ഏഴാം ബഹർ: ഭാഗം 70

ezhambahar

രചന: SHAMSEENA FIROZ

 "ലൈലൂ...എന്താ...ആരാ വിളിച്ചേ..?" "ഉപ്പ..ഉപ്പാക്ക് വയ്യെന്ന്..ഹോസ്പിറ്റലിൽ ആണത്രേ..നുസ്രയാ വിളിച്ചത്.. " "നീ കരയാതെ..വേഗം റെഡി ആവ്.. നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.. " ** ഇട്ടിരിക്കുന്ന വസ്ത്രം പോലും മാറാതെ പർദ്ദ എടുത്തിട്ടിട്ടാണ് അവൾ സനുവിന്റെ ഒപ്പം വീട്ടിന്ന് ഇറങ്ങിയത്.അത്രക്കും ടെൻഷൻ അനുഭവിക്കുന്നുണ്ടായിരുന്നു അവൾ..ഓടി കിതച്ചു കൊണ്ട് ഐസീയുവിന് മുന്നിലേക്ക് എത്തുമ്പോൾ തന്നെ കണ്ടു ആകെ തളർന്നതു പോലെ ഇരിക്കുന്ന താജ്നെ.അവൻ ഒരുപോള പോലും കണ്ണടച്ചിട്ടില്ലന്ന് ആ ഇടുങ്ങിയ കണ്ണും മുഖവും കണ്ടപ്പോൾ അവൾക്ക് മനസ്സിലായി..അവന്റെ അടുത്തേക്ക് പോകാൻ നിന്നതും ഒരു ഭാഗത്തു നുസ്രയെയും എബിയെയും കണ്ടു..വേഗം അവരുടെ അരികിലേക്ക് നീങ്ങി. പെട്ടെന്ന് കാലുകൾ നിശ്ചലമായി.. ഭിത്തിയോട് ചേർന്നു നിൽക്കുന്ന ആളെ അവൾ വിശ്വാസം വരാൻ ആകാതെ നോക്കി.. "മുന്ന..നീ..നീയെപ്പോ വന്നു..? " "ഇന്നലെ.. " അവൻ അതീവ ഗൗരവത്തിൽ ആയിരുന്നു.അവളെ കാണുമ്പോൾ ഉണ്ടാകുന്ന പതിവ് സന്തോഷമൊന്നും ഉണ്ടായില്ല മുഖത്ത്..

"ലീവ് ആണൊ..? " "ലീവ് അല്ലെങ്കിലും വന്നല്ലേ പറ്റു..വരാതെ നിക്കാൻ കഴിയില്ലല്ലോ..ഇവിടെ ചിലത് ഒക്കെ നടക്കുമ്പോൾ എങ്ങനെയാ അവിടെ സ്വസ്ഥതമായിരിക്കുക.. " "നീയെന്താ ഇങ്ങനൊക്കെ പറയുന്നേ..? " "പിന്നെ ഞാൻ എന്ത് പറയണം.. എങ്ങനെ പറയണം നിന്നോട്.. നിനക്ക് എല്ലാം നിന്റെ ഇഷ്ടം അല്ലേ.. നിന്റെ കാര്യം മാത്രം..നിന്നെ സ്നേഹിക്കുന്നവരെയൊന്നും നിനക്ക് വേണ്ടാ.അവരുടെയൊന്നും വേദന കാണാൻ നിനക്ക് കഴിയില്ല.. എങ്ങനെ കഴിഞ്ഞു അവിടെന്ന് ഇറങ്ങി പോകാൻ..സ്നേഹിച്ചിട്ടല്ലേ ഉള്ളു നിന്നെ..ഉപ്പയും അവനും സ്നേഹം കൊണ്ട് മൂടിയിട്ടേ ഉള്ളു.. അന്നും ഇന്നും നിന്റെ ഇഷ്ടത്തിനും സന്തോഷത്തിനും വിട്ടിട്ടേ ഉള്ളു. അതിന്റെ കുഴപ്പമാ ഇത്.. ശെരിക്കും പറഞ്ഞാൽ അഹങ്കാരം.. നന്ദി ഇല്ലായ്മ..തന്ന സ്നേഹത്തിന് ഒക്കെ പകരം കൊടുത്തത് ആണൊ നീ.. " മുന്ന അവളെ കാണാൻ കാത്തു നിക്കുവായിരുന്നു.ഉള്ളിലെ ദേഷ്യം മുഴുവനും വാക്കുകളായി തൊടുത്തു വിട്ടു..ആദ്യമായിട്ടാണ് മുന്ന ഇങ്ങനെ..ഇന്നുവരെ ഒരു നോട്ടം കൊണ്ട് പോലും എതിർക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല.. എപ്പോഴും താങ്ങായി കൂടെ നിന്നിട്ടേ ഉള്ളു..ആ അവനാ ഇപ്പോൾ..അവന്റെ മാറ്റം അവൾക്ക് വിശ്വസിക്കാൻ ആയില്ല..

നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടായി..ആരെന്തു പറഞ്ഞാലും അവൾ പിടിച്ചു നിൽക്കും..മുന്ന പറഞ്ഞാൽ അത് അവൾക്ക് സഹിക്കാൻ കഴിയില്ലന്ന് താജ്നു അറിയാമായിരുന്നു.അത് കൊണ്ട് മുന്ന വീണ്ടും എന്തെങ്കിലും പറയുന്നതിന് മുന്നേ താജ് എണീറ്റു വന്നു.. "എന്തിനാ ഇവളെ കുറ്റപ്പെടുത്തുന്നത്..ഞാനാ ഇവളെ ഇവളുടെ ഇഷ്ടത്തിന് വിട്ടത്..ഞാൻ തന്നെയാ പോകാൻ അനുവാദം കൊടുത്തത്..എനിക്ക് ഇല്ലാത്ത പ്രശ്നം എന്തിനാ നിങ്ങൾക്ക്.. " മുന്ന ഒന്നും പറഞ്ഞില്ല.വല്ലതും പറഞ്ഞാൽ കൂടി പോകുമെന്ന് അറിയാം.അതുകൊണ്ട് അവിടെന്ന് മാറി പോയി ദൂരെ നിന്നു അവൻ.. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..അത് കാണാൻ താജ്നു ആവില്ലായിരുന്നു..അവളെ കൂട്ടി അപ്പുറത്തേക്ക് പോകാൻ നുസ്രയോടു കണ്ണ് കൊണ്ട് കാണിച്ചു..നുസ്ര അപ്പൊത്തന്നെ തല കുലുക്കി കാണിച്ചു ലൈലയെയും കൂട്ടി കുറച്ച് ദൂരെയുള്ള ഒരു ചെയറിൽ പോയിരുന്നു..സനുവിന് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല. എല്ലാം കണ്ടു ആകെ സങ്കടത്തോടെ നിക്കുകയായിരുന്നു.താജ് വാന്നും പറഞ്ഞു അവനെ പിടിച്ചു തന്റെ അരികിൽ നിർത്തിച്ചു.. ** "എടീ..കരയല്ലേ..അവൻ ദേഷ്യം കൊണ്ട് പറഞ്ഞതാ..അവൻ വിളിച്ചപ്പോൾ നീ ഫോൺ എടുത്തില്ലല്ലോ..തിരിച്ചു വിളിക്കേo ചെയ്തില്ല..

അതിന്റെ ദേഷ്യമാ.. അല്ലാണ്ട് ഒന്നുല്ല..നിന്നോട് ദേഷ്യം കാണിച്ചിരിക്കാൻ പറ്റുമോ അവന്.." നുസ്ര ലൈലയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.. "ഉപ്പ..ഉപ്പാക്ക് എങ്ങനെയുണ്ട്.. " അവൾ കരച്ചിൽ ഒതുക്കിക്കൊണ്ട് ചോദിച്ചു.. "ഇപ്പോ കുഴപ്പമൊന്നും ഇല്ല..ഉച്ച കഴിയും റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ..നല്ലത് പോലെ ശ്രദ്ധിക്കണമെന്നാ ഡോക്ടർ പറഞ്ഞത്..ഓവർ ടെൻഷൻ മാത്രല്ല.. അമിത സന്തോഷം പോലും ഉപ്പാക്ക് ഇനി ആപത്താണെന്ന്.... " "എന്താടി ഉണ്ടായത്.. " "രാത്രിയിൽ ഭക്ഷണം കഴിച്ചു കിടന്നതാ..പെട്ടെന്ന് നെഞ്ച് വേദന വന്നു.ഇവിടെത്തിയപ്പോഴാ അറിഞ്ഞത് അറ്റാക്ക് ആണെന്ന്..വിവരം അറിഞ്ഞപ്പോഴേ ഞങ്ങൾ മൂന്നു പേരും ഇങ്ങോട്ട് പോന്നു.. അപ്പൊത്തന്നെ നിന്നെ വിളിക്കാൻ ഒരുങ്ങിയതാ..താജാ പറഞ്ഞത് വേണ്ടാന്ന്..നീ ടെൻഷൻ ആകുമെന്ന് കരുതിയിട്ടാ..രാത്രി തന്നെ ഓടി കിതച്ചു വരുമെന്ന് പേടിച്ചിട്ടാ.. പിന്നെ ഞാൻ ഇവിടിരുന്നു മയങ്ങിപ്പോയി.. ഉറക്കം ഞെട്ടിയപ്പോഴാ നിന്നെ വിളിച്ചു കാര്യം പറഞ്ഞത്..അതിനു താജ്ന്റെ കയ്യിന്ന് കിട്ടി വയറു നിറച്ച്.." "ഞാൻ...ഞാൻ കാരണം ആണല്ലേ ഉപ്പാക്ക്..അതല്ലേ മുന്ന അങ്ങനെ പറഞ്ഞത്.. " അവളുടെ ശബ്ദം ഇടറിയിരുന്നു.. "എടീ..ഞാൻ പറഞ്ഞില്ലേ..അത് അവൻ ദേഷ്യം കൊണ്ടാ..

അല്ലാണ്ട് നിന്നെ കുറ്റപ്പെടുത്തിയത് ഒന്നും അല്ല..പിന്നെ സങ്കടം കാണും..നീ താജ്നെ സ്നേഹിക്കണമെന്ന് എന്നെയും എബിയെയും പോലെ തന്നെ മുന്നയും ആഗ്രഹിച്ചിരുന്നു.. അപ്പോ പെട്ടെന്ന് നീ അവിടെന്ന് ഇറങ്ങിപ്പോയിന്ന് അറിഞ്ഞപ്പോൾ സങ്കടം വന്നിട്ടുണ്ടാകും.. എടീ..ഞാൻ എല്ലാം അറിഞ്ഞു.. എബി എന്നോട് എല്ലാം പറഞ്ഞു.. വിധിയാടീ.. വിധിയാ നിന്നെയും താജ്നെയും ഒരുമിപ്പിച്ചത്.. നിനക്ക് താജ്നോട് ഇഷ്ടം തോന്നിയിരുന്നില്ലേ..റമിയുടെ സഹോദരൻ ആണെന്ന് അറിഞ്ഞപ്പോൾ ആ ഇഷ്ടം കൂടുകയല്ലേ ചെയ്യേണ്ടി ഇരുന്നത്.. എന്തേയ് ഉണ്ടായിരുന്ന ഇഷ്ടം കൂടി ഇല്ലാണ്ടായത്.. " "എനിക്ക് ഇഷ്ടമാ..വലിയൊരു സ്ഥാനമുണ്ട് മനസ്സിൽ..പക്ഷെ അതിന് മറ്റൊരു അർത്ഥവും ഇല്ല.. നിക്ക് വയ്യ അങ്ങനൊന്നും കാണാൻ..പറ്റാത്തോണ്ടാ.. " "ശെരി..നീ വിഷമിക്കണ്ട..താജ്ന്റെ കാര്യം വിട്..ഞാൻ നിർബന്ധിക്കുന്നില്ല..താജ് എന്നോടും എബിയോടുമൊക്കെ പ്രത്യേകം പറഞ്ഞിട്ടുണ്ട് അവന്റെ കാര്യം പറഞ്ഞു നിന്നെ നിർബന്ധിക്കരുത് എന്ന്.ഒന്നും രണ്ടും ചോദിച്ചും പറഞ്ഞും നിന്നെ വിഷമിപ്പിക്കരുത് എന്ന്.. അതുകൊണ്ടാ ഞങ്ങൾ ഫോൺ വിളി പോലും കുറച്ചത്.. കോളേജിലേക്ക് കാണാത്തപ്പോൾ ഫോൺ ചെയ്തു വാടീന്നു പറയാത്തത്..

അല്ലേലും നിർബന്ധിച്ചിട്ട് എന്തിനാ.. അവനെ ഭർത്താവ് ആയി ഉൾകൊള്ളാൻ നിനക്ക് തോന്നണം..മറ്റുള്ളവർ തോന്നിപ്പിച്ചിട്ട് കാര്യമില്ലല്ലോ.. താജ്നെ കുറിച്ച് ആലോചിക്കണ്ടാ.. സാരമില്ല.. പക്ഷെ ഉപ്പാനെ കുറിച്ച് ആലോചിച്ചൂടെ നിനക്ക്.. ഞാൻ ഇടയ്ക്ക് ഒക്കെ ചെല്ലാറുണ്ട്.. എപ്പോഴും താജ്നോട് നിന്നെ തിരിച്ചു വിളിക്കെന്നു പറയുന്നത് കേൾക്കാം..ഉപ്പാന്റെ സന്തോഷത്തേക്കാൾ അവന് ഇപ്പം വലുത് നിന്റെ സന്തോഷമാ.. അതാ ഒരുവട്ടം പോലും നിന്നെ വിളിക്കാതെ നിന്നത്.. നീ പോയതിൽ പിന്നെ താജ്നെ മാത്രമല്ല, ഉപ്പാനെയും ഞാൻ ചിരിച്ചു കണ്ടിട്ടില്ല.. എപ്പോഴും ഒരേ ഇരുത്തവും സങ്കടപ്പെടലുമൊക്കെയാണ്.. എടീ..റമിയെ നഷ്ടപ്പെട്ടു പോയ വേദന കാണില്ലേ ഉപ്പാക്ക്.. ആ കുറവ് നികത്താൻ എങ്കിലും നിനക്ക് അരികിൽ നിൽക്കാമായിരുന്നു.. താജ്ൻറെ ഭാര്യ ആയിട്ടു വേണ്ടായിരുന്നു..ഉപ്പാന്റെ മകൾ ആയിട്ടു നിൽക്കാമായിരുന്നു..ഉപ്പ നിന്നോട് അത് ആവശ്യപ്പെട്ടിരുന്നില്ലേ... ഉപ്പാന്റെ സന്തോഷത്തിനു വേണ്ടി ചിലപ്പോൾ താജുo അത് ആഗ്രഹിച്ചിട്ട് ഉണ്ടാകും..നിന്നെ വേദനിപ്പിക്കണ്ടന്നു കരുതി പറഞ്ഞിട്ട് ഉണ്ടാകില്ലന്നു മാത്രം.. നീ എടുത്ത തീരുമാനം വല്യ തെറ്റായിപ്പോയി ലൈല.. എന്ത് വന്നാലും നീ ഉപ്പാനെ വിട്ടു പോകാൻ പാടില്ലായിരുന്നു..

താജ്ന്റെ മാത്രല്ല.. നീ സ്നേഹിച്ച റമിയുടെ കൂടെ ഉപ്പയാണ് ആ മനുഷ്യൻ.. അത് നീ എപ്പോഴും ഓർക്കണം.. " നുസ്ര അവൾക്ക് മനസ്സിലാകാൻ എന്ന പോലെ പറഞ്ഞു കൊടുത്തു.. മറുപടി പറയാൻ ഒരു വാക്കു പോലും ഇല്ലായിരുന്നു അവളുടെ പക്കൽ.. ചെയ്തത് വല്യ തെറ്റാണെന്ന തോന്നൽ ഉണ്ടായി..പക്ഷെ അമന്റെ മുന്നിൽ എങ്ങനെ എന്നൊരു ചോദ്യം അവളെ അലട്ടാൻ തുടങ്ങി.. ഒപ്പം കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു.. ** താജ്നെ പറ്റിച്ചേർന്നിരിക്കുന്ന നേരം കൊണ്ട് ഈ കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന കാര്യം സനു പറഞ്ഞു കൊടുത്തു..വിഷം ചേർത്തു അവളെ കൊല്ലാൻ ശ്രമിച്ചെന്ന് കേട്ടതും താജ്ൻറെ മുഖം ചുമന്നു വിറച്ചു.. പേശികൾ വലിഞ്ഞു മുറുകി.. ഇരുന്നിടത്ത് നിന്നും അവൻ ജ്വലിച്ചു കൊണ്ട് എഴുന്നേറ്റു.. "വേണ്ട താജ്..താജ് ഇപ്പോ ഒന്നിനും പോകണ്ട..അതിനുള്ളത് അവൾ തന്നെ കൊടുത്തിട്ടുണ്ട്..പക്ഷെ അത് നല്ലോണം കുറഞ്ഞു പോയി..വലുത് എന്തെങ്കിലും കൊടുക്കാൻ പറഞ്ഞു ഞാൻ..പക്ഷെ അവളു കേട്ടില്ല..ഇനി ദിവസങ്ങൾ അങ്ങോട്ട്‌ കിടക്കയല്ലേന്നു പറഞ്ഞു.. അല്ലേലും അവളു പറയുക മാത്രമേ ഉള്ളു..എത്ര വല്യ പക ഉണ്ടെങ്കിലും അവൾ കൊല്ലുകയൊന്നും ചെയ്യില്ല..

ഇങ്ങനെ ചെറിയ ചെറിയ ശിക്ഷകളിൽ ഒതുക്കും..ആരോടും കൂടുതൽ ക്രൂരത കാണിക്കാൻ അവൾക്ക് കഴിയില്ല.. അതുകൊണ്ട് ഞാൻ കൊടുത്തോളാം അവർക്ക് ഉള്ളത്.. എന്റെ ലൈലൂനെ ചെയ്തതിന് ഉള്ളതൊക്കെ ഞാൻ കൊടുക്കും അവർക്ക്.. " സനു താജ്ന്റെ കൈകളിൽ അമർത്തി പിടിച്ചു അവന്റെ ദേഷ്യം തണുപ്പിച്ചു.. "ആ ചെറ്റയ്ക്കൊപ്പം തന്നെ അങ്ങ് ജയിലിലേക്ക് പറഞ്ഞയച്ചേനെ.. നിന്നെ ഓർത്തിട്ടാ വേണ്ടാന്ന് വെച്ചത്..ഒന്നുമില്ലേലും നിന്റെ ഉമ്മ ആയിപോയില്ലേ.. എന്തെടാ അവരിങ്ങനെ.. ഒരുകാലത്തും നന്നാകില്ലേ.. " "എന്റെ ഉമ്മയൊന്നും അല്ല.. അവരുടെ മകൻ ആണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേടാ.. എനിക്ക് ഇഷ്ടമല്ല.. അവരെന്റെ ആരും അല്ല.. എന്റെ ഉപ്പയെ കൊന്ന അവരെയാണോ ഞാൻ എന്റെ ഉമ്മയെന്നു പറയേണ്ടത്. എന്റെ ഉമ്മയും ഉപ്പയുമൊക്കെ ലൈലുവാ..അവളാ എന്നെ വളർത്തിയത്..അതുകൊണ്ട് എനിക്ക് അവളെ മാത്രം മതി.. ആ ഉമ്മയെന്നു പറയുന്ന സ്ത്രീയെ നിങ്ങൾ എന്ത് വേണേലും ചെയ്തോ.. എനിക്കൊരു കുഴപ്പവുമില്ല..അത്രക്ക് ക്രൂരതകൾ ചെയ്തിട്ടുണ്ട് അവർ..എന്ത് ശിക്ഷ കൊടുത്താലും കുറഞ്ഞു പോകുകയേയുള്ളൂ.." സനു പറഞ്ഞു..താജ് ഒന്നും പറഞ്ഞില്ല..വാത്സല്യത്തോടെ അവനെ ചേർത്തു പിടിച്ചു.. **

രണ്ടുദിവസം കഴിഞ്ഞിട്ടാണ് ഉപ്പാനെ ഡിസ്ചാർജ് ചെയ്തത്.. താജ് ബംഗ്ലാവിന് മുന്നിൽ കാർ വന്നു നിൽക്കുമ്പോൾ അതിൽ നിന്നും ഇറങ്ങാൻ ഉപ്പയും അവനും മാത്രമല്ല, അവളും ഉണ്ടായിരുന്നു.. അതും ഉപ്പാന്റെ മകളായിട്ട്.. ഉപ്പാന്റെ മകൾ ആയിട്ട് മാത്രം.. അവൾ വരുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. ഈ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം അവന്റെയൊപ്പം അവളും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ.. ഡിസ്ചാർജ് വാങ്ങിച്ചു വരാൻ നേരം ഞാനും വരുന്നെന്നു അവൾ പറഞ്ഞപ്പോൾ അവനു വിശ്വസിക്കാനേ പറ്റിയില്ല.. അത്ഭുതവും സന്തോഷവുമൊക്കെ ഒപ്പത്തിനൊപ്പം വന്നിരുന്നു.. പിന്നീട് ചിന്തിച്ചപ്പോൾ മനസ്സിലായി മുന്നയുടെ വാക്കുകൾ അവൾക്ക് നല്ലത് പോലെ കൊണ്ടിട്ടുണ്ടെന്നും നുസ്ര കഴിവിന്റെ പരമാവധി അവളെ ഉപദേശിച്ചിട്ടുണ്ടെന്നും.. ഉപ്പാന്റെ സന്തോഷത്തിനു അതിര് ഇല്ലായിരുന്നു.പക്ഷെ താജ്നെ ഓർക്കുമ്പോൾ സങ്കടം തോന്നി. എന്നാലും അത് അവൾക്ക് മുന്നിൽ കാണിച്ചില്ല.അവൾ പഴയതിലും കൂടുതലായി ഉപ്പാനെ സ്നേഹിച്ചു.. താജ്നും പൗലോസ് ചേട്ടനും ഉപ്പാന്റെ ഒരു കാര്യത്തിലും ഇടപെടണ്ടി വന്നില്ല.എല്ലാം അവൾ തന്നെയായിരുന്നു നോക്കുന്നത്.. അതീവ ശ്രദ്ധയോടെ അവൾ ഉപ്പാനെ പരിപാലിച്ചു..

ആരോഗ്യം കൂടുതൽ നന്നാവാൻ വേണ്ടി ഭക്ഷണ കാര്യത്തിൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി.. സത്യം പറഞ്ഞാൽ അവൾ സ്നേഹം കൊണ്ട് ഉപ്പാനെ വീർപ്പുമുട്ടിക്കുകയായിരുന്നു.. ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്ന പോലെയും ഇനിയൊരിക്കലും ഉപ്പാനെ വിട്ടു പോകില്ലന്ന പോലെയും.. അവൾ ആകെ മാറിപോയിരുന്നു.. റമിയെ നഷ്ടപ്പെട്ടതിന് ശേഷം എങ്ങനെയാണോ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊന്നും ഇല്ലാതെ ഒതുങ്ങി കൂടി ജീവിച്ചത്,,വീണ്ടും അതുപോലെ തന്നെയായി മാറിയിരുന്നു അവൾ.. ഈ കഴിഞ്ഞു പോയ ദിവസങ്ങളിലൊക്കെ തന്റെ അരികിൽ ഉണ്ടായിരുന്ന ലൈലയേ അല്ല അവളെന്നു തോന്നിപ്പോയി അവന്..അവളുടെ ഈ മാറ്റവും തന്നോടുള്ള അകൽച്ചയുമൊക്കെ അവനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.. പക്ഷെ ഉപ്പാനെ സ്നേഹിക്കുന്നത് കാണുമ്പോൾ ആ നൊമ്പരങ്ങളൊക്കെ ഏഴു കടലും കടന്നു പോകും..അവനോട് ഇപ്പം ഒന്നുമില്ല അവൾക്ക്..ഒരു അടുപ്പവും കാണിക്കുന്നില്ല..ഒരു മുതിർന്ന പുരുഷനോട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ പെരുമാറുന്നു.. കാണുമ്പോൾ എഴുന്നേൽക്കുന്നു,, ഉപ്പാക്ക് ഭക്ഷണം വിളമ്പുമ്പോൾ അവനും വിളമ്പുന്നു..അത്രക്കും ആവശ്യമായ ചില സന്ദർഭങ്ങളിൽ മാത്രം സംസാരിക്കുന്നു..

എന്നിരുന്നാലും അവളുടെ ഉള്ളിൽ അവനൊരു വല്യ വിങ്ങൽ ആയിരുന്നു..അവന്റെ കൺവെട്ടത്തു നിൽക്കാൻ വല്യ പ്രയാസമായിരുന്നു അവൾക്ക്. പക്ഷെ ഉപ്പാന്റെ സന്തോഷം തല്ലി കെടുത്താൻ വയ്യാത്തത് കാരണം പിടിച്ചു നിൽക്കുന്നു..അവന് എങ്ങനെയെങ്കിലും തന്നോടുള്ള ഇഷ്ടം മാഞ്ഞു പൊക്കോട്ടെന്ന് കരുതി ഇത്രേം അകൽച്ച കാണിക്കുന്നു..ആർക്കോ വേണ്ടി അവൾ ഓരോ ദിവസവും തള്ളി നീക്കി കൊണ്ടിരുന്നു.. ** ഒഴിവാക്കാൻ പറ്റാത്തൊരു മീറ്റിംഗ് ഉള്ളത് കാരണം ഉപ്പ രാവിലെ ഗസ്റ്റ് ഹൌസിലേക്ക് പോയിരുന്നു.അവൻ കോളേജിലേക്ക് പോകാൻ റെഡിയായി വന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരുന്നു..പൗലോസ് ചേട്ടനാണ് സെർവ് ചെയ്തത്.. ഉപ്പ ഇല്ലാത്തത് കൊണ്ടാവും അവൾ സെർവു ചെയ്യാൻ വരാത്തതെന്ന് തോന്നി അവന്..ആ വീട്ടിൽ തന്നെയുണ്ട് അവൾ എന്നാലും രാവിലെയും രാത്രിയിലും കഴിക്കാൻ ഇരിക്കുമ്പോൾ മാത്രമാണ് അവൻ അവളെ കാണാറ്..ഇന്നതുമില്ല..അവളെ ഒന്ന് കാണാൻ അവന്റെ മിഴികൾ തുടിച്ചു കൊണ്ടിരുന്നു..വേഗം കഴിച്ചെണീറ്റു തണുത്ത വെള്ളം കുടിക്കാൻ എന്ന വ്യാജേന കിച്ചണിലേക്ക് ചെന്നു..പക്ഷെ അവൾ അവിടെ ഇല്ലായിരുന്നു.. "എന്താ കുഞ്ഞേ...? "

അവൻ ചുറ്റും തിരയുന്നത് കണ്ടു പൗലോസ് ചേട്ടൻ ചോദിച്ചു.. "ലൈലാ.. " "ലൈല കൊച്ച് കിച്ചണിലേക്ക് വന്നിട്ടില്ല..എഴുന്നേറ്റില്ലന്ന് തോന്നണു..ഇല്ലേൽ വരണ്ട സമയം കഴിഞ്ഞു.. " അവൻ ഹാളിലേക്ക് ചെന്നു.അവിടൊക്കെ നോക്കി. എവിടെയും കണ്ടില്ല.പുറത്തേക്ക് ഇറങ്ങി ഗാർഡനിലും കണ്ണോടിച്ചു. അവിടെയും ഇല്ലായിരുന്നു.. ഒന്ന് കാണണമായിരുന്നു.. കാണാതെ ഇറങ്ങാൻ പറ്റില്ലായിരുന്നു അവന്.. ഇനി പൗലോസ് ചേട്ടൻ പറഞ്ഞത് പോലെ എണീറ്റിട്ടില്ലേ അവൾ.. പക്ഷെ ഇത്രേം കൂടുതൽ നേരം ഉറങ്ങുന്ന ശീലം ഇല്ലല്ലോ അവൾക്ക്.. അവന്റെ മനസ്സിൽ എന്തോ അസ്വസ്ഥത നിറയാൻ തുടങ്ങി.. അവളുടെ മുറിയിൽ ചെന്നു നോക്കാൻ തന്നെ തീരുമാനിച്ചു അവൻ.. "ലൈലാ.. " ഡോറിൽ രണ്ടു മുട്ട് മുട്ടി..മറുപടി ഒന്നും ഉണ്ടായില്ല..ഒന്ന് അമർത്തി വീണ്ടും മുട്ടിയതും ഡോർ തുറന്നു വന്നു..അവൾ കുറ്റിയിട്ടിട്ടില്ല, ചാരി വെച്ചതേ ഉണ്ടാരുന്നുള്ളൂ.. അകത്തേക്ക് എത്തി നോക്കുമ്പോൾ കണ്ടത് മൂടി പുതച്ചു ചുരുണ്ടു കൂടി കിടക്കുന്ന അവളെയാണ്.. "ലൈലാ.. " അവൻ അരികിൽ ചെന്നു വിളിച്ചു.. അവൾക്ക് അനക്കമൊന്നും ഇല്ലായിരുന്നു.അതു കണ്ടു അവൻ കവിളിൽ തട്ടി വിളിച്ചു..ആ നിമിഷം തന്നെ അവൻ ഞെട്ടിക്കൊണ്ട് കൈ പിൻവലിച്ചെടുത്തു.അത്രക്കും ചുട്ടു പൊള്ളുന്നുണ്ടായിരുന്നു

അവളുടെ ദേഹം..പനിച്ചു കിടപ്പ് ആണെന്ന് അവനു മനസ്സിലായി.താൻ വിളിച്ചു എണീപ്പിച്ചു ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞാൽ അവൾ വേണ്ടന്നെ പറയൂന്ന് അവന് അറിയാം.അതുകൊണ്ട് അവൻ പരിചയത്തിലുള്ള ഒരു ഡോക്ടർക്ക് ഫോൺ ചെയ്തു.. ** "പേടിക്കാൻ ഒന്നുമില്ല..ഒരു ചെറിയ പനി..രാത്രിയിൽ കൂടുതലായി തണുപ്പടിക്കയോ മറ്റും ചെയ്തോ..?" ഡോക്ടർ വന്നു അവളെ പരിശോദിച്ചതിന് ശേഷം ചോദിച്ചു..അവന് എന്ത് പറയണമെന്ന് അറിഞ്ഞില്ല.പിന്നെ അവൾക്ക് രാത്രിയിൽ ബാൽക്കണിയിലും വരാന്തയിലുമൊക്കെ നിന്നു കാറ്റ് കൊള്ളുന്ന സ്വഭാവം ഉള്ളതോണ്ട് അവൻ ഉവ്വ് എന്ന് തലയാട്ടി.. "താൻ എന്തിനാടോ ടെൻഷൻ ആവുന്നേ..പേടിക്കാൻ ഒന്നുമില്ലന്ന് പറഞ്ഞില്ലേ..ഇടയ്ക്ക് ഒക്കെ ഒന്ന് പനി വരുന്നത് നല്ലതാ..ഇപ്പൊ ഞാനൊരു ഇൻജെക്ഷൻ എടുക്കാം.. ഉണരുമ്പോൾ ഈ മെഡിസിൻ കൊടുത്താൽ മതി.. " ഡോക്ടർ മെഡിസിൻ അവനെ ഏല്പിച്ചു..അവൾക്കൊരു ഇൻജെക്ഷനും എടുത്തു വരട്ടേന്നും പറഞ്ഞു അവന്റെ തോളിൽ ഒന്ന് തട്ടി മുറി വിട്ടിറങ്ങി.. ** ഉപ്പ ഉണ്ടായിരുന്നു എങ്കിൽ അവൻ കോളേജിലേക്ക് പോയേനെ.. അവനെക്കാൾ നന്നായി ഉപ്പ അവളെ ശ്രദ്ധിക്കും.ഇതിപ്പോ കോളേജിലേക്ക് പോകുന്നത് പോയിട്ട് അവളുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാനേ തോന്നിയില്ല അവന്..അവളുടെ അരികിൽ തന്നെ ഇരുന്നു..ഓരോ മിനുട്ട് കൂടുന്തോറും ദേഹത്ത് തൊട്ടു ചൂട് കുറഞ്ഞിനോന്ന് നോക്കിക്കൊണ്ടിരുന്നു..

കുറഞ്ഞു വരുന്നത് കാണുമ്പോൾ അവന്റെ ടെൻഷനും കുറഞ്ഞു വന്നു.. അരമണിക്കൂർ കടന്നു പോയി. മൂളിയും നിരങ്ങിക്കൊണ്ടും അവൾ പതിയെ കണ്ണ് തുറന്നു.മുന്നിൽ തന്നെ കണ്ടത് അവനെ..അവൾക്ക് എന്താ ഏതാന്നൊന്നും മനസ്സിലായില്ല.വേഗം എഴുന്നേറ്റിരിക്കാൻ നോക്കി.. അവൻ വേണ്ടാന്ന് പറഞ്ഞു..പക്ഷെ അവളു കൂട്ടാക്കിയില്ല.. എഴുന്നേറ്റിരുന്നു രണ്ടു ഭാഗത്തേക്കും നോക്കി. അവൾ തിരയുന്നത് ഷാൾ ആണെന്ന് അവന് മനസ്സിലായി.അവളുടെ കാലിന്റെ ഭാഗത്ത്‌ ഉണ്ടായിരുന്നു.അവൻ അത് എടുത്തു കൊടുത്തു..അവൾ വാങ്ങിക്കാൻ ഒന്ന് മടിച്ചു.. അവന്റെ മുഖത്തേക്ക് നോക്കാനേ മടിച്ചു.. അവൻ ഒന്നൂടെ നീട്ടിയതും അവൾ വാങ്ങിച്ചു വേഗം കഴുത്തിലേക്ക് ഇട്ടു.. ആദ്യമൊക്കെ ഇങ്ങനെ ആയിരുന്നു. അവനെ കാണുമ്പോൾ അവൾ തല മറയ്ക്കും, ദേഹം മറയ്ക്കും.പക്ഷെ പിന്നെ പിന്നെ അതൊക്കെ മാറിയിരുന്നു..അവന്റെ മുന്നിൽ ഏതു കോലത്തിലും ഒരു നാണവും മാനവും ഇല്ലാതെ നിന്നിരുന്നു അവൾ..എത്ര പെട്ടെന്നാ അവൾ വീണ്ടും മാറി പോയത്.. നെഞ്ചിൽ എന്തോ ഭാരം വന്നു നിറഞ്ഞത് പോലെ തോന്നി അവന്.. പക്ഷെ അത് അവൾക്ക് മുന്നിൽ കാണിച്ചില്ല.അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു. അവൾക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.. അവനെ നോക്കാനുമല്ല,,

നോക്കാതെ ഇരിക്കാനുമല്ല.. എങ്ങനെയൊക്കെയോ അവന്റെ മുഖത്തേക്ക് നോക്കി.. "നല്ല പനിയായിരുന്നു..വല്ലതും അറിഞ്ഞോ നീ.. " അവൾ കഴുത്തിൽ തൊട്ടു നോക്കി. ചൂട് ഒന്നുമില്ല.പകരം നല്ല ഐസ് കട്ട പോലെയുണ്ട് ദേഹം. "ഇപ്പൊ കുറഞ്ഞു കാണും.. ഡോക്ടർ വന്നു ഇൻജെക്ഷൻ എടുത്തിരുന്നു.. മെഡിസിൻ ടേബിളിൽ ഉണ്ട്.. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചതിന് ശേഷം കഴിച്ചാൽ മതി.. ക്ഷീണം വല്ലതും തോന്നുന്നുണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം.. " അവൾക്ക് അസ്വസ്ഥത ഉണ്ടാക്കേണ്ടന്ന് കരുതി അവൻ കൂടുതൽ നേരം അവിടെ ഇരുന്നില്ല.. അത്രയും പറഞ്ഞിട്ട് വേഗം എഴുന്നേറ്റു പുറത്തേക്ക് പോയി.. അവന്റെ മനസ്സിൽ നിന്നും ഇന്നല്ലങ്കിൽ നാളെ താൻ മാഞ്ഞു പോകുമെന്നുള്ള പ്രതീക്ഷയിലാ അവൾ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്..പക്ഷെ ദിനം പ്രതി അവന്റെ സ്നേഹവും കരുതലുമൊക്കെ വർധിച്ചു കൊണ്ടിരിക്കുകയാണ്.. അവളുടെ നെഞ്ച് എന്തിനെന്ന് ഇല്ലാതെ പിടയാൻ തുടങ്ങി.. ** "അപ്പോ മറക്കണ്ട..ഈ വരുന്ന ഞായറാഴ്ചയാ..മുഹ്സിയുടെ കല്യാണം മാത്രമല്ല.. എന്റെ നിക്കാഹും കൂടെയുണ്ട്..അതോണ്ട് തലേ ദിവസെ വന്നോണം..രാവിലെ എത്തിയാൽ പോരേന്നുള്ള ചോദ്യമൊന്നും വേണ്ടാ..ഇനി നുസ്ര അയൽവാസിയാണ്, അതോണ്ട് അവിടെ പോയിട്ടേ നിന്റെ വീട്ടിലേക്ക് വരാൻ പറ്റുള്ളൂന്നുള്ള സംസാരവും വേണ്ടാ..

ആദ്യം എന്റെ വീട്..എന്നിട്ടു മതി ബാക്കിയെല്ലാം.. " കല്യാണം വിളിക്കാൻ വന്നതാണ് മുന്ന..കയ്യിലുള്ള കവറിൽ നിന്നും ഒരു വെഡിങ് കാർഡ് എടുത്തു താജ്ൻറെ കയ്യിൽ കൊടുത്തു അവൻ.. "എന്തൊക്കെയായിരുന്നു.. എനിക്കിഷ്ടമല്ല..ഞാൻ അങ്ങനെ കണ്ടിട്ടില്ല..എന്റെ സുഹൃത്ത് മാത്രമാണ് അവൾ.. എന്നിട്ടിപ്പോ എന്തായി മോനെ.. എത്ര പെട്ടെന്നാ അവളുടെ മുന്നിൽ ഫ്ലാറ്റ് ആയിപോയത് നീ.." സന്തോഷത്തോടെ താജ് മുന്നയുടെ കയ്യിൽ നിന്നും കാർഡ് വാങ്ങിച്ചു.. എന്നാലും മുന്നയ്ക്ക് ഇട്ടു വെക്കാൻ താജ് മറന്നില്ല.. "പോടാ.. " മുന്ന ചിരിച്ചോണ്ട് താജ്ൻറെ പള്ളയ്ക്ക് ഒരു കിഴുക്ക് വെച്ചു കൊടുത്തു.. "നുസ്ര വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ മാറ്റ കല്യാണം ആയോണ്ട് അവളുടെ ഉപ്പാക്ക് ഒരു ചെറിയ എതിർപ്പുണ്ടായിരുന്നെന്നും അത് നീ സംസാരിച്ചാ മാറ്റി എടുത്തതെന്നും നിഹാൽ ഫോൺ ചെയ്തപ്പോ പറഞ്ഞിരുന്നു..പിന്നെ മുഹ്സിയുടെ എൻഗേജ്മെന്റ്നു ഞാൻ ഇല്ലാത്ത കുറവ് നീയും എബിയും അറിയിച്ചില്ലന്നും പറഞ്ഞു.. എങ്ങനെയാടാ ഞാൻ ഇതിനൊക്കെ നന്ദി പറയുക..എന്തെടാ അന്വേഷിച്ചു നടന്നു നടന്നിട്ടും ഞാൻ നിന്നെ കണ്ടുമുട്ടാൻ ഇത്ര വൈകി.." മുന്നയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ സ്ഥാനം പിടിച്ചിരുന്നു..അത്രക്കുണ്ട് അവന്റെ മനസ്സിൽ താജ്ന് സ്ഥാനം..

താജ് അപ്പൊത്തന്നെ എന്താടാ കൊച്ചു കുട്ടികളെ പോലെന്നും ചോദിച്ചു കൈ മലർത്തി കാണിച്ചു മുന്നയെ കളിയാക്കി..മുന്ന കണ്ണ് തുടച്ചു പോടാന്നും പറഞ്ഞു അവനെ നോക്കി ചിരിച്ചു.. "അല്ല..ലൈല എവിടെ..? " മുന്ന നാലു ഭാഗത്തേക്കും നോക്കി. അവളുടെ ശബ്ദം പോലും കേൾക്കുന്നില്ലായിരുന്നു.. ഇല്ലേൽ ആ വീട്ടിലേക്ക് കയറി വരുമ്പോൾ ആദ്യം കേൾക്കുന്നത് അവളുടെ കലപിലയാണ്..എന്തോ വീട് ആകെ ഉറങ്ങി കിടക്കുന്നത് പോലെ തോന്നി അവന്..അവൻ താജ്നോട് അവളെ തിരക്കി.. "റൂമിൽ കാണും..ചെല്ല്...ഇനി അവളോട്‌ പറയാതെ എന്നോട് മാത്രം കല്യാണം പറഞ്ഞുന്നുള്ള ഗുലുമാൽ വേണ്ടാ.. " താജ് ചിരിച്ചു.. പുറമെ മാത്രമേ ഉള്ളു ആ ചിരിയെന്നും അവന്റെ അകം മുഴുവൻ വേദനയാണെന്നും മുന്നയ്ക്ക് മനസ്സിലാക്കാവുന്നതേ ഉണ്ടാരുന്നുള്ളൂ.. പിന്നെ താജ്നോട് ഒന്നും ചോദിച്ചില്ല..നേരെ മേളിലേക്ക് കയറിപ്പോയി.. താജ്ൻറെ മുറിയിൽ നോക്കി. അവിടെ കണ്ടില്ല.. അവളെ കണ്ടില്ലന്ന് മാത്രല്ല.. അവളുടെ ഒരു സാധനം പോലും കണ്ടില്ല.. രണ്ടുപേരും ഇപ്പോൾ രണ്ടു മുറിയിൽ ആണെന്ന് അറിഞ്ഞതും മുന്നയ്ക്ക് തന്നെ വേദന തോന്നി.. സ്റ്റെയറിന്റെ അടുത്തുള്ള റൂം തുറന്നു കിടക്കുന്നത് കണ്ടു അവൻ അങ്ങോട്ട്‌ ചെന്നു.. അവൾ തുണികൾ മടക്കി വെക്കുകയായിരുന്നു.

.മുന്ന ഡോറിൽ ഒന്ന് തട്ടി ശബ്ദം ഉണ്ടാക്കി.. അവൾ തിരിഞ്ഞു നോക്കി. മുന്നയെ കണ്ടതും മുഖത്ത് സന്തോഷം നിറഞ്ഞു.ഒപ്പം സങ്കടവും. അന്ന് ഹോസ്പിറ്റലിൽ നിന്നും ആ സംസാരിച്ചത് തന്നെയാണ്. അതിന് ശേഷം സംസാരിച്ചിട്ടില്ല. മിണ്ടാൻ അടുത്ത് ചെല്ലുമ്പോൾ ഒക്കെ അകന്ന് മാറി പോയിട്ടേ ഉള്ളു..ഒത്തിരി വട്ടം വിളിച്ചെങ്കിലും ഒരുവട്ടം പോലും അവൻ എടുത്തില്ല.. ശെരിക്കും പറഞ്ഞാൽ അവൻ അവളോട്‌ ദേഷ്യത്തിലാണ്. അതുകൊണ്ട് അവൾക്ക് പഴയത് പോലെ ചാടി കയറി സംസാരിക്കാനോ ഓടിച്ചെന്നു വയറ്റിനിട്ടു കുത്താനോ ഒന്നും കഴിഞ്ഞില്ല.ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അവൾ.. "തിരക്കിലാണോ..എനിക്ക് അല്പം സംസാരിക്കാനുണ്ട്.. " മുന്ന അകത്തേക്ക് കയറി വന്നു.. "എന്ന് മുതലാ നിനക്ക് എന്നോട് സംസാരിക്കാൻ മുഖവുരയുടെ ആവശ്യം വന്നു തുടങ്ങിയത്.. " അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. "നിന്റെ ചിന്തകളും പ്രവർത്തികളും ഇങ്ങനെയൊക്കെ ആയത് മുതൽ... " "നിനക്ക് എല്ലാം അറിയുന്നത് അല്ലേ.. എത്രയോ മുന്നേ അറിഞ്ഞത് അല്ലേ.. എന്നിട്ടും നീയെന്തിനാ എന്നോട് ഇങ്ങനെ.. " "എല്ലാം അറിയുന്നത് കൊണ്ട് തന്നെയാ ഇങ്ങനെ..നീ എല്ലാം അറിഞ്ഞിട്ടില്ല ലൈല..അറിയാൻ ഇനിയുമുണ്ട് ഒന്ന്..അതുകൂടെ അറിയണം നീ..

നിന്നോട് ഒന്ന് മാത്രമേ റമി ആവശ്യപ്പെട്ടിട്ടുള്ളു.. ഉമ്മാനെയും താജ്നെയും ഒരുമിപ്പിക്കണമെന്ന്.. അത് മാത്രമേ നിന്നോട് അവൻ പറഞ്ഞിട്ടുള്ളു.. അതിന് വേണ്ടി മാത്രമാ നീ താജ്നെ അന്വേഷിച്ചു നടന്നത്..പക്ഷെ എന്നോട് മറ്റൊന്ന് കൂടെ പറഞ്ഞിട്ടുണ്ട്..അതും കൂടെ ചെയ്തു തീർക്കാൻ വേണ്ടിയാ ഞാൻ താജ്നെ അന്വേഷിച്ചത്..അത് എന്താണെന്ന് അറിയുമോ നിനക്ക്... നിന്നെ താജ്ന്റെ കയ്യിൽ ഏല്പിക്കണമെന്ന്.. വെറുതെ ഏല്പിച്ചാൽ പോരാ.. എല്ലാം അറിഞ്ഞു താജ് നിനക്കൊരു ജീവിതം നൽകണം..നീയും താജുo ഒരുമിക്കണമെന്ന്..പക്ഷെ ഇവിടെ ഒന്നും അറിയാതെ തന്നെ താജ് നിന്നെ സ്നേഹിച്ചു.. നിനക്കൊരു ജീവിതം തന്നു..എന്നിട്ടും എല്ലാം അറിഞ്ഞപ്പോൾ നീ നിസ്സാരമായി താജ്നെ ഉപേക്ഷിച്ചു പോയി കളഞ്ഞു.. ഉപേക്ഷിക്കേണ്ടത് നീ ആയിരുന്നില്ല..അവൻ ആയിരുന്നു.. അവൻ ആയിരുന്നു നിന്നെ ഉപേക്ഷിക്കേണ്ടത്..കാരണം അവന്റെ റമിയുടെ ജീവൻ നഷ്ടപ്പെടാൻ അറിയാതെയാണെങ്കിലും കാരണക്കാരി നീയാണ് ലൈല.. എന്നിട്ടും താജ് നിന്നെ വെറുത്തോ.. ഒരുവട്ടം എങ്കിലും നിന്നെ കുറ്റപ്പെടുത്തിയോ..ഒരേ ഒരുതവണ എങ്കിലും അതേ കുറിച്ച് ചോദിക്കുകയോ നിന്നെ വേദനിപ്പിക്കുകയോ ചെയ്തോ.. ഇല്ല.. പകരം അത് റമിയുടെ വിധിയാണെന്ന് കരുതി സമാധാനിച്ചു പഴയതിനേക്കാൾ ഏറെയായി നിന്നെ സ്നേഹിച്ചു..റമി സ്നേഹിച്ചിരുന്ന പെണ്ണാണ് നീയെന്നു അറിഞ്ഞന്ന് തൊട്ടു അവൻ നിന്നെ താഴത്തും തലയിലും വെച്ചിട്ടില്ല.. കൈ വെള്ളയിലാ കൊണ്ട് നടന്നത്..

എന്നിട്ടും നീ.. എങ്ങനെ കഴിഞ്ഞു നിനക്ക് ഒരൊറ്റ നിമിഷം കൊണ്ട് അവനെ വേണ്ടാന്ന് വെക്കാനും മഹർ ഊരി കൊടുത്തു ഈ വീടിന്റെ പടി ഇറങ്ങി പോകാനും..എവിടെ കിട്ടും ലൈല നിനക്ക് ഇങ്ങനെയൊരുത്തനെ.. എന്നാ നീയൊന്നു അവന്റെ മനസ്സ് മനസിലാക്കുക..ആണിന് എന്തും സഹിക്കാൻ കഴിയുമെന്നുള്ള വിചാരമാണോ നിനക്ക്..ആണാണ്.. കരുത്തും ചങ്കൂറ്റമുള്ള ആണൊരുത്തൻ തന്നെയാണ് അവൻ.എന്നാലും നോവിക്കുമ്പോൾ നോവുന്നൊരു ഹൃദയം ആ ശരീരത്തിനകത്തുമുണ്ട് ലൈല.. അത് നീ തിരിച്ചറിയണം.. മരണപ്പെട്ടു പോയ റമിക്ക് വേണ്ടിയല്ല നീ നിന്റെ ജീവിതം മാറ്റി വെക്കേണ്ടത്,, ജീവിച്ചിരിക്കുന്ന താജ്നു വേണ്ടിയാണ്.. " മുന്നയുടെ ഓരോ വാക്കുകൾക്കും അവളുടെ നെഞ്ചിനെ നൂറായി പിളർക്കാനുള്ള കഴിവ് ഉണ്ടായിരുന്നു.അവൻ ആദ്യം പറഞ്ഞത് അവൾക്ക് വിശ്വസിക്കാനേ ആയില്ല..ആകെ തളർച്ച അനുഭവപ്പെടാൻ തുടങ്ങിയിരുന്നു..വീഴാതെ ഇരിക്കാൻ വേണ്ടി അവൾ വിരലുകൾ മുന്നിലുള്ള ടേബിളിൽ മുറുക്കി.. "നീ റമിയെ ഒരുപാട് സ്നേഹിച്ചിരുന്നല്ലോ ലൈല.. ആ സ്നേഹം സത്യമായിരുന്നു എങ്കിൽ നീ താജ്നെ സ്വീകരിക്കണം.. നിന്റെ ബാക്കിയുള്ള ജീവിതം പൂർണ അർത്ഥത്തിലും താജ്ൻറെ ഭാര്യയായി ജീവിച്ചു തീർക്കണം..

അവൻ നിന്നെ സ്നേഹിക്കുന്നത് പോലെത്തന്നെ മനസ്സറിഞ്ഞു നീയും അവനെ സ്നേഹിക്കണം..റമി ആഗ്രഹിച്ചത് അതാ..റമിയുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടി നടക്കുന്നവൾ അല്ലേ നീ.. അപ്പോൾ ഇതും നീ നിറവേറ്റണം..എങ്കിലേ നീ റമിയെ സ്നേഹിച്ചതിനു ഒരർത്ഥമുണ്ടാകൂ ലൈല.. ഇനി ഇക്കാര്യം പറഞ്ഞു ഞാൻ നിന്റെ മുന്നിലേക്ക് വരില്ല.. നീ ഉചിതമായൊരു തീരുമാനം എടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.. ഞാൻ പോകുവാ.. വന്നത് മുഹ്സിയുടെ കല്യാണം പറയാനാ..എന്റെ നിക്കാഹും അന്ന് തന്നെയാ..വരണം..ഒറ്റയ്ക്ക് അല്ല.. താജ്ൻറെ ഒപ്പം.. അവന്റെ പാതിയായിട്ട്..അങ്ങനെ ആണേൽ മാത്രം വന്നാൽ മതി ലൈല.. എനിക്ക് രണ്ടുപേരെയും ഒന്നായി കണ്ടാൽ മതി.. രണ്ടായി കാണണ്ട. എന്റെ നിക്കാഹിനു നിങ്ങൾ എനിക്ക് തരുന്ന ഗിഫ്റ്റ് അതായിരിക്കണം.. " മുന്ന താഴേക്ക് ഇറങ്ങിപ്പോയി.. അവൾ ഭിത്തിയിലേക്ക് ചേർന്നു നിന്നു കരയാൻ തുടങ്ങി.. താൻ കാരണം എല്ലാരും വേദനിക്കുകയാണെന്ന സത്യം അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടി.. നെഞ്ച് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു അവൾക്ക്..കണ്ണ് തുടച്ചു കൊണ്ട് കട്ടിലിലേക്ക് ഇരുന്നു..എടുത്തു കൊണ്ട് വന്നിട്ട ഡ്രെസ്സുകളിൽ താജ്ൻറെ ഒരു ഷർട്ടും പെട്ടിരിക്കുന്നത് അവൾ കണ്ടു.

അവൾ അത് കയ്യിൽ എടുത്തു. അവന്റെ ഷർട്ടും ഷോർട്സും ഇട്ടു അവന്റെ ബെഡിൽ കിടന്നു അവനോട് വഴക്കും തല്ലും കൂടിയ ദിവസങ്ങൾ മുന്നിൽ തെളിഞ്ഞു വന്നതും കണ്ണുകൾ വീണ്ടും പെയ്യാൻ തുടങ്ങി. അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. താജ്നെ കണ്ടു സംസാരിച്ചാൽ മനസ്സിന്റെ വേദന കുറയുമെന്ന് തോന്നി.ഷർട്ടും എടുത്തു അവന്റെ റൂമിലേക്ക്‌ നടന്നു.. അവൾ ഇല്ലാത്തതിന്റെ കുറവ് നല്ലോണം ഉണ്ടായിരുന്നു ആ റൂമിന്..ഡ്രെസ്സും ബുക്ക്‌സും ബാക്കി തിങ്സുമൊക്കെ വലിച്ചു വാരിയിട്ട് ആകെ അലങ്കോലമായി കിടക്കുകയായിരുന്നു..നാലു സൈഡിലും തുറന്നു കിടന്നിരുന്ന വിൻഡോസ്‌ പോലും കർട്ടൻ ഇട്ടു മൂടിയിരിക്കുന്നു..റൂമിൽ കാറ്റില്ലാ.. വെളിച്ചമില്ല..അവന്റെ ഈ മാറ്റം സഹിക്കുന്നില്ലായിരുന്നു അവൾക്ക്. എല്ലാത്തിനും കാരണം താൻ ആണല്ലോന്നുള്ള ചിന്ത മനസ്സിനെ കുത്തി കീറി കൊണ്ടിരുന്നു.. അന്ന് പരസ്പരം മനസ്സുകൾ ഒന്നായി ചേർന്നു ചുവരിൽ വരച്ചു കൂട്ടിയ ചിത്രങ്ങളിലും തേച്ചുരച്ച പെയിന്റ്ലും അവളുടെ വിരലുകൾ ഓടി നടന്നു..ഒരു ഭാഗം മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ..ബാക്കി ഭാഗം കർട്ടൻ കൊണ്ട് മൂടിയിരുന്നു.. അവൾ അത് വലിച്ചു നീക്കി.. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..വീണ്ടും നോക്കി.. നെഞ്ചിലൊരു കൊളുത്തി വലി അനുഭവപ്പെട്ടു..തളർച്ചയോടെ ഭിത്തിയിലേക്ക് മുഖം ചേർത്തു നിന്നു കണ്ണീർ വാർത്തതും പുറകിൽ നിന്നും ചുമലിലേക്ക് ഒരു കര സ്പർശം ഉണ്ടായി.. ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story