ഏഴാം ബഹർ: ഭാഗം 73

ezhambahar

രചന: SHAMSEENA FIROZ

"എടീ...എഴുന്നേൽക്ക്..സ്റ്റേഷൻ എത്തി.." തന്റെ തോളിൽ തല ചായിച്ചുറങ്ങുന്ന അവളെ കവിളിൽ തട്ടി വിളിച്ചു അവൻ.. "മ്മ്..ഉറങ്ങിപ്പോയി.. " അവൾ ഉറക്കം വിട്ടു മാറാത്ത കണ്ണുകൾ മടിയോടെ തുറന്നിട്ട്‌ അവനെ നോക്കിയൊന്നു ചിരിച്ചു.. "ഉറങ്ങിയതാണെന്ന് മനസ്സിലായി.. അതുകൊണ്ടല്ലേ വിളിച്ചുണർത്തിയത്.." "ഓ...അറിഞ്ഞില്ല.. " അവൾ മുഖം തിരിച്ചു കളഞ്ഞിട്ടു എഴുന്നേറ്റു കോട്ടു വായയിട്ട് കൈ രണ്ടും നിവർത്തി പൊട്ടിച്ചു.. "ഏതു നേരം നോക്കിയാലും ഉറക്കവും ക്ഷീണവും..നിന്നെ ഗർഭിണിയായിരിക്കുന്ന പത്തു മാസക്കാലവും നിന്റെ ഉമ്മ ഉറക്കത്തിൽ ആയിരുന്നോ.. അതോണ്ടാണോടീ നീയിങ്ങനെ..? " "ഉമ്മയല്ല.. ഞാനായിരുന്നു ഉറക്കത്തിൽ..ഉമ്മാന്റെ വയറ്റിൽ കിടന്ന്.. " അവൾ പല്ല് ഇളിച്ചു കാണിച്ചു.. "ഭാര്യ ഇന്ന് നല്ല തമാശയാണല്ലോ.. എന്താ കാര്യം...? " "ചുമ്മാ..നീ ഏതായാലും തമാശയൊന്നും പറയേമില്ല.. ചിരിക്കേമില്ലാ..ഏതു നേരവും എയർ ആണല്ലോ..അപ്പോ പിന്നെ ഞാൻ തന്നെ സ്വയം വല്ലതും പറഞ്ഞു ചിരിക്കാമെന്ന് വിചാരിച്ചു..അല്ല..നീയെന്താ എണീക്കാത്തേ..ഇറങ്ങാനുള്ള ഭാവമൊന്നുമില്ലേ..എന്താ അമൻ.. ടെൻഷൻ ആണോ..? " അവൻ അല്ലെന്ന് തലയാട്ടിക്കൊണ്ട് ബാഗും എടുത്തു എണീറ്റു..

"നുണ പറയണ്ട..നിന്റെ മുഖം കണ്ടാൽ എനിക്കറിയാം ടെൻഷൻ ഉണ്ടെന്ന്..ഒരുപാട് വർഷം കഴിഞ്ഞില്ലേ..ഉമ്മാനെ എങ്ങനെ ഫേസ് ചെയ്യുമെന്നും ഉമ്മ എങ്ങനെ പ്രതികരിക്കുമെന്നൊക്കെയല്ലേ നിന്റെ മനസ്സിൽ..ടെൻഷൻ ആവണ്ട അമൻ..ഉമ്മാക്ക് സന്തോഷമാകും നിന്നെ കാണുമ്പോൾ..നിന്റെ ഈ വരവ് വർഷങ്ങളായി പ്രതീക്ഷിക്കയാവും.." "എന്നേക്കാൾ ടെൻഷൻ നിനക്ക് ഉണ്ടെന്ന് എനിക്കറിയാം..എന്തിനാ അത് മറച്ചു പിടിച്ചു എന്നെ സമാധാനിപ്പിക്കുന്നത്..ആദ്യം നീ നിന്റെ മനസ്സിനെ സമാധാനിപ്പിക്ക്.. എന്നിട്ടു മതി എന്നെ.. " "എനിക്ക് ഒന്നും ഇല്ല..ഒരു ടെൻഷനോ പേടിയോ ഒന്നും ഇല്ല അമൻ..കാരണം നീയില്ലേ എന്റൊപ്പം..റമിയുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടി ഒരുവട്ടം കൂടി ബാംഗ്ലൂർ നഗരത്തിലേക്ക് വരണമെന്ന് അതിയായി ആഗ്രഹിച്ചു ഞാൻ..ആ ആഗ്രഹം പോലെ ഇന്ന് ഇതാ വന്നിരിക്കുന്നു.. എന്റൊപ്പം ഉള്ളത് ആ ഉമ്മയുടെ മകൻ മാത്രമല്ല..എന്റെ ഭർത്താവ് കൂടിയാ..പിന്നെ ഞാൻ എന്തിന് പേടിക്കണം..സന്തോഷമേയുള്ളൂ എനിക്ക്.. " അവൾ നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു..അവൻ ഒന്നും പറഞ്ഞില്ല..അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒന്നു ചുംബിച്ചു..എന്നിട്ടു വാന്നും പറഞ്ഞു അവളെയും കൂട്ടി ട്രെയിനിന്നിറങ്ങി..

"അമൻ..ദേ മുന്നാ.. " രണ്ടുപേരെയും കാത്തു മുന്ന സ്റ്റേഷനിൽ നിൽപ് ഉണ്ടായിരുന്നു. അവനെ കണ്ടു ലൈല കൈ ചൂണ്ടി..താജ് അവളെയും പിടിച്ചു അങ്ങോട്ട്‌ പോകുമ്പോഴേക്കും മുന്ന ചിരിച്ചോണ്ട് ഇങ്ങോട്ട് വന്നിരുന്നു.. "എത്ര നേരം ആയെടാ നോക്കി നിക്കുന്നു...ഒന്നും വേഗം വന്നൂടെ.." "ട്രെയിൻ എത്തുമ്പോഴല്ലേ എത്താൻ പറ്റുള്ളൂ..അതിന് മുന്നേ എത്തണമെങ്കിൽ നീ വല്ല പ്ലെയിനും അയക്കണമായിരുന്നു.." അവൾ ഹല്ലപിന്നെന്നുള്ള ഭാവത്തിൽ മുന്നയെ പുച്ഛിച്ചു കളഞ്ഞു.. "അതല്ല ഞാൻ പറഞ്ഞത്..ട്രെയിൻ വന്നു നിന്നിട്ട് നേരം എത്രയായി.. ഇപ്പോഴാണോ ഇറങ്ങുന്നേന്നാ..? അതെങ്ങനെയാ.. അതിന്റെ അകത്തുന്നും തല്ലുണ്ടാക്കിയിട്ടുണ്ടാകും..അല്ലേ..? " "ഞങ്ങൾ തല്ലുണ്ടാക്കുന്നത് നീ കണ്ടോ..? കണ്ടോന്ന്..? " അവൾ മുന്നയെ തുറുക്കനെ നോക്കി.. "വന്നു ഇറങ്ങിയില്ല..അതിന് മുന്നേ തുടങ്ങി പെണ്ണ്..നിന്റെ ഈ വായ വെച്ചു നീ നാടോ നാറ്റിച്ചു..ഇനി ഈ ബാംഗ്ലൂരും കൂടെ നാറ്റിക്കല്ലേ.. " "ഒന്നു പോടാ അവിടെന്ന്.. ബാംഗ്ലൂരിൽ ഞാൻ കളിച്ചത്ര കളിയൊന്നും നീ കളിച്ചിട്ടില്ല.. ഇവിടെ കഴിഞ്ഞിട്ടാ ഞാൻ നാട്ടിലേക്കു പോയത്..സോ ഇത് ബാംഗ്ലൂരാണ് ബോംബെയാണുന്നൊക്കെ പറഞ്ഞു നീയെന്നെ ഒതുക്കാൻ വരണ്ട.. കേട്ടോടാ ഭാവി ഐഎസുകാരാ.. " "മിനിയാന്ന് ഒരെണ്ണത്തിൽ നിർത്തണ്ടായിരുന്നു താജ്..ഒരു നാലഞ്ചണ്ണം ആഞ്ഞു പൊട്ടിക്കാമായിരുന്നു.."

മുന്ന താജ്നോട് പറഞ്ഞു.താജ് അവളുടെ വർത്താനമൊക്കെ കേട്ടു ചെറു ചിരിയോടെ നിൽപ് ആയിരുന്നു. "ദിവസങ്ങൾ അങ്ങോട്ട്‌ നീണ്ടു നിവർന്നു കിടക്കുവല്ലേ ടാ.. ആവശ്യത്തിനുള്ളതു സമയാ സമയം മരുന്ന് പോലെ കൊടുത്തോളാം ഞാൻ.. " "ഓ..പിന്നെ..നീയെന്നെ ഒലത്തും.. നീ തരുമ്പോൾ എന്റെ കൈ എന്തെടാ മാങ്ങ പറിക്കാൻ പോകുമോ.. " അവൾ മുന്നയെ വിട്ടു താജ്ന്റെ നേരെ തിരിഞ്ഞു.. "എന്റെ റബ്ബി..എങ്ങനെ സഹിക്കുന്നെടാ നീ ഇതിനെ.." മുന്ന തലയ്ക്ക് കൈ കൊടുത്തു പോയി.. "ദേ..രാവിലെ തന്നെ രണ്ടും കൂടെ എന്റെ ബിപിയും ഷുഗറും കൂട്ടാൻ നിക്കല്ലേ..എനിക്ക് വിശക്കുന്നു.. കഴിക്കാൻ വല്ലതും വാങ്ങിച്ചു താ.." അവൾ വയറും തടവി ചിണുങ്ങിക്കൊണ്ട് രണ്ടിനെയും ഒട്ടി.. "വാ...ഇവിടെ അടുത്ത് റെസ്റ്റോറന്റ് ഉണ്ട്..അവിടെ കയറാം.." മുന്ന താജ്നെയും അവളെയും കൂട്ടി നടന്നു.. ** "നീ വരുന്നുണ്ടോ ഞങ്ങൾക്കൊപ്പം..?" കഴിക്കാൻ വേണ്ടി കൈ കഴുകി വന്നിരുന്നപ്പോൾ അവൾ മുന്നയോട് ചോദിച്ചു.. "മ്മ്..ഉണ്ട്.. " "വരുന്നുണ്ടേൽ പിന്നെന്തിനാ അഡ്രെസ്സ് സെൻറ് ചെയ്തത്.. നീ വരുന്നില്ലന്നാണല്ലോ ഇവൻ പറഞ്ഞത്.. " "ലീവ് ഇല്ലാത്തോണ്ട് അവിടുന്ന് പുറത്ത് ചാടാൻ പ്രയാസമാ.. അതോണ്ട് വരുന്നില്ലന്ന് തന്നെയാ ഇവനോട് പറഞ്ഞത്..പിന്നെ നിങ്ങൾ രണ്ടുപേരും മാത്രം പോകുമ്പോൾ..

അത് ശെരി ആകില്ലന്ന് തോന്നി.. അതാ ഞാനും കൂടെ വരാമെന്നു തോന്നി.. " "അതെന്താ ഞങ്ങളു മാത്രം പോയാൽ ശെരിയാവാത്തത്.. വേറെ എവിടേക്കും അല്ലല്ലോ.. ഇവന്റെ ഉമ്മയുടെ അടുത്തേക്ക് അല്ലേ.. " "അതുകൊണ്ട് തന്നെയാ ശെരി ആകില്ലന്ന് പറഞ്ഞത്..ഇവനെയും ഇവന്റെ ഉമ്മയെയും നിനക്ക് അറിയാത്തത് ഒന്നും അല്ലല്ലോ ലൈല..രണ്ടാളും ഒരേ സ്വഭാവമാ.. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടാണ് കാണുന്നത് എങ്കിലും ഇവനും വിട്ടു കൊടുക്കില്ല, ഉമ്മയും വിട്ടു കൊടുക്കില്ല..വീണ്ടും വാശി കാണിച്ചു കാര്യങ്ങൾ അവിടെയും ഇവിടെയും തൊടാതെ പോകും..നീ ഇവന്റെയൊപ്പം ഉള്ളത് ഉമ്മാക്ക് പറയാൻ ഒരു കാരണം കൂടെയായി..നിന്നെ എന്തേലുമൊക്കെ പറഞ്ഞു കുറ്റപ്പെടുത്തും..അപ്പോ നിനക്ക് കരയാനേ നേരം കാണുള്ളൂ.. സംസാരിച്ചു രണ്ടുപേരെയും കൂട്ടി ചേർക്കാൻ നിനക്ക് പറ്റിയെന്ന് വരില്ല..അതുകൊണ്ടാ ഞാനും നിങ്ങടെ ഒന്നിച്ച് വരാമെന്ന് തീരുമാനിച്ചത്.. " മുന്ന കാര്യം വ്യക്തമാക്കി കൊടുത്തു..താജ് ഒന്നും മിണ്ടിയില്ല.. എല്ലാം വരുന്നിടത്തു വെച്ചു കാണാമെന്നുള്ള ഭാവത്തിൽ ഇരുന്നു.ലൈല മുന്നയ്ക്ക് ഒന്നു മൂളി കൊടുത്തിട്ടു വേഗം മുന്നിൽ നിരത്തിയിരിക്കുന്ന ഭക്ഷണത്തിലേക്ക് ശ്രദ്ധ ചെലുത്തി.. **

താജ് ബംഗ്ലാവിനോളം പ്രൗഡിയുള്ള ഒരു വലിയ വീട്ടു മുറ്റത്താണ് ടാക്സി വന്നു നിന്നത്..മൂവരും ഇറങ്ങി ചുറ്റും നോക്കി.. ആദ്യമായിട്ട് വരുന്നത് കൊണ്ട് താജ്നു ആ വീടിനോട് മാത്രമല്ല, സ്ഥലത്തിനോടു തന്നെ പുതുമ തോന്നി..എന്നാൽ പഴയതിൽ നിന്നും ഒരുമാറ്റവും പുതുതായി ഉണ്ടായിട്ടില്ല എന്നാണ് മുന്നയ്ക്കും ലൈലയ്ക്കും തോന്നിയത്.. ലൈലയുടെ കണ്ണുകൾക്കൊപ്പം കാലുകളും അതിവേഗം ഗാർഡനിലേക്ക് എത്തി..പുഷ്പിച്ചു നിൽക്കുന്ന ഓരോ പൂക്കളിലും അവൾ റമിയുടെ മുഖം കണ്ടു.. അവിടെത്തെ കാറ്റിനു പോലും റമിയുടെ ഗന്ധമാണെന്ന് അവൾ അറിഞ്ഞു..കണ്ണ് നിറയാൻ താജ് അനുവദിച്ചില്ല..വേഗം വന്നു അവളെ ചേർത്തു പിടിച്ചു വീടിന്റെ സീറ്റ്‌ ഔട്ടിലേക്ക് കയറി..മുന്നയാണ് കാളിങ് ബെല്ല് അടിച്ചത്.മൂന്നു പേരും നെഞ്ചിടിപ്പോടെ നിന്നു.. ആരെ കാണാൻ ആഗ്രഹിച്ചാണോ വന്നത്, അവർ തന്നെ വന്നു വാതിൽ തുറന്നു.. അതേ.. മുംതാസ്.. താജ്ന്റെയും റമിയുടെയും ഉമ്മാ.. പ്രായം നാല്പത്തി അഞ്ചിനോട് അടുത്തെങ്കിലും അതൊന്നും ശരീര സൗന്ദര്യത്തെയോ നിറത്തെയോ ആരോഗ്യത്തെയോ ബാധിച്ചിട്ടില്ല.. ഇന്നും ആ യൗവനത്തിന്റെ തുടിപ്പോടെ നിൽക്കുന്നു..എന്നാലും പഴയതിനേക്കാൾ ക്ഷീണതയാണ് അവരെന്നും ആ പഴയ പ്രസരിപ്പിന് കുറവ് വന്നിട്ടുണ്ടെന്നും തോന്നി അവൾക്ക്..അത് റമിയെ നഷ്ടപ്പെട്ടു പോയതിനാലാവാം എന്നും ഊഹിച്ചു അവൾ..മൂന്ന് പേരും ഒരുനിമിഷം ഉമ്മയെ നോക്കി നിന്നു.. "ഉമ്മാ.. "

മുന്ന അതീവ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിച്ചു..ആ വിളി അവരുടെ മനസ്സിൽ കൊണ്ടില്ല..കാരണം ആ നെഞ്ച് കരിങ്കല്ല് ആയിരുന്നു.അവിടം സ്നേഹമില്ല..ദയയില്ല..പകരം ഒരിക്കലും തീരാത്ത വെറുപ്പും ദേഷ്യവുമായിരുന്നു..ലൈലയെ കണ്മുന്നിൽ കണ്ടപ്പോഴേ ആ മുഖം വലിഞ്ഞു മുറുകി കണ്ണുകൾ ചുവന്നിരുന്നു.അവളാ നോട്ടം നേരിടാൻ ആവാതെ കുറ്റബോധത്തോടെയും അതിലേറെ സങ്കടത്തോടെയും മുന്നയുടെ പുറകിലേക്ക് നീങ്ങി നിന്നു.. "ഉമ്മാ..ഞങ്ങളു വന്നത്..... " മുന്നയ്ക്ക് എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു..വാക്കുകൾക്ക് വേണ്ടി പരതി അവൻ.. "ഉമ്മയോ..? ആരുടെ ഉമ്മ..? റമിയുള്ള കാലത്തു തന്നെ നീയും ഇവളുമൊക്കെ ഇവിടെ വരുന്നതിൽ എനിക്ക് യോജിപ്പില്ലായിരുന്നു... എന്നിട്ടാണ് ഇപ്പോൾ..എന്റെ മുന്നിൽ വന്നു നിൽക്കാനും എന്നെ ഉമ്മയെന്നു വിളിക്കാനും എങ്ങനെ ധൈര്യം ഉണ്ടായി നിനക്ക്.. രണ്ടിനെയും കണ്മുന്നിൽ കാണുന്നതേ വെറുപ്പാ എനിക്ക്.. എന്തിന് വന്നു, എങ്ങനെ വന്നെന്നുമൊന്നും പറഞ്ഞു ബുദ്ധിമുട്ടണ്ട..ഒന്നും കേൾക്കണ്ട എനിക്ക്..താല്പര്യമില്ല..ഒപ്പം സമയവും..നിങ്ങൾക്ക് പോകാം.. പോകാം എന്നല്ല..പൊക്കോണം.. ഈ നിമിഷം ഇറങ്ങിക്കോണം.. എന്റെ വീട്ടിന്ന് മാത്രല്ല, വീട്ടു വളപ്പിൽ നിന്നു തന്നെ... "

അവരുടെ വാക്കുകൾ കടുകട്ടിയായിരുന്നു..മുന്നയുടെ മുഖത്ത് നോക്കി ഉറച്ച ശബ്ദത്തോടെ പറഞ്ഞു.. "പൊയ്ക്കോളാം.. വന്ന കാര്യം പറഞ്ഞിട്ട് ഈ നിമിഷം തന്നെ പൊക്കോളാം ഇവിടുന്ന്.. ദയവു ചെയ്തു അത് കേൾക്കാനുള്ള മനസ് കാണിക്കണം..ഞങ്ങളു വന്നത് എന്തിനാണെന്ന് അറിയാമോ..? ആരേം കൊണ്ടാ വന്നിരിക്കുന്നേന്ന് അറിയാമോ..ഇത്..ഇത് ഉമ്മാന്റെ മകനാ..വർഷങ്ങൾക്ക് മുന്നേ ഉമ്മ ഉപേക്ഷിച്ചു വന്ന ഉമ്മാന്റെ ആ മകൻ..അമൻ..ഉമ്മാന്റെ റമിക്കൊപ്പം തന്നെ ഉമ്മ ജന്മം നൽകിയ ഉമ്മാന്റെ അതേ മകൻ.. " തന്റെ സൈഡിൽ നിൽക്കുന്ന താജ്നെ പിടിച്ചു മുന്ന ഉമ്മാന്റെ മുന്നിലേക്ക് നിർത്തിച്ചു.. അന്നേരമാണ് അങ്ങനൊരാൾ അവർക്ക് ഒപ്പം ഉണ്ടെന്ന് ഉമ്മ ശ്രദ്ധിക്കുന്നതും ആ മുഖത്തേക്ക് നോക്കുന്നതും..ഉമ്മ ഒരുനിമിഷം തരിച്ചു നിന്നു..അനേകായിരം ഭാവങ്ങൾ മുഖത്ത് മിന്നി മറഞ്ഞു.. കണ്ണ് എടുക്കാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.ആ ചാര കണ്ണുകളും നുണക്കുഴികളും മതിയായിരുന്നു ഉമ്മാക്ക് അവനെ തിരിച്ചറിയാൻ.. പക്ഷെ താജ്നു ഒരു ഭാവ മാറ്റവും ഉണ്ടായില്ല..

ഉമ്മ ഇന്നും ആ പഴയ അഹങ്കാരിയാണെന്ന് അവർ മുന്നയോട് സംസാരിച്ച രീതിയിൽ നിന്നും ധരിച്ചിരിക്കുന്ന വില കൂടിയ സാരിയിൽ നിന്നും ആഭരണങ്ങളിൽ നിന്നുമൊക്കെ അവനു മനസ്സിലായിരുന്നു.. "സത്യമാണ് ഉമ്മ..ഇത് ഉമ്മാന്റെ അമൻ തന്നെയാ..മരിക്കുന്നതിന് മുൻപേ റമി ആഗ്രഹം പറഞ്ഞിരുന്നു ഉമ്മനെയും ഇവനെയും ഒരുമിപ്പിക്കണമെന്ന്..ഇവിടുന്ന് നാട്ടിലേക്ക് പോയ ഞാനും ഇവളും ഇവനെ അന്വേഷിക്കുകയായിരുന്നു.. ഒരുപാട് അലച്ചിലിനു ശേഷമാ കണ്ടെത്തിയത്...കണ്ടുമുട്ടാൻ തുടക്കത്തിലെ കണ്ടുമുട്ടിയിരുന്നു ഞങ്ങൾ ഇവനെ..പക്ഷെ ഇവനാണ് റമി പറഞ്ഞയാളെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു..അത് തിരിച്ചറിയുമ്പോഴേക്കും ഇവന്റെ കല്യാണം കഴിഞ്ഞിരുന്നു..അതും ലൈലയുമായിട്ട്..അതെ ഉമ്മ.. ലൈല ഇന്ന് ഉമ്മാക്ക് റമി സ്നേഹിച്ചിരുന്ന പെണ്ണ് മാത്രമല്ല, ഇവന്റെ ഭാര്യ കൂടിയാണ്.. സത്യം പറഞ്ഞാൽ ഇതും റമിയുടെ ആഗ്രഹമായിരുന്നു.. ഇവർ രണ്ടുപേരും ഒന്നു ചേരണമെന്ന്.. അന്ന് ഉമ്മാനെ പരിചയപ്പെടുത്താൻ വേണ്ടി റമി ഇവളെ ഈ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നില്ലേ.. അന്ന് അവനെന്താ പറഞ്ഞത്..ഇവൾ ഉമ്മാന്റെ മരുമകൾ ആണെന്നല്ലേ.. ആണ്..അന്ന് അവനത് പറഞ്ഞത് ഉറച്ചു തന്നെയാ..ഇന്ന് ഇവൾ ഉമ്മാക്ക് മരുമകളാ.

.ഉമ്മാനെ നാട്ടിലേക്ക് കൂട്ടി കൊണ്ട് പോകാനാ ഞങ്ങളു വന്നത്..." എന്ന് മുന്ന പറഞ്ഞു തീർന്നില്ല..അതിന് മുന്നേ തന്നെ ഉമ്മ മുന്നയുടെ പുറകിൽ നിൽക്കുന്ന അവളെ പിടിച്ചു വലിച്ചു മുന്നിലേക്ക് ഇട്ടു.എന്നിട്ടു അവളുടെ കഴുത്തിലേക്ക് നോക്കി..രണ്ടെണ്ണം കണ്ടു..ഒന്നു റമിയുടെ മാല.മറ്റൊന്ന് താജ്ൻറെ പേര് കൊത്തി വെച്ചിരിക്കുന്ന മഹർ മാല.. അവരുടെ സിരകളിലെ രക്തം തിളച്ചു മറിഞ്ഞു.കൈ ഉയർത്തി അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചു. "എന്റെ ഒരു മകനെ കൊലയ്ക്ക് കൊടുത്തു...ഇനി ഇവനെയും വേണോ നിനക്ക്..എന്റെ റമിയെ കൊന്നു തള്ളിയത് പോലെ ഇവനെയും കൊന്നു തള്ളണമോ നിനക്ക്..ഇവനെക്കൂടെ കുരുതി കൊടുത്തിട്ടേ അടങ്ങു നീ..ഇല്ലടി.. സമ്മതിക്കില്ല നിന്നെ ഞാൻ അതിന്.. അവൻ പോയപ്പോൾ അവന്റെ സഹോദരൻ..കൊള്ളാം നീ.. പ്രണയിക്കുമ്പോൾ നീ പറഞ്ഞു ആത്മാർത്ഥമായിട്ടാ പ്രണയിക്കുന്നതെന്ന്..ഇതാണോടീ നിന്റെ ആത്മാർത്ഥത..റമിയുടെ ജീവൻ പൊലിഞ്ഞു പോകുമ്പോഴേക്കും നാട് വിട്ടു പോയി വേറെ കല്യാണം കഴിച്ചിട്ട് വന്നിരിക്കുന്നു..അതും വേറെ വല്ലവനെയുമാണോ..അവന്റെ ചോരയെ തന്നെയല്ലേ..ഇവനെ കൂടെ നഷ്ടപ്പെടുത്താൻ ഒരുക്കമല്ല ഞാൻ.. ഇപ്പൊ ഇവിടുന്നു ഈ നിമിഷം അവസാനിപ്പിച്ചോണം നീയെന്റെ ഈ മകനുമായിട്ടുള്ള ബന്ധം.. അഴിക്കടീ മഹർ.. "

എന്ന് അലറിക്കൊണ്ട് അവർ അവളുടെ മഹർ മാല വലിച്ചു പൊട്ടിക്കാൻ നോക്കിയതും അവൾ വേണ്ടാന്നും പറഞ്ഞു കരഞ്ഞോണ്ട് മഹറിൽ പിടി മുറുക്കി.. "വിടെടി..എന്റെ മരുമകൾ ആകുന്നത് പോയിട്ട് എന്റെ കൺവെട്ടത്തു നിൽക്കാനുള്ള അർഹത പോലും നിനക്കില്ല.. എന്റെ മാത്രമല്ല.. എന്റെ കുടുംബത്തിന്റെയും.. കൊലപാതകിയാ നീ.. എന്റെ മകന്റെ കൊലപാതകി.. കൈ എടുക്കടി.. " അവർ വീണ്ടും അവളുടെ മുഖത്തേക്കടിക്കാൻ കൈ വീശിയതും താജ്ന്റെ കൈ അവരുടെ കയ്യിൽ പിടുത്തമിട്ടു.. "തൊട്ടു പോകരുത് ഇവളെ.. ഇനി ഒരുവട്ടം കൂടെ നിങ്ങളുടെ കൈ ഇവളുടെ മേലേ പതിഞ്ഞാൽ ഈ താജ് ആരാണെന്നു നിങ്ങൾ അറിയും.. " അവൻ വർധിച്ച ദേഷ്യത്തോടെ അവരുടെ കൈ വിട്ടു കളഞ്ഞു.. "അമൻ.. " അവർ വിശ്വാസം വരാതെ അവനെ നോക്കി.. "നോ..അമൻ അല്ല..താജ്..ഞാൻ എന്റെ ഡാഡ്ന്റെ മകനാ...അന്ന് മാത്രമല്ല..ഇന്നും.. ഇന്നും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല..സോ കാൾ മി താജ്.." "അമൻ.. വേണ്ട..ഒരു വഴക്ക് വേണ്ട.. അതിനല്ല ഞങ്ങളു ഇവിടേക്ക് വന്നത്..എന്നെയല്ലേ.. പറഞ്ഞോട്ടെ.. എത്ര വേണേലും പറയേം അടിക്കേമൊക്കെ ചെയ്തോട്ടെ.. അതൊക്കെ ഞാൻ അർഹിക്കുന്നുണ്ട്..നീ ഇടപെടണ്ടാ ഇതിൽ..നീയും ഉമ്മയും തമ്മിൽ ഒന്നും വേണ്ട..സ്നേഹമല്ലാതെ മറ്റൊന്നും വേണ്ട നിങ്ങൾക്ക് ഇടയിൽ..അതിനല്ല ഈ വരവ്.. "

അവൾ കണ്ണ് നിറച്ചോണ്ട് അവന്റെ കയ്യിൽ പിടിച്ചു.. "എന്ത് വേണ്ടാന്ന്..മിണ്ടരുത് നീ.. എനിക്കറിയാം എന്ത് വേണമെന്നും എന്ത് വേണ്ട എന്നും..അടി കൊള്ളാൻ നല്ല സുഖമാണേൽ നിനക്ക് ഞാൻ തരാം..ഒന്നും രണ്ടുമൊന്നുമല്ലാ..ഒരു നൂറെണ്ണം തന്നെ ഒന്നിച്ച് തരാം..വീട്ടിൽ എത്തട്ടെ..ഇപ്പം നീ അങ്ങോട്ട്‌ മാറി നിക്ക്..തല്ലു വാങ്ങിക്കാൻ അല്ല നിന്നേം കൊണ്ട് ഞാൻ ഇങ്ങോട്ട് വന്നത്..ഇതൊക്കെ കേൾക്കാനും കൊള്ളാനും അർഹയാണ് ഞാനെന്നു പറഞ്ഞല്ലോ നീ..അതെന്ത് അർത്ഥത്തിലാണെന്ന എനിക്ക് മനസ്സിലാകാത്തത്..നീ അവനെ സ്നേഹിച്ചു പോയി.അവൻ നിന്നെയും..അതാണോ നീ ചെയ്ത തെറ്റ്..അതിനാണോ ഇവരുടെ ഈ അലർച്ചയും അപമാനവുമൊക്കെ നീ സഹിക്കുന്നത്..മാറി നിക്കടി അങ്ങോട്ട്‌.." അവൻ അവളെ പിടിച്ചു മാറ്റി നിർത്തി..എന്നിട്ടു അവരുടെ നേരെ തിരിഞ്ഞു.. "ഇനി നിങ്ങളോട് ചോദിക്കട്ടെ.. ഇത്തിരി മുന്നേ മകൻ എന്ന് വിശേഷിപ്പിച്ചല്ലോ എന്നെ..എന്ന് തൊട്ടാ ഞാൻ നിങ്ങൾക്ക് മകൻ ആയത്..എനിക്ക് ഇങ്ങനൊരു മകൻ ഇല്ലെന്നും പറഞ്ഞു കൊല്ലങ്ങൾക്ക് മുന്നേ ഉപേക്ഷിച്ചു വന്നത് അല്ലേ എന്നെ..എനിക്ക് ബുദ്ധിയും വിവേകവും ഉറക്കാത്ത ആ കാലത്താ നീയെനിക്കും എന്റെ കരിയറിനും അപമാനമാണെന്നുമൊക്കെ ഈ മുഖത്ത് നോക്കി ഒരു മടിയും കൂടാതെ വിളിച്ചു പറഞ്ഞിട്ട് നിങ്ങളാ വീടിന്റെ പടി ഇറങ്ങിപ്പോയത്..

ഒരിക്കലും ഡാഡ് നിങ്ങളോട് പോകാൻ പറഞ്ഞിട്ടില്ല.. ഒരു കുറവും നിങ്ങൾക്ക് ആ വീട്ടിൽ വരുത്തിയിട്ടില്ല..സ്നേഹിച്ചിട്ടേ ഉള്ളു..നിങ്ങളും റമിയും എന്നും കൂടെ വേണമെന്ന് ഞാനും ഡാഡും ആഗ്രഹിച്ചിരുന്നു.. എന്നിട്ടും നിങ്ങൾ എന്നെയും ഡാഡ്നെയും അറിയാതെ, ഞങ്ങടെ മനസ്സറിയാതെ നിസ്സാരമായി അവിടുന്ന് ഇറങ്ങി കളഞ്ഞില്ലേ..റമിയെയും ഒപ്പം കൂട്ടി എന്നെയും അവനെയും അകറ്റിയില്ലേ..? ഒരുമ്മയുടെ സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല..ആ വാത്സല്യം ഞാൻ അനുഭവിച്ചിട്ടില്ല.. സ്വന്തം ഉമ്മ ജീവിച്ചിരിപ്പുണ്ടായിട്ടും അതൊക്കെ എനിക്ക് നിഷേധിക്കപ്പെട്ടു..നിങ്ങടെ അഹങ്കാരം അതൊക്കെ നിഷേധിപ്പിച്ചു..എന്നുകരുതി ഡാഡ് എനിക്കൊരു കുറവും വരുത്തിയിട്ടില്ല..ഒരേസമയം മമ്മയുടെയും ഡാഡ്ന്റെയും സ്നേഹം പതന്മടങ്ങായി തന്ന് എന്നെ എന്റെ ഇഷ്ടത്തിലൂടെയും സന്തോഷത്തിലൂടെയും വളർത്തി വലുതാക്കി..നിങ്ങളെയും റമിയെയും ഓർക്കാത്ത ഒരുദിവസം പോലും ഡാഡ്ന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. നിങ്ങളെ പ്രതീക്ഷിക്കാത്ത ദിവസങ്ങൾ ഇല്ല.. അപ്പോ ഞാൻ വിചാരിച്ചു നിങ്ങളും എന്നെയും ഡാഡ്നെയും ഓർക്കുന്നുണ്ടാകും കാത്തിരിക്കുന്നുണ്ടാകുമെന്നൊക്കെ...ഇവിടെ വന്നു ട്രെയിൻ ഇറങ്ങുമ്പോഴേക്കും ഇവള് പറഞ്ഞത് അങ്ങനെയാ..

എന്നെ കാണുമ്പോൾ നിങ്ങൾ സന്തോഷിക്കുമെന്ന്..ഇല്ല..തെറ്റിപ്പോയി..ഞങ്ങൾക്ക് തെറ്റിപ്പോയി.. നിങ്ങൾ ഇന്നും മാറിയിട്ടില്ലന്ന് മനസ്സിലാക്കാൻ ഞങ്ങളു വൈകിപ്പോയി..റമിയുടെ മരണമാണ് ഇപ്പോഴത്തെ പ്രശ്നമെങ്കിൽ അതിന് ഇവളെന്തു പിഴച്ചു.. നിങ്ങൾക്ക് മാത്രമാണോ അതിൽ സങ്കടമുള്ളത്..ഞങ്ങൾക്ക് ഒന്നും അതിൽ സങ്കടമില്ലേ.. ഉണ്ട്.. ഒരുപക്ഷെ നിങ്ങളെക്കാൾ കൂടുതൽ.. കാരണം നിങ്ങളെക്കാൾ ഏറെ അവനെ ഇവൾ സ്നേഹിച്ചിരുന്നു.. അതിന്റെ തെളിവാ ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിൽ ഉള്ളത്..ഇവൾ ഉള്ളത് കൊണ്ട് മാത്രം ഞാൻ അറിഞ്ഞു ഇന്ന് റമി ഈ ലോകത്ത് ഇല്ലെന്ന കാര്യം..നിങ്ങൾ ഒറ്റയ്ക്ക് ആണെന്ന കാര്യം..എല്ലാം അറിഞ്ഞിട്ട് കൂട്ടി കൊണ്ട് പോകാൻ വന്നതാ..പക്ഷെ നിങ്ങൾ..." അവൻ പകുതിയിൽ വെച്ചു നിർത്തി കളഞ്ഞു..ഇനി വല്ലതും പറഞ്ഞാൽ അത് കൂടി പോകുമെന്ന് അറിയാം... "അതേ..ഞാൻ തന്നെയാ..മുംതാസ്.. ആ പഴയ മുംതാസ്..ഇന്നും മാറിയിട്ടില്ല..ഇനിയൊരിക്കലും മാറാൻ ഉദ്ദേശിച്ചിട്ടുമില്ല..നീയും മാറിയിട്ടില്ലല്ലോ..പിന്നെ ഞാൻ എന്തിന് മാറണം.നിനക്ക് ഇന്നും വലുത് നിന്റെ ഡാഡ് ആണല്ലോ.. അങ്ങനെയുള്ള നിനക്ക് വേണ്ടി ഞാൻ എന്തിന് കാത്തിരിക്കണം.. നിന്നെ ഞാൻ എന്തിന് പ്രതീക്ഷിക്കണമായിരുന്നു..

നിന്റെ മുഴുവൻ സ്നേഹവും നിന്റെ ഡാഡ്നോടാണ്..ജീവിതത്തിൽ എന്നെ നിസ്സാരമാക്കി കളഞ്ഞ ആ മനുഷ്യനോട്..അങ്ങനെയുള്ള നിന്നെയാണോ ഞാൻ സ്നേഹിക്കേണ്ടത്.ഡാഡ് കഴിഞ്ഞിട്ട് എങ്കിലും നിന്റെ മനസ്സിൽ ഒരു സ്ഥാനം എനിക്ക് ഉണ്ടാകുമെന്ന് ഞാൻ ധരിച്ചു..പക്ഷെ ഇല്ല..അവിടെ ഇപ്പൊ ഇവളാണ്..ഈ കൊലപാതകി..നിനക്ക് വലുത് ഇവരൊക്കെയാണ്..റമിക്കു വേണ്ടി ഇവൾ പറഞ്ഞിട്ടാണ് നീയെന്നെ കാണാനും കൂട്ടി പോകാനും വന്നത്. അല്ലാതെ എന്നെ കാണാനുള്ള കൊതി ഉണ്ടായിട്ടൊ എന്നോട് സ്നേഹം ഉണ്ടായിട്ടൊ അല്ല.. അതുകൊണ്ട് ഇനി നീ ഇവിടെ നിൽക്കണമെന്ന് ഇല്ല..നിനക്ക് പോകാം..ഞാൻ ഒറ്റയ്ക്ക് ആണെന്നുള്ള ഒരു സിംബതിയും എന്നോട് വേണ്ട..നിന്റെയും നിന്റെ ഡാഡ്ന്റെയും പിന്നെ നിന്റെ ഭാര്യയെന്നു പറയുന്ന ഇവളുടെയും ഒരു ഔദാര്യവും എനിക്ക് വേണ്ട.. ഞാൻ ഇല്ല അവിടേക്ക്..ഒരു തിരിച്ചു വരവ് ഉണ്ടെന്ന് കരുതിയിട്ടല്ല അന്നാ വീടിന്റെ പടി ഇറങ്ങിയത്..അഥവാ ഉണ്ടെങ്കിൽ തന്നെ അത് നീ തിരിച്ചു വിളിച്ചിട്ട് ആയിരിക്കില്ല..നിന്റെ ഡാഡ് വിളിച്ചിട്ട് ആയിരിക്കണം..നാട്ടിൽ പണവും പ്രശസ്തിയും പദവിയുമെല്ലാം ഒരുപോലെയുള്ള മേയർ താജുദീൻ വിളിക്കണം എന്നെ..

അതായത് എന്റെ ഭർത്താവ് എന്ന് പറയുന്ന അയാൾ ഇവിടെ വന്നു എന്നെ തിരികെ വിളിച്ചാൽ മാത്രം ഞാൻ വരും ഇനി ആ വീട്ടിലേക്ക്..അല്ലാത്ത പക്ഷം ഒരുകാലത്തും അങ്ങോട്ട്‌ ഒരു മടക്കമുണ്ടാകില്ല എനിക്ക്.." "എന്ന് വെച്ചാൽ അന്ന് നിങ്ങൾക്ക് മുന്നിൽ താണ് തരാത്ത ഡാഡ് ഇന്ന്,, വർഷങ്ങൾക്ക് ഇപ്പുറം നിങ്ങൾക്ക് മുന്നിൽ താണ് തരണമെന്ന്..അല്ലേ..?" താജ്ന് ഒന്നാകെ വന്നിരുന്നു.. മുന്നിൽ നിൽക്കുന്നത് പെറ്റുമ്മയാണെന്ന ബോധത്തിൽ അവൻ സ്വയം നിയന്ത്രിച്ചു നിന്നു.. "അങ്ങനെയെങ്കിൽ അങ്ങനെ.. നിനക്ക് എന്ത് അർത്ഥം വേണമെങ്കിലും കണ്ടു പിടിക്കാം.. അതിനൊന്നും ഞാൻ പ്രാധാന്യം കൊടുക്കുന്നില്ല..പറയാൻ ഉള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു..എന്റെ കണ്ടിഷൻ അംഗീകരിക്കാൻ തയാറാണെങ്കിൽ അകത്തേക്ക് കയറാം..സെർവന്റിനോട് ഒരു കോഫിക്ക് ഓർഡർ ചെയ്യാം..നിനക്ക്..നിനക്ക് മാത്രം... ഇവർ രണ്ടുപേരും ഇവിടെ പുറത്ത് നിൽക്കട്ടെ..അകത്തേക്ക് കയറ്റുന്നതിൽ എനിക്ക് താല്പര്യമില്ല.. " "അല്ലെങ്കിലും ആര് കയറുന്നു.. ആർക്ക് വേണം നിങ്ങടെ സ്വീകരണവും സൽക്കാരവുമൊക്കെ..ഇവൾ എന്റെ ഭാര്യയാ..ഞാൻ മഹർ ചാർത്തി എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയവൾ.. ഇവനെൻറെ സുഹൃത്താ..അല്ല.. കൂട പിറപ്പ്..റമിയെ അങ്ങോട്ട്‌ വിളിക്കുമ്പോൾ പടച്ചോനെനിക്ക് ഇങ്ങോട്ട് തന്ന എന്റെ കൂടെ പിറക്കാതെ പോയ എന്റെ കൂടെ പിറപ്പ്..സത്യം പറഞ്ഞാൽ റമി എനിക്കായി കാത്ത് വെച്ച രണ്ടു നിധിയാ ഇവർ രണ്ടുപേരും..

അതുകൊണ്ട് ഇവർക്ക് കൊടുക്കാത്ത ഒരു സ്ഥാനമോ വിലയോ അംഗീകാരമോ സ്നേഹമോ ഒന്നും എനിക്ക് വേണ്ട.. നിങ്ങൾ പറഞ്ഞ കണ്ടിഷൻ നിങ്ങൾ ഇവിടെ ഇപ്പൊത്തന്നെ കുഴി കുത്തി മൂടിയേക്ക്..അതും അംഗീകരിച്ചു ഞാൻ ഡാഡ്നെയും കൂട്ടി വരുമെന്ന് നിങ്ങൾ സ്വപ്നം കണ്ടു ഇരിക്കേണ്ട.. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട.. അത്രതന്നെ.. പോകുവാ..ഇനി ഒരു കൂടി കാഴ്ച ഉണ്ടാകില്ല..ഉണ്ടാകാതെ ഇരിക്കട്ടെ...വാടി.. " അവൻ ലൈലയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി..അവൾ പോകാൻ കൂട്ടാക്കിയില്ല.. "വേണ്ട അമൻ..നമുക്ക് പോകണ്ട.. നിൽക്ക്..സംസാരിക്കാം..നീ ഒന്നു കൂൾ ആയി സംസാരിച്ചാൽ എല്ലാം ശെരിയാകും..നിന്റെ ഉമ്മ അല്ലെ.. പറയുന്നത് ഒന്ന് കേൾക്ക്..പ്ലീസ്.. ഉമ്മാനേം കൊണ്ട് പോകാം.. ഉപ്പാക്ക് നീ വാക്ക് കൊടുത്തത് അല്ലേ വരുമ്പോൾ മമ്മയും ഞങ്ങടെ ഒപ്പം ഉണ്ടാകുമെന്ന്...അത് മറന്നോ നീ..പ്ലീസ് അമൻ..ഒന്നു കണ്ട്രോൾ ചെയ് ഈ ദേഷ്യം.." എന്നൊക്കെ പറഞ്ഞു കരഞ്ഞോണ്ട് അവൾ നിൽക്കാനും അവനെ നിർത്തിക്കാനുമൊക്കെ നോക്കി..

പക്ഷെ അവന്റെ അടുത്ത് ഒന്നും നടന്നില്ല.. "ഇങ്ങോട്ട് കയറടീ.." എന്നും പറഞ്ഞു അവളെ ടാക്സിയിലേക്ക് വലിച്ചു കയറ്റി ഡോർ അടച്ചു.. "നിന്നോട് ഇനി പ്രത്യേകം പറയണോ..? " മുന്ന ആകെ തളർന്നതു പോലെ അവിടെ സീറ്റ് ഔട്ടിൽ തന്നെ നിൽപ് ആയിരുന്നു..താജ്ന്റെ അലർച്ച കേട്ടതും അവൻ അവസാന പ്രതീക്ഷയെന്നോണം ഉമ്മയെ ഒരുവട്ടം കൂടി നോക്കി..പക്ഷെ ആ നോട്ടം കാണാനോ അവരെയൊന്നും നോക്കാനോ ഉമ്മ നിന്നില്ല. അകത്തേക്ക് കയറി വാതിൽ വലിച്ചടച്ചു..അത് മുഖത്തേക്ക് അടി കിട്ടിയതിന് തുല്യമാണെന്ന് തോന്നി മുന്നയ്ക്ക്.ഇതൊക്കെ പ്രതീക്ഷിച്ചിരുന്നു.പക്ഷെ എങ്ങനെയെങ്കിലും എല്ലാമൊന്നു ശെരിയാക്കണമെന്ന് കരുതിയിരുന്നു.അതിന് വേണ്ടി തന്നെയാ രണ്ടുപേർക്കുമൊപ്പം വന്നതും.എന്നിട്ടും ഒന്നും നടന്നില്ല.. മുന്ന വേദനയോടെ അവിടെന്ന് ഇറങ്ങി ടാക്സിയിലേക്ക് കയറി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story