ഏഴാം ബഹർ: ഭാഗം 35

ezhambahar

രചന: SHAMSEENA FIROZ

"ഒന്നും കഴിച്ചില്ലല്ലോ..ഇതാ കഴിക്ക്.." അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു പ്ലേറ്റ് നിലത്തു വെച്ചു. "എനിക്ക് വേണ്ടാ.. " അവൾ ദേഷ്യത്തോടെ പ്ലേറ്റ് മുന്നിൽ നിന്നും തട്ടി മാറ്റി. "ലൈലാ.. വെറുതെ ദേഷ്യം പിടിപ്പിക്കരുത്.. വാശിയും ദേഷ്യവുമൊക്കെ എന്നോടല്ലേ. ഭക്ഷണത്തിനോടു കാണിക്കണ്ട.. ഇതാ കഴിക്ക്.. " അവൻ പ്ലേറ്റ് എടുത്തു അവൾക്ക് നേരെ നീട്ടി. "എനിക്ക് വേണ്ടന്നല്ലേ പറഞ്ഞത്.. " അവൾ അലറിക്കൊണ്ട് പ്ലേറ്റ് തട്ടി തെറിപ്പിച്ചു. ചോറ് അവന്റെ മുഖത്തേക്ക് തെറിക്കുന്നതിന് ഒപ്പം പ്ലേറ്റ് നിലത്തു വീണു പൊടി പൊടിയായി ചില്ലു കഷ്ണം നാലു ഭാഗത്തേക്ക്‌ തെറിച്ചു..ഒന്നും മിണ്ടിയില്ല.. കവിള് നോക്കി ഒരൊറ്റ അടിയായിരുന്നു അവൻ.. അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവൾ. കവിളത്തും കൈ വെച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി. "ഭക്ഷണത്തിന്റെ വില അറിയുന്നവളല്ലേ നീ.. മുന്നിൽ കൊണ്ടു വെക്കുന്നത് ഒരു മണി അന്നം ആയാൽ പോലും അതിനെ നിന്ദിക്കില്ല, പകരം ഭക്ഷിക്കുകയേ ചെയ്യുള്ളുന്നു പറഞ്ഞവൾ അല്ലെ നീ..

എന്നിട്ട് എന്താടി നീയിപ്പോ കാണിച്ചത്.. എന്നോടുള്ള ദേഷ്യം എന്നോട് തീർക്കണം. അല്ലാതെ ഭക്ഷണത്തിനോടോ ഇവിടെയുള്ള ആൾക്കാരോടോ അല്ല.. മേലിൽ ഇത് ആവർത്തിക്കരുത്.. " അവൻ എഴുന്നേറ്റു പോയി. അടുക്കളയിൽ ചെന്ന് പൗലോസ് ചേട്ടനോട് റൂം ക്ലീൻ ചെയ്യാൻ പറഞ്ഞു. അവളോട്‌ മിണ്ടാൻ പോകണ്ടാന്നും പറഞ്ഞു.. അവൻ സോഫയിലേക്ക് അമർന്നു ഇരുന്നു. ആകെ ദേഷ്യം വരുന്നുണ്ടായിരുന്നു. "അവൾ എന്തെങ്കിലും കഴിച്ചോ.. " ഉപ്പ അവന്റെ അടുത്തേക്ക് വന്നു. "ഇല്ല.. " അവന്റെ ശബ്‌ദത്തിൽ ദേഷ്യം. "കൊണ്ടു കൊടുക്കാമായിരുന്നില്ലേ.." "കൊടുത്തു..ഭക്ഷണം മാത്രല്ല.. മുഖം നോക്കി ഒരെണ്ണം കൊടുത്തു.. " "ഇങ്ങനെ ആണെങ്കിൽ നീ അവളെ ഇവിടെ നിർത്തണ്ട.. അവളുടെ വീട്ടിൽ കൊണ്ടു വിട്ടേര്.. അവിടെന്ന് അവർ അവളെ തല്ലുകയോ കൊല്ലുകയോ എന്താച്ചാ ചെയ്യട്ടെ.. ഇവിടുന്നു നീ അവളെ ചെയ്യുന്നത് ഒന്നും കാണണ്ടല്ലോ ഞാൻ.. " "പിന്നെ ഞാനെന്താ വേണ്ടത്.. കൊണ്ട് വെച്ച ഭക്ഷണം എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു..

നിർത്തി..ഇതോടെ നിർത്തി.. ഭക്ഷണം അല്ല.. ഇനി ഒരു തുള്ളി വെള്ളം പോലും അവൾക്ക് ഇവിടുന്നു കൊടുക്കില്ല.. പട്ടിണി കിടന്നു ചാവട്ടെ.. " അവന്റെ ദേഷ്യം കൂടിയത് അല്ലാതെ കുറഞ്ഞില്ല.. "എടാ.. അവളുടെ അവസ്ഥ.. അത് നീ മനസ്സിലാക്കണം.. " "എന്ത് അവസ്ഥ.. വന്നപ്പോ തൊട്ടുണ്ടല്ലോ ഡാഡ് ഇതുതന്നെ പറയുന്നു.. എന്ത് അവസ്ഥയാ അവൾക്ക് മാത്രമായി ഉള്ളത്.. അങ്ങനെ ആണേൽ അവളുടെ അതേ അവസ്ഥ തന്നെയല്ലേ എനിക്കും.. ഞാനും പ്രതീക്ഷിച്ചിരുന്നില്ലല്ലോ ഇതൊന്നും.. അവൾക്ക് മാത്രമല്ല.. എനിക്കും ഉൾകൊള്ളാൻ പറ്റുന്നില്ല. ഞാൻ പണ്ടേ പറഞ്ഞിട്ട് ഉള്ളതാ. അവളുടെ വാശിക്കൊത്ത് ഞാൻ നിന്നു കൊടുക്കില്ലന്ന്.. അതിനെന്നെ കിട്ടില്ലന്ന്.. ഇരുന്നു കരയട്ടേ. മടുക്കുമ്പോൾ നിർത്തിക്കോളും.. " അവൻ കലി തുള്ളിക്കൊണ്ട് മോളിലേക്ക് കയറിപ്പോയി.. ഉപ്പാക്ക് എന്ത് ചെയ്യണമെന്നു അറിഞ്ഞില്ല.. വല്ലാത്തൊരു വേദനയോടെ സോഫയിലേക്ക് ഇരുന്നു. പൗലോസ് ചേട്ടൻ എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു.. ഉപ്പാന്റെ അടുത്തേക്ക് വന്നു. "സാർ.. അത്താഴം... "

"വേണ്ടാ.. പൗലോസ് കഴിച്ചിട്ട് കിടന്നോളു.. " ഉപ്പ പറഞ്ഞു.. "അത്താഴ പട്ടിണി കിടക്കാനാണോ...? " "അവൾ ഒന്നും കഴിച്ചില്ല.. അതോണ്ട് ഇന്നിനി താജുo ഒന്നും കഴിക്കില്ല.. അവരു രണ്ടു പേരും കഴിക്കാതെ ഇരിക്കുമ്പോൾ ഞാൻ എങ്ങനെയാടോ... " ഉപ്പാന്റെ വേദന പൗലോസ് ചേട്ടന് മനസ്സിലാകുന്നുണ്ടായിരുന്നു. പിന്നെ നിർബന്ധിക്കാൻ ഒന്നും നിന്നില്ല. അടുക്കളയിലേക്ക് ചെന്നു. ഉപ്പ സോഫയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു. 🍁🍁🍁🍁🍁 ബാൽക്കണിയിൽ ഇരുന്നു രണ്ടു മൂന്നു പാക്കറ്റ് സിഗരറ്റ് തീർത്തു. ദേഷ്യം ഒരുവിധം അടങ്ങി. അവൾ ഉറങ്ങിയോന്ന് നോക്കാൻ വേണ്ടി റൂമിലേക്ക്‌ ചെന്നു. അതേ ഇരുപ്പാണ്. മുഖം മുട്ടിലേക്ക് അമർത്തി വെച്ചിട്ടുണ്ടെന്ന് മാത്രം. അവൻ അടുത്തേക്ക് ചെന്നു.. ഷെൽഫിൽ തട്ടി ശബ്ദം ഉണ്ടാക്കി. അനക്കമൊന്നും ഉണ്ടായില്ല. അവൻ നിലത്തേക്ക് ഇരുന്നു. ഒന്നു അവളുടെ തലയിൽ തൊട്ടു. എതിർപ്പും ഉണ്ടായില്ല.. അവൾ ഉറങ്ങിയെന്ന് മനസ്സിലായി.പതുക്കെ അവളെ എടുത്തു ബെഡിലേക്ക് കിടത്തി.. കവിള് ചുമന്നതു മാത്രമല്ല.

ചുണ്ട് പൊട്ടി ചോര പൊടിയുന്നുമുണ്ടായിരുന്നു.. അതുകണ്ടു ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു.. അവൻ അവളുടെ അടുത്ത് ഇരുന്നു.. കോട്ടൺ കൊണ്ടു ബ്ലഡ്‌ ഒപ്പിയെടുത്തു.. ശേഷം പതിയെ ആ മുറിവിൽ ഒന്നു തൊട്ടു നോക്കി. ഉറക്കിൽ ആയിരുന്നിട്ടു പോലും അവൾ മുഖം ചുളിച്ചു എരിവ് വലിച്ചു. എന്തിനാടീ എന്റെ കയ്യിന്ന് ഇങ്ങനെ വാങ്ങിച്ചു കൂട്ടുന്നത്. എനിക്കോ ദേഷ്യം കൂടുതലാണ്. കണ്ട്രോൾ ചെയ്യാൻ അറിഞ്ഞൂടാ.. നീ അതിനേക്കാൾ ദേഷ്യം കാണിക്കരുത്. കാര്യങ്ങൾ ഒതുങ്ങില്ല.. നീ എപ്പോഴും ഇങ്ങനെ വാങ്ങിച്ചു കൊണ്ടിരിക്കും.അത് കൊണ്ടാ പറയുന്നത്.. എന്നോട് വാശി കാണിക്കാൻ നിക്കരുത്.. ഇത്ര പെട്ടെന്ന് നീ എന്റെ സ്വന്തം ആകുമെന്ന് ഞാൻ കരുതീല. ഏതായാലും ഇങ്ങനൊക്കെ സംഭവിച്ചു.. ഇപ്പൊ നീ എൻറെയാ.. എന്റെ മാത്രം.. ഇനി വിട്ടു കളയാൻ പറ്റില്ല. എനിക്ക് വേണം നിന്നെ.. അവൻ ചുണ്ടിൽ അല്പം മരുന്ന് വെച്ചു കൊടുത്തു. കവിളിലൂടെ ഒന്നു തലോടി. നെറ്റിയിലൊരുമ്മ കൊടുക്കണമെന്നുണ്ടായിരുന്നു.

പക്ഷെ കൊടുത്തില്ല. സനുവിനോട് പറഞ്ഞ കാര്യം ഓർമ വന്നു. ബ്ലാങ്കറ്റ് എടുത്തു പുതപ്പിച്ചു.. അവൻ ഉപ്പാന്റെ റൂമിലേക്ക്‌ ചെന്നു. 🍁🍁🍁🍁🍁 രാവിലെ ഒരു കപ്പ് കോഫിയുമായി അവൻ റൂമിലേക്ക്‌ വന്നു. അവളെ ബെഡിൽ കണ്ടില്ല. എവിടെ പോയെന്ന് കരുതി റൂം മൊത്തത്തിൽ കണ്ണോടിച്ചു. തലേന്ന് ഇരുന്നത് പോലെത്തന്നെ ഒരു മൂലയിൽ ചുരുണ്ടു കൂടി ഇരിക്കുന്നത് കണ്ടു. ആ ഇരുപ്പ് കണ്ടതും അവന് ഒന്നാകെ ദേഷ്യം കയറി. രാവിലെ തന്നെ പൊട്ടി തെറി വേണ്ടാന്ന് കരുതി അവൻ പല്ല് കടിച്ചു പിടിച്ചു ദേഷ്യം നിയന്ത്രിച്ചു. അവൻ കോഫി അവളുടെ അടുത്ത് കൊണ്ട് വെച്ചു. അവൻ വന്നത് അവൾ അറിഞ്ഞിരുന്നു. പക്ഷെ തല ഉയർത്തുകയോ നോക്കുകയോ ഒന്നും ചെയ്തില്ല. അവൻ ഡോർന്റെ അടുത്തേക്ക് നടന്നു. പെട്ടെന്ന് തിരിഞ്ഞു അവളെ നോക്കി. ഇന്നലെ രാവിലെ മുതലുള്ള കോലമാണ്. ഇതിന് കുളിയും തേവാരമൊന്നും ഇല്ലെ റബ്ബേ.. ഇനി മാറ്റാൻ ഡ്രസ്സ്‌ ഒന്നും ഇല്ലാഞ്ഞിട്ടായിരിക്കുമോ.. ആയിരിക്കും. അല്ലാതെ വൃത്തിയും വെടിപ്പുമൊന്നും ഇല്ലാത്ത കൂട്ടത്തിൽ അല്ല ഇവൾ. അവൻ വേഗം താഴേക്ക് ഇറങ്ങി.

ബൈക്ക് എടുത്തു ടൗണിലേക്ക് പോയി. ആദ്യം കണ്ട ടെക്സ്റ്റൈൽ ഷോപ്പിൽ തന്നെ കയറി. വീട്ടിൽ ഇടാൻ അല്ലേന്ന് കരുതി ത്രീ ഫോർത്തും ബനിയനും നോക്കി.. എടുക്കാൻ നിന്നതും അവളുടെ മുഖം ഓർമ വന്നു. അല്ലാതെ തന്നെ ഭദ്രകാളിയാണ്. ഇനി ചുടല ഭദ്രകാളി ആക്കണ്ടന്ന് കരുതി അവൻ അതൊക്കെ അവിടെ തന്നെ വെച്ചു. എന്നിട്ടു ചുരിദാർ സെക്ഷനിലേക്ക് ചെന്നു..സൈസ് ഒന്നും അറിഞ്ഞില്ല..ഒരു ഊഹം വെച്ചു രണ്ടു മൂന്നു ചുരിദാർ എടുത്തു.അതും ഫുൾ സ്ലീവ് നോക്കി തന്നെ.. ബില്ലും പേ ചെയ്തു എത്രയും പെട്ടെന്ന് തന്നെ അവിടെന്ന് ഇറങ്ങി വീട്ടിലേക്കു വിട്ടു. നേരെ റൂമിലേക്ക് ചെന്നു. അവളെ നോക്കി. അനങ്ങിയിട്ടില്ല. അതേ ഇരുപ്പ് തന്നെ.. "ഡീീീ.. " അവൻ സഹികെട്ടു അലറി.. അവളൊന്നു ഞെട്ടി. തല ഉയർത്തി അവനെ കടുപ്പിച്ചു നോക്കി. "പോയി കുളിച്ചിട്ടു വാടീ.. ഇന്നലെ രാവിലെ ചുറ്റി വെച്ച സാരി അല്ലേ.. ഒന്നു അഴിച്ചു മാറ്റ്.. എനിക്ക് തന്നെ വീർപ്പു മുട്ടുന്നു കണ്ടിട്ട്.. ഇതാ മാറ്റാനുള്ള ഡ്രസ്സ്‌.. പോ.. എഴുന്നേറ്റു പോയി കുളിച്ചിട്ടു വാ.. "

അവൻ കയ്യിലുള്ള കവർ അവളുടെ മടിയിലേക്ക് ഇട്ടു കൊടുത്തു. അതും അവന്റെ മുഖത്തേക്ക് വലിച്ചു എറിയണമെന്നുണ്ടായിരുന്നു അവൾക്ക്..കവിളിലെ നീറ്റൽ ഓർത്തിട്ടു അത് ചെയ്തില്ല. അവൻ റൂമിന്ന് പോയിട്ടും അവൾ അവിടെന്ന് അനങ്ങിയില്ല.. നേരം പത്തായി.. ആരും ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ല. അവളെ കാത്തു നിന്നു.. അവൾ ആണെങ്കിൽ താഴേക്ക് വന്നതുമില്ല. അവൾ ഫുഡ്‌ കഴിക്കാത്തതിൽ താജ്നേക്കാൾ വിഷമം ഉപ്പാക്കും പൗലോസ് ചേട്ടനും ആയിരുന്നു. രണ്ടു പേരും അവനോടു അവളെ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞു. അവൻ വീണ്ടും റൂമിലേക്ക് ചെന്നു. സ്റ്റെപ് കയറി ഇറങ്ങി ഊര ഇളകി പോകുന്നത് പോലെ തോന്നി അവന്. എത്രേം വേഗം ഒരു എസ്കലൈറ്റർ റെഡി ആക്കണം.അല്ലാതെ ഇതൊരു നടക്കു പോകില്ല.. അവൻ പിറു പിറുത്തു. അവൾ അപ്പോഴും അതേ ഇരുപ്പാണ്. ഈ കോപ്പിനെ ഞാൻ ഇന്ന്.. അവന് ഒന്നാകെ വന്നു. ഇതിങ്ങനെ വിട്ടാൽ ശെരി ആകില്ലന്ന് തോന്നി. നേരെ അവളുടെ അടുത്തേക്ക് ചെന്നു അവളെ തൂക്കി എടുത്തു ചുമലിലേക്ക് ഇട്ടു. അവൾ അലറാനും അവനെ മാന്തി പറിക്കാനുമൊക്കെ തുടങ്ങി. അവൻ അതൊന്നും കാര്യമാക്കിയില്ല. ബാത്രൂം തുറന്നു അകത്തേക്ക് കയറി അവളെ ഷവറിന്റെ ചുവട്ടിൽ നിർത്തിച്ചു.

അവൾ അവനെ പിടിച്ചു തള്ളി പുറത്തേക്ക് ഇറങ്ങി പോകാൻ നോക്കിയതും അവൻ അവളെ വലിച്ചു അവിടെത്തന്നെ നിർത്തി ഷവർ ഓൺ ചെയ്തു. വെള്ളം വീഴാൻ തുടങ്ങിയതും അവൻ അല്പം മാറി നിന്നു.. അവളുടെ തല മുതൽ കാലു വരെ വെള്ളം വീണു നനഞ്ഞു കുതിർന്നു. ശരീരം തണുത്തിട്ടും മനസ്സ് തണുത്തില്ല.. പകരം വല്ലാതെ ചൂട് പിടിക്കുന്നത് അവൾ അറിഞ്ഞു. ആകെ നിയന്ത്രണം വിടാൻ തുടങ്ങിയിരുന്നു. അടുത്ത് കിട്ടിയ ബക്കറ്റു എടുത്തു അവന്റെ മുഖത്തേക്ക് വീശി. മുഖത്തേക്ക് കൊള്ളുന്നതിന് മുന്നേ അവൻ അവളുടെ കൈ പിടിച്ചു വെച്ചു ബക്കറ്റ് തട്ടി തെറിപ്പിച്ചു. ബലമായി അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു അരയിലൂടെ വട്ടം ചുറ്റി. അവൾ അപ്പൊത്തന്നെ സകല ശക്തിയും എടുത്തു അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി.. അവൻ ഒരടി പിന്നിലേക്ക് നീങ്ങി. "എന്താ നിനക്ക് വേണ്ടത്. ഈ ശരീരം അല്ലേ.. എടുത്തോ.. ഇത് മാത്രമേ ബാക്കിയുള്ളൂ.. മനസ്സ് എപ്പോഴേ മരിച്ചു കഴിഞ്ഞിരിക്കുന്നു.. നിന്റെ കൊതി തീരുന്നത് വരെ നീ എന്റെ ഈ ശരീരം ഉപയോഗിച്ചോ..

അത് കഴിഞ്ഞിട്ട് എങ്കിലും എന്നെ വിട്.. എന്നെ എന്റെ വഴിക്ക് വിട്.. അല്പം സ്വസ്ഥത താ നീയെനിക്ക്.. " എന്നും അലറി പറഞ്ഞോണ്ട് അവൾ ചുമലിൽ നിന്നും സാരി വലിച്ചു എടുത്തു അവന്റെ മുഖത്തേക്ക് എറിഞ്ഞു. അത് അവന്റെ കണ്ണിനു താഴെ മൂക്കിൽ ഉടക്കി നിന്നു.. അവളുടെ മാറിന്റെ വിടവിലൂടെയും കുഞ്ഞു പൊക്കിൾ ചുഴിയിലൂടെയും വെള്ളം ഒലിച്ചിറങ്ങുന്നത് അവൻ ഏതോ ലോകത്ത് നിന്നെന്ന പോലെ നോക്കി കണ്ടു..രക്തയോട്ടം വല്ലാതെ വർധിച്ചു. അവളെ വലിച്ചു ചേർത്തു ആ ശരീരം നിറയെ ചുംബനം കൊണ്ടു മൂടണമെന്നു തോന്നി അവന്.. എന്നിട്ടും മനസ്സിനെ നിയന്ത്രിച്ചു നിർത്തി. മുഖത്ത് നിന്നും സാരി എടുത്തു അവളുടെ ദേഹത്തേക്ക് തന്നെയിട്ട് കൊടുത്തു.. "പെണ്ണിന്റെ മനസ്സിൽ തൊടാത്തവന് അവളുടെ ശരീരത്തിലും തൊടാൻ അവകാശമില്ലന്ന് വിശ്വസിക്കുന്നവനാ ഞാൻ.. അത് കൊണ്ടെനിക്ക് വേണ്ടാ നിന്റെ ശരീരം.. വേണം.. അതെപ്പോഴാണെന്ന് അറിയാമോ.. നിന്റെ മനസ്സ് ഞാൻ സ്വന്തമാക്കുന്ന നാൾ.. അന്ന് മതി എനിക്ക്..

അന്ന് എടുത്തോളാം ഞാനിത്.. " അവൻ പറഞ്ഞു. അവളുടെ ഭാഗത്തുന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. ഒന്നും മിണ്ടാതെ തലയും താഴ്ത്തി പിടിച്ചു അനങ്ങാതെ നിന്നു.. അത് കണ്ടു അവൻ അവളുടെ കുഞ്ഞ് മുഖം തന്റെ നേർക്ക് ഉയർത്തി അവളുടെ രണ്ടു കവിളിലും കൈ വെച്ചു.. "എനിക്കൊന്നും വേണ്ടാ. നിന്റെ ദേഷ്യവും വാശിയും കണ്ടാൽ മതി. അത് പക്ഷെ എന്റെ കയ്യിന്നു വാങ്ങിച്ചു കൂട്ടാൻ ആവരുത്. കുളിച്ചു മാറ്റി താഴേക്ക് വാ. ഉപ്പയും പൗലോസ് ചേട്ടനും കഴിക്കാൻ കാത്തിരിക്കുന്നുണ്ട്.. നിനക്ക് വേണ്ടി ഞാൻ പട്ടിണി കിടന്നോളം. അവരെ പട്ടിണിക്ക് ഇടാൻ കഴിയില്ല.. വേഗം വരാൻ നോക്ക്.. ഇനിയൊരു തവണ കൂടി ഇക്കാര്യത്തിനു വേണ്ടി എന്നെ മോളിലേക്ക് കയറ്റരുത്. രാത്രി കിട്ടിയത് മറന്നിട്ടില്ലല്ലോ.. " അവൻ ബാത്രൂമിൽ നിന്നും ഇറങ്ങി. അവൾ വാതിൽ അടക്കാൻ നോക്കിയതും അവൻ ഒരു ബാത്ത് ടവൽ നീട്ടി. അവൾ അത് വാങ്ങിച്ചു. വേഗം കുളിച്ചിറങ്ങി. അവൻ കൊണ്ടു വന്നതിൽ നിന്നും ഒരു ചുരിദാർ എടുത്തിട്ടു. മുടി തുവർത്തി. ഒരു ഷാളും എടുത്തിട്ടു..

കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു..മുഖത്തേക്ക് തന്നെ നോക്കി. താഴേക്ക് പോണോ വേണ്ടയോന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നു. കവിളിൽ അവന്റെ വിരൽ പാടു കണ്ടു. പിന്നെ അവിടെ നിന്നില്ല. വേഗം താഴേക്ക് പോയി.. അവളെ കണ്ടതും ഉപ്പാന്റെയും പൗലോസ് ചേട്ടന്റെയും മുഖം തിളങ്ങി. രണ്ടു പേരും സന്തോഷത്തോടെ താജ്നെ നോക്കി. അത് കണ്ടു അവനൊന്നു സൈറ്റ് അടിച്ചു ചിരിച്ചു കാണിച്ചു.. അവൻ ഭീഷണി പെടുത്തിയിട്ടു അവളെ താഴേക്ക് ഇറക്കിയതാണെന്ന് അവന്റെ ആ ചിരി കണ്ടപ്പോൾ ഉപ്പാക്ക് മനസ്സിലായി.എന്നാലും വേണ്ടില്ല. അവൾ വന്നല്ലോ. സന്തോഷത്തോടെ കഴിക്കാൻ ഇരുന്നു. അവളും വന്നു ഇരുന്നു. ആരോടും ഒന്നും മിണ്ടിയില്ല. അവളുടെ മൂടി കെട്ടിയ മുഖം കാണുമ്പോൾ ഉപ്പാക്ക് അവളോട്‌ ഒന്നും മിണ്ടാനോ ചോദിക്കാനോ തോന്നിയില്ല. താജ് പ്ലേറ്റ് അവളുടെ മുന്നിലേക്ക് വെച്ചു. പൗലോസ് ചേട്ടൻ വിളമ്പി കൊടുത്തു. അവൾ പ്ലേറ്റിലേക്ക് തന്നെ നോക്കിയിരുന്നു. ഒന്നും കഴിച്ചില്ല. കളം വരച്ചും നുള്ളി പെറുക്കിയും അഞ്ചു മിനുട്ട് തികച്ചു..

ശേഷം പ്ലേറ്റ് നീക്കി വെച്ചു എണീറ്റു. "എന്താടി കഴിക്കാത്തെ.. " ഒന്നും കഴിക്കാതെ എണീറ്റതു കണ്ടു താജ് ദേഷ്യപ്പെട്ടു. "മതി.. " അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല. കടുപ്പിച്ചു പറഞ്ഞു. കൈ കഴുകാൻ ചെന്നു. "അഹങ്കാരം കണ്ടില്ലേ. ഇപ്പൊ ശെരിയാക്കി തരാടീ നിന്നെ.. " എന്നും പറഞ്ഞു താജ് എഴുന്നേൽക്കാൻ നോക്കിയതും ഉപ്പ അവനെ പിടിച്ചു വെച്ചു. "വേണ്ടാഞ്ഞിട്ടല്ലേ.. സാരമില്ല. അവൾക്ക് വേണം തോന്നുമ്പോൾ വന്നു കഴിച്ചോളും.. നീയിനി അതിനെ പേടിപ്പിക്കാൻ ഒന്നും പോകണ്ട.. " "ഇപ്പോഴേ വളം വെച്ചു കൊടുക്ക്‌.. തലയിൽ കയറി നിരങ്ങുക മാത്രമല്ല..ഈ വീട് കമിഴ്ത്തി വെക്കും അവൾ.. " "കുഴപ്പമില്ല.. നിന്നെ സഹിക്കുന്നുണ്ടല്ലോ ഞാൻ. പിന്നെയാണോ അവളെ. എന്ത് കൊണ്ടും നിന്നെക്കാൾ ഭേദം അവൾ തന്നെയാ... " "എപ്പോഴും പറയണം ഇത്.. " അവനൊന്നു പുച്ഛിച്ചു മുഖം തിരിച്ചു.. ഉപ്പ ഒട്ടും കുറച്ചില്ല.. അതിന്റെ രണ്ടിരട്ടി പുച്ഛം മുഖത്ത് ഫിറ്റ്‌ ചെയ്തു.. അവനെ മൈൻഡ് ചെയ്യാനെ പോയില്ല. വിളമ്പി വെച്ച ഭക്ഷണത്തിൽ ശ്രദ്ധ കൊടുത്തു.

ഒന്നും കഴിക്കാതെ എണീറ്റു പോയാൽ പൗലോസിന് വിഷമം ആവും. അത് കൊണ്ടു എങ്ങനെയൊക്കെയോ ഇരുന്ന് കഴിച്ചെന്നു വരുത്തി. 🍁🍁🍁🍁🍁 നുസ്രയ്ക്ക് കോളേജിലേക്ക് പോകാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എന്നിട്ടും പോയി. അത് മുന്നയെ കാണാനും എങ്ങനെയെങ്കിലും സംസാരിച്ചു അവന്റെ ദേഷ്യം മാറ്റാനും വേണ്ടി ആയിരുന്നു. പക്ഷെ കോളേജിൽ എവിടെയും അവനെ കണ്ടില്ല. അല്ലാതെ തന്നെ സങ്കടവും കുറ്റബോധവും കൊണ്ടു മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു. മുന്നയെ കാണാത്തത് കൂടി ആയപ്പോൾ ആ വേദന ഒന്നൂടെ വർധിച്ചു. വിളിച്ചു നോക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചെയ്തില്ല. അവൻ ഫോൺ എടുക്കില്ലന്ന് ഉറപ്പായിരുന്നു അവൾക്ക്. വരാത്തതിന്റെ കാരണം എന്താണെന്ന് അറിയാതെ സമാധാനവുമില്ല. നേരെ എബിയുടെ ക്ലാസ്സിലേക്ക് ചെന്നു.. അവൻ ഡെസ്കിൽ കയറിയിരുന്നു ഫോണിൽ നോക്കുന്നത് കണ്ടു. "എബി... " അവൾ അവനെ പുറത്തേക്ക് വിളിച്ചു. "എന്താ നുസ്ര.. " അവൻ പുറത്തേക്ക് ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു. "അതുപിന്നെ.. മുന്ന..

അവൻ എന്തെങ്കിലും പറഞ്ഞിരുന്നോ..ലീവ് ആണെന്നോ മറ്റും.അല്ല.. ഇവിടെ എവിടെയും കാണാനില്ല.. " "അപ്പൊ നിന്നോട് പറഞ്ഞില്ലേ അവൻ.. ഇന്ന് അവന്റെ സിസ്റ്ററെ പെണ്ണ് കാണാൻ വരുന്നെന്ന്.. ഇന്ന് ലീവ് ആണെന്ന് എന്നോട് ഇന്നലെ പറഞ്ഞിരുന്നു.. " എബി പറഞ്ഞു. അവൾ ഒന്നു മൂളുക മാത്രം ചെയ്തു. "അവൻ പറയാൻ വിട്ടതാവും.. ഇന്നലത്തെ അവസ്ഥ നീയും കണ്ടതല്ലേ.. ലൈലയെ ഓർത്തു അവൻ ആകെ ടെൻസഡ് ആയിരുന്നു.. അത് കൊണ്ടാവും മറന്നു പോയത്.. " "ശെരി.. ഞാൻ ചെല്ലട്ടെ.. " അവൾ മുന്നോട്ടു നടന്നു. "നുസ്ര.. ഒന്നു നിന്നെ.. " എബി പിന്നിന്ന് വിളിച്ചു.. അവൾ അപ്പൊത്തന്നെ തിരിഞ്ഞു എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി. "എന്താ നിന്റെ മുഖത്ത്.. " എബി അവളെ മുഖത്തേക്ക് തന്നെ നോക്കി.. "മു..മുഖത്തോ.." അവളൊന്നു ഞെട്ടി കൈ കൊണ്ടു കവിള് മറച്ചു പിടിക്കാൻ ശ്രമിച്ചു. "ആ..രണ്ടു ഭാഗവും ചുമന്നിട്ടുണ്ട്.. ആകെ വീർത്ത പോലെ.. എന്തുപറ്റി..? " "അതൊന്നുല്ലാ.. നല്ല വയ്യാ.. പനി വരുന്ന പോലൊക്കെ.. അതാ.. "

അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞൊപ്പിച്ചു. "എവിടെ നോക്കട്ടെ.. " അവൻ അവളുടെ നെറ്റിയിൽ തൊട്ടു നോക്കി.. അവളൊന്നും മിണ്ടിയില്ല.. അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ നിന്നു. "ഏയ്‌.. പനിയൊന്നുമില്ല.. ഇത് വേറെന്തോ ആണ്.. എന്താടാ പറ്റിയെ.. എന്താണേലും പറയ്.. ലൈലയും മുന്നയും ഇല്ലാത്തതിന്റെയാണോ ഈ മൂഡ് ഔട്ട്‌.. " അവൻ ചോദിച്ചു. അതൂടെ ആയപ്പോൾ അവൾക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല. എല്ലാം എബിയോട് തുറന്നു പറയാൻ തന്നെ തീരുമാനിച്ചു..വേദനയോടെ എബിയുടെ മുഖത്തേക്ക് നോക്കി. "എബി.. എനിക്ക്.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്.. ".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story