ഏഴാം ബഹർ: ഭാഗം 97

ezhambahar

രചന: SHAMSEENA FIROZ

( ആറു വർഷങ്ങൾക്ക് ശേഷം ) "റമിയാപ്പാക്ക് ഒരു മുത്തം കൊടുത്തേ രണ്ടുപേരും.. " പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടികൾക്ക് ചുവട്ടിൽ അന്തിയുറങ്ങുന്ന റമിയുടെ ഖബറിന് അരികിൽ മുട്ട് കുത്തി ഇരിക്കുന്ന താജ് തന്റെ ഇരുവശത്തും നിൽക്കുന്ന സ്വന്തം കുരുന്നുകളോട് പറഞ്ഞു..അത് കേട്ടു രണ്ടുപേരും താജ്നെ നോക്കി..എന്നിട്ട് അനുസരണയുള്ള കുട്ടികളായി തല കുലുക്കി സമ്മതിച്ചിട്ട് അവനെ പോലെ മുട്ട് കുത്തിയിരുന്നു ആ ഖബറിലേക്ക് മുഖം ചേർത്ത് വെച്ച് ചുണ്ടുകൾ അമർത്തി.. "പോയിട്ട് വരാമെന്നു പറയ്യ്..ഇനി വരുമ്പോൾ ഒരാളെ കൂടെ കൊണ്ടു വരാമെന്നു പറഞ്ഞേ റമിയാപ്പാനോട്.. " താജ് വീണ്ടും അവരോട് പറഞ്ഞു.. അതിനും അവർ തല കുലുക്കി സമ്മതം അറിയിച്ചു.. "പോയിട്ട് വരാം..ഇനി വരുമ്പോൾ ഒരാളെ കൂടെ കൊണ്ടു വരാം.. റമിയാപ്പാക്ക് അറിയുമോ..?

ലൈലുമ്മാൻറെ വയറ്റിൽ ഒരു കുഞ്ഞ് വാവയുണ്ട്...മോളൂട്ടിയെന്ന ലൈലുമ്മ പറഞ്ഞത്..റമിയാപ്പാക്ക് മോളൂട്ടിയെ അല്ലേ ഇഷ്ടം.. ഇനി വരുമ്പോൾ കൊണ്ടു വരാട്ടോ.. " രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.. "വാ..പോകാം.. " താജ്ൻറെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി ആ ഖബറിടത്തെ പുൽകിയിരുന്നു..മക്കളെ രണ്ടു പേരെയും ചേർത്തു പിടിച്ചു കൊണ്ടു അവൻ തിരിഞ്ഞു നടന്നു.. ഒരു ഇളം കാറ്റ് അവരെ തഴുകിയകന്ന് പോയി..ആ കാറ്റിന് റമിയുടെ ഗന്ധമാണെന്ന് അറിഞ്ഞു അവൻ..നടത്തത്തിന്റെ ഇടയിൽ പതിയെ ഒന്ന് തിരിഞ്ഞു നോക്കി.. "ഇല്ലടാ..ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം നീ മരിക്കുന്നില്ല.. " **** "റമിയാപ്പ ഒത്തിരി പാവമായിരുന്നു അല്ലേ..ഉപ്പ ഇന്ന് പള്ളിയിൽ നിന്നും വരുന്ന വഴി കരഞ്ഞു..ഉപ്പാക്ക് ഒരുപാട് ഇഷ്ടമായിരുന്നു റമിയാപ്പാനെ.. അല്ലേ..? " സെറ്റിയിൽ മുംതാസ്ൻറെ ഇരു ഭാഗത്തു മുംതാസ്നെ ചേർന്നൊട്ടി ഇരിക്കുകയായിരുന്നു കുട്ടികൾ രണ്ടു പേരും..അതിൽ റമി മുംതാസ്നെ ഒന്നൂടെ ഒട്ടിക്കൊണ്ട് അല്പം സങ്കടത്തോടെ ചോദിച്ചു.. "മ്മ്..നിങ്ങടെ ഡാഡിക്ക് ഒരുപാട് ഇഷ്ടമായിരുന്നു റമിയെ..

ഡാഡിക്ക് മാത്രല്ല..മമ്മയ്ക്കും..അത് കൊണ്ടല്ലേ നിനക്ക് റമീൻ എന്ന് പേര് ഇട്ടത്..ജനിക്കുന്ന കുട്ടി ആണാണെങ്കിൽ റമീൻ എന്ന് പേര് ഇടണമെന്നു നിന്റെ ലൈലുമ്മ ആദ്യമേ പറഞ്ഞതാ..പിന്നെ നിന്നെ കാണാൻ റമിയെ പോലെത്തന്നെയാ.. അവന്റെ അതേ നിറവും കണ്ണുകളും മുടിയുമൊക്കെയാ നിനക്ക്.. സൗന്ദര്യം മാത്രല്ല..അവന്റെ സ്വഭാവവും നിനക്ക് കിട്ടി.. നിന്റെ ലൈലുമ്മ എപ്പോഴും പറയാറില്ലേ.. നീ റമിയാപ്പാനെ പോലെയാണെന്ന്.. അതെന്ത് കൊണ്ടാ..നിന്റെ ഈ പേരും രൂപവും കൊണ്ടു മാത്രമല്ല.. ഒതുക്കമുള്ള രീതികളും കൊണ്ടാ.. " മുംതാസ് വ്യക്തമായി പറഞ്ഞു കൊടുത്തു കൊണ്ടു കുഞ്ഞ് റമിയെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു.. "ഗ്രാൻഡ്മ്മയ്ക്കും മമ്മയ്ക്കുമൊക്കെ ഇവനോട് മാത്രേ സ്നേഹമുള്ളു..എന്നോട് ഒട്ടും സ്നേഹമില്ല..എന്നെ വേണ്ടാ നിങ്ങക്ക് രണ്ടാൾക്കും..ഗ്രാൻഡ്മ്മ ഇവന് മാത്രം മുത്തം കൊടുത്തു.. എനിക്ക് തന്നില്ല..ഞാനിത് ഡാഡിയോട് പറഞ്ഞു കൊടുക്കും.. ഗ്രാൻഡ്പ്പയോടും പറഞ്ഞു കൊടുക്കും..എന്നിട്ട് ഗ്രാൻഡ്മ്മയ്ക്ക് തല്ലു വാങ്ങിച്ചു തരും.. നോക്കിക്കോ.. "

മുംതാസ് റമിയെ മാത്രം ലാളിച്ചതു നമ്മുടെ കുശുമ്പി പെണ്ണിന് ഇഷ്ടമായില്ല..അവൾ മുഖം വീർപ്പിച്ചു കൊണ്ടു പോകാൻ തുടങ്ങിയതും മുംതാസ് വേഗം അവളെ പിടിച്ചു വെച്ചു.. "അച്ചോടാ..അപ്പോഴേക്കും പിണങ്ങിയോ..ഗ്രാൻഡമ്മയോടു കൂട്ടില്ലേ ഇനി.. " "ഇല്ലാ..ഞാനിനി മിണ്ടൂല..ഗ്രാൻഡ്മ്മയ്ക്ക് എന്നെ വേണ്ടല്ലോ.. " അവളുടെ മുഖം ഒന്നൂടെ വീർത്തു.. "എന്നാരാ പറഞ്ഞത്..നീ ഗ്രാൻഡ്മ്മയുടെ ചക്കര കുട്ടിയല്ലേ.. നിനക്ക് ഗ്രാൻഡ്മ്മ രണ്ടു മുത്തം തരാല്ലോ.. " അവളുടെ പിണക്കം മാറ്റാൻ വേണ്ടി മുംതാസ് അവളെ എടുത്തു മടിയിൽ വെച്ചിട്ടു രണ്ടു കവിളിലും മുത്തം കൊടുത്തു..അത് കണ്ടു റമി വാ പൊത്തി ചിരിച്ചു.. "പോടാ.. " അവൾ റമിയെ നോക്കി മുഖം തിരിച്ചു കാണിച്ചു.. "പോടാന്നോ..നിന്റെ മമ്മ കേൾക്കണ്ട..ഒരു മിനുട്ട്ന് ആണേലും അവൻ നിന്നെക്കാൾ മുതിർന്നതാ..റമിക്കാക്കൂന്ന് വിളിക്കണമെന്നു എത്രവട്ടം പറഞ്ഞിട്ടുണ്ട് ലൈല നിന്നോട്.. " മുംതാസ് ഗൗരവം നടിച്ചു.. "ഞാൻ എങ്ങും വിളിക്കില്ല... റമിയാപ്പ ഡാഡ്നെ പേരാ വിളിച്ചിരുന്നതെന്ന് ഡാഡി പറഞ്ഞിട്ട് ഉണ്ടല്ലോ..

റമിയാപ്പാനേക്കാളും വലുത് ഡാഡി ആയിരുന്നില്ലേ.. എന്നിട്ട് കാക്കുന്ന് വിളിച്ചില്ലല്ലോ.. പേര് വിളിക്കുന്നതായിരുന്നില്ലേ ഡാഡിക്ക് ഇഷ്ടം..അത് പോലെയാ ഇവനും..ഞാൻ പേര് വിളിക്കുന്നതാ ഇവന് ഇഷ്ടം..ഇനി ഇവന് ഇഷ്ടം ഇല്ലേലും ഞാൻ പേരെ വിളിക്കൂ..എനിക്ക് അതാ ഇഷ്ടം..ഡാഡി പറഞ്ഞിട്ടുണ്ട് എനിക്ക് ഇഷ്ടമുള്ളത് പോലെ വിളിച്ചാലും ചെയ്താലുമൊക്കെ മതിയെന്ന്..." "വെറുതെയല്ല ലൈല പറയുന്നത്.. നിന്നെ ഇത്രയ്ക്കു വഷളാക്കി വെച്ചത് അവനാ..പിന്നെ നിന്നെ പറഞ്ഞിട്ട് എന്താ കാര്യം..? " "എന്റെ ഡാഡിയെ പറയണ്ട.. എനിക്കിഷ്ടമല്ല..ഇതാ ഞാൻ പറഞ്ഞത്.. അല്ലെങ്കിലും ഗ്രാൻഡ്മ്മയ്ക്കും മമ്മയ്ക്കും എന്നെ വേണ്ടാന്ന്..വിട്ടേ..ഞാൻ ഡാഡിയുടെ അടുത്ത് പോകുവാ.. " അവളുടെ മുഖം വീർത്തു വീർത്തു ഇപ്പൊ പൊട്ടുമെന്ന അവസ്ഥയിലായി... "സൈനൂട്ടി പിണങ്ങല്ലേ...ഗ്രാൻഡ്മ്മ ചുമ്മാ പറഞ്ഞതല്ലേ..നിങ്ങടെ മമ്മയ്ക്കും ഈ ഗ്രാൻഡ്മ്മയ്ക്കുമൊക്കെ സൈനൂട്ടിയോടല്ലേ ഇഷ്ടം കൂടുതൽ.." അവളെ മയപ്പെടുത്താൻ വേണ്ടി മുംതാസ് റമിയെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് അവളോട്‌ പറഞ്ഞു..ദേഷ്യം വന്നാൽ താജ്നേക്കാൾ കഷ്ടമാ..പെട്ടെന്ന് ഒന്നും അടക്കാൻ കഴിയില്ല..അതാ ഇങ്ങനെ ഓരോ നമ്പർ ഇറക്കുന്നത്.. റമി പാവം..എല്ലാത്തിനും ഒരു ചിരിയോടെ അങ്ങ് നിന്നു കൊടുക്കും..

"സത്യമാണോ..? " അവൾ മുഖം കൂർപ്പിച്ചു ചോദിച്ചു. "പിന്നല്ലാതെ.. " മുംതാസ് കുസൃതിയോടെ അവളുടെ മൂക്കിൽ തന്റെ മൂക്ക് ഉരസിക്കൊണ്ട് പറഞ്ഞു.. "എന്നാൽ അവനു പറഞ്ഞു കൊടുത്തത് പോലെ എനിക്കും പറഞ്ഞു താ..എനിക്ക് ആരുടെ പേരാ ഇട്ടത്..ഞാൻ ആരെ പോലെയാ കാണാൻ..ഞാൻ സുന്ദരി അല്ലേ..? " "അല്ലേന്നോ..എന്റെ ചക്കരക്കുട്ടി ചുന്ദരിയല്ലേ..നിന്നെ കാണാൻ നിന്റെ ഡാഡിയെ പോലെ ആണെന്നല്ലേ ലൈല എപ്പോഴും പറയാറ്..അവള് മാത്രമല്ല.. എല്ലാരും പറയുന്നില്ലേ..നിന്നെ നോക്കിയാൽ അവനെ നോക്കണ്ട.. അതേ കണ്ണ്.. അതേ മൂക്ക്.. അതേ നുണക്കുഴി..അതേ നിറം.. പിന്നെ സ്വഭാവം ആണേൽ പറയേ വേണ്ടാ.. അവനെ ലൈലയ്ക്ക് എങ്കിലും അടക്കി നിർത്താൻ കഴിയാറുണ്ട്.. നിന്നെ അവൾക്ക് പോലും കഴിയുന്നില്ല..പിന്നെ എന്റെ ചുന്ദരിക്കുട്ടിയുടെ പേര്.. അത് നിന്റെ മമ്മയുടെ മമ്മയുടെ പേരാ..ആ പേര് നിനക്കിട്ടു..ആൺകുഞ്ഞായാൽ റമീൻന്ന് ഇടണമെന്നു പറഞ്ഞത് പോലെ പെണ് കുഞ്ഞായാൽ അവൾക്ക് ഏറ്റവും ഇഷ്ടമുള്ള നിന്റെ ഡാഡിയുടെ പേരായ അമൻ എന്നതിൽ ഒരു ചെറിയ മാറ്റം വരുത്തി അമാന എന്ന് പേര് ഇടണമെന്നായിരുന്നു അവൾ ആഗ്രഹം പറഞ്ഞത്..പക്ഷെ അത് അവൻ വേണ്ടാന്ന് പറഞ്ഞു..

അവൾ ഏറ്റവും സ്നേഹിച്ച അവള് കുഞ്ഞ് ഇരിക്കുമ്പോഴേ അവൾക്ക് നഷ്ടമായി പോയ അവളുടെ ഉമ്മാന്റെ പേര് നിനക്ക് മതിയെന്ന് നിന്റെ ഡാഡിയാ പറഞ്ഞത്.. മുഴുവൻ ഇട്ടില്ല..സൈനബയിൽ നിന്നും Zainaa ന്ന് മാത്രം എടുത്തു.. അങ്ങനെ നീ സൈനൂട്ടിയെന്ന Zaina Aman ഉം ഇവൻ Rami എന്ന Rameen Taaj ഉം ആയി.." "ഗ്രാൻഡ്മ്മയും ചോട്ടാസും കൂടെ എന്താ ഇവിടെ പണി..ഡാഡിയെ കൂടെ ഇരുത്തുമോ..? " താജ് ഒരു ചെറു ചിരിയോടെ ഹാളിലേക്ക് ഇറങ്ങി വന്നു.. "ഡാഡി... " താജ്നെ കാണേണ്ട താമസം സൈനൂട്ടി മുംതാസ്ൻറെ മടിയിൽ നിന്നും ചാടി ഇറങ്ങി താജ്ൻറെ അടുക്കലേക്ക് ഓടി..താജ് അവളെ കോരി എടുത്തു കൊണ്ടു സോഫയിൽ റമിയുടെ അരികിൽ വന്നിരുന്നു.. "എന്താ എന്റെ ലിറ്റിൽ പ്രിൻസ്സ് ഒന്നും മിണ്ടാത്തത്..ഈ ജാൻസി റാണി കുരുത്തക്കേടു വല്ലതും കാണിച്ചോ.. " താജ് റമിയുടെ പാൽ നിറമുള്ള കവിളിൽ തൊട്ടു കൊണ്ടു ചോദിച്ചു..അവനപ്പോ തന്നെ ചിരിച്ചോണ്ട് ഇല്ലാന്ന് തലയാട്ടി താജ്നെ പറ്റി ചേർന്നു ഒതുങ്ങിയിരുന്നു.. "ഇപ്പൊ കുരുത്തക്കേട് ഒന്നും കാണിച്ചിട്ടില്ല..പക്ഷെ ഇവളെന്തു കാണിച്ചാലും ഇവൻ ഇല്ലന്നെ പറയുള്ളു..

ഇവള് കൊടുക്കുന്ന തല്ലും നുള്ളുമൊക്കെ ഒന്നും മിണ്ടാതെ വാങ്ങിച്ചോണ്ട് ഇരിക്കും..സത്യത്തിൽ ഇവള് ആണും ഇവൻ പെണ്ണുമായിട്ട് ജനിക്കേണ്ടതായിരുന്നു.." മുംതാസ് ചിരിച്ചു.. "അതിന് ഇവള് ആൺകുട്ടി തന്നെയല്ലേ..അല്ലേടാ സൈനൂട്ടാ.. " താജ് അവളുടെ വെളുത്തുരുണ്ട് മൃദുവായിരിക്കുന്ന കുഞ്ഞി കവിളിൽ ചുണ്ടുകൾ ചേർത്തു.. അവളപ്പോ തന്നെ അങ്ങനെ പറഞ്ഞു കൊടുക്കെന്ന അർത്ഥത്തിൽ അഹങ്കാരത്തോടെ തല കുലുക്കിയിട്ട് കൈ രണ്ടും താജ്ൻറെ കഴുത്തിലൂടെ ഇട്ടിരുന്നു.. "ഡാഡി..എനിക്ക് സ്റ്റോറി പറഞ്ഞു തരാമെന്നു പറഞ്ഞിട്ട്..? " "ഏതു സ്റ്റോറി..? " "അപ്പോഴേക്കും മറന്നോ.. ഡാഡിടെയും മമ്മിടെയും സ്റ്റോറി എനിക്ക് പറഞ്ഞു തരാമെന്നു ഇന്നലെ പറഞ്ഞല്ലോ എന്നോട്.. ഡാഡി വല്യ റൗഡിയായിരുന്നോ..? മമ്മയെ ഒരുപാട് പേടിപ്പിച്ചിട്ട് ഉണ്ടെന്നും ഇന്നത്തേതു പോലെ അന്ന് മമ്മയ്ക്ക് ഡാഡിയെ ഇഷ്ടമല്ലായിരുന്നെന്നും പുറകെ നടന്നു ലൈൻ അടിച്ചു വീഴ്ത്തിയതാന്നുമൊക്കെ എബി അങ്കിൾ അന്ന് വന്നപ്പോൾ പറഞ്ഞല്ലോ എന്നോട്..അതൊക്കെ സത്യമാണോ..? "

സൈനൂട്ടി സംശയത്തോടെ ചോദിച്ചു. "അമ്പടി കേമി..നീ ആള് കൊള്ളാല്ലോ..നിന്റെ മമ്മയെയും വിറ്റു വരുമല്ലോ മോളെ നീ...അതൊക്കെ എബി അങ്കിൾ ചുമ്മാ പറഞ്ഞതാ..മോൾടെ ഡാഡി പാവമല്ലേ.. " താജ് അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു. "ആാാ..പാവമാ..മമ്മിയേക്കാൾ പാവമാ..എബി അങ്കിൾ മാത്രല്ല.. മമ്മിയും പറഞ്ഞു ഡാഡി മമ്മിയെ ഒരുപാട് പേടിപ്പിച്ചിട്ട് ഉണ്ടെന്നും മമ്മി പക്ഷെ ഡാഡിയെ പേടിച്ചിട്ടില്ലന്നും..ആ സ്റ്റോറിയൊക്കെ എനിക്ക് പറഞ്ഞു താ ഡാഡി.. " "ഗോഡ്..ഈ എബി..അന്നും അവനെക്കൊണ്ട് സ്വൈര്യമില്ല.. ഇന്നും ഇല്ലാ.. " താജ് പിറു പിറുത്തു.. "ഡാഡി..ഞാൻ പറഞ്ഞത് കേട്ടില്ലേ.. സ്റ്റോറി പറഞ്ഞു താ..ഇല്ലേൽ പിന്നെ ഇനി സൈനൂട്ടാന്നും വിളിച്ചു അടുത്തേക്ക് വന്നു പോകരുത്.. " അവൾ വാശി പിടിച്ചു ചിണുങ്ങാൻ തുടങ്ങി..Zaina യാണ് ആള്..വാശി പിടിച്ചാൽ പിന്നെ ഒതുക്കാൻ കഴിയില്ല.ഇനി കഥ പറഞ്ഞു കൊടുക്കൽ അല്ലാതെ വേറൊരു രക്ഷയും ഇല്ലെന്നു കണ്ട താജ് എബിയെയും മനസ്സിൽ പ്രാകിക്കൊണ്ട് തന്റെ കോളേജ് ലൈഫിലേക്ക് ഓർമകളെ കൊണ്ടു പോയതും അതിനൊക്കെ മുടക്കം വരുത്തിക്കൊണ്ട് അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. "സ്റ്റോറി പറഞ്ഞു തന്നിട്ട് പോയാൽ മതി.

. " ഫോൺ എടുത്തു നോക്കിയ താജ് അവളെ സോഫയിലേക്ക് ഇരുത്തി എഴുന്നേൽക്കാൻ ഭാവിച്ചതും അവള് വേഗം അവന്റെ കയ്യിൽ പിടിച്ചു നിർത്തിച്ചു.. "അർജന്റാ സൈനൂട്ടാ..ഡാഡി ഇപ്പോ വരാം.." "വേണ്ടാ..എത്ര ദിവസമായി എന്നെ പറ്റിക്കുന്നു.. " "ഡാഡി പൊക്കോട്ടെ..അർജന്റ്റായത് കൊണ്ടല്ലേ..മോള് ഇങ്ങ് വാ..ഗ്രാൻഡ്മ്മ പറഞ്ഞു തരാല്ലോ..." മുംതാസ് കൊഞ്ചിച്ചു കൊണ്ടു പറഞ്ഞതും അവള് ആാാന്നും തല കുലുക്കിക്കൊണ്ട് വേഗം മുംതാസ്ൻറെ മടിയിലേക്ക് കയറിയിരുന്നു..താജ് അപ്പൊത്തന്നെ കാൾ അറ്റൻഡ് ചെയ്തു പുറത്തേക്ക് നടന്നു..കമ്പനിയിൽ നിന്നുമുള്ള കാൾ ആണ്..അതാ ഒഴിവാക്കാൻ പറ്റാത്തത്..കുറച്ച് നേരത്തേ സംസാരത്തിനു ശേഷം അവൻ അകത്തേക്ക് വന്നു..മുംതാസ് നല്ല അസ്സലായിട്ട് സ്റ്റോറി പറഞ്ഞു കൊടുക്കുന്നുണ്ട്..ഒന്നിനും ഒരു കുറവുമില്ല..ഇടയ്ക്ക് ഒക്കെ രണ്ടിനെയും ചിരിപ്പിക്കാൻ ആ കാലത്തേ എബിയുടെ ചളികൾ എല്ലാം എടുത്തു എടുത്തു പറയുന്നുണ്ട്..റമി എല്ലാം കേട്ടു ചിരിച്ചോണ്ട് ഇരിക്കുന്നു..Zaina ആണേൽ ഒരു നൂറു ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുന്നു..

ഓരോന്നും പറഞ്ഞു കൊടുത്തു കൊടുത്തു മുംതാസ് ഒരു വഴിക്കായി..എന്നാലും Zaina യെ പേടിച്ചു കഥ പറച്ചില് പകുതിയിൽ നിർത്തിയില്ല..തുടർന്നു കൊണ്ടിരുന്നു..താജ് എല്ലാം കണ്ടു ഒരു ചിരിയോടെ വന്നു അവർക്ക് അരികിൽ തന്നെ ഇരുന്നു.. "മ്മ്..മതി മതി കളിയും കഥ പറച്ചിലുമൊക്കെ..എഴുന്നേറ്റെ രണ്ടുപേരും..എഴുന്നേറ്റു വന്നു കിടക്കാൻ നോക്ക്..നേരം ഒരുപാടായി..ഇനി ബാക്കി നാളെ.." നമ്മുടെ കഥാ നായിക രംഗത്തേക്ക് വന്നു..ആൾക്ക് വല്യ മാറ്റമൊന്നുമില്ല..ആ മെലിഞ്ഞിരുന്ന ശരീരം വെളുത്തു തുടുത്തു പഴയതിനേക്കാൾ സുന്ദരിയായിട്ടുണ്ട്..താജ്ൻറെ കാര്യവും അങ്ങനെ തന്നെയാണ് ട്ടോ..എത്ര വല്യ ബിസ്സിനെസ്സ് മാൻ ആയാലും ആ തെമ്മാടി ലുക്ക്നു ഒരു മാറ്റവുമില്ല..ഒഫീഷ്യൽ കാര്യങ്ങൾക്കു ഇറങ്ങുമ്പോൾ മാത്രം സ്റ്റൈൽ ഒന്നു മാറ്റും..ബാക്കി നേരത്തൊക്കെ ലൈലയുടെ തനി തെമ്മാടിയായി തന്നെ നടക്കുന്നു.. അപ്പൊ പറഞ്ഞു വന്നത് എവിടാ.. നമ്മുടെ ലൈലൂൻറെ രംഗ പ്രവേശനമല്ലെ.. "ഈ മമ്മയ്ക്ക് എപ്പോഴും ഇതേ പറയാനുള്ളു..ഞങ്ങളു ഇവിടെ സ്റ്റോറി കേൾക്കുവാ.."

Zaina ഇഷ്ടകേടോടെ പറഞ്ഞു.. "അതാ പറഞ്ഞത് മതിയെന്ന്.. ബാക്കി നാളെ കേൾക്കാം.. മമ്മ ഉറക്കാം രണ്ടുപേരെയും.. വാ.. " "വേണ്ടാ..ഞാൻ മുഴുവനും കേട്ടിട്ടേ വരൂ..എനിക്ക് കേൾക്കണം.. നല്ല സ്റ്റോറിയാ..ഹീറോ ആരാണെന്നു അറിയാമോ..ഡാഡിയാ..ഹീറോയിൻ മമ്മയും.. " പറഞ്ഞിട്ട് അവൾ ചിരിക്കാൻ തുടങ്ങി..ലൈല അപ്പൊത്തന്നെ കണ്ണും മിഴിച്ചു ആണോന്നുള്ള അർത്ഥത്തിൽ മുംതാസ്നെ നോക്കി.. മുംതാസ് ആണെന്ന് തലകുലുക്കി.. അവളപ്പോ എന്നോടിത് വേണ്ടായിരുന്നു ഉമ്മാന്നുള്ള ഭാവത്തിൽ മുംതാസ്നെ നോക്കി.. അത് കണ്ടു താജ് ഊറി ചിരിച്ചു.. "പോടാ.. " അവൾ കുട്ടികൾ കാണാതെ താജ്നെ കണ്ണുരുട്ടി കാണിച്ചു.. "മമ്മയും ഇരിക്ക്.. " സൈന ലൈലയുടെ ടോപിൽ പിടിച്ചു വലിച്ചു.. "അങ്ങനെയിപ്പോ നീ എന്നെ ഇരുത്താൻ നോക്കണ്ട..വേഗം എണീറ്റു വാ..വേണേൽ കിടക്കുന്നതിനു മുന്നേ ഉറക്കി തരാം..അല്ലാണ്ട് ഞാൻ കിടന്നതിന് ശേഷം മമ്മാന്ന് വിളിച്ചു ഒട്ടാൻ വന്നാലുണ്ടല്ലോ..എടുത്തു തൂക്കി താഴേക്ക് ഇടും ഞാൻ.. " "എടീ..എന്റെ മോളെ പറയുന്നോ നീ.. "

താജ് ലൈലയെ നോക്കി പേടിപ്പിച്ചു.. "നിന്റെ മോളോ..അപ്പൊ എന്റെ ആരാ..നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ നീ ഒറ്റയ്ക്ക് മലർന്നു കിടന്നപ്പോൾ ഉണ്ടായതാണെന്ന്.. അല്ല..ഇനിയാ തടിച്ചി സാനിയ ഉണ്ടാക്കി തന്നതാണോ..? " അവൾക്ക് ദേഷ്യം വന്നിരുന്നു..അവനെ നോക്കി പല്ല് കടിച്ചു.. "സാനിയയോ...അതാരാ ലൈലുമ്മാ..? " റമി സംശയത്തോടെ ചോദിച്ചു.. "അതല്ലേ പൊട്ടാ ഗ്രാൻഡ്മ്മ ഇത്രേം നേരം പറഞ്ഞോണ്ട് ഇരുന്നത്.. സാനിയാന്റി ഡാഡിൻറെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു..പക്ഷെ മമ്മിയ്ക്ക് ആ ആന്റിയെ ഇഷ്ടമല്ലാ...അല്ലേ ഡാഡി.. " സൈന താജ്നെ നോക്കി.. "അതേല്ലോ..നിന്റെ മമ്മ വല്യ കുശുമ്പിയാ..ഡാഡി ഒരു പെണ്ണിനോടും കൂട്ട് കൂടുന്നത് നിന്റെ മമ്മയ്ക്ക് ഇഷ്ടമല്ല.." "കുശുമ്പി നിന്റെ മറ്റവൾ..പോയി വിളിക്കടാ..ദേ വെറുതെ കുട്ടികൾടെ മുന്നിൽ വെച്ചു എന്റെ വായ തുറപ്പിക്കരുത് നീ..." "ഉള്ളതല്ലേ പറഞ്ഞത്..അതിന് നീയിങ്ങനെ തിളച്ചിട്ടൊന്നും കാര്യമില്ല..കുട്ടികൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു നീ നാവ് അടക്കണമെന്നില്ല..കാരണം നിന്റെ സ്വഭാവമൊക്കെ ഇവർക്ക് നല്ല പോലെ അറിയാം..

.അതല്ലേ ഇവള് നിന്നെ ഇടയ്ക്ക് ഒക്കെ ഡെവിൾ എന്ന് വിളിക്കുന്നത്.." "വിളിച്ചോട്ടെ..നിന്റെ അല്ലേ മോള്..അപ്പൊ എന്നെ അങ്ങനൊന്നും വിളിച്ചില്ലങ്കിലേ അത്ഭുതമുള്ളു.. " "എന്റെ മാത്രം മോളോ..? " അവളുടെ ദേഷ്യം കണ്ടു താജ്നു ചിരി വരുന്നുണ്ടായിരുന്നു..പക്ഷെ അത് ഒതുക്കി പിടിച്ചു അവളെ നോക്കി നെറ്റി ചുളിച്ചു.. "ആാാ..നിന്റേത് മാത്രമാ.." അവൾ കലിപ്പോടെ തിരിച്ചു പറഞ്ഞു.. "ശെരി..അപ്പൊ നീ പറഞ്ഞത് പോലെ എന്റേതും സാനിയയുടെതും ആയിരിക്കും..അല്ലെങ്കിലും എനിക്ക് പണ്ടേ സംശയം ഉണ്ടായിരുന്നു ഈ രണ്ടെണ്ണം നിന്റെ വയറ്റിന്ന് വന്നതാണോന്ന്..നീയുമായി എന്തേലും ഒരു സാമ്യം...രണ്ടിൽ ഒരാൾക്ക് എങ്കിലും..എവിടുന്ന്.. അപ്പൊ ഉറപ്പിച്ചു..ഈ രണ്ടെണ്ണവും നിന്റേതല്ലാ.." അവളുടെ ദേഷ്യം വർധിപ്പിക്കാൻ വേണ്ടി അവൻ അവളെ ചൊറിഞ്ഞോണ്ടേയിരുന്നു..പക്ഷെ അവളൊന്നും പറഞ്ഞില്ല..മിണ്ടാതെ നിന്നു..താജ് ഓരോന്നു പറയുമ്പോഴും Zaina അവന്റൊപ്പം കൂടി..ലൈലയെ കളിയാക്കുന്നത് കണ്ടിട്ട് റമിക്ക് ആകെ സങ്കടം വന്നിരുന്നു..അവൻ വേഗം സോഫയിൽ നിന്നും എണീറ്റു അവളുടെ അരികിൽ നിന്നിട്ട് കാലെത്തി അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു നിന്നു.. "ഞാൻ ലൈലുമ്മാൻറെയാ... എനിക്ക് ലൈലുമ്മാനെ മതി.."

"അതിന് നീ ലൈലുമ്മാൻറെതല്ലന്ന് ആരാ പറഞ്ഞത്..നീ ലൈലുമ്മാന്റേത് തന്നെയാ..പിന്നെ ഈ വയറ്റിൽ ഒരാൾ ഉണ്ടല്ലോ..അവള് ഇപ്പോ നിന്റെ ഡാഡിയുടെയും ഇവളുടെയും ഈ അഹങ്കാരമൊക്കെ കേൾക്കുന്നുണ്ടാകും..ഇവള് എന്നെ പോലെ ആയിരിക്കും..പിന്നെ നിന്റെ ഡാഡി എന്നെ കളിയാക്കില്ലല്ലോ..അല്ലേടി വാവാച്ചി..നിന്റെയീ ഉമ്മാന്റെ രൂപത്തിൽ തന്നെ വരണേ ട്ടൊ.. " അവൾ ആദ്യം റമിയുടെ തലയിൽ തലോടി..ശേഷം താജ്നെ കനപ്പിച്ചു ഒന്നു നോക്കിയിട്ട് അതിയായ പ്രതീക്ഷയോടെ തന്റെ വീർത്തുന്തി നിൽക്കുന്ന വയറ്റിലുമൊന്നു തലോടി.. "വാവാച്ചി വേണ്ടാ..വാവ മതി..എനിക്ക് വാവയെയാ ഇഷ്ടം.. റമിയാപ്പാക്ക് മോളൂട്ടിയെയാ ഇഷ്ടമെന്നു മമ്മയും ഡാഡിയുമൊക്കെ പറഞ്ഞതു കൊണ്ടു മോളൂട്ടിയെ കൊണ്ടു വരാമെന്നാ പറഞ്ഞത്...

പക്ഷെ മോളൂട്ടി വേണ്ടാ..എനിക്ക് മോനൂട്ടനെയാ ഇഷ്ടം..മോനൂട്ടൻ മതി.. " "നിനക്ക് ഇഷ്ടമുള്ളത് നിന്റെ ഡാഡിയോട് ചോദിച്ചാൽ മതി.. നിന്റെ ഡാഡിയോട് തരാൻ പറാ നിനക്കൊരു മോനൂട്ടനെ..ഡാഡി തരട്ടെ..ഡാഡിയും മോളും കൂടെ എന്നെ കളിയാക്കിയതല്ലേ..സാനിയ ഉണ്ടല്ലോ..ഒരു മോനൂട്ടനെ ഉണ്ടാക്കി കൊടുക്കടാ നിന്റെ മോൾക്ക്‌.." അവൾ താജ്നെ പുച്ഛിച്ചു തള്ളി.. "എടീ..എന്റെ കയ്യിന്ന് വാങ്ങിക്കും നീ..കുഞ്ഞിനോടാ പറയുന്നതെന്ന ബോധം വേണം.." "കുഞ്ഞ്..എന്നിട്ട് കുഞ്ഞിന്റെ വായിൽ വരുന്നത് ഒന്നും അല്ലല്ലോ ഇവള്ടെ വായിൽ വരുന്നത്..എല്ലാ വഷളത്തരവും പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് നീ ഇവൾക്ക്.. ഇപ്പോഴേ ശകാരിച്ചു വളർത്തിയാൽ കൊള്ളാം.. ഇല്ലേൽ പിന്നെ തലയിൽ കയറി നിരങ്ങും.. നീ നിന്റെ ഉപ്പാനെ ചെയ്തത് പോലെ.. " ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story