ഏഴാം ബഹർ: ഭാഗം 43

ezhambahar

രചന: SHAMSEENA FIROZ

പാർക്കിംഗ് ഏരിയയിന്ന് ഇറങ്ങി ക്ലാസ്സിലേക്ക് പോകുന്ന വഴി താജ് രണ്ടു പേരെയും കണ്ടു.അവരുടെ സംസാരം ശ്രദ്ധിക്കുകയും ചെയ്തു. എന്നെങ്കിലും നുസ്രയ്ക്ക് പറയണമെന്ന് തോന്നുകയാണെങ്കിൽ പറയട്ടെന്ന് ആയിരുന്നു മനസ്സിൽ..പക്ഷെ ഇപ്പോൾ അത് വേണ്ടാന്ന് തോന്നുന്നു.ലൈല എല്ലാം മറന്ന് വരുവാ..അവൾടെ മനസ് വീണ്ടും ആ വിവാഹ ദിവസത്തിലേക്ക് ചെന്നെത്തേണ്ടന്ന് കരുതി താജ് നുസ്റാന്നും വിളിച്ചു അവരുടെ അടുത്തേക്ക് ചെന്നു.. ഓ..വന്നു..എങ്ങോട്ട് തിരിഞ്ഞാലും അങ്ങോട്ട്‌ എത്തിക്കോളും മാരണം.. അവനെ കണ്ട ലൈല താല്പര്യമില്ലാത്ത മട്ടിൽ നെറ്റിയും ചൊറിഞ്ഞോണ്ട് നിന്നു.പക്ഷെ നുസ്ര അപ്പോഴേക്കും ഒരു നല്ല ചിരിയും കൊടുത്തു എന്താ താജ് എന്ന് ചോദിച്ചു കഴിഞ്ഞിരുന്നു.. "സീക്രെട്ടാ..ഇവിടുന്നു പറയാൻ പറ്റില്ല..ഒന്ന് വന്നേ നീ.. " പറഞ്ഞത് നുസ്രയോട് ആണെങ്കിലും താജ്ൻറെ കണ്ണ് ലൈലയുടെ മുഖത്തായിരുന്നു.അവളുടെ മുഖത്തെ താല്പര്യമില്ലായ്മയൊക്കെ ഒരൊറ്റ സെക്കന്റ്‌ കൊണ്ട് പമ്പ കടന്നു കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷ നിറഞ്ഞത് താജ് കണ്ടു.. ഇപ്പോ ശെരിയാക്കി തരാ മോളെ നിന്നെ ഞാൻ.. താജ് അവളെ ചൊടിപ്പിക്കാൻ തന്നെ തീരുമാനിച്ചു..

അവളെ ഒന്ന് ഇരുത്തി നോക്കിയതിന് ശേഷം നുസ്രയുടെ നേരെ തിരിഞ്ഞു.. അവൻ അടുത്ത് വന്നു സീക്രെട് ഉണ്ടെന്ന് പറഞ്ഞപ്പോഴെ നുസ്രയ്ക്ക് കാര്യം മനസ്സിലായിരുന്നു. അവൾ അടക്കി പിടിച്ച ചിരിയോടെ ലൈലയുടെ മുഖ ഭാവം ശ്രദ്ധിച്ചു കൊണ്ട് നിക്കുകയായിരുന്നു. "നീയെന്താ അനങ്ങാത്തെ..ഇവിടുന്നു പറയാൻ പറ്റില്ല.. ഇവിടെ വേറെയും ചിലർ നിക്കുന്നത് കാണുന്നില്ലേ.. നീ വാ.. നീ മാത്രം കേൾക്കണ്ട കാര്യമാ.. " താജ് ഒന്നൂടെ നുസ്രയെ വിളിച്ചു അല്പം നീങ്ങി അവിടുള്ള തൂണിനു കാൽ ഊന്നി നിന്നു. നുസ്ര ഇടം കണ്ണിട്ട് ലൈലയെ നോക്കി.. അവൾ കണ്ണും കൂർപ്പിച്ചു താജ്നെ തന്നെ നോക്കി നിക്കുന്നത് കണ്ടു. നുസ്ര അപ്പൊത്തന്നെ ചിരിച്ചു മയങ്ങിക്കൊണ്ട് താജ്ൻറെ അടുത്തേക്ക് ചെന്നു. ഞാൻ അറിയാതെ എന്ത് സീക്രെട്ടാ ഇവർക്ക്..ഇവിടെ വേറെയും ചിലർ നിക്കുന്നത് കാണുന്നില്ലേന്ന്.. ആരെടാ തെണ്ടി വേറെയും ചിലർ.. വീട്ടിന്നു നിനക്ക് എന്നെ വേണമല്ലോ.. വൃത്തികെട്ടവൻ.. ലൈല താജ്നെ ദഹിപ്പിക്കുന്നത് പോലെ നോക്കി.

"നീയെന്താടീ ഒരുമാതിരി അയിത്തം പിടിച്ചവരെ പോലെ.. ഒന്ന് അടുത്തു നിക്കെൻറെ മോളെ.. " അല്പം അകലം പാലിച്ചു നിന്ന നുസ്രയെ ലൈല കാണാൻ വേണ്ടി അവൻ കയ്യിൽ പിടിച്ചു തൊട്ടടുത്തേക്ക് നിർത്തിച്ചു.നുസ്ര ഒന്ന് ഞെട്ടി എങ്കിലും താജ്ൻറെ കണ്ണുകൾ പുറകിലേക്ക് ചെല്ലുന്നത് കണ്ടപ്പോൾ അവിടെ നിൽക്കുന്നവൾക്ക് കാര്യമായ മാറ്റം സംഭവിക്കുന്നുണ്ടെന്നു നുസ്രയ്ക്ക് മനസ്സിലായി.നുസ്ര ഒരു ചിരിയോടെ പതുക്കെ തല ചെരിച്ചു ലൈലയെ നോക്കി..മുഖം ചുമന്നു തുടുത്തിട്ടുണ്ട്.ഒരു മൊട്ടു സൂചി എടുത്തു കുത്തിയാൽ ചോര നാലു ഭാഗത്തേക്ക്‌ തെറിക്കും.. താജ്നെ മുന്നിൽ കണ്ടാലും ദേഷ്യം. താജ്ൻറെ ഒന്നിച്ച് വേറെ പെണ്ണിനെ കണ്ടാലും ദേഷ്യം..നുസ്ര ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് താജ്നെ നോക്കി..ലൈലയുടെ മാറ്റം താജ്ന്റെ മുഖത്തും ചിരി പരത്തി. മുഖത്ത് കാര്യമായിട്ട് ഒന്നും കാണുന്നില്ല.ചുവന്നതേയുള്ളൂ.. അത് തന്നെ കാണുമ്പോൾ പതിവ് ഉള്ളതാ.പക്ഷെ കൈ വിരലുകൾ മുറുകുന്നുണ്ട്.. "നിന്റെ കവിളിൽ എന്താടി..? " താജ് നുസ്രയുടെ കവിളിൽ തൊട്ടു..

പിന്നെ ലൈല അവിടെ നിന്നില്ല. രണ്ടിനെയും മനസ്സിൽ തെറി വിളിച്ചു കൊണ്ട് ക്ലാസ്സിലേക്ക് കയറിപ്പോയി. "മ്മ്..ഉണ്ട്..ഉണ്ട്.. മാറ്റമുണ്ട്.. പെണ്ണിന് നല്ല മാറ്റമുണ്ട്.. " നുസ്ര പഴയത് പോലെ അകലം പാലിച്ചു നിന്നു ചിരിക്കാൻ തുടങ്ങി. "അവൾക്ക് ഞാനിപ്പോ അവളുടെ പിന്നാലെ നടക്കുന്ന ഒരു വായിനോക്കി അല്ല. അവളുടെ ഭർത്താവാ..അവളുടെ കഴുത്തിൽ മഹർ ചാർത്തിയവൻ..സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിനോട് അടുപ്പം കാണിക്കുന്നത് പോയിട്ട് സംസാരിക്കുന്നത് പോലും ഒരു പെണ്ണും ഇഷ്ടപ്പെടില്ല.. പ്രത്യേകിച്ച് അവളുടെ കണ്മുന്നിന്ന്.. അതിനി ഭർത്താവിനോട് എത്രയൊക്കെ ഇഷ്ട കുറവ് ആണെങ്കിലും..ഉള്ളിൽ എവിടെയോ ഒരു സ്വാർത്ഥത ഉണ്ടാകും..അവൻ തന്റേതു മാത്രമാണെന്ന സ്വാർത്ഥത. അത്രേയുള്ളൂ ഒരു പെണ്ണ്.. എത്ര തന്റേടിയും വാശിക്കാരിയും ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല. പെണ്ണിന്റെ കൂട പിറപ്പാ അസൂയയും കുശുമ്പുമൊക്കെ. നിന്റെ ലൈലക്കും ഉണ്ട് അതൊക്കെ.. " താജ് ചെറു ചിരിയോടെ പറഞ്ഞു. ലൈല താജ്നോട് എവിടെയൊക്കെയോ അടുത്തു തുടങ്ങിയെന്നു നുസ്രയ്ക്ക് മനസ്സിലായി.നുസ്രയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. "ഞാനൊരു കാര്യം അറിഞ്ഞു.. ഞാനും ലൈലയും ഇത്രേം പെട്ടെന്ന് വിവാഹിതരായത് നിന്റെ വിവരക്കേടു കൊണ്ടാണെന്ന്.. "

താജ് പെട്ടെന്ന് പറഞ്ഞു.നുസ്രയുടെ മുഖത്ത് ഞെട്ടലും പേടിയുമൊക്കെ ഒരുപോലെ നിറഞ്ഞു. "പേടിക്കണ്ട..ഞാൻ നിന്നെ ഒന്നും ചെയ്യില്ല..ചെയ്തിട്ടു കാര്യമില്ല. പക്ഷെ ഒരു കാര്യം. ലൈല ഒന്നും അറിയരുത്. അവളിപ്പോ അതൊക്കെ മറന്നു വരുവാ.ഞാനോ മുന്നയോ അവളോട്‌ യാതൊന്നും പറയില്ല.. നീയും പറയാൻ പാടില്ല. കേട്ടല്ലോ..ഇക്കാര്യം പറയാനാ വിളിച്ചത്.. " അവൻ ഗൗരവത്തിൽ പറഞ്ഞു.നുസ്ര ശെരിയെന്ന അർത്ഥത്തിൽ തലയാട്ടി ക്ലാസ്സിലേക്ക് കയറി.അവൻ അവിടെന്ന് പോയി. പോകുന്നതിനു മുന്നേ ക്ലാസിനകത്തു മുഖം വീർപ്പിച്ചു ഇരിക്കുന്ന അവളെ ജനൽ വഴി ഒന്ന് നോക്കാനും മറന്നില്ല.അന്ന് വൈകുന്നേരം വരെ അവൾ അവന് മുഖം കൊടുത്തില്ല.. അവിടുന്നോ ഇവിടുന്നോ കണ്ടാൽ വേഗം മുഖം വെട്ടിച്ചു കളയും.. അവനും പിടിച്ചു നിർത്താനോ മിണ്ടാനോ മൈൻഡ് ചെയ്യാനോ ഒന്നിനും പോയില്ല. എല്ലാത്തിൻറെതും ഒരുമിച്ചു വീട്ടിന്നു കൊടുക്കാമെന്ന് കരുതി നിന്നു.പക്ഷെ അവളുടെ ആ ദേഷ്യമൊക്കെ അവൻ നല്ലത് പോലെ ആസ്വദിക്കുന്നുണ്ടായിരുന്നു.. അവൾ അവനോട് മാത്രേ അങ്ങനെ ഉണ്ടാരുന്നുള്ളൂ.എബിയോടും മുന്നയോടുമൊക്കെയുള്ള കളിയും ചിരിയും എന്നത്തേതിനേക്കാളും കൂടുതൽ ആയിരുന്നു..

വൈകുന്നേരം അവന്റെ വണ്ടി വന്നു നിക്കുമ്പോൾ അവൾ സെറ്റിയിൽ ഇരുന്നു കോഫി കുടിക്കുന്നുണ്ടായിരുന്നു. "വീട് മാറിപ്പോയി..നുസ്രയുടെ വീട് ഇതല്ല, അപ്പുറത്തേതാ.. " അവൻ അകത്തേക്ക് കയറിയതും അവൾ പറഞ്ഞു.ആക്കി പറഞ്ഞതാണ്.പക്ഷെ അതിലെ അസൂയ അവൻ കണ്ടു..അവൻ വന്നു അവളുടെ ഒപോസിറ്റ് ഇരുന്നു. അവൾ മൈൻഡ് ചെയ്തില്ല.കോഫി ഊതി കുടിക്കുന്നതിൽ ശ്രദ്ധ കൊടുത്തു.അവൻ കൈ നീട്ടി അവളുടെ കയ്യിലെ കപ്പ് പിടിച്ചു വാങ്ങിച്ചു ബാക്കി കോഫി കുടിക്കാൻ തുടങ്ങി. "വൃത്തികേടു കാണിക്കുന്നോ..അത് എന്റേതാ..ഇങ്ങ് താ.. നിനക്ക് വേണേൽ പൗലോസ് ചേട്ടനോട് ഒരെണ്ണം എടുക്കാൻ പറാ.. " അവൾക്ക് ദേഷ്യം വന്നിരുന്നു. "നിനക്ക് വേണോ ഇത്.. " അവൻ വല്ലാത്തൊരു ഭാവത്തോടെ അവളെ നോക്കി.ആ നോട്ടത്തിൻറെ അർത്ഥം അവൾക്ക് മനസ്സിലായില്ല.. പക്ഷെ നെഞ്ച് പട പട മിടിക്കുന്നത് അവൾ അറിഞ്ഞു..എനിക്ക് വേണ്ടാന്നും പറഞ്ഞു അവൾ എണീറ്റു വേഗം മുകളിലേക്ക് പോയി.കുളി കഴിഞ്ഞിറങ്ങുമ്പോൾ അവൻ റൂമിലേക്ക്‌ വന്നു.അവനെ നോക്കിയതേയില്ല.മുടിയും തുവർത്തിക്കൊണ്ട് കണ്ണാടിയുടെ മുന്നിലേക്ക് പോകാൻ നോക്കിയതും അവൻ അവളുടെ കൈ മുട്ടിൽ പിടിച്ചു നിർത്തിച്ചു.

"എത്ര വട്ടം പറഞ്ഞിട്ടുണ്ട് ചോദിക്കാതെയും പറയാതെയും ദേഹത്ത് തൊടരുത് എന്ന്.. " അവൾ ദേഷ്യത്തിൽ തന്നെയായിരുന്നു.. "എത്രവട്ടം പറഞ്ഞിട്ടുണ്ട് എനിക്കിത് ഒന്നും ഇഷ്ടമല്ലന്ന്.. ഊരി കളയാൻ ആയില്ലേ നിനക്ക്.. " അവൻ അവളുടെ കയ്യിലെ കരിവളകളിലേക്ക് നോക്കി.ശേഷം അവളുടെ മുഖത്തേക്കും. "ഇതിനുള്ള മറുപടി ഞാൻ തന്നതാ.. ഇന്നലെ പറഞ്ഞതേ എനിക്കിപ്പോഴും പറയാൻ ഉള്ളു.. എനിക്കിഷ്ടമാ ഇത്.ഞാൻ ഊരില്ല. നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല. " അവൾ കൈ കുടഞ്ഞു അവന്റെ പിടി വിടുവിച്ചു. "വേണ്ടാ..ഊരണ്ടാ..എനിക്കറിയാം എന്ത് വേണമെന്ന്.. " ആ സംസാരം അവളെ പേടിപ്പിച്ചു. ഇന്നലെ വേണ്ടുവോളം കിട്ടിയതാ. ഇനി ഒന്നിനും വയ്യെന്ന് കരുതി അവൾ പതുക്കെ പിന്നിലേക്ക് നീങ്ങി. അപ്പോഴേക്കും അവൻ കൈ നീട്ടി അവളുടെ കൈ തണ്ടയിൽ പിടുത്തമിട്ടിരുന്നു.അവൾ വേണ്ടാന്നും പറഞ്ഞു കൈ വലിക്കാൻ നോക്കിയതും അവന്റെ പിടുത്തത്തിന്റെ ആക്കം വർധിച്ചു. കയ്യിലെ ഓരോ കരിവളകളും ഉടഞ്ഞു നിലം പതിക്കുന്നത് അവൾ വേദനയോടെ കണ്ടു നിന്നു.. ഇന്നലെത്തേതു പോലെ കണ്ണുകൾ നിറയാൻ തുടങ്ങി.. ആ മിഴിനീർ പുറത്തേക്ക് ചാടി അവന്റെ കയ്യിൽ ചെന്നു പതിച്ചു.അവൻ കയ്യിലെ പിടി വിട്ടു..

അവൾ ദയനീയമായി കയ്യിലേക്ക് നോക്കുന്നത് അവൻ കണ്ടു.കൈ തണ്ടയിലേക്ക് വള കഷ്ണം തറഞ്ഞു കയറി ചോര പൊടിയുന്നുണ്ടായിരുന്നു.. അവൻ പതുക്കെ കൈ തണ്ടയിൽ പിടിച്ചു ആ കൈ തന്റെ മുഖത്തിന്‌ നേരെ ഉയർത്തി..അവൾ ഇനി എന്താന്നുള്ള ഭാവത്തിൽ നോക്കി നിൽക്കെ അവൻ ചുണ്ടുകൾ ആ മുറിവിലേക്ക് ചേർത്തു ചോര ഒപ്പിയെടുത്തു.. അവളൊന്നു പുളഞ്ഞു..വേദന കൊണ്ട് കണ്ണുകൾ ഇറുക്കി പിടിച്ചിരുന്നു..അവൻ ചുണ്ടുകൾ അടർത്തി മാറ്റി അവളുടെ കൈ പതിയെ താഴ്ത്തി വെച്ചു.അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ അവൻ നാവിനടിയിൽ ഉള്ള വള കഷ്ണം തുപ്പി കളയുന്നത് കണ്ടു.. അവൻ അവളുടെ മറ്റേ കയ്യിലേക്ക് നോക്കി.അവളപ്പോ തന്നെ പേടിയോടെ വേണ്ടാന്ന് തലയാട്ടി കൈ പിന്നിലേക്ക് ആക്കി വെച്ചു. "ഈ കൈക്ക് കിട്ടിയ എരിവും മധുരവുമൊക്കെ ആ കൈക്കും കൂടി കിട്ടണ്ടങ്കിൽ ഞാൻ കുളി കഴിഞ്ഞു വരുമ്പോഴേക്കും ഊരി കളഞ്ഞോണം..കേട്ടോടി കുശുമ്പി.. " അവൻ ടവലും എടുത്തു ബാത്റൂമിലേക്ക് കയറി.. തെണ്ടി..പട്ടി..

എനിക്കും വരുമെടാ ഒരു ദിവസം.അന്ന് നിന്റെ ആ കൈ ഉണ്ടല്ലോ.. അത് ഞാൻ അടിച്ചു ഒടിച്ചു എടുത്തു പീസ് പീസ് ആക്കി അപ്പുറത്തെ വീട്ടിലെ പൂച്ചക്കും പട്ടിക്കും ഇട്ടു കൊടുക്കും. നോക്കിക്കോ..അവൾ ചവിട്ടി തുള്ളിക്കൊണ്ട് താഴേക്ക് ഇറങ്ങിപ്പോയി..കിച്ചണിലേക്ക് ചെന്നതും പൗലോസ് ചേട്ടൻ എന്തോ കുക്ക് ചെയ്യുന്നത് കണ്ടു.അടുത്ത് തന്നെ ഓയിൽ ബോട്ടിലും. അവൾക്ക് ഒരു കുസൃതി തോന്നി. പൗലോസ് ചേട്ടൻ കാണാതെ ആ ബോട്ടിലും എടുത്തു റൂമിലേക്ക്‌ വിട്ടു.. ബാത്റൂമിൻറെ ഡോർനു താഴെ ഓയിൽ ഒഴിച്ചു. അവൻ പുറത്തേക്ക് ഇറങ്ങുന്നതും മൂക്കും കുത്തി വീഴുന്നതും സ്വപ്നം കണ്ടു കൊണ്ട് വെളിയിൽ വാതിലിൻറെ മറവിൽ നിന്നു. അവൻ കുളി കഴിഞ്ഞു ബാത്‌റൂം തുറന്നു.തലയും തുവർത്തിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും കാൽ വഴുക്കി. വീണില്ല.അതിന് മുന്നേ ചുമരിൽ കൈ ഊന്നി ബാലൻസ് ചെയ്തു. നിലത്തു എണ്ണ കണ്ടത് കാരണം അവൻ ചുറ്റിനും നോക്കി. വാതിലിൻറെ മറവിൽ അവളുടെ ഷാൾ പാറുന്നത് കണ്ടു. ഓഹോ.. കൊല്ലാനുള്ള പണി ആണല്ലേ.. ശെരിയാക്കി തരാടീ നിന്നെ. അവൻ ബാത്‌റൂമിൻറെ ഡോർ വലിച്ചടച്ചു. ശേഷം അടുത്തുള്ള ചെയർ കാല് കൊണ്ട് തട്ടി മറിച്ചിട്ടു.ശബ്ദം കേട്ടു അവൾ success എന്നും പറഞ്ഞു നിന്നിടത്ത് നിന്ന് രണ്ടു ചാട്ടവും തുള്ളലും കഴിഞ്ഞു അകത്തേക്ക് ഓടി വന്നു. "അപ്പൊ.. അപ്പൊ നീ വീണില്ലേ..? "

കസേര വീണു കിടക്കുന്നതും അവൻ മുന്നിൽ പന പോലെ നിന്ന് മുടി തുവർത്തുന്നതും കണ്ടു അവൾ അന്തം വിട്ടു ചോദിച്ചു.. "എന്താടി..അര വട്ടു മുഴുവട്ട് ആയോ..?" "വട്ടു നിന്റെ അമ്മായിക്ക്.. " കലി തുള്ളിക്കൊണ്ട് അവന്റെ നേരെ പോയതും എണ്ണയിൽ ചവിട്ടി കാൽ സ്ലിപ് ആയി.എല്ലാം കഴിഞ്ഞെന്നു ഉറപ്പായി അവൾക്ക്.. കാല പുരിയും മനസ്സിൽ കണ്ടു കണ്ണുകൾ ഇറുക്കി അടച്ചു.പക്ഷെ നിലം പതിക്കാൻ അവൻ സമ്മതിച്ചില്ല.അരയിലൂടെ കയ്യിട്ടു താങ്ങി നിർത്തിയിരുന്നു അവളെ.. അവൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തോടെ കണ്ണ് തുറന്നു നോക്കി. "ഇതാണ് പറയുന്നേ.. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന്. എന്നോട് കളിക്കാൻ ഇതൊന്നും പോരാ.. പോയി സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടു വാ.. " അവൻ അവളെ നേരെ നിർത്തിച്ചു ഷെൽഫിൻറെ ഭാഗത്തേക്ക്‌ നീങ്ങി. എന്തോ ഓർത്ത പോലെ പെട്ടെന്ന് തിരിഞ്ഞു. "ഊരി കളഞ്ഞില്ല അല്ലേ നീ.. " അവൻ അവളെ കടുപ്പിച്ചു നോക്കി. "ഉവ്വ്..ഊരി..ദേ ഇപ്പം ഊരി കളയുവാ.. " എന്നും പറഞ്ഞു അവൾ ദൃതിപ്പെട്ടു മറ്റേ കയ്യിലെ കരിവളയൊക്കെ ഊരി എടുത്തു വേസ്റ്റ് ബിന്നിലേക്ക് ഇട്ടു. "അപ്പൊ അനുസരിക്കാനൊക്കെ അറിയാം..ഇനി മോള് ചെന്നു കഴിക്കാൻ എന്തേലും എടുത്തു വെക്ക്..നല്ല വിശപ്പ്.. "

"എന്തേലും അല്ല..പാഷാണമാ നിനക്ക് ഞാൻ തരുക. അതാകുമ്പോൾ ബാക്കിയുള്ളവർക്ക് ഇത്തിരി സമാധാനമെങ്കിലും കിട്ടും." അവൾ നിന്ന് പിറു പിറുത്തു. "വല്ലതും പറഞ്ഞോ.. " "ഇപ്പൊ എടുത്തു വെക്കാന്ന് പറയുവായിരുന്നു.." അവനെ കൊല്ലുന്ന പോലെ നോക്കിക്കൊണ്ട് അവൾ താഴേക്ക് പോയി. *** അവളുടെ കൊലുസിന്റെ ശബ്ദം കേട്ടിട്ടാണ് അവന് ഉറക്കം ഞെട്ടിയത്.. ഇത്ര പെട്ടെന്ന് നേരം വെളുത്തോ..? അവൻ ഫോൺ എടുത്തു സമയം നോക്കി.. അടിപൊളി..നട്ട പാതിരയാണ് സമയം.ഈ പിശാച് എന്താ വല്ല നാഗവല്ലിക്കും പ്രാക്ടീസ് ചെയ്യുന്നുണ്ടോ..അവൻ തല പൊക്കി ബെഡിലേക്ക് നോക്കി..ആള് നല്ല ഉറക്കത്തിലാണ്.അങ്ങോട്ടും ഇങ്ങോട്ടുമുള്ള തിരിയലിലും മറിയലിലുമാണ് കൊലുസ് ശബ്ദിക്കുന്നത്.. ഇതിനെയൊക്കെ ഞാൻ എന്താ വേണ്ടത്. അവൻ ബ്ലാങ്കറ്റ് എടുത്തു തല വഴിയിട്ട് കിടന്നു..കണ്ണിനൊന്ന് ഉറക്കം തട്ടിയതേയുള്ളൂ. അപ്പോഴേക്കും വീണ്ടും തുടങ്ങി കൊലുസ് കിലുങ്ങാൻ.. എടീ..പൂതനേ.. അവൻ ബ്ലാങ്കറ്റും ചുരുട്ടിക്കൂട്ടി എറിഞ്ഞു സോഫയിന്ന് എണീറ്റു കട്ടിലിൻറെ അടുത്തേക്ക് ചെന്നു..

കയ്യും കാലും നീട്ടിയും നിവർത്തിയും അവൾ സുഖമായ ഉറക്കത്തിലാണ്.. പിശാശ്.. ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞിട്ടു കിടന്നുറങ്ങുന്നത് നോക്കിക്കേ..വള കിലുക്കം തീർത്തു തന്നത് പോലെത്തന്നെ ഇതും ഞാൻ തീർത്തു തരാടീ.. അവൻ അവളുടെ കാലിന്റെ ഭാഗത്തായി മുട്ട് കുത്തി നിന്നു. കൊലുസിലേക്ക് കണ്ണ് ചെല്ലുന്നതിന് മുന്നേ അവന്റെ കണ്ണുകൾ കൊച്ചു കുട്ടിയുടെ പോലെ ഇളം പിങ്ക് നിറത്തിൽ മൃദുവായി നിൽക്കുന്ന അവളുടെ കാൽ വെള്ളയിലേക്കും വെളുത്തുരുണ്ട ചെറു വിരലുകളിലേക്കും ചെന്നു..മനസ്സ് എന്തിനൊക്കെയോ വേണ്ടി വെമ്പൽ കൊള്ളുന്നതു അവൻ അറിഞ്ഞു.പതിയെ ആ കാൽ വെള്ളയിൽ വിരൽ ഓടിച്ചു വിരലുകൾ ചെറുതായി വലിച്ചു. അവളിൽ നിന്നും ഒരു മൂളൽ ഉയർന്നു.അവൻ മുഖം കാൽ പാദത്തിലേക്ക് അടുപ്പിച്ചു താടി വെച്ചുരസി ഒന്ന് ചുംബിച്ചു.. അവൾ കിടന്നു നിരങ്ങാൻ തുടങ്ങി.. അവൾ ഉണരുമെന്ന് കരുതി പിന്നെ അവൻ ഒന്നും ചെയ്യാൻ നിന്നില്ല. കൊലുസ് അഴിക്കാൻ നോക്കി. കൊളുത്തു മുറുക്കം ഉള്ളത് കാരണം കടിച്ചെടുക്കേണ്ടി വന്നു. മറ്റേ കാലിലേതും അതുപോലെ തന്നെ എടുത്തു.കിലുക്കം ഉണ്ടാവാതെ രണ്ടും വളരെ പതുക്കെ അവൻ പോക്കറ്റിലേക്ക് ഇട്ടു..

പോകാൻ നിന്നതും ഒന്ന് തിരിഞ്ഞു നോക്കി.ബെഡ് ലാമ്പിൻറെ അരണ്ട വെളിച്ചത്തിലും അവളുടെ മുഖം വെട്ടി തിളങ്ങുന്നതു അവൻ അറിഞ്ഞു.അവൻ അടുത്തേക്ക് ചെന്നു.നേരം പുലരുവോളം ആ മുഖത്തേക്ക് നോക്കിയിരിക്കണമെന്ന് തോന്നി അവന്. നിന്നോട് ഒരു ഫീലിംഗ്സും തോന്നുന്നില്ലന്നു പറഞ്ഞ ഞാൻ എന്തൊരു വിഡ്ഢിയാണ്.അന്ന് അങ്ങനെയായിരുന്നു.മുന്നിൽ കാണുമ്പോഴും അടുത്ത് കിട്ടുമ്പോഴും ദേഷ്യവും വാശിയും മാത്രം.ആദ്യമായി എന്റെ നേർക്ക് നേർ നിന്നു ശബ്ദിച്ച പെണ്ണിനെ തോൽപിച്ചു എന്റെ മുന്നിൽ മുട്ട് കുത്തിക്കണമെന്ന വാശി. ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒരു സെക്കന്റ്‌ പോലും ആലോചിക്കാതെ മുഖത്ത് നോക്കി ഇഷ്ടമല്ലന്ന് പറഞ്ഞ പെണ്ണിനെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കണമെന്ന വാശി.അത് അല്ലാതെ വേറൊന്നും ഉണ്ടാരുന്നില്ല.പക്ഷെ ഇപ്പൊ അങ്ങനെയല്ല.നീയെന്റെ ശ്വാസത്തിലും ഹൃദയത്തിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്നു. നിന്നോട് ഉള്ള ഫീലിംഗ്സ് എന്താണെന്നും എത്രയാണെന്നും എനിക്ക് തന്നെ അറിഞ്ഞൂടാ..

ഇങ്ങനെ അടുത്ത് കാണുമ്പോഴോക്കെ കടിച്ചു തിന്നാൻ തോന്നുന്നു.എങ്ങനെയാ കണ്ട്രോൾ ചെയ്തു നിക്കുന്നേന്ന് തമ്പുരാന് അറിയാം..മോളെ..അധികകാലമൊന്നും ഞാൻ ഇങ്ങനെ പിടിച്ചു നിന്നെന്ന് വരില്ല.ഉടനെ ഒരു അറ്റാക്ക് നീ പ്രതീക്ഷിച്ചോ.. അവൻ അവളുടെ നെറുകിൽ തലോടി മൃദുവായി ഒരു മുത്തം കൊടുത്തു..നീങ്ങി കിടക്കുന്ന പുതപ്പ് എടുത്തു ശെരിക്കും പുതപ്പിച്ചു. ശേഷം സോഫയിൽ അവളെയും നോക്കിക്കൊണ്ട് കിടന്നു.എപ്പോഴോ കണ്ണുകൾ അടഞ്ഞു.. ** രാവിലെ എണീറ്റു കാല് നിലത്തു കുത്തുമ്പോൾ തന്നെ അവൾക്ക് വലുതായി എന്തോ ഒരു നഷ്ടം സംഭവിച്ചതു പോലെ ഫീൽ ചെയ്തു.ഒരടി മുന്നോട്ടു നടന്നതും അത് കൊലുസ് ആണെന്ന് അവൾക്ക് മനസ്സിലായി.അവൾ പാന്റ് പൊക്കി നോക്കി.രണ്ടു കാലിലും കാണാനില്ല.ഒന്നും ആലോചിക്കാൻ നിന്നില്ല.കണ്ണാടിയുടെ മുന്നിൽ നിന്നും മുടി ചീകുന്ന അവന്റെ പുറത്ത് ഇടിക്കാനും മാന്താനും പറിക്കാനുമൊക്കെ തുടങ്ങി. "എന്താടി..ഇന്ന് ഉറക്ക പായേന്നേ തുടങ്ങിയോ..ഞാൻ മുനിസിപ്പാലിറ്റി ഡബ്ബിയല്ല. കാര്യം പറയെടി.. "

അവൻ അവളുടെ രണ്ടു കയ്യും പിടിച്ചു വെച്ചു. "കൊല്ലും നിന്നെ ഞാൻ..എൻറെ കൊലുസ് എവിടെ.ഇപ്പൊ കിട്ടണം എനിക്കത്.. " "കൊലുസോ..അതെനിക്ക് എങ്ങനെ അറിയാനാ.. " "ദേ.. നിന്റെ അടവ് ഒന്നും എന്റെ അടുത്ത് നടക്കില്ല.. കുടിച്ച വെള്ളത്തിൽ വരെ ഞാൻ നിന്നെ വിശ്വസിക്കില്ല.. പിന്നെയല്ലേ നീ പറയുന്നത് വിശ്വസിക്കാൻ.. നീയാ എടുത്തത്..എനിക്കറിയാം.. മര്യാദക്ക് തരുന്നതാ നിനക്ക് നല്ലത്. അല്ലെങ്കിൽ ഞാനെന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല.. " "ശെരിയാ.ഞാനാ എടുത്തെ. അത് പക്ഷെ നിനക്ക് തിരിച്ചു തരാൻ വേണ്ടി എടുത്തത് അല്ല.. നീ എത്രയൊക്കെ നിന്നു തുള്ളിയിട്ടും കാര്യമില്ല.ഞാൻ തരില്ല.. കാരണം നിനക്ക് അറിയാമല്ലോ.. എനിക്കിഷ്ടമല്ലാ അതുമാതിരി കോലം കെട്ടലൊന്നും.. " "അതിന് നീ കെട്ടുന്നില്ലല്ലോ.. ഞാൻ അല്ലേ കെട്ടുന്നത്.എത്രവട്ടം പറഞ്ഞു നിൻറെ ഇഷ്ടത്തിന് അല്ല ഞാൻ ജീവിക്കുന്നത് എന്ന്.. എന്റെ നിവർത്തി കേട് കൊണ്ട് നിന്റെ മുന്നിൽ കഴുത്തു നീട്ടി തന്നു. അതിന്റെ അർത്ഥം നീ എന്റെ അധികാരി ആണെന്നല്ല.. ഞാൻ നീ വരയ്ക്കുന്ന വരയിൽ നിന്നോളാമെന്നല്ല..എന്റെ കാര്യത്തിൽ കൈ കടത്താൻ വരരുത്.. ഇങ്ങ് താ.. തരാനാ പറഞ്ഞത്.. " "ഇല്ലെന്ന് പറഞ്ഞില്ലേ.. " "നിന്നെ ഞാനിന്ന്.. "

അവൾ അവന്റെ പിടി വിടുവിച്ചു അവന്റെ കഴുത്തു പിടിച്ചു ഞെരിക്കാൻ നോക്കി.അവൻ അപ്പൊത്തന്നെ വീണ്ടും ആ കൈ രണ്ടും പിടിച്ചു വെച്ചു അവളെ ബെഡിലേക്ക് തള്ളി. അവൾ മലർന്നടിച്ചു വീണു. "എടാ.. " അവൾ അലറിക്കൊണ്ട് എണീറ്റതും അവൻ അവളെ അവിടെത്തന്നെ പിടിച്ചിരുത്തി.എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു ബോക്സ്‌ എടുത്തു അവൾക്ക് മുന്നിലായി മുട്ട് കുത്തി നിന്നു.. "ഇതാ..ഇനി മുതൽ ഇതായിരിക്കണം നിന്റെ കാലിൽ ഉണ്ടായിരിക്കേണ്ടത്.. " അവൻ ആ ബോക്സ്‌ അവൾക്ക് നേരെ നീട്ടി.അവൾ വാങ്ങിച്ചില്ല.. ചുവന്ന മുഖവും വെച്ചു അവനെ നോക്കി പല്ല് ഞെരിച്ചു കൊണ്ടിരുന്നു. "നീയിത് കാലിൽ അണിയുന്നത് പോയിട്ട് എന്റെ കയ്യിന്ന് ഒന്ന് വാങ്ങിച്ചു നോക്കുക കൂടി ചെയ്യില്ലെന്ന് എനിക്ക് നന്നായി അറിയാം.അതോണ്ട് ചെയ്യേണ്ടത് ഒക്കെ ഞാൻ തന്നെ ചെയ്തോളാം. " എന്നും പറഞ്ഞു അവൻ ബോക്സ്‌ ഓപ്പൺ ചെയ്തു.പ്രത്യേകിച്ച് കൊത്ത് പണികൾ ഒന്നും ഇല്ലാതെ വളരെ സിമ്പിൾ ആയിട്ടുള്ളതും എന്നാൽ കാണാൻ നല്ല ഭംഗിയുള്ളതുമായ സ്വർണ കൊലുസ് ആയിരുന്നു അതിൽ. അവൻ അവളുടെ കാല് എടുത്തു തന്റെ തുടയിലേക്ക് വെച്ചു.എന്നിട്ട് കൊലുസ് എടുത്തു ഇട്ടു കൊടുക്കാൻ നോക്കിയതും അവൾ കാൽ വലിച്ചു കളഞ്ഞു..

അവൻ അതൊന്നും കാര്യമാക്കിയില്ല. വീണ്ടും കാല് എടുത്തു പിടിച്ചു വെച്ചു.. "വേണ്ടാ..എനിക്ക് വെള്ളി കൊലുസാ ഇഷ്ടം..കാലിൽ സ്വർണം അണിയുന്നതിൽ താല്പര്യമില്ല.. " അവളുടെ ശബ്ദം താണിരുന്നു. അവൻ അവളുടെ മുഖത്തേക്ക് നോക്കി.സങ്കടം നിഴലിച്ചതു കണ്ടു. എന്നാലും പിന്തിരിഞ്ഞില്ല. പിടിച്ചു വെച്ചു രണ്ടു കാലിലും ഇട്ട് കൊടുത്തു. "എങ്ങാനും ഊരി കളഞ്ഞാൽ.. അറിയാല്ലോ എന്നെ.. " അവൻ ഭീഷണിയോടെ അവൾക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് എണീറ്റു.അവൾ കാലിലേക്ക് നോക്കി..കണ്ണിൽ നിന്നും രണ്ടു തുള്ളി ആ സ്വർണ കൊലുസിലേക്ക് ചെന്നു പതിച്ചു..അത് കണ്ടു അവൻ അവളുടെ അടുത്ത് വന്നിരുന്നു. അവൾ തല ചെരിച്ചവനെ നോക്കി. "ഇഷ്ടമല്ലന്ന് പറഞ്ഞിട്ടും പിന്നെന്തിനാ.. എന്തിനാ ഇങ്ങനെയൊക്കെ.. എന്നെ എന്റെ ഇഷ്ടങ്ങളിൽ വിട്ടൂടെ.. അതിൽ നിന്നൊക്കെ എന്നെ അടർത്തി മാറ്റുന്നതു എന്തിനാ.. " കണ്ണ് നിറഞ്ഞതിനൊപ്പം തന്നെ അവളുടെ ശബ്ദം ഇടറിയത് അവൻ അറിഞ്ഞു..അവൻ അപ്പൊത്തന്നെ അവളുടെ വട്ട മുഖം കൈകളിലാക്കി.

"നിന്റെ ഇഷ്ടങ്ങൾ ആയിരുന്നു എങ്കിൽ ഞാൻ സമ്മതിച്ചു തന്നേനെ.. നിന്നെ ഞാൻ നിന്റെ ഇഷ്ടങ്ങളിൽ ജീവിക്കാൻ അനുവദിച്ചേനെ. പക്ഷെ ഇതൊന്നും നിന്റേത് അല്ല.ആർക്ക് വേണ്ടിയാ നീയിങ്ങനെ എന്ന് എനിക്ക് നന്നായി അറിയാം.. അയാളോടുള്ള നിന്റെ പ്രണയം ഇന്നും മരിച്ചിട്ടില്ലന്നും അറിയാം.ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ അയാൾ ഉണ്ടായിരുന്നു എങ്കിൽ ഉറപ്പായും ഞാൻ നിന്നെയും അയാളെയും ചേർത്തു വെച്ചേനെ. ഒരിക്കലും ഞാൻ നിങ്ങൾക്ക് ഇടയിലേക്ക് വരില്ലായിരുന്നു.. പക്ഷെ അയാൾ ഇന്നീ മണ്ണിൽ ഇല്ല. നീ തന്നെയല്ലേ പറഞ്ഞത് മരണപ്പെട്ടു പോയെന്ന്.. അതും നിന്റെ കണ്മുന്നിന്ന്.അതെന്താ നീ ഉൾകൊള്ളാത്തെ.. ഇനിയും ഈ ഇഷ്ടങ്ങൾ നെഞ്ചോടു ചേർത്തു പിടിക്കുന്നതിൽ അർത്ഥമില്ല ലൈല. നീ ചിന്തിക്കാൻ കഴിവുള്ളവളല്ലേ.. എന്തിനാ ആ ഓർമകളിൽ സ്വയം ഇല്ലാണ്ട് ആവുന്നേ.. എനിക്ക് വേണം നിന്നെ.അത് പക്ഷെ മറ്റൊരു പുരുഷൻറെ ഇഷ്ടങ്ങളിൽ ജീവിക്കുന്ന പെണ്ണായിട്ട് അല്ല.. ആ പഴയ ആണായി നടക്കുന്ന പെണ്ണായിട്ട്..അങ്ങനെ വേണം എനിക്ക് നിന്നെ..അതാ നിനക്ക് ഭംഗി.ആ ലൈലയാ താജ്ന് കൂടുതൽ ചേർച്ച..നീ എത്ര കണ്ണ് നിറച്ചിട്ടും കാര്യമില്ല.ഞാൻ നിന്നെ എന്നിൽ നിന്നും മോചിപ്പിക്കില്ല.

ഇന്നോ നാളെയോ ഡിവോഴ്സ് വാങ്ങി പോകാമെന്നുള്ള വിചാരത്തിലാണ് നീ ഓരോ ദിവസവും ഇവിടെ കഴിച്ചു കൂട്ടുന്നത് എന്നെനിക്കറിയാം.പക്ഷെ അതെന്റെ അടുത്ത് നടക്കില്ല.ആ പരിപ്പ് അങ്ങ് വാങ്ങി വെച്ചേര്.. " അവൻ എണീറ്റു പോയി.അവളുടെ ഉള്ളിൽ തന്റെ ആദ്യ പ്രണയമായ റമിയുടെയും ഇപ്പോൾ തന്റെ ഭർത്താവ് ആയ താജ്ൻറെ മുഖവും മാറി മാറി സഞ്ചരിക്കാൻ തുടങ്ങി. ഒരിക്കലും റമിയെ മറക്കാനോ മറ്റൊരു ജീവിതം സ്വീകരിക്കാനോ വയ്യാ.താജ് ആണെങ്കിൽ ഒരിക്കലും തന്നെ വിട്ടു കളയില്ല..താൻ എന്നാൽ അവന് ഭ്രാന്ത്‌ ആണെന്ന് ഈ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അവൾക്ക് മനസ്സിലായിരുന്നു. മനസ്സിൽ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ നടന്നു കൊണ്ടിരുന്നു. എന്നിട്ടും ഒരു തീരുമാനത്തിലും എത്താൻ കഴിഞ്ഞില്ല. കുറച്ച് നേരം ആ ഇരുപ്പ് തുടർന്നു. ** മിനിയാന്ന് അവൻ വലിച്ചു സിബ്ബ് പൊട്ടിച്ച ചുരിദാർ അവൻ കാണാതെ കുത്തിയിരുന്നു സിബ്ബ് ശെരിയാക്കിയിട്ടാണ് ഇന്നലെ കോളേജിലേക്ക് ധരിച്ചത്.അതും അവനെ പേടിച്ച് അവൻ കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും അവൾ വീട്ടീന്നേ ഇറങ്ങിയിരുന്നു. പിന്നെ കോളേജിന്ന് കണ്ടപ്പോൾ അവൻ അത് ശ്രദ്ധിക്കുകയൊന്നും ചെയ്തില്ല. ഇന്നിപ്പോ ഇടാൻ ഡ്രസ്സ്‌ ഇല്ല. അവൻ കൊണ്ട് വെച്ചത് ഒക്കെ ജീൻസും ടോപ്പും സ്കേർട്ടുമൊക്കെയാണ്.

ഒരൊറ്റ ദിവസം കൊണ്ട് ചുരിദാർ ഒക്കെ കളഞ്ഞു ഇത് ഇട്ടിട്ടു പോയാൽ കോളേജിൽ ഉള്ളവർ എന്ത് കരുതും.. കുളി കഴിഞ്ഞു വന്ന അവൾ ആകെ വട്ടു പിടിക്കുന്നത് പോലെ നിന്നു. നുസ്രയാണെങ്കിൽ അവളെ കാണാഞ്ഞിട്ട് മരണ വിളിയാണ്. വേറെ വഴിയൊന്നും ഇല്ലെന്ന് കണ്ട അവൾ ഒരു ജീൻസും ടോപ്പും എടുത്തിട്ടു. ഏതായാലും നനഞ്ഞു. ഇനി കുളിച്ചു കയറാമെന്ന് കരുതി മുടി പഫ് ചെയ്തു വെച്ചു.എന്നിട്ട് സ്കാഫ് അതിന് മീതെ അല്പം മോഡേൺ ആയി തന്നെ ചെയ്തു. കയ്യിൽ ഇടാൻ ഒന്നും ഇല്ല. ടേബിളിൽ അവന്റെ വാച്ച് ഇരിക്കുന്നത് കണ്ടു. അതെടുത്തു ടൈറ്റിൽ കെട്ടി. ബാഗും എടുത്തു താഴേക്ക് ഇറങ്ങി. അവൻ ഡെയ്നിങ് ടേബിളിൻറെ മുന്നിൽ ആയിരുന്നു. അവളെ കണ്ടതും മുന്നിൽ ഇരിക്കുന്ന ഫുഡ്‌ പോലും മറന്നു ഒരുനിമിഷം അവളെ തന്നെ നോക്കിപ്പോയി. അത് കണ്ടു ഉപ്പ ഒന്ന് ചുമച്ചു. അവൻ ഉപ്പാനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു. അവൾ വന്നിരുന്നു..അവനെ നോക്കിയതേയില്ല. ഉപ്പാനോട് ഓരോന്ന് സംസാരിച്ചു കൊണ്ട് വേഗം കഴിച്ചു എണീറ്റു നുസ്രയുടെ വീട്ടിലേക്ക് വിട്ടു.

അവളെ കണ്ട നുസ്ര കണ്ണും തള്ളി വായും പൊളിച്ചു നിന്നു. "എന്തെടി.. " നുസ്രയുടെ നിൽപ് കണ്ടു ലൈല നെറ്റി ചുളിച്ചു.. "കല്യാണം കഴിഞ്ഞാൽ മാറ്റം ഉണ്ടാകും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്..ഇതൊരു ഒന്നൊന്നര മാറ്റം ആയിപോയി മോളെ.. " നുസ്ര നിന്ന് ചിരിക്കാൻ തുടങ്ങി. "ഞാൻ അനുഭവിക്കുന്നത് ഒന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല. കിണിക്കടീ നീ കിണിക്ക്.. ഇതിനുള്ളതൊക്കെ പലിശയല്ല, കൂട്ടു പലിശ ചേർത്തായിരിക്കും നിനക്കൊക്കെ ഞാൻ തരുക.. ഇപ്പൊ നീ വാ.. " "ലേറ്റ് ആകുമ്പോൾ തന്നെ വിചാരിച്ചു താജ് വല്ല പണിയും തന്നു കാണുമെന്ന്.അത് ഇമ്മാതിരി എട്ടിന്റെ പണിയാകുമെന്ന് കരുതീല മോളെ..നീയൊന്നു ടൈം നോക്കിയേ..ബസ് പോയി.ഒന്നോ രണ്ടോ അല്ല..ഫിഫ്റ്റീൻ മിനുട്ട്സാ ലേറ്റ്..ഇനിപ്പോ വല്ല ഓട്ടോയും പിടിക്കണം.. " "അയ്യോ ദാരിദ്ര്യം..വീട്ടിൽ വണ്ടി വെച്ചിട്ടാണോടീ നീയീ പറയുന്നത്.. കിടക്കയല്ലേ ആക്റ്റീവാ.. നമുക്കിത് മതി.. " "ഹിയ്യോ..എനിക്ക് പേടിയാ.. എപ്പോഴും ബസ്സിന് തൂങ്ങി പിടിച്ചു പോകണ്ടാന്നു പറഞ്ഞു ഈ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഇക്കാക്ക വാങ്ങിച്ചു തന്നതാ..

ഡ്രൈവിങ്ങ് ആണേൽ അതിന് മുൻപത്തെ പ്രാവശ്യമേ പഠിപ്പിച്ചു തന്നു. പക്ഷെ എനിക്ക് പണ്ട് തൊട്ടേ ഒടുക്കത്തെ ധൈര്യവും കോൺഫിഡൻസും ആയോണ്ട് ഇന്നുവരെ ഞാൻ ഇത് റോഡിലേക്ക് ഇറക്കീട്ടില്ല.. എനിക്ക് പേടിയാ ടീ.. ഇവിടുത്തെ റോഡ് അത്രക്കും തിരക്കുള്ളതാ.. പിന്നെ ഓരോന്നിൻറെ പോക്ക്.. അത് പറയേ വേണ്ടാ.കാണുന്നില്ലേ. മരണ പാച്ചിലാണ്.. " "എവിടുന്നു വരുന്നെടീ നീയൊക്കെ.. പോയി കീ എടുത്തോണ്ട് വാ.. ഞാൻ തന്നെ ആയിക്കോട്ടെ ഉൽഘാടനം.. നമുക്ക് കത്തിച്ചു വിടാമെടീ.. ഇനി അല്പം ലേറ്റ് ആയി ഇറങ്ങിയാലും കുഴപ്പമില്ല.. വൈകുന്നേരത്തെ ബസ്സിനുള്ള കാത്തിരിപ്പും വേണ്ടാ.. " "നിനക്ക് അഹങ്കാരം ആയിട്ടല്ലേ.. നിനക്ക് ഇതിന്റെയൊന്നും ആവശ്യമില്ല..താജ്ൻറെ ഒന്നിച്ച് പോയാൽ പോരേ.. " "പറ്റുമെങ്കിൽ കീ എടുത്തിട്ടു വാ.. എന്ത് പറഞ്ഞാലും ഒരു താജ്. നിനക്കെന്താ അവൻ വല്ല കൈ വിഷവും തന്നിട്ടുണ്ടോ.. " അവൾ നിന്ന് കലി തുള്ളി. നുസ്ര പിന്നൊന്നും പറഞ്ഞില്ല. ഒന്ന് ഇളിച്ചു കാണിച്ചു വേഗം പോയി കീ എടുത്തിട്ടു വന്നു. ** കോളേജ് ഗേറ്റ് കടന്നു വരുന്ന അവളെ കണ്ടു മുന്ന അത്ഭുതപ്പെട്ടു. കുറച്ച് നേരം കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി നിന്നു.. അവളുടെ ആ രൂപം അവനെ ഒരുപാട് സന്തോഷപ്പെടുത്തി. അവൾ പഴയ ലൈലയിലേക്ക് സഞ്ചരിച്ചു തുടങ്ങിയെന്ന് അവൻ അറിഞ്ഞു.

അല്ലെങ്കിൽ ഒരിക്കലും അവൾ ഈ വേഷം സ്വീകരിക്കില്ല.എല്ലാം താജ്ൻറെ മിടുക്ക് ആണ്. ഈ ലോകത്ത് അവന് മാത്രമേ ഇനി അവളെ റമിയുടെ ഓർമകളിൽ നിന്നും വിമുക്തയാക്കാനും ജീവന് തുല്യം സ്നേഹിച്ചു ഒരു പുതു ജീവിതം നൽകാനും കഴിയുകയുള്ളൂ.. അവൾ പതുക്കെ പതുക്കെ താജിലേക്ക് ചേർന്ന് കൊള്ളട്ടെ. അപ്പോഴേക്കും ബാക്കിയുള്ള കാര്യങ്ങൾ കൂടി ശെരിയാക്കണം.ബാംഗ്ലൂരിലേക്ക് പോകുന്ന കാര്യം ലൈലയോട് പറഞ്ഞിട്ടില്ല.രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ പോകണം.കാര്യം അറിഞ്ഞാൽ ഒരു നൂറു ചോദ്യം വരും അവളുടെ ഭാഗത്തുന്ന്..ഒടുക്കം ഒന്നിച്ച് വരാൻ വാശി പിടിക്കുകയും ചെയ്യും.അത് കൊണ്ട് അവൾ ഇപ്പോൾ അറിയണ്ട. പോകുന്നന്ന് രാവിലെ ഒരു എക്സാം ഉണ്ട്,അതിന് പോയി വരുകയാണെന്ന് പറയാം. മുന്ന ചിലത് ഒക്കെ ആലോചിച്ചു കൊണ്ട് നിന്നു. ** *നട്ട ചെടിക്ക് രണ്ടു ദിവസത്തെ വാട്ടമുണ്ടാകും.പിന്നീടത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും. അതുപോലെ തന്നെയാ ഓരോ ആണിന്റെയും പെണ്ണിന്റെയും മനസ്സ്..* ലൈബ്രറിയിൽ ചെന്ന അവൾക്ക് കിട്ടി ഒരു കടലാസ് തുണ്ട്..

എഴുത്തുകാരൻ എന്താ ഉദ്ദേശിച്ചത് എന്നും മനസ്സിലായി.തന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ വരികൾ ആയത് കൊണ്ട് കണ്ടില്ലന്ന് നടിക്കാൻ കഴിഞ്ഞില്ല. തിരിച്ചും കുറിച്ച് അതേ എഴുത്തുകാരിയുടെ രണ്ടു വരികൾ.. *സ്ത്രീക്ക് ഒരു ഹൃദയത്തിൽ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് മാത്രമേ യാത്ര ചെയ്യുവാൻ കഴിവുള്ളൂ. ഹൃദയത്തിൽ വസിക്കുന്ന ജീവിയാണ് സ്ത്രീ..* ** അവൻ പോക്കറ്റിൽ കയ്യിട്ടു സിഗരറ്റ് പാക്കറ്റും ലൈറ്ററും എടുത്തു.ഓപ്പൺ ചെയ്തു നോക്കുമ്പോൾ സിഗരറ്റ് ഒന്നുമില്ല. എല്ലാം കഴിഞ്ഞിരുന്നു.അവൻ അത് വേസ്റ്റ് ബിന്നിലേക്ക് ഇട്ടു. സോഫയിലെ തലയിണ മാറ്റി. അതിനടിയിൽ വെച്ചിരുന്ന സിഗരറ്റ് കാണാനില്ല..ഇനി ഷെൽഫിൽ എങ്ങാനും ആകുമോന്ന് കരുതി ഷെൽഫിൽ നോക്കി.അവിടെയും ഒന്നും കണ്ടു കിട്ടിയില്ല..അവൻ ഡ്രോയർ വലിച്ചു നോക്കി. അതിലും ഇല്ല.അവന് ദേഷ്യം മാത്രമല്ല.ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..ഇനി താഴെ എങ്ങാനും വെച്ചു കാണുമോന്ന് കരുതി റൂമിന് വെളിയിലേക്ക് ഇറങ്ങാൻ നിന്നതും ടേബിളിലെ ചില്ലു പാത്രത്തിലെ വെള്ളത്തിൽ മൊത്തം സിഗരറ്റും ഒഴുകി നടക്കുന്നത് കണ്ടു..അവന്റെ മുഖം വലിഞ്ഞു മുറുകി. "ലൈലാ... !!! " അവൻ അലറി.

"കിടന്നു തൊണ്ട പൊട്ടിക്കണ്ടാ. ഞാൻ ഇവിടെ തന്നെയുണ്ട്.. " അവൾ ടെറസിന്ന് ഉണങ്ങിയ തുണിയും എടുത്തു റൂമിലേക്ക്‌ വന്നു. "എന്തായിത്.. " അവൻ നിന്നു ജ്വലിക്കുകയായിരുന്നു. "കണ്ടിട്ട് മനസ്സിലായില്ലേ.. " അവൾ തുണിയൊക്കെ ബെഡിലേക്ക് ഇട്ട് അവന് നേരെ തിരിഞ്ഞു. "ആരോടു ചോദിച്ചിട്ടാ നീയെന്റെ സിഗരറ്റിൽ തൊട്ടത്.. " "അങ്ങനെയാണെങ്കിൽ ആരോടു ചോദിച്ചിട്ടാ നീയെന്റെ കൊലുസിൽ തൊട്ടത്. ആര് പറഞ്ഞിട്ടാ കരിവളയിൽ തൊട്ടത്.. നിനക്ക് അതൊന്നും ഇഷ്ടമല്ല. അതിന്റെയൊക്കെ ശബ്ദം നിനക്ക് അലർജിയാ. അതു കൊണ്ട് എന്റെ എതിർപ്പ് പോലും വക വെക്കാതെ നീ അതൊക്കെ നിന്റെ ഇഷ്ടത്തിന് എന്നിൽ നിന്നും അടർത്തി മാറ്റി കളഞ്ഞു. അതുപോലെ തന്നെയാ ഇതും. നീ സ്‌മോക്ക് ചെയ്യുന്നത് എനിക്കിഷ്ടമല്ല.. എനിക്ക് അലർജിയാ.അത് കൊണ്ട് ഇന്നുമുതൽ നിനക്കാ ശീലം വേണ്ടാ." "ശെരി..നിർത്തിക്കളയാം..നിനക്ക് ഇഷ്ടമല്ലാത്ത സ്ഥിതിക്ക് ഞാനിനി വലിക്കില്ല.പക്ഷെ എനിക്ക് എനർജി വേണം.അത് നീ തരണം.." "ഞാനോ..? " അവൾ അന്തംവിട്ടവനെ നോക്കി.. "അതേ..നിന്റെ ഒരു ചുംബനം മതി. അതിന് സിഗരറ്റ്നേക്കാൾ എനർജി ഉണ്ടാകും.നീ കേട്ടിട്ടില്ലേ.. ആയിരം സിഗരറ്റിന്റെ എരിയുന്ന പുകയേക്കാൾ സുന്ദരം അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനമാണെന്ന്.. "

അവൻ വല്ലാത്തൊരു നോട്ടത്തോടെ അവളുടെ അടുത്തേക്ക് വന്നു. റബ്ബേ..വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളത്തിട്ട അവസ്ഥ ആയല്ലോ.. അവൾ നിന്നു കിടു കിടെ വിറക്കാൻ തുടങ്ങി. "എന്താ..സമ്മതമല്ലെ..ഡെയിലി ഓരോന്നു വീതം മതി.. ഞാൻ നിർത്തിക്കോളാം.." "ഇ..ഇല്ല..ഞാനെങ്ങും കേട്ടിട്ടില്ല അങ്ങനെ.. " "ലോകത്തുള്ള മുഴുവൻ സാഹിത്യവും നോവലുമൊക്കെ അരച്ച് കലക്കി കുടിച്ച നീ ഇതൊന്നും കേട്ടിട്ടില്ലന്നോ.. വിശ്വസിക്കാൻ ബുദ്ധിമുട്ടാണല്ലോ മോളെ.. " അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു. "ഇല്ല..സത്യം ആയിട്ടും ഞാൻ കേട്ടിട്ടില്ല..നീ കൈ എടുത്തെ..നീ വലിച്ചോ..എത്ര വേണേലും വലിച്ചോ..എനിക്കൊരു പ്രശ്നവുമില്ല.. ഇപ്പൊ എന്താ പ്രശ്നം.സിഗരറ്റ് ഇല്ലാത്തത് അല്ലേ.. ഞാൻ ഉപ്പാനോട് വിളിച്ചു പറയാം കൊണ്ട് വരാൻ.. അല്ലെങ്കിൽ ഞാൻ ഇപ്പൊ വാങ്ങിച്ചു കൊണ്ട് വരാം. നീ കൈ എടുക്ക്..പ്ലീസ്.. " അവൾ യാചിക്കുന്നത് പോലെ പറഞ്ഞു.അവളുടെ പേടിച്ചരണ്ട മുഖം കണ്ടു അവന്റെ ദേഷ്യമൊക്കെ ആവിയായി പോയി.

മുഖത്ത് ചിരി നിറഞ്ഞതും അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരി ഒതുക്കി നിർത്തി. "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മുത്തേ..എനിക്ക് ഏതായാലും വലി നിർത്തണം.നിർത്തിയേ പറ്റൂ.. അതിന് നീയും കൂടെ മനസ്സ് വെക്കണം. " അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.അവൾ പിടയ്ക്കുന്ന മിഴികളോടെ നോക്കിയതും അവൻ അവളുടെ ചുണ്ടുകളിൽ തഴുകി.. ഇനി രക്ഷയില്ലന്ന് മനസ്സിലായി അവൾക്ക്..കണ്ണ് രണ്ടും അടച്ചു ഒരു പാവ കണക്കെ നിന്നു കൊടുത്തു.. കുറച്ച് നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.അവൾ കണ്ണ് തുറന്നു നോക്കി..അവൻ ചെറു ചിരിയോടെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. "ഇത്രേം പേടിയുള്ള നീ പിന്നെന്തിനാ വേണ്ടാത്ത പണിക്ക് നിക്കുന്നത്. മേലിൽ എന്റെ സിഗരറ്റിൽ തൊട്ടു പോകരുത്..ഇന്നാളു നിന്നെ വലിപ്പിച്ചതു മറന്നിട്ടില്ലല്ലോ.. എനിക്ക് നിർത്താൻ പറ്റില്ലന്ന് ഞാൻ പറഞ്ഞതല്ലേ.. ഇനി ഇക്കാര്യം പറഞ്ഞു എന്റെ അടുത്തേക്ക് വന്നു പോകരുത്.. " അവൻ പോകാൻ നോക്കി.. പെട്ടെന്നാണ് അവന്റെ കയ്യിൽ അവളുടെ പിടി വീണത്. അവൻ എന്താന്നുള്ള ഭാവത്തിൽ തിരിഞ്ഞു നോക്കി. "പറ്റില്ലന്ന് നീ പറയുന്നതല്ലേ.. ശ്രമിച്ചു നോക്കിയില്ലല്ലോ..ഒന്ന് ട്രൈ ചെയ്തു നോക്ക്.. നിനക്ക് പറ്റും.

അല്ലെങ്കിലും നീ വലിക്കുന്നത് എന്തിനാ..അതാ എനിക്ക് അറിയാത്തത്.സാധാരണ ടെൻഷൻ ഉള്ളവർ വലിക്കാറുണ്ട്.അല്ലെങ്കിൽ ചീത്ത കൂട്ട് കെട്ട്.. നിനക്ക് അതൊന്നും ഇല്ല. എന്തിനാ വലിക്കുന്നത്..അതുപറ.. " "ലഹരിക്ക് വേണ്ടി... " "ലഹരി.. നിന്റെ കൊട്ടത്തലാ.. ഒടുക്കം ചത്തു പോകുമ്പോഴും നീയിത് തന്നെ പറയണം.. " അവൾ ദേഷ്യത്തോടെ പറഞ്ഞു. "ഞാൻ ചത്തു പോയാൽ നിനക്കെന്താ..നഷ്ടമൊന്നും ഇല്ലല്ലോ.. നീ രക്ഷപ്പെടും.നിനക്ക് വേണ്ടതും അതുതന്നല്ലേ.. അതിനല്ലേ ഇന്നലെ ഓയിൽ ഒഴിച്ച് വെച്ചത്.. " "അത്...അത് അന്നേരത്തെ ദേഷ്യത്തിലാ..അല്ലാതെ നിനക്ക് എന്തെങ്കിലും സംഭവിക്കണമെന്ന് ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.. ഞാൻ നിന്നെക്കുറിച്ചു ഓർക്കാറില്ലങ്കിലും നിന്റെ ഉപ്പാനെ കുറിച്ച് ഓർക്കാറുണ്ട്.നിനക്ക് വല്ലതും സംഭവിച്ചാൽ പിന്നെ നിന്റെ ഉപ്പാക്ക് ആരാ.. പാവം അല്ലേ.. ഒറ്റപ്പെട്ട് പോകില്ലേ.. നിനക്ക് വേണ്ടി അല്ലേ ജീവിക്കണേ.. " അവന് അല്പമെങ്കിലും ബോധം വന്നോട്ടെന്ന് കരുതി അവളൊന്നു സെന്റി അടിച്ചു.. "ഞാൻ അങ്ങ് മുകളിലേക്ക് കെട്ടി എടുത്താലും എന്റെ ഡാഡ് ഒറ്റപ്പെട്ട് പോകില്ല..കാരണം എന്റെ ഡാഡ്നു ഞാൻ മാത്രല്ല ഉള്ളത്..തേടി വരാൻ ഒരാൾ ഉണ്ട്.. " "അതാരാ..? " അവൾ ആകാംഷയോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി..

അവൻ എന്തോ പറയാൻ ഒരുങ്ങിയതും അവന്റെ ഫോൺ റിങ് ചെയ്തു. അവൻ പോക്കറ്റിൽ നിന്നും ഫോണും എടുത്തോണ്ട് ബാൽക്കണിയിലേക്ക് പോയി. ഉപ്പ വരുന്ന സമയം ആയതു കൊണ്ട് അവൾ താഴേക്കും വിട്ടു. ** രാവിലെ പുറത്തേക്ക് ഇറങ്ങുമ്പോൾ തന്നെ കണ്ടത് അവൾ തലേന്ന് വൈകുന്നേരം കൊണ്ട് വെച്ച ആക്റ്റീവയാണ്..അവൻ അകത്തേക്ക് നോക്കി.അവൾ താഴേക്ക് വരുന്ന സമയം ആകുന്നതേയുള്ളൂ.വേഗം പോയി ഒരു കത്തി എടുത്തു കൊണ്ട് വന്നു രണ്ടു ടയറിലും കുത്തി കാറ്റ് കളഞ്ഞു..കുറച്ച് നേരം കഴിഞ്ഞതും അവൾ പുറത്തേക്ക് വന്നു.ബാഗ് ഹാൻഡിലിൽ ഇട്ടു വണ്ടിയിൽ കയറി ഇരുന്നതും അവൾക്ക് പണി കിട്ടിയ കാര്യം മനസ്സിലായി.. പണിതതും പോരാഞ്ഞിട്ട് അവൻ സീറ്റ്‌ ഔട്ടിൽ നിന്നു ചിരി കടിച്ചു പിടിക്കുന്നതും അവൾ കണ്ടു. "എടാ.. " അവൾ വണ്ടിയിൽ ഇരുന്നു തന്നെ കണ്ണ് കൂർപ്പിച്ചു അവനെ നോക്കി അലറി. "ഈ രണ്ടു ടയറും റെഡിയാക്കി നീ കോളേജിലേക്ക് എത്തുമ്പോൾ ഫസ്റ്റ് hour കഴിയും.ബസ്സിന്റെ കാര്യവും അങ്ങനെ തന്നെ..എട്ടരയുടെ ബസ് പോയി.. നെക്സ്റ്റ് ഇനി അരമണിക്കൂർ കഴിഞ്ഞിട്ടാ.. തത്കാലം ഞാനൊരു ലിഫ്റ്റ് തരാം. നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലാ.. ഭാര്യയായി പോയില്ലേ.. "

അവൻ ഉണ്ടാക്കിയ അവസരം അവൻ ഒട്ടും പാഴാക്കി കളഞ്ഞില്ല. നല്ല പോലെ ഉപയോഗിച്ചു.. അവളൊന്നും മിണ്ടിയില്ല. അവനെ കൊല്ലുന്നതു പോലെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറിപ്പോയി..പുറത്തേക്ക് വരുമ്പോൾ വിരലിൽ ഒരു കീ കറങ്ങുന്നുണ്ടായിരുന്നു. "എനിക്കുള്ള പണിയാണേൽ നിനക്ക് തെറ്റിപ്പോയി മോളെ..എന്റെ പോക്ക് മുട്ടിക്കാൻ ആണേൽ നടക്കില്ല.അത് ബുള്ളറ്റ്ൻറെയാ.. ജിപ്സിയുടെതു ഇതാ ഇവിടുണ്ട്.." അവൻ പോക്കറ്റിൽ നിന്നും ഒരു കീ എടുത്തു കാണിച്ചു. "തെറ്റിയത് നിനക്കാ..ആക്റ്റീവ പോയാൽ നമുക്ക് എന്ത്.. കിടക്കയല്ലേ റോയൽ എൻഫീൽഡ്.. അന്ന് എന്തോ പറഞ്ഞല്ലോ എന്റെ സ്റ്റാൻഡേർഡ്നെക്കുറിച്ച്.. അവിടെയാ നിനക്ക് തെറ്റിയത്. എന്റെ സ്റ്റാൻഡേർഡ് ഞാൻ നിനക്ക് കാണിച്ചു തരാം.. " അവൾ ലാഘവത്തോടെ ആക്റ്റീവയിൽ നിന്നും ബാഗ് എടുത്തു ബുള്ളറ്റിന്റെ അടുത്തേക്ക് ചെന്നു. "മോളെ..അത് നീ ഇന്നലെ ഈസിയായി എടുത്തോണ്ട് പോയ നുസ്രയുടെ വണ്ടിയല്ല.ബുള്ളറ്റാ.. എന്റെ ബുള്ളറ്റ്.നീ താങ്ങില്ല.. നാവു മാത്രം പോരാ.. സ്റ്റാമിന കൂടി വേണം..ചുമ്മാ ഷോ കാണിക്കാൻ നിക്കാതെ എൻറെ ഒപ്പം വരാൻ നോക്ക്.. " അവൻ പരിഹസിച്ചു.. മറുപടിയായി അവൾ അവനെ നോക്കിയൊന്നു പുച്ഛിച്ചു.

ശേഷം പഴയ വീറുള്ള പെണ്ണായി ബുള്ളറ്റിലേക്ക് കയറിയിരുന്നു ഹാൻഡിലിൽ പിടി മുറുക്കി അവനെ ഒന്ന് നോക്കി. "പിന്നേ..നീ ഒലത്തും.. " അവളെ കൂക്കി വിളിക്കാൻ വേണ്ടി അവൻ പരിഹാസത്തോടെ മുറ്റത്തേക്ക് ഇറങ്ങി.അവൻ നോക്കി നിൽക്കെ തന്നെ അവൾ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു അനായാസം അവന് ചുറ്റും രണ്ടു റൗണ്ട് അടിച്ചു അവന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി.. അവന് കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല.കണ്ണും തള്ളി അന്തം വിട്ടു ഒരേ നിൽപ് നിന്നു.. "ബാംഗ്ലൂരിൽ തല തെറിച്ചു നടക്കുന്ന സീനിയർ ബോയ്സിനെ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് റൈഡിൽ തോൽപിച്ചവളാ ഞാൻ.. ആ എന്നോടാ നിന്റെ വെല്ലുവിളി.. പറഞ്ഞതല്ലേ ഞാൻ എന്നോട് കളിക്കാൻ നിക്കണ്ടന്ന്.. നീ തോറ്റു പോകും.ഈ ലൈല ആരാണെന്ന് ഇനിയും നീ അറിഞ്ഞിട്ടില്ല മോനെ.. ചേട്ടന് വേണേൽ ഞാനൊരു ലിഫ്റ്റ് തരാം.അത് നിന്നോടുള്ള സ്നേഹം കൊണ്ട് ഒന്നുമല്ല.. ഭർത്താവ് ആയി പോയില്ലേ.. ഭർത്താവ്.. " ആ ഭർത്താവ് എന്ന പദത്തിനു കട്ടി കൂട്ടി ഓവർ പുച്ഛം നൽകിയത് അവൻ അറിഞ്ഞു..അവൾ അഹങ്കാരത്തോടെയും അതിലുപരി അവനെ തോൽപിച്ച സന്തോഷത്തോടെയും ഗേറ്റ് കടന്നു പോയി..

അവളുടെ ആ ഭാവം അവനെ ഒട്ടും ദേഷ്യം പിടിപ്പിച്ചില്ല. പകരം ചുണ്ടിൽ ചെറു ചിരി നിറച്ചു. ഡാഡ് പറഞ്ഞത് ശെരിയാ.എന്റെ സെലെക്ഷൻ തെറ്റിയില്ല.നീയാ മോളെ പെണ്ണ്..ഈ താജ്ൻറെ പെണ്ണ്.. അവൻ ജിപ്സിയിലേക്ക് കയറി. ** "റബ്ബേ.. ഇതെന്താ ഇതിൽ..? നിനക്ക് ഇതൊക്കെ വശം ഉണ്ടോ..? " തന്നെ കൂട്ടാൻ വേണ്ടി വന്ന ലൈലയെ കണ്ടു നുസ്ര പകച്ചു പോയി. "ഉണ്ടാവാതെ പിന്നെ ഈ സാഹസത്തിനു മുതിരുമോ.. നീ കയറ്.. " "അപ്പൊ എന്റെ വണ്ടി എന്ത്യേ..? " "അതോ..അത് അവൻ കാറ്റു കളഞ്ഞു. ആ ദേഷ്യത്തിലാ ഇത് എടുത്തോണ്ട് വന്നെ.. " "കാറ്റു കളഞ്ഞെന്നോ..അതെന്തിന്..? അത് ഇവിടുത്തെ വണ്ടിയാണെന്ന് അറിയില്ലേ അവന്..? " "അറിയാതെ പിന്നെ.. " "അപ്പൊ കാര്യം വേറേതാ.. നീ അവനെ ചൊറിയാൻ നിന്നിട്ട് ഉണ്ടാകും.. " "നിന്നോട് ഒടുക്കത്തെ സ്നേഹം അല്ലേ.. നിന്റെ വണ്ടിയിൽ ഞാൻ ഇരിക്കേണ്ടന്ന് കരുതി കാണും." അവൾ പതുക്കെ പറഞ്ഞു.. "എന്താ..? " "ഒന്നുല്ല മുത്തേ..നീയൊന്നു കയറ്.. ലേറ്റ് ആവുന്നു.. " അവൾ ദൃതി കാണിച്ചു.നുസ്ര അവളെ നോക്കിയൊന്നു ഇരുത്തി മൂളിക്കൊണ്ട് പിൻ സീറ്റിലേക്ക് കയറിയിരുന്നു..റോഡിലേക്ക് ഇറങ്ങിയതും താജ്ൻറെ ജിപ്സി കണ്ടു. അവനെ ഓവർടേക്ക് ചെയ്തു കത്തിച്ചു വിട്ടു അവൾ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story