ഏഴാം ബഹർ: ഭാഗം 78

ezhambahar

രചന: SHAMSEENA FIROZ

"നിങ്ങളോ..? " വന്നത് എബിയും സനുവും ആണെന്ന് കണ്ടതും അവളുടെ മുഖത്തു സന്തോഷം അലയടിച്ചു.. "പിന്നെ ആരെന്നാ കരുതിയത്..? " സനു കണ്ണ് കൂർപ്പിച്ചു.. "അയ്യോ..ആരെന്നും കരുതിയില്ല മുത്തേ..എന്നാലും നിങ്ങളെ ഒട്ടും പ്രതീക്ഷിച്ചില്ല..അല്ലടാ സനു.. നീയെന്താ ഇവനൊപ്പം..എന്ത് കോലമാ ഇത്..നിന്നോട് എത്ര വട്ടം പറഞ്ഞതാ ഇങ്ങനെ ചെളിയിൽ നിരങ്ങരുതെന്ന്.." അവൾ സനുവിനെ ശാസനയോടെ നോക്കി.. "നീ ഇവനെ വഴക്ക് ഒന്നും പറയണ്ട ലൈലാ..ഞാൻ കോളനി റോഡ് വരെ ഒന്ന് പോയിരുന്നു..അവിടെന്ന് വരുമ്പോൾ കിട്ടിയതാ ഇവനെ.. വരമ്പത്തു കളിക്കുവായിരുന്നു.. ഈ കോലത്തിൽ വരുന്നില്ല, ഇങ്ങനെ കണ്ടാൽ ലൈലു ദേഷ്യപ്പെടുമെന്നൊക്കെ അപ്പോഴേ പറഞ്ഞതാ..പിന്നെ നിന്നെ കാണാതെ കുറേ ദിവസം ആയെന്ന് പരിഭവം പറയുകയും ചെയ്തു.അപ്പൊ പിന്നെ ഒന്നും നോക്കിയില്ല.. എടുത്തു പൊക്കി ബൈക്കിൽ കയറ്റി കൊണ്ട് വന്നു..ഞാൻ ഏതായാലും ഇങ്ങോട്ട് വരാൻ നിക്കുവായിരുന്നു.. വേറൊന്നുമല്ല..രണ്ടു മൂന്ന് ദിവസമായി താജ്നെ കണ്ടിട്ട്..

കോളേജിലേക്ക് വരാതെ ഇവിടെ അട ഇരിക്കുവല്ലേ രണ്ടും.. " പറഞ്ഞു വന്നു ഒടുക്കം അവളെ കളിയാക്കുന്നതിലേക്ക് തന്നെ എത്തി എബി..അവൾ പോടാന്നും പറഞ്ഞു മുഖം തിരിച്ചു കളഞ്ഞു.. "എന്നെ കണ്ടതും കിട്ടിയതുമൊക്കെ അച്ചായൻ കൃത്യമായി പറഞ്ഞല്ലോ..എന്നാൽ അച്ചായൻ എന്തിനാ ആ വഴി വന്നേന്ന് മാത്രം പറഞ്ഞില്ല..എന്തിനാണെന്ന് അറിയാമോ ലൈലൂ..? ജുവലിനെ കാണാനാ..കോളേജിന്നുള്ള കുറുകലും കറക്കമൊന്നും അച്ചായനു മതിയാകുന്നില്ലന്ന് തോന്നുന്നു.." "ജുവലിനെ കാണാനോ..? അതിന് നിന്റെ കാര്യം അവളുടെ വീട്ടിൽ അറിയാമോ..? " ലൈല എബിയെ നോക്കി നെറ്റി ചുളിച്ചു.. "പിന്നല്ലാതെ...അതൊക്കെ എപ്പോഴേ റെഡി..അവൾക്ക് വീട്ടിൽ വേറെ ആലോചനകളൊക്കെ വരുന്നുണ്ട്.. പെണ്ണ് ആകെ പേടിച്ചു നിലവിളിയാ..അതുകൊണ്ട് അപ്പച്ചനെയും അമ്മച്ചിയെയും ഞാൻ മിനിയാന്നേ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു... ഞാനും പോയി കേട്ടോ..ഒരു ചെറിയ പെണ്ണ് കാണൽ..മനസ്സമ്മതം ഉടനെ വേണമെന്നാ അവളുടെ വീട്ടുകാരുടെ അഭിപ്രായം..അത് പറയാൻ കൂടിയാ ഞാൻ വന്നത്.. " എബിയുടെ മുഖത്തു ചെറു ചിരി ഉണ്ടായിരുന്നു..

"ആഹാ..അത് കൊള്ളാല്ലോ.. ലൈസൻസ് കിട്ടി.. അപ്പൊ ഇനി എന്തും ആവാം..അല്ലേ..? ഇനി ഒരു റെസ്റ്റും ഉണ്ടാകില്ലല്ലോ മോനേ..രാവും പകലുമില്ലാതെ ചുറ്റലും കറങ്ങലുമൊക്കെയായിരിക്കും.. നല്ലോണം കണ്ട്രോൾ ചെയ്തേക്കണേ അച്ചായാ..ഇല്ലേൽ മനസ്സമ്മതത്തിനു മുന്നേ മിന്നു കെട്ടു നടത്തേണ്ടി വരും.. " ലൈല എബിയെ കളിയാക്കി ചിരിച്ചു.. "പോ പിശാശ്ശെ...ഇവിടെ ഈ സാധനം നിക്കുമ്പോഴാണോ നീയെന്നെ ഇങ്ങനൊക്കെ പറയേണ്ടത്..എന്നെ വാരി നിലത്തടിക്കാനുള്ള അവസരവും നോക്കി നിക്കുവാ ഇവൻ.. അതോണ്ട് ഇവന്റെ മുന്നിൽ വെച്ചു നീയെന്നെ കുറിച്ച് കമാന്നൊരു അക്ഷരം പോലും മിണ്ടി പോകരുത്.. " എബി സനുവിനെ നല്ലോണമൊന്നു നോക്കി..എന്നിട്ടു ലൈലയ്ക്ക് മുന്നിൽ കൈ കൂപ്പി കാണിച്ചു.. "അന്ത ഭയം ഇരിക്കട്ടും.. " സനു വല്യ ഗമയിൽ നിന്നു.. അത് കണ്ടു എബി പോടാ പിശാശ്ശെന്നും പറഞ്ഞു അവനെ പുച്ഛിച്ചു കളഞ്ഞു... "അല്ല ലൈലൂ..ഞങ്ങളെ അകത്തേക്ക് ക്ഷണിക്കുന്നില്ലേ.. ഇവിടെ തന്നെ ഇങ്ങനെ നിർത്താനാണോ ഉദ്ദേശം..താജ് എവിടെ..? "

"അല്ലാഹ്..ഓരോന്നു ചോദിക്കേo പറയേം ചെയ്യുന്നതിന്റെ ഇടയിൽ ഞാനത് മറന്നു..കയറി വാ രണ്ടും.. അമൻ മേളിലുണ്ട്..ഇനി എന്റെ പൊന്നനിയൻ ആദ്യമായി വന്നിട്ടു ഞാൻ അകത്തേക്ക് ക്ഷണിച്ചില്ലന്ന പരാതി വേണ്ടാ.. " അവൾ ചിരിച്ചോണ്ട് രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചിട്ട് കുടിക്കാൻ എടുക്കാൻ വേണ്ടി കിച്ചണിലേക്ക് പോയി.. "ഇതാരാ..ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ..പുതിയ ജോലിക്കാരിയാണോ..? " ആരെയും മൈൻഡ് ചെയ്യാതെ സോഫയിൽ കാലിനു മുകളിൽ കാലും കയറ്റി വെച്ചിരുന്നു ടീവി കാണുന്ന മുംതാസിനെ സനു സംശയത്തോടെ നോക്കി.. "അതിന് നീ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ..? " എബി ചോദിച്ചു.. "ഇല്ലാ..ഞാൻ ആദ്യമായിട്ടാ..അതല്ലേ ഇപ്പൊ ലൈലു പറഞ്ഞിട്ട് പോയത്." "പിന്നെങ്ങനെയാ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലന്ന് പറഞ്ഞത്.. " "ഓ..സോറി..കേട്ടിട്ടില്ലന്നാ..എന്നെ ചോദ്യം ചെയ്യാതെ ഞാൻ ചോദിച്ചതിന് മറുപടി പറ അച്ചായോ..ജോലിക്കാരി തന്നെയല്ലേ..? " "നിന്റെ തല..ഈ കോലത്തിൽ ആണോടാ ജോലിക്കാരി ഇരിക്കുക.. ഒന്ന് പോടാപ്പാ അവിടെന്ന്.. "

എബി അവനെ നോക്കി കണ്ണുരുട്ടി.. "ആ..ഇപ്പൊ ഇതൊക്കെയല്ലേ ട്രെൻഡ്..വീട്ടുടമയെ കണ്ടാലും വീട്ടുജോലിക്കാരിയെ കണ്ടാലും തിരിച്ചറിയില്ല..രണ്ടും ഒരേ ഗെറ്റപ്പിലാ ഉണ്ടാവുക.. വേണമെങ്കിൽ ജോലിക്കാരിയ്ക്ക് ഇത്തിരിക്കൂടെ മേക്കപ്പും ജാടയുമൊക്കെ കാണും..ആ ഒരൊറ്റ വ്യത്യാസം ഉണ്ടാകും രണ്ടു പേരും തമ്മിൽ.. " "എടാ..കുട്ടി തേവാങ്കെ..ഒന്ന് മിണ്ടാതിരി..ഇത് നീ കരുതുന്ന പോലെ മേക്കപ്പ് ഇട്ട സെർവൻറ്റ് ഒന്നുമല്ല..മമ്മയാ..താജ്ന്റെ മമ്മ.. ഈ കാണുന്ന സ്റ്റൈൽ മാത്രമേ ഉള്ളു..സ്വഭാവം തനി മൂശേട്ടയാണെന്ന കേട്ടത്.. അത് കൊണ്ട് നീ ചുമ്മാ നിന്റെ ഈ ലൈസൻസ് ഇല്ലാത്ത നാവു വളച്ചു അവരുടെ കയ്യിന്ന് വാങ്ങിക്കാൻ നിക്കണ്ട.. " "ഓഹോ..അപ്പൊ ഇതാണ് ആ മൊതല്..എപ്പോ ലാൻഡി.. " "ഇന്നലെ..എന്റെ ഊഹം ശെരിയാണേൽ വന്ന് കാൽ എടുത്തു വെച്ചതിന് ശേഷം നിന്റെ ലൈലൂന് സമാധാനം കൊടുത്തിട്ടുണ്ടാകില്ല.. അതുപോലെത്തെ ഇനമാ.. " "അത് ശെരി..എന്നാൽ അതിന് തിരിച്ചു എന്തേലും കൊടുത്തിട്ടു തന്നെ കാര്യം.. " സനു സൈറ്റ് അടിച്ചു കാണിച്ചു..

"ടാ..വേണ്ടാ..അവരു നമ്മക്ക് പറ്റിയ പാർട്ടിയല്ല..ചൊറിയാൻ പോകണ്ട..തിരിച്ചു മാന്തും നിന്നെ.. " എബി വിലക്കി എങ്കിലും അവൻ അത് കൂട്ടാക്കിയില്ല.. ഓടി ചെന്നു സോഫയിൽ മുംതാസിന്റെ അരികിൽ ഇരുന്നു.. "അയ്യേ..പ്രായം ഇത്രേം ആയിട്ടും കാർട്ടൂൺ ചാനൽ ആണോ കാണുന്നത്..ഷെയിം..ഷെയിം..വെരി ഷെയിം..ഞാൻ പോലും ഇതൊന്നും കാണാറില്ലല്ലോ..ഓ..പ്രായം മാത്രമേ കാണുള്ളൂ..അതിനൊത്ത വിവരവും ബുദ്ധിയുമൊന്നും കാണില്ല അല്ലേ..? " "ആരെടാ നീ..? " മുംതാസ് എഴുന്നേറ്റു നിന്നു ഒരു അലർച്ചയായിരുന്നു.. "ഞാൻ...മനസ്സിലായില്ലേ..കൊച്ചു മകൻ.. " സനു പല്ല് ഇളിച്ചു കാണിച്ചു.. "കൊച്ചു മകനോ..? ആരുടെ..?" "കൊച്ചു മകനല്ല..കൊച്ചു മകന്റെ പ്രായം ഉണ്ടെന്ന് പറയുവായിരുന്നു..എനിക്ക് പതിമൂന്ന് ആയതേ ഉള്ളു.. നിങ്ങൾക്ക് ഒരു പത്തമ്പത്തഞ്ച് ആയില്ലേ..? പിന്നെ ഈ ഫെയറും ഹെയറും.. അതിലൊന്നും ഒരു കാര്യവുമില്ല..എല്ലാം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ടെന്നേ..അപ്പൊ എങ്ങനെയാ..ഞാൻ കൊച്ചു മകൻ തന്നെയല്ലേ..

അതേ..ഉറപ്പിച്ചു..ഒരുതരം..രണ്ടു തരം..മൂന്നു ത......" "Shut up..പിച്ച എടുക്കാൻ വന്നാൽ പുറത്ത് നിൽക്കണം..അല്ലാതെ അകത്തേക്ക് കയറി വരുകയല്ല വേണ്ടത്..out...Get out from my home.." "അയ്യടാ..ഞാൻ പിച്ച എടുക്കാൻ വന്നത് ഒന്നും അല്ല..നിങ്ങൾ എന്താ കരുതിയത്..ഈ വീട്ടിലേക്ക് വരുന്നവർക്ക് ഒക്കെ നിങ്ങളുടെ അതേ സ്റ്റാൻഡേർഡ് ആണെന്നോ..? പിന്നെ ആ കൊച്ചു മകൻ എന്ന് പറഞ്ഞത്..അത് ഞാൻ അങ്ങ് പിൻവലിച്ചു കേട്ടോ.. ഹിയ്യോ..എനിക്കൊന്നും വേണ്ട ഇതുപോലൊരു ഗ്രാൻഡ്മ്മയെ... മനുഷ്യൻറെ രൂപവും ഡെവിളിന്റെ സ്വഭാവവും..ഞാനേ ലൈലൂന്റെ അനിയനാ..എബിച്ചായന്റെ ഒപ്പം വന്നതാ..നമ്മടെ താജ്നെ കാണാൻ.." "ഓഹോ..അപ്പൊ ഇവൻ ഒറ്റയ്ക്ക് അല്ല..കൂടെ ഇങ്ങനൊരെണ്ണം കൂടിയുണ്ട്..ആരെടാ നീ..? സത്യം പറയെടാ..എന്താ നിങ്ങളുടെ ഉദ്ദേശം..പട്ടാ പകൽ പിടിച്ചു പറി നടത്താൻ വന്നതല്ലേ..ഈ തെരുവ് ചെക്കനെ നീയാണല്ലേ അപ്പൊ ഇതൊക്കെ പഠിപ്പിച്ചിരിക്കുന്നതും ഇങ്ങനെ ഓരോ വീട്ടിലേക്ക് തട്ടിപ്പ് നടത്താൻ കൊണ്ട് പോകുന്നതും..." മുംതാസ് എബിയുടെ നേരെ തിരിഞ്ഞു.. "അയ്യോ..സത്യമായിട്ടും ഞാൻ അല്ല..എനിക്കൊന്നും അറിഞ്ഞൂടാ.. കർത്താവാണേ ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്..

ഇവൻ കേട്ടില്ല..ഞാൻ ഫ്രണ്ടാ.. താജ്ന്റെ.. " മുംതാസ് അടുത്തേക്ക് വന്നപ്പോഴെ എബി വിയർത്തിരുന്നു..നിന്നു തപ്പാനും തടയാനുമൊക്കെ തുടങ്ങി.. "ഫ്രണ്ടും ബാക്കുമൊക്കെ അങ്ങ് കോളേജിൽ..ഇതിനകത്ത് വേണ്ടാ.. മ്മ്..പൊക്കോ..ഇതുപോലെ ഓരോന്നിനെ വീട്ടിൽ കയറ്റിയതിന്റെ ഫലം ഞാനിന്ന് നന്നായി അനുഭവിക്കുന്നുണ്ട്..വഴി തെറ്റിക്കുന്നത് മാത്രം അല്ലല്ലോ.. ഒപ്പം കൂടി കൂടി ജീവൻ തന്നെയല്ലേ എടുക്കുന്നത്..നല്ല ഭാഷയിൽ തന്നെ പറഞ്ഞേക്കാം..ഈ വീട്ടിലുള്ള ഒരുത്തിയെ തന്നെ സഹിക്കാൻ കഴിയുന്നില്ല..അവളെ വെളിയിൽ തള്ളാനുള്ള കഷ്ടപ്പാടിലാ ഞാൻ.. അതിന്റെ ഇടയിൽ നിങ്ങൾ ഓരോരുത്തരു ഇങ്ങനെ കയറി വരരുത്..എന്റെ മകൻ നിങ്ങളെ പോലുള്ളവരുടെ ഒപ്പം കൂട്ട് കൂടി നടക്കുന്നതിലോ നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിലോ ഒന്നും എനിക്ക് താല്പര്യമില്ല..അവനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. അതു കൊണ്ടാ നിങ്ങളോട് പറയുന്നത്..മനസ്സിലാക്കിയാൽ നിങ്ങൾക്ക് കൊള്ളാം.." "എന്താ..എന്താ ഇവിടെ..? "

ട്രെയിൽ ജ്യൂസുമായി വന്ന ലൈല കാര്യം മനസ്സിലാവാതെ മൂന്നു പേരെയും നോക്കി.. "നിന്നെ ആരാ ഇപ്പൊ ഇങ്ങോട്ട് ക്ഷണിച്ചത്..ഓ..ജ്യൂസ്‌..അപ്പൊ നീ വിളിച്ചിട്ടാണ് ഇവരു വന്നത്.. അല്ലേടീ..? " "ഉമ്മാ..ഇത്..ഇത് എബിയാ.. അമൻറെ ഫ്രണ്ട്‌..അവനെ കാണാനാ വന്നത്.. " "വേണ്ടാ..നിർത്ത്..സംസാരം മാത്രമല്ല..സൽക്കാരവും..നീ ഈ വീട്ടിലെ ആരാടി..കണ്ണിൽ കണ്ടവരെയൊക്കെ വിളിക്കാനും വിരുന്നൂട്ടാനും നിന്നോട് ആരാ പറഞ്ഞത്..ആരാ നിനക്ക് അതിനുള്ള അധികാരം തന്നത്..? നിന്നെയും നിന്റെ സംസ്കാരത്തെയും കുറിച്ച് ഞാൻ ഒന്ന് പറഞ്ഞപ്പോൾ നന്നായി പൊള്ളിയല്ലോ എന്റെ മകനെന്ന് പറയുന്ന ആ തല തെറിച്ചവന്... എന്നെ കടിച്ചു തിന്നാൻ വന്നല്ലോ നിന്റെ നിലവാരത്തെക്കുറിച്ച് പറഞ്ഞപ്പോൾ..എന്നിട്ടു എന്താടി ഇത്..നിന്റെ അനിയൻ അല്ലേ ഇവൻ..ഏതു ചെളിക്കുഴിയിൽ നിന്നും എണീറ്റു വന്നതാ..സ്മെല് മാത്രമല്ല..അറപ്പു കൂടിയാ..കണ്ടിട്ട് ശർദ്ദിക്കാൻ വരുന്നു..വൃത്തിയും വെടിപ്പുമില്ലാത്ത ജന്തുക്കൾ.. എന്തൊക്കെ അസുഖങ്ങളാ ഉള്ളത് എന്ന് റബ്ബിന് മാത്രം അറിയാം.. നിങ്ങളെ പോലുള്ളവരെയൊക്കെ ഏഴു ചവിട്ടു അകലെ നിർത്തണം.. അതും അർഹിക്കുന്നില്ല നീയൊന്നും..ഏതായാലും സിസ്റ്ററും കൊള്ളാം..ബ്രദറും കൊള്ളാം..ഒന്ന് പിടിച്ചു പുറത്താക്കുന്നുണ്ടോ ഇവനെ.. " "ആഹാ..അത്രയ്ക്ക് ആയോ..എന്നെ നാറുന്നുണ്ടല്ലേ..ഈ സ്മെല് അടിച്ചിട്ട് വോമിട് ചെയ്യാൻ വരുന്നുണ്ടല്ലേ..

എന്നാലേ ഗ്രാൻഡ്മ്മയ്ക്ക് ഞാനൊരു സൂത്രം കാണിച്ചു തരാം..ഞാൻ പോയാലും ഗ്രാൻഡ്മ്മയ്ക്ക് ഈ സ്മെല് വേണ്ടേ..ഛർദിക്കണ്ടേ..അതിനാ...ഇപ്പൊ ശെരിയാക്കി തരാം നിങ്ങടെ ഒലക്കമ്മേലെ വൃത്തിയും വെടിപ്പുമൊക്കെ.." സനു മുംതാസിനെ മുറുക്കെ ചുറ്റി പിടിച്ചു..എബിയും ലൈലയും അവന്റെ ചെയ്ത്ത് കണ്ടു പകച്ചു പണ്ടാരമടങ്ങിപ്പോയി.. "ചീ..മാറെടാ അങ്ങോട്ട്‌.." മുംതാസ് വെറുപ്പോടെ അവനെ തള്ളി മാറ്റാൻ നോക്കി..പക്ഷെ അവൻ അനങ്ങിയില്ല..ഉടുമ്പ് പിടിച്ചത് പോലെ പിടിച്ചു നിന്നു അവരെ ഉരസിയും തേച്ചുമൊക്കെ ഡ്രെസ്സിലെ മുഴുവൻ അഴുക്കും അവരുടെ ദേഹത്തേക്കും സാരിയിലേക്കും ആക്കി.. "നിനക്ക് ഇത്രക്ക് ധൈര്യമോ..? മാറെടാ ജന്തു... " മുംതാസ് ജ്വലിക്കുകയായിരുന്നു.. മുഴുവൻ ബലവും ഉപയോഗിച്ച് അവനെ പിടിച്ചു ആഞ്ഞു തള്ളി.. "റബ്ബേ..സനൂ.. " ലൈല അവനെ പിടിക്കാൻ ഒരുങ്ങി. പക്ഷെ അതിന് മുന്നേ എബി താങ്ങി നിർത്തിയിരുന്നു അവനെ.. "ഇറങ്ങെടാ..ഇറങ്ങ്..ഈ നിമിഷം ഇറങ്ങണം..ഇല്ലേൽ ഞാൻ പോലീസ്നെ വിളിക്കും..നിന്റെ പ്രായമൊന്നും നോക്കില്ല.. ഞാനൊന്നു ആവശ്യപ്പെട്ടാൽ നിന്നെ തൂക്കി എടുത്തു കൊണ്ട് പോകും.. പിന്നെ ഇരുട്ടറയിൽ കഴിയാം നിനക്ക്.." "ഇപ്പൊ ഇവിടെത്തേക്കാൾ വെട്ടവും വെളിച്ചവുമൊക്കെ അവിടെയാ..

അതൊന്നും അറിയില്ല അല്ലേ വക്കീൽ മമ്മയ്ക്ക്..? സിഎഫ്എലിൻറെ പവർ മാത്രമല്ല കേട്ടോ..ഇരുട്ട് പരത്താൻ നിങ്ങളെ പോലെ കറുത്ത ഹൃദയമുള്ള സ്ത്രീകളില്ല അവിടെ എന്നതാണ് മെയിൻ പോയിന്റ്.." സനുവിന്റെ മുഖത്തു പുച്ഛമായിരുന്നു.. "എടാ...!!! " "അലറണ്ടാ..ഞാൻ പേടിക്കില്ല..നിങ്ങളുടെ മകൻ തന്നെയാ എനിക്ക് പറഞ്ഞു തന്നിട്ട് ഉള്ളത്,, നമ്മുടെ ഭാഗത്തു ശെരിയും ന്യായവും ഉണ്ടെങ്കിൽ സംസാരിക്കാനും പ്രവർത്തിക്കാനും നമ്മൾ ആരെയും ഭയക്കണ്ടന്ന്.. അതിനി മുന്നിൽ നിൽക്കുന്നത് ഏതു വലിയ മഹാറാണി ആണെങ്കിലും..നിങ്ങള് വല്യ വക്കീലും മേയർൻറെ ഭാര്യയും ഈ വീടിന്റെ അധികാരിയുമൊക്കെ ആയിരിക്കും..എന്നുകരുതി അതിന്റെ പവറും ഹുങ്കുമൊന്നും ഞങ്ങളോട് കാണിക്കാൻ വരരുത്.. പ്രത്യേകിച്ച് എന്റെ ലൈലൂനോട്.. ഇവൾ ആരെന്നു കരുതിയിട്ടാ..? എന്തറിഞ്ഞിട്ടാ ഇവളെ കുറിച്ച്..? നിങ്ങളുടെ നിലയ്ക്കും വിലയ്ക്കും ചേർന്നവൾ തന്നെയാ ഇവൾ.. അല്ലെങ്കിൽ അതിനേക്കാൾ മീതെ..നിങ്ങൾക്കും നിങ്ങളുടെ മകനും ഈ വീടിനുമൊക്കെ കിട്ടിയ ഭാഗ്യമാ എന്റെ ലൈലൂ..സംശയം ഉണ്ടേൽ നിങ്ങളുടെ ഭർത്താവിനോട് ചോദിച്ചു നോക്ക്..

മേയർ അങ്കിൾ എത്രവട്ടം പറഞ്ഞിട്ട് ഉണ്ടെന്നറിയാമോ അത്.ഇവളുടെ ഈ ക്ഷമയെയും സഹനത്തെയും നിങ്ങൾ ഇവളുടെ ബലഹീനതയായി കാണരുത്..എന്നും ഇവൾ നിങ്ങൾക്ക് മുന്നിൽ ഇതുപോലെ തന്നെ നിന്നു കൊള്ളണമെന്നില്ല.. നിങ്ങളുടെ ക്രൂരതകൾ അതിരു കടന്നാൽ ഇവൾ പൊട്ടി തെറിച്ചേക്കാം..അത് നിങ്ങൾ താങ്ങിയെന്ന് വരില്ല..അത് കൊണ്ട് ഒന്ന് നോക്കിയും കണ്ടുമൊക്കെ പെരുമാറിക്കോ..അതാ നല്ലത് നിങ്ങൾക്ക്..ഒന്നു മാറങ്ങോട്ട്‌.. ഇനിയും ഞാൻ ഇവിടെ നിന്നാൽ നിങ്ങൾ മൊത്തത്തിൽ നാറും.. താജ്നെ കാണാനാ വന്നത്.. കണ്ടിട്ടേ പോകൂ..കഴിയുമെങ്കിൽ തടഞ്ഞോ..വാ എബിച്ചായാ.." സനു തെലുങ്ക് ഫിലിം ഹീറോയെ പോലെ ഷർട്ട്‌ൻറെ കോളർ ഒന്നു മുകളിലേക്ക് വലിച്ചിട്ടു എബിയുടെ കയ്യിൽ പിടിച്ചു സ്റ്റെയറിലേക്ക് കയറി..എബി ഒന്നും കണ്ടതുമില്ല..കേട്ടതുമില്ല.. സനുവിന്റെ പെർഫോമൻസിൽ ആകെ ഫിലമെന്റ് പോയി നിക്കുവായിരുന്നു..സനു നടക്കുന്നതിനൊപ്പം അവനും നടന്നു..ലൈലയ്ക്ക് എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല..വിറച്ചു വിറച്ചു മുംതാസിന്റെ മുഖത്തേക്ക് നോക്കി..പിന്നെ തോന്നി നോക്കേണ്ടിയിരുന്നില്ലന്ന്..ആ മുഖത്തു അവളെ ചുട്ടു കൊല്ലാനുള്ള അഗ്നി എരിയുന്നുണ്ടായിരുന്നു.. പിന്നെ ഒരുനിമിഷം പോലും അവിടെ നിന്നില്ല..

കയ്യിലെ ട്രെ അവിടെ ടേബിളിൽ വെച്ചിട്ടു സനുവിനെയും മനസ്സിൽ പ്രാകിക്കൊണ്ട് മുകളിലേക്ക് ഒരോട്ടമായിരുന്നു.. ** "ആഹാ..രണ്ടു മങ്കികളും ഉണ്ടല്ലോ..ഇതെപ്പോ വന്നു.." എബിയെയും സനുവിനെയും കണ്ടതും താജ് മടിയിലെ ലാപ്ടോപ് മാറ്റി വെച്ചു എഴുന്നേറ്റു അവരുടെ അരികിലേക്ക് വന്നു.. "നീ ഇതിവിടെ എന്തെടുക്കുവായിരുന്നു..എന്തേയ് താഴേക്ക് വരാഞ്ഞെ..? " ലൈല ചോദിച്ചു.. "എടീ..ആ ന്യൂ പ്രൊജക്റ്റ്‌ൻറെ മെയിൽ മിനിയാന്നേ വന്നതാ.. ഇതുവരെ ചെക്ക് ചെയ്തിട്ടില്ല..അത് നോക്കുവായിരുന്നു.. എന്താ..? എന്തേലും കുഴപ്പം ഉണ്ടോ..? " താജ് നെറ്റി ചുളിച്ചു.. "അത്..അമൻ..അതുപിന്നെ കുഴപ്പമൊന്നും ഇല്ല.. " "പിന്നെ..? പിന്നെ എന്താടി...നിന്നു വിക്കാതെ കാര്യം പറാ.. " "കാര്യമോ..എന്ത് കാര്യം..ഒന്നുല്ലടാ താജ്..ഞങ്ങളു വന്നിട്ടു കുറച്ച് നേരമായെന്ന് പറയുവായിരുന്നു ഇവള്.. " താജുo ഉമ്മയുമായി ഒരു സീൻ ഉണ്ടാവണ്ടന്ന് കരുതി എബി വേഗം പറഞ്ഞു.. "അതൊന്നുമല്ല..അച്ചായൻ നുണ പറയുവാ..എന്തിനാ ഒളിച്ചു വെക്കുന്നത്..താജ് കൂടെ അറിയട്ടെ.. ഒന്നുല്ലേലും വീട്ടിലേക്ക് വരുന്ന അതിഥികളോടുള്ള ഉമ്മാന്റെ പെരുമാറ്റം എങ്ങനെയാണെന്ന് താജ് ഒന്ന് അറിഞ്ഞിരിക്കട്ടേ.." താഴെ നടന്നത് ഒക്കെ സനു താജ്നോട് വിശദീകരിച്ചു..

"ഓ..അപ്പൊ നീയെന്റെ മമ്മയ്ക്ക് നേരെ ശബ്ദം ഉയർത്തി..മമ്മയുടെ ദേഹത്ത് ചളി തേച്ചു..അല്ലേ..? " താജ്ൻറെ ചോദ്യവും ആ മുഖത്തെ ഗൗരവവും സനുവിനെ ഭയപ്പെടുത്തി..എന്ത് പറയണമെന്ന് അറിഞ്ഞില്ല.താജ് ദേഷ്യപ്പെടുമോന്നുള്ള സങ്കടത്തിൽ കുറ്റവാളിയെ പോലെ തലയും താഴ്ത്തി നിന്നു.. "താജ്...നീ അവനോട് ദേഷ്യപ്പെടണ്ടാ..നിന്റെ മമ്മ അങ്ങനൊക്കെ പെരുമാറിയപ്പോൾ അവനൊരു കുസൃതി കാണിച്ചു.. അത്രേയുള്ളൂ.. " എബി സനുവിനെ രക്ഷിക്കാൻ വേണ്ടി ഇടയിൽ കയറി..താജ് അപ്പൊത്തന്നെ കൈ ഉയർത്തി അവനെ തടഞ്ഞു.. "നിന്നോടല്ല..ഇവനോടാ ഞാൻ ചോദിച്ചത്..ഇവൻ പറയട്ടെ.. മുതിർന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്..ഇതൊക്കെയാണോ ലൈലാ നീ ഇവന് പഠിപ്പിച്ചു കൊടുത്തിരിക്കുന്നത്.. " താജ്ന്റെ ഗൗരവമേറിയ നോട്ടം സനുവിനെ കഴിഞ്ഞു ലൈലയിൽ പതിച്ചു..അവൾക്ക് മറുപടി ഒന്നും ഇല്ലായിരുന്നു..സനു ചെയ്തത് തെറ്റാണെന്ന അർത്ഥത്തിൽ നിന്നു.. "എന്തെടി..ഞാൻ ചോദിച്ചത് കേട്ടില്ലേ നീ.. "

"എന്തിനാ...എന്തിനാ ലൈലൂനോട് ദേഷ്യപ്പെടുന്നത്..അവൾ ഒന്നും ചെയ്തില്ലല്ലോ..ഞാൻ അല്ലേ.. ഞാൻ അല്ലേ ചെയ്തത്..അപ്പൊ ദേഷ്യപ്പെടണ്ടത് എന്നോടല്ലേ.. അവളെ ഒന്നും പറയണ്ട.. താജ് എന്നല്ല..ആരും..ഒരാളും അവളെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല.. അത് കണ്ടു നില്ക്കാനോ സഹിക്കാനോ എനിക്ക് കഴിയില്ല.. അതാ നേരത്തെയും സംഭവിച്ചത്.. താജ്ന്റെ മമ്മ ലൈലൂനെ ആക്ഷേപിച്ചപ്പോൾ എനിക്ക് സഹിച്ചില്ല..നിയന്ത്രണം വിട്ടു പോയി..ചെയ്തത് തെറ്റാണേൽ എന്നോട് ക്ഷമിക്കണം..താജ് എന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിക്കാം..മമ്മയോട് സോറി പറയണമെങ്കിൽ അതും ആവാം.." സനുവിന്റെ മുഖം ഇരുണ്ടു കെട്ടിയിരുന്നു..കണ്ണുകൾ ഇപ്പൊ പെയ്യുമെന്ന അവസ്ഥയിലാണ്.. താജ്ന് ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നു.. പൊട്ടി ചിരിക്കാൻ തുടങ്ങി.. സനുവിനെന്നല്ല..എബിക്കും ലൈലയ്ക്കും വിശ്വാസമായില്ല അത്..മൂന്നും കൂടി താജ്നെ മിഴിച്ചു നോക്കി.. "നമ്മള് തെമ്മാടികൾ ഇങ്ങനെ പേടിക്കാൻ പാടുണ്ടോ...? ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് സങ്കടം വരാൻ പാടുണ്ടോ..? ഞാൻ എന്റെ കുഞ്ഞളിയന്റെ ധൈര്യമൊന്നു ചെക്ക് ചെയ്തത് അല്ലേ.. ഇതിപ്പോ നീയെനിക്ക് അപമാനമുണ്ടാക്കി വെക്കുവല്ലോ ടാ...ഇപ്പൊ നീ പറഞ്ഞല്ലോ ഞാനാ ചെയ്തതെന്ന്..

അതുപോലെ തന്നെ ചെയ്തത് ചെയ്തതു പോലെ തുറന്നു പറയണം..അതുപക്ഷെ നീയിപ്പോ പറഞ്ഞത് പോലെ അവസാനമല്ല.. ആദ്യം..ആദ്യം തന്നെ പറയണം.. നിന്നോട് ആരാണോ ചോദിക്കുന്നത് അവരുടെ മുഖത്തു നോക്കി ധൈര്യത്തോടെ തന്നെ പറയണം.. അങ്ങനെയല്ലേ ഞാൻ നിന്നെ പഠിപ്പിച്ചിട്ടുള്ളത്.. അതിനു നീ ആരെയും ഭയക്കണ്ടന്നല്ലേ ഞാൻ നിന്നോട് പറഞ്ഞിട്ട് ഉള്ളത്.. മറന്നോ നീയത്..? " താജ് സനുവിനെ പിടിച്ചു സോഫയിൽ ഇരുത്തി അവന്റെ അരികിലായി ഇരുന്നിട്ടു ആ നിഷ്കളങ്കമായ മുഖത്തേക്ക് ഉറ്റു നോക്കി.. "അപ്പൊ..അപ്പൊ താജ്ന് എന്നോട് ഒരു ദേഷ്യവുമില്ലേ..? " സനുവിന് വിശ്വസിക്കാനേ കഴിഞ്ഞില്ല.. "ഇല്ല മുത്തേ.ഒരു ദേഷ്യവുമില്ല.. നമുക്ക് ഇഷ്ടപ്പെടാത്തതു കണ്ടാൽ നാം പ്രതികരിക്കും..അതിലിപ്പോ വല്യ തെറ്റ് ഒന്നുമില്ല..പിന്നെ ഇതിൽ തീരെ തെറ്റില്ല..കാരണം മമ്മ ഇരന്നു വാങ്ങിച്ചതാ ഇത്..എനിക്ക് ചെയ്യാൻ കഴിയാത്തത് നീ ചെയ്തു.. അത്രേയുള്ളൂ... " താജ് സൈറ്റ് അടിച്ചു കാണിച്ചു.. "ആഹാ..ബെസ്റ്റ്..ലോകത്ത് ഏറ്റവും നല്ല മകനുള്ള ഒരു അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ അത് നിനക്ക് തരണം താജ്..എന്തൊരു സ്നേഹം മമ്മയോട്.." എബി എന്തുവാടെയ് ഇതെന്ന ഭാവത്തിൽ പറഞ്ഞു.. "എടാ..മമ്മയുടെ തലയിൽ ഏതായാലും ചെളിയാ..

ഇവൻ അതിപ്പോ ദേഹത്തേക്ക് കൂടെ ആക്കി..അത്രേയുള്ളൂ.." "എന്നാലും താജ്..അത് താജ്ന്റെ സ്വന്തം മമ്മ തന്നെയാണോ..അതോ ബാംഗ്ലൂർക്ക് പോയപ്പോ ഒറിജിനലിനെ തപ്പി കിട്ടാഞ്ഞപ്പോ കിട്ടിയതിനെ എടുത്തു കൊണ്ട് വന്നതാണോ..എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല അത് താജ്ന്റെ മമ്മയാണെന്ന്..അങ്കിളും താജ്മൊക്കെ എന്ത് പാവമാ.. അവരു മാത്രം എന്താ ഇങ്ങനെ.. താജ്നെ ഓർക്കുമ്പോഴാ സങ്കടം.. എങ്ങനെ കിടന്നു പത്തു മാസം ആ വയറ്റിൽ.. " സനു ദേഷ്യത്തോടെ മുഖം ചുളിച്ചു.. താജ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. "അല്ലടി..ഡാഡ് ഉണ്ടായിരുന്നില്ലേ താഴെ..? " താജ് ലൈലയോട് ചോദിച്ചു.. "മുറിയിൽ എങ്ങാനും ആവും.. ഹാളിലേക്ക് ഒന്നും കണ്ടില്ല.. " "മ്മ്..നീ ഊണ് എടുത്തു വെക്ക്.. എല്ലാർക്കും ഒന്നിച്ചിരിക്കാം.. " "അമൻ..അത് വേണ്ടാ..ഉപ്പയും ഉമ്മയും ആദ്യം ഇരിക്കട്ടെ.. എന്നിട്ടു നമുക്ക് ഇരിക്കാം.. " "അങ്ങനെ രണ്ടു വട്ടമായി ഇരിക്കേണ്ട ആവശ്യമെന്താ..? ഇവരു എന്റെ ഗസ്റ്റാ..അല്ലാണ്ട് വഴി പോക്കാൻമാരല്ല എല്ലാവരും കഴിച്ചു എണീറ്റതിന് ശേഷം ആരും കാണാതെ ഭക്ഷണം എടുത്തു കൊടുക്കാൻ..പറഞ്ഞത് ചെയ്താൽ മതി..പോ..പോയി ഭക്ഷണം എടുത്തു വെക്ക്..സനുവിനെ പറഞ്ഞതിനുള്ളത് സനു തന്നെ തിരിച്ചു കൊടുത്തു..

പക്ഷെ ഇവനെ പറഞ്ഞതിനോ..ഇവൻ എനിക്ക് എന്റെ ഫ്രണ്ട്‌ മാത്രമല്ല..എന്റെ റമിയുടെ സ്ഥാനമാ ഞാൻ ഇവന് കൊടുത്തിരിക്കുന്നത്..ഒരുപക്ഷെ എന്റെ ജീവിതത്തിൽ മമ്മയേക്കാൾ കൂടുതൽ സ്ഥാനമുള്ളവൻ..ആ ഇവനെയാ മമ്മ ഇന്ന്..എന്നെ കാണാൻ വരുന്നവരെ അപമാനിച്ചു വിടാൻ മമ്മയ്ക്ക് ആരാ അധികാരം കൊടുത്തത്..മേലാൽ ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാവാൻ പാടില്ല.. അതിന് മമ്മയോട് ഇത് ചോദിച്ചിട്ടു തന്നെ കാര്യം..ചെയ്ത തെറ്റിന് ക്ഷമ പറയട്ടെ..അല്ലെങ്കിൽ മമ്മ ഇതൊരു ശീലമാക്കി കളയും..ഞാൻ വിചാരിച്ചതു നിന്നെ മാത്രം എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നതാണെന്നാ..ഇതിപ്പോ എല്ലാരേയും അങ്ങനെ തന്നെയാണല്ലോ..ഇത് ഇങ്ങനെ വിട്ടാൽ ശെരിയാകില്ല..ഇന്നത്തോടെ ഒരു തീരുമാനം ഉണ്ടാക്കണം.. " "വേണ്ട താജ്...ഇനി ഇതിന്റെ പേരിൽ നീയും മമ്മയും തമ്മിൽ ഒരു ഇഷ്യൂ വേണ്ടാ..ഞാൻ അതൊക്കെ അപ്പോഴേ മറന്നു.. അല്ല.. വിട്ടു..ദേ ഈ ചെവിയിലൂടെ കേട്ടു ഈ ചെവിയിലൂടെ വിട്ടു.. മമ്മ സങ്കടം കൊണ്ടാടാ.. റമിയെ നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും ആ മനസ്സിൽ അങ്ങനെ തന്നെ കിടക്കുവാ..അത് ഓർത്ത് തന്നെയാ പറഞ്ഞത്..അല്ലാതെ വേറൊന്നും ഉണ്ടായിട്ടല്ല..

അല്ലെങ്കിലും എന്നോട് നിന്റെ മമ്മയ്ക്ക് എന്തിനാ ദേഷ്യം.. ആദ്യമായി കാണുന്നത് അല്ലേ.. ഒന്നും ഇല്ലടാ..അഥവാ ഉണ്ടേൽ തന്നെ എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല..ആരെന്തൊക്കെ പറഞ്ഞാലും ഞാൻ എപ്പോഴും നിന്റെ ഒപ്പം ഉണ്ടാകും..എനിക്ക് തോന്നുമ്പോൾ ഒക്കെ ഞാൻ ഇവിടെ വരും..അത്ര എളുപ്പം ഞാൻ നിന്നെ വിട്ട് ഒഴിയുമെന്ന് നിന്റെ മമ്മ എന്നല്ല..നീ പോലും കരുതണ്ട.." നടന്നത് ഒക്കെ ഒരു തമാശയായി തള്ളിക്കളഞ്ഞു എബി താജ്നെ തടഞ്ഞു നിർത്തി.. "അതേ അമൻ..എബി പറഞ്ഞതാ ശെരി..നീയിനി ഓരോന്ന് പറഞ്ഞു വഴക്കിനു പോകണ്ട...നിങ്ങള് വാ.. ഞാൻ ഭക്ഷണം എടുത്തു വെക്കട്ടെ." അവൾ മൂന്നു പേരെയും വിളിച്ചു താഴേക്ക് പോയി..അവളുടെ പിന്നാലെ തന്നെ പോകാൻ നിന്ന സനുവിനെ താജ് പിടിച്ചു നിർത്തി.. "എടാ..ഞാൻ നിന്നെ സപ്പോർട്ട് ചെയ്തെന്ന് കരുതി നീയിതൊരു സ്ഥിരം ഏർപ്പാട് ആക്കരുത്.. ആക്കിയാൽ എനിക്ക് ദേഷ്യം വരും കേട്ടോ..കാരണം ഞാൻ അന്ന് പറഞ്ഞത് തന്നെയാ..നീ കാണിക്കുന്ന വികൃതികൾക്ക് ഒക്കെ പഴി കേൾക്കുന്നത് അവൾ ആയിരിക്കും.. അവളു വളർത്തിയതിന്റെ ഗുണമാ നീ കാണിക്കുന്നത് എന്ന് പറയും.. അത് അവളെ വിഷമിപ്പിക്കും.. അവൾ വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ലന്ന് അറിയാമല്ലോ..

അതുകൊണ്ട് വികൃതികളൊക്കെ അല്പം കുറച്ചോ..അവളുടെ കയ്യിന്ന് വഴക്കും പിച്ചുമൊന്നും കിട്ടണ്ടന്ന് കരുതിയാ ഞാൻ അന്നേരം നിന്റെ ഒപ്പം ചേർന്നു സംസാരിച്ചത്..അത് മുതൽ എടുക്കരുത്...അവൾ ആഗ്രഹിക്കുന്നത് പോലെ എപ്പോഴും നല്ല കുട്ടിയായിട്ട് ഇരിക്കണം..കേട്ടോ.. " താജ് വാത്സല്യത്തോടെ അവന്റെ കവിളിൽ തട്ടി..എന്നത്തേയും പോലെ ഉടക്കിത്തരം പറയാൻ നിന്നില്ല അവൻ..അനുസരണയുള്ള കുട്ടിയായി നിന്നിട്ട് ശെരിയെന്ന് തലയാട്ടി കാണിച്ചു..എന്നിട്ടു ലൈലൂന്നും വിളിച്ചു താഴേക്ക് ഓടിപോയി.. "പാവം ലൈല..എന്തൊക്കെ സഹിക്കണം..." എബി മേല്പോട്ട് നോക്കി കൈ മലർത്തി..അത് കണ്ടു താജ് അവനെ ഒന്നമർത്തി നോക്കി.. "അല്ലടാ..ആദ്യം ആ കുട്ടി പിശാശ്നെ സഹിച്ചു..അത് കഴിഞ്ഞിട്ട് നീയെന്ന വല്യ പിശാശ്നെ..ഇപ്പൊ ദേ അതിനേക്കാളുമൊക്കെ മേലേ നിൽക്കുന്ന നിന്റെ മമ്മയെയും... അവളുടെ വിധി..അല്ലാണ്ട് എന്ത്.. " "ആണല്ലോ.. അവളുടെ വിധി ആണല്ലോ..അപ്പൊ അത് അവളു സഹിച്ചോളും..അതോർത്തു നീ ദുഖിക്കേണ്ട...വല്ലതും ഞണ്ണാൻ വേണമെങ്കിൽ വാടാ.. " താജ് താഴേക്ക് ഇറങ്ങി.. ഫുഡിന്റെയും തീറ്റയുടെയും കാര്യത്തിൽ പണ്ടേ ഒരു വിട്ടു വീഴ്ചയും ഇല്ലാത്തോണ്ട് എബി അപ്പൊത്തന്നെ താജ്ൻറെ പിന്നാലെ വെച്ചു പിടിച്ചു.. **

ദിവസങ്ങൾ ആരെയും കാത്തു നിന്നില്ല..ശര വേഗത്തിൽ കടന്നു പോയി കൊണ്ടിരുന്നു.. അതോടൊപ്പം തന്നെ ലൈലയുടെ സമാധാനവും സ്വസ്ഥതയും അസ്തമിച്ചു കൊണ്ടിരുന്നു..മുംതാസ് ഓരോ ദിവസവും നേരം വെളുപ്പിച്ചതു ലൈലയെ എങ്ങനെയൊക്കെ, എത്രയൊക്കെ ഉപദ്രവിക്കാമെന്ന ചിന്തയിലാണ്.. ഒരേസമയം വീട്ടിൽ നിന്നും താജ്ന്റെ ജീവിതത്തിൽ നിന്നും അവളെ ഒഴിവാക്കണം.ആ ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു മുംതാസ്ൻറെ മനസ്സിൽ..അതിന് വേണ്ടി അവർ മെനക്കെട്ട് തന്നെ പരിശ്രമിച്ചു.. അവളെ ഒന്ന് നിൽക്കാനോ ഇരിക്കാനോ സമ്മതിച്ചില്ല..ഒന്ന് തീരുമ്പോൾ മറ്റൊന്നെന്ന കണക്കിൽ ഓരോ ജോലികൾ കൊടുത്തു കൊണ്ടേയിരുന്നു..അവൾ അടിച്ചും തുടച്ചും വൃത്തിയാക്കിയിട്ട സ്ഥലങ്ങളിൽ പൊടിയും ചപ്പു ചവറുകളും വാരിയിട്ടു വൃത്തികേട് ആക്കുക..എന്നിട്ടു വീണ്ടും അവളെ കൊണ്ട് ക്ലീൻ ചെയ്യിപ്പിക്കുക..വാഷ് ചെയ്തു വെച്ച വസ്ത്രങ്ങളിൽ അവൾ കാണാതെ ചെളി തേച്ചു വെക്കുക.. വീണ്ടും അവളെ കൊണ്ട് വാഷ് ചെയ്യിപ്പിക്കുക..അവൾ ഉണ്ടാക്കി വെച്ച ഫുഡിൽ ഉപ്പും മുളകുമൊക്കെ വാരിയിട്ടു അവ വായിൽ വെക്കാൻ കൊള്ളാത്ത വിധത്തിൽ ആക്കി വെക്കുക..

എന്നിട്ടു അവളെ കുറ്റം പറയുകയും എടുത്തു ദേഹത്തേക്ക് കമിഴ്ത്തുകയും വീണ്ടും അവളെ കൊണ്ട് ഫുഡ്‌ ഉണ്ടാക്കിപ്പിക്കുകയും ചെയ്യുക എന്നൊക്കെ തുടങ്ങി കണ്ട സീരിയലിലെയും സിനിമയിലെയും തനി മൂശേട്ട അമ്മായിഅമ്മ തന്നെയായി മാറി മുംതാസ്..പക്ഷെ താജ് ഉണ്ടാകുമ്പോൾ ഒന്നും നടന്നില്ല..അവന്റെ അടുത്ത് മുംതാസിന്റെ ഒരു കളികളും വില പോയില്ല..അവൻ വീട്ടിൽ ഇല്ലാത്ത നേരത്താണ് മുംതാസ്നു ഉശിരു കൂടുന്നത്..കോളേജിലേക്ക് പോകുമ്പോൾ അവളെയും ഒപ്പം കൂട്ടാൻ അവൻ തീരുമാനിച്ചു എങ്കിലും മുംതാസ് അതിന് വല്യ തടസ്സമായി നിന്നു.. "എല്ലാരും പോയാൽ ഞാൻ ഇവിടെ തനിച്ചാകും.. അതുകൊണ്ട് ഇവള് ഇവിടെ നിക്കട്ടെ " എന്നും പറഞ്ഞു മുംതാസ് അവളെ വീട്ടിൽ തന്നെ തളച്ചിട്ടു..താജ്നു പൊട്ടി തെറിക്കാൻ തോന്നുന്നുണ്ടായിരുന്നു..പക്ഷെ അവൾ അതിന് സമ്മതിച്ചില്ല.. ഒന്നും രണ്ടും പറഞ്ഞു സമാധാനിപ്പിച്ചും സ്നേഹിച്ചും അവനെ നിയന്ത്രിച്ചു നിർത്തി..അവനും ഉമ്മയും തമ്മിൽ ഒരു വഴക്കും ഉണ്ടാവരുത് എന്ന് ആഗ്രഹിച്ചു അവൾ എല്ലാ വിഷമങ്ങളും ഉള്ളിൽ ഒതുക്കി അവന്റെ മുന്നിൽ ഏതു നേരവും ചിരിച്ചോണ്ടും കളിച്ചോണ്ടും തന്നെ നിന്നു..

ആ ഇടയ്ക്ക് മകന്റെ കല്യാണം ആയത് കൊണ്ട് പൗലോസ് ചേട്ടന് രണ്ടു ആഴ്ചയ്ക്ക് ലീവ് എടുക്കേണ്ടി വന്നു...മുംതാസ്ന് അതൊരു സുവർണാവസരമായിരുന്നു.. ലൈലയെ കൊല്ലാ കൊല ചെയ്യാനുള്ള ഏറ്റവും നല്ല അവസരം..പൗലോസ് ചേട്ടൻ പോയ അന്ന് തൊട്ടു അവളുടെ ജോലി ഭാരം ഇരട്ടിയായി..ഒന്ന് നിവർന്നു നിൽക്കുന്നത് പോയിട്ട് ശ്വാസം വിടാൻ പോലും മുംതാസ് അവളെ അനുവദിച്ചില്ല..അത് മനസ്സിലാക്കിയ താജ്, പൗലോസ് ചേട്ടൻ വരുന്നത് വരെയ്ക്കും വീട്ടുജോലിയ്ക്ക് മറ്റൊരു സ്ത്രീയെ കൊണ്ട് വന്നു..പക്ഷെ മുംതാസ് തന്ത്ര പൂർവ്വം ഒരൊറ്റ ദിവസം കൊണ്ട് തന്നെ ആ സെർവന്റിനെ ഒഴിവാക്കി കളഞ്ഞു..താജ് എത്ര പേരെ കൊണ്ട് വന്നാലും മുംതാസ് അവരെയൊന്നും വെച്ചു പൊറുപ്പിക്കില്ലന്ന് അറിയാവുന്നോണ്ട് ഇനി ഒരു സെർവന്റിനെ കൊണ്ട് വരുന്നതിൽ നിന്നും താജ്നെ ലൈല പിന്തിരിപ്പിച്ചു..മുംതാസ് എത്രത്തോളം അവളെ നരകിപ്പിച്ചുവോ അത്രത്തോളം തന്നെ അവൾ ക്ഷമ കാണിച്ചു നിന്നു.. സത്യം പറഞ്ഞാൽ വാശിയായിരുന്നു അവൾക്ക്..എന്ത് വന്നാലും അതൊക്കെ സഹിച്ചു ഒടുക്കം വിജയം നേടി എടുത്തേ അടങ്ങുള്ളൂ എന്ന വാശി..എന്നാൽ ഈ ദിവസങ്ങളിൽ ഒന്നും ഉപ്പാക്ക് അവിടെ വല്യ റോൾ ഇല്ലായിരുന്നു..

അത് താജ് ഉപ്പാനോട് ഒരു വൈകുന്നേരം തുറന്നു ചോദിക്കുകയും ഉണ്ടായി.. "കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു..ഡാഡ്ന് എന്താ പറ്റിയത്..? ഇപ്പൊ ടോടല്ലി സൈലന്റ് ആണല്ലോ..വീട്ടിലെ ഒരുകാര്യങ്ങളിലും ഇടപെടുന്നില്ലന്ന് മാത്രമല്ല..ആരോടും ഒന്ന് ശെരിക്കു സംസാരിക്കുന്നു കൂടിയില്ല..ഏതു നേരവും തനിച്ചിരിക്കുന്നത് കാണാം..ഇല്ലെങ്കിൽ തിരക്ക് ഒക്കെ കഴിയുമ്പോൾ എന്നെയും അവളെയും അടുത്ത് പിടിച്ചിരുത്തി ഒരുപാട് സംസാരിക്കുകയും ഔട്ടിങ്ങിന് കൊണ്ട് പോകുകയുമൊക്കെ ചെയ്യുന്ന ആളാണല്ലോ...ഇപ്പൊ ഡാഡ് ഡിസ്റ്റൻസ് കാണിക്കുന്നു..മമ്മ എന്തൊക്കെ ചെയ്യുന്നു അവളെ.. എല്ലാം കണ്ടിട്ടും ഡാഡ് കണ്ടില്ലന്ന് നടിക്കുന്നു..ചിലപ്പോൾ ഒക്കെ ഡാഡ് അവളെ പാടെ അവോയ്ഡ് ചെയ്യുന്നു..ഒരു ഗ്ലാസ്സ് വെള്ളം വേണമെങ്കിൽ പോലും അവൾ എടുത്തു തരണം..പൗലോസ് ചേട്ടൻ തന്നാൽ തൃപ്തിയാകില്ല.. ആ ഡാഡ്ന് ഇപ്പൊ എല്ലാത്തിനും മമ്മയെ മതി.. എന്താ ഡാഡ്..മമ്മയ്ക്ക് വേണ്ടാത്തത് കൊണ്ട് ഡാഡ്നും വേണ്ടേ അവളെ.. അവളോട്‌ ഉണ്ടായ സ്നേഹമൊക്കെ ആവിയായി പോയോ..? "

"എനിക്ക് അവളോട്‌ സ്നേഹമില്ലന്ന് അവളു പറഞ്ഞോ നിന്നോട്..? " "ഇല്ല..പറഞ്ഞില്ല..പക്ഷെ ഡാഡ് പറഞ്ഞിട്ടില്ലേ അവളു പറയാതെ തന്നെ അവളെ അറിയുന്നവനാണ് ഞാൻ എന്ന്..അല്ലെങ്കിലും അവൾ എന്താ പറയാറുള്ളത്..ആർക്കു വേണ്ടിയാ ഈ സഹനമെന്നാ എനിക്ക് മനസ്സിലാകാത്തത്..റമിക്കു വേണ്ടിയോ അതോ ഡാഡ്ന് വേണ്ടിയോ..ഡാഡും മമ്മയും ഇനിയും അകലരുത് എന്ന് കരുതിയിട്ടുണ്ടാകും..അല്ലാതെ വേറെന്താ അവൾക്ക്.. " താജ്ന് ദേഷ്യവും സങ്കടവുമൊന്നും സഹിക്കുന്നില്ലായിരുന്നു.. "ദാമ്പത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് ദേഷ്യമോ വാശിയോ അല്ല..മറിച്ചു ക്ഷമയാ..എല്ലാം സഹിക്കാനുള്ള മനസ്സാ...രണ്ടുപേരും ഒരുപോലെ ദേഷ്യമുള്ളവരായാൽ ആ ബന്ധം നില നിൽക്കില്ല.. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ വേർപ്പെട്ടു പോകും..അതും ഒരു വല്യ വഴക്കിനൊടുവിൽ.. ഇതൊന്നും എനിക്ക് മുൻപേ അറിയില്ലായിരുന്നു.. ഇന്ന് ലൈലയിൽ നിന്നാ ഞാൻ ഇതൊക്കെ പഠിച്ചത്.. അറിയാമായിരുന്നു എങ്കിൽ നിന്റെ മമ്മയെ എനിക്ക് വർഷങ്ങളോളം പിരിഞ്ഞിരിക്കേണ്ടി വരില്ലായിരുന്നു..ഇപ്പോൾ നീ നിന്റെ ജീവിതം തന്നെ ഒന്നു നോക്ക്.. ലൈലയ്ക്ക് നിന്റെ അത്രേം തന്നെ ദേഷ്യമുണ്ട്..

എല്ലാ കാര്യങ്ങളിലും നിന്നെപ്പോലെ വാശിയും ഉണ്ട്..പക്ഷെ അതോടൊപ്പം തന്നെ അവൾക്ക് സഹിക്കാനുള്ള കഴിവും ഉണ്ട്.. വിട്ടു കൊടുക്കാനും അറിയാം.. അത് കൊണ്ട് അവൾക്ക് നിന്റെ ഒപ്പം ജീവിക്കാൻ കഴിയുന്നു.. ഇല്ലെങ്കിൽ നീയുമായി ഒത്തു ചേർന്നു പോകാൻ കഴിയുന്നില്ലന്ന് പറഞ്ഞു അവൾ എപ്പോഴേ നിന്നെ ഉപേക്ഷിച്ചു പോകുമായിരുന്നു.. " "ഡാഡ് എന്താ പറഞ്ഞു വരുന്നത്.. എനിക്ക് മനസ്സിലാകുന്നില്ല.. " "മുംതാസ് വിട്ടു കൊടുക്കില്ല..അവളുടെ സ്വഭാവം നിനക്ക് അറിയാമല്ലോ.. അതുകൊണ്ട് ലൈല എങ്കിലും വിട്ടു കൊടുക്കട്ടെ.. അല്ലെങ്കിൽ ഈ വീട് ഒരു യുദ്ധക്കളമായി മാറും.. " "ഓഹോ..അപ്പൊ അവൾ എല്ലാം സഹിച്ചോട്ടേന്ന്..മമ്മ എത്ര വേണമെങ്കിലും അവളെ ഉപദ്രവിച്ചോട്ടേന്ന്..അവളെ എന്റെ ജീവിതത്തിൽ നിന്നും മമ്മ എന്നെന്നേക്കുമായി പറിച്ചു മാറ്റട്ടേന്ന്.. അല്ലേ..? " "താജ്..നീയൊന്നു അടങ്ങ്..ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. പറയുന്നത് സമാധാനമായി കേൾക്കാൻ തയാറാവ് നീ.. " "എന്താ ഡാഡ് പറയാൻ വരുന്നത്.. എങ്ങനെ ഞാൻ സമാധാനമായി ഇരിക്കണമെന്നാ.. മമ്മ വിട്ടു കൊടുക്കില്ല.. എങ്ങനെ പറയാൻ കഴിഞ്ഞു ഡാഡ്ന് അത്.. വിട്ടു കൊടുക്കാൻ മമ്മ തയാർ അല്ലെങ്കിൽ ഡാഡ് അതിന് തയാറാക്കണം മമ്മയെ..

മമ്മ അടങ്ങാനും ഒതുങ്ങാനുമൊന്നും ഒരുക്കമല്ലങ്കിൽ അതിന് വേണ്ടതു ഡാഡ് ചെയ്യണം.. മമ്മയെ നിലയ്ക്ക് നിർത്താൻ ഡാഡ്ന് കഴിയണം..എന്റെ ഡാഡ് തന്നെയാണോ ഈ പറയുന്നത്.. എവിടെപ്പോയി ഡാഡ്ന്റെ ആ വീറും വാശിയുമൊക്കെ.. ഒന്ന് താണ് പോകുമെന്ന് കരുതി പോകുന്നെങ്കിൽ പോട്ടേന്നു വെച്ച ഡാഡാ ഇപ്പൊ മമ്മയ്ക്ക് മുന്നിൽ ഒരു ഉശിരും ഇല്ലാതെ ഇങ്ങനെ നിക്കുന്നത്.. " "നീ എന്ത് വേണമെങ്കിലും പറഞ്ഞോ..പക്ഷെ ഞാൻ അന്നും ഇന്നും ഇനി എന്നും നിന്റെ ഡാഡ് തന്നെയാ..അതിൽ ഒരു മാറ്റവുമില്ല.. അവളെ നിലക്ക് നിർത്താൻ എനിക്ക് അറിയാഞ്ഞിട്ടൊ അതിന് കഴിയാഞ്ഞിട്ടൊ അല്ല.. പക്ഷെ അത് കൊണ്ട് എന്ത് ഉണ്ടാവാനാ..? പിന്നെ അവൾ ഇവിടെ നിൽക്കില്ല..വീണ്ടും ഈ വീടിന്റെ പടി ഇറങ്ങും.. ഇനിയും പോകുന്നെങ്കിൽ പോട്ടേന്നു വെക്കാൻ ഡാഡ്ന് കഴിയില്ല.കാരണം നിന്റെ സന്തോഷം മാത്രമല്ല എനിക്ക് വലുത്..റമിയുടെതു കൂടെ നോക്കണം..അവൻ സന്തോഷമായി ഇരിക്കണമെങ്കിൽ നിങ്ങളുടെ മമ്മ ഇവിടെ വേണം..ഞാൻ ഒന്ന് അവൾക്ക് നേരെ ശബ്ദമോ കയ്യോ ഉയർത്തിയാൽ ആ നിമിഷം അവൾ ഈ വീടിന്റെ പടി ഇറങ്ങും..പിന്നെ ആരൊക്കെ തിരിച്ചു വിളിച്ചാലും വരില്ല അവൾ..അത്രയ്ക്ക് വാശിക്കാരിയാ..

അത്രയധികം സ്നേഹവും ലളനയും സ്വാതന്ത്ര്യവും നൽകിയ അവളെ അവളുടെ വീട്ടുകാർ വളർത്തിയത്.. ഞങ്ങൾടെതു പ്രണയ വിവാഹമാണെന്ന് നിനക്ക് അറിയാമല്ലോ.. എന്നിട്ടും പരസ്പരം ഒത്തു പോകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല... ഞാനുമായുള്ള വിവാഹത്തിനു അവളുടെ വീട്ടുകാർക്ക് വല്യ സമ്മതമൊന്നും ഇല്ലായിരുന്നു.. അത് എന്നോടുള്ള ഇഷ്ട കുറവു കൊണ്ടോ ഞാൻ അതിന് യോഗ്യൻ അല്ലാത്തത് കൊണ്ടോ ഒന്നുമല്ല.. അവർ മറ്റൊരാളെ അവൾക്ക് വേണ്ടി കണ്ടെത്തിയിരുന്നു.. എന്നിട്ടും അവളുടെ ആഗ്രഹത്തിനും സന്തോഷത്തിനും എതിരു നിൽക്കാൻ കഴിയില്ലന്ന കാരണത്താൽ അവളെ എനിക്ക് തന്നെ വിവാഹം ചെയ്തു തന്നു..ഈ കയ്യിലേക്ക് വെച്ചു തരുമ്പോഴെ പറഞ്ഞതാ അവൾക്ക് വാശി കൂടുതലാണെന്നും അതൊക്കെ ചില ചില വിട്ടു വീഴ്ചകളിലൂടെയും അമിതമായ സ്നേഹത്തിലൂടെയും ഞാൻ വേണം മാറ്റി എടുക്കാനെന്നും..പക്ഷെ കല്യാണം കഴിഞ്ഞതിനു ശേഷം എനിക്ക് അവളുടെ ആ വാശിക്കൊപ്പം നിൽക്കാൻ കഴിഞ്ഞില്ല..അതൊക്കെ സഹിക്കാൻ കഴിയാതെ വന്നു.. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ അവൾ വല്യ എതിർപ്പു പ്രകടിപ്പിച്ചു.. പക്ഷെ അന്ന് എനിക്ക് മറ്റെന്തിനേക്കാളും വലുത് എന്റെ സമൂഹവും ജനങ്ങളുമൊക്കെയായിരുന്നു..

അവൾക്ക് അവളുടെ കരിയറും.. പരസ്പരം ഒത്തു പോകില്ലന്നു കണ്ടപ്പോൾ ഡിവോഴ്സ്ന് പോലും കാത്ത് നിന്നില്ല അവൾ..റമിയെയും കൂട്ടി ഇറങ്ങിപ്പോയി..ഇനി ഒരുവട്ടം കൂടെ അങ്ങനൊന്നു ഉണ്ടാവാതെ ഇരിക്കാനാ ഡാഡ് ഇപ്പൊ കാണിക്കുന്ന ഈ സഹനം...ഇന്ന് അവൾക്ക് ഒപ്പം പോകാൻ റമിയില്ല. അവൾ തനിച്ചായി പോകും. പിന്നെ ഞാൻ എന്തേലും പറയുകയോ ചെയ്യുകയോ ചെയ്താൽ ആ ദേഷ്യം അവൾ തീർക്കുന്നത് ലൈലയോട് ആയിരിക്കും.. അതുപോലെ തന്നെ ഞാൻ ലൈലയോട് അമിതമായി അടുപ്പം കാണിച്ചാൽ അവൾക്ക് ലൈലയോടുള്ള ദേഷ്യം കൂടും. അതിനുള്ളത് കൂടി അവളുടെ കയ്യിന്നു കിട്ടും പിന്നെ ആ പാവത്തിന്..നീ ചോദിച്ചല്ലോ ലൈലയോടുള്ള എന്റെ സ്നേഹം ആവിയായി പോയോന്ന്..? അങ്ങനൊന്നു ഈ ജന്മത്തിൽ ഉണ്ടാകുമോ ടാ..? ഇനി എത്ര ജന്മം എടുത്താലും അവൾ തന്നെ ആയിരിക്കും എന്റെ മരുമകൾ..അല്ല..മകൾ..നമുക്ക് കിട്ടിയ നിധിയായിട്ടേ ഞാൻ അവളെ കണ്ടിട്ട് ഉള്ളു.മുംതാസ് അവളെ മനസ്സിലാക്കും..അവളുടെ സ്നേഹത്തിനു മുന്നിൽ നിന്റെ മമ്മ ഇന്നല്ലങ്കിൽ നാളെ തോറ്റു പോകും.. ആ വിശ്വാസത്തിലാ ഞാൻ ഉള്ളത്. അതിനു വേണ്ടിയാ കാത്തിരിക്കുന്നത്... " ഉപ്പ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു..

പക്ഷെ അവൻ ഒന്നും മിണ്ടിയില്ല..ആകെ ദേഷ്യം വരുന്നുണ്ടായിരുന്നു.. എണീറ്റു നേരെ മേളിലേക്ക് പോയി..മുറിയിലേക്ക് കയറുമ്പോഴെ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്..ദേഷ്യം കുറയാൻ തലവഴി തണുത്ത വെള്ളം വീഴണമെന്ന് തോന്നി അവന്.. അവൾ കുളി കഴിഞ്ഞു ഇപ്പൊ ഇറങ്ങുമെന്നും കരുതി ബെഡിലിരുന്നു തലയിണ എടുത്തു മടിയിൽ വെച്ചിട്ടു അതിൽ കുത്താനും വിരൽ അമർത്താനുമൊക്കെ തുടങ്ങി.. നേരം കടന്നു പോയി..അവൾ ഇറങ്ങിയില്ല..സാധാരണ കുളിക്കാൻ കയറിയാൽ പത്തു പതിനഞ്ചു മിനുട്ടിൽ ഇറങ്ങുന്നവളാണ്. ഇതിപ്പോ അവൻ റൂമിലേക്ക് വന്നിട്ടു തന്നെ അരമണിക്കൂർ കഴിഞ്ഞു..അവന്റെ ദേഷ്യമൊക്കെ എങ്ങോട്ടോ മാഞ്ഞു പോയി.പകരം എന്തോ ഒരു ആധി നിറയാൻ തുടങ്ങി.അവൻ അപ്പൊത്തന്നെ എണീറ്റു ചെന്നു ബാത്‌റൂമിൻറെ ഡോറിൽ മുട്ടി.മറുപടി ഒന്നും വന്നില്ല.പക്ഷെ ഡോർ അകത്തുന്നു കുറ്റിയിട്ടിട്ടില്ലായിരുന്നു..ഒന്ന് മുട്ടിയപ്പോഴെ തുറന്നു വന്നിരുന്നു.. അവൻ നെഞ്ചിടിപ്പോടെ അകത്തേക്ക് കയറി.അവളുടെ അവസ്ഥ കണ്ടു അവന്റെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി..വേഗം അവൾക്ക് അരികിലേക്ക് ചെന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story