ഏഴാം ബഹർ: ഭാഗം 9

ezhambahar

രചന: SHAMSEENA FIROZ

"വന്നോ..എത്ര നേരമായി മോളെ ഇവിടെ നിന്നെയും കാത്ത് ഇരിക്കുന്നു..എന്നിട്ടാണോ ഒന്ന് നോക്കുക കൂടി ചെയ്യാതെ പോകുന്നേ.." അവൾ തിരിഞ്ഞു നോക്കി..ആസിഫ് ആണെന്ന് കണ്ടതും ഉള്ളിലൊരു ഭീതി ഉണർന്നു..എങ്കിലും പുറത്തു കാണിച്ചില്ല..അവനെ വക വെക്കാതെ മുകളിലേക്ക് തന്നെ പോകാൻ നോക്കി.. "നിന്റെ ചെവിക്കല്ല് എന്താടി പൊട്ടി പോയോ..ഇവൻ ചോദിച്ചത് കേട്ടില്ലേ നീ.. " അവനു പിന്നിൽ നിന്നും ഇടി മുഴക്കം പോലെ ആ സ്ത്രീയുടെ ശബ്ദം ഉയർന്നു..അവൾ നിശ്ചലയായി...അവരുടെ നേർക്ക് തിരിഞ്ഞു നോക്കി.. "ഇവൻ ചോദിച്ചത് എന്താണെന്ന് ഞാൻ കേട്ടു...പക്ഷെ മറുപടി പറയാൻ തോന്നിയില്ല...പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല.." അവളൊരു കൂസലും ഇല്ലാതെ രണ്ട് പേരുടെ മുഖത്തേക്കും നോക്കി പുച്ഛ ഭാവത്തിൽ പറഞ്ഞു.. "നിന്റെ തോന്നലുകൾക്കും ഇഷ്ടങ്ങൾക്കുമൊത്ത് ജീവിക്കാൻ വേണ്ടി അല്ലടി നിന്നെ ഇപ്പോഴും ബാക്കി വെച്ചിരിക്കുന്നത്...ഞങ്ങടെ ഇഷ്ടത്തിനൊത്ത് ജീവിക്കാനാ..

ഇവന് നിന്നോടുള്ള ഇഷ്ടം..ജീവിതത്തിൽ നിന്നെ അല്ലാതെ മറ്റൊരു പെണ്ണിനേയും വേണ്ടാന്നുള്ള ഇവന്റെ വാശി..അതൊന്നു കൊണ്ട് മാത്രമാ നീയിപ്പോഴും ജീവനോടെ ഉള്ളത്.. ഇവന് കെട്ടിച്ചു കൊടുക്കാൻ വേണ്ടിയാടീ നിന്നെ ഞാൻ ഇവിടെ കൊല്ലാതെ ഇട്ടിരിക്കുന്നെ...നിന്നെ കെട്ടാൻ പോകുന്നവനാ ഇവൻ..ആ ഇവനോട് നിന്റെ തോന്നിവാസങ്ങൾ കാണിക്കാൻ നിന്നാൽ ഉണ്ടല്ലോ..ഒരൊറ്റ ചവിട്ടിനു തീർത്തു കളയും..ഇവനോട് എന്നല്ല..ഇവിടെ ആരോടും നടക്കില്ല നിന്റെ തോന്നിവാസങ്ങൾ..ഞങ്ങൾ പറയും..നീ അനുസരിക്കും..കേട്ടോടി ഒരുമ്പട്ടോളെ.. " "അനുസരിക്കാൻ വേറെ ആളെ നോക്കിയാൽ മതി..എന്റെ സ്വത്തിൽ നിങ്ങൾക്കും എന്റെ ശരീരത്തിൽ ഇവനും കണ്ണുള്ളതോണ്ടാണ് ഞാൻ ഇപ്പോഴും ജീവനോടെ ഉള്ളതെന്ന് എനിക്കറിയാം..അതോണ്ടാ എന്റെ വാപ്പാനെയും ഉമ്മാനെയും തീർത്തതു പോലെ നിങ്ങളെന്നെ തീർത്തു കളയാത്തേന്ന് എനിക്ക് നന്നായി അറിയാം...ഈ അടുത്ത് എങ്ങും നിങ്ങളെന്റെ ജീവന് ഒരു പോറൽ പോലും ഏല്പിക്കില്ലന്നുള്ള കാര്യം നൂറ് ശതമാനം ഉറപ്പുള്ളതു കൊണ്ടാ ഇത്രേം ധൈര്യത്തോടെ ഞാൻ ഇവിടെ നിക്കുന്നതും...

എന്റെ പേരിലുള്ള മുഴുവൻ സ്വത്തും നിങ്ങടെ കൈ വെള്ളയിൽ എത്തുന്നത് വരെ നിങ്ങളെന്നേ ഒരു ചുക്കും ചെയ്യില്ല..അതുപോലെ തന്നെ ഇവന്റെ കാര്യവും...ഞാൻ ഇവന് വഴങ്ങി കൊടുക്കുന്ന നാൾ വരെയ്ക്കും നിങ്ങളെന്റെ ഈ ശരീരം ഇല്ലായ്മ ചെയ്യില്ല...കാരണം ഇവന് മതിവരുവോളം ആസ്വദിക്കാനുള്ളതല്ലേ എന്റെയീ ശരീരം... അറപ്പും വെറുപ്പും പോലും തോന്നുന്നില്ല ഇപ്പൊ നിങ്ങളോട്...അത്രക്കും ക്രൂരയും നീചയും ആയിരിക്കുന്നു നിങ്ങള് ഇപ്പൊ.. ഇവന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അതു ഞാൻ മാത്രമായിരിക്കുമെന്ന്... എങ്ങനെ പറയാൻ കഴിഞ്ഞു നിങ്ങൾക്ക് ഇവന്റെ മുഖത്ത് നോക്കി അത്...ഈ പെണ്ണ് പിടിയന്റെ സ്വഭാവം അറിഞ്ഞു വെച്ചു കൊണ്ട് തന്നെയല്ലേ ഈ സംസാരം... പകലു നാട് നീളെ പെണ്ണിനെ തൊട്ടും ഉരസിയും രാത്രിയിൽ ഓരോ പെണ്ണിന്റെ ചൂട് പറ്റിയും ശയിക്കുന്ന ഇവനെ തന്നെയാണോ നിങ്ങള് ഇപ്പൊ ഈ പറഞ്ഞത്..ഇവന്റെ കാമ വെറി പൂണ്ട മുഖം പത്രത്തിലും ടീവിയിലുമൊക്കെ തരംഗം ആയിരുന്നല്ലോ..

എന്നിട്ടും കണ്ടിട്ടില്ലേ നിങ്ങള്..അറിഞ്ഞിട്ടില്ലെ അതൊന്നും... ഉണ്ട്..എല്ലാം അറിയാം...ഇവനൊരു മനുഷ്യ മൃഗമാണെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് നിങ്ങൾക്കാണ്...എന്നിട്ടും ഇവനോട് കാണിക്കുന്ന ഈ സ്നേഹം അത് ശെരിക്കും അനന്തരവനോടുള്ള സ്നേഹമോ അതോ എന്നെ ഉന്മൂലനം ചെയ്യാനുള്ള ആയുധമോ... നിങ്ങൾക്കൊരു മകൾ ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ അവളെ ഇവനെക്കൊണ്ട് കെട്ടിക്കുമായിരുന്നോ.. ഓ..കെട്ടിക്കും..എന്താ സംശയം..നിങ്ങളെന്ന വേശ്യയുടെ മകൾക്കു ഇവനെയെങ്കിലും കിട്ടുന്നത് മഹാ ഭാഗ്യമെന്ന് പറയണം..മറന്നു പോയി ഞാനത്...എന്ത് കൊണ്ടും നിങ്ങളെ....... " " നിർത്തഡീീീ.... " അവൾ പറഞ്ഞു തീർന്നില്ല..അതിന് മുന്നെ അവർ അവൾക്ക് നേരെ അലറി.. "അലറണ്ടാ...സത്യം തന്നെയല്ലേ ഞാൻ പറഞ്ഞത്..മുൻപ് പറഞ്ഞത് തന്നെ ഞാൻ പറയാം...എന്റെ വാപ്പ ചോരയും നീരും കളഞ്ഞു ഉണ്ടാക്കി എടുത്തതൊക്കെ കൈവശപ്പെടുത്തുന്നത് പോയിട്ട് അതിന്റ്റെയൊന്നും ഒരംശത്തിൽ പോലും തൊടാൻ നിങ്ങൾക്കോ നിങ്ങടെ ജാര സന്ധതിയായ ആ കാണ്ടാ മൃഗത്തിനോ കഴിയില്ല..

അതുപോലെതന്നെ ദേ ഈ നിൽക്കുന്ന ചെറ്റയ്ക്ക് എന്നെ സ്വന്തമാക്കുന്നത് പോയിട്ട് എന്റെ ദേഹത്ത് ഒന്ന് സ്പർശിക്കാൻ കൂടി കഴിയില്ല..സമ്മതിക്കില്ല ഞാൻ.. " "അതിന് നിന്റെ സമ്മതം ആർക്കാ ടീ വേണ്ടത്...നിന്നെ ഇവനെക്കൊണ്ട് കെട്ടിക്കുമെന്ന് ഞാൻ തീരുമാനിച്ചിട്ട് ഉണ്ടെങ്കിൽ അത് നടന്നിരിക്കും..നടത്തിയിരിക്കും ഞാൻ..അടങ്ങി ഒതുങ്ങി നിന്നാൽ ഇവന്റെ ഭാര്യയായി എങ്കിലും നിനക്ക് ജീവിക്കാം...അല്ല..ധിക്കാരം കാട്ടാനാണ് ഉദ്ദേശമെങ്കിൽ നീ നേരത്തെ പറഞ്ഞ ഇവന്റെ കാമ വെറി തീർക്കാൻ ഇവന്റെ മുന്നിലേക്ക് വലിച്ചു എറിഞ്ഞു കൊടുക്കും ഞാൻ നിന്നെ...ഇവന് സുഖിച്ചു മതിയാവുമ്പോൾ പിന്നെ മനസ്സ് മാത്രമല്ല..ശരീരം പോലും ബാക്കി കാണില്ല നിന്റെ...അഥവാ ബാക്കി ആയാൽ തന്നെ പൂച്ചക്കും പട്ടിക്കും കടിച്ചു വലിക്കാൻ വല്ല ഓടയിലും കൊണ്ട് പോയി തള്ളും...അതായിരിക്കും നിന്റെ കാര്യത്തിൽ ഇനി ഇവിടെ നടക്കാൻ പോകുന്നത്.. " "സ്വപ്നം..സ്വപ്നം മാത്രം..ഇത് സൈനബയല്ല..ലൈലയാണ്...ലൈല..ഒരിക്കൽ നിങ്ങളുടെ കണ്ണീരിനു മുന്നിൽ അടി പതറിപ്പോയ ദുർബല ഹൃദയ സൈനബയുടെ മോളാണ് ഞാൻ എങ്കിലും എന്റെ ഉമ്മാന്റെ തൊട്ടാൽ കരയുന്ന ആ സ്വഭാവമല്ല എനിക്ക്...തൊട്ടാൽ തെറിക്കുന്നവളാണ്...എന്റെ നേർക്ക് വരുന്ന എന്തിനെയും ഏതിനെയും നേരിടാൻ കരുത്തുള്ളവൾ..ദൃഡമായൊരു മനസ്സ് ഉള്ളവൾ..

.പിന്നിട്ട വഴികളിൽ നിന്നും ഞാൻ ആർജിച്ചെടുത്തൊരു ശക്തിയുണ്ട്...നിങ്ങളെപ്പോലെയുള്ളവരെയൊക്കെ ആയിരം കഷ്ണങ്ങളാക്കി നുറുക്കാനുള്ള ശക്തി..അഗ്നികുണ്ഡത്തിൽ നിന്നല്ല പിറവി എങ്കിലും പകയുടെ തീക്കനലിൽ വളർന്നവളാ ഞാൻ..എന്റെ കണ്ണിലും നെഞ്ചിലും എരിയുന്ന കനലിനു നിങ്ങളെപ്പോലെയുള്ള പതിനായിരം എണ്ണത്തിനെ ചുട്ടു ചാമ്പലാക്കാൻ കഴിയും..അതിന് പോന്നവളാ ഞാൻ..ചെയ്യുക തന്നെ ചെയ്യും ഞാനത്... എനിക്ക് കിട്ടാത്തത് ഒന്നും നിങ്ങൾക്കും കിട്ടാൻ അനുവദിക്കില്ല ഞാൻ..എന്നെ കണ്ണീർ കായലിൽ താഴ്ത്തി നിങ്ങളെ മാത്രം സുഖിച്ചു ജീവിക്കാൻ സമ്മതിക്കില്ല ഞാൻ...വെണ്ണീർ ആക്കി കളയും സകലതിനെ.. ഇതെന്റെ വീട്...എന്റെ മാത്രം..നിങ്ങളുടെയൊക്കെ ഈ തടി കൊഴുപ്പ് പോലും എന്റെ എച്ചിലാണ്..ഈ ജീവിതം പോലും എന്റെ ഭിക്ഷയാണ്..പക്ഷെ അതിനിനി അധികം കാലം ആയുസ്സില്ല..ഇവനെപ്പോലെയുള്ള ക്രിമിനലിനു ഒന്നും വന്നു പാർക്കാനുള്ള ഒളി സങ്കേതമല്ല ഇത്..

.അതിന് വേണ്ടിയല്ല എന്റെ വാപ്പ ഇതൊക്കെ പടുത്തുയർത്തിയത്..ഇപ്പൊ ഇറക്കി വിട്ടോണം ഇവനെ ഇവിടുന്ന്...ഇല്ലേൽ നിങ്ങടെ ആ സ്നേഹ സഹോദരൻ..ഇവന്റെ വൃത്തികെട്ട തന്ത..അയാൾക്ക് കാണാൻ ഇവന്റെ അസ്ഥികൂടം പോലും ബാക്കി വെച്ചേക്കില്ല ഞാൻ .." വെറുമൊരു ശബ്ദം ആയിരുന്നില്ല..അട്ടഹാസമായിരുന്നു അവളുടെത്...പറഞ്ഞു തീരുമ്പോഴേക്കും കണ്ണുകൾ ചുവന്നു ശരീരം വിറച്ചു അവൾ കിതക്കുന്നുണ്ടായിരുന്നു.. "കിടന്നു കാറുന്നോ നീ..നിന്റെ അവസാനമാടീ ഇന്ന്.. " ആ സ്ത്രീ ഘോര ശബ്ദത്തോടെ അടുത്ത് കിടക്കുന്ന ഫ്ലവർ വേസ് എടുത്തു അവൾക്ക് നേരെ കുതിച്ചു.. "അമ്മായി...വേണ്ടാ.. " അവളോട്‌ ശബ്ദം ഉയർത്തിയാൽ അവളെ രുചിച്ചു നോക്കുന്നത് പോയിട്ട് ഒന്ന് മണപ്പിച്ചു നോക്കാൻ കൂടി കിട്ടില്ലന്നു അറിയാവുന്നതോണ്ടു അതുവരെ അവളുടെ നേർക്ക് ശബ്ദം ഉയർത്താതെ അവളുടെ ആകാര ഭംഗിയും വടിവും വിസ്തൃതിയും വശ്യമായ നോട്ടത്തോടെ ഒപ്പിയെടുത്തു കൊണ്ടിരുന്ന അവൻ ആ സ്ത്രീയെ തടഞ്ഞു നിർത്തി.. "വിടെടാ..എനിക്കറിയാം ഈ ജന്തുനെ എന്താ വേണ്ടതെന്ന്...അടിച്ചു കയ്യും കാലും ഒടിച്ചു മൂലയ്ക്ക് ഇടണം..അല്ലാതെ അടങ്ങില്ല ഇവൾ...

നിനക്ക് ഇവളെ കിട്ടില്ല..നീ കൊതിച്ചു നടക്കുന്ന ഇവളുടെ ശരീരത്തിൽ ഒന്ന് തൊടാൻ കൂടി സമ്മതിക്കില്ല ഇവൾ...നിന്റെ ആഗ്രഹം നടക്കണമെങ്കിൽ അടിച്ചു ഒതുക്കി ഒന്ന് അനങ്ങാൻ കൂടി പറ്റാത്തത് പോലെ മൂലയ്ക്ക് കൂട്ടണം..പിന്നെ ഇവളെങ്ങനെ നിന്നെ എതിർക്കുമെന്ന് എനിക്കൊന്നു കാണണം...അനുസരിക്കും..അനുസരിപ്പിക്കും ഞാനീ ജന്തുവിനെ..." അവർ അവന്റെ കയ്യിൽ നിന്നും കുതറി മാറി അവൾക്ക് നേരെ പാഞ്ഞടുക്കാൻ നോക്കി.. "അമ്മായി...ഞാൻ പറയുന്നത് കേൾക്ക്..വേണ്ടാ...ചെമ്മീൻ തുള്ളിയാൽ മുട്ടോളം..പിന്നെയും തുള്ളിയാൽ ചട്ടിയോളം..ഇവൾ ഇവിടെ തന്നെ ഉണ്ടല്ലോ..ഞങ്ങളെ കയ്യിൽ നിന്നും രക്ഷപ്പെട്ടു എങ്ങോട്ട് പോകാനാ ഇവൾ...കിടക്കല്ലേ ദിവസങ്ങൾ ഇനിയും...ഒതുക്കി എന്റെ ബെഡിൽ കിടത്തിക്കോളാം ഞാൻ ഇവളെ... " അവരെ പിടിച്ചു നിർത്തിക്കൊണ്ടാണ് അവൻ പറഞ്ഞത് എങ്കിലും അവന്റെ കഴുകൻ കണ്ണുകൾ അവളുടെ ശരീരത്തിലായിരുന്നു..

"നിന്റെ ദാഹം തീർക്കാൻ എന്നേക്കാൾ നല്ലത് ഇവരാ...ബാക്കി എല്ലാരുടെയും ഒന്നിച്ച് കിടന്നു കൊടുക്കുന്നുണ്ടല്ലോ...ഒന്ന് ഇവന്റെ ഒന്നിച്ചും കിടന്നു കൊടുത്തേക്ക്..കൊതി മൂത്തു നടക്കുന്ന ഈ ചെന്നായയുടെ ആർത്തി കണ്ടു സഹിക്കാത്തതു നിങ്ങൾക്കല്ലേ...നിങ്ങളുടെ റൂമിലേക്ക്‌ തന്നെ കയറ്റിയാൽ മതി..പുറത്തുന്നു ആളെ വിളിച്ചു കയറ്റുന്നതിലും എളുപ്പമല്ലെ വീട്ടിൽ ഉള്ളവനെ തന്നെ കയറ്റുന്നത്.." എന്ന് പറഞ്ഞു രണ്ടുപേരുടെ നേർക്കും പകയുടെ നോട്ടം എറിഞ്ഞു കൊണ്ട് അവൾ മുകളിലേക്ക് കയറിപ്പോയി.. "ഇല്ലാ...വിടില്ല ഞാൻ അവളെ...എന്റെ നാശമാണ് അവളുടെ ലക്ഷ്യം..അവള് ഇപ്പൊ പറഞ്ഞിട്ട് പോയത് അതല്ലേ...അവളുടെ കണ്ണുകളിൽ ഇപ്പോൾ കണ്ടത് പകയുടെ അഗ്നി ഗോളമല്ലെ...ഇല്ലാ...അനുവദിക്കില്ല ഞാൻ..അതിന് മുന്നെ അവളെയും തീർത്തു കളയും ഞാൻ.. " കയ്യിൽ ഇരിക്കുന്ന ഫ്ലവർ വേസ് നിലത്തേക്ക് ആഞ്ഞു എറിഞ്ഞുടച്ച് കൊണ്ട് അവർ അവന്റെ കയ്യിൽ നിന്നും കുതറി മാറി ഉഗ്രരൂപിണിയായി...അപ്പോഴും അവന്റെ ചുണ്ടിൽ വശ്യത നിറഞ്ഞൊരു ചിരി മാത്രം..

മുന്നിൽ കിട്ടിയ അഞ്ചു മിനുട് നേരം കൊണ്ട് അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിനെ കൊത്തി വലിച്ചു കഴിഞ്ഞിരുന്നു..ഇപ്പോഴാണ് അവനു ആർത്തി മൂത്തത്...അവളുടെ വടിവ് ഒത്ത ശരീരം അവനെ മത്തു പിടിപ്പിക്കാൻ തുടങ്ങിയിരുന്നു...വീണ്ടും വീണ്ടും അവളുടെ രൂപം മനസ്സിലേക്ക് കൊണ്ട് വന്നു അവൻ ആസ്വദിച്ച് കൊണ്ടിരുന്നു... കണ്ട നാൾ തൊട്ടു കൊതിച്ചു നടക്കാൻ തുടങ്ങിയതാ നിന്നെ..ഇന്ന് കിട്ടും നാളെ കിട്ടും എന്ന് കരുതി കാത്തിരുന്നു.. പക്ഷെ ഇനി കഴിയില്ല.. നീ എന്നെ വല്ലാതെ മത്ത് പിടിപ്പിക്കുന്നു ലൈല.. നിന്റെ ആ തുടുത്ത മാംസം എന്റെ വിശപ്പും ദാഹവും വർധിപ്പിക്കുന്നു.. ഒരാളെ പോലും സ്പർശിക്കാൻ അനുവദിക്കാതെ നീ കാത്തു സൂക്ഷിക്കുന്ന നിന്റെയാ തളിർമേനി ഒട്ടും വൈകാതെ തന്നെ ഞാൻ കീഴ്പെടുത്തി കളയും... എന്റെ കൊതി തീരുന്നത് വരെ കടിച്ചു കീറും നിന്നെ ഞാൻ.. ഇതുവരെ നീയെനിക്ക് സമ്മാനിച്ചു നൽകിയ എല്ലാ അപമാനങ്ങൾക്കുമുള്ള ശിക്ഷ ഞാൻ നടപ്പാക്കുന്നത് അങ്ങനെ ആയിരിക്കും... അവന്റെ കണ്ണുകൾ ഒരു ഇരയെ കിട്ടിയ മൃഗത്തെ പോൽ കൂർത്തു തിളങ്ങി വന്നു.. * രാത്രി നമസ്കാരം കഴിഞ്ഞു കിടക്കാൻ വേണ്ടി ബെഡിലേക്ക് ഇരുന്ന അവളുടെ കണ്ണുകൾ തുറന്നിട്ട കിളിവാതിലിലേക്ക് ചെന്നു..

വൈകുന്നേരം വന്നപ്പോൾ തുറന്നു വെച്ചതാണ്..അല്പം കാറ്റ് കയറാൻ വേണ്ടി..സാധാരണ ചൂടുള്ള രാത്രികളിൽ എല്ലാം തുറന്നു വെക്കുകയാണ് ചെയ്യാറ്..പക്ഷെ ഇന്നത് പറ്റില്ല..ഇന്നലെ ഇതുവഴി വലിഞ്ഞു കയറി വന്ന ആ തെമ്മാടിയെ പേടിച്ചിട്ടല്ല.. മറിച്ചു ഇവിടെയുള്ള ചെകുത്താൻമാരെ പേടിച്ചിട്ടാണ്...ആസിഫ് പോയിട്ടില്ല..ഇനി ഇവിടുന്ന് പോകുകയുമില്ല..എന്നെ കീഴ്പെടുത്താൻ വേണ്ടിയുള്ളതാണു ഈ വരവ്..വന്നു കയറിയപ്പോൾ തന്നെ കണ്ടതാ അവന്റെ വശ്യത നിറഞ്ഞ ചിരിയും വൃത്തികെട്ട നോട്ടവും..ഇത്രയും കാലം പിടിച്ചു നിന്നു അവന്റെ മുന്നിൽ..ഈ ശരീരത്തിൽ ഒന്ന് തൊടാൻ കൂടി അനുവദിക്കാതെ എതിർത്തും ചെറുത്തും നിന്നു..പക്ഷെ ഇനി അതിന് കഴിഞ്ഞെന്നു വരില്ല.. ആ സ്ത്രീ രണ്ടും കല്പിച്ചാണ് ഇപ്പോൾ..അവന്റെ ഈ വരവിന്റെ ഉദ്ദേശം ഞാൻ മാത്രമാണ്..അതുകൊണ്ട് തന്നെ ആ സ്ത്രീ പറഞ്ഞത് പോലെ തന്നെ എന്നെ അവന്റെ മുന്നിലേക്ക് വലിച്ചു ഇട്ടു കൊടുക്കും..

അല്ലങ്കിൽ ഇരുട്ടു പടർന്നു എല്ലാരും ഉറങ്ങി കിടക്കുന്ന നേരത്ത് എന്റെ റൂമിലേക്ക്‌ കടത്തി വിടും അവനെ..ഒരാൾ മാത്രമായിരുന്നു എങ്കിൽ നേരിടാമായിരുന്നു..ഇറങ്ങി ഓടാമായിരുന്നു.. പക്ഷെ ഇവിടെ..ആസിഫിന് ഒപ്പം ആ സ്ത്രീയും സജാദും ഉണ്ടാകും..അവനു കൂട്ടായി റൂമിന് വെളിയിൽ തന്നെ വന്നു നിന്നെന്നു വരും അവർ രണ്ട് പേരും..ഇറങ്ങി ഓടുന്നത് പോയിട്ട് ഒന്ന് അലറി കരയാൻ പോലും ആവില്ല..എന്റെ അവസാനം എത്തിയോ നാഥാ... ഉള്ളു നീറുന്നതിന് ഒപ്പം തന്നെ തന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നതു അവൾ അറിഞ്ഞു.. അവൾ എഴുന്നേറ്റു കിളി വാതിൽ അടച്ചു ലോക്ക് ചെയ്തു..ഇന്നലെ താജ് വന്നതും റൂമിൽ നടന്ന കാര്യങ്ങളുമൊക്കെ അവളുടെ ഓർമയിൽ വന്നു.. സത്യമല്ലെ അവൻ പറഞ്ഞത്..അവൻ ആയതു കൊണ്ട് ഞാൻ ഇന്ന് ഒരു കളങ്കം പോലും ഏല്ക്കാതെ ജീവനോടെ ഉണ്ട്..അവന്റെ സ്ഥാനത്തു മറ്റാരെങ്കിലും ആയിരുന്നങ്കിലോ...ആസിഫ് തന്നെ ആയിരുന്നങ്കിലോ..

അള്ളാഹ്..ഓർക്കാൻ കൂടി കഴിയുന്നില്ല..അവൻ പറഞ്ഞത് പോലെ പല്ലും നഖവും പോയിട്ട് ഒരു പൊടി പോലും ബാക്കി ഉണ്ടാവില്ലായിരുന്നു ഇന്നേക്ക്...അത് പോലും കടിച്ചു പറിച്ചു എടുത്തേനേ... എന്നിട്ടും അവൻ...അത്രേം നേരം ഇന്നലെ ഇവിടെ ഉണ്ടായിട്ടും ഒന്നും ചെയ്തില്ലന്നു പറഞ്ഞാൽ..? സത്യമായിരിക്കുമോ..? ചോദിക്കുമ്പോൾ പറഞ്ഞത് കിസ്സ് ചെയ്തില്ലന്നാ..ഇനിയതു നുണ ആയിരിക്കുമോ.. ആവില്ല..നുണ പറയുന്ന ശീലം ഇല്ലെന്ന തോന്നുന്നേ..ചെയ്തത് എത്ര തെറ്റായ പ്രവർത്തി ആയാലും ആരുടെയും മുഖത്ത് നോക്കി വിളിച്ചു പറയുന്നവനാ..ചെയ്തിട്ട് ഉണ്ടെങ്കിൽ ഉണ്ടെന്ന് പറയും..ഇല്ലങ്കിൽ ഇല്ലന്ന്...എന്തായാലും തന്റേടം ഉള്ളവനാ..എന്തും നേരിടാൻ ധൈര്യം ഉള്ളവനാ..അതിന്റെ ആണല്ലോ ഇന്നലെ കണ്ടത്..അല്ലങ്കിൽ ആരാ നട്ട പാതിരായ്ക്ക് ഇക്കണ്ട ദൂരമൊക്കെ സഞ്ചരിച്ചു മതില് ചാടി ഒരു പെണ്ണിന്റെ റൂമിലേക്ക്‌ വരുക..അതും എന്റെ സ്വഭാവം അറിഞ്ഞു വെച്ചു കൊണ്ടു തന്നെ...

തന്റേടമല്ല..തെമ്മാടിത്തരമാണ്..ആരെയും പേടിയില്ലാത്തതിന്റെയാണ് അവൻ കളിക്കുന്ന ഈ കളികൾ...പബ്ലിക് ആയി എന്നെ പിടിച്ചു കിസ്സ് ചെയ്യാൻ നോക്കിയവൻ ഒറ്റക്ക് കിട്ടുമ്പോൾ എന്നെ ഒന്നും ചെയ്യാൻ നോക്കിയില്ലന്നു പറഞ്ഞാൽ...? വിശ്വസിക്കാൻ പറ്റുന്നില്ല.. എന്തൊരു സ്വഭാവമാ നാറിക്ക്..അവന്റെ ഇഷ്ടം..അവന്റെ തോന്നൽ..അവനു തോന്നിയത് മാത്രേ ചെയ്യുള്ളുന്ന്..കാണാൻ തോന്നി..വന്നു..കണ്ടെന്ന്..ഇന്നലെ ഇവിടെ കയറി വന്നപ്പോ തന്നെ ചെപ്പ അടിച്ചു പൊട്ടിക്കണമായിരുന്നു..എന്റെ ഇവിടുത്തെ അവസ്ഥ ഇങ്ങനൊക്കെ ആയിപോയി അമൻ..അല്ലങ്കിൽ ഇന്നലെ തന്നെ നിന്റെ കാര്യത്തിൽ ഞാനൊരു തീരുമാനം ഉണ്ടാക്കിയേനെ... ഇല്ലാ..വെറുതെ പറയാന്നേയുള്ളൂ..തീരുമാനം ഉണ്ടാക്കുന്നത് പോയിട്ട് അവനെ ഒന്ന് ഒതുക്കാൻ കൂടി പറ്റണില്ല..മുന്ന പറഞ്ഞത് പോലെ ദിവസം ചെല്ലും തോറും അവന്റെ തെമ്മാടിത്തരങ്ങൾ കൂടി കൊണ്ട് പോകുകയാ..

ആ എന്തേലും ആവട്ട്..അല്ലാതെ തന്നെ ഇവിടെ സമാധാനമില്ല..ഇനി ആ നാറിയെ കൂടി ഓർത്തിട്ടു വേണം ബാക്കിയുള്ള സമാധാനം കൂടി പോയി കിട്ടാൻ.. അവൾ വന്നു കട്ടിലിലേക്ക് കിടന്നു..കണ്ണടച്ചാൽ തെളിയുന്നത് മൂർഖൻ പാമ്പിനെ പോലെ തന്റെ നേർക്ക് ചീറ്റുന്ന ആ സ്ത്രീയെയും ആസിഫ്ന്റെ കഴുകൻ കണ്ണുകളുമാണ്...അവൾക്ക് ഉറക്കം വന്നേയില്ല..ഉള്ളിൽ എവിടെയോ ഭയം പിടി കൂടിയിരുന്നു. അവൾ എഴുന്നേറ്റു ഇരുന്നു..വാതിൽക്കലേക്ക് നോക്കി..ഒരൊറ്റ ചവിട്ടിനെയുള്ളൂ ഡോർ..അത്രക്കും പൊടിഞ്ഞു പന്നാസ് ആയത്..ഇവിടത്തെ സ്റ്റോർ റൂമിന് പോലും ഉണ്ട് ഇതിനേക്കാൾ ഉറപ്പുള്ള വാതിൽ..സത്യത്തിൽ ഇതുമൊരു സ്റ്റോർ റൂം തന്നെയല്ലേ..എന്റെ ബെഡ്‌റൂം പോലും കൈവശ പെടുത്തി എന്നെ ഇവിടെ ഉപദ്രവം കൊണ്ട് മൂടുകയല്ലേ..വെറുതെ അല്ല അവൻ പറഞ്ഞെ..ബെഡ് റൂം കണ്ടാൽ വേലക്കാരിയാണെന്നെ പറയൂന്ന്..പറയൂ എന്നല്ല..ആണല്ലോ..അത് അവനു അറിയില്ലന്ന് മാത്രം..

തന്നെ ഇട്ടു മൂടാനുള്ള ആസ്തി വാപ്പ വിയർപ്പ് ഒഴുകി സമ്പാദിച്ചിട്ടുണ്ട് എങ്കിലും ഒരിക്കലും പണ കൊഴുപ്പിൽ ജീവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല..രാജകുമാരിയായാണ് വാപ്പ വളർത്തിയത് എങ്കിലും ഒരു സാധാരണ പെണ്ണായാണ് വളർന്നത്..എനിക്ക് വേണ്ടി കൊട്ടാരത്തിനു തുല്യമായ ഈ വീട് പടുത്തുയർത്തുമ്പോഴും ആവശ്യപ്പെട്ടതു ഒരു കൊച്ചു വീട് മതിയെന്നാ...എന്നിട്ടും ഭാവിയിൽ മോൾക്ക്‌ ഇതൊക്കെ ആവശ്യപ്പെടുമെന്ന് പറഞ്ഞാ എനിക്ക് വേണ്ടി,, എന്റെ പേരിൽ വാപ്പ സകലതും വാർത്തെടുത്തത്... എന്നിട്ടും ഒന്നും അനുഭവിക്കാനുള്ള യോഗമില്ല..ഒന്നും വേണ്ടാ..ഒന്നും.. ഈ ലോകം തന്നെ വിലക്ക് വാങ്ങാൻ കഴിവുള്ള കോടിശ്വരന്റെ ഭാര്യ ആയിരുന്നിട്ട് കൂടി ഉമ്മ പഠിപ്പിച്ചു തന്നത് ധാരാളിത്തത്തിൽ ജീവിക്കാനല്ലാ..സൗഭാഗ്യങ്ങൾ റബ്ബിന്റെ പരീക്ഷണമാണ്..അതേതു നിമിഷത്തിലും നഷ്ടപ്പെട്ടു പോയെക്കാം..എങ്കിലും വിഷമിക്കരുത്..ഉള്ളതിൽ തൃപ്തിപ്പെട്ടു ജീവിക്കുക എന്നാണ്..ഇന്നുവരെ ജീവിച്ചതും ഇന്ന് ജീവിക്കുന്നതും അങ്ങനെ തന്നെ.. അധികം വൈകാതെ തന്നെ എല്ലാം എന്റെ മാത്രം കൈപിടിയിൽ അടക്കി നിർത്തണം..എനിക്ക് വേണ്ടിയല്ല..സനുവിനു വേണ്ടി..

എല്ലാം അവന്റെ പേരിൽ മാത്രമാക്കി നൽകണം..അല്ലാതെ ഈ നെറികെട്ടവർക്ക് തിന്നു തീർക്കാൻ നൽകില്ല ഞാനൊന്നും..അപ്പോഴേക്കും ആ സ്ത്രീയെ ഇല്ലായ്മ ചെയ്തിരിക്കണം..പിന്നെ സനുവിന്റെ പേരിൽ ഉള്ളതിന് ഒന്നും അവകാശം പറഞ്ഞു വരില്ലല്ലോ... എങ്ങനെ ഇരുന്നിട്ടും അവളുടെ കണ്പോളകളിൽ ഉറക്കം തട്ടിയില്ല..കണ്ണടയ്ക്കുമ്പോൾ ഒരേസമയം പേടിയും പകയും കണ്മുന്നിൽ നിറഞ്ഞു നിൽക്കുന്നു.. ഒരു ആശ്വാസത്തിനായി അവൾ വലിപ്പു മേശ വലിച്ചു അതിന്റെ അകത്തു നിന്നും ഉപ്പാന്റെയും ഉമ്മാന്റെയും ഫോട്ടോ കയ്യിൽ എടുത്തു..ഒരുപാട് നേരം അതിലേക്കു നോക്കിയും മുത്തമിട്ടും കണ്ണുകൾ നിറച്ചു..തിരിച്ചു വെക്കുമ്പോൾ ഡ്രോയിൽ കിടക്കുന്ന മറ്റൊരു ഫോട്ടോ അവളുടെ കണ്ണുകളിൽ ഉടക്കി..കണ്ണുനീർ ഇരട്ടിച്ചു..പുഞ്ചിരി തൂകി നിൽക്കുന്ന റമിയുടെ ഫോട്ടോ എടുത്തവൾ നെഞ്ചിലേക്ക് ചേർത്ത് വെച്ചു..ആദ്യം കുറച്ചു നേരം നിശബ്ദമായി കരഞ്ഞു..ശേഷം എന്തിനെന്ന് ഇല്ലാതെ രണ്ട് കൈകളും നെഞ്ചിലേക്ക് ഇറുക്കി വെച്ചവൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി..

എന്നെ തനിച്ചാക്കി എന്റെ വാപ്പയും ഉമ്മയും അകലങ്ങളിലേക്ക് പോയപ്പോൾ എന്റെ സംരക്ഷകനായി വന്നവൻ..തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞവൻ...പവിത്രമായ പ്രണയവും സ്നേഹവും കൊണ്ട് എന്നെ വീർപ്പു മുട്ടിച്ചവൻ..നാം ചിലവിട്ട ആ സന്തോഷ ദിവസങ്ങളൊക്കെ ഇന്നും മുന്നിൽ തെളിയുന്നു..നീയെന്റെ അടുത്തില്ലന്ന് വിശ്വസിക്കാനെ പറ്റുന്നില്ലടാ..എന്നെ സ്നേഹിച്ചെന്ന ഒരൊറ്റ കാരണം കൊണ്ടല്ലേ ടാ ഒക്കെയും സംഭവിച്ചത്..എന്റെ വേദനകളിൽ എനിക്ക് താങ്ങായി നിന്നത് കൊണ്ടല്ലേ ഈ രാക്ഷസൻമാരൊക്കെ ചേർന്നു നിന്നെ എന്റെ അരികിൽ നിന്നും അകറ്റിയത്..പറഞ്ഞതല്ലേ ഞാൻ വേണ്ടാന്ന്...എന്നെ സ്നേഹിക്കുന്നത് പോയിട്ട് ഒന്ന് നോക്കുക കൂടി ചെയ്യരുതെന്ന് പറഞ്ഞതല്ലേ ഞാൻ..എന്നിട്ടും എന്തിനാടാ ജീവനോളം എന്നെ സ്നേഹിച്ചത്...ഇന്ന് ഞാൻ ഇത്രേം വേദനിക്കാനോ..എനിക്ക് വേണം റമി നിന്നെ...നീയില്ലാതെ എനിക്ക് പറ്റുന്നതേയില്ലടാ..

അവളാ ഫോട്ടോയിലേക്ക് നോക്കി ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ പറഞ്ഞു പുലമ്പി കൊണ്ടിരുന്നു..അവളുടെ കണ്ണുനീർ ഒഴുകി ഫോട്ടോ നനഞ്ഞു കുതിർന്നു..ആ ഫോട്ടോയിലേക്ക് നോക്കും തോറും അവൾക്കു അവളെ തന്നെ നഷ്ടപ്പെടുന്നതായി തോന്നി..ഫോട്ടോയിൽ ആണെന്നാലും അവന്റെ ആ കാപ്പി കണ്ണുകൾ തന്നെ അനുരാഗം കൊണ്ട് കൊത്തി വലിക്കുന്നത് അവൾ അറിഞ്ഞു.. നിന്റെ നിഷ്കളങ്കമായ ഈ നോട്ടത്തിന് മുന്നിൽ അല്ലേ എന്റെ മനസ്സ് എനിക്ക് കൈ വിട്ടു പോയത്..എന്നിട്ടും എവിടെയാ ടാ നീ..അറിയുന്നുണ്ടോ ടാ നീ എന്നെ..എന്റെ മനസും വേദനയും അവസ്ഥയുമൊക്കെ എന്തെന്ന് അറിയുന്നുണ്ടോ നീ... അവൾ രണ്ട് കൈ കൊണ്ടും മുടി പിച്ചി വലിച്ചു കൊണ്ട് ബെഡിലേക്ക് ചെരിഞ്ഞു വീണു...ആ ഫോട്ടോയിലേക്ക് നോക്കി പതിയെ കണ്ണുകൾ അടക്കാൻ നോക്കിയതും വാതിൽക്കൽ ആരുടെയോ കാൽ പെരുമാറ്റം ഉയർന്നു..അടുത്ത നിമിഷം വാതിലിൽ ശക്തിയായി അടിക്കുന്നത് കേൾക്കാൻ തുടങ്ങി..അവൾ കണ്ണുകൾ തുറന്നു..മുഖം തുടച്ചു..ഭീതിയോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു വാതിൽക്കലേക്ക് ചെന്നു.. "ആരാ...? " ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story