ഏഴാം ബഹർ: ഭാഗം 82

ezhambahar

രചന: SHAMSEENA FIROZ

 "എന്താ മമ്മ...എന്തുപറ്റി..? " പെട്ടെന്നുള്ള മുംതാസ്ൻറെ ആ ഇരുത്തത്തിലും മുഖത്തു പൊടിഞ്ഞ വിയർപ്പിലും താജ് ഒന്ന് ആകുലതപ്പെട്ടു..വേഗം അവർക്ക് അരികിലേക്ക് ചെന്നു.. "ഞാ...ഞാൻ..എനിക്ക്.. " തളർച്ച കാരണം മുംതാസിന് ശബ്ദം പോലും പുറത്തേക്ക് വന്നില്ല.. "എന്താ മമ്മ..ഇത്ര പെട്ടെന്നിതെന്താ പറ്റിയത്..? ക്ഷീണം തോന്നുന്നുണ്ടോ..? ഇരുപത്തി നാലു മണിക്കൂറും കലി തുള്ളിക്കൊണ്ട് നടക്കുകയല്ലേ..പ്രഷർ ഹൈ ആയി കാണും..ഇതാ വെള്ളം കുടിക്ക്.. ഞാൻ ഡോക്ടറെ വിളിക്കാം.." താജ് ജഗ്ഗിൽ നിന്നും വെള്ളം എടുത്തു മുംതാസ്ന്റെ കയ്യിൽ കൊടുത്തു..എന്നിട്ടു ഫോൺ എടുത്തു കാൾ ചെയ്യാൻ ഒരുങ്ങിയതും മുംതാസ് വേഗം അവന്റെ കയ്യിൽ പിടിച്ചു.. "എന്താ...ക്ഷീണം കൂടുതലുണ്ടോ..? എന്നാൽ ഡോക്ടറെ ഇങ്ങോട്ടു വിളിക്കുന്നില്ല.. ഹോസ്പിറ്റലിലേക്ക് തന്നെ പോകാം..മമ്മ പെട്ടെന്നു റെഡി ആവ്..." "ലൈ..ലൈല...അവൾ എവിടെ..? " "ഓഹോ..അപ്പൊ അഭിനയം ആണല്ലേ...? ഇത് കുറച്ച് കൂടിപ്പോയി മമ്മ.. അസ്സല് സീരിയൽ അമ്മായിഅമ്മ തന്നെയായിപ്പോയി മമ്മ ഇപ്പോൾ..

വയ്യെന്ന് പറഞ്ഞു കിടന്നാൽ അവൾ വന്നു ശ്രുശ്രൂഷിക്കുമല്ലോ.. അപ്പൊ അവളെ കൂടുതൽ കഷ്ടപ്പെടുത്തുകയും ജോലി ചെയ്യിപ്പിക്കുകയുമൊക്കെ ചെയ്യാമല്ലോ..ഐഡിയ കൊള്ളാം.. ഏതായാലും ഈ ക്ഷീണത്തിനു ഡോക്ടറും വേണ്ടാ..ഹോസ്പിറ്റലും വേണ്ടാ..ഡാഡ്ൻറെ കയ്യിന്ന് ഇന്നലെ കിട്ടിയത് പോലൊരെണ്ണം ഇന്നും കിട്ടിയാൽ മതി..ഈ ക്ഷീണവും തളർച്ചയുമൊക്കെ പമ്പ കടന്നോളും..." താജ് മുംതാസ്ൻറെ പിടി വിടുവിച്ചു അവരെ പരിഹസിച്ചു കളഞ്ഞു..അവരൊന്നും മിണ്ടിയില്ല.. ഇതല്ല..ഇതിനേക്കാൾ കൂടുതൽ താൻ അർഹിക്കുന്നതാണെന്ന രീതിയിൽ കേട്ടിരുന്നു..ശരീരത്തിനു അനുഭവപ്പെടുന്ന ക്ഷീണമൊന്നും അവർ കാര്യമാക്കിയില്ല..പതിയെ എഴുന്നേറ്റു.. "എവിടെ പോവാ..വയ്യെന്നല്ലേ പറഞ്ഞത്..ഇവിടെ ഇരിക്ക്...അവളെ ഞാൻ ഇങ്ങോട്ടു വിളിക്കാം... ഒന്നുല്ലേലും ആദ്യമായിട്ടല്ലേ മമ്മ അവളെ അന്വേഷിക്കുന്നത്.. മാത്രമല്ല..കാര്യം എന്താണെന്ന് എനിക്കും കൂടെ കേൾക്കാമല്ലോ..?" "വേണ്ടാ..ഞാൻ പൊക്കോളാം.. " "എന്നാൽ ടെറസിലേക്ക് ചെല്ല്.. അവൾ അവിടെ കാണും..തള്ളി താഴെ ഒന്നും ഇട്ടേക്കരുത് കേട്ടോ.. പിന്നെ മമ്മയെ ഞാൻ തള്ളിയിട്ടെന്ന് വരും..

ദയവു ചെയ്തു സ്വന്തം മമ്മയെ തട്ടി കളഞ്ഞ മകനാ ഞാൻ എന്നൊരു പേരുദോഷം കേൾപ്പിക്കരുതെനിക്ക്.. " മുംതാസ് അതിനും ഒന്നും പറഞ്ഞില്ല..വേഗം മുറിയിൽ നിന്നും ഇറങ്ങി ടെറസിലേക്ക് നടന്നു.. മുംതാസ്ൻറെ പെട്ടെന്നുള്ള ആ ഭാവ മാറ്റവും മൗനവുമൊക്കെ അവന് ഉൾകൊള്ളാൻ കഴിഞ്ഞില്ല..ഉള്ളിൽ ഒരു നൂറു ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു.. ഇനി സ്നേഹം നടിച്ചു കൊന്നു കളയാനാണോ അവളെ.. അവനു പിന്നെ അവിടെ നിൽപ് ഉറച്ചില്ല..വേഗം മുംതാസ്ൻറെ പുറകെ വിട്ടു.. ** "മോളെ... " ടെറസിലെ അയയിൽ തുണി വിരിച്ചിടുന്ന അവൾക്ക് പിന്നിൽ നിന്നും മുംതാസ്ൻറെ സ്നേഹം നിറഞ്ഞതും അതിലേറെ വേദന നിറഞ്ഞതുമായ വിളി ഉയർന്നു..അവൾ തിരിഞ്ഞു നോക്കി..കണ്ണുകളെയും കാതുകളെയും ഒരുപോലെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഇനി എന്നെ അല്ലേ വിളിച്ചത്...ആ കെട്ടി എടുക്കുമെന്ന് പറഞ്ഞ പിശാച് വന്നു കാണുമോ...? അവൾ നാലു ഭാഗത്തേക്കും നോക്കി..താഴേക്ക് എത്തി നോക്കുകയും ചെയ്തു.. "ജെബി മോളെ... " ഇപ്രാവശ്യം അവൾ ഞെട്ടി തരിച്ചു പോയി..എന്താ സംഭവിക്കുന്നതെന്ന് മനസ്സിലായില്ല...ആ വിളി ചെവിയിൽ മാത്രമല്ല.. ഹൃദയത്തിലേക്കും ആഴ്ന്നിറങ്ങി.. പകപ്പോടെ മുംതാസിനെ നോക്കി..

"നീ..നീയെന്റെ ജെബി മോളാണെന്ന് ഞാൻ അറിഞ്ഞില്ല..എന്റെ മാനുക്കാക്കാൻറെ മോളാണ് നീയെന്നു ഞാൻ അറിഞ്ഞില്ല മോളെ..നിന്നെ കാണാൻ അല്ലേ ഞാൻ കൊതിച്ചത്..നിന്നെ അല്ലേ ഞാൻ തേടുന്നത്..കണ്മുന്നിൽ ഉണ്ടായിട്ടും ഞാൻ അറിയാതെ പോയില്ലേ.." മുംതാസ്ൻറെ ഉള്ളം തകരുകയായിരുന്നു..കണ്ണുകൾ ആർത്തു പെയ്യുകയായിരുന്നു.. സന്തോഷവും വേദനയും എല്ലാം ഇട കലർന്നിരുന്നു..അവളുടെ അരികിലേക്ക് ഓടിയടുത്തു.. "ത..തസിയുമ്മ..." അവളുടെ ശരീരത്തിനെ ഒരുതരം മരവിപ്പ് പിടി കൂടിയിരുന്നു.. മാനുക്കാക്ക എന്നൊരു പേര് മതിയായിരുന്നു അവൾക്ക് മുംതാസ് ആരെന്നു മനസ്സിലാക്കാൻ..സംഭവിക്കുന്നത് ഒന്നും തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല..താൻ ഏതോ മായാ ലോകത്തിൽ ആണെന്ന് തോന്നിപ്പോയി അവൾക്ക്.. "അ..അതെ..തസിയാ..നിന്റെ ഉപ്പാന്റെ തസി..എന്റെ മാനുക്കാൻറെ തസി മോളായിരുന്നു ഞാൻ..എന്നെ താഴത്തും തലയിലും വെക്കാതെ ജീവനോളം സ്നേഹിച്ചു വളർത്തിയ എന്റെ മാനുക്കാന്റെ മകളാ നീയെന്നു ഞാൻ അറിഞ്ഞില്ല..

അരികിൽ ഉണ്ടായിട്ടും അകറ്റിയില്ലേ ഞാൻ നിന്നെ.. നിന്നെയാണല്ലോ ഞാൻ ഇത്രക്കും വേദനിപ്പിച്ചത്...നിന്നെയാണല്ലോ മോളെ ഞാൻ ഇത്രത്തോളം വെറുത്തതും ശപിച്ചതുമൊക്കെ.. അറിഞ്ഞില്ല..ഒന്നും അറിഞ്ഞില്ല..പാപിയാ ഞാൻ..നിന്റെ മുന്നിൽ നിൽക്കാനുള്ള അർഹത പോലും ഇല്ലെനിക്ക്...ക്ഷമിക്കില്ലേ മോളെ എന്നോട്.. " മുംതാസ് എന്തൊക്കെയോ പുലമ്പി കരഞ്ഞോണ്ട് അവളുടെ നെറുകിലും നെറ്റിയിലും കവിളിലുമൊക്കെ മാറി മാറി തലോടി കൊണ്ടിരുന്നു.. "ഉ..ഉപ്പ പറഞ്ഞിരുന്നു ഇങ്ങനൊരാളെ കുറിച്ച്..പക്ഷെ എവിടെയാണെന്നോ എന്താണെന്നോ ഒന്നും പറഞ്ഞില്ല..ഞാനത് ചോദിക്കുമ്പോൾ ഒക്കെ ഓർത്ത് ഓർത്ത് വിഷമിക്കുന്നത് കണ്ടിരുന്നു..ഉപ്പാനെ മാനുക്കാക്കയെന്ന് വിളിക്കുന്ന ഒരേ ഒരാൾ അത് തസിയുമ്മയാണെന്ന് ഉപ്പ പറഞ്ഞിരുന്നു..തസി എന്നല്ലാതെ മുംതാസ് എന്നൊരു പേര് ആ നാവിൽ നിന്നും വീണിട്ടില്ല.. ഒരുവട്ടം പോലും അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല..അതാ ഞാനും ഒന്നും അറിയാതെ പോകാൻ..ഉപ്പ തസി ഉമ്മാനെ ഒരുപാട് അന്വേഷിച്ചിരുന്നെന്ന് റഹി അങ്കിൾ പറഞ്ഞിരുന്നെന്നോട്..

പക്ഷെ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല..ഒരുവട്ടമെങ്കിലും ഉപ്പാന്റെ അരികിലേക്ക് വരുമെന്ന് ഉപ്പ പ്രതീക്ഷിച്ചിരുന്നു..അതിനായി കാത്തിരുന്നു.. പക്ഷെ വന്നില്ല.. വന്നിരുന്നു എങ്കിൽ..തസിയുമ്മ ഞങ്ങൾക്ക് അരികിൽ ഉണ്ടായിരുന്നു എങ്കിൽ ഉപ്പ എന്നെയും സനൂനെയും തസിയുമ്മാൻറെ കയ്യിൽ ഏല്പിക്കുമായിരുന്നു.. എന്നാൽ ജീവിതത്തിൽ എനിക്ക് ഇത്രയും ദുരന്തങ്ങൾ അനുഭവിക്കേണ്ടി വരില്ലായിരുന്നു..ഉപ്പയും ഉമ്മയും പോയതിനു ശേഷം ഞാൻ മനസ്സ് തുറന്നു ചിരിച്ചത് റമിയെ കിട്ടിയതിന് ശേഷമാ..റമി പോയതിൽ പിന്നെ വീണ്ടും എന്റെ ജീവിതം ഇരുട്ട് നിറഞ്ഞതായി.. അവിടം വെളിച്ചം കൊണ്ട് നിറച്ചതു അമനാ...പിന്നീട് ഞാൻ മനസ്സ് തുറന്നു ചിരിക്കുന്നത് അമൻ കാരണമാ..അപ്പോഴൊന്നും അറിയില്ലായിരുന്നു..ഇവർ രണ്ടുപേരും തസി ഉമ്മാന്റെ മക്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു.. ഇപ്പൊ.. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല.. " അവൾ പൊട്ടി കരയുകയായിരുന്നു.. "അ..അപ്പൊ മാനുക്കാക്കാ..." മുംതാസ് തരിച്ചു പോയിരുന്നു..

നെഞ്ച് പൊട്ടുന്ന വേദനയോടെ അവളെ നോക്കി.. "അതേ..ഉപ്പ ഇന്ന് ഇല്ലാ..ഉപ്പ മാത്രമല്ല.. ഉമ്മയും.. എപ്പോഴേ എന്നെ തനിച്ചാക്കി പോയിരിക്കുന്നു..കൂട്ടിന് സനുവിനെയും തന്നു..ഞങ്ങളെ റഹി അങ്കിളിന്റെ കയ്യിൽ ഏല്പിച്ചിട്ടാ ഉപ്പ പോയത്..അന്ന് റഹി അങ്കിളും തസി ഉമ്മാനെ ഒരുപാട് അന്വേഷിച്ചു.. പക്ഷെ ആർക്കും അറിഞ്ഞില്ല തസി ഉമ്മ എവിടെയാണെന്ന്.. ഉപ്പ പറഞ്ഞു ഞാൻ കേട്ടറിഞ്ഞ തസി ഉമ്മ ഇങ്ങനൊന്നും അല്ലായിരുന്നു.. ഞാൻ എന്നാൽ ജീവനാണെന്നാ പറഞ്ഞത്.. സ്വന്തം മക്കളെക്കാൾ കൂടുതൽ എന്നെ സ്നേഹിച്ചിരുന്നെന്ന് പറഞ്ഞിട്ടുണ്ട്.. ഞാൻ വളർന്നു വലുതാകുമ്പോൾ തസി ഉമ്മാനെ പോലെ ആകണമെന്നാ എന്നോട് ഉപ്പ പറഞ്ഞത്.. ഉപ്പ കണ്ടതിൽ വെച്ചു ഏറ്റവും ഉശിരുള്ള പെണ്ണ്, അത് ഉപ്പാന്റെ അനിയത്തി ആയിരുന്നത്രേ.. ആ ഉശിരും വാശിയും എനിക്കും വേണമെന്ന് ഉപ്പാക്ക് നിർബന്ധമായിരുന്നു.. തസി ഉമ്മാനെ വളർത്തിയ അതേ രീതിയിൽ,, സത്യം പറഞ്ഞാൽ തസി ഉമ്മാന്റെ മകൾ ആയിട്ടാ എന്നെ വളർത്തിയത്..എന്നിട്ടും തസി ഉമ്മ എന്നെ വെറുത്തു പോയി.. വർഷങ്ങൾക്ക് ഇപ്പുറം കാണുമ്പോൾ എന്നെ അകറ്റി നിർത്തി..ശപിച്ചു കളഞ്ഞു...

ഇന്ന് ഞാൻ സ്വന്തം സഹോദരൻറെ മകൾ ആണെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് തസിയുമ്മ എന്നെ അംഗീകരിക്കുന്നു..സ്നേഹിക്കുന്നു.. നെഞ്ചോടു ചേർക്കുന്നു.. അല്ലെങ്കിലോ..ഇങ്ങനൊരു ബന്ധം നമ്മൾക്ക് ഇടയിൽ ഇല്ലായിരുന്നു എങ്കിലോ..ഉമ്മ ഒരിക്കലും എന്നെ അംഗീകരിക്കില്ലായിരുന്നു.. ഒരിക്കലും സ്നേഹിക്കുകയോ ഒരു മരുമകളുടെ സ്ഥാനം തരുകയോ ചെയ്യില്ലായിരുന്നു..എന്നെ അമനൊപ്പം ജീവിക്കാൻ പോലും അനുവദിക്കില്ലായിരുന്നു.. അല്ലേ ഉമ്മാ...?" അവളുടെ കണ്ണുകൾ അണ പൊട്ടി ഒഴുകുകയായിരുന്നു..മുംതാസ്നു സഹിക്കാൻ കഴിഞ്ഞില്ല...അതിയായ വേദനയോടെ മോളെന്നും വിളിച്ചു അവളെ മാറോടു ചേർത്തണച്ചു പിടിച്ചു.. "തെറ്റാ..ചെയ്‌തതെല്ലാം തെറ്റാ.. നിന്നെ ഞാനൊരിക്കലും എന്റെ മരുമകളായി കണ്ടിട്ടില്ല.. എന്റെ റമിയുടെ മരണത്തിനു കാരണക്കാരിയായവളായിട്ടെ കണ്ടിട്ടുള്ളു.. ആ ദേഷ്യവും വെറുപ്പുമായിരുന്നു നിന്നോട്.. പക്ഷെ ഇന്നതില്ല.. ഇപ്പോൾ അതൊന്നുമില്ല മോളെ.. എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മാഞ്ഞു പോയിരിക്കുന്നു..ഇപ്പൊ ഈ മനസ്സ് നിറയെ സ്നേഹം മാത്രമേ ഉള്ളു നിന്നോട്..മറ്റാരേക്കാളും കൂടുതലായി എന്നെ സ്നേഹിച്ച എന്റെ മാനുക്കാക്കാക്ക് ആ സ്നേഹം തിരിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല...

ആരോടൊക്കെയോ ഉള്ള വാശി പുറത്ത് ഒരുപാട് ദൂരത്തേക്ക് പോയി ഞാൻ..എല്ലാരേയും എന്നിൽ നിന്നും അകറ്റി..തെറ്റാ.. എല്ലാം തെറ്റാ...തെറ്റുപറ്റിപ്പോയി മോളെ എനിക്ക്...ഈ ഉമ്മാനോട് ക്ഷമിക്കില്ലേ നീ... " അവളുടെ ഈ കണ്ണുനീരിനും വേദനയ്ക്കുമൊക്കെ കാരണം താൻ ആണല്ലോന്നുള്ള കുറ്റബോധം മുംതാസ്നെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു..ഒരുകാലത്തു ഇതുപോലെ നെഞ്ചോടു ചേർത്ത് പിടിച്ച പൊന്നോമനയെ അല്ലേ ഇന്ന് ഇത്ര മാത്രം അകറ്റി നിർത്തിയത്.. ചെയ്ത ഓരോ കർമങ്ങളും ഓർക്കും തോറും മുംതാസ്ൻറെ കണ്ണുകൾ പൊഴിക്കുന്ന കണ്ണുനീരിനു കണക്കില്ലായിരുന്നു.. കുറച്ച് നിമിഷം അതുപോലെ തന്നെ കടന്നു പോയി.. അവളുടെ കരച്ചിൽ ഒതുങ്ങി തേങ്ങലുകൾ ഉയർന്നു.. ഇനിയൊരിക്കലും അകറ്റി നിർത്തി കളയില്ലന്ന ഉറപ്പോടെ മുംതാസ് അവളെ വീണ്ടും വീണ്ടും തന്നിലേക്ക് ചേർത്തു പിടിച്ചു..അവൾക്ക് ആശ്വാസം നൽകാൻ എന്ന വണ്ണം മുംതാസ് അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി കൊണ്ടിരുന്നു.. **

ടെറസിലേക്ക് ഉള്ള വാതിലിൻറെ മറവിൽ നിന്നു താജ് ഇതൊക്കെ കാണുന്നുണ്ടായിരുന്നു..അവനൊരു നിമിഷം നിന്നിടത്ത് നിന്നും അനങ്ങാൻ പോലും കഴിഞ്ഞില്ല.. സന്തോഷവും സങ്കടവും സമ്മിശ്ര മായ അവസ്ഥ..കൺ കോണിൽ രണ്ടു തുള്ളി സ്ഥാനം പിടിച്ചിരുന്നു.. ആഹ്ലാദം കൊണ്ട് ഹൃദയം തുടി കൊട്ടുകയായിരുന്നു..ആ നുണക്കുഴി കവിളുകളിൽ പതിവിലേറെ മനോഹരമായൊരു ചിരി വിടർന്നു..കണ്ണിലെ നീർ മണിയെ തുടച്ചു മാറ്റി കളഞ്ഞു അവൻ മുറിയിലേക്ക് നടന്നു.. ** "കഴിഞ്ഞോ ഉമ്മയും മകളും തമ്മിലുള്ള സ്നേഹ പ്രകടനം.. " അവൾ മുറിയിലേക്ക് വന്നതും അവൻ ചോദിച്ചു.. "അമൻ..അത്..നീ...നീയെങ്ങനെ.. " അവൾ അത്ഭുതപ്പെട്ടു.. "ഞാൻ കേട്ടു എല്ലാം..കേട്ടത് മാത്രമല്ല..കാണുകയും ചെയ്തു.. എന്തൊക്കെയായിരുന്നു.. കെട്ടിപ്പിടിക്കുന്നു..കരയുന്നു.. തലോടുന്നു...വൈകാതെ ഞാൻ പുറത്താകുന്ന ലക്ഷണം ഉണ്ട്.." അവൾക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല..തന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് പോലും അറിഞ്ഞില്ല..കണ്ണുകൾ ആനന്ദം കൊണ്ട് ഇപ്പോഴും നിറയുന്നുണ്ടായിരുന്നു..അവൻ രണ്ടു കയ്യും വിടർത്തി അവളെ തന്റെ നെഞ്ചിലേക്ക് ക്ഷണിച്ചു.. അവൾ ഓടിച്ചെന്നു അവന്റെയാ വിരി മാറിൽ ചേക്കേറി..

"എങ്ങനെ അറിഞ്ഞു എനിക്ക് ഇപ്പൊ ഇങ്ങനൊരു ആഗ്രഹം ഉണ്ടെന്ന്.. " "സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും നിനക്ക് ഈ നെഞ്ചിൽ ചേരണമെന്ന് എനിക്ക് അറിഞ്ഞൂടെ.. അത് നീ പറഞ്ഞിട്ട് വേണോ ഞാൻ അറിയാൻ.. " അതൂടെ ആയതും അവളുടെ സന്തോഷം ഇരട്ടിച്ചു.. മുഖം അവന്റെ നെഞ്ചിൽ അമർത്തിയിട്ട് അവനെ ഇറുകെ കെട്ടിപ്പിടിച്ചു.. "സന്തോഷമായോ എന്റെ ജാൻസി റാണിക്ക്... " അവന്റെ കൈ അവളുടെ മുടിയിഴകളെ തലോടി.. "മ്മ്...ഒരുപാട്...ഇപ്പൊ ഞാൻ അനുഭവിക്കുന്ന സന്തോഷം എത്രയാണെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ..ഇനിയൊരിക്കലും കണ്ടുമുട്ടില്ലന്നും തിരികെ കിട്ടില്ലന്നും കരുതിയിരുന്നതിനെയാ ഇപ്പൊ ഈ പ്രതീക്ഷിക്കാത്ത നേരത്തെനിക്ക് കിട്ടിയത്...എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല.. അത്രക്കും സന്തോഷിക്കുന്നുണ്ട് ഞാനിപ്പോൾ.." "ആരെ...എന്നെയല്ലേ കിട്ടിയത്.." അവൻ കുസൃതിയായി ചോദിച്ചു.. "പോടാ...നിന്നെയല്ല..ഞാൻ തസി ഉമ്മാന്റെ കാര്യമാ പറഞ്ഞത്.. " അവൾ അവന്റെ നെഞ്ചിനിട്ടൊരു കുത്ത് വെച്ചു കൊടുത്തു മുഖം ഉയർത്തി അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു..

"ഓ..ഒരു തസിയുമ്മ.. ഇനിയിപ്പോ നമ്മളെയൊന്നും ഈ വഴിക്ക് അടുപ്പിക്കില്ല..എന്നാലും ഇതെങ്ങനെടീ..ഇങ്ങനൊരു ട്വിസ്റ്റ്‌ ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല..നേരത്തെ നിങ്ങള് രണ്ടുപേരും സംസാരിച്ചത് കേട്ടപ്പോ കുറച്ച് നേരം അനങ്ങാൻ പോലും കഴിഞ്ഞില്ല.. " "ഞാനും...ഞാനും പ്രതീക്ഷിച്ചില്ല.. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.. " "അപ്പൊ എങ്ങനെയാ...ഉടനെ തന്നെ നമ്മുടെ ഡിവോഴ്സ് നടത്തുകയല്ലേ.. ഞാൻ എന്റെ മുറപ്പെണ്ണിനെ വെയ്റ്റിങ്ങാ..നീ പെട്ടെന്നു തന്നെ ഇറങ്ങി പോകുമല്ലോ അല്ലേ.. " അവൻ ചുണ്ടു കടിച്ചു പിടിച്ചു ചിരി ഒതുക്കി.. "ഒരപദ്ധം ആർക്കും പറ്റും. കളിയാക്കാതെ ഒന്ന് പോടാ അവിടെന്ന്.. " അവൾ അവനെ പിടിച്ചൊരു തള്ളു വെച്ചു കൊടുത്തു.. "ആ..ഒരെണ്ണമൊക്കെ ആർക്കും പറ്റും..പക്ഷെ നിനക്ക് പറ്റിയത് ഒരെണ്ണമൊന്നുമല്ലല്ലോ..ഏതു നേരം നോക്കിയാലും അപദ്ധം മാത്രേ കാണിക്കൂ നീ..ഇപ്പൊ ഏതായാലും ഞാൻ ഇറങ്ങുവാ..ബാക്കി സംസാരവും സന്തോഷം പങ്കിടലുമൊക്കെ വന്നിട്ട്..എനിക്ക് ഇന്ന് മാച്ച് ഉണ്ട്...ഷാർപ് 8 ന് അങ്ങെത്തണം.."

അവൻ കണ്ണാടിക്ക് മുന്നിലേക്ക് നിന്നിട്ട് ഷർട്ടും ബനിയനുമൊക്കെ ഒന്ന് കൂടെ ശെരിയാക്കിയിട്ടു.. "ഓ..ഞാൻ വിചാരിച്ചു എന്താ ഇന്ന് ഇത്ര നേരത്തേന്ന്..സാധാരണ ഞാൻ കുത്തി പൊക്കിയാലും എണീക്കാത്ത ആളാ..അപ്പൊ വെറുതെയല്ല നേരം വെളുക്കുന്നതിന് മുന്നേ കുളിച്ചു കുട്ടപ്പനായി നിക്കുന്നത്..എപ്പോ നോക്കിയാലും ഒരു കളിയും മാച്ചും..എന്താ നിനക്ക് അതിന്ന് കിട്ടുന്നത്..എന്താ അതിൽ ഇത്രക്ക് ഒക്കെ ഉള്ളത്..ഒന്ന് മതിയാക്കിക്കൂടെ നിനക്ക്.. " "എന്താ ഉള്ളതെന്ന് ചോദിച്ചാൽ.. കൊറേ ഉണ്ട് മോളെ.. എന്താ കിട്ടുന്നതെന്നു ചോദിച്ചാൽ കിട്ടാനേ ഉള്ളു.. പക്ഷെ അതൊന്നും നിന്നോട് പറയാൻ പറ്റില്ല.. സീക്രെടാ.. " അവൻ സൈറ്റ് അടിച്ചു കാണിച്ചു.. "സീക്രെട്ടോ..? എന്ത് സീക്രെട്.. ഞാൻ അറിയാത്ത ഒന്നും തന്നെ നിന്റെ ലൈഫിൽ ഇല്ലെന്ന് പറഞ്ഞിട്ട്..? പറയെടാ..എന്ത് സീക്രെട്ടാ..? എന്താ നിനക്ക് അതിന്ന് കിട്ടുന്നത്.. " അവൾ അവന്റെ കുത്തിനു പിടിച്ചു ചോദിച്ചു.. "എടീ..ഗ്രൗണ്ടിന് ചുറ്റും ബോയ്സിനേക്കാൾ കൂടുതൽ ഗേൾസാ..എല്ലാത്തിനും എന്താ ഫിഗറും ഗ്ലാമറുമാണെന്ന് അറിയാമോ..ഒന്ന് നോക്കിയാൽ മതി..

പിന്നെ കണ്ണ് എടുക്കാൻ തോന്നില്ല..എത്ര ടൈർഡ് ആയാലും ഗെയിം കളിക്കാനുള്ള ഹരമൊക്കെ താനേ വന്നോളും.. " "യൂ റാസ്കൽ...കൊല്ലും നിന്നെ ഞാൻ..എന്നെ അല്ലാതെ മറ്റൊരുത്തിയെ നോക്കിയാൽ ആ നിമിഷം കൊന്നു കളയും നിന്നെ ഞാൻ..നീ എന്റേതാ..എന്റേത് മാത്രം...അത് ഓർത്ത് വെച്ചിട്ടു വേണം മാച്ചിനും സ്റ്റണ്ടിനുമൊക്കെ പോകുന്നത്..." അവൾ പിടിച്ചിരിക്കുന്ന പിടിയാലെ അവനെ പിന്നിലേക്ക് തള്ളി.. അവൻ പറഞ്ഞത് കേട്ടപ്പോൾ ദേഷ്യം ഏതു വഴിയാ വന്നതെന്ന് അവൾക്ക് തന്നെ അറിഞ്ഞില്ല..മുഖവും കനപ്പിച്ചു വെച്ചു അവനെ കൂർപ്പിച്ചു നോക്കാൻ തുടങ്ങി..അവന് ചിരി ഒതുക്കാൻ കഴിഞ്ഞില്ല..അവളെ നോക്കി നിന്നു ചിരിക്കാൻ തുടങ്ങി.. "ചിരിക്കേണ്ട..തമാശയൊന്നുമല്ല.. ഞാൻ കാര്യമായിട്ടാ പറഞ്ഞത്.. എന്നെ അല്ലാതെ മറ്റൊരുത്തിയെയും അറിയാതെ പോലും നോക്കാൻ പാടില്ല നീ.. അതെനിക്ക് ഇഷ്ടമല്ല.. അങ്ങനെ വല്ലതും ഉണ്ടായാൽ പറഞ്ഞത് തന്നെ ചെയ്തു കളയും.. ഒരു ഇളക്കക്കാരി ഉണ്ടായിരുന്നല്ലോ..ആ ജന്തു സാനിയ..

ഇപ്പൊ അവള് എന്ത്യേ.. നിന്റെ പുറകെ ഒന്നും വരാറില്ലേ..? കാണാതെ കുറേ നാളായല്ലോ..? എന്തേ.. മടുത്തപ്പോ നീ അവളെ ചവിട്ടി ദൂരെ കളഞ്ഞോ..? " "മടുത്തെന്നോ..? ആര് പറഞ്ഞു മടുത്തെന്ന്.. അവളെ എനിക്ക് ഇപ്പോഴേ ഒന്നും മടുക്കില്ല.. കാരണം അമ്മാതിരി ഐറ്റമാ...കണ്ടിട്ടില്ലേ നീ അവളെ..എല്ലാം കൊണ്ടും സൂപ്പറാ.. പിന്നെ അവളെ എന്റൊപ്പം കാണണമെങ്കിൽ നീ കോളേജിലേക്ക് വരണം..അല്ലാണ്ട് അവള് ഇങ്ങോട്ട്,, നീ ഉള്ളിടത്തേക്ക് വരില്ല..ആണ്ടിൽ ഒരിക്കൽ വരുന്നത് മതിയാക്കിയിട്ടു സ്ഥിരം വാടി കോളേജിലേക്ക്.. ഇതിപ്പോ നെക്സ്റ്റ് ഇയറിലെ ഓണം സെലിബ്രേഷന് വേറെ മാവേലിയെ നോക്കേണ്ടി വരില്ല.. അതുപോലെത്തെ പോക്കാ നിന്റേത്..എല്ലാരും പറയുവാ നിന്റെ ലീവിന് കാരണം ഞാനാണെന്ന്..ഞാൻ പണി പറ്റിച്ചിട്ട് നീയിപ്പോ റെസ്റ്റിൽ ആണെന്നാ സകലതിന്റെയും സംസാരം.. " "ആ..അതുവേണം നിനക്ക്..നീയായി ചോദിച്ചു വാങ്ങിച്ചതല്ലേ..അന്ന് മിസ്സ്‌ന്റെ മുന്നിൽ എന്തായിരുന്നു അഭിനയം..ഭരത് ഗോപി മാറി നിക്കേണ്ടതാ..എന്തൊക്കെയാ മോൻ അന്ന് പറഞ്ഞത്..അന്ന് ഓർത്തില്ലല്ലേ ഇന്ന് ഇങ്ങനൊക്കെ കേൾക്കേണ്ടി വരുമെന്ന്...എല്ലാം ഒറ്റയ്ക്ക് തന്നെ അങ്ങ് കേട്ടോ..തത്കാലം ഇപ്പൊ ഞാൻ ഏതായാലും കോളേജിലേക്ക് ഇല്ല..

ഇങ്ങനെ ഇപ്പൊ വരുന്നത് പോലെ ഒന്നും രണ്ടും ദിവസങ്ങളൊക്കെ ഇട വിട്ടു തന്നെ വന്നോളാം.. ഇനിയിപ്പോ കാര്യമായി പടുത്തമൊന്നുമില്ലല്ലോ.. പോർഷ്യൻസ് ഒക്കെ കവർ ചെയ്തു കഴിഞ്ഞു..ഇനി പ്രാക്റ്റിക്കൽസും എക്സാംസുമൊക്കെ അല്ലേ.. അതൊക്കെ ഞാൻ നല്ല രീതിയിൽ തന്നെ അറ്റൻഡ് ചെയ്തോളാം.. പിന്നെ ഇവിടുത്തെ കാര്യം... ഇവിടെ ഞാനിപ്പോ റസ്റ്റിലല്ല.. ജോലിയിലാ..ഇപ്പൊ ഞാൻ പഴയത് പോലെ വെറുമൊരു പെണ്ണല്ല..ഒരു ഭാര്യയാ..ഈ വീടിനും ഇവിടുത്തെ ഉപ്പാക്കും ഉമ്മാക്കുമൊക്കെ മരുമകളാ ഞാൻ..അപ്പൊ അതിന്റെതായ ചില കടമകളും ജോലികളും ഉത്തരവാദിത്തങ്ങളുമൊക്കെ ഉണ്ടെനിക്ക് ഇവിടെ... മറ്റെന്തിനേക്കാളും എനിക്ക് ഇപ്പൊ വലുത് ഇവിടെത്തെ കാര്യമാ.. കാരണം ഇനിയൊരു ജീവിതം ഇല്ലെന്ന് വിധി എഴുതിയവളായിരുന്നു ഞാൻ.. അത്രത്തോളം ജീവിതത്തെ മടുത്തിരുന്നു..എന്നിട്ടും ആ എനിക്കൊരു ജീവിതം റബ്ബ് തന്നു.. അതും ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത പോലൊരു ജീവിതം..എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ട്..

അതുകൊണ്ട് എനിക്ക് കിട്ടിയ ഈ ജീവിതം എനിക്ക് നല്ലത് പോലെത്തന്നെ ജീവിച്ചു തീർക്കണം അമൻ... " അവൻ ഒന്നും പറഞ്ഞില്ല.. കൈ നീട്ടി അവളെ തന്നോട് ചേർത്ത് പിടിച്ചിട്ടു അവളുടെ നെറുകിൽ ചുണ്ടുകൾ ചേർത്തു..അവൾ കണ്ണുകൾ അടച്ചു ആ സ്നേഹ ചുംബനം ഏറ്റു വാങ്ങിച്ചു.. "ഏതായാലും എനിക്ക് ചീത്ത പേര് കിട്ടി.. മാത്രവുമല്ല.. നിനക്കിപ്പോ കോളേജിലേക്ക് വരാൻ പഴയത് പോലെ താല്പര്യവുമില്ല..ഏതു നേരവും ഇവിടെത്തെ കാര്യങ്ങളും നോക്കി ഇവിടെ ഇരിക്കാനാണ് ഇഷ്ടം..അപ്പൊ പിന്നെ നിന്നെ ഞാനൊന്നൊരു പത്തു മാസത്തേക്ക് ബിസി ആക്കുന്നതിൽ കുഴപ്പമൊന്നും ഇല്ലല്ലോ.. മോളെ ലൈലാ...മരുമകളുടെ കടമകൾ മാത്രം നേരാവണ്ണം ചെയ്തിട്ടു കാര്യമില്ല..ഒരു ഭാര്യയുടെ കടമയും കൂടെ ചെയ്യണം നീ.. അതിപ്പോഴും ചെയ്തിട്ടില്ല നീ.. ഇവിടെ ഇങ്ങനൊരുത്തൻ വെള്ളവും ഇറക്കി കാത്തിരിക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി.. ഞാനൊന്നു പോയി വരട്ടെ.. ഇന്നത്തോടെ അക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.. " "അയ്യടാ...എന്താ ഡയലോഗ്.. ആ പൂതിയും വെച്ചു ഇങ്ങോട്ടു വാ നീ...ശെരിയാക്കി തരാം നിന്നെ.. "

"എന്ത് ശെരിയാക്കി തരാമെന്ന്.. വന്നാൽ എന്താടി..? നീയെനിക്ക് വാക്ക് തന്നതാ..ആ കാലാവധിയൊക്കെ എപ്പോഴേ കഴിഞ്ഞു..എന്നിട്ടും ആ പേരും പറഞ്ഞു ഞാൻ നിന്നെ അറ്റാക്ക് ചെയ്യാനൊന്നും വന്നില്ലല്ലോ.. ഞാനും വാക്ക് തന്നിരുന്നു.. എന്താണെന്ന് ഓർമ്മ കാണുമല്ലോ ഭാര്യയ്ക്ക്...നീ പൂർണമായും സന്തോഷിക്കുന്ന ദിവസം മതിയെന്ന്..ഇന്ന് നീ ഫുൾ ഹാപ്പിയാ..ഹൃദയം സന്തോഷം കൊണ്ട് ഡിജെ കളിക്കുവാണെന്ന് എനിക്കറിയാം..അതുകൊണ്ട് ഇനിയും കാത്തിരിക്കാൻ എന്നെ കിട്ടില്ല...ഒരുപാടങ്ങു ജാഡ ഇട്ടു നിന്നാൽ ഞാൻ ഇങ്ങെടുക്കും എനിക്ക് വേണ്ടതൊക്കെ...അന്നേരം എന്റെ തല അടിച്ചു പൊട്ടിക്കാൻ വന്നാൽ ഉണ്ടല്ലോ..പിന്നെ ബാക്കി വെച്ചേക്കില്ല നിന്നെ ഞാൻ..." അവൻ അവളെ ഭീഷണിയോടെ നോക്കി..അവൾ ഒന്നും മിണ്ടിയില്ല.. മുഖം ചുമന്നു തുടുത്തിരുന്നു.. കണ്ണുകളിലും ചുണ്ടുകളിലും ഒരുപോലെ നാണം വിരിഞ്ഞിരുന്നു.. "ഇപ്പൊ കാണണ്ട എനിക്കീ നാണം.. രാത്രിയിൽ കണ്ടാൽ മതി.. ഓരോന്നു കാണിച്ചു കണ്ട്രോൾ കളയല്ലേ ടീ.. എനിക്ക് മാച്ച് ഉള്ളതാ.."

ആ പറച്ചിലും അവന്റെ മുഖ ഭാവവും കണ്ടു അവൾ ഉറക്കെ ചിരിച്ചു.. "പോടീ പട്ടി..ഇനിയും നിന്നാൽ എന്റെ മാച്ചിൻറെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കും നീ... ഇറങ്ങുവാ.. ചിലപ്പോൾ ലേറ്റ് ആകും..വിളിച്ചിട്ട് കിട്ടിയില്ലേൽ വാലിന് തീ പിടിച്ച പോലെ മുറ്റത്തേക്കും നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കണ്ട..കഴിക്കാനും കാത്തു നിക്കണ്ട...ഇനിമുതൽ ഡാഡ് ഇവിടെ ഇല്ലെങ്കിലും എനിക്ക് ധൈര്യമായി പോകാല്ലോ...സ്വന്തം മക്കളെക്കാൾ കൂടുതലായി നിന്നെ സ്നേഹിക്കുന്ന ഒരുമ്മ ഉണ്ടല്ലോ ഇവിടിപ്പോ...വൈകുന്നേരം കാണാം..." അവൻ അവളുടെ രണ്ടു കവിളിലും ഓരോ മുത്തം കൊടുത്തു..തിരിച്ചു അവളുടെ അടുത്തുന്നു അതുപോലെ രണ്ടെണം വാങ്ങിക്കാനും മറന്നില്ല.. "പിന്നേയ്...." അവൻ ബാഗും ഫോണും വാലെറ്റും എടുത്തു റൂമിന് വെളിയിലേക്ക് കടക്കാൻ തുടങ്ങിയതും അവൾ പുറകിന്ന് വിളിച്ചു.. "എന്തെടി..? "

അവൻ തിരിഞ്ഞു നോക്കി.. "പറഞ്ഞത് ഓർമ ഉണ്ടല്ലോ.." "അപ്പൊ നിനക്കെന്നെ തീരെ വിശ്വാസം ഇല്ലാ ല്ലേ..? " "വിശ്വാസത്തിന്റെ കാര്യമൊക്കെ അവിടെ നിക്കട്ടെ..പറഞ്ഞത് ഓർമ ഉണ്ടല്ലോന്നാ ചോദിച്ചത്..? " "ഇങ്ങ് വന്നേ നീ.. " അവൻ അവളെ അരികിലേക്ക് വിളിച്ചു.. "മ്മ്..എന്താ...? " "അങ്ങനെ വേറെ ഒരുത്തിയെ നോക്കാനും വളക്കാനുമൊക്കെ ആണേൽ ഞാൻ നിന്നെ കഷ്ടപ്പെട്ട് സ്വന്തമാക്കുവോടീ എന്ന് ഞാൻ ചോദിക്കുമെന്ന് നീ കരുതണ്ട..ഞാൻ നോക്കും..വളക്കേo ചെയ്യും.. അതിൽ നിനക്ക് വല്ല ഇഷ്ട കുറവോ മുടക്കോ മറ്റും ഉണ്ടെങ്കിൽ പോയി പണി നോക്കടി.. " "പോടാ തെണ്ടി..I hate you.." "Same to you mole..Ummaah..." അവൻ ചുണ്ട് കൊണ്ട് ഉമ്മ വെക്കുന്നത് പോലെ കാണിച്ചിട്ട് ചിരിച്ചോണ്ട് താഴേക്ക് ഇറങ്ങിപ്പോയി..അവളും പിന്നാലെ ചെന്നു..വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുന്നേ അവൻ അവളെ നോക്കി.. അവൾ അപ്പൊത്തന്നെ മുഖം തിരിച്ചു കളഞ്ഞു..താൻ ഗേറ്റ് കടക്കാതെ അവൾ അകത്തേക്ക് കയറില്ലന്ന് അവനു അറിയാമായിരുന്നു.. സന്തോഷത്തോടെ വണ്ടി മുന്നോട്ടെടുത്തു..

അവൻ കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ അവിടെത്തന്നെ നിന്നു..പിന്നെ ഒരു ചിരിയോടെ അകത്തേക്ക് തുള്ളി ചാടി പോയി..മനസ്സ് സന്തോഷം കൊണ്ട് ആകെ അലയടിച്ചു കളിക്കുകയാണ്.. എന്നാലും അവളുടെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു.. ഒരുപാട് കാര്യങ്ങൾ അറിയണമായിരുന്നു അവൾക്ക്.. എല്ലാറ്റിനുമുള്ള ഉത്തരങ്ങൾ ഒരാൾക്ക് മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്ന് അവൾ ഓർത്തു..ഉടനെ മുറിയിലേക്ക് പോയി ഫോൺ എടുത്തു കാൾ ഡയൽ ചെയ്തു.. ** "എന്താ മോളെ...? എന്തിനാ പെട്ടെന്നു കാണണമെന്ന് പറഞ്ഞത്..? എന്തെങ്കിലും പ്രശ്നമുണ്ടോ..? " നീണ്ടു പരന്നു കിടക്കുന്ന നീല സാഗരത്തിനു മുന്നിൽ കയ്യും കെട്ടി ദൂരെക്ക് കണ്ണും നട്ടു നിൽക്കുന്ന അവൾക്ക് അരികിലേക്ക് വന്ന വക്കീൽ അങ്കിൾ തെല്ല് ആധിയോടെ ചോദിച്ചു.. "അങ്കിൾ ടെൻഷൻ ആവണ്ട...ഒരു പ്രശ്നവും ഇല്ല..എന്നാലും ഫോണിലൂടെ സംസാരിക്കേണ്ട വിഷയമല്ലന്ന് തോന്നി.. അങ്കിളിനെ നേരിൽ കണ്ടു സംസാരിച്ചാലേ ശെരിയാകുള്ളൂന്ന് തോന്നി..അതാ ഞാൻ വിളിച്ചതും കാണണമെന്ന് പറഞ്ഞതും.. "

അവൾ വക്കീലിനു നേരെ തിരിഞ്ഞു നിന്നു..വക്കീൽ കാര്യമെന്താന്നുള്ള അർത്ഥത്തിൽ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. "അമനും റമിയും ആരാണെന്ന് അങ്കിളിനു അറിയാമായിരുന്നില്ലേ..? അവർ തസിയുമ്മാൻറെ മക്കളാണെന്ന് അങ്കിളിനു അറിയാമായിരുന്നില്ലേ..? എന്നിട്ടും എന്തേ എന്നോട് പറഞ്ഞില്ല..? അന്നൊരു വൈകുന്നേരം അങ്കിളിനെ കണ്ടപ്പോൾ ആ വീടിനെ കുറിച്ചും അവിടെത്തെ ഉപ്പാനെ കുറിച്ചും റമിയെയും അമനെ കുറിച്ചുമൊക്കെ ഞാൻ എത്ര നേരം അങ്കിളിനോട് സംസാരിച്ചു.. കൂട്ടത്തിൽ ബാംഗ്ലൂരിലുള്ള അവരുടെ ഉമ്മാനെ കുറിച്ചും പറഞ്ഞിരുന്നു...അന്നെങ്കിലും എന്നോട് പറയാമായിരുന്നു അങ്കിളിന്... " അവളുടെ ശബ്ദത്തിൽ സന്തോഷവും വേദനയുമെല്ലാം ഒരുപോലെ ചേർന്നിരിക്കുന്നതു വക്കീലിനു മനസ്സിലായി..അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. " നീ അറിയേണ്ട നേരമാകുമ്പോൾ അറിയട്ടെന്ന് കരുതി..ഇന്നല്ലങ്കിൽ നാളെ ഈ സത്യം നീ മനസിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..നീ മാത്രമല്ല.. ആ വീട്ടുകാരും...

എന്നേ ഞാൻ ഇക്കാര്യം നിങ്ങൾക്ക് എല്ലാവർക്കും മുന്നിൽ വന്നു തുറന്നു പറഞ്ഞേനെ.. എപ്പോഴേ ഞാൻ അവിടേക്ക് വന്നേനെ..പക്ഷെ ഒരൊറ്റ കാര്യം എന്നെ അതിൽ നിന്നും തടഞ്ഞു.. ഒരിക്കൽ ഞാൻ എടുത്ത തീരുമാനം.. ഞാൻ യൂസുഫിനു കൊടുത്ത ഒരു വാക്ക്.. ഒരിക്കലും താജുദീന്റെയും മുംതാസ്ന്റെയും ഇടയിലേക്ക് ഞാൻ കടന്നു ചെല്ലില്ലെന്നുള്ള വാക്ക്..ഒരിക്കലും അവർക്ക് മുന്നിലേക്ക് ചെന്നു പെടുകയില്ലന്നും അവരുടെ ഒരു കാര്യങ്ങളിലും ഞാൻ ഇടപെടുകയില്ലന്നുമുള്ള എന്റെ വാക്ക്.." "അങ്കിൾ...അങ്കിൾ ഇതെന്തൊക്കെയാ പറയുന്നത്...? എനിക്കൊന്നും മനസ്സിലാകുന്നില്ല.. " അവൾ നെറ്റി ചുളിച്ചു വക്കീലിനെ തന്നെ നോക്കി നിന്നു.. "അന്നൊരുവട്ടം നീ ചോദിച്ചിരുന്നില്ലേ.. ഞാൻ എന്താ വിവാഹം കഴിക്കാത്തതെന്ന്.. എനിക്ക് പ്രേമ നൈരാശ്യമാണോന്ന്..? ഞാൻ പ്രണയിച്ചിരുന്നു..പക്ഷെ എനിക്ക് അവളെ നഷ്ടപ്പെട്ടു പോയി.. മുംതാസ്നെ.. ഞാൻ ആത്മാർത്ഥമായി തന്നെ പ്രണയിച്ചിരുന്നു..ഒരുകാലത്തു ഈ നെഞ്ചിൽ കൊണ്ട് നടന്നതാ.. നിന്റെ ഉപ്പ യൂസുഫ്..

എന്റെ പ്രിയ സുഹൃത്ത്.. എനിക്ക് വാക്കും തന്നതാ മുംതാസ്നെ എനിക്ക് തന്നെ വിവാഹം ചെയ്തു തരാമെന്ന്... പക്ഷെ...പക്ഷെ വിധി അവളെ താജുദീന് കൊടുത്തു മോളെ.. എന്നേക്കാൾ ഏറെയായി അവൻ അവളെ പ്രണയിച്ചു. അവന്റെ പ്രണയമായിരുന്നു സത്യം.. അതുകൊണ്ടല്ലേ അവൾ അവനു സ്വന്തമായത്..റമി നിന്നെ പ്രണയിച്ചിട്ടും നീ ഇന്ന് അമന് സ്വന്തമായത് പോലെ... " "എ...എന്താ പറഞ്ഞത്..അങ്കിൾ.. അങ്കിൾ ത..തസി ഉമ്മാനെ സ്നേഹിച്ചിരുന്നെന്നോ..? ഉപ്പ വാക്ക് തന്നിരുന്നെന്നോ..? പിന്നെന്താ സംഭവിച്ചത്.. എന്റെ ഉപ്പ അങ്കിളിനെ ചതിച്ചോ..? ഇല്ല.. എന്റെ ഉപ്പ അങ്ങനെ ചെയ്യില്ല.. അങ്കിളിനെ ഒരുപാട് ഇഷ്ടമായിരുന്നല്ലോ...? " "ഇല്ല മോളെ..യൂസുഫ് ഒരിക്കലും എന്നെ ചതിച്ചിട്ടില്ല..മുംതാസും ചതിച്ചിട്ടില്ല..ആരും ആരെയും ചതിച്ചിട്ടില്ല..തെറ്റ് എന്റെ ഭാഗത്തായിരുന്നു...മുംതാസ്നെ ഞാനും അനിയത്തി കാണണമായിരുന്നു..യൂസുഫ്ൻറെ സ്ഥാനത്തെ അവൾ എന്നെ കണ്ടിട്ട് ഉള്ളു..അവന് കൊടുക്കുന്ന അതേ ബഹുമാനവും സ്വാതന്ത്ര്യവും സ്നേഹവുമാ അവളെനിക്കും തന്നത്...പക്ഷെ ഞാൻ അവളെ അതിലും അപ്പുറമായി സ്നേഹിച്ചു..ജീവിത സഖിയാക്കാൻ ആഗ്രഹിച്ചു..ആ സമയം അവൾ കോളേജിൽ പഠിക്കുകയാ..

എന്റെ ജൂനിയർ ആയിട്ട്..എനിക്ക് അവളോടുള്ള അമിതമായ സ്നേഹവും കെയറിങ്ങുമൊക്കെ കണ്ടിട്ട് ആകണം യൂസുഫ്ന് കാര്യം മനസ്സിലായിരുന്നു..അവൻ എന്നോട് അത് തുറന്നു ചോദിക്കയും ചെയ്തു..ആദ്യം പറയാൻ മടിച്ചു എങ്കിലും അവന്റെ നിർബന്ധ പ്രകാരം എനിക്ക് എന്റെ മനസ്സ് അവനു മുന്നിൽ തുറക്കേണ്ടി വന്നു.. കേട്ടപ്പോൾ അവന്റെ ആദ്യ പ്രതികരണം രണ്ടു തുള്ളി കണ്ണുനീരും മുറുകെയൊരു കെട്ടിപ്പിടിത്തവുമായിരുന്നു.. അവളെ ഇത്രയേറെ സ്നേഹിക്കുന്ന നിനക്ക് അല്ലാതെ മറ്റാർക്കാടാ ഞാൻ എന്റെ തസിയെ കൊടുക്കുക.. നിന്റെ അരികിൽ അവൾ എപ്പോഴും സന്തോഷവാതിയായിരിക്കും.. മാത്രമല്ല..അവൾ എപ്പോഴും എന്റെ കൺവെട്ടത്തു തന്നെ ഉണ്ടാകും.. നിനക്ക് ഉള്ളതാടാ അവൾ.. അവളെ ഞാൻ നിന്റെ കയ്യിൽ തന്നെ ഏല്പിക്കും... എന്നതായിരുന്നു അന്നത്തെ അവന്റെ വാക്കുകൾ.. എനിക്ക് അതിൽ കൂടുതലായി മറ്റൊന്നും വേണ്ടായിരുന്നു.. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞ നിമിഷം... പക്ഷെ ഈ സമയം ആരും അറിയാതെ അവളുടെ മനസ്സിൽ താജുദീനോടുള്ള പ്രണയം പൂത്തു വിടരുകയായിരുന്നു..അവനും ഞങ്ങളുടെ അതേ കോളേജിൽ തന്നെ ആയിരുന്നു..ഏതു നേരവും പാർട്ടി സമരമെന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരുശിരുള്ള കഥാപാത്രം..

തന്റേടം.. ധൈര്യം..ചങ്കുറപ്പ്..നേർക്ക് നിന്നു ശബ്ദം ഉയർത്തിയ ഒരുത്തനെയും അവൻ വെറുതെ വിട്ടിട്ടില്ല.. തനി തെമ്മാടി.. ശെരിക്കും പറഞ്ഞാൽ ഇന്നത്തെ താജ്..അതേ രൂപം..അതേ ഭാവം..അവന്റെയാ ചോര തിളപ്പ് മുംതാസ്നെ വല്ലാതെ ആകർഷിച്ചിരുന്നു..അവൾ മനസ്സിൽ താജുദീനെ തന്റെ പ്രാണനായി പ്രതിഷ്ടിച്ചു..മുംതാസ്നെ ഒന്ന് നോക്കിയാൽ വീണ്ടും ഒന്ന് നോക്കി പോകും..അത്രയ്ക്കും വശ്യമായ സൗന്ദര്യത്തിനുടമയായിരുന്നു അവൾ അന്ന്.. എല്ലാവരും പറയുന്നു നിനക്ക് നിന്റെ ഉമ്മാന്റെ സൗന്ദര്യമാണെന്ന്.. പക്ഷെ ഒരിക്കൽ പോലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല..എന്റെ കണ്ണിൽ നീ മുംതാസ്ൻറെ തനി പകർപ്പാണ്.. അവളുടെ ആ ഉശിരിൽ ജനിച്ചു ആ വാശിയിൽ വളർന്ന പെണ്ണ്... അങ്ങനെയുള്ള അവളോട്‌ ഇഷ്ടം തോന്നാനും അവളെ തന്റെ പ്രണയിനി ആക്കാനും താജുദീനും വല്യ കാല താമസമൊന്നും വേണ്ടി വന്നില്ല..ആദ്യമൊക്കെ അവൻ കാര്യമായി തന്നെ എതിർത്തിരുന്നു.. ഇന്ന് നിനക്ക് എന്നിലെ എന്തിനോടാണ് പ്രണയം തോന്നുന്നത് അതിനെ തന്നെ നാളെ നീ വെറുത്തെന്ന് വരാം..

ഒരുപാട് ആലോചിച്ചു വേണം തീരുമാനം എടുക്കാൻ എന്നൊക്കെ പറഞ്ഞു തുടക്കത്തിൽ അവൻ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.. പക്ഷെ അവൾ പിന്തിരിയാൻ തയാറായില്ല..അവൻ പറഞ്ഞത് സത്യമായിരുന്നു..അവൾക്ക് പ്രണയം തോന്നിയത് അവന്റെ പാർട്ടിയോടും ആ പാർട്ടി രൂപികരിക്കാൻ അവനുണ്ടായ സമർത്ഥമായ കഴിവിനോടുമാണ്.. പിന്നീട് അവൾ വെറുത്തതും അതുതന്നെ..അവൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചാണ് അവൾ അന്ന് വീട്ടിൽ നിന്നും ഇറങ്ങി പോയത്..അങ്ങനെ അവരുടെ പ്രണയം ഒരു അതിരുകളും ഇല്ലാതെ മുന്നോട്ടു കടന്നു പോയി.. ഫൈനൽ ഇയറിന്റെ എക്സാം കഴിഞ്ഞു.ഞാനും അവനും കോളേജിൻറെ പാടിയിറങ്ങി.ഞാൻ തുടർ പഠനം നാട്ടിലുള്ള മറ്റൊരു കോളേജിൽ തന്നെ ചെയ്തു.. മറ്റു വല്യ വല്യ കോളേജിൽ സീറ്റ് ഒഴിവു ണ്ടായിട്ടും എനിക്ക് അതിനുള്ള ഉയർന്ന മാർക്ക്‌ ഉണ്ടായിട്ടും ഞാൻ ഈ നാട് വിട്ടു പഠനമെന്നും പറഞ്ഞു മറ്റൊരു സ്ഥലത്തേക്ക് പോയില്ല. ഒരുദിവസം പോലും മുംതാസ്നെ കാണാതെ ഇരിക്കാൻ കഴിയില്ല.അതായിരുന്നു കാരണം. താജുദീൻ പഠനം കഴിഞ്ഞതോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി.

അപ്പോഴും അവരുടെ പ്രണയത്തിനു കോട്ടമൊന്നും തട്ടിയിട്ടില്ലായിരുന്നു. ഒരുദിവസം വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ രണ്ടുപേരെയും ഞാൻ ബീച്ചിൽ ഒരുമിച്ചു കാണുകയുണ്ടായി.. മനസ്സിൽ എന്തോ ഒരു ഭാരവും വേദനയുമൊക്കെ അനുഭവപ്പെട്ടു എങ്കിലും അവർക്ക് ഇടയിൽ അങ്ങനെ ഒന്നും തന്നെ ഉണ്ടാകില്ലന്ന് സ്വയം ആശ്വസിച്ചു. പക്ഷെ വീട്ടിൽ എത്തിയപ്പോൾ സമാധാനിക്കാൻ കഴിഞ്ഞില്ല. മുംതാസ്നെ നഷ്ടപ്പെടാൻ പോകുകയാണോ എന്നൊരു തോന്നൽ മനസ്സിനെ അലട്ടി കൊണ്ടിരുന്നു..കണ്ട കാര്യവും മനസ്സിന്റെ പിടച്ചിലുമെല്ലാം യൂസുഫ്നോട് പറഞ്ഞേ തീരു എന്നുള്ള തീരുമാനവുമായി നേരെ അവന്റെ വീട്ടിലേക്ക് പോയി.. അവൻ എന്തോ ആവശ്യത്തിനു പുറത്ത് പോയിരിക്കുകയായിരുന്നു. എന്നെ കണ്ടതും റഹീക്കാന്നും വിളിച്ചു മുംതാസ് ഓടി അരികിലേക്ക് വന്നു. അവളോട്‌ തന്നെ കാര്യം ചോദിച്ചു കളയാമെന്ന് കരുതി ചോദിക്കാൻ ഒരുങ്ങിയതും റഹീക്കാ..എനിക്കൊരു കാര്യം ചെയ്തു തരണമെന്ന് പറഞ്ഞു അവൾ പെട്ടെന്നു എന്റെ കൈ കവർന്നു കളഞ്ഞു..

എന്താണെന്ന ഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കേണ്ട താമസം അവൾ താജുദീനുമായുള്ള അടുപ്പവും പരസ്പരം എന്തുമാത്രം പ്രണയത്തിൽ ആണെന്നുമൊക്കെ എന്നോട് തുറന്നു പറഞ്ഞു..ഒപ്പം യൂസുഫ്നോട് പറഞ്ഞു സമ്മതിപ്പിക്കണമെന്നു പറഞ്ഞു കെഞ്ചുകയും ചെയ്തു.ഒരുനിമിഷം തരിച്ചു പോയി.ഹൃദയം തകർന്നു പോയി..അവളോട്‌ പറയാൻ കഴിയുമോ എനിക്ക് എന്റെ അവസ്ഥ..അവൾക്ക് ഒരു ആശ്വാസത്തിനായി യൂസുഫ്നോട് ഞാൻ സംസാരിച്ചോളാമെന്ന് പറഞ്ഞു ഒരു കൃത്രിമ ചിരിയും അവൾക്ക് സമ്മാനിച്ചിട്ട് അവിടെന്നിറങ്ങി.. വീട്ടിലെത്തിയപ്പോൾ കരയാൻ പോലും കഴിഞ്ഞില്ല എനിക്ക്.. ഒരു തുള്ളി കണ്ണുനീർ പോലും കണ്ണുകളിൽ നിന്നും പൊടിഞ്ഞില്ലന്നതായിരുന്നു സത്യം.. അത്രക്കും തകർന്നു പോയിരുന്നു ഞാൻ..എല്ലാം അറിഞ്ഞപ്പോൾ യൂസുഫ് കോപം കൊണ്ട് ജ്വലിച്ചു.. പക്ഷെ ഒരു വാക്ക് കൊണ്ട് പോലും അവളെ വേദനിപ്പിച്ചില്ല..അവന്റെ ശബ്ദം ഒരുവട്ടം പോലും അവൾക്ക് നേരെ ഉയർന്നില്ല..സമാധാന പരമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു..

അപ്പോഴും എന്റെ കാര്യം അവൻ അവളോട്‌ പറഞ്ഞില്ല..താജുദീനുമായുള്ള ബന്ധം നമുക്ക് ചേരില്ലന്ന് പറഞ്ഞു അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.. ചേരാത്തതിന്റെ കാരണം അവൾ ചോദിച്ചു..അന്നേരം പറയാൻ ഒന്നും തന്നെ ഇല്ലായിരുന്നു യൂസുഫിന്..കാരണം പണം കൊണ്ടും അന്തസ് കൊണ്ടും കുടുംബം കൊണ്ടുമെല്ലാം യൂസുഫ്നോളം എത്തുന്ന ഒരുത്തൻ തന്നെയായിരുന്നു താജുദീനും.. അതുകൊണ്ട് യൂസുഫിനു താജുദീൻറെ രാഷ്ട്രീയത്തെ പറയേണ്ടി വന്നു..സമൂഹത്തിൽ വലിയൊരു സ്ഥാനവും പദവിയുമൊക്കെ ഉണ്ടാകുമ്പോൾ ശത്രുക്കൾ കൂടുമെന്നും അത് കുടുംബത്തെ ബാധിക്കുമെന്നും അവൻ മുംതാസ്നോട് പറഞ്ഞു.. നാളെ അവന് എന്തെങ്കിലും സംഭവിച്ചു പോയാൽ നീ ഒറ്റപെട്ടു പോകും മോളെ എന്നൊക്കെ പറഞ്ഞു അവളെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. സത്യം പറഞ്ഞാൽ താജുദീനോട് ഒരു ഇഷ്ട കുറവും യൂസുഫ്ന് ഉണ്ടായിട്ടില്ല.. എനിക്ക് തന്ന വാക്കായിരുന്നു അവന് വലുത്..അത് മനസ്സിൽ വെച്ചാ മുംതാസ്നോട് ഓരോ വട്ടം സംസാരിച്ചതും.

.പക്ഷെ ഒന്ന് കൊണ്ടും താജുദീനെ മറക്കാനോ അവനെ വേണ്ടാന്ന് വെക്കാനോ മുംതാസ് തയാറായില്ല..യൂസുഫ് ഓരോ തവണയും അവളോട്‌ സംസാരിക്കുമ്പോൾ അവൾ എന്റെ അടുക്കലേക്ക് ഓടി വരും..റഹീക്ക എങ്ങനെയെങ്കിലും മാനുക്കാക്കാനെ പറഞ്ഞു സമ്മതിപ്പിക്കണമെന്ന് പറഞ്ഞ് കരയാൻ..അതുകൂടെ ആയതും ഉരുകി പോയി ഞാൻ..പിന്നീട് കുറച്ച് നാളത്തേക്ക് ആ വിഷയത്തെ കുറിച്ച് സംസാരം ഇല്ലാതെയായി.. വേറൊന്നുമല്ല..യൂസുഫിനു വിവാഹാലോചന നോക്കുന്ന സമയമായിരുന്നു അത്..നിന്റെ ഉപ്പാപ്പയും ഉമ്മാമ്മയും അവന് സമ്പന്നമായൊരു കുടുംബത്തിൽ നിന്നു സുന്ദരിയായ ഒരുവളെ തന്നെ പെണ്ണ് നോക്കി..സമ്പത്തും സൗന്ദര്യവും മാത്രമേ ഉണ്ടാരുന്നുള്ളൂ അവൾക്ക്..കൂടെ ഒരു കൊട്ട കണക്കിന് അഹങ്കാരവും പൊങ്ങച്ചവും.മറ്റൊരു ഗുണവും ഇല്ലായിരുന്നു..സ്വഭാവ ശുദ്ധിയും നല്ല പെരുമാറ്റവും അവളുടെ ഏഴയലത്തു കൂടെ കടന്നിട്ടില്ലന്ന് പെണ്ണ് കണ്ടതിന് ശേഷമുള്ള രണ്ടു മിനുട്ട് സംസാരത്തിൽ നിന്നു തന്നെ യൂസുഫ്ന് മനസ്സിലായി.. അഭിപ്രായവും തീരുമാനവുമൊന്നും പിന്നത്തേക്ക് മാറ്റി വെച്ചില്ല അവൻ..

പെണ്ണിന്റെ സ്വഭാവം ഇഷ്ടമായില്ലന്ന് തുറന്നടിച്ചു പറഞ്ഞു കൊണ്ട് തന്നെ അവൻ അവിടെന്നിറങ്ങി.. വണ്ടിയിൽ കയറുന്നതിന് മുന്നേ ഒരുവട്ടം അവന്റെ കണ്ണുകൾ ആ വീടിൻറെ വിറകു പുരയിലേക്ക് നീണ്ടിരുന്നു.ഒപ്പം ചുണ്ടിൽ സുന്ദരമായൊരു ചിരിയും വിരിഞ്ഞിരുന്നു..എന്തെടാ കാര്യമെന്ന് അവനോട് അപ്പൊത്തന്നെ ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല... എങ്ങോട്ടേക്കോ നോക്കിയിരുന്നു.. വീട്ടിൽ എത്തി ബെഡിലേക്ക് മലരുമ്പോഴും അവന്റെ ചുണ്ടിൽ ആ ചിരിയുണ്ട്..ഇത്തവണ കുത്തിനു പിടിച്ചിരുത്തി കാര്യം ചോദിച്ചു..പെണ്ണ് കണ്ട വീട്ടിലെ ജോലിക്കാരിയുടെ മകളെയാ ഇഷ്ടപ്പെട്ടതെന്നവനെന്നോട് പറഞ്ഞു.. ഒറ്റനോട്ടത്തിൽ അവൾ ഈ ഖൽബിൽ പതിച്ചെടാന്ന് അവൻ നെഞ്ച് തൊട്ടു കാണിച്ചു പറഞ്ഞപ്പോൾ ഞാൻ അവനെ കളിയാക്കി ഉറക്കെ ചിരിച്ചു. എന്നാൽ എല്ലാം കേട്ടു കൊണ്ട് വാതിൽക്കൽ നിൽപ് ഉണ്ടായ അവന്റെ ഉപ്പ ദേഷ്യം കൊണ്ട് വിറച്ചു...ഈ വീട്ടിലേക്ക് ഒരുത്തി മരുമകൾ ആയി വരുന്നുണ്ടെങ്കിൽ അത് പണവും പ്രതാപവും കുടുംബ മഹിമയുമൊക്കെ ഉള്ള ഒരുത്തി ആവണമെന്നും അല്ലാതെ കാൽ കാശിനു വക ഇല്ലാതെ മറ്റുള്ളവരുടെ അടുക്കള തൂക്കുന്ന ഒരുത്തി ആവരുത് എന്നും ഉപ്പ ശാട്യം പിടിച്ചു.

പക്ഷെ അവൻ അതൊന്നും ചെവി കൊണ്ടില്ല.. ഇട്ടു മൂടാൻ സ്വത്തുണ്ട്.അങ്ങനെയുള്ള താൻ എന്തിന് എല്ലാം സുഖ സൗഭാഗ്യങ്ങളുമുള്ള ഒരുത്തിയെ ജീവിത സഖിയാക്കണം.. ഒന്നുമില്ലാത്ത ഒരുവൾക്ക് അല്ലേ താൻ ജീവിതം കൊടുക്കേണ്ടതെന്ന ചിന്തയാലെ അവൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.. മുംതാസും അവനൊപ്പമായിരുന്നു.. ആ കുട്ടി തന്നെ മതി ഇക്കാക്ക് എന്നവളും പറഞ്ഞു.. വൈകാതെ തന്നെ അവന്റെ വിവാഹം നടന്നു.പക്ഷെ ഉപ്പയും ഉമ്മയും അവളെ മരുമകളായി അംഗീകരിച്ചില്ല.. വീട്ടു ജോലിക്ക് വന്ന വേലക്കാരിയായി മാത്രം കണ്ടു അവളെ..ആ വില മാത്രം നൽകി അവൾക്ക്..എത്രത്തോളം ക്രൂരത ചെയ്യാൻ കഴിയുമോ അത്രത്തോളം ക്രൂരത ചെയ്തു അവർ നിന്റെ ഉമ്മാനോട്..അങ്ങനെയിരിക്കെ സൈനബ ഗർഭം ധരിച്ചു..അവളിൽ യൂസുഫ്ന് ഒരു കുഞ്ഞു ജനിക്കുന്നത് നിന്റെ ഉപ്പാപ്പയ്ക്കും ഉമ്മാമ്മയ്ക്കും വലിയ അപമാനമായി തോന്നി..അവളുടെ ഗർഭം നശിക്കാൻ വേണ്ടി കഠിനമായ ജോലി തന്നെ ഉമ്മ അവളെ കൊണ്ട് ചെയ്യിപ്പിച്ചു.. മൂന്ന് മാസം പൂർത്തിയാകുന്നതിന് മുന്നേ അവർ ആഗ്രഹിച്ചത് പോലെത്തന്നെ സൈനബയുടെ ഗർഭം അലസിപ്പോയി..സ്വന്തം ഉപ്പയല്ലേ.. ഉമ്മ അല്ലേ.. എങ്ങനെയാ അവർക്ക് മുന്നിൽ ശബ്ദം ഉയർത്തുകയെന്ന് കരുതി

അതുവരെ എല്ലാം ക്ഷമിച്ചും സഹിച്ചും നിന്ന യൂസുഫ് അവളുടെ വയറ്റിൽ വളരുന്ന സ്വന്തം ജീവന്റെ തുടിപ്പ് ഇല്ലാതെയായപ്പോൾ നിയന്ത്രണം വിട്ടു പൊട്ടി തെറിച്ചു പോയി.. ഉപ്പയും അവനും തമ്മിൽ വല്യ ബഹളം തന്നെ നടന്നു.. നിനക്ക് ഇവളെ മതിയെങ്കിൽ ഈ നിമിഷം നീ ഇവളെയും കൊണ്ട് ഇറങ്ങിക്കോന്ന് പറഞ്ഞു ഉപ്പ അവനെ പുറത്താക്കി..മുംതാസിന് അത് സഹിക്കാൻ കഴിഞ്ഞില്ല.. ഉപ്പയെക്കാൾ കൂടുതലായി അവൾ സ്നേഹിച്ചത് യൂസുഫ്നെയാണ്.. തിരിച്ചും അങ്ങനെതന്നെ..ആ വീടിന്റെ പടി ഇറങ്ങുന്നതിന് മുന്നേ അവളെ ചേർത്തു പിടിച്ചു ഒരുപാട് നേരം കരഞ്ഞു അവൻ..പക്ഷെ അവനെ ഞെട്ടിപ്പിച്ചു കൊണ്ട് ഉപ്പാനെയും ഉമ്മാനെയും ഉപേക്ഷിച്ചു അവൾ യൂസുഫ്ൻറെ ഒപ്പം ഇറങ്ങി..ആര് ഇല്ലെങ്കിലും എനിക്ക് ഈ ലോകത്ത് മാനുക്കാക്ക ഉണ്ടായാൽ മതിയെന്നു പറഞ്ഞിട്ട് അവൾ സൈനബക്കൊപ്പം യൂസുഫ്ൻറെ നെഞ്ചോടു ചേർന്നു നിന്നു..അവൻ എതിർത്തില്ല.. രണ്ടുപേരെയും കൊണ്ട് മുന്നോട്ടു നടന്നു..ഒന്നും ആ വീട്ടിന്ന് എടുത്തില്ല..പക്ഷെ തളരുകയും ചെയ്തില്ല..

അധ്വാനിച്ചു വിയർപ്പ് ഒഴുക്കി തന്നെ അവൻ ഓരോന്നും കെട്ടി പൊക്കി...നാളുകൾ അതിവേഗത്തിൽ കടന്നു പോയി.. ഒരു രാത്രിയിൽ ഞാനും ഉണ്ടാകുന്ന നേരത്ത് മുംതാസ് താജുദീൻറെ കാര്യം വീണ്ടും അവതരിപ്പിച്ചു..യൂസുഫ് അത് കേട്ടപ്പോൾ തന്നെ നോക്കിയത് എന്നെയാണ്..പക്ഷെ ഞാൻ മുഖം കൊടുത്തില്ല..വേഗം എഴുന്നേറ്റു മാറിയിരുന്നു കളഞ്ഞു...ഏറെ നേരം രണ്ടുപേരും സംസാരിച്ചു..അവൾ അരികിൽ നിന്നും മാറിയതിന് ശേഷം എന്ത് വേണമെടാന്ന് അവൻ എന്നോട് ചോദിച്ചു..അവന്റെ ശബ്ദത്തിൽ വേദന നിറഞ്ഞിരുന്നു.. അത് ആരെ വിഷമിപ്പിക്കുമെന്ന് ഓർത്തിട്ടാണ്..ഒരിക്കലും എന്നെ സങ്കടപെടുത്താൻ അവന് കഴിയില്ല. അതിനേക്കാൾ ഏറെ അവളെയും.. വേണമെങ്കിൽ വാശി കാണിച്ചോ സ്വാർത്ഥത കാണിച്ചോ അവൻ വാക്ക് തന്നിട്ടുണ്ടെന്ന് എല്ലാവരോടും പറഞ്ഞിട്ടോ അങ്ങനെ എന്ത് ചെയ്തിട്ടും എനിക്ക് അവളെ സ്വന്തമാക്കാമായിരുന്നു.. പക്ഷെ ഞാനത് ചെയ്തില്ല.. ഏതു നേരവും റഹീക്കാ റഹീക്കാന്നും പറഞ്ഞു എന്റെ പുറകിന്ന് മാറാത്ത ആ കൊച്ചു പെണ്ണിനോടാണോ ഞാൻ എന്റെ സ്വാർത്ഥത കാണിക്കേണ്ടിയിരുന്നത്..

സ്വന്തം സഹോദരനെക്കാൾ ഏറെ എന്നെ സ്നേഹിച്ച അവളെയാണോ ഞാൻ വാശി കാണിച്ചു നേടേണ്ടിയിരുന്നത്.. കഴിഞ്ഞില്ല.. എന്റെ മനസാക്ഷി എന്നെ അതിന് അനുവദിച്ചില്ല..അല്ലെങ്കിലും ഞാൻ അല്ലേ തെറ്റ് ചെയ്‍തത്.. ഞാൻ അല്ലേ അവളെ പ്രണയിച്ചത്.. അല്ലാതെ ഒരിക്കലും അവൾ അത് ചെയ്തിട്ടില്ല. അതുകൊണ്ട് ആ പാവത്തിനെ വേദനിപ്പിക്കാൻ എനിക്ക് വയ്യായിരുന്നു..പൂർണ മനസ്സോടെ തന്നെ യൂസുഫ്നോട് പറഞ്ഞു അവളെ താജുദീന് കൊടുത്തോളാൻ..ആദ്യം അവൻ വലിയ ധർമ സങ്കടത്തോടെ നിന്നു.. പിന്നീട് ചിന്തിച്ചപ്പോൾ അതാ ശെരിയെന്നു അവനും തോന്നി.. ഉപ്പനെയും ഉമ്മനെയും ഉപേക്ഷിച്ചു അവനെ മാത്രം മതിയെന്ന് പറഞ്ഞു അവന്റെ ഒപ്പം ഇറങ്ങി പോന്നവളാ.. അതിനെ കരയിക്കാൻ യൂസുഫ്നും വയ്യായിരുന്നു. അവളുടെ ഇഷ്ടത്തിനൊത്ത് തന്നെ നിന്നു..അങ്ങനെ താജുദീൻ അവളെ പെണ്ണ് ചോദിക്കാൻ വീട്ടിലേക്ക് വരുകയും ഉടനെ തന്നെ വിവാഹ നിശ്ചയം നടത്തുകയും ചെയ്തു.. വരുന്ന നല്ലൊരു ദിവസം നോക്കി വിവാഹവും ഫിക്സ് ചെയ്തു..

എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും എന്റെ കണ്ണുനീർ യൂസുഫ് കണ്ടെടുത്തു.ഓരോ തവണ ഞാൻ തനിച്ചിരിക്കുമ്പോഴും അവൻ അടുത്ത് വന്നു ആശ്വസിപ്പിക്കും. അങ്ങനെ ഒരുദിവസം ഞാനും അവനുമായുള്ള സംസാരം മുംതാസ് കേൾക്കുകയുണ്ടായി..ഒരു കരച്ചിൽ കേട്ടിട്ടാണ് ഞാനും യൂസുഫും തിരിഞ്ഞു നോക്കിയത്..പൊട്ടി കരഞ്ഞു കൊണ്ട് അവൾ അന്ന് എന്റെ നേർക്ക് പാഞ്ഞടുത്തു..ഇഷ്ടം ഉള്ളത് ഒരുവട്ടമെങ്കിലും തുറന്നു പറഞ്ഞിരുന്നെങ്കിൽ മനസ്സിൽ മറ്റൊരാൾക്ക്‌ സ്ഥാനം കൊടുക്കില്ലായിരുന്നല്ലോന്ന് അവൾ ഈ നെഞ്ചിലേക്ക് വീണു വിലപിച്ചു..കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല അവളോട്‌.. നീ താജുദീന് ഉള്ളതാണെന്നും മരണം വരെ അവന്റെ ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നും പറഞ്ഞു അവളെ ആശ്വസിപ്പിച്ചു.. അവളുടെ കല്യാണത്തിന് നിൽക്കാൻ തോന്നിയില്ല..ആ കാഴ്ച നേരിൽ കാണാനുള്ള ശക്തി ഇല്ലായിരുന്നു.. ഞാൻ അരികിൽ ഉണ്ടെങ്കിൽ ഞാൻ വേദനിച്ചെന്ന പേരിൽ അവളുടെ കണ്ണുകൾ നിറയുമോന്ന് ഞാൻ ഭയന്നു..

അതുകൊണ്ട് ഒരു പ്രൊജക്റ്റെന്ന പേരും പറഞ്ഞു കൊച്ചിയിലേക്ക് പോകാൻ തയാർ എടുത്തു..യൂസുഫും തടഞ്ഞില്ല.. ഞാൻ ഇല്ലാതിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് അവനും തോന്നി കാണും..പക്ഷെ മുംതാസ് അതിന് സമ്മതിച്ചില്ല.. ഇതുവരെ ഞാൻ കണ്ടത് പോലെ എന്റെ സ്വന്തം ഇക്കാക്കയായി മാനുക്കാക്കന്റെ അടുത്ത് നിങ്ങളും കല്യാണത്തിനു എന്റെ അരികിൽ വേണമെന്ന് പറഞ്ഞു അവൾ വാശി പിടിച്ചു..അവളുടെ കണ്ണുകൾ നിറയാതെ ഇരിക്കാൻ വേണ്ടി നെഞ്ച് പൊട്ടുന്ന വേദനയിലും അത് സമ്മതിച്ചു കൊടുക്കേണ്ടി വന്നു.. യാഥാർഥത്തിൽ അവൾ മറ്റൊരുത്തന് സ്വന്തമാകുന്നതു ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കാണണമെന്ന് അവൾ ആഗ്രഹിച്ചത് ഞാൻ അവളെ മനസ്സിൽ നിന്നും പാടെ പിഴുതെറിയണമെന്ന ഉദ്ദേശത്തിലായിരുന്നു..അത് അവൾ ഒരുപാട് വട്ടം എന്നോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്... ഞാൻ അവളെ ഓർത്ത് ജീവിതം കളയരുത് എന്നും മറ്റൊരു പെണ്ണിനെ ജീവിത സഖിയാക്കണമെന്നും അവളൊരു നൂറു ആവർത്തി എന്നോട് പറഞ്ഞിട്ട് ഉള്ളതാ.. പക്ഷെ എന്ത് കൊണ്ടോ അവളെ മറക്കാൻ സാധിച്ചു എങ്കിലും മറ്റൊരാളെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ സാധിച്ചില്ല..അവൾക്ക് ഒന്നും മനസ്സിൽ വെക്കാൻ അറിഞ്ഞൂടാ..

എന്തുണ്ടേലും വെട്ടി തുറന്നങ്ങു ആരോടായാലും പറയും.. കല്യാണം കഴിയുന്നതിനു മുന്നേ തന്നെ അവൾ എന്റെ കാര്യം താജുദീനോട് പറഞ്ഞിരുന്നു.. അതായിരിക്കാം കല്യാണം കഴിഞ്ഞതിന് ശേഷം തമ്മിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ താജുദീൻ വല്ലാതെ upset ആയിരുന്നത്.. അവളും അങ്ങനെ തന്നെ.. സ്വയം വാശി പിടിച്ചു എടുത്ത തീരുമാനമാണ്. അത് പരാജയമായിപ്പോയോ എന്നൊരു തോന്നൽ അവളെയും പിടി കൂടി.. അവർക്ക് ഇടയിലുള്ള ഉണ്ടാകുന്ന സ്വര ചേർച്ചകളൊക്കെ യൂസുഫ് പറഞ്ഞു ഞാൻ അറിഞ്ഞു.. ഒരിക്കലും ആ സ്വര ചേർച്ച തന്റെ പേരിൽ ആയിരിക്കരുത്.. ഒരിക്കലും അവർക്ക് ഇടയിൽ ഞാനൊരു സംസാര വിഷയം ആകരുത് എന്ന ഉദ്ദേശത്തോടെ ഞാൻ കഴിവതും രണ്ടുപേരിൽ നിന്നും അകന്ന് നിന്നു.. കണ്ടു മുട്ടാൻ ഉണ്ടാകുന്ന സന്ദർഭങ്ങളും സാഹചര്യങ്ങളുമൊക്കെ നേരത്തേ തന്നെ മനസ്സിലാക്കി ഞാൻ ഒഴിഞ്ഞു മാറി. യൂസുഫും എന്നോട് ആവശ്യപ്പെട്ടത് അതായിരുന്നു.. ഒരിക്കലും അവർക്ക് ഇടയിലേക്ക് ഞാൻ കടന്നു ചെല്ലരുതെന്ന്..എന്റെ പേര് കൊണ്ട് മുംതാസിന്റെ ജീവിതം തകരരുതെന്ന്..വാക്ക് കൊടുത്തു..ആ വാക്കിന് വില കല്പിക്കുകയും ചെയ്തു.. " വക്കീൽ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story