ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 10

നോവൽ

******

ഗെയിം ഓവർ – ഭാഗം 10

എഴുത്തുകാരൻ: ANURAG GOPINATH

ജെറി അവിടെ അവരെ വീക്ഷിച്ചുകൊണ്ട് നില്പുണ്ടായിരുന്നു..
വണ്ടി നീങ്ങി തുടങ്ങി.
അക്ബര് റിയ൪ വ്യൂ മിറ൪ ഒന്ന് അഡ്ജസ്റ്റ് ചെയ്തു..
അയാളവിടെ തന്നെ ഉണ്ടായിരുന്നു.
അവ൪ മട്ടാഞ്ചേരിക്ക് തിരിച്ചു.
“മട്ടാഞ്ചേരിയിലാരെ കാണാനാണ്..”
തങ്കച്ചന് ചോദിച്ചു.
“ഒരു എബ്രഹാം ഡേവിഡിനെ ..”
അക്ബര് മീശ തടവിക്കൊണ്ട് പറഞ്ഞു.
“ജൂതന്മാരുടെ സെമിത്തേരിക്കടുത്താണ് വീട്…”

മട്ടാഞ്ചേരി…
കായലിന്റെ മട്ട് അടിഞ്ഞുരൂപപ്പെട്ടു എന്നുകരുതുന്നയിടം..
എറണാകുളം പട്ടണത്തിൽ നിന്നും ഏതാണ്ട് പത്തു കിലോമീറ്റർ അകലെസ്ഥിതിചെയ്യുന്ന
യഹൂദന്മാരുടെ ആവാസകേന്ദ്രമായിരുന്ന മട്ടാഞ്ചേരി..
കോമൺ‌വെൽത്ത് രാജ്യങ്ങളിൽവെച്ച് ഏറ്റവും പഴയ സിനഗോഗുള്ള സ്ഥലമാണത്..
(ജൂതന്മാരുടെ ആരാധനാലയമാണ് സിനഗോഗ്..)
കേരളത്തില് അതിഥികളായി വന്ന് ആതിഥേയരായി മാറിയവരാണ് മട്ടാഞ്ചേരിയിലെ യഹൂദന്മാര്.
ചരിത്രം കപ്പലിങ്ങിയ ഇടത്തേക്കാണ് അവ൪ പോയത്.

അക്ബറും തങ്കച്ചനും മട്ടാഞ്ചേരിയിലെത്തുമ്പോള് നേരിയ മഴച്ചാറ്റല് മാത്രമേ ഉണ്ടായിരുന്നുള്ളു.
കാലത്തെ തുടങ്ങിയ കടുത്ത മഴക്ക് ഒരു ശമനം കിട്ടിയിരുന്നു.
ഏബ്രഹാം ഡേവിഡിന്റെ വീട് കണ്ടെത്താന് അവ൪ക്ക് ഏറെയൊന്നും പണിപ്പെടേണ്ടിവന്നില്ല.
സെമിത്തേരിയുടെ വലതുവശത്തെ മതിലിനോട് ചേ൪ന്ന വഴി അവസാനിക്കുന്നതുതന്നെ അയാളുടെ വീട്ടുമുറ്റത്തായിരുന്നു.
പഴയ ഒരു വീട്.. കുമ്മായം കെട്ടിയ പഴയ പൊളിഞ്ഞ ചുറ്റുമതില്.
ചായം കണ്ടിട്ട് വ൪ഷങ്ങളായിട്ടുണ്ടാവും. കരിമ്പായല് കൊണ്ട്അലംകൃതമായ ഭിത്തിയുടെ മുകളിലായി ഒരു തുരുമ്പിച്ച വളഞ്ഞ പൈപ്പിന്റെ തുമ്പത്ത് ബള്ബ് കത്തിക്കിടപ്പുണ്ടായിരുന്നു.
മഴവെള്ളം കലിച്ചിറങ്ങിയ പാടുകള് ഭിത്തിയില് അവിടവിടെയായി കാണാം..
മുറ്റത്ത് പ്ലാവിന്റെയും പൂവരശിന്റെയും
ഇളം മഞ്ഞയും കടും മഞ്ഞയുമായ ഇലകള് വീണുകിടപ്പുണ്ട്.

“താമസമില്ലെന്ന് തോന്നുന്നു”
തങ്കച്ചന് അഭിപ്രായപ്പെട്ടു.
“നോക്കാം.. ”
അക്ബര് പറഞ്ഞു.
“സാറെ സൂക്ഷിക്കണം പാമ്പുകാണും”
തങ്കച്ച൯ നിലത്ത് കാലുകൊണ്ട് പരതി കരിയിലകളെ മാറ്റിക്കൊണ്ട് പറഞ്ഞു.
അക്ബര് കതകില് മെല്ലെ കൈകൊണ്ട് തട്ടി.
കാതോ൪ത്തു.. ആരോ നടക്കുന്ന ശബ്ദം..
“പ്രായമുളള ..വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ നടക്കുന്ന ആളാണ്… അക്ബര് തങ്കച്ചനോട് പറഞ്ഞു.”

തങ്കച്ചന് ആദ്യം ഒന്നും മനസ്സിലായില്ല
“സാറ് നേരത്തെ കണ്ടിട്ടുള്ള ആളാണോ?”
“ഏയ് അല്ല.. ആ നടപ്പിന്റെ വേഗം..പിന്നെ ശബ്ദത്തിന്റെ വ്യത്യാസം ..ഒരു ഊഹം.. ചിലപ്പോള് തെറ്റാം.”
അതുപറഞ്ഞു മുഴുവനാക്കും മു൯പ് വാതില് തുറന്ന് ഏതാണ്ട് എഴുപതുവയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന എല്ലാ മുടിയിഴകളും നരച്ച ഒരു മനുഷ്യന്. ഒരു ആനക്കൊമ്പില് തീ൪ത്ത പക്ഷിയുടെ ചിത്രം കൊത്തിയ പിടിയുള്ള ഊന്നുവടി അയാളുടെ നടപ്പിനെ സഹായിക്കുവാ൯ ആ ഇടം കയ്യിലുണ്ടായിരുന്നു.
അക്ബര് ആ ഊന്നുവടിയിലേക്ക് നോക്കി ..പിന്നീട് അയാളുടെ മുഖത്തേക്കും..
“ആരാ എന്ത് വേണം”
പുകക്കറ ചുറ്റിയ പല്ലുകള് പുറത്തുകാട്ടി.അയാള് ചോദിച്ചു.
“ഹലോ സ൪.. നമസ്കാരം..
ഞാന് അക്ബര് … എനിക്കൊരുവിവരം അറിയണം.അതിനുവേണ്ടിയാണ് താങ്കളെ തേടി വന്നത്.”
അക്ബര് ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നോടോ? എന്തു കാര്യം? … വരൂ അകത്തേക്കിരിക്കാം …”
അവ൪ അകത്തേക്കിരുന്നു.
പത്തൊ൯പതാം നൂറ്റാണ്ടിലെത്തിയതുപോലെ അക്ബറിന് തോന്നി … പുരാവസ്തുക്കളുടെ ഒരു ശേഖരമായിരുന്നു അയാളുടെ സ്വീകരണമുറി.

“ഒറ്റക്കാണോ?”
അക്ബര് ചോദിച്ചു
“അതെ ഭക്ഷണം കൊണ്ട് ഒരു പയ്യ൯ വരും.. മാസത്തില് ഒരു തുക കൊടുത്താല് മതി.. ഞാന് ഒരു പഴയ ബിസിനസ്സുകാരനാണ്.. ഈ പുരാവസ്തുക്കളുടെയും മറ്റും..
അയാള് അവിടെ ഉണ്ടായിരുന്ന.ഒരു ഗ്രാമഫോണില് തലോടിക്കൊണ്ട് പറഞ്ഞു. കാരണവ൯മാരായി തുടങ്ങിയതാണ്.. ഞാനും അതുതന്നെ തുട൪ന്നു.
ഈ കച്ചവടത്തിനൊരു നേരും നെറിയും വേണമെന്ന് നി൪ബന്ധമുള്ളവനാണ് ഞാന് .
സമൂഹം മാറി.. നേരും നെറിവും പോയി.. കച്ചവടം അവിടെ നി൪ത്തി.
അല്പം പണം ബാങ്കിലുണ്ട്. അതിന്റെ പലിശമതി ഈ വൃദ്ധന് ഇനിയുള്ള കാലം ജീവിക്കുവാ൯..”
അയാള് ഒരു ദീ൪ഘനിശ്വാസമെടുത്തു.
“കുടുംബം …?”
അക്ബര് ചോദിച്ചു.

“എനിക്ക് ഒരു മകനേ ഉണ്ടായിരുന്നുള്ളു.. അവന്റെ പ്രസവത്തോടെ എന്റെ ഭാര്യ പോയി.
ഏതാനും വ൪ഷങ്ങള്ക്കുമു൯പ് അവനും ഭാര്യയും ഒരു വാഹനാപകടത്തില് മരിച്ചു.”
ഒരു കൊച്ചുമക൯ ഉണ്ടായിരുന്നു. അവ൯ ആത്മഹത്യചെയ്യുകയായിരുന്നു…
അയാളുടെ മിഴികള് ഈറനായി..
“ഈ എബ്രഹാം ഡേവിഡ് …. ”
അക്ബര് ചോദിച്ചു.
“അതെ അതെന്റെ മകനാണ് ”
ഞാന് എബ്രഹാം അലോഷി.
ചെറുമക൯ ഗുഡ് വി൯ എബ്രഹാം..”
അയാള് പറഞ്ഞു .
“ചെറുമക൯ ആത്മഹത്യ ചെയ്യാന് എന്താണ് കാരണം..?”
അക്ബ൪ ചോദിച്ചു.
അയാള് കൈ മല൪ത്തി.

“അറിയില്ല..പഠിക്കാന് മിടുക്കനായിരുന്നു. അവന്റെ അപ്പനും അമ്മയും പോയശേഷം ഞങ്ങള് മാത്രമായി ഇവിടെ… എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്താണ് അവ൯… പുറത്തെ ഒരു മരക്കൊമ്പിലാണ്.. ”
ഒകെ ഒകെ. അക്ബര് എണീറ്റു
ഞാന് വന്നത് ഒരു നേവിഗ്രീ൯ ബുളളറ്റിനെപ്പറ്റി അറിയുവാനാണ്..
അതോ . അത് എന്റെ മകന്റെ വണ്ടിയായിരുന്നു. ആക്സിഡന്റിനുശേഷം അത് റിപ്പയ൪ ചെയ്തത് അവനാ.. ഗുഡ് വി൯.

കൂടെ സഹായത്തിന് എനിക്ക് ആഹാരം കൊണ്ടുത്തരുന്ന പയ്യനും ഉണ്ടായിരുന്നു. അവ൪ അത് ശരിയാക്കിയെടുത്തു .
ഗുഡ്ഡി പോയശേഷം വല്ലപ്പോഴും അവ൯ ആ വണ്ടി എടുക്കാറുണ്ട്. ഒരു താക്കോല് അവന്റ കൈയ്യിലും കാണും.
അയാള് പറഞ്ഞു.
“ഈ അവ൯ അവ൯ എന്ന് പറയുന്ന ആള്ക്ക് പേരില്ലേ? ”
തങ്കച്ചന് അല്പം അസ്വസ്ഥതയോടെ ചോദിച്ചു..
അലോഷി ഒന്നു തിരിഞ്ഞ് തന്റെ കണ്ണടയുടെ മുകളിലൂടെ തങ്കച്ചനെ രൂക്ഷമായി നോക്കി.
അല്പം കടുപ്പിച്ച സ്വരത്തില് പറഞ്ഞു.

“പേരുണ്ട് …” ക്രിസ്റ്റി.”
ആ വണ്ടി ഇപ്പോഴും അവന്റെ കൈയ്യിലാണോ?
ഏയ് അല്ല ഇവിടെയുണ്ട്..വരു…
അലോഷി അവരെയും വിളിച്ചുകൊണ്ട് ആ വീടിന്റെ പിന്നിലേക്കുപോയി..
അവിടെ മൂടിവച്ചിരിക്കുന്ന ഒരു ബൈക്കുണ്ടായിരുന്നു.
ആ വൃദ്ധന് തന്റെ ഒരു കൈ ഉപയോഗിച്ച് ആ തുണി വലിച്ചു മാറ്റി.
അക്ബറിന്റെ കണ്ണുകള് വിട൪ന്നു..!
അതേ ബൈക്ക് .. അതേ നമ്പ൪.

അയാള് ഒന്ന് മെല്ലെ കുനിഞ്ഞ് ക്രാങ്ക് ഷാഫ്റ്റിന് മുകളില് മെല്ലെ തൊട്ടു.. നേരിയചൂടുണ്ട്..
എണീററ് അലോഷിയോട് ചോദിച്ചു..
“ക്രിസ്റ്റിയുടെ വീടെവിടെയാണ്..? പറയ്..”
“എന്താണ് സ൪.. അവനെന്തെങ്കിലും കുഴപ്പം …?”
ഏയ് ഒന്നുമില്ല ഒന്നു കാണാ൯.. അവന്റെ കയ്യില് ചില ടെക്നോളജികളുണ്ട്.. അതൊന്ന് പഠിക്കാന് വേണ്ടിയാണ്.”
അക്ബര് പറഞ്ഞു.
“പറ കാ൪ന്നോരേ.. ചെക്കനെ പോലീസിലെടുക്കാനാണ്.. കാലത്ത് അവനൊരു ഹറാംപെറപ്പുകാണിച്ചു. പോലീസ് വണ്ടീടെ ചില്ലാണ് തക൪ത്തത്!..”
തങ്കച്ചന്റെ ക്ഷമ നശിച്ചു.
ക്രിസ്റ്റിയോ?.. ഏയ് ഇല്ല നിങ്ങള്ക്ക് ആളുമാറിയതാവും..സ൪…
“അവനെവിടുണ്ടെന്ന് പറ കാ൪ന്നോരേ…”
തങ്കച്ച൯ ആക്രോശിച്ചു .

“അവനിപ്പോള് ജൂതത്തെരുവിലെ ആന്റിക് ഷോപ്പില് കാണും…. ”
അപ്പോള് ശരി.. കാണാം…
അക്ബറും തങ്കച്ചനും തിരികെ നടന്നു..
അലോഷിയുടെ കൈവിരലുകള് ഊന്നുവടിയുടെ പിടിയില് അമ൪ന്നു….
അയാളുടെ കണ്ണുകളില് വല്ലാത്തൊരു ഭാവമായിരുന്നു അപ്പോള് ….!
നടന്നു പോകുന്ന വഴിയില് തങ്കച്ചന് അക്ബറിനോട് ചോദിച്ചു .
“സാറിനാ കിളവനെ കണ്ടിട്ട് എന്തു തോന്നി?
ഒരു വശപ്പിശക് ഫീല് ചെയ്തില്ലേ,?”
അക്ബ൪ നടന്നുകൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി എന്നിട്ട് പറഞ്ഞു ..
“ഉം…നമ്മള്ക്ക് അയാളുടെ ക്രിസ്റ്റിയെ തൂക്കണം.. വാ”
“പിന്നല്ല..”
തങ്കച്ചന് ആവേശത്തിലായി..
“കുറച്ചുനാളായി ദേഹമൊന്ന് അനങ്ങിയിട്ട്..
ആ വി൯ഡ്ഷീല്ഡ് പൊട്ടിയത് പോലെ അവന്റെ മുഖത്തിട്ട് ഒരെണ്ണം കൊടുക്കണം എനിക്ക്.. ”
“ഉം.. താ൯ വാ.” അക്ബര് പറഞ്ഞു.

ജൂത തെരുവ്… നിഗൂഢസ്വപ്നം പോലെ അതങ്ങിനെ പരന്നു കിടന്നു..
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് കാനാൻ ദേശത്തു നിന്ന് തുരത്തിയോടിക്കപെട്ടവർ. ലോകത്തിന്റെ പലയിടത്തുമായി അനവധി പീഡനങ്ങൾ ഏറ്റുവാങ്ങി മരിച്ചു ജീവിച്ചപ്പോഴും സ്വന്തം രാജ്യമെന്ന സ്വപ്നം കൈവിടാത്തവർ.
ജൂതമതം തന്നെ ഇല്ലായ്മ ചെയ്യാൻ കൂട്ടക്കൊലയ്ക്ക് വിധിക്കപ്പെട്ടവർ. ഇപ്പോഴും പാപഭാരം പേറുന്നവർ. പക്ഷേ കേരളം അവരെ ചേ൪ത്തുപിടിച്ചു…
1565 ല് കൊച്ചിരാജാവ് യഹൂദന്മാ൪ക്ക് വിട്ടുകൊടുത്ത തെരുവാണത്…

മഴ അല്പം ശമിച്ചിരുന്നു.
തിങ്കളാഴ്ചയായിരുന്നതിനാല് അത്യാവശ്യം തിരക്കുണ്ടായിരുന്നു..
ആന്റിക് ഷോപ്പിലെ ക്രിസ്റ്റിയെ തേടി അക്ബറും തങ്കച്ചനും മെല്ലെ നീങ്ങി. അടുത്തടുത്തു രണ്ടുമൂന്ന് ആന്റിക് ഷോപ്പുകള് കണ്ടു. മിക്കതിലും പ്രായമേറെയുള്ളവരായിരുന്നു ഉണ്ടായിരുന്നത്.
എന്നാല് ഒരു കടയില് അക്ബ൪ കണ്ടു ഹെഡ്സെറ്റ് വച്ച് പാട്ട് കേട്ടുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാര൯..
അക്ബര് തങ്കച്ചന്റെ കൈയ്യില് തൊട്ടു.. തങ്കച്ചന് അക്ബറിനെ നോക്കി ..
നോക്ക് എന്ന ഭാവത്തില് അക്ബര് കൃഷ്ണമണി ഇടത്തേക്ക് ചലിപ്പിച്ചുകാണിച്ചു..
തങ്കച്ചന് അവനെ കണ്ടു.

വെളുത്തു മെലിഞ്ഞ് പൂച്ചക്കണ്ണുള്ള
ഒരു ഇരുപത് വയസ്സുതോന്നിക്കുന്ന യുവാവ് ..
ചുരുള൯ മുടിവള൪ന്ന് അലക്ഷ്യമായി മുഖത്തേക്ക് വീണിരിക്കുന്നു..
കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ ഭാവത്തിനനുസരിച്ച് അവന്റെ ചുണ്ടുകള് ചലിക്കുന്നുണ്ട്..
“പൊക്കിക്കോ.. ” അക്ബര് മെല്ലെ പറഞ്ഞു.
കേള്ക്കാത്ത താമസം തങ്കച്ചന് ചാടിയിറങ്ങി
നടന്ന് കടയിലേക്ക് കയറി.

അവ൯ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയ തങ്കച്ചന് ഒന്ന് മുരടനക്കി.. എന്നിട്ട് മേശമേല് തട്ടി..
ഹെഡ്സെറ്റ് ഊരി അവ൯ എന്താണ് എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു..
“വാ പോകാം.. ഷട്ടറിട് ”
തങ്കച്ചന് അവന്റെ വലതുകൈയില് പിടുത്തമിട്ടുകൊണ്ട് പറഞ്ഞു.
എന്നാല് അവ൯ പെട്ടെന്നു് മേശപ്പുറത്തിരുന്ന ഒരു മെഴുകുതിരി സ്റ്റാന്റ് ഇടംകൈകൊണ്ട് എടുത്ത് തങ്കച്ചന്റെ നേ൪ക്ക് വീശി..
അപ്രതീക്ഷിതമായ ആ നീക്കത്തില് തങ്കച്ചന് ഒന്ന് അമ്പരന്നു .. ആ ഒരൊറ്റ നിമിഷം മുതലാക്കിയ ക്രിസ്റ്റി മിന്നല് പോലെ മുന്നോട്ടാഞ്ഞ് ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ കടയുടെ പുറത്തേക്കു ചാടി.
അവ൯ ഓടി വന്ന വഴി അക്ബര് താനിരുന്ന വശത്തെ ഡോ൪ പെട്ടെന്ന് തുറന്നു.
ആ ഡോ൪ വന്ന് അവന്റെ ദേഹത്തടിച്ചു.

അടിതെറ്റിയ ക്രിസ്റ്റി പിന്നോട്ട് മലച്ചു..
അപ്പോഴേക്കും തങ്കച്ചനും അവിടേക്ക് ഓടി എത്തിക്കഴിഞ്ഞിരുന്നു.
മുന്നില് അക്ബര്…പിന്നില് തങ്കച്ചന് …ക്രിസ്റ്റി ക്രുദ്ധനായി അവരെ മാറിമാറി നോക്കി.
എന്നാല് അവന്റെ അടുത്ത നീക്കം അക്ബറിന്റെയും തങ്കച്ചന്റെയും കണക്കുകൂട്ടല് തെറ്റിക്കുന്നതായിരുന്നു .

ആ കിടന്ന കിടപ്പില് തന്റെ രണ്ടുകാലുകളും വായുവില് ഉയ൪ത്തി .. എന്നിട്ട് അതിവേഗം അത് താഴ്ത്തി കാല്പാദങ്ങളില് ബലംകൊടുത്ത് മണ്ണിലുറപ്പിച്ച് അവ൯ ശരീരം ഉയ൪ത്തി. എന്നിട്ട് കൈകള് അവരുടെ വണ്ടിയുടെ ബോണറ്റിനുമുകളില് വലതുകൈ കുത്തി അപ്പുറത്തേക്ക് കുതിച്ചു.
“തങ്കച്ചാ വണ്ടിയെടുത്തെന്റെ പിന്നാലെ വാ…” അക്ബര് വണ്ടിയുടെ പിന്നിലൂടെ ഓടിക്കൊണ്ടുപറഞ്ഞു.

ക്രിസ്റ്റി ആളുകളുടെ ഇടയിലൂടെ വെട്ടിച്ച് വെട്ടിച്ചു പാഞ്ഞു.അക്ബ൪ അവന്റെ പിന്നാലെ ഓടി..
ആന്റിക് മ്യൂസിയത്തിന് മുന്നിലൂടെ ഓടിയ ക്രിസ്റ്റി വലത്തോട്ടു തിരിഞ്ഞ് ബോട്ടുജെട്ടിയുടെ പാ൪ക്കിംഗ് ഭാഗത്തെക്ക് തിരിഞ്ഞു.പിന്നാലെ അക്ബറും ഉണ്ടായിരുന്നു.
അതിവേഗത്തില് ഓടുകയാണ് അവ൪.. ബോട്ടുജെട്ടിഭാഗത്തേക്ക് കടന്ന അവ൯ വെളത്തിലേക്ക് ചാടി രക്ഷപ്പെടാന് ഭാവിക്കുന്നു എന്ന് അക്ബറിന് തോന്നി..
അപ്പോഴേക്കും അവന് ബോട്ടുകളുടെ പാ൪ക്കിംഗ് ഭാഗത്തേക്ക് കടന്നിരുന്നു.
അവിടെയുണ്ടായിരുന്ന ഒരു ബോട്ടിലേക്ക് അവ൯ ചാടി കയറി. പിന്നാലെ അക്ബറും..
ബ്രിഡ്ജ് ലാഡ൪ വഴി അവ൯ മുകളിലെ വീല് ഹൌസിന്റെ ഇടനാഴിയിലേക്ക് കയറി. മുകളില് വച്ചിരുന്ന പഴയ ടയറുകളില് ചിലത് അവ൯ അക്ബറിന്റെ നേരെ എറിഞ്ഞു.
അക്ബ൪ അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറി.
എന്നിട്ട് ഒറ്റകുതിപ്പിന് അവന്റെ കാലുകളില് പിടുത്തമിട്ടു. ആ പിടുത്തത്തിലവ൯ കമിഴ്ന്ന് ആ ഇടനാഴിയിലേക്ക് വീണു.

വലിച്ച് വശത്തേക്ക് മാറ്റി അവന്റെ ഇടതുകവിളത്ത് അക്ബര് ശക്തമായി പ്രഹരിച്ചു.
അവ൯ കൈ ചുരുട്ടി അക്ബറിന്റെ വയറ്റത്ത് ഇടിക്കാന് ശ്രമിച്ചെങ്കിലും അത് തടഞ്ഞുകൊണ്ട് ആ കൈപിടിച്ച് പിന്നിലെക്കാക്കി
അവന്റെ ഇരുകരങ്ങളും പിന്നിലേക്ക് പിണച്ചുവച്ച് അക്ബര് ബന്ധിച്ചു.
അക്ബറിന്റെ അടിയേറ്റ കവികള് പൊട്ടി ക്രിസ്റ്റിയുടെ കടവായില് നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു..
“പോകാം?” അക്ബര് കിതച്ചുകൊണ്ട് അവനോട് പറഞ്ഞു.
അവ൯ നിരാശയോടെ മുഖം ആ ഡെക്കിലിട്ട് ഇടിച്ചു.
അപ്പോഴേക്കും തങ്കച്ചന് എത്തിയിരുന്നു.
തൂക്കിക്കോ.. അക്ബര് കൈകള് കുടഞ്ഞ് തന്റെ നടുവില് താങ്ങി കൊണ്ട് പറഞ്ഞു..

പോലീസ് സ്റേറഷന് ..
സെല്ലിനുള്ളില് തല കുമ്പിട്ടിരിക്കുകയാണ് ക്രിസ്റ്റി.

തങ്കച്ചന് ഒരു കപ്പ് തണുത്ത വെള്ളം കോരി ക്രിസ്റ്റിയുടെ മുഖത്തേക്കൊഴിച്ചു. അവന്റെ മുടിയില് കുത്തിപ്പിടിച്ച് മുഖത്തോട് മുഖം നോക്കി പറഞ്ഞു ..” പുന്നാരമോനെ..ഇന്ന് നിന്റെ അന്ത്യകൂദാശയാ.. നീ ആരുപറഞ്ഞിട്ടാ ഞങ്ങളുടെ വണ്ടിയില് പണിഞ്ഞത്..പറയെടാ.. ”
അവ൯ യാതൊരു കുലുക്കവുമില്ലാതെ ഇരുന്നു.
ആ കണ്ണുകളിലൊരു ഭാവവുമുണ്ടായിരുന്നില്ല.
തങ്കച്ചന്റെ തോളിലൊരു കൈ അമ൪ന്നു.
അയാള് തിരിഞ്ഞു നോക്കി.

അക്ബര് ..
“സാറെ ഈ തെണ്ടി ഒന്നും മിണ്ടുന്നില്ല.. ഇവനെ ഞാനങ്ങ് ഉരുട്ടട്ടെ?”?
“ഏയ് വിട് താനിങ്ങ് വാ.. പറയാം..”
“സാറെ ”
“വാ തങ്കച്ചാ…”
തങ്കച്ചന് എഴുന്നേററു.
അരിശം തീരാതെ കാലുകൊണ്ട് ക്രിസ്റ്റിയുടെ കാലില് തട്ടിയിട്ടാണ് അയാള് അക്ബറിനൊപ്പം ആ സെല്ലില് നിന്നും മടങ്ങിയത് .
അവ൯ അവരെ നോക്കി ക്രൂരമായി ഒന്നു ചിരിച്ചു.
അവിടെ അവരെ കാത്ത് എബ്രഹാം അലോഷിയും ഒരു അഡ്വക്കേറ്റും ഇരിപ്പുണ്ടായിരുന്നു..
അലോഷി തന്റെ ഊന്നുവടിയുടെ പിടിയില് ശക്തമായി പിടിമുറുക്കിക്കൊണ്ട് കഴുകനെ പോലെ അക്ബറിനെയും തങ്കച്ചനെയും നോക്കി.
കുറച്ചു മണിക്കൂറുകള് മു൯പ് അവ൪ കണ്ട സാത്വികമായ ഭാവമായിരുന്നില്ല അപ്പോള് ആ കണ്ണുകളില് അവ൪ കണ്ടത്.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

Share this story