ഏഴാം ബഹർ: ഭാഗം 51

ezhambahar

രചന: SHAMSEENA FIROZ

അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ അമർന്നു.അവൻ വിശ്വാസം വരാതെ വിടർന്ന കണ്ണുകളോടെ അവളെ നോക്കി. അപ്പോഴാണ് എന്താ ചെയ്‌തെന്ന ബോധം അവൾക്ക് വന്നത്..ആകെ നാണം കെട്ടു വല്ലാത്തൊരു അവസ്ഥയോടെ അവനെ നോക്കി.. അവന്റെ ചുണ്ടിൽ ചിരി നിറഞ്ഞത് അവൾ കണ്ടു.അത് പന്തി അല്ലെന്ന് തോന്നിയതും പതുക്കെ പിന്നിലേക്ക് നീങ്ങി.പണ്ടേ ഭാഗ്യം കൂടുതൽ ആയോണ്ട് ഒരു സ്റ്റെപ്പ് നീങ്ങുമ്പോൾ തന്നെ ഭിത്തിയോട് ചേർന്നു. അപ്പോഴേക്കും അവൻ അടുത്ത് വന്നു രണ്ടു കയ്യും ഭിത്തിയിൽ കുത്തി അവളെ ലോക്ക് ചെയ്തിരുന്നു.. "ഞാൻ അറിയാതെ.. " അവൾക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല.നിന്നു വിയർക്കാൻ തുടങ്ങി. "അറിയാതെ ഒന്നുമല്ല..അറിഞ്ഞിട്ട് തന്നെയാ.." അവൻ അവളുടെ ഇടുപ്പിൽ കൈ വെച്ചു..അവൾ അത് പ്രതീക്ഷിച്ചിരുന്നില്ല.ശ്വാസമൊന്ന് ഉയർന്നു പൊങ്ങി.അവൻ അവളിലേക്ക് ചേർന്നു നിന്നു

അവളുടെ കണ്ണുകളിലേക്ക് തന്നെ നോട്ടമിട്ടു.അവന്റെ ചാര കണ്ണുകളിൽ അലയടിക്കുന്ന പ്രണയ തിരമാലകൾ അവൾ വ്യക്തമായി കണ്ടു.ആ കണ്ണുകൾക്ക് അവളെ കൊത്തി വലിക്കാനുള്ള കരുത്ത് ഉണ്ടായിരുന്നു.അവൾ കണ്ണ് എടുക്കാതെ ആ പ്രണയ സാഗരത്തിലേക്ക് നോക്കി നിന്നു. സത്യം പറഞ്ഞാൽ അവൾ പോലും അറിയാതെ അവൾ അവന്റെ പ്രണയത്തിലേക്ക് വഴുതുകയായിരുന്നു.അവന്റെ ദേഹത്തെ നനവ് അവളിലേക്കും പടർന്നു.അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന ഒലിവിന്റെയും വിയർപ്പിന്റെയും സമ്മിശ്ര ഗന്ധം അവന്റെ നാസികയെ ത്രസിപ്പിച്ചു. രക്തയോട്ടം വല്ലാതെ വർധിച്ചു. തൽഫലമായി അവന്റെ ഉള്ളിൽ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി.അവന്റെ മുഖം പതിയെ അവളുടെ മുഖത്തേക്ക് അടുത്തു.സമ്മതം എന്നോണം അവൾ മൗനമായി നിന്നു.അവന്റെ ചുണ്ടുകൾ അവളുടെ മൂക്കുത്തിയുടെ മേൽ പതിഞ്ഞു..

അവിടെന്ന് തെന്നി പതിയെ കവിളിൽ മുദ്ര പതിപ്പിച്ചതിന് ശേഷം അതിന്റെ ഇണയോട് ഭ്രാന്തമായി ലയിച്ചു ചേർന്നു. അവന്റെ സ്പർശത്തിൽ അവളിലെ സ്ത്രീ ഉണർന്നിരുന്നു.ഒന്ന് പിടഞ്ഞതല്ലാതെ അവളിൽ നിന്നും എതിർപ്പുകൾ ഒന്നും ഉണ്ടായില്ല. അവളുടെ കരിനീല മിഴികൾ ഒരു നിമിഷത്തേക്ക് വിടർന്നു നിൽക്കുകയും പിന്നീട് കൂമ്പി അടയുകയും ചെയ്തു.കാലുകൾ അവന്റെ കാലുകളുടെ മീതെ കയറി.ഒരു ആശ്രയത്തിനായി അവളുടെ കൈകൾ അവന്റെ മേൽ പരതി.ഏറെ നേരത്തിനു ശേഷം അവൾ കിതച്ച് കൊണ്ട് അവന്റെ ദേഹത്ത് നിന്നും അടർന്നു മാറി.ദീർഘ ചുംബനം രണ്ടുപേരിലും വിയർപ്പ് തുള്ളികൾ സൃഷ്ടിച്ചു.ആ ചോര ചുണ്ടുകളിലെ തേൻ മധുരം അവന് മതിയായിരുന്നില്ല.ഇനിയും നുകരണമെന്ന് തോന്നി.കണ്ണുകൾ അവളുടെ ചുണ്ടിലേക്ക് തന്നെ ചെന്നു.കീഴ് ചുണ്ടിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു.അവൻ കൈ നീട്ടി അത് തുടച്ചു എടുത്തു.

അവൾ ആലസ്യത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം ചായിച്ചു. അവന്റെ ഒരു കൈ അവളുടെ നടുവിനെ വരിഞ്ഞു ചുറ്റി.മറ്റേ കൈ അവളുടെ നഗ്നമായ പുറം കഴുത്തിലൂടെ ഒഴുകി നടന്നു.അവൾ ഒന്ന് പുളഞ്ഞു കൊണ്ട് മുഖം ഉയർത്തി നോക്കി..അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് താണു.. ചുടു നിശ്വാസം നിറച്ചു കൊണ്ടും താടി ഉരസിക്കൊണ്ടും അവൻ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു.അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിൽ അമർന്നു. അവളുടെ ചുമലിലും കഴുത്തിലും രൂപം കൊണ്ട വിയർപ്പ് തുള്ളികൾ അവൻ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്തു.. അവൾ മറ്റേതോ ലോകത്തേക്ക് എത്തിയിരുന്നു. രണ്ടു കൈകൊണ്ടും അവനെ ഇറുകെ പുണർന്നു ഒരു കുറുകലോടെ നഗ്നവും നനഞ്ഞതുമായ അവന്റെ ഇട നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു അവൾ.. അവനും അവളെ ഒന്നൂടെ ചേർത്തു നിർത്തി മുറുക്കെ കെട്ടിപ്പിടിച്ചു.. നിമിഷങ്ങൾ കടന്നു പോയി.

പെട്ടെന്ന് അവൾ വെട്ടി വിറച്ചു കൊണ്ട് അവനിൽ നിന്നും അകന്നു മാറി.അവളുടെ കണ്ണിനു മുന്നിൽ മൂടൽ മഞ്ഞു പോലെ ഒരുപാട് ഓർമ്മകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.അവൾ വേദനയോടെ താജ്ൻറെ മുഖത്തേക്ക് നോക്കി.. ഇതുവരെ അനുരാഗം പടർന്നിരുന്ന അവളുടെ കണ്ണുകളിൽ ഇപ്പോൾ നനവ് പടർന്നതും മുഖത്ത് അസ്വസ്ഥത നിറഞ്ഞതും അവൻ കണ്ടു. "ലൈലാ.. " അവൻ അടുത്തേക്ക് ചെന്നു.അവൾ നിന്നില്ല..കരഞ്ഞോണ്ട് വാതിൽ തുറന്നു പുറത്തേക്ക് ഓടി.അവളുടെ അവസ്ഥ കണ്ടു അവനൊരു നിമിഷം സങ്കടപ്പെട്ടു.എന്നാലും സന്തോഷം തോന്നുന്നുണ്ടായിരുന്നു.അവളുടെ മനസ്സിൽ താൻ ഉണ്ടെന്നതിന്റെ പൂർണ തെളിവാണ് ഇപ്പോൾ നടന്നത്.തന്നെ ഇഷ്ടമല്ല എങ്കിൽ തന്റെ സാമീപ്യവും സ്പർശവും അവൾക്ക് അരോചകവും വെറുപ്പുമായി തോന്നിയേനെ.ഇത് അതൊന്നുമില്ല.പകരം മൗനമായി സമ്മതം ഏകുകമായിരുന്നു.ആ ശരീരവും മനസ്സും തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് അവൾ പറയാതെ പറഞ്ഞു.

ഇപ്പൊ കഴിഞ്ഞു പോയ ആ മധുരമായ നിമിഷങ്ങൾ ഓർത്തതും അവന്റെ ചുണ്ടിൽ സുന്ദരമായൊരു ചിരി സ്ഥാനം പിടിച്ചു.അവൻ ഡോർ അടച്ചു ബാക്കി കുളി കൂടെ കുളിച്ചു. ** അവളുടെ കണ്ണുകൾ എന്തിനെന്ന് ഇല്ലാതെ നിറഞ്ഞു ഒഴുകുകയായിരുന്നു.അവന്റെ സാമീപ്യത്തിൽ തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അവൾക്ക് തന്നെ മനസ്സിലായില്ല.പണ്ട് റമിയുമൊത്തുളള പ്രണയ നിമിഷങ്ങളിൽ പോലും ഇങ്ങനെ ഉണ്ടായിട്ടില്ല.പ്രണയം പടർന്നതു മുഴുവൻ മനസ്സിലായിരുന്നു.പക്ഷെ ഇപ്പോൾ..? റമി ഉണ്ടായിരുന്ന മനസ്സിൽ താജ് സ്ഥാനം പിടിച്ചത് അവൾ വേദനയോടെ അറിഞ്ഞു.അവന്റെ തീക്ഷണമായ നോട്ടത്തിനും തീവ്രമായ പ്രണയത്തിനും മുന്നിൽ പതറി പോകുന്നുവെന്ന സത്യം അവൾ മനസ്സിലാക്കി.ചില നേരങ്ങളിൽ അവന്റെ പ്രണയിനിയായി അവന്റെ പ്രണയം ഏറ്റു വാങ്ങുന്നു.മറ്റു ചില നേരത്ത് അവന്റെ പ്രണയം എന്നല്ല, അവനെ പോലും ഉൾകൊള്ളാൻ കഴിയുന്നില്ല..

തന്റെ മനസ്സിൽ എന്താണെന്ന ചിന്ത അവളെ വല്ലാതെ അസ്വസ്ഥത പെടുത്തി കൊണ്ടിരുന്നു. അവൾ തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു.എബി താഴെ നിന്നും മരണ വിളിയാണ്.അത് അവളെ ബോധമണ്ഡലത്തിലേക്ക് എത്തിച്ചു. അവൾ മുഖം തുടച്ചു വേഗം ഡ്രസ്സ്‌ ചെയ്തു താഴേക്ക് ഇറങ്ങാൻ നിന്നതും കഴുത്തിലെ ഷാൾ എന്തിലോ കുരുങ്ങി.അവൾ തിരിഞ്ഞു നോക്കി. ഷാൾൻറെ അറ്റം അവന്റെ കയ്യിൽ ആയിരുന്നു.അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞില്ല.മുഖം കൊടുക്കാതെ നിന്നു.അത് കണ്ടു അവൻ കയ്യിലെ ഷാൾൻറെ അറ്റം അവളുടെ കഴുത്തിലൂടെ ചുറ്റിയിട്ടു കൊടുത്തു ആ വട്ട മുഖം കൈകളിൽ എടുത്തു.. അവളുടെ പിടയ്ക്കുന്ന മിഴികൾ അവന്റെ മുഖത്തേക്ക് നീണ്ടു. "ഇതൊന്നു തന്നാൽ മതിയായിരുന്നല്ലോ മിനിയാന്ന് രാത്രിയിൽ.ഞാൻ അടങ്ങില്ലായിരുന്നോ..എന്റെ കാമം ശമിപ്പിക്കാൻ നിന്റെയൊരു ചുംബനം മതി ലൈലാ.വെറുതെ എന്റെ തല അടിച്ചു പൊട്ടിക്കണമായിരുന്നോ..? " "അമൻ..ഞാൻ.. " അവൾ ഒന്നും പറയാൻ ആവാതെ വേദനയോടെ നിന്നു. "ചെല്ല്..താഴേക്ക് പോകാൻ നിന്നത് അല്ലേ.. "

അവൻ അവളുടെ കവിളിൽ തട്ടി. അവൾക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.എത്രേം വേഗം അവന്റെ അരികിൽ നിന്നും മാറിയാൽ മതി എന്നേ ഉണ്ടാരുന്നുള്ളൂ.അത്രക്കും ആ സാമീപ്യം അവളുടെ ശരീരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. അതോണ്ട് വേഗം താഴേക്ക് ഇറങ്ങി. എബി രണ്ടു കാലും സോഫയിൽ കയറ്റി വെച്ചു കിച്ചണിൽ ഉണ്ടായിരുന്ന ചിപ്സും മിച്ചറും അകത്താക്കുന്ന തിരക്കിലാണ്. അവന്റെ അടുത്ത് മാഗസിനിൽ കണ്ണും നട്ട് ഇരിക്കുന്നവനെ കണ്ടു ലൈല ഞെട്ടിപ്പോയി.വിശ്വാസം വരാൻ ആകാതെ വീണ്ടും നോക്കി. മുന്നാ..ഇവൻ എപ്പോ വന്നു..? അവൾ സന്തോഷത്തോടെ മുന്നയുടെ അരികിലേക്ക് ചെന്നു.ലൈലയെ കണ്ടതും എബി വേഗം മുന്നയുടെ കയ്യിലെ മാഗസിൻ വാങ്ങിച്ചു അത് വെച്ചു മുഖം മറച്ചു പിടിച്ചു.. ലൈല എബിയെ ഇരുത്തി നോക്കി.. "നിന്നെ പേടിച്ചിട്ടാ.. " മുന്ന എബിയെ നോക്കി ചിരിച്ചിട്ട് അവളോട് പറഞ്ഞു. അത് കേട്ടു അവള് തുടങ്ങി എബിയെ അടപടലം വീക്ഷിക്കാനും കളിയാക്കാനും കുപ്പിവള കുലുക്കം പോലെ പൊട്ടി ചിരിക്കാനും.

കഴിവിന്റെ പരമാവധി എബിയെ വാരിയതിനു ശേഷമാണ് അവൾ മുന്നയോട് എപ്പോ വന്നു എന്തിന് വന്നുന്നൊക്കെ ചോദിക്കാനും വിളിച്ചപ്പോ വരുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോന്നും പറഞ്ഞു പരിഭവിക്കാനും തുടങ്ങിയത്.. മുന്ന എല്ലാ കാര്യങ്ങളും അവളോട്‌ പറഞ്ഞു.മുഹ്സിയുടെ കാര്യം കേട്ടതും അവൾക്ക് ഒരുപാട് സന്തോഷം തോന്നി.ഒപ്പം നുസ്ര ഒന്നും പറഞ്ഞില്ലല്ലോന്നുള്ള സങ്കടവും.അവൾ അത് അപ്പൊത്തന്നെ മുന്നയോട് പറയുകയും ചെയ്തു. "അതിന് നുസ്രയുടെ വീട്ടുകാരെ തീരുമാനിച്ചിട്ടുള്ളൂ.മുന്ന ഇതുവരെ അവരോട് ഒന്നും പറഞ്ഞില്ല..എല്ലാം ഓക്കേ ആയിട്ട് നിന്നോട് പറയാമെന്നു കരുതിയിട്ടാവും നുസ്ര ഒന്നും പറയാഞ്ഞെ.." എബി മുന്നയെ കനപ്പിച്ചു ഒന്ന് നോക്കി.എന്നിട്ട് ലൈലയോട് പറഞ്ഞു. "അതെന്തെടാ നീ ഒന്നും പറയാഞ്ഞെ..അറിയുന്ന വീട്ടിലേക്ക് തന്നെ വിവാഹം ചെയ്തു കൊടുത്താൽ നല്ലത് അല്ലേ.. മുഹ്സിത്താനെ ഓർത്ത് നമുക്ക് ടെൻഷൻ അടിക്കേണ്ട കാര്യമൊന്നും ഉണ്ടാകില്ല പിന്നെ..

ഇതിപ്പോ അടുത്തും ആണ്..എന്ത് കൊണ്ടും നല്ല ബന്ധമാ..നുസ്രയെ പോലെത്തന്നെയാ അവളുടെ ഉമ്മയും ഇക്കാക്കയുമെല്ലാം..നല്ല സ്നേഹവും പെരുമാറ്റവുമൊക്കെയാണ്. ആലോചിക്കാൻ ഒന്നും ഇല്ല.. കാര്യങ്ങളൊക്കെ പെട്ടെന്ന് നോക്ക്.. ഞങ്ങളൊക്കെ ഒരു കല്യാണം കൂടാൻ കാത്ത് നിക്കുവാ..അല്ലേ എബി.. " എന്ന് മുന്നയോട് പറഞ്ഞിട്ട് അവൾ എബിയെ നോക്കി. "അതിന് മുഹ്സിത്ത തന്നെ കല്യാണം കഴിക്കണമെന്നില്ല.. നിന്റെയും താജ്ന്റെയും കല്യാണം ഞങ്ങൾ ഒന്നും കൂടിയില്ലല്ലോ.. എങ്ങാണ്ടോ ചെന്നു ഒരു ഒപ്പിട്ടു വന്നു കല്യാണം കഴിഞ്ഞെന്നു പറഞ്ഞ്..ഒരു ബിരിയാണി..പോട്ടേ..ഒരു ഗ്ലാസ്‌ പായസമെങ്കിലും ഞങ്ങക്ക് തന്നോ നീയും അവനും..അതോണ്ട് നിങ്ങൾ ഒന്നൂടെ കല്യാണം കഴിക്ക്..ആദ്യം അത് കൂടാം..ഈ പരാതിയൊക്കെ നല്ല പോലെ നികത്തി താ..എന്നിട്ട് നമ്മക്ക് മുഹ്സിത്താൻറെ കല്യാണം അടിച്ചു പൊളിക്കാം.. " എബി അവൾക്ക് ഇട്ടു ഒരൊന്നൊന്നര വെക്കലു വെച്ചു.. "പോടാ പട്ടി.. " അവൾ ചുണ്ടുകോട്ടി എബിയിൽ നിന്നും മുഖം തിരിച്ചു കളഞ്ഞു. എന്നിട്ട് മുന്നയോട് കുടിക്കാൻ എടുക്കാമെന്ന് പറഞ്ഞു കിച്ചണിലേക്ക് വിട്ടു.

"ലൈലാ..എനിക്ക് നിന്റെ സ്ഥിരം ഓറഞ്ച് വേണ്ടാ..പൈനാപ്പിൾ മതി.." എബി ഉറക്കെ പറഞ്ഞു. "പൈനാപ്പിൾ അല്ല..പാഷാണമ നിനക്ക് തരുന്നത്..എണീറ്റു പോടാ പിശാശ്ശെ അവിടെന്ന്.. " അവൾ കിച്ചണിൽ നിന്നും വിളിച്ചു പറഞ്ഞു.എബി എന്തോ പറയാൻ ഒരുങ്ങിയതും താജ് സ്റ്റെയർ ഇറങ്ങി വരുന്നത് കണ്ടു..അവന്റെ മുഖത്ത് മുന്നയെ കണ്ടുള്ള അത്ഭുതം നിറഞ്ഞു.ഒപ്പം ചുണ്ടിൽ പുഞ്ചിരിയും. "എടാ..വിചാരിച്ചത് പോലെ ബുദ്ധിയ്ക്കും ഓർമയ്ക്കൊന്നും തകരാറില്ല..ദേ അവൻ നിന്നെ നോക്കി ചിരിക്കുന്നു.. " എബി പതുക്കെ മുന്നയോട് പറഞ്ഞു..മുന്ന അപ്പൊത്തന്നെ മിണ്ടാതിരിയെടാന്നും പറഞ്ഞു അവന്റെ കാല് നോക്കി ഒരു ചവിട്ടു വെച്ചു കൊടുത്തു.എബി എരിവും വലിച്ചു കാല് കുടയുന്ന നേരം കൊണ്ട് താജ് വന്ന മുന്നയുടെ അടുത്തിരുന്നു.. "ഇതാ മോനെ കാരണവന്മാർ പറയുന്നത് ഒന്നിലും ആക്രാന്തം പാടില്ലെന്ന്.. ഭവിഷ്യത്ത് വലുതായിരിക്കും.. " മുന്ന താജ്നെ നോക്കി ഇരുന്നു ചിരിക്കാൻ തുടങ്ങി.. "എടാ..ബോധം ഇല്ലാഞ്ഞിട്ടാ.. ഉണ്ടായിരുന്നു എങ്കിൽ അവളുടെ സ്വഭാവം അറിഞ്ഞും വെച്ചോണ്ട് ഞാനാ പണിക്ക് പോകോ.. ഇതിപ്പോ ഭാഗ്യത്തിന് ഇത്രേ പറ്റിയുള്ളൂ..

അവളുടെ സ്വഭാവത്തിനു മിനിമം ഈ നെഞ്ചിലേക്ക് വെട്ടുകത്തി കയറണ്ടതായിരുന്നു..അതൊന്നും ഉണ്ടായില്ലല്ലോന്നുള്ള ആശ്വാസത്തിലാ ഞാൻ.. " താജ് പറയുന്നത് കേട്ടു മുന്നയുടെ ചിരി കൂടി.എബി ആണെങ്കിൽ താജ്നെ കാലേലെടുത്തു തന്നെ വാരുന്നുണ്ട്.. "എല്ലാരും ഉണ്ടല്ലോ.. " നുസ്ര പുഞ്ചിരിയോടെ വാതിൽ കടന്നു വന്നു.അവിടെത്തിയപ്പോ തന്നെ എബി നുസ്രയ്ക്ക് ഇങ്ങോട്ട് വാന്നും പറഞ്ഞു മെസ്സേജ് ചെയ്തിരുന്നു.മുന്ന ഉണ്ടെന്ന് അറിഞ്ഞപ്പോ ആദ്യം അവളൊന്നു മടിച്ചു.പിന്നെ എബി നിർബന്ധിച്ചോണ്ട് നിന്നപ്പോ മടിയൊക്കെ കളഞ്ഞു..അവൾ വന്നു എബിയുടെ അടുത്തിരുന്നു. മുന്നയുടെ മുഖത്തെ ചിരി മാഞ്ഞു ഗൗരവം സ്ഥാനം പിടിച്ചു.ലൈല കയ്യിലൊരു ട്രൈയുമായി വന്നു..നുസ്രയെ കണ്ടതും എന്തെടി പെണ്ണ് നോക്കിട്ട് എന്നോട് പറയാതെ നിന്നേന്നും ചോദിച്ചു മുഖം വീർപ്പിച്ചു.അത് കേട്ടതും നുസ്രയുടെ കണ്ണ് അറിയാതെ മുന്നയിലേക്ക് നീണ്ടു.ആ മുഖത്ത് ഗൗരവം മാത്രം.

നുസ്രയുടെ മുഖത്ത് വേദന നിറഞ്ഞു.വേഗം നോട്ടം പിൻവലിച്ചു.താജുo എബിയും അത് കാണുന്നുണ്ടായിരുന്നു. "ജ്യൂസ്‌ ഇഷ്ടായി..പെണ്ണിനെ ഇഷ്ടായില്ല.. " ലൈല ട്രൈ നീട്ടിയപ്പോൾ എബി പറഞ്ഞു.. "നീ ഇഷ്ടപ്പെടണ്ടാ..ഇഷ്ടപ്പെടാൻ ഞാൻ ഉണ്ട് ഇവിടെ.. " പെട്ടെന്ന് ആയിരുന്നു താജ്ൻറെ മറുപടി.. "ഓ..അല്ലേലും ആർക്കും വേണം ഇതിനെയൊക്കെ..കണ്ടാലും മതി.. കാട്ടു കുരങ്ങിൻറെ മോന്തയും കഴുതയുടെ ബുദ്ധിയും കടുവയുടെ സ്വഭാവവും വെച്ചു നടക്കുന്നു.. എനിക്കേ നല്ല അസ്സല് അച്ചായത്തി പെണ്ണ് ഉള്ളതാ.. " എബി വീണ്ടും ലൈലയ്ക്കിട്ട് വെച്ചു.. "എന്നാലേ പൊന്നു മോൻ നിന്റെ അച്ചായത്തിയുടെ കയ്യിന്ന് വാങ്ങിച്ച് കുടിക്ക്..ഇങ്ങ് താടാ എന്റെ ജ്യൂസ്‌.. " എന്നും പറഞ്ഞു എബി എടുത്ത ജ്യൂസ്‌ അവൾ അവന്റെ കയ്യിന്ന് പിടിച്ചു വാങ്ങിച്ചു..എന്നിട്ട് അത് നുസ്രയ്ക്ക് കൊടുത്തു.അല്ലേലും ഒരു ജ്യൂസ്‌ കുറവുണ്ടായിരുന്നു. നുസ്ര വന്നത് അവൾ അറിഞ്ഞിരുന്നില്ല..എബി അവളെ ചീത്ത വിളിച്ചോണ്ടും പ്രാകിക്കൊണ്ടും ഇരുന്നു.അവൾ അവനെ മൈൻഡ് ചെയ്യാനേ പോയില്ല.ട്രൈയും പിടിച്ചു മുന്നയുടെയും താജ്ന്റെയും അടുത്തേക്ക് നീങ്ങി.

മുന്ന ഒരു ഗ്ലാസ്‌ എടുത്തു.അവൾ താജ്നു നേരെ നീട്ടി. അവൻ എടുത്തതേയില്ല.അവളെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അവൾക്ക് എന്തോ പോലെയായി.. ഇങ്ങനെ നോക്കുന്നത് എബി കണ്ടാൽ അതുമതി..അവിടെ തീർന്ന്. അതോണ്ട് അവൾ എടുക്ക് എന്ന് കണ്ണ് കൊണ്ട് കാണിച്ചു.അവൻ ഒന്ന് ചിരിച്ചിട്ട് ജ്യൂസ്‌ എടുത്തു..അവൾ ട്രൈ ടീപോയിലേക്ക് വെച്ചിട്ടു നുസ്രയുടെ അടുത്ത് ചെന്നിരുന്നു.. "ഞാൻ ചോദിച്ചതിന് നീയൊന്നും പറഞ്ഞില്ല..എന്തേ എന്നോട് പറയാഞ്ഞേ..മുന്നയുടെ വീട്ടിലെ തീരുമാനം അറിയാഞ്ഞിട്ടാണൊ..? എന്നാൽ കേട്ടോ.. അവരുടെ തീരുമാനം എൻഗേജ്മെന്റ്ലേക്ക് അല്ല..കല്യാണത്തിലേക്ക് തന്നെ എത്തി..ഉടനെ വേണമെന്നാ.. എടീ..മുഹ്സിത്ത നിന്റെ ഇക്കാക്കയ്ക്ക് ഉള്ളതാ.. " ലൈല സന്തോഷത്തോടെ നുസ്രയുടെ കവിളിൽ പിച്ചി.നുസ്രയ്ക്ക് സമാധാനമായി.അവൾ മനസ്സറിഞ്ഞു ചിരിച്ചു.അന്നേരമാണ് അവളുടെ കണ്ണുകൾ ലൈലയുടെ മൂക്കിലേക്ക് ചെന്നത്. "ലൈലാ..മൂക്കുത്തി..പുതിയത് ആണോ..സൂപ്പർ ആയിട്ടുണ്ട്.. " നുസ്ര പറഞ്ഞു..അത് കേട്ടതും ലൈലയുടെ മിഴികൾ താജ്ൽ പതിഞ്ഞു.അവൻ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

കണ്ണുകൾ പരസ്പരം ഇടഞ്ഞു. അവളൊരു പരവേശത്തോടെ കണ്ണ് എടുത്തു കളഞ്ഞു. "ടീ നിന്നോടാ ചോദിച്ചത്..മൂക്കുത്തി പുതിയത് ആണോന്ന്..? " അവളുടെ ഭാഗത്തുന്ന് മറുപടി ഒന്നും ഉണ്ടാവാത്തതു കൊണ്ട് നുസ്ര വീണ്ടും ചോദിച്ചു..അവൾ ബോധത്തിലേക്ക് വന്നു പെട്ടെന്ന് ആാാന്ന് പറഞ്ഞു തലയാട്ടി. "നന്നായിട്ടുണ്ട്..മൂക്കുത്തിയിൽ നിനക്ക് എന്തോ ഒരു മാറ്റം..ഒന്നൂടെ ഭംഗി വെച്ചത് പോലെ.. " നുസ്ര ചിരിയോടെ അവളുടെ കവിളിൽ തട്ടി..ആ തട്ട് കവിളിനേക്കാൾ കൂടുതലായി കൊണ്ടത് ചുണ്ടിലാണ്.അവൾ ചുണ്ടും പൊത്തി പിടിച്ചു ഉമ്മാന്നൊരു അലർച്ചയായിരുന്നു.. താജ് ഒഴിച്ച് ബാക്കി മൂന്ന് പേരും ഞെട്ടിക്കൊണ്ട് എന്താന്ന് ചോദിച്ചു അവളെ നോക്കി. "ചുണ്ട് പൊട്ടി..അതിലാ നീ.. " അവൾ എരിവ് വലിച്ചു കൊണ്ട് നുസ്രയെ നോക്കി.. "പൊട്ടിയെന്നോ..? എങ്ങനെ..? കാണട്ടെ..? " എന്നും പറഞ്ഞു നുസ്ര ചുണ്ട് നോക്കാൻ ഭാവിച്ചപ്പോഴാണ് അവൾക്ക് അമളി മനസ്സിലായത്..

അവൾ ഒരുനിമിഷം തന്റെ പൊട്ടത്തരത്തെ ഓർത്തു മുഖം ചുളിച്ചു. "എടീ..കൈ എടുക്ക്..നോക്കട്ടെ.. " നുസ്ര അവൾ ചുണ്ടിൽ വെച്ചിരിക്കുന്ന കൈ എടുക്കാൻ നോക്കി..അവൾ വേഗം നുസ്രയുടെ കൈ മാറ്റി കളഞ്ഞു. "നോക്കാൻ ഒന്നുല്ല..അതിപ്പോ തണുപ്പ് അല്ലേ..ചുണ്ട് വരണ്ടപ്പോ പറ്റിയതാ..തൊലി പോയിട്ട്.. അല്ലാതെ ഒന്നുല്ല.. " അവൾ തപ്പിയും തടഞ്ഞും പറഞ്ഞൊപ്പിച്ചു.. "തൊലി പോയത് ആണെങ്കിൽ കുഴപ്പമില്ല.വല്ല പല്ലോ എല്ലോ കയറി മുറിഞ്ഞത് ആണേൽ സൂക്ഷിക്കണം..അല്ല..വിഷം കയറാൻ സാധ്യത ഉണ്ട്.. " എബി താജ്നെ അർത്ഥ ഗർഭമയൊന്നു നോക്കിക്കൊണ്ട് ലൈലയോട് പറഞ്ഞു.അത് കേട്ടിട്ട് താജ്ന് കൂസൽ ഒന്നും ഉണ്ടായില്ല. പക്ഷെ ലൈല ഇരുന്ന ഇരുപ്പിൽ തന്നെ ചൂളിപ്പോയി.ആകെ ചമ്മി നാറി നുസ്രയെ നോക്കി.നുസ്ര അപ്പൊ കണ്ണും മിഴിച്ചു ആണോടീന്ന് ചോദിച്ചു.അവൾ അപ്പൊ തന്നെ മുഖം ചുളിച്ച് തല താഴ്ത്തിയിരുന്നു. "അപ്പൊ ആണല്ലേ.. "

നുസ്ര അതിശയപ്പെട്ടു ഉറക്കെ ചോദിച്ചു.ലൈല വേഗം നുസ്രയുടെ വാ പൊത്തി പിടിച്ചു.മുന്ന ഇതൊക്കെ കണ്ടും കേട്ടും ഞാൻ ഇവിടെയൊന്നും ഇല്ലായേന്നുള്ള മട്ടിൽ വേറെ എങ്ങോട്ട് ഒക്കെയോ നോക്കിക്കൊണ്ട് ഇരുന്നു.എബി നിർത്താതെ താജ്നെയും അവളെയും ആക്കിക്കൊണ്ടും താങ്ങിക്കൊണ്ടും ഇരുന്നു. അപ്പോഴൊക്കെ അവൾ മുഖം ചുളിച്ച് താജ്നെ നോക്കി.അവൻ ആണെങ്കിൽ കണ്ണിമ ചിമ്മാതെ അനുരാഗം നിറഞ്ഞ നോട്ടം കൊണ്ട് അവളെ പൊതിയുകയായിരുന്നു. ആ നോട്ടത്തിൽ അവൾ അടിമുടി പൂത്തുലഞ്ഞു.പക്ഷെ എബിയുടെ കളിയാക്കൽ..അത് അവളെ ചൊടിപ്പിച്ചു.അവൾ മുഖം വീർപ്പിച്ചു വെച്ചു എണീറ്റു പോയി. അവളുടെ ആ പിണക്കം താജ്ൽ ചിരി നിറച്ചു. "ഇപ്പൊ സമാധാനം ആയല്ലോ നിനക്ക്.. " നുസ്ര എബിയെ നോക്കി കണ്ണുരുട്ടി കാണിച്ചോണ്ട് എടീന്നും വിളിച്ചു ലൈലയുടെ പിന്നാലെ വിട്ടു. "എന്തൊരു ജന്മമാടാ ഇവറ്റകളൊക്കെ.. എനിക്കൊന്നു വായ തുറക്കാനും പാടില്ലേ.. "

എബി നുസ്ര പോകുന്നതും നോക്കി പിറു പിറുത്തു.താജ് എബിയെ കാര്യമാക്കിയില്ല.മുന്നയുടെ നേരെ തിരിഞ്ഞിരുന്നു. "കുറച്ച് നാളായി നീ നുസ്രയോട് വിദ്വേഷം കാണിക്കുകയാണെന്ന് ഞാൻ അറിഞ്ഞു.അതിനുള്ള കാരണം എന്താണെന്നും അറിഞ്ഞു. നുസ്രയുടെ പൊട്ട ബുദ്ധിയ്ക്ക് ഇരയായത് ഞാനും ലൈലയുമാ. എന്നിട്ടും ഞാൻ നുസ്രയോട് ക്ഷമിച്ചു.ലൈലയോട് ഇക്കാര്യം പറഞ്ഞിട്ടില്ല.ലൈലയെ തളർത്തണ്ടന്ന് കരുതി.എന്നെങ്കിലും അവളിത് അറിയുകയാണെങ്കിൽ അവളും ക്ഷമിക്കും നുസ്രയോട്. അവൾക്ക് ഒന്നും മനസ്സിൽ വെക്കാനോ ആരെയും വെറുക്കാനുമോ ആവില്ല. പ്രത്യേകിച്ച് നുസ്രയെ.അതുകൊണ്ട് നീയും മറന്നു കളയണം.നുസ്രയോട് ക്ഷമിക്കണം.നുസ്ര അതിന് വേണ്ടി കാത്തിരിക്കുകയാ..നിന്നെ സ്നേഹിക്കുന്നത് കൊണ്ടാ അവൾക്ക് അന്ന് അങ്ങനൊരു വിഡ്ഢിത്തം പറ്റി പോയത്.ആ മനസ്സ് നീ അറിയണം.കൂടുതൽ വേദനിപ്പിക്കരുത്.ഇപ്പൊ അവൾ നിന്റെ ക്ലാസ്സ്‌മേറ്റോ ഫ്രണ്ടോ ഒന്നും അല്ല.നിന്റെ സഹോദരിയെ കല്യാണം കഴിക്കാൻ പോകുന്നവന്റെ അനിയത്തിയാ.. അത് എപ്പോഴും ഓർമ വേണം.

ദേഷ്യമൊക്കെ മാറ്റി വെക്ക്.. എത്രേം പെട്ടെന്ന് കല്യാണത്തിന്റെ കാര്യം നോക്കാം.നമുക്ക് അടിച്ചു പൊളിക്കണ്ടേ.. " താജ് മുന്നയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.എബി ആയിരുന്നു എങ്കിൽ കണ്ണും കാതും പൊട്ടുന്ന രീതിയിൽ ചീത്ത വിളിക്കാമായിരുന്നു.ഇതിപ്പോ താജ് ആണ്.അതോണ്ട് മുന്ന എതിർത്തൊരു വാക്ക് പോലും മിണ്ടാതെ എല്ലാം മൂളി കേട്ടിരുന്നു.. അത് കണ്ടു എബിയിലും താജിലും ഒരുപോലെ പ്രതീക്ഷ നിറഞ്ഞു,, അവൻ നുസ്രയോട് ക്ഷമിക്കുമെന്നും ആ മനസ്സ് മനസിലാക്കുമെന്നും.. ഉച്ച ഭക്ഷണം കഴിഞ്ഞിട്ടാണ് മുന്നയും എബിയും ഇറങ്ങിയത്. ആ പോകുന്നതിനു മുന്നേ താജ്നെയും എബിയെയും കൂട്ടി നുസ്രയുടെ വീട്ടിൽ പോയി നിഹാലിനെയും ഉമ്മയെയും കണ്ടു സംസാരിക്കാനും എൻഗേജ്മെന്റ്ൻറെ കാര്യങ്ങൾ തീരുമാനിച്ചോളുന്ന് പറയാനും മുന്ന മറന്നില്ല..ഒപ്പം വൈകുന്നേരം ബാംഗ്ലൂർക്ക് മടങ്ങുമെന്നും പറഞ്ഞു.. അവൻ അവിടെന്ന് ഇറങ്ങുമ്പോൾ നുസ്രയുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു.അവളുടെ പ്രാണനാണ് അവൻ.ഇനി എന്ന് വരുമെന്നോ എപ്പോ കാണുമെന്നോ എന്നൊന്നും അറിയില്ല.ഒന്നും മിണ്ടിയില്ലങ്കിലും വേണ്ടില്ല,,

എപ്പോഴും ഒരു നോക്കു കാണണമെന്ന് ആയിരുന്നു അവൾക്ക്..അവന്റെ ബൈക്ക് കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ നോക്കി നിന്നു.. *** രാത്രിയിൽ ചിക്കൻ ലെഗ് പീസ് കടിച്ചു വലിക്കുമ്പോൾ അതിന്റെ ഇടയിൽ അറിയാതെ ചുണ്ടും കടിച്ചു പോയി..കണ്ണും ചിമ്മി അലറാൻ ഒരുങ്ങിയതും അടുത്ത് ഉപ്പ ഉണ്ടെന്ന ബോധത്തിൽ ആ അലർച്ച അപ്പാടെ വിഴുങ്ങി കളഞ്ഞു.എന്നിട്ട് എരിവും വലിച്ചോണ്ട് വെള്ളം എടുത്തു ചുണ്ട് നനച്ചു.വെള്ളം തട്ടിയതും നീറ്റൽ വർധിച്ചു.പിന്നെ കഴിക്കാൻ ഒന്നും കഴിഞ്ഞില്ല.കൊതിയോടെ വെള്ളം ഇറക്കി കയ്യിലുള്ള ചിക്കൻ പീസിലേക്ക് നോക്കിക്കൊണ്ടിരുന്നു.. അവളുടെ ഇരുത്തവും കളിയുമൊക്കെ കണ്ടു അവൻ വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി..അത് കണ്ടു അവൾ പോടാന്നും പറഞ്ഞു കയ്യിലുള്ള പീസ് അവന്റെ മേത്തേക്ക് എറിഞ്ഞു.അവൻ അപ്പൊത്തന്നെ അത് കയ്യിൽ ഒതുക്കി ഉപ്പാനെ നോക്കി.ഉപ്പ ഫുൾ കോൺസെൻട്രേഷൻ ഭക്ഷണത്തിൽ ആണെന്ന് കണ്ടതും അവൻ ചുണ്ട് തടവി കാണിച്ചും സൈറ്റ് അടിച്ചും അവളെ കൂടുതൽ കളിയാക്കി. അവൾ ഇരുന്നിടത്ത് നിന്നു തന്നെ പല്ല് ഞെരിക്കുകയും കാല് നീട്ടി അവന്റെ കാലിൽ ചവിട്ടുകയുമൊക്കെ ചെയ്തു.

അതൊക്കെ കണ്ടു അവന്റെ നുണക്കുഴി കാണിച്ചുള്ള ചിരി ഒന്നൂടെ കൂടിയത് അല്ലാതെ കുറഞ്ഞില്ല. "മോളെന്താ കഴിക്കാത്തത്.." ഉപ്പ തല ഉയർത്തി അവളെ നോക്കി. "മതി ഉപ്പ..വയറു നിറഞ്ഞു. " പറഞ്ഞത് ഉപ്പാനോട് ആണെങ്കിലും അവളുടെ നോട്ടം അവന്റെ മുഖത്തായിരുന്നു.അതും അവനെ കൊല്ലുന്ന പോലൊരു നോട്ടം.അവൾ പ്ലേറ്റും എടുത്തു എണീറ്റു. ** ഒരു ഗ്ലാസ്സ് ജ്യൂസുമായി അവൻ റൂമിലേക്ക്‌ ചെന്നു.അവൾ കട്ടിലിൽ ചാരിയിരുന്നു ഫോണിൽ കളിക്കുവായിരുന്നു.അവൻ അവളുടെ കയ്യിന്ന് ഫോൺ എടുത്തു ബെഡിലേക്ക് ഇട്ടു.എന്താ നിനക്ക് എന്നും ചോദിച്ചു അവൾ അവനെ തുറുക്കനെ നോക്കി.അവൻ ജ്യൂസ്‌ അവൾക്ക് നേരെ നീട്ടി. "ഇതാ..ഒന്നും കഴിച്ചില്ലല്ലോ..ഇത് കുടിക്ക്.. " അവൾ വാങ്ങിച്ചില്ല.എനിക്ക് വേണ്ടന്നും പറഞ്ഞു കേറ്റി വെച്ച മുഖവുമായി ഇരുന്നു. "ഉറപ്പാണോ..? " അവൻ അവളെ ഉറ്റു നോക്കി. അപ്പൊത്തന്നെ ആാാന്നും പറഞ്ഞു മുഖം തിരിച്ചു കളയണമെന്ന് ഉണ്ടായിരുന്നു അവൾക്ക്.

പക്ഷെ സ്വന്തം വയർ അതിന് സമ്മതിച്ചില്ല. വയറ്റിന്ന് കൂക്കലും വിളിയുമൊക്കെ നേരത്തെ തുടങ്ങിയിരുന്നു. "കഷ്ടപ്പെട്ട് കൊണ്ട് വന്നത് അല്ലേ. ഇനി മടക്കി കൊണ്ട് പോകുകയൊന്നും വേണ്ടാ.ഇങ്ങ് തന്നേര്.." അവൾ വേറെ എങ്ങോട്ട് ഒക്കെയോ നോക്കി അവന്റെ നേരെ കൈ നീട്ടി.. "മടക്കി കൊണ്ട് പോകുന്നൊന്നുമില്ല..നിനക്ക് വേണ്ടാത്ത സ്ഥിതിക്ക് ഞാൻ കുടിച്ചു കളയാം..എന്താന്ന് അറിഞ്ഞൂടാ.. ഇന്ന് ജ്യൂസ്‌ കുടിക്കാൻ ഒരാഗ്രഹം.. " അവൻ ഗ്ലാസ്സ് ചുണ്ടോട് അടുപ്പിച്ചു. "തെണ്ടി..നിനക്ക് കുടിക്കാൻ ആണേൽ പിന്നെ എന്റെ അടുത്തോട്ടു കൊണ്ട് വരുന്നത് എന്തിനാ..നിനക്ക് താഴെന്ന് തന്നെ കുടിച്ചിട്ട് വന്നാൽ മതിയായിരുന്നില്ലേ.. " അവളുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തു..അവന്റെ മുഖത്ത് ചിരി നിറഞ്ഞു.അവൻ ജ്യൂസ്‌ അവൾക്ക് നീട്ടി.വിശപ്പിന് മുന്നിൽ അഭിമാനവും അഹങ്കാരമൊന്നും ഇല്ലായിരുന്നു.അവൾ വേഗം വാങ്ങിക്കാൻ കൈ നീട്ടി.അവൻ അപ്പൊത്തന്നെ കൈ പിന്നിലേക്ക് വലിച്ചു. "എന്താ..? " അവൾ ദേഷ്യത്തോടെ മുഖം ചുളിച്ചു. "ഇനി ഞാൻ വല്ലതും കാണിക്കുമ്പോഴോ തരുമ്പോഴോ അഹങ്കാരം കാണിക്കുമോ..? "

"എനിക്ക് അഹങ്കാരമൊന്നുമില്ല.. നിനക്കാ..നിനക്കാ അത് ഉള്ളത്.. ഇങ്ങ് താ..വിശക്കുന്നു.. " അവൾ വയറും തടവിക്കൊണ്ട് ചിണുങ്ങി.അവൻ അപ്പൊത്തന്നെ കൊടുത്തു.അവൾ ഒറ്റ വലിക്കു അത് കുടിച്ചു തീർത്തു ഗ്ലാസ്സ് ടേബിളിലേക്ക് വെച്ചു.അവൻ അവളെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. "എന്താ.. " അവൾ ചോദ്യ രൂപത്തിൽ അവനെ നോക്കി..അവൻ അവളുടെ അരികിലേക്ക് ഇരുന്നു..അവളുടെ പൂ പോലുള്ള ചുണ്ടിൽ വിരൽ വെച്ചു തഴുകി.. "വേദനയുണ്ടോ..? " അവൾ ഇല്ലെന്ന് തലയാട്ടി.. "ഉറങ്ങാൻ ആയോ..? " അതിനും അവൾ ഇല്ലെന്ന് തലയാട്ടി. "എങ്കിൽ എനിക്കൊരു കാര്യം ചെയ്തു താ.." "എന്ത്..? " അവൾ നെറ്റി ചുളിച്ചു. "ഒരു സെമിനാർൻറെ ഇൻട്രോ തയാറാക്കി താ.." "അയ്യടാ..തന്നെ താൻ അങ്ങ് തയാറാക്കിയാൽ മതി..നിനക്കെന്താ പണി.. ഫോണിൽ കളിച്ചോണ്ട് ഇരിക്കാൻ അല്ലേ.. എനിക്കൊന്നും വയ്യാ..എന്റേത് തന്നെ ഉണ്ട് അവിടെ പെന്റിങ്.. "

"എടീ..അർജന്റ്റാ..നാളെ പ്രെസെന്റ് ചെയ്യണം.എനിക്ക് ടൈമില്ല..കുറച്ച് ഫയൽസ് നോക്കാനുണ്ട്.. " "ഫയൽസോ..എന്ത് ഫയൽസ്..? " "കമ്പനി ഫയൽസ്.. " "ഓ..ഞാൻ മറന്നു..സ്റ്റുഡന്റ് മാത്രം അല്ലല്ലോ..ഒരു സാമ്രാജ്യത്തിന്റെ അധിപൻ കൂടി ആണല്ലോ നീ.. എങ്ങനെ പോകുന്നു നിന്റെ താജ് ഗ്രൂപ്സ്..നമ്പർ one തന്നെയല്ലേ..?അല്ല അമൻ..അതിന് കമ്പനിയും കാര്യങ്ങളൊക്കെ നിങ്ങടെ മാനേജർ ആണ് നോക്കി നടത്തുന്നത് എന്നാണല്ലോ ഉപ്പ പറഞ്ഞത്.. അപ്പൊ ഫയലൊക്കെ അയാള് നോക്കൂലെ..നീ എന്തിനാ ബുദ്ധിമുട്ടുന്നേ.. " "അയാൾക്ക്‌ ഒരു ആക്‌സിഡന്റ്.. മിനിമം one വീക്ക്‌ എങ്കിലും റസ്റ്റ്‌ വേണം.അതുവരെ എനിക്ക് ഇതു നോക്കിയും ഇതിന് വേണ്ടി ബുദ്ധിമുട്ടിയുമേ പറ്റൂ..ഡാഡ്ൻറെ വിയർപ്പാ..ലോസ് ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. " അവൻ പറഞ്ഞു.അവൾക്ക് ഒരു നിമിഷം ഉപ്പാനെയും ഉപ്പ ചോര നീര് ഒഴുക്കി ഉണ്ടാക്കി എടുത്ത പടുകൂറ്റൻ സാമ്രാജ്യത്തെയും ഓർമ വന്നു

.ഇരുപത്തി ഒന്ന് വയസ്സ് തികയാനും തനിക്ക് അവകാശപ്പെട്ടതൊക്കെ ഈ കൈകളിൽ എത്താനും ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം. അവളുടെ മുഖത്ത് വരാൻ പോകുന്ന വിജയത്തിന്റെ ആഹ്ലാദം നിറഞ്ഞു. "പോത്തേ..ഈ ഇരുന്നു സ്വപ്നം കാണുന്ന നേരത്ത് അതൊന്നു ചെയ്തു താടി.. " "ആ ശെരി..വേണ്ട പോയ്ന്റ്സ് ഒക്കെ താ.. " "ദാ ഇതിലുണ്ട്..നോക്കി ചെയ്.." അവൻ ഒരു ഒരു നോട്ട് പുസ്തകം എടുത്തു അവളുടെ കയ്യിൽ കൊടുത്തു.എന്നിട്ട് ലാപ്ടോപും ഡ്രോയറിൽ നിന്നും ഫയൽസും എടുത്ത് സോഫയിലേക്ക് ഇരുന്നു. *നിന്നെ ഇതിന് മുൻപ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.പക്ഷെ ഒന്നുറപ്പാണ്.നിന്നെ അല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല..* നോട്ട് തുറക്കുമ്പോൾ തന്നെ വെണ്ടയ്ക്ക അക്ഷരത്തിൽ നല്ല തിക്ക് ആയി എഴുതി വെച്ചിട്ടുള്ള വരികൾ അവളുടെ കണ്ണിൽ പെട്ടു.അവൾക്ക് അജ്ഞാതനെ ഓർമ വന്നു.അപ്പൊ തന്നെ എണീറ്റു അവന്റെ അടുത്തേക്ക് ചെന്നു ബുക്ക്‌ അവന്റെ മുന്നിലേക്ക് വെച്ചു.

"എന്തായിത്..? " "എന്ത്..? " അവൻ തല ഉയർത്തി അവളെ നോക്കി. "എന്നെയല്ല..ഇതിലേക്ക് നോക്ക്.. എന്താ ഇതെന്ന്.." അവളാ വരികൾക്ക് മുകളിൽ വിരൽ വെച്ചു..അവൻ അതിലേക്കു നോക്കി.ശേഷം അവളെയും. "കണ്ടിട്ട് മനസ്സിലായില്ലേ..? " "ഇല്ല..മനസ്സിലായില്ല.അതോണ്ടാ ചോദിച്ചേ..?" "എനിക്ക് വന്ന ലവ് ലെറ്ററാ.. നിന്റെ ഭാഷയിൽ പറഞ്ഞാൽ പ്രണയ സന്ദേശം.എന്റെ ക്ലാസ്സിലെ സാനിയ ഇല്ലേ..അറിയുമോ നീ..അവളാ കക്ഷി..ഇത്രേം ഡേയ്‌സ് ചുവരിലും ഡെസ്കിലുമായിരുന്നു.ഇപ്പൊ പുസ്തകത്തിലും തുടങ്ങി.." അവന്റെ ശ്രദ്ധ ലാപ്ടോപ്പിൽ ആയിരുന്നു.കൂസലൊന്നും ഇല്ലാതെ പറഞ്ഞു അവളോട്‌.ഇന്നുവരെ അവന്റെ വായിൽ നിന്നും തന്റെ പേരല്ലാതെ മറ്റൊരു പെണ്ണിന്റെ പേരും കേട്ടിട്ടില്ല. പക്ഷെ ഇപ്പൊ..അവൻ പറഞ്ഞത് അവൾക്ക് ഒട്ടും ഇഷ്ടമായില്ല. "എന്നാൽ പിന്നെ ലവ് ലെറ്റർ എഴുതി തന്നവളോട് തന്നെ ഈ സെമിനാറും എഴുതി തരാൻ പറയായിരുന്നില്ലേ.. "

അവൾ നിന്നു പിറു പിറുത്തു. "വല്ലതും പറഞ്ഞോ..? " അവൻ അവളെ നോക്കി. "ഇല്ല..ഉറക്കം വരുന്നെന്ന് പറയുവായിരുന്നു..നീ തന്നെ റെഡിയാക്കിക്കോ..എനിക്ക് വയ്യാ.. ഇതാ.. " അവൾ അവിടെ വെച്ച പുസ്തകം എടുത്തു അവന്റെ കയ്യിൽ കൊടുത്തു..കയ്യിൽ ഉള്ള പേന അവന്റെ മടിയിലേക്കും ഇട്ടു. പിന്നെ മിണ്ടാനും പറയാനും നോക്കാനും ഒന്നും നിന്നില്ല. പോയി കട്ടിലിലേക്ക് കമിഴ്ന്നു വീണു. അവളുടെ മുഖം മങ്ങിയതും ആ കണ്ണുകളിൽ കുശുമ്പ് നിറഞ്ഞതും അവൻ കണ്ടിരുന്നു.. മൂക്കത്തും വിരൽ വെച്ചു കുറച്ച് നേരം അവളെ നോക്കിയിരുന്നു..അവൾക്ക് ഉറക്കം തട്ടിയെന്നു തോന്നിയതും ലാപ്ടോപ് എടുത്തു പതിയെ അവളുടെ അരികിൽ ചെന്നു ഒരു കൈ കൊണ്ട് അവളുടെ ഇടതൂർന്ന മുടി ഇഴകളിൽ വിരൽ ഓടിച്ചു കൊണ്ടിരുന്നു.മറ്റേ കൈ കൊണ്ട് വർക്ക്‌ തുടർന്നു.. ** അവൾ രാവിലെ ഉറക്കം ഉണർന്നു എണീക്കാൻ നോക്കിയതും എണീക്കാൻ പറ്റുന്നില്ല, വയറ്റിൽ അമ്മിക്കല്ലു വെച്ചത് പോലൊരു ഭാരം.അവൾ കിടന്നിടത്ത് നിന്നു തന്നെ തല താഴ്ത്തി നോക്കി. അവൻ അവളുടെ വയറ്റിൽ തല വെച്ചു അവൾക്ക് ലംബമായി കിടന്നിട്ടുണ്ട്.

അടുത്ത് തന്നെ ലാപ്ടോപ്പും ഫയൽസുമൊക്കെ ഉണ്ട്.. അതൊക്കെ നോക്കിയും ചെയ്തും അവിടെത്തന്നെ ഉറങ്ങി പോയതാണെന്ന് അവൾക്ക് മനസ്സിലായി.സാധാരണ ഗതിയിൽ ഇങ്ങനെ കണ്ടാൽ എഴുന്നേൽക്കടാന്നും അലറിക്കൊണ്ട് അവനെ ഉന്തി തള്ളി ചവിട്ടി തുള്ളിക്കൊണ്ട് എണീക്കേണ്ടതാണ് അവൾ.പക്ഷെ ഇപ്പൊ എന്തുകൊണ്ടോ അങ്ങനെയൊന്നും തോന്നിയില്ല അവൾക്ക്..അനക്കമൊന്നും ഇല്ലാതെ എങ്ങനൊക്കെയോ എഴുന്നേറ്റിരുന്നു.പതിയെ അവന്റെ തല എടുത്തു ബെഡിലേക്ക് വെച്ചു. എന്നിട്ട് ടവലും എടുത്തു ബാത്രൂമിലേക്ക് കയറി.കുളിയും നിസ്കാരമൊക്കെ കഴിഞ്ഞിട്ടും അവൻ എണീറ്റില്ല.നിഷ്കളങ്കമായി ഉറങ്ങുവാണ്.അവൾക്ക് ഒരു കുസൃതി തോന്നി.അരികിൽ ചെന്നു തലയിലെ ടവൽ അഴിച്ചു മുടിയിലെ വെള്ളം അവന്റെ മുഖത്തേക്ക് കുടഞ്ഞു..അവൻ കണ്ണ് തുറന്നില്ല..പക്ഷെ അവളുടെ കയ്യിൽ അവന്റെ പിടി വീണു.അവൾ ഞെട്ടിക്കൊണ്ട് കയ്യിലേക്ക് നോക്കിയതും അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു. അവൾ വേഗം മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. "ഉറക്കം ഉണരാൻ ഇതിനേക്കാൾ നല്ല കണിയൊന്നും ഇല്ല മോളെ.. " അവളുടെ നെറ്റിയിലേക്ക് വീണ ഈറൻ മുടി അവൻ മാടി ഒതുക്കി.. "

എണീക്ക്..എണീറ്റു നിസ്കരിക്ക്.. ഒരുദിവസമെങ്കിലും നിന്നെ നന്നായി കാണാനുള്ള കൊതി കൊണ്ടാ.. " അവൾ എണീറ്റു പോകാൻ നോക്കി. അവൻ സമ്മതിച്ചില്ല..നെഞ്ചിലേക്ക് തന്നെ വലിച്ചിട്ടു ചേർത്തു പിടിച്ചു. അവളുടെ മഹർ മാല അവന്റെ മുഖത്തേക്ക് വീണു കിടന്നു.. അവൾ വല്ലാത്തൊരു അവസ്ഥയോടെ അവനെ നോക്കിക്കൊണ്ട് മാല അവന്റെ മുഖത്തുന്ന് മാറ്റാൻ നോക്കിയതും അവൻ വേഗം ചുണ്ട് തുറന്നു അതിന്റെ ലോക്കറ്റ് കടിച്ചു പിടിച്ചു. "വൃത്തികേട് കാണിക്കല്ലേ..വിട്.. " അവൾ മാല വലിച്ചു.അവൻ കടിച്ചു തന്നെ പിടിച്ചു. "വിടാൻ..അത് പൊട്ടി പോകും.. " "പൊട്ടട്ടേ..അതിനെന്താ..? നീ ആഗ്രഹിക്കുന്നതും അതല്ലേ..? " അവൻ കടിച്ചു പിടിച്ച ലോക്കറ്റ് വിട്ടു കൊടുത്തു കൊണ്ട് ചോദിച്ചു. "അങ്ങനെ ആയിരുന്നു എങ്കിൽ എനിക്ക് എപ്പോഴേ ആവാമായിരുന്നു.ഇഷ്ടം അല്ലാതെയാണ് കഴുത്തിലേക്ക് ഇത് വീണത് എങ്കിലും മഹറിനൊരു വിലയുണ്ട്..മറ്റൊന്നിനും പകരം നൽകാൻ കഴിയാത്ത ഒരു വില.. ബന്ധം ഒഴിയുന്ന നാൾ കെട്ടിയ നീ തന്നെ അഴിച്ചെടുത്തോ..

അതുവരെ ഇതെൻറെ കഴുത്തിൽ കിടന്നോട്ടെ.. ഒരു ബലമായി.. ഒരു ധൈര്യമായി.." അവൾ മാല ഡ്രസ്സ്നു അകത്തേക്ക് ഇട്ടു അവന്റെ പിടി വിടുവിച്ചു എഴുന്നേറ്റു മാറിയിരുന്നു.അവൻ ഒന്നും മിണ്ടിയില്ല.അവളുടെ മനസ്സിൽ മാത്രല്ല, ഓരോ വാക്കിൽ പോലും താൻ ഉണ്ടെന്ന് അവനു മനസ്സിലായി.പക്ഷെ അത് അവൾ സമ്മതിച്ചു തരുന്നില്ല.അതാണ് പ്രയാസം.കുറച്ച് നേരം അവൻ അവളെ തന്നെ നോക്കിയിരുന്നു. അവൾ ഇരുന്നു മുടി തുവർത്തുകയായിരുന്നു. അവന്റെ നോട്ടം കണ്ടിരുന്നു.എന്നിട്ടും കണ്ടില്ലന്ന് നടിച്ചു.അവൾ മുടിയും കുടഞ്ഞു എണീറ്റു പോകാൻ നിന്നതും പെട്ടെന്ന് അവന്റെ കണ്ണുകൾ അവളുടെ കഴുത്തിൽ ഉടക്കി.അവൻ അപ്പൊത്തന്നെ അവളെ അവിടെ പിടിച്ചിരുത്തി. അവന്റെ നോട്ടം തന്റെ കഴുത്തിലേക്ക് ആണെന്ന് കണ്ടതും അവൾ വേഗം കയ്യിലെ ടവൽ കഴുത്തിലേക്ക് ഇട്ടു. "പോടീ..ഞാൻ നിന്റെ സ്വകാര്യത നോക്കാൻ ഒന്നുമല്ല.. " അവളുടെ ചെയ്ത്ത് കണ്ടു അവൻ അവളെ നോക്കി പേടിപ്പിച്ചു.എന്നിട്ട് അവളുടെ കഴുത്തിലെ ടവൽ മാറ്റി കഴുത്തിൽ കിടക്കുന്ന മറ്റേ മാല ഡ്രസ്സ്‌നകത്ത് നിന്നും വലിച്ചു പുറത്തേക്ക് ഇട്ടു..

അവൾ ഇരുന്ന ഇരുപ്പിൽ തന്നെ ഒന്ന് പിടഞ്ഞു.. പരവേശത്തോടെ അവന്റെ മുഖത്തേക്ക് നോക്കി..അവൻ അവളുടെ മുഖമോ ഭാവമോ ഒന്നും കണ്ടില്ല.പകരം കണ്ണ് നിറയെ ആ മാലയും മനസ്സ് നിറയെ മിനിയാന്ന് അവളുടെ കയ്യിൽ കണ്ട ആ ലോക്കറ്റുമായിരുന്നു. "എന്താ..? " അവനാ മാല കയ്യിൽ എടുത്തു അതിലേക്കു തന്നെ ഉറ്റു നോക്കുന്നത് കണ്ടു അവൾ പതുക്കെ ചോദിച്ചു. "ശെരിക്കും നിനക്ക് ഇത് എവിടുന്നാ. നിന്റെ ഉപ്പ തന്നത് തന്നെയാണോ..?" അവൻ ശാന്തനായിരുന്നു. എന്നാലും അനേകായിരം സംശയങ്ങൾ അവന്റെ ഉള്ളിലൂടെ ഓടി നടക്കുന്നുണ്ടായിരുന്നു.എന്ത് കൊണ്ടോ ഇനിയും നുണ പറയാൻ തോന്നിയില്ല അവൾക്ക്..സത്യം പറയണമെന്ന തീരുമാനത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.ഒരുപക്ഷെ അവൻ സഹായിച്ചാലോ ആ ആളെ കണ്ടെത്താൻ.. "പറ..നിന്റെ ഉപ്പാന്റെതു തന്നെയാണോ ഇത്..?" അവൻ വീണ്ടും ചോദിച്ചു. "അല്ല.ഞാൻ നുണ പറഞ്ഞതാ..? " അവൾ മടിച്ചു മടിച്ചു പറഞ്ഞു.

"എന്തിന്..? " "നിന്നെ ഭയന്നിട്ട്..ഇത് എനിക്ക് എന്റെ പ്രാണൻ ആയിരുന്നവൻ തന്നതാ.പ്രണയ സമ്മാനമായി, പിറന്നാൾ സമ്മാനമായി, അതിലുപരി ഒരു അടയാളമായി.. അവന്റെ ഓർമയാണ് ഇതെന്നു അറിഞ്ഞാൽ കരിവളയും കൊലുസുമൊക്കെ എന്നിൽ നിന്നും അടർത്തിയത് പോലെ ഇതും നീ അടർത്തി മാറ്റുമെന്നു ഞാൻ ഭയപ്പെട്ടു..അത് കൊണ്ടാ.അല്ലാതെ നിന്നെ പറ്റിക്കണമെന്ന് കരുതിയിട്ടല്ല.." അവൾ പറഞ്ഞു..ആ നിമിഷം തന്നെ അവന്റെ ചെവിയിൽ ഒരു പേര് മുഴങ്ങി കേൾക്കാൻ തുടങ്ങി. മനസ്സിലേക്ക് ഒരേയൊരു മുഖം ഇരച്ചു കയറി വന്നു..അതിന് ശരീരത്തെ തളർത്താനുള്ള കഴിവ് ഉണ്ടായിരുന്നു.എന്നിട്ടും ആ പേര് ആയിരിക്കരുതേ അവൾ പറയുന്നത് എന്ന പ്രാർത്ഥനയോടെ അവൻ ചോദിച്ചു.. "എന്താ അവന്റെ പേര്..? " " റമീൻ..റമീൻ മുംതാസ്.. " .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story