ഏഴാം ബഹർ: ഭാഗം 53

ezhambahar

രചന: SHAMSEENA FIROZ

 "ഞാൻ കാണുന്ന നാള് തൊട്ടേ അവന് ഭയം കൂടുതലാണ്.എന്തെങ്കിലും ഒരു ചെറിയ കാര്യം ഉണ്ടായാൽ മതി പെട്ടെന്ന് ടെൻസഡും നെർവെസും ആകും. ദിവസങ്ങളോളം അത് മനസ്സിൽ കൊണ്ട് നടന്നു ഞങ്ങളോട് പറഞ്ഞോണ്ട് ഇരിക്കുകയും അതോർത്തു പരിഭ്രമപ്പെട്ടോണ്ട് ഇരിക്കയും ചെയ്യും.റമിയുടെ ആ സ്വഭാവം ഞങ്ങൾക്ക് ഒരു തമാശയായിരുന്നു.ഒരു ചെവിയിലൂടെ കേൾക്കും.മറ്റേ ചെവിയിലൂടെ വിടും. പൊട്ടിച്ചിരിക്കും.ഏറെ നേരം അവനെ കളിയാക്കും.പക്ഷെ അവന്റെയാ തോന്നലുകളും ചിന്തകളും അവന് ഉണ്ടായ ഉൾവിളിയാണെന്നും അതൊക്കെ വരാൻ പോകുന്ന സംഭവങ്ങൾക്ക് മുന്നോടിയായുള്ള ഒരു ഭയപ്പെടലുമാണെന്ന് ഞാനും ലൈലയും അറിയാതെ പോയി.. ഏതൊരു കഥയിലും ഒരു ചെകുത്താൻ ഉണ്ടാകും.പ്രണയ ജോഡികളെ വേർപെടുത്താൻ വേണ്ടി കടന്നു വരുന്നൊരു ചെകുത്താൻ..ഇവിടെയും ഉണ്ടായി അങ്ങനൊരു അവതാരം.ഒരിക്കലും അകലാൻ പറ്റാത്ത വിധത്തിൽ എനിക്ക് നീയും നിനക്ക് ഞാൻ എന്നുമുള്ള രീതിയിൽ റമിയുടെയും ലൈലയുടെയും പ്രണയം അതിന്റെ ഉച്ചിയിൽ എത്തിയിരുന്നു.

ആ സമയത്ത് ആസിഫ് ബാംഗ്ലൂർക്ക് അവന്റെ സ്ഥിരം പരിപാടിയായ പെണ്ണ് പിടുത്തത്തിനു വരുകയും റമിയെയും ലൈലയെയും ഒരുമിച്ചു കാണുകയും ഉണ്ടായി. ഒറ്റ നോട്ടത്തിൽ തന്നെ ആസിഫ് മനസ്സിലാക്കി അവർ തമ്മിൽ പ്രണയത്തിൽ ആണെന്ന്.ആസിഫ്നു കാര്യം രണ്ടാണ്..ഒന്ന് സ്വത്ത്..രണ്ട് ലൈല.അല്ല.ലൈലയുടെ ശരീരം.. പണവും പെണ്ണും രണ്ടും നഷ്ടപ്പെടാൻ പോകുന്നുവെന്ന കാര്യം അവൻ മനസ്സിലാക്കി.അന്തരംഗം തിളച്ചു മറിഞ്ഞു.ഉടനെ നാട്ടിലുള്ള സജാദ്നെ ഫോൺ ചെയ്യുകയും റമിയും ലൈലയും ഒന്നിച്ചുള്ള ഫോട്ടോസ് വാട്സപ് ചെയ്യുകയും ചെയ്തു.പിറ്റേന്ന് രാവിലെ തന്നെ സജാദ് ബാംഗ്ലൂറിലേക്ക് എത്തി. ഞങ്ങൾ മൂന്ന് പേരും കഫെയിലായിരുന്നു.റമിയും ലൈലയും മുന്നിൽ ജ്യൂസ്‌ കൊണ്ട് വെച്ചിട്ടു കണ്ണോടു കണ്ണ് നോക്കിയിരിക്കുന്നു.ആ കഥ പറച്ചിലിനു ഇത്തിരി പ്രൈവസി ആയിക്കോട്ടെന്ന് കരുതി ആവശ്യം ഇല്ലാതെ ഇരുന്നിട്ടും ഞാൻ വാഷ് റൂമിലേക്ക് പോയി.അല്പ നേരം കഴിഞ്ഞു വന്നു നോക്കുമ്പോൾ രണ്ടു പേരെയും കാണാനില്ല.

മുന്നിൽ വെച്ചിരിക്കുന്ന ജ്യൂസ്‌ അതേപടി ഉണ്ട് താനും.എന്തിന്,ലൈലയുടെ ബാഗ് പോലും അവിടെ ഉണ്ട്.. പറയാതെയും വിളിക്കാതെയും പോകില്ലന്ന് അറിയാവുന്നോണ്ട് അവിടെ തന്നെ ചുറ്റിനും നോക്കി. കഫെയുടെ ചില്ലു വാതിലിലൂടെ പുറത്ത് നടക്കുന്ന കാഴ്ച കണ്ടതും വലിഞ്ഞു മുറുകിയ സിരകളോടെ ഞാൻ പുറത്തേക്ക് ഓടി.ആസിഫ് ലൈലയെ പിടിച്ചു വെച്ചിട്ടുണ്ട്.സജാദും അവന്റെ ഗുണ്ടകളും ചേർന്നു റമിയെ നിലത്തിട്ടു ചവിട്ടി തൊഴിക്കുന്നു. റമി ചോര തുപ്പി വേണ്ടാന്ന് പറഞ്ഞു കരയുകയും പുളയുകയും ചെയ്യുന്നു.ലൈല ആണെങ്കിൽ വിടെടാന്ന് പറഞ്ഞു കുതറുകയും റമീന്ന് പറഞ്ഞു അലമുറ ഇട്ടു കരയുകയും ചെയ്യുന്നു.റമി ഒരു ആസ്തമ പേഷ്യന്റ് ആയത് കൊണ്ട് സജാദ്ൻറെ ആദ്യത്തെ ചവിട്ടിൽ തന്നെ റമിക്ക് ശ്വാസ തടസ്സം സംഭവിച്ചിരുന്നു.ഒരുനിമിഷം പോലും പാഴ് ആക്കാതെ സജാദ്നു നേരെ പാഞ്ഞടുത്ത എന്റെ തലയിലേക്ക് പൊടുന്നനെ ഒരു തടി കഷ്ണം ആഞ്ഞു പതിച്ചു.തലയിൽ നിന്നും ചോര വാർന്നൊലിച്ചു. തലച്ചോർ പൊട്ടിത്തെറിക്കുന്നത് പോലെയും കണ്ണുകൾ അടയുന്നത് പോലെയും തോന്നി.

റമി മാത്രമല്ല, ഞാനും പൂർണമായി തളർന്നു പോയി. ഞങ്ങളുടെ രണ്ടു പേരുടെയും ആ വേദനയും നിസ്സഹായവസ്ഥയും ലൈലയുടെ കരച്ചിലുമൊക്കെ ആസിഫും സജാദും കണ്കുളിർക്കെ ആസ്വദിച്ചു.എനിക്കും റമിക്കും ഒന്ന് അനങ്ങാൻ പോലും ആവില്ലന്ന് ഉറപ്പിച്ചതും അവർ വാടീന്നും പറഞ്ഞു ലൈലയെയും വലിച്ചു നടന്നു.പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ റമി നിരങ്ങി കെട്ടി എണീക്കയും സ്വന്തം വേദന മുഴുവനും മറന്ന് ലൈലാന്നും വിളിച്ചു അവരുടെ പിന്നാലെ ഓടിപ്പോയി സമ്മതിക്കില്ലടാ..എന്റെ പെണ്ണിനെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ലടാന്നും അലറിക്കൊണ്ട് ലൈലയുടെ കയ്യിൽ പിടിച്ചു.പക്ഷെ അപ്പോഴേക്കും സജാദ്ൻറെ കൈ അവന്റെ നെഞ്ചിൽ പതിയുകയും അവനെ ശക്തിയായി തള്ളുകയും ചെയ്തു. അതി വേഗതയിൽ വരുന്ന ഒരു ടിപ്പറിന് മുന്നിലേക്ക് ആണ് റമി തെറിച്ചു വീണത്.ലൈലയുടെ റമീന്നുള്ള നിലവിളി ആ ബാംഗ്ലൂർ നഗരം ആകെ പ്രകമ്പനം കൊണ്ടിട്ടുണ്ടാകണം.

അത്രക്കും ചങ്ക് പൊട്ടിയാണ് അവൾ അലറിയതും കരഞ്ഞതുമൊക്കെ.ഞാനും ലൈലയും കണ്ടു നിൽക്കെ തന്നെ അവൻ ജീവനു വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു.ഒന്ന് അവന്റെ അരികിലേക്ക് ഓടാനോ അവനെ വാരി എടുക്കാനോ ആ കവിളുകളിലും നെറ്റിയിലും അവസാനമായി ഒരു ചുംബനം നൽകാനോ ആ ദുഷ്ടൻമാർ അവളെ അനുവദിച്ചില്ല.എന്തിന് ഒരു നോക്കു കാണാൻ കൂടി സമ്മതിച്ചില്ല. പോലിസും കേസുമൊക്കെ ആകുമെന്ന് ഭയന്നിട്ടു ആവണം വേഗം അവളെയും കൊണ്ട് അവർ അവിടുന്ന് പോയി..എന്റെ വിരൽ പോലും അനക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.റമീന്നുള്ള നിലവിളി പോലും തൊണ്ടയിൽ കുരുങ്ങി പോയിരുന്നു.എന്നിട്ടും അവന്റെ പിടച്ചിലിനു മുന്നിൽ എന്റെ തളർച്ചയൊന്നും ഒന്നും അല്ലെന്ന് തോന്നി.കാഴ്ചക്കാരായ ആരുടെയൊക്കെ സഹായം കൊണ്ട് ഹോസ്പിറ്റലിൽ എത്തി.പക്ഷെ അപ്പോഴേക്കും.... " പറഞ്ഞു നിർത്തുമ്പോൾ മുന്നയുടെ ശബ്ദത്തിനു ഇടർച്ച സംഭവിച്ചിരുന്നു.താജ് ഒരുതരം തളർച്ചയോടെ ആ മണൽ പരപ്പിലേക്ക് ഊർന്നു.

തൊട്ടു മുന്നിലുള്ള അനന്ത സാഗരം പോലും അവൻ കണ്ടില്ല.കണ്ണുനീർ കാഴ്ചയെ അത്രക്കും മറച്ചു കളഞ്ഞിരുന്നു.. നിമിഷ നേരങ്ങൾക്ക് ഉള്ളിൽ അവനിൽ നിന്നും തേങ്ങലുകൾ ഉയരാൻ തുടങ്ങി.മുന്നയുടെ പക്കൽ ആശ്വാസ വാക്കുകൾ ഒന്നും ഇല്ലായിരുന്നു.അഥവാ ഉണ്ടെങ്കിൽ തന്നെ അതൊന്നും താജ്ൻറെ ഉള്ളിൽ എരിയുന്ന വേദനയെയും പകയെയും ശമിപ്പിക്കാൻ കഴിയുന്നത് അല്ല. "ഞാനൊന്നു കണ്ടില്ലല്ലോ.. എന്നെയൊന്നു കാണാൻ കൂടി കാത്ത് നിന്നില്ലല്ലോ..അതിന് മുന്നേ പോയി കളഞ്ഞില്ലേ.. ഞാൻ.. റമീ..അവനെ കണ്ടതേയില്ല ഞാൻ.. ആ കുഞ്ഞ് മുഖം മാത്രമേ മനസ്സിൽ ഉള്ളു..എന്റെ ജീവൻ ആയിരുന്നു.. എന്നിട്ടും ഞാൻ കാണാതെയും അറിയാതെയും പോയില്ലേ.. എന്നെ തേടി വരുമെന്ന് ഞാൻ കരുതി.. ഞാൻ മാത്രമല്ല.. ഡാഡും.. ഇന്നല്ലങ്കിൽ നാളെ അവൻ വരുമെന്ന വിശ്വാസത്തിലാ..കാത്തിരിപ്പിലാ.. എന്താ ഞാൻ പറയേണ്ടത്..ഇനി അവൻ വരില്ലന്നോ..എങ്ങനെയാ പറയേണ്ടത്..എന്റെ തെറ്റാ.. എല്ലാം എന്റെ തെറ്റ്..ഞാൻ അവനെ തേടി വരണമായിരുന്നു. ഒരുവട്ടമെങ്കിലും അവൻ എവിടെയാ എന്താന്നൊക്കെ അന്വേഷിക്കണമായിരുന്നു.. ഞാൻ അതൊന്നും ചെയ്തില്ല. ആരോടൊക്കെയോ ഉള്ള വാശി പുറത്ത് അകന്നു നിന്നു..

സഹിക്കുന്നില്ലടാ..ഡാഡ് അറിഞ്ഞാലുള്ള അവസ്ഥ ഓർക്കാൻ കൂടെ വയ്യാ.. " എന്താ പറയുന്നത് എന്ന് അവനു തന്നെ അറിഞ്ഞില്ല.ആ നനഞ്ഞ മണലിൽ കയ്യിട്ടടിച്ചു കൊണ്ട് എന്തൊക്കെയോ പുലമ്പുകയും കരയുകയുമൊക്കെ ചെയ്തു..മുന്ന അപ്പൊത്തന്നെ താജ് എന്നും വിളിച്ചു വേദനയോടെ അവന്റെ തോളിൽ കൈ വെച്ചു.താജ് ആ വിളിയോ സ്പർശമോ ഒന്നും അവൻ അറിഞ്ഞില്ല.പൊട്ടി പൊട്ടി ഒരേ കരച്ചിൽ ആയിരുന്നു.മുന്ന നിറ കണ്ണുകളോടെ അവന്റെ അടുത്തിരുന്നു. "എല്ലാം അറിഞ്ഞപ്പോൾ നിന്റെ അവസ്ഥ ഇത്.അപ്പൊ ലൈല അന്ന് എത്രമാത്രം വിലപിച്ചിട്ടുണ്ടാകും. നീ അവന്റെ അരികിൽ ഉണ്ടായിട്ടില്ല.അവനെ അറിഞ്ഞിട്ടില്ല. പണ്ട് എപ്പോഴോ അകന്നതാണ്. പക്ഷെ ലൈല,, നിന്റെ റമിയുടെ സ്നേഹവും സംരക്ഷണവുമെല്ലാം ആവോളം അനുഭവിച്ച പെണ്ണാ.. അവന്റെ ഒപ്പം ഒരു ജീവിതം സ്വപ്നം കൊണ്ടവളാ..എല്ലാം തകർന്നില്ലേ.. ഒരൊറ്റ നിമിഷം കൊണ്ടല്ലേ എല്ലാം അവസാനിച്ചു പോയത്.. നിന്നെപ്പോലെ ഒരു ആണല്ല അവൾ.. ഒരു പെണ്ണാ..സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉപേക്ഷിച്ചു അവനിലും അവന്റെ സ്നേഹത്തിലും മാത്രം ഒതുങ്ങി കൂടിയ പെണ്ണ്.അപ്പൊ ആ മനസ് എന്തുമാത്രം പിടഞ്ഞിട്ട് ഉണ്ടാകും..

ആദ്യമൊക്കെ സമനില പോലും ഇല്ലാത്ത അവസ്ഥ.. ഊണില്ലാ, ഉറക്കമില്ല, പഠിപ്പില്ലാ..ആ ദുഷ്ടൻമാരും അവരു നൽകിയ തടവും മാത്രമായിരുന്നു അവൾക്ക് ചുറ്റും.ആകെയൊരു ആശ്വാസം സനുവായിരുന്നു..അന്നേ മരണം ആഗ്രഹിച്ചവളാ..എന്നിട്ടും സനുവിനെ ഓർത്ത് സഹിച്ചും പിടിച്ചും നിന്നു. ഒരിക്കൽ പോലും അവൻ ഉപ്പാനെ കുറിച്ചോ കുടുംബ ബന്ധങ്ങളെ കുറിച്ചോ പറഞ്ഞില്ല.ഉമ്മ..ഉമ്മ മാത്രമായിരുന്നു അവന്റെ ലോകം. നൂറു നാവാണ് ഉമ്മയെ കുറിച്ച് പറയാൻ.ഉമ്മാക്കും അവൻ മാത്രമായിരുന്നു എല്ലാം.എന്നാൽ ആ സ്നേഹമൊന്നും അമിതമായി പ്രകടിപ്പിച്ചിട്ടില്ല.കർക്കശക്കാരിയായിരുന്നു.റമിക്ക് ഒരുപാട് സ്വാതന്ത്ര്യമൊന്നും കൊടുത്തിട്ടില്ല. വളരെ ഒതുക്കത്തോടും അച്ചടക്കത്തോടും കൂടിയ അവനെ വളർത്തിയത്.ഒരു ആൺകുട്ടി ആയിട്ട് പോലും അവൻ അത് അനുസരിച്ചു വളർന്നു.അതിന്റെ ഗുണവും അവനിൽ ഉണ്ടായിരുന്നു. ഒരു വാക്ക് കൊണ്ട് പോലും അവൻ ഒരാളെയും വേദനിപ്പിച്ചിട്ടില്ല.. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും.അതിനി എത്ര വേദനിക്കുന്ന സമയത്ത് ആണെങ്കിൽ പോലും.അതായിരുന്നു അവന്റെ ഏറ്റവും വല്യ ഭംഗി.എല്ലാരേയും സ്നേഹിക്കുകയും അനുസരിക്കുകയും മാത്രം ചെയ്തു.നിന്നെപ്പോലെ തന്നെ ഇട്ടു മൂടാനുള്ള പണമുണ്ട് വീട്ടിൽ.

എന്നാലും ഒരിക്കൽ പോലും അതിന്റെ ഗർവോ ആഡംബരമോ ഒന്നും കാണിച്ചില്ല.ഉള്ളവൻ ഇല്ലാത്തവൻ എന്നൊരു വ്യത്യാസം പോലുമില്ല.എല്ലാരോടും കൂട്ട് കൂടും.ആരെയും സഹായിക്കും.. കരയുന്ന കണ്ണുകൾക്കും തളരുന്ന കൈകൾക്കും അവൻ സാന്ത്വനമാകും.ഒരു രൂപ പോലും അവന്റെ ഉമ്മ അവന് അധികമായി കൊടുക്കില്ല.എന്നിട്ടും സ്വന്തം ബൈക്കും ഫോണും ഗിറ്റാറുമൊക്കെ വിറ്റു അവൻ അഗതികളെ സംരക്ഷിച്ചു.ഉപ്പാനെ കുറിച്ച് ചോദിക്കുമ്പോൾ ഒക്കെ അവൻ ഒഴിഞ്ഞു മാറും.ആ കടും കാപ്പി മിഴികളിലെ തെളിച്ചം മങ്ങും. പക്ഷെ അവൻ പറയുന്ന അവന്റെ കഥകളിൽ ഒരു നായകൻ ഉണ്ടായിരുന്നു.ഒരു സൂപ്പർ ഹീറോ.. വാതോരാതെ നിന്നെക്കുറിച്ചു വാചാലനായി.വെറും ഏഴു വയസ്സിൽ തന്നെ നീ ആർജിച്ച ധൈര്യത്തെയും ശക്തിയെയും അവൻ വാനോളം പുകഴ്ത്തി. അങ്ങനെ ലൈലയ്ക്ക് നിന്നെ അറിയാം.പക്ഷെ അത് നീ ആണെന്ന് അറിയില്ല.റമി മാത്രമല്ല, നീയും അവളുടെ മനസ്സിൽ ഉണ്ടായിരുന്നു. കേട്ട കഥകളിൽ നിന്നൊക്കെ അവൾ നിനക്കൊരു രൂപം സങ്കല്പിച്ചിരുന്നു.

ആ മനസ്സിൽ റമിയോട് ഉണ്ടായത് പ്രണയം ആണെങ്കിൽ നിന്നോട് ഉണ്ടായത് കടുത്ത ആരാധനയും ബഹുമാനവും ആയിരുന്നു. നിന്നെയൊക്കെ പ്രേമിക്കുന്ന നേരത്ത് നിന്റെയാ സൂപ്പർ ഹീറോയെ കേറി പ്രേമിച്ച മതിയായിരുന്നു എന്ന് എത്രയോ വട്ടം അവൾ റമിയോട് കളിയായി പറഞ്ഞിട്ടുണ്ട്.ചങ്കിന് ഊറ്റമുള്ള ബോയ്സിനെയാണ് അവൾക്ക് ഇഷ്ടം.എന്നിട്ടും അവൾ റമിയെ പ്രാണന് തുല്യം പ്രണയിച്ചത് എനിക്ക് ഇപ്പോഴും അവിശ്വസനീയമാണ്.എപ്പോഴോ ഒരുവട്ടം അവൻ പറയുക ഉണ്ടായി കുഞ്ഞ് നാളിലെ നാട് ഉപേക്ഷിച്ചു ബാംഗ്ലൂർക്ക് വന്നതാണെന്ന്.അതിന് പിന്നിലെ കാര്യങ്ങളും കാരണങ്ങളുമൊന്നും പറഞ്ഞില്ല.. അവന്റെ ചിരി മായിച്ചു കളയണ്ടന്ന് കരുതി ഞാനതൊട്ടും ചോദിക്കാനും പോയില്ല.പക്ഷെ ചില നേരത്തൊക്കെ തനിച്ചിരിക്കുകയും പേഴ്സിലെ ഒരു ഫോട്ടോ നോക്കി കണ്ണ് നിറയ്ക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.ചോദിക്കുമ്പോൾ ഒക്കെ മറുപടി ഒന്നുമില്ലടാന്നും ഒപ്പം ഒരു പുഞ്ചിരിയും ആയിരിക്കും. ഞാൻ പറഞ്ഞല്ലോ അവന്റെ മരണം അവൻ നേരത്തെ കണ്ടിരുന്നെന്ന്.. എന്ത് എപ്പോന്നൊന്നും അറിഞ്ഞില്ലങ്കിലും അവൻ ഉറപ്പിച്ചിരുന്നു പോകാൻ സമയമായെന്ന്.അസുഖം കൂടുമ്പോൾ ഒക്കെ അവൻ ലൈലയെ അടുത്തിരുത്തി ഓരോന്നു പറയും.

അങ്ങനെ ഒരുദിവസമാണ് പേഴ്സിൽ ഉള്ള ഫോട്ടോ എടുത്തു അവൾക്ക് കൊടുക്കുന്നതും എങ്ങാനും അവന് എന്തെങ്കിലും സംഭവിച്ചു പോകുകയാണെങ്കിൽ അതിലുള്ള ആളെ കണ്ടെത്തണമെന്നും ഉമ്മാനെ ആ കൈകളിൽ ഏല്പിക്കണമെന്നും പറയുന്നത്.അതിന് ശേഷമാണ് ഈ മാല കൊടുത്തത്.ലൈലയുടെ പിറന്നാളിനു പിറന്നാൾ സമ്മാനം ആയി.അന്ന് അവൻ പറഞ്ഞത് അത് ഒരിക്കലും കളയരുത് എന്നും അതിനൊരു അവകാശി ഉണ്ടെന്നും ഒരിക്കൽ നീ ആ കൈകളിൽ എത്തിപ്പെടുമെന്നുമാണ്.സത്യം പറഞ്ഞാൽ അപ്പോഴേ അവൻ ഈ ലോകം വിട്ടു മറ്റൊരു ലോകത്തേക്ക് പോകാൻ തയാർ എടുത്തിരുന്നു. അവൻ ഓരോന്നു പറയുമ്പോഴും ലൈലയ്ക്ക് ദേഷ്യവും സങ്കടവും ആയിരുന്നു.അവൻ പറയുന്നതിനെ കുറിച്ച് ഒന്നും ചോദിക്കില്ല. എന്തൊക്കെയാ ഈ പറയണേന്നും ചോദിച്ചു അവനെ തലങ്ങും വിലങ്ങും നുള്ളി പറിക്കുകയും ശകാരിക്കുകയും ചെയ്യും. കണ്ണടയും നേരവും അവൻ ഉരുവിട്ടതു ലൈല എന്ന പേരാണ്. ആ അവസാന നിമിഷവും അവൻ പറഞ്ഞതും ആധിപ്പെട്ടതുമൊക്കെ അവളെ കുറിച്ചാണ്.അവളെ നിന്നിലേക്ക്‌ എത്തിക്കണമെന്ന് പറഞ്ഞു.ഭദ്രമായി നിന്റെ കൈകളിൽ വെച്ചു തരണം എന്ന് പറഞ്ഞു.

നിന്റെ അടുത്ത് അവൾ സുരക്ഷിത ആയിരിക്കുമെന്ന് പറഞ്ഞു.സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു അവൾക്ക് ഒരു ജീവിതം കൊടുക്കണമെന്ന് പറയാൻ പറഞ്ഞു. ഒരിക്കലും അവളെ ഉപേക്ഷിച്ചു കളയരുത് എന്ന് പറഞ്ഞു..ഒരു നോവു പോലും ഏല്പിക്കാതെ നീ അവളെ സംരക്ഷിക്കുമെന്ന് അവൻ ഉറച്ചു വിശ്വസിച്ചു.ഒപ്പം ഉമ്മ ഒറ്റ പെടരുത് എന്നും ഉമ്മയെയും നിന്റെ അടുത്ത് എത്തിക്കണമെന്നും വാക്ക് മേടിച്ചു അവൻ.ഞാൻ വാക്ക് കൊടുക്കുകയും ചെയ്തു. ലൈലയോട് ഒരുവട്ടം പോലും ഞാനിത് പറഞ്ഞില്ല.പറഞ്ഞാൽ റമിയുടെ സ്ഥാനത്തേക്ക് അവന്റെ സൂപ്പർ ഹീറോയെ സ്വീകരിക്കേണ്ടി വരുമെന്ന് കരുതി ഒരുപക്ഷെ അവൾ നിന്നെ കുറിച്ച് അന്വേഷിക്കാതെ നിക്കും.അത് കൊണ്ട് ഞാൻ രഹസ്യമാക്കി വെച്ചു. പക്ഷെ ഉമ്മാന്റെ കാര്യം അവളോടും പറഞ്ഞത് കാരണം അവൾ നിന്നെ അന്വേഷിക്കാൻ തുടങ്ങി.ആര് എന്ത് എവിടെ എന്നൊന്നും അറിയില്ല.കയ്യിൽ ആകെ ഉള്ളത് ആ ഫോട്ടോ മാത്രമാണ്.

അവൾക്ക് അന്വേഷിച്ചു ഒരു തുമ്പും കിട്ടാതെ വന്നപ്പോഴാണ് അവളാ ഫോട്ടോ എന്റെ കയ്യിൽ തന്നത്.അതേ ഫോട്ടോ ഞാൻ നിന്റെ പേഴ്സിൽ കണ്ടു.എന്നാണെന്നു അറിയുമോ.?അന്ന് നുസ്രയുടെ വഞ്ചന കാരണം നിങ്ങൾ വിവാഹിതരായില്ലേ അന്ന്.. അന്ന് ഞാൻ തിരിച്ചറിഞ്ഞു ഞാനും അവളും ഒരുപോലെ തേടി കൊണ്ടിരുന്നത് നിന്നെയാണെന്ന്.. അന്നാ പേഴ്സ് എനിക്ക് തന്നെ കളഞ്ഞു കിട്ടി.നീയാണ് റമി പറഞ്ഞ ഹീറോ എന്ന് അറിഞ്ഞ ആ നിമിഷം എനിക്ക് ഉണ്ടായ സന്തോഷം എത്രയാണെന്ന് അറിയാമോ നിനക്ക്..? ഞാൻ മാത്രമല്ല, ലൈലയും സന്തോഷിക്കും.എന്നിട്ടും അതും ഞാൻ അവളോട്‌ ഒളിച്ചു വെച്ചു.കാരണം എത്തേണ്ട കൈകളിൽ തന്നെയാ അവൾ എത്തിയത്.പക്ഷെ അവൾ അറിഞ്ഞാൽ സംഭവിക്കുന്നത് എന്താണെന്നോ..നിന്നെയെയും ഉമ്മയെയും ഒന്നിപ്പിക്കും.എന്നിട്ട് ലക്ഷ്യം പൂർത്തി ആയെന്നു പറഞ്ഞു പതിയെ രംഗം വിടും.ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് വരില്ല. കാരണം ആ മനസ്സിൽ റമിക്കു മാത്രമേ സ്ഥാനമുള്ളു.

എന്ന് റമി അവളെ എന്റെ കയ്യിൽ ഏല്പിച്ചിട്ട് പോയി കളഞ്ഞോ അന്ന് തൊട്ടു എനിക്ക് അവളെ കുറിച്ച് ആധിയായിരുന്നു.ആ വീട്ടിലുള്ള അവളുടെ ജീവിതം.ഏതു നിമിഷവും എന്തും സംഭവിക്കാം. പിന്നെ സ്വത്തു മുഴുവൻ അവളുടെ പേരിലാണ് എന്നതായിരുന്നു ആകെയൊരു സമാധാനം. അതുകൊണ്ട് ഒരിക്കലും അവളെ അവർ കൊല്ലില്ലന്ന് ഞാൻ ഉറപ്പിച്ചു. എന്നാലും അവളുടെ മാനം.. അതെന്നും ഒരു ഭയമായിരുന്നു..ആ ആസിഫ്..ഒന്ന് തരം കിട്ടിയാൽ മതി അപ്പൊ ചെല്ലും അവന്റെ കണ്ണും കയ്യും അവളുടെ ദേഹത്തേക്ക്.. ആ വീട്ടിൽ അവൾ അനുഭവിച്ച പീഡനങ്ങൾക്ക് കയ്യും കണക്കും ഇല്ല.കുഞ്ഞ് നാളിലെ അവളുടെ ഉപ്പ അവളെ ഒരു ചുണക്കുട്ടി ആയിട്ടാണ് വളർത്തിയത്.അത് കൊണ്ട് അവൾ അവരോട് ചെറുത്തു നിന്നു.ആ വാശിയും തന്റേടവും ഇന്നും ഉണ്ട് അവളിൽ.അതല്ലേ എല്ലാ കാര്യങ്ങളിലും അവൾ നിന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്നത്.. ഒരു നഗരം മുഴുവൻ വിലയ്ക്ക് വാങ്ങാനുള്ള ആസ്തിയുണ്ട് നഗര പിതാവിന്റെ പുത്രനായ നിനക്ക്.. എന്നാൽ അവളുടെ മുന്നിൽ എത്തുമ്പോൾ നീയൊക്കെ വെറും പിച്ചക്കാരനാ താജ്.അത്രക്കും ഉണ്ട് അവളുടെ ഉപ്പ അവൾക്കായി പടുത്തു വെച്ച ലോകം.എന്നിട്ടും ഒന്നും അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല.

ആരോടും പരിഭവമോ പരാതിയോ ഇല്ല.അത്യധികം ക്ഷമയോടെ ജീവിക്കുന്നു. സജാദ്ൻറെ ക്രൂരത കാരണം നഷ്ടം ഉണ്ടായത് അവൾക്ക് മാത്രമല്ല എനിക്കും കൂടെയാ.എന്റെ സ്വപ്നമാ അന്ന് എനിക്ക് നഷ്ടമായത്. എങ്ങനെയെങ്കിലും അവരുടെ കയ്യിൽ നിന്നും ലൈലയെ രക്ഷിക്കണമെന്ന് കരുതി അന്ന് ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള അവരുടെ യാത്ര തടയാൻ നോക്കിയ എന്നെ അവർ കള്ളക്കേസിൽ കുടുക്കി.ആ സമയത്ത് മുഹ്സിയുടെ കല്യാണം ഉറപ്പിച്ചിരുന്നു.ഒരാഴ്ച്ച കൂടിയേ ഉണ്ടാരുന്നുള്ളൂ വിവാഹ ദിനത്തിന്.ചെറുക്കൻ ഇവിടെ ബാംഗ്ലൂരിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി വർക്ക്‌ ചെയ്യുവായിരുന്നു. എന്നെ പോലിസ് അറസ്റ്റ് ചെയ്തതും ലോക്കപ്പിൽ ആയതുമെല്ലാം അവൻ അറിഞ്ഞു.ഒരു പെണ്ണ് കേസിൽ പ്രതിയായവന്റെ പെങ്ങളെ വിവാഹം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞു നിസ്സാരമായി വിവാഹത്തിൽ നിന്നും പിന്തിരിഞ്ഞു.സ്വപ്നം കണ്ട ജീവിതം നഷ്ടമായാൽ ഏതു പെണ്ണാ സഹിക്കുക.മുഹ്സി ദിവസങ്ങളോളം കരഞ്ഞു..

ഞാൻ മാസങ്ങളോളം ജയിലിൽ ആയി.. എക്സാം എഴുതി ഒരു നല്ല ഭാവി പ്രതീക്ഷിച്ചിരുന്ന ദിവസങ്ങളാ ആ ഇരുമ്പ് അഴിക്കുള്ളിൽ.അതും ഒരു തെറ്റ് പോലും ചെയ്യാതെ. എന്റെയും മുഹ്സിയുടെയും അവസ്ഥ ഓർത്ത് എല്ലാത്തിനും കാരണക്കാരി ലൈല ആണല്ലോന്നും പറഞ്ഞു ഒരുവട്ടമെങ്കിലും എന്റെ ഉമ്മ ലൈലയെ ശപിച്ചിട്ട് ഉണ്ടാകും. അത് പക്ഷെ മനഃപൂർവമല്ല.. നെഞ്ചിലെ വേദനകളുടെ ഭാരം കൂടിയപ്പോൾ അറിയാതെ പറ്റി പോയത് ആകണം.അല്ലാതെ ശപിക്കുന്നത് പോയിട്ട് ഉമ്മ ലൈലയെ ഒരു കുറ്റം പോലും പറയില്ല.അവളെന്നാൽ വല്യ കാര്യമായിരുന്നു.മുഹ്സിയോട് ഉള്ളതിനേക്കാൾ സ്നേഹം ആയിരുന്നു അവളോട്‌. എങ്ങനെയോ ലൈല എന്റെ കാര്യം അറിഞ്ഞു വക്കീൽ അങ്കിൾനെ ബാംഗ്ലൂർക്ക് അയച്ചു. അദ്ദേഹം എനിക്ക് വേണ്ടി വാദിക്കുകയും എന്നെ രക്ഷപെടുത്തുകയും ചെയ്തു. വീട്ടിൽ വന്ന എന്നെ ഉമ്മ കുറ്റപ്പെടുത്തലുകൾ കൊണ്ട് മൂടുകയായിരുന്നു.എന്നാൽ മുഹ്സി ഒരുവട്ടം പോലും അത് ചെയ്തില്ല. എന്തിന്, ഒന്ന് പരിഭവിക്കുക കൂടി ചെയ്തില്ല.

സദാസമയവും എൻറെ ഒന്നിച്ചിരുന്നു എന്നെ ആശ്വസിപ്പിച്ചു... " മുന്ന വീണ്ടും പറഞ്ഞു നിർത്തി. താജ്ന് അനക്കമൊന്നുമില്ല. മരവിച്ചു പോയിരുന്നു. ജീവൻ ഉണ്ടെന്നതിന്റെ ആകെയൊരു തെളിവ് കണ്ണുകളിൽ നിന്നും ഉതിരുന്ന നീർ മണികളാണ്.. "താജ്..കരയല്ലേ..അല്ലെങ്കിലും ഒരുപാട് നാള് ഒന്നും ഇത് നിന്നിൽ നിന്നും ഒളിച്ചു വെക്കാൻ എനിക്ക് പറ്റില്ലായിരുന്നു..എന്നായാലും നീ അറിയണം.അറിഞ്ഞേ പറ്റൂ.. ഞാനായി പറയുന്നതിന് മുന്നേ നീ ചോദിച്ചു..സത്യങ്ങൾ അറിയാൻ ഈ ബാംഗ്ലൂർ മണ്ണിലേക്ക് തന്നെ നീ എന്നെ തേടി വന്നു.. എന്ത് കൊണ്ടോ ഇപ്പൊ എന്റെ മനസ്സിന് ഭാരമില്ല.. സ്വസ്ഥതമായിരിക്കുന്നു താജ്.. " "ഞാൻ പ്രാണനോളം സ്നേഹിക്കുന്ന പെണ്ണിന്റെ പ്രാണനും പിടപ്പുമെല്ലാം എന്റെ സഹോദരൻ ആണെന്ന് ഞാൻ അറിയാതെ പോയി..അവളുടെ ഹൃദയം തുടിച്ചത് അവന് വേണ്ടിയാണെന്നും ആ ഹൃദയത്തിന്റെ അവകാശി അവൻ ആണെന്നും ഞാൻ അറിഞ്ഞില്ല.. ഞാൻ..ഞാൻ എന്തൊരു വിഡ്ഢിയാ.. എന്തായിരുന്നു ഈ കഥയിൽ എന്റെ റോൾ..

കഥ അറിയാതെ ആട്ടം കാണുവായിരുന്നോ ഞാൻ ഇത്രേം നാള്..ഒന്നും അറിഞ്ഞില്ല.. വിഡ്ഢി മാത്രല്ല..സ്വാർത്ഥനും കൂടിയാ ഞാൻ..ആരുടെ മനസ്സും ഞാൻ അറിഞ്ഞില്ല..അറിയാൻ ശ്രമിച്ചില്ല..എന്താ..ഇനി എന്താ ഞാൻ വേണ്ടത്..എനിക്ക്.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. നിന്നെ പോലെ ഇതൊന്നും മനസ്സിൽ കൊണ്ട് നടക്കാൻ എനിക്ക് ആവില്ല.. ലൈല..അവളോട്‌ എല്ലാം തുറന്നു പറയണം..എനിക്കൊരു തീരുമാനവുമില്ല..അവൾ തീരുമാനിക്കട്ടെ ഇനി എല്ലാം.." "നോ..മണ്ടത്തരം കാണിക്കരുത് താജ്..അവൾ അറിയണമെങ്കിൽ ഞാനിത് രഹസ്യമാക്കി വെക്കില്ലായിരുന്നു..എപ്പോഴേ പറഞ്ഞേനെ..പക്ഷെ ചെയ്തില്ല.. അതിന്റെ കാരണവും ഞാൻ നിന്നോട് പറഞ്ഞല്ലോ.. അവൾ അറിയണം..അത് പക്ഷെ ഇപ്പോഴല്ല. അവൾ നിന്നോട് അടുത്തോട്ടേ.. ഒരിക്കലും അടർന്നു മാറാൻ പറ്റാത്ത വിധത്തിൽ അടുക്കട്ടേ.. എന്നിട്ട് പറയാം..അല്ലെങ്കിൽ ഉറപ്പായും അവൾ നിന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകും..റമി മരണപ്പെട്ടതിന് താൻ ആണ് കാരണം എന്ന ചിന്ത അവളെ വിടാതെ പിന്തുടരുന്നുണ്ട്.അവളുടെ മനസ്സിലെ ഏറ്റവും വല്യ നോവും അത് തന്നെയാ..

അപ്പൊ ആ വീട്ടിൽ നിക്കാനും നിന്റെയും നിന്റെ ഉപ്പന്റെയും സ്നേഹം അനുഭവിക്കാനും അർഹയല്ല താൻ എന്ന് തോന്നും അവൾക്ക്.. നീ അവളുടെ കഴുത്തിൽ മഹർ ചാർത്തിയ ആ നിമിഷം തൊട്ടു ഞാൻ അവളെ കുറിച്ചോർത്ത് ആധിപ്പെട്ടിട്ടില്ല.സന്തോഷിക്കുകയും സമാധാനിക്കുകയുമേ ചെയ്തിട്ടുള്ളൂ.പക്ഷെ അപ്പോഴും മനസ്സിൽ ഒരു ഭയം ഉണ്ടായിരുന്നു. സത്യം എല്ലാം അറിയുമ്പോൾ നീ അവളെ വെറുത്തു കളയുമോന്ന്.. നിന്റെ റമിയുടെ മരണത്തിനു കാരണം അവൾ ആണെന്നുള്ള ചിന്ത നിനക്ക് അവളോടുള്ള സ്നേഹത്തെ വൈരാഗ്യമാക്കി കളയുമോന്ന്..? " "അങ്ങനെ ഒന്നിന്റെയും പേരിൽ വെറുക്കാനോ ഉപേക്ഷിച്ചു കളയാനോ അല്ല ഞാൻ അവളെ പ്രണയിച്ചതും കൂടെ കൂട്ടിയതും.. ഞാൻ കൂടെ കൈ വിട്ടു കളഞ്ഞാൽ പിന്നെ ആരെടാ അവൾക്ക്..? ഇത്രേം നാളും അവളോട്‌ തോന്നിയത് പ്രണയം ആണെങ്കിൽ ഇപ്പൊ അതിലും കൂടുതലായി എന്തൊക്കെയോ തോന്നുന്നു.. ഞാൻ പോലും അറിയാതെ ഞാൻ എന്റെ കടമ നിറവേറ്റി അല്ലേ..എന്റെ റമിയുടെ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തു അല്ലേ..

വാശി കാണിച്ചു സ്വന്തം ആക്കിയത് ഒക്കെ ഞാൻ അവന് കൊടുത്തു.. പക്ഷെ അതിനൊക്കെ പകരമായി വലുതായി ഒരെണ്ണം തന്നെ എനിക്ക് അവൻ കരുതി വെച്ചിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞില്ലടാ..ഒരുവട്ടം പോലും അവനെ കാണാൻ പറ്റിയില്ലല്ലോന്ന് ഓർക്കുമ്പോഴാ.. " ബാക്കി പറയാൻ പറ്റിയില്ല. അവന്റെ ശബ്ദം പോലും തൊണ്ടയിൽ കുരുങ്ങിപ്പോയി.മുന്ന അവനെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു കൊണ്ടിരുന്നു. "മമ്മാ..? " പെട്ടെന്നുള്ള ഓർമയിൽ അവൻ മുന്നയോടു ചോദിച്ചു. "അറിയില്ല.ഇപ്പോൾ എന്താണെന്നോ എവിടെയാണെന്നോ ഒന്നും അറിയില്ല.അന്നൊരു വട്ടം ഞാൻ കാണാൻ പോയിരുന്നു.ആട്ടി വിട്ടു. ആ മനസ്സ് നിറയെ എന്നോടും ലൈലയോടും തീർത്താൽ തീരാത്ത ദേഷ്യമാണ്..അല്ലെങ്കിലും ഏതു ഉമ്മയാ സഹിക്കുക.. " മുന്ന പറഞ്ഞു.താജ് മൗനമായി ഇരുന്നു.മുന്നയും മൗനം കൂട്ട് പിടിച്ചു.ഏറെ നേരം കടന്നു പോയി. താജ് മുഖമൊക്കെ അമർത്തി തുടച്ചു എണീറ്റു.അത് കണ്ടു മുന്നയും എണീറ്റു നിന്നു. "ഇപ്പൊ ഞാൻ പോകുവാ..പക്ഷെ ഉടനെ വരും.റമിയുടെ ഒരാഗ്രഹം മാത്രേ നിറവേറ്റിയിട്ടുള്ളൂ ഞാൻ.. ഇനി ഒന്ന് കൂടെ ഉണ്ട്..അതും കൂടെ നിറവേറ്റണം..എന്നാലേ അവൻ സന്തോഷിക്കുകയുള്ളൂ..ഇനി ലൈലയോട് പഴയത് പോലെ പറ്റുമോന്ന് അറിയില്ല.

അവളുടെ മുഖം എന്നെ കൂടുതൽ തളർത്തുവാ..എന്നാലും ഞാൻ ശ്രമിക്കാം..പോകുവാ.. അവളോട്‌ നുണ പറഞ്ഞിട്ടാ വന്നത്.. ഇപ്പൊ ആ പഴയ ദേഷ്യമോ വാശിയോ ഒന്നുമില്ല.എന്ത് പറഞ്ഞാലും അനുസരണയാ..നീ പറഞ്ഞതിനേക്കാളും പാവമാ അവൾ..എല്ലാം അറിയുമ്പോൾ എന്താകും അവളുടെ അവസ്ഥ.. ആ ഭയമേ ഉള്ളു ഇപ്പോൾ.. " അവൻ അവളെ കുറിച്ച് ആധിപ്പെട്ടു കൊണ്ടിരുന്നു.മുന്ന അതിനും ഓരോന്നു പറഞ്ഞു അവനെ സമാധാനപ്പെടുത്തി.അവന്റെ വിതുമ്പൽ ഒക്കെ നിന്നു അവൻ ഒന്ന് ഓക്കേ ആയെന്ന് തോന്നിയതും മുന്ന തന്നെ അവനെ സ്റ്റേഷനിലേക്ക് കൊണ്ട് വിട്ടു.. ** താജ് പോയപ്പോ തൊട്ടു അവൾ നേർച്ചക്കോഴി കണക്കെയാണ്.ഒരു ഉഷാറുമില്ല.അല്ലെങ്കിൽ നുസ്രയെ അടുത്ത് കിട്ടിയാൽ അപ്പൊ ചെവി കടിച്ചു തിന്നുന്നവളാണ്.ഇന്ന് ആ വായിട്ടലക്കൽ പോലുമില്ല.അവള് വന്നു കയറുമ്പോൾ തന്നെ നുസ്ര ചോദിച്ചിരുന്നു താജ് എന്ത്യേന്ന്. താജ് വീട്ടിൽ ഉണ്ടെങ്കിൽ അവൾ ഈ പരിസരത്തേക്ക് വരില്ലന്ന് മാത്രമല്ല, ഒന്ന് മുറ്റത്തേക്ക് കൂടി ഇറങ്ങില്ലന്ന് നുസ്രയ്ക്ക് അറിയാം.

താജ് പറഞ്ഞത് തന്നെ അവൾ നുസ്രയോട് പറഞ്ഞു.. അപ്പൊത്തൊട്ടു നുസ്ര അവളെ കളിയാക്കാൻ തുടങ്ങി,നിനക്ക് അവനെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേന്നൊക്കെ ചോദിച്ച്.. എല്ലാത്തിനും മുഖം വീർപ്പിച്ചു വെച്ചു കണ്ണുരുട്ടി കാണിച്ചത് അല്ലാതെ അവൾ ഒന്നും മിണ്ടിയില്ല.. "അയ്യടി മോളെ..നീ നോക്കി പേടിപ്പിക്കയൊന്നും വേണ്ടാ..ഈ മഞ്ഞു മല ഉരുകി തുടങ്ങിയെന്നു ഞാൻ എപ്പോഴേ അറിഞ്ഞതാ.. " നുസ്ര അവളുടെ കവിളിൽ പിടിച്ചു പിച്ചി. "പോടീ പിശാശെ അവിടെന്ന്.. " അവൾ നുസ്രയോട് മുഖം തിരിച്ചിരുന്നു.രാവിലേ പോയതാണ്.ഇപ്പോ രാത്രിയായി. എങ്ങനൊക്കെയോ നേരം തള്ളി നീക്കുന്നതാണ്.ഒന്ന് വിളിച്ചു നോക്കണം എന്നുണ്ടായിരുന്നു അവൾക്ക്.പക്ഷെ നുസ്ര കളിയാക്കുമെന്ന് കരുതി ആ തോന്നൽ അപ്പാടെ ഉപേക്ഷിച്ചു. മാത്രമല്ല..വിളിച്ചാൽ തന്നെ എന്ത് സംസാരിക്കും.അവന്റെ സ്വഭാവം വെച്ചു എടുക്കുമ്പോൾ തന്നെ എന്താ വിളിച്ചേന്ന് ചോദിക്കും.അന്നേരം എന്താ പറയുക.അങ്ങനെ മൊത്തത്തിൽ ആലോചിച്ചപ്പോൾ അവൾ കയ്യിലെ ഫോൺ തന്നെ ദൂരെ മാറ്റി വെച്ചു..

പക്ഷെ അങ്ങ് ദൂരെ ആയിട്ടും അവളുടെ മനസ്സ് അവൻ അറിഞ്ഞിരുന്നു.വന്നു ഫോണിലേക്ക് അവന്റെ കാൾ.അവളുടെ മുഖം വിടർന്നു.പെട്ടെന്ന് നുസ്രയെ ഓർമ വന്നു.അവൾ തല ചെരിച്ചു നോക്കി. നുസ്ര ഒന്നൊന്നര ചിരി ചിരിക്കുന്നുണ്ട്.അപ്പൊത്തന്നെ അവൾ മുഖത്ത് ഗൗരവം നിറച്ചു. "എന്റെ പെണ്ണെ..അതിപ്പോ കട്ട്‌ ആയി പോകും.എടുക്ക്..ഞാൻ അങ്ങ് പോയി തരാമേ.." നുസ്ര എണീറ്റു പോയി.അവൾ വേഗം ഫോൺ എടുത്തു കാതോടു ചേർത്തു.ഒന്നും മിണ്ടിയില്ല.അവൻ മിണ്ടട്ടെന്ന് കരുതി മൗനമായി ഇരുന്നു. "എന്തെടി..ഒരു ഹലോ പോലും പറയാൻ അറിയില്ലേ..? " അവളുടെ സ്വരമൊന്നും കേൾക്കാഞ്ഞിട്ട് അവൻ കലിപ്പ് ആയി. "അറിയാം.." അവൾ ശാന്തയായിരുന്നു. "പിന്നെന്താ..? " "ഒന്നുല്ല.. " "ജാഡ തെണ്ടി.. " "തെറി വിളിക്കാനാണോ വിളിച്ചത്.." "അല്ലടീ..ഒരുമ്മ തരാനാ..തരട്ടെ.. " "ചീ.... " "എന്ത് ചീ..കഴിച്ചോ നീ..? " "ഉവ്വ്.. " "കിടന്നോ..? " "ഇല്ല.. " "പിന്നെ എന്തെടുക്കുവാ..? " "ഇവിടെ ഇരിക്കുവാ.. " "ചുമ്മാതെ ഇരുന്നു ഉറക്കം ഒഴിക്കുന്നത് എന്തിനാ..ചെന്നു കിടക്കടീ.. " "മ്മ്..നിന്റെ മീറ്റിംഗ് കഴിഞ്ഞോ.. " "ആാാ..ഞാൻ നാളെ ഉച്ചക്ക് അങ്ങെത്തും..പോയി കിടന്നോ.. വെക്കുവാ.." അവൻ ഫോൺ കട്ട്‌ ചെയ്തു.. അത്രയും മതിയായിരുന്നു അവൾക്ക്.മുഖത്തെ എയർ ഒക്കെ കുറഞ്ഞു പോയി ചുണ്ടിൽ ചെറു ചിരി സ്ഥാനം പിടിച്ചു..

ഓരോന്നു ഓർത്ത് ഒരു മൂളിപ്പാട്ട് ഒക്കെ പാടിക്കൊണ്ട് നുസ്രയുടെ റൂമിലേക്ക്‌ വിട്ടു.നുസ്ര ബാത്രൂമിൽ ആയിരുന്നു.അവൾ പുറത്തിറങ്ങുന്നതിന് മുന്നേ ലൈല കട്ടിലിലേക്ക് ചാടി പുതപ്പ് തല വഴിയിട്ടു.അല്ലെങ്കിൽ നുസ്രയുടെ വാരലിനു ഇരുന്നു കൊടുക്കേണ്ടി വരും. ** താജ്ൻറെ ജിപ്സി ഗേറ്റ് കടന്നു വന്നു.മുറ്റത്തു ഉപ്പാന്റെ വണ്ടിയും കിടപ്പ് ഉണ്ടായിരുന്നു.അവൻ അകത്തേക്ക് കയറി. "എവിടെ ആയിരുന്നു നീ.. " മടിയിലെ ലാപ്ടോപ് മാറ്റി വെച്ചു ഉപ്പ സോഫയിൽ നിന്നും എണീറ്റു. ആ മുഖത്ത് പതിവ് ഇല്ലാത്ത ഗൗരവം ഉണ്ടായിരുന്നു. "ഒന്ന് ബാംഗ്ലൂർ വരെ പോയി.. " "എന്തിന്..? " "ഒരു ആവശ്യം ഉണ്ടായിരുന്നു.. " "ആ ആവശ്യം പുറത്ത് പറയാൻ പറ്റില്ലേ..അവളോട്‌ നുണ പറഞ്ഞിട്ട് പോയി.ഇനി എന്നോടും അതുതന്നെ ആവർത്തിക്കാൻ നിക്കണ്ട.. എന്തായിരുന്നു നിനക്ക് അവിടെ.. പറയെടാ..? " "അവളോട്‌ നുണ പറഞ്ഞെന്നത് സത്യം തന്നെയാ..അതിനൊരു കാരണം ഉണ്ട്..ഡാഡ്നോട് ഞാൻ പറയാം.പക്ഷെ അതിപ്പോൾ അല്ല. സമയം ആകുമ്പോൾ.. " അവൻ മോളിലേക്ക് കയറിപ്പോയി..

ഉപ്പാക്ക് ഒന്നും മനസ്സിലായില്ല.. കുറച്ച് നേരം ചിന്തിച്ചു നിന്നു. ഒന്നും പിടി കിട്ടിയില്ലന്ന് മാത്രമല്ല.. ഉള്ള അന്തം കൂടി പോയി കിട്ടുമെന്ന് തോന്നിയതും അത് വിട്ടു സോഫയിലേക്ക് ഇരുന്നു തന്റെ ജോലി തുടർന്നു. *** അവൻ റൂമിലേക്ക്‌ ചെന്നു.അവൾ ചെരിഞ്ഞു കിടന്നു നല്ല ഉറക്കത്തിലാണ്.അവൻ ശബ്ദം ഉണ്ടാക്കാതെ പതിയെ അവൾക്കരികിൽ ഇരുന്നു.ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കി.സത്യമാ പറഞ്ഞത്. ആ മുഖം അവനെ കൂടുതൽ തളർത്തുകയാണ്.ഉള്ളിലെ നോവ് വർധിപ്പിക്കുകയാണ്. നീയെന്റെ റമിയുടെ ജീവൻ ആയിരുന്നെന്ന് ഞാൻ അറിഞ്ഞില്ലടീ. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കൽ പോലും ഞാൻ എന്റെ ദേഷ്യവും വാശിയും നിന്നിൽ കാണിക്കില്ലായിരുന്നു..ഒരു ചെറു നോവ് പോലും നൽകാതെ കണ്ണിലെ കൃഷ്ണമണി പോലെ അവൻ കൊണ്ട് നടന്ന നിന്നെയാ ഞാൻ എൻറെ ഇഷ്ടത്തിന് നോവിക്കുകയും വേദനിപ്പിക്കുകയും ഒക്കെ ചെയ്തത്.പൊറുക്കണം ലൈല എന്നോട്..

ഒരിക്കലും ഞാൻ നിന്നെ ഒന്നിനും നിർബന്ധിക്കില്ല.എല്ലാം അറിയുന്ന നാൾ നീ തന്നെ ഒരു തീരുമാനം എടുത്തോ.അത് എന്തു തന്നെ ആയാലും ഞാൻ സ്വീകരിച്ചോളാം.കാത്തിരുന്നോളാം അതുവരെ..ഒരിക്കലും എന്നെ ഉൾകൊള്ളാൻ കഴിയില്ല എന്ന് തന്നെയാണ് തീരുമാനമെങ്കിൽ പിന്നെ ഞാൻ എന്റെ ഇഷ്ടവും പ്രണയവും പറഞ്ഞു നിന്റെ പിന്നാലെ വരില്ല.എന്നിരുന്നാലും നിനക്ക് ഇവിടെ ജീവിക്കാം.എന്റെ ഉപ്പാന്റെ മരുമകൾ ആയി..അല്ല മകൾ ആയി.. എന്റെ റമിയുടെ പെണ്ണായി.അത് മതിയാകില്ലേ നിനക്ക്.അതല്ലേ നിന്റെ സന്തോഷം. അവന്റെ ഓർമകളിൽ ജീവിക്കാൻ അല്ലേ നീ ആഗ്രഹിക്കുന്നത്.. അവന്റെ മിഴികൾ നിറഞ്ഞു ഒഴുകി.അത് അവളുടെ കവിളിനെ പുണരുമെന്ന് തോന്നിയതും വേഗം തുടച്ചു കളഞ്ഞു.അലസമായി കിടക്കുന്ന അവളുടെ മുടി ഇഴകളിൽ ഒന്ന് തഴുകി.ആ കവിളിൽ മൃദുവായി ഒന്ന് ചുംബിച്ചു.അവന്റെ ഉള്ളിലെ മുഴുവൻ സ്നേഹവും വേദനയുമൊക്കെ ഉണ്ടായിരുന്നു ആ ചുംബനത്തിൽ.കുറച്ച് നേരം അവളെ നോക്കിയിരുന്നു.പിന്നെ എണീറ്റു ഫ്രഷ് ആവാൻ പോയി.. കുളി കഴിഞ്ഞു ഇറങ്ങുമ്പോഴും അവൾ ഉണർന്നിട്ടില്ല.ചെരിഞ്ഞു കിടന്നിരുന്നവൾ മലർന്നിട്ടുണ്ടെന്ന് മാത്രം.അവനു ആണെങ്കിൽ അവളോട്‌ ഒന്ന് മിണ്ടാതെ സമാധാനവും ഇല്ല.

അതോണ്ട് ഉണർത്താൻ വേണ്ടി അടുത്ത് ചെന്നു അവളുടെ കവിളിൽ പതിയെ വിരൽ ഓടിച്ചു ഇക്കിളി പെടുത്തി. ഒന്ന് മൂളിക്കൊണ്ട് അവൾ കണ്ണ് തുറന്നു നോക്കി.അപ്പൊത്തന്നെ കണ്ണടയ്ക്കുകയും തിരിഞ്ഞു കിടക്കുകയും ചെയ്തു.എന്തോ കണ്ണിൽ ഉടക്കിയത് പോലെ അവൾ ഉടനെ വീണ്ടും കണ്ണ് തുറന്നു നോക്കി. മുന്നിൽ തന്നെ തന്നെ നോക്കി ഇരിക്കുന്ന അവനെ കണ്ടതും വേഗം എഴുന്നേറ്റിരുന്നു. "എന്തെടീ..വല്ല ദുസ്വപ്നവും കണ്ടോ..? " അവളുടെ എഴുന്നേൽക്കൽ കണ്ടു അവൻ ചെറുചിരിയോടെ ചോദിച്ചു. "ഇല്ല..മുന്നിലൊരു ഭൂതത്തെ കണ്ടു.." "പോ പോത്തേ.. " "എപ്പം വന്നു..? " അവളൊന്നു ചിരിച്ചു.എന്നിട്ടു ചോദിച്ചു. "ദേ ഇത്തിരി മുൻപ്.. " "എന്തേ വിളിച്ചില്ല.. " "ഉറങ്ങിക്കോട്ടേന്ന് കരുതി.. " "എന്നിട്ടാണോ ഇപ്പം തോണ്ടി എണീപ്പിച്ചത്.." അവൾ അവനെ കണ്ണുരുട്ടി കാണിച്ചു. "നീ ഉറങ്ങുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല.അതാ ഉണർത്തിയേ.. എന്തേ..പിടിച്ചില്ലേ നിനക്ക്.. " "ശവം..ഉറങ്ങുന്നത് പോലും സഹിക്കുന്നില്ലന്ന്.. " അവൾ പിറു പിറുത്തു.. "വല്ലതും പറഞ്ഞോ..അല്ല..പകൽ ഉറക്കം ശീലം ഇല്ലാത്തത് ആണല്ലോ..ഇന്ന് എന്തുപറ്റി.. " അവൻ സംശയത്തോടെ ചോദിച്ചു. "വയ്യാ..വയറുവേദന.. " അവൾ മുഖം ചുളിച്ചു കൊണ്ട് കൈ വയറിൽ വെച്ചു..

"വയറു വേദനയോ..എന്തുപറ്റി.. ഒന്നും കഴിച്ചില്ലേ.. " "അതല്ല...ഇത് മറ്റേതാ... " അവളുടെ മുഖം വീണ്ടും ചുളിഞ്ഞു... "ഏത്..റെഡ് സിഗ്നൽ ആണോ..? " അവൾ ആണെന്ന് തലയാട്ടി.. "എന്നിട്ടു ഛർദിയൊക്കെ കഴിഞ്ഞൊ.. " അവൻ ചിരിയോടെ ചോദിച്ചു. "ഇന്ന് അതൊന്നും ഉണ്ടായില്ല.. തലവേദന മാത്രേ ഉള്ളു..അതാ കിടന്നേ..ഉറങ്ങിപ്പോയി.. " "ശെരി..എന്നാൽ കിടന്നോ.." അവൻ എണീറ്റു.. പെട്ടെന്ന് അവൾ അവന്റെ കയ്യിൽ പിടിച്ചു. അവൻ എന്താന്നുള്ള ഭാവത്തിൽ തിരിഞ്ഞു അവളെ നോക്കി. "പോയ കാര്യം എന്തായി.. " അവൾ ചോദിച്ചു.. "അറിഞ്ഞു..അറിയേണ്ടതൊക്കെ അറിഞ്ഞു.. " "അറിഞ്ഞെന്നോ..എന്തറിഞ്ഞെന്ന്.. " അവൾ ഒന്നും മനസ്സിലാകാതെ പുരികം ചുളിച്ചു. "ന്യൂ പ്രൊജക്റ്റ്‌നു വേണ്ട കാര്യങ്ങളൊക്കെ അറിഞ്ഞൂന്നാ.. " "ഓ..അതാണോ.. " "അതുതന്നെ..ആാാ..പിന്നെ നിനക്ക് ഞാനൊരു സാധനം കൊണ്ട് വന്നിട്ടുണ്ട്.. " "എന്ത്..? " അവളുടെ കണ്ണുകൾ വിടർന്നു. "പറയില്ല..കാണിച്ചു തരാം..വാ..? " അവൻ അവളുടെ കയ്യിൽ പിടിച്ചു. "വാന്നോ..എങ്ങോട്ട്..എന്തു സാധനം..പറാ.. "

അവൾക്ക് അറിയാതെ ഒരു സമാധാനവും ഉണ്ടായില്ല.അത്രക്കും ആകാംഷ നിറഞ്ഞിരുന്നു. "താഴേക്ക്...നീ വാ..അവിടെയാ ഉള്ളേ.. " അവൻ കയ്യിൽ പിടിച്ച പിടിയാലെ അവളെ ബെഡിന്ന് എണീപ്പിച്ചു.. പിന്നെ അവൾ ചോദിക്കാൻ ഒന്നും നിന്നില്ല. അല്ലെങ്കിലും കാണാനുള്ളത് ചോദിച്ചറിയുന്നത് എന്തിനാ..വേഗം അവന്റെ ഒന്നിച്ച് താഴേക്ക് ഇറങ്ങി. "എവിടെ..ഇവിടെ ഒന്നും കാണാനില്ലല്ലോ.. " ഹാൾ മൊത്തത്തിൽ കണ്ണോടിച്ചതിന് ശേഷം അവൾ ചിണുങ്ങി.അത്രക്കും അവൾ പ്രതീക്ഷിച്ചിരുന്നു. "ഇങ്ങ് വാടി..ഇവിടെ അല്ല..പുറത്ത്.." അവൻ അവളെയും കൂട്ടി വരാന്തയിലേക്ക് ഇറങ്ങി.. "ദേ..നോക്ക്.. " അവൻ കൈ ചൂണ്ടി..ആ ഭാഗത്തേക്ക്‌ നോക്കിയ അവൾ കണ്ടത് വിശ്വാസം വരാൻ ആകാതെ വിടർന്ന കണ്ണുകളോടെ അവനെ നോക്കി.. .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story