ഏഴാം ബഹർ: ഭാഗം 86

ezhambahar

രചന: SHAMSEENA FIROZ

"നീ...നീ ഇവനെ കൊണ്ട് വരാൻ പോയതാണോ..? " വണ്ടിയിൽ അവന്റൊപ്പം സനുവിനെ കൂടെ കണ്ടതും അവൾ സന്തോഷത്തോടെ ഓടി വന്നു.. "ഇപ്പൊ നിനക്ക് മാത്രം അല്ലല്ലോ ഇവനെ കാണണമെന്നും ഇവൻ അരികിൽ വേണമെന്നുമൊക്കെ ആഗ്രഹം..എന്റെ മമ്മയ്ക്ക് കൂടി ഇല്ലേ..? അപ്പോൾ സാധിച്ചു കൊടുക്കാതെ ഇരിക്കാൻ പറ്റുമോ..?" താജ് വണ്ടിയിൽ നിന്നും ഇറങ്ങി ഡോർ അടച്ചു കൊണ്ട് അവളെ നോക്കി സൈറ്റ് അടിച്ചു.. "ഓ..അപ്പൊ ഉമ്മാക്ക് ആഗ്രഹം ഉള്ളതു കൊണ്ടാണല്ലേ..? എന്റെ മാത്രം ആഗ്രഹം ആയിരുന്നു എങ്കിൽ സാധിച്ചു തരില്ലായിരുന്നു.. അല്ലേ..? " അവൾ മുഖം വീർപ്പിച്ചു ചോദിച്ചു... "എന്നിട്ട് എപ്പോഴാടീ ഞാൻ നിന്റെ ആഗ്രഹം സാധിച്ചു തരാതെ ഉള്ളത്..? ഇവനെ കാണണമെന്ന് നീ പറഞ്ഞപ്പോഴോക്കെ ഞാൻ ഇവനെ കൊണ്ട് വന്നിട്ടില്ലേ..? നട്ട പാതിരായ്ക്ക് വരെ ഞാൻ നിന്നെ വീട്ടിൽ കൊണ്ട് പോയിട്ടില്ലേ.. നീ പറയാതെ തന്നെ ഞാൻ ഇവനെ നിന്റെ അരികിൽ കൊണ്ട് വരാറില്ലേ..ഇല്ലേടീ..? " "അല്ല..നിങ്ങളെ രണ്ടിന്റെയും വഴക്ക് കാണാൻ വേണ്ടിയാണോ ഈ രാവിലെതന്നെ എന്റെ സ്കൂളും കളഞ്ഞു എന്നെ ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വന്നത്..

" സനു വണ്ടിയിൽ നിന്നും ഇറങ്ങി രണ്ടിന്റെയും നടുക്ക് കയറി നിന്നു രണ്ടിനെയും കൂർപ്പിച്ചു നോക്കി.. "അപ്പൊ നീ ഇവനോട് ഒന്നും പറഞ്ഞില്ലേ..? " അവൾ താജ്നോട് ചോദിച്ചു.. "ഇല്ല.. നീ തന്നെ പറഞ്ഞോ..നിനക്ക് അല്ലേ എന്നേക്കാൾ നന്നായി ഓൾഡ് സ്റ്റോറിസ് ഒക്കെ അറിയുന്നത്.. പിന്നെ നീ ഇവനോട് നിന്റെ ഉപ്പാക്ക് ഒരു അനിയത്തി ഒക്കെ ഉള്ള കാര്യം പറഞ്ഞിട്ടുണ്ടോന്നൊന്നും എനിക്കറിയില്ലല്ലോ..? ഞാനിപ്പോ എന്തേലും പറഞ്ഞിരുന്നെങ്കിൽ ഒരു നൂറു ചോദ്യം ചോദിച്ചു ഇവനെന്നെ തെണ്ടിപ്പിച്ചു വഴിയാധാരം ആക്കിയേനേ... " താജ് പറഞ്ഞത് കേട്ടു അവൾ സനൂനെ നോക്കി ചിരിക്കാൻ തുടങ്ങി.. "എന്താ ലൈലു..എന്തിനാ ചിരിക്കണേ..എന്തൊക്കെയാ ഈ താജ് പറയണേ..ബസ് കയറാൻ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് എത്തിയിരുന്നു..കണ്ടോ യൂണിഫോമും ബാഗുമൊക്കെ.. അതിന്റെ ഇടയിലാ വാ വീട്ടിലേക്ക് പോകാമെന്നും പറഞ്ഞു കൂട്ടി കൊണ്ട് വന്നത്..നിന്നു കിണിക്കാതെ നീ കാര്യം പറയുന്നുണ്ടോ ലൈലൂ.." "അയ്യോ മാഷേ..ചൂടാവല്ലേ..നീ വാ.. കാര്യമൊക്കെ ഞാൻ വിശദമായി തന്നെ പറഞ്ഞു തരാട്ടൊ.. " അവൾ സനുവിനെയും കൂട്ടി നടന്നു... "അവൻ മാത്രം മതിയോ.. അപ്പൊ ഞാൻ വരണ്ടേടീ.. " പിന്നിൽ നിന്നും താജ് ചോദിച്ചു..

"നിന്റെ വീട്ടിലേക്ക് നിന്നെ ഞാൻ ക്ഷണിക്കണോ..നിന്നു കൊഞ്ചാതെ വരാൻ നോക്കെടാ.. " അവൾ തിരിഞ്ഞു നിന്നു അവനെയും വിളിച്ചു.. "അല്ല ലൈലൂ...ആ രാക്ഷസി തള്ള ഉണ്ടോ..? അതോ താജ് അവരെ പിടിച്ചു പുറത്താക്കിയോ...? " കാലിലെ ഷൂ മാറ്റി സീറ്റ്‌ ഔട്ടിലേക്ക് കയറുമ്പോൾ സനു ചോദിച്ചു.. "എന്താ..എന്താ നീ പറഞ്ഞത്.. രാക്ഷസി തള്ളയോ..? ദേ ഒരു കാര്യം പറഞ്ഞേക്കാം ഞാൻ നിന്നോട്.. അകത്തേക്ക് കയറി വരുന്നത് ഒക്കെ കൊള്ളാം.. മിനിയാന്നത്തെ പോലെ കൊച്ചു വായിൽ വല്യ വർത്താനം പറയുകയോ കുരുത്തക്കേട് വല്ലതും കാണിക്കുകയോ മറ്റും ചെയ്താൽ അനിയനല്ലേ ചെറുത്‌ അല്ലേന്നൊന്നും നോക്കില്ല ഞാൻ.. അടുക്കളയിൽ നല്ല എരിവുള്ള കാന്താരി മുളക് ഇരിപ്പുണ്ട്.. അതെടുത്തു നിന്റെ കണ്ണിലും നാവിലുമെല്ലാം തേച്ചു തരും ഞാൻ.. " "ഓ.. ഞാനൊന്നും പറയുന്നില്ലായേ.. നിന്റെ അമ്മായിമ്മ ഒരു മൂശേട്ട ആയതിലോ അവർ നിന്നെ ഉപദ്രവിക്കുന്നതിലോ ഒന്നും നിനക്ക് ഒരു പ്രശ്നവുമില്ല.. പിന്നെ എനിക്ക് എന്തിനാ..? അല്ലേലും പണ്ടേ നീ ഇങ്ങനെ തന്നെയാണല്ലോ.. എത്ര അനുഭവിച്ചാലും പഠിക്കില്ല.. " സനു ഇഷ്ട കേടോടെ മുഖം ചുളിച്ചിട്ട് അകത്തേക്ക് കടന്നു..പിന്നാലെ ഒരു ചിരിയോടെ അവളും..

"മോനേ..സനൂട്ടാ... " മുംതാസ് കിച്ചണിൽ നിന്നും ഹാളിലേക്ക് വരുകയായിരുന്നു.. സനുവിനെ കണ്ടു വേഗം സ്നേഹം നിറഞ്ഞ വിളിയോടെ അവന്റെ അരികിലേക്കടുത്തു.. ങ്ങേ..മോനേ സനൂട്ടാന്നോ..? ഈ തള്ളയ്ക്ക് ഇത്ര വേഗം വെളിവ് വന്നോ..അതോ ഇനി പിരി പോയതാണോ..? സനു ഒരുനിമിഷം ആലോചിച്ചു നിന്നു.. "മോന് എന്നോട് ദേഷ്യമാണോ..? " മുംതാസ് അവന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.. അവൻ അപ്പൊത്തന്നെ ആ കൈ തട്ടി മാറ്റി കളഞ്ഞിട്ടു പിന്നിലേക്ക് മാറി നിന്നു... "എന്താടാ മാറി നിന്നു കളഞ്ഞത്.. നിന്നെ തലോടാനും സ്നേഹിക്കാനുമൊക്കെ അവകാശമുള്ള ആള് തന്നെയാ ഇത്.." ലൈല സനുവിനോട് പറഞ്ഞു.. "അവകാശമോ..ഏതു വകയിൽ..? എന്റെ സഹോദരിയായ നിന്റെ ഭർത്താവിന്റെ ഉമ്മ എന്ന നിലയിലോ..? എന്നാൽ നിന്നെ തലോടിക്കോട്ടേ.. എന്നെ തൊടാനും തലോടാനുമൊന്നും വരണ്ട.. നിനക്ക് ഇനിയും മനസ്സിലായിട്ടില്ല ഇവരെ.. അഭിനയമാ ഇത്.. നല്ല ഒന്നാന്തരം സീരിയൽ അഭിനേത്രിയുടെ അഭിനയം...നിന്നെ പുറത്താക്കാനുള്ള പുതിയ അടവാ ഈ സ്നേഹം..അതിൽ നീയങ്ങു വീണ് പോയി..പക്ഷെ ഇതൊക്കെ കണ്ണടച്ച് വിശ്വസിക്കാൻ എന്നെ കിട്ടില്ല ലൈലൂ..നീ വേറെ ആളെ നോക്ക്.. "

"ദേ...ഒരൊറ്റ ഒന്നു വെച്ചു തന്നാൽ ഉണ്ടല്ലോ..അകത്തേക്ക് കയറുമ്പോൾ നിന്നോട് എന്താടാ ഞാൻ പറഞ്ഞത്.. മറന്നോ നീ..നാവ് അടക്കി വെച്ചില്ലങ്കിൽ എന്റെ കയ്യിന്ന് വാങ്ങിക്കും നീ.. " അവൾ അവനു നേരെ കയ്യോങ്ങി കാണിച്ചു.. "മോളെ വേണ്ടാ...ഇവനെ വഴക്ക് പറയണ്ട..തെറ്റ് എന്റെ ഭാഗത്താ.. ഇവൻ ഇങ്ങനൊക്കെ പറയാനുള്ള കാരണം ഞാനല്ലേ..വീട്ടിൽ വന്ന ഇവനോടും എബിയോടുമൊക്കെ ഒട്ടും മാന്യത കാണിക്കാതെയാ ഞാൻ പെരുമാറിയത്...ഇറങ്ങി പോ എന്ന് പറഞ്ഞു ആക്ഷേപിക്കുകയാ ഞാൻ ചെയ്തത്..അതൊന്നും ഇവന്റെ മനസ്സിന്ന് പോയിട്ട് ഉണ്ടാകില്ല..അത് കൊണ്ടാ ഇവൻ ഇപ്പൊ ഇങ്ങനൊക്കെ പറയുന്നത്.. " "അതല്ല ഉമ്മ..മുന്നിൽ നിൽക്കുന്നത് മുതിർന്നവരാണെന്ന ബോധം വേണ്ടേ..അതില്ലാ ഇവന്..വന്നു വന്നു ആരോടും എന്തുമാകാമെന്നാ.. വായ തുറന്നാൽ തറു തല അല്ലാണ്ട് പറയില്ല..എല്ലാം അമൻ പഠിപ്പിച്ചു കൊടുത്തതാ..ഇവനല്ല..അവനിട്ടാ ആദ്യം രണ്ടെണ്ണം കൊടുക്കേണ്ടത്.." "അതേ..താജ് തന്നെയാ പഠിപ്പിച്ചു തന്നത്..അഥവാ ഇനി താജ് പഠിപ്പിച്ചു തന്നില്ലേലും ഞാൻ താജ്നെ കണ്ടു തന്നെ പഠിച്ചേനെ.. താജ്ന്റെ ബാക്കിയായി തന്നെ വളർന്നേനെ.. കാരണം താജാ ശെരി..താജ് എല്ലായ്‌പോഴും ന്യായത്തിന്റെ ഭാഗത്താ..അല്ലാതെ നിന്നെപ്പോലെ സ്നേഹം കിട്ടുന്ന ഭാഗത്തല്ല..

ആരേലും ഒരല്പം സ്നേഹം കാണിച്ചാൽ മതി.. അപ്പം ഫ്ലാറ്റ് ആകും നീ..ഞാൻ പറഞ്ഞല്ലോ.. എന്നെ അതിന് കിട്ടില്ല..നിങ്ങൾ ഉമ്മന്റേയും മോളുടെയും സ്നേഹ പ്രകടനം കാണിക്കാനാണ് താജ് ഈ ദൃതി പിടിച്ചു എന്നെ കൂട്ടി കൊണ്ട് വന്നതെന്ന് ഞാൻ അറിഞ്ഞില്ല.. കണ്ടു..തൃപ്തിയായി.. ഞാൻ പോകുവാ..താജ്നോട് എന്നെ കൊണ്ട് വിടാൻ പറയുവാ ഞാൻ.. " സനു അവളെ നോക്കി ദേഷ്യത്തോടെ മുഖം തിരിച്ചു കളഞ്ഞിട്ടു പോകാൻ ഒരുങ്ങി.. "അയ്യോടാ..അപ്പോഴേക്കും ദേഷ്യമായോ എന്റെ സനൂട്ടന്.. പിണങ്ങല്ലേ മുത്തേ..നിനക്ക് അറിയാല്ലോ.. നീ ആരോടും വഴക്ക് ഇടുന്നതോ വികൃതി കാണിക്കുന്നതോ ഒന്നും ഈ ലൈലൂന് ഇഷ്ടമല്ലന്ന്..നീ നല്ല കുട്ടി ആവണമെന്നല്ലേ എന്റെ ആഗ്രഹം..അതിനല്ലേ ടാ ഇടയ്ക്ക് ഒക്കെ ഇങ്ങനെ ശകാരിക്കുന്നെ..? " അവൾ പിന്നിലൂടെ ചെന്നു അവനെ ചുറ്റി പിടിച്ചു തൂക്കി എടുത്തു കൊണ്ട് വന്നു സെറ്റിയിലേക്ക് ഇരുത്തി.. "അതൊന്നുമല്ല.. ലൈലു ഇപ്പോൾ കല്യാണം കഴിഞ്ഞു.. ലൈലൂന് ഇപ്പൊ ഈ വീടുണ്ട്..ഇവിടെ ഒരു ഫാമിലിയുണ്ട്..ലൈലൂന് ഇപ്പൊ ഇവരെയൊക്കെ മതി..എന്നെ വേണ്ടാ..എന്നോട് ഒട്ടും സ്നേഹമില്ല ഇപ്പൊ..അതുകൊണ്ടാ എപ്പോഴും ഇങ്ങനെ വഴക്ക് പറയണേ.. "

അവന്റെ മുഖത്തെ ദേഷ്യം മാഞ്ഞു പോയി സങ്കടം നിറഞ്ഞിരുന്നു.. ആ കണ്ണുകളിൽ നനവ് പടരുന്നത് അവൾ കണ്ടു.. ഉടനെ അവന്റെ കൊച്ചു മുഖം കയ്യിൽ എടുത്തു തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു.. "എനിക്ക് നിന്നോട് സ്നേഹം ഇല്ലെന്ന് ആരാ പറഞ്ഞത്.. അങ്ങനെ എന്റെ ജീവിതത്തിൽ ആരെങ്കിലുമൊക്കെ വരുമ്പോൾ പോകുന്നതാണോ നിനക്കുള്ള സ്ഥാനം..അവിടെ തീരുന്നതാണോ എനിക്ക് നിന്നോടുള്ള സ്നേഹം..അന്നും ഇന്നും എനിക്ക് വലുത് നീ തന്നെയാ..നീ കഴിഞ്ഞിട്ടേ എനിക്ക് വേറാരും ഉള്ളു..എന്നുകരുതി നിന്റെ വികൃതികൾക്ക് ഒക്കെ കൂട്ട് നിൽക്കാൻ പറ്റുമോ..അങ്ങനെ ചെയ്താൽ നീ ചീത്ത കുട്ടിയായി പോകില്ലേ..പിണങ്ങി പോകാനോ ഇങ്ങനെ കണ്ണ് നിറയ്ക്കാനോ ഒന്നും അല്ല നിന്റെ അമൻ കൂട്ടിക്കൊണ്ട് വന്നത്..ഒരു സർപ്രൈസ് തരാനാ.." "എന്ത് സർപ്രൈസ്...? " അവൻ വേഗം കണ്ണ് തുടച്ചിട്ട് മുഖം ഉയർത്തി അവളെ നോക്കി.. "ഞാൻ പറഞ്ഞില്ലേ ഇത് നിന്നെ സ്നേഹിക്കാൻ അവകാശമുള്ള ആളാണണെന്ന്.. നിനക്ക് അറിയാമോ ഇതാരാണെന്ന്.. തസി ഉമ്മായാ..നമ്മുടെ ഉപ്പാന്റെ ഒരേയൊരു കൂടപ്പിറപ്പ്.. ഞാൻ ഇടയ്ക്ക് ഒക്കെ നിന്നോട് പറയാറുണ്ടായിരുന്നില്ലേ ഒരു തസി ഉമ്മാനെ കുറിച്ച്..ആ തസി ഉമ്മ തന്നെയാ ഇത്... "

"തസി ഉമ്മായോ..? ഇവരോ..? ഒന്നു പോ ലൈലു അവിടെന്ന്... ഇവരു വല്ല രാക്ഷസിയും ആണെന്ന് പറാ.. അത് ഞാൻ വിശ്വസിക്കാം.. അല്ലാണ്ട് തസി ഉമ്മ ആണെന്നൊന്നും പറയല്ലേ... ചുമ്മാ നമ്മുടെ ഒറിജിനൽ തസി ഉമ്മാന്റെ പേര് കളയാൻ വേണ്ടിട്ട്.. നീ എന്താ പറഞ്ഞിട്ട് ഉള്ളത്.. നിന്റെ ഉമ്മാനേക്കാൾ നിനക്ക് ഇഷ്ടവും സ്നേഹവും തസി ഉമ്മാനോട് ആയിരുന്നെന്നല്ലേ.. അത്രയ്ക്കും നല്ല സ്വഭാവമായിരുന്നു തസി ഉമ്മാക്ക് എന്നല്ലേ..എന്നിട്ട് എവിടെ ആ സ്വഭാവം..? ഇതാണോ ആ നല്ല സ്വഭാവം..ഇവരാണോ ആ തസി ഉമ്മ..ഇവരങ്ങനെ പറഞ്ഞപ്പോഴേക്കും നീയത് വിശ്വസിച്ചോ..എന്റെ ലൈലൂ.. നിനക്ക് എന്താ ഇത്രക്കും ബുദ്ധി ഇല്ലാണ്ടായിപോയത്.." "ഇനി പറയാൻ ഒന്നും നിക്കില്ല ഞാൻ.. വായ തുറന്നാൽ അടിച്ചു നിന്റെ കണ്ണ് പൊട്ടിച്ചു കളയും.. എന്താ നിനക്ക് പറഞ്ഞാൽ മനസ്സിലാകാത്തത്..ഞാൻ എന്തിനാ നിന്നോട് നുണ പറയുന്നത്.. എന്നെ വിശ്വാസം ആണെങ്കിൽ നിനക്കിത് വിശ്വസിക്കാം..അല്ലെങ്കിൽ എഴുന്നേറ്റു പോടാ ഇവിടെന്ന്.. പോകുന്നെന്നും പറഞ്ഞു ഇറങ്ങി പോകാൻ തുടങ്ങിയതല്ലേ.. ഞാൻ തടഞ്ഞെന്ന് വേണ്ടാ.. കൊണ്ട് വന്നത് പോലെത്തന്നെ അമൻ കൊണ്ട് വിട്ടോളും നിന്നെ.. പോടാ.. " അവൾക്ക് ദേഷ്യം ഉച്ചിയിൽ കയറിയിരുന്നു..എത്രയെന്നു വെച്ചാ പറയുക..

അവനോട് ഒച്ച ഇട്ടിട്ടു കൈ തലയ്ക്ക് താങ്ങു കൊടുത്ത് ഇരുന്നു.. സനു ഒന്നും മിണ്ടിയില്ല.. മുംതാസ്നെ നോക്കി..അവർ നിറഞ്ഞു തുളുമ്പുന്ന മിഴികളോടെ വളരെ ദയനീയമായി തന്നെ നോക്കുന്നത് കണ്ടു..ആ നോട്ടം അവന് അവഗണിക്കാൻ കഴിഞ്ഞില്ല..നെഞ്ചിൽ തന്നെ കൊണ്ടു..പതിയെ കൈ കാണിച്ചു മുംതാസ്നെ അരികിലേക്ക് വിളിച്ചു..മുംതാസ് വേഗം വന്നു അവന്റെ മുന്നിൽ നിന്നു..അവൻ അപ്പോ സെറ്റിയിൽ തൊട്ടു ഇരിക്കെന്ന് കാണിച്ചു.. മുംതാസ് അതും ചെയ്തു..ഉടനെ അവന്റെ അരികിൽ ഇരുന്നു.. "ലൈലു പറഞ്ഞത് സത്യമാണോ..? " സനു മുംതാസ്നോട് ചോദിച്ചു.. "ആാാ... " മുംതാസ് വേഗം തലയാട്ടി.. "പിന്നെന്തിനാ... പിന്നെന്തിനാ അവളെ ഇത്രേമൊക്കെ വേദനിപ്പിച്ചത്..ഞങ്ങടെ തസി ഉമ്മ ആയിട്ടും എന്തേ അവളെ നേരത്തേ അംഗീകരിച്ചില്ല..എന്തേ അവളെ സ്നേഹിച്ചില്ല.." സനുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു..ശബ്ദം ഇടറി.. "എനിക്ക്...എനിക്ക് അറിയില്ലായിരുന്നു മോനേ.. ഒന്നും അറിയില്ലായിരുന്നു.. അറിഞ്ഞിരുന്നെങ്കിൽ എപ്പോഴേ ഞാൻ നിന്നെയും ഇവളെയും ഇരു കയ്യും നീട്ടി സ്വീകരിച്ചേനേ.. എന്റെ മാനുക്കാക്കാൻറെ മക്കളാ നിങ്ങൾ രണ്ടുപേരും.. വെറുത്തിട്ടില്ല ഞാൻ.. സ്നേഹം മാത്രമേയുള്ളൂ..

അറിഞ്ഞു കൊണ്ട് വെറുക്കാനോ അകറ്റാനോ ഈ ജന്മത്തിൽ എനിക്ക് സാധിക്കില്ല..തെറ്റ് പറ്റിപ്പോയി എനിക്ക്... " മുംതാസ്ൻറെ കണ്ണുകൾ വീണ്ടും അനുസരണ കേടു കാണിച്ചു.. സനുവിനും വല്ലാതെ സങ്കടം വന്നിരുന്നു..കരയല്ലേന്നും പറഞ്ഞു വേഗം കൈ നീട്ടി മുംതാസ്ൻറെ കണ്ണുകൾ തുടച്ചു കൊടുത്തു.. മുംതാസ് അപ്പൊത്തന്നെ അവനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു അവന്റെ നെറ്റിയിലും കവിളിലുമെല്ലാം മാറി മാറി മുത്തം കൊടുത്തു കൊണ്ടിരുന്നു.. അവരുടെ ഉള്ളിൽ തങ്ങളോട് എന്തുമാത്രം സ്നേഹം ഉണ്ടെന്ന് മനസ്സിലാക്കാൻ സനുവിന് അതുമാത്രം മതിയായിരുന്നു.. മുംതാസ്നോടുള്ള അവന്റെ എല്ലാ ദേഷ്യവും മാഞ്ഞു പോയി.. ഒപ്പം മനസ്സ് സന്തോഷത്താൽ തുടി കൊട്ടാൻ തുടങ്ങി..അവൻ രണ്ടു കൈ കൊണ്ടും മുംതാസ്നെ ചുറ്റി പിടിച്ചിരുന്നു..മുംതാസ് അവനെ ഒന്നൂടെ തന്നിലേക്ക് ചേർത്തിരുത്തി.. "വിശ്വാസം ആകാത്തവൻ എന്തിനാ ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കണേ.. " എല്ലാം കണ്ടു ലൈലയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി പുറത്ത് ചാടിയിരുന്നു..

അവൾ വേഗം അത് തുടച്ചു കളഞ്ഞിട്ടു സനുവിന്റെ കൈക്കിട്ടൊരു പിച്ചു കൊടുത്തവനെ കളിയാക്കി.. "ഔ..പിശാശ്ശെ...നിനക്ക് വഴക്ക് പറയാനും തല്ലാനും നുള്ളാനുമൊക്കെ അറിയുള്ളു.. ഞാൻ വന്നിട്ട് ഇത്രേം നേരാമായില്ലേ..? എനിക്ക് കുടിക്കാനോ കഴിക്കാനോ വല്ലതും തന്നോ നീ..പോട്ടേ.. കഴിച്ചിട്ടാണോ വന്നതെന്നെങ്കിലും ചോദിച്ചോ..വിശന്നിട്ടു മേലാ ഇവിടെ...നിന്നെ പോലെ ഒരുത്തിയെ ആണല്ലോ എനിക്ക് ഇത്താത്തയായി കിട്ടിയത്.. " സനു മുംതാസ്ൽ നിന്നും അടർന്നു മാറിയിട്ട് അവളെ കൂർപ്പിച്ചു നോക്കി.. "അപ്പൊ നിങ്ങള് കഴിച്ചില്ലേ..? സാധാരണ അവൻ പുറത്തുന്ന് കഴിച്ചിട്ട് വരുമെന്ന് പറഞ്ഞിട്ട് പോയാലും കഴിക്കുന്നത് കുറവാ.. എന്നും ഇവിടെ എത്തിയിട്ട് തന്നെ കഴിക്കും..പക്ഷെ ഇന്ന് നീ ഉള്ളത് കൊണ്ട് ഞാൻ വിചാരിച്ചു രണ്ടാളും റെസ്റ്റോറന്റ്ൽ കയറിയിട്ട് ഉണ്ടാകുമെന്ന്..." "റെസ്റ്റോറന്റ്ൽ കയറുകയൊക്കെ ചെയ്തു..പക്ഷെ ഒന്നും കഴിച്ചില്ല.. എത്ര കാത്തിരിക്കണ്ടന്ന് പറഞ്ഞാലും നീ കഴിക്കാതെ കാത്തിരിക്കുമെന്നും പറഞ്ഞിട്ട് താജ് ഒന്നും വേടിച്ചില്ല..എന്നാ പിന്നെ ഞാനും വീട്ടിൽ ചെന്നു ലൈലൂൻറെ ഒപ്പം ഇരുന്നോളാമെന്ന് പറഞ്ഞിട്ട് ഞാനും കഴിക്കാൻ വാങ്ങിച്ചില്ല.. ഒരു കോഫി മാത്രം വാങ്ങിച്ചു.. താജ് അതും വേണ്ടാന്ന് പറഞ്ഞു.."

"എന്നാ നീയിത് നേരത്തേ പറയണ്ടെ ടാ..എനിക്കും വിശന്നിട്ടു മേലാ..നീ കൈ കഴുകി ഇരിക്ക്..ഞാൻ അമനെ വിളിച്ചിട്ട് വരാം.." അവൾ സനുവിനോട് പറഞ്ഞിട്ട് സീറ്റ് ഔട്ടിലേക്ക് പോയി.. "നീയെന്താ ഇവിടെത്തന്നെ കുറ്റി അടിച്ചു നിൽക്കുന്നത്..ഏതു നേരം നോക്കിയാലും ഈ കുന്ത്രാണ്ടത്തിൽ ആണല്ലോ നീ.. എന്താ അതിൽ ഇത്രയ്ക്കു നോക്കാൻ..എന്നാലൊന്നു അകത്തേക്ക് വന്നിട്ട് ആയിക്കൂടെ..? അതിനുള്ള സമയം പോലും ഇല്ലേ നിനക്ക്...? " പുറത്ത് വണ്ടിയിൽ ചാരി നിന്നു ഫോണിൽ നോക്കുന്ന അവന്റെ അടുത്തേക്ക് അവൾ ദേഷ്യത്തോടെ വന്നു.. "ഒരു കാൾ ഉണ്ടായിരുന്നെടീ.. അതാ ഇവിടെത്തന്നെ ആയിപോയത്.. " "എന്നാ കാൾ കഴിയുമ്പോൾ എങ്കിലും അകത്തേക്ക് വന്നൂടെ.. ഞാൻ വിചാരിച്ചു വന്ന വഴി തന്നെ അങ്ങ് പോയെന്ന്.. " "എന്താ മോളെ..രാവിലെതന്നെ ഹൈ പ്രെഷറിൽ ആണല്ലോ..? എന്തുപറ്റി മുത്തേ ഇങ്ങനെ ചൂടാവാൻ..? " "നിന്റെ ഭാര്യയല്ലേ..അപ്പൊ ഇത്രയൊക്കെ ചൂട് വേണം.. എന്നാലേ നിന്നെ നിലക്ക് നിർത്താൻ പറ്റുള്ളൂ.." "ഓ...അപ്പൊ അതാണ് ഈ എയർ പിടിക്കലിനു പിന്നിലെ കാര്യം.. അല്ലടി..നിന്റെയാ കുട്ടി തേവാങ്ക് എവിടെ..എന്തായി മാറ്റർ.. മമ്മയോട് ഇന്നെങ്ങാനും അടുക്കുന്ന ലക്ഷണം ഉണ്ടോ..? "

"ഹൂ...അവന്റെ കാര്യമൊന്നും പറയണ്ട..എന്തൊരു നാക്കാ പിശാശ്ന്..അവനോട് ഒച്ച ഇട്ടിട്ട് എന്റെ തൊണ്ട പൊട്ടി..എത്ര വട്ടമാണെന്നോ പറഞ്ഞത്.. വിശ്വസിക്കണ്ടേ ചെക്കൻ..ഞാൻ വഴക്ക് പറയുമ്പോൾ ഇപ്പൊ എനിക്ക് അവനോട് സ്നേഹമില്ലന്നും പറഞ്ഞു കരയാനും തുടങ്ങി.. ഇപ്പൊ ഒരുവിധം ഓക്കേ ആക്കിയിട്ടാ വന്നത്..വിശ്വസിച്ചു ഭാഗ്യത്തിന്... " "നീ എന്ന പ്രോഡക്റ്റ്ൻറെ ബാക്കി അല്ലേ..അപ്പൊ ആ ഗുണം കാണിക്കാതെ നിക്കുമോ..? " "പോടാ..ജന്മം കൊണ്ട് എന്റെ ബാക്കിയാണെന്ന് പറയാമെന്നേ ഒള്ളൂ..കർമം കൊണ്ട് അവൻ നിന്റെ ബാക്കിയാ..നിന്റെ അതേ സ്വഭാവം..അതെങ്ങനെയാ..നിന്നെ കണ്ടല്ലേ പഠിക്കുന്നത്...ആ അതൊക്കെ പോട്ടേ..ഇനി ഇതും പറഞ്ഞിട്ട് നിന്നോടും കൂടെ വഴക്ക് ഇടാൻ വയ്യാ..ഒന്നിനോടു ഒച്ച ഇട്ടതിന്റെ ക്ഷീണം തന്നെ മാറിയിട്ടില്ല ഇവിടെ...നീ കഴിച്ചിട്ടാണോ വന്നത്..? അത് ചോദിക്കാനാ നിന്നേം തപ്പി ഇറങ്ങിയത്.. " "ഇല്ല..കഴിച്ചില്ല.. " "അതെന്താ..? " അവൻ എന്ത് പറയുമെന്ന് അറിയാൻ വേണ്ടി അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. "ഞങ്ങളു കയറിയ റെസ്റ്റോറന്റ്റിലെ ഫുഡ്‌ ഒന്നും കൊള്ളില്ലായിരുന്നു.. എനിക്ക് ഒന്നും വായിക്കു പിടിച്ചില്ല.." "ഓഹോ...അങ്ങനെ..അല്ലാതെ വേറൊന്നുമില്ല... "

അവൾ വീണ്ടും അവനെ തന്നെ നോക്കി.. "വേറെന്താ...വേറൊന്നുമില്ല..നീ കഴിച്ചില്ലേ..? " "ഇല്ല..ഇവിടെയും അങ്ങനെ തന്നെ.. ഉണ്ടാക്കിയ ഫുഡ്‌ ഒന്നും കൊള്ളില്ല.. എനിക്ക് ഒന്നും വായിക്കു പിടിച്ചില്ല.." "ഓ...അപ്പൊ ഇവിടെയും അങ്ങനെ തന്നെയാണോ..? അല്ലാതെ വേറെ കാരണമൊന്നും ഇല്ലല്ലോ അല്ലേ കഴിക്കാതെ ഇരിക്കാൻ..? " "വേറെന്താ... വേറൊന്നുമില്ല.. " അവളുടെ ആ പറച്ചിലും ദേഷ്യം പിടിച്ച മുഖ ഭാവവും കൈ രണ്ടും മാറിൽ കെട്ടിയുള്ള നിൽപ്പും കണ്ടു അവന് ചിരി വന്നു..പക്ഷെ ചിരിച്ചില്ല.. പകരം കൈ നീട്ടി അവളുടെ കയ്യിൽ പിടിച്ചു അവളെ വലിച്ചു ദേഹത്തേക്ക് ചേർത്തു നിർത്തി.. "ഞാൻ വരാതെയും എന്നെ കാണാതെയും നീ കഴിക്കില്ലന്ന് എനിക്ക് അറിയാവുന്നതല്ലേ..പിന്നെ എങ്ങനെയാടി എനിക്ക് ഇറങ്ങുക..? നിന്നെ മറന്നു ഞാൻ എങ്ങനെയാടി കഴിക്കുക..? " അവൻ അവളുടെ മുഖത്താകെ നോക്കിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.. അവളൊന്നു ചിരിച്ചു.. "അതെനിക്ക് അറിയാമല്ലോ മോനേ.. ഞാൻ കഴിക്കാതെ നിനക്ക് ഇറങ്ങില്ല..നീ കഴിക്കാതെ എനിക്കും..അതുകൊണ്ടല്ലേ നീ വരുന്നതും നോക്കി ഇരുന്നത്.. എന്താന്ന് അറിഞ്ഞൂടാ..ഇപ്പൊ നിന്റെ ഒന്നിച്ച് തന്നെ ഇരുന്നു കഴിക്കണം.എന്നാലേ വയറു നിറയുന്നുള്ളൂ..വാ..നല്ല വിശപ്പ്.. "

"എനിക്കും...എനിക്കും നല്ലോണം വിശക്കുന്നെടീ.. " അവന്റെ കണ്ണുകൾ അവളുടെ തുടുത്ത അധരത്തിലേക്ക് നീണ്ടു.. ആ കണ്ണിലും ചുണ്ടിലും വിരിഞ്ഞ കുസൃതി അവൾ കണ്ടു.. "വേണ്ട മോനേ...ഇപ്പൊ ആ വിശപ്പ് വേണ്ട നിനക്ക്...അത് മാറ്റി തരാനുള്ള എനർജിയില്ല എനിക്കിപ്പോ.. വല്ലതും വയറ്റിലോട്ട് ചെന്നിട്ടു വേണം..നീ വാ.. " അവൾ പോകാൻ തുടങ്ങിയെങ്കിലും അവൻ സമ്മതിച്ചില്ല.. അവിടെത്തന്നെ പിടിച്ചു നിർത്തിച്ചു.. "എന്താടാ..? " അവൻ ഒന്നുമില്ലന്ന് തലയാട്ടി.. "പിന്നെന്താ..? " അവൾ കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു.. "ഇന്നലത്തെ എണ്ണയുടെ സ്മെല് ഇതുവരെ പോയില്ലല്ലോ ടീ... " അവൻ അവളുടെ ഷാളിന്റെ ഇടയിലൂടെ കൈ കടത്തി മുടിയിൽ തൊട്ടു കൊണ്ട് പറഞ്ഞു.. "നിന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന് എനിക്ക് നല്ലപോലെ മനസ്സിലാകുന്നുണ്ട്.. പറഞ്ഞല്ലോ..ഇപ്പൊ ഒന്നും നടക്കില്ല.. എടാ...ബെഡ്റൂമിൽ അല്ല.. വീട്ടുമുറ്റത്താ നിക്കുന്നേന്നുള്ള ഓർമ്മ വേണം.. " "കോളേജ് ഗ്രൗണ്ടിൽ വരെ എന്റെ മടിയിൽ ഇരുന്നു റൊമാൻസ് കളിച്ച നീ തന്നെയാണോ ഇപ്പൊ ഈ പറയുന്നേ.. " അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു പിടിച്ചു.. "അത്...അതുപിന്നെ ഞാൻ അന്ന് അറിയാതെ.. " "അപ്പോ ഇത് അറിഞ്ഞിട്ടാണെന്ന് കരുതിയാ മതി... "

അവൻ മുഖം അവളുടെ മുഖത്തേക്ക് താഴ്ത്തി..അവൾ വേണ്ടാന്ന് പറഞ്ഞിട്ട് മുഖം തിരിച്ചു പിടിച്ചു.. അവന്റെ മുഖത്തെ കുസൃതി വർധിച്ചു..അവളുടെ കാതിൽ പതിയെ താടിയിട്ട് ഉരസുകയും ചെറുതായിട്ടൊന്ന് കടിക്കുകയും ചെയ്തു..ഒപ്പം തന്നെ അവന്റെ ചൂടു നിശ്വാസം അവളുടെ ചെവിക്കകത്തേക്ക് കടക്കുകയും ചെയ്തു..അവൾ അവന്റെ കൈക്കുള്ളിൽ നിന്നൊന്നു പിടഞ്ഞു... "തസി ഉമ്മാ... !!! " പിന്നിൽ നിന്നും ഒരു നിലവിളി കേട്ടതും രണ്ടുപേരും ഞെട്ടിക്കൊണ്ട് അകന്ന് മാറി..നോക്കുമ്പോൾ രണ്ടു കൈ കൊണ്ടും മുഖം പൊത്തി പിടിച്ചു നിൽക്കുന്ന സനുവിനെ കണ്ടു.. "എന്താ...എന്താ മോനേ..? " അപ്പോഴേക്കും മുംതാസ് വെളിയിലേക്ക് എത്തിയിരുന്നു.. "അത്..അത് പിന്നെ..അത് ഞാൻ ഏതാണ്ട് ഒക്കെ കണ്ടു പേടിച്ചതാ തസി ഉമ്മാ... " "ഏതാണ്ട് ഒക്കെയോ..? " മുംതാസ്നു മനസ്സിലായില്ല.. നെറ്റി ചുളിച്ചു സനുവിനെ നോക്കി.. സനുവാണ് ആള്..എപ്പോ ചതിക്കുമെന്ന് പറയാൻ കഴിയില്ല.. ഇനിയും ഇവിടെ നിന്നാൽ ഉറപ്പായും നാറും..അല്ല..അവൻ നാറ്റിക്കും.. ലൈല പിന്നൊന്നും നോക്കിയില്ല.. സനുവിനെ അത്രയേറെ വിശ്വാസം ആയത് കൊണ്ട് വേഗം തലയും താഴ്ത്തി പിടിച്ചു അകത്തേക്ക് കയറിപ്പോയി..മുംതാസ് സനുവിനോടു പിന്നെയും കാര്യം ചോദിക്കാൻ തുടങ്ങിയതും താജ് അവനെ കണ്ണുരുട്ടി കാണിക്കുന്നത് കണ്ടു..

സനു മറുപടിയായി ഇളിച്ചും കാണിക്കുന്നുണ്ട്.. മുംതാസ്നു കാര്യം മനസ്സിലായി..മുഖത്തു ചിരി നിറഞ്ഞു.. "വാ..ഇനി ഇതുപോലെത്തേതൊന്നും കാണാൻ നിക്കണ്ട കേട്ടോ.. " എന്നും പറഞ്ഞു സനൂനെ കൂട്ടി അകത്തേക്ക് നടന്നു.. "എടാ ഇങ്ങോട്ട് കയറി വാ..ഇനി ഏതായാലും അവളു പുറത്തേക്ക് വരില്ല.. " മുംതാസ് താജ്നെ വെറുതെ വിട്ടില്ല.. പോകുന്ന പോക്കിൽ നല്ലോണമൊന്നു കളിയാക്കി ചിരിച്ചു.. ഈ കുരുപ്പ്..കൂട്ടി കൊണ്ട് വന്നിട്ട് എനിക്ക് തന്നെ പാരയായോ..? സനൂനെ തെറി വിളിച്ചോണ്ട് അവനും അകത്തേക്ക് നടന്നു.. ** "ലൈലൂ...എനിക്ക് ബോറടിക്കുന്നു.." ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു സെറ്റിയിൽ മുംതാസ്ൻറെ മടിയിൽ തല വെച്ചു കിടന്നു ടീവി കാണുകയായിരുന്നു സനു..ഒരര മണിക്കൂർ ഫുൾ ആയില്ല..അതിന് മുന്നേ അവൻ എണീറ്റു ലൈലയുടെ മടിയിലേക്ക് ചാഞ്ഞു ചിണുങ്ങാൻ തുടങ്ങി.. "ഇപ്പോഴേ മടുത്തോ..? ബോറടി മാറ്റാൻ ഇപ്പൊ എന്താ ചെയ്യുക.? " അവൾ വാത്സല്യത്തോടെ അവന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയൊക്കെ കൈ കൊണ്ട് ഒതുക്കി വെച്ച് കൊണ്ട് ചോദിച്ചു..

"നമുക്ക് നുസ്രയുടെ വീട്ടിൽ പോയാലോ..? മുഹ്സിത്തായും ഇല്ലേ അവിടെ ഇപ്പോൾ..? ഞാൻ പണ്ടെങ്ങോ മുന്നയുടെ വീട്ടിൽ പോയപ്പോ കണ്ടതാ ആളെ.. അതിന് ശേഷം കണ്ടിട്ടേയില്ല.. നുസ്രയെയും കാണാതെ കുറച്ചായി..നമുക്ക് അങ്ങോട്ട്‌ ഒന്നു പോയി വന്നാലോ...?" "അതിനെന്താ...പോകാലോ..ഞാൻ നേരത്തേ കൂടെ വിചാരിച്ചതേയുള്ളൂ നുസ്രയെ ഒന്നു കാണണമെന്ന്..ഇവിടെത്തെ വിശേഷങ്ങൾ ഒന്നും അവളോട്‌ പറഞ്ഞിട്ടില്ല..നീ വാ.. " അവൾ സനുവിനെയും കൂട്ടി എഴുന്നേറ്റു.. "ഉമ്മാ...ഞങ്ങൾ ഒന്നു പോയിട്ട് വരാം..അമൻ മേളിലാ..ചോദിച്ചാൽ ഒന്നു പറയണേ ട്ടൊ.. " അവൾ മുംതാസ്നോട് പറഞ്ഞിട്ട് സനുവിനെയും ചേർത്തു പിടിച്ചു പുറത്തേക്ക് നടന്നു.. ** "ഔ..ഞാനിപ്പോ എന്താടി വേണ്ടത്.. ലഡു വിതരണം ചെയ്യണോ..അതോ പടക്കം തന്നെ പൊട്ടിക്കണോ..? എന്റ്റുമ്മാ..എന്ത് ചെയ്യണമെന്നൊന്നും എനിക്ക് അറിഞ്ഞൂടായേ..സന്തോഷം കൊണ്ട് ഇരിക്കാനും വയ്യ നിക്കാനും വയ്യാത്ത അവസ്ഥ.. " മുംതാസ് ലൈലയുടെ തസിയുമ്മ ആണെന്ന് അറിഞ്ഞതും നുസ്ര പിന്നെ നിലത്ത് ഒന്നുമല്ല..തുടങ്ങി ചാടാനും തുള്ളാനും മറിയാനുമൊക്കെ..

എന്തെന്തായിട്ടും അവൾക്ക് സന്തോഷം അടക്കാൻ പറ്റുന്നില്ലായിരുന്നു..ഒടുക്കം ലൈലയെ ഉമ്മ വെക്കാനും കെട്ടിപ്പിടിക്കാനും വരെ തുടങ്ങി.. "ചീ...വിടെടി...ഞാൻ മുന്നയല്ല.. ലൈലയാ.. " "എടീ...ബാംഗ്ലൂരുള്ള മുന്നയാണ് ഇപ്പൊ എന്റെ അരികിൽ ഉള്ളതെന്നാലും ഞാൻ ഇത്രേം സന്തോഷിക്കില്ലായിരുന്നു.. എന്റെ ലൈലാ..ഞാനിപ്പോ എങ്ങനെയാ ഒന്നു പറഞ്ഞു തരുക..അത്രക്കും സന്തോഷം തോന്നുന്നെടീ..ഞാൻ അന്നേ പറഞ്ഞതല്ലേ എല്ലാം ശെരിയാകുമെന്ന്..നീ ഭാഗ്യം ചെയ്തവളാ..മഹാഭാഗ്യം..ഇല്ലേൽ കഥയിൽ ഇങ്ങനൊരു ട്വിസ്റ്റ് നടക്കുമോ..നീ ആരെയാണോ തേടുന്നത് അവരൊക്കെ നിന്റെ അരികിലേക്ക് തന്നെ എത്തുന്നല്ലോ ടീ.." ലൈലയുടെ കളിയാക്കലൊന്നും നുസ്ര വക വെച്ചില്ല..വീണ്ടും അടക്കാൻ ആവാത്ത സന്തോഷത്തോടെ ലൈലയെ മുറുക്കെ കെട്ടിപ്പിടിച്ചു..ലൈല ഒരു ചിരിയോടെ തിരിച്ചും അവളെ വട്ടം ചുറ്റി പിടിച്ചു..സനു പിന്നെ ആ ഭാഗത്തേ ഇല്ല..വന്നപ്പോഴേ മുഹ്സിയുടെ ചെവി കടിച്ചു തിന്നാൻ തുടങ്ങിയതാ..അവന്റെ ആ സംസാരം മൂളിയും ചിരിച്ചും കേൾക്കാനും വികൃതികൾ കണ്ടാസ്വദിക്കാനും നുസ്രയുടെ ഉമ്മയും മുഹ്സിക്കൊപ്പം ഇരുന്നു.. ** "നിന്നെ വൈകുന്നേരം ആകുമ്പോൾ കൊണ്ട് വിട്ടാൽ പോരേ..?

ഇവിടെ ഇങ്ങനെ ഇരുന്നാൽ നീ വീണ്ടും ബോറടിക്കും.. നമുക്ക് ഒരു സ്ഥലം വരെ പോകാം..അമനോട് ചോദിക്കട്ടെ അവൻ ഫ്രീയാണോന്ന്.. ഞാനിപ്പോ വരാം..നീ ഇവിടെ ഉമ്മാന്റെ അടുത്തിരിക്ക്...ഉമ്മാക്ക് ബോറടിക്കുന്നതിന് ഒരാൾ ആയി." നുസ്രയുടെ വീട്ടിൽ നിന്നും കുറച്ച് നേരം ആകുമ്പോൾ തന്നെ വന്നിരുന്നു രണ്ടു പേരും.. സനുവിനെ താഴെ മുംതാസ്ൻറെ അടുത്താക്കിയിട്ട് അവൾ ചിരിച്ചോണ്ട് മേളിലേക്ക് പോയി.. "അമൻ..തിരക്കിലാണോ..? " റൂമിൽ കയറുമ്പോൾ അവനെ ലാപ്ടോപ്ൽ നോക്കി ഇരിക്കുന്നത് കണ്ടു..അവൾ അരികിൽ ചെന്നു കൊണ്ട് ചോദിച്ചു.. "മ്മ്...എന്താ..? " അവൻ തല ഉയർത്തി അവളെ നോക്കി.. "ങ്ങുഹും..വെറുതെ.. " അവൻ തിരക്കിൽ ആണെന്ന് കരുതി അവൾ കാര്യം പറഞ്ഞില്ല..ചുമൽ കൂച്ചി കാണിച്ചു.. "ഉറപ്പാണോ..?" അവൻ അവളെ സൂക്ഷിച്ചു നോക്കി.. അവൾ ആണെന്ന് തലയാട്ടി.. അവൻ ശെരി എന്ന് പറഞ്ഞിട്ട് വീണ്ടും ലാപ്ടോപ്പിലേക്ക് കണ്ണ് നട്ടു.. അവൾ അടുത്തുള്ള ഭാവം പോലും കാണിച്ചില്ല..മുഴുവൻ ശ്രദ്ധയും ലാപ്പിലേക്ക് തന്നെ കൊടുത്തു.. തെണ്ടി..ഒരുവട്ടം കൂടെ കാര്യം ചോദിച്ചാൽ എന്താ.. അതെങ്ങനെയാ..ഏതു നേരവും ഒരു ബിസ്സിനെസ്സും ഡീലും പ്രൊജക്റ്റുമൊക്കെയാ..ഇവിടെ ഇങ്ങനെ ചിലരുണ്ടെന്ന വിചാരം പോലുമില്ല..

എന്നെ നോക്കാനും സംസാരിക്കാനുമൊന്നും നേരം ഇല്ലേൽ പിന്നെന്തിനാ കെട്ടിക്കൊണ്ട് വന്നത്.. കമ്പനിയും കെട്ടിപ്പിടിച്ചു ഇരുന്നാൽ മതിയായിരുന്നല്ലോ.. അവൻ കാര്യമെന്താന്ന് വീണ്ടും ചോദിക്കുമെന്ന് കരുതി അവൾ കുറച്ചു നേരം അവിടെത്തന്നെ നിന്നിരുന്നു..അവൻ ഒന്നു മൈൻഡ് പോലും ചെയ്യുന്നില്ലന്ന് കണ്ടതും അവൾ ഓരോന്ന് പിറു പിറുത്ത് കൊണ്ട് മുഖവും വീർപ്പിച്ചിട്ട് പോകാൻ തുടങ്ങി..പെട്ടെന്നു കയ്യിൽ അവന്റെ പിടി വീണു.. അവൾ തിരിഞ്ഞു നോക്കിയില്ല.. ദേഷ്യത്തിൽ ആയിരുന്നു.. തിരിയാതെയും നോക്കാതെയും തന്നെ കൈ വിടുവിക്കാൻ നോക്കി.. പക്ഷെ അവൻ വിട്ടില്ല..ഇല്ലെന്ന് മാത്രമല്ല..ഒരൊറ്റ വലിക്കു അവളെ വലിച്ചു മടിയിലേക്ക് ഇട്ടു..അപ്പോഴേക്കും അവൻ മടിയിലെ ലാപ്ടോപ് മറ്റേ കൈ കൊണ്ട് മാറ്റി വെച്ചിരുന്നു.. അവൾ കുതറിക്കൊണ്ട് എഴുന്നേറ്റു പോകാൻ തുടങ്ങുന്നതിനു മുന്നേ അവൻ അവളെ രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു..അവളുടെ പുറം ഭാഗം അവന്റെ നെഞ്ചോടു ചേർന്ന് ഇരുന്നു..അവൻ തന്റെ മുഖം അവളുടെ ചുമലിൽ കുത്തി വെച്ചു..

അവൾ അപ്പൊത്തന്നെ ചുമൽ ഇളക്കി അവന്റെ മുഖം എടുപ്പിക്കാൻ നോക്കി..പക്ഷെ അവൻ എടുത്തില്ല..മുഖം പതിയെ ചുമലിൽ നിന്നും അവളുടെ പിൻ കഴുത്തിലേക്ക് നീക്കി..അവിടെ അവന് ഏറ്റവും ഇഷ്ടമുള്ള ആ കുഞ്ഞു കാപ്പി മറുകിനെ അവന്റെ ചുണ്ടുകൾ പുൽകി..അവളുടെ ദേഷ്യം മാഞ്ഞു പോയി..ചുണ്ടിൽ ചെറുചിരി നിറഞ്ഞു..ഒന്നു മൂളിക്കൊണ്ട് ഒന്നൂടെ അവനിലേക്ക് ചേർന്നിരുന്നു അവൻ പൊതിഞ്ഞു പിടിച്ചിരിക്കുന്ന അവന്റെ കൈകൾക്ക് മീതെ അമർത്തി പിടിച്ചു അവൾ..അവന്റെ ചുണ്ടുകൾ വീണ്ടും അവളുടെ പിൻകഴുത്തിൽ ചേർന്നു കൊണ്ടേയിരുന്നു..അവളൊരു കുഞ്ഞ് പക്ഷിയെ പോലെ കുറുകിക്കൊണ്ട് അവന്റെ കൈകൾക്കുള്ളിൽ നിന്നു തന്നെ തിരിഞ്ഞിരുന്നു ഒരു കൈ കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.. "കഴിഞ്ഞോ തിരക്ക്..? " അവൾ മറ്റേ കൈ അവന്റെ കവിളിലെ താടി രോമങ്ങൾക്കിടയിലൂടെ ഓടിച്ചു കൊണ്ട് ചോദിച്ചു.. "എന്നിൽ നിനക്കുള്ള അത്രയും അവകാശം മറ്റാർക്കുമില്ല..

എന്നിട്ടും എന്തിനാ എന്നോട് എന്തെങ്കിലും ചോദിക്കാനും പറയാനും നീ ഇത്ര മടിക്കുന്നത്..? എന്തിനാ ഒരു മുഖവുരയുടെ ആവശ്യം..? എത്രവട്ടം പറഞ്ഞിട്ടുണ്ട് എന്നോട് നിനക്കതു വേണ്ടാന്ന്.." "മുഖവുരയൊന്നും അല്ല..നീ എപ്പോഴും തിരക്കിലാ.. നിനക്ക് ഒന്നിനും സമയമില്ല..ഞാൻ എപ്പോ വരുമ്പോഴും നോക്കുമ്പോഴുമെല്ലാം നീ ഫോണിലും ലാപ്പിലും ഫയലിലുമൊക്കെ ആയിരിക്കും.. ഞാൻ അടുത്ത് വന്നാൽ പോലും നീ എന്നെ കാണാറില്ല..ഞാൻ വിളിച്ചാൽ കേൾക്കാറില്ല നീ..എന്നെ മൈൻഡ് ചെയ്യാറില്ല.. " അവൾ പരിഭവം പറഞ്ഞു.. ആദ്യമായിട്ടാണ് ഇങ്ങനെ.. അല്ലെങ്കിൽ ഒരു നൂറു വട്ടം ചോദിച്ചാലും ഇങ്ങനൊന്ന് ആ നാവിൽ നിന്നും വീഴില്ല.. ഇത് കേൾക്കാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ..? താൻ ഇല്ലാതെ ഒരു നിമിഷം പോലും വയ്യെന്നായിരിക്കുന്നു അവൾക്ക്.. അവന്റെ മുഖം വിടർന്നു.. "കണ്ടോ...ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നീ മിണ്ടുന്നില്ല.. ഇതിപ്പോ സനു പറഞ്ഞ പോലെ പറയേണ്ടി വരും ഞാൻ..നിനക്ക് എന്നെ വേണ്ടാല്ലേ ഇപ്പോ..?" അവൾ വീണ്ടും പരിഭവം കാണിച്ചു.. "ആർക്ക് ആരെയാ വേണ്ടാത്തത് എന്ന് എനിക്ക് നന്നായി അറിയാം.. നീയും ഇങ്ങനെ തന്നെയല്ലേ ടീ..

ബാക്കി എല്ലാത്തിനും നേരമുണ്ട് നിനക്ക്.. മമ്മയോട് സംസാരിക്കാൻ.. ഡാഡ്നോട് ചിരിക്കാൻ.. സനൂന്റൊപ്പം കളിക്കാൻ.. നുസ്രയുടെ വീട്ടിൽ പോകാൻ.. അങ്ങനെ എല്ലാത്തിനും..എന്റെ അടുത്ത് കുറച്ചു നേരം ഇരിക്കാൻ മാത്രം സമയമില്ല നിനക്ക്.. ഞാനൊന്നു അടുത്ത് പിടിച്ചു നിർത്തിയാൽ അപ്പൊ തുടങ്ങും വിട്ടേ താഴെ ജോലി ഉണ്ടെന്നും പറഞ്ഞു കിടന്നു പിടയ്ക്കാൻ.. ബാക്കി എല്ലാവരോടും പാൽ പുഞ്ചിരി.. ഞാൻ അടുത്ത് വരുമ്പോൾ മാത്രം മസ്സിൽ പിടുത്തം...ഇപ്പൊ പറയെടി ആർക്ക് ആരെയാ വേണ്ടാത്തത്..? " "അപ്പൊ... അപ്പൊ നീ പകരം വീട്ടുന്നതാണോ..? " "എന്തേ..നിനക്കേ പറ്റുള്ളൂ അതൊക്കെ... എനിക്ക് പാടില്ലേ..? " "ആ...പാടും.. " അവളുടെ മുഖം വീർത്തിരുന്നു.. അവന്റെ കഴുത്തിന്ന് കൈ എടുത്തു തന്റെ ദേഹത്തുള്ള അവന്റെ കൈകൾ എടുത്തു മാറ്റിയിട്ട് അവൾ എണീറ്റു പോകാൻ ഒരുങ്ങി.. "ദേ കണ്ടോ..ഇതാ ഞാൻ പറഞ്ഞത്.." അവൻ ദേഷ്യത്തോടെ എണീറ്റു അവളുടെ പിന്നാലെ ചെന്നു.. "ഏത്...നീ വല്യ ബിസി മാൻ അല്ലേ.. ബിസി ഒക്കെ കഴിയുമ്പോൾ വാ..ഞാൻ താഴെ കാണും.. " അവൾക്കും ദേഷ്യം വന്നിരുന്നു.. മുറിയിൽ നിന്നും പുറത്ത് പോകാൻ തന്നെ തീരുമാനിച്ചു.. "അതിന് നീ താഴേക്ക് പോകുന്നില്ലങ്കിലോ..? "

അവൻ ഡോറിനു മുന്നിൽ കയറി നിന്നു.. "അത് നീയല്ല തീരുമാനിക്കുന്നത്.. ഞാനാ.. മാറങ്ങോട്ട്‌.. " "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോളെ.. നീയെന്റെ ഭാര്യയാ.... അപ്പൊ നിന്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് ഞാനാ..നിന്റെ ഭർത്താവ് ആയ ഈ ഞാൻ.. " "ഭർത്താവ് എന്നാൽ ഭാര്യയെ ഭരിക്കുന്നവൻ മാത്രമല്ല..അവളെ സ്നേഹിക്കുന്നവൻ കൂടിയാ... അവൾ അറിയാതെ തന്നെ അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നവനാ..അവളുടെ സന്തോഷം കാണാൻ വേണ്ടി തന്റെ മുഴുവൻ ജോലികളും മാറ്റി വെക്കുന്നവനാ..എത്ര തിരക്ക് ഉണ്ടേലും അവളോട്‌ സംസാരിക്കാൻ നേരം കണ്ടെത്തുന്നവനാ... " "നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ നിന്നെ ഞാൻ കെട്ടിക്കൊണ്ട് വന്നു ഇവിടെ ഇട്ടിട്ട് പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ലന്ന്..ഇപ്പൊ എന്താടി നിനക്ക് വേണ്ടത്..എന്താ നിന്റെ മനസ്സിൽ..എന്തേലും ഉണ്ടേൽ അത് പറയെടി..അല്ലാതെ ഞാൻ എങ്ങനെ അറിയാനാ..? " അവൻ കലിപ്പ് ആയി.. "അതിന് നീയെന്തിനാ എന്നെ പേടിപ്പിക്കുന്നത്..? " അവൾ അവനെ തുറിച്ചു നോക്കി.. "മോള് പേടിച്ചോ..ചുമ്മാ.. " അവൻ കൈ നീട്ടി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവളെ തന്നോട് ചേർത്തു നിർത്തി.. അവളൊന്നും മിണ്ടിയില്ല..മുഖവും വീർപ്പിച്ചു നിന്നു.. "എന്ത് ആഗ്രഹമാ എന്റെ ഭാര്യയ്ക്ക് ഉള്ളത്..എന്താ സാധിച്ചു എടുക്കാൻ ഉള്ളത്..കാര്യമായിട്ട് എന്തോ ഉണ്ട്... ഇല്ലേൽ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കില്ലായിരുന്നു..

പറയെടി എന്താണെന്ന്..എന്നാൽ അല്ലേ ഞാൻ അറിയുള്ളു..എന്നാൽ അല്ലേ സാധിച്ചു തരാൻ പറ്റുള്ളൂ..പറാ.. എന്ത് വലിയ കാര്യം ആണേലും ഞാൻ ചെയ്തു തരാം.. " അവൻ സ്നേഹത്തോടെ അവളുടെ വട്ട മുഖം കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു.. "അത്...അത് വക്കീൽ അങ്കിൾ വന്നിരുന്നു ഇന്നലെ.. എല്ലാരേയും വീട്ടിലേക്ക് ക്ഷണിച്ചിട്ടാ പോയത്.. അപ്പൊ നീ ഇന്ന് ഫ്രീ ആണേൽ എല്ലാർക്കും കൂടി ഒന്നവിടെo വരെ പോയി വരാമെന്നു കരുതി.. ഇന്നാണേൽ സനുവും ഉണ്ടല്ലോ.. അവന് ഇവിടെ ഇരുന്നിട്ടു ആകെ ബോറടിക്കുന്നെന്ന്.. വൈകുന്നേരം സ്കൂൾ വിടുന്ന നേരം ആകുമ്പോൾ അവനെ വീടിന് മുന്നിൽ ഇറക്കിയാൽ മതി.. ഉപ്പ ഉച്ചയ്ക്ക് ലഞ്ച്ന് മുന്നേ എത്തും.. രാവിലെ ഉമ്മാനോട് പറയുന്നത് കേട്ടിരുന്നു.. " അവൾ ഇന്നലെ വക്കീലിനെ കാണാൻ പോയതും വീട്ടിലേക്ക് കൊണ്ട് വന്നതുമൊക്കെയായ എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു.. "ഓഹോ...അപ്പൊ ഞാൻ അറിയാതെ ഇവിടെ ഇത്രയൊക്കെ നടന്നോ.. എന്നിട്ട് ഇപ്പോഴാണോ ടീ നീയിതൊക്കെ പറയുന്നത്.. " "ഇന്നലെ രാത്രിയിൽ ഓരോ കാര്യങ്ങൾ ആയി ഞാനിത് പറയാൻ വിട്ടു പോയി..ഇപ്പോ നീയിത് പറാ..ഇന്ന് എന്തേലും തിരക്ക് ഉണ്ടോ നിനക്ക്.. അങ്കിളിന്റെ വീട്ടിലേക്ക് പോകാൻ പറ്റുമോ..? "

"വേറെ തിരക്ക് ഒന്നുമില്ല.. ഇതാണ് കാര്യമെങ്കിൽ നിനക്ക് ആദ്യേ പറഞ്ഞൂടായിരുന്നോ.. അതെങ്ങനെയാ.. ഇങ്ങോട്ട് ആയിട്ട് ഒന്നും പറയില്ല.. അങ്ങോട്ട്‌ വല്ലതും ചോദിച്ചാൽ ഒടുക്കത്തെ ജാഡയല്ലേ നിനക്ക്...എന്നാടി നീയൊന്നു നന്നാവുക.. നിനക്കൊരു ആഗ്രഹം ഉണ്ടെന്ന് അറിഞ്ഞെങ്കിൽ എന്ത് തിരക്ക് ഉണ്ടെങ്കിലും ഞാൻ അതൊക്കെ മാറ്റി വെച്ചു നിന്റെ ആഗ്രഹം സാധിച്ചു തരില്ലേ.. എന്നാ നീയിനി എന്നെ ഒന്നു മനസിലാക്കുക.. " അവന് വല്ലാതെ ദേഷ്യം വന്നിരുന്നു. അവളിൽ നിന്നും മുഖം തിരിച്ചു അകന്ന് നിന്നു.. "ആരാ പറഞ്ഞേ മനസ്സിലാക്കിയിട്ടില്ലന്ന്.. നീ തിരക്കിൽ ആണെങ്കിലോന്ന് കരുതിയിട്ടാ.. ഒരു കമ്പനി മാത്രം അല്ലല്ലോ.. ഒരേസമയം രണ്ടെണ്ണം അല്ലേ നീ നോക്കി നടത്തുന്നത്.. ആ നിന്റെ തിരക്കും കാര്യങ്ങളും കൂടെ ഞാൻ ശ്രദ്ധിക്കേണ്ടെ അമൻ... അത് കൊണ്ടാ..ദേഷ്യപ്പെടല്ലേ ടാ.. " അവൾ കൊഞ്ചിക്കൊണ്ട് അവന്റെ മുന്നിലൂടെ വന്നു അവനെ വട്ടം പിടിച്ചു മുഖം ആ നെഞ്ചോടു ചേർത്തു നിന്നു.. "എന്നാൽ ദേഷ്യം മാറാൻ എന്തെങ്കിലും താ.." അവൻ കുസൃതിയോടെ അവളുടെ ഇടുപ്പിൽ കൈ വെച്ചമർത്തി.. അവൾ അപ്പൊത്തന്നെ ചിരിച്ചോണ്ട് മുഖം ഉയർത്തി കാലെത്തി നിന്നു അവന്റെ ഇരു കവിളിലും ഓരോ മുത്തം കൊടുത്തു..

ശേഷം അകന്ന് മാറാൻ ഒരുങ്ങിയ അവളെ അവൻ രണ്ടു കൈ കൊണ്ടും ലോക്ക് ചെയ്തു..നിമിഷങ്ങൾക്കുള്ളിൽ അവളുടെ മുഖം അവൻ ചുംബനങ്ങൾ കൊണ്ട് മൂടി..ആ ചൂടിൽ അവളുടെ മിഴികൾ അടഞ്ഞു പോയി..തന്റെ നെഞ്ചിലേക്ക് മുഖം ചായിക്കാൻ നിന്നവളുടെ ചുണ്ടുകളിലും അവൻ തന്റെ ചുണ്ടുകൾ പതിപ്പിച്ചു.. അവൾ ഒന്നൂടെ അവനിലേക്ക് ചേർന്നു..പതിയെ മുഖം അവന്റെ നെഞ്ചിലേക്ക് ചേർത്തു..ആ ഹൃദയ താളം കേട്ടു എത്ര നേരം അങ്ങനെ നിന്നെന്ന് അവൾക്ക് തന്നെ അറിയില്ല..താഴെ നിന്നും സനുവിന്റെ വിളി കേട്ടപ്പോഴാണ് അവനിൽ നിന്നും അകന്നത്.. ചുവന്നു തുടുത്ത മുഖവും വെച്ചു അവനെ നോക്കിയൊന്നു ചിരിച്ചിട്ട് അവൾ താഴേക്കു പോയി.. ** താജുദീൻ വരാൻ അല്പം വൈകിയത് കാരണം വക്കീലിന്റെ വീട്ടിലേക്ക് പോകാൻ വൈകിയിരുന്നു.. എന്നാൽ കുറച്ച് നേരം കൂടെ അവിടെ ചിലവഴിക്കാമെന്ന് പറഞ്ഞാൽ സനുവും കൂടെ ഉള്ളത് കൊണ്ട് അത് കഴിയില്ല..സാധാരണ സ്കൂൾ വിട്ടു വീടെത്തുന്ന നേരം ആകുമ്പോൾ അവന് വീടെത്തണം..അതോണ്ട് നാലു മണി ആകുമ്പോൾ തന്നെ വക്കീലിൻറെ വീട്ടിൽ നിന്നും ഇറങ്ങുകയും നാലരയ്ക്ക് ഉള്ളിൽ സനൂനെ വീട്ടു മുറ്റത്തു കൊണ്ട് പോയി ഇറക്കുകയും ചെയ്തു..

സനുവിനെ ആ സ്ത്രീയുടെ അരികിലേക്ക് വിടാൻ അവൾക്ക് മനസ്സേ ഇല്ലായിരുന്നു..സനു ഗേറ്റ് തുറന്നു പോകുന്നതും നോക്കി സങ്കടത്തോടെ ഇരുന്നു..പക്ഷെ സനുവിനു ഒരു പ്രശ്നവും ഇല്ലായിരുന്നു.. വളരെ കൂൾ ആയിട്ടാ ഇറങ്ങി പോയത്.. "നീ സങ്കടപ്പെടണ്ടടീ...കൂടിയാൽ ഒന്നോ രണ്ടോ ദിവസം.. അതിനുള്ളിൽ ആസിഫും സജാദും പുറത്ത് ഇറങ്ങും..എന്നിട്ട് ആ തള്ളയെയും ചേർത്തു മൂന്നു പേർക്കും ഉള്ളത് ഒന്നിച്ച് കൊടുക്കാം..പിന്നെ സനു നമ്മുടെ വീട്ടിൽ നമുക്ക് ഒപ്പമാ..." അവളുടെ സങ്കടം മനസ്സിലാക്കിയ അവൻ അവളുടെ സീറ്റ് ബെൽറ്റ്‌ ശെരിയാക്കാൻ എന്ന വ്യാജേന അവൾക്ക് അരികിലേക്ക് ചാഞ്ഞിട്ട് അവളോട്‌ പതുക്കെ പറഞ്ഞു.. അവൾ തല ചെരിച്ചവനെ നോക്കി ഒന്നു പുഞ്ചിരിച്ചു..അവനാ അവസരം മുതലാക്കി.. അവളുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ടാണ് പിന്നെ അവൻ തന്റെ സീറ്റിലേക്ക് ചാഞ്ഞത്..അവൾ വേഗം തിരിഞ്ഞു നോക്കി..താജുദീനും മുംതാസും അവരുടേതായ ഒരു ലോകത്താണെന്ന് കണ്ടതും അവൾക്ക് സമാധാനമായി.. ഒരു ദീർഘ ശ്വാസം വിട്ടിട്ടു മുന്നിലേക്ക് തന്നെ തിരിഞ്ഞിരുന്നു..

അത് കണ്ടു അവനൊരു ചിരിയോടെ ഒരു കൈ സ്റ്റിയറിങ്ങിൽ നിന്നും എടുത്തിട്ടു അവളുടെ കയ്യിലും കവിളിലുമൊക്കെ തൊട്ടും തഴുകിയുമൊക്കെ അവളെ ഇക്കിളി പെടുത്തി കൊണ്ടിരുന്നു.. "നേരെ നോക്കി ഓടിക്കെടാ.. " കുറച്ച് നേരം അവന്റെ വികൃതി അവൾ സഹിച്ചിരുന്നു..പിന്നെ അവന്റെ കൈ പോകുന്ന റൂട്ട് ശെരി അല്ലെന്ന് കണ്ടതും വേഗം അവന്റെ കൈ തട്ടി മാറ്റി കളഞ്ഞിട്ടു അവനെ നോക്കി പേടിപ്പിച്ചു.. "ഓ...ജാഡ...നീ പോടീ പുല്ലേ..വീട്ടിൽ എത്തട്ടെ..കാണിച്ചു തരാം നിനക്ക് ഞാൻ.. " അവനും ഒട്ടും കുറച്ചില്ല.. അവളെ നോക്കി കണ്ണുരുട്ടി കാണിച്ചിട്ട് മുഖം അവളിൽ നിന്നും തിരിച്ചു ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കൊടുത്തു..അവൾ അവനെ നോക്കി ഒന്നു ചിരിച്ചിട്ട് പുറത്തെ കാഴ്ചകളിൽ മുഴുകിയിരുന്നു.. അവൻ നേരെ പോയത് മാളിലേക്കാണ്..സാധാരണ താജുദീനും അവനും അവളും മാത്രമാണ് ഉണ്ടാകാറ്.. ഇന്ന് മുംതാസ് കൂടെയുണ്ട്.. വർഷങ്ങൾക്ക് ശേഷമാണ് മുംതാസ്ൻറെ ഒന്നിച്ചൊരു ഷോപ്പിങ്.. അവനൊരുപാട് സന്തോഷം തോന്നുന്നുണ്ടായിരുന്നു..

അവന് മാത്രമല്ല.. അവൾക്കും.. താജുദീനും മുംതാസും ഒരു ഭാഗത്തേക്ക്‌ നീങ്ങി..അത് കണ്ടൊരു പുഞ്ചിരിയോടെ അവനും അവളും മറ്റൊരു ഭാഗത്തേക്കും നീങ്ങി.. എല്ലാം കഴിഞ്ഞു വീടെത്തുമ്പോൾ ഒരു നേരമായിരുന്നു.. "നല്ല ക്ഷീണം..തല വഴി വെള്ളം വീഴണം..എന്നാലേ ഉറക്കം കിട്ടൂ.." അവൻ വന്നപ്പാടെ കയ്യിലെ കവർ എല്ലാം ടേബിളിലേക്ക് വെച്ചിട്ടു ഒരു ടവലും എടുത്തു ഫ്രഷ് ആവാൻ വേണ്ടി പോയി..ബാത്രൂമിൽ നിന്നും ഇറങ്ങുമ്പോൾ അവളെ മുറിയിൽ കണ്ടില്ല..പുറത്തുന്നു കഴിച്ചിട്ടാണ് വന്നത്..അതുകൊണ്ട് താഴേക്ക് പോയിട്ട് ഉണ്ടാകില്ല..അവൻ ബാൽക്കണിയിലേക്ക് ചെന്നു..കയ്യിൽ ഫോണും പിടിച്ചു ആകെ ആകുലതപ്പെട്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അവളെ കണ്ടു... "എന്തെടി വാലിനു തീ പിടിച്ച പോലെ..എന്താ കാര്യം...? " അവൻ അരികിലേക്ക് ചെന്നു.. അവൾ പറഞ്ഞത് കേട്ടു അവനും ഒരുനിമിഷം ടെൻഷൻ കയറി നിന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story