ഏഴാം ബഹർ: ഭാഗം 88

ezhambahar

രചന: SHAMSEENA FIROZ

"ആസിഫ്നെ എങ്ങോട്ടാ ലൈലു കൊണ്ട് പോയേ..എന്ത് ചെയ്യാനാ അവനെ..? " രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ സനു അവളോട്‌ ചോദിച്ചു.. "അവന്റെ മണി ചിത്ര താഴ് പൂട്ടാൻ.. " പറഞ്ഞിട്ട് അവൾ ഉറക്കെ ചിരിച്ചു.. "ങ്ങേ..സത്യമാണോ..? " "അതേടാ..അതല്ലേ അമൻ വരുമ്പോൾ വണ്ടിന്ന് പറഞ്ഞത്.. ഇപ്പോ മൂത്രമല്ല.. ചോര ആയിരിക്കും ആ കാമ രാക്ഷസൻറെ അടി നാഭിയിന്ന് പോയി കൊണ്ടിരിക്കുന്നത്.. " "അപ്പൊ താജ് അവന്റെ മെയിൻ ഓർഗനിട്ടു തന്നെ പണി കൊടുത്തു അല്ലേ..? അതേതായാലും പൊളിച്ചു.. എന്നാലും ആ ആസിഫ്ന് ഇനി ജീവിക്കാൻ കഴിയുമോ ലൈലൂ..? " "ജീവിച്ചിരുന്നിട്ടും വല്യ കാര്യമില്ല.. എന്തിന് കൊള്ളും ഇനി അവനെ.. അത് മാത്രം അല്ലല്ലോ.. ഒരസ്ഥി പോലും ബാക്കിയില്ല ശരീരത്തിൽ.. കിടന്നു പുളയാനെ പറ്റൂ അവന് ഇനി..ആ..അതെന്തേലും ആവട്ട്.. അവൻ ജീവിക്കയോ മരിക്കയോ എന്താച്ചാ ചെയ്യട്ടേ...എല്ലാത്തിനും വേണ്ടത് കൊടുത്തല്ലോ.. എല്ലാത്തിന്റെയും ശല്യവും ഒഴിഞ്ഞു കിട്ടി..അത് പോരേ നമുക്ക്..നീ ഉറങ്ങിക്കോ.. "

അവൾ വാത്സല്യത്തോടെ അവന്റെ മുടിയിൽ തഴുകി.. "ആഹാ..നീ ഇവിടെയായിരുന്നോ..? ഞാൻ എവിടൊക്കെ നോക്കിയെടീ..? ഇവൻ വന്നതോടെ ഞാൻ ഔട്ട്‌ ആയി.അല്ലേ..? " താജ് സനുവിന്റെ മുറിയിലേക്ക് കടന്നു വന്നു.. "ചുമ്മാ ചൊറിയാൻ വരല്ലേ അമൻ..വീട് മാറിയത് അല്ലേ..ഇവന് ഉറക്കം വരില്ല..അതാ ഇവൻ ഉറങ്ങുന്നത് വരെ ഇവിടെ ഇരിക്കാമെന്ന് കരുതി.. " ഓ..ഇവനെ ഉറക്കാനും അടുത്തിരിക്കാനുമൊക്കെ എന്ത് തൊര..നമ്മള് ഒരുത്തൻ ഇവിടെ ഉണ്ടെന്ന വിചാരം പോലുമില്ല പോത്തിന്.. അവൻ പതുക്കെ പറഞ്ഞു.. "എന്തെങ്കിലും പറഞ്ഞോ നീ.. " അവൾ അവനെ നോക്കി പുരികം ചുളിച്ചു.. "ഇല്ല..നീ പോയി കിടന്നോ.. ഉറക്കം കളയണ്ട.. ഇവന്റെ അടുത്ത് ഞാൻ ഇരുന്നോളാം..ചെല്ല്.. " "അതൊന്നും വേണ്ടാ..നീ ചെല്ല്.. പോയി കിടന്നോ.. ഇന്ന് ഒരുപാട് സ്ട്രയിൻ എടുത്തതല്ലേ.. ക്ഷീണം കാണും..ഞാൻ വന്നോളാം.. "

"എനിക്ക് ക്ഷീണം ഉണ്ടെന്ന് ഞാൻ പറഞ്ഞോ നിന്നോട്..അതോ എന്നെ കാണുമ്പോൾ അങ്ങനെ തോന്നിയോ നിനക്ക്..ഇങ്ങോട്ട് ആഞ്ജയൊന്നും വേണ്ടാ..പറഞ്ഞതങ്ങോട്ട്‌ അനുസരിച്ചാൽ മതി.. പോ.. പോയി കിടക്കാൻ നോക്ക്..ഇനി കളിയും കഥ പറച്ചിലുമൊക്കെ നാളെ.. " "ഇയ്യോ..നിങ്ങളെ രണ്ടിനെയും എടുത്തു പൊട്ട കിണറ്റിൽ ഇടേണ്ട സമയം എപ്പോഴേ കഴിഞ്ഞു.. ഏതു നേരം നോക്കിയാലും ഓരോന്നു പറഞ്ഞു ഉടക്കി കോണ്ടിരിക്കും.. എന്താ താജ് ഇത്..ഇവൾക്കോ ബുദ്ധിയില്ല.. ഇപ്പോ താജുo അങ്ങനെ തന്നെയായോ..? ഇപ്പോ എന്താ പ്രശ്നം..എന്റെ അടുത്ത് ആര് ഇരിക്കണമെന്നല്ലേ..നിങ്ങള് രണ്ടും ഇരിക്കേണ്ട..നിങ്ങള് ഇരുന്നാൽ എന്റെ ഉറക്കം പോയി കിട്ടും.." സനു വേഗം കാര്യത്തിൽ ഇടപെട്ടു.. "ഓഹോ.. അപ്പൊ ഞങ്ങളെ രണ്ടാളെയും വേണ്ടാല്ലേ നിനക്ക്.. ഞങ്ങളെ ഒഴിവാക്കാൻ നോക്കുവാണല്ലേ..ആ സ്ഥിതിക്ക് നിന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല..ഇന്ന് ഞങ്ങള് രണ്ടും ഇവിടെയാ കിടക്കുന്നെ..നിന്റെ രണ്ടു സൈഡിൽ..ഉറക്കം വരാൻ അല്ലേ നീ ഇവളെ ഇവിടെ പിടിച്ചിരുത്തിയത്..

അങ്ങനെയിപ്പോ നീ ഉറങ്ങണ്ട ടാ.. ഉറക്കില്ല നിന്നെ ഞാൻ.." താജ് വന്നു അവന്റെ ഒരു സൈഡിൽ കിടന്നു.. "എന്ത് നോക്കിയിരിക്കുവാടി.. കിടക്കടി അവിടെ.. " അവന്റെ ചെയ്ത്ത് കണ്ടു ആകെ അന്തം പോയിരിക്കുകയായിരുന്നു അവൾ..അവൻ ഒരൊറ്റ അലർച്ച അലറിയതും അവൾ വേഗം ഇരുന്നിടത്ത് നിന്നു തന്നെ കയറി കിടന്നു..സനുവിന് ചിരി പൊട്ടി പൊട്ടി വരുന്നുണ്ടായിരുന്നു.. ഒരുവിധം അടക്കി പിടിച്ചു അവൻ അവളുടെ ഭാഗത്തേക്ക്‌ തിരിഞ്ഞു അവളെ വട്ടം ചുറ്റി പിടിച്ചു കിടന്നു...ഉറങ്ങിക്കോന്നുള്ള അർത്ഥത്തിൽ അവൾ കൈ ഉയർത്തി അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു..താജ് ഒന്നും മിണ്ടിയില്ല..രണ്ടിനെയും ഒന്നു നോക്കുക കൂടി ചെയ്യാതെ മലർന്നു കിടന്നു.. കുറച്ച് നേരം കഴിഞ്ഞതും അവൻ പതിയെ ചെരിഞ്ഞു തല പൊക്കി നോക്കി..സനു കണ്ണും അടച്ചു കിടപ്പാണ്..ഉറക്കത്തിലേക്ക് വഴുതി എന്ന് തോന്നി അവന്..അവളുടെ മുഖം ശെരിക്കും കാണുന്നില്ലായിരുന്നു..അവൻ ഒന്നൂടെ തല ഉയർത്തി..കണ്ണും തുറന്നു കിടന്നു എന്തോ ഓർത്ത് ചിരിക്കുന്നത് കണ്ടു അവളെ..

"എന്ത് സ്വപ്നമാടി കാണുന്നത്..എന്നോടും പറയ്.. ഞാനൂടെ ചിരിക്കട്ടെ.. " അവന്റെ ശബ്ദം കേട്ടു അവൾ തല ചെരിച്ചു നോക്കി.. അവന്റെ കിടപ്പും ആ തല പൊക്കി പിടിച്ചുള്ള നോട്ടവും കണ്ടതും അവളുടെ ചിരി വർധിച്ചു.. "എന്തെടി പോത്തേ ചിരിക്കുന്നെ.. അതിനും മാത്രം എന്ത് സ്വപ്നമാ നീ കണ്ടത്.. പറയെടി.. " അവൻ കലിപ്പ് ആയി.. "ഒരു കുന്തം..എന്തേ വേണോ..? " "ആ വേണം.. അത് കിട്ടിയിട്ട് വേണം നിന്റെ തലയൊന്നു അടിച്ചു പൊട്ടിക്കാൻ..എന്റെ സ്ഥാനത്താ നീ ഇവനെ കിടത്തിയേക്കുന്നെ.. ഉറങ്ങിയെങ്കിൽ എടുത്തു മാറ്റി കിടത്തിവനെ.. എനിക്ക് ഉറക്കം വരണില്ല.. " അവൻ മുഖം ചുളിച്ചു.. "നല്ല കാര്യമായിപ്പോയി..ഇവൻ അപ്പോഴേ പറഞ്ഞതല്ലേ പൊക്കോളാൻ..അന്നേരം ഡയലോഗ് അടിച്ചതും കയറി കിടന്നതും നീയല്ലേ..എന്നിട്ടിപ്പോ എന്നെയും ഇവനെയും പറയുന്നോ..? " അവൾ കണ്ണുരുട്ടി കാണിച്ചു..

"ഓ..നിങ്ങളൊന്നു ഉറങ്ങുന്നുണ്ടോ.. മനുഷ്യൻമാരുടെ ഉറക്കം കളയാൻ വേണ്ടിട്ട്..എപ്പോഴും താജ് കിടക്കുന്നില്ലേ..ഇന്നൊരു ദിവസം ലൈലൂൻറെ അടുത്ത് ഞാൻ കിടന്നെന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല.. താജ്ന് വയ്യെങ്കിൽ എണീറ്റു പൊക്കോ.. " സനു കിടന്നിടത്ത് നിന്നു തന്നെ പറഞ്ഞിട്ട് ദേഹത്തെ പുതപ്പ് വലിച്ചെടുത്തു തലയിലേക്ക് ഇട്ടു.. "പോടാ പട്ടി..ഇനി ഇവിടെത്തന്നയല്ലേ നീ.. നിനക്ക് ഉള്ളത് സമയം പോലെ തന്നോളാം ഞാൻ.. " താജ് പിറു പിറുത്ത് കൊണ്ട് മറുവശത്തേക്ക് തിരിഞ്ഞു കിടന്നു.. ലൈലയ്ക്ക് ഉറക്കെ ചിരിക്കാൻ തോന്നുന്നുണ്ടായിരുന്നു.. ചിരിച്ചാൽ സനു ഉണ്ടെന്നൊന്നും നോക്കില്ല അവൻ..ആഞ്ഞു പെരുമാറി കളയും..അതോർത്തു അവൾ കൈ കൊണ്ട് വാ പൊത്തി ചിരി ഒതുക്കി..കുറച്ച് നേരം കടന്നു പോയി..ഉറക്കം തട്ടി അവൾ കണ്ണുകൾ അടച്ചിരുന്നു.. കവിളിലൂടെ എന്തോ ഇഴഞ്ഞു നീങ്ങുന്നതു അവൾ അറിഞ്ഞു..വേഗം കണ്ണുകൾ തുറന്നു. അവന്റെ കൈ വിരൽ ആണെന്ന് കണ്ടതും ഇപ്പോ ശെരിയാക്കി താരാടാന്നും മനസ്സിൽ പറഞ്ഞിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ കണ്ണുകൾ അടച്ചു തന്നെ കിടന്നു.

.അവന്റെ വിരൽ ഇഴഞ്ഞു ഇഴഞ്ഞു ചുണ്ടിലേക്ക് എത്തി.. അവളൊന്നും നോക്കിയില്ല.. ചുണ്ട് തുറന്നു ആ വിരൽ വായിക്കുള്ളിലേക്ക് ആക്കി ഒരൊറ്റ കടി വെച്ചു കൊടുത്തു.. "ആാാാ... " അവനത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. പെട്ടെന്നു ആയത് കൊണ്ട് അറിയാണ്ട് അലറിപ്പോയി.. "താജ്.... " സനു കടുപ്പിച്ചു വിളിച്ചു.. "ഓ... " അവൻ പല്ല് കടിച്ചു പിടിച്ചു.. എന്നിട്ട് ഇതിനുള്ളതു ഞാൻ തന്നിരിക്കുമെടീന്നുള്ള അർത്ഥത്തിൽ അവളെ ദഹിപ്പിക്കുന്ന പോലൊരു നോട്ടവും നോക്കി പുതപ്പ് എടുത്തു തലവഴിയിട്ട് കമിഴ്ന്നു കിടന്നു..അപ്പോഴേക്കും അവൾ ശബ്ദം ഉണ്ടാക്കാതെ ചിരിച്ചു ചിരിച്ചു ഒരുവിധം ആയി പോയിരുന്നു..രണ്ടാൾടെയും അനക്കമൊന്നും പിന്നെ കേൾക്കാതെ ആയതും അവളും പുതപ്പ് വലിച്ചിട്ടു കിടന്നു.. ** രാത്രിയിൽ അവളെ ഒട്ടി പിടിച്ചു കിടന്ന സനു രാവിലെ താജ്ൻറെ നെഞ്ചിൽ ചേർന്ന് കിടപ്പുണ്ട്.. കണ്ണ് തുറക്കുമ്പോൾ തന്നെ അവൾ കണ്ടത് അതാണ്..ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..സൈഡിൽ കിടക്കുന്ന ഷാളും എടുത്തു കഴുത്തിലേക്ക് ഇട്ടു

അവൾ ബെഡിന്ന് എഴുന്നേറ്റു..നേരെ പോയത് താജ് കിടക്കുന്ന സൈഡിലേക്ക് ആണ്..രണ്ടിന്റെ ദേഹത്തും പുതപ്പില്ല..ചവിട്ടി താഴെ ഇട്ടിട്ടുണ്ട്..അവൾ അതെടുത്തു രണ്ടുപേരെയും പുതപ്പിച്ചു.. സനുവിന്റെ തലയിൽ ഒന്ന് തലോടി നെറ്റിയിൽ ഉമ്മ വെച്ചു..ശേഷം അവൾ താജ്നെ നോക്കി..ഉറങ്ങി കിടക്കുമ്പോൾ തനി പൂച്ച കുഞ്ഞാണ്..ഉണർന്നാലാണ് സിംഹം..ആ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി നിക്കും തോറും അവളുടെ ചുണ്ടിലെ പുഞ്ചിരി വർധിച്ചു കൊണ്ടിരുന്നു.. ആ മുഖമകെ ചുംബനം കൊണ്ട് പൊതിയണമെന്ന് തോന്നി അവൾക്ക്..സനു നല്ല ഉറക്കത്തിൽ ആണെന്ന് ഉറപ്പുള്ളതോണ്ട് അവൾ പതിയെ കുനിഞ്ഞു താജ്ന്റെ കവിളിൽ ചുംബിച്ചു..ശേഷം പതിയെ ചുണ്ടുകളെ അവന്റെ ചുണ്ടുകളിൽ ചേർത്തു മൃദുവായി ഒരു മുത്തം കൊടുത്തു.. കുസൃതിയോടെ അവന്റെ മറു കവിളിൽ ചെറിയൊരു കടിയും കൊടുത്തിട്ടു പോകാൻ തുടങ്ങിയതും കയ്യിൽ പിടി വീണു.. അവൾ തിരിഞ്ഞു നോക്കുമ്പോഴേക്കും അവൻ അവളെ വലിച്ചിരുന്നു..

സനുവിന്റെ ദേഹത്ത് തട്ടാതെ അവൾ അവന്റെ ഇടത്തെ മാറിൽ വന്നു വീണു..ഉടനെ അവന്റെ ഒരു കൈ അവളുടെ നടുവിനെ ചുറ്റി.. "അപ്പൊ ഉറക്കത്തിലല്ല..അല്ലേ..? " കണ്ണുകൾ അടച്ചു കിടക്കുന്ന അവന്റെ മുഖത്തൂടെ വിരൽ ഓടിച്ചു കൊണ്ട് പതുക്കെ ചോദിച്ചു അവൾ.. "നിന്നോട് ചേർന്ന് കിടക്കാതെ എന്ത് ഉറക്കമാടി..ഇവൻ ഉണ്ടേലും കുഴപ്പമില്ല..ഒരു ഭാഗത്ത്‌ ഇവൻ കിടന്നോട്ടെ.. പക്ഷെ മറുഭാഗത്തു, ദേ ഇതുപോലെ.. ഈ നെഞ്ചോടു ചേർന്ന് നീ വേണം.. " അവൻ കണ്ണ് തുറന്നു അവളെ നോക്കി..ഒപ്പം കൈ ഉയർത്തി അവളുടെ നെറുകിൽ തഴുകുകയും ചെയ്തു.. "അയ്യോടാ..മോൻ ഇന്ന് രാവിലെതന്നെ നല്ല റൊമാന്റിക് ആണല്ലോ.. " "ഞാൻ എപ്പോഴും റൊമാന്റിക് തന്നെയാ..പക്ഷെ നീയൊരു unromantic മൂരാച്ചിയായതു കൊണ്ട് അത് മനസ്സിലാകുന്നില്ലന്ന് മാത്രം.. " "പോടാ.. " അവൾ അവന്റെ നെഞ്ചിനിട്ടൊരു കുത്ത് വെച്ചു കൊടുത്തു.. "തന്നത് മതിയായില്ല..ഒരു രണ്ടെണ്ണം കൂടെ താടി.. " അവന്റെ ചൂണ്ടു വിരൽ അവളുടെ തുടുത്ത അധരത്തെ തലോടി.. "രാവിലത്തെ കോട്ട കഴിഞ്ഞു..

ഇനി രാത്രിയിൽ..പൊന്നു മോൻ വിട്ടേ.. നിസ്കരിക്കാൻ ഉള്ളതാ.. നിനക്ക് അതൊന്നും ബാധകം ഇല്ലെന്നു പറഞ്ഞിട്ട് എനിക്കും അങ്ങനെ പറ്റില്ല..വിടു മുത്തേ.. നേരം പോകുന്നു.." അവൾ അവന്റെ പിടിവിടുവിച്ചു എഴുന്നേറ്റു കുളിക്കാൻ പോയി.. അവൻ ആണേൽ തന്റെ വലത്തേ മാറിൽ കിടക്കുന്ന സനുവിനെ രണ്ടു കൈ കൊണ്ടും ചുറ്റി പിടിച്ചിട്ടു വീണ്ടും കണ്ണുകൾ അടച്ചു കിടന്നു.. ** സനുവിനെ അവൾ എട്ടരയാകുമ്പോഴെ റെഡിയാക്കി ഡ്രൈവറുടെ ഒപ്പം സ്കൂളിലേക്ക് വിട്ടിരുന്നു.ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കലും അത് കഴിഞ്ഞുള്ള ബാക്കി ജോലികളുമൊക്കെ പെട്ടെന്നു തന്നെ തീർത്തു അവൾ മുറിയിലേക്ക് വന്നു..ഫോണും എടുത്തു താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് താജ് മുറിയിലേക്ക് വന്നത്.. "ഇത് എങ്ങോട്ടാ ഇത്ര തിരക്കിട്ട്..." അവളുടെ ദൃതി കണ്ടു അവൻ ചോദിച്ചു.. "ഞാനിപ്പോ വരാം..ഒന്ന് നുസ്രയുടെ വീട്ടിൽ പോയിട്ട്.. " "നുസ്രയുടെ വീട്ടിലോ...?അതെന്തിനാ ഇപ്പോ അവിടെ പോകുന്നത്..? " അവൻ സംശയത്തോടെ ചോദിച്ചു.. "അതൊക്കെ ഉണ്ട്..." "ഏതൊക്കെ..പറയെടി.. "

"ഇല്ല..ഞാൻ വന്നിട്ട് പറയാം.. ഇല്ലെങ്കിൽ കാര്യമൊക്കെ കഴിഞ്ഞതിനു ശേഷം.. നീയും അങ്ങനെ തന്നെയല്ലേ.. ഒരു സ്ഥലത്ത് പോകുമ്പോഴോ കൊണ്ട് പോകുമ്പോഴോ എങ്ങോട്ടാ എവിടെക്കാ എന്താ കാര്യം എന്നൊന്നും നീ പറയാറില്ല..എല്ലാം കഴിഞ്ഞതിനു ശേഷമാ പറയാറ്.. ഇനി ഞാനും അങ്ങനെയാ.. " "എന്നാൽ പോടീ.. " അവൻ മുഖം തിരിച്ചിട്ട് ബെഡിലേക്ക് ഇരിക്കാൻ തുടങ്ങി.. "പിണങ്ങല്ലേ.. " അവൾ വേഗം അവന്റെ കയ്യിൽ പിടിച്ചു നിർത്തിച്ചു.. "ഞാൻ എന്തിനാ പിണങ്ങുന്നത്.. ഇന്നാള് ഞാൻ പറഞ്ഞത് കാര്യമായിട്ടാ..എന്റൊപ്പം ഇരിക്കാനും സംസാരിക്കാനും മാത്രമേ നിനക്ക് നേരം ഇല്ലാത്തതുള്ളൂ..ബാക്കി എല്ലാത്തിനും നേരമുണ്ട്...എപ്പോ നോക്കിയാലും അപ്പുറത്തെ വീട്ടിലും ഇപ്പുറത്തെ വീട്ടിലുമൊക്കെയാ..ഇപ്പൊ പിന്നെ സനുവും ഉണ്ട്..അതോണ്ട് കൂടുതൽ ഒന്നും പറയണ്ടല്ലോ.. " "എടാ..ഇന്നൊരു ദിവസം കൂടി.. ഈയൊരു ദിവസം കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ നിന്റൊപ്പമാ..നാളെ മുതൽ സദാ നേരവും നിന്റെ ഒപ്പം നിന്റെ അടുത്ത് തന്നെ ഉണ്ടാകും..

ഫുൾ ടൈം നിന്നെ തോണ്ടിയും വഴക്ക് ഇട്ടോണ്ടും നിന്നെ ഒട്ടി തന്നെ ഇരുന്നോളാം..നീ സഹികെട്ടു എണീറ്റു പോടീന്ന് അലറാതെ ഞാൻ നിന്റെ അടുത്തുന്ന് മാറില്ല..." "അതെന്താ അങ്ങനെ...നാളെ മുതൽ എന്ന് പറയാൻ നാളെയ്ക്ക് എന്താ ഒരു പ്രത്യേകത..ഇന്ന് ഇത്ര ദൃതി പിടിച്ചു നടക്കാൻ നാളെ എന്താടി നിനക്ക് ഉള്ളത്.." "അതൊക്കെ ഉണ്ട്..എല്ലാം നിനക്ക് നാളെ മനസ്സിലാകും..നാളെ മനസ്സിലാക്കി തരാം ഞാൻ..ഇപ്പൊ ഞാൻ പോയിട്ട് വരട്ടേ.. " അവൾ റൂമിന് വെളിയിലേക്ക് നടന്നു..എന്തോ ഓർത്ത പോലെ പെട്ടെന്നു തിരിഞ്ഞു അകത്തേക്ക് തന്നെ വന്നു..എന്നിട്ടു ചുറ്റിനും നോക്കി.. "എന്തെടി..വല്ലതും മറന്നോ..അവൾ എന്തേലും കൊണ്ട് പോകാൻ പറഞ്ഞിട്ടുണ്ടോ..?" "ആാാ മറന്നു.. പക്ഷെ അവൾക്ക് കൊടുക്കാൻ ഉള്ളതോ കൊണ്ട് പോകാനോ ഉള്ളത് ഒന്നുമല്ല..നിനക്ക് തരാനുള്ളതാ..." അവൾ അവന്റെ അരികിലേക്ക് വന്നു വേഗം കവിളിൽ ഒരുമ്മ കൊടുത്തു.. "അപ്പൊ കോട്ട തീർന്നില്ലേ.. ഇനി രാത്രിയെ ഉള്ളൂന്ന് പറഞ്ഞിട്ട്.. " അവൻ അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് ചോദിച്ചു..

"ആ..തീർന്നതാ...പക്ഷെ കെട്ട്യോൻ ആയി പോയില്ലേ.. പാവം അല്ലേന്ന് കരുതിയിട്ടാ.." അവൾ അവന്റെ രണ്ടു കയ്യും എടുത്തു മാറ്റി.. "ഓഹോ..അങ്ങനെയാണോ..? " അവൻ അവളിലേക്ക് ചേർന്ന് നിന്നു... "ആ.. അങ്ങനെ തന്നെയാ. നിന്റെ നോട്ടവും ഭാവവുമൊന്നും ശെരിയില്ല.. ഇനി ഇവിടെ നിന്നാൽ നീ എപ്പോഴാ എനിക്ക് പണി തരുകയെന്നും പറയാൻ കഴിയില്ല.. സോ പോയി വന്നിട്ട് കാണാം.. അങ്ങോട്ട്‌ മാറി നിക്കടാ തെമ്മാടി.. " അവൾ അവനെ പിടിച്ചു ഒരു തള്ള് വെച്ചു കൊടുത്തു.. അവൻ എടീന്നും വിളിച്ചു അടുത്തേക്ക് വരുമ്പോഴേക്കും അവൾ ഓടി താഴേക്ക് എത്തിയിരുന്നു.. ** "അയ്യേ..എന്ത് ബോറാ ഇത്.. എനിക്കൊന്നും വയ്യ ഇങ്ങനെ.. ശേ.. എല്ലാം ഒരുമാതിരിയുണ്ട്.. വൃത്തികേട്.. " നുസ്ര കാണിച്ച പ്രൊപ്പോസൽ വീഡിയോ കണ്ടിട്ട് അവൾ എന്തോ വേണ്ടാത്തത് കണ്ടത് പോലെ മുഖം ചുളിച്ചു ബെഡിലേക്ക് ഇരുന്നു.. "അയ്യോടാ..ആരാ ഈ പറയണേ.. നീയാണോ..ബോർ ആണേൽ ഈ പണിക്കു നിക്കരുതായിരുന്നു.. ഒരുമാതിരി ആണേൽ നീ പ്രണയിക്കരുതായിരുന്നു..

ഇതിപ്പോ അവനോടുള്ള പ്രണയം അസ്ഥിക്ക് പിടിച്ചു നടക്കുവാ.. അവനും സർപ്രൈസും കൊടുക്കണം.. എന്നാലൊട്ട് ഇതൊന്നും പറ്റേമില്ല.. നീ ആരെടീ..ശീലാവതിയോ.." നുസ്ര അവളെ നോക്കി പേടിപ്പിച്ചു.. "എടീ..അതല്ല..ഇതൊക്കെ കുറച്ച് ഓവറാ..എനിക്ക് നാണക്കേട് ആവും ഇതിലുള്ളതു പോലൊക്കെ പറയാൻ..എന്ത് പൈങ്കിളിയാ ഇതൊക്കെ.. " "സത്യം പറയെടി..നീ ഇതിന് മുൻപ് പ്രണയിച്ചിട്ടുണ്ടെന്ന് പറഞ്ഞത് നേരാണോ.. എടീ പോത്തേ.. പ്രണയം എന്നാൽ അല്പ സ്വല്പം പൈങ്കിളി തന്നെയാ.. ഇതിപ്പോ താജ് ആദ്യം പറഞ്ഞോണ്ടിരുന്ന പോലെയായി..പൈങ്കിളിയാവാനും പറ്റില്ല..ഒലിപ്പിക്കാനും പറ്റില്ല.. എന്നാലും പ്രണയമായിരുന്നു.. നിന്നെ വേണമായിരുന്നു അവന്.. നല്ല കടു കട്ടിയും ചൂടുമുള്ള പ്രണയം..അതുപോലെ തന്നെയാ നീ. ഏതായാലും എല്ലാം കൊണ്ടും ഒരു ജോഡി തന്നെയാ നിങ്ങള്.. " നുസ്ര വീണ്ടും പറഞ്ഞു.. അവളൊന്നും മിണ്ടിയില്ല.. മുഖവും ചുളിച്ചു പിടിച്ചുള്ള അതേ ഇരുപ്പ് ഇരുന്നു.. "അറിയാം മേലാഞ്ഞിട്ട് ചോദിക്കുവാ..എന്താ നിന്റെ പ്രശ്നം.." നുസ്ര കൈ രണ്ടും നടുവിൽ കുത്തി നിന്നു അവളെ തറപ്പിച്ചു നോക്കി..

"ഞാൻ പറഞ്ഞല്ലോ..നാണക്കേട്.. " "ദേ..ഇനി പറയാൻ ഒന്നും നിക്കില്ല.. ഒരൊറ്റ വീക്ക് വെച്ചു തരും ഞാൻ.. പബ്ലിക് ആയിട്ടു അവനെ കെട്ടിപ്പിടിക്കാനോ ഉമ്മ കൊടുക്കാനോ നാണക്കേട് ഇല്ല..എന്തിന്.. അവന്റെ കൂടെ കിടന്നുറങ്ങുന്നതിന് വരെ നാണക്കേട് ഇല്ല നിനക്ക്.. എന്നിട്ടാ ഈ രണ്ടു ഡയലോഗ് പറയാൻ.. നിന്നെയൊക്കെ ഞാൻ എന്താടി വേണ്ടത്.. " "അല്ലാഹ്...ഞാൻ എങ്ങനെയാ ഒന്നു പറഞ്ഞു മനസ്സിലാക്കി തരുക..ഞാൻ ഇന്ന് വരെ അവനോട് ഇങ്ങനൊന്നും സംസാരിച്ചിട്ടില്ലടീ.. അത് അവൻ ഒറ്റയ്ക്ക് ഉണ്ടാകുമ്പോൾ പോലും.. എന്നിട്ടാ ഇപ്പൊ എല്ലാരുടെയും മുന്നിൽ വെച്ചിട്ട്..എനിക്ക് വയ്യാ.. ഞാനിത് ക്യാൻസൽ ചെയ്തു.. ഞാൻ അവനെ രാത്രി ബെഡ്‌റൂമിന്ന് പ്രൊപ്പോസ് ചെയ്തോളാം..നിന്നെയും എബിയെയുമൊന്നും എനിക്ക് ഒരു തരിക്ക് പോലും വിശ്വാസമില്ല.. പിന്നെ എന്റെ അനിയനെന്ന് പറയുന്ന ആ കുരിപ്പിനെയും.. എന്നെ കളിയാക്കി കൊല്ലും നിങ്ങളെല്ലാം കൂടി..." "എടീ..ഞാനൊന്നു ചോദിക്കട്ടെ.. നീയും അവനും തമ്മിൽ എല്ലാം കഴിഞ്ഞോ..? "

"പ്ഫാ..എരപ്പേ..ഒരുമാതിരി മറ്റേടത്തെ ചോദ്യം ചോദിച്ചാൽ ഉണ്ടല്ലോ.. " "ചോദിച്ചാൽ എന്താ.. ഞാൻ നീയും അവനുമായിട്ടുള്ള കാര്യമാ ചോദിച്ചത്..അല്ലാണ്ട് അപ്പുറത്തെ പറമ്പിലെ നാരായണൻ ചേട്ടനുമായിട്ടുള്ള കാര്യമൊന്നും അല്ല.." "പോടീ പട്ടി.. " ലൈല മുഖം തിരിച്ചു കളഞ്ഞു.. "പൊന്നു മോളെ ലൈലൂസെ...ഇതിപ്പോ നീ അവനെ പ്രൊപ്പോസ് ചെയ്തെ പറ്റൂ.. കാരണം നിങ്ങൾ തമ്മിൽ ഒരു ലൈഫ് തുടങ്ങിയിട്ടില്ല.. ഉണ്ടായിരുന്നു എങ്കിൽ ഇപ്പൊ ഈ പ്രൊപ്പോസലിന്റെ ആവശ്യം ഇല്ലായിരുന്നു..ഇതിൽ നിന്നും തലയൂരാൻ പറ്റുമെന്നു നീ വിചാരിക്കണ്ട..വിചാരിച്ചാൽ തന്നെ ഞാൻ അതിന് സമ്മതിക്കില്ല.. എല്ലാം പറഞ്ഞത് പോലെ.. ഈ വീഡിയോയിലുള്ള പോലെ ഡയലോഗ് ആൻഡ് ലാസ്റ്റ് ലിപ് ലോക്ക്.. " "പിന്നെ പിന്നെ..നീ സ്വപ്നം കണ്ടാൽ മതി.. പറയാനും മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കാനുമൊക്കെ എളുപ്പമാ മോളെ..പക്ഷെ ആ അവസ്ഥയിൽ എത്തുമ്പോൾ അതിന് കഴിയില്ല.. എത്ര ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും ഇങ്ങനുള്ള സന്ദർഭങ്ങളിൽ അല്പം വിറയലും നെഞ്ചിടിപ്പുമൊക്കെ വരും..

നീ നിന്റെ കാര്യം തന്നെ ഒന്നു പറയെടി..എന്റെ സ്ഥാനത്തു നീ ആയിരുന്നു എങ്കിൽ ഇങ്ങനൊക്കെ ചെയ്യുമോ..? " "ഓ..എപ്പോ ചെയ്‌തെന്ന് ചോദിച്ചാൽ മതി..അതിന് നിന്റെ സ്ഥാനത്തു ആവണമെന്ന് പോലും ഇല്ല..മുന്ന അടുത്ത് ഉണ്ടായിരുന്നു എങ്കിൽ ഞാൻ എപ്പോ ചെയ്തെന്ന് ചോദിച്ചാൽ മതി... പക്ഷെ അവൻ എന്റെ അരികിൽ ഇല്ലല്ലോ.. " "എന്നാൽ നീ ഇതൊക്കെ ചെയ്യാൻ റെഡിയായി നിന്നോ.. അവൻ നാളെ മോർണിംഗ് ഇങ്ങെത്തും.. " "ങ്ങേ..നാളെയോ..എന്ന് അവൻ പറഞ്ഞോ..ഞാൻ വിളിച്ചപ്പോ ഒന്നും പറഞ്ഞില്ലല്ലോ..സത്യം ആണോടീ നീയിപ്പോ പറഞ്ഞത്.. " നുസ്രയുടെ മുഖം വിടർന്നിരുന്നു.. സന്തോഷത്തോടെ ചോദിച്ചു.. "ആ മുത്തേ..എനിക്ക് ഇന്നലെ സന്ധ്യാ നേരത്ത് വിളിച്ചിരുന്നു.. പക്ഷെ വരുന്ന കാര്യമൊന്നും പറഞ്ഞില്ല..ഇത് രാവിലെ അമനു വിളിച്ചപ്പോൾ പറയുന്നത് കേട്ടാ.. മോർണിംഗ് എത്തുമോ, സ്റ്റേഷനിലേക്ക് വരണോന്നൊക്കെ അമൻ ചോദിക്കുന്നുണ്ടായിരുന്നു അവനോട്.. " "ലീവ് ഇല്ലന്നൊക്കെയാണല്ലോ പറഞ്ഞത്..

താജ് ഇൻവൈറ്റ് ചെയ്തോണ്ട് വരാതെ ഇരിക്കാൻ തോന്നുന്നുണ്ടാകില്ല അവന്.. അല്ലേടി.. " "ഇൻവൈറ്റോ..അമനോ..മ്മ്.. നല്ല കഥയായി..നാളെ ബർത്ത് ഡേയ് ആണെന്ന് പോലും അവനു ഓർമ്മയില്ല..ഇപ്പൊ വരുമ്പോൾ ഞാൻ എന്തോ പറഞ്ഞു.. അപ്പൊ അവൻ ചോദിക്കുവാ..നാളെ എന്താ പ്രത്യേകതയെന്ന്..ഇനി ഓർമ ഉണ്ടായിട്ടും ഇല്ലാത്തത് പോലെ നടിക്കുകയാണോന്നും അറിഞ്ഞൂടാ.." "ഓർമ ഇല്ലാണ്ട് ഇരുന്നാൽ മതിയായിരുന്നു..എന്നാൽ അവൻ കൂടുതൽ സർപ്രൈസഡ് ആയേനെ..നീ വീഡിയോ നോക്കി പഠിക്ക്..ഒരു മിസ്റ്റേക്കും വരാൻ പാടില്ല..എല്ലാം പറഞ്ഞ പോലെ.. ഞാനൊന്നു മുന്നയ്ക്ക് വിളിച്ചു നോക്കട്ടേ.. വരുന്ന കാര്യം ചെറുക്കന് എന്നോട് പറയുന്നുണ്ടോന്ന് നോക്കട്ടെ.. " നുസ്ര ഒന്നു സൈറ്റ് അടിച്ചു ചിരിച്ചു കാണിച്ചിട്ട് ഫോണും എടുത്തു പുറത്തേക്ക് പോയി..അവൾ ബെഡിൽ കിടക്കുന്ന തന്റെ ഫോൺ എടുത്തു നോക്കി..നുസ്ര ഡൗൺലോഡ് ചെയ്തു കാണിച്ച വീഡിയോ ഓടുന്നുണ്ട് അതിൽ.. അവളൊന്നൂടെ അത് നോക്കി.. ശേഷം ബാക്ക് അടിച്ചു.. വേണ്ടാ..

ഇതൊന്നും വേണ്ടാ.. എന്താണോ ആ നേരം മനസ്സിൽ വരുന്നത്,, അത് മതി..അവന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന ആ നിമിഷം തന്റെ ഉള്ളിൽ വരുന്നത് എന്താണോ, അത് മാത്രം മതി തനിക്ക് അവനോട് പറയാൻ.. അവളൊരു നേർത്ത പുഞ്ചിരിയോടെ നിന്നു.. ** "വേണ്ടപ്പെട്ട എല്ലാരേയും ക്ഷണിച്ചില്ലേ.. ആരെയും ഒഴിവാക്കിയിട്ടില്ലല്ലോ.. മോളെ..നുസ്രയുടെ വീട്ടിൽ പറഞ്ഞല്ലോ അല്ലേ..? " "ഉവ്വ് ഉപ്പ..ഞാൻ നേരത്തേ പോയിരുന്നു.. എല്ലാരേയും ക്ഷണിച്ചിട്ടുണ്ട്..അവരൊക്കെ രാവിലേ എത്തിക്കോളും..പിന്നെ റഹി അങ്കിളിന്റെ, മുന്നയുടെ വീട്ടിലെ അങ്ങനെ കുറച്ച് നമ്പർസ് ഉമ്മാന്റെ കയ്യിൽ കൊടുത്തു.. ഉമ്മയാ എല്ലാവരെയും വിളിച്ചത്.." അവൾ മുംതാസ്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് താജുദീനോട് പറഞ്ഞു.. "എന്താ...എന്താ ഇവിടെ..? " സ്റ്റെയർ ഇറങ്ങി താഴേക്ക് വന്ന താജ് മൂന്നു പേരുടെയും സംസാരം കേട്ടു ചോദിച്ചു.. "താജ്..അത്...നാളെ നിന്റെ.... " ഉപ്പ പറഞ്ഞു തുടങ്ങിയതും അവൾ വേഗം ഉപ്പാന്റെ കയ്യിൽ പിടിച്ചു.. ഉപ്പ എന്താന്നുള്ള അർത്ഥത്തിൽ നോക്കിയതും അവൾ നശിപ്പിക്കല്ലേ മേയറെന്ന് ദയനീയമായി പതുക്കെ പറഞ്ഞു..

ഉപ്പാക്ക് അന്നേരമാണ് കാര്യം ഓടിയത്..ഒന്നു ചിരിച്ചു കാണിച്ചു.. "ഞാൻ ചോദിച്ചത് കേട്ടില്ലേ നിങ്ങൾ..എന്താ പറഞ്ഞു നിർത്തി കളഞ്ഞത്..എന്താ ഞാൻ അറിയാതെ ചില സംസാരങ്ങളും രഹസ്യം പറച്ചിലുമൊക്കെ.. " അവൻ വീണ്ടും ചോദിച്ചു.. "നീ അറിയാതെയോ..നീ അറിയാതെ എന്താ ഇവിടെ ഉള്ളത്.. ഒന്നുല്ല താജ്..നിനക്ക് തോന്നുന്നതാ.. " "വേണ്ടാ..മമ്മയും ഒളിക്കാൻ ശ്രമിക്കണ്ടാ..എന്താ ഏതാന്നൊക്കെ എനിക്ക് മനസ്സിലായി..നാളെത്തെ ദിവസം ഞാൻ മറന്നു പോയെന്ന് കരുതിയോ നിങ്ങൾ.. ഇല്ല.. മറന്നിട്ടില്ല..ഒരിക്കലും മറക്കുകയുമില്ല.. പക്ഷെ ഓർക്കുന്നത് എന്റെ ജന്മ ദിനമായിട്ടൊ സന്തോഷം നിറഞ്ഞൊരു ദിവസമായിട്ടൊ അല്ല.. വേദനയുള്ള ദിവസമായിട്ടാ.. വേദനയേറിയ ഒരു കറുത്ത ദിനമായിട്ടാ..ഞാൻ മാത്രമല്ല അന്ന് പിറന്ന് വീണത്..റമി കൂടെയാ.. അവൻ ഇന്ന് എവിടെ.. അവൻ ഇല്ലാതെയാണോ ഒരു പിറന്നാൾ ഞാൻ ആഘോഷിക്കേണ്ടത്..അവൻ അകന്ന് പോയതിൽ പിന്നെ എപ്പോഴാ ഞാൻ പിറന്നാൾ ആഘോഷിച്ചിട്ടുള്ളത്..ഇല്ല..ഒരുവട്ടം പോലും ആഘോഷിച്ചിട്ടില്ല..

അതുകൊണ്ട് ഇനിയും അങ്ങനെ തന്നെ മതി.. വരും വർഷങ്ങളിൽ ഒരു മാറ്റവും വേണ്ടാ.. നാളെയും വേണ്ടാ.. ഈ കഴിഞ്ഞു പോയ വർഷങ്ങളൊക്കെ എങ്ങനെയായിരുന്നോ അതുപോലെതന്നെ മതി.. " അവന്റെ മുഖത്തും ശബ്ദത്തിലുമെല്ലാം ദേഷ്യം നിറഞ്ഞു നിൽപ് ഉണ്ടായിരുന്നു..അത്രയും പറഞ്ഞിട്ട് അവൻ സ്റ്റെയറിലേക്ക് കയറി.. "അമൻ... " അവൾ വിളിച്ചെങ്കിലും അവൻ നിൽക്കാനോ ഒന്നു തിരിഞ്ഞു നോക്കാനോ പോലും കൂട്ടാക്കിയില്ല..മുകളിലേക്ക് കയറിപ്പോയി.. "നിങ്ങള് വിഷമിക്കണ്ട..അവനോട് ഞാൻ സംസാരിക്കാം..എങ്ങനേലും പറഞ്ഞു ശെരിയാക്കാം.. " താജുദീനും മുംതാസും എന്ത് ചെയ്യണമെന്ന് അറിയാതെ വേദനയോടെ നിൽക്കുവായിരുന്നു.. അത് കണ്ടു അവൾ പറഞ്ഞു.. "എനിക്ക് തോന്നുന്നില്ല അവൻ സമ്മതിക്കുമെന്ന്..അവന്റെ മനസ്സ് എനിക്കറിയാമായിരുന്നു.. എന്നിട്ടും ഞാൻ.. " താജുദീന് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു.. "അങ്ങനൊന്നുമില്ല.. സമ്മതിക്കും.. എത്ര വാശി കാണിച്ചാലും അവന് എപ്പോഴും വലുത് ഉപ്പാന്റെയും ഉമ്മാന്റെയും എന്റെയുമൊക്കെ സന്തോഷമാ..

അതിന് വേണ്ടി അവൻ എന്തും ചെയ്യാറുണ്ടല്ലോ.. അതുകൊണ്ട് സമ്മതിക്കും..എനിക്ക് ഉറപ്പാ..തസിയുമ്മാ.. ഒന്നു പറഞ്ഞു മനസ്സിലാക്കിയേ നിങ്ങടെ കണവനെ..ഞാൻ എന്റെ കണവനെ ഒന്നു കണ്ടിട്ട് വരാം.. " അവൾ മുംതാസ്നെ പിടിച്ചു താജുദീൻറെ അരികിലേക്ക് നിർത്തിയിട്ട് ഒന്നു ചിരിച്ചു കാണിച്ചു വേഗം മേളിലേക്ക് കയറിപ്പോയി..അവരോട് അങ്ങനൊക്കെ പറയുകയും ചിരിക്കുകയും ചെയ്തു എന്നേ ഉള്ളു.. അവളുടെ ഉള്ളിൽ എന്തോ ഒരു സങ്കടം തോന്നുന്നുണ്ടായിരുന്നു..അത് അവൻ സമ്മതിക്കില്ലേന്നോർത്തിട്ടാണോ അതോ ഒരുവേള റമിയെ ഓർത്ത് പോയിട്ടാണോ എന്ന് അവൾക്ക് അറിഞ്ഞില്ല..കഴിവതും കണ്ണ് നിറയാതെ നെഞ്ചിനെ ഉറപ്പിച്ചു നിർത്തി അവൾ..റൂമിലേക്ക് ചെല്ലുമ്പോൾ അവൻ മറുവശത്തേക്ക് തിരിഞ്ഞു ബെഡിൽ അമർന്നു ഇരിക്കുകയായിരുന്നു.. "അമൻ.. " അവൾ സൈഡിൽ ചെന്നു പതുക്കെ വിളിച്ചു.. "മ്മ്..എന്തുവേണം.. " അവൻ അവളെ നോക്കിയില്ല. മുന്നോട്ടു നോക്കി തന്നെ ചോദിച്ചു. "അത്...ഞാൻ... " അവന്റെ ദേഷ്യം കണ്ടു അവൾക്ക് ഭയം തോന്നുന്നുണ്ടായിരുന്നു..

"എന്താ നിനക്ക്..പറഞ്ഞു തുലയ്ക്കടീ.." അവൻ എണീറ്റു അവളുടെ നേരെ നിന്നു അലറി.. "എ..എനിക്ക് ഒന്നുമില്ല..എന്തിനാ താഴേന്ന് ദേഷ്യപ്പെട്ടത്..ഉപ്പാക്കും ഉമ്മാക്കും വിഷമം ആയി.. " അവൾ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു.. "എന്നാൽ അതേ വിഷമം തന്നെയല്ലേ എനിക്കും ഉള്ളത്..? " "അമൻ...അത്..നിന്നെ വിഷമിപ്പിക്കാൻ വേണ്ടിയല്ല.. " "എന്തിനായാലും വേണ്ടില്ല.. നാളെയൊരു സെലിബ്രേഷൻ വേണ്ടാ.. അത്രതന്നെ.. ഇനി ഇതിനെ കുറിച്ച് ഒരു വാക്ക് സംസാരിച്ചു പോകരുത്..എന്റെ മുന്നിൽ മാത്രമല്ല..ഈ വീട്ടിൽ പോലും.. " "എ..എന്തിനാ ഇങ്ങനെ ദേഷ്യപ്പെടണേ.." അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു..സാധാരണ ആ കണ്ണുകൾ നിറയുമ്പോൾ അവന്റെ ദേഷ്യം അടങ്ങാറുണ്ട്..പക്ഷെ ഇന്നത് ഉണ്ടായില്ല..നിയന്ത്രിക്കാൻ പോലും കഴിയുന്നില്ലായിരുന്നു അവന്..അത് കൊണ്ട് അവൻ അവളോട്‌ പുറത്ത് പൊക്കോളാൻ പറഞ്ഞു..അവൾ അത് അനുസരിച്ചു..ഒരുനിമിഷം പോലും പിന്നെ അവിടെ നിന്നില്ല.. മറ്റെന്തു സഹിക്കാം..ഇപ്പൊ സഹിക്കാൻ കഴിയാത്തത് അവൻ ദേഷ്യ പെടുമ്പോഴാണ്..

അത് അത്രയേറെ സ്നേഹം ഉള്ളത് കൊണ്ടാണെന്നു അവൾ തിരിച്ചറിഞ്ഞു..കണ്ണും തുടച്ചു താഴേക്ക് ഇറങ്ങി.. താജുദീനോടും മുംതാസ്നോടും എന്ത് പറയണമെന്ന് അവൾക്ക് അറിഞ്ഞില്ല..എങ്കിലും ഓരോന്ന് പറഞ്ഞു അവരെ സമാധാനപ്പെടുത്തി..പിന്നെ രാത്രി വരെ അവനെ താഴേക്ക് കണ്ടില്ല.. ഭക്ഷണം കഴിക്കാൻ വരുന്നതും കാണുന്നില്ല..പോയി വിളിക്കാൻ അവൾക്ക് പേടി തോന്നി..എന്ന് കരുതി പട്ടിണിക്കിടാൻ കഴിയില്ലല്ലോ..രണ്ടും കല്പിച്ചു മുറിയിലേക്ക് ചെന്നു..അവൻ ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു..അവൾ അടുത്ത് ചെന്നു രണ്ടുവട്ടം വിളിച്ചു.. മറുപടി ഒന്നും വന്നില്ല.. അത് കണ്ടു അവൾ കുനിഞ്ഞു അവന്റെ മുടിയിലൂടെ ഒന്നു തലോടിക്കൊണ്ട് വിളിച്ചു..അന്നേരവും മറുപടി ഇല്ലായിരുന്നു..അവൻ ഉറങ്ങിയെന്ന് തോന്നി അവൾക്ക്.. ബുദ്ധിമുട്ടിക്കണ്ടന്ന് കരുതി പോകാൻ ഒരുങ്ങി..എന്തോ കണ്ടത് പോലെ പെട്ടെന്നു അവൾ നിശ്ചലമാകുകയും തിരിഞ്ഞു നോക്കുകയും ചെയ്തു..അവൻ വെച്ചിരിക്കുന്ന തലയിണ നനഞ്ഞു കുതിർന്നിരിക്കുകയാണ്..അവളുടെ ഉള്ളിലൊരു പിടച്ചിൽ ഉണ്ടായി.. വേഗം അവന്റെ അരികിലേക്ക് ഇരുന്നു മുഴുവൻ ബലവും ഉപയോഗിച്ച് അവനെ പിടിച്ചു തന്റെ നേർക്ക് തിരിച്ചു കിടത്തി.. അവന്റെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുകയായിരുന്നു..

"എന്താ..എന്താടാ പറ്റിയത്..എന്തിനാ കരയണെ...വേണ്ടടാ..നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട..നിനക്ക് ഇഷ്ടം അല്ലാത്തത് ഒന്നും എനിക്കും വേണ്ടാ..എനിക്ക് മാത്രല്ല.. ഈ വീടിനും ഇവിടെ ഉള്ളവർക്കുമൊന്നും വേണ്ടാ.. ഉപ്പാനോടും ഉമ്മനോടും ഞാൻ പറഞ്ഞോളാം..അവരെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.. ഇനി ആ കാര്യം സംസാരിക്കില്ല ഞങ്ങളു ഇവിടെ..നിന്നെ ഞാൻ ഒന്നിനും നിർബന്ധിക്കില്ല.. കരയാതെ..." അവൾക്ക് സഹിക്കുന്നില്ലായിരുന്നു.. അവനോട് ചേർന്നിരുന്നു അവന്റെ മുഖം കൈകളിൽ കോരി എടുത്തു തന്റെ മാറോടു ചേർത്തു പിടിച്ചു.. "എനിക്ക് വയ്യടി..കഴിയുന്നില്ല.. നീ കരയുമ്പോൾ നിന്നെ സമാധാനിപ്പിക്കാറുണ്ട് ഞാൻ.. ഡാഡ്നെ.. മമ്മയെ.. അങ്ങനെ എല്ലാവരെയും..നിങ്ങളൊക്കെ റമിയെ കുറിച്ച് ഓർക്കുകയും പറയുകയുമൊക്കെ ചെയ്യുമ്പോൾ ഞാൻ മനക്കട്ടിയോടെയാ പെരുമാറിയത്..പക്ഷെ അപ്പോഴൊക്കെ എന്റെ നെഞ്ച് നീറുകയായിരുന്നു.. എത്രയായാലും മറക്കാൻ കഴിയുന്നില്ലടീ.. അവൻ ഈ ലോകത്ത് ഇല്ലെന്നു വിശ്വസിക്കാൻ ആകുന്നില്ല എനിക്ക്..

ഇന്നല്ലങ്കിൽ നാളെ.. ഒരുദിവസം അവൻ വരുമെന്ന പ്രതീക്ഷയാ ഇപ്പോഴും എനിക്ക്.. ഞാൻ പോലും അറിയാതെ എന്റെ മനസ്സ് അവനെ കാത്തിരിക്കുകയാ.. ഒരുവട്ടം..ഒരേയൊരു വട്ടം കണ്ടാൽ മതിയായിരുന്നു..അവസാനമായിട്ടൊരു നോക്ക് കാണാൻ കൂടി കഴിഞ്ഞില്ലല്ലോ..അത്രക്കും ഹതഭാഗ്യവനായി പോയില്ലേ ഞാൻ..ഞാൻ അവന്റെ കൂടെ പിറപ്പാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാടി ഉള്ളത്.. " ഒരു കൊച്ചു കുഞ്ഞിനെ പോലെ അവളുടെ മാറിൽ മുഖം അമർത്തി തേങ്ങുകയായിരുന്നു അവൻ.. അവനെ സമാധാനിപ്പിക്കാൻ ഒരക്ഷരം പോലും അവളിൽ നിന്നും പുറത്തേക്ക് വന്നില്ല.. കഴിയുന്നില്ലായിരുന്നു അവൾക്കും.. എല്ലാത്തിനും കാരണക്കാരി താൻ ആണല്ലോന്നുള്ള തോന്നലിൽ നെഞ്ച് പൊട്ടുന്ന വേദനയോടെ ഇരുന്നു.. പക്ഷെ അവനു ആശ്വാസം നൽകാൻ എന്ന വണ്ണം അവളുടെ കരങ്ങൾ അവന്റെ മുടിയെയും പുറം ഭാഗത്തെയും തലോടി കൊണ്ടേയിരുന്നു..കുറച്ച് നിമിഷങ്ങൾ കടന്നു പോയി.. അവന്റെ തേങ്ങലുകൾ കുറഞ്ഞു.. പതിയെ അവളുടെ മാറിൽ നിന്നും അടർന്നു മുഖം അമർത്തി തുടച്ചു.. "എന്റെ സന്തോഷത്തിനാ നീയും ഡാഡും മമ്മയുമൊക്കെ പ്രാധാന്യം കൊടുക്കുന്നത്..അങ്ങനെയുള്ള നിങ്ങളുടെ സന്തോഷം ഇല്ലാതെയാക്കാൻ എനിക്ക് കഴിയില്ല.

.ആഘോഷിക്കാം നമുക്ക്.. എങ്ങനെയാണോ നീ ആഗ്രഹിച്ചത്.. എന്തൊക്കെയാണോ നീ പ്ലാൻ ചെയ്തിട്ടുള്ളത്.. അതേ പടി തന്നെ സെലിബ്രേറ്റ് ചെയ്യാം.. " "അമൻ.. " അവൾ വേദനയോടെ അവന്റെ മുഖത്തേക്ക് നോക്കി.. "വേണ്ടാ..ഈ കണ്ണ് നിറയുന്നത് കാണണ്ട എനിക്ക്..ഡാഡും മമ്മയും രണ്ടു മക്കൾക്ക്‌ ജന്മം നൽകി..അതിൽ ഇന്ന് ഞാൻ മാത്രമേ ഉള്ളു..താഴത്തും തലയിലും വെക്കാതെയാ ഡാഡ് എന്നെ വളർത്തിയത്..എന്നിട്ടും ഞാൻ സന്തോഷം കൊടുക്കുന്നില്ലന്ന് പറഞ്ഞാൽ..അവരുടെ മനസ്സും ആഗ്രഹങ്ങളുമൊന്നും മനസ്സിലാക്കുന്നില്ലന്ന് പറഞ്ഞാൽ.. തെറ്റല്ലേ..ഞാൻ ചെയ്യുന്ന വല്യ തെറ്റായി പോകില്ലേ അത്.. അവൻ എല്ലാവരെയും വിട്ടു ദൂരെ പോയി.. അവനെ ഓർത്ത് ഞാൻ ഇങ്ങനെയായാൽ സഹിക്കുമോ ഡാഡ്ന്..രണ്ടു മക്കളെയും നഷ്ടപ്പെട്ടതിന് തുല്യമല്ലെ അത്.. വേണ്ടാ..അങ്ങനൊന്നും വേണ്ടാ.. ഡാഡും മമ്മയും എന്താണാവോ ആഗ്രഹിക്കുന്നത്..അത് നടക്കണം.. അവർക്ക് വേണ്ടിയാ ഞാൻ ജീവിക്കുന്നത്..അതാ റമിക്കു സന്തോഷം..എല്ലാം കണ്ടു അവൻ ആനന്ദിക്കുന്നുണ്ടാകും..അത് മതി.. അതുമാത്രം.. "

അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.. "ഞാൻ..എനിക്ക് അറിയാഞ്ഞിട്ടല്ല അമൻ..നിന്റെ മനസ്സ് ഞാൻ വായിക്കാഞ്ഞിട്ടല്ല.. നിനക്ക് ബർത്ത് ഡേയ് സെലിബ്രേറ്റ് ചെയ്യുന്നതിൽ ഒരു താല്പര്യവും ഇല്ലെന്നു എനിക്കറിയാം.. ഉപ്പയും പറഞ്ഞിട്ടുണ്ട്.. പക്ഷെ ഉമ്മ ആഗ്രഹം പറഞ്ഞപ്പോൾ.. പിന്നെ ഉമ്മാന്റെയും കൂടെ ബർത്ത് ഡേയ് അല്ലേ നാളെ..അപ്പൊ ഉപ്പാക്കും ആഗ്രഹം..സെലിബ്രേറ്റ് ചെയ്തു കളയാമെന്ന്..ഒപ്പം ഞാനും ആഗ്രഹിച്ചു പോയി..അത് പക്ഷെ റമിയെ മറന്നിട്ടില്ല.. അവനെ ഓർത്തിട്ട് തന്നെയാ.. " അവളുടെ ശബ്ദം ഇടറിയിരുന്നു..വീണ്ടും കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി.. "വേണ്ടാ..ഇനി കരയണ്ട..ഈ കണ്ണ് നിറയുന്നത് കാണണ്ടന്നല്ലേ പറഞ്ഞത്.. " അവൻ ശാസനയോടെ പറഞ്ഞിട്ട് ചുണ്ടുകൾ കൊണ്ട് അവളുടെ കണ്ണുനീർ ഒപ്പി എടുത്തു..അവളൊന്നും മിണ്ടിയില്ല.. അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഇരുന്നു..അവന്റെ കൈകൾ അവളെ പൊതിഞ്ഞു..കുറച്ച് നേരം അങ്ങനെ ഇരുന്നു..പിന്നെ അവൾ എണീറ്റു മുഖം തുടച്ചു അവനെയും കൂട്ടി ഭക്ഷണം കഴിക്കാൻ വേണ്ടി താഴേക്ക് ഇറങ്ങി.. **

മുഖത്തു വെള്ളം വന്നു വീണതിനെ തുടർന്നാണ് അവന് ഉറക്കം ഞെട്ടിയത്..നോക്കുമ്പോൾ മുന്നിൽ ജഗ്ഗും പിടിച്ചു ഇളിച്ചോണ്ട് നിൽക്കുന്ന അവളെ കണ്ടു..അവനു കലിപ്പ് ഏതു വഴിയാ വന്നതെന്നറിഞ്ഞില്ല.. എഴുന്നേറ്റിരുന്നു ഒരൊറ്റ അലർച്ച അലറി അവൻ... "എന്താടി കോപ്പേ നിനക്ക്.. " "HAPPY BIRTHDAY DEAR KETTYON.. സമയം നോക്ക്..പന്ത്രണ്ട് മണി.. " അവൾ നിറഞ്ഞ പുഞ്ചിരിയോടെ കുനിഞ്ഞു അവനെ ഹഗ് ചെയ്തു.. അവൻ ക്ലോക്കിലേക്ക് നോക്കി.. കറക്റ്റ് പന്ത്രണ്ട് മണി..അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. പക്ഷെ അത് അവൻ പുറത്ത് കാണിച്ചില്ല..ഗൗരവത്തിൽ തന്നെ ഇരുന്നു.. "ഇതിന് വേണ്ടിയാണോ നീയെന്റെ തലവഴി വെള്ളം കമഴ്ത്തിയത്.. ഞാൻ ഇവിടെ തന്നെയല്ലേ.. എങ്ങോട്ടും പോകുന്നില്ലല്ലോ.. രാവിലെ പറഞ്ഞാൽ മതിയാരുന്നല്ലോ..ഇപ്പൊ എന്റെ ഉറക്കം കളയണമായിരുന്നോ നിനക്ക്..? " "നിന്നെ ആദ്യം വിഷ് ചെയ്യുന്നത് ഞാൻ ആകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു..ഒപ്പം ആഗ്രഹവും..അതുകൊണ്ടാ..

നീ ഉറക്കം ഉണരുന്നതും നോക്കി നിന്നാൽ രാവിലെ ഏഴെട്ട് മണിയാകും..അപ്പോഴേക്കും എബിയോ മുന്നയോ ഒക്കെ നിന്നെ വിളിച്ചു വിഷ് ചെയ്തിട്ടുണ്ടാകും.. അപ്പൊ ഞാൻ ഫസ്റ്റ് ആകൂലല്ലോ.. പിന്നെ വെള്ളം കമിഴ്ത്തിയത്.. ഞാൻ അത്രയല്ലേ ചെയ്തുള്ളൂ.. നീ എന്നേ ചെയ്തത് പോലെ മനുഷ്യൻമാരുടെ ജീവൻ പോകുന്നത് പോലുള്ള നുണയൊന്നും പറഞ്ഞില്ലല്ലോ..കൃത്യ സമയത്ത് ഉണർത്താൻ വെള്ളം കമിഴ്ത്തലാ ബെസ്റ്റ്.. " അവൾ ചിരിച്ചു.. "പോടീ അവിടെന്ന്.. " അവൻ മുഖം തിരിച്ചു കളഞ്ഞിട്ടു വീണ്ടും കിടക്കാൻ ഒരുങ്ങി.. "അയ്യോ..കിടക്കല്ലേ..ഒരു ഫൈവ് മിനുട്ട്സ്.. " അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ബെഡിന്ന് എഴുന്നേൽപ്പിച്ചു.. "എന്താടി..? " "ദൃതി കൂട്ടല്ലേ.. " അവൾ മുറിയിലെ എല്ലാ വെട്ടവും ഓഫ് ചെയ്തു.. "നിനക്ക് എന്താ..ഭ്രാന്താ..." അവളുടെ ചെയ്ത്ത് കണ്ടു അവൻ ദേഷ്യപ്പെട്ടു..മറുപടിയായി അവളൊരു കാൻഡിൽ കത്തിച്ചു ടേബിളിൽ വെച്ചു.അതിന് അടുത്തായി തന്നെ ഒരു കേക്കും ഉണ്ടായിരുന്നു.. "ഓ..അപ്പൊ പ്ലാനിങ് ആണല്ലേ.. " അവൻ അവളെ നോക്കി..

"ഇതിലൊക്കെ എന്ത് പ്ലാനിങ്..ഇങ്ങനെ വേണമെന്നു തോന്നി.ഞാനും നീയും മാത്രമായി ഒരു കേക്ക് കട്ട്‌ ചെയ്യണമെന്ന് തോന്നി എനിക്ക്..അതുകൊണ്ട് സെറ്റ് ചെയ്തു വെച്ചു..നീ വാ..ടൈം കളയാതെ കേക്ക് കട്ട്‌ ചെയ്.. " അവൾ പറഞ്ഞു..ഇപ്രാവശ്യം അവന് പുഞ്ചിരി മറച്ചു വെക്കാൻ ആയില്ല.. നിറഞ്ഞ പുഞ്ചിരിയോടെ അവൾക്ക് അരികിലേക്ക് വന്നു നിന്നിട്ടു ടേബിളിൽ അവൾ ഒരുക്കി വെച്ചിരിക്കുന്ന കേക്ക് കട്ട്‌ ചെയ്തു.. ഒരു കഷ്ണം എടുത്തു അവളുടെ വായിൽ വെച്ചു കൊടുത്തു..അവൾ അതിൽ പകുതി കഴിച്ചു ബാക്കി അവന്റെ വായിലേക്ക് വെച്ചു കൊടുത്തു.. "ഒരു നൂറ് വർഷം..അല്ല.. അതിലേറെ..അതിലേറെ കാലം സന്തോഷത്തോടെ ജീവിക്കണം..എന്നും കാണണം എനിക്കീ നുണ കവിളിൽ വിരിയുന്ന ചിരി.. " അവൾ കാലെത്തി നിന്നു അവന്റെ കവിളിൽ അമർത്തിയൊരു മുത്തം കൊടുത്തു..അവന്റെ മുഖം വിടർന്നു..ആ മെഴുകുതിരി വെളിച്ചത്തിലും അവൾ വ്യക്തമായി കണ്ടു, ആ ചാര കണ്ണുകളിൽ അലയടിക്കുന്ന പ്രണയ തിരമാലകളെ..അവളുടെ മുഖം ചുമന്നു തുടുത്തു..അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.. "കേക്ക് മാത്രേ ഒള്ളോ..ഗിഫ്റ്റ് ഒന്നും ഇല്ലേ..? " അവൻ അവളിലേക്ക് ചേർന്ന് നിന്നു കൊണ്ട് ചോദിച്ചു.. "അതല്ലേ ഇപ്പൊ തന്നത്.."

"ഏത്..ഈയൊരു കിസ്സോ.. അയ്യടി.. ഇതിൽ ഒതുക്കാമെന്ന് കരുതണ്ട നീ..." "ഇല്ല മോനേ..ഇതിലൊന്നും ഒതുക്കില്ല..കാരണം എന്റെ കണവന്റെ ബർത്ത് ഡേയ് ആയിപോയില്ലേ..അങ്ങനെ നിസ്സാരമാക്കാൻ പറ്റുമോ..പക്ഷെ ഇപ്പൊ ഇതൊക്കെയേ ഉള്ളു കേട്ടോ..ബാക്കി രാവിലെയാ.. ഒരടിപൊളി ഗിഫ്റ്റ് തന്നെ തരാം എന്റെ സ്വീറ്റ് കെട്ട്യോന്..നീ പ്രതീക്ഷിക്കാത്ത ഒന്നു തന്നെ തരാം.." "പ്രതീക്ഷിക്കാത്തതു കിട്ടിയിട്ട് എനിക്ക് എന്തിനാടി.. പ്രതീക്ഷിക്കുന്നത് തന്നെ തരണം.. " "അയ്യോ...ദുരന്തം..മതി..പോയി കിടന്നുറങ്ങ്..രാവിലെ നേരത്തേ എഴുന്നേൽക്കാനുള്ളതാ.. " "നീ ഉറങ്ങിയില്ലേ ടീ..അതോ ഉറങ്ങി എണീറ്റതോ.. " "നേരത്തെ നീ കിടന്നപ്പോൾ തന്നെ കിടന്നതാ.. പക്ഷെ ഉറങ്ങി പോകുമോന്ന് കരുതി കുറച്ച് നേരം കഴിയുമ്പോൾ എണീറ്റു..പിന്നെ ദേ ക്ലോക്കും നോക്കി ഒരു ഇരുത്തമായിരുന്നു.. ഉറങ്ങി വീഴണ്ടന്ന് കരുതി ഒരു പുസ്തകവും എടുത്തു കയ്യിൽ പിടിച്ചു.. " അതൂടെ കേട്ടതും അവനു സന്തോഷം അടക്കാൻ ആയില്ല.. അവളെ ഇറുകെ പുണർന്നു.. "അപ്പൊ ഇനി ഗിഫ്റ്റ് ഒക്കെ രാവിലെയാണ്..ഇനി ഇപ്പൊ ഒന്നും കിട്ടുമെന്ന് കരുതി നിക്കണ്ട അല്ലേ.. " അവൻ മുഖം അവളുടെ കവിളിൽ ഉരസിക്കൊണ്ട് ചോദിച്ചു.. ആ മുഖത്തെ കുറുമ്പ് അവൾ കണ്ടു..

ഒരു ചെറു ചിരിയോടെ അവന്റെ അധരത്തിലേക്ക് ചുണ്ടുകൾ ചേർത്തു വെച്ചു..അവൻ കൊതിയോടെ തനിക്ക് ഏറ്റവും പ്രിയമുള്ള ആ ചോര ചുണ്ടുകളിലെ തേൻ മധുരം നുകർന്നു എടുക്കാൻ തുടങ്ങി..അവളുടെ കൈ വിരലുകൾ അവന്റെ ദേഹത്ത് അമർന്നു..കുറച്ച് നേരത്തെ സുന്ദരമായ അനുഭൂതിക്ക് ശേഷം അവൻ അവളിൽ നിന്നും അടർന്നു മാറി..അവൾ നന്നേ കിതക്കുന്നുണ്ടായിരുന്നു..തളർച്ചയോടെ അവന്റെ ചുമലിലേക്ക് മുഖം ചേർത്തു..അവളുടെ ശ്വാസഗതി നേരെയാവാൻ അല്പ നേരം എടുത്തു.. "ഇനി വേറെ ഗിഫ്റ്റ് ഒന്നും തന്നില്ലേലും വേണ്ടില്ല..ഇത് മതി.. നീ തരുന്നതെന്തും സ്പെഷ്യലാ എനിക്ക്..അതിൽ ഏറ്റവും സ്പെഷ്യൽ ഇതാ..നിന്റെ ഈ ചുണ്ടുകളോളം എന്നെ പിടിച്ചു നിർത്തുന്ന മറ്റൊന്ന് ഇല്ല മോളെ.." അവന്റെ കണ്ണുകളിലെ കുസൃതി മാഞ്ഞിരുന്നില്ല..വിരലുകൾ അവളുടെ തുടുത്ത അധരത്തെ തലോടി..ഒപ്പം തന്നെ ചുണ്ടുകൾ വീണ്ടും അതിനെ ലക്ഷ്യമിട്ടു.. "മതി മോനേ സുഖിപ്പിച്ചതും ഒലിപ്പിച്ചതുമൊക്കെ...പോ..പോയി കിടന്നുറങ്ങാൻ നോക്ക്.." അവൾ ചിരിയോടെ അവന്റെ മുഖം തട്ടി മാറ്റി അവനെ പിടിച്ചു ഒരുന്തു വെച്ചു കൊടുത്തു..

"അപ്പൊ നീ കിടക്കുന്നില്ലേ.. " "ഇന്ന് നിന്റെ മാത്രമല്ല.. ഉമ്മാന്റെയും ബർത്ത് ഡേയാ.. ഉമ്മാനെ വിഷ് ചെയ്തിട്ടു വരാം ഞാൻ..വരുന്നുണ്ടേൽ വാ.. ഉപ്പയും ഉമ്മയും ഉറക്കം ആയിരിക്കും.. എനിക്ക് ഡോർ മുട്ടാൻ എന്തോ പോലെ..നീയും വാ.. നിന്റെ ശബ്ദം കേട്ടാൽ രണ്ടാളും ഞെട്ടി പിടഞ്ഞു എണീറ്റോളും പേടിച്ചിട്ട്.. " അവൾ അവനെ കളിയാക്കി ചിരിച്ചു..മറുപടിയായി അവനൊരു നോട്ടം നോക്കിയതും അവളുടെ ചിരി സ്വിച്ച് ഇട്ടത് പോലെ നിന്നു..അത് കണ്ടു അവൻ ചിരിച്ചു..അവൾ കണ്ണുരുട്ടിക്കൊണ്ട് നോക്കിയതും വാടിന്നും പറഞ്ഞു അവൻ അവളെയും കൂട്ടി താഴേക്ക് നടന്നു.. ** "ഇതാ നിനക്കുള്ള രണ്ടാമത്തെ ഗിഫ്റ്റ്..ഇത് ഇട്ടിട്ട് വേണം താഴേക്ക് വരാൻ..എന്റെ ഈ ബർത്ത് ഡേയ് ബോയ്ക്ക് വേണ്ടി ഞാൻ പ്രത്യേകം സെലക്ട്‌ ചെയ്തതാ..ഇതാ പിടിക്ക്.. " രാവിലെ കുളി കഴിഞ്ഞിറങ്ങി വന്ന അവന് അവളൊരു ഡ്രസ്സ്‌ ബോക്സ്‌ കൊടുത്തു.. "എന്താ ഇതിൽ..? " അവൻ ബോക്സിലേക്ക് നോക്കി.. ശേഷം അവളെയും.. "അത് ചോദിക്കുന്നത് എന്തിനാ.. കയ്യിൽ ഇരിക്കുവല്ലേ.. തുറന്നു നോക്ക്..എന്നിട്ടു പറ ഇഷ്ടമായോന്ന്..

നിന്റെ ടേസ്റ്റ്നൊത്ത് ഉണ്ടോന്ന് നോക്ക്.. " അവൾ പറഞ്ഞു..അവൻ അത് അപ്പോൾത്തന്നെ ബെഡിലേക്ക് വെച്ചു ഓപ്പൺ ചെയ്തു.. ബ്ലൂ കളറിലുള്ള ഒരു കോസ്റ്റ്ലി സ്യൂട്ട് ആയിരുന്നു അതിൽ..ഒറ്റ നോട്ടത്തിൽ തന്നെ അവനത് ഇഷ്ടമായി.. കവറിൽ നിന്നും എടുത്തു ബെഡിലേക്ക് വെച്ചിട്ടു അവളെ നോക്കി.. "മ്മ്..പറാ..എങ്ങനെയുണ്ട്..ഇഷ്ടായോ..?" അവളുടെ മുഖത്തു ആകാംഷ നിറഞ്ഞിരുന്നു.. "ഇല്ല..ഇഷ്ടമായില്ല.." അവൻ നിസ്സാരമായി പറഞ്ഞു.. "ഇല്ലേ.. " പെട്ടന്നാണ് അവളുടെ മുഖം വാടിയത്.. "അതല്ലേ പറഞ്ഞത് ഇല്ലെന്ന്..ഇനി ഇഷ്ടപ്പെടാത്തതിനെ ഇഷ്ടപ്പെട്ടന്ന് പറയാൻ പറ്റുമോ..ക്യാഷ് ഒരുപാട് കൊടുത്തത് കൊണ്ട് മാത്രം ആയില്ല. തരുന്ന ഗിഫ്റ്റ് മനസ്സിന് ഇണങ്ങുന്നതു കൂടിയായിരിക്കണം..." "മ്മ്..നീ വേറേതു ധരിച്ചോ..ഞാൻ എനിക്ക് ഇഷ്ടപ്പെട്ടതു കൊണ്ട് വാങ്ങിച്ചെന്നേയുള്ളൂ.. " അവൾക്ക് കരച്ചിൽ വന്നു പോയിരുന്നു.. എന്നിട്ടും കണ്ണ് നനയാതെ ഇരിക്കാനും ശബ്ദം ഇടറാതെ ഇരിക്കാനും പെടാ പാടു പെട്ടു..പിന്നെ അവന്റെ മുഖത്തേക്കേ നോക്കിയില്ല..

ബെഡിൽ വെച്ചിരിക്കുന്ന ആ സ്യൂട്ട് എടുത്തു മാറ്റാൻ ഒരുങ്ങി.പെട്ടന്നാണ് അവൻ വന്നു അവളെ പിന്നിലൂടെ പൊതിഞ്ഞു പിടിച്ചത്. "എന്തിനാ ഇഷ്ടമായോന്നൊരു ചോദ്യം..?രാത്രിയിൽ അല്ലേ ഞാൻ പറഞ്ഞത് നീ തരുന്നതെന്തും സ്പെഷ്യലാണ് എനിക്കെന്ന്.. സോ ഇതും സ്പെഷ്യലാ..ഇഷ്ടമായി.. നിന്നോളം തന്നെ.. " അവളുടെ ചെവിയിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് അവൻ മൊഴിഞ്ഞു..ആ ചൂട് ശ്വാസം ചെവിയിലേക്ക് കയറിയതും പുളഞ്ഞു പോയി അവൾ.. "എന്നാൽ ഇത് നേരത്തേ പറഞ്ഞൂടായിരുന്നോ.. എന്തിനാ എപ്പോഴും ഇങ്ങനെ ചെയ്യണേ.. വെറുതെ വിഷമിപ്പിക്കാൻ.. " അവൾക്ക് സങ്കടം സഹിക്കുന്നില്ലായിരുന്നു.. തിരിഞ്ഞു നിന്നവന്റെ നെഞ്ച് ഇടിച്ചു കലക്കി... "ഔ..വിടെടി..ഒരു ഡ്രസ്സ്‌ ഇഷ്ടമല്ലന്ന് പറഞ്ഞതിന് ഇങ്ങനെ.. അപ്പൊ നിന്നെയാണ് ഇഷ്ടമല്ലന്ന് പറഞ്ഞിരുന്നതെങ്കിലോ.. " "എന്നാൽ കൊന്നേനെ നിന്നെ ഞാൻ.. അങ്ങനെയിപ്പോ എന്നെ ഇഷ്ടപ്പെടാണ്ട് ജീവിക്കണ്ട നീ.. " അവൾ പറഞ്ഞത് കേട്ടു അവൻ നിന്നു ചിരിക്കാൻ തുടങ്ങി.. "എന്തിനാ ചിരിക്കണേ.. " അവൾ മുഖം കൂർപ്പിച്ചു.. "ഒന്നിനും ഇല്ല.. ഇങ്ങോട്ട് വാ.. ദേഷ്യം ഞാൻ മാറ്റി തരാം.. " അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ഷെൽഫിനടുത്തേക്ക് വന്നു.. അവൾ എന്താന്നുള്ള അർത്ഥത്തിൽ നോക്കി നിന്നതും അവൻ ഷെൽഫ് തുറന്നു മേലേ തട്ടിൽ നിന്നും ഒരു കവർ എടുത്തു കൊടുത്തു അവൾക്ക്..

"എന്തായിത്.. " അവൾ കവറിലേക്ക് നോക്കി.. ശേഷം സംശയത്തോടെ അവനെയും.. "ഏതു ഡ്രെസ്സാ നീ ഇന്ന് ഇടുന്നത്.. " "ഡ്രസ്സ്‌ ഒക്കെ ഒരുപാട് ഉണ്ടല്ലോ.. ഇന്നാള് ഷോപ്പിങ്ങിന് പോയപ്പോൾ നീ വാങ്ങിച്ചു തന്നല്ലോ.. അത് പോരാഞ്ഞിട്ട് ഉമ്മ വാങ്ങിച്ചത് വേറെ..അതിൽ ഏതെങ്കിലും ഇടണം.. അല്ലെങ്കിൽ അന്ന് എന്റെ ബർത്ത് ഡേയ്ക്ക് നീയൊരു സാരി തന്നില്ലേ..അത് ഉടുക്കാം..അത് ഞാൻ അന്നൊരുവട്ടം ഉടുത്തതേയുള്ളൂ.. ഉമ്മ ഇന്നലേം കൂടെ പറഞ്ഞു എന്നെ സാരിയിൽ കണ്ടിട്ടില്ലന്ന്.. അപ്പൊ അതുമതി അല്ലേ.. " "വേണ്ടാ..സാരി വേണ്ടാ..സാരിയിൽ നീ ഹോട്ടാ മോളെ..എനിക്ക് കണ്ട്രോൾ ചെയ്തു നിക്കാൻ പറ്റിയെന്നു വരില്ല..നല്ലൊരു ദിവസമായിട്ട് നീയെനിക്ക് ചീത്ത പേര് കേൾപ്പിക്കരുത്..ഇത് മതി.. ഇത് നിനക്ക് ഇടാനുള്ള ഡ്രെസ്സാ.. ഓപ്പൺ ചെയ്.. " അവൻ പറഞ്ഞു..അവൾ അത് കേൾക്കേണ്ട താമസം ദൃതിപ്പെട്ടു തുറന്നു നോക്കി..

ഒരു പാർട്ടി വെയർ ഗൗൺ ആയിരുന്നു അത്..അതും അന്നത്തെ സാരിയെ പോലെ വൈറ്റ് നിറത്തിൽ ഉള്ളത്..അവളുടെ ഉള്ളിൽ സന്തോഷം അലയടിച്ചു.വിടർന്ന കണ്ണുകളോടെ അവനെ നോക്കി. "എന്തെടി...ഇത് ഇടുന്നോ..അതോ മമ്മ വാങ്ങിച്ചു തന്നത് ഇടുന്നോ? " "ഇത്..ഇതുമതി..പക്ഷെ നീയിത് എപ്പോഴാ വാങ്ങിച്ചത്.. " "ഞാൻ അറിയാതെ നിനക്ക് വാങ്ങിക്കാമെങ്കിൽ നീ അറിയാതെ എനിക്കും വാങ്ങിക്കാം.. ഇത് എന്റെ ബർത്ത്ഡേയ്ക്ക് നിനക്കുള്ള ഗിഫ്റ്റ്.. " "അപ്പൊ ഞാൻ എന്റെ ബർത്ത് ഡേയ്ക്ക് നിനക്ക് ഒന്നും തന്നില്ലല്ലോ.." "ഇല്ലെന്നു ആര് പറഞ്ഞു..ചെകിടു പൊട്ടുന്നത് പോലെ ഒരെണ്ണം തന്നില്ലേടീ..അത് ഞാൻ മറന്നിട്ടില്ല.. " "പോടാ.. " അവൾ ചിരിച്ചോണ്ട് അവന്റെ കൈക്കിട്ട് ഒരു നുള്ളു വെച്ചു കൊടുത്തു..അവൻ അപ്പൊത്തന്നെ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു. "അയ്യടാ..കെട്ടിപ്പിടിച്ചു നിൽക്കാൻ ഒന്നും നേരമില്ല. മോൻ ചെന്നാട്ടേ.. ചെന്നു വേഗം റെഡിയാവ്.. ഞാനൊന്നു താഴെ പോയിട്ട് ഇപ്പം വരാം.എല്ലാരും വന്നു തുടങ്ങിയോന്ന് നോക്കട്ടെ.. "

അവൾ അവന്റെ ഡ്രസ്സ്‌ എടുത്തു കയ്യിൽ വെച്ചു കൊടുത്തു അവനെ ഉന്തി തള്ളി ഡ്രസിങ് റൂമിലേക്ക് കയറ്റി..എന്നിട്ടു റൂമിന് വെളിയിലേക്ക് ഇറങ്ങി..താഴേക്ക് പോകുന്നതിനു മുന്നേ അവൾ സനുവിന്റെ റൂമിലേക്ക് പോയി.. അവൻ ഒരുങ്ങിയിട്ടുണ്ടോ എന്നറിയാനാണ്..അവനെ അവിടെ കണ്ടില്ല..ഡ്രസ്സ്‌ ഒക്കെ മാറ്റിയിട്ടിരിക്കുന്നതു കണ്ടു..അവൻ താഴേക്ക് പോയെന്ന് മനസ്സിലായി അവൾക്ക്..താഴെ ഓരോരുത്തർ വന്നു തുടങ്ങിയിരുന്നു.ഹാളിലേക്ക് ഇറങ്ങി ചെന്നപ്പോൾ തന്നെ അവൾ ആദ്യം കണ്ടതു മുന്നയെയാണ്.. ഉപ്പാനോട് സംസാരിച്ചു നിൽപ്പാണ്.. "മുന്നാ.. " അവൾ വേഗം അരികിൽ ചെന്നു വിളിച്ചു..അവൻ തിരിഞ്ഞു നിന്നവളെ നോക്കി പുഞ്ചിരിച്ചു.. "നിങ്ങള് സംസാരിക്ക്..ഞാൻ വരുന്നവരെയൊക്കെ ഒന്നു നോക്കട്ടെ.. " ഉപ്പ പുറത്തേക്ക് നടന്നു.. "മുന്നാ..നേരത്തേ എത്തിയോ.. വരുമെന്ന് അമൻ പറഞ്ഞിരുന്നു.. ഉമ്മ എവിടെ.. വന്നില്ലേ..? " അവൾ ചോദിച്ചു.. "ഇല്ല..ഇപ്പൊ വന്നതേ ഉള്ളു.. ബാംഗ്ലൂർന്ന് പുലർച്ചെ എത്തി.. ഉമ്മയും വന്നിട്ടുണ്ട്..അവിടെ മുഹ്സിക്കൊപ്പം കാണും... "

അവൻ മുഹ്സിയും നുസ്രയും സനുവുമൊക്കെ നിന്നു സംസാരിക്കുന്ന ഭാഗത്തേക്ക്‌ നോക്കിക്കൊണ്ട് പറഞ്ഞു.. "എടാ..എന്താ നിന്റെ മുഖമൊക്കെ വല്ലാണ്ട്..ആകെ ക്ഷീണിച്ചതു പോലെ ഉണ്ട്.. എന്താടാ..വയ്യേ..അതോ എന്തെങ്കിലും പ്രശ്നം ഉണ്ടോ..? " അവൻ നന്നേ ക്ഷീണിച്ചിരിക്കുന്നതു കണ്ടു അവൾ ആധിയോടെ ചോദിച്ചു.. "ഏയ്‌..അങ്ങനൊന്നും ഇല്ലാ.. നിനക്ക് തോന്നുന്നതാ..പിന്നെ യാത്ര ക്ഷീണം ഉണ്ട്..രാത്രിയിൽ ഉറങ്ങിയതുമില്ല..അതിന്റെയാ.. അല്ലാണ്ട് നീ ചോദിച്ചത് പോലൊന്നും ഇല്ല ലൈലാ.. " അവൻ അവളെ പറഞ്ഞു സമാധാനപ്പെടുത്തി.. "എന്നാൽ നീ അല്പ നേരം വിശ്രമിക്ക്..മേളിലേക്ക് ചെന്നോ.. ഇവിടെ എല്ലാവരും വരുകയല്ലേ.. ശബ്ദമൊക്കെ ആകുമ്പോൾ നിനക്ക് ഡിസ്റ്റർബ് ആവും..ഉറക്കം കിട്ടാത്തതിന്റെ തന്നെയാവും ക്ഷീണം..ചെല്ലടാ..ചെന്നു കുറച്ച് നേരം ഒന്നു മയങ്ങ്.. " "അതിനും മാത്രമൊന്നും ഇല്ല ലൈല.. പിന്നെ വന്നത് നിങ്ങടെ ഒപ്പം എൻജോയ് ചെയ്യാൻ അല്ലേ.. അല്ലാണ്ട് കിടന്നുറങ്ങാൻ അല്ലല്ലോ.. എല്ലാരേയും കണ്ടു സംസാരിക്കുമ്പോൾ തന്നെ മാറിക്കോളും ഈ ക്ഷീണമൊക്കെ..

അല്ല..താജ് എവിടെ.. കണ്ടില്ലല്ലോ.. " "അവൻ റൂമിലുണ്ട്.. റെഡിയാവുവാ..ഞാൻ വിളിക്കാം.." "വേണ്ടാ..ഞാൻ അങ്ങോട്ട്‌ ചെന്നോളാം.. " മുന്ന മേളിലേക്ക് കയറി..അവൾ ആണേൽ നുസ്രയുടെയും മുഹ്സിയുടെയുമൊക്കെ അടുത്തേക്ക് ചെന്നു.. ** "താജ്... " പകുതി ചാരി വെച്ചിരിക്കുന്ന ഡോർ തുറന്നു മുന്ന അകത്തു കയറി വാതിൽ മുഴുവനായി ചാരി വെച്ചു.. "ആ...നീ വന്നോ..രാവിലേ എത്തിയോ നീ..? " മുന്നയുടെ ശബ്ദം കേട്ടതും താജ് മുടി ചീകുന്നത് മതിയാക്കി തിരിഞ്ഞു നിന്നവനെ നോക്കി. "ഉവ്വ്..അഞ്ചു മണി ആകുമ്പോൾ.. എബി എവിടെ..വരില്ലേ..? " "വരും..ഒരഞ്ചു മിനുട്ട് മുന്നേ വിളിച്ചിരുന്നു..ജുവലിനെ കൂട്ടാൻ പോയിരിക്കുവാ.. " "മ്മ്..ഹാപ്പി ബർത്ത് ഡേയ് താജ്.. " മുന്ന അവനെ ചെറുതായിട്ട് ഹഗ് ചെയ്തു.. "വിഷ് ഒക്കെ അവിടെ നിക്കട്ടെ.. എന്താ നിനക്ക്..ആദ്യം അതുപറ.. എന്തുപറ്റി..ആകെ ക്ഷീണിച്ചല്ലോ..അവിടെ പറ്റുന്നില്ലേ നിനക്ക്..? "

മുന്നയുടെ ശരീരം മെലിഞ്ഞിരിക്കുന്നതും കവിളുകൾ ഒട്ടി കണ്ണിനു കീഴെ കറുപ്പ് പടർന്നിരിക്കുന്നതും കണ്ടു താജ് ചോദിച്ചു.. "താജ്..ഞാൻ..എനിക്ക്..എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ.. " മുന്നയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..ഒപ്പം സ്വരം ഇടറുകയും ചെയ്തിരുന്നു.. "എന്താ..എന്ത് കാര്യമാ..പറയ്..." താജ്ന് എന്തോ ഒരു സമാധാന കുറവ് പോലെ തോന്നി.. മുന്ന ഒന്നും മറച്ചു വെച്ചില്ല.. ഇനി അതിന് വയ്യായിരുന്നു അവന്.. എല്ലാം തന്നെ താജ്നോട് തുറന്നു പറഞ്ഞു.. "എ..എന്താ...എന്താ നീ പറഞ്ഞത്.. " താജ് ആകെ തരിച്ചു പോയിരുന്നു.. കേട്ടത് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല..വല്ലാത്തൊരു തരം ഞെട്ടലോടെ ചോദിച്ചു.. "അതേ താജ്..സത്യമാ ഞാൻ പറഞ്ഞത്..റമി..അവൻ മരിച്ചിട്ടില്ല.. ഇപ്പോഴും ജീവനോടെ ഉണ്ട്..ജീവിച്ചിരിപ്പുണ്ട് അവൻ.. " .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story