളി മാറ്റി ഡോറിന്റെ അടുത്തേക്ക് ഓടി.. "നിക്കടീ അവിടെ " എന്നും പറഞ്ഞു അവൻ പിന്നാലെ ചെന്നു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. പക്ഷെ അവളുടെ സാരിയും അതിനിടയിൽ കുടുങ്ങിപ്പോയി.. വലിയുടെ ശക്തിയിൽ പിൻ ഇളകി തെറിച്ചു അവളുടെ ചുമലിൽ നിന്നും സാരി താഴേക്ക് ഊർന്നു പോയി.. അവൾ ഞെട്ടി തരിച്ചു അവന്റെ മുഖത്തേക്ക് നോക്കി.. "മര്യാദക്ക് ഉടുത്തൂടെ നിനക്ക്.. ഒന്നു തൊടുമ്പോഴേക്കും അഴിഞ്ഞു പോകാൻ.. എന്റെ മുന്നിൽ ആയത് കൊണ്ടു കുഴപ്പമില്ല.. വേറെ വല്ലവന്റെയും മുന്നിൽ ആയിരുന്നു എങ്കിലോ...? " അവന്റെ കയ്യിൽ നിന്നും അറിയാതെ പറ്റിയതാണ്.കയ്യിൽ പിടിച്ചു വലിച്ചപ്പോൾ അതിനിടയിൽ സാരി പെടുമെന്ന് കരുതിയില്ല..

അവൾ ശെരിക്കും പിൻ ചെയ്യാത്തതു കൊണ്ടാണ് സാരി അഴിഞ്ഞു പോയതെന്ന് കരുതി അവൻ ദേഷ്യത്തോടെ പറഞ്ഞു നിലത്തു വീണ് കിടക്കുന്ന സാരിയുടെ ഭാഗം എടുക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് ചെന്നതും അവൾ വേഗം രണ്ടു കൈ കൊണ്ടും നെഞ്ചിന്റെ ഭാഗം മറച്ചു പിടിച്ചു തിരിഞ്ഞ് നിന്നു.. നേരത്തെ പിൻ ഊരി എടുത്തത് കാരണം സ്കാഫും അപ്പോഴേക്കും ഒരു ഭാഗത്തുന്ന് അഴിഞ്ഞു വീണിരുന്നു.. ആകെ കൂടെയായി അവൾക്ക് കരച്ചിൽ വരാൻ തുടങ്ങി.. "നിന്നു സ്വപ്നം കാണാതെ വേഗം ശെരിയാക്കാൻ നോക്ക്.. " എന്നും പറഞ്ഞു അവൻ സാരിയുടെ അറ്റം എടുത്തു അവളുടെ കയ്യിൽ വെച്ചു കൊടുത്തു.അടച്ചു വെച്ച വാതിൽ പൊടുന്നനെ തുറക്കപ്പെട്ടു. രണ്ടു പേരും ഒരുപോലെ ഞെട്ടി തരിച്ചു നോക്കി.. "എന്താ ഇവിടെ..? " പ്രിൻസി കണ്ണട താഴ്ത്തി രണ്ടുപേരെയും അർത്ഥം വെച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. അതുകേട്ടു അവൾ വേഗം എങ്ങനെയൊക്കെയോ സാരി ചുമലിലേക്ക് ഇട്ടു.. "ഞാൻ ഇവളെയൊന്നു പ്രേമിച്ചതാ." അവനൊരു കൂസലും ഇല്ലാതെ പറഞ്ഞു. "അത് മനസ്സിലായി..നിന്റെ ഭാവവും ഇവളുടെ രൂപവും കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് നീയിവളെ നന്നായി ഒന്നു പ്രേമിച്ചെന്ന്..

ഏതായാലും രണ്ടു പേരുമൊന്നു പുറത്തേക്ക് ഇറങ്ങ്.. മേയർ പുത്രന്റെ ലീലാ വിലാസങ്ങൾ ബാക്കി ഉള്ളോരൂടെ ഒന്നറിയട്ടേ.. " എന്നു പുച്ഛത്തോടെ പറഞ്ഞു പ്രിൻസി വാതിൽക്കൽ നിന്നും മാറി നിന്നു.. വെളിയിൽ കൂട്ടം കൂടി നിൽക്കുന്നവരെ കണ്ടു അവൻ സ്തoഭിച്ചു പോയി.. സ്റ്റുഡന്റസ്, സ്റ്റാഫ്‌സ്, പേരെന്റ്സ്.. എന്തിന് അവന്റെ ഉപ്പ തന്നെ ആയിരുന്നു ഏറ്റവും മുന്നിൽ.. താജ് പുറത്തേക്ക് ഇറങ്ങി. പിന്നാലെ അവളും.. അവൾക്ക് ഒന്നും മനസ്സിലായില്ല.. ഈ നിമിഷം ഭൂമി പിളർന്നു അതിലേക്കു ആണ്ടു പോയെങ്കിൽ എന്ന് തോന്നി.. "ലൈലാ.. " അഞ്ജലി മിസ്സ്‌ അവളുടെ അടുത്തേക്ക് വന്നു.. "മിസ്സ്‌.. ഞാൻ.. " ഒന്നും പറയാൻ ആവാതെ അവൾ വേദനയോടെ മിസ്സിന്റെ മാറിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങി.. മിസ്സ്‌ അപ്പൊത്തന്നെ അവളെ ചേർത്തു പിടിച്ചു അവളുടെ സാരി ഒരുവിധം ശെരിയാക്കി നിർത്തി. "ഇതൊക്കെയാണോ ഈ കോളേജിൽ നടക്കുന്നത്.. ഇതിന് സാക്ഷ്യം വഹിക്കാനാണോ ഞങ്ങളെ ഒക്കെ വിളിച്ചു വരുത്തിയത്.. " ആൾകൂട്ടത്തിൽ നിന്നും ഒരു രക്ഷിതാവിന്റെ ശബ്ദം പ്രിൻസിക്ക് നേരെ ഉയർന്നു.. "പ്രിൻസിപ്പലിനോട് ചോദിച്ചിട്ട് എന്താ കാര്യം.. അവന്റെ ഉപ്പയല്ലേ ഇവിടെ നിക്കുന്നത്..

ഇദ്ദേഹത്തിനോടു തന്നെ ചോദിച്ചു നോക്ക്.. മേയർ പുത്രൻ ആയത് കൊണ്ടു എന്ത് തോന്നിവാസം വേണമെങ്കിലും ആവാമെന്നായിരിക്കും.. " മറ്റൊരു രക്ഷിതാവ് അവന്റെ ഉപ്പാന്റെ നേരെ തിരിഞ്ഞു.. "ഹേയ് മിസ്റ്റർ..ഞാൻ എന്ത് ചെയ്തൂന്നാ നിങ്ങളീ പറയുന്നത്.. ഒരു സദാചാര വാദികൾ വന്നേക്കുന്നു.. ആദ്യം പോയി സ്വന്തം മക്കളുടെ കുറ്റവും കുറവും നോക്ക്.. എന്നിട്ടു മതി മറ്റുള്ളവരുടെത്.. വയസ്സിനു മൂത്തതാണെന്നൊന്നും നോക്കില്ല. എന്റെ ഉപ്പാന്റെ നേർക്ക് ശബ്ദം ഉയർത്തിയാൽ ഉണ്ടല്ലോ..? " താജ് ദേഷ്യം കൊണ്ടു വിറച്ചു ആ പറഞ്ഞയാൾക്ക് നേരെ വിരൽ ചൂണ്ടി നിർത്തി.. "കണ്ടോ സാർ.. ഇതാ നിങ്ങളുട മകന്റെ അവസ്ഥ.. അവനു എന്ത് തെമ്മാടിത്തരം വേണമെങ്കിലും ചെയ്യാം.. ആരും അത് ചോദ്യം ചെയ്യാൻ പാടില്ല.. ഇത് മാത്രമല്ല.. രണ്ടു മൂന്ന് ദിവസം മുന്നേ ഇവൻ എന്നോട് കയർത്ത് സംസാരിച്ചു.. പ്രിൻസിപ്പൽ ആണെന്ന ബഹുമാനം പോലും നൽകിയില്ല..ഒരു മാന്നേർസും ഇല്ലാതെ എന്റെ ക്യാബിനിലേക്ക് ഇടിച്ചു കയറി വന്നു..

റൗഡീസിനോടു സ്റ്റണ്ട് ചെയ്യുന്നത് പോലെയാ എന്നോട് ചെയ്തത്..ഷർട്ടിൽ കുത്തി പിടിച്ചു ഇവനു തോന്നിയത് പോലെ സംസാരിച്ചു..അന്ന് തന്നെ എനിക്കാ വിവരം മാനേജ്മെന്റ്റിനെ വിളിച്ചു കൂട്ടി റിപ്പോർട്ട്‌ ചെയ്യുകയും ഇവനെതിരെ ആക്ഷൻ എടുക്കുകയും ചെയ്യാമായിരുന്നു.. എന്നിട്ടും ചെയ്യാതെ നിന്നത് സാർനെയും ഈ കോളേജിനെയും ഓർത്തിട്ടാ.. സമൂഹത്തിൽ ഇത്രേം നല്ലൊരു പേരും പദവിയുമുള്ള സാർന്റെ മകൻ ഇങ്ങനെ തല തെറിച്ചു നടക്കുകയാണെന്ന് അറിഞ്ഞാൽ അത് സാർന് വല്യ അപമാനം സൃഷ്ടിക്കുമെന്ന് ഓർത്തു..ഒപ്പം കോളേജിനും. ഇവനെ പോലെ അച്ചടക്കം ഇല്ലാത്ത ഒരുവൻ ഈ കോളേജിൽ ഉണ്ടെന്ന് അറിഞ്ഞാൽ അതീ കോളേജിന് ഏൽക്കാവുന്ന ഏറ്റവും വല്യ അപമാനമാണ്.. അത് കൊണ്ടാ ഇതുവരെ ഒന്നും കണ്ടില്ലന്ന് നടിച്ചത്.. പക്ഷെ ഇനി അത് സാധിക്കില്ല.. ഇവൻ ഇപ്പൊ ഈ ചെയ്ത തെറ്റിന് ഞാൻ മാത്രമല്ല.. നിങ്ങൾ ഏവരും സാക്ഷിയാണ്‌. ഇതിനെതിരെ എനിക്ക് ആക്ഷൻ എടുത്തെ പറ്റു.. I'm really sorry sir.. " പ്രിൻസിപ്പൽ വളരെ മാന്യമായും താഴ്മയായും അവന്റെ ഉപ്പാനോട് പറഞ്ഞു..ആ മാന്യത തന്നോടും അവളോടുമുള്ള പക വീട്ടലാണെന്ന് അവന് മനസ്സിലായി..

"എന്നാൽ പോയി എടുക്കടോ ആക്ഷൻ.. കൊറേ നേരം ആയല്ലോ എല്ലാം കൂടി പറയാൻ തുടങ്ങീട്ട് ഞാൻ തെറ്റ് ചെയ്‌തെന്ന്.. എന്ത് തെറ്റാ ഞാൻ ചെയ്തത്.. ഇവളെയും എന്നെയും ഇതിന്റെ അകത്തു ഒരുമിച്ചു കണ്ടതാണോ ഞാൻ ചെയ്ത തെറ്റ്.. അതിനാണോ നിങ്ങളൊക്കെ ഇങ്ങനെ ബിപിയും ഷുഗറുമൊക്കെ കൂട്ടുന്നത്.. ഈ നിൽക്കുന്ന മാന്യൻ.. അതായത് നമ്മുടെ കോളേജിന്റെ പ്രിൻസിപ്പൽ.. ഇപ്പൊ പറഞ്ഞല്ലോ ഞാൻ ഇയാളോട് റൗഡിത്തരം കാണിച്ചെന്ന്..അതെന്തിനാണെന്ന് ആർക്കെങ്കിലും അറിയോ.. ഈ പരട്ട കിളവ......." "Taaj.. stop it. " അതുവരെ ഒന്നും മിണ്ടാതെ എല്ലാം കണ്ടും കേട്ടും നിന്ന അവന്റെ ഉപ്പ പെട്ടെന്ന് അവന് നേരെ ശബ്ദിച്ചു.. പിന്നെ അവനൊന്നും മിണ്ടിയില്ല.. ദേഷ്യത്തോടെ പല്ല് കടിച്ചു നിൽക്കുക മാത്രം ചെയ്തു. "തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാ..അതെന്റെ മകൻ ആയാൽ പോലും..ഒരിക്കലും ഞാൻ തെറ്റിന് കൂട്ട് നിൽക്കില്ല.. ന്യായത്തിന്റെയും സത്യത്തിന്റെയും ഭാഗത്തു മാത്രമേ ഇന്ന് വരെ നില കൊണ്ടിട്ടുള്ളൂ.. അത് നിങ്ങൾക്ക് ഏവർക്കും അറിയുന്ന കാര്യമാ.എന്റെ മകന്റെ കാര്യം വരുമ്പോൾ ഞാനൊരിക്കലും സ്വാർത്ഥനാവില്ല. കാരണം ഇവനു മാത്രമല്ല,ഈ നഗരത്തിന് കൂടി പിതാവാണ് ഞാൻ..

അത് കൊണ്ടു നേരിന് ഒപ്പം മാത്രമേ നിൽക്കുകയുള്ളൂ.. പക്ഷെ തെറ്റ് ഏതെന്ന് പറഞ്ഞു തരണം.. അതിന് വ്യക്തമായ കാരണങ്ങളും തെളിവുകളും..ഇവൻ തെറ്റ് ചെയ്തെന്ന് നിങ്ങളൊക്കെ പറയുന്നു..പക്ഷെ എന്ത് തെറ്റാ ചെയ്തെന്ന് മാത്രം ആരും പറഞ്ഞില്ല..എന്റെ മകനെ ന്യായികരിക്കുകയല്ല ഞാൻ.. രണ്ടു പേരെയും ഒരുമിച്ചു കണ്ടു എന്നല്ലാതെ മറ്റൊന്നും ഞങ്ങൾ കണ്ടിട്ടില്ല.. അകത്തു എന്താ സംഭവിച്ചതെന്നും അറിയില്ല.. ഇവനെ നിങ്ങൾക്ക് ഒന്നും വിശ്വാസം ഇല്ലാത്ത സ്ഥിതിക്ക് ഇവനോട് ചോദിക്കണ്ട.. ഈ കുട്ടിയോട് ചോദിക്കാമല്ലോ.. ഈ കുട്ടി പറയട്ടെ എന്താ ഉണ്ടായെന്ന്.. " അവന്റെ ഉപ്പ വളരെ ശാന്തമായി എല്ലാവരോടും പറഞ്ഞു. "ഇതിനേക്കാൾ കൂടുതൽ എന്ത് കാണാനാ.. ഇനി എന്ത് ചോദിക്കാനാ ഈ കുട്ടിയോട്.. നിന്നു കരയുന്നത് കണ്ടില്ലേ.. നിങ്ങളുടെ മകൻ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നതിന്റെ തെളിവ് തന്നെയല്ലേ ഈ കുട്ടിയുടെ കരച്ചിൽ.. മാത്രമല്ല..

വാതിൽ തുറക്കുമ്പോൾ രണ്ടു പേരും ഏതു അവസ്ഥയിലാ ഉണ്ടായത് എന്ന് എല്ലാവരും കണ്ടതല്ലേ.. ഈ കുട്ടിയോട് ഒന്നും ചോദിച്ചിട്ട് കാര്യമില്ല..ഒരുത്തൻ സ്വന്തം അഭിമാനം നഷ്ടപെടുത്താൻ നോക്കിയതു ഏതെങ്കിലും ഒരു പെൺകുട്ടി തുറന്നു പറയുമോ.. അതും ഇത്രേം ആളുകളുടെ മുന്നിൽ വെച്ച്.. ഇതിനേക്കാൾ കൂടുതലായി എന്താ വേണ്ടത് സാർന്റെ മകൻ തെറ്റ് ചെയ്തെന്ന് തെളിയിക്കാൻ.. ഈ കുട്ടിയുടെ ജീവിതം വെച്ചാ ഇവൻ കളിച്ചത്..ഇവന് എന്ത് ശിക്ഷ കൊടുത്തിട്ടും കാര്യമില്ല.. അതൊന്നും ഈ കുട്ടിക്കേറ്റ അപമാനത്തിനു പകരം ആവില്ല.. നഷ്ടപ്പെട്ട അഭിമാനം ഈ കുട്ടിക്ക് തിരിച്ചു നൽകാൻ കഴിയുമോ ഇവന്.. " രക്ഷിതാക്കളുടെ ചോദ്യം ചെയ്യൽ തുടർന്നു കൊണ്ടിരുന്നു.. അവൻ വല്ലാതെ സഹികെട്ടു.. ഉപ്പാന്റെ മുഖത്തേക്ക് നോക്കിയില്ല. നേരെ ആ പറഞ്ഞയാളുടെ മുന്നിലേക്ക് കയറി നിന്നു.. "വായിൽ വരുന്നത് വിളിച്ചു പറയാൻ നിന്നാൽ തിരിച്ചു പോകാൻ വന്ന കാല് കാണില്ല.. അഭിമാനം നഷ്ട പെടുത്തുന്നതു പോയിട്ട് ഞാനിവളെയൊന്നു തൊട്ടിട്ടു കൂടിയില്ല.. അഥവാ തൊട്ടിട്ടുണ്ടെങ്കിൽ അത് നിങ്ങടെയൊക്കെ വീട്ടിലെ പെണ്ണിനെ അല്ല..

എന്റെ പെണ്ണിനെയാ.. എന്റെ മാത്രം പെണ്ണിനെ.. ഇവൾ എന്റെയാ.. ഇനി ഈ പറഞ്ഞതും ഈ മാന്യൻമാർക്ക്‌ ഒന്നും വിശ്വാസം ആയിട്ടില്ലങ്കിൽ തെളിവ് സഹിതം ഞാൻ വ്യക്തമാക്കി തരാം." എന്നും പറഞ്ഞോണ്ട് അവൻ വല്ലാത്ത ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്നു.. "ഇങ്ങോട്ട് നീങ്ങി നിക്കടീ.. " അവൻ അഞ്ജലി മിസ്സിൽ നിന്നും അവളെ അടർത്തി മാറ്റി.. അപ്പോഴും അവളുടെ വേദന മാറിയിട്ടില്ല.. എല്ലാം കേട്ടിട്ട് കൂടിയതേ ഉണ്ടാരുന്നുള്ളൂ.. അവൾ ഒന്നും മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് നോക്കി.. അവൻ അവളുടെ കഴുത്തിൽ നിന്നും മാല വലിച്ചു പുറത്തേക്ക് ഇട്ടു.. "നോക്ക്.. എന്താ ഇവളുടെ കഴുത്തിൽ ഉള്ളതെന്ന്.. Aman എന്ന പേരിലുള്ള മാല.. അതായത് നിങ്ങളിപ്പോ പറഞ്ഞ ഇവളുടെ അഭിമാനം നഷ്ടപെടുത്താൻ നോക്കിയ ഈ എന്റെ പേര് കൊത്തി വെച്ചിട്ടുള്ള മാല.. എന്താ ഇതിന്റെ അർത്ഥമെന്നു ഞാൻ പറഞ്ഞു തരേണ്ടല്ലോ.. എന്തിനാ ഇങ്ങനെ ഒന്നു ഒരു പെണ്ണ് കഴുത്തിൽ അണിഞ്ഞു നടക്കുന്നത് എന്ന് ഏതു വിവരം ഇല്ലാത്തവനും അറിയുന്ന കാര്യം ആണല്ലോ.. ആരും ഇല്ലാത്ത നേരം ഞാൻ ഇവള്ടെ അടുത്ത് ഒന്നു നിന്നിട്ട് ഉണ്ടെങ്കിൽ അതെന്റെ മോഹം കൊണ്ടല്ല.

ഇവൾ എന്റെ സ്വന്തം ആണെന്നൊരു ബോധം ഉള്ളത് കൊണ്ടാ..മനസ്സിലായല്ലോ.. ഇനിയെന്തെങ്കിലും പറയാൻ ഉണ്ടോ ഇവിടെ ആർക്കെങ്കിലും... " അവൻ പറഞ്ഞു നിർത്തി.ഒന്നും ചെയ്യാനാകാതെ നിസ്സഹായതയോടെ എല്ലാം കണ്ടും കേട്ടും നിക്കുന്ന എബിയും മുന്നയും നുസ്രയുമൊക്കെ അവളുടെ കഴുത്തിലെ മാല കണ്ടു ഒരുപോലെ ഞെട്ടി തരിച്ചു.. നീ ആള് കൊള്ളാല്ലോ സൺ‌.. ഇതൊക്കെ എപ്പോ ഒപ്പിച്ചെടാ.. അവന്റെ ഉപ്പാന്റെ ചുണ്ടിൽ എവിടെയോ ഒരു ചിരി വിരിഞ്ഞു. അതുവരെ അവനെ ചോദ്യം ചെയ്തു കൊണ്ടിരുന്ന രക്ഷിതാക്കളൊക്കെ ഒന്നും മനസ്സിലാവാതെ കണ്ണും തള്ളി അവന്റെയും അവളുടെയും മുഖത്തേക്ക് മാറി മാറി നോക്കി.. പ്രിൻസി ആണെങ്കിൽ ഇതൊക്കെ എപ്പോന്നുള്ള മട്ടിൽ താടയ്ക്ക് കൈ വെച്ചു പോയി.. "എന്താ..ഇപ്പോ ഒന്നും പറയാനില്ലേ.. എല്ലാരുടേം നാവ് ഇറങ്ങിപ്പോയോ.. പ്രിൻസിപ്പൽ സാർ.. ഇനി എന്തെങ്കിലും..? ഈ രക്ഷിതാക്കളൊക്കെ പിരിഞ്ഞു പോകുന്നതിനു മുന്നേ തന്നെ പറയണം..

എന്നാൽ അല്ലേ എന്നെ നാണം കെടുത്താൻ കഴിയുകയുള്ളൂ.. താൻ എന്തെടോ കരുതിയെ.. നാലാൾക്ക് മുന്നിലേക്ക് വലിച്ചു നിർത്തി ചോദ്യം ചെയ്യുമ്പോഴേക്കും ഞാൻ അങ്ങ് വിയർത്തു കുളിക്കുമെന്നോ.. അതിനീ അമൻ താജ് രണ്ടാമത് ഒന്നു ജനിക്കണം.. നിങ്ങൾ ഇപ്പോൾ ഇങ്ങനൊരു സീൻ create ചെയ്തത് എന്തിനാണെന്ന് എനിക്ക് നന്നായി അറിയാം.. എന്നോടും ഇവളോടുമുള്ള പക വീട്ടൽ.. ഒരു കാരണവും ഇല്ലാതെ ഈ കോളേജിലെ ഒരു സ്റ്റുഡന്റ്റിനു നമ്മുടെ പ്രിൻസിപ്പൽ സാർ ഒരു ഡിസ്മിസ്സൽ അങ്ങ് കയ്യിൽ വെച്ചു കൊടുത്തു. അത് ഞാനൊന്നു ചോദ്യം ചെയ്തു.. അതാണ് ഇങ്ങേരു നേരത്തെ പറഞ്ഞ എന്റെ റൗഡീസം.. പകൽ മാന്യൻ ആയ തന്റെ മുഖം മൂടി ഞാൻ വലിച്ചു കീറട്ടെ.. പ്രിൻസിപ്പൽ എന്ന സ്ഥാനത്തു ഇരുന്നു താൻ ഈ കോളേജിൽ ചെയ്തു കൂട്ടുന്നത് എന്തൊക്കെ നെറികെട്ട പ്രവർത്തികളാണെന്ന് ഞാനീ കാണുന്ന പേരെന്റ്സ്നോട് ഒക്കെയൊന്നു പറഞ്ഞു കൊടുത്തോട്ടെ.. " എന്ന് അവൻ വളരെ പുച്ഛത്തോടെ പ്രിൻസിപ്പൽന്റെ മുഖത്തേക്ക് നോക്കി ചോദിച്ചതും അയാൾ നിന്നു വിയർക്കാൻ തുടങ്ങി.. "ഇയാൾ ഒക്കെ ഒരു പ്രിൻസിപ്പൽ ആണോ..?

കുട്ടികളോട് പക വെച്ചു നടക്കുന്നു.. പ്രതികാരം ചെയ്യുന്നു.. സ്വന്തം കോളേജിനെ തന്നെ തകർക്കാൻ നോക്കുന്നു.. " "അതെയതെ.. അല്ലെങ്കിൽ പിന്നെ ഭാര്യാ ഭർത്താക്കന്മാരായ ഈ കുട്ടികളെ ഒന്നിച്ച് കണ്ടതിനു എല്ലാവരെയും വിളിച്ചു കൂട്ടി ഇങ്ങനൊക്കെ ചെയ്യുമോ.. ചേ.. ഈ കുട്ടികളെ മാത്രമല്ല.. ഈ കോളേജിനെ തന്നെയാണ് ഇപ്പോൾ ഇയാൾ നാണം കെടുത്തിയിരിക്കുന്നത്.. ഇങ്ങനെയുള്ള പ്രിൻസിപ്പൽ തന്നെയാണ് ഈ കോളേജിന്റെ ഏറ്റവും വല്യ അപമാനം.. " അത്രേം നേരം താജ്നെ വിമർശിച്ചു കൊണ്ടിരുന്നവർ ഞൊടി ഇടയിൽ പ്രിൻസിക്ക് നേരെ തിരിഞ്ഞ് പരിഹാസത്തോടെയും പുച്ഛത്തോടെയും നോക്കിക്കൊണ്ട് വിമർശനം ഉന്നയിക്കാൻ തുടങ്ങി.. പ്രിൻസിപ്പൽന് തല ഉയർത്താൻ പറ്റിയില്ല. അഭിമാനം നഷ്ടപ്പെട്ടു പോകുന്നത് അയാൾ അറിഞ്ഞു.. നാണം കെട്ടു തല താഴ്ത്തി നിന്നു.. "എല്ലാവരും പിരിഞ്ഞു പോകണം.. ഇന്നിനി ഫങ്ക്ഷൻ ഒന്നും നടക്കുന്നതല്ല..ആരും പ്രതീക്ഷിക്കാതെയാണ്‌ ഈ സംഭവങ്ങളൊക്കെ.. ഈ പരിപാടി ഇവളുടെ ഡ്രീം ആയിരുന്നു.

ഇങ്ങനൊരു അവസ്ഥയിൽ ഇവൾക്ക് സന്തോഷിക്കാനോ അതിൽ ആക്റ്റീവ് ആയി പങ്കെടുക്കാനോ സാധിക്കില്ല.സോ മുന്നോട്ടു കൊണ്ടു പോകാൻ പ്രായാസമുണ്ട്.. ക്ഷണം സ്വീകരിച്ചു ഇവിടേക്ക് എത്തി ചേർന്ന എല്ലാ രക്ഷിതാക്കൾക്കും നന്ദി.. അതോടൊപ്പം ക്ഷമയും ചോദിച്ചു കൊള്ളുന്നു,, ഇങ്ങനൊക്കെ സംഭവിച്ചതിന്.. ഈ കോളേജിന്റെ പേരിൽ തന്നെ ക്ഷമ ചോദിക്കുന്നു.. ഏവരും പിരിഞ്ഞു പോകണം.. " അഞ്ജലി മിസ്സ്‌ എല്ലാവരോടുമായി പറഞ്ഞു.. സ്റ്റുഡന്സും പേരെന്റ്സുമൊക്കെ അടക്കി പിടിച്ച സംസാരവുമായി ഓരോ വഴിക്ക് നീങ്ങി.. സ്റ്റാഫ്‌സ് എല്ലാവരും പ്രിൻസിപ്പലിനെ വല്ലാത്തൊരു പുച്ഛത്തോടെ നോക്കി.. അവരും ഒട്ടും കുറച്ചില്ല.. പ്രിൻസിയെ പറയാൻ ഉള്ളത് മുഴുവൻ പറഞ്ഞു. ശേഷം ലൈലയെ സമാധാനിപ്പിച്ചു അവിടെന്ന് പോയി..അവനും അവളും എബിയും മുന്നയും നുസ്രയും അവന്റെ ഉപ്പയും പ്രിൻസിപ്പലും അഞ്ജലി മിസ്സും മാത്രം ബാക്കിയായി. "ഞാൻ സംസ്കാരം വിട്ടു പെരുമാറാറില്ല.. പക്ഷെ എന്റെ മകൻ അങ്ങനെ അല്ല.. ദേഷ്യം വന്നാൽ മുന്നിൽ ഉള്ളത് ആരാണെന്നു പോലും നോക്കില്ല ഇവൻ..ഇപ്പോൾ അടങ്ങി നിന്നത് ഞാൻ ഉള്ളത് കൊണ്ടായിരിക്കാം..

ഇനി അങ്ങനെ നിന്നെന്ന് വരില്ല. ഇനിയെങ്കിലും നന്നാവാൻ നോക്ക്.. കുട്ടികൾക്ക് മാതൃക ആവേണ്ട ഒരു അധ്യാപകനാണ് നിങ്ങൾ.. ഒരു സമൂഹത്തിനെ വാർത്തെടുക്കേണ്ടവനാണ് ഒരു അദ്ധ്യാപകൻ.. ഒരു നല്ല അദ്ധ്യാപകന് മാത്രമേ ഒരു നല്ല തലമുറയെ സൃഷ്ടിക്കാൻ കഴിയൂ.. ഇനി എന്ത് ചെയ്യുമ്പോഴും ഈ കാര്യങ്ങൾ ഓർമയിൽ ഉണ്ടായിരിക്കണം.. So try your best." അവന്റെ ഉപ്പ പ്രിൻസിപ്പലിനോട് സൗമ്യമായി പറഞ്ഞു.. "Dad.. Please stop it.. ഇങ്ങനെയൊന്നുമല്ല ഇയാളോട് പറയേണ്ടത്.. എങ്ങനെ ആണെന്ന് ഞാൻ കാണിച്ചു തരാം.. " എന്നും പറഞ്ഞോണ്ട് താജ് ചുമന്ന് വിറക്കുന്ന മുഖത്തോടെ പ്രിൻസിയുടെ അടുത്തേക്ക് ചെന്നു. "കഴിഞ്ഞ തവണ തന്നതു ലാസ്റ്റ് വാണിംഗ് ആയിരുന്നു.. ഒന്നും മനസ്സിലാകില്ലന്ന് വെച്ചാൽ എന്താ ചെയ്യുക.. ഇനി തനിക്ക് എന്റെ കയ്യിൽ നിന്നും രക്ഷയില്ല.. പക വീട്ടാൻ അവസരം കാത്തു നിന്നത് ആണല്ലേ.. കിട്ടിയ അവസരം കേങ്കേമമായി മുതലാക്കുകയും ചെയ്തല്ലേ.. എന്നാൽ താൻ കേട്ടോ.. ഇവൾ എന്റെ ഭാര്യയൊന്നുമല്ല.. ഇവളുമായി എനിക്കുള്ള ഒരേ ഒരു ബന്ധം ഞാൻ ഇവളെ സ്നേഹിക്കുന്നു എന്നതാണ്.. ഇവൾക്ക് ആണെങ്കിൽ അത് പോലും ഇല്ല താനും.. ഇവളെന്നെ സ്നേഹിക്കുന്നില്ല..

ഒഴിഞ്ഞു മാറിയിട്ടേയുള്ളൂ എപ്പോഴും.. പുറത്തേക്ക് വരാൻ നിന്നവളെ ഞാനാ അകത്തു പിടിച്ചു വെച്ചതും തടഞ്ഞു നിർത്തിയതും.. അത് ഞാൻ ചെയ്ത തെറ്റ്.. അത് ഞാൻ സമ്മതിച്ചു തരുന്നു.. പക്ഷെ അത് ഏറ്റെടുത്തു രംഗം ഇത്രേം അടിപൊളി ആക്കിയത് തന്റെ മിടുക്ക്.. അതിന് തനിക്ക് ഞാൻ എന്തെങ്കിലും തരണ്ടേ.. " എന്നും പറഞ്ഞു അവൻ പ്രിൻസിയുടെ കഴുത്തിനു പിടിക്കാൻ നോക്കി.. " Taaj.. No " അപ്പൊത്തന്നെ ഉപ്പയും എബിയും ഒന്നിച്ച് വന്നു അവനെ തടഞ്ഞു.. അവൻ നിന്നു കുതറാൻ തുടങ്ങി. "അവനെ വിട്.. അവൻ എന്തുവേണമെങ്കിലും ചെയ്യട്ടെ.. പക്ഷെ എന്നെ ചെയ്തത് കൊണ്ടു ഒരു കാര്യവുമില്ല.. ഇവൾക്ക് ഏറ്റ അപമാനം ഇല്ലാതെ ആക്കാൻ കഴിയുമോ നിനക്ക്.. ഏവർക്കും മുന്നിൽ നീ ഗംഭീരമായി പെർഫോം ചെയ്തു.. അവരൊക്കെ വിശ്വസിക്കുകയും ചെയ്തു ഇവൾ നിന്റെ ഭാര്യ ആണെന്ന്.. ഇനി ഇവൾക്ക് ഒരു ജീവിതമുണ്ടോ.. ഇന്നലെ വരെ ഉണ്ടായത് പോലെ അല്ല..

ഇനി ഇവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ആരും ഇവളെ വെറുമൊരു പെണ്ണായി കാണില്ല.. നിന്റെ പെണ്ണായേ കാണുകയുള്ളൂ.. മേയർ പുത്രന്റെ ഭാര്യ അല്ലെങ്കിൽ മേയറുടെ മരുമകൾ എന്നൊക്കെയുള്ള ഐഡന്റിറ്റിയിലാ ഇനിമുതൽ ഇവൾ അറിയപ്പെടുക.. തീർന്നില്ലേ അവിടെ.. ഇനി കല്യാണ ആലോചന വരുമോ ഇവൾക്ക്.. വന്നാൽ തന്നെ എന്താ പറയുക. രണ്ടാം കെട്ടാണെന്ന്. ഇതാ ഞാൻ പറഞ്ഞത്. ഇവളുടെ ജീവിതം നശിച്ചു.. നശിപ്പിച്ചു നീ.. അതിന് നിന്റെ ഉപ്പയും കൂട്ട് നിന്നു.. സത്യം അറിയാമായിരുന്നല്ലോ.. ഇവൾ നിന്റെ ഭാര്യ അല്ലാന്നു മാത്രമല്ല. ഇവൾക്ക് നിന്നോട് ഒരു തരി പോലും ഇഷ്ടമില്ലന്ന് നിന്റെ ഉപ്പാക്ക് അറിയാമല്ലോ.. എന്നിട്ടും എന്ത്കൊണ്ട് ആൾകൂട്ടത്തിനു മുന്നിൽ വെളി പെടുത്തിയില്ല.. സ്വാർത്ഥത.. തികച്ചും സ്വാർത്ഥത. സ്വന്തം മകൻ ആർക്ക് മുന്നിലും തെറ്റ്കാരൻ ആവാൻ പാടില്ല.. മകൻ ഒരാൾക്ക് മുന്നിലും തല കുനിക്കാൻ പാടില്ല.. അതല്ലേ കാര്യം.. നിങ്ങളൊക്കെ കൂടി ഇവളുടെ ജീവിതമാ ഇല്ലാതാക്കിയത്. അത് മറക്കണ്ട.. " പ്രിൻസി അവനെയും അവന്റെ ഉപ്പനെയും പുച്ഛിച്ചു തള്ളി മുന്നോട്ടു നടന്നു..അവളുടെ മനസ്സിൽ താജ്നോടും അവന്റെ ഉപ്പാനോടും ദേഷ്യം ഉടൽ എടുക്കണമെന്ന് ആയിരുന്നു പ്രിൻസിയുടെ മനസ്സിൽ..

ഏവർക്കും മുന്നിൽ തന്നെ അപമാനിച്ചതിന്റെ അമർഷമായിരുന്നു താജ്നോട് അയാൾക്ക്‌.. "ആ പിന്നെ.. ഇമ്പോര്ടന്റ്റ്‌ ആയുള്ള ഒരു കാര്യം വിട്ടു പോയി.. നീ എന്നോട് അലറിയിട്ടൊ എന്നെ കൊല്ലാൻ നോക്കിയിട്ടൊ ഒന്നും ഒരു കാര്യവുമില്ല.. കാരണം ഞാൻ അല്ല നിന്റെയും ഇവളുടെയും യാഥാർഥ ശത്രു.. അത് നിന്നെയും ഇവളെയും അടുത്ത് അറിയുന്ന നിങ്ങളോട് ഒപ്പമുള്ള ഒരാളാ.. അയാളാ ഇപ്പോ ഈ നടന്നതിനൊക്കെ പിന്നിൽ.. എനിക്ക് ഒരു ഇൻഫർമേഷൻ കിട്ടി.. ഞാൻ വന്നു.. നോക്കി.. അത്രമാത്രം.. പിന്നെ നീ പറഞ്ഞത് പോലെ കിട്ടിയ അവസരം ഒന്നു മുതലാക്കുകയും ചെയ്തു.. ഒന്നുമില്ലങ്കിലും എന്നെ ഒരുപോലെ വിറപ്പിച്ചു കളഞ്ഞവരല്ലേ നിങ്ങൾ രണ്ടും. ആ ദേഷ്യം എനിക്ക് ഇല്ലാതെ നിക്കുമോ.. " മുന്നോട്ടു നടന്ന പ്രിൻസി പെട്ടെന്ന് തിരിഞ്ഞു അവനെയും അവളെയും നോക്കി പറഞ്ഞു. അപ്പോഴും അയാളുടെ മുഖത്ത് പരിഹാസം. കണ്ണുകളിൽ അവനോടുള്ള ദേഷ്യം.. പിന്നെ അവിടെ നിന്നില്ല..

അവനെയും അവളെയും ചുട്ടു എരിക്കുന്നത് പോലെ ഒന്നു നോക്കി രംഗം വിട്ടു.. "താജ്.. അയാൾ പറഞ്ഞത് കേട്ടല്ലോ.. നീ ഒറ്റ ഒരുത്തൻ കാരണമാ ഇവൾ ഇപ്പോ ഇത്രേം പേർക്കു മുന്നിൽ കണ്ണ് നിറച്ചു തല താഴ്ത്തി നിക്കേണ്ടി വന്നത്.. ഒരിക്കലും നിന്റെ പേരിലോ നീ കാരണമോ ഇവൾ അപമാനിതയാവാൻ പാടില്ല.. അതിന് ഞാൻ സമ്മതിക്കില്ല.. ഇന്നീ നിന്നത് പോലെ ഇനി വരും ദിവസങ്ങളിലും ഇവൾ നിന്റെ പേര് കാരണം മറ്റുള്ളവർക്കു മുന്നിൽ തല കുനിക്കാൻ പാടില്ല.. അങ്ങനെയൊരു അവസരം ഉണ്ടാവരുത് താജ്.. ഞാൻ ചിലത് തീരുമാനിച്ചിട്ടുണ്ട്.. നീ വാ.. ഇവളെയും കൂട്ടി വാ.. " അവന്റെ ഉപ്പ ഉറച്ച ശബ്‌ദത്തോടെ പറഞ്ഞു. അവനും അവളും ഒരുപോലെ ഞെട്ടി തരിച്ചു ഉപ്പാന്റെ മുഖത്തേക്ക് നോക്കി.. "ഡാഡ്.. എന്തൊക്കെയാ ഈ പറയുന്നത്.. അവൾക്ക് എന്ത് സംഭവിച്ചൂന്നാ. എന്ത് അപമാനം ഉണ്ടായിന്നാ.. ഒന്നും ഉണ്ടായിട്ടില്ല.. ആരും ഇവളെ കുറ്റം പറഞ്ഞിട്ടില്ലല്ലോ.. അതിന് ഞാൻ അനുവദിച്ചിട്ടില്ലല്ലോ..

നുണ പറഞ്ഞിട്ടായാലും ഞാൻ ഇവളെ രക്ഷിച്ചില്ലേ.. പിന്നെന്താ പ്രശ്നം.. " അവന് വല്ലാതെ ദേഷ്യം വന്നു.. "എന്ത് പറഞ്ഞാ നീ ഇവളെ രക്ഷിച്ചത്.. നിന്റെ ഭാര്യ ആണെന്ന് പറഞ്ഞിട്ടല്ലേ.. എന്താ അതിന്റെ അർത്ഥം.. ഇവൾ നിന്റെ ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞു എന്നല്ലേ.. ഇപ്പോ എല്ലാവരുടെയും മനസ്സിൽ ഉള്ളത് അങ്ങനെ അല്ലേ താജ്.. പ്രിൻസിപ്പൽ പറഞ്ഞത് പോലെ ഇപ്പോ നാലാളുകൾക്ക് മുന്നിൽ ഇവളുടെ ഐഡന്റിറ്റി എന്താ.. നീയൊന്നു ചിന്തിച്ചു നോക്ക്.. തെറ്റ് നിന്റെ ഭാഗത്താ.. നീ കാരണം ഇവളുടെ ജീവിതം ഇല്ലാതെ ആവാൻ പാടില്ല താജ്.. നീ പറഞ്ഞ നുണ നീ സത്യമാക്കണം.. ഭാര്യ ആണെന്ന് പറഞ്ഞാൽ ഭാര്യ ആയിരിക്കണം.. അല്ലെങ്കിൽ ആക്കണം.. ഇപ്പൊ അത് ചെയ്തെ പറ്റു നീ.. അത് മാത്രമേയുള്ളൂ നീ ഇവളോട് ചെയ്ത തെറ്റിനുള്ള പരിഹാരം.. അല്ലെങ്കിൽ നാളെ നിനക്കും ഇവൾക്കും എതിരെ വരുന്ന ചോദ്യങ്ങൾക്ക് കയ്യും കണക്കും ഉണ്ടാകില്ല.. ഒന്നിനും ഉത്തരം പറയാനോ ഈ സമൂഹത്തിനെ നേരിടാനോ ഒന്നും നിനക്കോ ഇവൾക്കോ കഴിഞ്ഞെന്നു വരില്ല.. അത് കൊണ്ടാ പറയുന്നത്.. വാ.. ഞാൻ തീരുമാനിച്ചു കഴിഞ്ഞു..

" അവനൊന്നും മിണ്ടിയില്ല.. ചെയ്തത് തെറ്റാണെന്നു ബോധ്യം ഉണ്ടായിരുന്നു. അതോടൊപ്പം മനസ്സിൽ ചില തീരുമാനങ്ങളും.. അവൻ വാന്നും പറഞ്ഞു അവളുടെ കയ്യിൽ പിടിച്ചു. അവൾ പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.. "വരാൻ.. " അവൻ കയ്യിലെ പിടി മുറുക്കി.. അവൾ ഇല്ലെന്നുള്ള അർത്ഥത്തിൽ തലയാട്ടി.. " വരാൻ അല്ലേ പറഞ്ഞത്.. " അവൻ ദേഷ്യത്തോടെ അവളുടെ കൈ വലിച്ചു.. അവൾ മുന്നിലേക്ക് തെറിച്ചു അവന്റെ നെഞ്ചിൽ തട്ടി നിന്നു.. അവൾ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. "ഇല്ല.. ഞാൻ വരില്ല.. വിട്.. കയ്യിന്ന് വിട്.. " അവൾ ഒരേസമയം ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു..ആ മനസ്സിലെ വേദന അവൻ അറിയുന്നുണ്ടായിരുന്നു. കയ്യിലെ പിടി വിട്ടു.. അവൾ വേഗം അവിടുന്ന് പോകാൻ നോക്കിയതും അവന്റെ ഉപ്പ അവളെ വിളിച്ചു.. അവൾക്ക് ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. തല താഴ്ത്തി നിന്നു.. ഉപ്പ അവളുടെ അടുത്തേക്ക് ചെന്നു. "മോളെന്നോട് ക്ഷമിക്കണം.. അവസരം മുതലാക്കുകയാണെന്ന് കരുതരുത്.. ഇപ്പൊ ഇങ്ങനൊരു തീരുമാനം എടുക്കാനേ എനിക്ക് കഴിയുകയുള്ളൂ.. അതൊരു ഉപ്പ എന്ന നിലയിൽ മാത്രമല്ല.

സമൂഹത്തിൽ നിലയും വിലയുമുള്ള ഒരു വ്യക്തി എന്ന നിലയിലും കൂടിയാ.. നാളെ ഏവരും ചോദിക്കും എന്നോട് ഇതിനെക്കുറിച്ച്.. അപ്പൊ ഞാൻ എന്ത് മറുപടി നൽകും.. എന്റെ മകന്റെ തെമ്മാടിത്തരങ്ങളിൽ ഒന്നു മാത്രം ആയിരുന്നു ഇതെന്നോ.. മോളെയും കൂടിയാ അത് ബാധിക്കുക.. ഇവൻ ചെയ്ത തെറ്റിന് ക്ഷമ ചോദിച്ചിട്ട് കാര്യമില്ല.. ആ തെറ്റിനെ ശെരിയാക്കാനെ ഈ ഉപ്പാക്ക് കഴിയുകയുള്ളൂ.. മോൾടെ മനസ്സിൽ എന്താണെന്ന് മോള് പറയാതെ തന്നെ എനിക്ക് അറിയാം..പക്ഷെ ഇപ്പൊ ഇതല്ലാതെ മറ്റൊരു വഴിയുമില്ല മുന്നിൽ..മോളതു മനസ്സിലാക്കണം.. ഞാൻ ഇവന്റെ ഭാഗത്തു നിക്കുന്നത് അല്ല.. മോൾടെ ഭാവി കൂടെ ഓർക്കണം..ഇതിന് സമ്മതിക്കണം.. എനിക്ക് വേണ്ടി എങ്കിലും.." അവന്റെ ഉപ്പ യാചിക്കുന്നത് പോലെ പറഞ്ഞു.അവൾ പറ്റില്ലന്നും പറഞ്ഞു രണ്ടു കൈ കൊണ്ടും മുഖം പൊത്തി പിടിച്ചു നിന്നു പൊട്ടി കരയാൻ തുടങ്ങി.. താജ്നു അത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൻ വേഗം മുഖം വെട്ടിച്ചു കളഞ്ഞു..

പേശികൾ വലിഞ്ഞു മുറുകിയിരുന്നു അവന്റെ. പ്രിൻസിയെ വിവരം അറിയിച്ചവനെ കയ്യിൽ കിട്ടിയാൽ തുണ്ടം തുണ്ടം ആക്കി കളഞ്ഞേനെ അവൻ.. നുസ്ര അവളുടെ അടുത്തേക്ക് ചെന്നു.. "കരയല്ലേടീ.. നിന്റെ നല്ലതിന് വേണ്ടിയാ.. താജ്നെയും ഉപ്പനെയും അനുസരിക്ക് ലൈല.. വാശി കാണിക്കാനുള്ള സമയമല്ല.. നിനക്ക് തന്നെയാ നഷ്ടം.. നിന്നെ വേദനിപ്പിക്കാൻ അല്ല.. നിന്റെ നല്ലതിന് വേണ്ടിയാ പറയുന്നതെന്നു ഒന്നു മനസ്സിലാക്കടീ.. മുന്നോട്ടുള്ള കാര്യങ്ങൾ ചിന്തിക്ക്.. ഈ കരച്ചിൽ ഒന്നു നിർത്ത്... " നുസ്ര അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..എബിയും വേദനയോടെ അവളുടെ അടുത്തേക്ക് വന്നു. നുസ്ര പറഞ്ഞത് തന്നെ എബിയും പറഞ്ഞു..അഞ്ജലി മിസ്സിന്റെ അഭിപ്രായവും അതുതന്നെ ആയിരുന്നു.. എല്ലാവരും കൂടെ അവളെ പറഞ്ഞു മനസ്സിലാക്കാനും നിർബന്ധിക്കാനുമൊക്കെ തുടങ്ങി.. അവൾ നിറ കണ്ണുകളോടെ മുന്നയുടെ മുഖത്തേക്ക് നോക്കി.. അവന്റെ മുഖത്ത് വേദന മാത്രം.. വേണ്ട ലൈലാന്നുള്ള ഭാവത്തിൽ അവൻ അവളെ നോക്കി തലയാട്ടി.. നീ താജ്ന് ഉള്ളതല്ല.. പകരം മറ്റൊരാൾക്ക് ഉള്ളതാണെന്ന് മുന്നയുടെ മനസ് മന്ത്രിച്ചു കൊണ്ടേയിരുന്നു..

അത് കൊണ്ടു ഒന്നും വേണ്ടാന്നുള്ള അർത്ഥത്തിൽ മുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. മുന്നയുടെ വേദന അവൾക്ക് മനസ്സിലായി.. അവളുടെ ഉള്ളം എന്തെന്ന് ഇല്ലാതെ പിടയാൻ തുടങ്ങി.. എന്തു ചെയ്യണമെന്നൊന്നും അറിഞ്ഞില്ല. ഒരുനിമിഷം കണ്ണുകൾ അടച്ചു ഭിത്തിയിലേക്ക് ചേർന്ന് നിന്നു.. 🍁🍁🍁🍁🍁🍁 കവിളത്തേറ്റ അടിയുടെ ആഘാതത്തിൽ നുസ്ര ഡെസ്കിലേക്ക് മറിഞ്ഞു വീണു.. "പറയെടി.. നീയല്ലേ അത് ചെയ്തത്..? " അവൾ എഴുന്നേൽക്കുന്നതിന് മുന്നേ അവൻ അവളുടെ മുടി കുത്തിൽ പിടിച്ചു ഉയർത്തി.. "ഞാനല്ല.. എനിക്കൊന്നും അറിയില്ല.. വിട് മുന്ന.. " അവൾ മുടി കുത്തിലുള്ള അവന്റെ പിടി വിടുവിക്കാൻ നോക്കി.. "മര്യാദക്ക് ചോദിച്ചാൽ പറയില്ല നീ.. നിന്നെക്കൊണ്ട് പറയിപ്പിക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ.. " എന്ന് പറഞ്ഞ് പിടിച്ച പിടിയാലെ അവൻ അവളെ നിലത്തേക്ക് തള്ളി. "ആാാ... " അവൾ നെറ്റിയിടിച്ചു വീണു.. "പറയെടി.. നീയല്ലേ അത് ചെയ്തതെന്നു ഇനി ഞാൻ ചോദിക്കില്ല.. നീയാണെന്ന് നിന്റെ മുഖം വിളിച്ചു പറയുന്നുണ്ട്.. എന്തിന്.. എന്തിന് വേണ്ടിയെന്നു മാത്രം അറിഞ്ഞാൽ മതി എനിക്ക്.. പറയെടി ചൂലേ..

അല്ലെങ്കിൽ നിന്റെ ശവം അടക്ക് ഇവിടെ നടക്കും.. " അവൻ തിളച്ചു മറിഞ്ഞു കൊണ്ടു വീണ് കിടക്കുന്ന അവളുടെ കഴുത്തിന് പിടിച്ചു.. അവൾ അപ്പൊത്തന്നെ അവനെ പിടിച്ചു പിന്നിലേക്ക് തള്ളി.. അവൻ മലർന്നടിച്ചു വീണതും അവൾ പിടഞ്ഞു എണീറ്റു.. "ഞാനല്ല.. എനിക്കൊന്നും അറിയില്ലന്നു പറഞ്ഞില്ലേ.. എത്ര നേരമായി ഞാനിത് തന്നെ പറയുന്നു..നീ എന്തിനാ എന്നെ ഉപദ്രവിക്കുന്നെ.. ഞാനൊന്നും ചെയ്തിട്ടില്ല.. " അവൾ കഴുത്തു തടവിക്കൊണ്ട് പറഞ്ഞു.. അവൻ അതൊന്നും കേട്ടില്ല.. എണീറ്റു വന്നു അവളെ പിടിച്ചു നിർത്തി ഇരു കവിളിലും മാറി മാറി അടിക്കാൻ തുടങ്ങി. "മുന്നാ.. അടിക്കല്ലേ.. ഞാൻ.. ഞാൻ പറയാം.. ഞാൻ തന്നെയാ അത് ചെയ്തത്.. " അവൾ അവന്റെ കൈ തടഞ്ഞു വെച്ചു.. വേദന സഹിക്കാൻ ആവാതെ നിലത്തേക്ക് ഊർന്നു ഇരുന്നു.. "എന്തിന് വേണ്ടിയെടീ..? " മുന്ന പല്ല് കടിച്ചു പിടിച്ചു ചോദിച്ചു. "താജ്ന് ലൈലയെയും എനിക്ക് നിന്നെയും നഷ്ട പെടാതെയിരിക്കാൻ വേണ്ടി.. " അവൾ തളർച്ചയോടെ പറഞ്ഞു..

മുന്ന ഞെട്ടി തരിച്ചു നിന്നു.. "സത്യമാ പറഞ്ഞത്.. താജ്ന്റെ പ്രണയം നഷ്ടപ്പെടരുത് എന്ന് തോന്നി.. അതിനേക്കാൾ ഏറെ എന്റെ പ്രണയവും.. എനിക്ക് നിന്നെ നഷ്ടപ്പെട്ടു പോകുമോന്നു ഞാൻ ഭയന്നു.. " അവൻ തരിച്ചു നിൽക്കുന്നത് കണ്ടു അവൾ പറഞ്ഞു.. "കൊല്ലുമെടീ പന്നി നിന്നെ ഞാൻ.. " എന്നും അലറിക്കൊണ്ട് അവൻ വീണ്ടും അവളെ പിടിച്ചു നിർത്തി മുഖം അടക്കിയൊന്നു പൊട്ടിച്ചു.. വേദനയോടെ വീഴാൻ പോയ അവളെ അവൻ ഭിത്തിയിലേക്ക് ചേർത്തു കഴുത്തിനു കുത്തി പിടിച്ചു.. "മു.. മുന്നാ..വേ..വേണ്ടാ... " അവൾ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി.. "ചീ.. നിന്നെ പോലൊരു വഞ്ചകിയെ ആണല്ലോടീ ഞാനും ലൈലയും ഇത്രേം നാള് ഫ്രണ്ട് ആണെന്ന് പറഞ്ഞു കൂടെ കൂട്ടിയതും വിശ്വസിച്ചതും.. " അവൻ കഴുത്തിലുള്ള പിടി വിട്ടു അവളെ സൈഡിലേക്ക് തള്ളി മാറ്റി.. അവൻ വേദനയോടെ ബെഞ്ചിലേക്ക് ഇരുന്നു. ആദ്യമായിട്ടാണ് ഒരു പെണ്ണിന്റെ ദേഹത്ത് കൈ വെക്കുന്നത്.. അതും വിശ്വാസം നേടി എടുത്ത ഒരു പെണ്ണ്..

വഞ്ചിച്ചു എന്നറിഞ്ഞപ്പോൾ പെട്ടെന്ന് നിയന്ത്രണം വിട്ടു പോയി. അതോടൊപ്പം ലൈലയുടെ അവസ്ഥ കൂടി ഓർത്തതും നെഞ്ച് പൊട്ടുന്നത് പോലെ തോന്നി അവന്. "മുന്നാ.. " അവൾ അവന്റെ അടുത്തേക്ക് ചെന്നു. "വിളിക്കരുത് നീ ഇനി എന്നെ അങ്ങനെ.. എന്ത് ദ്രോഹമാടി അവൾ നിന്നോട് ചെയ്തത്.. ആ പാവത്തിനോട് ഇങ്ങനൊരു ചതി കാണിക്കാൻ എങ്ങനെ മനസ് വന്നു നിനക്ക്.. നീയെന്നു പറഞ്ഞാൽ നൂറ് നാവാ അവൾക്ക്.. ഫ്രണ്ട് ആണെന്നല്ല,, സ്വന്തം സഹോദരി ആണെന്നാ നിന്നെ അവൾ പറയാറ്.. എന്നിട്ടും നീ.. " "അതൊക്കെ നീ പറയാതെ തന്നെ എനിക്കറിയാം മുന്നാ.. അവൾക്ക് എന്നോടുള്ള അതേ ഇഷ്ടവും സ്നേഹവും എനിക്ക് അവളോടുമുണ്ട്.. പക്ഷെ നീ.. നീ അവളോട്‌ അടുപ്പം കാണിക്കുന്നത് എനിക്കിഷ്ടമല്ല.. നീയും അവളും തമ്മിലുള്ള അടുപ്പം കാണുമ്പോഴോക്കെ എനിക്ക് ദേഷ്യമാ വരാറ്.. കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു മുന്നാ.. ഇന്നീ ലോകത്ത് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം നീയാ..

തുറന്നു പറയണമെന്ന് പലപ്പോഴും കരുതിയതാ.. പക്ഷെ ലൈല.. അവൾ എപ്പോഴും എനിക്കൊരു തടസ്സമായിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും അവൾ ഉണ്ടാകും.. നിന്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നത് നീയല്ല, അവളാണെന്ന് എലെക്ഷന്റെ കാര്യത്തോടെ എനിക്ക് മനസ്സിലായി..അപ്പൊ എന്റെ ഇഷ്ടം അവൾ വേണ്ടാന്ന് പറഞ്ഞാൽ നീ വേണ്ടാന്ന് വെക്കുമെന്ന് തോന്നി.. നീയും അവളും തമ്മിൽ ഫ്രണ്ട്ഷിപ്പിൽ കവിഞ്ഞു മറ്റൊന്നും ഇല്ലെന്ന് എനിക്കറിയാം.. എന്നാലും സ്നേഹിക്കുന്ന പുരുഷൻ മറ്റൊരു പെണ്ണിനോട് കൂടുതൽ ആയി അടുപ്പം കാണിക്കുന്നതും കെയർ ചെയ്യുന്നതുമൊന്നും ലോകത്ത് ഒരു പെണ്ണിനും ഇഷ്ട പെടില്ല.. അത് സഹിക്കാൻ ഒരു പെണ്ണിനും കഴിയില്ല.. നഷ്ട പെടുമെന്ന തോന്നലേ ഉണ്ടാവുകയുള്ളൂ എപ്പോഴും.. അത് കൊണ്ടാ ഞാൻ.. എന്റെ സ്വാർത്ഥതയാ.. നീയെന്നെ മനസ്സിലാക്കണം മുന്നാ.. നിന്നോടുള്ള ഇഷ്ടം കൊണ്ടാ ഞാൻ ഇങ്ങനൊക്കെ.. " അവൾ പറഞ്ഞു തീർന്നില്ല.. എഴുന്നേറ്റു ഒരെണ്ണം കൂടി കൊടുത്തു അവളുടെ ചെകിടു നോക്കി..

"ഇനിയൊരക്ഷരം മിണ്ടിയാൽ നിന്റെ നാവ് ഞാൻ പിഴുതു എടുക്കും.. ഇന്നും ഇന്നലെയുമൊന്നുമല്ല.. പരിചയപ്പെട്ട അന്ന് മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതാ.. ഞാൻ എങ്ങോട്ട് തിരിഞ്ഞാലും നിന്റെ കണ്ണുകൾ എന്റെ മേലേ ഉണ്ടാകും. പ്രത്യേകിച്ച് ലൈല എന്റെ ഒന്നിച്ച് ഉണ്ടാകുന്ന നേരത്ത്.. അപ്പോഴൊക്കെ ഞാൻ കരുതി അത് ലൈലയെ കുറിച്ച് അറിയാൻ വേണ്ടി ആയിരിക്കുമെന്ന്.. പക്ഷെ അതല്ലന്നു മനസ്സിലായത് അന്ന് ഞാനും താജുo തമ്മിൽ സ്റ്റണ്ട് ഉണ്ടായ ദിവസമാ.. അന്ന് ലൈല എന്നെയും വലിച്ചു അവിടെന്ന് പോകുമ്പോൾ നിന്റെ മുഖം വല്ലാതെ ആയത് ഞാൻ ശ്രദ്ധിച്ചതാ.. എന്നിട്ടും കാര്യമാക്കിയില്ല.. എന്റെ തോന്നൽ ആവുമെന്ന് കരുതി വിട്ടു കളഞ്ഞു.. നിന്നോടുള്ള പെരുമാറ്റത്തിൽ ഞാനൊരു മാറ്റവും വരുത്തിയില്ല.. ദിവസം ചെല്ലുന്തോറും അടുപ്പം കൂട്ടിയിട്ടേയുള്ളൂ.. പക്ഷെ അപ്പോഴൊക്കെ നീ എന്നിൽ സംശയം ഉണ്ടാക്കി കൊണ്ടിരുന്നു നുസ്ര.. ഞാനും നീയും ലൈലയും ഒരുമിച്ച് ഉണ്ടാകുന്ന നേരത്തു തന്നെ നീ സ്നേഹത്തിന് പകരം അവളെ അസൂയയോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഇന്നലെ ഷോപ്പിങ് മാളിലെ നിന്റെ പെരുമാറ്റം..

ഉള്ളിൽ സംശയങ്ങൾ ഉണ്ടാകുമ്പോൾ ഒക്കെ അത് ഇല്ലാതെ ആക്കി കൊണ്ടിരുന്നത് ലൈലയാ.. അവൾക്ക് നിന്നോടുള്ള സ്നേഹവും വിശ്വാസവുമാ.. അതിന് മുന്നിൽ എനിക്ക് നിന്നിലുള്ള സംശയങ്ങളൊക്കെ ആവിയായി പോയി എന്ന് വേണം പറയാൻ.. താജ് വാഷ് റൂമിന്റെ ഭാഗത്തുണ്ടെന്നു പറഞ്ഞു ലൈലയെ നീ അങ്ങോട്ടേക്ക് പറഞ്ഞയക്കുന്നത് ഞാൻ കണ്ടിരുന്നു.. എപ്പോഴും എന്റെ ഒരു കണ്ണ് ലൈലയുടെ മേലിൽ ഉണ്ടാകും.. അത് അവക്കൊരു ആപത്തും സംഭവിക്കാൻ പാടില്ലന്നുള്ളത് കൊണ്ടാ.. ഇന്നത് ഇല്ലാതെ ആയത് നീ കാരണമാ.. നീ അവളുടെ പിന്നാലെ പോകുന്നത് ഞാൻ കണ്ടു.. നീ ഉണ്ടല്ലോന്നുള്ള സമാധാനത്തിലാ ഞാൻ ലൈലയെ നോക്കി ചെല്ലാതെ അവിടെ എബിയോടു സംസാരിച്ചു നിന്നത്.. കുറച്ചു കഴിഞ്ഞു നീ വരുന്നത് കണ്ടു.. അവളെ കണ്ടില്ല.. അന്നേരം നിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു നുസ്ര. ലൈല എവിടെന്നു ഞാൻ ചോദിക്കാൻ വരുമ്പോഴാ ഇവിടുന്ന് എല്ലാരും കൂടെ റസ്റ്റ്‌ റൂമിന്റെ ഭാഗത്തേക്ക്‌ ഒരു പ്രവാഹം നടത്തിയത്.. അവിടെ ഓരോ സംഭവങ്ങൾ അരങ്ങേറുമ്പോഴും നീ നിന്നു വിയർക്കുന്നുണ്ടായിരുന്നു.. ഒടുക്കം എല്ലാം കഴിഞ്ഞപ്പോൾ നീ ലൈലയുടെ അടുത്തേക്ക് ചെന്നു. അത് അവളെ ആശ്വസിപ്പിക്കാൻ വേണ്ടി അല്ല. താജ്ന്റെ ഉപ്പാനെ അനുസരിക്കണമെന്ന് പറയാനാ..

അവളുടെ മുന്നിൽ ഇനി മറ്റൊരു വഴിയും ഇല്ലെന്ന് പറഞ്ഞു നീ അവളെ ഒന്നൂടെ തളർത്തുകയാ ചെയ്തത്.. അവിടെന്ന് തന്നെ പിടിച്ച് വലിച്ചു കരണം പൊട്ടിക്കാൻ കൈ തരിച്ചതാ.. നീയാണ് ഇതിന് പിന്നിൽ എന്നറിഞ്ഞാൽ ലൈല സഹിക്കില്ല. താജ് നിന്നെ ബാക്കി വെക്കില്ല. അത് കൊണ്ടാ അവിടുന്ന് ക്ഷമിച്ച് നിന്നത്.. ഇഷ്ടം.. സ്വാർത്ഥത.. അറപ്പു തോന്നുന്നെടീ നിന്നോട്.. നിന്റെ മനസ് ഇത്രേം അഴുക്ക് നിറഞ്ഞത് ആണെന്ന് ഞാൻ കരുതിയില്ല.. നിന്റെ മനസ്സിൽ ഇങ്ങനൊരു ആഗ്രഹം ഉണ്ടെന്നും അറിഞ്ഞില്ല.. സ്വന്തം ഇഷ്ടവും ആഗ്രഹവും നേടി എടുക്കാൻ വേണ്ടി നീ ചെയ്തത് എന്താ നുസ്ര.. അവളുടെ ജീവിതം തകർക്കുകയാ നീ ചെയ്തത്.. അവൾ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഒന്നാ ഇന്ന് അവളുടെ ജീവിതത്തിൽ സംഭവിച്ചത്.. ഏവർക്കും മുന്നിൽ തല താഴ്ത്തേണ്ടി വന്നില്ലേ അവൾക്ക്..അവളുടെ കരച്ചിൽ നീ കണ്ടതല്ലേ.. ആ മനസ്സിന്റെ വേദന എത്ര ആണെന്നെങ്കിലും നീ ചിന്തിച്ചോ നുസ്ര.. എങ്ങനെ കഴിഞ്ഞെടീ നിനക്ക് ഇങ്ങനെ ചതിക്കാൻ.. എന്നോട് എങ്കിലും പറയാമായിരുന്നില്ലേ.. ഞാൻ കണ്ടെത്തിയേനെ ഒരു പരിഹാരം. അവളെ ചതിച്ചിട്ടു തന്നെ വേണമായിരുന്നോ നിനക്ക്.. "

മുന്ന ചവിട്ടി തുള്ളി.. അത്രക്കും നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്.. "ശെരിയാ..സമ്മതിച്ചു.. ഞാൻ ചെയ്തത് ചതി തന്നെയാ.. വല്യ തെറ്റാ ഞാൻ അവളോട്‌ ചെയ്തത്.. അത് പക്ഷെ എന്റെ ആഗ്രഹം നേടി എടുക്കാൻ വേണ്ടി മാത്രമല്ല.. അവൾക്കും കൂടി വേണ്ടിയാ. അവളുടെ നല്ലതിന് കൂടിയാ.. താജ് അവളെ എന്ത് മാത്രം സ്നേഹിക്കുന്നു.. ഇന്നീ ലോകത്ത് അവന് ഏറ്റവും വലുത് ലൈലയാ.. അവൾ എന്ന് പറഞ്ഞാൽ ഭ്രാന്താ അവന്.. അവളുടെ കാര്യത്തിൽ അവൻ എത്രമാത്രം ബോധവാനാണെന്ന് അറിയുമോ നിനക്ക്.. അവൾ അതൊന്നും മനസ്സിലാക്കുന്നില്ല.. അവനെ തിരിച്ചറിയുന്നില്ല.. ഇങ്ങനെ പോയാൽ താജ്ന്റെ പ്രണയം എവിടെയും എത്താതെ പോകുമെന്ന് തോന്നി.. ഒരിക്കലും അവന് അവളെ കിട്ടില്ലന്നു തോന്നി.. അത് കൂടി ഓർത്തിട്ടാ ഞാൻ.. എനിക്കിപ്പോഴും മനസ്സിലാവാത്തതു നീയെന്തിനാ അവളെ ഓർത്തു വറി ചെയ്യുന്നത് എന്നാ.. താജ് അവളെ പൊന്നു പോലെ നോക്കിക്കോളും. അവനെ പോലെ അവളെ സ്നേഹിക്കാൻ ഈ ലോകത്ത് മറ്റൊരാൾക്കും കഴിയില്ല.. ഇത്തിരി മുൻപ് നീ പറഞ്ഞല്ലോ..

നിന്റെയൊരു കണ്ണ് എപ്പോഴും ലൈലയുടെ പിന്നാലെ ഉണ്ടാകുമെന്ന്. അത് അവൾക്ക് ഒരു ആപത്തും സംഭവിക്കാതെ നിക്കാൻ ആണെന്ന്.. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല മുന്ന. അവളിപ്പോൾ ഉള്ളത് താജ്ന്റെ കൈകളിലാ.. അവൾ സുരക്ഷിതയായിരിക്കും.. മറ്റെവിടെ ഉള്ളതിനേക്കാളും സേഫ്റ്റി ഉണ്ട് അവൾക്ക് താജ്ന്റെ അടുത്ത്.. കാരണം അവൾ എന്നാൽ ജീവനാ അവന്.. ആപത്തു സംഭവിക്കുന്നത് പോയിട്ട് അവളെയൊന്നു വേദനിക്കാൻ കൂടി അനുവദിക്കില്ല അവൻ.. ഒന്നു മനസ്സിലാക്ക് നീയത്.. " അവൾ അലറുന്നത് പോലെ പറഞ്ഞു. "മനസ്സിലാക്കാൻ നീ പറഞ്ഞു തരണ്ട എനിക്കിതൊന്നും.. താജ്നെ കാണാൻ തുടങ്ങിയിട്ട് അധികമൊന്നും ആയിട്ടില്ല എങ്കിലും നിന്നെക്കാളും നന്നായി അവനെ എനിക്കറിയാം.. അവന്റെ മനസ് എന്തെന്ന് എനിക്കറിയാം.. ലൈലയോടു എന്ത് മാത്രം ഇഷ്ടമുണ്ടെന്നും ഞാൻ മനസ്സിലാക്കിയതാ.. എന്നിട്ടും ഞാൻ അതൊക്കെ കണ്ടില്ലന്നു നടിച്ചു.. ഒരിക്കൽ പോലും ലൈലയോടു താജ്നെ കുറിച്ചും അവന്റെ സ്നേഹത്തെ കുറിച്ചും സംസാരിക്കാതെ നിന്നു.. വേണമെങ്കിൽ എനിക്ക് അവളോട്‌ താജ്നെ സ്നേഹിക്കണമെന്നും അംഗീകരിക്കണമെന്നും പറയാമായിരുന്നു..

ഞാൻ നിർബന്ധിച്ചിരുന്നെങ്കിൽ ഉറപ്പായും അവൾ അവളുടെ വാശിയും തീരുമാനങ്ങളും മാറ്റി വെക്കുമായിരുന്നു.. എനിക്ക് വേണ്ടി താജ്നെ അംഗീകരിക്കാൻ തയാർ ആകുമായിരുന്നു.. പക്ഷെ ഞാനത് ചെയ്തില്ല.. എന്ത് കൊണ്ടെന്ന് അറിയാമോ.. അവളുടെ മനസ്സ് അറിയാവുന്നതു കൊണ്ട്.. അവളുടെ ഉള്ളിൽ എന്താണെന്ന് അറിയാവുന്നതു കൊണ്ട്.. ഞാൻ അറിഞ്ഞത് പോലെയും മനസ്സിലാക്കിയത് പോലെയൊന്നും നീയോ താജോ അവളെ അറിഞ്ഞിട്ടില്ല നുസ്ര.. ഒരിക്കലും അവൾക്ക് താജ്നെ ഇഷ്ട പെടാൻ കഴിയില്ല.. അവളുടെ മനസ്സ് അതിന് അനുവദിക്കില്ല..ഒരാൾക്ക് മനസ്സ് കൊടുത്ത പെണ്ണിന് ഇനി എങ്ങനെയാ വേറെ ഒരാളെ സ്നേഹിക്കാനും അയാളുടെ ഭാര്യയായി ജീവിക്കാനുമൊക്കെ കഴിയുക.. അവൾ താജ്ന് മുന്നിൽ തോറ്റു കൊടുക്കാത്തത് വെറുമൊരു വാശി പുറത്ത് മാത്രമല്ല. അവളുടെ ഉള്ളിൽ വേറൊരു പ്രണയം ഉള്ളത് കൊണ്ടാ.. അവൾ വേറൊരുത്തനെ സ്നേഹിക്കുന്നു.. അവളുടെ ജീവനും ജീവിതവുമെല്ലാം അയാളാ..

ആ അവൾ എങ്ങനെയാ താജ്നെ ഇഷ്ട പെടുക.. എങ്ങനെയാ മനസ്സിൽ താജ്ന് ഒരു ഇടം നൽകുക.. താജ് അവളെ എത്രയൊക്കെ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. അവൾ അവനെ സ്നേഹിക്കുന്നില്ല.. ഇഷ്ട പെടുന്നില്ല. അങ്ങനെയുള്ളപ്പോൾ അവൾക്ക് അവന്റെ ഒന്നിച്ച് ജീവിക്കാൻ പറ്റുമോ.. സന്തോഷിക്കാൻ കഴിയുമോ..ആ ജീവിതം ഒരു നരക തുല്യം ആണെന്നെ അവൾ കരുതുകയുള്ളൂ.. വാശി കയറിയാൽ പിന്നെ ഒന്നും നോക്കില്ല.. ജീവൻ തന്നെ വേണ്ടാന്ന് വെച്ചു കളയും അവൾ.. " മുന്നയ്ക്ക് കരച്ചിൽ വരാൻ തുടങ്ങിയിരുന്നു. എല്ലാം കേട്ടു നുസ്ര തരിച്ചു നിന്നു.. വേദനയോടെ മുന്നയെ നോക്കി നിൽക്കുക മാത്രം ചെയ്തു.. "ഒന്നും അറിയില്ല നിനക്ക് അവളെ കുറിച്ച്.. ഒന്നും.. ഈ ചെറു പ്രായത്തിൽ തന്നെ അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചു കഴിഞ്ഞവളാ അവൾ.. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഉപ്പനെയും ഉമ്മനെയും നഷ്ടപ്പെട്ടു.. രണ്ടാനുമ്മയുടെയും ബന്ധുക്കളുടെയും ക്രൂരത.. അവളുടെ ശരീരത്തിലും സ്വത്തിലും മാത്രമാ അവർക്കൊക്കെ കണ്ണ്.. അതൊക്കെ കൊണ്ടു ആകെ തകർന്നു പോയിരുന്നു അവൾ.. ആ തകർച്ചയും വേദനയുമൊക്കെ ഒന്നു മറന്നു തുടങ്ങിയത് എന്റെ ഫ്രണ്ട് റമി അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷമാ..

അവൾക്ക് നഷ്ടപെട്ട സ്നേഹമൊക്കെ നൽകി അവളെ സ്നേഹവും പ്രണയവും കൊണ്ടും വീർപ്പു മുട്ടിക്കുകയായിരുന്നു അവൻ.. പക്ഷെ അവിടെയും വിധി അവൾക്ക് എതിരെ വില്ലന്റെ രൂപം കൈ കൊണ്ടു.. സ്നേഹിച്ചു കൊതി തീരുന്നതിന് മുന്നേ അവനെയും നഷ്ടപ്പെട്ടു അവൾക്ക്.. സംരക്ഷിക്കാനാ അവൻ അവളെ എന്റെ കയ്യിലേക്ക് വെച്ചു തന്നത്.. അല്ലാതെ വേദനിപ്പിക്കാൻ വേണ്ടി അല്ല.. ഞാൻ ജീവിക്കുന്നത് പോലും അവളുടെ സന്തോഷം കാണാനാ.. ഞാനെന്റെ റമിക്ക് നൽകിയ വാക്കും അതായിരുന്നു.. ജീവിതത്തിൽ ഒരു വട്ടം തോറ്റു പോയവളാ അവൾ.. വീണ്ടും തോൽപിച്ചു കളഞ്ഞല്ലോ നീ അവളെ.. " അവന്റെ ശബ്ദം ഇടറിയത് അവൾ അറിഞ്ഞു.. അവളുടെ ഉള്ളം പിടയാൻ തുടങ്ങി.. ഓടി ചെന്ന് അവന്റെ കാൽക്കൽ വീണു.. "എന്നോട് ക്ഷമിക്കണം.. എനിക്ക് അറിയില്ലായിരുന്നു.. എനിക്ക് ഒന്നും അറിയില്ലായിരുന്നു.. പലവട്ടം ചോദിച്ചാ അവളെ കുറിച്ച്.. അവൾ എന്നോട് ഒന്നും പറഞ്ഞില്ല..

ഒഴിഞ്ഞു മാറിയിട്ടേ ഉള്ളു എപ്പോഴും.. ഒന്നും എനിക്കറിയില്ലായിരുന്നു മുന്ന.. അവളുടെ മനസ്സിൽ മറ്റൊരാൾ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും താജ്നെ സ്നേഹിക്കാൻ പറഞ്ഞു ഞാൻ അവളെ നിർബന്ധിക്കില്ലായിരുന്നു.. അറിയാതെയാ.. ക്ഷമിക്കണം നീയെന്നോട്.. ഒരിക്കലും അവൾ ഇത് അറിയരുത്.. അറിഞ്ഞാൽ അവളെന്നെ വെറുത്തു പോകും. എനിക്ക് അവളുടെ സൗഹൃദം നഷ്ടപ്പെട്ടു പോകും.. പ്ലീസ് മുന്ന.. അവൾ മാത്രമല്ല.. താജുo അറിയരുത്.. അവളുടെ കണ്ണീരിനു കാരണക്കാരൻ ആയവരെ അവൻ വെറുതെ വിടാറില്ല.. മുന്നിൽ ഉള്ളത് ആരാണെന്നു പോലും നോക്കില്ല അവൻ. കൊന്നു കളയും.. ഞാൻ.. എനിക്ക്.. എനിക്കൊരു തെറ്റ് പറ്റിപ്പോയി.. ക്ഷമ കാണിക്കണേ.. പ്ലീസ്.. ആരും ഒന്നും അറിയല്ലേ മുന്ന.. " എന്നും പറഞ്ഞു അവൾ അവന്റെ കാലിലുള്ള പിടി മുറുക്കി പൊട്ടി കരയാൻ തുടങ്ങി. അവൻ അപ്പൊത്തന്നെ കാല് കുടഞ്ഞു അവളുടെ പിടി വിടുവിച്ചു.. അവൾ കരഞ്ഞോണ്ട് വീണ്ടും പിടിക്കാൻ നോക്കിയതും അവൻ അവളെ ചവിട്ടി നീക്കി.. "എന്നെ കിട്ടാൻ വേണ്ടി അല്ലേ നീ ഇങ്ങനൊരു തരം താണ പ്രവർത്തി ചെയ്തത്.. എന്നാൽ നീ കേട്ടോ.

. എന്റെ സ്നേഹം കിട്ടുന്നത് പോയിട്ട് ഇനി എന്റെ മനസ്സിൽ പോലും നിനക്ക് സ്ഥാനമില്ല നുസ്ര.. ഫ്രണ്ട് അല്ല..ഇനിമുതൽ നീ എന്റെ ശത്രുവാ.. ഇന്നീ ലോകത്ത് ഞാൻ ഏറ്റവും വെറുക്കുന്നതു നിന്നെയാ.. ക്ഷമ നീ അർഹിക്കുന്നില്ല.. അഥവാ എന്നെങ്കിലും ഞാൻ നിന്നോട് ക്ഷമിക്കുന്നുണ്ട് എങ്കിൽ അത് ലൈല നിന്നോട് ക്ഷമിച്ചതിന് ശേഷമായിരിക്കും.. അവൾ നിനക്ക് മാപ്പ് നൽകിയാൽ മാത്രം ഞാൻ നിനക്ക് മാപ്പ് നൽകാം.. അല്ലാത്ത പക്ഷം ഞാൻ നിന്നോട് പൊറുക്കില്ല.. ഇതെന്റെ മനസ്സിൽ നിന്നും മായുകയുമില്ല.. ഓർത്തോർത്ത് നിന്നോടുള്ള വെറുപ്പ് കൂടുകയെയുള്ളൂ.. മരണം വരെ ഞാൻ നിന്നെ വെറുത്തു കൊണ്ടിരിക്കും.. എന്നെങ്കിലും ലൈല നിന്നോട് ക്ഷമിക്കാൻ തയാർ ആയാൽ ഞാനും തയാർ ആകും.. എന്റെ സ്നേഹം നീ കൊതിക്കണ്ടാ.. ഒരിക്കലും അതിന് വേണ്ടി കാത്തിരിക്കുകയും വേണ്ടാ. അവളുടെ കണ്ണീരിൽ ചവിട്ടിയാണോ ഞാൻ നിന്നെ സ്നേഹിക്കേണ്ടത്.. അവൾ നെഞ്ച് പൊട്ടി കരയുമ്പോഴാണോ ഞാൻ നിന്നെ പ്രണയിക്കേണ്ടത്..

അവളെ വേദനിപ്പിച്ചാൽ എന്നെ സ്വന്തമാക്കാൻ കഴിയുമെന്ന് കരുതിയോ നീ.. ഇല്ല.. ഒന്നും നടക്കാൻ പോകുന്നില്ല.. ഇപ്പൊ ഇവിടെ തീരുന്നു ഞാനും നീയുമായുള്ള സൗഹൃദം.. ഇനി എന്റെ കൺവെട്ടത്തേക്ക് പോലും വന്നു പോകരുത്.. വന്നാൽ..? " അവൻ അവളുടെ നേർക്ക് വിരൽ ചൂണ്ടി നിർത്തി.. അവന്റെ കണ്ണുകൾ ചുമന്നു വിറക്കുന്നുണ്ടായിരുന്നു.. അത് കണ്ടു അവൾ പേടിച്ച് രണ്ടടി പിറകിലേക്ക് നീങ്ങി.. കത്തുന്ന കണ്ണുകളോടെ അവളെ നോക്കിക്കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി.. ഇനിയെന്തെന്ന ചോദ്യം അപ്പോഴും അവനെ അലട്ടുന്നുണ്ടായിരുന്നു. ലൈലയെ ഓർത്തിട്ടു ഒരു സമാധാനവും കിട്ടിയില്ല.. അല്ലാതെ തന്നെ അവൾക്ക് താജ്നെ ഉൾകൊള്ളാൻ കഴിയുന്നില്ല.. ഇതിപ്പോ ഇതിനൊക്കെ പിന്നിൽ താജ് ആണെന്നുള്ള ഒരു ചിന്തയും അവളുടെ മനസ്സിൽ വന്നിട്ട് ഉണ്ടാകും.. ഒന്നു കൊണ്ടും അവൾക്ക് അവനെ സ്നേഹിക്കാൻ കഴിയില്ല..

നിനക്ക് തന്ന വാക്ക് പാലിക്കാൻ കഴിയാതെ പോയെടാ റമി എനിക്ക്. നിന്റെ ലൈല മറ്റൊരാൾക്ക് സ്വന്തമാകാൻ പോകുകയാ.. നിന്റെ ആഗ്രഹം നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ല ടാ.. മുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടു വാഷ് റൂമിന്റെ ഭാഗത്തേക്ക്‌ നടന്നു.. അവന്റെ ചെരുപ്പ് തട്ടി എന്തോ ഒന്നു മുന്നിലേക്ക് തെറിച്ചു. ഒരു പേഴ്സ് ആണ്. അവൻ കുനിഞ്ഞു കയ്യിൽ എടുത്തു.. ഒറ്റ നോട്ടത്തിൽ മനസ്സിലായി താജ്ന്റെ ആണെന്ന്. തലേന്ന് ഷോപ്പിങ്ങ് മാളിലെ ബില്ല് താജ് ആണ് പേ ചെയ്തത്. അന്നേരം കണ്ടിരുന്നു അവന്റെ കയ്യിലെ പേഴ്സ്. മുന്ന തിരിച്ചും മറിച്ചും നോക്കി. അത് തന്നെയാണെന്ന് ഉറപ്പിച്ചു.എബിയെ കാണുമ്പോൾ അവന്റെ കയ്യിൽ കൊടുക്കാമെന്ന് കരുതി പാന്റ്സിന്റെ പോക്കറ്റിലേക്ക് ഇടാൻ നോക്കിയതും നിലത്തേക്ക് പോയി. ഇപ്രാവശ്യം തുറന്നടിച്ചാണ് പേഴ്സ് വീണത്. അവൻ വീണ്ടും കുനിഞ്ഞു എടുത്തു.. അതിനുള്ളിൽ വെച്ചിരിക്കുന്ന ഫോട്ടോ കണ്ടു അവനൊരുനിമിഷം സ്തംഭിച്ചു നിന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story