ഏഴാം ബഹർ: ഭാഗം 77

ezhambahar

രചന: SHAMSEENA FIROZ

"എന്തിനാ തൊണ്ട പൊട്ടിക്കുന്നേ.. ഞാൻ നാട് വിട്ടിട്ടൊന്നുമില്ല.. " ഉണങ്ങിയ തുണികളുമായി അവൾ ടെറസിൽ നിന്നും മുറിയിലേക്ക് വന്നു.. "എന്നാൽ നിനക്ക് ഒന്നു മിണ്ടിക്കൂടെ..എത്രവട്ടം വിളിച്ചു ഞാൻ..മനുഷ്യൻമാരെ തീ തീറ്റിച്ചു കളഞ്ഞല്ലോ ശവമേ നീ.. " "ദേ..ഇപ്പം ഈ തുണിക്ക് പകരം വല്ല ഒലക്കയോ മറ്റും ആയിരുന്നു എന്റെ കയ്യിൽ എങ്കിൽ നിന്റെ തല ഞാൻ അടിച്ചു പൊട്ടിച്ചേനേ..ആരു പറഞ്ഞെടാ ഞാൻ മിണ്ടിയില്ലന്ന്..നീ വിളിച്ച അത്രേം തവണ ഞാൻ വിളി കേട്ടല്ലോ..അതെങ്ങനെയാ..ഒരേ അലർച്ച അല്ലായിരുന്നോ.. അതിന്റെ ഇടയിൽ ബാക്കി ഉള്ളവരുടെ ഒച്ച കേൾക്കണ്ടേ.. " "അല്ലാത്ത നേരങ്ങളിൽ നിന്റെ ശബ്ദം ഈ വീട് മൊത്തം കേൾക്കാമല്ലോ..ആവശ്യമുള്ള നേരത്ത് തോണ്ടേന്ന് പുറത്തേക്ക് വരില്ല...ഇത്രേം നേരം വേണോടീ നിനക്ക് തുണി എടുക്കാൻ.. പോകുമ്പോൾ ഒന്നു പറഞ്ഞിട്ട് പൊക്കൂടെ നിനക്ക്.. " അവൻ പതിവിലേറെ ദേഷ്യത്തിൽ ആയിരുന്നു.. "അതിന് ഞാൻ പോയത് ഉഗാണ്ടയ്ക്ക് ഒന്നും അല്ലല്ലോ..

ഇവിടെ ടെറസിലേക്ക് അല്ലേ.. അതിനെന്തിനാ പറയുന്നത്.. ഇത്രേം ദിവസം നിന്നോട് ചോദിച്ചിട്ടും പറഞ്ഞിട്ടുമാണോ ഞാൻ പോയതും എന്റെ ജോലി ചെയ്തതും.. എന്താ അമൻ നിനക്ക്..? നേരത്തെ തൊട്ടേ ഞാൻ ശ്രദ്ധിക്കുന്നതാ..ഇത്രേം ദേഷ്യം പതിവ് ഇല്ലാത്തത് ആണല്ലോ..? സത്യം പറാ..എന്തുപറ്റി..? വയ്യേ..യാത്ര കഴിഞ്ഞു വന്നതല്ലേ..തലവേദനയോ മറ്റും തോന്നുന്നുണ്ടോ..? " അവന്റെ അവസ്ഥ കണ്ടു അവൾക്ക് ആധി നിറഞ്ഞിരുന്നു..കൈ നീട്ടി അവന്റെ കവിളും നെറ്റിയിലുമൊക്കെ തൊട്ടു നോക്കി... "ഏയ്‌..ഒന്നുല്ല..കാണാതായപ്പോ ഞാൻ കരുതി.... " "നീ കരുതി...? " അവൾ അവനെ നോക്കി നെറ്റി ചുളിച്ചു... "മമ്മ... " "ഓ..ഇപ്പോ മനസ്സിലായി.. കാണാതായപ്പോ നീ വിചാരിച്ചു ഉമ്മ എന്നെ പുറത്താക്കി കളഞ്ഞെന്ന്..അല്ലേ..? " "അതേ..എന്താ സംശയം..ഇനി നിന്നെ ഒരുനിമിഷം കാണാതെ പോയാലോ നിനക്ക് എന്തേലും സംഭവിച്ചു പോയാലോ എന്റെ ചിന്ത ഞാൻ പോലും അറിയാതെ ആ വഴിക്കേ സഞ്ചരിക്കുള്ളൂ..കാരണം മമ്മ നിന്നെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയല്ലേ..

പിന്നെ മമ്മയേക്കാൾ എനിക്ക് ഭയം നിന്നെയാ..നിന്റെ ജീവിതത്തേക്കാളും നിനക്ക് എപ്പോഴും വലുത് നീ സ്നേഹിക്കുന്നവരുടെ സന്തോഷമാ.. നീ ഇവിടുന്നു പോകണം, അതാ എനിക്ക് സന്തോഷമെന്ന് മമ്മ നിന്നോട് പറഞ്ഞാൽ എന്നോട് ഒരു വാക്ക് പോലും പറയാതെ ആ നിമിഷം തന്നെ നീ ഇവിടുന്നു ഇറങ്ങി പോയി കളയും... ഇവിടുന്നു പോകാൻ ആഗ്രഹം ഇല്ലാതെ ഇരുന്നിട്ടും ഞാൻ വേദനിക്കണ്ടാന്ന് കരുതി മനസ്സില്ല മനസ്സോടെ ഒരുവട്ടം ഈ വീടിന്റെ പടി ഇറങ്ങിയവളാ നീ..ഇനി ഒന്നുകൂടി അത് ഉണ്ടാവാൻ പാടില്ല ലൈല..അന്നത്തെ പോലെ വീണ്ടും ഞാൻ സഹിച്ചെന്ന് വരും..പക്ഷെ നിന്റെ തീരുമാനം നിനക്ക് തന്നെ സഹിക്കാൻ കഴിഞ്ഞെന്നു വരില്ല.. " "ഉമ്മ പിടിച്ചു പുറത്താക്കുന്നെങ്കിൽ ആക്കട്ടെ..അന്നേരം പോകുക അല്ലാതെ വേറെ വഴിയൊന്നും ഇല്ല എനിക്ക്..കാരണം നിന്നെയും ഉമ്മയെയും എന്റെ പേര് പറഞ്ഞു വഴക്ക് ഇടാൻ ഞാൻ സമ്മതിക്കില്ല.. അത് ഞാൻ ആഗ്രഹിക്കുന്നില്ല അമൻ..പക്ഷെ ഒരിക്കലും ഞാനായിട്ട് ഇവിടുന്നു ഇറങ്ങി പോകില്ല..എന്ത് വന്നാലും പിടിച്ചു നിൽക്കും..

ഉമ്മ എത്ര അനിഷ്ടത്തോടെ പെരുമാറിയാലും അതൊക്കെ ഞാൻ സഹിക്കും..നീ പറഞ്ഞല്ലോ..ഒരുവട്ടം ഈ വീട് വിട്ടു പോയവളാ ഞാൻ എന്ന്..ഇനി അതിനെനിക്ക് കഴിയില്ല..എന്റെ ആ തീരുമാനം വലിയ തെറ്റായിരുന്നു..ഇനി ഒരിക്കൽ കൂടി അങ്ങനൊരു തീരുമാനം ഞാൻ എടുക്കില്ല..കാരണം നിന്നെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല അമൻ..നീയില്ലാതെ ഞാൻ എങ്ങനെയാ..എനിക്ക് ഓർക്കാൻ കൂടെ വയ്യാ..ഒരു സെക്കന്റ്‌ പോലും പിരിഞ്ഞിരിക്കാൻ വയ്യാ..അതെത്ര വല്യ വേദനയാണെന്ന് അറിയാമോ..? " അവൾ സങ്കടത്തോടെ അവന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചു നിന്നു.. "ഇന്നലെ രാത്രി ഒരു രാത്രിയായിട്ട് അല്ല..ഒരു നൂറു രാത്രിയായിട്ടാ തോന്നിയത്..ഈ വെട്ടു പോത്ത് അരികിൽ ഇല്ലാഞ്ഞിട്ട് ഒടുക്കത്തെ ബോറടി ആയിരുന്നു...മിസ്സ്‌ യൂന്നും പറഞ്ഞുള്ള നിന്റെയൊരു ഹഗ്ഗും കിസ്സും പ്രതീക്ഷിച്ചാ നേരത്തെ കാറിന്ന് ഇറങ്ങിയത് തന്നെ..എന്നിട്ടു കിട്ടിയതോ..നിന്റെ കോപ്പിലെ മുഖം വീർപ്പിക്കലും ദേഷ്യപ്പെടലും.. അല്ലേലും നിനക്ക് എപ്പോഴും വലുത് ബാക്കിയുള്ളവരും അവരുടെ കാര്യങ്ങളുമൊക്കെ ആണല്ലോ..

എന്നെ പണ്ടേ പുല്ല് വില.. ഇങ്ങനൊരുത്തൻ ഉണ്ടെന്ന മൈൻഡ് പോലുമില്ല..ദേഷ്യം വരുമ്പോൾ മാന്താനും കടിക്കാനും സങ്കടം വരുമ്പോൾ വീണു കരയാനും മാത്രം എന്നെ വേണം..അല്ലാണ്ട് ഒരു കാര്യത്തിനും നിനക്ക് എന്നെ വേണ്ടാ.. " "എന്നെ ദേഷ്യം പിടിപ്പിക്കുന്നത് ആരാ..നീയല്ലേ..? ഞാൻ പറയുന്നത് കേട്ടാൽ എന്താ നിനക്ക്..? ഏതായാലും പ്രതീക്ഷിച്ചു വന്നതല്ലേ.. ഇനി അതിന്റെ കുറവ് വരുത്തുന്നില്ല.. ഒന്നുല്ലേലും കണവൻ ആയിപോയില്ലേ.. " അവൾ ഒരു കൈ കൊണ്ട് അവന്റെ നടുവിനെ മുറുകെ ചുറ്റി പിടിച്ചു.. കാലെത്തി നിൽക്കാനൊന്നും വയ്യായിരുന്നു..അത് കൊണ്ട് മുഖം ചേർത്തു നിൽക്കുന്ന അവന്റെ നെഞ്ചിൽ തന്നെ ചുണ്ടുകൾ അമർത്തി.. "അപ്പൊ ഇന്നലെ ശെരിക്കും മിസ്സ്‌ ചെയ്തിരുന്നു..അല്ലേ..? " അവന്റെ വിരലുകൾ അവളുടെ മുടി ഇഴകളെ തഴുകാൻ തുടങ്ങിയിരുന്നു..കുസൃതിയോടെ ചോദിച്ചു.. "ഇല്ല..നിനക്ക് മാത്രം ആണല്ലോ മിസ്സിംഗ്‌ ഒക്കെ..എനിക്ക് അതൊന്നും ഇല്ലല്ലോ.. " അവൾ അവന്റെ നെഞ്ചിൽ ഒരു കുത്ത് വെച്ചു കൊടുത്തു മുഖം ഉയർത്തി അവനെ കനപ്പിച്ചു നോക്കി.. "കാര്യമായിട്ടു ചോദിച്ചതാടി.. " "അതല്ലേ നേരത്തെ പറഞ്ഞത്.. മിസ്സ്‌ ചെയ്തിരുന്നു..ഒരുപാട്.. " "ഒരുപാട് എന്ന് പറഞ്ഞാൽ എത്രയാ..കറക്റ്റ് ആയിട്ടു പറാ...?"

"ഇതെന്താ വല്ല പഞ്ചസാരയുടെയും ഉപ്പിന്റെയും കണക്കാണോ കറക്റ്റ് ആയിട്ട് തൂക്കി എടുത്തു പറഞ്ഞു തരാൻ..കൊഞ്ചാൻ നിക്കാതെ പോടാ അവിടെന്ന്..നൂറു കൂട്ടം ജോലി കിടപ്പുണ്ട്.. " അവൾ അവനെ തള്ളി മാറ്റി പോകാൻ ഒരുങ്ങി.. "ആദ്യം എന്റെ കാര്യം..അത് കഴിഞ്ഞു മതി നിന്റെ ബാക്കി ജോലിയൊക്കെ..എവിടെടീ എന്റെ കോഫി..ഒരൊറ്റ ദിവസം ഞാനൊന്നു മാറി നിന്നപ്പോഴേക്കും മറന്നോ നീയെന്റെ ശീലങ്ങളൊക്കെ.." "ഓ..ഒരുനേരം കോഫി കുടിച്ചില്ലന്ന് വെച്ചു ഇവിടെ ഇപ്പോ ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല..നേരത്തെ എന്നോട് ദേഷ്യപ്പെട്ടു പോയതല്ലേ..ഡോർ വരെ ലോക്ക് ചെയ്തില്ലേ..അഞ്ചും പത്തും മിനുട്ട് അല്ല..ഒന്നര മണിക്കൂറാ നീയെന്നെ വെളിയിൽ നിർത്തിച്ചത്..അത് കാരണം എന്റെ കുളിയും വൈകി.ജോലിയൊക്കെ ബാക്കിയും ആയി..സോ നിനക്ക് കോഫി തരില്ലന്ന് തീരുമാനിച്ചു ഞാൻ..വേണേൽ താഴേക്ക് ചെല്ല്.. പൗലോസ് ചേട്ടൻ കോഫി ഇട്ടിട്ടുണ്ടാകും..ചെന്നു വാങ്ങിച്ചു കുടിക്ക്.." "ടീ..വിളച്ചിൽ എടുക്കുന്നോ..? ഇത്രേം ദിവസം ഞാൻ താഴേ ചെന്നാണോ ടീ കുടിച്ചത്... എനിക്കുള്ള കോഫി പൗലോസ് ചേട്ടൻ ഇടുന്നത് ഒക്കെ എപ്പോഴേ നിർത്തിയതാ..ഇപ്പോ നീയല്ലേ കോഫി ഇടാറ്..മര്യാദക്ക് കൊണ്ട് തരുന്നോ ഇല്ലയോ..? "

അവൻ അവളുടെ കൈ പുറകിലേക്ക് തിരിച്ചു പിടിച്ചു വേദനിപ്പിക്കാൻ തുടങ്ങി.. "ഔ..വിടെടാ ദ്രോഹി.. വേദനിക്കുന്നു..ഞാൻ കൊണ്ട് തരാം..ഈ തുണിയൊക്കെ എടുത്തു വെച്ചതിന് ശേഷം തന്നെ താഴേക്ക് പോകാന്ന് കരുതി നിന്നതാ..പിന്നെ അപ്പൊ നീ കുളിക്കാൻ കയറിയതല്ലേ ഉണ്ടാരുന്നുള്ളൂ.. വിടെടാ..." അവളുടെ മുഖം വേദന കൊണ്ട് ചുളിഞ്ഞു.. "അങ്ങനെ വാ വഴിക്ക്.." അവന്റെ മുഖത്ത് ചിരി നിറഞ്ഞിരുന്നു..എന്നാലും ചിരിക്കുകയൊന്നും ചെയ്തില്ല.. ഗൗരവത്തോടെ ഒന്നു നോക്കിയിട്ട് കൈയ്യിന്ന് വിട്ടു... "പട്ടി..നിന്റെ ഈ ഗർവ് ഒക്കെ ഞാൻ ശെരിയാക്കി താരാടാ..നിന്നെ മൂക്ക് കൊണ്ട് ക്ഷഞ്ജ വരപ്പിച്ചില്ലേൽ പിന്നെ ഞാൻ ലൈല അല്ല.. " അവൾ അരിശത്തോടെ നിന്നു പിറു പിറുത്തു.. "എന്താ കേട്ടില്ല..? " "അയ്യോ..കേൾക്കാൻ ഞാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.. കോഫി ഇപ്പോ കൊണ്ട് വരാമെന്നു പറഞ്ഞതാ.." അവൾ മുന്നിലേക്ക് കടന്നു.. എന്തോ ഓർത്ത പോലെ പെട്ടന്ന് തിരിഞ്ഞു അവന്റെ അടുത്തേക്ക് തന്നെ വന്നു.. "ഇരുപത്തി നാലു മണിക്കൂറും എനിക്ക് പണിയലല്ലാതെ വേറെ ഒരു പണിയും ഇല്ലല്ലോ നിനക്ക്..ഏതു നേരവും വെറുതെ ഇങ്ങനെ മസ്സിലും ഉരുട്ടി നിന്നാൽ കാര്യങ്ങൾ ഒന്നും നടക്കില്ല..തൊട്ടതിനും പിടിച്ചതിനും ലൈലാ ലൈലാന്ന് അലറിക്കോളും..

ഇന്ന് മുതൽ നിർത്തിക്കോ ആ സ്വഭാവം..നീ എന്റെ ഭർത്താവാ.. അല്ലാണ്ട് ബോസ്സ് അല്ല.. സോ ഇനിമുതൽ എല്ലാം തുല്യമായിട്ടു മതി..അതിനി വീട്ടിലെ കാര്യമായാലും പുറത്തെ കാര്യമായാലും.കോഫി ഞാൻ ഇപ്പോ കൊണ്ട് വരാം.ദാ ഈ തുണിയൊക്കെ കൊണ്ട് പോയി അയൺ ചെയ്തു മടക്കി വെക്ക്.. ചുമ്മാതെ ഷെൽഫിലേക്ക് തിരുകി കയറ്റിയാൽ പോരാ.. ഞാൻ എങ്ങനെയാണോ ചെയ്യാറുള്ളത് അതുപോലെ നല്ല ക്ലീൻ ആൻഡ് കറക്റ്റ് ആയിട്ടു വെക്കണം.. ഇല്ലേൽ വന്നിട്ടു കാണിച്ചു തരാം.. " അവൾ കയ്യിൽ ഇരിക്കുന്ന തുണി മുഴുവനും അവന്റെ കയ്യിൽ വെച്ചു കൊടുത്തു.എന്നിട്ടു എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്നുള്ള ഭാവത്തിൽ അവനെ നോക്കിയൊന്നു വിജയ ചിരി ചിരിച്ചിട്ട് താഴേക്ക് പോയി.. അവൻ ആണേൽ തുണിയും കൊണ്ട് ഷെൽഫിനു അരികിലേക്കും.. ** "ചോറോ..? ഞാൻ രാത്രിയിൽ ചോറ് കഴിക്കില്ല.. ചപ്പാത്തി വേണം.. നിർബന്ധമാ.. " രാത്രിയിൽ കഴിക്കാൻ വന്നിരുന്നതും ലൈല ചോറ് കൊണ്ട് വെക്കുന്നത് കണ്ടു മുംതാസ് പറഞ്ഞു.. "ചപ്പാത്തി ഉണ്ട്..ഉപ്പയും ചപ്പാത്തി തന്നെയാ കഴിക്കാറ്..പൗലോസ് ചേട്ടൻ എടുക്കുവാ.. " അവൾ വളരെ സൗമ്യമായി പറഞ്ഞു.. "അതെന്തിനാ പൗലോസ്..നിനക്ക് എടുത്തു കൊണ്ട് വന്നാൽ എന്താ..? " മുംതാസ് ചോദിച്ചു..

അവൾ ഒന്നും മിണ്ടിയില്ല.വേഗം കിച്ചണിലേക്ക് പോയി..താജ്നു ദേഷ്യം വരുന്നുണ്ടായിരുന്നു.കഴിക്കാൻ ഇരുന്നപ്പോൾ തന്നെ ഒരു സീൻ വേണ്ടാന്ന് കരുതി വിരലുകൾ ടേബിളിൽ അമർത്തി സ്വയം നിയന്തിച്ച് ഇരുന്നു.. "നീ ഇരുന്നാൽ പിന്നെ വിളമ്പുന്നത് ആരാ..? " ചപ്പാത്തിയും കൊണ്ട് വെച്ചു അവൾ ഒരു ചെയർ നീക്കി ഇരിക്കാൻ തുടങ്ങിയതും മുംതാസ് ഗൗരവത്തോടെ അവളെ നോക്കി.. അന്നേരവും അവൾ ഒന്നും മിണ്ടിയില്ല.. എല്ലാവർക്കും ഫുഡ്‌ വിളമ്പി അല്പം മാറി നിന്നു.. "എല്ലാവർക്കും ഒപ്പം ഇരിക്കാതെ മാറി നിക്കാൻ നിന്നെ ഞാൻ അയിത്തം ഉള്ളവരുടെ കൂട്ടത്തിൽ നിന്നും കൊണ്ട് വന്നതല്ല..അങ്ങനെ ഒരു അശുദ്ധിയും നിന്റെ മേലിൽ ഇല്ലാ..ഇവിടെ ഇരിക്കടീ.. " താജ്നു സഹിക്കുന്നില്ലായിരുന്നു മുംതാസ് അവളോട്‌ കാണിക്കുന്ന അവഗണന..ഉടനെ കൈ നീട്ടി അവളുടെ കയ്യിൽ പിടിച്ചു തന്റെ അടുത്തേക്ക് നിർത്തി ഒരു ചെയർ നീക്കി കൊടുത്തു.. "വേണ്ടാ..ഞാൻ പിന്നെ ഇരുന്നോളാം.. " "ആർക്കൊപ്പം..? ആർക്കൊപ്പമാ നീ പിന്നീട് ഇരിക്കുന്നത്.. ഒറ്റയ്ക്ക് ഇരുന്നു കഴിക്കണ്ടേ..? അതുവേണ്ട.. അതിന് ഞാൻ ഈ വീട്ടിൽ ഇല്ലാതെ ആകണം..എന്നും എനിക്കും ഡാഡ്നും ഒപ്പം ഇരുന്നല്ലേ നീ കഴിക്കാറ്..അതും എന്റെയും ഡാഡ്ന്റെയും നടുവിലുള്ള ചെയർലേ ഇരിക്കുകയുള്ളൂ..

ഇന്നും അങ്ങനെ മതി..വീട്ടിലേക്ക് ഒരാൾ വന്നെന്നു കരുതി നീ നിന്റെ ശീലങ്ങളൊന്നും മാറ്റണ്ട.. " അവൻ വർധിച്ച ദേഷ്യത്തോടെ അവളെ പിടിച്ചു തന്റെ തൊട്ടടുത്തുള്ള ചെയറിൽ തന്നെ ഇരുത്തി.. ഉപ്പ മൗനമായിരുന്നു.. ഒരു വാക്കു പോലും ഉരിയാടാതെ ഇരുന്നു.. മുംതാസ്ന്റെ ഉള്ളം തിളച്ചു മറിയുകയായിരുന്നു.. ഇത് കൊണ്ടൊന്നും തീരുന്നില്ലടീന്നുള്ള അർത്ഥത്തിൽ അവളെ ചുട്ടു കൊല്ലുന്നത് പോലെ ഒന്നു നോക്കിയിട്ട് പ്ലേറ്റും തട്ടി നീക്കി എഴുന്നേറ്റു പോയി.. "അമൻ..ഉമ്മാ..? " അവൾ നിസ്സാഹായതയോടെ അവനെ നോക്കി.. "മിണ്ടരുത്..വേണമെങ്കിൽ നിനക്കും എണീറ്റു പോകാം..ഞാൻ എന്തായാലും ആർക്കു വേണ്ടിയും പട്ടിണി കിടക്കാൻ പോകുന്നില്ല.. എന്താന്ന് അറിയില്ല.. ഇന്ന് പതിവില്ലാത്ത വിശപ്പ്.. " അവൻ അവളെ നോക്കാനോ കേൾക്കാനോ തയാറായില്ല.. ഭക്ഷണത്തിലേക്ക് ശ്രദ്ധ കൊടുത്തു.. അവൾക്ക് ഒരു മണി പോലും ഇറങ്ങിയില്ല..അവനെ പേടിച്ചിട്ട് പ്ലേറ്റിൽ കളം വരച്ചോണ്ട് ഇരുന്നു.. ഉപ്പാന്റെ അവസ്ഥയും വല്യ മാറ്റമൊന്നും അല്ലായിരുന്നു.. അവന്റെ വായിന്നു കേൾക്കണ്ടന്ന് കരുതി ചുമ്മാതെ ചപ്പാത്തി തിരിച്ചും മറിച്ചും വെച്ചോണ്ട് ഇരുന്നു.. ** താഴെ ജോലിയൊക്കെ കഴിഞ്ഞു റൂമിലേക്ക്‌ വന്ന അവൾ നൈറ്റ് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി ഷെൽഫ് തുറന്നതും ഷെൽഫിന്റെ അവസ്ഥ കണ്ടു ഒരു അലർച്ച ആയിരുന്നു.. " എടാ..." "നേരത്തെ ഞാൻ ഒച്ച വെച്ചപ്പോൾ എന്തോ പറഞ്ഞല്ലോ.

.എന്താ അത്.. ആാാ..തൊണ്ട പൊട്ടിക്കണ്ടാ..ഞാൻ നാട് വിട്ടു പോയിട്ട് ഒന്നും ഇല്ലെന്ന്.. ഇപ്പൊ എന്താടി..ഞാൻ നാട് വിട്ടു പോയോ..ചുമ്മാ കിടന്നു കാറാതെ കാര്യം പറയെടി.." അവൻ ബാൽക്കണിയിൽ നിന്നും ഫോൺ ടച്ചിക്കൊണ്ട് മുറിയിലേക്ക് വന്നു.. "എന്തായിത്..? " അവൾ ഷെൽഫിലേക്ക് കൈ ചൂണ്ടി... "കണ്ടിട്ട് മനസ്സിലായില്ലേ..? ഇത് ഷെൽഫ്..ഇതിന്റെ അകത്തു ഡ്രസ്സ്‌.." "അതല്ല..എന്താ ഈ ചെയ്തു വെച്ചിരിക്കുന്നേന്നാ...നിന്നോട് ഞാൻ പറഞ്ഞത് അല്ലേ എല്ലാം ശെരിക്കും മടക്കി ഒതുക്കി വെക്കണമെന്ന്..എന്നിട്ട് എല്ലാതും തിരുകി വെച്ചിരിക്കുന്നു..ചെയ്യാൻ പറഞ്ഞതോ ചെയ്തില്ല..പോട്ടേ.. ബാക്കിയുള്ളതും കൂടെ അലങ്കോലമാക്കണമായിരുന്നോ.. ഞാൻ എന്ത് ഒതുക്കത്തിൽ വെച്ചിരുന്ന ഷെൽഫാ..ദുഷ്ടാ.. പറഞ്ഞതിന് പകരം വീട്ടിയതല്ലേ നീ.. അതേ..എനിക്കറിയാം.. ചെയ്യാൻ പറ്റില്ലേൽ അത് പറഞ്ഞാൽ പോരായിരുന്നോ..എനിക്ക് ഇരട്ടി പണി തരണമായിരുന്നോ.." അവൾ ഭദ്രകാളിയെ പോലെ നിന്നു തുള്ളാൻ തുടങ്ങി.. "എനിക്കിട്ട് പണിയുമ്പോൾ പിന്നെ മോളെന്താ വിചാരിച്ചത്.. അനുസരണയുള്ള ഭർത്താവ് ആയി ഞാൻ നീ പറഞ്ഞതൊക്കെ ചെയ്തു വെക്കുമെന്നോ..? ഒന്നു പോടീ അവിടെന്ന്..ഇതൊക്കെ നിന്റെ ജോലിയാ..ഇതൊക്കെ ചെയ്യാനാ ഞാൻ നിന്നെ കെട്ടി കൊണ്ട് വന്നത്.. അല്ലാണ്ട് എപ്പോഴും എന്നോട് അങ്കം വെട്ടാൻ അല്ല.." "എടാ..നിന്നെ ഇന്ന് ഞാൻ.." അവൾ സഹികെട്ടിരുന്നു..അവന്റെ നേരെ വിരൽ ചൂണ്ടി.. "എന്നെ നീ..?"

അവൻ വല്ലാത്തൊരു ഭാവത്തോടെ അവളിലേക്ക് അടുത്ത് അവളുടെ വിരൽ കൈക്കുള്ളിലാക്കി..അവൾ ഒന്നും മിണ്ടിയില്ല..അവൻ തൊട്ടപ്പോൾ തന്നെ ശരീരത്തിന്റെ ചൂട് ഒക്കെ ഏഴു കടലും കടന്നു പോയി തണുപ്പു കയറാൻ തുടങ്ങിയിരുന്നു.. "പറയെടി..എന്നെ നീ..? " അവൻ ഒന്നൂടെ അടുത്ത് നിന്നു.. "ദേ..വേണ്ടാ.." അവൾ വിരൽ വലിച്ചു എടുത്തു പുറകിലേക്ക് നീങ്ങി കളഞ്ഞു.. "എന്ത് വേണ്ടാന്ന്..അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ..?" "ആാാ..അതാ പറഞ്ഞത് വേണ്ടാന്ന്.." "ഏത്..?തുടങ്ങുന്നതിന് മുൻപേ വേണ്ടാന്ന് പറയല്ലേ മോളെ...ഈ പാവം ഭർത്താവിനെ നിരുൽസാഹപ്പെടുത്തല്ലേ.." "നീ..നീയെന്താ ഇങ്ങനെ നോക്കുന്നത്.." അവൾ വിയർക്കാൻ തുടങ്ങിയിരുന്നു..അവൻ അപ്പൊത്തന്നെ അവളുടെ രണ്ടു ചുമലിലും കൈ വെച്ചു അവളെ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു.. "പിന്നെങ്ങനെ നോക്കണം.." "എങ്ങനെ വേണേലും നോക്കിക്കോ.. പക്ഷെ ഇങ്ങനെ നോക്കണ്ട...ഞാൻ.. എനിക്ക് എന്തോ..." "നിനക്ക്..? നിനക്ക് എന്താ..? ഈ നോട്ടത്തിനു എന്താ ഒരു കുഴപ്പം.." "ഒരു കുഴപ്പവുമില്ല..നീയൊന്നു മാറിയെ..എനിക്ക് കുളിക്കണം..നല്ല ഉറക്കവും വരുന്നുണ്ട്..വേഗം കിടക്കണം.." "എന്ന് പറഞ്ഞാൽ എങ്ങനെയാ മുത്തേ..ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലേ..എനിക്ക് വാക്കു തന്നത് മറന്നോ നീ..ഞാൻ തന്ന വാക്ക് ഞാൻ പാലിച്ചു..ഇനി നീ പാലിക്കണം..

നിന്റെ ഊഴമാ..അന്നേരം ഇങ്ങനെ കുളിക്കാനും ഉറങ്ങാനുമൊക്കെ പോയാൽ എങ്ങനെയാ.." "ഫ..ഫസ്റ്റ് നൈറ്റോ..ഇന്നോ..?" അവൻ പറഞ്ഞത് കേട്ടപ്പോഴെ അവളുടെ കാലിൽ നിന്നും തലയിലേക്ക് ഒരു വിറയൽ പാഞ്ഞു പോയിരുന്നു..നിന്നു അവന്റെ മുഖത്തേക്ക് നോക്കി ഉമിനീര് ഇറക്കാൻ തുടങ്ങി.. "എന്തെ..അങ്ങനൊന്നു കേട്ടിട്ടില്ലേ... അതോ എന്നെ പറ്റിക്കാനുള്ള ഉദ്ദേശമാണോ..? എന്താടി നിന്നു വിയർക്കുന്നെ..പേടി ആവുന്നുണ്ടോ..? " അവൾ ഉവ്വെന്ന് തലയാട്ടി.. "ഉണ്ടോ..?" അവൻ വീണ്ടും ചോദിച്ചു.. ശബ്ദത്തിനു കടുപ്പം ഉണ്ടായിരുന്നു.. അവൾ അവനെ പേടിച്ചിട്ട് ഇല്ലെന്ന് തലയാട്ടി.. "എന്നാൽ വാ.." അവൻ അവളുടെ കയ്യിൽ പിടിച്ചു തന്റെ ദേഹത്തേക്ക് വലിച്ചിട്ടതും രക്ഷപെടാൻ വേണ്ടി " ഞാൻ കുളിച്ചിട്ടു വരാം " എന്നും പറഞ്ഞിട്ട് അവൾ അവനെ തള്ളി മാറ്റി ബാത്‌റൂമിലേക്ക് ഓടി..അവൻ വിട്ടില്ല..നിക്കടിന്നും പറഞ്ഞു പിന്നാലെ ഓടി.അവളെ ബാത്‌റൂമിൻറെ അകത്തേക്ക് കയറാൻ സമ്മതിച്ചില്ല.. അതിന് മുന്നേ തൂക്കി എടുത്തു കൊണ്ട് വന്നു ബെഡിലേക്ക് ഇട്ടു..അവൾക്ക് ഒന്നു അനങ്ങാനുള്ള നേരം പോലും കൊടുത്തില്ല..അവളുടെ മേലേക്ക് വന്നു വീണു അവൻ.. "അമൻ..വേണ്ടാ...ഞാൻ..ഞാൻ ഇപ്പൊ പീരിയഡ്സാ...ഈ സമയത്ത് ഇങ്ങനൊന്നും പാടി....."

"ശ്...." അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിച്ചില്ല.. ചുണ്ടിൽ വിരൽ വെച്ചു..അവൾ കിതക്കുകയായിരുന്നു..അത് ഓടിയത് കൊണ്ടല്ല, പകരം ഭയന്നിട്ടാണെന്ന് അവനു മനസ്സിലായി.. "നീ പറഞ്ഞില്ലേലും എനിക്കറിയാം നീയിപ്പോ പീരിയഡ്സ് ആണെന്നും ഈ സമയത്ത് അതൊന്നും പാടില്ലന്നും..അഥവാ നീയിപ്പോൾ പീരിയഡ്സ് അല്ലാത്ത ടൈം ആണേലും നീയെനിക്ക് വാക്ക് തന്നെന്ന പേരിൽ നിന്റെ ശരീരം ഞാൻ സ്വന്തമാക്കില്ല..കാരണം രണ്ടു വ്യക്തികൾ തമ്മിൽ ഒരു റിലേഷൻ നടക്കുന്ന സമയത്ത് ശരീരത്തിനു മാത്രം ആരോഗ്യവും സുഖവും ഉണ്ടായാൽ പോരാ.. മനസ്സിന് കൂടി വേണം..മനസ്സ് സന്തോഷിക്കുന്ന നേരത്താവണം ഒരു കൂടി ചേരൽ നടക്കുന്നത്..ഇല്ലെങ്കിൽ അത് ശരീരങ്ങൾ തമ്മിൽ മാത്രമുള്ള കൂടി ചേരൽ ആയി മാറും.. മനസ്സുകൾ തമ്മിലുള്ള ഒന്നു ചേരൽ ആവില്ല..നിന്റെ മനസ്സ് ഇപ്പം വല്ലാതെ വേദനിക്കുന്നുണ്ട്..മമ്മ നൽകുന്ന അവഗണന നിന്നെ ചുട്ടു പൊള്ളിക്കുന്നുണ്ടെന്നു എനിക്ക് അറിയാം..അത് നിന്റെ ഈ മുഖത്തുന്ന് എനിക്ക് മനസ്സിലാകും.. എന്തിനാ നീയെന്റെ മുന്നിൽ അഭിനയിക്കുന്നത്..നീയെത്ര ഒളിക്കാൻ ശ്രമിച്ചാലും നിന്റെ ഉള്ളം ഈ കണ്ണുകൾ കാണിച്ചു തരും എനിക്ക്..അതുകൊണ്ട് ഇപ്പോഴേ ഒന്നും വേണ്ടാ..ആദ്യം നിന്റെ മനസ്സ് ഒന്നു തെളിയട്ടേ..

എന്നിട്ട് മതി ഈ വക കാര്യങ്ങളൊക്കെ..വേവോളാം കാത്ത് നിന്ന എനിക്ക് ആറോളം കാത്ത് നിൽക്കാനുള്ള ക്ഷമയൊക്കെ ഉണ്ടെടീ..ഓരോന്നു കാണിച്ചു നീയെന്റെ കണ്ട്രോൾ കളയാതെ നിന്നാൽ മതി.. " അവൻ അവളുടെ കവിളിൽ ഒന്ന് കുത്തി പിടിച്ചിട്ടു എഴുന്നേറ്റു പോകാൻ തുടങ്ങിയതും അവൾ അവന്റെ ബനിയനിൽ പിടിച്ചു വലിച്ചു അവനെ തന്റെ മേലേക്ക് തന്നെ ഇട്ടു..അവൻ എന്താന്നുള്ള അർത്ഥത്തിൽ നോക്കുന്നതിന് മുന്നേ കൈ രണ്ടും അവന്റെ കഴുത്തിലൂടെ ഇട്ടു കോർത്തു പിടിച്ചു അവനെയും ചേർത്തു മറിഞ്ഞു കിടന്നു..അവന്റെ ദേഹത്ത് കിടന്നു അവൾ അവന്റെ നെറ്റിയിലും കവിളിലുമൊക്കെ വിരൽ ഓടിക്കാൻ തുടങ്ങി.. "എന്റെ കണ്ട്രോൾ കളയരുത് എന്ന് പറഞ്ഞത് കൊണ്ട് ഒരുമ്പെട്ടു ഇറങ്ങിയേക്കുവാ പിശാശ്..എന്താടി നിനക്ക് വേണ്ടത്..എണീറ്റു പോകാൻ നോക്ക്.. ഇല്ലേൽ ഇന്ന് ഇവിടെ വല്ലതുമൊക്കെ നടക്കും.. " "സോ നീ കാത്തിരിക്കാൻ തയാർ ആണല്ലേ..എന്നാപ്പിന്നെ ഒരു രണ്ടു വർഷമൊക്കെ കഴിയട്ടെ...അപ്പോഴാ എനിക്ക് സുഖം..അതുവരെ നീ വെള്ളവും ഇറക്കിക്കൊണ്ട് നിൽക്ക്..കേട്ടോടാ തെമ്മാടി.. " അവൾ അവന്റെ കവിളിൽ ഒരു അടാറ് കടി വെച്ചു കൊടുത്തു..

അവൻ തിരിച്ചു വേദനിപ്പിക്കുന്നതിനു മുന്നേ അവൾ ഓടി ബാത്‌റൂമിലേക്ക് എത്തിയിരുന്നു.. ഒരുദിവസം നിന്നെ എന്റെ കയ്യിൽ കിട്ടുമെടീ..അന്ന് ഒന്നല്ല.. ഇതുപോലുള്ള നൂറെണ്ണം തരാം നിനക്ക് ഞാൻ.. അവൻ കവിളും തടവിക്കൊണ്ട് ഷെൽഫിൻറെ അരികിലേക്ക് ചെന്നു..അവൾ ഇറങ്ങുന്നതിന് മുന്നേ ഷെൽഫ് പഴയത് പോലെ ആക്കി വെക്കണം..ഇല്ലേൽ അടുത്ത ചവിട്ടു നാടകം തുടങ്ങും അവൾ.. അവൻ വേഗം ഓരോന്നും എടുത്തു വൃത്തിക്ക് മടക്കി വെക്കാൻ തുടങ്ങി..അത് അവളെ പേടിച്ചിട്ട് ഒന്നും അല്ല കേട്ടോ..ഒന്നുല്ലേലും കെട്ട്യോൾ ആയിപോയില്ലേ..എത്ര എന്ന് വെച്ചാ ജോലി ചെയ്യിപ്പിക്കുക..😀😀 ഉമ്മ എന്തൊക്കെ ചെയ്തു എന്നെ വേദനിപ്പിച്ചാലും നിന്റെ അടുത്ത് എത്തുമ്പോൾ ഞാൻ ഹാപ്പിയാ അമൻ..നീ അരികിൽ ഉണ്ടാകുമ്പോൾ എന്റെ മനസ്സ് എന്തെന്ന് ഇല്ലാതെ സന്തോഷിക്കുന്നുണ്ട്..അത് കൊണ്ട് ഉമ്മാക്ക് ഒരു മാറ്റം വരുന്നതിനോ അത് വഴി ഞാൻ സന്തോഷിക്കുന്നതിനോ വേണ്ടിയൊന്നും നീ കാത്തു നിൽക്കണ്ട..നിന്റെ ബർത്ത് ഡേയ്.. അത്രയും മതി..ഇനി അത്രേം ദിവസം മതി എനിക്ക്..ആ ദിവസം വരെ ക്ഷമിച്ചാൽ മതി നീ..അന്ന് നിനക്ക് ഞാൻ നൽകുന്ന പിറന്നാൾ സമ്മാനം ഈ എന്നെ തന്നെ ആയിരിക്കും..

അവളുടെ ചുണ്ടുകളിൽ സുന്ദരമായൊരു ചിരി വിടർന്നു.. ശരീരത്തിനു എന്തെന്ന് ഇല്ലാത്ത തണുപ്പു തോന്നി..ഷവർ ഓൺ ചെയ്തു ജലത്തുള്ളികളെ കയ്യിൽ എടുത്തു..കുറച്ച് നേരം അതിലേക്കു നോക്കി നിന്നു..ചുണ്ടിലെ ചിരി വർധിച്ചു..പിന്നെ ആ വെള്ളം മുകളിലേക്ക് തട്ടി എറിഞ്ഞു കളഞ്ഞിട്ട് ഷവറിന്റെ ചുവട്ടിലേക്ക് നീങ്ങി നിന്നു കുളി തുടങ്ങി.. ** "ചീ...ആർക്ക് വേണം നിന്റെ കോഫി..നീയെന്ന നശിച്ചവളെ ഉണ്ടാക്കി വെച്ചിട്ടു ഇപ്പൊ മണ്ണടിഞ്ഞു പോയ നിന്റെ തള്ളയില്ലേ..അവൾക്ക് കൊണ്ട് പോയി കൊടുക്കടീ..ഇന്നലെ രാത്രി തന്നെ ഞാൻ തീരുമാനിച്ചു..നീ തൊടുന്നത് ഒന്നും ഇനി എനിക്ക് വേണ്ടാന്ന്..എനിക്ക് ഉള്ളത് പൗലോസ് ഉണ്ടാക്കിക്കോളും.. അതിൽ നിന്റെ കൈ പോയിട്ട് നിഴൽ പോലും തട്ടാൻ പാടില്ല.." രാവിലെ കോഫി കൊണ്ട് കൊടുത്തപ്പോഴുണ്ടായ മുംതാസിന്റെ പെരുമാറ്റമാണ് ഇത്..അവൾ നീട്ടിയ കോഫി ഒരൊറ്റ തട്ടിനു അവളുടെ മുഖത്തേക്ക് തന്നെ തെറിപ്പിച്ചു.. "എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ..പക്ഷെ മരിച്ചു പോയ എന്റെ ഉമ്മാനെ പറയരുത്.." കോഫി അത്യാവശ്യം ചൂട് ഉള്ളത് കാരണം അവളുടെ മുഖത്ത് ചെറുതായി പൊള്ളൽ ഏറ്റിരുന്നു.. പക്ഷെ അത് അവൾ അറിഞ്ഞില്ല.. പൊള്ളിയത് മുഴുവനും നെഞ്ച് ആയിരുന്നു..

അതും ഖബറിൽ കിടക്കുന്ന ഉമ്മാനെ പറഞ്ഞത് കൊണ്ട്... "ഓ...നോവുന്നുണ്ടല്ലേ..സ്വന്തം ഉമ്മാനെ പറഞ്ഞപ്പോൾ നിനക്ക് നൊന്തു..അല്ലേടി..? എന്നോ മരിച്ചു പോയ നിന്റെ തള്ളയെ പറഞ്ഞപ്പോൾ നിനക്ക് ഇത്ര വേദനിച്ചെങ്കിൽ എന്റെ മകനെ നീ കൊന്നു കളഞ്ഞപ്പോൾ ഞാൻ എത്ര വേദനിച്ചിട്ടുണ്ടാകും..അന്ന് തൊട്ടു അവനെ ഓർത്ത് കരയാത്ത ദിനങ്ങൾ ഉണ്ടായിട്ടില്ല..നീ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്ന നിമിഷത്തെ ശപിക്കാത്ത ദിവസങ്ങൾ ഇല്ല..അതോടൊപ്പം തന്നെ തുടങ്ങിയതാടീ നിന്നോടുള്ള അണയാത്ത വെറുപ്പ്..എന്നാലും നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.. ഒരുത്തൻ പോകുമ്പോൾ മറ്റൊരുത്തൻ..അതും അവന്റെ സഹോദരനെ തന്നെ..എന്ത് കൈവിഷം കൊടുത്തിട്ടാടീ നീയെന്റെ മക്കളെ പാട്ടിൽ ആക്കി എടുത്തത്..നിന്നെയൊക്കെ കണ്ടാൽ തന്നെ അറിയാം അസ്ഥിക്ക് വകയില്ലാത്ത തെരുവ് തെണ്ടികൾടെ ഇടയിൽ ഉണ്ടായതാണെന്ന്..അപ്പൊ പിന്നെ ഇങ്ങനെ കോടീശ്വര പുത്രൻമാരെ വളച്ചു എടുത്താൽ സുഖമായില്ലേ.." "ഉമ്മാ...ഞാൻ..." അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു.. "നിർത്തടീ..ഇത് അവസാനത്തേത് ആയിരിക്കണം..ഇനി മേലാൽ വിളിച്ചു പോകരുത് നീയെന്നെ അങ്ങനെ..നിന്റെ വായിൽ നിന്നും അങ്ങനൊരു വിളി കേൾക്കുന്നതിനേക്കാൾ വലിയ അപമാനമൊന്നും ഏൽക്കാനില്ല എനിക്ക്..

വിളിക്കരുത് എന്നു മാത്രമല്ല..എന്റെ കണ്മുന്നിൽ പോലും കണ്ടു പോകരുത്.. എങ്ങോട്ടേലും പോടീ ശവമേ.. " മുംതാസ് അവളുടെ മുടി കുത്തിനു പിടിച്ചു മുന്നിലേക്ക് ആഞ്ഞു തള്ളി.. പക്ഷെ അവൾ നിലം പതിച്ചില്ല.. അവൾക്ക് താങ്ങായി അവളുടെ പ്രാണൻ ഉണ്ടായിരുന്നു..ആ നെഞ്ചിലേക്കാണ് അവൾ ചെന്നു വീണത്..നിലത്തു ഉടഞ്ഞു കിടക്കുന്ന കപ്പും അവളുടെ ദേഹത്തൂടെ ഒഴുകുന്ന കോഫിയും മതിയായിരുന്നു അവനു കാര്യങ്ങൾ മനസ്സിലാക്കാൻ.. "ലൈലാ...കുഴപ്പമൊന്നും ഇല്ലല്ലോ..?" അവൻ അവളെ നേരെ നിർത്തിച്ചു കവിളിൽ കൈ വെച്ചു ചോദിച്ചു.. അവൾ ഇല്ലെന്ന് തലയാട്ടി.. "കൃത്യ സമയത്ത് തന്നെ വന്നല്ലോ അച്ചി കോന്തൻ.. " മുംതാസ് താജ്നെ പരിഹാസത്തോടെ നോക്കി.. "മെഹർ കെട്ടി കൂടെ കൊണ്ട് വന്നവളെ എല്ലാ ആപത്തുകളിൽ നിന്നും സംരക്ഷിക്കുകയും നിനക്ക് ഞാൻ ഉണ്ടെടീന്നു പറഞ്ഞു നെഞ്ചോടു ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുകയും ആണൊരുത്തൻ ചെയ്യുന്നുണ്ടെങ്കിൽ അത് മമ്മ പറഞ്ഞത് പോലെ അവൻ അച്ചി കോന്തനോ പെണ്ണിന്റെ അടിമയോ ആയത് കൊണ്ടല്ല.. അവന് നട്ടെല്ല് ഉള്ളത് കൊണ്ടാ.. ആണത്തം ഉള്ളത് കൊണ്ടാ അവൻ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യുന്നത്..എന്താ മമ്മയുടെ ഉദ്ദേശം..ഇവളെ കൊല്ലുക തന്നെയാണോ..? "

"ഞാൻ ഇവളെ കൊന്നിട്ട് ഒന്നുമില്ല.. ഇവൾ കോഫി കൊണ്ട് തരുന്നത് പോയിട്ട് എന്റെ കൺ വെട്ടത്തേക്ക് വരുന്നത് പോലും എനിക്കിഷ്ടമല്ല.. അതുകൊണ്ട് കോഫി ഞാൻ തട്ടി കളഞ്ഞു..അത്രയേ ചെയ്തിട്ടുള്ളൂ..അതിന് നീയെൻറെ തല ചാടി കടിക്കാൻ വരണ്ട കാര്യമൊന്നുമില്ല.. അതെങ്ങനെയാ..ഓരോന്നും പറഞ്ഞും കാണിച്ചും മയക്കി വെച്ചിരിക്കയല്ലേ ഈ നശിച്ചവൾ നിന്നെ.. " "എത്ര നിസ്സാരമായിട്ടാ പറയുന്നത് അത്രയേ ചെയ്തുള്ളുന്ന്..ഇതിപ്പോ കോഫി വല്യ ചൂട് ഒന്നും ഇല്ലാത്തോണ്ട് ഇവൾക്ക് സാരമായിട്ട് ഒന്നും പറ്റിയില്ല.. അല്ലെങ്കിലോ..? മമ്മ എന്താ കരുതി വെച്ചിരിക്കുന്നത്..ഇവൾ ഈ വീട്ടിലെ സെർവന്റ് ആണെന്നോ.. ജീവിക്കാൻ വക ഇല്ലാഞ്ഞിട്ട് ഇവിടെ വന്നു ഞങ്ങടെ ഔദാര്യം കൈ പറ്റുന്നത് ആണെന്നോ..? എന്നാൽ കേട്ടോ..ഈ വീട്ടിൽ എനിക്ക് എത്രത്തോളം അവകാശം ഉണ്ടോ അത്രത്തോളം തന്നെ ഉണ്ട് ഇവൾക്കും..അത് എന്റെ ഭാര്യ ആയത് കൊണ്ട് മാത്രമല്ല.. ഈ വീട്, ഓഫിസ്, കൺസ്ട്രക്ഷൻസ് എന്നുവേണ്ട എന്റെ മുഴുവൻ പ്രോപ്പർട്ടിസിന്റെയും പകുതി അവകാശം ഇവൾക്ക് ആണെന്ന് ഞാൻ എപ്പോഴേ രജിസ്റ്റർ ചെയ്തു കഴിഞ്ഞതാ..താജ് ഗ്രൂപ്പ്‌ ആൻഡ് കമ്പനിസ് ഇപ്പോൾ പഴയതിനേക്കാൾ പോപ്പുലറാ.. അന്നത്തേതിനേക്കാൾ വിജയവും ലാഭവും കൊയ്യുന്നുണ്ട് ഇന്ന്..അതെന്ത് കൊണ്ടാണെന്ന് അറിയാമോ.. ഒരിക്കൽ താജ് ഗ്രൂപ്പ്സിനോളം തന്നെ പ്രശസ്തിയും ഉയർച്ചയും ഉണ്ടായിരുന്ന ഇവളുടെ ഒരു വല്യ സാമ്രാജ്യം മുഴുവനും എന്റെ സാമ്രാജ്യത്തിലേക്ക് ചേർത്തു വെച്ചത് കൊണ്ട്...

എന്നുവെച്ചാൽ ഇവൾ ഇപ്പൊ എന്റെ മാത്രമല്ല, എന്റെ പ്രോപ്പർട്ടിസിന്റെയും പാർട്ണർ ആണെന്ന്...മമ്മ ഇവളെ അപമാനിക്കാൻ നേരത്തെ ഒരു വാക്ക് ഉപയോഗിച്ചല്ലോ..തെരുവ് പെണ്ണ് എന്ന്..ഇപ്പോൾ മനസ്സിലായല്ലോ ഇവൾ തെരുവ് പെണ്ണല്ലന്ന്..എന്നെയും ഈ കുടുംബത്തേയും ഇട്ടു മൂടാനുള്ള ആസ്തി ഇവളുടെ ഉപ്പ ഇവൾക്ക് വേണ്ടി ഉണ്ടാക്കി വെച്ചിട്ടുണ്ട്.. അതുകൊണ്ട് ഇനി അത്തരം പ്രയോഗങ്ങൾ ഉപയോഗിച്ച് മമ്മ കൂടുതൽ ബുദ്ധിമുട്ടണമെന്നില്ല.. ഇതിപ്പോ തെരുവിൽ ജനിച്ചു വളർന്നത് മമ്മയാണോന്നാ എന്റെ സംശയം..അവിടുത്തെ സ്ത്രീകൾക്ക് വരെ ഉണ്ടാകുമല്ലോ ഇതിനേക്കാൾ മാന്യതയും തെളിഞ്ഞ മനസ്സും.." "അമൻ..നീ ആരോടാ സംസാരിക്കുന്നത് എന്ന ബോധം ഉണ്ടോ നിനക്ക്..ആർക്ക് വേണ്ടിയാ നീ എന്നോട് കയർക്കുന്നത്...ഞാൻ നിന്റെ മമ്മയാ..നിന്നെ പ്രസവിച്ച നിന്റെ മമ്മ...നിന്റെ ജീവിതത്തിൽ ഏറ്റവും ബഹുമാനം അർഹിക്കുന്ന സ്ത്രീ.. എന്നാൽ ഇവളോ..? ഇന്നലെ വന്നവളല്ലേ..? നിന്റെ ജീവിതത്തിലേക്ക് വെറും ദിവസങ്ങൾക്കു മുന്നേ കടന്നു വന്നവളാ ഇവൾ..ആ ഇവൾക്ക് വേണ്ടിയാ നീ ഇപ്പോൾ എന്നോട്.... അതിനും മാത്രം എന്താടാ ഇവൾക്ക് ഉള്ളത്..? നിന്റെ കൂടെ പിറപ്പിനെ കൊന്നൊടുക്കിയവളാ ഇവൾ..

നാളെ നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവൾ നിന്നെ ഓർത്ത് കരഞ്ഞു ബാക്കിയുള്ള ജീവിതം നിന്റെ ഓർമകളിൽ മാത്രം കഴിച്ചു കൂട്ടുമെന്നാണോ നീ കരുതിയിരിക്കുന്നത്..എന്നാൽ അങ്ങനെയല്ല..ആ നിമിഷം ഇവളു പോകും വേറെ ഒരുത്തനെയും തപ്പിയിട്ട്..ഇനി ഇപ്പോ തന്നെ വല്ലവനെയും കണ്ടു വെച്ചു നിന്റെ മരണവും കാത്ത് നിൽക്കുകയാണോന്ന് ആർക്കറിയാം..ഇനിയെങ്കിലും മനസിലാക്ക് നീ ഇവളുടെ തനി സ്വരൂപം.. " "Enough Mammaa..enough... വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം..അതിന് കഴിയില്ല എങ്കിൽ നാവു ചലിപ്പിക്കാതെ നിക്കുന്നതാ നല്ലത്..മമ്മയ്ക്ക് തുപ്പി കളഞ്ഞിട്ടു അങ്ങ് പോയാൽ മതി.. പിന്നെ പറഞ്ഞത് ഒന്നും ഓർക്കണ്ടല്ലോ.. പക്ഷെ കേൾക്കുന്നവരുടെ അവസ്ഥ അതായിരിക്കില്ല. ചെവിയിലല്ല.. നെഞ്ചിൽ ആയിരിക്കും ഓരോ വാക്കും വന്നു തറക്കുന്നത്.. മമ്മയെന്നു വെറുതെ നാവു കൊണ്ട് പറഞ്ഞാൽ പോരാ.. പ്രവർത്തിയിലും അതായിരിക്കണം.. പത്തു മാസം ഉദരത്തിൽ ചുമന്നു പ്രസവിച്ചെന്ന് കരുതി ഒരു സ്ത്രീയും മാതാവ് ആകുന്നില്ല.. അതിനു ചില അർത്ഥങ്ങളും കടമകളും ഉണ്ട്.. അതൊക്കെ മനസ്സിലാക്കി പെരുമാറുമ്പോഴും പ്രവർത്തിക്കുമ്പോഴുമാ ഒരു സ്ത്രീ ഉമ്മ ആകുന്നത്..

മമ്മ അക്കാര്യത്തിൽ പരാജയപ്പെട്ടവളാ.. എന്നിട്ടും ഞാനും ഡാഡും ഒരവസരം കൂടി തന്നു..പക്ഷെ മമ്മ അതും ദുരുപയോഗം ചെയ്യുകയാ.. ഒരിക്കലും മാറാൻ പോകുന്നില്ല നിങ്ങൾ.. " "താജ്..മതി..നിർത്ത്..ഇപ്പോൾത്തന്നെ അധികമായി..നീ അകത്തേക്ക് പോ.. " ശബ്ദം കേട്ടു ഹാളിലേക്ക് വന്ന ഉപ്പ താജ്നെ നിയന്ത്രിക്കാൻ നോക്കി.. "നിർത്താൻ ഞാൻ അല്ലല്ലോ തുടങ്ങി വെച്ചത്..എത്രയെന്ന് വെച്ചാ കണ്ടില്ലന്ന് നടിക്കുന്നതും മിണ്ടാതെ നിക്കുന്നതും..എന്റെ സ്ഥാനത്തു ഡാഡ് ആയിരുന്നു എങ്കിൽ പ്രതികരിക്കാതെ വെറും നോക്ക് കുത്തിയായി നിക്കുമായിരുന്നോ..? മമ്മയോട് ഗ്രാൻഡ്മ്മയാണ് ഈ ക്രൂരത ചെയ്യുന്നത് എങ്കിൽ ഡാഡ് അത് എതിർക്കില്ലായിരുന്നോ..? എതിർക്കും..ഉറപ്പായും എതിർക്കും..മാത്രമല്ല..ഡാഡ് മമ്മയ്ക്ക് ഒപ്പം നിൽക്കുകയും ചെയ്യും..ഡാഡും മമ്മയും തമ്മിൽ ഒരു ജീവിതം തുടങ്ങി വർഷമിത്ര കഴിഞ്ഞു..എന്നിട്ടും മമ്മയെ വെറുക്കാനോ ഉപേക്ഷിക്കാനോ ഡാഡ്നു കഴിഞ്ഞിട്ട് ഉണ്ടോ.? പരസ്പരമുള്ള ഈഗോ പ്രശ്നത്തിൽ മമ്മ അകന്നു പോയി.. എന്നിട്ടും മമ്മ അരികിൽ വേണമെന്ന് ഡാഡ് ആഗ്രഹിച്ചിട്ടില്ലേ..ഉണ്ട്.. അതുകൊണ്ടാണല്ലോ ഇന്ന് എല്ലാം മറന്നു ഡാഡ് മമ്മയെ തിരികെ കൊണ്ട് വന്നത്...ഞാനും അതുപോലെ തന്നെയല്ലേ ഡാഡ്..

ഞങ്ങളു ഒരു ജീവിതം തുടങ്ങുന്നതേ ഉള്ളു..അപ്പോ തന്നെ ഞങ്ങളെ അകറ്റാൻ നോക്കിയാലോ... മമ്മയുടെ പ്രശ്നങ്ങളൊക്കെ അവസാനിക്കും..അതിന് ഇവൾ ഇവിടുന്നു പോകണം..പക്ഷെ ഇവളെ ഒഴിവാക്കാൻ എനിക്ക് കഴിയില്ല..ഒഴിവാക്കിയിട്ട് ഒരു ജീവിതവും എനിക്കില്ല..ഒന്നു കൂടെ പറയുകയാ ഞാൻ..എന്റെ ഭാര്യയാ ഇവൾ..ഞാൻ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറ്റിയ എന്റെ പെണ്ണ്..അതുകൊണ്ട് ക്രൂരമായ ഉപദ്രവങ്ങൾ ചെയ്തു ഇവളെ ഇവിടുന്നു പുറത്ത് ചാടിക്കാമെന്നതും അല്ലെങ്കിൽ പിടിച്ചു പുറത്താക്കാമെന്നതുമായ മമ്മയുടെ സകല ആഗ്രഹങ്ങളും ഇപ്പോഴേ കളഞ്ഞേക്ക്..ഇല്ലേൽ പിന്നെ മകൻ ആയിട്ട് അല്ല മുന്നിൽ നിൽക്കുക,,അസുരൻ ആയിട്ടായിരിക്കും..." അവൻ സ്റ്റെയറിലേക്ക് കയറി.. എന്തോ ഓർത്ത പോലെ പെട്ടെന്ന് തിരിഞ്ഞു നോക്കി.. "ഇനി കിച്ചണിൽ ഇരിക്കുന്ന ഫുഡ്‌ കൂടെ തലയിൽ വന്നു വീഴണമായിരിക്കും അവിടുന്ന് അനങ്ങാൻ..അല്ലേ..? പ്രത്യേകിച്ച് പറയണോടീ കയറി വരാൻ.. " അവളോട്‌ ഒരു അലർച്ചയും കഴിഞ്ഞിട്ട് അവൻ മേളിലേക്ക് പോയി..ഉമ്മാനോട് ശബ്ദിക്കുമ്പോൾ അവൾ ഇടയിൽ കയറിയില്ല.. അത് അവനെ പേടിച്ചിട്ടാ..അവനെ തടയാനോ നിയന്ത്രിക്കാനോ പോയിരുന്നു എങ്കിൽ ഉറപ്പായും അവന്റെ കയ്യിന്ന് രണ്ടെണ്ണം കിട്ടിയേനെ..

അവൾ വേദനയോടെ നിക്കുകയായിരുന്നു.. ഉപ്പാനെയും നോക്കിയില്ല.. ഉമ്മാനെയും നോക്കിയില്ല.. അവന്റെ ദേഷ്യം കൂടണ്ടന്ന് കരുതി വേഗം മേളിലേക്ക് പോയി.. ** "നിനക്കിത് വേണമെടീ.. നീ ഇരന്നു വാങ്ങിച്ചതാ ഇത്.. ഇന്നലെ രാത്രിയേ ഞാൻ പറഞ്ഞതാ.. മമ്മയെ തിന്നാനും തീറ്റിക്കാനുമൊന്നും പോകണ്ടന്ന്.. മമ്മയ്ക്ക് വേണ്ടത് മമ്മ എടുത്തു കഴിച്ചോളുമെന്ന്..എത്ര കിട്ടിയാലും പഠിക്കില്ലടീ നീയൊന്നും.. " അവൻ ടവൽ നനച്ചു അവളുടെ മുഖം തുവർത്തി എടുത്തു ക്രീം പുരട്ടി കൊടുക്കുകയായിരുന്നു.. ഇത്രേം നേരം ആയിട്ടും അവന്റെ ദേഷ്യം അടങ്ങിയിരുന്നില്ല.. "അതിന് ഇപ്പൊ ഇവിടെ എന്ത് ഉണ്ടായെന്നാ..? എല്ലാർക്കും കോഫി എടുക്കുമ്പോൾ ഞാൻ ഉമ്മാക്കും ഒരെണ്ണം എടുത്തു...അതിനാണോ നീയിങ്ങനെ തിളയ്ക്കുന്നത്.." "നീ മമ്മയ്ക്ക് കോഫി എടുത്തത് മാത്രം അല്ലല്ലോ..അത് കഴിഞ്ഞും കാര്യങ്ങൾ നടന്നല്ലോ.. ലൈലാ..നിനക്ക് മനസ്സിലാകാൻ വേണ്ടി പറയുകയാ ഞാൻ.. അല്ലാണ്ട് ദേഷ്യ പെടുന്നത് അല്ല.. ഇനി മേലാൽ നീ മമ്മയുടെ കാര്യങ്ങളിൽ ഇടപെടാൻ പാടില്ല..

എന്തിന്..സംസാരിക്കാൻ കൂടി പാടില്ല..എല്ലാം നേരത്തും ഞാൻ ഇവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല.. നീയെന്റെ ജീവിതത്തിൽ നിന്നും ഒന്ന് ഒഴിവായി കിട്ടിയാൽ മതിയെന്നേ ഉള്ളു മമ്മയ്ക്ക്..അതുകൊണ്ട് നിന്നെ കൊല്ലാനും മടിക്കില്ല.. അതാ പറഞ്ഞത്.. ഏതു നേരവും എനിക്ക് നിന്നെ ചുറ്റി പറ്റി നിൽക്കാൻ കഴിയില്ല..ഇപ്പോൾത്തന്നെ നാലഞ്ചു ദിവസമായി കമ്പനി കാര്യങ്ങൾ നോക്കിയിട്ട്..അത് മാത്രമോ.. കോളേജിൽ പോക്കും ഇല്ല ഇപ്പോൾ.. നീയൊരു കാര്യം ചെയ്.. ഇനി ചക്കാ മാങ്ങാ തേങ്ങാന്നൊന്നും പറഞ്ഞു ലീവ് എടുക്കുകയോ മടി പിടിച്ചു ഇവിടെ തന്നെ ഇരിക്കുകയോ ചെയ്യണ്ട..അത് നിനക്ക് ആപത്താ.. അറിഞ്ഞു കൊണ്ട് നിന്നെ കൊലയ്ക്ക് കൊടുക്കാൻ എനിക്ക് കഴിയില്ല..നാളെ സൺ‌ഡേ..മറ്റന്നാൾ തൊട്ടു കറക്റ്റ് കോളേജിൽ പൊക്കോ..ഇനി ഒരു റീസൺസും പറയണ്ട..കേട്ടല്ലോ.. " അവൻ ടവലും ക്രീമും എടുത്തു എണീറ്റു പോകാൻ തുടങ്ങിയതും കയ്യിൽ അവളുടെ പിടി വീണു.. "എന്താടി...നീറ്റലോ വേദനയോ മറ്റും ഉണ്ടോ..ഹോസ്പിറ്റലിൽ പോകണോ..? " "പേടിച്ചു പോയോ.. ഞാൻ വിരൂപി ആയി പോകുമെന്ന്.. " "അതേ..പേടിച്ചു..സത്യം പറയാല്ലോ..ഞാൻ ഇത്രേം നാളും പറഞ്ഞത് പോലെ നിന്റെ മനസ്സ് കണ്ടിട്ട് ഒന്നുമല്ല ഞാൻ നിന്നെ പ്രണയിച്ചത്..നിന്റെ സൗന്ദര്യം കണ്ടിട്ട് തന്നെയാ..

അല്ലേലും മനസ്സ് കിട്ടിയിട്ട് എനിക്ക് എന്ത് ചെയ്യാനാ..? അതെന്താ സാധനം..? കിട്ടുന്നത് പോയിട്ട് അങ്ങനൊന്നു ഇതുവരെ ആരെങ്കിലും കണ്ടിട്ട് എങ്കിലും ഉണ്ടോ...? എല്ലാടത്തും പറയുന്നത് കേൾക്കാം മനസ്സ് എന്നും മനസ്സാക്ഷിയെന്നുമൊക്കെ.. എന്താണാവോ സംഭവം.. ആർക്കറിയാം..ആ അതുപോട്ടെ.. എന്താ പറഞ്ഞു വന്നത്.. നിന്റെ സൗന്ദര്യമല്ലെ..ആരെയും ആകർഷിക്കുന്ന നിന്റെ സൗന്ദര്യം തന്നെയാ എന്നെയും നിന്നിലേക്ക്‌ അടുപ്പിച്ചത്..ആ അട്ട്രാക്ഷനെ പ്രണയമായി ഞാൻ നടിച്ചു..ഭാഗ്യം എന്റെ കൂടെ ആയിരുന്നു..അത് കൊണ്ടല്ലേ ആരും പ്രതീക്ഷിക്കാത്ത നേരത്ത് നുസ്ര അങ്ങനൊരു അവിവേകം കാണിച്ചത്..ഈ ശരീരം കണ്ടിട്ട് തന്നെയാ ഞാൻ നിന്നെ കെട്ടിയത്..എന്നിട്ടും ഈ സൗന്ദര്യം ഞാൻ ഇതുവരെ നല്ലപോലെയൊന്നു ആസ്വദിച്ചിട്ടില്ല..നിന്നെ ഞാൻ ശെരിക്കൊന്നു രുചിച്ചിട്ടില്ല.. ശെരിക്കും പോയിട്ട് ഇത്തിരി പോലും അനുഭവിച്ചിട്ടില്ല.. അതിന് മുന്നേ നിന്റെ ഈ സൗന്ദര്യത്തിനും തിളക്കത്തിനുമൊക്കെ കോട്ടം സംഭവിച്ചു പോയാൽ പിന്നെ ഞാൻ എന്ത് ചെയ്യും..കാണാൻ ഒരു ഭംഗിയും ഇല്ലാത്ത നിന്നെ ഞാൻ ജീവിത കാലം മുഴുവനും സഹിക്കണ്ടേ..സത്യം പറഞ്ഞാൽ നീയെനിക്ക് ഒരു വലിയ ബാധ്യതയായി മാറും..അതോടെ എന്റെ ജീവിതം തീർന്നില്ലേ..

നീയെന്ന ഭാരത്തേയും ചുമന്നു നടക്കണം.. ഹൂ..അതിനേക്കാൾ വല്യ കഷ്ടം വരാൻ ഉണ്ടാകുമോ പിന്നെ എനിക്ക്.. " അവൻ വളരെ ലാഘവമായിട്ടു പറഞ്ഞു.. "അപ്പോ..അപ്പോ നീ സ്നേഹിച്ചത്.. അല്ല സ്നേഹിക്കുന്നത് സൗന്ദര്യത്തേയാണോ.. അത് ഇല്ലാതെ ആകുമ്പോൾ നീ പറഞ്ഞത് പോലെ ഒരു ബാധ്യത ആകുമോ ഞാൻ നിനക്ക്..? " അവൾക്ക് വാക്കുകൾ ശെരിക്കും പുറത്തേക്ക് വരുന്നില്ലായിരുന്നു. തൊണ്ടയിൽ എന്തോ കെട്ടി കിടക്കുന്നത് പോലെയും നെഞ്ചിലേക്ക് ഒരു തീഗോളം വന്നിറങ്ങിയതു പോലെയും തോന്നി.. "എന്താ സംശയം..അതല്ലേ ഞാൻ ഇത്രേം നേരം പറഞ്ഞോണ്ട് ഇരുന്നത്..പെണ്ണിന് അഴക് മുടിയാണെന്ന് ചില കോന്തൻമാരു പറയും..പക്ഷെ ഞാനത് പറയില്ല.. മുടി കിട്ടിയിട്ട് ഇപ്പൊ എന്തിനാ.. കൂടെ കിടക്കുമ്പോൾ കഴുത്തിൽ ചുറ്റി കാറ്റ് പോകാനോ.. പെണ്ണിൻറെ ഭംഗി അവളുടെ നിറത്തിലും രൂപത്തിലും ശരീര വടിവിലുമൊക്കെയാ..അത് കൊണ്ടല്ലേ ഞാൻ നിന്റെ മുടി മുറിപ്പിച്ചു നിന്നെ മോഡേൺ ആക്കി എടുത്തത്.. " അവൻ വീണ്ടും പറഞ്ഞു..ഒന്ന് മരിച്ചു പോയാൽ മതി എന്നു തോന്നി അവൾക്ക്.. കണ്ണ് രണ്ടും ഇറുക്കി പിടിച്ചു.. കണ്ണുനീർ ഇരു കവിളിലൂടെയും കുത്തി ഒലിക്കാൻ തുടങ്ങി.. "എന്താ..നിനക്ക് മുടി വേണോ..? "

അവൻ അവളുടെ കയ്യിൽ തൊട്ടു.. "ചീ..തൊട്ടു പോകരുത് എന്നെ.. നിന്റെ മനസ്സിൽ ഇരുപ്പ് ഇതൊക്കെയാണെന്ന് ഞാൻ അറിഞ്ഞില്ല.. " അവൾ അവന്റെ കൈ തട്ടി മാറ്റി അലറി കരഞ്ഞു.. "അപ്പോ നിന്റെ ചോദ്യമോ..? സൗന്ദര്യവും ശരീരവും മോഹിച്ചിട്ടാണ് ഞാൻ നിന്നെ പ്രണയിച്ചത് എങ്കിൽ നിന്റെ സന്തോഷത്തിനും സമ്മതത്തിനും കാത്തു നിൽക്കുമോ ഞാൻ.. എപ്പോഴേ നിന്നെക്കൊണ്ട് രണ്ടെണ്ണം പ്രസവിപ്പിച്ചേനെ..ഒന്നുമില്ലേലും എനിക്ക് ബോറടിക്കുമ്പോൾ എടുത്തു കളിപ്പിക്കാമായിരുന്നു.. " "വേണ്ടാ..നിർത്തിക്കോ..എനിക്ക് കാണണ്ട..ഒന്നും കേൾക്കേo വേണ്ടാ.. പോ..എണീറ്റു പോകാൻ.. " അവൾ അവനെ പിടിച്ചു തള്ളാനും നുള്ളാനും മാന്തി പറിച്ചു എടുക്കാനുമൊക്കെ തുടങ്ങി.. "ഏയ്‌...നോവുന്നെടീ.. " അവൻ അവളുടെ രണ്ടു കയ്യും പിടിച്ചു വെച്ചു അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു..അത് കാത്തിരുന്ന പോലെ അവളപ്പോ തന്നെ അടങ്ങി ആ വിരിമാറിൽ ഒതുങ്ങിയിരുന്നു.. "അപ്പോ തീരെ വിശ്വാസം ഇല്ല.. അല്ലേ..? " "മ്മ്..ഉണ്ട്..പെട്ടെന്ന് അങ്ങനൊക്കെ പറഞ്ഞപ്പോൾ സങ്കടം വന്നു പോയി.. " "സങ്കടമോ ദേഷ്യമോ..? " "ആ..ദേഷ്യം തന്നെയാ..ഞാൻ എത്ര സ്നേഹത്തോടെയും അടക്കത്തോടെയുമാ നിന്നോട് പെരുമാറുന്നത്..നീയാ വെറുതെ ഒന്നും രണ്ടുമൊക്കെ പറഞ്ഞു എന്നേ ദേഷ്യം പിടിപ്പിക്കുന്നത്..എന്തിനാ..?

എന്തിനാ ഇങ്ങനെ..? ദേഷ്യം പിടിപ്പിക്കുന്നത് കൊണ്ടല്ലേ എന്റെ ഈ പിച്ചലും മാന്തലുമൊക്കെ കൊള്ളേണ്ടി വരുന്നത്.. " "അത് കൊള്ളാൻ വേണ്ടി തന്നെയാ ദേഷ്യം പിടിപ്പിക്കുന്നത്.. എനിക്ക് എപ്പോഴും കാണേണ്ടതും വേണ്ടതും ഈ ദേഷ്യമാ.. ഈ ദേഷ്യത്തിനോട് തന്നെയാ ഇഷ്ടം..നിന്റെ ഈ തൊട്ടാൽ പൊട്ടുന്ന സ്വഭാവം തന്നെയാ നിന്നെ എന്റെ പെണ്ണാക്കുന്നത്..അതുകൊണ്ട് ആരുടെ മുന്നിൽ ഒതുങ്ങിയാലും എന്റെ മുന്നിൽ ഒതുങ്ങരുത്.. എനിക്ക് ഇപ്പോഴും ഇങ്ങനെ വേണം ഞാൻ പ്രണയിച്ച എന്റെ പെണ്ണായിട്ട്.. " അവന്റെ രണ്ടു കയ്യും അവളെ പൊതിഞ്ഞു.. "മ്മ്..നീ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസിലായി.." "മനസ്സിലായല്ലോ..ഭാഗ്യം..എന്തെടി നീയിപ്പോ ഇങ്ങനെ..ആരേലും ഒന്ന് പറഞ്ഞാൽ തിരിച്ചു പത്തെണ്ണം പറയുന്നവൾ ആയിരുന്നു.. നാവു ചിലവാക്കാൻ നിന്നെ തോല്പിക്കാൻ ലോകത്ത് വേറൊരാൾ ഇല്ലെന്ന് കരുതിയതാ ഞാൻ.. മമ്മ അത്രയൊക്കെ പറയുമ്പോൾ നിനക്ക് എന്തെങ്കിലും തിരിച്ചു പറഞ്ഞൂടായിരുന്നോ..ധിക്കാരം പറയണമെന്നോ എതിർത്ത് സംസാരിക്കണമെന്നോ അല്ല.. ബഹുമാനിക്കണം.. പക്ഷെ നിന്റെ ഭാഗത്തു ന്യായമുണ്ടല്ലോ.. അത് പറഞ്ഞൂടെ നിനക്ക്..എന്തിനാ ആക്ഷേപങ്ങളൊക്കെ കേൾക്കാനും ഉപദ്രവങ്ങളൊക്കെ സഹിക്കാനും നിക്കുന്നത്.."

"അതിനുള്ള കാരണം എത്രയോ വട്ടം ഞാൻ പറഞ്ഞത് ആണല്ലോ അമൻ.. എനിക്ക് വേണം. നിന്നെ മാത്രമല്ല.. നിന്റെ കുടുംബത്തേയും അവരുടെ സന്തോഷത്തേയും.. നീ ഭയക്കുന്നത് പോലൊന്നും സംഭവിക്കില്ല..എത്ര കഷ്പ്പെട്ടിട്ടായാലും വേദനിച്ചിട്ട് ആയാലും വേണ്ടില്ല.. ഉമ്മാന്റെ മനസ്സിൽ ഒരു മരുമകൾ..അല്ല മകൾ എന്ന സ്ഥാനം തന്നെ ഞാൻ നേടും.. നീ നോക്കിക്കോ.. ഉമ്മാന്റെ പ്രിയപ്പെട്ട മകൾ ആയി മാറും ഞാൻ. സ്നേഹവും ക്ഷമയുമാ അതിനുള്ളി വഴി.. സ്നേഹത്തിനു മുന്നിൽ തോൽക്കാത്തതായി ഒന്നുമില്ല അമൻ..അതല്ലേ ഞാൻ നിന്റെ മുന്നിൽ തോറ്റു തന്നത്.. എങ്ങനെ ഇരുന്ന ഞാനാ..നിന്നെ കാണുന്നതേ കലി ആയിരുന്നു.. എന്നിട്ടിപ്പോ നോക്കിയേ.. ഏതു നേരവും അട്ട ഒട്ടുന്നത് പോലെ നിന്നെ ഒട്ടിക്കോണ്ടാ..അതാ സ്നേഹത്തിന്റെ പവർ...പിന്നെ എന്റെ സ്വാർത്ഥതയാണെന്നു കൂടി കൂട്ടിക്കോ.. ഉമ്മാനെ മെരുക്കിയാൽ അല്ലേ എനിക്ക് ഇവിടെ നിന്നോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയൂ.. ഇല്ലേൽ എപ്പോഴും അമ്മായിമ്മ പോരായിരിക്കും.. " അവൾ ഒന്ന് ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു..അവൻ അപ്പൊത്തന്നെ അവളുടെ കഴുത്തിലൂടെ കയ്യിട്ടു ആ മുഖം തന്റെ മുഖത്തേക്ക് വലിച്ചടുപ്പിച്ചു..

ചുണ്ടിൽ ചുംബിക്കാൻ ഒരുങ്ങിയതും അവൾ വേഗം അവന്റെ ചുണ്ട് പൊത്തി പിടിച്ചു.. "ക്രീം പുരട്ടിയത് മറന്നോ..? " അവൾ ചോദിച്ചത് കേട്ടു അവൻ ഒന്ന് ചിരിച്ചു..എന്നിട്ടു മുഖം അവളുടെ കഴുത്തിലേക്ക് കൊണ്ട് പോയി..പിൻ കഴുത്തിലെ മറുകിൽ അവന്റെ ചുണ്ടുകൾ അമർന്നു... പുളയുന്നതിന് ഒപ്പം അവളുടെ വിരലുകൾ അവന്റെ മുടിയിൽ മുറുകി.. "റസ്റ്റ്‌ എടുക്ക്..താഴേക്ക് പോകണ്ട.. വേണ്ടത് ഒക്കെ വേണ്ടവർ ഉണ്ടാക്കി കഴിച്ചോളും..എങ്ങാനും പറഞ്ഞത് കേൾക്കാതെ താഴേക്ക് ഇറങ്ങിയാൽ എല്ലാരുടെയും മുന്നിന്ന് ആയിരിക്കും നിന്റെ ചെകിടു പുകയുക..ഞാൻ കുളിച്ചിട്ട് വരാം.." അവൻ അവളെ ശാസനയോടെ നോക്കിയിട്ട് എഴുന്നേറ്റു കുളിക്കാൻ പോയി.. ** ഉച്ചയ്ക്ക് കാളിങ് ബെല്ലിൻറെ ശബ്ദം കേട്ടിട്ടാണ് അവൾ തുണി വിരിച്ചിടുന്നതിന്റെ ഇടയിൽ താഴേക്ക് പോയത്..മുംതാസ് സോഫയിൽ കാലിനു മുകളിൽ കാലും കയറ്റി വെച്ചിരുന്നു ടീവി കാണുകയാണ്..പക്ഷെ കാളിങ് ബെല്ല് നോ മൈൻഡ്...അവൾ വേഗം ചെന്നു കതകു തുറന്നു.. "നിങ്ങളോ..? " വെളിയിൽ നിൽക്കുന്നവരെ കണ്ടു അവളിൽ സന്തോഷം നിറഞ്ഞു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story