❤ Fighting Love ❤: ഭാഗം 4

Fighting Love

രചന: Rizvana Richu

സൗണ്ട് കേട്ട ഭാഗത്തു നോക്കിയപ്പോൾ നമ്മളെ കെട്ടിയോൻ അവിടെ നിൽക്കുന്നു.. എന്നോടുള്ള ദേഷ്യം പാവം ആ കാറിന്റെ ഡോറിനോട് തീർത്ത ശബ്ദം ആണ് കേട്ടത് എന്ന് നമ്മക്ക് മനസ്സിലായി.. അപ്പോഴേക്കും പുറകിൽ വന്നു ഇറങ്ങിയ കാറിൽ ഉള്ള ആൾക്കാരൊക്കെ നമ്മളെ അടുത്തേക്ക് എത്തി.. എല്ലാരെ കൂടെ നമ്മളും നടന്നു... വീട് കണ്ടപ്പോൾ നമ്മളെ തല കറങ്ങുന്ന പോലെ തോന്നി... പടച്ചോനെ ഇതെന്താ കൊട്ടാരമോ... പടച്ചോനെ നമ്മളെ ബോധം കെടാതെ നോക്കണേ.. അല്ലേൽ നാണക്കേട് ആവും.. 
"എന്താ ആലോചിച്ചു നിൽക്കുന്നത്.. ഇനിയും ഒരുപാട് കാണാൻ കിടക്കുന്നെ ഉള്ളൂ.. ഇപ്പോൾ തന്നെ ഇങ്ങനെ വാ പൊളിച്ചു നിന്നാലോ.." സനയാണ് ഈ ഡയാലോഗിന്റെ അവകാശി..
"എന്നെ ആക്കിയതാണോ... മുഖത്തു ഒരു പുച്ഛം ഉള്ള പോലെ ഉണ്ടല്ലോ... എന്തായാലും നമ്മക് എന്താ..." നമ്മള് ഒന്നും പറയാതെ ഒരു ഇളി പാസാക്കി.... 
അപ്പോഴാണ് നമ്മളെ കണ്ണിന് കൌതുകം ഉള്ള ഒരു കാഴ്ച കണ്ടത്..  ആ കൊട്ടാരത്തിന്റെ അകത്തു നിന്ന് ഭംഗിയുള്ള രണ്ട് വലിയ ചിറകുകളും വെളുത്ത വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഒരു മാലാഖ എന്റെ അടുത്തേക്ക് വരുന്നു... നമ്മള് ആകെ അന്തം വിട്ടു അത് നോക്കി നിന്നു.. അത് എന്റെ മുന്നിൽ വന്നു നിന്ന് ഒരു നല്ല പുഞ്ചിരിയോടെ നമ്മളെ മോളെ എന്ന് വിളിച്ചു.. 

"മോളെ.... മോളെ... ഈ കുട്ടിക്ക് ഇത് എന്ത് പറ്റി... " 
പിറകിൽ നിന്ന് ആരോ നമ്മളെ പെട്ടന്ന് തട്ടി വിളിച്ചു...
നമ്മള് ഒന്ന് ഞെട്ടി ഒന്ന് നോക്കിയപ്പോൾ മുന്നിൽ പ്രായമുള്ള ഒരു സ്ത്രീ.. 
"എന്ത് പറ്റി മോളെ എന്താ ആലോചിച്ചു നിൽക്കുന്നത്... ഞാൻ അബിയുടെ ഉമ്മാമയാണ്.."
"പടച്ചോനെ എനിക്കു എന്ന് തുടങ്ങി ഈ പകൽകിനാവ് കാണുന്ന ശീലം.. " നമ്മള് അതും ചിന്തിച്ചു ഉമ്മാമയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"ഒന്നുമില്ല ഉമ്മാമ.. ഞാൻ ഇങ്ങനെ വെറുതെ ഓരോന്ന്...." നമ്മള് എന്തെല്ലോ പറഞ്ഞു ഒപ്പിച്ചു..
"വലതു കാൽ വെച്ച് കയറിവാ മോളെ... " എന്ന് പറഞ്ഞു ഉമ്മാമ നമ്മളെ കയ്യിൽ പിടിച്ചു.. ഞാൻ നല്ല കുട്ടിയായി വലത് കാൽ വെച്ച് കയറി ഉമ്മാമന്റെ കൂടെ നടന്നു... അതിനിടയിൽ നമ്മളൊന്നു ചുറ്റും നോക്കി.. നമ്മളെ കെട്ടിയോന്റെ പൊടി പോലും ഇല്ലാ.. 

എന്റെ അള്ളോഹ് പിന്നെ അവിടെ പരിജയപ്പെടലിന്റെ പൊടി പൂരം ആയിരുന്നു.. നീണ്ട പരിജയപെടൽ കഴിഞ്ഞു ഇപ്പോഴാ ഒന്ന് ഫ്രീ ആയത്.. നിങ്ങളെ മൈൻഡ് ചെയ്യാൻ ടൈം കിട്ടാഞ്ഞിട്ട് ആണുട്ടോ.. വല്യ കോടീശ്വരനെ കിട്ടിയ ജാഡ ഒന്നുമല്ല.. നിങ്ങൾക് അറീലെ എന്റെ ഈ അവസ്ഥ... പിന്നെ വലിയ വീട് പോലെ തന്നെ ഇവിടെ കുറെ ആൾകാർ താമസവും ഉണ്ട്... ആരൊക്കെ ആണെന്ന് ഞാൻ പറഞ്ഞു തരാം.. നമ്മളെ കെട്ടിയോന്റെ ഉമ്മ, ഉമ്മാമ, ഷഹബാസ് ഇക്കാന്റെ ഭാര്യ സന, പിന്നെ ഷഹീർ, ഉമ്മാന്റെ രണ്ട് സഹോദരൻമാർ..  മൂത്ത ആൾ നജീബ് അയാളെ ഭാര്യ സുഹറ..അവരുടെ മകൻ ഷബിൽ..  രണ്ടാമത്തെ സഹോദരൻ മനാഫ് അയാളുടെ ഭാര്യ സമീറ മക്കൾ സഹല നഹല..  മാമൻമാർ രണ്ടാളും ഇപ്പോൾ നാട്ടിൽ ഇല്ലാ.. ബിസിനസ്‌ ആവിശ്യത്തിന് ദുബായ് പോയതാണ് പോലും..ഉടൻ വരും എന്ന് പറഞ്ഞു.. പിന്നെ നമ്മളെ കോന്തൻ കെട്ടിയോൻ ഹബീബ് റഹ്മാൻ..  ഇപ്പോൾ ഞാനും... പിന്നെ കുറച്ച് ജോലിക്കാരും ഉണ്ട്... " 

"ഹെലോ മാഡം.. എന്താ ഒറ്റക്ക് സംസാരിക്കുന്നെ.." ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു ആ ഷബീൽ..  
" ഹേയ് ഒന്നുല്ല... " നമ്മള് ഒന്ന് നല്ലോണം ഇളിച്ചു കാണിച്ചു... 
"കാണണം എന്ന് ഞാൻ പറഞ്ഞപ്പോൾ എപ്പോഴും ഇങ്ങനെ കണ്ടോണ്ട് നിൽക്കേണ്ടി വരും എന്ന് ഞാൻ കരുതിയില്ല..." അവൻ നമ്മളെ ഒന്ന് ആക്കി ചിരിച്ചോണ്ട് പറഞ്ഞു.. 
"അതെ ഞാനും ഒട്ടും പ്രതീക്ഷിചില്ലാ.." 
" ചിലപ്പോൾ ഇനിയും പ്രതീക്ഷിക്കാത്തത് പലതും നടക്കും... ഒന്ന് തയ്യാറായി നിന്നോ ഞെട്ടൽ ഒഴിവാക്കാലോ..." 
"അത് സാരമില്ല.. പ്രതീക്ഷിക്കുന്നത് മാത്രം നടന്നാൽ ജീവിതത്തിന് എന്താ ഒരു ത്രില്ല് ഉള്ളത്.. എനിക് ഇത്തിരി ത്രില്ല് ആണ് ഇഷ്ടം..." നമ്മള് ഒട്ടും വിട്ട് കൊടുക്കാതെ മറുപടി കൊടുത്തപ്പോൾ ചെക്കൻ ആകെ അന്തം വിട്ടിട്ട് ഉണ്ട്.. അത് അവൻ മുഖത്തു പ്രകടിപ്പിക്കാതെ നിൽക്കാൻ ശ്രമിച്ചു എങ്കിലും നമ്മക്ക് അത് മനസ്സിലായി..

"മോൾ ഇവിടെ നിൽക്കുവാണോ.. ദാ അവരൊക്കെ നിന്നെ അന്വേഷിക്കുന്നു.." ഉമ്മ അവിടേക്ക് വന്നു നമ്മളെ വിളിച്ചോണ്ട് പോയി.. വീണ്ടും ഒരുപാട് പേരെ പരിജയപെടുത്തി തന്നു..  കുറെ ജാഡ ആൾക്കാരെയും കുറച്ച് നല്ല പെരുമാറ്റമുള്ള ആൾക്കാരെയും ഞാൻ പരിജയപെട്ടു.. എല്ലാരേയും നമ്മള് അവിടെ കണ്ടു എങ്കിലും നമ്മളെ കെട്ടിയോൻ കോന്തനെ  മാത്രം അവിടെ  കണ്ടില്ല..  കാണാത്തത് കൊണ്ടുള്ള വിഷമം കൊണ്ടല്ല..  നോക്കി കൊഞ്ഞനം കുത്തേണ്ട കുറച്ച് സമയം വേസ്റ്റ് ആയില്ലേ അത് ഓർത്ത് പറഞ്ഞതാ.. നിങ്ങൾ തെറ്റ് ധരിക്കണ്ട..  

സമയം കടന്ന് പോവുംതോറും വീട്ടിലുള്ള ഗസ്റ്റുകൾ ഓരോരുത്തർ ആയി പോവാൻ തുടങ്ങി..  ഞാൻ ആണേൽ വല്ലാണ്ട് ക്ഷീണിച്ചു.. ഇതിനിടയിൽ നമ്മക്ക് ഒരു ഫ്രണ്ടിനെ കിട്ടി.. ഫന..  അബിയുടെ ഉപ്പാന്റെ സഹോദരന്റെ മകൾ ആണ്.. ഒരു വായാടി.. അവള് ആയിട്ട് കുറെ കത്തിയടിച്ചിരുന്നു.. ഫങ്ക്ഷനിൽ ഇട്ട ഡ്രെസ്സ് ഒക്കെ ചേഞ്ച്‌ ആക്കിയപ്പോൾ നമ്മളെ പിന്നെ സാരിയൊക്കെ ഉടുപിച്ചു ഗ്ലാമർ ആക്കി തന്നത് അവൾ ആയിരുന്നു..
ഫസ്റ്റ് നൈറ്റ്‌ വേണ്ടി ഒരു all the best കൂടി തന്നിട്ട് ആണ് അവൾ അവളുടെ വീട്ടിലേക്ക് പോയത്.. 
"എന്തോന്ന് ഫസ്റ്റ് നൈറ്റ്‌.. ഇന്ന് എന്റെ ലാസ്റ്റ് നൈറ്റ്‌ ആവുമോ എന്നാ എന്റെ പേടി.. പിന്നെ അവളോട്‌ അത് പറയാൻ പറ്റില്ലാലോ.. അത് കൊണ്ട് ചുമ്മാ ഒരു താങ്ക്സ് ഞാനും പറഞ്ഞു.. 

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ്സ് പാലുമായി സനയും നഹലയും സഹലയും എന്റെ അടുത്തേക്ക് വന്നു സനയുടെ കയ്യിൽ പാലും നഹലയുടെ കയ്യിൽ ഒരു ഭംഗിയുള്ള ചെറിയ തളികയിൽ ഫ്രൂട്സും ഉണ്ട്.. 
"എന്താ മണവാട്ടി.. റൂമിലേക്ക് പോവണ്ടേ.. വാ.." നമ്മളെയൊന്നു കളിയാക്കി ചിരിച്ചു കൊണ്ട് സഹല പറഞ്ഞപ്പോൾ നമ്മളും ഒന്ന് ഇളിച്ചു കൊടുത്തു.. എന്നിട്ട് അവരുടെ കൂടെ നടന്നു.. 
"ഈ സാരി സയാനയ്ക്ക് നല്ലോണം ചേരുന്നുണ്ട്..  " നഹല നമ്മളെ നോക്കികൊണ്ട് പറഞ്ഞു.. 
" ഹേയ്.. ഇവൾ ഫങ്ക്ഷനിൽ ഉള്ളപ്പോൾ ഉണ്ടായതിനെക്കാൾ ഫേസിന്റെ കളർ കുറച്ച് മങ്ങിയപോലെയാ എനിക്ക് തോന്നുന്നത്.. " അപ്പോൾ തന്നെ എടുത്ത് ചാടി സന പറഞ്ഞു.. 
എനിക്ക് ആണേൽ ചിരി വന്നിട്ട് രക്ഷയില്ല..  "പടച്ചോനെ ഒരു സാരി ചേർന്നു എന്ന് പറഞ്ഞപ്പോഴേക്കും ഇങ്ങനെ.. എന്തൊക്കെ ഇനി കേൾക്കണം പടച്ചോനെ..." എന്നോട് അങ്ങനെ പറഞ്ഞു പോയതിന് നഹലയെ സന ഒരുമാതിരി നോട്ടവും നോക്കുന്നുണ്ട്.. നമ്മള് ഒരു വിതം ചിരി അടക്കി പിടിച്ചു.. 
റൂമിന്റെ അകത്തേക്ക് കയറി നഹല ഫ്രൂട്സ് ഒരു ചെറിയ ടേബിളിന്റെ മുകളിൽ വെച്ചു.. സന പാൽ എന്റെ കയ്യിലും തന്നു അവർ പുറത്തേക്ക് പോയി.. പോവുന്നതിനു ഇടയിൽ സന തിരിഞ്ഞ് നമ്മളെ ഒന്ന് നോക്കി...
"ഈ ജന്തു എന്താ ഇങ്ങനെ നോക്കുന്നത്.." നമ്മള് ഒരു ചോദ്യ ഭാവത്തിൽ ഓളെ നോക്കിയപ്പോൾ നമ്മളെ നോക്കി ഒരുമാതിരി ചിരി ചിരിച്ചു അവൾ പോയി... 
"എന്തേലും ആവട്ടെ." നമ്മളും അത് വിട്ട് കളഞ്ഞു..
റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു.. എന്തൊരു വലിയ റൂം.. എന്തൊരു ഭംഗി...   അപ്പോഴാണ് നമ്മളെ നോട്ടം  ഒരു ഡോറിൽ ചെന്ന് പെട്ടത്.. നമ്മള് അങ്ങോട്ട് ലക്ഷ്യം വെച്ച് നടന്നു ഡോറിന്റെ അടുത്ത് എത്തിയപ്പോൾ നമ്മളെ കയ്യിലുള്ള പാൽ ഗ്ലാസ്സ് ഫ്രൂട്സ് വെച്ച ആ ടേബിളിൽ വെച്ചു.. എന്നിട്ട് ആ ഡോർ തുറന്നു... ദേ കിടക്കുന്നു വേറെ ഒരു റൂം.. ബെഡും ഷെൽഫും സോഫയും ac യും ഒക്കെ ഉള്ള വേറെ ഒരു റൂം...
"ഇതെന്താ.. റൂമിന്റെ അകത്തു വേറെ റൂമൊക്കെ.. പടച്ചോനെ ഇങ്ങേര് വേറെയും പെണ്ണ് കെട്ടീനോ അവളുടെ റൂം ആയിരിക്കോ ഇത്.. " നമ്മളിങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് റൂമിലേക്ക് ആരോ വരുന്ന പോലെ തോന്നിയത് നമ്മള് വേഗം ഡോർ അടച്ചിട്ടു തിരിഞ്ഞു നോക്കി..
" മോളെ... ഇത് മോളെ ഫോൺ അല്ലെ ഇതിൽ ആരുടേയോ കാൾ വന്നിരുന്നു.. ഞാൻ എടുക്കാൻ പോയപ്പോൾ കട്ട് ആയി.." ഉമ്മ അകത്തേക്ക് കയറി വന്നു കൊണ്ട് പറഞ്ഞു..
"അതെ എന്റെ ഫോൺ ആണ് " എന്ന് പറഞ്ഞു നമ്മള് ഉമ്മാന്റെ കയ്യിന്നു ഫോൺ വാങ്ങി സ്‌ക്രീനിൽ നോക്കിയപ്പോൾ ഉപ്പ എന്ന് നെയിം കണ്ടു...
"ഉപ്പയുടെ കാൾ ആയിരുന്നു.."
"ആണോ എങ്കിൽ മോൾ അങ്ങോട്ട് വിളിച്ചു സംസാരിക്ക്.. ഞാൻ പോവുകയാ നാളെ കാണാട്ടോ..." എന്ന് പറഞ്ഞു ഉമ്മ പോയി.. 
ഞാൻ ഫോൺ എടുത്ത് റൂമിന്റെ പുറത്തേക്ക് ഇറങ്ങി വാൽക്കണി ലക്ഷ്യം ആക്കി നടന്നു...

"നീ എവിടെ പോയതാ... നിനക്ക് എന്താ ബോധം ഇല്ലേ.. നീ എവിടെയാ പെട്ടന്ന് മുങ്ങിയത്.. എല്ലാരും നിന്നെ അന്വേഷിച്ചപ്പോൾ ആകെ വല്ലാതെയായി ഞാൻ..  കല്യാണത്തിന് കല്യാണചെക്കനെ മാത്രം കാണാൻഇല്ലാ..." താഴെ നിന്ന് ഉമ്മാമ കലിപ്പ് കയറി വായിൽ തോന്നുന്നത് ഒക്കെ പറയുന്നത് കേട്ടപ്പോൾ നമ്മള് കേൾക്കാൻ വേണ്ടി ഒന്ന് നടക്കുന്നത് ബ്രൈക് ഇട്ടു..
"അത് ഉമ്മാമ ഓഫീസിൽ ഒരു അർജന്റ് കാൾ വന്നപ്പോൾ പോയത് ആണ്..."
"ഇന്ന് ഒരു ദിവസം അവിടെയുള്ള കാര്യം നോക്കാൻ ആരും ഇല്ലേ.. അല്ലേൽ നിനക്ക് ഷബീലിനെ പറഞ്ഞ് അയച്ചൂടെ..."
"സോറി ഉമ്മാമ ഇങ്ങളൊന്നു ക്ഷമിക്ക്.."
"വേണ്ടാ നിന്റെ സോപ്പിടൽ..." 

"ഹഹഹ...നിനക്ക് കിട്ടണം തെണ്ടി..." എന്ന് മനസ്സിൽ കരുതി നമ്മള് ഫോൺ എടുത്ത് വാൽക്കണിയിലേക്ക് ചെന്നു.. ഉപ്പാനെ വിളിച്ചു.. ഉപ്പാനോട് സംസാരിച്ചു.. ഉപ്പയും ഉമ്മയും ആകെ ടെൻഷൻ ആയിരുന്നു.. നമ്മളോട് സംസാരിച്ചപ്പോൾ ആണ് ആശ്വാസം ആയത്.. സൈബയെ കുറിച് എന്തേലും വിവരം ഉണ്ടോന്ന് ചോദിച്ചപ്പോൾ.. ഉപ്പ ആകെ ചൂടായി.. എന്റെ മനസ്സിൽ അവൾ മരിച്ചു ഇനി അവളെ കുറിച് എന്നോട് ആരും സംസാരിക്കണ്ടാ എന്നൊക്കെ പറഞ്ഞപ്പോൾ നമ്മളൊന്നും സ്റ്റക്ക് ആയി നിന്നു.. ചോദിക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി.. പിന്നെ നമ്മള് മെല്ലെ ഉപ്പാനെ സോപ്പിട്ടു വിഷയം മാറ്റി.. 
ഫോൺ കട്ട് ആക്കി നമ്മള് റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി.. അപ്പോൾ അതാ ബെഡിൽ ലാപ്പിൽ നോക്കി ഇരിക്കുന്നു നമ്മളെ കെട്ടിയോൻ.. 
"ഇങ്ങേരെയും ലാപ്ടോപും ഒന്നിച്ചു ആണോ ഇങ്ങേരെ ഉമ്മ പെറ്റത്..." നമ്മളിങ്ങനെ ചിന്തിച്ചു അങ്ങേരെ നോക്കിയപ്പോൾ ആ കോന്തൻ നമ്മളെ ഒന്ന് നോക്കി ഒരു സൈഡിലേക്ക് വിരൾ ചൂണ്ടി കാണിച്ചു.. ചൂണ്ടിയ ഭാഗത്തേക്ക് നമ്മള് നോക്കി...
ദേ കിടക്കുന്നു പാലും ഫ്രൂട്സും... "ഇതിനാണോ ഇത്ര ഗൗരവം.. വേണേൽ വാ തുറന്ന് പറഞ്ഞൂടെ " നമ്മള് മനസ്സിൽ പിറു പിറുത് കൊണ്ട് പാലും ഫ്രൂട്സും എടുത്ത് അങ്ങേരുടെ അടുത്ത് പോയി നിന്നു...
നമ്മള് അടുത്ത് ചെന്ന് നിന്നപ്പോൾ ആ കോന്തൻ എന്റെ മുഖത്തേക്കും കയ്യിലേക്കും മാറി മാറി നോക്കി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story